Tuesday, October 14, 2025

കർണ്ണശപഥം (കഥകളി)


മാലിയുടെ വരികളിലൂടെ, മഹാഭാരതത്തിലൂടെ

കഥകളിസാഹിത്യവായനയിലെ തുടക്കക്കാർക്കു വേണ്ടി

 

ആമുഖം

- - - - - - - - - - - - - - - - - - - - - - - - - - - - - - - 

മകനേ! നീ ഞങ്ങൾക്കൊപ്പം ചേരൂ”, ഒരു അമ്മയുടെ അപേക്ഷ.

അതു് അമ്മയാണെന്നറിയാത്ത മകൻ പറയുന്നു: നിങ്ങൾ ഒരു സ്ത്രീയായിപ്പോയി. അല്ലെങ്കിൽ ഞാൻ വധിയ്ക്കുമായിരുന്നു.

ആസ്വാദകരെ സ്തബ്ധരാക്കുന്ന മറുപടി.

മഹാഭാരതത്തിൽ നിന്നെടുത്ത ഒരു ഭാഗമായ  കർണ്ണശപഥത്തിലെ കുന്തീകർണ്ണസമാഗമത്തിലാണിതു്. വളരെ ചെറിയ ഒരു ഭാഗമാണെങ്കിലും കർണ്ണൻ, കുന്തി എന്നീ കഥാപാത്രങ്ങളുടെ വ്യാഖ്യാനത്തിനും ഇതു വളരെയേറെ പ്രയോജനപ്രദമാണു്. ദുര്യോധനന്റെ ഒരു നല്ല വശവും ഈ കഥയിലൂടെ വ്യക്തമാവുന്നു.

പഴയ കാലത്തു കുടുംബസദസ്സുകളിൽ പുരാണങ്ങളിലെ കഥാപാത്രങ്ങളെപ്പറ്റിയുള്ള ചർച്ചകൾ നടക്കുമായിരുന്നു. മഹാഭാരതചർച്ചകളിൽ പലരും ശ്രീകൃഷ്ണനും കർണ്ണനുമായിരുന്നു മുൻതൂക്കം നൽകിയിരുന്നതു്. കർണ്ണനോടു് അസാധാരണമായ വീരാരാധനയുമുണ്ടായിരുന്നു. അക്ഷരാർത്ഥത്തിൽ, സൂര്യതേജസ്വിയായ കഥാപാത്രമാണു കർണ്ണൻ. കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനത്തിൽ കർണ്ണാവലോകനം വിശദമായി വായിയ്ക്കാവുന്നതാണു്. 

ബാലകഥാസാഹിത്യകാരനും ആൾ ഇന്ത്യ റേഡിയോയിലെ ഉന്നതോദ്യഗസ്ഥനുമായിരുന്ന മാലി എന്ന വി. മാധവൻ നായരാണു കർണ്ണശപഥം എന്ന ആട്ടക്കഥയുടെ കർത്താവു്. 1960-കളുടെ തുടക്കത്തിൽ എഴുതിയ ഇക്കഥ 1965-ൽ ഡൽഹിയിലാണു് ആദ്യമായി അവതരിക്കപ്പെട്ടതു്. (101 ആട്ടക്കഥകൾ-2, ഡോ. പി. വേണുഗോപാലൻ) 

പരമ്പരാഗതശൈലിയിൽ നിന്നു വ്യത്യസ്തമായി ഇതിൽ ശ്ലോകങ്ങളില്ല. തുടക്കത്തിൽ തോടയം (ഇഷ്ടദേവതാസ്തുതിയും നൃത്തവും) ഇല്ല. പിന്നാലെയുള്ള വന്ദനകീർത്തനവും മാലി രചിച്ചിട്ടില്ല. ഗായകർ ഏതെങ്കിലും ദേവദേവീസ്തുതികൾ പാടും. 

പുരാണകഥകൾ അതേപടി അവതരിപ്പിയ്ക്കുക സാദ്ധ്യമല്ല. ഭാവനയ്ക്കു് അനുസരിച്ചു സന്ദർഭങ്ങളും സംഭാഷണങ്ങളും ചേർത്തു മൂലകഥയിലേയ്ക്കു പ്രേക്ഷകനെ എത്തിയ്ക്കേണ്ടി വരുന്നു. മാലിയും ആ രീതിയാണു് അവലംബിച്ചിരിയ്ക്കുന്നതു്. മൂലകഥയിൽ വർണ്ണിച്ചിരിയ്ക്കുന്നതു് എങ്ങനെയെന്നു പ്രത്യേകമായി ഇവിടെ പറയുന്നുണ്ടു്. 

ആട്ടപ്പദങ്ങൾ ലളിതമാണു്. അവയെല്ലാം പച്ചമലയാളത്തിലും. സാഹിത്യപരമായി വിമർശകരെ തൃപ്തിപ്പെടുത്തിയില്ല എന്നൊരു വാദവും വന്നു. അതിനാലൊക്കെ ഇതു ജനസമ്മതി നേടുമോ എന്നു കവിയ്ക്കു സംശയമായിരുന്നു. എങ്കിലും ശ്രീ കലാമണ്ഡലം ഗോപി, ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ അരങ്ങത്തു് ആടി ഇതിന്റെ പെരുമ കൂട്ടി. കഥകളി ജനപ്രിയമായി. കേരളത്തിലും മറുനാടുകളിലും ധാരാളമായി അവതരിയ്ക്കപ്പെടുന്നു. 

ദുര്യോധനൻ, ഭാനുമതി, ദുഃശാസനൻ - ഇവരും ആട്ടക്കഥയിലുണ്ടു്. ദുര്യോധനപത്നിയാണു ഭാനുമതി.

കാതലായ സംഭാഷണം ഇളകിയാട്ടം (മുദ്രകൾ, അങ്ഗചലനങ്ങൾ) വഴിയാണ്. ഇളകിയാട്ടം എന്നതിനു പകരം പലപ്പോഴും സാധാരണക്കാർ മുദ്രാഭിനയം എന്നാണു പറയുക. ആ വാക്കാണു് ഈ ലേഖനത്തിൽ ഉപയോഗിച്ചിരിയ്ക്കുന്നതു്. 

കർണ്ണശപഥം എന്നതുകൊണ്ടു വിവക്ഷിയ്ക്കുന്നതു കർണ്ണൻ ദുര്യോധനനു സൂര്യനെ ആണയിട്ടു കൊടുക്കുന്ന വാക്കാണെങ്കിലും കർണ്ണൻ കുന്തിയ്ക്കും ഒരുറപ്പു കൊടുക്കുന്നുണ്ടല്ലോ. (ഭീഷ്മർ വീണുകഴിഞ്ഞു മാത്രമേ പോരിനിറങ്ങൂ എന്നു പറഞ്ഞതും ശപഥംതന്നെ. അത് ഈ ആട്ടക്കഥയുടെ വിഷയമല്ല).

പല രങ്ഗങ്ങളും അരങ്ങത്തു് ഒഴിവാക്കാറുണ്ടു്. കൃതിയുടെ കീർത്തിശോഷണത്തിനു് അതു കാരണമാകാറുമുണ്ടു്. ഒന്നര മുതൽ നാലു മണിക്കൂറെടുത്താണു് ഇതു വേദിയിൽ അവതരിപ്പിയ്ക്കാറുള്ളതു്.

അത്യാവശ്യമുള്ള വരികൾ മാത്രമേ മാലിയുടെ കൃതിയിൽ നിന്നു് ഇവിടെ ഉദ്ധരിച്ചിട്ടുള്ളൂ. മഹാഭാരതകഥകളെയും, കൃതികളെയും നാട്ടുകഥകളെയും ആശ്രയിച്ചിട്ടുണ്ടു്.

 ++++++

 

കർണ്ണശപഥം


ഭാഗം 1

മാലിയുടെ വരികളിലൂടെ, മഹാഭാരതത്തിലൂടെ……..

കഥകളിസാഹിത്യവായനയിലെ തുടക്കക്കാർക്കു വേണ്ടി
------- ------- -------- ------- ------- -------- ------- ------- -------

 അരങ്ങിൽ.

നടക്കാനിരിയ്ക്കുന്ന യുദ്ധമോർത്തു ദുര്യോധനപത്നിയായ ഭാനുമതിയ്ക്കുണ്ടായ ആശങ്കയോടെയാണു് ആട്ടക്കഥ തുടങ്ങുന്നതു്.

പിളരുന്നു മനം ഹാ! തളരുന്നു തനു പരം
പോരിൽ ഭവാനു മൃത്യു നേരിടുമെങ്കിലോ
വേറിടും മമ ജീവൻ, വേറെന്തു ഞാൻ ചൊൽവൂ

എന്നു ഭാനുമതി ദുര്യോധനനോടു പറയുമ്പോൾ ദുര്യോധനൻ പത്നിയെ ആശ്വസിപ്പിയ്ക്കുന്നു. തന്റെ പടയുടെയും പടനായകരുടെയും മറ്റും ശക്തി എന്തെന്നു പറയുന്നു. മാത്രമല്ല,

സ്നേഹമുടൽപൂണ്ടുള്ളൊരു കർണ്ണനുമില്ലേ?
കുമതികളാം പണ്ഡവരെ കുരുതി കഴിച്ചധുനാ
കുരുവീരൻ ധര വാഴും നിസ്സന്ദേഹം!

(സ്നേഹമുടൽപൂണ്ട = സ്നേഹസ്വരൂപനായ, കുമതി = ദുർബ്ബുദ്ധി, അധുനാ = ഇപ്പോൾ)

സൂതനായ അധിരഥന്റെയും പത്നി രാധയുടെയും വളർത്തുമകനും അങ്ഗദേശത്തു ദുര്യോധനൻ വാഴിച്ച രാജാവുമായ കർണ്ണന്റെ രങ്ഗപ്രവേശം. കർണ്ണനും ഭാനുമതിയെ ആശ്വസിപ്പിയ്ക്കുന്നു:

വിമതരാം കൗന്തേയരെ സമരേ നിഗ്രഹിച്ചു ഞാൻ
സുമതീ! തവ പതിയെ ഭുവനപതിയാക്കും

(സമരേ = പോരിൽ)

കർണ്ണന്റെ സൗഹൃദം ദുര്യോധനനു് എത്ര വിലപ്പെട്ടതെന്നു് ആദ്യഭാഗങ്ങളിൽത്തന്നെ കവി എടുത്തുപറഞ്ഞിരിയ്ക്കുന്നു.

ഭാനുമതി പോകുന്നു. തുടർന്നു ദുഃശാസനന്റെ പ്രവേശം. അവർ യുദ്ധചർച്ച തുടങ്ങവേ കർണ്ണൻ പ്രഭാതത്തിലെ ഗങ്ഗാസ്നാനത്തിനായി പോകുന്നു.

മേൽക്കൊടുത്തിരിയ്ക്കുന്ന ഭാഗം ചിലപ്പോൾ ആടാറില്ല.

ഗങ്ഗയിൽ സ്നാനം കഴിഞ്ഞു ധ്യാനത്തിലിരിയ്ക്കുന്ന കർണ്ണന്റെ മനസ്സു്, പലപ്പോഴുമെന്നതുപോലെ കലുഷിതമാണു്.

ആരാണെന്റെ മാതാപിതാക്കൾ? ഏതു വംശമാണു ഞാൻ? ജനനം മുതൽ നിന്ദകളേറ്റു വാങ്ങുന്നു! ദ്രോണരുടെ അടുത്തുള്ള വിദ്യാഭ്യാസാനന്തരം ശിഷ്യന്മാരുടെ പ്രകടനവേളയിൽ നിന്ദിച്ചവരിൽ കൃപാചാര്യരുണ്ടു്. ബ്രഹ്മാസ്ത്രം ക്ഷത്രിയനെ മാത്രമേ പഠിപ്പിയ്ക്കുകയുള്ളൂ എന്നു പറഞ്ഞതു ഗുരു ദ്രോണർ തന്നെയല്ലേ?. പിന്നെ ചിരവൈരിയായ അർജ്ജുനനുണ്ടു്. സൂതപുത്രനെ വരിക്കില്ല എന്നു പറഞ്ഞു വിവാഹകുണ്ഡത്തിൽ നിന്നിറക്കിവിട്ട പാഞ്ചാലിയുടെ നിന്ദയോ? എന്തിനു പറയുന്നു, സാക്ഷാൽ ഭീഷ്മപിതാമഹനും നിന്ദിച്ചു പറഞ്ഞല്ലോ. എന്തൊരു ജന്മമാണിതു്? കീഴ്ജാതിയാണത്രെ. സൂതപുത്രനാണത്രെ. പകയാണു് എന്റെ  മനസ്സു നിറയെ.

മുദ്രാഭിനയത്തിലൂടെ ഇമ്മാതിരിയുള്ള ചിന്തകൾ അഭിനയസിദ്ധിയുള്ള നടന്മാർ അവതരിപ്പിയ്ക്കുന്നു. പിറകേ ഈ മനോഹരമായ പദവുമുണ്ടു്:

എന്തിഹ മന്മാനസേ സന്ദേഹം വളരുന്നു?
അങ്ഗേശനാമീ ഞാനെങ്ങു പിറന്നു?
ഇങ്ങാരറിവൂ ഞാനാരെങ്ങെന്റെ വംശമെന്നോ?
മാതാവു രാധതാനോ? താതനധിരഥനോ?
ഹാ, ദൈവമേയെൻ ജന്മദാതാക്കളാരോ?
കാണുമോ ഞാനവരെ? കാണുകയില്ലെന്നോ?
കാണാതെ മരിയ്ക്കുവാനോ ശിരോലിഖിതം
?

ലളിതമായ വരികളും മനസ്സിൽ തട്ടുന്ന ആലാപനവും അഭിനയചാരുതയും ചേരുമ്പോൾ കർണ്ണന്റെ മനഃസങ്ഘർഷം പ്രേക്ഷകരിലെത്തുന്നു.

ഗങ്ഗാസ്നാനരങ്ഗത്തു ഭാവനാസമ്പന്നനായ മാലി, കർണ്ണന്റെ മനസ്സിലെ സ്ഥായിയായ ദുഃഖം മനോഹരമായി അവതരിപ്പിയ്ക്കാൻ ഇങ്ങനെ ഇടം നൽകുന്നു. കഥകളിയരങ്ങിനു വേണ്ടിയുള്ള കവിയുടെ കൂട്ടിച്ചേർക്കലാണു ആസ്വാദകരിൽ ഈ രങ്ഗത്തിനു മതിപ്പുളവാക്കാൻ കാരണം.

സ്നാനം കഴിഞ്ഞു നീറിപ്പുകഞ്ഞിരിയ്ക്കുന്ന മനസ്സുമായി ജപം നടത്തുന്ന കർണ്ണന്റെ മുന്നിലേയ്ക്കു പെട്ടെന്നു പ്രഭാമയിയായി ഒരു കുലസ്ത്രീയെത്തുന്നു. കുന്തി.

ചിലപ്പോൾ പ്രേക്ഷകരുടെ ഇടയിലൂടെയാണു കുന്തി അരങ്ങിലെത്തുന്നതു്.

 കർണ്ണന്റെ മുദ്രാഭിനയം.

മനസ്സിലെ തോന്നലുകൾക്കു പുറമേ, ഈ സ്ത്രീയേതെന്നു് അമ്പരക്കുന്നു. അവരോടു് അമ്മയെന്നവണ്ണം സ്നേഹം ജനിയ്ക്കുന്നു.
കർണ്ണൻ അവരെ തിരിച്ചറിയുന്നു
പഞ്ചപാണ്ഡവരുടെ അമ്മയായ കുന്തി!

മുദ്രാഭിനയം കഴിയുന്നു.

ഗങ്ഗാതീരത്തെ കർണ്ണനും അവിടെ വന്നെത്തുന്ന കുന്തിയും - മഹാഭാരതത്തിൽ അതിങ്ങനെയാണു്:

കിഴക്കുനോക്കിക്കൈപൊക്കി നിൽപോൻതൻ പിന്നിൽ നിന്നുതേ
കാര്യത്തിനായ്ജ്ജപംനിർത്തൽ കാത്തുകൊണ്ടു തപസ്വിനി
വെയിൽകൊണ്ടുംകൊണ്ടു നിന്നൂ കർണ്ണവസ്ത്രനിഴൽസ്ഥലേ
കൗരവ്യപത്നി വാർഷ്ണേയി പത്മിനീമട്ടു വാടിയോൾ
പുറം ചുടുംപാടു ജപിച്ചൊന്നു നോക്കി യതവ്രതൻ
കുന്തിയെക്കണ്ടുപാസിച്ചു കുമ്പിട്ടു തൊഴുതങ്ങനെ.
ഞായപ്രകാരം തേജസ്വി മാനി ധർമ്മിഷ്ഠനുത്തമൻ
ചിരിച്ചു കൂപ്പിപ്പൃഥയോടോതീ വൈകർത്തനൻ വൃഷൻ

-ശ്രീമഹാഭാരതം, കുഞ്ഞിക്കുട്ടൻ തമ്പുരാൻ

(കൗരവ്യപത്നി = കുരുവംശജന്റെ പത്നി. കുരു പാണ്ഡുവിന്റെയും പൂർവ്വികനാണ്., വാർഷ്ണേയി = വൃഷ്ണിവംശത്തിൽ ജനിച്ചവൾ, ചുടുംപാടു് = (വെയിലേറ്റു) പൊള്ളിയപ്പോൾ, യതവ്രതൻ = വ്രതം ശരിയായി അനുഷ്ഠിയ്ക്കുന്നവൻ, ഉപാസിച്ചു് = ആദരിച്ചു്, ഞായം = നടപ്പു്/ചിട്ട, വികർത്തനൻ = സൂര്യൻ, വൈകർത്തനൻ = വികർത്തനപുത്രൻ, മറ്റൊരർത്ഥം: കർത്തനം = മുറിയ്ക്കൽ, കവചകുണ്ഡലങ്ങൾ ദേഹത്തുനിന്നു മുറിച്ചെടുത്തു കൊടുത്തതിനാൽ വൈകർത്തനൻ, വൃഷൻ = ശ്രേഷ്ഠൻ)

വെയിൽകൊണ്ടു വാടിയ താമരപ്പൂപോലെയായ കുന്തി, കർണ്ണൻ ഉണക്കാൻ വിരിച്ചിട്ട തുണികളുടെ നിഴലിൽ മകനെ നോക്കി നിൽക്കുന്നു. സൂര്യനെതിരെ തിരിഞ്ഞു നിൽക്കുന്ന കർണ്ണൻ പുറത്തു വെയിൽതട്ടി ചൂടു കൊണ്ടപ്പോൾ സൂര്യാഭിമുഖമായി നിൽക്കുന്നു. കുന്തിയെ കാണുന്നു.

മഹാഭാരതരങ്ഗം മനസ്സിലുണ്ടെങ്കിൽ സമാഗമം പ്രേക്ഷകനു കൂടുതൽ രുചിയ്ക്കും. ഈ ഭാഗം വളരെ ജനപ്രിയമെന്നു ഡോ. പി. വേണുഗോപാലൻ ഈ വരികൾ ഉദ്ധരിച്ചു വിലയിരുത്തിയിട്ടുണ്ടു്.

ആദരവോടെ ആഗമനോദ്ദേശം ചോദിച്ച കർണ്ണനോടു കുന്തി താൻ അമ്മയാണെന്നു വെളിപ്പെടുത്താതെ പറയുന്നു:

ഞാൻ യാചകിയായി വന്നിരിയ്ക്കുകയാണു്. എന്റെ ആഗ്രഹം നീ സാധിച്ചുതരണം.

താൻ ശത്രുവാണു് എന്നു കർണ്ണൻ ഓർമ്മിപ്പിയ്ക്കുന്നു.

കുന്തി വിനയത്തോടെ വീണ്ടും:

ദാനാർത്ഥിയ്ക്കു നീ മന്ദാരമല്ലോ? ദീനവൽസലനല്ലോ?
നൂനം മഹാപ്രഭുവല്ലോ? ഞാനതു മറന്നില്ലല്ലോ

(മന്ദാരം = അപേക്ഷിച്ചാൽ എന്തും നൽകുന്ന സ്വർഗ്ഗത്തിലെ ഒരു കല്പവൃക്ഷം.
പാരിഭദ്രം, മന്ദാരം, സന്താനം, ഹരിചന്ദനം, പാരിജാതം എന്നിവ ദേവലോകത്തിലെ പഞ്ചകല്പവൃക്ഷങ്ങൾ)

ന്റെ ഐശ്വര്യമെല്ലാം ഭവതിയുടെ കാൽക്കൽ സമർപ്പിയ്ക്കാം എന്നു കർണ്ണന്റെ മറുപടി.

അതല്ലല്ലോ കുന്തിയ്ക്കു വേണ്ടതു്. കുന്തിയുടെ അപേക്ഷ ഇതാണു്: 

കൗരവരോടു ബന്ധം, വീരാ!
നേരിൽ നിനക്കിനി ചേരാ
പോരൂ മൽസുതരോടു ചേരാ-
നോരുകിലതേ യോഗ്യം 

(ഓരുകിൽ = ഓർക്കുകിൽ) 

കർണ്ണൻ പൊട്ടിത്തെറിയ്ക്കുന്നു. ഇവിടെയാണു സ്ത്രീയായതിനാൽ കൊല്ലുന്നില്ല എന്ന ശക്തമായ വരികൾ (സ്ത്രീത്വം ഭവതിയെ.):

ശ്രവണകുഠാരമതാകിയ വാക്യം
പറവതിനു തവ ധൈര്യം വന്നോ?
ജീവനു സമനനാം ദുര്യോധനനെ
കർണ്ണൻ വെടിയണമെന്നോ?
ശത്രുതയിയലും താവകപുത്ര-
ന്മാരൊടു മൈത്രി പുലർത്തണമെന്നോ?
സ്ത്രീത്വം ഭവതിയെ രക്ഷിയ്ക്കുന്നു
മൃത്യുവിൽ നിന്നെന്നറിയുന്നോ? 

(കുഠാരം = മഴു, ശ്രവണകുഠാരവാക്യം = ചെവിയ്ക്കു മുറിവേൽപ്പിയ്ക്കുന്ന വാക്കുകൾ - അസഹനീയം എന്നു സാരം) 

എന്തിഹ മന്മാനസേ...എന്ന പദത്തേക്കാൾ ഈ വരികൾ മെച്ചമാണു്. കർണ്ണന്റെ പൊട്ടിത്തെറിയ്ക്കൽ ഹൃദ്യമായി നടന്മാർ ആടാറുണ്ടു്. 

അപ്പോൾ കുന്തി ആ സത്യം, അതുവരെ കർണ്ണൻ തേടി നടന്ന രഹസ്യം, അറിയിയ്ക്കുന്നു: 

ഓതുന്നേനൊരു സത്യം, താതൻ നിനക്കെടോ
ആദിത്യദേവനല്ലോ, മാതാവു ഞാനുമത്രേ
ഭ്രാതാക്കന്മാരല്ലോ പാണ്ഡവരൈവരും
വരിക! വൈകരുതിനിയുമവരൊടു
വൈരമരുതരുതേ, സുതാ!
അരികളവരിതി കരുതിയതു മതി,
പൊരുതിടുന്നതു പാപമേ 

. അവർ ശത്രുക്കളെന്നു് ഇനി കരുതരുതു്, കൂടപ്പിറപ്പുകളാകയാൽ അവരോടു പോരാടുന്നതു പാപമാണു്. 

കർണ്ണൻ സ്തംഭിയ്ക്കുന്നു ഞാനെന്താണു് ഈ കേൾക്കുന്നതൂ്? തലയിൽ ഇടിത്തീ വീണോ? അസാധാരണമനോവീര്യമുള്ള കർണ്ണൻ മനം തകർന്നു നിലത്തിരുന്നുപോകുന്നു. എന്റെ സ്വന്തം അമ്മ! ഈ അമ്മയെയാണോ താൻ വധിയ്ക്കുമെന്നു പറഞ്ഞതു്? 

മുഴുവനും പറയൂ എന്നു പറഞ്ഞു കർണ്ണൻ കുന്തിയുടെ പാദങ്ങളിൽ വീഴുന്നു. 

കുന്തിയുടെ മുദ്രാഭിനയം. 

മകനെ എഴുന്നേൽപ്പിച്ചു്, ആശ്ലേഷിച്ച കുന്തി, കഥയെല്ലാം പറയുന്നു. ദുർവ്വാസാവിന്റെ വരവും, സുര്യനിൽ നിന്നുള്ള ജനനവും മാനക്കേടു് ഒഴിവാക്കാൻ ഒരു പേടകത്തിൽ പുഴയിലൊഴുക്കിയതും പേടകം കണ്ടു്, മക്കളില്ലാതിരുന്ന അധിരഥൻ എന്ന സൂതജാതിക്കാരനും പത്നി രാധയും ആ കുഞ്ഞിനെ വീട്ടിൽ കൊണ്ടുപോയി വളർത്തുന്നതും. 

മുദ്രാഭിനയം തീരുന്നു.

ആദ്യമായി കർണ്ണൻ കുന്തിയെ അമ്മേ! എന്നു വിളിയ്ക്കുന്നു. ആ വിളി ആദ്യമായി കുന്തി തന്റെ ആദ്യസന്താനത്തിൽ നിന്നു കേൾക്കുന്നു,

(ജനനീ! മാമകചരിതമഖിലവുമറിഞ്ഞിതേ...... എന്നു തുടങ്ങുന്ന പദം തുടങ്ങുന്നു)

അതിസന്തോഷവും അഭിമാനവും അതിലേറെ അമ്മയുടെ മൂത്ത മകൻ ഞാൻ എന്ന ഒരഹങ്കാരവും കർണ്ണനിലെത്തുന്നു. 

സുതരിലഗ്രജനിവൻ, സുചരിതേ!
ഇതാ നമിപ്പൂ ചരണയുഗം തേ

കർണ്ണന്റെ മനസ്സു വിജൃംഭിയ്ക്കുന്നു.

 ഇതു വേദിയിൽ ഗംഭീരമായി അവതരിയ്ക്കപ്പെടുന്നു.

സുചരിതേ! എന്ന വിളിയുടെ സാങ്ഗത്യം ആലോചനീയം തന്നെ. മകനു് അതല്ലേ പറയാൻ സാധിയ്ക്കൂ.

കുന്തി തന്റെ അപേക്ഷ വീണ്ടും അവതരിപ്പിയ്ക്കുന്നു. പൊന്നോമനേ! നിന്റെ അനുജന്മാർക്കു നീയാണാശ്രയം.

എന്നുമവരെക്കാത്തു നിന്നാലും, ധരയാകെ
വെന്നാലും, മാതാവിനു തന്നാലും പരിതോഷം

നീ അവരെ കാക്കണം. നിങ്ങൾ ഈ ലോകം മുഴുവൻ പിടിച്ചടക്കൂ. അങ്ങനെ ഈ അമ്മയ്ക്കു സന്തോഷമേകുക. കുന്തിയുടെ ക്ഷത്രിയബുദ്ധി!

കർണ്ണൻ തന്റെ നിലപാടു വ്യക്തമാക്കുന്നു:
 
അരുതേ, വെറുതേ പറഞ്ഞീടേണ്ടതു നിഷ്ഫലമല്ലോ
ദുരിയോധനനെ പിരിഞ്ഞു ഞാൻ പോരികയില്ലല്ലോ

 ഞാൻ കൃതഘ്നനല്ല. വഞ്വകനുമാവില്ല. കർണ്ണൻ തറപ്പിച്ചു പറഞ്ഞു. ഇതു പറയാനാണോ അമ്മ വന്നതു് എന്നും ചോദ്യം.

കുന്തി വീണ്ടും യാചിയ്ക്കുന്നു.
 
ഇല്ലേ ദയ? നിൻ തനുതല്ലജത്തിൽ ഹൃദയ-
മില്ലേ? പകരമൊരു കല്ലോ? ശിവ! ശിവ!
 
(തനുതല്ലജം = താമരപ്പൂമേനി)

തിരികെ കർണ്ണന്റെ ചാട്ടുളി പോലെയുള്ള മറുപടി:

പണ്ടു്, മകൻ ജനിച്ച ശപ്തമുഹൂർത്തത്തിൽ, അവനെ പുഴയിലൊഴുക്കുമ്പോൾ അമ്മയുടെ ഹൃദയത്തിൽ ഇപ്പറഞ്ഞ ദയ ഉണ്ടായിരുന്നെങ്കിൽ. എങ്കിൽ ഞാൻ അമ്മയുടെ ആവശ്യം സമ്മതിയ്ക്കുമായിരുന്നു.

മകൻ പറഞ്ഞതു ശരിയെന്ന മട്ടിൽ കുന്തി കുറ്റസമ്മതം നടത്തുന്നു: ഞാൻ എന്നെത്തന്നെയും വഞ്ചിച്ചൂ, മകനേ! നീയതു പൊറുക്കൂ.

കുന്തി വന്നതു പാണ്ഡവർക്കു വേണ്ടിയാണു്, വിശേഷിച്ചും അർജ്ജുനനു വേണ്ടിയാണു്. കർണ്ണനു വേണ്ടിയല്ല എന്നതു പകൽപോലെ വ്യക്തം. കർണ്ണൻ ബലഹീനനായ ഒരു യോദ്ധാവായിരുന്നെങ്കിൽ കുന്തിയുടെ ഈ യാത്ര ഉണ്ടാകുമായിരുന്നില്ല. അതു കർണ്ണനുമറിയാം എന്നു നമുക്കു കരുതാം. കൗരവപക്ഷത്തെ രണ്ടു പേരാണു പാണ്ഡവരെ വധിയ്ക്കാൻ കഴിവുള്ളവർ - ദ്രോണരും ഭീഷ്മരും. അവർക്കു പാണ്ഡവരോടു വിരോധമില്ല. മൂന്നാമത്തെയാൾ കർണ്ണൻ എന്നു ചിന്തിച്ചാണു കുന്തി കർണ്ണനെ കാണാൻ എത്തുന്നതു്. കർണ്ണനെ ഭയക്കേണ്ടിയിരിയ്ക്കുന്നു എന്നു മനസ്സിലാക്കിയാണു കുന്തിയുടെ വരവു്. നിഷ്കളങ്കമാതൃത്വമല്ല അവിടെ. കവി കുന്തിയുടെ ആ വൈകല്യം പ്രത്യക്ഷമാക്കുംമട്ടിൽ വാക്കുകളിലാക്കി, സഹൃദയരിൽ എത്തിച്ചിരിയ്ക്കുന്നു. സ്വാർത്ഥതയാണു കുന്തിയുടെ ആവർത്തിച്ചുള്ള അപേക്ഷയിൽ കാണുന്നതു്. ആ അമ്മയുടെ മനസ്സിൽ നിന്നു പോലും കർണ്ണൻ പിൻതള്ളപ്പെട്ടില്ലേ?

തന്റെ  തെറ്റു പൊറുക്കാൻ പറഞ്ഞ അമ്മയ്ക്കുള്ള മറുപടി ഉടനെത്തുന്നു.  മാലിയുടെ രചനാവൈഭവം കർണ്ണന്റെ നാവിലൂടെ: 

അരുളേണ്ടിനിയും, മഹാജനങ്ങടെ മനമിളകീടിലും
അചലാധിപനാം ഹിമാലയം ബത ചലിയ്ക്കുമെങ്കിലും
നഭസ്സിടിഞ്ഞിഹ പതിയ്ക്കുകിലും
സമുദ്രമുടനടി വരണ്ടുപോകിലും
സഖനെ വിട്ടൊരു വിധത്തിലും
അകലുകില്ലഹമൊരിയ്ക്കലും

(അഹം = ഞാൻ)

മഹത്തുക്കൾ ശരിയായ ഒരു തീരുമാനമെടുത്താൽ അതിൽ ഉറച്ചുനിൽക്കും. ഹിമാലയം അനങ്ങില്ല. ആകാശം ഇടിഞ്ഞുവീഴില്ല. കടൽ വറ്റുകയില്ല. ഇതെല്ലാം നിത്യസത്യങ്ങൾ. അഥവാ ഇതെല്ലാം സംഭവിച്ചാലും ഞാൻ ദുര്യോധനനെ കൈവിടുകയില്ല എന്നു കർണ്ണൻ. 

പല സന്ദർഭങ്ങളിലും ഉദ്ധരണിയായി ഉപയോഗിയ്ക്കാവുന്ന, കർണ്ണശപഥത്തിലെ ഏറ്റവും നല്ല വരികളാണു് ഈ ഭാഗത്തു മാലി എഴുതിയിരിയ്ക്കുന്നതു്. ഈ സന്ദർഭത്തിന്റെ പ്രത്യേകതയും കുറിയ വരികളുടെ ചേലും ആക്കവും രസകരമായ പദവിന്യാസവും, എല്ലാറ്റിലും ഉപരിയായി, കർണ്ണന്റെ ആത്മാർത്ഥതയും പ്രേക്ഷകരെ അനുഭവിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നതിനു പകരം, ഈ ഭാഗം അരങ്ങിൽ അവതരിപ്പിയ്ക്കാതിരിയ്ക്കാനാണു പലപ്പോഴും അവതാരകർ മുതിരുന്നതു്. കൈരളിയുടെയും കലാദേവതയുടെയും ഭാഗ്യദോഷം! 

കുന്തീവിലാപം തുടരുന്നു: നീയാണു് എനിയ്ക്കാശ്രയം. എന്നെ നീ നീ വെറുംകയ്യോടെ തിരികെ അയയ്ക്കുകയാണോ?

അതു കേട്ടു കർണ്ണൻ വാക്കു നൽകുന്നു എന്നെ ശരണം പ്രാപിച്ചവരെ ഞാൻ കൈവിടില്ല. ഞാൻ പറയുന്നതു കേട്ടു് അമ്മ മടങ്ങണം. ഞാൻ വാക്കു തരുന്നു, ഒരു ഉപാധിയോടെ: 

നിർജ്ജരാധധിപനന്ദനനാകിയൊ-
രർജ്ജുനാഖ്യനെയൊഴിച്ചു മാമക-
കനിഷ്ഠസോദരചതുഷ്ടയത്തെ
ഹനിച്ചിടാ, ഞാൻ പ്രതിജ്ഞ ചെയ്‍വൂ.
 

(നിർജ്ജരാധിപൻ = ഇന്ദ്രൻ, അർജ്ജുനാഖ്യനെ = അർജ്ജുനൻ എന്നു പേരുള്ളവനെ, കനിഷ്ഠസോദരചതുഷ്ടയത്തെ = ഇളയസഹോദരന്മാരായ നാൽവരെ) 

പിന്നീടു മുദ്രാഭിനയമാണു്. 

അർജ്ജുനനൊഴികെയുള്ളവരെ വധിയ്ക്കുകയില്ല എന്ന ശപഥം! അതു് ഒരമ്മയ്ക്കും സ്വീകാര്യമാവില്ല. 

കുന്തി: അർജ്ജുനനെയും ഒഴിവാക്കണം. എനിയ്ക്കു് ആറു മക്കളെയും വേണം. ഒരാൾ മരിച്ചാൽ എല്ലാവരും മരിച്ചതുപോലെയാണു്. 

കർണ്ണൻ: പാണ്ഡവർ ആറില്ല, അഞ്ചേയുള്ളൂ. ഒരാൾ ഇല്ലാതാവണം. അമ്മയെന്തിനു വിഷമിയ്ക്കുന്നു? സാക്ഷാൽ ശ്രീകൃഷ്ണൻ അവർക്കൊപ്പമില്ലേ? അമ്മ മടങ്ങൂ. 

ഒരിയ്ക്കലും നശിക്കാ, നിന്നഞ്ചു മക്കൾ, യശസ്വിനി!
പാർത്ഥൻ പോയാൽസ്സകർണ്ണന്മാർ, ഞാൻ ചത്താലർജ്ജുനാന്വിതർ
-കുഞ്ഞിക്കുട്ടൻ തമ്പുരാൻ

അർജ്ജുനൻ മരിച്ചാൽ, ഞാൻ അവർക്കൊപ്പമുണ്ടു്. ഞാൻ മരിച്ചാൽ, അർജ്ജുനൻ അവർക്കൊപ്പമുണ്ടു്. കർണ്ണന്റെ ദൃഢനിശ്ചയത്തിന്റെ അഗാധതയും കെട്ടുറപ്പും പ്രഗൽഭരായ നടന്മാർ ഭാവാത്മകമായി വ്യക്തമാക്കാറുണ്ടു്: 

ഇനി അമ്മ ഇതു പറഞ്ഞു വരരുതു്. നമ്മൾ തമ്മിൽ ഇനി കാണില്ല

ഈ ധ്വനിയുള്ള ഒരു വാക്യം മുദ്രാഭിനയത്തിന്റെ അന്ത്യത്തിൽ അവതരിപ്പിയ്ക്കുന്നു.

കർണ്ണൻ അമ്മയെ വന്ദിച്ചു യാത്രയാക്കുന്നു.

പിരിയുന്നതിനു മുമ്പു കുന്തി

ദുഃഖത്താൽ വിറച്ചു. ധീരനായി നിശ്ചലനായി നിൽക്കുന്ന തന്റെ പുത്രനെ, കർണ്ണനെ, ഗാഢമായി കെട്ടിപ്പിടിച്ചു പറഞ്ഞു: കർണ്ണാ! നീ പറഞ്ഞതുപോലെ വരും! കുരുക്കളൊക്കെ നശിയ്ക്കും! അങ്ങനെത്തന്നെ എല്ലാം സംഭവിയ്ക്കും. യുദ്ധത്തിൽ നാലു സഹോദരന്മാർക്കും അഭയം നൽകിയെന്നു നീ ധരിയ്ക്കണം! അനാമയം! സ്വസ്തി!
ആട്ടെ, അപ്രകാരംതന്നെ എന്നു കർണ്ണൻ കുന്തിയോടു മറുപടി പറഞ്ഞു.

അവർ രണ്ടുപേരും പിരിഞ്ഞു.
-വ്യാസമഹാഭാരതം: വിദ്വാൻ എസ്സ്. പ്രകാശം

അനാമയം! സ്വസ്തി,യെന്നാക്കുന്തി കർണ്ണനൊടോതിനാൾ
ആട്ടേയെന്നാൻ കർണ്ണ,നുടൻ പിരിഞ്ഞാരിരുപേരുമേ
-കുഞ്ഞിക്കുട്ടൻ തമ്പുരാൻ. 

(അനാമയം = ആരോഗ്യം, ദുഃഖമില്ലാത്ത അവസ്ഥ; സ്വസ്തി = ക്ഷേമം, പുണ്യം, ആശീർവ്വാദം)

കെട്ടിപ്പിടിച്ചു പിരിയുന്നതിനപ്പുറം നാടകീയമുഹൂർത്തങ്ങൾ മഹാഭരതത്തിലില്ല. മാലിയുടെ അവതരണവും ലളിതം. 

അമ്മ നടന്നുമറയുന്നതു ദുഃഖം ഉള്ളിലൊതുക്കി കർണ്ണൻ കണ്ടുകൊണ്ടുനിൽക്കുന്നു. എന്നാൽ ദൃഢനിശ്ചയം വരുത്തിയ ഗൗരവം മുഖത്തുണ്ടുതാനും. ഏതാനും നിമിഷങ്ങൾ മാത്രമേ ഈ രങ്ഗമുള്ളൂ എങ്കിലും, കഥകളിയിൽ ഇതു വളരെ ആസ്വാദ്യമാണു്. 

ഇതെല്ലാം, കുന്തീകർണ്ണന്മാരുടെ വാക്യസഹിതം, ചാരന്മാർ വഴി ദുഃശാസനൻ അറിഞ്ഞിരുന്നു, കുന്തിയെ യാത്രയയച്ചു മടങ്ങുന്ന കർണ്ണനെ ദുഃശാസനൻ കണ്ടിരുന്നു. എന്തോ ചതിയുണ്ടിതിൽ എന്നു കരുതി അയാൾ ഒരു കടുത്ത നടപടി എടുക്കണമെന്നു തീരുമാനിയ്ക്കുന്നു. അതു ദുര്യോധനനെ അറിയിയ്ക്കുന്നു. 

അനുമതി തന്നാൽ കർണ്ണനെ രാത്രിയിൽ വധിയ്ക്കാം എന്നും ദുര്യോധനനോടു പറയുന്നു. 

ദുര്യോധനനു കർണ്ണനെ അപ്പോഴും വിശ്വാസമാണു്. 

ശഠ! ശഠ!.. എന്ന പദം തുടങ്ങുന്നു. ദുര്യോധനൻ ദുഃശാസനനെ ശാസിയ്ക്കുകയാണു്. 

ഉറച്ച മനസ്സോടെ ദുര്യോധനൻ പറയുന്നു: ഞങ്ങൾ ഇരുമെയ്യും ഒരാത്മാവുമാണു്. അതിലൊരാൾ മറ്റെയാളെ വഞ്ചിയ്ക്കില്ല. ഒരു താക്കീതും ദുഃശാസനനു നൽകുന്നു: 

കണ്ടക! കർണ്ണനു നീയിനി
ദൂഷണമുണ്ടാക്കിടുമെന്നാലോ
കണ്ഠം തവ ഞാൻ ഖണ്ഡിച്ചീടും 
കുണ്ഠത തെല്ലും കൂടാതെ

(കണ്ടകൻ = നിസ്സാരശത്രു, ശല്യക്കാരൻ)
 

ദുര്യോധനൻ പറഞ്ഞതനുസരിച്ചു ദുഃശാസനൻ കർണ്ണനെ വിളിച്ചുകൊണ്ടുവരാൻ പോകുന്നു.

ഭാനുമതി ദുര്യോധനന്റെ നിലപാടിനെ പ്രകീർത്തിയ്ക്കുന്നു. 
കർണ്ണന്റെ രങ്ഗപ്രവേശം.
ദുര്യോധനന്റെ ഉള്ളിന്റെ ഉള്ളിലെ കർണ്ണസ്നേഹവും മനുഷ്യത്വവും പ്രകടമാവുന്നു.

കർണ്ണനോടു ദുര്യോധനൻ പറയുന്നു:
കഥയെല്ലാം അമ്മയിൽ നിന്നു് അറിഞ്ഞല്ലോ. അനുജന്മാരോടു യുദ്ധം ചെയ്യുന്നതു പാപമെങ്കിൽ, കർണ്ണാ, താങ്കൾക്കു് എന്നെ വിട്ടു് അവരുടെ കൂടെ ചേരാം. എന്നാലും നിന്നോടുള്ള എന്റെ സ്നേഹത്തിനു കുറവുണ്ടാകില്ല..

മരണം വരുവോളവും കുറയില്ലണുവോളവും
തിര തല്ലും മമ സ്നേഹം, പരമപുരുഷനാണെ!
 
ദുര്യോധനൻ വാക്കു നൽകുന്നു.
അനുജന്മാരോടു യുദ്ധം ചെയ്യുന്നതു പാപമെങ്കിൽഎന്ന വാക്യം നോക്കൂ.

അരികളവരിതി കരുതിയതു മതി
പൊരുതിടുന്നതു പാപമേ
 
എന്നു കുന്തി കർണ്ണനോടു  പറയുന്നതു ചാരന്മാരിൽ നിന്നു ദുര്യോധനൻ മനസ്സിലാക്കിയതു കാരണം, അതുതന്നെ കവി സന്ദർഭോചിതമായി ദുര്യോധനഭാഷണത്തിൽ ചേർത്തിരിയ്ക്കുന്നു. എല്ലാം ഇവർ അറിഞ്ഞിരിയ്ക്കുന്നു എന്നു കർണ്ണനു ബോദ്ധ്യം വരത്തക്ക രീതിയിൽ.
 
ഇതു കേട്ടപ്പോൾ, ദുര്യോധനൻ തന്നെ അവിശ്വസിയ്ക്കുന്നില്ലേ എന്നു കർണ്ണനു സംശയം. തന്നെ വിശ്വസിയ്ക്കാത്ത ആത്മസുഹൃത്തിനു്  അതിനുള്ള ശിക്ഷ നൽകണം എന്നുവരെ തോന്നലുണ്ടായി.
 
ഹരഹര! ശിവശിവ! പിരിയാനോ
ദുരിയോധന! നിൻ നിർദ്ദേശം?
കർണ്ണൻ നന്ദിയെഴാത്തവനോ?
ഇക്ഷണമതിനിഹ ശിക്ഷ തരേണം.
പക്ഷെ, സ്നേഹം തടയുന്നു
പെരിയൊരു പാപത്തിൻ ഫലമീ
ദുരിതം ഹന്ത! ഭുജിപ്പൂ ഞാൻ
മരണം ശരണം, ഛേദിപ്പൻ
കരവാളാലെൻ ഗളനാളം

ചതിച്ചു എന്ന പഴി കേൾക്കുന്നതിനെക്കാൾ അഭികാമ്യം മരണംതന്നെ എന്ന തീരുമാനത്തിൽ കർണ്ണൻ എത്തുന്നു. 

തുടർന്നു് മുദ്രാഭിനയം. 

സ്വയം കഴുത്തു വെട്ടാനൊരുങ്ങിയ കർണ്ണനെ ദുര്യോധനൻ സാന്ത്വനിപ്പിയ്ക്കുന്നു. ദുര്യോധനന്റെ ആത്മാർത്ഥതയിൽ സംശയം വേണ്ട എന്നു ഭാനുമതിയും ഊന്നിപ്പറയുന്നു.

കൃഷ്ണാർജ്ജുനന്മാരുടേതിനെക്കാൾ ശക്തമാണു കർണ്ണദുര്യോധനബന്ധം. അവർ പരസ്പരം സമർപ്പിയ്ക്കപ്പെട്ടവരായിരുന്നു. 

ദുര്യോധനനിർദ്ദേശത്താൽ ദുഃശാസനൻ കർണ്ണനോടു മാപ്പു പറയുന്നു. കർണ്ണൻ എല്ലാം ക്ഷമിയ്ക്കുന്നു.

മുദ്രാഭിനയം തീരുന്നു. 

പിന്നീടു കർണ്ണൻ സ്വന്തം പിതാവായ ആദിത്യദേവനെ ആണയിട്ടു ശപഥമെടുക്കുന്നു:

പ്രാണസഖ! നിന്നുടയ പ്രാണസഖിയൊടു ചേർ-
ന്നാകർണ്ണനം ചെയ്ക കർണ്ണശപഥം
സാക്ഷിയാക്കീടുന്നു മമ താതനെ ജഗൽ-
സാക്ഷിയാമാദിത്യഭഗവാനെ
ജനനിയെ ഭവാനായി പരിത്യജിയ്ക്കുന്നു ഞാ-
നനുജന്മാരാമൈവരെയുമിതു സത്യം!
അർജ്ജുനനുമൊന്നിച്ചു വസുധയിൽ വാഴുകി-
ല്ലിജ്ജനമിനിമേലിതു സത്യം!
വീര്യ, സ്വർഗ്ഗത്തിൽ നിൻ മുന്നിൽ ഞാനെത്തിടും
ദുര്യോധനാ! സത്യമിതു സത്യമിതു സത്യം!
ഇതു കർണ്ണശപഥം
ഇതു കർണ്ണശപഥം
ഇതു കർണ്ണശപഥം

സാരം: ദുര്യോധനാ! നീയും പത്നിയും ഇതു കേൾക്കുക.
പിതാവായ ആദിത്യഭഗവാന്റെ പേരിൽ ഞാൻ ശപഥം ചെയ്യുന്നു:
- അമ്മയെയും അനുജന്മാരെയും ഞാൻ വെടിഞ്ഞിരിയ്ക്കുന്നു. ഇവർ ഇനി അർജ്ജുനനൊപ്പം ഈ മണ്ണിൽ വാഴുകയില്ല.
 
ദുര്യോധനനും കർണ്ണനും ദുഃശാസനനും ചേർന്നുള്ള ഇളകിയാട്ടത്തോടെ ആട്ടം അവസാനിയ്ക്കുന്നു.
 
+++++++ 

കർണ്ണശപഥം
ആട്ടക്കഥ അവസാനിയ്ക്കുന്നു. 

(തുടരും..അനുബന്ധത്തിൽ ചില മഹാഭാരതകഥകൾ)

++++++++

അനുബന്ധം - 1

------- ------- -------- ------- ------- -------- ------- ------- -------

ബ്രാഹ്മണനു ബ്രാഹ്മണസ്ത്രീയിൽ ജനിച്ചാൽ ബ്രാഹ്മണൻ; രണ്ടും ഒരേ ജാതിയിൽ ഉള്ളവരാകണം. ഇതുപോലെ തന്നെ ക്ഷത്രിയനും വൈശ്യനും ശൂദ്രനും. ക്ഷത്രിയനു ക്ഷത്രിയസ്ത്രീയിൽ ജനിയ്ക്കുന്ന സന്താനങ്ങൾക്കു മാത്രമേ അവർക്കേ രാജ്യാവകാശമുള്ളൂ. ഇതായിരുന്നു പുരാതനജാതിവ്യവസ്ഥ. 

പുരുഷൻ കീഴ്ജാതിയിലും സ്ത്രീ മേൽജാതിയിലുമായാൽ ആ വിവാഹം പ്രതിലോമവിവാഹം. അതു നിയമവിരുദ്ധമാണ്.

അതുകൊണ്ടു ക്ഷത്രിയനു ബ്രാഹ്മണസ്ത്രീയിലുണ്ടാകുന്ന മകൻ സൂതൻ. അവൻ നാലു ജാതികൾക്കും പുറത്താണ്. അവനു ക്ഷത്രിയത്വമില്ല. രാജ്യാവകാശമില്ല. 

യയാതി എന്ന ക്ഷത്രിയരാജാവിന്റെ പിന്മുറയിലെ ബൃഹന്മനസ്സു് എന്ന ഒരു അങ്ഗദേശരാജാവിനുണ്ടായ പുത്രനാണു ജയദ്രഥൻ. അമ്മ ബ്രാഹ്മണസ്ത്രീയായിരുന്നതിനാൽ ജയദ്രഥൻ സൂതൻ. ജയദ്രഥന്റെ പരമ്പരയും സൂതരായി. കർണ്ണന്റെ വളർത്തച്ഛനായ അധിരഥൻ ആ പരമ്പരയിലുള്ളതാണു്. ദശരഥന്റെ മകൾ ശാന്ത (ഋഷ്യശൃങ്ഗമഹർഷിയുടെ പത്നി)യുടെ പരമ്പരയിലും ഇതേ അധിരഥനെ കാണാം. പലഗ്രന്ഥങ്ങളിലും പലതരം വംശാവലികളുണ്ടു്.

ഒരു ഗ്രന്ഥത്തിലും സൂതരെ ഇകഴ്ത്തുന്നില്ല.
 

യായാതിയ്ക്കു ശുക്രപുത്രിയായ ദേവയാനി എന്ന ബ്രാഹ്മണസ്ത്രീയിൽ ജനിച്ചതാണു യദു എന്ന രാജാവു്. അതിനാൽ പിൻഗാമികളായ യാദവരും സൂതരായിരുന്നു എന്നു പറയാം. ആ പരമ്പരയിലെ ശൂരസേനരാജാവിന്റെ മകളാണു പൃഥ എന്ന കുന്തിയും വസുദേവരും. അപ്പോൾ ശ്രീകൃഷ്ണൻ സൂതൻ. പാണ്ഡവരും സൂതരക്തം. 

അസുരരാജാവായ വൃഷപർവ്വാവിന്റെ മകൾ ശർമ്മിഷ്ഠയാണു യയാതിയുടെ മറ്റൊരു പത്നി. അവരുടെ മകൻ പൂരു, ആ പരമ്പരയിലാണു കുരുവും ധൃതരാഷ്ട്രരും പാണ്ഡുവും. പൂരു അസുരാംശമാണു്. അസുരസ്ത്രീയുടെ പരമ്പരയ്ക്കു ക്ഷത്രിയത്വം കിട്ടി! കശ്യപപ്രജാപതിയുടെ സൃഷ്ടികളായ അസുരവംശം ദേവസമന്മാരെന്നതാവാം കാണാം. 

കുരുമഹാരാജാവിന്റെ മകനായ ജഹ്നുവിലൂടെ ഒരു ശാഖ ശന്തനുവിലെത്തി അന്യം നിൽക്കുന്നു. ശാന്തനു-ഗങ്ഗാദേവി ദമ്പതികളുടെ മകനായ ഭീഷ്മർ രാജ്യം ത്യജിച്ചുവല്ലോ. പിന്നീടു സത്യവതിയെ വേട്ട ശാന്തനുവിന്റെ മക്കളായ ചിത്രാങ്ഗദൻ ചെറുപ്പത്തിൽത്തന്നെ കൊല്ലപ്പെട്ടു. മറ്റൊരു മകൻ വിചിത്രവീര്യൻ മക്കൾ ജനിയ്ക്കുന്നതു മുമ്പു കൊല്ലപ്പെട്ടു. വിധവകളായ അംബ, അംബിക, അംബാലിക (കാശിരാജാവിന്റെ മക്കൾ) എന്നിവരിൽ ബ്രാഹ്മണനായ വ്യാസമഹർഷിയ്ക്കു ജനിച്ചവരാണല്ലോ ധൃതരാഷ്ട്രരും പാണ്ഡുവും വിദുരരും. കുരുവംശമല്ല എന്നു വാദിയ്ക്കാം. മൂന്നു സ്ത്രീകളും കുരുവംശരാജ്ഞികളായിരുന്നതിൽ അവരിലൂടെ വംശാവലി തുടരുന്നു. 

സത്യവതി കുരുവംശജയാണു്. ആ വംശാവലി ഇങ്ങനെ:
കുരുമഹാരാജാവി
ന്റെ മറ്റൊരു മകനായ സുധന്വാവു വഴി ഒരു ശാഖ തുടർന്നു. ആ ശാഖയിലെ കൃതി എന്ന രാജാവിനു വസു എന്നൊരു മകനുണ്ടായിരുന്നു. ചേദിരാജാവായ വസു ഇന്ദ്രദത്തമായ ഒരു ദിവ്യരഥത്തിൽ ആകാശത്തിലൂടെ സഞ്ചരിച്ചിരുന്നതിനാൽ ഉപരിചരവസു എന്നും അറിയപ്പെട്ടു. യാദൃച്ഛികമായി വസുവിനു് അദ്രിക എന്ന അപ്സരസ്സിൽ ജനിച്ച ഇരട്ടകളിൽ ഒന്നു മത്സ്യൻ. മറ്റേതു കറുത്ത സുന്ദരിയായ കാളി. കാളി പിന്നീടു സത്യവതി എന്ന പേരിൽ പ്രസിദ്ധയായി.

അഭിമന്യുവി
ന്റെ പത്നി ഉത്തര സൂതവംശജയെന്നു പറയപ്പെടുന്നു. മത്സ്യന്റെ പരമ്പരയിലെ വിരാടനും കേകയരാജകുമാരി സുദേഷ്ണയ്ക്കും ഉണ്ടായ മക്കളാണു് ഉത്തരനും ഉത്തരയും. സൂതബന്ധം വ്യക്തമല്ല.

ധൃതരാഷ്ട്രരുടെ സന്തതസഹചാരിയായിരുന്ന സഞ്ജയൻ, ദശരഥന്റെ മന്ത്രി സുമന്ത്രർ എന്നിവർ സൂതരായിരുന്നത്രെ. 

ഏതു ഗ്രന്ഥം വായിയ്ക്കുന്നു എന്നതനുസരിച്ചു വംശാവലിയും മാറിയെന്നുവരും..

സൂതന്മാർ എല്ലാക്കാലത്തും ബഹുമാനിയ്ക്കപ്പെട്ടിരുന്നു. പല രാജാക്കന്മാരും ഉന്നതപദവികൾ നൽകി കൂടെ നിർത്തിയിരുന്നു. കർണ്ണ
ന്റെ വിധി മറ്റൊന്നായിരുന്നു. അർദ്ധരഥൻ (അർദ്ധരഥി) എന്ന പരിഹാസവാക്കു കേട്ടു. നരമഹർഷിയുടെ അവതാരമായ അർജ്ജുനൻ കർണ്ണനു പിന്നിലാവരുതെന്നു പലർക്കും നിർബ്ബന്ധമുണ്ടായിരുന്നില്ലേ എന്നു സംശയിയ്ക്കാം. കർണ്ണന്റെ ദുര്യോധനബന്ധമാവട്ടെ അധർമ്മത്തിനു കൂട്ടുനിൽക്കുന്നവൻ എന്ന പേരുദോഷവും നൽകി സ്ഥിതി വഷളാക്കുകയും ചെയ്തു.
 

നമ്മുടെ നാട്ടിൽ കോലത്തിരി രാജാവിനു് ഒരു ബ്രാഹ്മണസ്ത്രീയിൽ പ്രസിദ്ധനായ ഒരു മകനുണ്ടായതു് അത്ര പഴക്കമുള്ള ചരിത്രമല്ല. ആ മകനെ തീയനാക്കി! മഹാഭാരതം ആവർത്തിച്ചുകൊണ്ടേയിരിയ്ക്കും. വാസ്തവത്തിൽ, ക്ഷത്രിയർക്കു മേലെയായി കരുതാവുന്ന സൂതവംശത്തിനു സമാനമായ ജാതിയാണു കേരളത്തിലെ തീയർ എന്നു പറയാം. അവരിൽ ചിലരും അപ്രകാരം വാദിയ്ക്കുന്നുണ്ടു്. 

ജാതിവ്യവസ്ഥ യഥാർത്ഥത്തിൽ എന്താണെന്നറിയാൻ ശ്രീമദ്ഭാഗവതത്തിലെ നാരദയുധിഷ്ഠിരസംവാദം (ഏഴാം സ്കന്ധം, അദ്ധ്യായം പതിനൊന്നു്) വായിയ്ക്കുക. മഹാഭാരതത്തിലെ ആജഗരപർവ്വത്തിലും (നഹുഷയുധിഷ്ഠിരസംവാദം) ഇതു തന്നെ കാണാം. 

+++++++

അനുബന്ധം - 2

മാലി കർണ്ണശപഥത്തിൽ കഥാതന്തുവിനു ക്ഷതമേൽക്കാതെ ചിലതു സ്വന്തം ഭാവനയിൽ നിന്നു ചേർത്തിട്ടുണ്ടു്. ഈ മാറ്റങ്ങൾ അവതരണത്തിനു് അത്യന്താപേക്ഷിതമാണു് എന്ന തോന്നൽ കഥകളിപ്രേക്ഷകനിലുണ്ടാക്കുന്നു. കഥകൾ പുരാണങ്ങളിൽ കാണുന്നപോലെതന്നെ അവതരിപ്പിച്ചാൽ കഥകളിസാഹിത്യം നന്നേ ശുഷ്കിയ്ക്കും. ഭാവനയിൽ ഉടലെടുത്ത രങ്ഗങ്ങൾ കഥയിലേയ്ക്കു സന്നിവേശിപ്പിയ്ക്കുക വഴി കഥാപാത്രങൽക്കു മിഴിവു നൽകാൻ കഴിയും. അല്ലെങ്കിൽ പ്രകടനസാദ്ധ്യത ഇല്ലാതെ പോവും. മനസ്സിനെ ഉലയ്ക്കുന്ന കഥാപാത്രങ്ങളാണു കുന്തിയും കർണ്ണനും. 

കൂടാതെ, ചെറിയ വ്യത്യാസങ്ങൾ പലനാട്ടിലെയും മഹാഭാരതങ്ങൾ തമ്മിലുണ്ടു്, കാതലായ കഥയ്ക്കു മാറ്റമില്ല എന്നതും ഓർക്കുക. 

മാലിയുടെ കാവ്യോചിതമായ മാറ്റങ്ങൾ കഥയുമായി നല്ലവണ്ണം പൊരുത്തപ്പെട്ടു പോകുന്നു. അവ സ്വയം കണ്ടെത്തുകയാണു് ഉചിതം. 

## ഭാനുമതി എന്ന പേരു പ്രാദേശികകഥകളിൽ നിന്നെടുത്തു കവികൾ ഉപയോഗിയ്ക്കുന്നതാണു്; മഹാഭാരതത്തിൽ ഇല്ല. ദുര്യോധനപത്നി യുദ്ധകാര്യങ്ങൾ ദുര്യോധനനുമായി സംസാരിയ്ക്കുന്നേയില്ല. ഭാനുമതിയ്ക്കു രണ്ടു മക്കൾ. ലക്ഷ്മണനും ലക്ഷ്മണ (ലക്ഷണ)യും. മകൻ ഭാരതയുദ്ധത്തിൽ കൊല്ലപ്പെടുന്നു. മകൾ ശ്രീകൃഷ്ണന്റെ  പുത്രൻ സാംബനെ വിവാഹം ചെയ്തിരുന്നു. യുദ്ധമെല്ലാം കഴിഞ്ഞു ദുര്യോധനപത്നി സ്ത്രീപർവ്വത്തിൽ വരുന്നുണ്ടു്. ലക്ഷ്മണന്റെ  മാതാവു് എന്നേ പറയുന്നുള്ളൂ. ശാന്തിപർവ്വത്തിൽ ഒരു കലിങ്ഗരാജകുമാരിയും (ഉത്തരേന്ത്യൻ മഹാഭാരതം) ഭീഷ്മപർവ്വത്തിൽ ഒരു കാശിരാജകുമാരിയെയും (ദക്ഷിണേന്ത്യൻ മഹാഭാരതം) ദുര്യോധനവധുക്കളായി പറഞ്ഞുപോകുന്നുണ്ടു്. മഹാകവി ഭാസന്റെ ഊരുഭങ്ഗത്തിൽ മാളവി, പൗരവി എന്ന രണ്ടു പേരും ഭട്ട നാരായണന്റെ വേണീസംഹാരത്തിൽ ഭാനുമതി എന്ന പേരും അവതരിപ്പിയ്ക്കപ്പെട്ടു. ഭാനുമതി പിൽക്കാലകവികളുടെ കൃതികളിൽ വന്നുചേർന്നു. 

ഭാനുമതി സ്ത്രീപർവ്വത്തിൽ പ്രത്യക്ഷപെടുന്നതു് ഇങ്ങനെയാണു്.

(ദുര്യോധനന്‍റെയും മകന്‍റെയും മൃതശരീരം കാണാൻ എത്തുന്ന ഭാനുമതിയെ കാട്ടി 
ഗാന്ധാരി ശ്രീകൃഷ്ണനോടു പറയുന്നതു്):

ദുര്യോധനാങ്‍കമാണ്ടോളെക്കൃഷ്ണ! വാർകുഴൽ ചിന്നിയും
കാൺക പൊന്നിൻവേദിയൊക്കും ലക്ഷ്മണൻതന്റെയമ്മയെ
.
അനിന്ദ്യ നാറ്റുന്നൂ ചോരയാടിയ പുത്രനെ,
ദുര്യോധനനെ വാമോരു തുടച്ചീടുന്നു പാണിയാൽ
ഭർത്താവിനെയോ മകനെയോ ശോചിപ്പോളീ മനസ്വിനി
അമ്മട്ടു നിന്നു ശോചിപ്പൂ പുത്രനെപ്പാർത്തു കണ്ടവൾ
കൈകളാൽത്തന്റെ  തലയിൽത്തച്ചുകൊണ്ടായതാക്ഷിയാൾ
വീരനാം കുരുരാജന്റെ  മാറിൽ വീഴുന്നു, മാധവ!
പുണ്ഡരീകാഭ തേടുന്നൂ പുണ്ഡരീകോദരാഭയാൾ
മുഖം തുടച്ചു പുത്രന്റെ  കാന്തന്റെയും തപസ്വിനി
……
പിടിക്കൊതുങ്ങും നടുവുള്ളനവദ്യാങ്ഗിയാമിവൾ
ഘോരമാ വൈശസം കണ്ടു വീഴുന്നിണ്ടലാണ്ടിവൾ
ഈ രാജപുത്രിയെക്കണ്ടു, ലക്ഷ്മണൻതന്റെയമ്മയെ,
രാജപത്നിയെ ഹേ! വീര! ശമിപ്പീലെന്റെ  മാനസം.
- കുഞ്ഞിക്കുട്ടൻ തമ്പുരാൻ

ദുര്യോധനാങ്‍കം ആണ്ടവൾ = ദുര്യോധനന്റെ  മടിത്തട്ടിൽ ഇരുന്നവൾ, പൊന്നിൻവേദി = സ്വർണ്ണഹോമകുണ്ഡം, അനിന്ദ്യ = കുറ്റമറ്റ, നാറ്റുന്നൂ = മണപ്പിയ്ക്കുന്നു (ചുംബിയ്ക്കുന്നു എന്നു ധ്വനി), വാമോരു = ഇടംതുട, ആയതാക്ഷി = നീണ്ട കണ്ണുള്ളവൾ = സുന്ദരി, പുണ്ഡരീകം = വെൺതാമര(പ്പൂ),  പുണ്ഡരീകോദരാഭയാൾ = വെൺതാമരപ്പൂവിനുള്ളിലെ മൃദുഭാഗത്തെപ്പോലെ അതിഭങ്ഗിയുള്ളവൾ = അതിസുന്ദരി,    വരിയുടെ അർത്ഥം -> വെൺതാമരപ്പൂവിനെ അതിശയിയ്ക്കുന്ന വലിയ സൗന്ദര്യമുള്ളവൾ, പിടിയ്ക്കൊതുങ്ങും നടുവു് = ഇടുങ്ങിയ മദ്ധ്യഭാഗം (സൗന്ദര്യലക്ഷണം),   അനവദ്യാങ്ഗി = സുന്ദരി, വൈശസം = കൊല 

ഭർത്താവും മകനും നഷ്ടപ്പെട്ട ദുരന്തകഥയിലെ നായികയായി പ്രത്യക്ഷപ്പെടുന്ന, പേരില്ലാത്ത ദുരന്തറാണിയാണു മഹാഭാരതത്തിലെ ദുര്യോധനപത്നി. (വിശേഷണങ്ങൾ അതിരു വിട്ടതാണു്. മൂലത്തിലെ, ഭർത്താവിന്റെയും മകന്റെയും  മൃതശരീരങ്ങൾ കണ്ടു കരയുന്ന സ്ത്രീയുടെ ശരീരവർണ്ണന ഒഴിവാക്കപ്പെടേണ്ടതായിരുന്നു). 

## കർണ്ണനെയും കുന്തിയെയും നിരീക്ഷിക്കുന്ന ചാരന്മാരും ദുഃശാസനൻ അവരു പറയുന്നതു ദുര്യോധനസമക്ഷം അവതരിപ്പിയ്ക്കുന്നതും മാലിസൃഷ്ടിയാണു്. 

## യദുകുലത്തിലെ ശൂരസേനൻ (മഥുരയിലെ രാജാവു്)  വസുദേവരുടെ അച്ഛനായിരുന്നു. ശൂരസേനന്റെ സഹോദരീപുത്രനാണു കുന്തിഭോജൻ എന്ന കുന്തിയുടെ വളർത്തച്ഛൻ. കുന്തീഭോജനു മക്കളില്ലാഞ്ഞതിനാൽ പൃഥ എന്ന കുന്തിയെ ശൂരസേനൻ വളർത്തുമകളായി നൽകി. 

## ആദിപർവ്വത്തിൽ (ഭാഗം: സംഭവപർവ്വം) വൈശമ്പായൻ കർണ്ണജനനം ചുരുക്കി പറയുന്നുണ്ടു്.

 ..ശുശ്രൂഷിച്ചാളുഗ്രതപോവ്രതനാമൊരു വിപ്രനെ
നിഗൂഢധർമ്മനിയമൻ ദുർവ്വാസോമുനിയാണവൻ
“……………………..സുഭഗേ, പ്രീതനായി ഞാൻ
ഈ മന്ത്രം ചൊല്ലിയേതേതു ദേവാവാഹന ചെയ്‍വൂ നീ
അതാതു ദേവപ്രീത്യാ തേ സുതന്മാരുൽഭവിച്ചീടും
-കുഞ്ഞിക്കുട്ടൻ തമ്പുരാൻ
 
(നിഗൂഢധർമ്മനിയമൻ = धर्म के वषय में अपने निश्चय को सदा गुप्त  रखनेवाले / ധർമ്മതത്വങ്ങളിലെ ജ്ഞാനം  രഹസ്യമായി വയ്ക്കുന്നയാൾ രാമനാരായണദത്ത ശാസ്ത്രി, ഹിന്ദി വിവർത്തകൻ; 
fully conversant with the mysteries of religion/രഹസ്യധർമ്മതത്വങ്ങൾ അറിയുന്നയാൾ - കെ.എം. ഗാങ്ഗുലി, ഇംഗ്ലീഷ് വിവർത്തകൻ) 

ദുർവ്വാസാവാണു മുനിയെന്നും പുത്രനുണ്ടാവാനുള്ളതാണു മന്ത്രമെന്നും ഇവിടെ തെളിച്ചു പറയുന്നു. 

വനപർവ്വത്തിൽ ദുർവ്വാസാവു പുത്രനുണ്ടാവാൻ വേണ്ടി മന്ത്രം നൽകുകയല്ല. ഏതു ദേവനും കുന്തിയുടെ ഭക്തിയാൽ കുന്തിയുടെ പ്രാർത്ഥന നിറവേറ്റും എന്ന തരത്തിലുള്ള ആവാഹനമന്ത്രം ഉപദേശിച്ചു് അനുഗ്രഹിയ്ക്കുകയാണു്. 

വനപർവ്വത്തിൽ, മന്ത്രപരീക്ഷണത്തിനായി ആവാഹനമന്ത്രത്താൽ വരുത്തിയ സൂര്യദേവനെ കുന്തി മടക്കിവിടാൻ ശ്രമിച്ചെങ്കിലും കുന്തിയിൽ ഭ്രമിച്ച സൂര്യൻ അവളെ ഭീഷണിയിലൂടെ വശത്താക്കുകയാണു്. ഇതെല്ലാം ഇന്ദ്രാദിദേവതകൾ ആകാശത്തിൽ നിന്നു കാണുന്നുണ്ടു്. കുന്തീസൂര്യസങ്ഗമം വാമൊഴിക്കഥകളിൽ അശ്ലീലം കലർത്തി നിർവൃതി കൊള്ളുന്നവരുണ്ടു്. എന്നാൽ അവിടെ ശാരീരികവേഴ്ചയില്ലതന്നെ. സൂര്യദേവൻ കുന്തിയുടെ പുക്കിളിൽ തൊട്ടു. അപ്പോൾ സൂര്യചൈതന്യം കുന്തിയുടെ ഗർഭപാത്രത്തിലെത്തുന്നു. അങ്ങനെ ദിവ്യഗർഭധാരണം നടക്കുന്നു. സൂര്യവരപ്രകാരം, പ്രസവശേഷം കുന്തി കന്യകയായി തുടരുന്നു. (വനപർവ്വം, കുണ്ഡലാഹരണപർവ്വം) 

 ആ കന്യകയെ സൂര്യൻ ദുഷിപ്പിച്ചില്ല (न चैवैनां दूषयामास भानुः) എന്നു മഹാഭാരതത്തിൽ കഥ പറയുന്ന വൈശമ്പായനൻ എടുത്തുപറയുന്നുണ്ടു്. 

വനപർവ്വത്തിലെ സാമാന്യം ദീർഘമായ ഈ  കഥാഖ്യാനത്തിൽ ദുർവ്വാസാവു് എന്നു പറയാതെ തേജസ്വിയായ ഒരു ബ്രാഹ്മണൻ എന്നേ പറയുന്നുള്ളൂ. കുന്തിയ്ക്ക് അതു ദുർവ്വാസാവെന്നു മനസ്സിലായിക്കാണും. 

## വസുസേനൻ അഥവാ വസുഷേണൻ എന്നാണു കർണ്ണന്റെ യഥാർത്ഥനാമം. വസു = ധനം. ചെവിയിലെ കുണ്ഡലവും മാർച്ചട്ടയും ധനമായി ഉള്ളവൻ എന്നു് ആദിപർവ്വത്തിൽ അർത്ഥം നൽകിയിട്ടുണ്ടു്. 

നാമധേയം ച ചക്രാതേ ബാലസ്യ തായുഭൗ
വസുനാ സഹ ജാതോƒയം വസുഷേണോ ഭവത്വിതി 

വിവർത്തനങ്ങളിലും ലേഖനങ്ങളിലും രണ്ടു പേരും (വസുസേനൻ, വസുഷേണൻ) കാണാം. വൃഷൻ മറ്റൊരു പേരാണു്. ഇതു്, ഒരു പക്ഷെ, ശക്തൻ, ശ്രേഷ്ഠൻ എന്ന അർത്ഥത്തിൽ പ്രയോഗിയ്ക്കപ്പെട്ടതായിരിയ്ക്കാം. കർണ്ണൻ എന്ന പേരിന്റെ ചരിത്രം അന്യത്ര ചേർത്തിട്ടുണ്ടു്. 

## ആദ്യം കൃഷ്ണൻ, പിന്നെ കുന്തി ഈ ക്രമത്തിലാണു കർണ്ണനുമായുള്ള മഹാഭാരതത്തിലെ കൂടിക്കാഴ്ചകൾ. ഉദ്യോഗപർവ്വത്തിലെ ഒരു ഭാഗമായ ഭഗവൽയാനപർവ്വത്തിലാണിവ. 

ശ്രീകൃഷ്ണൻ കർണ്ണനോടു പറയുന്നുണ്ടു കർണ്ണന്റെ  ജന്മരഹസ്യം. കുന്തി കന്യകയായിരുന്നപ്പോൾ ജനിച്ചവനാണു കർണ്ണനെന്നും എന്നാൽ പിന്നീടു പാണ്ഡു കുന്തിയെ വിവാഹം ചെയ്തതിനാൽ ശാസ്ത്രപ്രകാരം കർണ്ണൻ പാണ്ഡുപുത്രനാണു് എന്നുമാണു ശ്രീകൃഷ്ണൻ പറയുന്നതു്.

കർണ്ണ! ഞാനൊന്നുചൊല്ലുന്നു രഹസ്യമായ്
നിന്നുടെ തമ്പിമാരപ്പാണ്ഡവരറിക നീ
നീകൂടെയങ്ങു ചെന്നു ധർമ്മാഗ്രജനായി വാഴ്ക
ഭൂമിയെ രിപുനാശവും ചെയ്കയെന്നാൻ
-എഴുത്തച്ഛൻ
 
(ധർമ്മാഗ്രജനായി = യുധിഷ്ഠിരന്റെ  ജ്യേഷ്ഠനായി)
 
പാണ്ഡവർക്കൊപ്പം ചേരണമെന്നു ശ്രികൃഷ്ണൻ ഉപദേശിയ്ക്കുകയും ചെയ്യുന്നു. എന്നാൽ, ശ്രീകൃഷ്ണൻ കർണ്ണന്റെ  പിതാവു് ആരാണെന്നു പറയുന്നില്ല. സൂര്യനും അതു കർണ്ണനോടു പറയുന്നില്ല. പാണ്ഡുപുത്രനായി ജീവിയ്ക്കാൻ ശ്രീകൃഷ്ണൻ ആവശ്യപ്പെടുന്നുണ്ടു്. 

ഭഗവാന്റെ  ഉപദേശം വിനയത്തോടെ നിരാകരിയ്ക്കുന്ന കർണ്ണൻ ഇങ്ങനെ പറയുന്നു: 

“…..ഞാൻ ധർമ്മത്താൽ പാണ്ഡുപുത്രനാണെന്നുള്ളതും ഭവാൻ അറിയുന്ന പ്രകാരംതന്നെ ഞാൻ അറിയുന്നുണ്ടു്. എന്നെ കന്യക ഗർഭം ധരിച്ചതു് അർക്കനിൽ നിന്നാണെന്നും ആ അർക്കന്റെ  വാക്കു പ്രകാരം എന്നെ പ്രസവിച്ച ഉടനെ മാതാവു് ഉപേക്ഷിച്ചു എന്ന കഥയും ഞാൻ അറിയുന്നുണ്ടു്
-വി. എസ്സ്. പ്രകാശം 

ഗർഭം ധരിച്ചിതർക്കങ്കൽ നിന്നെന്നെക്കന്യ, കേശവ!
അവളെന്നെ പെറ്റവാറേ വെടിഞ്ഞൂ സുര്യവാക്കിനാൽ
- കുഞ്ഞിക്കുട്ടൻ തമ്പുരാൻ

ശ്രീകൃഷ്ണൻ പറയാതെതന്നെ അക്കഥ കർണ്ണൻ അറിഞ്ഞിരിയ്ക്കുന്നു! 

## കൃഷ്ണൻ കർണ്ണനെ കണ്ടതിനു പിന്നാലെ, യുദ്ധം അനിവാര്യമെന്നു വിദുരരിൽ നിന്നു മനസ്സിലാക്കുന്ന കുന്തി കർണ്ണജന്മം ഓർക്കുന്നു:

പ്രസാദിപ്പിയ്ക്കുവൻ ചെന്നു, കാണായ് നിന്നു യഥാക്രമം
പ്രസാദിപ്പിച്ച ദുർവ്വാസാവെനിയ്ക്കു വരമേകിനാൻ

- കുഞ്ഞിക്കുട്ടൻ തമ്പുരാൻ 

കർണ്ണൻ മാത്രമേ പാണ്ഡവരെ വധിയ്ക്കാൻ ഒരുമ്പെടുകയുള്ളു എന്നു തീർച്ചയാക്കിയാണല്ലോ കുന്തി കർണ്ണനെ കാണുന്നതു്.

കുന്തി ദുർവ്വാസാവിന്റെ വരത്തെപ്പറ്റി കർണ്ണനോടു പറയുന്നില്ല. എന്നാൽ, അരങ്ങിലെ ആഖ്യാനരീതി മറ്റൊന്നാകയാൽ, കർണ്ണശപഥത്തിൽ മുദ്രാഭിനയത്തിൽ കുന്തി അതു കർണ്ണനോടു വ്യക്തമാക്കുന്നുണ്ടു്. 

മഹാഭാരതത്തിൽ, കർണ്ണസമാഗമത്തിന്റെ തുടക്കത്തിൽത്തന്നെ കർണ്ണൻ തന്റെ  മകനാണെന്നു കുന്തി വെളിപ്പെടുത്തുന്നുണ്ടു്. സൂര്യൻ ആ സമയം അശരീരിയായി, കർണ്ണൻ മാത്രം കേൾക്കത്തക്കവണ്ണം, അതു സ്ഥിരീകരിയ്ക്കുന്നു. അമ്മയെ അനുസരിയ്ക്കാനും പറയുന്നു. മാലിയുടെ കുന്തി ആദ്യം ആവശ്യം പറയുകയാണു ചെയ്യുന്നതു്. കർണ്ണന്റെ  ശകാരം കേട്ടതിനു ശേഷമാണു ജന്മകഥ വെളിപ്പെടുത്തുന്നതു്. 

വ്യാസന്റെ കർണ്ണൻ കുന്തിയോടു ദേഷ്യപ്പെടുന്നില്ല. ആട്ടക്കഥയിലെ സ്ത്രീത്വം ഭവതിയെഎന്ന ഭർത്സനം മാലിയുടെ ഭാവനയിൽ വന്നതാണു്. ഈ പദം അവതരിപ്പിയ്ക്കുകവഴി, വാസ്തവത്തിൽ, മാലി കർണ്ണന്റെ  ദുര്യോധനബന്ധത്തിനു് ആക്കം നൽകുന്നു. ബലരാമശ്രീകൃഷ്ണന്മാരെപ്പോലെ കർണ്ണാർജ്ജുനമാർ ഒരുമിച്ചു നിൽക്കുന്നതു കണ്ടു് അമ്മയ്ക്കു സന്തോഷിയ്ക്കണം എന്നും കുന്തി പറയുന്നു. 

ശ്രികൃഷ്ണനും കുന്തിയും നടത്തുന്ന വെളിപ്പെടുത്തലിനു മുമ്പേ കർണ്ണൻ ഇതറിഞ്ഞു എന്നാണു കർണ്ണന്റെ സംഭാഷണത്തിൽ തെളിയുന്നതു്. അതു് എങ്ങനെയെന്നു മഹാഭാരതത്തിൽ ഇല്ല. ഒരു പക്ഷെ, രചനയിലെ പിഴവാകാം. പ്രാചീനകാലത്തു പല കൃതികളിലും കൂട്ടിച്ചേർക്കലുകൾ ഉണ്ടായിരുന്നുവെന്നും പണ്ഡിതമതം. 

കർണ്ണൻ ജ്യേഷ്ഠനാണെന്നു മറ്റു മക്കളോടു കുന്തി പറഞ്ഞില്ല. കർണ്ണനെ വധിയ്ക്കരുതെന്നു് ഒരിയ്ക്കൽപോലും പറഞ്ഞില്ല. മഹാഭാരതയുദ്ധം കഴിഞ്ഞു മൃതരായ പോരാളികൾക്കു് അന്ത്യക്രിയ ചെയ്യുന്ന നേരത്താണു കുന്തി അതു വെളിപ്പെടുത്തുന്നതും കർണ്ണനു്  ഉദകക്രിയ ചെയ്യാൻ അവരോടു് ആവശ്യപ്പെടുന്നതും. 

“…..ആരു യുദ്ധക്കളത്തിൽ സൂര്യനെപ്പോലെ ശോഭിച്ചിരുന്നു,..മന്നിൽ വീര്യം കൊണ്ടു കിടയറ്റവനായി ആരു ശോഭിച്ചു, ആ സത്യസന്ധനും കീർത്തി വരിച്ചവനും അക്ലിഷ്ടകർമ്മാവും നിങ്ങളുടെ ഭ്രാതാവുമായ കർണ്ണനു്, ഹേ! പാണ്ഡുപുത്രന്മാരേ! നിങ്ങൾ ശേഷക്രിയ ചെയ്യുവിൻ! അവൻ നിങ്ങൾക്കു് അഗ്രജനാണു്. എന്നിൽ  ആദിത്യനു പിറന്നവനാണു്. അവൻ കുണ്ഡലവും ചട്ടയുമായി പിറന്ന ശൂരനും അർക്കസമപ്രഭനുമാണു്.
-എസ്സ്. പ്രകാശം, സ്ത്രീപർവ്വം, അദ്ധ്യായം 27
 
(അക്ലിഷ്ടകർമ്മാവു് = ക്ലേശമില്ലാതെ പ്രവർത്തിയ്ക്കുന്നയാൾ)
 

എന്നാണു കുന്തി പാണ്ഡവരോടു പറയുന്നതു്. 

## സത്യമറിഞ്ഞു തളർന്ന ദുഃഖിതനായ യുധിഷ്ഠിരൻ ഒടുവിൽ സ്ത്രീകളെ ആകമാനം ശപിയ്ക്കുന്നുണ്ടു് മേലിൽ ഒരു സ്ത്രീയ്ക്കും ഒരു രഹസ്യവും സൂക്ഷിയ്ക്കാൻ കഴിവുണ്ടാകാതെ പോകട്ടെ.

സംസ്കൃതത്തിലുള്ള, ആ അർത്ഥം വരുന്ന-
 
അതോ മനസി യദ്  ഗുഹ്യം സ്ത്രീണാം തന്ന ഭവിഷ്യതി

എന്ന ശാപവാക്യം ദക്ഷിണേന്ത്യൻ പതിപ്പു് എന്നു പറയുന്ന കുംഭകോണം പതിപ്പിലുമുണ്ടു് (സ്ത്രീപർവ്വം, 27.32). കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ വിവർത്തനത്തിലും പല തെന്നിന്ത്യൻ വ്യാഖ്യാനത്തിലുമില്ല. അതു വാസ്തവത്തിൽ ശാപമല്ല,യുധിഷ്ഠിരൻ സ്വന്തം പാപഭാരത്താൽ ദുഃഖിതനായി പുലമ്പിയതാണു് ഈ വാക്യം. ഇങ്ങനെയുള്ള രഹസ്യങ്ങൾ സ്ത്രീകൾ സൂക്ഷിയ്ക്കാതെയിരിയ്ക്കുന്നതു നല്ലതാണു് എന്നായിരിയ്ക്കാം യുധിഷ്ഠിരൻ നിനച്ചതു്.
 
ഉദകക്രിയയ്ക്കു ശേഷം യുധിഷ്ഠിരൻ വ്യാസനാരദാദികളോടു കർണ്ണജനനം പറയുന്നുണ്ടു്. കർണ്ണൻ കുന്തിയോടു പറഞ്ഞതും കുറച്ചുകൂടി വ്യക്തതയോടെ വിവരിയ്ക്കുന്നുണ്ടു്. (ശാന്തിപർവ്വത്തിലെ രാജധർമ്മാനുശാസനപർവ്വത്തിൽ). 

ഉദകക്രിയ കഴിഞ്ഞു വ്യസനിച്ചിരിയ്ക്കുന്ന യുധിഷ്ഠിരനെ ആശ്വസിപ്പിയ്ക്കാൻ കുന്തിയെത്തുമ്പോൾ യുധിഷ്ഠിരൻ സ്ത്രീകളെ മേൽപ്പറഞ്ഞതു പോലെ ശപിയ്ക്കുന്നതു വീണ്ടും കാണാം. അതു പല പതിപ്പുകളിലുമുണ്ടു്. തമ്പുരാന്റെ കൃതിയിലുമുണ്ടു്. മൂലകൃതിയിലെ കഥകളും സംഭാഷണങ്ങളും പല രീതിയിൽ പ്രചരിച്ചിരുന്നതു കാരണമാണിതു്. 

കുന്തിയുടെ വെളുപ്പെടുത്തൽ കഴിഞ്ഞു പശ്ചാത്താപത്തോടെ, ദുഃഖത്തിൽ മുഴുകി, അർജ്ജുനൻ അന്നു രാത്രിയിൽ കുരുക്ഷേത്രത്തിലെത്തി കർണ്ണനറെ ആത്മാവുമായി സംസാരിയ്ക്കുന്നതായി കഥയുണ്ടു്. കർണ്ണൻ കോപിയ്ക്കുന്നതിനു പകരം, തന്റെ  ഇഹലോകജീവിതം അവസാനിപ്പിച്ച അർജ്ജുനനു നന്ദി പറയുന്നു. ഇതു മഹാഭാരതത്തിലില്ല. ഏതെങ്കിലും പ്രാദേശികമഹാഭാരതത്തിൽ ഉണ്ടായിരിയ്ക്കാം. അല്ലേങ്കിൽ മഹാഭാരതം ടി.വി സീരിയലിനായി നിർമ്മാതാവും അംവിധായകനുമായ ബി. ആർ. ചോപ്രയോ തിരക്കഥാകൃത്തായ രാഹി മസൂം റാസയോ ഉണ്ടാക്കിയെടുത്ത കഥയായിരിയ്ക്കാം. പ്രേക്ഷകരെ അതു വല്ലാതെ ആകർഷിച്ചു എന്നതു മറ്റൊരു കാര്യം.

ശ്രീകൃഷ്ണൻ, വ്യാസമുനി, ഭീഷ്മർ എന്നിവർക്കു പുറമേ കുന്തിയുടെ ഒരു പരിചാരികയ്ക്കു മാത്രമേ കുന്തി പ്രസവിയ്ക്കുന്നതും കുഞ്ഞിനെ നദിയിലൊഴുക്കുന്നതും അറിയാമായിരുന്നുള്ളൂ. അവർ ഈ രഹസ്യം ആരോടും പറഞ്ഞതായി ഒരു പതിപ്പിലുമില്ല. എന്നാൽ 2013-ൽ ഇറങ്ങിയ ഒരു ടിവി സീരിയലിൽ  ഈ പരിചാരികയ്ക്കു പ്രിയംവദ എന്നൊരു പേരും കൊടുത്തു ചിത്രീകരിയ്ക്കുന്നുണ്ടു്. രഹസ്യം ആരോടും പറയരുതെന്നു് അവർ കുന്തിയെ ഉപദേശിയ്ക്കുന്നതായി അതിൽ ഉണ്ടത്രെ. അവർ രഹസ്യം മറ്റാരോടെങ്കിലും പറയുന്നതായി സീരീയലില്ല. ഇങ്ങനെയുള്ള കൂട്ടിച്ചേർക്കലുകളുടെ കർത്തൃത്വം നാളെ വ്യാസനിലായെന്നും വരാം. അല്ലെങ്കിൽ അവ നാട്ടുകഥകളാവാനും സാദ്ധ്യതയുണ്ടു്. 

പാണ്ഡവരോടു സത്യം വെളിപ്പെടുത്തുന്നതിൽ നിന്നു കുന്തിയെ തടഞ്ഞതു് എന്താണു്? അതു വ്യാസൻ നമുക്കു വിട്ടുതന്നിരിയ്ക്കയാണു്. 

തന്റെ  ജന്മത്തെപ്പറ്റിയുള്ള കർണ്ണന്റെ  അറിവും മഹാഭാരതം വായിയ്ക്കുന്നവർക്കു് ഒരു സമസ്യയായിത്തന്നെ നിൽക്കുന്നു. 

## ഭീഷ്മരും കർണ്ണനും രണ്ടു തവണ പരസ്പരം വാൿപോരു നടത്തുന്നുണ്ടു്. കൃഷ്ണനും കുന്തിയും കർണ്ണനെ കണ്ടതിനു ശേഷമാണു രണ്ടു സംഭവങ്ങളും . ആദ്യസംവാദത്തിൽ, ഭീഷ്മർ ശാന്തനായിട്ടേ ഞാൻ ആയുധമെടുക്കൂ എന്നു പറഞ്ഞു കർണ്ണൻ ചർച്ചയിൽ നിന്നു് ഇറങ്ങിപ്പോകുന്നുണ്ടു്. അപ്പോൾ കർണ്ണൻ ഭീഷ്മരെ നിന്ദിച്ചില്ല. 

രണ്ടാമത്തെ തവണ ഭീഷ്മർ കർണ്ണനെ സൂര്യപുത്രൻ എന്നു വിശേഷിപ്പിയ്ക്കുന്നുണ്ടു്. എന്നാൽ, അർദ്ധരഥി എന്ന നിന്ദാവാക്കും പ്രയോഗിച്ചു. പടയാളികളെ നയിയ്ക്കുന്നതു രഥി, അതിരഥി, മഹാരഥി എന്നീ മൂന്നു കൂട്ടരാണു്, അതിൽ ഏറ്റവും താഴെയുളള  രഥി പോലുമാകാൻ യോഗ്യത കർണ്ണനില്ല. അതിന്റെ പകുതി കഴിവേ കർണ്ണനുള്ളൂ. അർദ്ധരഥി. യുദ്ധത്തിൽ കൂട്ടാൻ യോഗ്യനല്ല എന്നു സാരം. ഇങ്ങനെ ഭീഷ്മർ പറഞ്ഞു താഴ്ത്തിയപ്പോൾ, കർണ്ണൻ വിട്ടുകൊടുക്കുന്നില്ല. പടുകിഴവനായി, പിള്ളേരെപ്പോലെയായി എന്നു പരിഹസിയ്ക്കുന്നുണ്ടു്. ഭീഷ്മരെ യുദ്ധത്തിനു കൊള്ളുകയില്ല എന്നർത്ഥം. എന്നു മാത്രമല്ല. ഭീഷ്മർ വീണതിനു ശേഷമേ പടക്കളത്തിലിറങ്ങൂ എന്നൊരു ശപഥവുമെടുക്കുന്നു. ഇതു കർണ്ണന്റെ  മൂന്നാം ശപഥമായിരുന്നു. കുരുക്ഷേത്രയുദ്ധത്തിൽ പത്താം ദിവസം ഭീഷ്മർ വീണു. പതിനൊന്നാം ദിവസമാണു കർണ്ണന്റെ  കുരുക്ഷേത്രപ്രവേശം. അന്നു ദ്രോണാചാര്യരായിരുന്നു കൗരവപ്പടനായകൻ. 

## കർണ്ണൻ ശ്രീകൃഷ്ണനോടു് ഇങ്ങനെ പറയുന്നുണ്ടു്:
 
ഭാര്യാശ്ചോഢാ മമ പ്രാപ്തേ യൗവനേ തത്പരിഗ്രാഹാത്
താസു പുത്രാശ്ച പൗത്രാശ്ച മമ ജാതാ, ജനാർദ്ദൻ!
(മഹാഭാരതം, മൂലം)
 
അർത്ഥം:
അവന്നിണങ്ങിൽനിന്നിട്ടു ഞാൻ വേട്ടേൻ ഭാര്യമാരെയും
അവരിൽപ്പുത്രപൗത്രന്മാരെനിയ്ക്കുണ്ടായ്, ജനാർദ്ദന!
-കുഞ്ഞിക്കുട്ടൻ തമ്പുരാൻ

(ഇണങ്ങു് = സ്വജാതി, ഉഢാ = കൈക്കൊണ്ടവൾ> വിവാഹസൂചകമായി പ്രയോഗിയ്ക്കുന്നതു്)

എന്നെ മകനെപ്പോലെ വളർത്തിയ അധിരഥന്റെ ജാതിയിൽ നിന്നുതന്നെ വധുക്കളെ വേട്ടു. 

കഥകളിൽ പല ഭാര്യമാരും മക്കളും കുറെ പേരക്കുട്ടികളും കർണ്ണനുണ്ടു്. നല്ല പ്രായമുണ്ടെന്നർത്ഥം. വൃഷളി, സുപ്രിയ എന്ന രണ്ടു പത്നിമാർ മഹാഭാരതത്തിലുണ്ടു്. യുദ്ധത്തിൽ കൊല്ലപ്പെടുന്ന വൃഷസേനൻ, യുദ്ധം കഴിഞ്ഞു്  അർജ്ജുനൻ വളർത്തുന്ന വൃഷകേതു, ചക്രവ്യൂഹത്തിൽ അഭിമന്യുവിനെ ആദ്യം പരിക്കേൽപ്പിയ്ക്കുന്ന അജ്ഞാതനാമാവായ മറ്റൊരു പുത്രൻ -  ഇങ്ങനെ മൂന്നു പേരും ഏഴു മക്കൾ വേറെയും, ആകെ പത്തു് ആൺമക്കൾ, മഹാഭാരതത്തിലെ പരാമർശത്തിലുണ്ടു്. വൃഷകേതു ഒഴികെയുള്ളവരെ അഭിമന്യു വധിച്ചു. 

യുദ്ധം തുടങ്ങുമ്പോൾ യുധിഷ്ഠിരനു തൊണ്ണൂറും കർണ്ണനു നൂറ്റിയാറോളവും വയസ്സെന്നു ചിലർ കുത്തിയിരുന്നു കണക്കാക്കിയിട്ടുണ്ടു്. യുധിഷ്ഠിരനു് എഴുപതു് എന്നു മറ്റൊരു കണക്കു്. 

മക്കളും കൊച്ചുമക്കളുമുള്ള കർണ്ണനു് എഴുപതിലേറെ പ്രായമായിരുന്നു കുന്തി കാണുമ്പോൾ എന്നതു സത്യമാവണം. അക്കാലത്തു യൗവ്വനം ഏതാണ്ടു് എഴുപത്തിനാലു വയസ്സുവരെയായിരുന്നു (കാലഗണനപ്പട്ടിക-ശ്രീമദ്ഭാഗവതം-എഴുത്തച്ഛൻ). ഇതു സ്വീകരിച്ചാൽ, യുധിഷ്ഠിരനു് എഴുപതു വയസ്സ്  എന്ന വാദം ശരിയാവാം. കർണ്ണനു് അല്പം കൂടി പ്രായം കാണും എന്നു ധരിച്ചാൽ മതി.  

കണക്കുകൂട്ടൽ എന്തായാലും ഏറ്റവും കുറഞ്ഞതു് എഴുപതിലേറെ വർഷങ്ങൾ മറഞ്ഞിരുന്ന അമ്മയാണു് ഇപ്പോൾ അഞ്ചു മക്കൾക്കു വേണ്ടി അവരുടെ ജ്യേഷ്ഠന്റെ  മുന്നിലെത്തിയതു്! സ്വന്തം അമ്മ കൈവിട്ടതു കാരണം, അനുഭവിയ്ക്കേണ്ടതായ എല്ലാ സൗഭാഗ്യങ്ങളും എനിയ്ക്കു നഷ്ടപ്പെട്ടില്ലേ എന്നു കർണ്ണൻ കുന്തിയോടു ചോദിയ്ക്കുന്നുണ്ടു്. മാതൃത്വം വെളിപ്പെടുത്താൻ പല അവസരങ്ങൾ കിട്ടിയപ്പോഴും കുന്തി മിണ്ടാതെയിരുന്നു. 

രക്തബന്ധത്തിനെ ഊട്ടിയുറപ്പിയ്ക്കുന്നതു പരസ്പരമുള്ള ഇടപഴകലാണു്. അതാണു ബന്ധത്തിന്റെ ആണിക്കല്ലു്. കർണ്ണനെയും കുന്തിയെയും മാനസികമായി അകറ്റിയതും അതിന്റെ ഇല്ലായ്മയാണു്.

## ഭൂഭാരം കുറയ്ക്കാനായി അവതരിച്ച ഭഗവാൻ ശ്രീകൃഷ്ണന്റെ  വധ്യരുടെ പട്ടികയിൽ കർണ്ണൻ എങ്ങനെ കടന്നുകൂടി? മഹാഭാരതത്തിൽ ഇല്ലാത്ത ഒരു പ്രാദേശികകഥയിൽ അതു പറഞ്ഞിട്ടുണ്ടു്. 

കർണ്ണനുമായി പൂർണ്ണമായി ബന്ധപ്പെടുത്താവുന്ന ഒരെണ്ണമാണു താഴെ പറയുന്നതു്:

കഥയുടെ തുടക്കം ത്രേതായുഗത്തിലാണു്.

ദംഭോൽഭവൻ എന്നൊരു മഹാസുരനായ രാജാവു ത്രേതായുഗത്തിലുണ്ടായിരുന്നു. ഈ അസുരന്റെ  ഉല്പത്തിയെപ്പറ്റി സൂചനകൾ എങ്ങുമില്ല. ദംഭൻ എന്നു വച്ചാൽ അഹങ്കാരി, പൊങ്ങച്ചക്കാരൻ എന്നാണർത്ഥം. ശിവൻ എന്നും അർത്ഥമുണ്ടു്. ശിവനിൽ നിന്നു പിറവിയെടുത്തു എന്ന മട്ടിലുള്ള കഥകളൊന്നും ഒരു പുരാണഗ്രന്ഥങ്ങളിലുമില്ല.

ദംഭോൽഭവൻ സൂര്യദേവനെ തപസ്സു ചെയ്തു. സൂര്യദേവൻ പ്രത്യക്ഷപ്പെട്ടപ്പോൾ അയാൾ ആവശ്യപ്പെട്ടതു മരണമില്ലാത്ത അവസ്ഥയാണു്.  അമൃതത്വം. സൂര്യദേവൻ അതു നിഷേധിച്ചു. പ്രപഞ്ചനിയമങ്ങൾ തെറ്റിയ്ക്കരുതല്ലോ.  മറ്റൊരു വരം ആവശ്യപ്പെടാം എന്നു പറഞ്ഞു. അതിബുദ്ധിമാനായ അസുരൻ ഒരു വിചിത്രമായ വരം ആവശ്യപ്പെട്ടു: എനിയ്ക്കു് ആയിരം കവചങ്ങൾ (മാർച്ചട്ടകൾ) വേണം. അതു മുറിച്ചു നീക്കുന്നവൻ എന്നെ വധിച്ചോട്ടെ. ആയിരം വർഷം തപസ്സു ചെയ്തു് ആയിരം വർഷം എന്നോടു യുദ്ധം ചെയ്യുന്നവനു മാത്രമേ ഒരു കവചം മുറിയ്ക്കുവാൻ കഴിവുണ്ടാകൂ. അതു മുറിയ്ക്കുന്ന ആൾ അപ്പോൾ മരിച്ചു വീഴുകയും വേണം. 

സൂര്യൻ ദേവൻ ആ വരം നൽകി. 

ദംഭോൽഭവന്റെ  ഓരോ കവചവും മുറിയ്ക്കുവാൻ രണ്ടായിരം വർഷം വീതം വേണം. അതിനു തന്നെ ആയിരം പേരു വേണം. കാരണം, ഓരോ കവചവും മുറിയ്ക്കുന്നവർ മരിച്ചു വീഴുമല്ലോ. 

ആയിരം കവചം ധരിച്ച ദംഭോൽഭവൻ അപ്പോൾ മുതൽ സഹസ്രകവചൻ എന്നും അറിയപ്പെട്ടു. വരംകൊണ്ടു മത്തനായ അവൻ ദുഷ്കർമ്മങ്ങൾ പലതും ചെയ്യാൻ തുടങ്ങി. സൂര്യദേവൻ ദംഭോൽഭവന്റെ  ദുഷ്കർമ്മങ്ങൾ കണ്ടു പശ്ചാത്തപിയ്ക്കുകയും മഹാവിഷ്ണു പരിഹാരം കണ്ടെത്തുമെന്നു പറഞ്ഞു സാന്ത്വനപ്പെടുത്തുകയും ചെയ്തു. 

ആദ്യയുഗമായ സത്യയുഗത്തിൽ ഹിരണ്യകശിപുവധം കഴിഞ്ഞു്, നരസിംഹമൂർത്തിയുടെ ശരീരത്തിൽ നിന്നു വിഷ്ണുചൈതന്യമായ നരൻ, നരായണൻ എന്നീ രണ്ടു ഋഷികൾ ജന്മമെടുത്തിരുന്നു. ഇതു ശിവന്റെ  ഇടപെടലിൽ ആണു് എന്നൊരു കഥയുണ്ടു്.  ദക്ഷപുത്രിയായ മൂർത്തിയുടെയും ധർമ്മപ്രജാപതിയുടെയും പുത്രന്മാരായിട്ടായിരുന്നു അവരുടെ ജനനം. നരസിംഹദേവന്റെ  തല നാരായണനും ശരീരം നരനുമായി എന്നു കഥ. രണ്ടു ശരീരം, ഒറ്റ ആത്മാവു് ഇതാണു നരനാരായണന്മാർ. നാരായണൻ പൂർണ്ണവിഷ്ണുചൈതന്യം. നരൻ ഭാഗികവിഷ്ണുചൈതന്യം. ഒരാൾ നിനയ്ക്കുന്നതു മറ്റെയാൾ ചെയ്യും. ഒരാൾ എന്തു ചെയ്താലും അതിന്റെ  ഗുണം രണ്ടുപേർക്കും ലഭിയ്ക്കും. 

നരനാരായണന്മാർ സഹസ്രകവചനെ ഇല്ലാതാക്കാൻ തീരുമാനിച്ചു. 

സൂര്യദേവന്റെ  വരത്തെപ്പറ്റി അറിയാവുന്ന അവർ ദംഭോൽഭവനെ വധിയ്ക്കാൻ ഒരു കുറുക്കുവഴി കണ്ടുപിടിച്ചു. നാരായണൻ ആയിരമാണ്ടു തപസ്സു ചെയ്യുക. നരൻ അസുരനുമായി ആയിരമാണ്ടു പോരാടുക. രണ്ടുപേരും മാറി മാറി തപസ്സും യുദ്ധവും ചെയ്തുവെന്നും പറയപ്പെടുന്നു.

പോരിനെത്തിയ നരമഹർഷിയെ, ഇവനാരു്, അജയ്യനായ എന്നെ തോല്പിയ്ക്കാൻ എത്തിയിരിയ്ക്കുന്നോ എന്നോർത്തു ദംഭോൽഭവൻ പുച്ഛിച്ചു. ആയിരമാണ്ടു കഴിഞ്ഞപ്പോൾ നാരായണമഹർഷിയുടെ തപസ്സു കഴിഞ്ഞു. ആയിരം വർഷം തപം ചെയ്ത ഗുണം നരനു കിട്ടി. ആ സമയത്തു നരമഹർഷി ദംഭോൽഭവന്റെ  ഒരു മാർച്ചട്ട മുറിച്ചു. ഉടൻ നരമഹർഷി മരിച്ചു വീണു. പാഞ്ഞെത്തിയ നാരായണമഹർഷി മൃത്യുഞ്ജയമന്ത്രം ചൊല്ലി നരനെ പുനരുജ്ജിവിപ്പിച്ചു. 

വീണ്ടും ആയിരമാണ്ടു നീളുന്ന നാരായണമഹർഷിയുടെ തപസ്സു്. നരൻ ആയിരമാണ്ടു നീളുന്ന പോരു നടത്തി. ഒടുവിൽ അസുരന്റെ  ഒരു ചട്ട കൂടി മുറിച്ചു. നരന്റെ  മരണവും ഉയിർത്തേഴുന്നേൽപ്പും ആവർത്തിയ്ക്കപ്പെട്ടു. രണ്ടു കൂട്ടരും പോരു നിർത്താൻ തയ്യാറായില്ല. ഒടുവിൽ ദംഭോൽഭവന്റെ തൊള്ളായിരത്തിത്തൊണ്ണൂറ്റി-യൊൻപതു കവചവും മുറിയ്ക്കപ്പെട്ടു. 

വീണ്ടും എഴുന്നേറ്റു വന്ന നരനെയും കൂടെ നാരായണനെയും കണ്ടപ്പോൾ ഭയന്ന അസുരൻ അവശേഷിയ്ക്കുന്ന ഒരു കവചത്തോടെ ഓട്ടം തുടങ്ങി. ഒടുവിൽ സൂര്യദേവനെത്തന്നെ ശരണം പ്രാപിച്ചു. നരനാരായണന്മാർ പിറകെ എത്തി. അസുരനെ വിട്ടുതരാൻ സൂര്യനോടു് ആവശ്യപ്പെട്ടു. അഭയം പ്രാപിച്ചവനെ കൈവിടില്ല എന്നായി സൂര്യൻ. നരനാരായണന്മാർ നിരാശരായി. 

അപ്പോൾ ത്രേതായുഗം അവസാനിയ്ക്കുകയായിരുന്നു. 

നരനാരായണന്മാരുടെ ത്രേതായുഗകർമ്മങ്ങൾ അവസാനിച്ചു. ദ്വാപരയുഗത്തിൽ മനുഷ്യജന്മമെടുക്കാൻ അവർ സൂര്യനെ ശപിച്ചു. ദ്വാപരയുഗത്തിൽ മനുഷ്യജന്മമെടുക്കാനും അപ്പോൾ ത്രേതായുഗത്തിലെ പാപഫലം അനുഭവിയ്ക്കാനും അവർ സഹസ്രകവചനെയും ശപിച്ചു. ദ്വാപരയുഗത്തിൽ നരമഹർഷിയാൽത്തന്നെ കൊല്ലപ്പെടുകയും ചെയ്യും എന്നു തീർപ്പും കൽപിച്ചു. 

ബാക്കി വന്ന ഒരു കവചത്തോടെതന്നെ അസുരൻ ദ്വാപരയുഗത്തിൽ സൂര്യപുത്രനായി കുന്തീദേവിയിൽ ജന്മമെടുത്തു. സുര്യചൈതന്യവും ആ കുട്ടിയിൽ എത്തി. സൂര്യന്റെ  ദിവ്യമായ കർണ്ണകുണ്ഡലവും കുട്ടിയ്ക്കുണ്ടായിരുന്നു. കവചവും കുണ്ഡലവും ഉള്ള കാലത്തോളം കർണ്ണൻ അജയ്യനായിരിയ്ക്കുമെന്നു സൂര്യൻ കുന്തിയ്ക്കു വാക്കു കൊടുത്തിരുന്നു. 

സഹസ്രകവചൻ എന്ന അസുരനായ ആ ബാലനാണു കർണ്ണൻ എന്ന പേരിൽ പ്രസിദ്ധനായതു്. കർണ്ണൻ ജനിച്ചതിനു ശേഷം നാരായണൻ ശ്രീകൃഷ്ണനായും നരൻ അർജ്ജുനനായും ജന്മമെടുത്തു. 

സുര്യന്റെ  സാത്വികതയോടെയും അസുരന്റെ  തമോഗുണത്തോടും കൂടി കർണ്ണൻ ജീവിച്ചു. (ഭീഷ്മരുടെ അവലോകനം ഇങ്ങനെയല്ല). ത്രേതായുഗത്തിലെ ദുഷ്കർമ്മങ്ങൾ കാരണം കർണ്ണൻ ജീവിച്ചിരിയ്ക്കുമ്പോൾത്തന്നെ ഏറെ നിന്ദിതനായി മനോദുഃഖം അനുഭവിച്ചു. മനസ്സിൽ ആസുരസ്വഭാവമായ, സ്ഥായിയായ പക മുളച്ചു വളർന്നു. മുജ്ജന്മജീവിതത്തിലെ പക അർജ്ജുനനോടായി. കർണ്ണവധം നരമഹർഷിയുടെ ലക്ഷ്യമാണല്ലോ. ജീവിതം നിറയെ കെടുതികൾ. ധർമ്മബോധം നഷ്ടപ്പെട്ട കൗരവർക്കായി ജീവിച്ചു പല അധർമ്മങ്ങളും പറഞ്ഞു, ചെയ്തു. സൂര്യജപം ചെയ്യുമ്പോൾ/ചെയ്തു കഴിഞ്ഞാൽ ഏതു ബ്രാഹ്മണനും എന്തും കർണ്ണനോടു ചോദിയ്ക്കാം. കർണ്ണൻ അതു കൊടുക്കും. കുണ്ഡലവും കവചവും ബ്രാഹ്മണരൂപത്തിൽ വന്ന ഇന്ദ്രൻ ഉപായത്തിൽ വാങ്ങി. രണ്ടും ദേഹത്തോടു ചേർന്നു് ഉണ്ടായിരുന്നവയാണു്. കവചം ചീന്തിയെടുത്തു. ചെവി കുണ്ഡലത്തോടെ മുറിച്ചെടുത്തു. അപ്പോൾത്തന്നെ ഇന്ദ്രാനുഗ്രഹത്താൽ ശരീരത്തിലെ പരിക്കുകൾ മാറി. മുറിവുകൾ അപ്രത്യക്ഷമായി. ശരീരം പഴയ പടിയായി. പകരം ഒറ്റത്തവണ ഉപയോഗിയ്ക്കാവുന്ന വേൽ നൽകി. അതു ഘടോൽക്കചനിൽ പ്രയോഗിയ്ക്കേണ്ടി വന്നതിനാൽ കർണ്ണൻ മൃത്യുവിനു് അധീനനായി. ചെവി മുറിച്ചെടുത്തു നൽകിയതിനു ശേഷമാണു കർണ്ണൻ എന്ന പേരു കിട്ടിയതത്രെ. കർണ്ണൻ എന്നു പേരിനു കാരണം പറയുന്ന ശ്ലോകം മഹഭാരതത്തിൽ കണ്ടെത്താനായില്ല. കുണ്ഡലധാരിയായതിനാൽ കർണ്ണൻ എന്നു വിളിച്ചു എന്നതു് ഊഹം മാത്രമാണു്.

എന്നാൽ വൈകർത്തനൻ എന്നു മഹാഭാരതത്തിൽ കൊടുത്തിട്ടുണ്ടു്. 

പ്ര്രാങ്നാമ തസ്യ കഥിതം വസുഷേണ ഇതി ക്ഷിതൗ
കർണ്ണോ വൈകർത്തനശ്ചൈവ കർമണാ തേന സോ
ƒഭവത്

(സംഭവപർവ്വം) 

(കർത്തനം = മുറിയ്ക്കൽ) 

സാരം: മുമ്പു ലോകത്തിൽ വസുഷേണൻ എന്നറിയപ്പെട്ടു. ഈ കർമ്മത്തോടെ (ഇന്ദ്രനു നൽകിയ ദാനത്തോടെ) വൈകർത്തനൻ എന്നും.

വികർത്തനൻ സൂര്യനായതിനാൽ വൈകർത്തനൻ എന്നതിനു സൂര്യപുത്രൻ എന്നർത്ഥം. ഇതു കൂടുതൽ യുക്തിസഹമെന്നു ചില വ്യാഖ്യാതാക്കൾ എഴുതിയിട്ടുണ്ടു്. 

ഒടുവിൽ, ത്രേതായുഗത്തിൽ തീരുമാനിയ്ക്കപ്പെട്ടതുപോലെ,  നരമഹർഷിയുടെ അവതാരമായ അർജ്ജുനൻ ഒരു ദയയും കാട്ടാതെ കർണ്ണനെ വധിച്ചുവല്ലോ.

ദാനശീലൻ എന്നു പേരു നേടിയെങ്കിലും മൊത്തത്തിൽ അധർമ്മത്തിനായിരുന്നു ജീവിതത്തിൽ മുൻതൂക്കം.

നരനാരായണമഹർഷിമാരുടെ രണ്ടു ശാപവും നടപ്പാക്കപ്പെട്ടു.

കർണ്ണൻ ശ്രീകൃഷ്ണനെ വളരെ ആദരിച്ചിരുന്നു. കൃഷ്ണവിദ്വേഷി എന്നു വിളിയ്ക്കുന്നതു് അബദ്ധമാണു്. തോൽക്കുമെന്നും കൊല്ലപ്പെടുമെന്നും കർണ്ണനു് അറിയാമായിരുന്നു. കൃഷ്ണസമാഗമത്തിൽ അതു കർണ്ണൻ തുറന്നുപറയുന്നുണ്ടു്. 

## മഹാഭാരതത്തിലെ സൂര്യകുന്തീസമാഗമത്തിൽ, അല്പം വിടത്വം സൂര്യനിൽ കാണാം. കർണ്ണൻ, ഒരു ശാപമോക്ഷത്തിനായി ജനിയ്ക്കേണ്ട സൂര്യാംശവും അസുരാംശവുമാണു്. അതു കുന്തിയിലൂടെത്തന്നെ ആവണം എന്നു വിധി. വേദിയായി കുരുക്ഷേത്രവും. അസുരനെ നരമഹർഷിക്കെതിരെ നിർത്താൻ അതാണു് ഏറ്റവും നല്ല പദ്ധതി. സൂര്യൻ നിർബ്ബന്ധബുദ്ധിയോടെയാണു് എത്തുന്നതു്. വിടത്വം സൂര്യന്റെ പെരുമാറ്റത്തിലുണ്ടു്. എന്നാൽ ശാപം നടപ്പാക്കേണ്ട ജോലി സൂര്യനുണ്ടു്. ഇതരദേവകൾക്കുമുണ്ടു്. അവർ സമാഗമം ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു. 

സഹസ്രകവചന്റെ  ജന്മത്തെപ്പറ്റി വേറെയും കഥകളുണ്ടു്. പത്മപുരാണത്തിൽ, ബ്രഹ്മാവിന്റെ  വിയർപ്പുതുള്ളിയിൽനിന്നു ജനിച്ച ഒരു സഹസ്രകവചനുണ്ടു്. ആയിരം കവചങ്ങളും വില്ലും കർണ്ണകുണ്ഡലങ്ങളുമായി. ഇതിലും ദ്വാപരയുഗത്തിലേയ്ക്കു കഥ നീളുന്നു. 

മഹാഭാരതത്തിൽ പരശുരാമൻ പറയുന്ന കഥയിലെ ദംഭോൽഭവൻ അസുരനല്ല, മനുഷ്യരാജാവാണു്. 

പണ്ടുണ്ടായീ സാർവ്വഭൗമൻ ദംഭോൽഭവനരാധിപൻ
ഭുജിചു മുറ്റുമേ ഭൂമിയെല്ലാമെന്നുണ്ടു കേൾപ്പൂ നാം
- കുഞ്ഞിക്കുട്ടൻ തമ്പുരാൻ, ഉദ്യോഗപർവ്വം, ഭഗവൽയാനപർവ്വം
 

നരാധിപൻ എന്നു പറഞ്ഞിരിയ്ക്കുന്നു. അസുരനല്ല. 

നരമഹർഷി പുല്ലു് അസ്ത്രമാക്കിയാണു് രാജാവിനെ തോൽപ്പിച്ചതു്. വല്ലഭനു പുല്ലുമായുധം. ദംഭോൽഭവൻ യുദ്ധത്തിൽ നിന്നു പിൻവാങ്ങി നല്ലവനായി ജീവിച്ചു. 

ശ്രീമദ്ഭാഗവതത്തിലെ ദംഭോൽഭവനെ നരൻ വധിയ്ക്കുന്നു. അതു നാരായണീയത്തിലും കാണാം (ദശകം 16). ഈ രണ്ടു് അസുരന്മാർക്കും പുനർജ്ജന്മമില്ല. കർണ്ണനുമായി ബന്ധവുമില്ല. 

ദംഭോൽഭവനും സഹസ്രകവചനും ഒന്നോ വെവ്വേറെയോ എന്ന സംശയം ജനിപ്പിയ്ക്കുന്നു ഈ കഥകൾ. 

മാധവാചാര്യരുടെ മഹാഭാരതതാത്പര്യനിർണ്ണയത്തിൽ രാമായണത്തിലെ ബാലിയാണു കർണ്ണനായി ജനിയ്ക്കുന്നതു്. ദംഭോൽഭവനും അതിൽ പരാമർശിയ്ക്കപ്പെടുന്നുണ്ടു്. ഇതൊരു ബലഹീനമായ കാരണകഥയാണു്. 

അതിഭാവുകത്വം ഉണ്ടെങ്കിലും കർണ്ണന്റെ  സ്വഭാവത്തിനു് ഒരു നീതീകരണമായി ദംഭോൽഭവകഥ ഉപയോഗിയ്ക്കാം. അർജ്ജുനനാൽത്തന്നെ കൊല്ലപ്പെടണം എന്നതും അതിന്റെ  ഭാഗമാണു്. 

## മഹാഭാരതത്തിൽ എത്താതെ പോയ ഒരു ഉത്തരേന്ത്യൻ പ്രാദേശികകഥയിൽ, ഹനൂമാൻ സ്വാമി കർണ്ണനെ വധിയ്ക്കാൻ ചാടിയിറങ്ങുന്നുണ്ടു്. മഹാഭാരതയുദ്ധസമയത്തു് അർജ്ജുനന്റെ കൊടിക്കൂറയിലായിരുന്നല്ലോ അദൃശ്യനായി രഥം കാത്ത സ്വാമിയുടെ ഇരുപ്പു്. 

യുദ്ധമദ്ധ്യേ കർണ്ണന്റെ അസ്ത്രവൈഭവത്തിൽ അർജ്ജുനനു മുറിവേറ്റു. ശ്രീകൃഷ്ണനെയും ലാക്കാക്കി കർണ്ണന്റെ അമ്പുകളെത്തുകയും ഭഗവാന്റെ മാർച്ചട്ട മുറിയ്ക്കപ്പെടുകയും ചെയ്തു. 

ഹനൂമാൻ സ്വാമിയ്ക്കു് അതു സഹിയ്ക്കാനായില്ല. കർണ്ണവധം താൻ ചെയ്യേണ്ടതല്ല എന്നു സ്വാമിയ്ക്കറിയാം. എന്നാലും അമ്പേൽക്കുന്നതു നരനാരായണന്മാർക്കല്ലേ? 

സ്വാമി സ്വരൂപമെടുത്തു കൊടിമരത്തിൽനിന്നു പറന്നിറങ്ങി. ദിഗന്തം നടുങ്ങുമാറു് അലറിക്കൊണ്ടു കർണ്ണന്റെ രഥത്തിനു നേരെ നടന്നു നീങ്ങി. അലർച്ച കേട്ടും ജ്വലിച്ചുനിൽക്കുന്ന ഹനുമൽചൈതന്യത്തെ നോക്കാനാവാതെയും, ഇരുപക്ഷത്തുമുള്ള വീരന്മാരും അണികളും ഓടിമറഞ്ഞു.

തീ പാറുന്ന കാണ്ണുകളോടെ സ്വാമി കർണ്ണനെ നോക്കി.

കർണ്ണനും തേരാളിയായ ശല്യരും ഭയന്നു വിറച്ചു. 

തങ്ങളുടെ നേരെ വരുന്നതു സാക്ഷാൽ വായുപുത്രൻ തന്നെയെന്നു കർണ്ണനു മനസ്സിലായി. പ്രപഞ്ചത്തെ മുഴുവൻ തന്റെ മുഷ്ടിയിലാക്കാൻ കെല്പുള്ള ശിവാംശമായ രാമദൂതൻ!

സദാ രാമനാമമുരുവിട്ടു്, ശ്രീരാമചൈതന്യമാകെ മനസ്സിൽ ആവാഹിച്ചെടുത്ത വായുപുത്രൻ! സർവ്വദേവശക്തികളും നിറഞ്ഞുനിൽക്കുന്ന വായുപുത്രൻ! ആ ദേവൻ സംഹാരമൂർത്തിയായി ഒരുമ്പെട്ടിറങ്ങിയാൽ മുപ്പത്തിമുക്കോടി ദേവകൾക്കു മാത്രമല്ല, ത്രിമൂർത്തികൾക്കു പോലും തടയാനാവില്ല. 

വിറപൂണ്ട ശരീരത്തോടെ കർണ്ണൻ നേരെ ചെന്നു ഹനൂമാൻ സ്വാമിയെ സാഷ്ടാങ്ഗം നമസ്കരിച്ചു. ഹനൂമൽദർശനത്തിനു സൗഭാഗ്യമുണ്ടായതിൽ സ്തുതിച്ചു.
ഭാഗ്യമുണ്ടെങ്കിൽ സ്വാമിയുടെ കയ്യാൽ മരിയ്ക്കാം എന്നു കരുതി വണങ്ങി നിന്നു.
ഹനൂമാൻ സ്വാമി ക്രോധത്താൽ അഗ്നിസമനായി. കർണ്ണനിൽ കണ്ണുകൾ കേന്ദ്രീകരിച്ചു.

അസഹ്യമായ താപപ്രവാഹം പരക്കാൻ തുടങ്ങി.

തിരക്കഥ തെറ്റാൻ പോകുന്നു എന്നു ഭഗവാൻ ശ്രീകൃഷ്ണനു മനസ്സിലായി. ആ ശക്തി മുഴുവൻ താൻ തന്നെയാണല്ലോ. അർജ്ജുനൻ രഥത്തിൽ മരവിച്ചിരിയ്ക്കുന്നു.ഹനൂമാന്റെ മുഖത്തുനിന്നു് ഇനി അഗ്നിനാളങ്ങൾ വമിയ്ക്കും. വൈകിയാൽ കർണ്ണനും ശല്യരും അവരുടെ രഥവും ചാമ്പൽ! 

തന്റെ രഥത്തിൽ നിന്നു ചാടിയിറങ്ങിയ ഭഗവാൻ ആ കോപമൂർത്തിയുടെ അടുത്തേയ്ക്കു പാഞ്ഞുചേന്നു. ദേവനെ പിന്നോട്ടു വലിച്ചു് ആ ചെവിയിൽ മന്ത്രിച്ചു:
അരുതു്! വായുപുത്രാ! അടങ്ങൂ! അങ്ങയുടെ നേത്രാഗ്നിയിൽ കർണ്ണൻ എരിഞ്ഞമരാൻ പോകുന്നു. ശാന്തനാവൂ. അങ്ങേയ്ക്കറിയാമല്ലോ നരമഹർഷിയായ അർജ്ജുനനാണു് ഈ കർമ്മം ചെയ്യേണ്ടതെന്നു്. അങ്ങയുടെ സാന്നിദ്ധ്യമുള്ള രഥത്തിൽ ഞങ്ങൾ രണ്ടും സുരക്ഷിതരല്ലേ? ബ്രഹ്മാസ്ത്രത്തിനുപോലും ആ രഥത്തെ നശിപ്പിയ്ക്കാനാവില്ല. ശാന്തനാവൂ. ഈ കൃത്യം അർജ്ജുനനു വിട്ടുകൊടുക്കാം.
 

ശ്രീകൃഷ്ണന്റെ നിരന്തരമായ ഉപദേശങ്ങൾ കേട്ടു ശാന്തനായ ഹനൂമാൻ സ്വാമി പിന്തിരിഞ്ഞു നടന്നു. പെട്ടെന്നു മറഞ്ഞു് അർജ്ജുനരഥത്തിന്റെ ധ്വജപതാകയിൽ ലയിച്ചു. 

ദക്ഷിണേന്ത്യയിൽ പ്രചരിയ്ക്കാത്തതിനാലാവാം ഈ കഥ ഒരു കഥകളിയിലും എത്തിയില്ല. ഹനൂമാൻ സ്വാമിയുടെ കഥകൾ രാമായണം, മഹാഭാരതം ഇവയിൽ നിന്നെടുത്തു് ഒരു നല്ല ഹനൂമൽചരിതം ചമയ്ക്കാം. 

## ശരശയ്യയിലായ ഭീഷ്മരെ കർണ്ണൻ വന്നു വന്ദിച്ചു മാപ്പു ചോദിയ്ക്കുന്നു. എല്ലാ രഹസ്യങ്ങളും വ്യാസനിൽ നിന്നും നാരദരിൽ നിന്നും അറിഞ്ഞ ഭീഷ്മർ കർണ്ണനോടു പാണ്ഡവർക്കൊപ്പം നിൽക്കാൻ പറയുന്നു. മൈത്രീധർമ്മത്തിനു വിരുദ്ധമാണതെന്നു കർണ്ണൻ പറയുന്നു. ഭീഷ്മർ കർണ്ണനെ അനുഗ്രഹിച്ചു വിടുന്നു. കർണ്ണനെ യുദ്ധത്തിൽ നിന്നു് അകറ്റാനായിരുന്നു ഭീഷ്മരുടെ ലക്ഷ്യം. അപമാനതന്ത്രം വരെ പ്രയോഗിച്ചിട്ടും അതു സാധിച്ചില്ല. കർണ്ണനെ ധർമ്മിഷ്ഠനായാണു പിതാമഹൻ കണ്ടതു്. കൂറുമാറിയാൽ രാജാവുവരെ ആകും എന്നു ശ്രീകൃഷ്ണൻ പറഞ്ഞപ്പോൾ കർണ്ണൻ പറഞ്ഞു: ഞാൻ ജ്യേഷ്ഠനാണെന്നറിഞ്ഞാൽ ധർമ്മിഷ്ഠനായ എന്റെ അനുജൻ  പിന്നെ രാജ്യം കൈയേൽക്കുകയില്ല. ആ രാജ്യം എനിയ്ക്കു കിട്ടിയാൽ ഞാനതു ദുര്യോധനനു നൽകും. കർണ്ണന്റെ കടപ്പാടു് അത്ര ശക്തമാണു്. ദുര്യോധനന്റെ അധർമ്മത്തിനു ധർമ്മിയായ കർണ്ണൻ കൂട്ടുനിന്നതു ശരിയായില്ല എന്നും സഹോദരങ്ങൾക്കെതിരെ യുദ്ധം പാടില്ല എന്നും ഭീഷ്മർ കരുതിയിരുന്നു. കർണ്ണനെ പിന്തിരിപ്പിയ്ക്കാൻ അവസാനനിമിഷവും ഭീഷ്മർക്കു കഴിഞ്ഞില്ല. പതിനേഴാം ദിവസം കർണ്ണനെ (ദംഭോൽഭവനെ) അർജ്ജുനൻ (നരമഹർഷി) വധിയ്ക്കുന്നു. 

ശാപങ്ങളും വധത്തിനു പ്രേരകമായി.

ഭൃഗുവംശജബ്രാഹ്മണൻ എന്ന നാട്യത്തിൽ പരശുരാമനിൽ നിന്നു ബ്രഹ്മാസ്ത്രമുൾപ്പടെ പഠിച്ചെടുത്തിരുന്നു. അതു മനസ്സിലാക്കിയപ്പോൾ പരശുരാമൻ ശപിച്ചു:- അന്ത്യകാലത്തു നിനക്കൊത്ത ശത്രുവിനോടു് എതിരിടുമ്പോൾ നീ ബ്രഹ്മാസ്ത്രവിദ്യ മറക്കും.

പണ്ടു കർണ്ണൻ അബദ്ധത്തിൽ ഒരു പശുവിനെ കൊന്നപ്പോൾ, മാപ്പു ചോദിച്ചെങ്കിലും, പശുവിന്റെ ഉടമയായ ബ്രാഹ്മണൻ ഇങ്ങനെ ശപിച്ചിരുന്നു:- നിന്റെ മനസ്സിലെ മുഖ്യശത്രുവിനോടു് എതിരിടുമ്പോൾ നിന്റെ രഥചക്രം മണ്ണിൽ പുതയും ഈ പശുവധംപോലെ. നിന്റെ തല പോലെ മണ്ണിൽ വീഴും.

മണ്ണിൽ നിന്നു ചക്രമൂരാൻ ശ്രമിയ്ക്കവേ മരണകാരകമായ അസ്ത്രമെയ്യാൻ അർജ്ജുനനോടു് ആവശ്യപ്പെട്ട ശ്രീകൃഷ്ണന്‍ അതിനു തൊട്ടുമുമ്പു കർണ്ണനു നേരെ കർണ്ണന്റെ അധർമ്മങ്ങളുടെ പട്ടിക നിരത്തി വാൿശരങ്ങൾ വർഷിച്ചിരുന്നു.

ശ്രീകൃഷ്ണൻ നിർദ്ദേശിച്ചപ്രകാരം അർജ്ജുനൻ കർണ്ണനെ വധിച്ചു. 

## സ്വർഗ്ഗത്തിൽ കർണ്ണനെ രണ്ടു രീതിയിൽ കാണാം. യുധിഷ്ഠിരൻ കർണ്ണനെ സ്വർഗ്ഗത്തിൽ വച്ചു കാണുന്നതു സൂര്യചൈതന്യങ്ങളായ പന്ത്രണ്ടു് ആദിത്യന്മാരുടെ (ദ്വാദശാദിത്യന്മാരുടെ) കൂടെയാണു്.

ദുര്യോധനനെ ദേവരൂപത്തിൽ യുധിഷ്ഠിരൻ കാണുന്നു. പലരെയും യുധിഷ്ഠിരൻ കാണുന്നുണ്ടു്. പിന്നിടു യുദ്ധത്തിൽ കൊല്ലപ്പെട്ട എല്ലാ ദേവാംശങ്ങളും മൂലമൂർത്തികളിൽ ലയിച്ചു ചേരുന്നു. അതൊരു വലിയ പട്ടികതന്നെയാണു്. കലിമൂർത്തിയുടെ അവതാരമായ ദുര്യോധനൻ കലിയിൽ ലയിയ്ക്കുന്നതായി വൈശമ്പായനൻ ജനമേജയനോടു പ്രത്യേകിച്ചു പറയുന്നില്ല. ലയിച്ചു എന്നു കരുതാം. 

ഭീഷ്മർ അഷ്ടവസുക്കളിൽ (പ്രഭാസൻ എന്ന വസുവിൽ) ലയിച്ചു, കൃഷ്ണാർജ്ജുനർ നരനാരായണരിൽ, ദ്രോണർ ബൃഹസ്പതിയിൽ, കംസവസുദേവസാംബാദികൾ വിശ്വദേവകളിൽ, അഭിമന്യു ചന്ദ്രനിൽ, ധൃഷ്ടദ്യുമ്നൻ അഗ്നിയിൽ, ധൃതരാഷ്ട്രർ കുബേരനിൽ, കർണ്ണൻ സൂര്യനിൽ.. 

## മഹാഭരതത്തിലെ പ്രഹേളികകൾക്കു് ഉത്തരം ശ്രീകൃഷ്ണന്റെ മായ എന്നാണു്. നമ്മുടെ നാട്ടിലെ മുത്തശ്ശിക്കഥകളിലെ ഭാവനയിൽ വിഷ്ണു ഗുണം പതിനാറു് കണ്ണൻ എന്നൊരു ചൊല്ലുണ്ടു് (വിഷ്ണു x 16 = ശ്രികൃഷ്ണൻ). വിഷ്ണുവിന്റെ പതിനാറു് ഇരട്ടി ദിവ്യശക്തിയും മായാശക്തിയുമായിട്ടായിരുന്നത്രെ ശ്രീകൃഷ്ണജനനം. അതെന്തായാലും ശ്രീകൃഷ്ണമായയാണു മഹാഭാരതത്തിലെ സംഭവങ്ങളെ നിയന്ത്രിച്ചതു് തോന്നിച്ചതും തോന്നിപ്പിയ്ക്കാതിരുന്നതും പറയിച്ചതും പറയിയ്ക്കാതിരുന്നതും ചെയ്യിച്ചതും ചെയ്യിക്കാതിരുന്നതും.

 

++++++

 കർണ്ണശപഥം

അനുബന്ധം സമാപ്തം

+++++
 

  

കടപ്പാടു്:
1, മഹാഭാരതം വിവർത്തനങ്ങൾ: കുഞ്ഞിക്കുട്ടൻ തമ്പുരാൻ, വിദ്വാൻ എസ്സു്. പ്രകാശം, കെ.എം. ഗാങ്ഗുലി, എം. എൻ. ദത്ത, രാം നാരായൺ ദത്ത ശാസ്ത്രി
2, 10 ആട്ടകഥകൾ -വാല്യം 2, പരിശോ: ഡോ. പി വേണുഗോപലൻ
3, സം-മ നിഘണ്ടു, കാണിപ്പയ്യൂർ

No comments:

Post a Comment

Part - 3 Christian Churches St. Stephen’s Church (CSI), Mundiyapalli Built in 1867, this is the oldest church of the...