യു.എസ്.എസ്. ഇന്‍ഡ്യാനപൊളിസ്
1996-ല്‍ 12 വയസുള്ള ഹണ്ടര്‍
സ്കോട്ട് എന്ന അമേരിക്കന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ഒരു പാഠ്യപദ്ധതിയുടെ ഭാഗമായി ഒരു
പ്രോജക്റ്റ് ചെയ്തു. അതു ചില സംഭവങ്ങള്‍ക്കു
തുടക്കം കുറിച്ചു. പ്രശ്നം അമേരിക്കന്‍ സെനറ്റിലെത്തി. ചില നടപടികള്‍ക്കു
തുടക്കമായി. നടപടികള്‍ കഴിഞ്ഞപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഒരുത്തരവ് പ്രസിഡന്‍റ് വില്ല്യം ക്ലിന്റന്റെ മുമ്പിലെത്തി. അദ്ദേഹം
അതില്‍ ഒപ്പിട്ടതോടെ പ്രഗത്ഭനായ ഒരു നാവികനെ നാണം കെടുത്തിയ പാപഭാരം ഒഴിഞ്ഞു. പക്ഷെ,
അതിനൊക്കെ വളരെ മുമ്പ് ആ നാവികന്‍ ആത്മഹത്യ ചെയ്തിരുന്നു!
ഹണ്ടര്‍ സ്കോട്ട് എന്ന പയ്യന്‍
യു.എസ്.എസ്. ഇന്‍ഡ്യാനപൊളിസ് എന്ന അമേരിക്കന്‍
യുദ്ധക്കപ്പലിനെ പറ്റിയാണ് പ്രോജക്റ്റ് തയാറാക്കിയത്. ഏതാണ്ടു 10,000 ടണ്‍ ഭാരവും
610 അടി നീളവുമുള്ള കപ്പലായിരുന്നു ഇത്. 60 കി.മീ വേഗത്തില്‍ വരെ സഞ്ചരിയ്ക്കാം. വേഗത
ക്രമീകരിച്ചാല്‍ ഒറ്റ യാത്രയില്‍ 12,000 കി.മീ താണ്ടാന്‍ കഴിവ്. 115,000-ഓളം കുതിരശക്തി. 1931-ല്‍ പണി തീര്‍ത്തതാണ്. ഇന്‍ഡി
(Indy) എന്നായിരുന്നു ചെല്ലപ്പേര്. CA-35 എന്നു
സാങ്കേതികനാമം. പല നാവികയുദ്ധങ്ങളിലും പങ്കെടുത്തു പേരെടുത്ത കപ്പലായിരുന്നു ഇന്‍ഡ്യാനപൊളിസ്.
രണ്ടാം ലോകമഹായുദ്ധ (1937-1945) ത്തിന്റെ ഇടയില്‍
വളരെ രഹസ്യമായ ഒരു അപൂര്‍വ്വദൌത്യം ഈ
കപ്പലിനുണ്ടായിരുന്നു. ജപ്പാനു വളരെ തെക്കും ഫിലിപ്പൈന്‍സിനു കിഴക്കും ഉള്ള, മരിയന്‍
ദ്വീപസമൂഹത്തിലെ ടിനിയന്‍ ദ്വീപില്‍ ആണവരാസവസ്തുവായ ‘യുറേനിയം-235’ എത്തിയ്ക്കുക. ഒപ്പം ബോംബിന്റെ മറ്റു സാധനങ്ങളും. അമേരിക്കന്‍ കപ്പല്‍പ്പടയുടെ
അഞ്ചാംവ്യൂഹത്തിന്റെ ഒരു താവളമായിരുന്നു ഇത്. ഹവായിദ്വീപില്‍ നിന്നും അതു ഇന്‍ഡ്യാനപൊളിസ്
ടിനിയനിലെത്തിച്ചു. ജൂലൈ 26-ന്. ഇവ പിന്നീടു ജപ്പാനില്‍ ബോംബ് ഇടാന്‍ (ആഗസ്റ്റ്
6) ഉപയോഗിച്ചു. അമേരിക്കയുടെ അഞ്ചാം നാവികവ്യൂഹത്തിന്റെ മുഖ്യകപ്പലായിരുന്നു ഇന്‍ഡ്യാനപൊളിസ്.
ഈ യാത്രകളെല്ലാം ഇന്‍ഡ്യാനപൊളിസ് അകമ്പടിക്കപ്പലുകള്‍ ഇല്ലാതെയാണു നിര്‍വ്വഹിച്ചത്.
ക്യാപ്റ്റന്‍ ചാള്‍സ് ബി.മക്വേ |
അവിടെ നിന്നു കപ്പല്‍ അതിനു
കുറച്ചു തെക്കുള്ള മറ്റൊരു യു.എസ്. താവളമായ ഗ്വാം ദ്വീപിലെത്തി. ഗ്വാമില്‍ ചിലരെ ഇറക്കി. അവിടെ നിന്നും ജൂലൈ 28-നു ഫിലിപ്പൈന്‍സിലെ
ലെയറ്റെ (Leyte) എന്ന താവളത്തിലേയ്ക്കു തിരിച്ചു. ഇവിടെയായിരുന്നു കപ്പല്‍പ്പടയുടെ
ഏഴാം വ്യൂഹം. ഗ്വാമില്‍ നിന്നു ഏകദേശം 2000
കി.മീ. ദൂരെയാണു ലെയറ്റെ.
ഇതാണു ഇന്‍ഡ്യാനപോളിസിന്റെ
അന്ത്യയാത്ര. 29-നു അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ (ജൂലൈ 30, 00:14:00) ഐ-58 എന്ന
ജാപ്പനീസ് മുങ്ങിക്കപ്പല്‍ രണ്ടു ടോര്‍പിഡോകള്‍ വിട്ടു. കപ്പലിന്റെ ഭാഗങ്ങള്‍
ചിതറി. ഇന്ധനടാങ്കിനു തീ പിടിച്ചു. 12 മിനിറ്റില്‍ ഇന്‍ഡ്യാനപോളിസ് ഫിലിപ്പൈന്‍
കടലില്‍ താണു.
കപ്പല്‍ തകര്‍ന്ന സ്ഥലം (വൃത്തങ്ങള്‍ സ്ഥലത്തെ സൂചിപ്പിക്കുന്നു). |
1196 നാവികരില്‍ 200-ലേറെ
കപ്പലോടൊപ്പം മുങ്ങി മരിച്ചു. ബാക്കിയുള്ളവരില്‍ കുറേപ്പേര്‍ വെള്ളത്തില്‍ ക്രമേണ
മരിച്ചു താണു. ചിലര്‍ക്കു ലൈഫ്ജാക്കറ്റ് ഇല്ലായിരുന്നു. ഉള്ള ലൈഫ് ബോട്ടുകളില്‍
ചിലര്‍ കയറിപ്പറ്റി. ലൈഫ് ജാക്കറ്റ് ഉള്ളവര്‍ അതില്ലാത്തവരെ
പൊങ്ങിക്കിടക്കാന്‍ സഹായിച്ചു. കപ്പലിന്റെ കാപ്റ്റന്‍ ചാള്‍സ് ബി. മക്വേ
സാന്ത്വനവും നിര്‍ദ്ദേശങ്ങളും സഹായവുമായി എപ്പോഴും ഒപ്പമുണ്ടായിരുന്നു. നാലു ദിവസം
ഇങ്ങനെ കഴിയേണ്ടി വന്നു. ചിലരെ സ്രാവുകള്‍ കടിച്ചുകീറിത്തിന്നു. മൃതദേഹങ്ങളും
സ്രാവുകള്‍ക്കു ഭക്ഷണമായി. എല്ലാവരും സംഘമായി പൊങ്ങിക്കിടക്കാന്‍ ശ്രമിച്ചു.
ആരെങ്കിലും മരിച്ചാല്‍ അവരുടെ ശരീരം ഉന്തിത്തള്ളിയകറ്റി - ജീവനുള്ളവര്‍
സ്രാവുകളാല്‍ ആക്രമിയ്ക്കപ്പെടാതിരിയ്ക്കാന്‍ വേണ്ടി. ചിലര്‍ക്കു ബുദ്ധിഭ്രമം
പിടിപെട്ടു. അവര്‍ കരയും കപ്പലുകളും കാണുന്നുവെന്നു വിളിച്ചു പറഞ്ഞു. ബുദ്ധിഭ്രമം പിടിപെട്ട ചിലര്‍
മുങ്ങിത്താണപ്പോള്‍ കൂടെയുള്ളവരെയും വലിച്ചു താഴ്ത്തി ആഴങ്ങളിലേയ്ക്കു കൊണ്ടുപോയി!
ലൈഫ്ബോട്ടിലെ ഭക്ഷണം തികയുമായിരുന്നില്ല. ഉപ്പു വെള്ളം കുടിച്ചാല്‍ മരണം
ഉറപ്പായിരുന്നു. അങ്ങനെയും ചിലര്‍ മരിച്ചു. ശരീരത്തില്‍ ഈര്‍പ്പം കൊണ്ടുള്ള
അസ്വസ്ഥതകള്‍ കാരണം ചിലര്‍ മുങ്ങിത്താണു. മൊത്തം മരണം 883 ആണെന്നു ചില രേഖകള്‍.
വൈറ്റ് റ്റിപ് (Whitetip)
എന്ന തരം സ്രാവായിരുന്നത്രേ ഏറ്റവും അപകടകാരികള്‍. ലൈഫ്ബോട്ടില്‍ നിന്നെടുത്ത
മാംസഭക്ഷണം വലിച്ചെറിയേണ്ടി വന്നു. മാംസഗന്ധം സ്രാവുകളെ ആകര്‍ഷിയ്ക്കുമെന്നു
ഭയന്ന്. എന്തായാലും വെള്ളത്തില്‍ ചിതറി വീണ മനുഷ്യശരീരഭാഗങ്ങളും ചോരയും ആണു
സ്രാവുകളെ കൂട്ടമായി എത്തിച്ചത്.
പൊങ്ങിക്കിടന്നവരില്‍ ചിലര്‍ ഏതാണ്ടു 40 കി.മീ. ദൂരെ വരെ പരസ്പരം അകന്നു.
നിറയെ നാവികര്‍ കയറിയ ലൈഫ് ബോട്ടുകളും അകന്നു പോയിരുന്നു. അതിലൊന്നിലായിരുന്നു,
ഇന്‍ഡ്യാനപൊളിസിന്റെ കാപ്റ്റന്‍ ചാള്‍സ് ബി. മക്വേ.
നാലാമത്തെ ദിവസം സാധാരണയായുള്ള
നിരീക്ഷണപ്പറക്കലിനെത്തിയ ഒരു വിമാനം കുറേ പേരെ യാദൃശ്ചികമായി കണ്ടെത്തി. പിന്നീടു
വെള്ളത്തിലിറക്കാവുന്ന ഒരു നിരീക്ഷണവിമാനവുമെത്തി. അങ്ങനെയാണു അമേരിക്ക കപ്പല്‍
നഷ്ടപ്പെട്ട കഥയറിയുന്നത്. പല കപ്പലുകളും എത്തി. അടുത്ത ദിവസമാണു കാപ്റ്റനെയും
സംഘത്തെയും കണ്ടെത്തിയത്. 321-പേരെ രക്ഷപ്പെടുത്തി. അതില്‍ ഗുരുതരാവസ്ഥയിലായിരുന്ന
നാലു പേര്‍ പിന്നീടു മരിച്ചു. ഏതാണ്ടു 150 പേരെങ്കിലും സ്രാവുകള്‍ക്കു ഭക്ഷണമായി
എന്നാണു കരുതപ്പെടുന്നത്.
എല്ലാത്തിലും
വിദഗ്ദ്ധരെന്നു സ്വയം കരുതിയ അമേരിക്കക്കാരുടെ വീഴ്ചകളാണു ഇന്‍ഡ്യാനപൊളിസിന്റെ
തകര്‍ച്ചയ്ക്കു പിന്നില്‍. പക്ഷെ, അത് അവര്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചു. മരിച്ച
സൈനികരുടെ കുടുംബാംഗങ്ങളും പൊതുജനവും വലിയ കോളിളക്കം സൃഷ്ടിച്ചു. ആഗസ്റ്റില്‍ ജപ്പാന്‍ കീഴടങ്ങി. ജപ്പാന്റെ
മേലുള്ള വിജയം ആഘോഷിയ്ക്കാന്‍ അമേരിക്കയ്ക്കു കഴിഞ്ഞില്ല. ഇന്‍ഡ്യാനപൊളിസിന്റെ
ക്യാപ്റ്റന്‍ മക്വേ (നടുക്ക്) വിചാരണവേളയില്‍ |
ദുരന്തം കാരണം. യുദ്ധത്തില്‍ 380
നാവികക്കപ്പലുകള്‍ അമേരിക്കയ്ക്കു നഷ്ടപ്പെട്ടെങ്കിലും കാപ്റ്റന്‍ മക്വേ
മാത്രമേ വിചാരണ നേരിട്ടുള്ളൂ. കാപ്റ്റന്‍ മക്വേയെ കുറ്റക്കാരനാക്കി തലയൂരാന്‍ വേണ്ടി അദ്ദേഹത്തെ കോര്‍ട്ട്-മാര്‍ഷല്‍ ചെയ്തു. അഡ്മിറല്‍ ഏണസ്റ്റ് കിംഗ് ആയിരുന്നു ഇതിനു
പിന്നില്‍. കപ്പല്‍ വെട്ടിച്ച് (zigzag path) ഓടിച്ചില്ല എന്ന കുറ്റം നില നില്‍ക്കുന്നു
എന്നവര്‍ കണ്ടെത്തി. ജനുവരി 3, 1946-നായിരുന്നു വിധി.
ടോര്‍പ്പിഡോ അയച്ച
ജാപ്പനീസ് കപ്പലിന്റെ കാപ്റ്റന്‍ എം. ഹാഷിമോട്ടോയെ വരെ കുറ്റം തെളിയിക്കാന്‍ കിംഗും കൂട്ടരും അമേരിക്കയിലെത്തിച്ചിരുന്നു.
എന്നാല്‍, കപ്പല്‍ വെട്ടിച്ച് ഓടിച്ചിരുന്നെങ്കിലും ടോര്‍പ്പിഡോയില്‍ നിന്നു
രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല എന്നദ്ദേഹം പുറത്തു പറഞ്ഞെങ്കിലും അതു
വ്യക്തമായി വിചാരണസമയത്തു പറഞ്ഞില്ല. കാപ്റ്റന്‍ മക്വേയെ
ജാപ്പനീസ് കമാന്‍ഡര്‍ എം. ഹാഷിമോട്ടോ |
തരം താഴ്ത്തിയില്ല. പക്ഷെ,
സീനിയോറിറ്റി നഷ്ടമായി; അദ്ദേഹം കുറ്റക്കാരനാണെന്നു വിധിച്ചത് ഒരു കളങ്കമായി
രേഖകളില്‍ തങ്ങി. (ഒക്ടോബര്‍ 25, 2000-ല്‍ 91 വയസ്സില്‍ മരിയ്ക്കുന്നതിനു മുമ്പു
കാപ്റ്റന്‍ ഹാഷിമോട്ടോ ഈ അന്വേഷണത്തിന്റെ ആര്‍ജ്ജവത്തെയും ഉദ്ദേശശുദ്ധിയെയും
ചോദ്യം ചെയ്തിരുന്നു).
കിംഗിന് ഇതു പ്രതികാരം തീര്‍ക്കാന്‍ ഒരവസരമായിരുന്നു എന്നു കാപ്റ്റന്‍ മക്വേയുടെ
അച്ഛനും റിയര്‍ അഡ്മിറല്‍ പദവിയിലിരുന്ന ആളുമായിരുന്ന മക്വേ ( മകനും അച്ഛനും മുത്തച്ഛനും ഒരേ
പേരാണ്) ആരോപിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ കിംഗ് ജോലി ചെയ്തിരുന്ന കാലത്തു
കപ്പലില്‍ സ്ത്രീകളെ കൊണ്ടുവന്നതിനു കിംഗിനെതിരെ നടപടിയെടുത്തിരുന്നു. മാത്രമല്ല,
അഞ്ചു ദിവസം നാവികരെ രക്ഷപ്പെടുത്താന്‍
എത്താതിരുന്നത് എന്തുകൊണ്ട് എന്ന കാപ്റ്റന്‍ മക്വേയുടെ ചോദ്യം അധികൃതരെ
അലോസരപ്പെടുത്തി. കാപ്റ്റന്‍ മക്വേയുടെ വക്കീലിനെ പോലും കിംഗ് ആണു നിയമിച്ചത്.
വക്കീല്‍ വാദങ്ങള്‍ ശരിയായി നിരത്തിയില്ല. അതായിരുന്നു കിംഗിന്റെ ഉദ്ദേശ്യവും.
1949-ല്‍ 51 വയസ്സായപ്പോള്‍ മക്വേ അടുത്തൂണ്‍ പറ്റി. അപ്പോള്‍ അദ്ദേഹം റിയര്‍ അഡ്മിറല്‍ ആയിരുന്നു.
കപ്പലിന്റെ ഭീകരമായ അന്ത്യം മാനസികമായി അദ്ദേഹത്തെ അലട്ടി. കടലില്‍ മരിച്ച
നാവികരുടെ കുടുംബങ്ങളുടെ ആരോപണങ്ങള്‍ തുടര്‍ന്നു. ഇത് അസ്വാസ്ഥ്യം വര്‍ദ്ധിപ്പിച്ചു.
‘ക്രിസ്തുമസ് ആശംസകള്‍! നിങ്ങള്‍ കൊന്ന ഞങ്ങളുടെ മകനുണ്ടായിരുനെങ്കില്‍ ഞങ്ങളുടെ
ക്രിസ്തുമസ് എത്ര നല്ലതാകുമായിരുന്നു’ എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ അദ്ദേഹത്തിനു
ലഭിച്ചു. പിന്നീടു കാന്‍സര്‍ രോഗത്താല്‍ ഭാര്യയും മരിച്ചു. അദ്ദേഹം കുറ്റക്കാരനല്ല
എന്നു രക്ഷപ്പെട്ട നാവികര്‍ വിശ്വസിച്ചിരുന്നു. അവര്‍ അദ്ദേഹത്തെ
സാന്ത്വനിപ്പിയ്ക്കുമായിരുന്നെങ്കിലും 1968-ല്‍ അദ്ദേഹം സ്വയം വെടിവെച്ചു മരിച്ചു.
70 വയസ്സായിരുന്നു അപ്പോള്‍ പ്രായം. അങ്ങനെ ഇന്‍ഡ്യാനപൊളിസിന്റെ ചരിത്രത്തിലെ
അവസാനമൃത്യു സ്വന്തം രാജ്യത്തു കരയില്‍ നടന്നു.
ഹണ്ടര്‍ സ്കോട്ട് എന്ന
വിദ്യാര്‍ഥി 1996-ല്‍ ഇന്‍ഡ്യാനപൊളിസില്‍ നിന്നു രക്ഷപ്പെട്ട 150 നാവികരുമായി
അഭിമുഖം നടത്തി. കിട്ടിയ 800-ല്‍ പരം രേഖകളും പരിശോധിച്ചു. ഇതിന്റെ
പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ ഒരു പുനരന്വേഷണം നടത്തിയത്. സ്കോട്ട് ഇപ്പോള്‍
നേവിയില്‍ ഓഫീസറാണ്. ലഭ്യമായിരുന്ന കാര്യങ്ങള്‍ കോര്‍ട്ട്-മാര്‍ഷല്‍ നടത്തിയവര്‍
ഉപയോഗിച്ചില്ല എന്നു കണ്ടെത്തി. അവ താഴെപ്പറയുന്നവയാണ്:
ഫിലിപ്പൈന്‍ സമുദ്രത്തില്‍
ജാപ്പാനീസ് മുങ്ങിക്കപ്പലുകള്‍ ഇല്ല എന്നു ഗ്വാമിലുള്ള അധികാരികള്‍ കാപ്റ്റന്‍
മക്വേയെ ധരിപ്പിച്ചു. വാസ്തവത്തില്‍ അതിനു കുറച്ചു ദിവസം മുമ്പ് ഒരു അമേരിക്കന്‍
കപ്പല്‍ (അണ്ടര്‍ഹില്‍) ജപ്പാന്‍ മുക്കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ നേവിക്കു
അവിടെ നാലു ജാപ്പനീസ് മുങ്ങിക്കപ്പലുകള്‍ - ഐ 58 ഉള്‍പ്പടെ – ഉള്ളതായി അറിയാമായിരുന്നു
എന്നു പിന്നീടു തെളിഞ്ഞു.
- എല്ലാ യുദ്ധക്കപ്പലുകളിലും (destroyers) മുങ്ങിക്കപ്പലുകളെ കണ്ടുപിടിയ്ക്കാന്‍ സംവിധാനം ഉണ്ടായിരുന്നെങ്കിലും ഇന്‍ഡ്യാനപൊളിസില്‍ അതില്ലായിരുന്നു!
- കാപ്റ്റന്‍ മക്വേ ഒരു അകമ്പടിക്കപ്പല്‍ വേണമെന്നു പറഞ്ഞിരുന്നെങ്കിലും അധികാരികള്‍ അതു നിരാകരിച്ചു.
- കപ്പല്‍ മുങ്ങിത്താഴും മുന്‍പ് അദ്ദേഹം മൂന്നു എസ്.ഒ.എസ്. സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതു കിട്ടിയ മൂന്നു നിലയങ്ങളിലും ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥര്‍ നടപടിയെടുത്തില്ല. ഒരാള്‍ മദ്യപിച്ചു ലക്കുകെട്ട് ഉറങ്ങുകയായിരുന്നു. വിളിച്ചുണര്‍ത്തി സന്ദേശം നല്‍കിയിട്ടും അയാള്‍ (കമ്മഡോര്‍ ജേക്കബ്. എച്. ജേക്കബ്സണ്‍, ലെയറ്റെ) ഗൌരവമായി എടുത്തില്ല. മറ്റൊരാള്‍, ‘എന്നെ ഉണര്‍ത്തരുത്’ എന്ന നിര്‍ദ്ദേശം നല്‍കി ഉറങ്ങുകയായിരുന്നു. മൂന്നാമനാവട്ടെ, ഇതു ജപ്പാന്‍കാരുടെ കെണിയാവുമെന്നും കരുതി.
- എസ്.ഒ.എസ്. സന്ദേശങ്ങള്‍ 5 അമേരിക്കന്‍ കപ്പലുകള്‍ക്കും കിട്ടി. അവര്‍ നടപടിയെടുത്തില്ല.
- ഫിലിപ്പൈന്‍ സമുദ്രത്തില്‍ ഒരു കപ്പല്‍ മുക്കി എന്ന സന്ദേശം കാപ്റ്റന്‍ ഹാഷിമോട്ടോ ജപ്പാനിലേയ്ക്കയച്ചത് അമേരിക്കന്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു, പക്ഷെ അന്വേഷിയ്ക്കാന്‍ കൂട്ടാക്കിയില്ല.
- ജൂലൈ 31-നു കപ്പല്‍ ലെയറ്റെയില്‍ എത്താതിരുന്നപ്പോള്‍ ഒരന്വേഷണവും നടത്തിയില്ല. അഞ്ചാം വ്യൂഹത്തില്‍ നിന്ന് ഏഴാം വ്യൂഹത്തിലെക്കുള്ള ഇന്‍ഡ്യാനപൊളിസിന്റെ സ്ഥലംമാറ്റം അവിടെയുള്ളവര്‍ക്ക് അജ്ഞാതമായിരുന്നു താനും! അവിടുത്തെ നാവികമേധാവിയായിരുന്ന റിയര്‍ അഡ്മിറല്‍ എല്‍.ഡി. മക്മോര്‍മിക്കിനു ഇതു സംബന്ധിച്ച വിവരം കിട്ടിയിരുന്നില്ല.
പരോക്ഷമായി ചിലര്‍ ജനറല്‍ മക്ആര്‍തറിനെയും കുറ്റപ്പെടുത്തുന്നു. കിഴക്കന്‍ ഏഷ്യയിലെ അമേരിക്കന്‍ സര്‍വ്വസൈന്യാധിപനായിരുന്നു അദ്ദേഹം. എല്ലാ സന്ദേശങ്ങളും അദ്ദേഹത്തിന്റെ ‘സ്റ്റേഷന്‍’ വഴിയേ കൈമാറാവൂ എന്ന ഒരുത്തരവ് അദ്ദേഹം പുറപ്പെടുവിച്ചിരുന്നു. ഇതു യഥാസമയം സന്ദേശങ്ങള്‍ കൈമാറുന്നതില്‍ താമസം വരുത്തിയിരുന്നത്രേ.
ഗ്രഹപ്പിഴ വരുമ്പോള്‍ കൂട്ടത്തോടെ!
2000-ല്‍ അമേരിക്കന്‍ സെനറ്റ്
പരിഹാരകര്‍മ്മം നടത്തി. അമേരിക്കന്‍ ജനപ്രതിനിധിസഭയുടെ തീരുമാനം ഇങ്ങനെയായിരുന്നു:
"Captain McVay's military record
should now reflect that he is exonerated for the loss of the USS
Indianapolis". കാപ്റ്റന്‍ മക്വേയെ പൂര്‍ണ്ണമായും
കുറ്റവിമുക്തനാക്കി. പ്രസിഡണ്ട് വില്ല്യം ക്ലിന്റന്‍ ഉത്തരവില്‍ ഒപ്പു വച്ചു.
കടലില്‍ മൃതരായ ഇന്‍ഡ്യാനപൊളിസിന്റെ
നാവികരെ ആദരിയ്ക്കാന്‍ വേണ്ടി ഹിരോഷിമയിലിട്ട ബോംബിന്റെ മേല്‍ വൈമാനികര്‍ ഇങ്ങനെ
കുറിച്ചിരുന്നു: ഇന്‍ഡ്യാനപൊളിസിലെ ആത്മാക്കള്‍ക്കുള്ള സമ്മാനം’. ജപ്പാന്‍ കീഴടങ്ങിയ
വിവരവും ഇന്‍ഡ്യാനപൊളിസ് തകര്‍ന്നു മുങ്ങിയ വിവരവും അമേരിക്കയില്‍ ഒരേ ദിവസത്തെ
പത്രങ്ങളിലാണു വന്നത്. കപ്പല്‍ തകര്‍ന്ന വാര്‍ത്ത
അവസാനപേജിലാക്കിയിരുന്നു എന്നു മാത്രം! നിന്ദ അങ്ങനെയും!
തകര്‍ന്ന കപ്പലിന്റെ ഓര്‍മ്മയ്ക്കായി
മറ്റൊരു ഇന്‍ഡ്യാനപൊളിസും അമേരിക്ക ഉണ്ടാക്കി. 1998-ല്‍ അതു സേവനത്തില്‍ നിന്നും
പിന്‍ലിയ്ക്കപ്പെട്ടു. അന്നത്തെ കാപ്റ്റന്‍ വില്ല്യം ജെ ടോട്ടി, ആദ്യത്തെ ഇന്‍ഡ്യാനപൊളിസിലെ
അന്നു ജീവിച്ചിരുന്ന എല്ലാ നാവികരെയും ‘ഡികമ്മീഷന്‍’ ചടങ്ങിനു വിളിച്ചിരുന്നു.
കാപ്റ്റന്‍ മക്വേയുടെ കളങ്കം മാറ്റാനുള്ള യുദ്ധത്തില്‍ അവര്‍ ടോട്ടിയുടെ സഹായം
അഭ്യര്‍ത്ഥിച്ചു.
വിരമിച്ച ശേഷമെഴുതിയ ഒരു
ലേഖനത്തില്‍ കാപ്റ്റന്‍ ടോട്ടി പഴയ ‘അന്വേഷണപ്രഹസന’ത്തെ നിശിതമായി വിമര്‍ശിച്ചു.
കാപ്റ്റന്‍ മക്വേയുടെ തീരുമാനങ്ങളെ ശരി വച്ച അദ്ദേഹം, ആത്യന്തികമായി – നിയമപരമായും
- എല്ലാ ഉത്തരവാദിത്വവും കാപ്റ്റന്റെ മേലാണെങ്കിലും സത്യത്തില്‍
അങ്ങനെയാവണമെന്നില്ല എന്നു വാദിയ്ക്കുന്നു. ‘ഒരു ശക്തമായ തിരമാലയില്‍ പെട്ടതിനാല്‍
പരമ്പരാഗതമായ രീതിയില്‍ കപ്പലിനോടൊപ്പം മുങ്ങിമരിച്ചില്ല’ എന്നു കാപ്റ്റന്‍ മക്വേ
പറഞ്ഞിരുന്നു. ഇതും പരിഹാസപൂര്‍വ്വം കൊണ്ടാടിയവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതു യൂറോപ്പിലെ
പഴഞ്ചന്‍ തത്വചിന്തയാണെന്നും ആധുനികനേവിയില്‍ ഇങ്ങനെയൊരു പാരമ്പര്യമോ നിയമമോ
ഇല്ലായെന്നും ടോട്ടി പറയുന്നു. മരണത്തോടു മല്ലിടുന്നവര്‍ക്കു വേണ്ടിയും
രക്ഷാനടപടികള്‍ക്കായും കാപ്റ്റന്‍ ജീവിച്ചിരിയ്ക്കണം എന്നു പരോക്ഷമായി അദ്ദേഹം
സൂചിപ്പിയ്ക്കുന്നു. (‘സതി’ പോലെ ഒരു ദുരാചാരമാണിത് എന്നു കരുതാം. 1971-ല്‍
ഇന്തോ-പാക് യുദ്ധം നടന്നപ്പോള്‍ ഇന്ത്യയുടെ ഐ.എന്‍.എസ്. ഖുക്രി എന്ന ഒരു യുദ്ധക്കപ്പലിനെ
പാകിസ്ഥാന്‍ മുക്കിയിരുന്നു. കാപ്റ്റന്‍ മഹേന്ദ്രനാഥ മുള്ളയ്ക്കു
രക്ഷപ്പെടാമായിരുന്നുവെങ്കിലും അദ്ദേഹം കപ്പലിനൊപ്പം മുങ്ങുവാന്‍ തീരുമാനിച്ചു).
ഇന്‍ഡ്യാനപൊളിസിലെ രക്ഷപ്പെട്ട
നാവികര്‍ എല്ലാ വര്‍ഷവും ഒത്തുകൂടുന്നു. ഓരോരുത്തരായി അവരും കൊഴിഞ്ഞുപോയിക്കൊണ്ടിരിയ്ക്കുന്നു.
എഴുപതാമത്തെ സംഗമം ജൂലൈ 23-26, 2015-നായിരുന്നു. 32 പേര്‍ ഇപ്പോള്‍
ജീവിച്ചിരിപ്പുണ്ട്. ഇവര്‍ക്കൊരു വെബ്സൈറ്റുമുണ്ട്. (www.ussindianapolis.org).
യുഎസ്എസ് ഇന്‍ഡ്യാനപൊളിസിന്റെ
ദുരന്തം ആസ്പദമാക്കി Mission of the Shark – The Saga of the U.S.S എന്ന ഒരു
സിനിമയും അനേകം ഡോക്യുമെന്‍ററികളും യൂട്യൂബില്‍ ലഭ്യമാണ്. വിഖ്യാതമായ Jaws എന്ന
ചലച്ചിത്രത്തില്‍ ഇന്‍ഡ്യാനപൊളിസില്‍
നിന്നു രക്ഷപ്പെട്ട ഒരു കഥാപാത്രമുണ്ട്. അയാള്‍ പറയുന്നതില്‍ പല പൊരുത്തക്കേടുകളുമുണ്ട്.
(https://www.youtube.com/watch?v=u9S41Kplsbs)
ദൌര്‍ഭാഗ്യവശാല്‍ ഒരു
സ്കൂള്‍ കുട്ടിയില്‍ നിന്നു പ്രസിഡന്‍റ് ക്ലിന്റന്‍ വരെ എത്തിയ സംഭവപരമ്പരകള്‍ക്ക്
ഒദ്യോഗികമായി മാറ്റമൊന്നും ഇല്ല. കാരണം, മക്വേയുടെ ഫയലില്‍ നിന്നു കുറ്റാരോപണങ്ങള്‍
ഇപ്പോഴും നീക്കിയിട്ടില്ല. കോര്‍ട്ട്-മാര്‍ഷല്‍ വിധി തിരുത്തുക എന്നൊരു കീഴ്വഴക്കം
അമേരിക്കന്‍ സൈന്യത്തിനില്ല എന്നതിനാലാണിത്. തിരുത്തുന്നതിനെ അമേരിയ്ക്കന്‍ നേവി
പോലും എതിര്‍ത്തു എന്നത് ഒരു വിരോധാഭാസമായി നിലനില്‍ക്കും.
****
അപകടത്തില്‍ നിന്നു രക്ഷപ്പെട്ട
ക്ലീറ്റസ് ലെബോയുടെ ഒരു കവിത:
NOT LOST
AT SEA
I gave my
country my very best
I fought
and prayed and passed the test
I proudly went where duty called
For a brief time I was stalled
By a torpedo blast that shattered the night
I knew right then that things were not right.
Then the
sun arose on a bloody sea
And I knew things were not right for me
By that day's setting sun
I knew my life's race was run.
With a
smile on my face and peace in my heart
I knew this world I would soon depart
And my spirit would rise like an eagle on high
And I would be in my mansion In the sky.
I was
really NOT LOST AT SEA
So shed no tears over me
My work was done here on earth
So the Lord took me home to my Heavenly berth.
Dedicated to the memory of all the sailors of
USS
INDIANAPOLIS
who were Lost At Sea
in July of 1945
Cleatus Lebow
Survivor
USS INDIANAPOLIS
Written: July 28, 1996
*************
അവസാനത്തെ ക്രിസ്തുമസ്സിന്റെ അത്താഴം |
******
29/01/2016
No comments:
Post a Comment