Sunday, September 5, 2021

അനന്തരം (മഹാഭാരതം - യുദ്ധാന്ത്യകഥകള്‍)



This is not meant to be read on smartphone as the settings of www.blogger.com suit only laptop and desktop. You may have problems with font and line spacing on smartphones)


അനന്തരം

മഹാഭാരതം - യുദ്ധാന്ത്യകഥകള്‍ 

[Last update: 18-Sep-2021]

യദിഹാസ്തി തദന്യത്ര യന്നേഹാസ്തി ന തത് ക്വചിത്

ഇതിൽ (മഹാഭാരതത്തിൽ) ഉള്ളതു മറ്റു പലതിലും ഉണ്ടാകും. ഇതിൽ ഇല്ലാത്തതു മറ്റൊന്നിലും കാണുകയില്ല  - (വേദവ്യാസൻ).

******

ദുര്യോധനവധം മുതൽ യുധിഷ്ഠിരന്റെ അശ്വമേധയാഗം വരെ ഒരു കണ്ണോടിയ്ക്കലാണു് ഈ ശ്രമം. 

ശല്യപര്‍വ്വത്തിന്റെ അന്ത്യത്തില്‍ തുടങ്ങി, സൗപ്തികപർവ്വം,  സ്ത്രീപര്‍വ്വം, ശാന്തിപര്‍വ്വം, അനുശാസനപര്‍വ്വം ഇവയിലൂടെ ഓട്ടപ്രദക്ഷിണവും കഴിഞ്ഞു് അശ്വമേധികപര്‍വ്വത്തിന്റെ ചെറിയ വിവരണം - വ്യാസന്റെയും എഴുത്തച്ഛന്റെയും വരികളിലൂടെ ഒരു ചെറിയ യാത്ര. 

ചില കഥാപാത്രങ്ങളുടെ പശ്ചാത്തലവും ചേര്‍ത്തിട്ടുണ്ടു്.

ചില പുരാണങ്ങളും വിവര്‍ത്തനങ്ങളും സഹായകമായിട്ടുണ്ടു്. അവയില്‍ ഒരു ഭാഗം ശ്രീമദ്‌ ഭാഗവതത്തില്‍ എങ്ങനെ അവതരിപ്പിച്ചിരിയ്ക്കുന്നു എന്നും എഴുതിയിട്ടുണ്ടു്.

കുട്ടികൾക്കു മനസ്സിലാകാൻ ചിലയിടങ്ങളിൽ അർത്ഥം കൊടുത്തിട്ടുണ്ടു്. 

രാമായണത്തെ പോലെ, മഹാഭാരതവും പല രീതിയില്‍ എഴുതപ്പെട്ടിട്ടുണ്ടു്. ക്രിസ്തുവിനു് അഞ്ഞൂറു വർഷം മുമ്പു തന്നെ മഹാഭാരതകഥ ഗ്രന്ഥരൂപത്തിലായി എന്നു കരുതപ്പെടുന്നു. ക്രിസ്തുവിനു മുമ്പു (ബി.സി.ഇ) 3102-ലാണത്രെ മഹാഭാരതയുദ്ധം. (കൃത്യമായി പറയാൻ വയ്യെങ്കിലും ബി.സി.ഇ. 3000-4000 കാലഘട്ടം എന്നു ചരിത്രകാരന്മാർ. 

ഇന്നു നമ്മളുടെ ഇടയില്‍ പ്രചാരമുള്ളതായ മഹാഭാരതം എന്ന ഇതിഹാസഗ്രന്ഥത്തിന്റെ തുടക്കം ഗണപതിയിൽ നിന്നാണു്. വ്യാസൻ പറഞ്ഞതു ഗണപതി എഴുതിയെടുത്തു എന്നു വിശ്വസിയ്ക്കപ്പെടുന്നു. (ചില പ്രാദേശികകഥകളിൽ മറിച്ചും കാണുന്നുണ്ടു്). 8,800 ശ്ലോകമുള്ള അതിനു ജയ എന്നു പേരു്. വൈശമ്പായനമുനി അതു ഭാരതം എന്ന പേരില്‍ 24,000 ശ്ലോകങ്ങളാക്കി നീട്ടി. പരീക്ഷിത്ത് എന്ന രാജാവിന്റെ മകനായ ജനമേജയനു  സര്‍പ്പസത്രത്തില്‍ ഭാരതം പറഞ്ഞു കൊടുക്കുന്നതു് ഇദ്ദേഹമാണു്.

അതു് 96,836 ശ്ലോകങ്ങളാക്കി മഹാഭാരതം എന്ന പേരില്‍ അവതരിപ്പിയ്ക്കുന്നതു് ഉഗ്രശ്രവസ്സു് എന്ന മുനിയാണു്. നൈമിശാരണ്യത്തില്‍ കൗരവപാണ്ഡവചരിതം അവതരിപ്പിയ്ക്കുന്ന സൂതന്‍ ഇദ്ദേഹമാണു്.

ശ്ലോകങ്ങളുടെ എണ്ണത്തെ പറ്റി പല രീതിയിൽ അഭിപ്രായങ്ങളൂണ്ടു്. ഓരോ മുനിയെ പറ്റിയും പല രീതിയില്‍ കഥകളുണ്ടു്. 

പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതനാണു മഹാരാഷ്ട്രസ്വദേശിയായിരുന്ന നീലകണ്ഠ ചതുർധരൻ. അദ്ദേഹത്തിന്റെ വ്യാഖ്യാനമാണു ഭാരതഭാവദീപം. അതു ഹിന്ദിയിൽ വിവർത്തനം ചെയ്തതു പണ്ഡിറ്റു് രാം നാരയൺ ശാസ്ത്രിയാണു്. ഗോരഖ്പൂരിലെ ഗീതാപ്രസ്സിന്റെ മഹാഭാരതം എന്നു പറയുന്നതും ശാസ്ത്രിയുടെ വിവർത്തനം തന്നെ. വ്യാഖ്യാനങ്ങൾ നീലകണ്ഠചതുർധരനു മുമ്പും ഉണ്ടായിട്ടുണ്ടു്. 

മഹാഭാരതത്തിന്റെ സംസ്കൃതത്തിലുള്ള കയ്യെഴുത്തുപ്രതികൾ ഇന്ത്യയിൽ പല സ്ഥലത്തും ചെറിയ വ്യത്യാസങ്ങളോടെ ഉണ്ടായിരുന്നു. ബങ്ഗാളിയിലും തെലുങ്കിലും മുന്നൂറു-നാനൂറു വർഷം പഴക്കമുള്ള വിവർത്തനമുണ്ടു്. 

കെ.എം. ഗാങ്ഗുലി (1848-1908): ആങ്ഗലത്തിൽ മഹാഭാരതം ആദ്യമായി പുറത്തിറക്കിയതു ഗാങ്ഗുലിയാണു്; 1883-1896 കാലത്തു്. ഗദ്യരൂപത്തിലുള്ള ഈ കൃതിയെയാണു പല വായനക്കരും ഗൗരവമായ വായനയ്ക്കു് ആശ്രയിയ്ക്കുന്നതു്. ഭാരതഭാവദീപവും ബങ്ഗാളിലെ ബർദ്വാനിൽ പ്രസിദ്ധീകരിച്ച സംസ്കൃതഗ്രന്ഥവും ഗാങ്ഗുലിയെ സ്വാധീനിച്ചു എന്നു പറയപ്പെടുന്നു.

മൻമഥ് നാഥ് ദത്ത (1855-1912): പത്തു വർഷം കൊണ്ടു ശ്ലോകാനുശ്ലോകവിവർത്തനം ആങ്ഗലത്തിൽ പ്രസിദ്ധീകരിച്ചു (1895-1905). 

പ്രസിദ്ധമായ മറ്റു രണ്ടു പതിപ്പുകൾ ദക്ഷിണേന്ത്യൻ പതിപ്പു് (ദക്ഷിണാവത്/കുംഭകോണം പതിപ്പു്), ഭണ്ഡാര്‍ക്കര്‍പ്പതിപ്പു് (ഗവേഷക-പ്രസാധകർ: BORI അഥവാ Bhandarkar Oriental Research Institute-Pune; 1917-ൽ സ്ഥാപിതം) എന്നിവയാണു്.

ഒരു ജൈനഭാരതവും പ്രസിദ്ധീകൃതമാണു്. 

ദക്ഷിണേന്ത്യൻ പതിപ്പു്: എം.വി. രാമാനുജാചാര്യ പരിശോധിച്ചു പുറത്തിറക്കിയതാണു കുംഭകോണം മഹാഭാരതം (സംസ്കൃതം, 1906-1914.  മറ്റൊന്നു തഞ്ചാവൂർ കൊട്ടാരത്തിലെ പ്രതിയാണു്. ഇതിന്റെ വ്യാഖ്യാതാവു പി.പി.എസ്.ശാസ്ത്രിയണു് (1935). രണ്ടും തമിഴിലണു്. അതിനു മുമ്പും ചില തമിഴ് വിവർത്തനങ്ങളുണ്ടു് എന്നു പറയപ്പെടുന്നു. 

പ്രൊഫ. വിഷ്ണു. എസു്. സുഖ്തങ്കര്‍ ആയിരുന്നു  1966-പ്രസിദ്ധീകരിച്ച ഭണ്ഡാര്‍ക്കര്‍പ്പതിപ്പിന്റെ മുഖ്യശില്‍പി. പല സ്ഥലങ്ങളില്‍ നിന്നു  കണ്ടെടുത്ത 1259 കയ്യെഴുത്തുപ്രതികള്‍ അപഗ്രഥിച്ചതിനു ശേഷമാണു ഭണ്ഡാര്‍ക്കര്‍ കേന്ദ്രം അവരുടെ മഹാഭാരതം സംസ്കൃതത്തില്‍ പുറത്തിറക്കുന്നതു്. 754 പ്രതികൾ വിശദപഠനത്തിനു വിധേയമാക്കി. അവര്‍ക്കു കിട്ടിയ ഏറ്റവും  പഴയ പ്രാചീനമഹാഭാരതം നേപാളി ഭാഷയില്‍  1511-ല്‍ രചിച്ചു എന്നു കരുതപ്പെടുന്നതാണു്. പ്രാദേശികമായി കൂട്ടിച്ചേര്‍ത്തു എന്നു കരുതപ്പെടുന്ന പല ഭാഗങ്ങളും അവര്‍ പരിശോധിച്ച പ്രതികളില്‍ നിന്നുപേക്ഷിച്ചു. ഈ മഹാപ്രയത്നം 1918 മുഥൽ 1966 വരെ നീണ്ടു; 48 വർഷങ്ങൾ! ഇതിനെ Critical Edition (CE) എന്നു വിളിയ്ക്കുന്നു. അതായതു്, ആധികാരികമായ പതിപ്പു് (Authoritative version). ഇതി 89,000-ഓളം ശ്ലോകങ്ങളുണ്ടു്. 13,000-ഓളം താളുകൾ.

1966-ൽ അന്നത്തെ രാഷ്ട്രപതി ഡോ. എസ്സ്. രാധാകൃഷ്ണൻ ഇതു പ്രകാശനം ചെയ്തു.

ബിബേക് ദേബ്റോയ് എന്ന സാമ്പത്തികശാസ്ത്രഞ്ജന്‍ (പ്രധാനമന്ത്രിയുടെ Economic Council-ന്റെ അദ്ധ്യക്ഷന്‍) പല ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ടു്. മഹാഭാരതം ആങ്ഗലത്തിലാക്കിയിട്ടുണ്ടു്. 4,119 രൂപയ്ക്ക് അതു് ആമസോണില്‍ കിട്ടും. 5,000-ഓളം താളുകളുണ്ടു്. ഇതു BORI-യുടെ പതിപ്പിന്റെ വിവർത്തനമാണു്. ദേബ്റോയിയുടെ കൃതിയെ പറ്റിയുള്ള അഭിപ്രായങ്ങള്‍ വായിച്ചിട്ടില്ല.

ബി.ആര്‍. ചോപ്രയുടെ ടി.വി. പരമ്പരയും ഒരു  പതിപ്പു് ആയി. ഭണ്ഡാര്‍ക്കര്‍പ്പതിപ്പിനെ ആശ്രയിച്ചാണു് അതു നിര്‍മ്മിയ്ക്കപ്പെട്ടതു്. ചില വ്യത്യാസങ്ങളും വരുത്തി. ഒരു മഹാഭാരതത്തിലും ഇല്ലാത്ത സംഭാഷണങ്ങള്‍ അതില്‍ തിരുകിക്കയറ്റിയിട്ടുണ്ടു് (സിനിമാശൈലി!). പെട്ടെന്നു പരമ്പര തീര്‍ക്കാന്‍ ദൂര്‍ദര്‍ശന്‍ ആവശ്യപ്പെട്ടപ്പോള്‍ പല ഭാഗങ്ങളും അവതരിപ്പിയ്ക്കാതെ വിട്ടുകളഞ്ഞു. അങ്ങനെ, ജനങ്ങള്‍ക്ക്, അതു മഹാഭാരതം ടി.വി പതിപ്പു് ആയി. പിന്നീടു വന്ന പരമ്പരകളും പൂര്‍ണ്ണമായും ഒരു പ്രത്യേകപതിപ്പിനോടു കൂറു പുലര്‍ത്തുന്നവയായിരുന്നില്ല. 

മഹാഭാരതതാല്പര്യനിര്‍ണ്ണയം എന്നൊരു പഠനഗ്രന്ഥം

മാധ്വാചാര്യ (സി‌.ഇ. 1238-1317) രചിച്ചിട്ടുണ്ടു്. അതിലെ

വ്യത്യസ്തമായ കഥകള്‍ പല രീതിയിലുള്ള മഹാഭാരതങ്ങളില്‍ നിന്നു് എടുത്തവയാകാം. 

ഭാവനാസമ്പന്നരായ പല കഥാകാരന്‍മാരും കവികളും പലതും മഹാഭാരതങ്ങളില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടു്. 

ഉദാഹരണമായി, യുദ്ധം വരുത്തിയ നാശം കണ്ടു ദുഃഖിതനായ യുധിഷ്ഠിരന്‍ ഭീമനോടു തനിയ്ക്കു രാജാവാകേണ്ടെന്നും ഭീമനോടു രാജാവാകാനും ആവശ്യപ്പെടുന്നു. പിന്നീടു നടക്കുന്നതു യുധിഷ്ഠിരന്റെ പട്ടാഭിഷേകമാണു്. ആ മനംമാറ്റം എങ്ങനെയുണ്ടായി? അതിനിടയില്‍ എന്തു സംഭവിച്ചു? എന്താണു രാജാവാകാന്‍ യുധിഷ്ഠിരനെ പ്രേരിപ്പിച്ച ഘടകം?

എഴുത്തച്ഛന്റെ യുധിഷ്ഠിരന്‍ മറ്റുള്ളവരുടെ ഉപദേശം കേട്ടു രാജാവാകുന്നു. വ്യാസഭാരതത്തിന്റെ ചില പതിപ്പുകളിലും ഉപദേശങ്ങൾക്കു ശേഷം യുധിഷ്ഠിരൻ രാജാവാകുന്നു. എന്തായാലും രണ്ടാമൂഴം എന്ന കൃതിയിഎം.ടി. തന്റെ മനോഹരമായ ഭാവനയാല്‍ മറ്റൊരു കാരണം പറയുന്നുണ്ടു്. ആ ഭാഗം വായിച്ചുനോക്കുക.

എഴുത്തച്ഛന്‍ കുംഭകോണം മഹാഭാരതമാണു വളരെ ചുരുക്കി മലയാളത്തില്‍ രചിച്ചതു് എന്നു പറയപ്പെടുന്നു. ഉത്തരേന്ത്യൻ മഹാഭാരതം വായിച്ചാല്‍ എഴുത്തച്ഛന്റെ കഥകളില്‍ നിന്നു ഭിന്നമായി പലതും കാണാം. 

പല ഭാഷകളിലും പഴയകാലത്തു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടാകാം. ഒരു പതിപ്പും ശരിയല്ല എന്നു വിമര്‍ശകര്‍. 

ബോറി പതിപ്പാണു് ആധുനികസംസ്കൃതപണ്ഡിതന്മാര്‍ക്കു കൂടുതല്‍ പ്രിയം. എന്നാൽ യാഥാസ്ഥിതികർക്കു് അതു പഥ്യമല്ല. കാരണം, അതിലെ കഥാപാത്രങ്ങൾക്കു (ശ്രീകൃഷ്ണനും!) ദൈവീകത കുറവാണത്രെ. ബോറി പതിപ്പിൽ, ജയദ്രഥവധത്തിനു മുമ്പു സൂര്യൻ സ്വയം മങ്ങുകയാണു്. ശ്രീകൃഷ്ണൻ സുദർശനചക്രം ഉപയോഗിയ്ക്കുന്നില്ല! ആ സമയത്തു നടന്നു എന്നു ഗവേഷകർ കരുതുന്ന സൂര്യഗ്രഹണമാണു മങ്ങലിനു കാരണം എന്നു കരുതപ്പെടുന്നു.

സാധാരണക്കാര്‍ക്കു ഗാങ്ഗുലീഭാരതമാണു പ്രിയം. ആങ്ഗലത്തിൽ പലരും ചുരുക്കി എഴുതിയ പുസ്തകങ്ങളുണ്ട്.

എല്ലാം കൂടി നോക്കുമ്പോൾ, സമ്പൂർണ്ണമഹാഭാരതം വായിയ്ക്കാനായി പൊതുവെ വായനക്കാർ അന്വേഷിയ്ക്കുന്നതു നീലകണ്ഠപ്പതിപ്പു് (ഹിന്ദി-ഗീത പ്രസ്സ്), മൻമഥ് നാഥ് ദത്ത പതിപ്പു്, ഗാങ്ഗുലിപ്പതിപ്പു്, ബോറിപ്പതിപ്പു്, ദേബ്റോയി പതിപ്പു് എന്നിവയാണു്. . [മഹാഭാരതത്തില്‍ ഹരിവംശം പല പ്രസാധകരും ഉള്‍പ്പെടുത്താറില്ല. ഹരിവംശത്തിൽ പതിനാറായിരത്തിലേറെ ശ്ലോകങ്ങൾ ഉണ്ടു്. രണ്ടും ചേർത്താൽ ഒരു ലക്ഷത്തിലേറെ ശ്ലോകങ്ങളാകും. മന്മഥ് നാഥ് ദത്തയുടെ ഹരിവംശം (ആങ്ഗലം) അറുനൂറിലേറെ താളുകളുണ്ടു്]. 

മഹാഭാരതത്തിന്റെ പതിപ്പുകൾ തന്നെ ഒരു വലിയ പഠനവിഷയമാണു്. (എല്ലാ പ്രാദേശികപതിപ്പുകളും ഇവിടെ പരമർശിച്ചിട്ടില്ല). വ്യാസഭാരതം എന്നു  പറയുമ്പോൾ ഗാങ്ഗുലി ആധാരമാക്കിയതോ ബോറിയുടെയോ കുംഭകോണത്തിന്റെയോ എന്നു പലരും വ്യക്തമാക്കാറില്ല.   

മലയാളത്തില്‍, മഹാഭാരതം കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കാവ്യമാക്കിയിട്ടുണ്ട്. അദ്ദേഹം 874 ദിവസം കൊണ്ടു വിവർത്തനം ചെയ്തു എന്നു പറയപ്പെടുന്നു 1082 കന്നി 12-നു (സെപ്റ്റം. 28, 1906) പൂർത്തിയാക്കി. അങ്ങനെ കേരളവ്യാസനുമായി. അതിനു മുമ്പു സി.പി. അച്യുതമേനോൻ, കടത്തനാട്ടു് ഉദയവർമ്മത്തമ്പുരാൻ എന്നിവർ ഒറ്റയ്ക്കോ സങ്ഘമായോ ചില ശ്രമങ്ങൾ നടത്തിയിരുന്നു. 1924-ൽ കുന്നത്തു ജനാർദ്ദനമേനോന്റെ ഗദ്യപരിഭാഷ ഇറങ്ങി. പലരും മഹാഭാരതം പൂർണ്ണമായോ ഭാഗികമായോ അവതരിപ്പിച്ചിട്ടുണ്ടു്. . ബാലകൃഷ്ണവാരിയർ, വിദ്വാന്‍ കെ. പ്രകാശം എന്നിവർ മഹാഭാരതം മുഴുവനും മലയാളത്തിലാക്കി. പി.കെ. ബാലകൃഷ്ണൻ, വി.റ്റി. നന്ദകുമാർ, രേവതി, കെ.പി. ജയിംസു്, എം.റ്റി. വാസുദേവൻ നായർ എന്നിവരുടെ നോവലുകളുണ്ടു്. അനവധി ആട്ടക്കഥകളും തുള്ളൽക്കഥകളും കവിതകളുമുണ്ടു്. കൂടാതെ, കെ.വി. സുബ്ബുരാജിന്റെയും  സംക്ഷിപ്തവും കെ.പി. ബാലചന്ദ്രന്റെ ലഘുപുസ്തകവും മൃഡാനന്ദസ്വാമികളുടെ രണ്ടു വാല്യങ്ങളുള്ള കൃതിയും ലഭ്യമാണു്. (മറ്റു പല പേരുകളും വിട്ടുപോയിക്കാണും).

പന്ത്രണ്ടു വയസ്സിനകം മഹാഭാരതത്തിന്റെ സംക്ഷിപ്തവും ഇരുപത്തിയഞ്ചു വയസ്സിനു മുമ്പു മൂലവും വായിച്ചിരിയ്ക്കണമെന്നാണു സാഹിത്യകുതുകികൾ പണ്ടു പറഞ്ഞിരുന്നതു്.

അസങ്ഖ്യം കഥാപാത്രങ്ങളുള്ള മഹാഭാരതം മുഴുവനും വായിച്ചു തീരാന്‍ വളരെ സമയമെടുക്കും. ആയിരക്കണക്കിനു പേജുകള്‍  ലാപ്ടോപ്പിലോ സ്മാര്‍ട്ട്‌ഫോണിലോ വായിയ്ക്കുക എളുപ്പമല്ല. പുസ്തകങ്ങള്‍ക്കു വലിയ വിലയും. ഒരു താളിനു് ഒരു രൂപയിലധികം വിലയാകുന്നുണ്ടു്. ഗാങ്ഗുലിയുടെ വിവര്‍ത്തനം ചെറിയ അക്ഷരത്തില്‍ നാലായിരത്തോളം താളുകളുണ്ടു്. ചുരുക്കി എഴുതിയവയിൽ, രാജാജിയുടെ  / രമേശ് മേനോന്റെ  ആങ്ഗലത്തിലുള്ള മഹാഭാരതം സംക്ഷിപ്തമോ മലയാളത്തിൽ, മൃഡാനന്ദസ്വാമികളുടെ / സുബ്ബുരാജിന്റെ / ബാലചന്ദ്രന്റെ സംക്ഷിപ്തമോ എഴുത്തച്ഛന്‍ എഴുതിയ കിളിപ്പാട്ടോ വായിയ്ക്കുക.

****** 

അനന്തരം 01 

തുടക്കത്തിൽ മഹാഭാരതത്തിന്റെ പതിനെട്ടു പർവ്വങ്ങളുടെ ഉള്ളടക്കം എന്തെന്നു നോക്കാം. പിന്നീടു യുദ്ധാനന്തരസംഭവങ്ങളിലേയ്ക്കു കടക്കാം. .

ബ്രാക്കറ്റിൽ ഉപപർവ്വങ്ങളുടെ എണ്ണം. 

ആദിപർവ്വം (19): ചന്ദ്രവംശം, കുരുവംശം ഇവയുടെ ചരിത്രം. പാണ്ഡവകൗരവശാഖകളെ പറ്റിയുള്ള വിവരണം. അരക്കില്ലം കത്തിയ്ക്കൽ. കുന്തിയും പാണ്ഡവരും ഒളിവിൽ കഴിയുന്നു. ബകവധം. ഹിഡിംബിയിൽ ഭീമനു ഘടോത്കചൻ ജനിയ്ക്കുന്നു. പാഞ്ചാലീപരിണയം. അർജ്ജുനന്റെ അജ്ഞാതവാസം. അർജ്ജുനൻ ഉലൂപിയെയും ചിത്രാങ്ഗദയെയും പരിണയിയ്ക്കുന്നു. അർജ്ജുനൻ ശ്രീകൃഷ്ണനുമായി അടുക്കുന്നു. സുഭദ്രാപരിണയം. ഖാണ്ഡവദഹനം. ദേവശില്പി മയനെ അർജ്ജുനൻ രക്ഷപ്പെടുത്തുന്നു.

യുധിഷ്ഠിരനു പാതിരാജ്യം. ഇന്ദ്രപ്രസ്ഥം തലസ്ഥാനം.

സഭാപർവ്വം (10): മയൻ യുധിഷ്ഠിരനു വേണ്ടി അത്ഭുതകൊട്ടാരം പണിയുന്നു. ഭീമന്റെ ജരാസന്ധവധം. ജരസന്ധൻ നരബലിയ്ക്കു തയ്യാറാക്കി തടവിൽ പാർപ്പിച്ചവരെ ശ്രീകൃഷ്ണൻ മോചിപ്പിയ്ക്കുന്നു.

യുധിഷ്ഠിരൻ രാജസൂയയാഗം നടത്തുന്നു. ശ്രീകൃഷ്ണന്റെ വിശ്വരൂപപ്രദർശനവും ശിശുപാലവധവും. ദുര്യോധനനു് അസൂയ മൂക്കുന്നു. പാണ്ഡവരെ ചൂതിനു വിളിയ്ക്കുന്നു. അവർ ചതിയിൽപ്പെട്ടു ചൂതിൽ തോൽക്കുന്നു. അതിനിടയിൽ പാഞ്ചാലിയെ പണയം വയ്ക്കുന്നു. പാഞ്ചാലിയുടെ വസ്ത്രാക്ഷേപം.

പാണ്ഡവർക്കു പന്ത്രണ്ടു വർഷത്തെ വനവാസവും ഒരു വർഷത്തെ അജ്ഞാതവാസവും വിധിയ്ക്കുന്നു.

അരണ്യപർവ്വം (21): പകുതി രാജ്യം പാണ്ഡവർക്കു നൽകൂ എന്നുപദേശിച്ചപ്പോൾ പരിഹസിച്ച ദുര്യോധനനെ മൈത്രേയമുനി ശപിയ്ക്കുന്നു. കിർമ്മീരവധം. ഹനൂമാൻ മഹാഭാരതത്തിൽ (കല്യാണസൗഗന്ധികം).

നളചരിതം. രാമായണം.  വിദുരൻ ധൃതരാഷ്ട്രരോടു പകുതി രാജ്യം പാണ്ഡവർക്കു നൽകാൻ ആവശ്യപ്പെടുന്നു. ധൃതരാഷ്ട്രർ അതു നിരസിയ്ക്കുന്നു. പാഞ്ചാലീസമേതരായി പാണ്ഡവരുടെ പന്ത്രണ്ടു വർഷത്തെ വനവാസം.  അർജ്ജുനനു ശിവൻ പാശുപതാസ്ത്രം നൽകുന്നു. കൗരവരുടെ എകസഹോദരിയായ ദുശ്ശളയുടെ ഭർത്താവു ജയദ്രഥൻ (സിന്ധുദേശരാജാവു്) പാഞ്ചാലിയുടെ സൗന്ദര്യത്തിൽ മയങ്ങി അവരെ അപഹരിയ്ക്കുന്നു. ഭീമനും അർജ്ജുനനും ജയദ്രഥനെ യുധിഷ്ഠിരനു മുമ്പിൽ ഹാജരാക്കുന്നു. ദുശ്ശള വിധവയാകുമല്ലോ എന്നു ഭയന്നു പാഞ്ചാലി തന്നെ അയാളെ മോചിപ്പിയ്ക്കുന്നു. (ജയദ്രഥനെ അന്നു വധിച്ചു തല താഴെയിട്ടിരുന്നെങ്കിലോ?......അതിന്റെ കാരണം പിന്നാലെ കൊടുത്തിട്ടുണ്ടു്). അർജ്ജുനന്റെ സ്വർല്ലോകയാത്ര. ദുര്യോധനൻ ഗന്ധർവ്വന്മാരുടെ തടവിൽ. അർജ്ജുനൻ മോചിപ്പിയ്ക്കുന്നു. ജയദ്രഥന്റെ ദ്രൗപദീഹരണം.

കർണ്ണന്റെ ചരിത്രം.

വിരാടപർവ്വം (4):. വിരാടരാജധാനിയിൽ അജ്ഞാതവാസം. ആയുധങ്ങൾ വനത്തിലെ ഒരു മരപ്പൊത്തിൽ ഒളിപ്പിയ്ക്കുന്നു. പാഞ്ചാലിയുടെ പിന്നാലെ കൂടിയ കീചകനെ ഭീമൻ വധിയ്ക്കുന്നു. പാണ്ഡവരെ തിരിച്ചറിയാൻ ദുര്യോധനന്റെ വിഫലശ്രമം. ഗോഹരണം. പാണ്ഡവരുടെ സഹായത്തോടെ വിരാടരാജാവു കൗരവരെ തോല്പിയ്ക്കുന്നു. ഭീഷ്മർ, ദ്രോണർ, കർണ്ണൻ - ഇവരെല്ലാം ബൃഹന്നളയായ അർജ്ജുനനോടു പരാജയപ്പെട്ടു. അജ്ഞാതവാസം കഴിഞ്ഞു. അഭിമന്യു ഉത്തരയെ വിവാഹം ചെയ്യുന്നു.

ഉദ്യോഗപർവ്വം (10): തിരികെ എത്തിയ പാണ്ഡവർക്കു് അവരുടെ രാജ്യഭാഗം തിരിച്ചു നൽകാൻ ദുര്യോധനൻ വിസമ്മതിയ്ക്കുന്നു.

ശ്രീകൃഷ്ണനും അർജ്ജുനനും നരനാരായണന്മാരുടെ അവതാരമാണെന്നു ഭീഷ്മർ ദുര്യോധനനു മുന്നറിയിപ്പു നൽകുന്നു. മുതിർന്നവരുടെയും ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും ഉപദേശങ്ങൾ വിഫലം.

ധൃതരാഷ്ട്രർക്കു വിദുരന്റെ ഉപദേശം (വിദുരനീതി).

നാരദദൂതും ശ്രീകൃഷ്ണദൂതും പരാജയപ്പെടുന്നു. ദൂതിനു ചെന്ന ശ്രീകൃഷ്ണനെ തടവിലാക്കാൻ ദുര്യോധനാദികൾ ആലോചിയ്ക്കുന്നു. കുപിതനായ ഭഗവാൻ വിശ്വരൂപം കാട്ടുന്നു. അതു കാണാൻ കുറച്ചു നേരത്തേയ്ക്കു ഭഗവാൻ ധൃതരാഷ്ട്രർക്കു കാഴ്ച നൽകുന്നു. വീണ്ടും ഭീഷ്മരും ശ്രീകൃഷ്ണനും ദ്രോണരും ദുര്യോധനനെ ഉപദേശിയ്ക്കാനുള്ള ശ്രമം വിഫലം. കർണ്ണകുന്തീസമാഗമം. അർജ്ജുനനെ ഒഴികെ മറ്റു നാലു പേരെയും വധിയ്ക്കുകയില്ലെന്നു കർണ്ണന്റെ പ്രതിജ്ഞ. സേനാനായകൻ ആവുകയില്ലെന്നു ശ്രീകൃഷ്ണനു് അശ്വത്ഥാമാവിന്റെ ഉറപ്പു്.

ഇരുകൂട്ടരും യുദ്ധത്തിനു തയ്യാറാവുന്നു.

ഭീഷ്മർ കൗരവസൈന്യത്തിന്റെ സേനാധിപൻ. താൻ ശിഖണ്ഡിയോടു പോരാടുകയില്ലെന്നും കുന്തിയുടെ അഞ്ചു മക്കളെ വധിയ്ക്കയില്ലെന്നും ദുര്യോധനനോടു ഭീഷ്മർ.

ആദ്യം ഭീമനും പിന്നീടു ധൃഷ്ടദ്യുമ്നനും പാണ്ഡവസൈന്യത്തിന്റെ സേനാധിപന്മാർ.

ഭീഷ്മപർവ്വം (4): യുദ്ധനിയമങ്ങൾ തീരുമാനിയ്ക്കപ്പെടുന്നു. ഏതടവും പ്രയോഗിയ്ക്കാം. പക്ഷെ, രഥമേറിയവനെ രഥമേറിയവൻ നേരിടണം, ആനപ്പുറത്തിരിയ്ക്കുന്നവനെ ആനപ്പുറത്തിരിയ്ക്കുന്നവൻ, കാലാളിനെതിരെ കാലാൾ……, നിരായുധനെതിരെയും പടച്ചട്ടയില്ലാത്തവനെതിരെയും ഭയന്നോടുന്നവനെതിരെയും യുദ്ധം പാടില്ല. യുദ്ധം പകൽ മാത്രം.

വ്യാസൻ ധൃതരാഷ്ട്രർക്കു യുദ്ധം കാണാൻ ദിവ്യദൃഷ്ടി നൽകുന്നു. കാണേണ്ടെന്നും കേട്ടാൽ മതിയെന്നും സഞ്ജയനു് അതു നൽകാനും ധൃതരാഷ്ട്രർ പറയുന്നു.

ഭാരതയുദ്ധം. ഭീഷ്മപർവ്വത്തിൽ ആദ്യത്തെ പത്തു ദിവസത്തെ യുദ്ധവർണ്ണനയുണ്ടു്. അർജ്ജുനനു യുദ്ധം ചെയ്യാൻ മടി. ഭഗവാന്റെ ഗീതോപദേശം. വിശ്വരൂപപ്രദർശനം. പല വീരരാജാക്കന്മാരും മക്കളും ഇരുഭാഗത്തും കൊല്ലപ്പെടുന്നു. യുദ്ധത്തിന്റെ പത്താം ദിവസം ശിഖണ്ഡിയെ മറയാക്കി അർജ്ജുനൻ ഭീഷ്മരെ ശരശയ്യയിലാക്കുന്നു.

ഇരുകൂട്ടരും ഭീഷ്മരെ കണ്ടു മടങ്ങിയപ്പോൾ കർണ്ണൻ എത്തുന്നു. മഹാഭാരതത്തിലെ ഹൃദയസ്പർശിയായ ഭാഗം.

അഞ്ചാം ദിവസത്തിനും പതിനാറാം ദിവസത്തിനുമിടയിൽ ഭീമൻ ധൃതരാഷ്ട്രരുടെ തൊണ്ണൂറ്റിയേഴു മക്കളെ വധിച്ചിരുന്നു. പതിനേഴാം ദിവസം ദുശ്ശാസനനും ഭീമന്റെ കയ്യാൽ കൊല്ലപ്പെട്ടു. അവശേഷിച്ച കൗരവർ ദുര്യോധനനും പാണ്ഡവപക്ഷത്തുള്ള യുയുത്സുവും.

ദ്രോണപർവ്വം: ദ്രോണാചാര്യർ സേനാനായകൻ. പതിമൂന്നാം ദിവസം, അശ്വത്ഥാമാവു മരിച്ചു എന്നു യുധിഷ്ഠിരൻ സ്ഥിരീകരിച്ചപ്പോൾ അതു കേട്ടു നിശ്ചേതനനായ ദ്രോണരെ ധൃഷ്ടദ്യുമ്നൻ വധിയ്ക്കുന്നു.

കർണ്ണപർവ്വം: കർണ്ണൻ കൗരവസൈന്യത്തിന്റെ പടനായകൻ. ജ്യേഷ്ഠനെ സൈന്യാധിപനാക്കിയപ്പോൾ യുധിഷ്ഠിരനു വിഷമം. പതിനേഴാം ദിവസം കർണ്ണനെ അർജ്ജുനൻ വധിയ്ക്കുന്നു.

ശല്യപർവ്വം: ശല്യർ സേനാധിപൻ. പതിനെട്ടാം ദിവസം ശല്യരെ യുധിഷ്ഠിരനും ശകുനിയെ സഹദേവനും വധിയ്ക്കുന്നു. ദുര്യോധനനെ ഭീമൻ ഗദായുദ്ധത്തിൽ വീഴ്ത്തുന്നു.

സൗപ്തികപർവ്വം: പതിനെട്ടാം ദിവസം രാത്രിയിൽ അശ്വത്ഥാമാവു്, കൃതവർമ്മൻ, കൃപാചാര്യർ എന്നിവർ പാണ്ഡവകുടീരം ആക്രമിയ്ക്കുന്നു. പാഞ്ചാലീപുത്രരെയും പാഞ്ചാലരെയും അസങ്ഖ്യം ഭടന്മാരെയും വധിയ്ക്കുന്നു. അതു മുൻകൂട്ടിക്കണ്ട ശ്രീകൃഷ്ണൻ പാണ്ഡവരെയും സാത്യകിയെയും മാറ്റിപ്പാർപ്പിച്ചിരുന്നു. ദുര്യോധനന്റെ സ്വർഗ്ഗപ്രാപ്തി.

ഐഷികപർവ്വം എന്ന ഉപപർവ്വത്തിൽ, ഭീമൻ അശ്വത്ഥാമാവിനെ വധിയ്ക്കാൻ പോകുന്നു. അശ്വത്ഥാമാവും അർജ്ജുനനും പരസ്പരം ബ്രഹ്മശിരാസ്ത്രം എയ്യുന്നു. വേദവ്യാസനും നാരദനും ഇടപെട്ടു പ്രശ്നം പരിഹരിയ്ക്കുന്നു. അശ്വത്ഥാമാവു തലയിലെ രത്നം പാണ്ഡവർക്കു നൽകുന്നു. അശ്വത്ഥാമാവിന്റെ അസ്ത്രം ഉത്തരയുടെ ഗർഭസ്ഥശിശുവിനെ ലാക്കാക്കി പോകുന്നു.

സ്ത്രീപർവ്വം: ഭർത്താക്കന്മാരും മക്കളും നഷ്ടപ്പെട്ട സ്ത്രീകളുടെ വിലാപം. കുരുക്ഷേത്രത്തിലെത്തിയ ഗാന്ധാരി മൃതദേഹങ്ങൾ കണ്ടു ശ്രീകൃഷ്ണനെ ശപിയ്ക്കുന്നു. മുപത്തിയാറു വർഷം കഴിഞ്ഞു യാദവകുലം നശിയ്ക്കുമെന്നു ശാപം.

ശാന്തിപർവ്വം: യുധിഷ്ഠിരന്റെ രാജ്യാഭിഷേകം. യുധിഷ്ഠിരനു ഭീഷ്മരുടെ ധർമ്മോപദേശം. മഹഭാരതത്തിലെ ഏറ്റവും നീണ്ട പർവ്വം.

അനുശാസനികപർവ്വം: യുധിഷ്ഠിരനു ഭീഷ്മരുടെ ഉപദേശം തുടരുന്നു. ഭീഷ്മരുടെ സ്വർഗ്ഗപ്രാപ്തി.

അശ്വമേധികപർവ്വം:  പാണ്ഡവരുടെ അശ്വമേധം. ഉത്തരയുടെ ശിശുവിനു ശ്രീകൃഷ്ണൻ ജീവൻ നൽകുന്നു.

ആശ്രമവാസപർവ്വം: ധൃതരാഷ്ട്രരും വിദുരരും കുന്തിയും ഗാന്ധാരിയും സഞ്ജയനും വനവാസത്തിനു പോയി. ഒരിയ്ക്കൽ, അവരെ കാണാനെത്തിയ യുധിഷ്ഠിരനിൽ വിദുരർ തന്റെ ആത്മാവിനെ ലയിപ്പിയ്ക്കുന്നു. വളരെ നാൾ കഴിഞ്ഞു മറ്റു നാലു പേരും  കാട്ടുതീയിൽ പെട്ടു മരിയ്ക്കുന്നു.

മൗസലപർവ്വം: ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണം. യോഗദ്ധ്യാനത്തിൽ (സമാധി) മുഴുകി ബലരാമന്‍ വൈകുണ്ഠത്തിലേയ്ക്കു മടങ്ങുന്നു. യദുകുലം തമ്മിൽത്തല്ലി നശിയ്ക്കുന്നു.

മഹാപ്രസ്ഥാനപർവ്വം: ശ്രീകൃഷ്ണന്റെ വൈകുണ്ഠഗതി അറിഞ്ഞു പാണ്ഡവർ മഹാമേരുപർവ്വതത്തിലേയ്ക്കു പോകുന്നു. കൂടെ പാഞ്ചാലിയും.

സ്വർഗ്ഗാരോഹണപർവ്വം: ഒരു നായ യുധിഷ്ഠിരന്റെ പിന്നാലെ കൂടുന്നു. പോകുന്ന വഴിയിൽ യുധിഷ്ടിരൻ ഒഴികെ മറ്റുള്ളവർ മരിച്ചു വീഴുന്നു. ഇന്ദ്രൻ വിമാനവുമായി എത്തിയപ്പോൾ നായയെയും കൂടെ കയറ്റണം എന്നു യുധിഷ്ഠിരനു നിർബ്ബന്ധം. നായ യമധർമ്മനായി രൂപം മാറി. യുധിഷ്ഠിരൻ സ്വർഗ്ഗത്തിലും മറ്റുള്ളവർ നരകത്തിലും ചെന്നുചേരുന്നു. സ്വർഗ്ഗത്തിൽ, ദുര്യോധനനെ കാണുന്നു. പാഞ്ചാലിയും ഇതരപാണ്ഡവരും അല്പകാലത്തെ നരകവാസത്തിനു ശേഷം സ്വർഗ്ഗത്തിൽ എത്തുന്നു.

(ഇതിനു പിന്നാലെ, ഹരിവംശം - മഹാഭാരതത്തിൽ പരാമർശിയ്ക്കപ്പെടാത്ത ശ്രീകൃഷ്ണകഥകൾ)

 

******

അനന്തരം 02

 

എട്ടു പാണ്ഡവപുത്രരില്‍ മൂന്നു പേരു പാണ്ഡവകൗരവയുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു.

അര്‍ജ്ജുനന്റെ  മകന്‍ ഇരാവാന്‍ എട്ടാമത്തെ ദിവസം, അര്‍ജ്ജുനപുത്രന്‍ അഭിമന്യു പതിമൂന്നാം ദിവസം. ഭീമപുത്രന്‍ ഘടോത്കചന്‍ പതിന്നാലാം ദിവസം.

പതിനെട്ടാം രാവിൽ പാഞ്ചാലിയുടെ അഞ്ചു മക്കളെ അശ്വത്ഥാമാവു വധിച്ചു.

എട്ടു പേരെയും ഉപപാണ്ഡവര്‍ എന്നു വിശേഷിപ്പിയ്ക്കാറുണ്ടു്. അവരെയും അവരുടെ പിന്‍ഗാമികളെയും പാണ്ഡവര്‍ എന്നും വിളിയ്ക്കാം. എല്ലാം പാണ്ഡുവിന്റെ പരമ്പര തന്നെയല്ലേ?

പാണ്ഡവര്‍ക്കു പന്ത്രണ്ടു വര്‍ഷം വനവാസവും പിന്നെ ഒരു വര്‍ഷം അജ്ഞാതവാസവും വിധിച്ചപ്പോള്‍, അര്‍ജ്ജുനന്‍ ശിവനെ തപസ്സു

ചെയ്തു പാശുപതാസ്ത്രം നേടാന്‍ ഹിമാലയത്തില്‍ പോയി. പാഞ്ചാലിയ്ക്കു മറ്റു പാണ്ഡവരില്‍ നിന്നു് ആ സമയത്തു നാലു കുട്ടികള്‍ ജനിച്ചു. അര്‍ജ്ജുനന്‍ വന്ന ശേഷം അഞ്ചാമത്തെ കുട്ടിയേയും പ്രസവിച്ചു. 

പ്രതിവിന്ധ്യന്‍ (ശ്രുതിവിന്ധ്യന്‍): യുധിഷ്ഠിരന്റെ മകന്‍

സുതസോമന്‍‍: ഭീമന്റെ മകന്‍

ശതാനീകന്‍: നകുലന്റെ മകന്‍

ശ്രുതസേനന്‍‍: സഹദേവന്റെ മകന്‍

ശ്രുതകര്‍‍മ്മന്‍: അര്‍ജ്ജുനന്റെ മകന്‍ 

(ഈ ഭാഗത്തും ചില കഥകളിൽ വ്യത്യാസങ്ങളുണ്ടു്). 

ഇവരെയാണു് അശ്വത്ഥാമാവു പതിനെട്ടാം ദിവസം രാത്രിയിൽ വധിച്ചതു്. 

ഘടോത്കചൻ പാണ്ഡവരുടെ മക്കളിൽ മൂത്തയാൾ ആയിരുന്നു. ഭീമന്റെയും ഹിഡിംബിയുടെയും മകന്‍. ശ്രീകൃഷ്ണന്റെ അനുഗ്രഹത്താൽ ശ്രീകൃഷണനോളം യുദ്ധപാടവം ഉണ്ടായിരുന്നു. പാണ്ഡവപുത്രരിൽ യുധിഷ്ഠിരനു് ഏറ്റവും പ്രിയപ്പെട്ടവനും ഘടോത്കചൻ തന്നെ. പതിന്നാലാം ദിവസത്തെ പോരാട്ടത്തില്‍ കര്‍ണ്ണന്റെ ഇന്ദ്രവേല്‍ കൊണ്ടു മരിച്ചു. വേല്‍ തിരികെ ഇന്ദ്രന്റെ പക്കല്‍ തിരികെ എത്തി. അര്‍ജ്ജുനനെ വധിയ്ക്കാന്‍ കരുതിയിരുന്ന വേല്‍ അങ്ങനെ കര്‍ണ്ണനു നഷ്ടപ്പെട്ടു. ഇതോടെ ഭാരതയുദ്ധം കൗരവരുടെ കയ്യിൽ നിന്നു വഴുതിപ്പോയി. ഇരാവാനും ഘടോത്കചന്റെ മൂന്നു മക്കൾക്കും പാണ്ഡവരുടെ ഇടയില്‍ സ്ഥാനമില്ല, ഉപപാണ്ഡവര്‍ എന്ന കൂട്ടത്തില്‍ ചിലര്‍ ഉള്‍പ്പെടുത്താറുണ്ടെങ്കിലും.

ഇരാവാൻ (അരവൻ): പാഞ്ചാലിയെ വിവാഹം ചെയ്ത ശേഷം പാണ്ഡവർക്കു് ഒരു നിയമമുണ്ടായിരുന്നു. ഒരു പാണ്ഡവൻ പാഞ്ചാലിയുടെ കൂടെ കഴിയുമ്പോൾ മറ്റൊരു പാണ്ഡവൻ പാഞ്ചാലിയുടെ മുറിയിൽ ചെന്നാൽ ശിക്ഷയായി ഒരു വർഷത്തെ ദേശാടനം നടത്തണം. അർജ്ജുനൻ ഒരിയ്ക്കൽ യാദൃച്ഛികമായി പാഞ്ചാലിയുടെ മുറിയിൽ ചെന്നു. തുടർന്നു് ഒരു വർഷത്തെ ദേശാടനത്തിനു പോകേണ്ടി വന്നു. ആ യാത്രയിലാണു നാഗരാജകുമാരിയെ കാണുന്നതും ഇരാവാൻ എന്ന മകൻ ജനിയ്ക്കുന്നതും.

മായാജാലത്തിലും അസ്ത്രവിദ്യയിലും സമർത്ഥനായിരുന്നു. വിധവയായിരുന്ന ഉലൂപിയുടെ രണ്ടാം ഭർത്താവായിരുന്നു അർജ്ജുനൻ.

ഭാരതയുദ്ധത്തിന്റെ ഏഴാം നാളിൽ, രാത്രിയിൽ ശ്രീകൃഷ്ണൻ അർജ്ജുനനോടു് ഒരു കാര്യം വെളിപ്പെടുത്തി. കാളീദേവിയ്ക്കു നരബലി നടത്തിയാൽ മാത്രമേ യുദ്ധത്തിൽ ജയം കിട്ടൂ. ആ ആൾ യുദ്ധത്തിൽ കൊല്ലപ്പെട്ടാലും മതി. അയാൾക്കു ശരീരത്തിൽ മുപ്പത്തിയാറു് അടയാളങ്ങൾ ഉണ്ടായിരിയ്ക്കുകയും വേണം. ശ്രീകൃഷ്ണനും അർജ്ജുനനും ആ അടയാളങ്ങളുണ്ടു്. എന്നാൽ രണ്ടു പേരും പാണ്ഡവപ്പടയിലെ അവശ്യസാന്നിദ്ധ്യമാണു്. പിന്നെ ആ അടയാളങ്ങൾ ഉള്ള ഒരേയൊരാൾ ഇരാവാനാണു്.

ഇരാവാൻ ബലിയായി മരിയ്കാൻ സന്നദ്ധനായി. പക്ഷെ, ഒരാവശ്യമുണ്ടായിരുന്നു ഇരാവാനു്. മരിച്ചു വീണാൽ കരയാൻ പത്നി വേണം. ഇരാവാൻ അവിവാഹിതനുമായിപ്പോയി. ശ്രീകൃഷ്ണൻ പരിഹാരം കണ്ടെത്തി.

അന്നു രാത്രിയിൽ ഭഗവാൻ മോഹിനീരൂപത്തിൽ ഇരാവാനോടൊപ്പം കഴിഞ്ഞു. വിവാഹിതനാവണം എന്ന ആഗ്രഹം നടന്നു.

പടക്കളത്തിൽ  നിറഞ്ഞു നിന്നു പോരാടിയ ഇരാവാനെ നേരിടാൻ എട്ടാം ദിവസം ദുര്യോധനൻ അലംബുഷൻ എന്ന അസുരരാജാവിനെ നിയോഗിച്ചു. രണ്ടു പേരും മായാജാലസിദ്ധികളുള്ളവർ ആയിരുന്നു. ഇരാവാൻ അലംബുഷനെ നുറുങ്ങുകളാക്കി മുറിച്ചെങ്കിലും കഷണങ്ങൾ ഒന്നു ചേർന്നു് അയാൾ ഉയിർത്തെഴുന്നേറ്റു. ഭീകരയുദ്ധത്തിന്റെ അവസാനം അലംബുഷൻ ഇരാവാന്റെ കഴുത്തറുത്തു. ഭഗവാൻ ഇരാവാന്റെ മരണത്തിൽ ദുഃഖിച്ചു. മോഹിനീരൂപത്തിൽ വിലപിച്ചു എന്നും കഥയുണ്ടു്. യുദ്ധത്തിൽ ഇരാവാന്റെ തല വേർപ്പെട്ടെങ്കിലും ശ്രീകൃഷ്ണന്റെ അനുഗ്രഹത്താൽ ഇരാവാൻ  ഭാരതയുദ്ധം പതിനെട്ടാം ദിവസം വരെ കണ്ടു.

ഇപ്പോൾ തമിഴ്നാട്ടിലെ കൂത്താണ്ടവർ എന്ന ആരാധനാമൂർത്തിയാണു് ഇരാവാൻ. നാഗരാജ്യം ദക്ഷിണേന്ത്യയിൽ ആയിരുന്നു എന്ന സങ്കൽപത്തിലാണിതു്. സി.ഇ. ഒൻപതാം നൂറ്റാണ്ടിലെ തമിഴ് വിവർത്തനത്തിൽ ഇരാവാന്റെ കഥയുണ്ടത്രെ.

തമിഴിലെ പ്രചാരമുള്ള ഒരു കഥയിൽ ശ്രീകൃഷ്ണൻ ഇരാവാനു മൂന്നു വരങ്ങൾ നൽകി. ഒന്നു പടക്കളത്തിൽ വീരചരമം മാത്രമല്ല, മരിച്ചാലും പോരാടാൻ സാധിയ്ക്കും. മറ്റൊന്നു പതിനെട്ടു ദിവസത്തെ ഭാരതയുദ്ധം കാണാൻ. വിവാഹവരം കൂടി കൂട്ടിയൽ മൂന്നു വരം. ഇരാവാൻ യുദ്ധം മുഴുവനും കാണുകയും യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തു. തല പോയ ശേഷവും ഇരാവാന്റെ ഭീമമായ തല ഒരു പാറക്കല്ലു പോലെ ഉരുണ്ടു കൗരവപ്പടയാളികളെ കൊന്നത്രെ.

ഒരു നാട്ടുകഥയിൽ ഇരാവാന്റെ പത്നി സാത്യകിയുടെ മകളാണു്.

എല്ലാ നപുംസകങ്ങളും (ഹിജ്ഡകൾ) ഇരാവാന്റെ പത്നിമാരാണു് എന്നും വിശ്വസിയ്ക്കപ്പെടുന്നു. അവരും ഇരാവാനെ തമിഴ്നാട്ടിൽ ആരാധിയ്ക്കുന്നുണ്ടു്. ഇൻഡോനേഷ്യയിലും ഹിന്ദുക്കളുടെ ഒരു മൂർത്തിയാണു് ഇരാവാൻ.

അലംബുഷനെ ഘടോത്കചൻ വധിച്ചു.

******

അനന്തരം 03 

ഘടോത്കചന്റെ പുത്രന്മാർ: ബർബരീകൻ, അഞ്ജനാപർവ്വൻ, മേഘവർണ്ണൻ എന്നിവരായിരുന്നു ഘടോത്കചന്റെയും മൗർവ്വിയുടെയും പുത്രന്മാർ.

മാറിൽ മുറിവേൽക്കാത്ത അഞ്ജനാപർവ്വനെ അശ്വത്ഥാമാവു പതിന്നാലാം ദിവസത്തെ യുദ്ധത്തിൽ വധിച്ചു.

മേഘവർണ്ണന്റെ പേരു ഭാരതയുദ്ധത്തിൽ പരാമർശിയ്ക്കപ്പെടുന്നില്ല. യുദ്ധം കഴിഞ്ഞു പാണ്ഡവർക്കൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ടു്. 

ബർബരീകൻ ശിവനെ തപസ്സു ചെയ്തു മൂന്നു ദിവ്യബാണങ്ങൾ നേടി. ഒന്നാമത്തെ ബാണമയച്ചാൽ അതു വധിയ്ക്കേണ്ടവരെ അടയാളപ്പെടുത്തും. രണ്ടാമത്തെ ബാണം വധത്തിൽ നിന്നു് ഒഴിച്ചു നിർത്തേണ്ടവരെ അടയാളപ്പെടുത്തും. ആദ്യത്തെ അസ്ത്രം അടയാളപ്പെടുത്തിയവരെ മൂന്നാമത്തെ അസ്ത്രം വധിയ്ക്കും.

ബർബരീകൻ പാണ്ഡവകൗരവയുദ്ധത്തെ കുറിച്ചു കേട്ടിരുന്നു.

യുദ്ധം കാണാൻ പോകുന്ന കാര്യം അയാൾ അമ്മയോടു പറഞ്ഞു. അവർ തടഞ്ഞു. എന്നാൽ താൻ യുദ്ധം ചെയ്യുകയില്ലെന്നും ചെയ്താൽ തന്നെ ബലഹീനരുടെ പക്ഷം ചേർന്നു മാത്രമേ പോരാടൂ എന്നും ബർബരീകൻ അമ്മയ്ക്കു് ഉറപ്പു കൊടുത്തു. 

ഭരതയുദ്ധത്തിനു മുമ്പു ശ്രീകൃഷ്ണൻ ചില വീരന്മാരോടു് എത്ര ദിവസംകൊണ്ടു യുദ്ധം ജയിയ്ക്കാം എന്നാരാഞ്ഞു. അവരുടെ മറുപടി ഇങ്ങനെയായിരുന്നു: 

എനിയ്ക്കു ജയിയ്ക്കാൻ ഇരുപതു ദിവസം - ഭീഷ്മർ

എനിയ്ക്കു് ഇരുപത്തിയാറു ദിവസം - ദ്രോണർ

എനിയ്ക്കു് ഇരുപത്തിയേഴു ദിവസം - കർണ്ണൻ

എനിയ്ക്കു് ഇരുപത്തിയെട്ടു ദിവസം - അർജ്ജുനൻ

ബർബരീകനെ പറ്റി അറിയാവുന്ന ശ്രീകൃഷ്ണൻ ബ്രാഹ്മണവേഷത്തിൽ ബർബരീകന്റെ അടുത്തു ചെന്നു.

നിനക്കു യുദ്ധം ജയിയ്ക്കാൻ എത്ര ദിവസം വേണം?”

ഒരു നിമിഷം, ബർബരീകന്റെ മറുപടി ബ്രാഹ്മണനെ അമ്പരപ്പിച്ചു.

ബർബരീകൻ തന്റെ സിദ്ധികൾ ബ്രാഹ്മണനെ പറഞ്ഞു മനസ്സിലാക്കി. അതൊന്നു പരീക്ഷിയ്ക്കാൻ ബ്രാഹ്മണൻ ഉറച്ചു.

ഒരു ആലിൻചുവട്ടിലായിരുന്നു ബ്രാഹ്മണൻ നിന്നതു്.

ഈ മരത്തിലെ എല്ലാ ഇലകളും അസ്ത്രം കൊണ്ടു പറിച്ചു് ഒരു കെട്ടാക്കി വയ്ക്കാമോ?, ബ്രാഹ്മണൻ ചോദിച്ചു.

ബർബരീകൻ സമ്മതിച്ചു.

ആദ്യത്തെ അസ്ത്രം അയയ്ക്കാൻ ബർബരീകൻ അമ്പു തൊടുത്തു് ഒരു നിമിഷം കണ്ണടച്ചു ധ്യാനനിരതനായ സമയത്തു ബ്രാഹ്മണൻ ഒരു ആലില പറിച്ചു തന്റെ കാലിന്റെ അടിയിൽ ചവിട്ടിപ്പിടിച്ചു.

ബർബരീകൻ അസ്ത്രമയച്ചു. നിമിഷനേരം കൊണ്ടു മരത്തിലെ ഇലകൾ അടയാളപ്പെടുത്തിയ ബാണം ബ്രാഹ്മണന്റെ പാദത്തിനു ചുറ്റും കറങ്ങാൻ തുടങ്ങി.

ഇതെന്താണിതു്, ബ്രാഹ്മണൻ ചോദിച്ചു.

താങ്കൾ പാദമുയർത്തൂ. അല്ലെങ്കിൽ അസ്ത്രം കാലു തുളച്ചു് അതിനടിയിലെ ഇല അടയാളപ്പെടുത്തും.

ബ്രാഹ്മണൻ കാലുയർത്തി. പാദത്തിനടിയിലെ ഇലയും കൂടി അടയാളപ്പെടുത്തി അസ്ത്രം മടങ്ങി.

ബ്രാഹ്മണനു് അത്ഭുതമായി.

രണ്ടാമത്തെ അസ്ത്രം ഉപയോഗിയ്ക്കേണ്ടി വന്നില്ല. ഒരിലയും ഒഴിവാക്കേണ്ടതില്ലാഞ്ഞതിനാൽ.

മൂന്നാമത്തെ അസ്ത്രം നിമിഷനേരത്തിൽ ആൽമരത്തിലെ എല്ലാ ഇലകളും മുറിച്ചു്, അതോടൊപ്പം ബ്രാഹ്മണന്റെ കാലിന്നടിയിൽ കിടന്നിരുന്ന ഇലയും ചേർത്തു് ഒരു കെട്ടാക്കി.

ബ്രാഹ്മണനു വീണ്ടും അത്ഭുതമായി. കുരുവംശത്തിലെ ഏറ്റവും ശക്തനായ പോരാളി ഇവനാണു്. ഒരു നിമിഷം മതി ഇവനു യുദ്ധം ജയിയ്ക്കാൻ. ഇവൻ കൗരവപക്ഷത്തു ചേർന്നാൽ, പാണ്ഡവരെ എവിടെ ഒളിപ്പിച്ചാലും ഇവന്റെ അസ്ത്രത്തിൽ നിന്നു രക്ഷപ്പെടാനാവില്ല.

ബ്രാഹ്മണൻ താൻ ആരാണെന്നു വെളിപ്പെടുത്തി. ബർബരീകൻ ശ്രീകൃഷ്ണനെ വന്ദിച്ചു.

യുദ്ധത്തിൽ നീ ആരുടെ പക്ഷം ചേരും?, ഭഗവാൻ ചോദിച്ചു.

കൗരവർക്കു പതിനൊന്നു് അക്ഷൗഹിണിയുണ്ടു്, ബർബരീകൻ പറഞ്ഞു. പാണ്ഡവർക്കു് ഏഴെണ്ണമേയുള്ളൂ. അതുകൊണ്ടു പാണ്ഡവർക്കൊപ്പം നിൽക്കണം.

എന്നാലും അപകടകാരിയാണിവൻ എന്നു ഭഗവാനു തോന്നി. വക്രബുദ്ധി പ്രവർത്തനമാരംഭിച്ചു.

ബലഹീനർക്കൊപ്പം നിൽക്കും എന്നല്ലേ നീ അമ്മയ്ക്കു വാക്കു കൊടുത്തതു്?, ശ്രീകൃഷ്ണൻ നയത്തിൽ പറഞ്ഞു. അജയ്യനായ നീ പാണ്ഡവരുടെ കൂടെ നിൽക്കുമ്പോൾ കൗരവസൈന്യം ബലഹീനമാവും. അപ്പോൾ അവരുടെ പക്ഷം ചേരേണ്ടിവരും. ആ സമയത്തു പാണ്ഡവപക്ഷം ബലഹീനമാവും. അപ്പോൾ തിരികെ പാണ്ഡവപക്ഷത്തു വരണം. ഒടുവിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്നു് ആർക്കു വേണ്ടിയും യുദ്ധം ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ എത്തും. 

ശ്രീകൃഷ്ണൻ പറഞ്ഞതു ബർബരീകനെ കുഴക്കി. ബർബരീകന്റെ മനസ്സു പാണ്ഡവപക്ഷത്താണെന്നു മനസ്സിലാക്കിയ ഭഗവാൻ ചോദിച്ചു: 

 “ഒരു കാര്യം ഞാൻ ആവശ്യപ്പെട്ടാൽ തരാൻ പറ്റുമോ?.

ബർബരീകൻ സമ്മതിച്ചു.

പാണ്ഡവർ ജയിയ്ക്കണമെങ്കിൽ അർഹനായ ഒരാളെ ബലി കൊടുക്കണം. മൂന്നു പേർക്കു് അതിനർഹതയുണ്ടു്. അർജ്ജുനൻ, ഞാൻ. പിന്നെ നീ. നിനക്കു ബലിയാകാൻ പറ്റുമോ?

ബർബരീകനു സന്തോഷത്തോടെ സമ്മതിയ്ക്കേണ്ടി വന്നു. വാക്കു നൽകിയതല്ലേ?

 

******

 

അനന്തരം 04 

എനിയ്ക്കു് എല്ലാ ദിവസവും യുദ്ധം കാണണം, ബർബരീകൻ അപേക്ഷിച്ചു.

ഭഗവാൻ അതു് അങ്ഗീകരിച്ചു.

ശ്രീകൃഷ്ണൻ വാളെടുത്തു ബർബരീകന്റെ കഴുത്തു വെട്ടി.

ഭാരതയുദ്ധം തുടങ്ങിയപ്പോൾ ഒരു കുന്തത്തിന്റെ അറ്റത്തു തല കുത്തി നിർത്തി. കുരുക്ഷേത്രത്തിലെ യുദ്ധക്കളം കാണാൻ സാധിയ്ക്കത്തക്ക വിധം അതു് ഒരു ഉയർന്ന കുന്നിൻ മുകളിൽ വച്ചു.

ശ്രീകൃഷ്ണനാൽ വധിയ്ക്കപ്പെട്ടതു കാരണം ബർബരീകന്റെ ആത്മാവു പുണ്യം നേടി.

ഭാരതയുദ്ധത്തിൽ താൻ ആയുധമെടുക്കുകയില്ല എന്നു ശ്രീകൃഷ്ണൻ പ്രതിജ്ഞ എടുത്തിരുന്നു. പക്ഷെ, ഇതു യുദ്ധമല്ലല്ലൊ.

ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഖാടു ശ്യാം എന്ന പേരിൽ ആരാധിയ്ക്കപ്പെടുന്ന ദേവൻ ബർബരീകനാണു്.

(മാറ്റങ്ങളോടെ പല വിധത്തിൽ ഈ കഥ പുസ്തകങ്ങളിൽ കാണാം). 

അഭിമന്യു: മഹാഭാരതയുദ്ധം നടക്കുമെന്നു മുന്‍കൂട്ടിക്കണ്ട ദേവകള്‍, പാണ്ഡവരെ സഹായിയ്ക്കാനായി, പല ദേവന്മാരെയും മനുഷ്യരായി ഭൂമിയിലേയ്ക്കയച്ചിരുന്നു. ചന്ദ്രദേവന്റെ അടുത്തു ചെന്ന് അദ്ദേഹത്തിന്റെ മകന്‍ വര്‍ച്ചസിനെയും അയയ്ക്കണമെന്നാവശ്യപ്പെട്ടു. ചന്ദ്രദേവനു മകനെ പിരിഞ്ഞിരിയ്ക്കാന്‍ വയ്യ. ഒടുവില്‍ നീക്കുപോക്കായി. പതിനാറു ദേവദിവസം/ദിവ്യദിവസം (പതിനാറു മനുഷ്യവര്‍ഷം) കഴിഞ്ഞാല്‍ മകനെ തിരികെ എത്തിയ്ക്കാം എന്നു ദേവകള്‍ ഉറപ്പു കൊടുത്തു.

അങ്ങനെ, അര്‍ജ്ജുനന്റെയും ശ്രീകൃഷ്ണസോദരി സുഭദ്രയുടെയും മകനായ അഭിമന്യുവായി, ചന്ദ്രപുത്രന്‍ ജനിച്ചു. ബാല്യത്തില്‍ തന്നെ വിരാടരാജാവിന്റെ മകളായ ഉത്തരയെ വിവാഹം കഴിച്ചു. വില്ലാളിവീരനായിരുന്നു. യുദ്ധം പതിമൂന്നാം ദിവസമായപ്പോള്‍ പതിനാറു വയസ്സും മാത്രം പ്രായമുണ്ടായിരുന്ന അഭിമന്യു, ചക്രവ്യൂഹത്തില്‍ നിന്നു പുറത്തു കടക്കാന്‍ അറിയാതിരുന്നതിനാല്‍, കൊല്ലപ്പെട്ടു. അപ്പോള്‍ ഉത്തര ഗര്‍ഭിണിയായിരുന്നു. പതിനാറു ദിവസം കഴിഞ്ഞ് അഭിമന്യു തിരികെ ചന്ദ്രദേവന്റെ അടുത്തെത്തി. (ഘടോത്കചന്റെ സഹായത്താൽ ബലരാമന്റെ മകൾ വത്സല/ശശിരേഖയെ വിവാഹം ചെയ്യുന്ന ഒരു പ്രാദേശികചരിതവുമുണ്ട്. ഇതു് ഒരു മഹാഭാരതത്തിലും ഇല്ലത്രെ. കവികൾ മഹാഭാരതം കഥ ക്രോഡീകരിച്ചപ്പോൾ പല പ്രാദേശികകഥകളും ഒഴിവാക്കി എന്നു തോന്നുന്നു. മാധ്വാചാര്യകൃതിയില്‍ സുഗ്രീവന്‍ കര്‍ണ്ണനായും ബാലി അര്‍ജ്ജുനനായും അങ്ഗദന്‍ അഭിമന്യുവായും ജനിച്ചു).

ഗർഭാവസ്ഥയിൽ തന്നെ അഭിമന്യു, ചക്രവ്യൂഹത്തിൽ കയറുന്ന രീതി എന്തെന്ന്  അർജുനൻ പറഞ്ഞു കേട്ടു ഹൃദിസ്ഥമാക്കിയിരുന്നു. പുറത്തേയ്ക്കുള്ള വഴിയൊരുക്കലിനെ കുറിച്ചു പറഞ്ഞു മുഴുമിപ്പിയ്ക്കാൻ ശ്രീകൃഷ്ണൻ കാരണം അർജ്ജുനനു കഴിഞ്ഞില്ല. (ചകവ്യൂഹഭേദനം പറഞ്ഞതു ശ്രീകൃഷ്ണനാണെന്നും പുറത്തിറങ്ങുന്ന ഭാഗമെത്തിയപ്പോൾ സുഭദ്ര ഉറങ്ങിപ്പോയെന്നും അതു കാരണം ഗർഭസ്ഥശിശു അതു കേട്ടില്ല എന്നും മറ്റൊരു കഥ.)

ത്രിഗർത്തർ സുശർമ്മാവിന്റെ നേതൃത്വത്തിൽ അർജ്ജുനനെ എതിരിട്ടു്, യുദ്ധഭൂമിയുടെ ഒരു കോണിൽ അകറ്റി നിർത്തി. മറ്റു പാണ്ഡവർക്കു് ചക്രവ്യൂഹം അപ്രാപ്യമായപ്പോൾ യുധിഷ്ഠിരൻ ആ ദൗത്യം അഭിമന്യുവിനെ ഏൽപ്പിച്ചു. അഭിമന്യു വ്യൂഹത്തിനുള്ളിൽ കടന്നപ്പോൾ കൂടെയെത്താൻ ശ്രമിച്ച പാണ്ഡവരെ ദുര്യോധനന്റെ സഹോദരീഭർത്തവായ ജയദ്രഥൻ വ്യൂഹത്തിനു വെളിയിൽ തടഞ്ഞു. ശിവന്റെ വരം നേടിയിരുന്ന അയാൾ ഭീമനെയും സാത്യകിയെയും പരാജയപ്പെടുത്തി.

ചക്രവ്യൂഹത്തിനുള്ളിൽ ദ്രോണർ, കർണ്ണൻ, അശ്വത്ഥാമാവു്, കൃതവർമ്മൻ തുടങ്ങിയവർ അഭിമന്യുവിനോടു് ഏറ്റുമുട്ടി പരാജയപ്പെട്ടു.

ചതിയിൽ വില്ലും നഷ്ടപ്പെട്ടപ്പോൾ ഗദയും വാളുമെടുത്തു. ഒറ്റപ്പെട്ട അഭിമന്യുവിനെ ദുശ്ശാസനപുത്രൻ ഗദ കൊണ്ടു തച്ചു കൊന്നു.

വേണമെങ്കിൽ അർജ്ജുനന്റെ തേരു തെളിച്ചു ചക്രവ്യൂഹത്തിലേയ്ക്കു കൊണ്ടുപോയി ശ്രീകൃഷ്ണനു് അഭിമന്യുവിനെ രക്ഷിയ്ക്കാമായിരുന്നു. പക്ഷെ, അഭിമന്യുവിനു മടങ്ങാൻ സമയമായിരുന്നു. 

കൃതവര്‍മ്മന്‍: ഇദ്ദേഹം യാദവവംശജനായിരുന്നു. ഭോജരാജപരമ്പരയിലാണു ജനനം. രണ്ടു കൃതവര്‍മ്മന്മാരുണ്ട്. ആദ്യത്തെ കൃതവര്‍മ്മന്‍ എന്ന രാജാവു ഹേഹയരാജാവായ കൃതവീര്യന്റെ അനുജനായിരുന്നു.

 (കൃതവീര്യന്റെ മകന്‍ അര്‍ജ്ജുനന്‍ പ്രസിദ്ധനായതു കാര്‍ത്തവീര്യാര്‍ജ്ജുനന്‍ എന്ന പേരിലാണ്). കൃതവീര്യന്റെ പരമ്പരയില്‍ മധു, വൃഷ്ണി, ഭോജന്‍ തുടങ്ങിയവരുണ്ട്. ഈ പരമ്പരയിലെ ശൂരസേനന്റെ സഹോദരനാണു ഭാരതയുദ്ധത്തില്‍ പങ്കെടുത്ത രണ്ടാം കൃതവര്‍മ്മന്‍. ശൂരസേനന്റെ മകന്‍ വസുദേവര്‍. വസുദേവരുടെ മകന്‍ ശ്രീകൃഷ്ണന്‍. അങ്ങനെ, ശ്രീകൃഷ്ണന്റെ മുത്തച്ഛന്റെ സഹോദരന്‍ എന്നും പറയാം. യുദ്ധരങ്ഗത്തു വച്ചു് അർജ്ജുനൻ കൃതവർമ്മനെ വധിയ്ക്കാതെ വിടുന്നുണ്ടു്.

ഒരു കഥാപാത്രത്തെ കവികള്‍ സൗകര്യപൂര്‍വ്വം വൃത്തപ്രാസസൗകര്യത്തിനായി ഏതെങ്കിലും പൂര്‍വ്വികന്റെ പേരില്‍ അവതരിപ്പിയ്ക്കാറുണ്ട്. കൃഷ്ണനെ മാധവന്‍, (മധുവംശജന്‍) വൃഷ്ണി എന്നും കൃതവര്‍മ്മനെ ഭോജന്‍ എന്നും വിശേഷിപ്പിച്ചു കാണാം. ശ്രീരാമന്‍, രഘുവിന്റെ പിന്‍ഗാമിയായതിനാല്‍ രാഘവന്‍ ആയി. ശൌരി (ശൂരസേനന്റെ വംശജന്‍) എന്നു വസുദേവരെയും ശ്രീകൃഷ്ണനെയും വിളിയ്ക്കുന്നു. യാദവപാണ്ഡവകൗരവവംശങ്ങള്‍ തുടങ്ങുന്നതു ചന്ദ്രദേവനില്‍ നിന്നാണ്. എല്ലാവരും ചന്ദ്രവംശജര്‍.

കൃതവര്‍മ്മന്‍ ദ്വാരകയിലെ സേനയിലെ ഒരു പ്രധാനി ആയിരുന്നെന്നും ശ്രീകൃഷ്ണന്‍ തന്റെ സേനയെ (നാരായണസേന/നാരായണിസേന)യെ ദുര്യോധനനു വിട്ടു കൊടുത്തപ്പോള്‍ കൃതവര്‍മ്മനു കൗരവപക്ഷത്തു പോകേണ്ടി വന്നെന്നും കഥ.

ഹനൂമാൻ: രണ്ടു തവണ ഹനൂമാൻ മഹാഭാരതത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടു്.

ഒന്നു കല്യാണസൗഗന്ധികം കഥയിൽ. മറ്റൊന്നു് അർജ്ജുനരഥവുമായി ബന്ധപ്പെട്ടു്. അർജ്ജുനരഥത്തിലെ കൊടിയടയാളം ഹനൂമാനായിരുന്നു.  രഥനാശത്തിനു മുമ്പു ഹനൂമാൻ ഇറങ്ങി മറയുന്നു.

കൊടിയില്‍ ലയിച്ചിരുന്നത് അര്‍ജ്ജുനനുമായുള്ള ഒരു തര്‍ക്കം കാരണമാണ് (പത്മപുരാണം).

ഭാരതയുദ്ധത്തിനു മുമ്പായിരുന്നു അത്.

അനന്തരം 05 

ഒരിയ്ക്കൽ ഹനൂമാനും അർജ്ജുനനും കണ്ടുമുട്ടി.

നിങ്ങള്‍ വാനരന്മാരെല്ലാം കൂടിച്ചേര്‍ന്നു പണിത ലങ്കയിലേയ്ക്കുള്ള പാലം ഞാന്‍ ഒറ്റയ്ക്കു പണിയാം, അര്‍ജ്ജുനന്‍ പറഞ്ഞു.

ഞാന്‍ ഒരുത്തന്റെ ഭാരം പോലും താങ്ങാന്‍ അതിനു കഴിയില്ല, ഹനൂമാന്‍ പറഞ്ഞു. എന്റെ ഭാരം താങ്ങുന്ന പാലം പണിതാല്‍ ഞാന്‍ യുദ്ധസമയത്തു നിന്റെ കൊടിമരത്തില്‍ രഥത്തിന്റെ സുരക്ഷയ്ക്കായി ഇരിയ്ക്കാം. പാലം എന്റെ ഭാരം താങ്ങിയില്ലെങ്കില്‍ നീ അഗ്നിയില്‍ ചാടി മരിയ്ക്കണം.

അര്‍ജ്ജുനന്‍ ചിറ കെട്ടി. ഹനൂമാന്‍ അതിന്റെ മേലെ നടന്നു. പാലം തകര്‍ന്നു സമുദ്രത്തില്‍ വീണു.

അര്‍ജ്ജുനന്‍ ആത്മാഹൂതിയല്ലാതെ മറ്റു നിവൃത്തിയില്ല എന്ന നിലയിലായി.

പെട്ടെന്നു ശ്രീകൃഷ്ണന്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അര്‍ജ്ജുനനോടു വീണ്ടും പാലം പണിയാന്‍ ആവശ്യപ്പെട്ടു. അര്‍ജ്ജുനന്‍ പാലം പുനര്‍നിര്‍മ്മിച്ചു. ഭഗവാന്‍ ആ പാലത്തില്‍ ഒന്നു തൊട്ടു. എന്നിട്ടു ഹനൂമാനോടു പറഞ്ഞു:

ഇനി ഒന്നു നടന്നു നോക്കൂ.

ഹനൂമാന്‍ പല തവണ നടന്നു. പാലത്തിന് ഒരു കുലുക്കവുമില്ല.

വിശ്വസിയ്ക്കാനാവാതെ ഹനൂമാന്‍ ഭഗവാനെ നോക്കി.

ശ്രീകൃഷ്ണന്റെ സ്ഥാനത്തു ശ്രീരാമന്‍!

ശസ്ത്രചാപങ്ങളുമായി പീതാംബരമുടുത്ത്, വനമാലിയായ അയോദ്ധ്യാചക്രവര്‍ത്തി! തര്‍ക്കം അവിടെ തീര്‍ന്നു.

യുദ്ധം തുടങ്ങിയപ്പോള്‍ പ്രതിജ്ഞ പാലിയ്ക്കാന്‍ ഹനൂമാന്‍ രഥത്തിന്റെ കൊടിയില്‍ വിലയം ചെയ്തു. ഹനൂമാന്‍ കാരണം രഥത്തിന്റെ 

ഗതിവിഗതിയ്ക്കു തടസ്സം നേരിട്ടില്ല. ശ്രീകൃഷ്ണന്‍ കാരണം അതിനു എതിരാളികള്‍ എയ്ത ദിവ്യാസ്ത്രങ്ങളില്‍ നിന്നും ക്ഷതമേറ്റില്ല.

അര്‍ജ്ജുനനു കപിദ്ധ്വജന്‍ എന്ന പേരു വന്നത് (കപി = വാനരന്‍, ധ്വജം = കൊടി/കൊടിമരം/അടയാളം) ഹനൂമദ്സാന്നിദ്ധ്യം കാരണമാണ്.

ഹനൂമാന്റെ സാന്നിദ്ധ്യം അര്‍ജ്ജുനനു യുദ്ധത്തില്‍ ആവശ്യമായിരുന്നു. 

ദ്രോണാചാര്യർ (ഭരദ്വാജമുനിയുടെ മകൻ) ബൃഹസ്പതിയുടെ അവതാരമാണെന്നു് ഒരു കഥയുണ്ട്. ദ്രോണർക്കു പാഞ്ചാലനോടു മാത്രമായിരുന്നില്ല പക. ബൃഹസ്പതിയുടെ ഭാര്യയായ താരയെ ഒരിയ്ക്കൽ ചന്ദ്രദേവൻ അപഹരിച്ചു കൊണ്ടുപോയി. ആ ബന്ധത്തിൽ നിന്നു താരയ്ക്കു ജനിച്ചതാണു ബുധൻ. പിന്നീടു താര മടങ്ങിവന്നെങ്കിലും ബൃഹസ്പതിയ്ക്കു ചന്ദ്രനോടു പകയുണ്ടായി. ദ്രോണരായി ഭൂമിയിൽ എത്തിയപ്പോൾ ചന്ദ്രനോടുള്ള വൈരം ചന്ദ്രപുത്രനായ വർച്ചസ്സിന്റെ അവതാരമായ അഭിമന്യുവിന്റെ നേർക്കായി. പത്മവ്യൂഹത്തിൽ വച്ചു് അഭിമന്യുവിനെ വധിയ്ക്കാൻ മുൻകൈ എടുത്തതു് അതു കാരണമാണത്രെ.

ശ്രീകൃഷ്ണനാണു സകലതിനും ചുക്കാൻ പിടിയ്ക്കുന്നതു്. ആ വക്രബുദ്ധി ശകുനിയുടേതിനെക്കാൾ കേമമായിരുന്നു.

എഴുത്തച്ഛന്റെ വരികളിലൂടെ: 

തുളസീമാല പൂണ്ട സുന്ദരന്‍ നന്ദാത്മജന്‍-

വിളയാട്ടുകളെത്ര വിചിത്രമോര്‍ക്കുന്തോറും 

[നന്ദാത്മജന്‍വിളയാട്ടുകള്‍ (ഇതു് ഒറ്റവാക്കാണു്) = ശ്രീകൃഷ്ണന്റെ വിളയാട്ടുകള്‍ (ലീലകള്‍)- ഐഷികപര്‍വ്വം] 

ഇതു തന്നെയാണു ഭാരതയുദ്ധം കഴിഞ്ഞു മടങ്ങിയെത്തുന്ന ശ്രീകൃഷ്ണനെ പറ്റി ഭാഗവതത്തില്‍ പറയുന്നതും:

 

[ഭൂമിയ്ക്കു ഭാരത്തിനായ് പിറന്ന സേനാബല-

സീമാതിക്രമാക്രമപ്രക്രമര്‍ ഭൂപന്മാര്‍ക്കെല്ലാം

വഹ്നിയ്ക്കു കാറ്റെന്ന പോല്‍ വളര്‍ത്തി വൈരം പര-

മന്യോന്യം വധിപ്പിച്ചിട്ടടങ്ങീ നിരായുധന്‍

 

ശ്രീമദ്‌ഭാഗവതകേരളഭാഷാഗാനം--മുഴങ്ങോട്ടുവിള കൃഷ്ണപിള്ള രചിച്ച ഭാഗവതം സമൂലവിവര്‍ത്തനം. 1.11.35

******

സീമ= അതിരു്; അതിക്രമ = (അതിരു) കടന്ന; അക്രമം = ക്രമരഹിതമായ പ്രവൃത്തി; പ്രക്രമര്‍ = ആരംഭിയ്ക്കുന്നവര്‍:;

സീമാതിക്രമാക്രമപ്രക്രമര്‍ = അതിരറ്റ അക്രമങ്ങള്‍ തുടങ്ങുന്നവര്‍]

 

മറ്റൊരു ഭാഗവതവ്യാഖ്യാനത്തിlലും എകദേശം ഇങ്ങനെ തന്നെ. കൃഷ്ണൻ കാട്ടുതീ പടർത്തുന്ന കാറ്റാണു്. ഒരായുധവുമെടുക്കാതെ, വളരെ വൈദഗ്ദ്ധ്യത്തോടെ, മുളങ്കൂട്ടം ഉരസിയുണ്ടാകുന്ന തീ, കാറ്റു പടര്‍ത്തുമ്പോൾ, കാടു കത്തിയെരിയ്ക്കുന്നതു പോലെ, രാജാക്കന്മാരെ നിരായുധനായ കൃഷ്ണൻ തമ്മിലടിപ്പിച്ചു വധിച്ചു. 

എഴുത്തച്ഛന്റെ ഗാന്ധാരി ശ്രീകൃഷ്ണനോടു നേരിട്ടു പറയുന്നതും മറ്റൊന്നല്ല:

 

പാങ്ങായൊരു പുറം നിന്നു നീ പോരതില്‍

നീങ്ങാതഭിമാനികളായ ഭൂപരേ

രണ്ടു പുറത്തുമുള്ളോര്‍കളെ,ക്കൊല്ലിച്ചു-

കൊണ്ടതു മറ്റാരുമല്ല, നീയെന്നിയേ

 

(ഈ വരികള്‍ മറ്റൊരിടത്തും ഈ ലേഖനത്തിലുണ്ടു്). 

അതേ സമയം, അർഹിയ്ക്കുന്ന ശിക്ഷകളാണു ഭഗവാൻ നൽകുന്നതു്. രക്ഷിയ്ക്കേണ്ടവരെ രക്ഷിയ്ക്കുന്നു. 

അക്ഷൗഹിണി: 21,870 ആനകള്‍, 21,870 തേര്‍പ്പോരാളികള്‍, 65,610 കുതിരപ്പടയാളികള്‍, 1,09,350 കാലാള്‍ ഇവ ചേരുന്നതാണു് ഒരു അക്ഷൗഹിണി.

കൗരവസൈന്യം: കൗരവരുടെ അക്ഷൗഹിണിയെ നയിച്ച രാജാക്കന്മാര്‍:

ഭഗദത്തന്‍ (പ്രാഗ്ജ്യോതിഷം)

ശല്യര്‍ (മാദ്രം)

നീലന്‍ (മാഹിഷ്മതി)

കൃതവര്‍മ്മന്‍ (ശ്രീകൃഷ്ണസേനയുടെ തലവന്‍)

ജയദ്രഥന്‍ (സൈന്ധവം)

സുദക്ഷിണന്‍ (കാംബോജം)

വിന്ദന്‍, അനുവിന്ദന്‍ (അവന്തി)

ശ്രുതായുധന്‍ (കലിങ്ഗം)

ശകുനി (ഗാന്ധാരം)

സുശര്‍മ്മാവു് (ത്രിഗര്‍ത്തം)

ദുര്യോധനന്‍ (ഹസ്തിനപുരം) 

ഭീഷ്മര്‍ പത്തു ദിവസവും ദ്രോണര്‍ അഞ്ചു ദിവസവും കര്‍ണ്ണന്‍ രണ്ടു ദിവസവും ശല്യര്‍ ഒരു ദിവസവും കൗരവപ്പടയെ നയിച്ചു. പതിനെട്ടാം ദിവസം ദുര്യോധനനെ ഭീമന്‍ ഗദായുദ്ധത്തില്‍ വീഴ്ത്തി. ദ്രോണപുത്രനായ അശ്വത്ഥാമാവിനെ ദുര്യോധനന്‍ നാമമാത്രമായി പടനായകനാക്കി. അപ്പോഴേയ്ക്കും യുദ്ധം തീര്‍ന്നിരുന്നു. പിന്നീടു പാണ്ഡവകുടീരത്തിലെ കൂട്ടസംഹാരം മാത്രം. 

പാണ്ഡവസൈന്യം: എഴ് അക്ഷൗഹിണികളുണ്ടായിരുന്നു പാണ്ഡവര്‍ക്ക്. അവയുടെ നായകര്‍:

സാത്യകി (വൃഷ്ണി)

കുന്തിഭോജന്‍ (ഭോജം)

ധൃഷ്ടകേതു (ചേദി)

ദ്രുപദന്‍ (പാഞ്ചാലം)

വിരാടന്‍ (മാത്സ്യം)

പാണ്ഡ്യന്‍, ചോളന്‍, രാക്ഷസന്മാര്‍ തുടങ്ങിയവര്‍ ചേര്‍ന്നു മറ്റൊരു അക്ഷൗഹിണി]

രഥി = 5000 പടയാളികളെ നയിയ്ക്കുന്നവൻ (ഉദാ: ശകുനി, 98 കൗരവർ, ലക്ഷ്മണൻ, യുധിഷ്ഠിരൻ, നകുലൻ, സഹദേവൻ, ശിഖണ്ഡി)

ദുര്യോധനനും ഭീമനും  എട്ടു രഥികൾക്കു തുല്യരായിരുന്നത്രെ.

അതിരഥി/അതിരഥൻ = 12 രഥികളെ നയിയ്ക്കുന്നവൻ (ഉദാ: ശല്യർ, കൃതവർമ്മൻ, കൃപാചാര്യർ, സാത്യകി, പാഞ്ചാലർ, ഘടോത്കചൻ)

മഹാരഥി/മഹാരഥൻ =  12 അതിരഥികളെ നയിയ്ക്കുന്നവൻ (ഉദാ: ഭഗദത്തൻ, ദ്രോണാചാര്യർ, കർണ്ണന്റെ മകൻ വൃഷസേനൻ, പാഞ്ചാലീപുത്രർ, വിരാടൻ, ദ്രുപദൻ)

ഭീഷ്മർ, കർണ്ണൻ, അർജ്ജുനൻ, അഭിമന്യു എന്നിവർ രണ്ടു മഹാരഥികൾക്കു തുല്യരായിരുന്നു.

മറ്റൊരു നിർവ്വചനം:

മഹാരഥന്‍ = യുദ്ധത്തില്‍ ഒറ്റയ്ക്കു 10,000 പോരാളികളെ നേരിടുന്നവന്‍; അതിരഥൻ = തേരാളി ഇല്ലാത്ത അവസരത്തിൽ സ്വയം തേരു തെളിച്ചു യുദ്ധം ചെയ്യുന്നവൻ

മഹാരഥനും അതിരഥനും ഒന്നു തന്നെ എന്നും പറയപ്പെടുന്നു. 

[സുയോധനന്‍ (നല്ല/സമർത്ഥനായ യോദ്ധാവു്) എന്ന ധൃതരാഷ്ട്രപുത്രനാണു ദുര്യോധനന്‍ (തോല്പിയ്ക്കപ്പെടാന്‍ കഴിയാത്ത യോദ്ധാവു്) എന്നറിയപ്പെട്ടതു്]. 

രാജാവിന്റെ ചിട്ടകൾ: രാജധർമ്മം എന്തെന്നു ഭീഷ്മർ വിവരിയ്ക്കുന്നുണ്ടു്. ധൃതരാഷ്ട്രർ രാജസ്ഥാനത്തിനു് അർഹനല്ലാതായതു അന്ധത്വം കൊണ്ടാണു് എന്നതു മാത്രമല്ലായിരിയ്ക്കാം കാരണം.

യുദ്ധവേളയിൽ മുന്നിൽ നിന്നു പട നയിയ്ക്കേണ്ട ആളാണു രാജാവു്. ധൃതരാഷ്ട്രർക്കു് അതിനു കഴിയില്ലല്ലൊ. പ്രധാനകാരണം അതായിരിയ്ക്കാം. ഒരു പക്ഷെ, താഴെപ്പറയുന്ന കാരണങ്ങളും കൂട്ടിച്ചേർത്തു വായിയ്ക്കുന്നതു നന്നായിരിയ്ക്കും. അഗ്നിപുരാണത്തിൽ രാജാവിന്റെ ഒരു ദിവസത്തെ ചിട്ടകൾ എങ്ങനെയായിരിയ്ക്കണം എന്നു പറയുന്നുണ്ട്: 

-സൂര്യോദയത്തിനു് ഏഴര നാഴിക മുമ്പു് ഉണരണം

-ചാരന്മാരുമായി സംഭാഷണം നടത്തണം. (ചാരന്മാരെ രാജാവു തന്നെ നിയമിയ്ക്കണം എന്നു് അലിഖിതമായ നിയമമുണ്ടായിരുന്നു. അവർ ആരൊക്കെ എന്നു രാജാവു മാത്രമേ അറിയാവൂ)

-സാമ്പത്തികാവലോകനം. (വരുമാനം, ചിലവു്, കിട്ടേണ്ടതു്, കൊടുക്കേണ്ടതു്, ശംബളം, ദാനത്തിനുള്ള വക, ഇങ്ങനെ പലതും).

-ശൗചസ്നാനാദികൾ (അതു കഴിഞ്ഞു ലളിതമായ വസ്ത്രധാരണം)

-പ്രഭാതപൂജകൾ

-ബ്രാഹ്മണർക്കു ഗോദാനം, സ്വർണ്ണദാനം. ബ്രാഹ്മണരുടെ ആശീർവാദം സ്വീകരിയ്ക്കൽ.

-രാജകീയവസ്ത്രധാരണം, കിരീടധാരണം

-കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കാണുക

-ഒരു സ്വർണ്ണപ്പാളി (കഷണം, ചീളു്) ഇട്ട പാത്രത്തിൽ നെയ്യു നിറച്ചു്, അതിൽ സ്വന്തം പ്രതിബിംബം കാണുക

-ജ്യോതിഷപ്രവചനം പരിശോധിയ്ക്കുക

-കൊട്ടാരവൈദ്യന്മാർ നിർദ്ദേശിച്ച മരുന്നുകൾ സേവിയ്ക്കൽ

-കുലഗുരുവിനെ വന്ദിയ്ക്കൽ

-സിംഹാസനത്തിലിരുന്നു രാജ്യകാര്യങ്ങൾ നടത്തുക (എപ്പോൾ ഭക്ഷണം, കുടുംബകാര്യങ്ങൾ, ഉറക്കം എന്നു വ്യക്തമാക്കിയിട്ടില്ല. അതൊക്കെ ദിനചര്യകളുടെ ഭാഗമായി നടത്തിയിരുന്നു എന്നു കരുതാം) 

മേൽപറഞ്ഞതെല്ലാം സ്വയം ചെയ്യേണ്ടതാണു്. കുളിയ്ക്കും ജപത്തിനും മുമ്പു നിലനില്പിന്റെ ഭാഗമായ ഈ രണ്ടു കാര്യങ്ങൾ ചെയ്യുന്നു എന്നതു ശ്രദ്ധേയമാണു്:

-ചാരന്മാരെ കാണുക (സ്വന്തജീവനും രാജ്യത്തിനും ഭീഷണിയില്ല എന്നുറപ്പു വരുത്തുക),

-സാമ്പത്തികസ്ഥിതിയ്ക്കു കുഴപ്പമില്ല എന്നുറപ്പു വരുത്തുക.

അഗ്നിപുരാണത്തിൽ പറഞ്ഞിരിയ്ക്കുന്ന ചിട്ടകൾ കൗരവകാലത്തു് ഉണ്ടായിരുന്നോ എന്നറിവില്ല. 

പക്ഷെ, പാണ്ഡുവിന്റെ വനവാസം മുതൽ യുധിഷ്ഠിരന്റെ അഭിഷേകം വരെ ധൃതരാഷ്ട്രരാണു ഹസ്തിനപുരത്തെ രാജാവു്. ഭരിച്ചതു ദുര്യോധനനും. 

****** 

അനന്തരം 06 

ഭാരതയുദ്ധത്തിന്റെ നാൾവഴികൾ (മുഖ്യകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ചുരുക്കം): 

യുദ്ധത്തിലുടനീളം ഇരുവശത്തുമുള്ള എണ്ണമറ്റ സാധാരണപടയാളികൾ കൊല്ലപ്പെടുന്നുണ്ടു്. 

ഒന്നാം ദിവസം: ഭീഷ്മർ കൗരവസേനയെ നയിച്ചു. പ്രായാധിക്യത്താൽ ഭീഷ്മർക്കു സംരക്ഷണം നൽകാൻ കൗരവമുഖ്യർ.

ഭീമനാണു പാണ്ഡവരുടെ തലപ്പത്തു്.

കർണ്ണന്റെ പശ്ചാത്തലമറിയാവുന്ന ഭീഷ്മർ, കുന്തീപുത്രന്മാർ പരസ്പരം രക്തം ചിന്തേണ്ട എന്നു കരുതി കർണ്ണനെ യുദ്ധത്തിൽ നിന്നു് ഒഴിവാക്കി. പത്താം ദിവസം ഭീഷ്മർ വീണ ശേഷം പതിനൊന്നാം ദിവസമാണു കർണ്ണൻ ഭാരതയുദ്ധത്തിൽ പങ്കെടുക്കുന്നതു്.

ദുഃഖത്താൽ തളർന്ന അർജ്ജുനനു ശ്രീകൃഷ്ണന്റെ ഗീതോപദേശം.

ഘോരമായ പല ഏറ്റുമുട്ടലുകളൂം നടന്നു. ദുശ്ശാസന-നകുലയുദ്ധം, ശല്യ-യുധിഷ്ഠിരയുദ്ധം.

ധൃഷ്ടദ്യുമ്നൻ ദ്രോണരെ നേരിട്ടു.

ഉച്ചയോടെ വിരാടരാജകുമാരനായ ഉത്തരനെ ശല്യർ വധിച്ചു. ശക്തമായി തിരിച്ചടിച്ച വിരാടപുത്രനായ ശ്വേതനെ ഭീഷ്മർ വധിച്ചു. ശ്വേതന്‍ പാണ്ഡവസൈന്യത്തിന്റെ പടനായകൻ എന്നു തോന്നിയ്ക്കുമാറു വീരപ്രകടനം നടത്തി.

ഭീഷ്മരുടെ അസ്ത്രപാടവം പാണ്ഡവസൈന്യത്തെ അസ്തപ്രജ്ഞരാക്കി.

ഒന്നാം ദിവസം പൊതുവെ പാണ്ഡവർക്കു് അനുകൂലമല്ലായിരുന്നു.

അന്നു രാത്രിയിൽ ദ്രുപദന്റെ പുത്രൻ ധൃഷ്ടദ്യുമ്നൻ പാണ്ഡവനായകനായി.

രണ്ടാം ദിവസം: തീവ്രമായ ഭീഷ്മാർജ്ജുനയുദ്ധം. ദ്രോണരെ ധൃഷ്ടദ്യുമ്നൻ കഠിനമായ പോരിൽ വലച്ചു. കലിങ്ഗരാജാവു ഭീമനുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു. ഭീമന്റെ അസ്ത്രപാടവം ഭീഷ്മരെയും വലച്ചു. ഭീഷ്മർക്കു കുതിരകളെ നഷ്ടമായി.

കലിങ്ഗരാജാവു ശ്രുതായുസ്സു്, പുത്രൻ ഭാനുമത്, കലിങ്ഗവീരന്മാരായ സത്യദേവൻ, സത്യൻ, നിഷാദരാജകുമാരൻ കേതുമത് എന്നിവരെ ഭീമൻ വധിച്ചു.

മൂന്നാം ദിവസം: ഗരുഡരൂപത്തിൽ കൗരവവ്യൂഹം. ചന്ദ്രക്കലാവ്യൂഹം തീർത്തു പാണ്ഡവർ. അഭിമന്യുവും സാത്യകിയും ശകുനിയെ തോൽപ്പിച്ചു. ഭീമന്റെയും ഘടോത്ക്കചന്റെയും ആക്രമണത്തിൽ ദുര്യോധനൻ ബോധരഹിതനായി. തേരാളി രഥം മാറ്റിയോടിച്ചു ദുര്യോധനനെ രക്ഷിച്ചു. ചിതറിയ ദുര്യോധനസൈന്യത്തെ ഭീഷ്മർ കൂട്ടിനിർത്തി.

ഭീഷ്മർ പാണ്ഡവരോടു് അനുകമ്പ കാട്ടുന്നുവോ എന്നു ദുര്യോധനനു സംശയം. ദുര്യോധനന്റെ പരുഷവർത്തമാനം കേട്ടാവാം, ഭീഷ്മർ പാണ്ഡവർക്കു മേൽ കഠിനമായ ആക്രമണം അഴിച്ചുവിട്ടു. അർജ്ജുനൻ ഭീഷ്മരുടെ വില്ലുകൾ മുറിച്ചു.

കൗരവപ്പട അർജ്ജുനനെയായിരുന്നു നോട്ടമിട്ടതു്. അർജ്ജുനനും ശ്രീകൃഷ്ണനും ഭീഷ്മരുടെ അമ്പുകൾകൊണ്ടു മുറിവേറ്റു.

അർജ്ജുനൻ രണഭൂമിയിൽ വേണ്ടത്ര ശോഭിച്ചില്ല.

ഭീഷ്മപിതാമഹന്റെ അമ്പരിപ്പിയ്ക്കുന്ന ആക്രമണം കണ്ടു പരിഭ്രാന്തനും കോപാകുലനുമായ ശ്രീകൃഷ്ണൻ ഊരി വീണ ഒരു രഥചക്രവുമായി പിതാമഹനെ വധിയ്ക്കാൻ പാഞ്ഞടുത്തു. ശ്രീകൃഷ്ണന്റെ കയ്യാൽ കൊല്ലപ്പെടാൻ തയ്യാറായിക്കൊണ്ടു് ഭീഷ്മർ അസ്ത്രശസ്ത്രങ്ങൾ താഴെയിട്ടു ഭഗവാനെ വന്ദിച്ചു നിന്നു. പ്രതിജ്ഞ ഓർമ്മിപ്പിച്ചു കൊണ്ടു് അർജ്ജുനൻ ശ്രീകൃഷ്ണനെ പിന്തിരിപ്പിച്ചു: അങ്ങു് ആയുധമെടുക്കാൻ പാടില്ല. ഇതെന്റെ ജോലിയാണു്. ഞാൻ കൂടുതൽ ഉത്സാഹത്തോടെ യുദ്ധം ചെയ്യാം.

അതായിരുന്നു ശ്രീകൃഷ്ണന്റെ ലക്ഷ്യവും. അർജ്ജുനന്റെ മികവു യുദ്ധത്തിൽ കാണാൻ അതുവരെ കഴിഞ്ഞില്ല. ഭഗവാൻ തിരികെ രഥത്തിൽ കയറി.

രണ്ടു ഭാഗത്തും പ്രധാനികൾ കൊല്ലപ്പെട്ടില്ല.

മൂന്നാം ദിവസം മുൻതൂക്കം പാണ്ഡവർക്കു്.

നാലാം ദിവസം: ദുര്യോധനൻ അയച്ച ആനകളെ ഭീമൻ ഗദ ഉപയോഗിച്ചു വിരട്ടിയോടിച്ചു. പരക്കം പാഞ്ഞ ആനകളുടെ ചവിട്ടേറ്റു കൗരവസൈന്യത്തിലെ പടയാളികൾ കൊല്ലപ്പെട്ടു.

രണ്ടു കൂട്ടർക്കും വലിയ നാശങ്ങൾ.

ഭീമന്റെ പ്രതിജ്ഞ (എല്ലാ കൗരവരെയും ഭീമൻ സ്വയം വധിയ്ക്കും എന്നത്) നിറവേറ്റാൻ മറ്റു പാണ്ഡവർ ദുര്യോധനന്റെ സഹോദരന്മാരെ വധിച്ചില്ല.

ദുര്യോധനന്റെ എട്ടു സഹോദരരെ ഭീമൻ വധിച്ചു. ഹിമാലയപ്രാന്തങ്ങളിലുള്ള രാജാക്കന്മാർ (കൗരവപക്ഷം) നാലുകൊമ്പുള്ള ആനകളെ ഉപയോഗിച്ചു.

ശല്യരുടെ മകനെ ധൃഷ്ടദ്യുമ്നൻ വധിച്ചു.

അർജ്ജുനൻ തിളക്കമാർന്നു തുടങ്ങി.

പാണ്ഡവരെക്കാൾ നല്ല സൈന്യമുണ്ടായിട്ടും എന്തുകൊണ്ടു് അവർക്കു മേൽക്കൈ കിട്ടുന്നു എന്നു ദുര്യോധനൻ ചോദിച്ചപ്പോൾ ഭീഷ്മർ പറഞ്ഞു: നീതി അവർക്കൊപ്പമാണു്. നീ സന്ധിയ്ക്കു ശ്രമിയ്ക്കുക.

അഞ്ചാം ദിവസം: സാത്യകിയെ ദ്രോണരിൽ നിന്നു ഭീമൻ സമയോചിതമായി രക്ഷപ്പെടുത്തി.

സാത്യകിയുടെ അഞ്ചു പുത്രന്മാരെ ഭൂരിശ്രവസ്സു് ഇല്ലായ്മ ചെയ്തു.

ഭീമൻ ഭീഷ്മരോടു സമർത്ഥമായി പൊരുതി താൻ അസ്ത്രവിദ്യയിൽ മോശക്കാരനല്ല എന്നു തെളിയിച്ചു.

അർജ്ജുനൻ കുരുസൈന്യത്തെ തുടച്ചു നീക്കിക്കൊണ്ടിരുന്നു.

ആറാം ദിവസം: പാണ്ഡവർക്കു ദ്രോണരുടെ കയ്യാൽ വലിയ സൈന്യനാശം.

ഭീമൻ ദുര്യോധനനെ പരാജയപ്പെടുത്തി.

മനുഷ്യക്കുരുതി നടന്നു കൊണ്ടേയിരുന്നു.

വീണ്ടും പാണ്ഡവർക്കു മേൽക്കൈ.

ഏഴാം ദിവസം: വിരാടരാജപുത്രൻ ശങ്ഖനെ ദ്രോണർ വധിച്ചു.

അഭിമന്യുവിനു ദുര്യോധനന്റെ അനുജന്മാരായ നാലു പേരെ (വികർണ്ണൻ, വിദ്യുജ്ജിഹ്വൻ, ചിത്രസേനൻ, ദുർമ്മർഷണൻ) വധിയ്ക്കാൻ അവസരം. പക്ഷെ ഭീമനു വേണ്ടി അവരെ ഒഴിവാക്കി.

കൗരവർക്കു മേൽക്കൈ.

എട്ടാം ദിവസം: ഭീമൻ വധിച്ചതു പതിനാറു ധൃതരാഷ്ട്രപുത്രരെ. ശകുനിയുടെ അഞ്ചു സഹോദരന്മാരെ ഇരാവാൻ വധിച്ചു.

ദുര്യോധനൻ നാലു രാക്ഷസരെ വധിച്ചു

ഇരാവാനെ അലംബുഷൻ എന്ന രാക്ഷസൻ വധിച്ചു.

ആകപ്പാടെ കൗരവർക്കു മോശമായ ദിവസം.

ഒമ്പതാം ദിവസം: ഭീഷ്മാസ്ത്രങ്ങളാൽ പാണ്ഡവപ്പടയ്ക്കു കനത്ത നാശം. അർജ്ജുനന്റെ പ്രകടനം ശ്രീകൃഷ്ണനെ നിരാശപ്പെടുത്തി. ഭീഷ്മരെ എതിർക്കാൻ അർജ്ജുനനു മടിയുള്ളതു പോലെ. ഒരു രഥചക്രവുമായി ഭീഷ്മർക്കു നേരെ ഭഗവാൻ വീണ്ടും കുതിച്ചു. അർജ്ജുനൻ വീണ്ടും ഇടപെട്ടു പിന്തിരിപ്പിച്ചു. ശിഖണ്ഡിയുടെ മറവിൽ ഭീഷ്മരെ എതിരിടാൻ അർജ്ജുനനെ ശ്രീകൃഷ്ണൻ ഉപദേശിച്ചു. (സ്ത്രീയോടും സ്ത്രീയായിരുന്ന ആളിനോടും സ്ത്രീസദൃശനോടും താൻ യുദ്ധം ചെയ്യില്ല എന്ന രഹസ്യം അന്നു രാവിൽ ഭീഷ്മരെ കാണാൻ പോയ യുധിഷ്ഠിരനോടു ഭീഷ്മർ തന്നെ വെളിപ്പെടുത്തിയിരുന്നുവെന്നും അങ്ങനെ മാത്രമേ തന്നെ പോരിൽ വീഴ്ത്താനാവു എന്നു പറഞ്ഞെന്നും കഥയുണ്ടു്).

പത്താം ദിവസം: ഭീഷ്മരുടെ അസ്ത്രപ്രവാഹം പാണ്ഡവർക്കു് അസഹനീയമായി. ശിഖണ്ഡിയെ മുന്നിൽ നിർത്തി അർജ്ജുനൻ പിതാമഹനെ വീഴ്ത്തി. ശരീരത്താകെ ശരങ്ങളേറ്റു്, നിലം തൊടാതെ ഭീഷ്മർ വീണു. ഹസ്തിനപുരം സ്ഥിരത ആർജ്ജിയ്ക്കുമ്പോൾ മാത്രമേ താൻ ജീവൻ ത്യജിയ്ക്കൂ എന്നു പിതാവു ശന്തനുവിനു ഭീഷ്മർ വാക്കു നല്കിയിരുന്നു. അതു മാനിച്ചുള്ള പിതാവിന്റെ  അനുഗ്രഹം വരദാനമായി. ഉത്തരായനകാലത്തെ ആ ദിനം കാത്തു്, സ്വേച്ഛപ്രകാരം മരിയ്ക്കാൻ (ഇച്ഛാമൃത്യു) പിതാമഹൻ അമ്പുകളുടെ മേൽ കിടന്നു.

പിതാമഹൻ വീണതറിഞ്ഞു രണ്ടു കൂട്ടരും അന്നത്തെ യുദ്ധം അവസാനിപ്പിച്ചു. അവർ അദ്ദേഹത്തിനു ചുറ്റും കൂടി.

അർജ്ജുനൻ കൂടുതൽ അമ്പുകളെയ്തു ശരശയ്യ തീർത്തു. മൂന്നു് അമ്പുകൾ കൂടി എയ്തു് അദ്ദേഹത്തിന്റെ തല ഉയർത്തി നിർത്തി. മറ്റൊരമ്പു കൊണ്ടു ഭൂമിയിൽ നിന്നും ഗങ്ഗാജലം പിതാമഹന്റെ വായിലേയ്ക്കു് ഒഴുക്കി.

അവർ പോയിക്കഴിഞ്ഞപ്പോൾ കർണ്ണൻ വന്നു.

കർണ്ണാ, നീ രാധേയനല്ല, കൗന്തേയനാണു്, ഭീഷ്മർ വാത്സല്യത്തോടെ കർണ്ണനോടു പറഞ്ഞു. (കുട്ടികൃഷ്ണമാരാർ, ഭാരതപര്യടനം). പ്രസിദ്ധമായ ഒരു സമാഗമം.

മഹാനായ ഗങ്ഗാപുത്രനു് അന്നു മുതൽ അമ്പത്തിയാറു ദിവസത്തെ ശരശയ്യ.

പതിനൊന്നാം ദിവസം: കർണ്ണൻ ആദ്യമായി യുദ്ധരങ്ഗത്തു്.

കർണ്ണന്റെ അഭിപ്രായപ്രകാരം ദ്രോണർ പടനായകൻ.

ദ്രുപദന്റെ പുത്രന്മാരായ വ്യാഘ്രദത്തൻ, സിംഹസേനൻ എന്നിവർ ദ്രോണരാൽ കൊല്ലപ്പെട്ടു. 

വിലപേശലിനായി യുധിഷ്ഠിരനെ തടവിലാക്കൻ ദുര്യോധനനു മോഹം. ദ്രോണാചാര്യർ അതിൽ ഏറെക്കുറെ വിജയിയ്ക്കുമെന്നായ ഘട്ടത്തിൽ വില്ലാളിവീരനായ അർജ്ജുനൻ ജ്യേഷ്ഠന്റെ രക്ഷയ്ക്കെത്തി. ദ്രോണർ അർജ്ജുനനോടു തോറ്റു പിൻവാങ്ങി.

പന്ത്രണ്ടാം ദിവസം: അർജ്ജുനനുള്ളതു കാരണം യുധിഷ്ഠിരനെ പിടിയ്ക്കുക എളുപ്പമല്ലെന്നു ദ്രോണർ ദുര്യോധനനോടു പറഞ്ഞു. സുശർമ്മാവു്എന്ന രാജാവു നയിയ്ക്കുന്ന സംസപ്തകന്മാർ എന്ന ത്രിഗർത്തസേനയെ അയച്ചു് അർജ്ജുനനെ അകറ്റാൻ ദ്രോണർ ശ്രമിച്ചു. അതികായനായ സുപ്രതീകൻ എന്ന തന്റെ ആനപ്പുറത്തു കയറി വന്ന ഭഗദത്തൻ എന്ന പ്രാഗ്ജ്യോതിഷരാജാവ് ഇതിനിടയിൽ ഭീമനെയും അഭിമന്യുവിനെയും അജയ്യനെന്നു കരുതപ്പെട്ട സാത്യകിയെയും പരാജയപ്പെടുത്തി പാണ്ഡവർക്കു വളരെ നഷ്ടങ്ങൾ വരുത്തി. നേരിടാനെത്തിയ അർജ്ജുനനെതിരെ ഭഗദത്തൻ നാരായണാസ്ത്രം എയ്തു. മരണം തന്നെ ഇനി എന്നു കരുതി അർജ്ജുനൻ കണ്ണുമടച്ചിരുന്നു. ശ്രീകൃഷ്ണൻ ഉടൻ എഴുന്നേറ്റു അസ്ത്രത്തെ തന്നിൽ ലയിപ്പിച്ചു. അതു പൂമാലയായി ഭഗവാന്റെ കഴുത്തിൽ വീണു. സംസപ്തകരെ തോൽപ്പിച്ചു മുന്നേറിയ അർജ്ജുനൻ ഭഗദത്തനെ വധിച്ചു.

അശ്വത്ഥാമാവിന്റെ കയ്യാൽ മാഹിഷ്മതി രാജാവായ നീലന്റെ മരണം.

ധൃഷ്ടദ്യുമ്നൻ നൈഷധരാജാവായ  ബൃഹദ്ക്ഷത്രനെ കൊന്നു.

ദുര്യോധനപുത്രൻ ലക്ഷ്മണൻ ശിഖണ്ഡിയുടെ മകൻ ക്ഷത്രദേവനെ വധിച്ചു.

തുരുതുരെ രാജാക്കന്മാരെ കൊന്നൊടുക്കി അഭിമന്യുവിന്റെ മുന്നേറ്റം.

യുധിഷ്ഠിരബന്ധനം നടത്താൻ അന്നും ദ്രോണർക്കു കഴിഞ്ഞില്ല. അർജ്ജുനൻ വീണ്ടും തന്റെ ആചാര്യനെ നിഷ്പ്രഭനാക്കി.

പതിമൂന്നാം ദിവസം: ദ്രോണർ ചക്രവ്യൂഹം ചമച്ചു. അതിനകത്തു കയറി പുറത്തിറങ്ങാനറിയാവുന്നതു അർജ്ജുനനും ശ്രീകൃഷ്ണനും മാത്രം.

ചക്രവ്യൂഹത്തിനുള്ളിൽ ദ്രോണർ, കർണ്ണൻ, അശ്വത്ഥാമാവു്, കൃതവർമ്മൻ തുടങ്ങിയവർ അഭിമന്യുവിനോടു് ഏറ്റുമുട്ടി പരാജയപ്പെട്ടു. അഭിമന്യു ദുര്യോധനപുത്രനായ ലക്ഷ്മണൻ, ശകുനിപുത്രനായ കാളികേയൻ, മഗധരാജകുമാരൻ അശ്വകേതു തുടങ്ങി പലരെയും വധിച്ചു. ദ്രോണരുടെ ആജ്ഞയനുസരിച്ചു് എല്ലാവരും (ദ്രോണർ, കർണ്ണൻ, കൃപാചാര്യർ, കൃതവർമ്മൻ) അഭിമന്യുവിനെ വളഞ്ഞാക്രമിച്ചു.

ജയദ്രഥൻ ശിവനിൽ നിന്നു് ഒരു വരം നേടിയിരുന്നു - യുദ്ധത്തിൽ ഒരു ദിവസത്തേയ്ക്കു മാത്രം അജയ്യൻ ആയിരിയ്ക്കുമെന്നും അർജ്ജുനനെയൊഴികെ ആരെയും അന്നു പരാജയപ്പെടുത്താമെന്നുമായിരുന്നു വരം. ചക്രവ്യൂഹത്തിനു പുറത്തു്, ജയദ്രഥൻ തോൽപ്പിച്ചതു ഭീമൻ, സാത്യകി, ധൃഷ്ടദ്യുമ്നൻ, ദ്രുപദൻ എന്നിവരെ. അവർക്കു വ്യൂഹത്തിൽ അഭിമന്യുവിനു തുണയായി എത്താൻ കഴിഞ്ഞില്ല. കർണ്ണൻ നിയമം കാറ്റിൽ പറത്തി പിന്നിൽ നിന്നു് അസ്ത്രമെയ്തു് അഭിമന്യുവിന്റെ വില്ലു മുറിച്ചു. അർജ്ജുനനാവട്ടെ, സുശർമ്മാവു നയിച്ച ത്രിഗർത്തസേനയെ എതിർത്തു മറ്റൊരു ഭാഗത്തായിരുന്നു. വില്ലും അമ്പുകളും നഷ്ടപ്പെട്ട അർജ്ജുനപുത്രൻ ഗദയുമായി പൊരുതി അശ്വത്ഥാമാവിനെ യുദ്ധഭൂമിയിൽ നിന്നോടിച്ചു. കർണ്ണന്റെ മകൻ വൃഷസേനൻ അഭിമന്യുവിനെ പിന്നിൽ നിന്നു മാരകമായി കുത്തി. അവശനായ അഭിമന്യുവിനെ ദുശ്ശാസനന്റെ മക്കളായ ദ്രുമസേനനും വൃഷസേനനും പിന്നീടു പല കൗരവരും പല വശത്തു നിന്നും കുത്തി. ഗദായുദ്ധത്തിൽ വീണ അഭിമന്യുവിന്റെ തലയിൽ ഒരു ദുശ്ശാസനപുത്രൻ ഗദ കൊണ്ടടിച്ചു കൊന്നു. (ഇയാളുടെ പേരു ലഭ്യമല്ല).

വെറും പതിനാറു വയസ്സിൽ അഭിമന്യു ചരിത്രമായി.

അപ്പോഴേയ്ക്കും അർജ്ജുനൻ ത്രിഗർത്തരെ നശിപ്പിച്ചിരുന്നു. അന്നു രാത്രിയിൽ അർജ്ജുനൻ ഒരു പ്രതിജ്ഞയെടുത്തു: നാളെ സൂര്യാസ്തമയത്തിനു മുമ്പു ജയദ്രഥനെ വധിച്ചില്ലെങ്കിൽ ഞാൻ അഗ്നിയിൽ ചാടി മരിയ്ക്കും.

ഇതറിഞ്ഞ ജയദ്രഥൻ ഭയപ്പെട്ടു ദുര്യോധനനോടു താൻ തിരികെ സിന്ധുരാജ്യത്തേയ്ക്കു മടങ്ങാം എന്നു പറഞ്ഞു. അർജ്ജുനനെ നാളെ വധിയ്ക്കും എന്ന ദുര്യോധനൻ ഉറപ്പു നൽകി.

പതിന്നാലാം ദിവസം: ഏറ്റവും ഭീകരമായ ഭാരതയുദ്ധം. അന്നാണു യുദ്ധം പൂർണ്ണമായി വഴി തിരിഞ്ഞു പാണ്ഡവർക്കു് അനുകൂലമാവുന്നതു്.

പാഞ്ചാലകുമാരൻ ചിത്രരഥൻ, കുന്തീസഹോദരൻ പുരുജിത്തു്, ചേദിരാജൻ ധൃഷ്ടകേതു, ധൃഷ്ടദ്യുമ്നന്റെ പുത്രൻ ക്ഷത്രധർമ്മൻ, കേകയരജാവായ ബൃഹദ്ക്ഷത്രൻ, കാശിരാജൻ ശിബി എന്നിവർ ദ്രോണരാൽ കൊല്ലപ്പെട്ടു.

അർജ്ജുനൻ കൃതവർമ്മനെ കൊല്ലാതെ വിട്ടു. (ദ്വാരകയിൽ, ശ്രീകൃഷ്ണന്റെ പടനായകനല്ലേ കൃതവർമ്മാവ്!)

കർണ്ണൻ ഭീമനെ വധിയ്ക്കാതെ വിട്ടു. സാത്യകി ദുശ്ശാസനനെ കൊല്ലാതെ വിട്ടു - ഭീമനു വേണ്ടി.

അശ്വത്ഥാമാവു ചില പാഞ്ചാലരെയും ഘടോത്കചന്റെ പുത്രൻ അഞ്ജനാപർവ്വനെയും ഒരു അക്ഷൗഹിണി രാക്ഷസപ്പടയെയും കുന്തിഭോജന്റെ പത്തു പുത്രന്മാരെയും നാമാവശേഷമാക്കി.

അസ്തമയം വരെയെങ്കിലും ജയദ്രഥനെ രക്ഷിയ്ക്കനായി ദ്രോണർ, കർണ്ണൻ, അശ്വത്ഥാമാവു്, ദുര്യോധനൻ എന്നിവർ അർജ്ജുനനെ എതിരിട്ടുകൊണ്ടിരുന്നു. ജയദ്രഥൻ ജനിച്ചപ്പോൾ ഇവൻ ഒരു വലിയ യുദ്ധവീരനാൽ കൊല്ലപ്പെടും എന്ന അശരീരി മുഴങ്ങിയിരുന്നു. മകന്റെ തല ഭൂമിയിൽ വീഴ്ത്തുന്നതാരോ ആ ആളിന്റെ തല നൂറായി ഛിന്നഭിന്നമാകട്ടെ എന്നു ജയദ്രഥന്റെ പിതാവു് സിന്ധുരാജാവു വൃദ്ധക്ഷത്രൻ അന്നു ശപിച്ചിരുന്നു. (ജയദ്രഥനെ രാജാവാക്കി വൃദ്ധക്ഷത്രൻ സന്യാസം സ്വീകരിച്ചിരുന്നു).

ദ്രോണർ തീർത്ത കൗരവവ്യൂഹം അതിശക്തമായിരുന്നു. മുന്നിൽ ശകടവ്യൂഹം, അതിനുപിന്നിൽ പത്മവ്യൂഹം, ഏറ്റവും പിന്നിൽ സൂചിവ്യൂഹം. അതിനു പിന്നിൽ ജയദ്രഥനെ ഒളിപ്പിച്ചു നിർത്തി. അർജ്ജുനനെ വധിയ്ക്കാൻ സാധിച്ചില്ലെങ്കിൽ പോലും സന്ധ്യ വരെ തടയുക, ജയദ്രഥനെ രക്ഷിയ്ക്കുക എന്നതായിരുന്നു പദ്ധതി. അങ്ങനെയായാൽ അർജ്ജുനൻ ആത്മഹത്യ ചെയ്യും. ആദ്യത്തെ രണ്ടു വ്യൂഹങ്ങളും തകർത്ത അർജ്ജുനനെ ദുര്യോധനൻ എതിരിട്ടു. അസ്തമയത്തിനു് ഇനി അല്പനേരം മാത്രം. അർജ്ജുനൻ ആത്മഹത്യ ചെയ്യാൻ അഗ്നികുണ്ഡം തയ്യാറാക്കാൻ ശ്രീകൃഷ്ണനോടു് ആവശ്യപ്പെട്ടു. ശ്രീകൃഷ്ണൻ സുദർശനചക്രം കൊണ്ടു സൂര്യനെ മറച്ചു. സൂര്യാസ്തമയമായി എന്നു കൗരപക്ഷത്തിനു തോന്നി. അർജ്ജുനൻ ആത്മഹത്യ ചെയ്യും എന്നു കരുതി കൗരവർ ഉദാസീനത കാട്ടി. ജയദ്രഥൻ പുറത്തു വന്നു. ശ്രീകൃഷ്ണൻ ചക്രം പിൻവലിച്ചപ്പോൾ സൂര്യൻ വീണ്ടും തെളിഞ്ഞു. ശ്രീകൃഷ്ണൻ ആ അവസരം മുതലെടുക്കാൻ അർജ്ജുനനോടു പറഞ്ഞു. (BORI പതിപ്പിൽ ഭഗവാൻ സുദർശനചക്രം ഉപയോഗിയ്ക്കുന്നില്ല).

ഒരു ദിവ്യാസ്ത്രത്താൽ അർജ്ജുനൻ ജയദ്രഥന്റെ തലയറുത്തു. വൃദ്ധക്ഷത്രൻ അപ്പോൾ ധ്യാനത്തിലായിരുന്നു. ശ്രീകൃഷ്ണൻ പറഞ്ഞതു പോലെ, ജയദ്രഥന്റെ അറ്റുപോയ തല അർജ്ജുനൻ തുരുതുരെ അമ്പെയ്തുയർത്തി, ആകാശമാർഗ്ഗം, ദൂരെ ധ്യാനത്തിലിരുന്ന ജയദ്രഥന്റെ പിതാവിന്റെ മടിയിൽ വീഴ്ത്തി. ഞെട്ടി കണ്ണു തുറന്ന അദ്ദേഹം മടിയിൽ വീണതു് എന്തെന്നറിയാതെ അതു തട്ടി താഴെയിട്ടു. ശാപപ്രകാരം തല ഭൂമിയിൽ വീഴ്ത്തുന്ന ആൾക്കാണു മരണം. വൃദ്ധക്ഷത്രന്റെ തല, സ്വന്തം ശാപപ്രകാരം, നൂറു കഷണങ്ങളായി ചിതറി വീണു.

അർജ്ജുനൻ ഒരു അക്ഷൗഹിണിയും തകർത്തു.

ഇരുട്ടിയിട്ടും ദുര്യോധനൻ യുദ്ധം തുടർന്നു.

പാഞ്ചാലീവസ്ത്രാക്ഷേപത്തെ എതിർത്തവരിൽ ഒരാളായിരുന്നു കർണ്ണപുത്രനായ വികർണ്ണൻ. മനസ്സില്ലാമനസ്സോടെ ഭീമൻ വികർണ്ണനെ ഗദാതാഡനത്താൽ കൊന്നു. പത്തു (ഇരുപത്തഞ്ചു് എന്നും ഒരു കഥയിൽ) ദുര്യോധനസഹോദരരെയും വധിച്ചു. ദുശ്ശാസനപുത്രനായ ദുർമ്മർഷണനെ ഭീമൻ കൊന്നു.

ചന്ദ്രനുദിച്ചപ്പോൾ, കവചത്തിനും കുണ്ഡലത്തിനും പകരമായി ഇന്ദ്രൻ (വാസവൻ) കൊടുത്ത ശക്തി എന്ന വേൽ (വാസവശക്തി) കൊണ്ടു കർണ്ണൻ ഘടോത്ക്കചനെ വധിച്ചു. അതു ദുര്യോധനൻ ആവശ്യപ്പെട്ടതു കൊണ്ടായിരുന്നു. അത്രമേൽ ഭീകരമായിരുന്നു ഘടോത്കചൻ വരുത്തിയ നാശം. വീണപ്പോൾ ഘടോത്കചൻ സ്വന്തം ശരീരം പർവ്വതസമാനമാക്കി. ആ ശരീരം വീണു് ഒരു അക്ഷൗഹിണി മുഴുവനും കൊല്ലപ്പെട്ടു. ഒരു തവണ മാത്രം ഉപയോഗിയ്ക്കാൻ കഴിയുന്ന ആ വേൽ തിരികെ ഇന്ദ്രന്റെ പക്കൽ മടങ്ങിയെത്തി. അങ്ങനെ അർജ്ജുനനെ ഇരയാക്കാൻ കരുതി വച്ച ആയുധം എന്നെന്നേയ്ക്കുമായി കർണ്ണനു നഷ്ടപ്പെട്ടു.

പതിനഞ്ചാം ദിവസം:  ദ്രോണർ വിരാടരാജാവിനെയും ദ്രുപദനെയും വധിച്ചു. അശ്വത്ഥാമാവു് ആഗ്നേയാസ്ത്രമെയ്തു പാണ്ഡവരുടെ ഒരു അക്ഷൗഹിണി നശിപ്പിച്ചു.

അർജ്ജുനൻ മഗധരാജാവായ ദണ്ഡധരനെ നിഗ്രഹിച്ചു.

ദ്രോണരെ ചതിച്ചുകൊല്ലാൻ ശ്രീകൃഷ്ണന്റെ നിർദ്ദേശം. അശ്വത്ഥാമാവു് എന്ന ആനയെ കൊല്ലാൻ യുധിഷ്ഠിരൻ, മനോവിഷമത്തോടെയാണെങ്കിലും, ഭീമനോടു പറഞ്ഞു. അതു ചെയ്ത ശേഷം ഭീമൻ, ദ്രോണർ കേൾക്കെ വിളിച്ചു പറഞ്ഞു: അശ്വത്ഥാമാവു കൊല്ലപ്പെട്ടു. ദ്രോണർ സത്യവ്രതനായ യുധിഷ്ഠിരനോടു് അതു ശരിയോ എന്നു ചോദിയ്ക്കുകയും അശ്വത്ഥാമാവു കൊല്ലപ്പെട്ടു, അശ്വത്ഥാമാവു് എന്ന ആന എന്നു യുധിഷ്ഠിരൻ മറുപടി നൽകുകയും ചെയ്തു. വാക്യത്തിന്റെ രണ്ടാം ഭാഗം സേനാനികളുടെ ശങ്ഖനാദത്തിൽ മുങ്ങിപ്പോയി. ദ്രോണർ അതു കേട്ടു ധ്യാനനിരതനായിരിയ്ക്കേ, ധൃഷ്ടദ്യുമ്നൻ അദ്ദേഹത്തെ വീഴ്ത്തി.

ധർമ്മിഷ്ഠനായിരുന്നതിനാൽ, ആ ഗുണം കാരണം യുധിഷ്ഠിരന്റെ രഥം നിലം തൊടുകയില്ലായിരുന്നു. എന്നാൽ ഈ സംഭവത്തോടെ രഥം നിലം തൊട്ടു.

കുപിതനായ അശ്വത്ഥാമാവു സർവ്വസംഹാരിയായ നാരായണാസ്ത്രം പാണ്ഡവപ്പടയുടെ നേർക്കു തൊടുത്തു. ശ്രീകൃഷ്ണൻ എല്ലാവരോടും ആയുധം തറയിൽ വച്ചു നാരായണാസ്ത്രത്തെ വണങ്ങാൻ പറഞ്ഞു. എല്ലാവരും അതനുസരിച്ചു. വന്ദിയ്ക്കുന്നവരെ വെറുതെ വിടുന്ന നാരായണാസ്ത്രം നിഷ്ഫലമായി വൈകുണ്ഠത്തിലെത്തി.

കുന്തി കർണ്ണനോടു മൂത്ത മകനെന്ന നിലയിൽ പാണ്ഡവപക്ഷത്തു ചേരാൻ ആവശ്യപ്പെട്ടു. എന്നാൽ അർജ്ജുനൻ ഒഴികെ മറ്റാരെയും വധിയ്ക്കില്ല എന്ന ഉറപ്പു മാത്രം വീണ്ടും നൽകി കർണ്ണൻ അമ്മയെ തിരിച്ചയച്ചു.

പതിനാറാം ദിവസം: പുതിയ പടനായകൻ കർണ്ണന്റെ സംഹാരതാണ്ഡവം.. കർണ്ണന്റെ ആക്രമണത്തിൽ പാണ്ഡവപ്പടയ്ക്കു ധൃഷ്ടദ്യുമ്നപുത്രനുൾപ്പടെ കനത്ത നഷ്ടങ്ങൾ.

സാരഥ്യത്തിൽ ശ്രീകൃഷ്ണനു തുല്യനായ ശല്യർക്കു കർണ്ണന്റെ തേരാളി ആകേണ്ടി വന്നു. ശല്യർക്കു് അതത്ര പിടിച്ചില്ല.

ധൃതരാഷ്ട്രരുടെ തൊണ്ണൂറ്റിയേഴു മക്കളെ ഭീമൻ വധിച്ചുകഴിഞ്ഞിരുന്നു. പതിനാറാം ദിവസം ഭീമൻ ദുശ്ശാസനനെ കൊന്നു പ്രതിജ്ഞ പാലിച്ചു. മാറു പിളർത്തി ചോര കുടിച്ചു. കുറചു ചോര പാഞ്ചാലിയുടെ മുടിയിൽ പുരട്ടാൻ കൊണ്ടുപോയി. നൂറ്റുവരിൽ ദുര്യോധനൻ മാത്രം ബാക്കി. (പാണ്ഡവർക്കൊപ്പം നിന്ന യുയുത്സുവും!). അന്നോടെ തൊണ്ണൂറ്റിയെട്ടു പേർ ഭീമനാൽ കൊല്ലപ്പെട്ടു.

അർജ്ജുനന്റെ പ്രത്യാക്രമണത്തിൽ കൗരവപ്പടയ്ക്കും കനത്ത നാശം.

പതിനേഴാം ദിവസം: കർണ്ണന്റെ ഉജ്ജ്വലയുദ്ധപാടവം. ഒറ്റയ്ക്കു പാണ്ഡവരുടെ ഒന്നര അക്ഷൗഹിണി ഇല്ലാതാക്കി. യുധിഷ്ഠിരൻ, നകുലൻ, സഹദേവൻ എന്നിവരെ വധിയ്ക്കാമായിരുന്നെങ്കിലും തോല്പിച്ചു വിട്ടതേയുള്ളു. കുന്തിയ്ക്കു കൊടുത്ത വാക്കു പാലിയ്ക്കാൻ വേണ്ടി.

ത്രിഗർത്തരാജാവായ സുശർമ്മനെ മുപ്പത്തിയഞ്ചു മക്കളോടൊപ്പം അർജ്ജുനൻ വീഴ്ത്തി. സുശർമ്മന്റെ മൂന്നു സഹോദരന്മാരെയും കൊന്നു.

കർണ്ണനെ ഭയന്നോടി എന്നു കരുതി യുധിഷ്ഠിരൻ അർജ്ജുനനെ നിന്ദിച്ചു. രൗദ്രഭാവം പൂണ്ട അർജ്ജുനൻ ജ്യേഷ്ഠനെ വെട്ടാൻ വാളെടുത്തു. ശ്രീകൃഷ്ണൻ അർജ്ജുനനെ ശാന്തനാക്കി. സ്വയം ലജ്ജിച്ച സഹോദരന്മാർ പരസ്പരം മാപ്പപേക്ഷിച്ചു.

കർണ്ണന്റെ പടച്ചട്ടയും കർണ്ണകുണ്ഡലവും ഇന്ദ്രൻ നേരത്തെ വശത്താക്കിയിരുന്നു. കര്‍ണ്ണന്‍ ആര്‍ജ്ജിച്ച പുണ്യങ്ങളെല്ലാം ശ്രീകൃഷ്ണന്‍ ബ്രാഹ്മണരൂപത്തില്‍ ചെന്നു ദാനമായി ആവശ്യപ്പെട്ടു സ്വന്തമാക്കിയിരുന്നു.

യുദ്ധം ചെയ്യവേ മണ്ണിൽ രഥചക്രം പുതഞ്ഞപ്പോൾ ശല്യരോടു രഥം തള്ളാന്‍ അപേക്ഷിച്ചു. അതെന്റെ ജോലിയല്ല എന്നു പറഞ്ഞു ശല്യര്‍ രഥത്തിൽ നിന്നിറങ്ങിപ്പോയി. ചക്രം നീക്കാന്‍ മണ്ണിലിറങ്ങിയ കർണ്ണൻ ക്ഷത്രിയധർമ്മമനുസരിച്ചു യുദ്ധം നിർത്താൻ അര്‍ജ്ജുനനോടു പറഞ്ഞു. അർജ്ജുനൻ സമ്മതിച്ചെങ്കിലും ശ്രീകൃഷ്ണൻ അർജ്ജുനനോടു പറഞ്ഞു: ഇതിലും മോശമായ അവസ്ഥയിലായിരുന്ന അഭിമന്യുവിനോടു ക്രൂരത കാട്ടിയപ്പോൾ കർണ്ണനു് ഈ ക്ഷത്രിയധർമ്മബോധം ഇല്ലായിരുന്നു. പാഞ്ചാലിയുടെ വസ്ത്രാക്ഷേപവും കർണ്ണന്റെ നിർദ്ദേശപ്രകാരമായിരുന്നു. നിസ്സഹായനായ കർണ്ണനെ അർജ്ജുനൻ അമ്പെയ്തു വധിച്ചു.

പാണ്ഡവർ തന്നെ അന്ത്യകർമ്മങ്ങളും നടത്തി. അന്നാണു കര്‍ണ്ണന്‍ സഹോദരനാണെന്നു യുധിഷ്ഠിരന്‍ കുന്തിയില്‍ നിന്നറിയുന്നത്.

പതിനെട്ടാം ദിവസം: ശല്യർ പടനായകൻ. ശല്യരെ യുധിഷ്ഠിരൻ ശൂലമെറിഞ്ഞു വധിച്ചു. ശകുനിയെ സഹദേവൻ പരശുവെറിഞ്ഞു വധിച്ചു. സൈന്യം മുഴുവനും നശിച്ച ദുര്യോധനപക്ഷത്തു് ഇനി മൂന്നു പേരു മാത്രം. അശ്വത്ഥാമാവു്, കൃതവർമ്മൻ, കൃപാചാര്യർ. പടക്കളം  വിട്ടുപോയ ദുര്യോധനനെ ഭീമൻ ഗദായുദ്ധത്തിൽ ചതിച്ചു വീഴ്ത്തി മരണാസന്നനാക്കി.

അന്നു രാത്രിയിൽ അശ്വത്ഥാമാവിന്റെ കലാശക്കളിയോടെ രക്തച്ചൊരിച്ചിൽ തീരുന്നു. പാഞ്ചാലരായ ധൃഷ്ടദ്യുമ്നൻ, ശിഖണ്ഡി, ഇരട്ടകളായ യുധാമന്യു, ഉത്തമൗജൻ എന്നിവരെ അയാൾ നിഗ്രഹിച്ചു. ഒടുവിൽ പടകുടീരത്തിൽ ഒളിഞ്ഞെത്തി പാഞ്ചാലിയുടെ മക്കളെയും വധിച്ചു.

കൗരവസൈന്യം പൂർണ്ണമായും നശിപ്പിയ്ക്കപ്പെട്ടു.

പതിനെട്ടു ദിവസം നീണ്ടു നിന്ന ഭാരതയുദ്ധം കഴിഞ്ഞു. 

കലാശപ്പോരാട്ടം ശല്യപർവ്വത്തിലാണു്. അതിലാണു ധർമ്മപുത്രരുടെ ശല്യവധവും സഹദേവന്റെ ശകുനിവധവും. ദുര്യോധനനെ ഭീമൻ വീഴ്ത്തുന്നതും ശല്യപർവ്വത്തിൽ തന്നെ. പാണ്ഡവരുടെ പടകുടീരത്തില്‍ അശ്വത്ഥാമാവും കൂട്ടരും നടത്തുന്ന കൂട്ടക്കൊലയും ദുര്യോധനന്റെ മരണവും സൗപ്തികപർവ്വത്തിലാണു്. അശ്വത്ഥാമാവു മഹാഭാരതത്തില്‍ നിന്നു മറയുന്നതു് അതേ പർവ്വത്തിലെ ഐഷികം ഉപപര്‍വ്വത്തില്‍. എന്നാല്‍ അശ്വമേധികപര്‍വ്വത്തില്‍ അശ്വത്ഥാമാവിനെ പരാമര്‍ശിയ്ക്കേണ്ട ഒരു സംഭവമുണ്ടു്. അശ്വത്ഥാമാവിന്റെ ബ്രഹ്മശിരാസ്ത്രമേറ്റതു കാരണം ഉത്തര ജന്മം നൽകിയതു ജീവനില്ലാത്ത കുഞ്ഞിനു്.

 

******


 

അനന്തരം 07

വ്യാസഭാരതത്തിലേയ്ക്ക് (ഗാങ്ഗുലി, കുംഭകോണം, പ്രാദേശികകഥകൾ).

പടക്കളത്തിലെ യുദ്ധം കഴിഞ്ഞു. 

അനന്തരം…………… 

പാണ്ഡവര്‍ക്കു് അവശേഷിച്ചിരുന്നതു് 2,000 തേരുകള്‍, 700 ആനകള്‍, 5,000 കുതിരകള്‍ 10,000 വരുന്ന കാലാള്‍പ്പട.

പതിനെട്ടാം ദിവസം യുദ്ധം കണ്ടു മടങ്ങിയ സഞ്ജയന്‍ കൃഷ്ണഹ്രദത്തിന്റെ കരയില്‍ വച്ചു മുറിവേറ്റു നില്‍ക്കുന്ന ദുര്യോധനനെ കണ്ടു. പടക്കളത്തില്‍ നിന്നു് ഓടി രക്ഷപ്പെടുകയായിരുന്നു ദുര്യോധനന്‍. കൃപാചാര്യര്‍, കൃതവര്‍മ്മന്‍, അശ്വത്ഥാമാവു് എന്നിവര്‍ ജീവിച്ചിരിപ്പുണ്ടെന്നു സഞ്ജയന്‍ അറിയിച്ചു. പിതാവിനോടു താന്‍ മരിച്ചിട്ടില്ല എന്നറിയിയ്ക്കാന്‍ ദുര്യോധനന്‍ ആവശ്യപ്പെട്ടു. അതിനു ശേഷം ദുര്യോധനന്‍ തടാകത്തിലേയ്ക്കിറങ്ങി. തന്റെ പ്രത്യേകമായ മായാജാലസിദ്ധി ഉപയോഗിച്ചു ജലത്തെ തനിയ്ക്ക് ഇരിയ്ക്കാന്‍/കിടക്കാൻ പറ്റിയ രീതിയില്‍ ഘനീഭവിപ്പിച്ചു്, തടാകത്തിന്റെ അടിത്തട്ടിൽ ഒളിച്ചു.

ഇതു് ഉച്ചകഴിഞ്ഞുള്ള സമയമായിരിയ്ക്കണം.

പോരാട്ടസമയം സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയായിരുന്നു.

സഞ്ജയന്‍ പിന്നീടു് അശ്വത്ഥാമാവു്, കൃപാചാര്യർ, കൃതവർമ്മാവു് എന്നിവരോടു ദുര്യോധനന്‍ തടാകത്തിലുണ്ടെന്നു പറഞ്ഞു. രാജാവു സുരക്ഷിതൻ എന്നു കരുതി അവര്‍ മൂവരും കുരുക്കളുടെ പടകുടീരത്തിലേക്കു പോയി. പാണ്ഡവപ്പടയുടെ വിജയഭേരിയും പാണ്ഡവര്‍ ദുര്യോധനനെ അന്വേഷിയ്ക്കുന്നു എന്നതും അവരെ പിന്തിരിപ്പിച്ചു. അവര്‍ ദുര്യോധനന്റെ അടുത്തേയ്ക്കു മടങ്ങി. പാഞ്ചാലന്റെ മക്കളെ കൊന്നേ അടങ്ങൂ എന്നായിരുന്നു അശ്വത്ഥാമാവിന്റെ നിലപാടു്. അവരും കൗരവരാജാവും തമ്മിലുള്ള സംഭാഷണം കേട്ട വനവേടന്മാര്‍ അതു ഭീമനെ അറിയിച്ചു. ഇതിനിടയില്‍ മൂന്നു യോദ്ധാക്കളും വിശ്രമത്തിനായി മാറിപ്പോയിരുന്നു.

പാണ്ഡവര്‍ തടാകതീരത്തെത്തി. ദുര്യോധനന്റെ മായയെ മായ കൊണ്ടു തന്നെ നേരിടാന്‍ ശ്രീകൃഷ്ണന്‍ ധര്‍മ്മപുത്രരോടു പറഞ്ഞിരുന്നു.

തടാകതീരത്തു നിന്നു യുധിഷ്ഠിരൻ ദുര്യോധനനെ നിന്ദിയ്ക്കാൻ തുടങ്ങി.

താൻ ക്ഷീണിതനാണെന്നും നിങ്ങളും പോയി വിശ്രമിച്ചു വരൂ എന്നും ദുര്യോധനൻ പറഞ്ഞെങ്കിലും പാണ്ഡവര്‍ അതു നിരസിച്ചു. 

എല്ലാ ബന്ധുക്കളും മിത്രങ്ങളും നഷ്ടപ്പെട്ട ഞാന്‍ വനവാസിയാകാന്‍ പോവുകയാണു്, ദുരോധനന്‍ വെള്ളത്തില്‍ കിടന്നു കൊണ്ടു ധര്‍മ്മപുത്രരോടു പറഞ്ഞു. നിനക്കു രാജ്യമെടുക്കാം.

നിന്റെ ഔദാര്യം വേണ്ടെന്നും ക്ഷത്രിയനെ പോലെ യുദ്ധം ചെയ്യാനും ധര്‍മ്മപുത്രര്‍ പറഞ്ഞു. ഒന്നുകില്‍ ദുര്യോധനന്‍ പാണ്ഡവരെ തോല്പിച്ചു രാജ്യം നേടണം. അല്ലെങ്കി പാണ്ഡവര്‍ ദുര്യോധനനെ തോല്പിച്ചു രാജ്യം നേടണം. ഞങ്ങളില്‍ ഒരാളെ തിരഞ്ഞെടുക്കാമെന്ന ഉപാധിയും വച്ചു.

അബദ്ധമാണു പറഞ്ഞതു്, ശ്രീകൃഷ്ണൻ പറഞ്ഞു. നിങ്ങൾക്കാർക്കും ഇവനെ തോല്പിയ്ക്കാനാവില്ല. ഭീമനു പോലും. ഇവനെക്കാൾ ശക്തിയുണ്ടെങ്കിലും ഭീമനു കഴിവു കുറവാണു്.

പക്ഷെ, ഭീമൻ തയ്യാറായി.

രാജാക്കന്മാരുൾപ്പടെ പലരും യുദ്ധം കാണാനെത്തി. ദേവകളും നിരന്നു.

ഹിമാലയത്തിൽ ആയിരുന്ന ബലരാമന്‍, നാരദനോടൊപ്പം, ശിഷ്യരുടെ യുദ്ധം കാണാന്‍ വന്നു ചേർന്നു. (ഭാരതദ്ധത്തിനു മുമ്പു ബലരാമന്‍ ശ്രീകൃഷ്ണനോടു പറഞ്ഞു നോക്കി : നമുക്കു രണ്ടു പേർക്കും കൗരവരെ സഹായിയ്ക്കാം. ശ്രീകൃഷ്ണൻ വിസമ്മതിച്ചപ്പോൾ കുപിതനായ രാമൻ തീർത്ഥാടനത്തിനിറങ്ങി).

യുധിഷ്ഠരനോടു ബലരാമൻ പലതും പറഞ്ഞതിനിടയിൽ കുരുക്ഷേത്രഭൂമിയിൽ വീണു മരിയ്ക്കുന്നവർ ഇന്ദ്രലോകത്തെത്തും എന്നു മുനിമാർ പറഞ്ഞറിയാം എന്നു പറഞ്ഞു.

അങ്ങനെ എല്ലാവരും സരസ്വതീനദിയുടെ തെക്കേക്കരയിലുള്ള സമന്തപഞ്ചകതീർത്ഥത്തിലേയ്ക്കു പോയി. ഇതും കുരുക്ഷേത്രത്തിന്റെ ഒരു ഭാഗമാണു്.

യുദ്ധത്തിനിടയിൽ ക്ഷീണിതനായ ഭീമനെ കണ്ടു് അർജ്ജുനൻ ശ്രീകൃഷ്ണനോടു ചോദിച്ചു: ഇതില്‍ ആർക്കാണു മേൽക്കൈ?

അതു ദുര്യോധനനാണു്, ശ്രീകൃഷ്ണൻ പറഞ്ഞു. നേരായ യുദ്ധത്തിൽ അവൻ തോൽക്കയില്ല. ജയിച്ചാൽ അവൻ രാജാവാകും. ഭീമൻ അവനെ തുടയ്ക്കടിച്ചു കൊല്ലുമെന്നു പ്രതിജ്ഞ എടുത്തിട്ടുണ്ടല്ലോ. അതു നടപ്പാക്കുക.

അർജ്ജുനൻ തുടയിലടിച്ചു കാണിച്ചു. ഭീമൻ അതു കണ്ടു പഴുതു കിട്ടിയപ്പോൾ ദുര്യോധനന്റെ തുടയിൽ ഗദ കൊണ്ടു് അടിച്ചു. രണ്ടു തുടയും തകർന്നു രാജാവു വീണു. ഭീമൻ പലതും എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ടു് ഇടംകാൽ കൊണ്ടു ദുര്യോധനൻറെ തലയിൽ തൊഴിച്ചു. അതു കണ്ട യുധിഷ്ഠിരൻ ഭീമനെ ശകാരിച്ചു.

യുധിഷ്ഠിരൻ വീണു കിടക്കുന്ന ദുര്യോധനന്റെ അടുത്തു ചെന്നു പറഞ്ഞു:

ഇതെല്ലാം നീ തന്നെ വരുത്തിവച്ചതല്ലേ? വിധിയെന്നു കരുതുക.

ബലരാമൻ ഉച്ചത്തിൽ വിളിചു പറഞ്ഞു: നാണമില്ലേ ഭീമാ, നിനക്കു്? പുക്കിളിനു താഴെ പ്രഹരം പാടില്ല എന്ന നിയമം നീ തെറ്റിച്ചു. തെമ്മാടി!

കലപ്പയുമായി രാമൻ ഭീമനു നേരെ കുതിച്ചു. ശ്രീകൃഷ്ണൻ വട്ടം പിടിച്ചു നിർത്തി.

അവർ നമ്മുടെ അച്ഛന്റെ സഹോദരീപുത്രരല്ലേ? ഭീമൻ ചെയ്തതു ശരിയാണു്. പാണ്ഡവരുമായി നമുക്കു ജന്മബന്ധവും രക്തബന്ധവുമുണ്ടു്.

ദുര്യോധനനെ അനുഗ്രഹിച്ചും ഭീമനെ ശപിച്ചും ബലരാമൻ ദ്വാരകയ്ക്കു പോയി.

യുധിഷ്ഠിരൻ ഭഗവാനോടു പറഞ്ഞു: ഭീമൻ ചെയ്തതു ധർമ്മമോ അധർമ്മമോ ആവട്ടെ. ഞാൻ അതിനെ നിസ്സങ്ഗതയോടെയാണു കാണുന്നതു്. 

***** 

അനന്തരം 08 

ദുര്യോധനനെ കൂടുതൽ നിന്ദിയ്ക്കുന്നതിൽ നിന്നു ശ്രീകൃഷ്ണനും അവരെ തടഞ്ഞു.

എന്നാൽ ദുര്യോധനൻ തന്റെ ദേഷ്യം ശ്രീകൃഷ്ണനു നേരെ കാട്ടി:

ഹേ, കംസന്റെ അടിമയുടെ മകനേ! നിന്റെ ദുഷ്ചെയ്തികളാണു യുദ്ധത്തിൽ മുഴുവനും കണ്ടതു്. നീയാണു ഭീമപ്രതിജ്ഞ അർജുനനെ ഓർമ്മിപ്പിച്ചത്. അർജ്ജുനൻ ഭീമനു് അടയാളം കാട്ടിക്കൊടുക്കുന്നതു ഞാൻ കണ്ടില്ലെന്നു കരുതിയോ? ഭീഷ്മർ, ദ്രോണർ, ഭൂരിശ്രവാവു് ഇവരെല്ലാം നിന്റെ ചതിയിലല്ലേ കൊല്ലപ്പെട്ടതു്? ധൃഷ്ടദ്യുമ്നനെ നീ തടഞ്ഞോ? ഇതൊന്നും എനിയ്ക്കറിയില്ല എന്നു കരുതിയോ? രഥചക്രം മണ്ണിൽ പുതഞ്ഞപ്പോഴല്ലേ കർണ്ണനെ വധിച്ചതു്? അല്ലായിരുന്നെങ്കിൽ ഞങ്ങൾ ജയിയ്ക്കില്ലായിരുന്നോ?

ശ്രീകൃഷ്ണന്‍ ദുര്യോധനന്റെ അധർമ്മപ്രവൃത്തികളും മറുപടിയിൽ

നിരത്തി. അതിന്റെ ഫലം അനുഭവിക്കൂ.

ഞാൻ പൊരുതി മരിയ്ക്കുന്നവനാണു്, ദുര്യോധനൻ വീണ്ടും പറഞ്ഞു. സമന്തപഞ്ചകം എന്ന ഈ വിശുദ്ധമണ്ണിൽ മരിയ്ക്കുന്ന ഞാൻ എന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ചേർന്നു സ്വർഗ്ഗം പൂകും. നീ ശിഥിലഹൃദയവും പേറി ദുഃഖാർത്തനായി ഇവിടെ ജീവിയ്ക്കം.

അതു കേട്ടു ദേവകൾ പുഷ്പവൃഷ്ടി നടത്തി.

(സത്യം മനസ്സിലാക്കിയപ്പോൾ) ദുഃഖിതരായി നിന്ന പാണ്ഡവരോടു ശ്രീകൃഷ്ണൻ പറഞ്ഞു: നിങ്ങളുടെ വിജയത്തിനായി എനിയ്ക്കു മായ ഉപയോഗിയ്ക്കേണ്ടി വന്നു. അല്ലായിരുന്നെങ്കിൽ അവർ ജയിയ്ക്കുമായിരുന്നു. ദുര്യോധനന്റെ മേലും ചതി മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

പടകുടീരത്തിൽ എത്തിയ ശേഷം ശ്രീകൃഷ്ണൻ അർജ്ജുനനോടു പറഞ്ഞു: നീ ഗാണ്ഡീവവും അമ്പൊടുങ്ങാത്ത രണ്ടു് ആവനാഴികളുമായി ഉടൻ രഥത്തിൽനിന്നിറങ്ങുക.

അർജ്ജുനൻ ഇറങ്ങി. കൊടിയും അതോടൊപ്പമുണ്ടായിരുന്ന ഹനൂമദ്ചൈതന്യവും അപ്രത്യക്ഷമായി. ദ്രോണരുടെയും കർണ്ണന്റെയും ദിവ്യാസ്ത്രങ്ങളേറ്റ് അഗ്നി വിഴുങ്ങിയിരുന്ന രഥം, അഗ്നിനാളങ്ങൾ ഇല്ലാതെ, കുതിരകളോടെ ചാരമായി.

ശ്രീകൃഷ്ണൻ വിശദീകരിച്ചു: ബ്രഹ്മാസ്ത്രത്തിന്റെ ശക്തിയേറ്റിരുന്ന ഇതിനെ ഞാൻ രക്ഷിച്ചുപോരികയായിരുന്നു. നീ ലക്ഷ്യം നേടിയതിനാൽ അതു ചാരമായി.

ഖാണ്ഡവദഹനം നടത്തി വിശപ്പടക്കാന്‍ അഗ്നിയ്ക്കു സാദ്ധ്യമായതു് അര്‍ജ്ജുനന്റെ സഹായത്താലായിരുന്നു. സമ്മാനമായി അഗ്നിദേവന്‍ നല്‍കിയതു ഗാണ്ഡീവം എന്ന ദിവ്യമായ വില്ലും തിളങ്ങുന്ന ഒരു ദിവ്യരഥവും. ആ രഥമാണു കത്തിയെരിഞ്ഞതു്. 

ഗാന്ധാരിയെ പാണ്ഡവർ ഭയന്നു. വ്രതാനുഷ്ഠാനങ്ങളും ആത്മീയചര്യകളുമായി ജീവിച്ച അവരുടെ കോപത്തിനു പാണ്ഡവകുലത്തെ മുടിയ്ക്കാൻ കഴിയും. യുധിഷ്ഠിരന്റെ അപേക്ഷപ്രകാരം ശ്രീകൃഷ്ണൻ ധൃതരാഷ്ട്രരെയും ഗാന്ധാരിയെയും കാണാൻ പോയി. അവിടെ വ്യാസമഹർഷിയുമുണ്ടായിരുന്നു. ഭഗവാൻ എല്ലാവരെയും വന്ദിച്ചു.

എത്രയോ പേർ അങ്ങയെ ഉപദേശിച്ചു, ഭഗവാൻ ധൃതരാഷ്ട്രരോടു പറഞ്ഞു. അങ്ങു കേട്ടില്ല. ഇന്നു ക്ഷത്രിയവംശമാകെ മുടിഞ്ഞിരിയ്ക്കുന്നു. എല്ലാം വിധിയാണു്. അവരോടു പകയും വിരോധവുമരുതു്. അവർക്കു് അങ്ങയോടു സ്നേഹാദരങ്ങളേയുള്ളൂ.

ഗാന്ധാരിയോടു പറഞ്ഞു: അമ്മ മക്കളുടെ ചെയ്തികൾ എതിർത്തു. കോപാകുലയായി വിഡ്ഢീ, എവിടെയാണോ ധർമ്മം അവിടെയേ വിജയമുള്ളൂ എന്നു വരെ ദുര്യോധനനോടു പറഞ്ഞു. അമ്മ പറഞ്ഞതു പോലെ സംഭവിച്ചിരിയ്ക്കുന്നു. ജപതപങ്ങളാൽ ആർജ്ജിച്ച ശക്തിയാൽ അമ്മയ്ക്ക് ഈ ലോകത്തെ മുഴുവനും അഗ്നിയ്ക്കിരയാക്കാം.

എങ്ങനെ ദുഃഖിയ്ക്കാതിരിയ്ക്കും? എന്നാലും അങ്ങയുടെ സാന്ത്വനം കേട്ടു മനസ്സൊന്നു തണുത്തു , ഗാന്ധാരി കണ്ണീരൊഴുക്കി. വൃദ്ധനായ ഈ രാജാവു് ഇപ്പോൾ പാണ്ഡവരുടെ ആശ്രിതനായില്ല്ലേ?

ശ്രീകൃഷ്ണനും വ്യാസരും അവരെ ആശ്വസിപ്പിച്ചു.

ആ സമയത്ത് അശ്വത്ഥാമാവിന്റെ ഒരു ദുഷ്പദ്ധതി ദിവ്യദൃഷ്ടിയാൽ ഭഗവാന്റെ മനസ്സിലെത്തി. അദ്ദേഹം പെട്ടെന്നു ചാടിയെഴുന്നേററു പറഞ്ഞു: ഞാൻ പോകട്ടെ. അശ്വത്ഥാമാവു പാണ്ഡവരെ ഇന്നു രാത്രിയിൽ നശിപ്പിയ്ക്കാൻ പദ്ധതിയിട്ടിരിയ്ക്കുന്നു.

വേഗം പോയി അവരെ രക്ഷിയ്ക്കൂ, ധൃതരാഷ്ട്രരും ഗാന്ധാരിയും പറഞ്ഞു. 

ശ്രീകൃഷ്ണൻ പാണ്ഡവകുടീരത്തിലേയ്ക്കു യാത്രയായി.

ദൈവാനുഗ്രഹലബ്ധർ എന്ന നിലയിൽ കുടീരത്തിൽ നിന്നു രാത്രിയിൽ മാറി നിൽക്കാം എന്നു ഭഗവാൻ പറഞ്ഞപ്പോൾ എല്ലാവരും സമ്മതിച്ചു. പാണ്ഡവരും സാത്യകിയും ഭഗവാനും അന്നു രാവിൽ ഓഘവതീനദി (സരസ്വതിയുടെ ഒരു കൈവഴി) യുടെ തീരത്തുള്ള വസതികളിൽ താമസമാക്കി. 

ദുര്യോധനൻ സഞ്ജയനോടു പറഞ്ഞതു് അയാൾ ധൃതരാഷ്ട്രരെ അറിയിച്ചു:  നമ്മുടെ എല്ലാ വീരയോദ്ധാക്കളെയും പാണ്ഡവർ ചതിച്ചു കൊന്നു. എന്നെയും ചതിച്ചു് ഈ നിലയിലാക്കി. അവരെ ഒരിയ്ക്കലും വിശ്വസിയ്ക്കരുതു്. ഞാൻ രാജാവിനെ പോലെ ജീവിച്ചു. ഭരിച്ചു. തോറ്റ് എതിരാളികളുടെ ആശ്രിതനാവാൻ എനിയ്ക്കു കഴിയില്ല. ഇതു് എല്ലാവരെയും അറിയിയ്ക്കണം. അശ്വത്ഥാമാവു്, കൃപാചാര്യർ, കൃതവർമ്മാവു് എന്നിവരോടും പറയണം.

ദൂതന്മാരിൽനിന്നു വിവരമറിഞ്ഞ ഇവർ മൂവരും ദുര്യോധനന്റെ അരികിലെത്തി.

 

****** 

അനന്തരം 09 

ദുര്യോധനന്റെ കിടപ്പു കണ്ടും പരിദേവനം കേട്ടും അശ്വത്ഥാമാവു പ്രതിജ്ഞയെടുത്തു: എന്റെ അച്ഛനെയും അവർ ചതിയിൽ വധിച്ചു. പാഞ്ചാലരെ ഇന്നു ഞാൻ വധിയ്ക്കും.

അവിടെ വച്ചു തന്നെ അശ്വത്ഥാമാവിനെ ദുര്യോധനൻ പടനായകനാക്കി.

അവർ പോർക്കളത്തിലേയ്ക്കു തിരിച്ചു. സന്ധ്യയായപ്പോൾ അവിടെ അടുത്തുള്ള വനത്തിൽ തങ്ങി. എന്നാൽ പാണ്ഡവർ കണ്ടുപിടിയ്ക്കുമോ എന്നു ഭയന്നു് അകലെയുള്ള വനത്തിലേയ്ക്കു മാറി ഒരു ആൽമരത്തിനു കീഴിൽ ഉറങ്ങാൻ കിടന്നു. കൃപാചാര്യരും കൃതവർമ്മനും ഉറങ്ങിയപ്പോൾ അശ്വത്ഥാമാവു് ഒരു കാഴ്ച കണ്ടു.

അടുത്തുള്ള ഒരു ആൽമരത്തിൽ ഉറങ്ങിയിരുന്ന കാക്കകളെ ഒരു വലിയ കൂമൻ ആക്രമിച്ചു കൊല്ലുന്നു. (കൂമനു പകൽസമയത്തു കാക്കകളെ ഭയമാണു്. അതിനാൽ സംസ്കൃതത്തിൽ കാകഭീരുഃ എന്നൊരു പേരുണ്ടു്. കാക്കയുടെ ശത്രു എന്ന അർത്ഥത്തിൽ  കാകാരിഃ എന്നും പറയുന്നു. ഉലൂകഃ എന്നു മറ്റൊരു പേരു്). പകൽ കാക്കളുടെ ആക്രമണമേറ്റ കൂമൻ രാത്രിയിൽ പകരം വീട്ടി എന്നു പ്രത്യക്ഷത്തിൽ പറയുന്നില്ലെങ്കിലും അങ്ങനെയൊരു ധ്വനിയുണ്ടു്.

ഈ അടവു തന്നെ പാണ്ഡവർക്കെതിരെ ഉപയോഗിയ്ക്കാന്‍ അശ്വത്ഥാമാവു തീരുമാനിച്ചു. മറ്റു രണ്ടു പേരെയും അശത്ഥാമാവു് ഉണർത്തി. അവര്‍ക്ക് അശ്വത്ഥാമാവിന്റെ പദ്ധതി സ്വീകാര്യമല്ലായിരുന്നു.

കൃപാചാര്യര്‍ അശ്വത്ഥാമാവിനെ ഉപദേശിച്ചു: വിധിയും പ്രയത്നവുമാണു വിജയത്തിന്റെ ശില്‍പികള്‍. മൂത്തവരുടെയും ബുദ്ധിമതികളായ സുഹൃത്തുക്കളുടെയും  ഉപദേശവും കേള്‍ക്കണം. അതു ചെയ്യാതിരുന്ന ദുര്യോധനന്‍ അയാളെക്കാള്‍ ഗുണസമ്പന്നരായ പാണ്ഡവരോടു പട വെട്ടി ഇന്നു ദുരന്തത്തിലും ദുഃഖത്തിലും എരിയുകയാണു്. മേഘം മലയില്‍ പേമാരി ചൊരിയും. അതേ പേമാരി വിളയുള്ള ഭൂമിയില്‍ വീണാലോ? മേഘത്തിന്റെ പ്രയത്നം വ്യര്‍ത്ഥമാകും. ഇനി ചെയ്യേണ്ടതു് എന്തെന്നു തീരുമാനിയ്ക്കാന്‍ നമുക്കു ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും വിദുരരുടെയും ഉപദേശം തേടാം.

ഓരോരുത്തരും ഓരോ തരത്തിലാണു കാര്യങ്ങള്‍ മനസ്സിലാക്കുന്നതു്, അശ്വത്ഥാമാവു പറഞ്ഞു. ഒരേ കാര്യത്തെ പറ്റി തന്നെ, ചെറുപ്പത്തിലുള്ള ധാരണയല്ല വാര്‍ദ്ധക്യത്തില്‍. ഞാന്‍ ബ്രാഹ്മണനായി ജനിച്ചു, പക്ഷെ ക്ഷത്രിയകര്‍മ്മം അനുഷ്ഠിയ്ക്കുന്നു. എന്റെ പിതാവിനെ കൊന്നവരെ വധിയ്ക്കണം. ഇന്നു രാത്രിയില്‍ പാഞ്ചാലരും പാണ്ഡവരും ഉറങ്ങുമ്പോള്‍ അവരെ കൊല്ലണം. ധൃഷ്ടദ്യുമ്നനെ ചതച്ചരയ്ക്കണം.

കൃപാചാര്യര്‍ വീണ്ടും ഉപദേശിയ്ക്കാന്‍ ശ്രമിച്ചു. പിറ്റേന്നു രാവിലെ രണ്ടു പേരും അശ്വത്ഥാമാവിന്റെ കൂടെ യുദ്ധത്തിനിറങ്ങാമെന്നും രാത്രിയിലെ അധര്‍മ്മപ്രവൃത്തി കളങ്കം വരുത്തുമെന്നും പറഞ്ഞുനോക്കി.

അതെല്ലാം നിരാകരിച്ചുകൊണ്ടു് അശ്വത്ഥാമാവു തേരിൽ കയറി.

കൃപാചാര്യര്‍ക്കും കൃതവര്‍മ്മനും കൂടെ പോകേണ്ടി വന്നു. പാഞ്ചാലരുടെ കുടീരത്തിലേയ്ക്കായിരുന്നു ആ യാത്ര.

കുടീരകവാടത്തില്‍  വ്യാഘ്രത്തോല്‍ അണിഞ്ഞ, പ്രഭാമയനായ ഒരു ഭയാനകരൂപം. പൂണൂലിന്റെ സ്ഥാനത്തു നാഗം. മുഖത്ത് അസംഖ്യം കണ്ണുകള്‍. വായില്‍ നിന്നും മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും അഗ്നിജ്വാലകള്‍ നീണ്ടു കത്തിയാളുന്നു. കൈകള്‍ നിറയെ ആയുധങ്ങള്‍. തോള്‍വളയങ്ങളായി സര്‍പ്പങ്ങള്‍. വായില്‍ നിന്നു ശങ്ഖചക്രഗദാധാരികളായ കൃഷ്ണരൂപികള്‍ പുറത്തു വരുന്നു. എതിരിടാന്‍ ഒരുമ്പെട്ട അശ്വത്ഥാമാവിന്റെ അമ്പുകളും മറ്റായുധങ്ങളും ആ രൂപം വിഴുങ്ങി. അയാൾ പൊന്‍കൈപ്പിടിയുള്ള നീലക്കുറുവാള്‍ എറിഞ്ഞപ്പോൾ അതു് ആ രൂപത്തിന്റെ ശരീരത്തില്‍ ലയിച്ചു. ആകാശം നിറയെ ശ്രീകൃഷ്ണരൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു.

സര്‍വ്വായുധങ്ങളും തീര്‍ന്നപ്പോള്‍ അശ്വത്ഥാമാവു ശിവനെ ധ്യാനിച്ചു. അഗ്നി ജ്വലിയ്ക്കുന്ന, ബലിപീഠം കാണുമാറായി. അതില്‍ നിന്നു ശിവന്റെ ഭീകരഗണങ്ങള്‍ ഉയര്‍ന്നു. അവരുടെ കയ്യിൽ ശതഘ്നി (ഇരുമ്പു മുള്ളുകൾ വച്ച കൽഗോളങ്ങൾ)യും, ഭൂശുണ്ഡി (അഗ്നിഗോളമെറിയുന്ന ആയുധം?)യും മുസല (നീണ്ട ഇരുമ്പുദണ്ഡ്)വും . ഭയം കൂടാതെ അചഞ്ചലനായി നിന്ന അശ്വത്ഥാമാവു സ്വന്തം ജീവന്‍ ബലിയായി അര്‍പ്പിയ്ക്കാം എന്നു തീരുമാനിച്ചു. അതിനായി അഗ്നികുണ്ഡത്തിലേയ്ക്കു പ്രവേശിയ്ക്കാന്‍ ഒരുങ്ങവേ  ശിവന്‍ പ്രത്യക്ഷപ്പെട്ടു.

ശ്രീകൃഷ്ണനേക്കാള്‍ പ്രിയനായി എനിയ്ക്കു മറ്റൊരാളില്ല. ഇത്രയും നാള്‍ ശ്രീകൃഷ്ണന്‍ കാരണം ഞാന്‍ പാഞ്ചാലരെ പരിപാലിച്ചു. അവരുടെ ജീവിതാന്ത്യമായിരിയ്ക്കുന്നു, ശിവന്‍ പറഞ്ഞു.

ശിവന്‍ ഒരു വാള്‍ അശ്വത്ഥാമാവിനു നല്‍കി. ശിവചൈതന്യം അശ്വത്ഥാമാവിന്റെ ശരീരത്തില്‍ പ്രവേശിച്ചു.

അയാള്‍ അജയ്യനായി.

കൃപാചാര്യരും കൃതവർമ്മനും കവാടത്തിൽ നിന്നു. അശത്ഥാമാവു് കുടീരത്തിനുള്ളിൽ കടന്നു. ആദ്യം ധൃഷ്ടദ്യുമ്നനെ ശ്വാസം മുട്ടിച്ചു കൊന്നു. പലരും ഉണർന്നെങ്കിലും ഭയന്നു നിന്നു. പിന്നീടു പാഞ്ചാലരായ യുധാമന്യുവും ഉത്തമൌജനും വധിയ്ക്കപ്പെട്ടു. വളഞ്ഞവരെ രുദ്രാസ്ത്രം കൊണ്ടു വധിച്ചു. ഉറങ്ങിക്കിടന്ന ഭടന്മാരെ വാളു കൊണ്ടു വെട്ടിക്കൊന്നു. പാണ്ഡവരുടെ മക്കളും ശിഖണ്ഡിയും പാഞ്ചാലരുടെ പ്രഭഞ്ജകർ എന്ന വിശിഷ്ടക്ഷത്രിയപ്പട മുഴുവനും കൊല്ലപ്പെട്ടു. കാലരൂപം പൂണ്ട അശ്വത്ഥാമാവിന്റെ കരാളതാണ്ഡവം വിധി നടപ്പാക്കിക്കൊണ്ടിരുന്നു.

കൈനില അഗ്നിക്കിരയാക്കി. കൃപരും കൃതവര്‍മ്മനും രക്ഷപ്പെടുന്നവരെ വാളിനിരയാക്കി. പാഞ്ചാലസൈന്യവും മാത്സ്യരാജസൈന്യവും ഒന്നൊഴിയാതെ നശിച്ചു

ചുടുനിണമൊഴുകിയ മണ്ണില്‍ യക്ഷന്മാരും രാക്ഷസന്മാരും പിശാചുക്കളും മൃതശരീരങ്ങള്‍ ഭക്ഷിയ്ക്കാന്‍ വന്നെത്തി.

മൃത്യുഞ്ജയന്റെ സംഹാരരൂപചൈതന്യം രാവിലെ വിട്ടൊഴിഞ്ഞ അശ്വത്ഥാമാവു കൃപരും കൃതവര്‍മ്മനുമായി ദുര്യോധനന്റെ സമീപത്തേയ്ക്കു പോയി.

ഇടയ്ക്കിടെ ചോര ഛർദ്ദിച്ചു്, കുറുനരിയെയും കഴുതപ്പുലികളെയുമകറ്റി, വേദനയിൽ പുളഞ്ഞുകൊണ്ടു്, പതിനൊന്നു് അക്ഷൗഹിണികളുടെ സർവ്വാധിപതിയായിരുന്ന, ഗദാപ്രവീണൻ എന്നു ബലരാമൻ വാഴ്ത്തിയ,

കൗരവരാജൻ കിടന്നു. അടുത്തു സ്വർണ്ണഗദയും.

****** 

അനന്തരം 10 

പാണ്ഡവരിൽ ഇനി അഞ്ചു പേരു മാത്രം ബാക്കി, അശ്വത്ഥാമാവു ദുര്യോധനനെ അറിയിച്ചു. പഞ്ചപാണ്ഡവരും ശ്രീകൃഷ്ണനും സാത്യകിയും. നമ്മുടെ കൂട്ടത്തിൽ ഞങ്ങൾ മൂന്നും.

ദുര്യോധനനു സന്തോഷമായി: ദ്രോണാചാര്യർക്കും കർണ്ണനും ഭീഷ്മർക്കും ആവാഞ്ഞതു താങ്കൾക്കു കഴിഞ്ഞു. ഞാൻ ഇന്ദ്രതുല്യനായതു പോലെ. ഇനി നമുക്കു സ്വർഗ്ഗത്തിൽ വച്ചു വീണ്ടും കാണാം.

ദുര്യോധനൻ എന്നെന്നേയ്ക്കുമായി ഭൂമിയോടു വിട പറഞ്ഞു സ്വർഗ്ഗത്തിലെത്തി.

പടകുടീരത്തിൽ നിന്നു രക്ഷപ്പെട്ടതു ധൃഷ്ടദ്യുമ്നന്റെ തേരാളി മാത്രമായിരുന്നു. അയാൾ രാവിലെ ദുരന്തവാർത്ത പാണ്ഡവരെ അറിയിച്ചു.

പാണ്ഡവർക്കു ദുഃഖം അടക്കാൻ കഴിഞ്ഞില്ല.

യാതന മങ്ഗളവും മങ്ഗളം യാതനയുമായി, യുധിഷ്ടിരൻ വിലപിച്ചു. നമ്മുടെ വിജയം പരാജയമായി. ഇന്നു പാഞ്ചാലി ദുഃഖസാഗരത്തിലാകും.

നകുലൻ പാഞ്ചാലിയുമായി തേരിൽ വന്നു. പാഞ്ചാലി ദുഃഖത്താലിളകി നിലത്തു വീണു കരഞ്ഞു. ആശ്വസിപ്പിയ്ക്കാൻ ശ്രമിച്ച യുധിഷ്ഠിരനോടു പാഞ്ചാലി പറഞ്ഞു:

അശ്വത്ഥാമാവു ജനിച്ചതു് തലയിൽ ഒരു രത്നവുമായിട്ടാണു് എന്നു ഞാൻ കേട്ടിട്ടുണ്ടു്. ആ രത്നം ആ അധമനെ കൊന്നു് അങ്ങയുടെ തലയിൽ ചൂടിയ്ക്കണം. അതാണെന്റെ ആഗ്രഹം.

അതു ചെയ്യാൻ പാഞ്ചാലി ഭീമനോടു് ആവശ്യപ്പെട്ടു. ഇന്ദ്രൻ ശംബരനെ വധിച്ചതു പോലെ, അങ്ങു കീചകനെ വധിച്ചതു പോലെ, അശ്വത്ഥാമാവിനെ വധിയ്ക്കണം. 

നകുലന്‍ തെളിച്ച തേരില്‍ ഭീമന്‍ അശ്വത്ഥാമാവിനെ തേടി പോയപ്പോള്‍  ശ്രീകൃഷ്ണന്‍ യുധിഷ്ഠിരനോടു് അശ്വത്ഥാമാവിന്റെ ചരിത്രം പറഞ്ഞു.

ദ്രോണാചാര്യര്‍ പ്രിയഷിശ്യനായ അര്‍ജ്ജുനനു ബ്രഹ്മശിരാസ്ത്രം നല്‍കിയപ്പോള്‍ അശ്വത്ഥാമാവും അതു തരണമെന്നു പിതാവിനെ നിര്‍ബ്ബന്ധിച്ചു. മനസ്സില്ലാമനസ്സോടെ ദ്രോണര്‍ അതു മകനു കൊടുത്തു.

ലോകസംഹാരം പോലും നടത്താൻ കെൽപ്പുള്ളതാണെന്നും ഒരിയ്ക്കലും അതുപയോഗിയ്ക്കരുതെന്നും പ്രത്യേകിച്ചു മനുഷ്യര്‍ക്കെതിരെ അതു പ്രയോഗിയ്ക്കരുതെന്നും ദ്രോണര്‍ മകനോടു നിഷ്കര്‍ഷിച്ചിരുന്നു. നീ ധര്‍മ്മത്തിന്റെ പാതയില്‍ അല്ലെന്നു തോന്നുന്നു എന്നും ദ്രോണര്‍ പറഞ്ഞു. (ബ്രഹ്മാസ്ത്രവും ബ്രഹ്മശിരാസ്ത്രവും രണ്ടാണെന്നും അതല്ല ഒന്നാണെന്നും പറയുന്നു. മഹാഭാരതത്തിൽ ഉപയോഗിച്ച അസ്ത്രങ്ങളെ പറ്റി ഗവേഷണം നടത്തിയവർ രണ്ടും രണ്ടാണെന്നാണു പറഞ്ഞിരിയ്ക്കുന്നതു്. എഴുത്തച്ഛനുൾപ്പടെ പലരും ബ്രഹ്മാസ്ത്രം എന്നാണു വിവർത്തനം ചെയ്തതു്).

പിന്നീടു ദ്രോണപുത്രന്‍ ദ്വാരകയില്‍ ചെന്നു. ശ്രീകൃഷ്ണനോടു സുദര്‍ശനചക്രം തരാനും പകരം ബ്രഹ്മശിരാസ്ത്രം തരാമെന്നും പറഞ്ഞു. ശ്രീകൃഷ്ണനു നീരസം തോന്നി. ഭഗവാന്‍ പറഞ്ഞു:

ലോകത്തിലുള്ള എല്ലാ ദേവകളും അസുരന്മാരും അങ്ങനെ പല ശക്തികളും ഒന്നു ചേര്‍ന്നാല്‍ പോലും എന്റെ നൂറിലൊന്നു ശക്തിയ്ക്കു തുല്യമാവില്ല. എനിയ്ക്കു നിന്റെ കയ്യില്‍ നിന്നു് ഒന്നും വേണ്ട. നീ ഇതില്‍ നിന്നു് ഒന്നെടുത്തു കൊള്ളൂ.

ശ്രീകൃഷ്ണന്‍ അശ്വത്ഥാമാവിന്റെ മുന്നില്‍ തന്റെ മൂന്ന്‍ ആയുധങ്ങള്‍ വച്ചു. സുദര്‍ശനചക്രം, കൗമോദകീ എന്ന ഗദ, അമ്പും വില്ലും.

അശ്വത്ഥാമാവു ചക്രം എടുക്കാന്‍ തുനിഞ്ഞു. അതു പൊങ്ങുന്നില്ല. പല തവണ ശ്രമിച്ചു. കിടന്നിടത്തു നിന്നു് അതനക്കാന്‍ പോലും കഴിഞ്ഞില്ല.

വില്ലാളിവീരനായ അര്‍ജ്ജുനനോ പന്ത്രണ്ടു വര്‍ഷംഞാൻ ബ്രഹ്മചര്യതപം ചെയ്തപ്പോൾ എനിയ്ക്കു ജനിച്ചവനും സനല്‍ക്കുമാരമുനിയുടെ അംശവുമായ എന്റെ മകന്‍ പ്രദ്യുമ്നനോ, സാക്ഷാല്‍ ബലഭദ്രരാമനോ എന്റെ മറ്റൊരു മകനായ സാംബനോ ഈ ചക്രം ഇതു വരെ ആവശ്യപ്പെട്ടിട്ടില്ല, ശ്രീകൃഷ്ണന്‍ പറഞ്ഞു. എന്നിട്ടു ചോദിച്ചു. ശരി, ഇതു് ആര്‍ക്കെതിരെ ഉപയോഗിയ്ക്കാനായിരുന്നു ഉദ്ദേശം?

അതാണു നിന്റെ ശക്തിയ്ക്കു കാരണം. എനിയ്ക്ക് ഏറ്റവും വലിയ ശക്തനാവണം. ആദ്യം നിന്നെ വന്ദിച്ചു നിനക്കെതിരെ തന്നെ ഉപയോഗിയ്ക്കാം എന്നു കരുതി. എന്നെ നിന്ദിയ്ക്കരുതു്. ഈ ചക്രം ഉയര്‍ത്താന്‍ കഴിയുന്നതു നിനക്കു മാത്രമാണു്. ഞാന്‍ മടങ്ങുന്നു. അശ്വത്ഥാമാവു പറഞ്ഞു.

ശ്രീകൃഷ്ണന്‍ അയാള്‍ക്കു സമ്മാനങ്ങള്‍ നല്‍കി. കറെ കുതിരകള്‍, രത്നങ്ങള്‍, പിന്നെ ധനവും. അതുമായി അശ്വത്ഥാമാവു മടങ്ങി.

ഈ ചരിത്രം പറഞ്ഞതിനു് ശേഷം ശ്രീകൃഷ്ണന്‍ ധര്‍മ്മപുത്രരോടു പറഞ്ഞു:

ഇതാണു് അശ്വത്ഥാമാവു്. അവന്‍ നീചനും ക്രൂരനുമാണു്. ബ്രഹ്മശിരാസ്ത്രം പ്രയോഗിയ്ക്കാന്‍ അറിയാം. ഭീമനെ അവനില്‍ നിന്നു രക്ഷിയ്ക്കണം.

അര്‍ജ്ജുനനും യുധിഷ്ഠിരനും ഭഗവാന്‍ തെളിച്ച ദിവ്യരഥത്തില്‍ ഭീമനു പിന്നാലെ വായുവേഗത്തില്‍ പോയി.

ഗങ്ഗാനദിയുടെ തീരത്തു പല മുനിമാരോടൊപ്പം ഇരിയ്ക്കുന്ന വ്യാസനെ ഭീമന്‍ കണ്ടു. മുനിമാരുടെ കൂട്ടത്തില്‍ അശ്വത്ഥാമാവും.

ശ്രീകൃഷ്ണന്റെ രഥവും വൈകാതെ എത്തിയിരുന്നു.

അതിക്രുദ്ധനായിരുന്ന ഭീമന്‍ വില്ലെടുത്തു കുലച്ചു.

 

******

 

അനന്തരം 11

അശ്വത്ഥാമാവു പരിഭ്രാന്തനായി. ജീവരക്ഷയാണു പ്രധാനം. പിതാവിന്റെ നിര്‍ദ്ദേശം മറികടന്നു ബ്രഹ്മശിരാസ്ത്രം പ്രയോഗിയ്ക്കാന്‍ തീരുമാനിച്ചു. പക്ഷെ, കയ്യില്‍ അസ്ത്രങ്ങളില്ല. അവ മുഴുവന്‍ പാണ്ഡവകുടീരത്തിനു സമീപം നിന്ന ഭീകരരൂപിയുടെ നേര്‍ക്കു പ്രയോഗിച്ചു തീര്‍ന്നു പോയിരുന്നല്ലോ. 

അശ്വത്ഥാമാവു് ഒരു പുല്‍ക്കൊടി പറിച്ചെടുത്തു. ബ്രഹ്മശിരാസ്ത്രമന്ത്രം ചൊല്ലി. പാണ്ഡവരുടെ ഉന്മൂലനാശനാര്‍ത്ഥംഎന്നു പറഞ്ഞു്, ആ പുല്‍ക്കൊടി പാണ്ഡവരുടെ നേര്‍ക്കയച്ചു. അതു സർവ്വവിനാശകരമായ ബ്രഹ്മശിരാസ്ത്രമായി. അഗ്നിഗോളമായി. ഇടി മുഴങ്ങി. ഉൽക്കകൾ വീണു.

ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോടു ബ്രഹ്മശിരാസ്ത്രത്താല്‍ അതിനെ തടയാന്‍ പറഞ്ഞു. യുദ്ധരങ്ഗത്തുപോലും അതു് അര്‍ജ്ജുനന്‍ പ്രയോഗിച്ചിട്ടില്ല.

 ശത്രുവിന്റെ അസ്ത്രത്തെ നിര്‍വീര്യമാക്കൂ എന്നു പറഞ്ഞു്  അര്‍ജ്ജുനന്‍ തന്റെ അസ്ത്രം വിട്ടു. രണ്ടു് അഗ്നിഗോളങ്ങൾ നേർക്കുനേർ!

അസ്ത്രങ്ങളുടെ ഇടയില്‍ നാരദനും വ്യാസനും പ്രത്യക്ഷപ്പെട്ടു. അവരുടെ നിർദ്ദേശം കേട്ടു് അര്‍ജ്ജുനന്‍ തന്റെ അസ്ത്രം പിന്‍വലിച്ചു. ബ്രഹ്മചാരിയായ ഒരാള്‍ക്കു മാത്രമേ അയച്ച ബ്രഹ്മാസ്ത്രം പിന്‍വലിയ്ക്കാന്‍ കഴിയൂ. അല്ലെങ്കില്‍ പിന്‍വലിച്ച അസ്ത്രം അതയച്ച ആളിന്റെ തല പിളര്‍ക്കും. യുധിഷ്ഠിരനെ പോലെ അര്‍ജ്ജുനനും ബ്രഹ്മചര്യം സ്വീകരിച്ചിരുന്നു. വ്യാസന്‍ അര്‍ജ്ജുനനെ പ്രകീര്‍ത്തിച്ചു.

വ്യാസന്‍ ആവശ്യപ്പെട്ടിട്ടും അശ്വത്ഥാമാവു് അസ്ത്രം പിന്‍വലിച്ചില്ല.

ഈ പാപകര്‍മ്മം ഞാന്‍ ചെയ്തതു മരണഭയത്താലാണു്. ലക്ഷ്യം പാണ്ഡവരുടെ സര്‍വ്വനാശം തന്നെ. അയാള്‍ വ്യാസനോടു പറഞ്ഞു.

വ്യാസന്‍ ഉപദേശം തുടര്‍ന്നു: രണ്ടു ബ്രഹ്മാസ്ത്രങ്ങള്‍ കൂട്ടിമുട്ടിയാല്‍ ആ പ്രദേശത്തു പന്ത്രണ്ടു വര്‍ഷം നീളുന്ന വരള്‍ച്ചയുണ്ടാവും. ഒരു തുള്ളി മഴയുണ്ടാവില്ല. ജനങ്ങള്‍ക്ക് അതു ദ്രോഹമായി ഭവിയ്ക്കും. അതു് അര്‍ജ്ജുനറിയാം.

ആ അസ്ത്രം ഗര്‍ഭിണികളായ പാണ്ഡവസ്ത്രീകളുടെ ഗര്‍ഭസ്ഥശിശുക്കളെ ഇല്ലാതാക്കട്ടെ, അശ്വത്ഥാമാവു പറഞ്ഞു.

ശ്രീകൃഷ്ണൻ ദ്രോണപുത്രനോടു പറഞ്ഞു: അസ്ത്രം ഉത്തരയുടെ ഗർഭസ്ഥശിശുവിനെ കൊല്ലും. പക്ഷെ, ഞാൻ പുനർജ്ജീവിപ്പിയ്ക്കും. അവൻ നീ കാൺകെ, ഹസ്തിനപുരചക്രവർത്തിയാവും.

വ്യാസന്‍ എല്ലം ഒത്തുതീര്‍പ്പിലാക്കി. അശ്വത്ഥാമാവു തന്റെ തലയിലെ രത്നം നല്‍കും. പകരം പാണ്ഡവര്‍ അശ്വത്ഥാമാവിനെ വധിയ്ക്കാതെ മടങ്ങും. പക്ഷെ, ബാണം ലക്ഷ്യത്തില്‍ കൊള്ളും.

ദ്രോണപുത്രന്‍ രത്നം ചൂഴ്ന്നെടുത്തു നല്‍കി. ഭീമന്‍ അതു സ്വീകരിച്ചു.

മൂവായിരം വര്‍ഷം ഏകനായി, ഒരുവനും കൂട്ടില്ലാതെ, വ്രണത്തിലെ ചോരയും പഴുപ്പും ഒഴുക്കി അലഞ്ഞുതിരിയാന്‍ ശ്രീകൃഷ്ണന്‍ അശ്വത്ഥാമാവിനെ ശപിച്ചു.

ഭീമൻ രത്നം പാഞ്ചാലിയ്ക്കു നൽകി. പാഞ്ചാലി അതു യുധിഷ്ഠിരനും. പാഞ്ചാലിയുടെ ആഗ്രഹപ്രകാരം യുധിഷ്ഠിരൻ അതു തലയിൽ ചൂടി. 

ധൃതരാഷ്ട്രർ കുറ്റബോധത്തോടെ വിലപിച്ചു: അന്നു കൃഷ്ണൻ പറഞ്ഞതു കേട്ടിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിയ്ക്കില്ലായിരുന്നു. സഞ്ജയനും വിദുരരും പല ഉപദേശങ്ങളും നൽകി അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

പിന്നെടെത്തിയ വ്യാസമുനി ഒരു കാര്യവും വ്യക്തമാക്കി. ഒരിയ്ക്കൽ ദേവസഭ കൂടുന്ന അവസരത്തിൽ വ്യാസർ അവിടെ ചെന്നു. നാരദനെ പോലെയുള്ള ദേവർഷികളും അവിടെയുണ്ടായിരുന്നു. ഭൂഭാരം പാപികളാൽ കൂടുന്നു എന്ന ഭൂമീദേവിയുടെ പരാതി അവർ ചർച്ച ചെയ്യുകയായിരുന്നു.

അതു ധൃതരാഷ്ട്രരുടെ മൂത്ത മകൻ ദുര്യോധനൻ കാരണം ശരിയാകും, പരാതി കേട്ടു മഹാവിഷ്ണു പറഞ്ഞു. അയാൾക്കൊപ്പം പല രാജാക്കന്മാരും അണി നിരക്കും. യുദ്ധത്തിൽ അവരെല്ലാം കൊല്ലപ്പെടും.

ഇതു പറഞ്ഞ ശേഷം വ്യാസർ കൂട്ടിച്ചേർത്തു: അങ്ങനെ കലിയുടെ അംശാവതാരമായി ദുര്യോധനൻ ഇവിടെ ജനിച്ചു. മറ്റു മക്കളും രാജാക്കന്മാരും ദുർജ്ജന്മങ്ങളാണു്. ആരു പറഞ്ഞാലും ദുര്യോധനൻ അതനുസരിയ്ക്കില്ലായിരുന്നു. കാരണം വിധി അങ്ങനെയായിരുന്നു.

ധൃതരാഷ്ട്രരെയും ഗാന്ധാരിയെയും ബുദ്ധിമാനും ദയാലുവുമായ യുധിഷ്ഠിരൻ നോക്കിക്കൊള്ളുമെന്നും പറഞ്ഞു വ്യാസർ മറഞ്ഞു. 

യുദ്ധം കഴിഞ്ഞപ്പോൾ സഞ്ജയന്റെ ദിവ്യദൃഷ്ടി ഇല്ലാതെയായി. 

വ്യാസർക്കു ശേഷം സഞ്ജയൻ വന്നു. മരിച്ചവരുടെ ഉദകക്രിയകളെ പറ്റി സംസാരിച്ചപ്പോൾ  ധൃതരാഷ്ട്രർ വീണ്ടും ദുഃഖിതനായി. പല സാന്ത്വനങ്ങളും സഞ്ജയൻ പറഞ്ഞു. വിദുരരുടെയും സഞ്ജയന്റെയും വ്യാസരുടെയും നിരന്തരമായ ഉപദേശങ്ങൾക്കൊടുവിൽ ധൃതരാഷ്ട്രർ ഗാന്ധാരിയെയും കുന്തിയെയും കൂട്ടി കുരുക്ഷേത്രത്തിലേയ്ക്ക പോയി. വഴിയിൽ വച്ചു് അവർ അശ്വത്ഥാമാവു്, കൃപാചാര്യർ, കൃതവർമ്മൻ എന്നിവരെ കണ്ടു. അവർ ചെയ്തതെല്ലാം ധൃതരാഷ്ട്രരോടു പറഞ്ഞു. അശ്വത്ഥാമാവു വ്യാസനെ കാണാൻ പോയി. മറ്റു രണ്ടു പേരും അവരവരുടെ നാട്ടിലേയ്ക്കും മടങ്ങി. ധൃതരാഷ്ട്രർ യാത്ര തുടർന്നു.

ഹസ്തിനപുരം വിട്ട അവരെ കാണാൻ ശ്രീകൃഷ്ണനും പാണ്ഡവരും യുയുത്സുവും ഗങ്ഗാതീരത്തേയ്ക്കു പോയി. അവിടെ കുരുക്ഷേത്രയുദ്ധത്തിൽ വിധവകളായ അനവധി സ്ത്രീകൾ ഉണ്ടായിരുന്നു. അവർ യുധിഷ്ഠിരനെ വളഞ്ഞു:

എവിടെ ധർമ്മിഷ്ഠനായ രാജാവു്? സ്വപക്ഷത്തുള്ളവരെയും മറുപക്ഷത്തുള്ളവരെയും വധിച്ചപ്പോൾ അങ്ങയ്ക്കു മനശ്ശാന്തി ലഭിച്ചോ?

യുധിഷ്ഠിരൻ അവരോടു് ഒന്നും പറയാതെ ധൃതരാഷ്ട്രരെ വന്ദിച്ചു. ആലിങ്ഗനം ചെയ്ത ധൃതരാഷ്ട്രരോടു് യുധിഷ്ഠിരൻ ആശ്വാസവചനങ്ങൾ പറഞ്ഞു. തുടർന്നു്, ധൃതരാഷ്ട്രരുടെ മുന്നിലെത്തിയ ഭീമനെ ശ്രീകൃഷ്ണൻ പിടിച്ചു മാറ്റി.

******

 

അനന്തരം 12 

ഭീമനു പകരം നേരത്തെ കരുതി വച്ചിരുന്ന ഇരുമ്പുപ്രതിമ ശ്രീകൃഷ്ണൻ ധൃതരാഷ്ട്രരുടെ മുന്നിൽ വച്ചു. ഭഗവാൻ പ്രതീക്ഷിച്ചതു പോലെ ധൃതരാഷ്ട്രർ ഒരാലിങ്ഗനം നടത്തി. പ്രതിമ തവിടുപൊടിയായി. ധൃതരാഷ്ട്രരുടെ നെഞ്ചിനു മുറിവേറ്റു ചോര വന്നു. ചോര ഛർദ്ദിച്ചു വൃദ്ധരാജാവു താഴെ വീണു. സഞ്ജയൻ അദ്ദേഹത്തെ പിടിച്ചു് എഴുന്നേൽപ്പിച്ചു.

ഭീമൻ മരിച്ചു എന്നു കരുതി ധൃതരാഷ്ട്രർ ദുഃഖിയ്ക്കാൻ തുടങ്ങി. ശ്രീകൃഷ്ണന്‍ പറഞ്ഞു:

കൗരവശ്രേഷ്ഠാ, ഇപ്പോഴും താങ്കൾ അധർമ്മം വെടിഞ്ഞിട്ടില്ല. ഭീമനല്ല, തകർന്നു വീണതു്. ഭീമപ്രതിമയാണു്. പിറകെ കുറേ ശകാരവും ഉപദേശവും നൽകി.

പാണ്ഡവർ ഗാന്ധാരിയുടെ സമീപം ചെന്നു.

ഗാന്ധാരി ശപിയ്ക്കും എന്നു ജ്ഞാനദൃഷ്ട്യാ മനസ്സിലാക്കിയ വ്യാസമുനി ഉടൻ അവിടെ പ്രത്യക്ഷപ്പെട്ടു.

മുനി പറഞ്ഞു: ഗാന്ധാരീ, പകയരുതു്. ഇതു ക്ഷമിയ്ക്കാനുള്ള സമയമാണു്. പാണ്ഡവർ തെറ്റു ചെയ്തിട്ടില്ല. ധർമ്മം പാണ്ഡവപക്ഷത്തായിരുന്നു. പതിനെട്ടു ദിവസവും യുദ്ധാനുഗ്രഹത്തിനായി വന്ന ദുര്യോധനനോടു നീ പറഞ്ഞതെന്താണു്? ധർമ്മമുള്ളയിടത്താണു വിജയം എന്നു്. അധർമ്മചിന്ത വെടിഞ്ഞു ധർമ്മബോധത്തോടെ പെരുമാറുക. കോപമടക്കുക.

ഗാന്ധാരി പറഞ്ഞു: പാണ്ഡവർ എനിയ്ക്കു മക്കളെ പോലെയാണു്. ഞാൻ അവരെ കുറ്റപ്പെടുത്തുന്നില്ല. ദുര്യോധനൻ, ശകുനി, ശല്യർ, കർണ്ണൻ, ദുശ്ശാസനൻ എന്നിവരൊക്കെ തെറ്റുകാരാണു്. പക്ഷെ, ദുര്യോധനനെ ഭീമൻ വധിച്ച രീതി, അതും കണ്ണന്റെ കൺമുന്നിൽ വച്ചു്,.. അതു് എനിയ്ക്കു് അതീവദുഃഖമുണ്ടാക്കുന്നു. എന്താണു വീരന്മാർ ജ്ഞാനികൾ ഉണ്ടാക്കിയ കടമകൾ നിരാകരിയ്ക്കുന്നതു്? ദുശ്ശാസനനെ കൊന്നാലും പോരാ, ചോര കുടിയ്ക്കണം. അല്ലേ?.

അമ്മേ! ഞാൻ ജീവരക്ഷയ്ക്കാണു ദുര്യോധനനെ അങ്ങനെ പ്രഹരിച്ചതു്, ഭീമൻ പറഞ്ഞു.. അല്ലെങ്കിൽ ഞാൻ കൊല്ലപ്പെടുമായിരുന്നു.

ദുശ്ശാസനന്റെ ചോര എന്റെ ചുണ്ടിൽ വീണതേയുള്ളൂ. കുടിച്ചില്ല. രജസ്വലയും ഒരേ ഒരു വസ്ത്രം മാത്രം ധരിച്ചിരുന്നവളുമായിരുന്ന പാഞ്ചാലിയെ അപമാനിച്ചതു ദുശ്ശാസനനാണു്. ആ പ്രതികാരം ഒരു ക്ഷത്രിയൻ എന്ന നിലയിലാണു ചെയ്തതു്.

വധിച്ച രീതികൾ ധർമ്മികമായിരുന്നെങ്കിൽ ഇത്ര വിഷമം ഉണ്ടാകുമായിരുന്നില്ല എന്നു ഗാന്ധാരി പറഞ്ഞു.

ഗാന്ധാരിയുടെ കണ്ണുകൾ കൺമറയ്ക്കിടയിലൂടെ, പാദം വന്ദിയ്ക്കാൻ അടുത്തു വന്ന യുധിഷ്ഠിരന്റെ കാൽവിരലുകളിൽ പതിഞ്ഞു. അവ വികലമായി. ഇതു ശ്രദ്ധിച്ച സഹോദരന്മാർ ഭയന്നു. പക്ഷെ, അവരെയെല്ലാം ഗാന്ധാരി അനുഗ്രഹിച്ചു.

ധൃതരാഷ്ട്രർ ആവശ്യപ്പെട്ടതനുസരിച്ചു് എല്ലാവരും കുരുക്ഷേത്രത്തിലേയ്ക്കു പുറപ്പെട്ടു. ഗാന്ധാരി ദിവ്യദൃഷ്ടിയാൽ കാഴ്ചകൾ കണ്ടു. (ഗാന്ധാരീവിലാപം വളരെ നീളമുള്ള ഭാഗമാണു്).

പല മൃതദേഹങ്ങളും അവർ കണ്ടു. അതിന്റെ വർണ്ണന നൽകി ശ്രീകൃഷ്ണനോടു് അതൊക്കെ കാണുന്നില്ലേ എന്നു ചോദിച്ചു. പെട്ടെന്നു ദുര്യോധനന്റെ മൃതദേഹം കണ്ട അവർ നിലത്തു വീണു കരഞ്ഞു. ദുര്യോധനന്റെ വിധവയും പുത്രവധുക്കളും മൃതദേഹത്തിനരികിൽ നിന്നു കരയുന്നു. പടക്കളം നിറയെ സ്ത്രീകളുടെ വിലാപം. ഗാന്ധാരി വീണ്ടും കൃഷ്ണനോടു പലതും പറഞ്ഞു.

കാക്കയും കഴുകനും പറന്നെത്തിയിരിയ്ക്കുന്നു. നായും നരികളും ഓടി നടക്കുന്നു! എല്ലാം വിഡ്ഢിയായ എന്റെ മകൻ കാരണം. നിന്ദ്യനായ ശകുനിയെ ഒഴിവാക്കാനും പാണ്ഡവരുമായി ഒരുമയോടെ പോകാനും ഞാൻ പല തവണ പറഞ്ഞുനോക്കി. നോക്കൂ, ഭീമൻ കൊന്നു ചോര കുടിച്ച എന്റെ മകൻ ദുശ്ശാസനൻ. കണ്ടില്ലേ കിടക്കുന്നതു്? സിംഹം ആനയെ കൊന്നതു പോലെ. അഭിമന്യുവും ചതിയിൽ കൊല്ലപ്പെട്ടു. ഉത്തരൻ, ലക്ഷ്മണൻ, അജയ്യനായ കർണ്ണൻ, ശല്യർ, ശകുനി, ഭീഷ്മർ, ഭഗദത്തൻ, ദ്രോണരുടെ മൃതദേഹസംസ്കാരം, ഭൂരിശ്രവസ്സൂ്, കലിങ്ഗൻ, മാഗധൻ, ദ്രുപദൻ,  ……. കൃഷ്ണാ! ഇവരെല്ലാം നിന്റെ മുൻപിൽ യുദ്ധം ചെയ്തു മരിച്ചു. ഇന്നേയ്ക്കു മുപത്തിയാറു വർഷം കഴിയുമ്പോൾ നീ കാരണം യാദവകുലം നശിയ്ക്കും. അവരുടെ അമ്മമാരും വിധവകളും ഇതുപോലെ കരയും.

യാദവന്മാരെ നശിപ്പിയ്ക്കാൻ ആർക്കും കഴിയില്ല, ശ്രീകൃഷ്ണൻ പറഞ്ഞു. ദേവന്മാർക്കും അസുരന്മാർക്കും കഴിയില്ല. അവർ തമ്മിലടിച്ചു തന്നെ മരിയ്ക്കണം. അമ്മയുടെ ശാപം എന്റെ ജോലി എളുപ്പമാക്കി. വിദ്വേഷത്തിന്റെ മൂർത്തിമദ്ഭാവമായിരുന്നു ദുര്യോധനൻ. മനുഷ്യരും മൃഗങ്ങളും മക്കളെ വളർത്തുന്നതു് അവരവരുടെ കർമ്മം ചെയ്യാനാണു്. എന്നാൽ, അമ്മയോ, വധിയ്ക്കപ്പെടാൻ വളർത്തി. എന്തിനാണു് എന്നെ കുറ്റപ്പെടുത്തുന്നതു്?

ധൃതരാഷ്ട്രർ യുധിഷ്ഠിരനോടു ചോദിച്ചു: എത്ര പേർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു?

166,00,20,000 പേർ! അവശേഷിച്ചവർ 240,165, യുധിഷ്ഠിരൻ പറഞ്ഞു. 

യുധിഷ്ഠിരൻ ശവദാഹങ്ങൾക്കുള്ള ഏർപ്പാടുകൾ ചെയ്തു. ദു:ഖാചരണം ഗങ്ഗാതീരത്തു തന്നെയാക്കി. നാരദർ അവിടെ വന്നു കർണ്ണന്റെ ചരിത്രം യുധിഷ്ഠിരനോടു പറഞ്ഞു. ദ്രോണാചാര്യർ ബ്രഹ്മാസ്ത്രവിദ്യ പഠിപ്പിയ്ക്കാൻ വിസമ്മതിച്ചതും പരശുരാമന്റെ അടുക്കൽ ബ്രാഹ്മണനാണെന്നു പറഞ്ഞു അസ്ത്രവിദ്യകൾ പഠിച്ചതും വിവരിച്ചു. 

******

അനന്തരം 13 

അക്കാലത്തു കർണ്ണൻ അബദ്ധത്തിൽ ഒരു ബ്രാഹ്മണന്റെ പശുവിനെ കൊന്നു. നിന്റെ ഏറ്റവും വലിയ ശത്രുവിനോടു യുദ്ധം ചെയ്യുമ്പോൾ രഥത്തിന്റെ ചക്രം മണ്ണിൽ പുതയട്ടെ എന്നും ആ സമയത്തു നിന്റെ തല ശത്രു മുറിയ്ക്കട്ടെ എന്നും ബ്രാഹ്മണൻ ശപിച്ചു. പരശുരാമൻ കർണ്ണനെ മികവുറ്റ വില്ലാളിയാക്കി. ഒരിയ്ക്കൽ പരശുരാമൻ ക്ഷീണിതനായി കർണ്ണന്റെ മടിയിൽ തല ചായ്ച്ചു കിടന്നു് ഉറങ്ങുകയായിരുന്നു. രക്തം കുടിയ്ക്കുന്ന ഒരു പുഴു കർണ്ണന്റെ കാലിൽ കടിച്ചു ചോര കുടിയ്ക്കാൻ തുടങ്ങി.

ഗുരുവിനെ ഉണർത്തേണ്ട എന്നു കരുതി കർണ്ണൻ വേദന സഹിച്ചു് ഇരുന്നു. അളർക്കം എന്നു വിളിയ്ക്കപ്പെടുന്ന ആ പുഴുവിനു് എട്ടടി നീളമുണ്ടായിരുന്നു. ചോര വാർന്നു വസ്ത്രം നനഞ്ഞപ്പോൾ പരശുരാമൻ ഉണർന്നു. പരശുരാമൻ നോക്കിയപ്പോൾ തന്നെ പുഴു ചത്തു. പുഴുവിന്റെ രൂപം ധരിച്ചിരുന്ന ഒരസുരൻ അവിടെ പ്രത്യക്ഷമായി. പരശുരാമനെ വണങ്ങിയ അസുരൻ തന്റെ കഥ പറഞ്ഞു. പരശുരാമന്റെ പൂർവ്വികനായ ഭൃഗുമുനിയുടെ ശാപത്താലാണു് അയാൾ പുഴുവായതു്. പരശുരാമൻ ശാപമോക്ഷം നല്കും എന്നു ഭൃഗുമുനി പറഞ്ഞിരുന്നു. ശാപമോക്ഷം കൊടുത്തതിനു നന്ദി പറഞ്ഞു് അസുരൻ അപ്രത്യക്ഷനായി. പരശുരാമനു സംശയം. വേദന സഹിച്ചുകൊണ്ടു് ഇരുന്ന കർണ്ണൻ ബ്രാഹ്മണനല്ലെന്നു പരശുരാമനു മനസ്സിലായി. കർണ്ണൻ സത്യം തുറന്നു പറഞ്ഞു. പരശുരാമൻ ശപിച്ചു: നീ ബ്രഹ്മാസ്ത്രം മറന്നു പോകട്ടെ.

പക്ഷെ, ഒരനുഗ്രഹവും നൽകി: യുദ്ധത്തിൽ നിനക്കു തുല്യനായി ഒരു ക്ഷത്രിയനും ഉണ്ടാവില്ല.

ദുര്യോധനൻ കലിങ്ഗരാജാവിന്റെ മകളെ സ്വയംവരവേദിയിൽ നിന്നു തട്ടിക്കൊണ്ടു പോയപ്പോൾ ഉണ്ടായ എതിർപ്പുകളെ കർണ്ണൻ ആണു നേരിട്ടതു്. അവർ ഉറ്റമിത്രങ്ങളായി. കർണ്ണൻ സഹോദരനാണെന്നതും കുന്തിക്കു നല്കിയ പ്രതിജ്ഞയും യുധിഷ്ഠിരൻ വളരെ വൈകിയാണറിഞ്ഞതു്.

രാജാവാകേണ്ട എന്നു യുധിഷ്ഠിരൻ തീരുമാനിച്ചെങ്കിലും വ്യാസന്റെയും ശ്രീകൃഷ്ണന്റെയും ഉപദേശങ്ങൾ കേട്ട ശേഷം രാജാവാകാൻ ഹസ്തിനപുരത്തേയ്ക്കു തിരിച്ചു. കൂടെ ധൃതരാഷ്ട്രരും മറ്റുള്ളവരും.

അവിടെയെത്തിയ യുധിഷ്ഠിരനെ ദുര്യോധനന്റെ സുഹൃത്തായിരുന്ന ചാർവ്വാകൻ എന്ന രാക്ഷസൻ നിന്ദിച്ചു. ഭയരഹിതനായി ജീവിയ്ക്കാൻ ബ്രഹ്മാവിൽ നിന്നു് അയാൾ വരം നേടിയിരുന്നു. അയാളെ മറ്റുള്ളവർ അപ്പോൾ തന്നെ വധിച്ചു.

യുധിഷ്ഠിരന്റെ സ്ഥാനാരോഹണം കേമമായി നടന്നു. പാഞ്ചാലി രാജ്ഞിയായി. ഭീമൻ യുവരാജാവായി. ധൗമ്യമുനി രാജഗുരു. വിദുരർ ഉപദേശകൻ.സഞ്ജയൻ ധനകാര്യമേധാവി. അർജ്ജുനനും നകുലനും പ്രതിരോധസംബന്ധമായ ഉത്തരവാദിത്തം. വിദുരർക്കും യുയുത്സുവിനും പൗരകാര്യങ്ങൾ.

ശ്രീകൃഷ്ണോപദേശപ്രകാരം യുധിഷ്ഠിരൻ സഹോദരന്മാർക്കൊപ്പം ഭീഷ്മരെ കാണാൻ പോയി. കൂടെ സാത്യകിയും ഭഗവാനുമുണ്ടായിരുന്നു. കൃപാചാര്യരും യുയുത്സുവും സഞ്ജയനും പിന്നാലെ പോയി.

മഹർഷിമാരാൽ വലയം ചെയ്യപ്പെട്ടു കിടന്ന ഭീഷ്മർ

മനസ്സിൽ ശ്രീകൃഷ്ണനെ ധ്യാനിച്ചു. ശ്രീകൃഷ്ണാനുഗ്രഹം ഭീഷ്മരെ ജ്ഞാനിയാക്കി.

പോകുന്ന വഴിയിൽ ഭഗവാൻ യുധിഷ്ഠിരനു പരശുരാമചരിതം വിവരിച്ചു. മുനിമാരെയും ഭീഷ്മരെയും അവർ വണങ്ങി. ഭീഷ്മർ ശ്രീകൃഷ്ണനെ സ്തുതിച്ചു. ഭഗവാൻ പിതാമഹനോടു പറഞ്ഞു:

എന്നോടു് അങ്ങയ്ക്കു് അതിയായ ഭക്തിയുണ്ടു്. മഹത്തായ ചര്യകൾ അങ്ങയെ ജ്ഞാനിയും സിദ്ധികൾ ഉള്ളയാളുമാക്കി. അങ്ങേയ്ക്കു് ഉത്തരായനം തുടങ്ങുമ്പോൾ സ്വർഗ്ഗപ്രാപ്തിയാകും. അതിനു മുമ്പു് അങ്ങു് ആർജ്ജിച്ച ജ്ഞാനം യുധിഷ്ഠിരനു പറഞ്ഞുകൊടുക്കുക.

ഭഗവൻ! എനിയ്ക്കു വേദന സഹിയ്ക്കാനാവുന്നില്ല. ശാസം ശരിയായി കിട്ടുന്നില്ല. ശരീരം ദുർബ്ബലമായി. ഓർമ്മ തെളിയുന്നില്ല. ഒന്നും ഉച്ചരിയ്ക്കാൻ വയ്യ. ഞാനെന്തു പറഞ്ഞുകൊടുക്കാൻ? അങ്ങു തന്നെ അതു പറഞ്ഞുകൊടുക്കൂ, ഭീഷ്മർ അറിയിച്ചു.

ഉടൻ, ശ്രീകൃഷ്ണൻ ഭീഷ്മരുടെ എല്ലാ അവശതകളും മാറ്റി. ഓർമ്മ വ്യക്തമായി. എല്ലാറ്റിനെയും കുറിച്ചു സംസാരിയ്ക്കാൻ ജ്ഞാനപ്രാപ്തി നൽകി.

അടുത്ത ദിവസം വരാം എന്നു പറഞ്ഞു ഭീഷ്മരെ വന്ദിച്ചു ശ്രീകൃഷ്ണനും പാണ്ഡവരും മടങ്ങി.

പിതാമഹൻ യുധിഷ്ഠിരനു പല വിഷയങ്ങളും പല ദിവസങ്ങളിൽ വിശദീകരിച്ചു. അതിനു ശേഷം നകുലൻ യുദ്ധത്തിൽ ഏറ്റവും മാരകമായ ആയുധമേതാണു് എന്നു ചോദിച്ചു. നകുലനും സഹദേവനും വാൾപയറ്റിൽ വിദഗ്ധരായിരുന്നു.

ഭീഷ്മർ വാളിന്റെ ഉൽപത്തി വിവരിച്ചു.

പ്രപഞ്ചത്തിൽ ആദികാലത്തു നടന്ന യാഗത്തിൽ നിന്നു് ഒരു ഉഗ്രമൂർത്തി ജനിച്ചു. ആ മൂർത്തിയുടെ പേരു ഖഡ്ഗം എന്നായിരുന്നു. മൂർത്തി വാളായി മാറി. അതുപയോഗിച്ചു രുദ്രദേവൻ ധർമ്മവിരോധികളായ അസുരന്മാരെ ഒതുക്കി. ആ വാൾ പലർക്കും കൈമാറി. ഇപ്പോൾ അതു നിങ്ങളുടെ പക്കലുണ്ടു്. വാളാണു യുദ്ധങ്ങളിലെ ഏറ്റവും മാരകമായ ആയുധം.

വീണ്ടും യുധിഷ്ഠിരന്റെ ചോദ്യങ്ങളും ഭീഷ്മരുടെ ഉത്തരങ്ങളും. അതിനു ശേഷം ഭീഷ്മർ പ്രാണത്യാഗത്തിനു തയ്യറെടുത്തു. യോഗശിക്ഷണപ്രകാരം ശ്വാസക്രിയ ചെയ്തു. ഏവരും നോക്കിനിൽക്കേ, ആ ശരീരത്തിലെ അമ്പുകളും മുറിവുപാടുകളും അപ്രത്യക്ഷമായി. പ്രാണൻ ശിരസ്സിലൂടെ സ്വർഗ്ഗത്തിൽ ചെന്നു ചേർന്നു.

പാണ്ഡവർ സംസ്കാരകർമ്മങ്ങൾ നടത്തി.

വിഷണ്ണനായ യുധിഷ്ഠിരനോടു അശ്വമേധയാഗം നടത്താൻ വിദുരർ നിർദ്ദേശിച്ചു. യുധിഷ്ഠിരനു വീണ്ടും വനവാസത്തിനു പോകണം എന്നാഗ്രഹം. വ്യാസന്റെ ഉപദേശങ്ങൾ പ്രയോജനം കണ്ടു. യാഗച്ചെലവിനായി മരുത്തന്റെ നിധി ഹിമാലയത്തിൽ നിന്നു കൊണ്ടുവരാൻ വ്യാസൻ പറഞ്ഞു.

ശ്രീകൃഷ്ണൻ പാണ്ഡവരോടു വിട പറഞ്ഞു ദ്വാരകയ്ക്കു പുറപ്പെട്ടു. ഇന്ദ്രൻ പുഷ്പവൃഷ്ടി നടത്തി. ശക്തമായി രഥത്തിനു മുന്നിൽ വീശിയ വായു വഴിയിലെ തടസ്സങ്ങൾ മാറ്റിക്കൊണ്ടിരുന്നു. വഴിമദ്ധ്യേ ഭാഗവാൻ ഉതങ്കൻ (ഉത്തങ്കൻ എന്നും വിളിയ്ക്കപ്പെടുന്നു) എന്ന മഹാമുനിയെ കണ്ടു. (ഇതു മണലാരണ്യമുള്ള പ്രദേശം ആയിരിയ്ക്കണം. മടക്കയാത്രയിൽ ശ്രീകൃഷ്ണൻ മണലാരണ്യം തരണം ചെയ്തു എന്നു ഭാഗവതത്തിലുണ്ടു്). 

ഭൃഗുവംശജനും ഗൗതമമുനിയുടെ ശിഷ്യനുമായിരുന്നു ഉതങ്കൻ. ശ്രീകൃഷ്ണൻ

ഭാരതയുദ്ധം ഒഴിവാക്കാൻ വേണ്ടത്ര ശ്രമിച്ചില്ല എന്നു മുനി പറഞ്ഞു.

ഞാൻ ആവുന്നതു ശ്രമിച്ചു. വിധിയെ എങ്ങനെ തടുക്കാനാവും?, ശ്രീകൃഷ്ണൻ മറുപടി നൽകി.

എങ്കിലും അതിൽ തൃപ്തനാകാത്ത മുനി ശ്രീകൃഷ്ണനെ ശപിയ്ക്കും എന്നു പറഞ്ഞു.

എന്നോടു ക്ഷമിയ്ക്കൂ, ശ്രീകൃഷ്ണൻ പറഞ്ഞു. ഞാൻ പറയുന്നതുകേട്ട ശേഷം അങ്ങേയ്ക്കു ശപിയ്ക്കാം. ഞാൻ ശാപങ്ങൾക്കു് അതീതനാണു് എന്നു മനസ്സിലാക്കുക. അങ്ങിതു വരെ കഠിനതപം ചെയ്തു നേടിയ പുണ്യങ്ങൾ നഷ്ടപ്പെടുത്തുവാൻ ഞാൻ ഉദ്ദേശിയ്ക്കുന്നില്ല.

തുടർന്നു ഭഗവാൻ നടത്തിയ ആത്മീയപ്രഭാഷണത്തിൽ സന്തുഷ്ടനായ മുനി ശാപശ്രമം ഉപേക്ഷിച്ചു. മുനിയുടെ ആഗ്രഹപ്രകാരം ഭഗവാൻ വിശ്വരൂപം കാട്ടി. ആവശ്യമുള്ള വരം ചോദിച്ചു കൊള്ളുവാനും പറഞ്ഞു.

ആഗ്രഹിയ്ക്കുമ്പോൾ ശുദ്ധജലം കിട്ടുമാറാകണമെന്നു പറഞ്ഞ മുനിയ്ക്ക്, ദാഹിയ്ക്കുമ്പോൾ എന്നെ സ്മരിയ്ക്കുക, ശുദ്ധജലം ലഭ്യമാകും എന്ന വരം നൽകി ഭഗവാൻ യാത്ര തുടർന്നു.

ഉതങ്കമുനി ഒരിയ്ക്കൽ മണലാരണ്യത്തിൽ കൂടി സഞ്ചരിയ്ക്കുകയായിരുന്നു. ദാഹിച്ചു വലഞ്ഞപ്പോൾ ശ്രീകൃഷ്ണനെ സ്മരിച്ചു. ദൂരെ നിന്നു ചണ്ഡാളനായ ഒരു വേടൻ നടന്നു വരുന്നു. ചുറ്റും നായ്ക്കളുമുണ്ടു്. ദാഹിച്ചു തളർന്നു നിൽക്കുന്ന മുനിയ്ക്കു് അയാൾ തന്റെ കയ്യിലുള്ള ശുദ്ധജലം നല്കി. ചണ്ഡാളന്റെ പക്കൽനിന്നും അതു വാങ്ങാൻ മുനി മടിച്ചു. മുനി നിരസിച്ഛപ്പോൾ വേടനും നായ്ക്കളും നടന്നു മറഞ്ഞു. (വേടന്റെ ജനനേന്ദ്രിയത്തിൽ നിന്നും മൂത്രത്തിനു പകരം ശുദ്ധജലം ഒഴുകി വരുന്നുണ്ടായിരുന്നെന്നും മുനി വെറുപ്പോടെ അതു നിരസിച്ചപ്പോൾ വേടനും നായ്ക്കളും മറഞ്ഞു എന്നും മറ്റൊരു കഥ).

മുനി മനസ്സിൽ ശ്രീകൃഷ്ണനെ പഴി പറഞ്ഞു. ഭഗവാൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞു:

ഇന്ദ്രദേവനായിരുന്നു ചണ്ഡാളവേഷത്തിൽ ഇപ്പോൾ വന്നത്. ഞാൻ പറഞ്ഞിട്ടു് അമൃതുമായി വന്നതായിരുന്നു. അങ്ങേയ്ക്കു് അമരനാവാൻ സമയമായില്ല. എന്നാലും ദാഹിയ്ക്കുമ്പോൾ എന്നെ സ്മരിച്ചാൽ കാർമേഘങ്ങൾ ഉയർന്നു പൊങ്ങും. അവ പെയ്തു് അങ്ങേയ്ക്കു ശുദ്ധജലം ലഭിയ്ക്കും. ആ മേഘങ്ങൾ അങ്ങയുടെ പേരിൽ അറിയപ്പെടും.

ശ്രീകൃഷ്ണൻ മറഞ്ഞു.

മണലാരണ്യത്തിൽ വല്ലപ്പോഴും വന്നു പെയ്യുന്ന കാർമേഘങ്ങൾക്കു് ഉതങ്കമേഘങ്ങൾ (ഉത്തങ്കമേഘങ്ങൾ) എന്നു പറഞ്ഞിരുന്നു. (എന്നാൽ, ഇന്ദ്രൻ മറഞ്ഞതിനു ശേഷം, ഉതങ്കമുനി നിന്ന സ്ഥലത്തു കാർമേഘങ്ങൾ വന്നെന്നും അവ പെയ്യാതെ പോയി എന്നും ഇതരകഥയിൽ. പെയ്യാതെ പോകുന്ന മേഘങ്ങളെ ഉതങ്കമേഘങ്ങൾ എന്നു വിളിച്ചിരുന്നുവെന്നും അതിൽ പറയുന്നു).

ദ്വാരാവതി (ദ്വാരക) യിൽ എത്തിയ ഭഗവാൻ മാതാപിതാക്കളോടു യുദ്ധത്തെ പറ്റി ചുരുക്കിപ്പറഞ്ഞു. അഭിമന്യുവിന്റെ വധത്തെ പറ്റിയും സുഭദ്രയുടെയും ഉത്തരയുടെയും ദുഃഖത്തെ പറ്റിയും പറഞ്ഞു.

ഹസ്തിനപുരത്തു പാണ്ഡവർ മരുത്തന്റെ നിധി കൊണ്ടുവരുവാൻ സൈന്യത്തോടൊപ്പം ഹിമാലയത്തിലേയ്ക്കു യാത്രയായി. നിധി കൊണ്ടുവരുവൻ അറുപതിനായിരം ഒട്ടകങ്ങളും ഒരു ലക്ഷത്തിഇരുപതിനായിരം കുതിരകളും ഒരു ലക്ഷം ആനകളും ഉണ്ടായിരുന്നു. തലച്ചുമടായി എത്തിയ്ക്കാൻ ആളുകളെയും ഉപയോഗിച്ചു. അനവധി രഥങ്ങളിലും നിധി നിറച്ചു. 

യാഗത്തിനു ബലരാമനും ശ്രീകൃഷ്ണനും കുടുംബസമേതം വന്നു ചേർന്നു. 

അവിടെ വച്ചാണു പരീക്ഷിത്തിന്റെ ജനനം. അശ്വത്ഥാമാവിന്റെ ബ്രഹ്മശിരാസ്ത്രമേറ്റിരുന്നതിനാൽ പരീക്ഷിത്തിനു ജീവനുണ്ടായിരുന്നില്ല. കുന്തിയും സുഭദ്രയും വിലാപം തുടങ്ങി. കുട്ടിയെ പുനരുജ്ജീവിപ്പിയ്ക്കും എന്നു ഭഗവാൻ അശ്വത്ഥാമാവിനോടു പറഞ്ഞതും കുന്തി ഓർമ്മിപ്പിച്ചു.

ഉത്തര ബോധം നശിച്ചു വീണു. പിന്നീടു കുഞ്ഞിനെ മടിയിൽ വച്ചു ശ്രീകൃഷണനോടു കുഞ്ഞിനു ജീവൻ നൽകാൻ അപേക്ഷിച്ചു.

ഭഗവാൻ കുഞ്ഞിനു ജീവൻ നൽകി. അതിനു പരീക്ഷിത്ത് എന്ന പേരും നൽകി.

നിധിയുമായി പാണ്ഡവർ വന്നു. അശ്വമേധയാഗം നടത്തി.

 

****************** 

അനന്തരം 14

 

ശ്രീമദ്ഭാഗവതത്തിൽ പരീക്ഷിത്തിന്റെ കഥ ഒന്നാം സ്കന്ധത്തിലെ ഏഴാം അദ്ധ്യായത്തിൽ,  പതിമൂന്നാം ശ്ലോകം മുതലാണു് (1.7.13). 

മുഴങ്ങോട്ടുവിള കൃഷ്ണപിള്ള രചിച്ച ശ്രീമദ്ഭാഗവതം കേരള ഭാഷാഗാനം  എന്ന ഗ്രന്ഥത്തിലെ വരികളാണു് ഇവിടെ ഉദ്ധരിച്ചിരിയ്ക്കുന്നതു്. (ഈ ഭാഗവതവിവർത്തനം എൻ.ബി.എസ്സ്. അൻപതു വർഷങ്ങൾക്കു ശേഷം 2021-ൽ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ടു്. വില രൂപ 3,000/-). 

യദാ മൃധേ കൗരവസൃഞ്ജയാനാം

വീരേഷ്വഥോ വീരഗതിം ഗതേഷു

വൃകോദരാവിദ്ധഗദാഭിമർശ-

ഭഗ്നോരുദണ്ഡേ ധൃതരാഷ്ട്രപുത്രേ  (1.7.13)

 

കൃഷ്ണപിള്ളയുടെ വിവർത്തനം:

 

ഭാരതായോധനത്തിലിരുഭാഗത്തുമുള്ള

വീരന്മാരെല്ലാം വീരസ്വർഗ്ഗത്തെ പ്രാപിയ്ക്കവേ

അനിലാത്മജഗദാപ്രഹരമേറ്റു ദുര്യോ-

ധനൻ തുട തകർന്നവശം വീണീടവേ 

(ആയോധനം = യുദ്ധം; അനിലാത്മജൻ = വായുവിന്റെ മകൻ = ഭീമൻ)

 

അശ്വത്ഥാമാവു പാഞ്ചാലിയുടെ മക്കളുടെ തലകൾ അറുത്തു സമന്തപഞ്ചകത്തിൽ വീണു കിടക്കുന്ന സുയോധനനു (ദുര്യോധനനു) സമർപ്പിച്ചു. എന്നാൽ ദുര്യോധനനു് ആ പ്രവൃത്തി ഇഷ്ടമായില്ല.

 

ദ്രോണജൻ തൽസ്വാമിയെ പ്രീതനാക്കുവാൻ നിദ്രാ-

ധീനരായ്ക്കിടന്നീടും പാഞ്ചാലീസുതന്മാർതൻ-

ശിരസ്സൊക്കെയുമറുത്തസ്സുയോധനൻമുമ്പിൽ

നിരത്തിവച്ചതവന്നിഷ്ടമായില്ലെന്നല്ല,

വെറുത്താനക്കൃത്യത്തെ, ഗർഹണീയമാം കർമ്മം

പരക്കെപ്പാരിൽ ജനം പ്രതിഷേധിയ്ക്കുമല്ലോ. 

(സുയോധനൻ = ദുര്യോധനന്റെ ശരിയായ പേരു്; ഗർഹണീയം = നിന്ദ്യമായ)

 

പാഞ്ചാലിയുടെ കരച്ചിൽ കണ്ടു് അർജ്ജുനൻ ഇപ്രകാരം പറഞ്ഞു:

 

ആതതായിയാമബ്ഭൂദേവനീചൻതൻ ശിര-

സ്സേതത് ഗാണ്ഡീവമുക്തബാണത്താൽ ഛേദിച്ചിപ്പോൾ

നിന്നടുത്താനയിയ്ക്കാ,മതിന്മേലിരുന്നു നീ

നന്ദനദാഹകൃത്യം നടത്തി സ്നാനം ചെയ്ക.

നിന്നുടെ കണ്ണീർ പിന്നേ ഞാൻ തുടയ്ക്കുന്നതുള്ളൂ

വന്നതു വന്നു, ദുഃഖം ത്യജിയ്ക്ക, മനസ്വിനീ! 

[ആതതായി = ആയുധം ധരിച്ചു കൊല്ലാൻ വരുന്നവൻ; ഭൂദേവൻ = ബ്രാഹ്മണൻ (അശ്വത്ഥാമാവു്); നന്ദനദാഹം = മക്കളുടെ ദഹനം]

ശ്രീകൃഷ്ണൻ തെളിയ്ക്കുന്ന തേരിൽ അർജ്ജുനൻ വരുന്നതു കണ്ട അശ്വത്ഥാമാവു പ്രാണരക്ഷാർത്ഥം ഓടാൻ തുടങ്ങി. 

നിവൃത്തിയില്ലെന്നു വന്നപ്പോൾ,

 

പിന്നവൻ സലിലത്താലുപസ്പർശനം ചെയ്തു

നന്നായ് ധ്യാനിച്ചു, ജീവസന്ദേഹസംഭ്രാന്തനായ്

ഉപസംഹാരമന്ത്രമറിയാൻ വയ്യാഞ്ഞിട്ടും

സപദി,യജാസ്ത്രത്തെത്തൊടുത്തു വിട്ടീടിനാൻ 

(സപദി = വേഗത്തിൽ; അജാസ്ത്രം = ബ്രഹ്മാസ്ത്രം)

 

ബ്രഹ്മാസ്ത്രത്തിന്റെ തേജസ്സു തനിയ്ക്കു ജീവഹാനി വരുത്തും എന്നു ഭയപ്പെട്ട അർജ്ജുനൻ ഭഗവാനോടു ചോദിച്ചു:

 

എങ്ങുമേ നിറഞ്ഞേറ്റം ഭീകരമൊരു തേജ-

സ്സിങ്ങോട്ടു നേരേ വരുന്നതെന്തോന്നിതെങ്ങു നിന്നോ?

 

ഭഗവാൻ പറഞ്ഞു:

 

ദ്രോണനന്ദനനുപസംഹാരമറിയാതെ

പ്രാണഭീതിയിൽ വിട്ടോരജാസ്ത്രമിതർജ്ജുന!

ബ്രഹ്മാസ്ത്രം തടുക്കുവാനന്യാസ്ത്രം പോരായ്കയാ-

ലമ്മട്ടിലതുതന്നെയങ്ങോട്ടൂമയയ്ക്ക നീ

സർവ്വാസ്ത്രപ്രയോഗവും സംഹാരമുറയും നീ

സർവ്വഥാ ഗ്രഹിച്ചവനല്ലയോ, ധനഞ്ജയാ!

 

അസ്ത്രം തൊടുത്തു വിടാനും സംഹരിയ്ക്കാനും അർജ്ജുനനു് അറിയാം. അർജ്ജുനൻ ശ്രീകൃഷ്ണനെ പ്രദക്ഷിണം ചെയ്തു ബ്രഹ്മാസ്ത്രം തൊടുത്തയച്ചു. 

അസ്ത്രതേജസ്സുകൾ തമ്മിൽ കൂട്ടിമുട്ടി പ്രളയാന്ത്യത്തിലെ സർവ്വസംഹാരിയായ അഗ്നിയ്ക്കു സമാനമായി ജ്വലിച്ചു. ഉടൻ രണ്ടസ്ത്രങ്ങളും പിൻവലിച്ചില്ലെങ്കിൽ ലോകനാശമായിരിയ്ക്കും ഫലം.

******

അനന്തരം 15 

പക്ഷെ, അർജ്ജുനൻ അപ്പോൾ ഒരു കാര്യം ചെയ്തു.

 

ജനപീഡയും ലോകനാശവും  ഭഗവാന്റെ

മനവും പാർത്തു പാർത്ഥനടക്കീ രണ്ടസ്ത്രവും

 

രണ്ടസ്ത്രവും എന്നു പറയുന്നുണ്ടെങ്കിലും അശ്വത്ഥാമാവിന്റെ അസ്ത്രം വഴിമാറിപ്പോയി എന്നു കരുതുകയേ നിവൃത്തിയുള്ളൂ. കാരണം അസ്ത്രം ഉത്തരയുടെ ഗർഭസ്ഥശിശുവിനെ ലക്ഷ്യമാക്കി പോയി. 

അശ്വത്ഥാമാവു ബന്ധിതനായി.

 

രോഷതാമ്രാക്ഷനാകുമർജ്ജുനനുടൻ തന്നെ

പാശത്താലാ ദ്രൗണിയെ ബന്ധിച്ചാൻ ഗോവിനെപ്പോൽ 

(രോഷതാമ്രാക്ഷൻ = കോപം കൊണ്ടു ചുവന്ന കണ്ണുകളുള്ളവൻ; ദ്രൗണി = ദ്രോണരുടെ മകൻ; അശ്വത്ഥാമാവു്) 

അർജ്ജുനൻ പിന്നീടു ചെയ്തതു ഭഗവാന്റെ നീരസത്തിനു കാരണമായി. കയറു കൊണ്ടു കെട്ടിയ ശേഷം വലിച്ചു കൊണ്ടുപോകുവാൻ ശ്രമിച്ചു. ഇവനെ വധിയ്ക്കാൻ ഭഗവാൻ പറയുന്നുണ്ടെങ്കിലും അതിൽ അടങ്ങിയിരുന്നതു വധിയ്ക്കരുതു് എന്ന ധ്വനിയാണു്. ഭഗവാന്റെ വാക്കുകൾ:

 

അപരാധാപേതരായുറങ്ങും കുഞ്ഞുങ്ങളെ

കൃപയറ്റിരവിലിബ്രാഹ്മണാധമൻ കൊന്നാൻ

അതിനാലിവൻ വധശിക്ഷാർഹൻ തന്നെ നൂനം

മതിമൻ! മടിയാതെ സംഹരിയ്ക്കുക വേഗം

മത്തൻ, പ്രമത്തൻ, സുപ്തൻ, ബാലകൻ, ജഡൻ, സ്ത്രീ, യു-

ന്മത്തൻ, വിരഥൻ, ഭീരു,വഭയമർത്ഥിപ്പോനും

ശത്രുവർഗ്ഗത്തിൽ തന്നെ പെട്ടിരിയ്ക്കിലും ധർമ്മ-

വിത്തമ,രിക്കൂട്ടരെക്കൊല്ലുമാറില്ലയല്ലൊ. 

(അപരാധാപേതർ = അപരാധമില്ലാത്തവർ; മതിമൻ = ബുദ്ധിമാൻ; മത്തൻ = മദിച്ചവൻ; പ്രമത്തൻ = പല ചിന്തകളാൽ ബുദ്ധി നഷ്ടപ്പെടുന്നവർ; സുപ്തൻ = ഉറങ്ങുന്നവൻ; ജഡൻ = ഉത്സാഹിയല്ലാത്തവൻ; ഉന്മത്തൻ = വിഭ്രാന്തിയുള്ളവൻ; വിരഥൻ = തേരില്ലാത്തവൻ; ധർമ്മവിത്തമർ = ധർമ്മം അറിയുന്നവർ)

ശ്രീകൃഷ്ണൻ തുടർന്നു: വധിയ്ക്കപ്പെട്ടാൽ ഇവനു് അതിന്റെ ഗുണം കിട്ടി എന്നും വരാം. തലയറുത്തു കൊണ്ടുവരുമെന്നു നീ പഞ്ചാലിയോടു പറഞ്ഞ ശപഥവും ഓർക്കുക. ദുര്യോധനൻ പോലും ഇവൻ ചെയ്തതു ശരിയല്ലാത്തതു കാരണം ഇവനെ ശകാരിച്ചു. അതിനാൽ ഈ പാപിയെ നീ വധിയ്ക്കണം.

കൊല്ലാൻ പറയുമ്പോഴും കൊല്ലാതിരിയ്ക്കാൻ ന്യായം കണ്ടെത്തുന്ന ഭഗവാന്റെ മനസ്സു തിരിച്ചറിഞ്ഞു്, അശ്വത്ഥാമാവിനെ കൊല്ലേണ്ട എന്നു് അർജ്ജുനൻ തീരുമാനിച്ചു.

അശ്വത്ഥാമാവിനെ പാഞ്ചാലിയുടെ മുന്നിൽ കൊണ്ടു നിർത്തി. പാഞ്ചാലി അശ്വത്ഥാമാവിനെ വണങ്ങി.

 

ഗുരുവും ഭൂദേവനുമായീടുമവനെത്ത-

ന്നരികിൽക്കെട്ടിക്കൊണ്ടുവന്നതു സഹിയ്ക്കാതെ

അഴിച്ചു വിട്ടാലും ചെന്നഴിച്ചു വിട്ടാലുമെ-

ന്നുഴറ്റോടാവർത്തിച്ചു ചൊല്ലിയമ്മല്ലാക്ഷിയാൾ. 

(ഉഴറ്റോടെ = ശക്തിയായി); മല്ലാക്ഷിയാൾ = സുന്ദരി)

 

അങ്ങയെ സർവ്വതും പഠിപ്പിച്ച ഗുരുപുത്രൻ നമുക്കെന്നും ആദരണീയനാണു്, പാഞ്ചാലി പറഞ്ഞു. ഗുരുവംശം നശിപ്പിയ്ക്കേണ്ട. ഇദ്ദേഹത്തിന്റെ അമ്മയ്ക്കു് എന്നെപ്പോലെ കരയാൻ ഇട വരുത്തരുതു്. 

ഭീമൻ പ്രതിഷേധിച്ചു.

 

………………..ഘാതകൻതന്നെയിപ്പോൾ

കൊല്ലാതെ വിടുവാനോ കൂടിയാലോചനകൾ?

കൊള്ളാം, വധിപ്പതത്രേയവനും ശ്രേയസ്കരം.

 

ശ്രീകൃഷ്ണൻ നിയമങ്ങൾ വീണ്ടും അർജ്ജുനനെ ഓർമ്മിപ്പിയ്ക്കുന്നു:

 

ബ്രാഹ്മണൻ ഹന്തവ്യനല്ലാ,തതായിയായുള്ളോൻ

ബ്രഹ്മജ്ഞാനിയാം ദ്വിജനെന്നാകിലും വധ്യനത്രേ.

എന്നിതു രണ്ടുമെന്റെ ശാസനം ശാസ്ത്രയുക്ത-

മിന്നിവ തെറ്റിയ്ക്കാതെ പറ്റിയ്ക്ക കാര്യം പാർത്ഥാ!

പ്രിയയെശ്ശാന്തയാക്കാൻ ചൊല്ലിയ ചൊല്ലിനേതു-

മയവു വരുത്താതെ ഭീമനും പാഞ്ചാലിയ്ക്കും

എനിയ്ക്കും ഹിതമായിട്ടിരിയ്ക്കത്തക്കവണ്ണം

നിനയ്ക്കൂ, ഭങ്ഗിയായിസ്സങ്ഗതി നിർവ്വഹിയ്ക്കൂ

 

ശ്രീകൃഷ്ണന്റെ മനോഗതം മനസ്സിലാക്കിയ അർജ്ജുനൻ അശ്വത്ഥാമാവിന്റെ തലയിലെ രത്നം ചൂഴ്ന്നെടുത്തു. അയാളെ കയറഴിച്ചു വിട്ടു.

പാണ്ഡവർ അതിനു ശേഷം മക്കളുടെ മരണാനന്തരകർമ്മങ്ങൾ നടത്തി.

മൂന്നു് അശ്വമേധയാഗങ്ങൾ യുധിഷ്ഠിരൻ നടത്തി.  യുധിഷ്ഠിരനെ രാജാവാക്കി ശ്രീകൃഷ്ണൻ ദ്വാരകയ്ക്കു പുറപ്പെടാൻ ഒരുങ്ങുമ്പോൾ, ഉത്തര കരഞ്ഞു കൊണ്ടു് ഓടി വന്നു.

ഉത്തര പറഞ്ഞു:

 

ചുട്ടിരുമ്പൊന്നിതാ വരുന്നുണ്ടെന്റെ നേരേ

പെട്ടെന്നതെന്നെദ്ദഹിപ്പിയ്ക്കട്ടെ,യെന്നാൽ മമ

ഗർഭസ്ഥശിശുവിന്നു ലേശമേശീടാതെ

മുപ്പാരിൻപതേ! ഭവാൻ കാത്തരുളീടവേണം

 

അതു് അശ്വത്ഥാമാവയച്ച ബ്രഹ്മാസ്ത്രമാണെന്നു ശ്രീകൃഷ്ണൻ പറഞ്ഞു. ഉജ്ജ്വലമായി വരുന്ന അസ്ത്രം കണ്ടു പാണ്ഡവർ അഞ്ചുപേരും അമ്പുകളെടുത്തു. ഭഗവാൻ തന്റെ സുദർശനമെടുത്തു ബ്രഹ്മാസ്ത്രത്തെ അതിൽ ലയിപ്പിച്ചു. അങ്ങനെ ഉത്തരയുടെ ഗർഭത്തെ സംരക്ഷിച്ചു.

പിന്നീടുള്ള ശ്ലോകങ്ങളിൽ, യുധിഷ്ഠിരൻ ഭീഷ്മരുടെ ഉപദേശങ്ങൾ സ്വീകരിയ്ക്കുന്നു. അതിനൊടുവിൽ പിതാമഹൻ ശരീരം ത്യജിച്ചു സ്വർഗ്ഗവാസിയാകുന്നു. 

(മഹാഭാരതത്തിലെയും ശ്രീമദ്ഭാഗവതത്തിലെയും കഥാഗതിയിൽ വ്യത്യാസമുണ്ടു്. രണ്ടും എഴുതിയതു വ്യാസനാണെന്നു വിശ്വസിയ്ക്കപ്പെടുന്നുമുണ്ടു്. വ്യാസനായിരുന്നെങ്കിൽ കഥകൾക്കു വ്യത്യാസം വരുകയില്ലായിരുന്നു. പല രീതിയിൽ പ്രചരിച്ചിരുന്ന കഥകൾ പല കവികൾ പലപ്പോഴായി എഴുതിയാണു് ഇന്നത്തെ വ്യാസഭാരതം. പ്രാദേശികമായി നടത്തിയ കൂട്ടിച്ചേർക്കലുകളും നടന്നു).

 

********

അനന്തരം 16 

ഏറ്റവും ആസ്വാദ്യകരം എഴുത്തച്ഛന്റെ മഹാഭാരതം തന്നെ. ഭാഷാപിതാവിന്റെ കൃതിയിലെ സംഭവങ്ങൾ:

കുറിപ്പു്: സംബന്ധികാപ്രത്യയം (ന്റെ, ഉടെ)  പലപ്പോഴും എഴുത്തച്ഛന്‍ ഒഴിവാക്കിയിട്ടുണ്ടു്. വരികള്‍ പ്രാസബദ്ധമാക്കാന്‍ വേണ്ടിയാണു് അതു ചെയ്തിരിയ്ക്കുന്നതു്. ഉദാ:

ഉമ്പര്‍കോന്‍പുത്രന്‍ (ഉമ്പര്‍കോന്റെ പുത്രന്‍)

നന്ദാത്മജന്‍വിളയാട്ടുകള്‍ (നന്ദാത്മജന്റെ വിളയാട്ടുകള്‍)

ശത്രുക്കള്‍ബലാബലം (ശത്രുക്കളുടെ ബലാബലം)

ഇവയെല്ലാം ഒറ്റവാക്കാണു്.

 

പ്രതിഗ്രാഹിക ( പിന്നാലെ വരുന്നതു്) ചേര്‍ക്കുമ്പോഴും ഇതുപോലെ എഴുതും. ഉദാ:-

അശ്വത്ഥാമാവുതന്നെ (അശ്വത്ഥാമാവിനെ)

ഉറ്റവര്‍തന്നെ (ഉറ്റവരെ)

ഇവയെല്ലാം ഒറ്റ വാക്കാണു്.
ഇപ്പോള്‍ പ്രസിദ്ധീകരിയ്ക്കപ്പെടുന്ന
പുരാണങ്ങളില്‍ ഇങ്ങനെയുള്ള വാക്കുകൾ തെറ്റായി, രണ്ടു വാക്കായിട്ടാണു് എഴുതുന്നതു്.

 

ശല്യപർവ്വം. ഭാരതയുദ്ധത്തിന്റെ പതിനെട്ടാം ദിവസം.. 

യുദ്ധം നിർത്തണമെന്നു കൃപാചാര്യർ അന്നു രാവിലെയും പറഞ്ഞിരുന്നു. പാണ്ഡവരുമായി സന്ധിയ്ക്കു ശ്രമിയ്ക്കണമെന്നും ഉപദേശിച്ചിരുന്നു. ആ സമയത്തു ദുര്യോധനൻ ഒരു കുറ്റസമ്മതം നടത്തി:

 

പല പിഴകളവർകളൊടു ചെയ്തുപോയേനഹം

പറയരുതതിനിബ്ഭംങ്ഗിയല്ലൊട്ടുമേ

 

വൈകുന്നേരം ജീവന്‍ രക്ഷിയ്ക്കാന്‍ വേണ്ടി ദുര്യോധനനു രണഭൂമി വിട്ടു പോകേണ്ടി വന്നു.

ദുര്യോധനനു മതിയായി:

 

പാരം മുറിഞ്ഞിടരോടും വശം കെട്ടു

ചോരയുമൊട്ടു വടിച്ചു കളഞ്ഞുടന്‍

ആരുമൊരുത്തര്‍സഹായവും കൂടാതെ

പോരുമിനി മമ പോരുമെന്നോര്‍ത്തവന്‍

കാല്‍നടേ തന്റെ ഗദയുമെടുത്തുകൊ-

ണ്ടാനനം കുമ്പിട്ടു വീര്‍ത്തു വശം കെട്ടു

പേടിച്ചു പേടിച്ചു നോക്കിനോക്കിത്തുലോം

ദുഃഖിച്ചു ദുഃഖിച്ചു നാണിച്ചു നാണിച്ചു

……. 

[ഇടർ = ദുഃഖം, തളർച്ച; പോരുമിനി മമ പോരു് = ഇനി വരുന്നത് എന്റെ പോരാണു്].

 

പോകുന്ന വഴിയ്ക്കു ധൃതരാഷ്ട്രരുടെ ഉപദേശകന്‍ സഞ്ജയനെ കണ്ടു. വ്യാസന്‍ കൊടുത്ത കഴിവിനാല്‍ കൊട്ടാരത്തില്‍ ഇരുന്നു യുദ്ധം കാണാന്‍ സഞ്ജയനു കഴിഞ്ഞു. അങ്ങനെ യുദ്ധത്തിന്റെ ദൃൿസാക്ഷിവിവരണം അന്ധനായ ധൃതരാഷ്ട്രര്‍ക്കു നല്‍കുന്നുണ്ടായിരുന്നു.

ഉപദേശിയ്ക്കാന്‍ ശ്രമിച്ച സഞ്ജയനോടു ദുര്യോധനന്‍, താൻ മരിച്ചിട്ടില്ലെന്നു പിതാവിനെ അറിയിയ്ക്കാൻ പറഞ്ഞു:

യുദ്ധരങ്ഗത്തു വന്ന സഞ്ജയനെ ഭീമന്‍ പിടികൂടിയെങ്കിലും വിട്ടയച്ചു. അയാള്‍ ഓടി രക്ഷപ്പെട്ടു.

മൂന്നു വീരയോദ്ധാക്കള്‍ കൗരവരുടെ പക്ഷത്ത് അവശേഷിച്ചിരുന്നല്ലോ. അശ്വത്ഥാമാവു്, അശ്വത്ഥാമാവിന്റെ അമ്മാവനും ചിരഞ്ജീവിയുമായ കൃപാചാര്യര്‍, ശ്രീകൃഷ്ണന്റെ നാരായണിസേനയുടെ മുതിര്‍ന്ന ഒരു നായകനും വസുദേവരുടെ പിതൃസഹോദരനുമായ കൃതവര്‍മ്മന്‍/കൃതവര്‍മ്മാവു്.

സേന ദുര്യോധനനും ശ്രീകൃഷ്ണന്‍ പാണ്ഡവര്‍ക്കൊപ്പവും എന്നായിരുന്നല്ലോ ഉടമ്പടി. ആ ഉടമ്പടിപ്രകാരം കൃതവര്‍മ്മന്‍ ദുര്യോധനപക്ഷത്തായി. 

ദുര്യോധനന്‍ കൃഷ്ണഹ്രദം (ദ്വൈപായനഹ്രദം) എന്ന ഒരു തടാകത്തില്‍ ഇറങ്ങി. (ഹ്രദം = തടാകം, വലിയ കുളം, വലിയ ചിറ).

അവിടെ വച്ചു് അശ്വത്ഥാമാവും കൃപാചാര്യരും കൃതവര്‍മ്മനും ഇനിയും പൊരുതാമെന്നു ദുര്യോധനനോടു പറഞ്ഞു.

അശ്വത്ഥാമാവിനു പക തീരുകയില്ലല്ലൊ. ദ്രോണരെ പാണ്ഡവർ ചതിയിൽ വധിയ്ക്കുക കാരണം.

 

വെള്ളത്തിലൊട്ടു നേരം കിടന്നാല്‍ മുറി-

ഞ്ഞുള്ളൊരു താപവുമൊട്ടു പോം പിന്നെ നാം

ചെന്നു യുദ്ധം ചെയ്തു വൈരികുലത്തെയും

കൊന്നൊടുക്കാമതിനില്ലൊരു സംശയം

 

എന്നും മറ്റും പറഞ്ഞു ദുര്യോധനന്‍ അവരെ പറഞ്ഞയച്ചു.

ഭീമനു മാംസം നല്‍കിയിരുന്ന ഒരു വേടന്‍ ദുര്യോധനനെ കണ്ടു. അയാള്‍ വിവരം പാണ്ഡവരെ അറിയിച്ചു.

ദുര്യോധനന്‍ എവിടെയുണ്ടെന്നു് അറിഞ്ഞപ്പോള്‍, ശ്രീകൃഷ്ണൻ ദുര്യോധനനു മൃത്യുപാശം ഒരുക്കുന്നു.

 

പോക നാ,മെങ്കിലവിടേയ്ക്കു വൈകാതെ

ചാകിലും കൊല്കിലും നന്നിനി നിര്‍ണ്ണയം

 

എന്നു പറഞ്ഞ ശ്രീകൃഷ്ണന്‍ പാണ്ഡവരുമായി ധൃഷ്ടദ്യുമ്നനോടൊപ്പം അവിടെയെത്തി. ഭൂമിയ്ക്കു ഭാരമായ ഒരാളെ കൂടി ലക്ഷ്യമിടുകയായിരുന്നു ഭഗവാൻ.

******

അനന്തരം 17

 

ധര്‍മ്മപുത്രര്‍ ദുര്യോധനനെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനോടു് ഒരു സംശയവും നീതിജ്ഞനായ അദ്ദേഹം ചോദിച്ചു:

 

പോരില്‍ മരിയ്ക്കുന്നതിന്നു ഭയപ്പെട്ടു

നീരിലൊളിച്ചു കിടക്കുന്ന മന്നവന്‍

പാരില്‍ നികന്നു വരികിലല്ലോ നമു-

ക്കാരാലെതിര്‍ത്തു പൊരുതു കൂടൂ, ഹരേ! 

[പാരില്‍ നികന്നു് = നേരെ വന്നു്/തറയില്‍ നിന്നുകൊണ്ടു്;

ആരാല്‍ = അടുത്ത്]

 

ഇന്ദ്രനും പരശുരാമനും ഞാനും ഓരോ വിധത്തില്‍ ശത്രുക്കളെ കൊന്നിട്ടുണ്ടു്, ശ്രീകൃഷ്ണന്‍ ധര്‍മ്മപുത്രരോടു പറഞ്ഞു. മാത്രമല്ല, എങ്ങനെ ദുര്യോധനനെ പ്രകോപിപ്പിയ്ക്കണം എന്നും പറഞ്ഞു കൊടുക്കുന്നു.

വല്ല കണക്കിനും വൈരികളായോരെ

കൊല്ലുക നന്നതു ഭൂപതിമാര്‍ക്കെടോ

ക്ഷേപിച്ചു ചൊന്നാലഭിമാനമുള്ളവര്‍

കോപിച്ചു ചാടുമതിനില്ല സംശയം

നിന്ദാവചനം പറക നീയെന്നു ഗോ-

വിന്ദന്‍ പറഞ്ഞതു കേട്ടൊരു ധര്‍മ്മജന്‍...... 

[ക്ഷേപിച്ചു് = ആക്ഷേപിച്ചു്/നിന്ദിച്ചു്ധർമ്മജൻ = യമപുത്രൻ = ധർമ്മപുത്രർ]

 

ദുര്യോധനനെ, അയാള്‍ ചെയ്ത പല ദുഷ്പ്രവൃത്തികളും നിരത്തി, വീണ്ടും വെല്ലുവിളിച്ചു.

ഇനി ഒരു യുദ്ധം വേണ്ടെന്നു കരുതി ദുര്യോധനന്‍ പറഞ്ഞു:

 

ശേഷിച്ച നിങ്ങളെയും കൊല ചെയ്തിനി

ശേഷിച്ചു ഞാനൊരുത്തന്‍ വസിച്ചീടിനാല്‍

ഒരു സുഖവുമില്ലതെല്ലാം നിരൂപിച്ചു ഞാ-

നൊന്നുണ്ടു ചൊല്ലുന്നതിപ്പോള്‍ ധരാപതേ!

കാനനം തന്നിലിരുന്നു തപസ്സു ചെ-

യ്താനന്ദമോടു പരഗതി തേടുവന്‍

രാജ്യവും വാണിരുന്നീടുക ധര്‍മ്മജന്‍

പൂജ്യനാ, യെന്തൊരു ഹാനി നമുക്കതില്‍? 

[ധരാപതി = രാജാവു്, പരഗതി = മോക്ഷം]

 

രാജ്യം പാണ്ഡുവിന്റെ. പിന്തുടര്‍ച്ച ധര്‍മ്മപുത്രര്‍ക്ക്. കയ്യാളുന്നതു ദുര്യോധനനും. ധരാപതേ എന്ന വിളി അസ്ഥാനത്താണു്. ദുര്യോധനൻ അതു വരെ യുധിഷ്ഠിരനെ രാജാവായി അങ്ഗീകരിച്ചിരുന്നില്ല.

ധര്‍മ്മപുത്രരുടെ മറുപടി:

 

എന്നുടെ രാജ്യത്തെ നിന്നോടിരന്നു കൊ-

ണ്ടിന്നു ഞാന്‍ മന്നവനായി വാഴേണമോ?

പിന്നെ, നിനക്കുള്ളതെങ്കിലേ കേവലം

തന്നുകൂടൂ നിനക്കെന്നുമറിക നീ

 

നിന്റെ സ്വന്തം വസ്തുക്കളല്ലേ  നീ ദാനമായിട്ടു കൊടുക്കേണ്ടതു്? രാജ്യം നിന്റെയല്ലല്ലോ, എന്നു യുധിഷ്ഠിരന്‍. 

മൃത്യുപാശം മുറുകുന്നു. ജീവിച്ചിരിയ്ക്കുന്ന ദുര്യോധനന്‍ എന്നും ഭീഷണിയാവുമെന്നു കൃഷ്ണന്‍ ധര്‍മ്മപുത്രരെ ഉപദേശിച്ചു. ഒടുവില്‍ ഒരാളോടു യുദ്ധം ചെയ്യാമെന്നായി ദുര്യോധനന്‍. പക്ഷെ, ചതിയ്ക്കരുതു് എന്നൊരു നിബന്ധനയും.

ഭീമന്ഗദായുദ്ധത്തിനു തയ്യാറായി.

രാജസഭയില്‍ വസ്ത്രാക്ഷേപം നടന്നപ്പോള്‍ പാഞ്ചാലി കരഞ്ഞുകൊണ്ടു് ഇങ്ങനെ ശപിച്ചിരുന്നു:

 

ധാര്‍ത്തരാഷ്ട്രന്മാരെ! നിങ്ങള്‍ ശതത്തെയും

പോര്‍ത്തലത്തിങ്കേന്നു കൊല്ലുക മാരുതി

പോരായ്മ ചേര്‍പ്പതിനാളായ കര്‍ണ്ണനെ-

പ്പോരിലെതിര്‍ത്തു ധനഞ്ജയന്‍ കൊല്ലുക

വീറുകൊടുത്ത ശകുനിയെയും പോരില്‍

വീരനായുള്ള സഹദേവന്‍ കൊല്ലുക 

[ധാര്‍ത്തരാഷ്ട്രര്‍ = ധൃതരാഷ്ട്രരുടെ മക്കള്‍; മാരുതി = ഭീമന്‍; ധനഞ്ജയന്‍ = അര്‍ജ്ജുനന്‍]

 

ഭീമനു് ഒരു ജോലി  കൂടി തീര്‍ക്കാനുണ്ടു്. ദുര്യോധനവധം. പാഞ്ചാലിയുടെ മനസ്സില്‍ മതിപ്പു തോന്നിപ്പിയ്ക്കാനുള്ള ഒരവസരം!

ദൂതിനു പോകുന്നതിനു മുമ്പു ശ്രീകൃഷ്ണന്‍ പാഞ്ചാലിയ്ക്കു് ഉറപ്പു കൊടുത്തിരുന്നു:

 

കശ്മലന്‍ ദുശ്ശാസനന്‍താനും തല്‍ബന്ധുക്കളും

നിശ്ശേഷമൊടുങ്ങേണമെന്നതിന്നത്രേ ഞാനും

നിശ്ചയം തുടങ്ങുന്നു, പോയാലും ഖേദിയ്ക്കേണ്ട

ഞാന്‍ ചാലേ വരുത്തുവന്‍ വാഞ്ഛിതമെന്നു കൃഷ്ണൻ

……

[വാഞ്ഛിതം = ആഗ്രഹിയ്ക്കപ്പെട്ടതു്]

******

 

അനന്തരം 18

 

ദുര്യോധനോടു പിണങ്ങാതെ രാജസഭയില്‍ കാര്യങ്ങള്‍ അവതരിപ്പിയ്ക്കണമെന്നു ധര്‍മ്മപുത്രര്‍ ശ്രീകൃഷ്ണനോടു പറഞ്ഞിരുന്നു.

സഭയിൽ, ക്ഷത്രിയകുലമഹിമയും അവകാശവും പാണ്ഡവര്‍ക്കില്ല എന്നു ദുര്യോധനൻ വാദിച്ചപ്പോള്‍ അതേ കാര്യം പറഞ്ഞു ദുര്യോധനനും അവയൊന്നുമില്ല എന്നു ശ്രീകൃഷ്ണന്‍ സ്ഥാപിച്ചു. 

പാതിരാജ്യം, അഞ്ചു ദേശങ്ങള്‍, അഞ്ചു വീടുകള്‍, അല്ലെങ്കില്‍ അഞ്ചു പേര്‍ക്കും കൂടി ഒരു വീടെങ്കിലും കൊടുക്കാന്‍ ശ്രീകൃഷ്ണന്‍ ദുര്യോധനനോടഭ്യര്‍ത്ഥിച്ചു. പക്ഷെ, ഭഗവാന്‍ പറഞ്ഞതെല്ലാം ദുര്യോധനന്‍ നിരസിച്ചിരുന്നു. ധൃതരാഷ്ട്രർ അതിനു കൂട്ടുനിന്നു. 

ശാപങ്ങളെല്ലാം ഒരുമിച്ചനുഭവിയ്ക്കാൻ സമയമായി.

അഞ്ചു പേര്‍ക്കും ദുര്യോധനനെ തോല്‍പിയ്ക്കാനാവില്ല എന്നും ഗദപ്രയോഗത്തില്‍ ദുര്യോധനനാണു മിടുക്കന്‍ എന്നും ശ്രീകൃഷ്ണന്‍ പാണ്ഡവരോടു സൂചിപ്പിച്ചു. കരയില്‍ കയറി വന്ന ദുര്യോധനന്‍, സരസ്വതീനദിയുടെ തീരം അരങ്ങാക്കാം എന്നു പറഞ്ഞതു ധര്‍മ്മപുത്രര്‍ സമ്മതിച്ചു.  ഇതു കുരുക്ഷേത്രത്തിന്റെ ഒരു ഭാഗത്താണത്രെ.

പാണ്ഡവകൗരവയുദ്ധം തുടങ്ങാൻ തീരുമാനിച്ചപ്പോൾ അതിൽ പ്രതിഷേധിച്ചു തീര്‍ത്ഥാടനത്തിനു പോയ ബലരാമന്‍ പ്രഭാസതീര്‍ത്ഥത്തില്‍ നാരദന്റെ സമീപമായിരുന്നു. നാരദന്‍ ഭീമദുര്യോധനയുദ്ധം അദ്ദേഹത്തെ അറിയിച്ചു. രണ്ടു പേരും പോരു കാണാന്‍ സരസ്വതീനദിക്കരയില്‍ വന്നു. പല ദേവകളും രാജാക്കന്മാരും വന്നു ചേര്‍ന്നു. ബലരാമനാണു ഗദായുദ്ധത്തില്‍ രണ്ടു പേരുടെയും ഗുരു. രാമനു ദുര്യോധനനോടാണു കൂടുതൽ പ്രിയം. ശ്രീകൃഷ്ണനും ദുര്യോധനനും ബലരാമനെ വന്ദിച്ചു. നദീതീരത്തു ഭീമദുര്യോധനയുദ്ധം തുടങ്ങി.

നിയമമനുസരിച്ചു് അരയ്ക്കു താഴെ ഗദ കൊണ്ടടിയ്ക്കരുതു്. പക്ഷെ, ഭീമന്‍ തോല്‍ക്കുമെന്നായി. ദുര്യോധനന്റെ തല മുതല്‍ അരക്കെട്ടു വരെ വജ്രസമാനമായിരുന്നു. ജന്മനാ അങ്ങനെയായിരുന്നുവെന്നും അതല്ല ഗാന്ധാരിയുടെ ദൃഷ്ടി പതിഞ്ഞു് അങ്ങനെയായതാണെന്നും രണ്ടു തരത്തില്‍ കഥകളുണ്ടു്. യമരാജനു പോലും ദുര്യോധനനെ കീഴടക്കാന്‍ സാധിയ്ക്കുകയില്ല. അര്‍ജ്ജുനന്‍ വിഷമം അറിയിച്ചപ്പോള്‍ ശ്രീകൃഷ്ണന്‍ പറഞ്ഞു:

 

വല്ല പ്രകാരവും കൊല്‍കെന്നതേ വരൂ

വല്ലായ്മയല്ലായ്കില്‍ നല്ലതല്ലേതുമേ

......

ഊരു തന്മേലടിച്ചാല്‍ മരിച്ചീടുമീ

വീരനതിനൊരു ശാപവുമുണ്ടെടോ 

[ഊരു = തുട]

 

ഭീമന്റെ പ്രതിജ്ഞയ്ക്കു ദുര്യോധനനെ സംബന്ധിച്ചിടത്തോളം വലിയ സാങ്ഗത്യമില്ല. ശാപം കിട്ടിയതു മൈത്രേയമുനിയിൽ നിന്നായിരുന്നു. യുദ്ധം ഒഴിവാക്കണമെന്നു് ഉപദേശിയ്ക്കാൻ എത്തിയതായിരുന്നു മുനി.

 

അന്നേരം സുയോധനൻതന്നോടു ശ്രീമൈത്രേയൻ

ധന്യനാം ധർമ്മജന്റെ രാജ്യം നീ കൊടുക്കെന്നാൻ

അന്നപഹാസത്തോടു തുടകൊട്ടിയാർത്താൻ

മന്നവൻ ധൃതരാഷ്ട്രനന്ദനൻ, മൈത്രേയനും

ഭീമന്റെ തല്ലു നിന്റെ തുട മേൽ കൊണ്ടു ചാക

ഭൂമിപാലകുലനാശകനായ നീയും 

(ധർമ്മജൻ = യുധിഷ്ഠിരൻ; ഭൂമിപാലകുലം = രാജവംശം)

 

അര്‍ജ്ജുനന്‍ തുടയില്‍ താളം പിടിയ്ക്കാന്‍ തുടങ്ങി.

ഭീമനു കാര്യം മനസ്സിലായി. പക്ഷെ, തുടയില്‍ അടിയ്ക്കാന്‍ പഴുതു കിട്ടിയില്ല.  രണ്ടു പേരും പ്രഹരത്തില്‍ നിന്നു് ഒഴിഞ്ഞു മാറുകയാണു്. ഒഴിഞ്ഞു മാറാതെ ഒരു പ്രഹരം കൊണ്ടാല്‍ ഭീമനു് അവസരം കിട്ടും. ഉയര്‍ന്നു പൊങ്ങിയ ദുര്യോധനന്റെ ഒരു തല്ലു മനഃപൂര്‍വ്വം വാങ്ങിയ സമയത്തു ഭീമന്‍ ദുര്യോധനന്റെ തുടയില്‍ അടിച്ചു. അതു ശാപശക്തിയാല്‍ മാരകപ്രഹരമായി.

അടി കൊണ്ടു മരണാസന്നനായി കിടന്ന ദുര്യോധനന്റെ നെഞ്ചില്‍ കയറി ഭീമന്‍ മര്ദ്ദിയ്ക്കാന്തുടങ്ങി.

മര്‍ദ്ദിയ്ക്കുമ്പോള്‍ ദുര്യോധനന്റെ ദ്രോഹപ്രവൃത്തികള്‍ ഭീമന്‍ എണ്ണിപ്പറയുന്നുണ്ടായിരുന്നു.

 

തന്നോടു മുന്നമവന്‍ ചെയ്ത കര്‍മ്മങ്ങ-

ളൊന്നിനോരോന്നു തല്ലേണമെന്നോര്‍ത്തവന്‍

ഓരോന്നു ചൊല്ലിയുമോരോന്നു തല്ലിയും.....

 

ഓരോന്നു ചൊല്ലിയും ഓരോന്നു തല്ലിയും.ഭീമന്റെ ക്രൂരത ലളിതമായ നാലു വാക്കുകളിൽ.

ഭീമന്‍ നിയമം തെറ്റിച്ചതും വീണു കിടന്നപ്പോള്‍ മര്‍ദ്ദിച്ചതും ബലരാമനു സഹിച്ചില്ല.

 

വീരഭദ്രന്‍ പണ്ടു ദക്ഷനെക്കൊല്ലുവാന്‍

വീറോടു കൂടെയടുക്കുന്നതു പോലെ

 

ഭീമനു നേരെ ബലരാമന്‍ കലപ്പയും മുസല (നീണ്ട ഇരുമ്പുദണ്ഡ്)വുമായി കുതിച്ചു.

 

******

 

അനന്തരം 19

 

ശ്രീകൃഷ്ണന്‍ ഭീമന്റെ രക്ഷയ്ക്കെത്തി. ബലരാമനെ തടഞ്ഞുകൊണ്ടു പറഞ്ഞു:

ബന്ധുക്കള്‍ പരസ്പരം പൊരുതുന്നു. നമ്മള്‍ എന്തിനു് ഇടപെടണം? എന്റെ ശപഥപ്രകാരം, യുദ്ധം തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ ഇടപെടുന്നില്ലല്ലോ. ഇവര്‍ നമ്മുടെ ബന്ധുക്കളുമാണു്.

എവിടെയും ശ്രീകൃഷ്ണന്റെ അടവുകൾ!

പാണ്ഡവരുടെ അമ്മ പൃഥ (കുന്തി) കൃഷ്ണന്റെ പിതൃസഹോദരിയാണു്. അര്‍ജ്ജുനന്‍ കൃഷ്ണന്റെ സഹോദരീഭര്‍ത്താവാണു്.

ദുര്യോധനന്റെ മകള്‍ ലക്ഷ്മണയെ വിവാഹം ചെയ്തതു ശ്രീകൃഷ്ണന്റെ മകന്‍ സാംബനാണു്.

ശ്രീകൃഷ്ണന്‍ ബലരാമനോടു പറഞ്ഞു (അദ്ധ്യാത്മരാമായണത്തില്‍, വാല്മീകിയുടെ കഥ പറയുമ്പോള്‍ പ്രയോഗിച്ച രണ്ടു വരികള്‍ ഈ സമയത്തു് എഴുത്തച്ഛന്‍ ഉപയോഗിയ്ക്കുന്നുണ്ടു്: താന്താന്‍ നിരന്തരം....):

 

എത്ര തരം ചതി ചെയ്തു സുയോധനന്‍?

നിത്യനാമീശ്വരനില്ലാതെയാകുമോ?

താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍

താന്താനനുഭവിച്ചീടുകെന്നേ വരൂ     


കണക്കു കൂട്ടി കണക്കിനു കൊടുക്കുകയാണു നിത്യനാമീശ്വരൻ!

ബലരാമന്‍ ഭീമനെ കോപിഷ്ഠനായി നോക്കിയിട്ടു ദ്വാരകയിലേയ്ക്കു

പോയി. മരണം കാത്തു കിടന്ന ദുര്യോധനനെ ഉപേക്ഷിച്ചു ശ്രീകൃഷ്ണനും പാണ്ഡവരും അവരുടെ പടകുടീരത്തിലേയ്ക്കു പോയി.

 

എല്ലാവരും തേരില്‍ നിന്നിറങ്ങീടിനാര്‍

മല്ലാരിതാനുമരുള്‍ ചെയ്തിതന്നേരം

മുന്‍പിലിറങ്ങൂ നീ,യര്‍ജ്ജുന! പിന്നെ ഞാന്‍

ഉമ്പര്‍കോന്‍പുത്രനുമപ്പോളിറങ്ങിനാന്‍

ഭക്തരില്‍ മുമ്പനായുള്ള ഹനൂമാനും

ചിത്തം തെളിഞ്ഞിറങ്ങീടിനാന്‍ ഭൂമിയില്‍

നാരായണന്‍ അഖിലേശന്‍ തിരുവടി

തേരില്‍ നിന്നപ്പോഴേ പാരിലിറങ്ങിനാന്‍ 

[മല്ലാരി = മല്ലാസുരന്റെ ശത്രു = ശ്രീകൃഷ്ണന്‍;

ഉമ്പര്‍ = ദേവകള്‍; കോന്‍ =  തമ്പുരാന്‍; ഉമ്പര്‍കോന്‍ = ഇന്ദ്രന്‍; ഉമ്പര്‍കോന്‍പുത്രന്‍ = ഇന്ദ്രന്റെ പുത്രന്‍ = അര്‍ജ്ജുനന്‍]

 

രണ്ടാമതിറങ്ങിയതു മറ്റൊരു ദേവൻ.

ഹനൂമാൻ.

കൊടിയിലായിരുന്നു ഹനൂമാന്റെ ചൈതന്യം. ഹനൂമാന്‍ മറഞ്ഞു.

അര്‍ജ്ജുനനും ഹനൂമാനും ശ്രീകൃഷ്ണനും ഇറങ്ങിയ ഉടന്‍ രഥം തീയില്‍ കത്തിയമര്‍ന്നു.

അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോടു്, അദ്ഭുതത്തോടെ അതിന്റെ കാരണം ആരാഞ്ഞു. ഭഗവാൻ പറഞ്ഞു:

 

വൃത്രാരിപുത്ര! വിജയ! മഹാരഥ,-

യിത്രനാളും മുദാ കാത്തിതു ഞാനെടോ!

അസ്ത്രമാഗ്നേയം ഭരദ്വാജനന്ദനന്‍

ക്രുദ്ധനായെയ്തതു കൊണ്ടതു വെന്തതും 

[വൃത്രാരി = വൃത്രാസുരന്റെ ശത്രു = ഇന്ദ്രന്‍; വിജയന്‍ = (എപ്പോഴും വിജയിയ്ക്കുന്നവന്‍) അര്‍ജ്ജുനന്‍; ഭരദ്വാജനന്ദനന്‍ = ഭരദ്വാജമുനിയുടെ മകൻ = ദ്രോണര്‍]

 

ദ്രോണാചാര്യന്റെ ആഗ്നേയാസ്ത്രം രഥത്തില്‍ ഏറ്റിരുന്നു. രഥം അര്‍ജ്ജുനനു നല്‍കിയതു് അഗ്നിദേവനായിരുന്നു. രഥത്തിന്റെ ആവശ്യം ഇനിയില്ല. ദ്രോണരുടെ ഉദ്ദേശ്യം ഒടുവില്‍ അഗ്നിദേവന്‍

നടപ്പാക്കി. ശ്രീകൃഷ്ണനും എതിരു നിന്നില്ല.

മക്കള്‍ നഷ്ടപ്പെട്ട ഗാന്ധാരിയെയും ധൃതരാഷ്ട്രരേയും ഓര്‍ത്തു വിലപിച്ച ധര്‍മ്മപുത്രരുടെ ദുഃഖം തണുപ്പിയ്ക്കാന്‍ ശ്രീകൃഷ്ണന്‍ ധൃതരാഷ്ട്രരെയും ഗാന്ധാരിയെയും കാണാന്‍ പോയി. നൂറ്റിയൊന്നു മക്കളില്‍ പെണ്ണായ ദുശ്ശളയും, ധൃതരാഷ്ട്രര്‍ക്കു  ഗാന്ധാരീദാസിയായ സുഘദയിലുണ്ടായ യുയുത്സു എന്ന മകനും ഒഴികെ ആരും അവശേഷിച്ചില്ല. യുയുത്സു പാണ്ഡവപക്ഷത്തു ചേര്‍ന്നിരുന്നു. ദുശ്ശളയ്ക്കു ഭർത്താവായ ജയദ്രഥനെ നഷ്ടപ്പെട്ടിരുന്നു.

ധൃതരാഷ്ട്രരെ സന്ദര്‍ശിച്ചു മടങ്ങുന്ന വ്യാസമുനിയെ ശ്രീകൃഷ്ണന്‍ വന്ദിച്ചു.

ധൃതരാഷ്ട്രര്‍ക്കു ശ്രീകൃഷ്ണന്റെ പക്കല്‍ നിന്നും കുറെ ശകാരങ്ങള്‍ കിട്ടി.

 

മുന്നമേ വന്നു ഞാന്‍ നിന്നോടു മന്നവ!

ചൊന്നേനിവണ്ണം വരുമെന്നു സാദരം

നാട്ടിലെങ്ങാനുമില്ലങ്ങള്‍ തോറും വസി-

ച്ചൂട്ടിലുമുണ്ടു പൊറുത്തുകൊള്ളാമെന്നും

നിന്നോടു തന്നെയിരന്നിതു പാണ്ഡവ-

രന്നതു തോന്നീലയല്ലോ, വിധിമതം!

.....

നിങ്ങള്‍ക്കവരേ ഗതിയെന്നുറയ്ക്കണം

നിങ്ങളൊഴിഞ്ഞവര്‍ക്കും ഗതിയില്ലേതും 

[ഇല്ലം = വീടു്; ഊട്ട് = പൊതുസദ്യ] 

****** 

അനന്തരം 20

 

ദുര്യോധനന്റെ പതനവും ശ്രീകൃഷ്ണന്‍ ധൃതരാഷ്ട്രരെ അറിയിച്ചു. കൊട്ടാരത്തില്‍ ദുഃഖത്തിന്റെ തിരയടികള്‍ നേരത്തേ തന്നെ തുടങ്ങിയിരുന്നു.

ഞാന്‍ പോകട്ടെ. ഇല്ലെങ്കില്‍ അശ്വത്ഥാമാവു പാണ്ഡവരെ വധിയ്ക്കും, ശ്രീകൃഷ്ണന്‍ യാത്ര പറഞ്ഞു കൈനില (പാളയം) യിലേയ്ക്കു മടങ്ങി.

സംഭവിയ്ക്കാന്‍ പോകുന്നതു മൃത്യുതാണ്ഡവമാണെന്നു ശ്രീകൃഷ്ണനു് അറിയാമായിരുന്നു. 

ശ്രീകൃഷ്ണന്‍ ധൃതരാഷ്ട്രരെ കണ്ടു മടങ്ങിയതിനു ശേഷം സഞ്ജയന്‍ ദുര്യോധനനെ കാണാന്‍ പോയി. ഭീമന്റെ ചതി ഉള്‍പ്പടെ എല്ലാ കാര്യങ്ങളും അച്ഛനമ്മമാരെ അറിയിയ്ക്കാനും അശ്വത്ഥാമാവു മുതലായവരെ തന്റെ അടുത്തേക്കു പറഞ്ഞയയ്ക്കാനും ദുര്യോധനന്‍ സഞ്ജയനോടു് ആവശ്യപ്പെട്ടു.

ഇവിടെയും ദുര്യോധനന്‍ കുറ്റസമ്മതം നടത്തുന്നു:

 

മാനലോഭാദികളേറെയുണ്ടാകയാല്‍

ഞാനൊരു കാരണമായേനിതിനെല്ലാം

 

ദുരഭിമാനവും അന്യന്റെ സ്വത്തിലുള്ള അത്യാഗ്രഹവും അവയാണു് ഇതിനെല്ലാം കാരണം.

 

അടുത്തതു സൗപ്തികപർവ്വം. 

കൈനിലയില്‍ എത്തിയ ശ്രീകൃഷ്ണന്‍ പാണ്ഡവരോടു പറഞ്ഞു: ഇന്നു രാത്രി ഇവിടെ താമസിയ്ക്കുന്നതു് ഉചിതമല്ല.

 

പൈശാചഭൂതപ്രേതപൂർണ്ണമാമടൽക്കളം

കൈവെടിഞ്ഞിട്ടു വേണം രാത്രിയിലുറങ്ങുവാൻ

ശ്രീകൃഷ്ണന്‍ പാണ്ഡവരെയും പാഞ്ചാലി, സാത്യകി എന്നിവരെയും ഗോമതീനദീതീരത്തേയ്ക്കു മാറ്റിപ്പാര്‍പ്പിച്ചു.

ദൂതർ അറിയിച്ചതനുസരിച്ചു കൃപാചാര്യരും കൃതവര്‍മ്മനും അശ്വത്ഥാമാവും ദുര്യോധനന്റെ സമീപം ചെന്നു. മുറിവേറ്റു കിടക്കുന്ന

കൗരവചക്രവര്‍ത്തിയെ കണ്ടു് അവര്‍ അതീവദുഃഖിതരായി. അശ്വത്ഥാമാവിനെ സേനാനായകനാക്കാന്‍ ദുര്യോധനന്‍ പറഞ്ഞു. അപ്പോള്‍ തന്നെ അവര്‍ അശ്വത്ഥാമാവിനെ സേനാനായകനാക്കി. ദുഷ്കര്‍മ്മവശാലിതു വന്നതെന്നിരിക്കിലും എന്നു വീണ്ടുമൊരിയ്ക്കല്‍ കൂടി കുറ്റസമ്മതം നടത്തുന്ന ദുര്യോധനന്‍ അവരോടു പകരം വീട്ടാന്‍ ആവശ്യപ്പെട്ടു.

മൂന്നു പേരും അന്നു വനത്തില്‍ തങ്ങി. മരച്ചുവട്ടില്‍ കിടക്കവേ അശ്വത്ഥാമാവു് ഒരു വിചിത്രസംഭവം കണ്ടു. (ഇരുട്ടിയിരുന്നെങ്കിലും സംഭവത്തിനെ പറ്റി ഏകദേശധാരണ കിട്ടി എന്നു കരുതുക). 

ഒരു കൂമന്‍ ഒരു മരത്തില്‍ ഉറങ്ങുകയായിരുന്ന കാക്കകളെ ഇരുളിന്റെ മറവില്‍ ആക്രമിയ്ക്കുന്നു.

 

രാത്രിയില്‍ കാകന്മാര്‍ക്കു നേത്രങ്ങള്‍ കാണാ പിന്നെ

രാത്രിയില്‍ കാണാമല്ലോ കൂമനു സുഖം പോലെ 

[കാണാ = കാണുകയില്ല]

 

കൂമന്റെ ആക്രമണത്തിൽ കാക്കകളില്‍ ചിലതു ചത്തു വീണു.

മറ്റു രണ്ടു പേരെയും ഉണര്‍ത്തി അശ്വത്ഥാമാവു  സംഭവത്തെ പറ്റി പറഞ്ഞു:

ഇതു ദൈവനിയോഗത്താല്‍ കണ്ടതാണു്. ഇതാണു നമ്മളും ചെയ്യേണ്ടതു്.

ഉറങ്ങിക്കിടക്കുന്ന  പാണ്ഡവരെയെല്ലാം രാത്രിയില്‍ തന്നെ ഇപ്രകാരം വധിയ്ക്കാന്‍ അശ്വത്ഥാമാവു തീരുമാനിച്ചു. പകല്‍ സമയത്തു ജഗത്കാരണനായ ശ്രീകൃഷ്ണന്‍ ഉള്ളതു കാരണം ഒരു തന്ത്രവും ഫലിയ്ക്കുകയില്ല:

 

നേരോടു പകല്‍ ചെന്നാലാവതില്ലവരോടു

കാരണന്‍ നാരായണന്‍ കാത്തുകൊണ്ടീടുമല്ലോ

 

അമ്മാവനായ കൃപാചാര്യര്‍ക്ക് ഒളിയാക്രമണം സമ്മതമല്ലായിരുന്നു:

 

രാത്രിയില്‍ ചതിച്ചു നാം കൊല്ലുവാന്‍ ചെന്നാലതു

കീര്‍ത്തികേടുണ്ടാമത്രേ, സാദ്ധ്യവുമല്ല നമ്മാല്‍

.....

ഭാഗ്യമില്ലാതവര്‍ക്കു വേണ്ടി വേലകള്‍ ചെയ്താല്‍

യോഗ്യമായ് വന്നുകൂടാ, പാര്‍ക്കേണമിനിയും നാം 

[ഭാഗ്യമില്ലാതവര്‍ = ഭാഗ്യമില്ലാത്തവര്‍]

 

മറ്റുള്ളവരോടാലോചിച്ചു നാളെ ചെയ്യാം എന്നും കൃപര്‍ പറഞ്ഞു. പക്ഷെ, ഒടുവില്‍ അശ്വത്ഥാമാവു പറഞ്ഞതു കൃപാചാര്യനും കൃതവര്‍മ്മനും സമ്മതിച്ചു. ഒളിയാക്രമണത്തിനായി അവര്‍ രഥങ്ങളില്‍ കയറി. നേരിട്ടു പാളയത്തില്‍ കയറുന്നതു് അശ്വത്ഥാമാവു്. പുറത്തു മറ്റു രണ്ടു പേരും. അകത്തു കയറാന്‍ എത്തിയ അശ്വത്ഥാമാവു്:

 

വേതാളഭൂതപ്രേതപൈശാചകൂളികളാല്‍

ഭീതിപൂണ്ടടുത്തുകൂടാഞ്ഞു പോര്‍ക്കളം തന്നില്‍

ശത്രുക്കളായ പാണ്ഡുപുത്രന്മാരെയും പേടി-

ച്ചെത്രയും പ്രയോഗിച്ചു ശസ്ത്രങ്ങളശ്വത്ഥാമാ

 

[കൂളി = ഭദ്രകാളിയുടെ അനുചരികളായ ഭീകരരൂപങ്ങള്‍]

 

******

അനന്തരം 21

 

കൂടാതെ, നാന്ദകം എന്ന വാളും ശാര്‍ങ്ഗകം എന്ന വില്ലും ശരങ്ങളും ശങ്ഖചക്രങ്ങളുമായി അനവധി കൃഷ്ണരൂപികളെ കണ്ട അശ്വത്ഥാമാവു പേടിച്ചു. അയാള്‍ ഉടന്‍ ശിവനെ ധ്യാനിച്ചു. (അവിടെ അശ്വത്ഥാമാവു തയ്യാറാക്കിയ?) അഗ്നികുണ്ഡത്തില്‍ നിന്നു ഭയപ്പെടുത്തുന്ന രൂപങ്ങളുള്ള ശിവഭൂതഗണങ്ങൾ ഉയര്‍ന്നു വന്നു. 

അശ്വത്ഥാമാവു ശിവനെ സ്തുതിച്ചു് അഗ്നികുണ്ഡത്തില്‍ ചാടാനൊരുങ്ങി. ശിവ പ്രത്യക്ഷപ്പെട്ടു. ശിവൻ ശത്രുസംഹാരത്തിനായി ഒരു വാളും നല്‍കി, കൂടെ ഭൂതഗണത്തെയും വിട്ടു നല്‍കി. ശിവന്‍ മറഞ്ഞു.

ശിവാനുഗ്രഹം നേടിയെത്തുന്ന ദ്രോണപുത്രനെ തടയാനാവില്ല എന്നു ശ്രീകൃഷ്ണനു് അറിയാമായിരുന്നു. ഒരേ ചൈതന്യമാണു ത്രിമൂര്‍ത്തികള്‍. ശ്രീകൃഷ്ണനിശ്ചയവും ശിവന്റേതു മാതിരി തന്നെയായിരുന്നു. വധിയ്ക്കപ്പേടേണ്ടവർക്കു മരിയ്ക്കാൻ സമയമായിരുന്നു. ഇതാണു ശ്രീകൃഷ്ണന്‍ പാണ്ഡവരെ മാറ്റിയതിനു കാരണം. പാണ്ഡവരെ രക്ഷിച്ച ശ്രീകൃഷ്ണന്‍ അവരുടെ മക്കളെ തഴഞ്ഞു!

വീണ്ടുമെത്തിയ അശ്വത്ഥാമാവിനെ തടയാന്‍ ആരുമുണ്ടായിരുന്നില്ല. ഉറങ്ങിക്കിടന്നിരുന്ന പാണ്ഡവപുത്രന്മാരെ അശ്വത്ഥാമാവു വെട്ടിക്കൊന്നു. പാഞ്ചാലിയുടെ സഹോദരനും ദ്രോണഘാതകനുമായ ധൃഷ്ടദ്യുമ്നനെയും ശിഖണ്ഡിയെയെയും കൊന്നു. ധൃഷ്ടദ്യുമ്നന്റെ പുത്രരെയും കൊന്നു. പാഞ്ചാലരാജകുടുംബത്തിലെ മഹാവീരന്മായിരുന്ന യുധാമന്യു, ഉത്തമൗജസു് എന്നിവർ (ധൃഷ്ടദ്യുമ്നസഹോദരന്മാര്‍ എന്നു ചില വിവർത്തനങ്ങളിൽ) കൊല്ലപ്പെട്ടു.

 

വാവിന്‍നാളര്‍ദ്ധരാത്രിനേരത്തു ഗുരുസുത-

നാവോളം ശത്രുക്കളെ വെട്ടിക്കൊന്നറുത്തുടന്‍

ഭൂതനാഥനു ബലി നല്‍കിനാന്‍ ചോരകൊണ്ടേ

ഭൂതങ്ങളാര്‍ത്തു കളിച്ചീടിനാരതുനേരം

തങ്ങളെ മറന്നുടനുറങ്ങുന്നവരെല്ലാ-

മിങ്ങനെയൊരു ഘോഷമുണ്ടായോരനന്തരം

കമ്പവും പൂണ്ടു തമ്മിലേതുമറിയാതെ

സംഭ്രമം കലര്‍ന്നുടന്‍ തങ്ങളില്‍ തന്നെ വെട്ടി

[ഗുരുസുതന്‍ = അശ്വത്ഥാമാവു്; ഭൂതനാഥന്‍ = ശിവന്‍; കമ്പം = വിറയല്‍]

 

ഉപപാണ്ഡവര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ പരസ്പരം വെട്ടി മരിച്ചു.

 

ദ്വാരങ്ങള്‍ തോറും നിറഞ്ഞു നിന്നു ഭോജനും കൃപരുമായ്

പാരാതെ കൊന്നു കൊന്നു വീഴ്ത്തുന്നോര്‍ തെരുതെരെ

പുറത്തുള്ളവര്‍ പേടിച്ചകത്തു പാഞ്ഞുപുക്കും

പുറത്തു പുറപ്പെട്ടുമകത്തുള്ളവരെല്ലാം.

 

പുറത്തു കിടന്നവര്‍ അകത്തേയ്ക്കു പാഞ്ഞു. അകത്തുള്ളവര്‍ പുറത്തേയ്ക്കും. ആകെ ബഹളം.

 

വരുന്നോര്‍ വൈരികളെന്നകത്തുള്ളവരെല്ലാ-

മകത്തു ശത്രുക്കളെന്നുറച്ചു പുറത്തുള്ളോര്‍

ഇങ്ങനെ ശിവ! ശിവ! തങ്ങളില്‍ തന്നെ കൊന്നു

തിങ്ങിന പടയെല്ലാം മിക്കതുമൊടുങ്ങീതെ 

[ദ്വാരം = കവാടം, വാതില്‍; ഭോജന്‍ = കൃതവര്‍മ്മന്‍. ഭോജന്‍ എന്ന യാദവരാജാവിന്റെ പരമ്പരയിലുള്ള ആളാണു ഭോജരാജ്യത്തെ കൃതവര്‍മ്മന്‍. ശ്രീകൃഷ്ണനും ഒരു ഭോജന്‍ ആണു് എന്നു പറയാം.]

 

മൂവരും കൂടി കൈനില തീയിട്ടു നശിപ്പിച്ചു.

അശ്വത്ഥാമാവിന്റെ വാളും ഭൂതഗണവും സിദ്ധികളും കാര്യസാദ്ധ്യത്തോടെ അപ്രത്യക്ഷമായി.

താണ്ഡവം കഴിഞ്ഞു അന്ത്യശ്വാസം വലിച്ചുകൊണ്ടിരുന്ന ദുര്യോധനന്റെ സമീപത്തു മൂന്നു പേരും വന്നു. കടിച്ചും കൊത്തിയും കീറിത്തിന്നാന്‍ വന്ന നായ്ക്കളെയും നരികളെയും കഴുകരെയും ചെറിയ അനക്കങ്ങള്‍ കൊണ്ടു് അകറ്റി നിര്‍ത്തി കിടക്കുകയായിരുന്നു ദുര്യോധനന്‍.

പാഞ്ചാലിയുടെ മക്കളെയും മറ്റു പലരെയും വധിച്ച കാര്യം ദുര്യോധനനെ അവര്‍ അറിയിച്ചു:

 

ഞങ്ങളുമാകുന്നതു ചെയ്താരെന്നറിഞ്ഞാലും

ഇങ്ങനെ നിന്നെക്കണ്ടു സഹിയാഞ്ഞതു മൂലം

ധൃഷ്ടദ്യുമ്നനനും കൃഷ്ണതന്നുടെ തനയരും

ഒട്ടുമേ ശേഷിയാതെ മറ്റുള്ള പടകളും

വെട്ടിക്കൊന്നൊടുക്കീതു രാത്രിയില്‍ ചെന്നു ഞങ്ങള്‍

ചുട്ടുപൊട്ടിച്ചാരവരിരുന്ന ഗൃഹങ്ങളും

എന്നതു കേട്ടു തെളിഞ്ഞന്നേരം സുയോധനന്‍

വിണ്ണിലങ്ങകംപുക്കു പോരതില്‍ മരിയ്ക്കയാല്‍ 

[കൃഷ്ണ = പാഞ്ചാലി; തെളിയുക = സന്തോഷിയ്ക്കുക]

 

ഇനി എതിര്‍പക്ഷത്ത് ഏഴു പേര്‍ മാത്രം. അഞ്ചു പാണ്ഡവരും ശ്രീകൃഷ്ണനും സാത്യകിയും. നമ്മുടെ പക്ഷത്തു കൃപാചാര്യരും, കൃതവര്‍മ്മനും ഞാനും മാത്രം എന്നു് അശ്വത്ഥാമാവു ദുര്യോധനനെ ധരിപ്പിച്ചിരുന്നു.

(യുയുത്സുവിനെ ഇവിടെ പരാമര്‍ശിയ്ക്കുന്നില്ല!). 

മൂന്നു പേര്‍ക്കും മങ്ഗളം നേര്‍ന്നു ദുര്യോധനന്‍ സ്വര്‍ഗ്ഗപ്രാപ്തി നേടി.

 

******

അനന്തരം 22

 

ഐഷികപർവ്വത്തിലേയ്ക്ക്. ഇതു സൗപ്തികപർവ്വത്തിന്റെ ഭാഗമാണു്. 

ധൃഷ്ടദ്യുമ്നന്റെ സാരഥി എങ്ങനെയോ കൂട്ടക്കുരുതിയില്‍ നിന്നു രക്ഷപ്പെട്ടിരുന്നു. അയാളാണു പിറ്റേന്നു രാവിലെ ദുഃഖവാര്‍ത്ത പാണ്ഡവരെയും ശ്രീകൃഷ്ണനെയും അറിയിച്ചതു്.

പാണ്ഡവരെ അതു വല്ലാതെ തളര്‍ത്തി. പൊട്ടിക്കരഞ്ഞ പാഞ്ചാലിയുടെ മനസ്സില്‍ പക നിറഞ്ഞു.

തന്റെ മക്കളെയും സഹോദരനെയും കൊന്ന അശ്വത്ഥാമാവെന്ന ബ്രാഹ്മണാധമനെ  അന്നു തന്നെ കൊല്ലണമെന്നായി പാഞ്ചാലി. ഭീമനോടു പറഞ്ഞു:

അശ്വത്ഥാമാവു ജനിച്ചതു തലയില്‍ ഒരു രത്നവുമായിട്ടാണെന്നു കേട്ടിട്ടുണ്ടു്. അയാളെ വധിച്ച്‌ ആ രത്നം എനിയ്ക്കു കൊണ്ടുവന്നു തരണം.


ഉറ്റവർതന്നെക്കൊന്ന വിപ്രന്റെ ശിരോമണി

തെറ്റെന്നു പറിച്ചെനിയ്ക്കാശു നീ നൽകീടണം

 

ഭീമന്‍ പാഞ്ചാലിയുടെ അപേക്ഷ കേട്ട്, അശ്വത്ഥാമാവിനെ നേരിടാന്‍ രഥത്തില്‍ പോയി. ഭീമന്റെ പിന്നാലെ ശ്രീകൃഷ്ണനും മറ്റു പാണ്ഡവരും പോയി.

അശ്വത്ഥാമാവിന്റെ പിറകേ പോയ  ഭീമനെ പറ്റി ശ്രീകൃഷ്ണന്‍ ധര്‍മ്മപുത്രരോടു പറഞ്ഞു:


ശത്രുക്കള്‍ബലാബലമെങ്ങനെയറിയാവൂ

ശക്തനെന്നഭിമാനിച്ചീടിന മൂഢന്‍ ഭീമന്‍

നാരിമാര്‍ചൊല്ലു കേള്‍ക്കും ഭോഷന്മാര്‍ നിമിത്തമായേറി-

യോരാപത്തുണ്ടാമേവര്‍ക്കും കൂടിപ്പിന്നെ

......

അശ്വത്ഥാമാവുതന്നെക്കൊല്ലുവാന്‍പോയാനല്ലോ

വിശ്വത്തിലവന്‍തന്നെ വെല്ലുവാനാരുമില്ല

......

(ശത്രുക്കള്‍ബലാബലം = ശത്രുക്കളുടെ ബലാബലം

നാരിമാര്‍ചൊല്ല് = നാരിമാരുടെ വാക്കു്)

 

പോഴന്‍ (ഭോഷന്‍) എന്നു് ഇവിടെ വിശേഷിയ്ക്കപ്പെട്ട ഭീമനാണു് എം.ടി. യുടെ മന്ദനായ ഭീമന്‍.

ഭീമന്‍ ഗുരുപുത്രനെ കണ്ടെത്തി. പിന്നാലെ കൃഷ്ണനും മറ്റു പാണ്ഡവരും വന്നു ചേര്‍ന്നു.

 

സത്വരം ഗങ്ഗാതീരം പ്രാപിച്ച ഭീമന്‍തന്നോ-

ടെത്തിനാ,രവര്‍കളെ കണ്ടപോതശ്വത്ഥാമാ

ഗങ്ഗയില്‍ നിന്നു കരേറിനാന്‍ ഭീതി കൈക്കൊ-

ണ്ടങ്ഗജാരാതിസമനാചാര്യസുതനപ്പോള്‍ 

[കണ്ടപോതു് = കണ്ടപ്പോള്‍; അങ്ഗജന്‍ = കാമദേവന്‍;

അരാതി = ശത്രു; അങ്ഗജാരാതി = ശിവന്‍; അങ്ഗജാരാതിസമന്‍ = ശിവനു തുല്യന്‍; ആചാര്യസുതന്‍ = അശ്വത്ഥാമാവു്]


ഗങ്ഗാതീരത്തു വച്ചാണു് ശിവനു സമനായ അശ്വത്ഥാമാവിനെ കണ്ടുമുട്ടുന്നതു്. ഗങ്ഗയില്‍ ഇറങ്ങി നിന്നിരുന്ന അയാള്‍  ഭീമനെയും പിന്നാലെ വന്ന കൃഷ്ണാദികളെയും കണ്ടു കരയില്‍ കയറി. സ്വന്തം ജീവന്‍ രക്ഷിയ്ക്കാന്‍ ബ്രഹ്മാസ്ത്രം തൊടുത്തു വിട്ടു. പാണ്ഡവര്‍ക്ക് ഉന്മൂലനാശം വരട്ടെ എന്നു പറഞ്ഞാണു് അസ്ത്രം വിട്ടതു്.

അപ്പോള്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോടു പറഞ്ഞു:

 

ബ്രഹ്മാസ്ത്രം പ്രയോഗിച്ചാനശ്വത്ഥാമാവു പാര്‍ത്ഥ!

നമ്മെ രക്ഷിപ്പാന്‍ നീയും ബ്രഹ്മാസ്ത്രമയയ്ക്കേണം

ധര്‍മ്മരക്ഷണത്തിനു ബ്രഹ്മാസ്ത്രം കൊണ്ടേയാവൂ

ബ്രഹ്മാസ്ത്രത്തിന്നു പകരം ബ്രഹ്മാസ്ത്രമെന്നിയില്ല 

[എന്നി = മറ്റൊന്നു്]

 

അര്‍ജ്ജുനനും ബ്രഹ്മാസ്ത്രം തൊടുത്തു വിട്ടു. ദേവകള്‍ ഭയന്നു.

 

അസ്ത്രങ്ങളടുത്തുടന്‍ തങ്ങളില്‍ തട്ടുന്നേര-

മിത്ത്രിലോകവുമാശു ഭസ്മമായി ചമഞ്ഞീടും.

 

ബ്രഹ്മാസ്ത്രങ്ങള്‍ കൂട്ടിമുട്ടിയാല്‍ സര്‍വ്വനാശം ഫലം.

പെട്ടെന്നു രണ്ടസ്ത്രങ്ങള്‍ക്കുമിടയില്‍ വ്യാസമുനിയും നാരദമുനിയും പ്രത്യക്ഷപ്പെട്ടു. അര്‍ജ്ജുനന്‍ അവരെ വന്ദിച്ചു തന്റെ അസ്ത്രം ഉപസംഹരിച്ചു. 

അശ്വത്ഥാമാവിനു് അസ്ത്രം പിന്‍വലിക്കാന്‍ അറിയില്ല. ശ്രീകൃഷ്ണന്‍ അയാളെ ശപിച്ചു.

 

സന്തതിയോടും കൂടെപ്പാണ്ഡവന്മാരെ ഞാനോ

സന്തതം കാത്തേ,നിന്നും കാത്തുകൊള്ളുവന്‍ താനും

ഇനിയും മൂവായിരത്താണ്ടേയ്ക്കു പൊറായ്കെടോ!

നിന്നുടെ മുറയെന്നു ശാപവുമരുള്‍ ചെയ്തു.

 

മൂവായിരം വര്‍ഷത്തെ അലഞ്ഞുതിരിയല്‍. അതാണു നിന്റെ മുറ -  ശ്രീകൃഷ്ണന്‍ ശപിച്ചു, [മുറ = (ജീവന)രീതി]

 

******

അനന്തരം 23

 

അശ്വത്ഥാമാവിന്റെ അസ്ത്രം വഴിമാറി മറഞ്ഞു. എന്നാല്‍ അതു് ഉത്തരയുടെ ഗര്‍ഭസ്ഥശിശുവിന്റെ ജീവനെടുത്തിരുന്നു!

വ്യാസന്‍ പറഞ്ഞതു പ്രകാരം അയാള്‍ തന്റെ തലയിലെ രത്നം ചൂഴ്ന്നെടുത്തു ഭീമനു കൊടുത്തു. യുദ്ധത്തില്‍ മേലാകെ മുറിവുകള്‍ ഏറ്റിരുന്ന അശ്വത്ഥാമാവിന്റെ തലയിലും ഒരു മുറിവായി. സ്വന്തം ജീവനു പകരം രത്നം നല്‍കിയ അശ്വത്ഥാമാവു വനത്തിലേയ്ക്കു പോയി. 

അശ്വത്ഥാമാവിന്റെ തിരോധാനത്തോടെ ഐഷികപർവ്വം അവസാനിയ്ക്കുന്നു.

 

ഇനി സ്ത്രീപർവ്വം. 

ദുഃഖിതരായ ധൃതരാഷ്ട്രരെയും ഗാന്ധാരിയെയും വിദുരര്‍ ആശ്വസിപ്പിച്ചു.

ജീര്‍ണ്ണവസ്ത്രം കളഞ്ഞു പുതുവസ്ത്രം ധരിയ്ക്കുന്ന പോലെ, ആത്മാക്കള്‍ പുതിയ ശരീരങ്ങള്‍ കൈക്കൊള്ളുന്നു.

 

നിന്നുടെ മക്കളോ പ,ണ്ടിവരോര്‍ക്ക നീ

ഇന്നു നിനക്കവര്‍ മക്കളായ്‌ വാഴുമോ?

പിന്നാലെ വന്നവര്‍ മുന്നാലെ പോയിനാര്‍

മുന്നമേ വന്നവര്‍ പിന്നാലെയായ് വരും

 

എല്ലാത്തിന്റെയും മൂലവും നിത്യസത്യവും ശ്രീകൃഷ്ണനാണു്. ലക്ഷ്മീകാന്തനായ മഹാവിഷ്ണു. ഇനി മുതല്‍ പാണ്ഡവരെ മക്കളായി കരുതാനും വിദുരർ ധൃതരാഷ്ട്രരോടു് ആവശ്യപ്പെട്ടു. 

വ്യാസമഹര്‍ഷിയും അവിടെ വന്നു. പാണ്ഡവരും കൗരവരും ആരാണെന്നു വ്യാസന്‍ പറഞ്ഞു:

 

ഭൂമിയില്‍ വന്നു പിറന്നോരസുരകള്‍

*ഭൂമിക്കെടുക്കരുതാതെ ചമഞ്ഞിതു. 

[*ഭൂമി = ഭൂമീദേവി എന്നും അർത്ഥം നൽകാം]

ഈ അസുരരാണു കൗരവര്‍. അവരെ ഒടുക്കുവാനാണു വിഷ്ണു കൃഷ്ണനായി അവതരിച്ചതു്. പാണ്ഡവര്‍ ദേവാംശങ്ങളാണു്.

 

മൂലവിനാശമവര്‍ക്കു വരുത്തുവാന്‍

മൂലമാം നിന്റെ മകനാം സുയോധനന്‍

പാരില്‍ പിറന്നതു പാര്‍ക്കില്‍ കലിയെന്നു

നേരെ ധരിക്കെടോ, നിന്മകനല്ലവന്‍

 

ദുര്യോധനന്‍ കലിയുടെ അവതാരമാണു്. ഉപദേശങ്ങൾ നല്കി

വ്യാസമുനി പോയി.

അതിനു ശേഷം ശ്രീകൃഷ്ണനും പാണ്ഡവരും ധൃതരാഷ്ട്രരെ വണങ്ങുവാന്‍ വന്നു. ഇരുമ്പു കൊണ്ടു നിര്‍മ്മിച്ച ആൾരൂപം ശ്രീകൃഷ്ണന്‍ കരുതിയിരുന്നു.

എല്ലാവരും വന്ദിയ്ക്കുന്നതിടയില്‍ ധൃതരാഷ്ട്രര്‍, മനസ്സിലെ വൈരം തീര്‍ക്കാന്‍, ഭീമനെ ആലിങ്ഗനം ചെയ്തു. എന്നാല്‍ ശ്രീകൃഷ്ണന്‍, ഭീമനു പകരം ഇരുമ്പുപ്രതിമ നീക്കി വച്ചു കൊടുത്തതിനാല്‍ ഭീമന്‍  രക്ഷപ്പെട്ടു. പ്രതിമ തകര്‍ന്നു.

ഭീമന്‍ മരിച്ചു എന്നു കരുതി കണ്ണീരൊഴുക്കിയ രാജാവിനെ ശ്രീകൃഷ്ണൻ ശകാരിച്ചു:

താങ്കള്‍ ഇതു ചെയ്യുമെന്നു് എനിയ്ക്കറിയാമായിരുന്നു:

 

ഭീമനല്ല പൊടിയായതു ഭൂപതേ!

ഭീമപ്രതിമയായോരിരിമ്പായതും

ഇന്നുമൊന്നുണ്ടു പറയുന്നിതു നിന-

ക്കിന്നിയും നല്ലതു തോന്നുകില്‍ നല്ലഹോ 

[ഇരിമ്പ് = ഇരുമ്പ്]

 

ഈ സ്വഭാവം നന്നല്ലെന്നും ശ്രീകൃഷ്ണന്‍ ഉപദേശിയ്ക്കുന്നു:

 

ഇത്തരമൊക്കവേ വച്ചു കളഞ്ഞിനി-

ച്ചിത്തത്തില്‍ നല്ലതെല്ലാം കരുതീടുക

 

ഗാന്ധാരിയെയും കുന്തിയെയും കാണാന്‍ ചെന്ന വ്യാസന്‍ ഗാന്ധാരിയോടു പാണ്ഡവരെ സ്വന്തം മക്കളെ പോലെ കാണാന്‍ ഉപദേശിച്ചു. അവിടെ എത്തിയ പാണ്ഡവര്‍ അമ്മമാരെ വന്ദിച്ചു. ഗാന്ധാരിയുടെ കണ്ണു വീണ ധര്‍മ്മപുത്രരുടെ കാല്‍നഖങ്ങൾ വളഞ്ഞു. പാഞ്ചാലി, സുഭദ്ര, ഉത്തര, ബന്ധുക്കളായ സ്ത്രീകള്‍ ഇവരെല്ലാം വന്നു. എല്ലാവരും ആര്‍ത്തലച്ചു കരയുന്നുണ്ടായിരുന്നു.

ഗാന്ധാരിയ്ക്കു പോരില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കാണണം. ധൃതരാഷ്ട്രരും കുന്തിയും പാണ്ഡവരും അവിടെയുണ്ടായിരുന്ന മറ്റു സ്ത്രീകളും ഗാന്ധാരിയ്ക്കൊപ്പം യുദ്ധഭൂമിയിലേയ്ക്കു പോയി. കൂടെ ശ്രീകൃഷ്ണനുമുണ്ടായിരുന്നു.

ഗാന്ധാരിയുടെ കണ്ണു കെട്ടിയ അവസ്ഥയിലായിരുന്നെങ്കിലും,

 

ചെന്നവര്‍ നിന്നതു നേരം പരാശരന്‍-

തന്നുടെ പുത്രനനുഗ്രഹം ചെയ്കയാല്‍

ദൂരെക്കിടക്കും ശവങ്ങളെയൊക്കവേ

ചാരത്തു കണ്ടിതു ഗാന്ധാരിയും തദാ 

[പരാശരന്‍തന്നുടെ പുത്രന്‍ = പരാശരന്റെ പുത്രന്‍ = വ്യാസന്‍]

 

******

അനന്തരം 24

 

ദൂരെയുള്ള പലതും ഗാന്ധാരി അടുത്തു കണ്ടു. മക്കളും ബന്ധുക്കളും വീണു കിടക്കുന്നതു കണ്ടു് എല്ലാവരും കരഞ്ഞു. ഗാന്ധാരീവിലാപം എടുത്തു പറയത്തക്കതാണു്. മഹാഭാരതത്തിലെ ശക്തമായ പെണ്‍മൊഴി ഇവിടെ കേള്‍ക്കാം. ചുടുചോദ്യങ്ങളെല്ലാം ശ്രീകൃഷ്ണനോടായിരുന്നു.

 

പ്രാഗ്ജ്യോതിഷത്തിലെ രാജാവായിരുന്ന മഹാരഥൻ ഭഗദത്തന്റെ (ശ്രീകൃഷ്ണന്‍ വധിച്ച നരകാസുരന്റെ മകന്‍) മൃതദേഹം കണ്ട ഗാന്ധാരിയുടെ വാക്കുകള്‍:

 

വീണിതല്ലോ കിടക്കുന്നു ധരണിയില്‍

ശോണിതവുമണിഞ്ഞയ്യോ ശിവ! ശിവ!

 

ബാലനായ അഭിമന്യുവിന്റെ മൃതദേഹം കണ്ടു നിലവിളിച്ചു ശ്രീകൃഷ്ണനോടു കല്ലിന്റെ ആര്‍ദ്രത പോലും ശ്രീകൃഷ്ണന്റെ മനസ്സിനില്ലെന്നു പറഞ്ഞു:

 

കൊല്ലാതെകൊള്ളാഞ്ഞതെന്തവന്‍ തന്നെ നീ

കൊല്ലിക്കയത്രേ നിനക്കു രസമെടോ!

......

കല്ലുകൊണ്ടോ മനം താവക,മെങ്കില-

ക്കല്ലിനുമാര്‍ദ്രതയുണ്ടിതു കാണുമ്പോള്‍ 

 [കൊല്ലാതെകൊള്ളാഞ്ഞതെന്ത് = എന്തുകൊണ്ടു കൊല്ലാതെ വിട്ടില്ല;

ആര്‍ദ്രത = അലിവു്]

 

ഘടോത്കചന്‍, ജയദ്രഥന്‍, ദ്രോണരുടെ സംസ്കാരം നടന്ന സ്ഥലം, ധൃഷ്ടദ്യുമ്നന്‍....ഗാന്ധാരി വിലപിച്ചുകൊണ്ടിരുന്നു.

 

ദുശ്ശാസനന്റെ ശരീരം കണ്ടപ്പോള്‍:

 

മാരുതി കീറിപ്പിളര്‍ന്നു കുടിച്ചോരു

മാറിടം കണ്ടാല്‍ പൊറുക്കുമോ പൈതലേ? 

(മാരുതി = വായുപുത്രൻ = ഭീമൻ)

 

ക്ഷ്മണന്‍ (ദുര്യോധനന്റെ മകന്‍), കര്‍ണ്ണന്‍, ഭൂരിശ്രവാവു് (ഭൂരിശ്രവസ്സു്, സോമദത്തരാജാവിന്റെ മകന്‍), സ്വന്തം സഹോദരന്‍ ശകുനി എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ട ശേഷം ദുര്യോധനന്റെ മൃതദേഹം കണ്ടു:

 

പട്ടുകിടക്ക മേലേ കിടക്കുന്ന നീ

പട്ടുകിടക്കുമാറായിതോ ചോരയില്‍

പുഷ്ടകോപത്തോടു മാരുതി തച്ചുടന്‍

പൊട്ടിച്ചു കാലുമൊടിച്ചു കൊന്നിങ്ങനെ 

[പുഷ്ടകോപം= വളരെ കോപം]

 

പാണ്ഡവരുടെ വിജയശില്പി ഭഗവാ ആയിരുന്നല്ലോ. അടുത്തു നിന്നിരുന്ന ഭഗവാനു വീണ്ടും ഗാന്ധാരിയുടെ കൂർത്ത വാഗ്ശരമേറ്റു:


ഇത്ര കുടിലത്വമുണ്ടായൊരുത്തനെ

പൃത്ഥ്വിയിലിങ്ങനെ കണ്ടീല കേശവ! 

[കുടിലം = വളഞ്ഞ; കുടിലത്വം = വക്രബുദ്ധി]

പാങ്ങായൊരു പുറം നിന്നു നീ പോരതില്‍

നീങ്ങാതഭിമാനികളായ ഭൂപരേ

രണ്ടു പുറത്തുമുള്ളോര്‍കളെക്കൊല്ലിച്ചു-

കൊണ്ടതു മറ്റാരുമല്ല, നീയെന്നിയേ. 

[പാങ്ങ് = അവസരം, പഴുതു്;

നീങ്ങാത = നീങ്ങാത്ത = ഒഴിയാത്ത

അതായതു്, അഭിമാനം കൈവിടാത്ത (വിട്ടുവീഴ്ചയ്ക്കു തയാറല്ലാത്ത) ക്ഷത്രിയരെ എന്നര്‍ത്ഥം]

 

ഗാന്ധാരി എന്നിട്ടും കൃഷ്ണനെ വിടുന്നില്ല.

പ്രതികാരദുര്‍ഗ്ഗയായി ചിത്രീകരിയ്ക്കപ്പെടുന്ന പാഞ്ചാലി പോലും, , പുത്രഘാതകനായ അശ്വത്ഥാമാവിനോടു  ഗുരുപുത്രനായതിനാൽ കരുണ കാട്ടി. അയാളെ വധിയ്ക്കാന്‍ സമ്മതം നല്‍കിയില്ല.

ഇതൊക്കെ ഭഗവാന്റെ മായയാണെന്നു ഗാന്ധാരി സ്വയം ആശ്വസിച്ചു പറയുന്നുണ്ടെങ്കിലും കോപം ശാപത്തില്‍ വരെ എത്തുന്നു:

 

ഗാന്ധാരി പിന്നെയും ചൊന്നാള്‍ മുകുന്ദനോ-

ടാന്തരമിത്രയുമുള്ളോരു നീയും തവ

വംശവും കൂടെ മുടിഞ്ഞുപോമില്ലൊരു

സംശയം മൂന്നു പന്തീരാണ്ടു ചെല്ലുമ്പോള്‍! 

[ആന്തരം = ഉള്ളിലുള്ളതു് (അറിവു്)]

 

അതേ അഭിപ്രായമാണു് എനിയ്ക്കും, മറുപടിയായി ശ്രീകൃഷ്ണന്‍ ഗാന്ധാരിയോടു പറഞ്ഞു:

 

******

അനന്തരം 25

 

 “അങ്ങനെ തന്നെ വരണമെന്നുള്ളതു-

ണ്ടിങ്ങെനിയ്ക്കും മനക്കാമ്പില്‍ സുബലജേ!

നന്നായിതു ഭവതിയ്ക്കുമെനിയ്ക്കു,മ-

തൊന്നുപോലേ, മതമായതുമീശ്വരന്‍ 

[സുബലജ = സുബലൻ എന്ന രാജാവിന്റെ പുത്രി  = ഗാന്ധാരി.

ഗാന്ധാരിയുടെയും ശകുനിയുടെയും  അച്ഛനായിരുന്നു ഗാന്ധാരരാജാവു സുബലന്‍; മതമായതുമീശ്വരൻ = എന്നു തന്നെ ശ്രീകൃഷ്ണന്റെ അഭിപ്രായവും]

 

ബലരാമകൃഷ്ണന്മാർക്കും യാദവകുലത്തിനും ഇനി ആയുസ്സു മുപ്പത്തിയാറു് ആണ്ടു മാത്രം! 

മൃതദേഹങ്ങള്‍ സംസ്കരിയ്ക്കാന്‍ യുധിഷ്ഠിരന്‍ കൃപാചാര്യരെ ഏര്‍പ്പാടാക്കി. ബന്ധുക്കള്‍ ഗങ്ഗയില്‍ ക്രിയകള്‍ നടത്തി.

മഹാഭാരതത്തിലെ ഏറ്റവും നീളമുള്ള ശാന്തിപര്‍വ്വം തുടങ്ങുന്നതു രാജസഭയില്‍ എത്തുന്ന ധര്‍മ്മപുത്രര്‍ ജ്യേഷ്ഠനായ കര്‍ണ്ണനെ ഓര്‍ത്തു ദുഃഖിയ്ക്കുന്നതോടെയാണു്. ധര്‍മ്മപുത്രര്‍ക്കു നാരദൻ തത്വോപദേശം നല്കി. കര്‍ണ്ണന്റെ ദുരന്തത്തിന്റെ കാരണവും ഇപ്രകാരം പറഞ്ഞു:

ആചാര്യനോടു ബ്രഹ്മാസ്ത്രവിദ്യ പഠിയ്ക്കണം എന്നു കര്‍ണ്ണന്‍ പറഞ്ഞപ്പോള്‍ അതു സാദ്ധ്യമല്ല എന്നു ഭരദ്വാജമുനി പറഞ്ഞു:

 

വേദജ്ഞന്മാര്‍ക്കേയതിനധികാരിതയുള്ളു

സൂതനായ നിനക്കതിനില്ലധികാരം

 

അതിനായി ബ്രാഹ്മണനെന്നു കള്ളം പറഞ്ഞു പരശുരാമന്റെ അടുക്കല്‍ കര്‍ണ്ണന്‍ ചെന്നു. ഒരിയ്ക്കല്‍ പരശുരാമന്‍ കര്‍ണ്ണന്റെ മടിയില്‍ തല വച്ചുറങ്ങുമ്പോള്‍ ഒരു കീടം തുടയില്‍ കുത്തി. ഗുരു ഉണരുമെന്നു പേടിച്ചു കര്‍ണ്ണന്‍ വേദന സഹിച്ചുകൊണ്ടു് അനങ്ങാതെയിരുന്നു. ഉണര്‍ന്ന പരശുരാമനു കര്‍ണ്ണന്‍ കാട്ടിയ ധീരത അദ്ഭുതമായി. ഗുരുവിനു് എല്ലാം മനസ്സിലായി. ശാപമായിരുന്നു ഫലം:

 

ചതിച്ചു പഠിച്ചുള്ളോരസ്ത്രങ്ങള്‍ ശത്രുക്കളോ-

ടെതിര്‍ത്തു മുട്ടുന്നേരം തോന്നാകെ പോകയെന്നാന്‍

......

അന്തണനല്ല ഭവാനസത്യമെന്നോടു വ-

ന്നെന്തിനു പറഞ്ഞിതു വെറുതേ മൂഢാത്മാവേ!

......

ഭേദമെന്നിയെ നിന്നു പൊരുതു മുറുകുമ്പോള്‍

മേദിനിതന്നില്‍ത്താണുപോക, തേരുരുളെന്നാന്‍ 

[മേദിനി = ഭൂമി; തേരുരുള്‍ = തേര്‍ച്ചക്രം]

 

പഠിച്ച  വിദ്യകള്‍ ഉപയോഗിയ്ക്കേണ്ട സമയത്തു മറക്കാനും യുദ്ധം ചെയ്യുമ്പോൾ രഥചക്രം മണ്ണിൽ പുതയട്ടെ എന്നും പരശുരാമന്‍ ശപിച്ചു.

കര്‍ണ്ണനെ അജയ്യനാക്കിയ കവചകുണ്ഡലങ്ങള്‍ ഇന്ദ്രദേവന്‍ വാങ്ങിക്കൊണ്ടുപോയി. പകരം ഒരു തവണ ഉപയോഗിയ്ക്കാവുന്ന ശക്തിവേൽ നൽകി. കുന്തീദേവി മക്കളെ ആരെയും (അര്‍ജ്ജുനന്‍ ഒഴികെ) വധിയ്ക്കില്ല എന്ന ഉറപ്പു വാങ്ങി. ഘടോത്ക്കചനെതിരെ

ശ്രീകൃഷ്ണന്റെ മായയാല്‍ കര്‍ണ്ണനു വേല്‍ പ്രയോഗിയ്ക്കേണ്ടി വന്നു. (ആ വേൽ അർജ്ജുനവധത്തിനു വേണ്ടി കർണ്ണൻ മാറ്റി വച്ചതായിരുന്നു). ഭീഷ്മരെ അപമാനിയ്ക്കയും ചെയ്തു കര്‍ണ്ണന്‍. അങ്ങനെ ഒടുവില്‍ കര്‍ണ്ണന്‍ മരിച്ചു.

 

അര്‍ഹിച്ച വിധിയാണു കര്‍ണ്ണനു ലഭിച്ചതെന്നും അതെല്ലാം മറന്നു രാജ്യഭാരം നടത്താനും നാരദന്‍ യുധിഷ്ഠിരനോടു പറഞ്ഞു.

പക്ഷെ, ധർമ്മപുത്രർക്കു രാജ്യം വേണ്ട.

 

ശോകനാശനമായ മോക്ഷത്തെ സാധിയ്ക്കേണം

ഭോഗാർത്ഥം സ്വജനത്തെയൊക്കവേ വധം ചെയ്തു

ലോകത്തെ ദണ്ഡിപ്പിച്ചു ……. 

[ഭോഗാർത്ഥം = ഭൗതികസുഖങ്ങൾക്കായി]

 

മറ്റു പാണ്ഡവര്‍ക്കും പാഞ്ചാലിയ്ക്കും അതു സമ്മതമായില്ല. അവരും വേദവ്യാസന്‍, കൃപാചാര്യര്‍, വിദുരര്‍ എന്നിവരും രാജാവാകാന്‍ ധര്‍മ്മപുത്രരോടു് ആവശ്യപ്പെട്ടു.

ഒടുവില്‍ ശ്രീകൃഷ്ണനും അതു തന്നെ പറഞ്ഞു.

അങ്ങനെ ധര്‍മ്മപുത്രര്‍ സമ്മതം മൂളി:

സകലജനങ്ങള്‍ക്കുമങ്ങനെ മതമെങ്കില്‍

സുഖമായാത്മതുല്യം പാലിക്കാം പ്രജകളെ

 

ധര്‍മ്മപുത്രര്‍ രാജാവാകാൻ തീരുമാനിച്ചു..

ധൃതരാഷ്ട്രരെയും ഗാന്ധാരിയെയും നന്നായി നോക്കാന്‍ യുയുത്സു, വിദുരര്‍, സഞ്ജയന്‍ എന്നിവരോടു് അപേക്ഷിച്ചു.

 

****** 

അനന്തരം 26

 

സാമന്തപുരോഹിതാമാത്യമന്ത്രീന്ദ്രപൗര-ഭൂമീന്ദ്രകുമാരകഭൂസുരാദികളെല്ലാം

ഹസ്തിനപുരത്തിങ്കലസ്തസന്താപം വന്നാര്‍

ഭക്തരൂപനിലനുരക്തമാനസന്മാരായ്

അഭിഷേകവും ചെയ്തു, ധൗമ്യാദിജനങ്ങൾക്കു

വിഭവസമുദായദാനങ്ങൾ പലവും ചെ-

യ്താചാര്യപുരോഹിതവയസ്യാദികളോടു-

മാചാരം ചെയ്തു പാണ്ഡുതൻ ഗൃഹം പുക്കാർ 

[സാമന്തർ = രാജാവിനു കീഴിൽ ചെറുരാജ്യങ്ങൾ ഭരിയ്ക്കുന്നവർ; അമാത്യൻ = പ്രധാനമന്ത്രി; മന്ത്രീന്ദ്രന്‍ = മന്ത്രിശ്രേഷ്ഠന്‍; ഭൂമീന്ദ്രകുമാരകർ = രാജകുമാരന്മാർ; ഭൂസുരൻ = ബ്രാഹ്മണൻ; അസ്തസന്താപം = സങ്കടമില്ലാതെ (സന്തോഷത്തോടെ); ഭക്തരൂപൻ = ശ്രീകൃഷ്ണൻ; ധൗമ്യന്‍ = പാണ്ഡവരുടെ രാജഗുരു; പലവും = പലതും; വയസ്യൻ = സമപപ്രായക്കാരൻ/കൂട്ടുകാരൻ; ആചാരം ചെയ്തു = ആദരിച്ചു]

 

അതിനു ശേഷം എല്ലാവരും, ഉത്തരായനം കാത്തു ശരശയനത്തിലുള്ള ഭീഷ്മരെ കാണാൻ പോയി. ശ്രീകൃഷ്ണനും വ്യാസനും കുലഗുരു ധൗമ്യനും കൂടെയുണ്ടായിരുന്നു.

പണ്ടൊരു രാജകുമാരൻ രഥത്തിൽ യാത്ര ചെയ്യവേ, പാതയ്ക്കു കുറുകെ കിടന്ന ഒരു പാമ്പു കുതിരയുടെ ചവിട്ടേറ്റു ചത്തു എന്നു കരുതി രഥം നിർത്തി അതിനെ തോണ്ടിയെറിഞ്ഞു. അതു് ഒരു മുൾമരത്തിൽ ചെന്നു വീണു. ശരീരത്തിൽ മുള്ളു തറച്ചു കയറിയ പാമ്പു വേദന സഹിച്ചു കിടന്നു്, അമ്പത്തിയാറാം നാളിൽ ജീവനറ്റു.

ആ രാജകുമാരന്റെ പുനർജ്ജന്മമാണത്രെ ഭീഷ്മർ. അറിയാതെ ചെയ്ത പാപത്തിന്റെ ഫലമായി ഭീഷ്മർ ശരശയ്യയിൽ കിടന്നതു് അമ്പത്തിയാറു ദിവസമാണു്. (എന്നാൽ, അഷ്ടവസുക്കളിൽ ഒരാളായ പ്രഭാസന്റെ അവതാരമാണു ഭീഷ്മർ എന്നാണു കൂടുതൽ പ്രചാരമുള്ള കഥ).

ഹസ്തിനപുരം സുരക്ഷിതമായതിനു ശേഷമേ താൻ മരിയ്ക്കൂ എന്നാണു ഭീഷ്മർ അച്ഛനായ ശന്തനുവിനു നൽകിയ വാക്കു്. അങ്ങനെയാവട്ടെ എന്നു പിതാവു് അനുഗ്രഹിയ്ക്കുകയും ചെയ്തു. യുധിഷ്ഠിരൻ രാജാവായതോടെ ആ സമയവുമെത്തി.

ശ്രീകൃഷ്ണൻ ഭീഷ്മരോടു പറഞ്ഞു:

അച്ഛനാം ശന്തനു തന്നീടിന വരത്തിനാൽ

സ്വച്ഛന്ദമൃത്യുവല്ലോ കേവലം ഭവാനെന്നാൽ

അദ്യാപി ഷൾപഞ്ചാശദ്ദിവസം വയസ്സുമു-

ണ്ടിദ്ദേഹമുപേക്ഷിച്ചെട്ടെന്നോടു പിന്നെച്ചേരാം

……

മത്സരാദികദോഷം വേർപെട്ട ഭവാനു ഞാൻ

മത്സ്വരൂപത്തെയുള്ളവണ്ണം കാട്ടുവനല്ലോ.

സജ്ജനഹിംസ ചെയ്തേനെന്നോർത്തു വിഷാദമു-

ണ്ടജിതാത്മവാമജാതാരാതിക്കകതാരിൽ 

[സ്വച്ഛന്ദം = ഇഷ്ടമനുസരിച്ചു്; അദ്യാപി = ഇന്നേയ്ക്ക് (വീണതു  മുതൽ എന്ന അർത്ഥം ഇവിടെ കൂടുതൽ അനുയോജ്യം); ഷൾപഞ്ചാശത് = അമ്പത്തിയാറു്; മത്സരാദികദോഷം = കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നീ ആറു ദോഷങ്ങൾ; അജിതാത്മാവു് = അജയ്യൻ; അജാരാതി = അജാതശത്രു = യുധിഷ്ഠിരൻ]

 

സജ്ജനങ്ങളെ വധിച്ചതിൽ യുധിഷ്ഠിരനു വിഷമമുണ്ടു്; അദ്ദേഹത്തിനു വർണ്ണാശ്രമധർമ്മനീതിശാസ്ത്രങ്ങളും ഇതിഹാസങ്ങൾ തുടങ്ങിയവയും പറഞ്ഞു കൊടുക്കണമെന്നു ശ്രീകൃഷ്ണൻ നിർദ്ദേശിച്ചു. 

ഭീഷ്മർ പകച്ചുപോയി.

 

അതസീകുസുമസമ്മിതവിഗ്രഹൻതന്നോ-

ടതുകേട്ടുര ചെയ്തു ഗങ്ഗാനന്ദനനപ്പോൾ

ചരണകരവക്ഷോജരഹിതനായുള്ളവൻ

തരണിരഹിതനായ് തുഴഞ്ഞു വാരാന്നിധി

തരണം ചെയ്തീടണമരനാഴികകൊണ്ടെ-

ന്നരുളിച്ചെയ്യുന്നതെന്തെന്റെ തമ്പുരാനേ! 

[അതസി = കാശാവു് (കായാവു്), അതസീകുസുമം = കായാമ്പൂ; സമ്മിതൻ = സദൃശൻ; വിഗ്രഹൻ = ശരീരമുള്ളവൻ; ഗങ്ഗാനന്ദനൻ = ഭീഷ്മർ; വക്ഷം = നെഞ്ചു്; തരണി = തോണി; വാരാന്നിധി = കടൽ] 

അജ്ഞാനിയായ ഞാൻ എങ്ങനെ പറഞ്ഞുകൊടുക്കും?, ഭീഷ്മർ ചോദിച്ചു.

 

മറ്റൊന്നും നിനയ്ക്കാതെ മത്സ്വരൂപത്തെത്തന്നെ

മുറ്റുമാത്മനി ചിന്തിച്ചിന്നേടം കഴിയുമ്പോൾ

സർവ്വജ്ഞത്വവും നിനക്കുണ്ടാക നാളെ, ഞങ്ങ-

ളുർവ്വീപാലകനുമായ് വരുന്നതുണ്ടുതാനും

അപ്പോഴേയ്ക്കെല്ലാം തോന്നുമുൾപ്പൂവിൽ നിനക്കേതും

തപ്പു കൂടാതെ തന്നെയെങ്കിലങ്ങനെ തന്നെ വേണ്ടൂ

[മുറ്റും = ഉറപ്പിച്ചു്/ശക്തമായി; ആത്മനി = മനസ്സിൽ; ഉർവ്വീപാലകൻ = രാജാവു് (യുധിഷ്ഠിരൻ), ഉൾപ്പൂ = മനസ്സു്; തപ്പു് = പിഴവു്, തെറ്റു് ]

 

******

അനന്തരം 27

 

 “എന്നെ തന്നെ ഭക്തിയോടെ ചിന്തിച്ചാൽ എല്ലാം മനസ്സിൽ വന്നുകൊള്ളും. അങ്ങേയ്ക്കു സർവ്വജ്ഞാനങ്ങളും ഉണ്ടാവട്ടെ. ഞങ്ങൾ യുധിഷ്ഠിരനുമായി നാളെ വരാം,  വരം നൽകി ശ്രീകൃഷ്ണൻ മറുപടി നൽകി. 

പിറ്റേന്നു ഭീഷ്മർ യുധിഷ്ഠിരനു വർണ്ണാശ്രമധർമ്മങ്ങൾ - രാജധർമ്മമുൾപ്പടെയുള്ള കാര്യങ്ങൾ - വിശദീകരിച്ചു. അതിന്റെ പിറ്റേന്നു്:

 

പിറ്റേന്നാളെതിരവേ ഭീഷ്മസന്നിധി പുക്കു

മുറ്റീടും ഭക്ത്യാ മോക്ഷധർമ്മങ്ങൾ ചോദ്യം ചെയ്തു 

(എതിരവേ = പുലരിയിൽ)

 

ഇതിഹാസങ്ങളും കഥകളും ഉപകഥകളും സാങ്ഖ്യയോഗസിദ്ധാന്തവും പല തത്വചിന്തകളും അവയിലുണ്ടായിരുന്നു.

അതെല്ലാം കഴിഞ്ഞു്, അടുത്ത പര്‍വ്വമായ അനുശാസനിത്തിൽ ദാനകർമ്മങ്ങൾ എന്തെന്ന ഉപദേശം തുടരുന്നു.

ദേവമുനിസംവാദങ്ങൾ, പശുപതിമാഹാത്മ്യം, ശിവസഹസ്രനാമം, വിഷ്ണുസഹസ്രനാമം, ആചാരഭേദങ്ങൾ, ഗോമാഹാത്മ്യം, വൈഷ്ണവധർമ്മം…… 

ഇടയിൽ, ബ്രാഹ്മണമാഹാത്മ്യം പറയുമ്പോൾ, ബ്രാഹ്മണൻ

 

ജന്മം കൊണ്ടേ സാധിക്കാവൂ തൽബ്രാഹ്മണ്യം

കർമ്മം കൊണ്ടാർക്കുമേ സാധിക്കരുതല്ലോ

 

എന്നും ഭീഷ്മർ വ്യക്തമാക്കുന്നുണ്ടു് (ഇതിൽ അൽപം പൊരുത്തക്കേടില്ലേ?ജന്മം കൊണ്ടോ കർമ്മം കൊണ്ടോ ബ്രാഹ്മണ്യം നേടേണ്ടത്?). 

അനന്തരം,

 

ദേവദേവൻ വാസുദേവൻ ജഗൽപ്പതി

ദേവകീനന്ദനൻതന്നെയും തന്നെയും

ഏകീഭവിപ്പിച്ചു താതവരത്തിനാ-

ലേകസ്വരൂപം മനസി ചിന്തിച്ചഥ

സ്വച്ഛന്ദമൃത്യുവായുള്ള ദേവവ്രതൻ

സ്വച്ഛമാമച്യുതാംഘ്രിദ്വയപങ്കജം

നിശ്ചലസച്ചിന്മയമമൃതം പരം

സത്യമനന്തമനാദ്യമനാകുലം

സത്വം പരബ്രഹ്മസച്ചിന്മയം പര-

മാത്മാനമാത്മനാകണ്ടുകൊണ്ടാത്മനി

സ്വാത്മാനമാശു യോഗേന ലയിപ്പിച്ചു. 

[ദേവകീനന്ദനൻതന്നെയും തന്നെയും = ശ്രീകൃഷ്ണനെയും തന്നെയും; സ്വച്ഛം = തെളിഞ്ഞ/നിർമ്മലം; അങ്ഘ്രി = പാദം; ദ്വയം = രണ്ടു്; സച്ചിതം = ബ്രഹ്മം; ചിന്മയൻ/സച്ചിന്മയൻ = ചൈതന്യസ്വരൂപൻ; പരൻ = ശ്രേഷ്ഠൻ/ മോക്ഷസ്വരൂപൻ;  സത്വം = സത്ത/ദ്രവ്യത്തിലും ഗുണത്തിലും കർമ്മത്തിലും ഉള്ള ഭാവം; പരമാത്മാനം = പരമമായ ഭഗവദ്സ്വരൂപത്തെ; ആത്മനാ = മനസ്സിൽ/സ്വയം; ആത്മനി = മനസ്സിൽ; സ്വാത്മാനാം = സ്വന്തം പ്രാണനെ.

മനസ്സിൽ ഭഗവദ്സ്വരൂപത്തെ സ്ഥിതമാക്കി സ്വന്തം പ്രാണനെ അതിൽ ലയിപ്പിച്ചു എന്നു സാരം.

 à ഈ വാക്കുകളുടെയെല്ലാം അർത്ഥങ്ങളിൽ ദർശനരീതിയും സന്ദർഭവും അനുസരിച്ചു ചെറിയ മാറ്റങ്ങൾ വരാം. കാതലായ അർത്ഥത്തിൽ വ്യത്യാസമില്ല].

യോഗശക്തിയാൽ സർവ്വശക്തനിൽ ഭീഷ്മരുടെ പ്രാണൻ ലയിച്ചു.

ചന്ദ്രവംശത്തിലെ സൂര്യതേജസ്വി മഹാഭാരതത്തിൽ നിന്നു് അപ്രത്യക്ഷനായി. 

പിന്നീടുള്ള അശ്വമേധികപര്‍വ്വത്തില്‍, ഭീഷ്മരുടെ സംസ്കാരകര്‍മ്മശേഷം, ധര്‍മ്മപുത്രാദികള്‍ ഭീഷ്മസ്മരണയിൽ ദുഃഖിതരായി. ശ്രീകൃഷ്ണനും വ്യാസനും സാന്ത്വനവാക്കുകളുമായി അവരോടൊപ്പം നിന്നു. ധര്‍മ്മപുത്രരോടു് അശ്വമേധം നടത്താന്‍ വേദവ്യാസന്‍ പറഞ്ഞു.

 

മുന്നം മരുത്തനാകുന്ന നരപതി

നീഹാരക്കുന്നിന്‍ വടക്കേപ്പുറത്തു പ-

ണ്ടേറിയോരര്‍ത്ഥം നിധി വച്ചിരിയ്ക്കുന്നു

നീയതു കൊണ്ടുപോന്നശ്വമേധംചെയ്ക

മായാഭ്രമങ്ങളും തീരും നിനക്കെന്നാല്‍ 

[നീഹാരക്കുന്ന്‍ = മഞ്ഞുമല = ഹിമാലയപര്‍വ്വതം; അർത്ഥം = സമ്പത്തു്; നിധി = സമ്പത്തിൽ നിന്നു നീക്കി പ്രത്യേകോപയോഗത്തിനായി വച്ച ധനദ്രവ്യങ്ങൾ]

 

മരുത്തന്‍ എന്നൊരു പ്രാചീനചക്രവര്‍ത്തിയുടെ യാഗം അവസാനിച്ചപ്പോള്‍ അധികം വന്ന നിധിയായിരുന്നു അതു്. ആ കഥയും വ്യാസന്‍ പറഞ്ഞു. അവിടെ നിന്നു കിട്ടിയ സ്വര്‍ണ്ണവും മറ്റമൂല്യരത്നങ്ങളും ഹസ്തിനപുരത്തില്‍ എത്തിയ്ക്കാന്‍ പാണ്ഡവര്‍ ഹിമാലയത്തിലേയ്ക്കു പോയി. 

ആ കാലത്താണു് അഭിമന്യുപത്നിയായ ഉത്തര ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കുന്നതു്.

കുട്ടിയ്ക്കു ജീവനില്ലായിരുന്നു.

അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രം ലക്ഷ്യം കണ്ടിരുന്നു. അസ്ത്രം പിന്‍വലിയ്ക്കാന്‍ അയാള്‍ മടിച്ചു. പാണ്ഡവര്‍ക്ക്  ഉന്മൂലനാശം വരുത്തട്ടെ എന്നു പറഞ്ഞു് എയ്യപ്പെട്ട അതു ഗര്‍ഭസ്ഥശിശുവിന്റെ ജീവനെടുത്തു. ശ്രീകൃഷ്ണന്‍ അന്നു് അസ്ത്രം തടയാഞ്ഞതു അതു ലക്ഷ്യം കാണട്ടെ എന്നു കരുതിത്തന്നെ. ബ്രഹ്മാസ്ത്രത്തെ ബഹുമാനിയ്ക്കണമല്ലൊ.

 

അസ്ത്രശക്ത്യാ ബത നിര്‍ജ്ജീവനായൊരു

പുത്രനെക്കണ്ടു ദുഃഖം കലര്‍ന്നെത്രയും

 

ഉത്തര ശ്രീകൃഷ്ണനെ വിളിച്ചു കരഞ്ഞു. കുന്തിയും ഭഗവാനോടു കുഞ്ഞിനു പ്രാണന്‍ നല്‍കുവാന്‍ വിലപിച്ചപേക്ഷിച്ചു.

 

ജീവനില്ലാതെ പിറന്ന കിടാവിനു

ജീവനുണ്ടാക്കുവാനെന്തൊരു സങ്കടം?

.......

അന്തികേ വീണു കുരുകുലസ്ത്രീജനം

വെന്തഴല്‍ പൂണ്ടു കരയുന്നതു നേരം

അച്യുതന്‍താനുമതു കണ്ടു കിഞ്ചന

നിശ്ചിതകാര്യം നിരൂപിച്ചു സത്വരം

ഉത്തരയോടു വാങ്ങീടിനാന്‍ തന്നുടെ

ഹസ്തപത്മം കൊണ്ടു ബാലശരീരവും

ഘോരമായുള്ള ചക്രതേജസ്സിനാല്‍

ദൂരെ നീങ്ങീ വിരിഞ്ചാസ്ത്രതേജോബലം

ബാലകന്‍ ജീവിച്ചു മാതാവുതന്‍

മുലപ്പാലും കുടിച്ചു തെളിഞ്ഞു വിളങ്ങിനാന്‍ 

[കിഞ്ചന = അല്പം]/കുറച്ചു്; സത്വരം = ഉടൻ; വിരിഞ്ചാസ്ത്രം = ബ്രഹ്മാസ്ത്രം]

ബ്രഹ്മാസ്ത്രത്തിന്റെ ഉദ്ദേശ്യം നടന്നു. ശ്രീകൃഷ്ണൻ സുദർശനചക്രം കൊണ്ടു കുട്ടിയെ ബാധിച്ച ബ്രഹ്മതേജസ്സു നീക്കം ചെയ്തു തന്റെ അവതാരോദ്ദേശ്യപൂരണത്തിനായുള്ള കർമ്മവും ചെയ്തു. വംശമറ്റു പോയ അവസ്ഥയിൽ നിന്നും അങ്ങനെ പാണ്ഡവകുലം രക്ഷപ്പെട്ടു. 

അപ്പോഴേയ്ക്കും ഹിമാലയത്തില്‍ നിന്നു നിധിയുമായി പാണ്ഡവര്‍ വന്നു ചേര്‍ന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അശ്വമേധയാഗം നടന്നു. 

[ദുര്യോധനവധം മുതൽ യുധിഷ്ഠിരന്റെ യാഗം വരെയാണു ലേഖനത്തിലെ വിഷയം].

കടപ്പാടു് : മഹാഭാരതവിവർത്തനങ്ങൾ, ലേഖനങ്ങൾ, വെബ്സൈറ്റുകൾ]

 

 

******

 

 

No comments:

Post a Comment

Part - 3 Christian Churches St. Stephen’s Church (CSI), Mundiyapalli Built in 1867, this is the oldest church of the...