[ഇതു ഭാഷാപോഷിണിയുടെ
സെപ്തംബര്‍ 2018 പതിപ്പില്‍ വന്ന ലേഖനമാണ്. ആദ്യലേഖനം പ്രസിദ്ധീകരിച്ചതു സര്‍വ്വീസ്
എന്ന മാസികയിലായിരുന്നു. ഉദ്ദേശിച്ച രീതിയില്‍ ആ ലേഖനം വായനക്കാരുടെ അടുത്ത് എത്താഞ്ഞതു
കാരണമാണ് മറ്റൊരു ലേഖനം എഴുതി ഭാഷാപോഷിണിയില്‍
പിണറായി മുതല്‍ ജഗതി വരെ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിയ്ക്കേണ്ടി
വന്നത്. ചരിത്രത്തിലും ഭാഷയിലും
താല്പര്യമുള്ള വായനക്കാരെ ഉദ്ദേശിച്ചു പ്രസിദ്ധീകരിച്ചതിനാല്‍ പഴയ മലയാളം - 01 എന്ന ഈ ബ്ലോഗ്ഗിലെ ലേഖനത്തിലെ
ചില കാര്യങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
ഇതിലെ വ്യാഖ്യാനങ്ങള്‍
ഉപയോഗിയ്ക്കുമ്പോള്‍ ഈ ലേഖനത്തെ പറ്റി പരാമര്‍ശിച്ചിരിയ്ക്കണം. വ്യാഖ്യാനങ്ങള്‍
ഉപയോഗിയ്ക്കുന്നവര്‍ അത് അവരുടെ സ്വന്തം വ്യാഖ്യാനമാണ് എന്ന മട്ടില്‍
അവതരിപ്പിയ്ക്കരുത്].
ക്രിസ്തുവിനും
രണ്ടായിരമോ മൂവായിരമോ വര്‍ഷം മുമ്പു ദ്രാവിഡര്‍ അധികം ചിതറാതെ ദക്ഷിണേന്ത്യയില്‍
കഴിഞ്ഞപ്പോള്‍ സംസാരിച്ചിരുന്നതാണ് ആദിദ്രാവിഡഭാഷ എന്നു കരുതപ്പെടുന്നു. അതില്‍
നിന്നാണു ദക്ഷിണേന്ത്യന്‍ മൊഴികളെല്ലാം ഉണ്ടായത് എന്നൊരു ശക്തമായ സിദ്ധാന്തമുണ്ട്.
ഇതിനു വിരുദ്ധമായ പല സിദ്ധാന്തങ്ങളും ഉണ്ട്. ആദിദ്രാവിഡമൊഴിയിലേത് എന്നു
കരുതപ്പെടുന്ന വാക്കുകളുടെ ധാതു എടുത്താല്‍, അതുമായി സാമ്യമുള്ള വാക്കുകള്‍ ഒരേ
അര്‍ത്ഥത്തില്‍ എല്ലാ ദക്ഷിണേന്ത്യന്‍ മൊഴികളിലും ഉണ്ട്. തമിഴിന്റെ മകളാണു മലയാളം
എന്നൊരു തെറ്റായ ധാരണ പരക്കെയുണ്ട്.
ജനങ്ങള്‍
പലയിടങ്ങളിലേക്കു കുടിയേറിയപ്പോള്‍ അവരുടെ മൊഴികളില്‍ ചെറിയ മാറ്റം വന്നു. അതില്‍
നിന്നു ക്രമേണ മലയാളം രൂപപ്പെട്ടു എന്നു കരുതാം. മറ്റു ഭാഷകളിലും അങ്ങനെയുള്ള
മാറ്റം ഉണ്ടായി.
പ്രാചീനകാലത്തു കേരളത്തില്‍ എത്തിയവര്‍ സ്ഥലനാമങ്ങള്‍ ഇട്ടിരുന്നതു മണ്ണിന്റെ (ഭൂമി എന്ന
സംസ്കൃതവാക്കു മലയാളത്തില്‍ പരക്കെ ഉപയോഗിയ്ക്കുന്നതിനു മുമ്പു മണ്ണ് എന്നാണ്
പറഞ്ഞിരുന്നത്) കിടപ്പ്, മല, കുന്ന്‍, ചെടി, മരം, പുഴ, കുളം, ചിറ, കായല്‍, കാട്ടുമൃഗങ്ങള്‍,
ദിക്കുകള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയായിരുന്നു. പിന്നെ വ്യക്തിനാമങ്ങള്‍,
ആരാധനാലയങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയും പേരിടാന്‍ ഉപയോഗിച്ചു. അന്യഭാഷകളിലെ
വാക്കുകളും ചിലപ്പോള്‍ ഉപയോഗിച്ചിട്ടുണ്ട്. നമ്മുടെ സ്ഥലപ്പേരുകള്‍ പരിശോധിച്ചാല്‍
ഇതൊക്കെ മനസ്സിലാക്കാം.
സ്ഥലനാമത്തിന്റെ
പൊരുളന്വേഷിയ്ക്കുമ്പോള്‍ ആയിരമോ രണ്ടായിരമോ അതിലേറെയോ വര്‍ഷം മുമ്പു കാടു
പിടിച്ചുകിടന്ന കേരളത്തില്‍, അങ്ങിങ്ങായി മാത്രമേ ജനവാസം ഉണ്ടായിരുന്നുള്ളൂ
എന്നോര്‍ക്കണം. ഇന്നത്തെ ഭൂമിയുടെ അവസ്ഥ നോക്കി അര്‍ത്ഥം വ്യാഖ്യാനിയ്ക്കാന്‍
ശ്രമിയ്ക്കരുത്. കേരളത്തില്‍ നിന്നു കടല്‍ വളരെ ദൂരം പടിഞ്ഞാറേക്കു മാറി എന്നും
ഇതു സംഭവിച്ചതു ക്രി.വ. രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ ആയിരുന്നെന്നും
ഒരഭിപ്രായമുണ്ട്. പിന്നീടു ക്രി.വ. 1341–ലും പ്രകൃതിക്ഷോഭമുണ്ടായി. ഈ
പ്രതിഭാസങ്ങള്‍ ഭൂപ്രകൃതിയെയും നാമകരണത്തിനെയും സ്വാധീനിച്ചിട്ടുണ്ട്.
ഒരു ചെറിയ
പ്രദേശത്തിന്റെയോ ചേരിയുടെയോ പേരു കൊണ്ട് ഒരു വലിയ പ്രദേശം മുഴുവന്‍ അറിയപ്പെടുന്ന
അവ്സ്ഥയുണ്ടായി.
പഴയ
മലയാളമൊഴിയിലെ പല വാക്കുകളും അപ്രത്യക്ഷമായി എന്നു തന്നെ പറയാം. അതും വാക്കുകളുടെ
അര്‍ത്ഥം മനസ്സിലാക്കാന്‍ തടസ്സമായി നില്‍ക്കുന്നു. മണ്ണാട എന്ന നല്ല മലയാളവാക്കിനെ
‘ഭൂവസ്ത്രം’ ആക്കി മാദ്ധ്യമങ്ങള്‍
അവതരിപ്പിയ്ക്കുന്നു. മൊഴി എന്ന വാക്കുപോലും തഴയപ്പെട്ടുപോയിരിയ്ക്കുന്നു. ഈ
ലേഖനത്തിലും അതൊഴിവാക്കേണ്ടി വരുന്നു.
‘പഞ്ചവര്‍ണ്ണത്തത്ത’യെ സിനിമാക്കാര്‍ ചിറകരിഞ്ഞു ‘പഞ്ചവര്‍ണ്ണ തത്ത’യാക്കുന്ന കാലമാണ്. സംസ്കൃതത്തില്‍
നിന്നു കടമെടുത്ത വാക്കുകളും നമുക്കു വഴങ്ങുന്നില്ല. പൌരന്‍ എന്ന വാക്കിന്റെ
സ്ത്രീലിംഗം പലരും പൌര, പൌരി എന്നിങ്ങനെ തട്ടിവിടാറുണ്ട്. പുരന്ധ്രി എന്നാണു
ശരിയായ വാക്ക്. പുരന്ധ്രിക്ക് ഇത്തിരി ‘കട്ടി’യുണ്ട്. അല്ലേ? എന്നാല്‍ പിന്നെ നമുക്കു പൌര എന്ന വാക്കു
സ്വീകരിയ്ക്കരുതോ? പൌരിയേക്കാളും ഭേദം പൌര തന്നെ.
വ്യാഖ്യാനിക്കാന്‍
മാത്രമല്ല ബുദ്ധിമുട്ട്. സ്ഥലപ്പേരു ശരിയായി എഴുതാന്‍ അറിയാത്തവരും
മലയാളമൊഴിയ്ക്കു പരിക്കേല്‍പ്പിയ്ക്കുന്നു. തദ്ദേശസ്വയംഭരണകാര്യാലയങ്ങളിലെ
ജീവനക്കാര്‍, ജനപ്രതിനിധികള്‍, ആര്‍.ടി.ഒ. ഓഫീസിലെ ജീവനക്കാര്‍, ബസ് മുതലാളികള്‍,
കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍, ബോര്‍ഡ് എഴുതുന്നവര്‍, ഡി.ടി.പി.ക്കാര്‍,
ആനുകാലികപ്രസിദ്ധീകരണങ്ങള്‍ എന്നിവര്‍ മാത്രമല്ല അദ്ധ്യാപകര്‍ പോലും
ഇക്കൂട്ടത്തില്‍ പെടുന്നു. ‘കമ്പ്യൂട്ടര്‍ മലയാളം’ പ്രശ്നങ്ങള്‍ കൂട്ടുന്നു.
വാമൊഴി വഴി
ഉണ്ടാകുന്ന മാറ്റങ്ങളും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മലയാളത്തിലെ ഒരു പഴഞ്ചൊല്ലു
പോലും വാമൊഴിക്കളിയില്‍ മാറി. കുഞ്ചന്‍ നമ്പ്യാരുടെ ഈ വരികള്‍ വായിയ്ക്കൂ:
കാട്ടുകോവിലിലെന്തു സംക്രാന്തിയെന്നപോലെ
നാട്ടുപിള്ളര്‍ക്കു നമ്മുടെ നാണയം ഗ്രഹിക്കാമോ?
(പ്രദോഷമാഹാത്മ്യം
ഓട്ടന്‍തുള്ളല്‍)
ഇരുപതാം
നൂറ്റാണ്ടിലെത്തിയപ്പോള്‍, ‘കാട്ടുകോവിലിലെന്തു സംക്രാന്തി’ എന്നുള്ളതു ‘കാട്ടുകോഴിക്കെന്തു സംക്രാന്തി’ എന്നാക്കി നമ്മള്‍. കോയില്‍ക്കോട്
കുഞ്ചനും മുമ്പേ കോഴിക്കോട് ആയി.
മലയാളത്തില്‍
നമ്മള്‍ ഇന്നുപയോഗിയ്ക്കുന്ന ചന്ദ്രക്കല പണ്ടില്ലായിരുന്നു. പത്തൊന്‍പതാം
നൂറ്റാണ്ടിന്റെ അവസാനം നിഘണ്ടുകാരനായ ഗുണ്ടെര്‍ട്ടാണു ചന്ദ്രക്കല ഭാഷയ്ക്കു
സമ്മാനിച്ചത്.
കേരളത്തിലെ
വിചിത്രങ്ങളായ സ്ഥലപ്പേരുകളുടെ അര്‍ത്ഥം നമുക്കൊന്നു പരിശോധിയ്ക്കാം. ഇതിന്റെ
അടിസ്ഥാനത്തില്‍, ഒരു പുന:പരിശോധനയ്ക്കു ശേഷം, പേരിലെ തെറ്റുകള്‍ തിരുത്താന്‍
അതാതു സ്ഥലങ്ങളിലെ നാട്ടുകാര്‍ - ഒപ്പം സര്‍ക്കാരും - ശ്രമിയ്ക്കുന്നതു
നന്നായിരിയ്ക്കും. (ഇന്നു
പ്രചാരത്തിലില്ലാത്ത അര്‍ത്ഥങ്ങളാണ് ഇവിടെ നല്കിയിരിയ്ക്കുന്നത്).
രയറോം (ആലക്കോട് പഞ്ചായത്ത്, കണ്ണൂര്‍
ജില്ല)
ഇത്രയേറെ വിചിത്രമായ ഒരു പേരു കേരളത്തില്‍ വേറെ ഉണ്ടോയെന്നു സംശയം. പണ്ട്
അവിടെ ഒരു ഡയറി ഫാം ഉണ്ടായിരുന്നെന്നും ഡയറി ഫാം എന്ന വാക്കു മാറിമറിഞ്ഞു രയരോം,
രയറോം എന്നിങ്ങനെ പല വിധത്തില്‍ ആയെന്നും ഒരു കൂട്ടം നാട്ടുകാര്‍ വിശ്വസിയ്ക്കുന്നു.
പക്ഷെ, അല്‍പം ചരിത്രം നോക്കിയാല്‍ ഇതിന്റെ അര്‍ത്ഥം കിട്ടും. ശരിയായ രൂപവും. ക്രി.വ. പതിനൊന്ന്-പന്ത്രണ്ട് നൂറ്റാണ്ടുകള്‍
മുതല്‍ വയനാടന്‍ പ്രദേശങ്ങള്‍ ഹൊയ്സാല രാജാക്കന്മാരുടെയും കദംബരാജാക്കന്മാരുടെയും
വിജയനഗരസാമ്രാജ്യാധിപതികളായ രായരന്മാരുടെയും (പതിന്നാലാം നൂറ്റാണ്ട്) അധീനത്തില്‍ ആയിരുന്നു. രായരന്മാരുടെ
സാമന്തന്മാരായി വയനാടു ഭരിച്ച നാടുവാഴികളില്‍ ഇമ്മടികദംബരായവോടെ(ഡെ)യയ്യ എന്ന
രാജാവിന്റെ പേരു കാണുന്നു. രായ (രാജ) എന്ന
വാക്കു ശ്രദ്ധേയമാണ്. ബഹുമാനപുരസരം പ്രയോഗിയ്ക്കുമ്പോള്‍ രായര്‍ എന്നു പറയുന്നു.
പഴയകാലത്തു ഭരണകാര്യാലയത്തിനു (office) രായകം എന്നും രായരകം എന്നും പറഞ്ഞിരുന്നു.
കൊട്ടാരം, രാജധാനി, ഭരണകാര്യാലയം എന്നീ അര്‍ത്ഥങ്ങളും ഉണ്ട്. അകം വാസസ്ഥലത്തെയും
ഓഫീസിനെയും സൂചിപ്പിയ്ക്കുന്നു. ഈ സ്ഥലത്തു രായര്‍മാരുടെ അല്ലെങ്കില്‍ അവരുടെ
കീഴിലെ നാടുവാഴികളുടെ രായരകം -കൊട്ടാരമോ പ്രാദേശികകാര്യാലയമോ - ഉണ്ടായിരുന്നു
എന്നു കരുതാം. അങ്ങനെ പഴയ മലയാളി ആ ഭാഗത്തിനു രായരകം എന്നു പേരിട്ടു. കോട്ടയകം
കോട്ടയമായി ചുരുങ്ങിയ പോലെ രായരകം, ‘രായരം’ ആയി. രായരം എന്ന പേരില്‍ തെറ്റില്ല. കൂടുതല്‍
വികലമാക്കരുത്.
അടുത്തുള്ള വൈതല്‍ മലയിലെ ഒരു പുരാതനക്ഷേത്രം അമ്പതുകളില്‍
പുതുക്കിപ്പണിഞ്ഞിട്ടുണ്ട്. അതു ‘വൈതല്‍
മല’ അല്ല, ‘വൈത്തല്‍മല’യാണ്. ഇതു രണ്ടു വാക്കല്ല. വൈത്തല്‍ക്കോന്‍ എന്നൊരു രാജാവും
ഈ മലനാടന്‍ പ്രദേശം ഭരിച്ചിരുന്നുവത്രെ. സ്വന്തമാക്കുക, ഉടമയാകുക എന്നൊക്കെ
വൈത്തല്‍ എന്ന വാക്കിന് അര്‍ത്ഥങ്ങള്‍. ‘വൈത്തല്‍മല’യ്ക്ക് ഉടമയുടെ മല എന്ന അര്‍ത്ഥം ചേരും. ദേവന്‍, തമ്പുരാന്‍
എന്നീ അര്‍ത്ഥങ്ങള്‍ കോന്‍ എന്ന വാക്കിന്. വൈത്തല്‍ക്കോന്‍ എന്നാല്‍ ഉടയവനായ
തമ്പുരാന്‍. ഇപ്പോഴത്തെ വാമൊഴിയില്‍ ‘ഒടേതമ്പ്രാന്‍’.
പിണറായി (കണ്ണൂര്‍ ജില്ല)
നമ്മുടെ മുഖ്യമന്ത്രിയുടെ ജന്മസ്ഥലമായ പഞ്ചായത്ത്. ‘ആയി’
എന്നു ചേര്‍ക്കുന്നതു ഊര് എന്നതിനു സമമാണ്. അമ്മ എന്നും അര്‍ത്ഥമുണ്ട്. സ്ഥലം,
ചേരി, പറമ്പ് ഇവിടെ എന്നൊക്കെ അര്‍ത്ഥം നല്‍കാം. പെരിയാറിനു വടക്കാണ് ‘ആയി’കള്‍
കൂടുതല്‍. തെക്ക് ഇങ്ങനെ ചേര്‍ക്കാറില്ല. ഉണ്ടെങ്കില്‍ തന്നെ അപൂര്‍വ്വം. പണ്ടു
തന്നെ തെക്കരും വടക്കരും വ്യത്യസ്തവാക്കുകള്‍ ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്നു
എന്നതു ശ്രദ്ധേയമാണ്. പിണര്‍ എന്നാല്‍ പരുപരുത്ത, നിരപ്പല്ലാത്ത (rough and uneven) എന്നാണര്‍ത്ഥം.
നിരപ്പല്ലാത്ത പരുക്കന്‍ (പരുപരുത്ത) ഭൂമിയുള്ള സ്ഥലം എന്നാണു
മുഖ്യമന്ത്രിയുടെ ഗ്രാമപ്പേരിന്റെ അര്‍ത്ഥം.
പട്യാലിമറ്റം, തച്ചിലങ്ങാട് (അകലക്കുന്നം
പഞ്ചായത്ത്, കോട്ടയം ജില്ല)
അടിമവ്യാപാരം കേരളത്തില്‍ വളരെക്കാലം ഉണ്ടായിരുന്നു. 1812-ല്‍ തിരുവിതാംകൂറില്‍
അടിമത്തം നിരോധിയ്ക്കുന്നതു വരെ അകലക്കുന്നം ഗ്രാമത്തിലും അടിമകളെ പണിക്കായി
ഉപയോഗിച്ചിരുന്നു. ഇവിടെയും പേരുമാറ്റം നടന്നു, നാട്ടുകാര്‍ മലയാളം മറന്നതു കാരണം.
പടിയാള്‍ എന്നതു പഴയ മലയാളത്തിലെ അടിമപ്പണിക്കാരന്‍ ആണ്. കുന്നിന്‍ചരിവിലെ
കൃഷിസ്ഥലമാണു മറ്റം. പുഴയിലേക്കോ വയലിലേയ്ക്കോ ജലാശയത്തിലേയ്ക്കോ
ചരിഞ്ഞിരിയ്ക്കുന്ന ഭൂമി എന്നും അര്‍ത്ഥം. അടിമകളെ താമസിപ്പിച്ചിരുന്ന ചരിവുള്ള
ഭൂമി എന്നാണു സ്ഥലനാമത്തിന്റെ അര്‍ത്ഥം. അതായതു പടിയാള്‍മറ്റം (ഒറ്റവാക്കാണേ).
പട്യാലിമറ്റം എന്ന പേരു മാറ്റുക തന്നെ വേണം.
തച്ചിലങ്ങാട് അല്ല, തെച്ചിലങ്ങാട് എന്നു ശരിയായ പേര്. തെച്ചിലം നമ്മുടെ
നാട്ടുമാവ് അഥവാ തേന്മാവ് ആണ്. തെച്ചിലങ്കാട് എന്നു വച്ചാല്‍ നാട്ടുമാവു നില്‍ക്കുന്ന,
കാടു പിടിച്ചു കിടക്കുന്ന സ്ഥലം. തച്ചിലങ്ങാട് എന്ന പേരുമാറ്റം ഉച്ചാരണം വഴി
സ്വാഭാവികമായി വന്നതാണ്. കാടിനു ചേരി എന്ന അര്‍ത്ഥവും ഉണ്ട്. (കാട് എന്ന വാക്കിനു
സ്ഥലം എന്നും ധ്വനിയുണ്ട്).
കോടുകുളഞ്ഞി (ആല പഞ്ചായത്ത്, ആലപ്പുഴ
ജില്ല)
ചെങ്ങന്നൂരിനടുത്താണു കോടുകുളഞ്ഞി. മൂല, ഉയര്‍ന്ന ഭൂമി, കുന്നിന്‍പുറം, തീരം
എന്നിങ്ങനെ പല അര്‍ത്ഥങ്ങള്‍ കോട് എന്ന വാക്കിനുണ്ട്. കുളഞ്ഞി/കുഴഞ്ഞി/കുഴിഞ്ഞി
എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെട്ടിരുന്നത് ഒരു തരം നാരങ്ങയാണ്. തമിഴില്‍
കിച്ചിലി എന്നു പേരുള്ളതായി അറിയുന്നു. ഒടിച്ചുകുത്തിനാരങ്ങയാണോ ഇത് എന്നു സംശയം.
ചതുരപ്പുളിയ്ക്കും കുളഞ്ഞി എന്നു പറഞ്ഞിരുന്നത്രെ. എന്തായാലും ഈ നാരകം/പുളി നിന്ന
ഉയര്‍ന്ന സ്ഥലമാവണം കോടുകുളഞ്ഞി. പേരു തിരിഞ്ഞുപോയോ? കുളഞ്ഞിക്കോട് എന്നല്ലേ ശരി? അതാണു ശരി. പക്ഷേ, പഴയ മലയാളിയുടെ
രീതി അതായിരുന്നു. അന്ന്‍ അതായിരുന്നു ശരി.
കളര്‍കോട് (ആലപ്പുഴ മുനി.)
ഇവിടെ ഇന്നത്തെ രീതിയിലാണു പേര്. ചതുപ്പ്, ഉപ്പുരസമുള്ള ഭൂമി എന്നീ അര്‍ത്ഥങ്ങള്‍
കളര്‍ എന്ന വാക്കിന്. കോടിന്റെ അര്‍ത്ഥം മുകളില്‍ കൊടുത്തിരിയ്ക്കുന്നു.
ചതുപ്പുള്ളതും ഉപ്പുരസമുള്ളതും ആയ ഉയര്‍ന്നു നില്‍ക്കുന്ന ഭൂമി. കുടിയേറ്റകാലത്ത്
ഇതായിരുന്നു കളര്‍കോടിന്റെ അവസ്ഥ. കടല്‍ പിന്‍വാങ്ങി ഉണ്ടായതാണ്
ആലപ്പുഴ-കുട്ടനാടന്‍ പ്രദേശങ്ങള്‍ എന്ന സിദ്ധാന്തം ശരിവയ്ക്കുന്നതാണ് ഈ പേര്.
ചവര്‍ണ്ണ (ആലക്കോട് പഞ്ചായത്ത്, ഇടുക്കി ജില്ല)
കണ്ണൂരില്‍ മാത്രമല്ല, ഇടുക്കിയിലുമുണ്ട് ഒരു ആലക്കോട്! ചവര്‍ണ്ണ എന്ന പേര്
ഒരു കീറാമുട്ടിയാണ്. ലഭ്യമായ പൊരുള്‍ ഇങ്ങനെ. ചവര്‍ എന്നാല്‍ കൃഷിയോഗ്യമല്ലാത്ത
ഭൂമി/ഉപ്പുരസമുള്ള ഭൂമി. നാ എന്നാല്‍ നടുഭാഗം എന്നര്‍ത്ഥം. ഒരു പ്രദേശത്തിന്റെ
നടുവിലുള്ള കൃഷിക്കനുയോജ്യമല്ലാത്ത ഭൂമി എന്നാണു സ്ഥലനാമത്തിന്റെ അര്‍ത്ഥം എന്നു
കരുതാം. ചവര്‍ന്നാ എന്ന പേരു വാമൊഴിയില്‍ ചവര്‍ണ്ണ എന്നാക്കിയതു നാട്ടുകാര്‍
തന്നെ. ഇവിടെയും ‘നാ-‘
വിശേഷണമാകയാല്‍ നാചവര്‍ (നാച്ചവര്‍) എന്നല്ലേ ശരി? ഉദാ: നാവായ, നാക്കുഴി. പക്ഷെ, ഈ
വാക്കിലും പഴയ നിയമം കാണാം.
കൊല്ലം ജില്ലയിലെ ചവറയും ഇതേ ചവര്‍ തന്നെ. ഉവരുള്ള (ഓരുള്ള എന്നു വാമൊഴിയില്‍)
അഥവാ ഉപ്പുരസമുള്ള ഭൂമി. ചവറ
കടലോരപ്രദേശമാണല്ലോ. ചവര്‍ അല്ല ചവറ്. പഴയ മലയാളത്തില്‍
ചവറു എന്നും ഇപ്പോള്‍ ചവറ് എന്നും പറയുന്നത് ആവശ്യമില്ലാത്തത്/ മാലിന്യം/അവശിഷ്ടം
എന്ന അര്‍ത്ഥത്തിലാണ്. (ചന്ദ്രക്കലയുടെ ഗുണം വ്യക്തമായല്ലോ).
കോമളം (കല്ലൂപ്പാറ, പത്തനംതിട്ട ജില്ല)
വളഞ്ഞുപുളഞ്ഞൊഴുകുന്ന മണിമലയാറിന്റെ തീരത്താണു തിരുവല്ലയ്ക്കടുത്തുള്ള കോമളം. സുന്ദരം എന്നാണു കോമളം എന്ന വാക്കിനര്‍ത്ഥം.
എന്നാല്‍ പേരല്പം ശ്രദ്ധയോടെ വായിയ്ക്കണം. ‘മ’കാരം ‘വ’കാരത്തിനും മറിച്ചും വഴിമാറുന്ന സ്വഭാവം മലയാളത്തിലുണ്ട്.
ആവണക്ക് അങ്ങനെ ആമണക്ക് ആവുന്നു. വഞ്ചിക, മഞ്ചികയാവുന്നു. മുനമ്പ്, കുന്ന്,
ആകാശം, സ്വര്‍ഗ്ഗം, ഭൂമി, ജലം, രാജാവ്, ഇലന്തമരം എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങള്‍ ‘കോ’ എന്ന
വാക്കിനുണ്ട്. ‘അളം’
എന്നതിനു സ്ഥലം, ഉപ്പുപാടം, കടല്‍ത്തീരം എന്നീ അര്‍ത്ഥങ്ങളുണ്ട്. കോവളം
ഉച്ചാരണത്തില്‍ ‘കോമളം’ ആയി.
മുനമ്പായ - ജലത്തിലേക്കു തള്ളി നില്‍ക്കുന്ന - ഭാഗം എന്നാണു കോവളം എന്ന
വാക്കിനര്‍ത്ഥം. ഭൂപടം നോക്കിയാല്‍ ഇതു മനസ്സിലാകും.
ചെമ്പ് (കോട്ടയം ജില്ല)
വൈക്കത്തിനടുത്താണു ചെമ്പ് എന്ന പഞ്ചായത്ത്. ചലച്ചിത്രനടന്‍ മമ്മൂട്ടിയുടെ ജന്മസ്ഥലം.
ചമ്പ എന്ന മീന്‍ കിട്ടിയിരുന്നതു കൊണ്ടാണ് ഈ പേര് കിട്ടിയത് എന്നൊരു വാദം. ചെമന്ന
ഭൂമി എന്ന അര്‍ത്ഥത്തില്‍ ചെംഭൂ എന്നു വിളിച്ചു എന്നും അതു പിന്നെ ചെമ്പ്
എന്നായെന്നും രസകരമായ മറ്റൊരു വാദം. തദ്ദേശസ്വയംഭരണവകുപ്പും അവരുടെ സൈറ്റില്‍
ഇതൊക്കെ തട്ടിവിടുന്നുണ്ട്. നമ്മള്‍ ശുദ്ധമലയാളം മറന്നു എന്നതാണു സത്യം. ചെമ്പ്
എന്ന വാക്കിനു തെക്ക് എന്നാണര്‍ത്ഥം. ഈ പ്രദേശത്തിന്റെ വടക്കുഭാഗത്തു ചേരി തീര്‍ത്ത
പ്രാചീനര്‍ ഈ സ്ഥലത്തിനു ചെമ്പ് എന്ന പേരു നല്‍കി. ചെമ്പുതറ (പുഴവാത്, ചങ്ങനാശേരി),
ചെമ്പുക്കാവ് (തൃശൂര്‍), ചെമ്പ്ര, ചെമ്പുകടവ് (കോഴിക്കോട്), ചെമ്പുപുറം (നെടുമുടി), – ഇവിടെയെല്ലാം ഇതേ അര്‍ത്ഥം. ചിങ്ങം എന്ന വാക്കിനും
തെക്ക് എന്നര്‍ത്ഥം (ഉദാ: ചിങ്ങവനം, കോട്ടയം ജില്ല).
അഗസ്ത്യം (സംസ്കൃതത്തില്‍ നിന്ന്‍) എന്നു പറയുന്നതും തെക്കിനു തന്നെ. സഹ്യപര്‍വ്വതത്തിന്റെ
തെക്കേ അറ്റത്തുള്ള മലയാണ് അഗസ്ത്യകൂടം. ഈ പേരിട്ടതു ബ്രാഹ്മണരാണ് എന്നു
തോന്നുന്നു.
തെങ്ങ് എന്ന വാക്കിലെ തെന്‍ (തെക്കന്‍). ശ്രീലങ്കന്‍ ബന്ധം
സൂചിപ്പിയ്ക്കുന്നതാണ് എന്നു ചില പണ്ഡിതര്‍ കരുതുന്നു.
ചങ്ങനാശേരിയിലെ തെങ്ങനാല്‍ എന്ന സ്ഥലം പി.ഡബ്ലിയു.ഡി. യിലെ ഭാഷാവൈരികള്‍
കുറച്ചു നാള്‍ മുമ്പു തെങ്ങണ എന്നാക്കിയിട്ടുണ്ട്. തെക്ക്, ആല്‍ നില്‍ക്കുന്ന
സ്ഥലം എന്നാണര്‍ത്ഥമെന്നു പഴയ തലമുറക്കാര്‍.
കാട്ടില്‍ മേക്കതില്‍ (പന്മന പഞ്ചായത്ത്,
കൊല്ലം ജില്ല)
പടിഞ്ഞാറ് എന്നുള്ളതിനു പഴയ മലയാളി ഉപയോഗിച്ചിരുന്ന വാക്കാണു മേക്ക്.
മേക്കതില്‍ എന്നു വച്ചാല്‍ പടിഞ്ഞറേതില്‍. പന്മനയില്‍ കൊല്ലം-ആലപ്പുഴ ജലപാതയ്ക്കും
ലക്ഷദ്വീപ് കടലിനും ഇടയിലാണ് ഈ ചെറുതുരുത്ത്. നൂറ്റാണ്ടുകള്‍ക്കു മുമ്പാണു
സ്ഥലത്തിന് ഈ പേര് കിട്ടിയത് എന്നൂഹിയ്ക്കാം. അന്നതു കുറ്റിക്കാടുകളുള്ള (മരങ്ങളും?)
ഉള്ള പ്രദേശം ആയിരുന്നിരിയ്ക്കാം. ഈ സ്ഥലപ്പേരിലും വാക്കുകള്‍ തിരിഞ്ഞു വരുന്നു. മേക്കതില്‍
കാട്ടില്‍ എന്നതിനു പകരം കാട്ടില്‍ മേക്കതില്‍ എന്നു പേരിട്ടു. മലയാളത്തിലെ പഴയ
നിയമം ഇവിടെയും പ്രയോഗിച്ചിരിയ്ക്കുന്നു. ഇന്നു പേരിട്ടിരുന്നെങ്കില്‍
പടിഞ്ഞാറേക്കാട്ടില്‍ എന്നാകുമായിരുന്നു സ്ഥലപ്പേര്.
(വടക്ക് എന്നു സൂചിപ്പിയ്ക്കാന്‍ ‘വട’ എന്നും കിഴക്ക് എന്ന് സൂചിപ്പിയ്ക്കാന്‍ ‘കീഴ്’ എന്നും
പേരിനു മുമ്പില്‍ ചേര്‍ത്തിരുന്നു. ‘കീഴ്’ എന്നതിനു താഴെയുള്ള/കീഴിലുള്ള എന്നും അര്‍ത്ഥമുണ്ട്. ‘പുറം’ എന്നതിനു
പടിഞ്ഞാറ് എന്നര്‍ത്ഥമുണ്ടെന്നു ഗുണ്ടെര്‍ട്ട് പറയുന്നു).
മേക്കതില്‍, മേതില്‍ ഇവ തമ്മില്‍ വ്യത്യാസമുണ്ട്. മേത് എന്ന് പറയുന്നതു കറ്റ ‘മെതി’ക്കാനുള്ള
കളത്തിനാണ്. മേതില്‍ എന്നു വച്ചാല്‍ കളത്തില്‍ എന്നര്‍ത്ഥം.
വിലങ്ങന്‍ കുന്ന് (അടാട്ട് പഞ്ചായത്ത്, തൃശൂര്‍
ജില്ല)
മലയാളിയെ കുഴക്കിയ മറ്റൊരു പേര്. പ്രാചീനമലയാളത്തില്‍ കുന്ന്‍ എന്നാണു
വിലങ്ങന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. എഴുപതുകള്‍ വരെ വിലങ്ങന്‍ എന്ന പേരില്‍
തന്നെയായിരുന്നു ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. അതു വേറെ എന്തോ ആണെന്നു ധരിച്ചു
നാട്ടുകാരും സര്‍ക്കാരിലെ ഉദ്യോഗസ്ഥപ്രഭുക്കളും. വിലങ്ങന്‍ കളഞ്ഞു; വിലങ്ങന്‍
കുന്ന് എന്ന സ്ഥലനാമം അവര്‍ സൃഷ്ടിച്ചു. ആളിനെ ആള്‍മനുഷ്യന്‍ ആക്കുന്നതു പോലെ.
തുയ്യം (എടപ്പാള്‍ പഞ്ചായത്ത്, തൃശൂര്‍
ജില്ല)
ശുദ്ധം, പുണ്യം, സുതാര്യം (transparent) എന്നിങ്ങനെയാണു
തുയ്യം എന്ന വാക്കിന്റെ അര്‍ത്ഥം. തുയ്യന്‍
എന്നു വച്ചാല്‍ വിശുദ്ധന്‍/പുണ്യവാളന്‍. ബഹുമാനപൂര്‍വ്വം തുയ്യര്‍ എന്നും പറയാം. തുയ്യപ്പാല്‍
എന്നതു വെള്ളം ചേര്‍ക്കാത്ത പാലും. ഒരു പ്രദേശത്തിനാകെ ആ പേരു വരാന്‍ കാരണം
സ്ഥലത്തെ ക്ഷേത്രമോ പള്ളിയോ ബ്രാഹ്മണഗൃഹങ്ങളോ
ആയിരിയ്ക്കും. പൊന്നാനിയിലും കണ്ണൂരിലും തുയ്യം/തുയ്യത്ത് എന്ന സ്ഥലങ്ങളുണ്ട്. കോട്ടയം
ജില്ലയില്‍ തുയ്യത്ത് എന്ന പേരില്‍ ഒരു ഇല്ലമുണ്ട്.
കൊല്ലം ജില്ലയിലും തുയ്യം എന്ന സ്ഥലമുണ്ട്. തുയ്യത്ത് എന്നുള്ളതിന് Tuet എന്ന്‍
ഇവിടെയുള്ളവര്‍ എഴുതുന്നു. വിചിത്രമായ സ്പെല്ലിംഗ്. ഇവിടെ വിശുദ്ധസെബാസ്റ്റ്യന്റെ (തുയ്യര്‍ സെബാസ്റ്റ്യന്‍) പേരില്‍
ഒരു ക്രിസ്ത്യന്‍ പള്ളിയുണ്ട്. ക്രി.വ. 1745-ല്‍ പണിതതാണിത്. ഇതു
കാരണമായിരിയ്ക്കാം തുയ്യം എന്ന പേരു കിട്ടിയത്. തുയ്യം എന്നതിനേക്കാള്‍ തുയ്യത്ത്
എന്നെഴുതുന്നതാണു ശരി. തുയ്യമായ സ്ഥലം എന്നര്‍ത്ഥം കിട്ടാന്‍ തുയ്യത്ത് എന്നു
തന്നെ എഴുതുക.
ശുദ്ധം എന്ന സംസ്കൃതവാക്കിന്റെ ദ്രാവിഡരൂപമാണോ തുയ്യം? ശുത്തം എന്നാണു
ദ്രാവിഡം. ‘ശുത്തോം വൃത്തീം’ എന്നൊരു പ്രയോഗമുണ്ടല്ലോ. തുയ്യം തനി ദ്രാവിഡവാക്കു തന്നെയെന്നു കരുതാം.
കൊട്ടിയം (ആദിച്ചനല്ലൂര്‍ പഞ്ചായത്ത്, കൊല്ലം
ജില്ല)
പ്രവേശനദ്വാരം/കവാടം എന്നാണു കൊട്ടിയം എന്ന വാക്കിന്റെ അര്‍ത്ഥം. ധനികരുടെയും
കോവിലകങ്ങളുടെയും വീടുകളിലാണ് ‘കൊട്ടിയ’ങ്ങള് ഉണ്ടായിരുന്നത്. ‘കൊട്ടിയമ്പലം’
പടിപ്പുരയാണ്. ചിലതിന് ഓല കൊണ്ടു മേല്‍ക്കൂര ഉണ്ടായിരുന്നു. അതിനെ ഓലകൊട്ടിയമ്പലം
എന്നു വിളിച്ചു. പഴയ കാലത്ത്, അപൂര്‍വ്വമായി കാണപ്പെട്ടിരുന്ന കൊട്ടിയങ്ങള്‍
വഴിപോക്കര്‍ക്ക് അടയാളമായിരുന്നു.
മാവേലിക്കരയ്ക്കടുത്തുള്ള ഓലകൊട്ടിയമ്പലം എന്ന സ്ഥലം പേരുമാറ്റത്തിനു വിധേയമായി.
തദ്ദേശീയരും സര്‍ക്കാര്‍ ജീവനക്കാരും ബസ്സുകാരും പിന്നെയങ്ങനെ പലരും ചേര്‍ന്ന്‍
ഓലകെട്ടിയമ്പലം എന്നാക്കി. ഏറ്റവും ഒടുവില്‍ ഓലകെട്ടി എന്നു നന്നേ ചുരുക്കുകയും
ചെയ്തു. മലയാളികള്‍ ‘പ്രബുദ്ധ’രാണല്ലോ!
മാട്ടുപ്പെട്ടി (ദേവികുളം പഞ്ചായത്ത്, ഇടുക്കി
ജില്ല)
മാട്ടുപ്പെട്ടി മലയാളിയുടെ മറ്റൊരു ഇരയാണ്. മാട്ടുപ്പട്ടി എന്നാണു ശരി. മാട്
എന്നതിനു കുന്ന്‍ എന്നര്‍ത്ഥം. പട്ടി എന്നു വച്ചാല്‍ ഗ്രാമം, നാട്, ചേരി എന്നും.
കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ചേരിയാണു മാട്ടുപ്പട്ടി. പട്ടി എന്നു കേള്‍ക്കുമ്പോള്‍
ശ്വാനകുലത്തെ മാത്രം ഓര്‍ക്കുന്ന മലയാളി, ‘പട്ടി’യെ ‘പെട്ടി’യാക്കി.
പണ്ഡിതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുണയ്ക്കുകയും ചെയ്തു. പത്തനംതിട്ട ജില്ലയിലെ
പെരുമ്പട്ടി ‘പെട്ടി’യിലായിട്ടില്ല.
വലിയ ചേരി എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. മൂവാറ്റുപുഴയ്ക്കു സമീപമുള്ള
പട്ടിമറ്റവും പേരു മാറാതെ നില്‍ക്കുന്നു. ഇവിടെ പട്ടി ചേരിയാണ്.കുന്നിന്‍ചരിവിലെ
ചേരി എന്നര്‍ത്ഥം. തമിഴ്നാട്ടില്‍ ധാരാളം സ്ഥലങ്ങള്‍ ‘പട്ടി’ എന്ന
പേരില്‍ അവസാനിയ്ക്കുന്നു.
(നഗരം എന്ന വാക്കിനു പകരം പാടി എന്ന വാക്കുപയോഗിച്ചിരുന്നു. വളരെ വിസ്തീര്‍ണ്ണമുള്ള
കൃഷിസ്ഥലവും പാടി എന്ന പേരില്‍ അറിയപ്പെട്ടിരുന്നു)
ആമ്പല്ലൂര്‍ (കോട്ടയം ജില്ല)
വൈക്കത്തിനടുത്താണ് ആമ്പല്ലൂര്‍ പഞ്ചായത്ത്. തൃശൂരിലെ അളഗപ്പനഗര്‍
പഞ്ചായത്തില്‍ ഇതേ പേരുള്ള ഒരു പ്രദേശമുണ്ട്. ഇവിടെ രണ്ടിടത്തും വില്ലന്‍
വാമൊഴിയാണ്. ആമ്പല്‍ എന്ന ജലസസ്യമല്ല പേരിനു കാരണം. ആമ്പലിനു മുള എന്നൊരര്‍ത്ഥമുണ്ട്.
‘ഊര്’
ഗ്രാമമാണല്ലോ. മുളയുള്ള ഗ്രാമം/സ്ഥലം എന്നു പേരിന്റെ അര്‍ത്ഥം. യഥാര്‍ത്ഥത്തില്‍
ഇത് ‘ആമല്‍’ ആണ്.
ഒരു തരം മുളയാണ് ആമല്‍. വാമൊഴിയില്‍ പണ്ടു തന്നെ ‘ആമ്പല്‍’ ആയി.
എന്നാല്‍, തിരുവല്ലയ്ക്കടുത്തുള്ള ‘ആമല്ലൂര്‍’ ഇതു വരെ ആമ്പല്ലൂര്‍ ആയിട്ടില്ല.
തത്തംപള്ളി, അവലൂക്കുന്ന്‍ (ആലപ്പുഴ
നഗരസഭ)
തത്തം എന്ന വാക്കു ദ്രാവിഡഭാഷകളില്‍ ഇല്ലെന്നു തോന്നുന്നു. ‘തതം’
യോജിയ്ക്കുന്നുണ്ട്. നീളം, വീതി, വിസ്തൃതമായ പരപ്പുള്ള സ്ഥലം എന്നിങ്ങനെയാണു തതം
എന്ന വാക്കിന്റെ അര്‍ത്ഥം. കായലിന്റെ സാമീപ്യമുള്ള തത്തംപള്ളിയ്ക്കു പൊതുവെ പരന്ന ഭൂപ്രകൃതിയാണെന്നു
പറയേണ്ടതില്ലല്ലോ. ചേരി, ഗ്രാമം എന്ന അര്‍ത്ഥമാണ് ഇവിടെ പള്ളിയ്ക്ക്. പരപ്പായ
സ്ഥലത്തെ ചേരി എന്നാണു തതംപള്ളി എന്ന സ്ഥലനാമത്തിന്റെ അര്‍ത്ഥം. വാമൊഴിയില്‍ തതം
മാറി തത്തം ആയി.
ഇതേ നഗരസഭയിലെ അവലൂര്‍ക്കുന്ന് എന്ന സ്ഥലത്തിനും സമാനമായ അര്‍ത്ഥമാണ്. അവല്‍+ഊര്‍+കുന്ന്
ആണ് അവലൂ(ര്‍)ക്കുന്ന്. തതം തന്നെ അവലും. അരിയില്‍ നിന്നുണ്ടാക്കുന്ന അവലല്ല ഈ
അവല്‍. കുന്നിന് ഇത്തിരി ഉയര്‍ന്ന പ്രദേശം എന്നു ധ്വനി. പരന്ന പ്രദേശമായ ആലപ്പുഴയിലെ
‘ഇത്തിരി ഉയര്‍ന്ന’ ഭാഗമാണ് അല്ലെങ്കില്‍ ആയിരുന്നു അവലൂക്കുന്ന്.
പാലക്കാട്ടെ തത്തമംഗലം, ‘പരന്ന
പ്രദേശം’ എന്ന ധ്വനി നല്‍കുന്നു. അതിന്റെ ഏതെങ്കിലും
ഭാഗത്തെ പഴയ ഭൂപ്രകൃതി അങ്ങനെയായിരുന്നിരിയ്ക്കാം. അതു തതമംഗലം ആവാനേ വഴിയുള്ളൂ.
ചെറായി (പള്ളിപ്പുറം പഞ്ചായത്ത്, എറണാകുളം
ജില്ല)
ആയി എന്നതു സ്ഥലം/പറമ്പ് ആണ്. ചേറുള്ള സ്ഥലം ചേറായി. ലോപിച്ചു ചെറായി ആയി.
മറ്റൊരു വാദവും നിലനില്‍ക്കും. ചിറ എന്നതു വാമൊഴിയില്‍ ‘ചെറ’യാണ്.
പണ്ടുണ്ടായിരുന്ന ചിറകള്‍ കാരണമാണു പ്രാചീനര്‍, ‘ചെറ’യുള്ള
സ്ഥലം എന്ന അര്‍ത്ഥത്തില്‍ ചെറായി എന്നു പേരിട്ടത്.
മലപ്പുറം ജില്ലയിലെ അമരമ്പലം പഞ്ചായത്തില്‍, തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്ന്‍,
ഒരു ചെറായി ഉണ്ട്. മലമ്പ്രദേശത്തു ചേറുള്ള സ്ഥലം വരാന്‍ സാദ്ധ്യത കുറവാണ്. ‘ചെറ’യ്ക്കാണ്
‘ചേറി’നേക്കാള്‍
സാദ്ധ്യത കൂടതല്‍.
തൃണയംകുടം (വൈക്കം, കോട്ടയം ജില്ല)
സംസ്കൃതത്തിലെ തൃണകം മലയാളത്തില്‍ പുല്ലാണ്. കുടം എന്നതിനു ചുവട് എന്നര്‍ത്ഥം.
എന്നാല്‍ കൊടുമുടി/മലമുകള്‍/വീട്/ചേരി എന്ന അര്‍ത്ഥവും അതിനുണ്ട്. ആലുവായ്ക്കടുത്തുള്ള
ഐരാണിക്കുളം ‘കേരളോല്പത്തി’യില്‍ ഐരാണിക്കുടം ആണ്. (ഐരാണി പാര്‍വ്വതിയാണ്).
നാണകം മലയാളത്തില്‍ നാണയം ആയതുപോലെ തൃണകം, തൃണയം ആയി. മറ്റു പ്രദേശങ്ങളെ
അപേക്ഷിച്ചു വൈകിയുണ്ടായ ചേരിയാണിത് എന്നു കരുതാം. തൃണയംകുടം എന്നതു ബ്രാഹ്മണര്‍
നല്‍കിയ പേരാണെന്നു തോന്നുന്നു. സംസ്കൃതം പ്രാചീനമലയാളിക്ക് അറിയില്ലായിരുന്നല്ലോ.
പുല്‍പ്രദേശമായിരുന്ന ഇവിടെ ഉണ്ടായ ചേരിയാണു തൃണയംകുടം എന്ന പേരിനു നിദാനം.
സ്ഥലനാമത്തിന്റെ അര്‍ത്ഥം പുല്‍ച്ചേരി അഥവാ പുല്‍പ്പള്ളി എന്നാണ്.
പള്ളിയ്ക്കും ചേരി/ഗ്രാമം/നാട് എന്ന അര്‍ത്ഥമുണ്ടല്ലോ.
കൂട്ടപ്പൂ, കണ്ണമാമ്മൂട് (അമ്പൂരി പഞ്ചായത്ത്,
തിരു. ജില്ല)
കുട്ടപ്പൂ എന്നും കൂട്ടപ്പൂ എന്നും എഴുതിക്കാണുന്നു. ചിലപ്പോള്‍ അന്ത്യത്തിലുള്ള
പൂ ഹ്രസ്വമായി പു എന്നും എഴുതിക്കാണാറുണ്ട്. ഏതാണു ശരി? ഇനി വേറൊരു
പേരായിരുന്നോ ആദ്യകാലത്ത്? വാക്കുകളുടെ പൊരുള്‍ നോക്കാം.
കൂട്ടം എന്ന
വാക്കിന്റെ അര്‍ത്ഥങ്ങള്‍: കൊടുമുടി, മലമുകള്‍, കുന്നിന്റെ മുകള്‍ഭാഗം, ഇനം, മുക്ക്/കവല
എന്നൊക്കെ. പൂ എന്നാല്‍ ഭൂമി (സംസ്കൃതത്തില്‍ നിന്നും വന്നത്).
പൂ എന്ന വാക്കു കൃഷിയുമായി ബന്ധപ്പെട്ട് ഉപയോഗിയ്ക്കുന്നുണ്ട്. ഉദാ: ഒരുപ്പൂ, ഇരുപ്പൂ. –യഥാക്രമം
ഒരിയ്ക്കല്‍ കൃഷി ചെയ്യുന്ന ഭൂമി (നിലം), രണ്ടു തവണ കൃഷി ചെയ്യുന്ന ഭൂമി (നിലം) എന്നര്‍ത്ഥം.
കുറഞ്ഞത് ഇരുനൂറ്റന്‍പതു വര്‍ഷമെങ്കിലും പേരിനു
പഴക്കമുണ്ട്. മലമുകളിലെ/കുന്നിന്‍പുറത്തെ കൃഷിഭൂമി
എന്നു സാരം.
സ്ഥലത്തിന്റെ പേരു കൂട്ടപ്പൂ എന്നു തന്നെ എന്ന കാര്യത്തില്‍ തര്‍ക്കവും വേണ്ട.
കന്ന്‍ എന്നു വച്ചാല്‍ ഇളമരം/ചെറിയ മരം.
കന്നുമാമ്മൂട്: ചെറിയ
മാവിന്റെ മൂട് എന്നാണര്‍ത്ഥം. ചെറിയ മാവു നില്‍ക്കുന്ന സ്ഥലം എന്ന അര്‍ത്ഥത്തില്‍
സ്ഥലപ്പേരായി.
മാമ്മൂട് എന്നു പേരിലുള്ള സ്ഥലങ്ങള്‍ പലയിടങ്ങളിലും ഉണ്ട്. കന്യാകുമാരി
ജില്ലയിലും ഒരു കന്നുമാമ്മൂട് ഉണ്ട്.
‘കന്നു’ എന്ന
വാക്ക് ഉച്ചാരണത്തില്‍ ‘കണ്ണാ’യി. അങ്ങനെ കണ്ണുമാമ്മൂടായി. സ്ഥലപ്പേരിലെ
തെറ്റു തിരുത്താന്‍ നാട്ടുകാര്‍ ശ്രദ്ധിയ്ക്കുക.
താമരശ്ശേരി (കോഴിക്കോട് ജില്ല)
താഴ്മലച്ചേരി എന്നായിരുന്നു പോല്‍ ഈ സ്ഥലത്തിന്റെ പഴയ പേര്. ഇതൊക്കെ ഓരോ
കണ്ടുപിടുത്തങ്ങളാണ്. താമരയുമായി പുലബന്ധവുമില്ല.
താമരം എന്ന വാക്കിന്റെ അര്‍ത്ഥങ്ങള്‍ നോക്കൂ: വെള്ളം, നെയ്യ്, ഇലന്തമരം,
തൊടളിമരം.
കേരളത്തില്‍ ചിലയിടത്തായി താമരത്ത്, താമരപ്പറമ്പ് എന്നൊക്കെയുള്ള പറമ്പുകള്‍
ഉണ്ട്. ഇതെല്ലാം താഴ്മലയാകുമോ? വൃക്ഷങ്ങളെ അടിസ്ഥാനമാക്കി പേരിടുന്ന സ്വഭാവം
പ്രാചീനര്‍ക്കുണ്ടായിരുന്നു. വെള്ളമുള്ള സ്ഥലത്തു വെള്ളവുമായി ബന്ധപ്പെടുത്തിയും
പേരുകളിട്ടു. ഇന്നത്തെ ഭൂമിയുടെ കിടപ്പല്ലല്ലോ നൂറ്റാണ്ടുകള്‍ക്കു മുമ്പ്,
അല്ലെങ്കില്‍ ആയിരമോ ആയിരത്തഞ്ഞൂറോ വര്‍ഷം മുമ്പ്. ജലല്ഭ്യതയുള്ള സ്ഥലത്തുണ്ടായ
ചേരിയാണു താമരശ്ശേരി. അതുമല്ലെങ്കില്‍ ഇലന്തമരമോ തൊടളി മരമോ ഉണ്ടായിരുന്നതിനു
സമീപം പടുത്തുയര്‍ത്തിയ ചേരി.
ആതവനാട് (മലപ്പുറം ജില്ല)
ബ്രാഹ്മണരുടെ തലവനായ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ മന ഈ പഞ്ചായത്തിലാണ്. ‘ആ’ഴ്വാഞ്ചേരി ‘ത’മ്പ്രാക്കള്‍ ‘വാ’ണ ‘നാട്’ ആണ്
ആ.ത.വ. നാട് എന്നു ചിലര്‍ ധരിച്ചുവശായിരിയ്ക്കുന്നു. കേരളസര്‍ക്കാരിന്റെ
തദ്ദേശസ്വയംഭരണവകുപ്പും (Local Self-Government) അവരുടെ വെബ്സൈറ്റില്‍
അത് ഏറ്റുപാടുന്നു.
ആതവനാട് എന്ന വാക്കു പൂര്‍ണ്ണമായും മലയാളത്തില്‍ ആക്കിയാല്‍ ആഴ്വാഞ്ചേരി
എന്നര്‍ത്ഥം. തമിഴിലും ആഴ്വാന്‍ ഉണ്ട്. സംസ്കൃതത്തിലെ ആതപഃ (ആതപന്‍) സൂര്യനാണ്.
ദ്രാവിഡഭാഷയില്‍ അത് ആതവന്‍ ആയി. പിന്നീട് ആഴ്വന്‍, ആഴ്വാന്‍ എന്നിങ്ങനെ മാറി. ‘നാടും’ ‘ചേരി’യും
ഒന്നു തന്നെയായി കണക്കാക്കാം; രണ്ടിനും ജനവാസമുള്ള സ്ഥലങ്ങള്‍ എന്ന അര്‍ത്ഥമാണ്.
നാടിനു ‘വലിയ ചേരിപ്രദേശം’ എന്ന ഒരര്‍ത്ഥം കൂടി ഉണ്ടെങ്കിലും.
സൂര്യന്റെ നാട് എന്ന് അര്‍ത്ഥത്തില്‍ എങ്ങനെ പേരു വന്നു? തുറസ്സായ
സ്ഥലം/വെയിലേല്‍ക്കുന്ന സ്ഥലം എന്നാണോ വിവക്ഷ? തമ്പ്രാക്കള്‍ നാടിന്റെ പേരില്‍
അറിയപ്പെട്ടോ അതോ നാടു തമ്പ്രാക്കളുടെ പേരില്‍ അറിയപ്പെട്ടോ? ഉത്തരം കിട്ടുക
ബുദ്ധിമുട്ടാണ്.
മുടക്കിരായി (രായമംഗലം പഞ്ചായത്ത്,
എറണാകുളം ജില്ല)
പരസ്പരവിരുദ്ധമായ അര്‍ത്ഥങ്ങള്‍ മുട എന്ന വാക്കിനുണ്ട് – മുടിപിന്നല്‍, ഓലക്കുട, ഓലക്കുട്ട, തവിട്, ദുര്‍ഗ്ഗന്ധം,
മാംസം, കൊഴുത്തു വണ്ണമുള്ള അവസ്ഥ, അഴുക്ക്, മെലിയുക (ക്രിയ) എന്നിങ്ങനെ. കിരായ്
എന്നാല്‍ പുല്‍ത്തകിടിയോ കറുത്ത ചേറുള്ള കൃഷിസ്ഥലമോ ആണ്. ‘കിരായി’ അല്ല
എന്നതു ശ്രദ്ധിയ്ക്കുക. ചന്ദ്രക്കല ഇല്ലാഞ്ഞതിനാല്‍ കിരായി എന്നു പണ്ടുള്ളവര്‍
പറയുകയും എഴുതുകയും ചെയ്തു. ചന്ദ്രക്കല നമുക്കു തന്ന ഗുണ്ടെര്‍ട്ടിനു നന്ദി പറയുക.
മുട എന്ന വാക്കിനെ കിരായ് എന്ന വാക്കുമായി ബന്ധിപ്പിച്ചു പറയാന്‍
ബുദ്ധിമുട്ടുണ്ട്.
തമിഴില്‍ മുടൈച്ചേരി എന്നു പറയുന്നതു ഇടയരുടെ കാട്ടുചേരിയ്ക്കാണ്. ഇടയര്‍
കാലികള്‍ക്കു മേയാന്‍ പറ്റിയ പ്രദേശങ്ങളിലായിരുന്നു ചേരികള്‍ ഉണ്ടാക്കിയിരുന്നത്.
പൊതുവേ കാടു പിടിച്ചു കിടന്ന കാലത്ത്, ഈ പ്രദേശത്തെ കൃഷിസ്ഥലങ്ങള്‍ക്കു
മുടക്കിരായ് എന്ന പേരു കിട്ടി എന്നു കരുതാം.
രായമംഗലത്തിന്റെ അയല്‍പ്പഞ്ചായത്താവട്ടെ, മുടക്കുഴയാണ്. പരിപൂര്‍ണ്ണചതുപ്പല്ലെങ്കിലും ഇത്തിരി നനവും
ചള്ളയും ഉള്ള ഭൂമിയാണു കുഴ. ഏകദേശം ഇതു തന്നെ മുടക്കിരായ് എന്ന വാക്കിന്റെ അര്‍ത്ഥവും.
മുട, കുഴ എന്നീ വാക്കുകള്‍ കേരളത്തിലെ ഒന്നിലേറെ സ്ഥലപ്പേരുകളില്‍ കാണാം.
‘രായമംഗലം’, രാജമംഗലം
തന്നെ.
മീന്തലക്കര, കറ്റോട് (തിരുവല്ല,
പത്തനംതിട്ട ജില്ല)
‘ചുരത്തിനു മീത്തല്‍ വയനാട്’ എന്നൊരു ചൊല്ലുണ്ട്. ഉയര്‍ന്നു നില്‍ക്കുന്ന അഥവാ
മുകളിലുള്ള (മീതേ) എന്നാണു മീത്തല്‍ എന്ന
വാക്കിന്റെ അര്‍ത്ഥം.
മീനുമായിട്ടോ മീനിന്റെ തലയുമായിട്ടോ തിരുവല്ലയിലെ മീന്തലക്കരയ്ക്ക് ഒരു
ബന്ധവുമില്ല. എല്ലായിടത്തും സംഭവിച്ചതു പോലെ തിരുവല്ലയില്‍ നിന്നും തുയ്യമലയാളം
അപ്രത്യക്ഷമായി. അങ്ങനെ പേരാകെ മാറി.
കിഴക്കുപടിഞ്ഞാറു ദിശയിലുള്ള കോഴഞ്ചേരി-തിരുവല്ല പാത പോകുന്ന ഈ സ്ഥലത്തിന്റെ
തെക്കുഭാഗം പാടവും മണിമലയാറിന്റെ തീരപ്രദേശങ്ങളും ആണ്. വടക്കും പാടശേഖരം തന്നെ.
ഇതിനിടയില്‍ ഉയര്‍ന്നു നില്‍ക്കുന്ന കരയാണു മീത്തല്‍ക്കര. പറഞ്ഞുപറഞ്ഞു മീന്തലക്കരയായി.
ജനവാസം നന്നേ കുറഞ്ഞ സമയത്ത് ഇത് ഒരു ചെറിയ കുന്നിന്‍പ്രദേശം പോലെ
തോന്നിയ്ക്കുമായിരുന്നു. ഇന്നത്തെ രീതിയില്‍ മേലേക്കര എന്നോ കുന്നിന്‍പുറം
(കുന്നുംപുറം) എന്നോ പറയാം. സമീപമുള്ള പാടങ്ങളുടെ നിരപ്പില്‍ നിന്ന് എണ്‍പതിലേറെ
അടി ഉയരത്തിലാണു മീത്തല്‍ക്കരയുടെ മുകള്‍ ഭാഗം. കൊയിലാണ്ടിയില്‍ മീത്തല്‍ക്കണ്ടി
എന്നൊരു സ്ഥലമുണ്ട് (കണ്ടി = ഭൂമിയുടെ ഒരളവ്, 25 ഏക്കര്‍)
മീന്തലക്കരയ്ക്കു കിഴക്കുള്ള ഭൂമി പരന്നതാണ്. അവിടം കറ്റോട്
എന്നറിയപ്പെടുന്നു. പരപ്പിനാണു കറ്റം
എന്നു പറയുന്നത്. ഓട് (extension) എന്നതിനു ‘ചേര്‍ന്നു
നില്‍ക്കുന്ന ഭാഗം’ എന്ന അര്‍ത്ഥം കൊടുക്കാം. അങ്ങനെ സ്ഥലം എന്ന ധ്വനി
വരുന്നു. കോട്ടയം ജില്ലയില്‍ പുന്നത്തുറയിലും ഒരു കറ്റോട് ഉണ്ട്.
വരമൊഴിയിലെ ചന്ദ്രക്കലയും മീത്തല്‍ എന്നു പിന്നീട് അറിയപ്പെട്ടു.
മേത്തല്‍ എന്ന വാക്ക്
ഉണ്ണിനീലിസന്ദേശത്തിന്റെ വ്യാഖ്യാനത്തില്‍ പ്രൊ. ഇളംകുളം
ഉപയോഗിച്ചിട്ടുണ്ട്. മീതേ എന്ന വാക്കുമായുള്ള സാമ്യം നോക്കിയാല്‍ മീത്തല്‍ തന്നെ
ശരി.
ചൊവ്വല്ലൂര്‍ (കണ്ടാണശ്ശേരി പഞ്ചായത്ത്,
തൃശൂര്‍ ജില്ല)
വ, മ എന്നീ അക്ഷരങ്ങള്‍ സൗകര്യം പോലെ ഉപയോഗിച്ചിരുന്നു. ചുമല്‍ തന്നെ ചുവല്‍. പക്ഷെ ചെറുകുന്ന്‍ (മേട്)
എന്നൊരര്‍ത്ഥവുമുണ്ട്. തൃശൂര്‍-ഗുരുവായൂര്‍ യാത്രയില്‍ ഇങ്ങനെയുള്ള കുന്നിന്‍പ്രദേശങ്ങള്‍
കാണാം. ചുവലുള്ള ഊരാണു ചുവലൂര്‍. വാമൊഴിയുടെ കളിയില്‍ ചൊവ്വല്ലൂര്‍ ആയി.
വൈക്കം (കോട്ടയം ജില്ല), വക്കം (തിരു.
ജില്ല)
വൈക്കം പഞ്ചായത്ത്, കോട്ടയം ജില്ലയുടെ വടക്കെ അറ്റത്തു വേമ്പനാട്ടു കായലിന്റെ തീരത്താണ്.
വക്കമാവട്ടെ, തിരുവനന്തപുരം ജില്ലയില്‍ അഞ്ചുതെങ്ങുകായലിന്റെ
തീരത്തും.
രണ്ടും ഒരു വാക്കു തന്നെ. ഉച്ചാരണത്തിലെ മാറ്റം അതിനെ രണ്ടു വാക്കാക്കി.
വൈക്കം, ഗുണ്ടെര്‍ട്ടിന്റെ നിഘണ്ടുവിലുണ്ട്. എക്കല്‍ മണ്ണ് (alluvial ground)
എന്നര്‍ത്ഥം. (ഓര്‍ക്കണേ, മണ്ണു തന്നെ ഭൂമിയും). കൊച്ചിക്കാര്‍ക്ക് ഇതു
വയ്ക്കമാണ്. തെക്കന്‍ കേരളത്തില്‍ വക്കവും.
‘വെയ്പ്’ എന്നതിലെ ‘വെയ്’ എന്ന ധാതു എടുത്താല്‍ വെയ്ക്കം. അതു ‘വയ്പ്’ എന്നെടുത്താല്‍
വയ്ക്കം. ക്രമേണ ‘വൈ-യ്ക്കം’
എന്നായി. പ്രാചീനമലയാളിയുടെ ഉച്ചാരണം എന്തായിരുന്നു? വക്കമായാലും വയ്ക്കമായാലും
വൈക്കമായാലും ഒരു ദക്ഷിണേന്ത്യന്‍ മൊഴിയിലും ഈ വാക്കുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
അതായതു പ്രാചീനദ്രാവിഡമൊഴിയിലും ഇതുണ്ടായിരുന്നിരിക്കാന്‍ സാദ്ധ്യതയില്ല. എങ്കില്‍
പ്രാചീനമലയാളി തീര്‍ത്ത ഒരു വാക്കാവണം.
കോഴ (കുറവിലങ്ങാട് പഞ്ചായത്ത്, കോട്ടയം
ജില്ല)
കുന്നിന്‍പ്രദേശത്തെ താണ സ്ഥലത്തിനാണു കോഴ എന്നു പറഞ്ഞിരുന്നത്. കുന്നുകള്‍ക്കിടയിലുള്ള
സ്ഥലവും കോഴ. തിരുവല്ലയ്ക്കു കിഴക്കു കോഴഞ്ചേരിയുണ്ട്. കോഴയിലെ ചേരി. ഈ ചേരി പണ്ടു
ചെറുതായിരുന്നിരിക്കണം. ഒരു വലിയ പ്രദേശമാകെ ക്രമേണ ആ പേരില്‍ അറിയപ്പെട്ടു. തമിഴ്നാട്ടിലെ
കടലൂരില്‍ കോഴ എന്ന സ്ഥലമുണ്ട്. കോഴയില്‍, കോഴക്കാട്ടില്‍ എന്നൊക്കെ കേരളത്തില്‍ വീട്ടുപേരുകളുണ്ട്.
(‘കോഴാ’
എന്നെഴുതുന്നതു തെറ്റാണ്). ഈ അര്‍ത്ഥത്തില്‍ ‘കോഴ’ നിഘണ്ടുക്കളില്‍
ഇല്ല. നിര്‍ബ്ബന്ധിതനികുതി എന്ന അര്‍ത്ഥത്തില്‍ കേരളത്തില്‍ രാജഭരണകാലത്ത് ഈ
വാക്കുപയോഗിച്ചിരുന്നു. നിര്‍ബ്ബന്ധിതനികുതി പിടിച്ചുപറിയാണല്ലോ. രാജഭരണകാലത്തും
ഉദ്യോഗസ്ഥര്‍ ഇന്നത്തെ പോലെ കൈക്കൂലി വാങ്ങിയിരുന്നു. അതിനും പരിഹാസരൂപേണ കോഴ
എന്നു ജനം പറഞ്ഞു. കൈക്കൂലി എന്നൊരര്‍ത്ഥം ഈ വാക്കിനില്ല. ഗുണ്ടെര്‍ട്ടും അങ്ങനെ
കൊടുത്തിട്ടില്ല. ദൌര്‍ഭാഗ്യവശാല്‍ ആ അര്‍ത്ഥത്തിലാണ് ഇപ്പോള്‍ പ്രയോഗം. ശ്രീകണ്ഠേശ്വരത്തിന്റെ
‘ശബ്ദതാരാവലി’യില്‍
കൈക്കൂലി എന്ന അര്‍ത്ഥം കയറിക്കൂടിയതോടെ തെറ്റായ പ്രയോഗത്തിനു സാധുത വന്നു.
ഗുണ്ടെര്‍ട്ടും കോഴയ്ക്കു കൈക്കൂലി എന്നു കൊടുത്തിട്ടില്ല. എന്നാല്‍ അദ്ദേഹം കൈക്കോഴ
എന്ന വാക്കിനു കൈക്കൂലി എന്ന അര്‍ത്ഥം കൊടുത്തിട്ടുണ്ട്.
പാലത്തിലെ ടോളും റോഡിലെ ടോളും കോഴയാണ്. നിര്‍ബ്ബന്ധമായി നമ്മുടെ കയ്യില്‍
നിന്നും വാങ്ങുന്ന പണം.
സാധാരണനിരപ്പിനേക്കാള്‍ താണ പ്രദേശങ്ങള്‍ക്കു പള്ളം എന്നു പറഞ്ഞിരുന്നു. പൊയില്‍
എന്ന വാക്കിനും ഇതേ അര്‍ത്ഥം തന്നെ. പള്ളം, സ്ഥലപ്പേരും വീട്ടുപേരുമായി കേരളത്തില്‍
പലയിടത്തുമുണ്ട്. മഹാകവി പള്ളത്തു രാമനെ ഓര്‍ക്കുമല്ലോ. മാവു നില്‍ക്കുന്ന
താഴ്ചയുള്ള സ്ഥലമാണു മാമ്പൊയില്‍ (അമരമ്പലം പഞ്ചാ., മലപ്പുറം ജില്ല). ‘മാ’യ്ക്കു
വലിയ എന്നും അര്‍ത്ഥമുണ്ട്.
പയ്യാമ്പലം, പയ്യാവൂര്‍ (കണ്ണൂര്‍
ജില്ല)
കേരളത്തിലെ പ്രസിദ്ധമായ ഒരു കടല്‍പ്പുറം. പരപ്പ് എന്നാണു പായ് എന്ന വാക്കിന്റെ
അര്‍ത്ഥം. അമ്പലം എന്നതിനു ആളുകള്‍ കൂടുന്നയിടം, സഭ എന്നൊക്കെ അര്‍ത്ഥം. ആളുകള്‍
കൂടുന്ന പരന്ന സ്ഥലമാണു പായ്യാമ്പലം. പായ്യാമ്പലം, പയ്യാമ്പലം ആയി. എന്നാല്‍
പൈ എന്ന വാക്കിനു പച്ചപ്പ് (വൃക്ഷലതാദികള്‍ നിറഞ്ഞത്) എന്നൊരര്‍ത്ഥമുണ്ട്. കടലോരമായതിനാല്‍ ആദ്യത്തെ അര്‍ത്ഥം കൂടുതല്‍
യോജിയ്ക്കും.
പയ്യാവൂരിനും പരന്ന ഊര് എന്നര്‍ത്ഥം.
മിഠായിക്കുന്ന് (തലയോലപ്പറമ്പ്, കോട്ടയം
ജില്ല)
നദിയുടെ തീരത്തുള്ള മണല്‍ക്കൂനയോ ഉയര്‍ന്ന തിട്ടയോ ആണു മിടാല്‍. മണ്ണിനോടൊപ്പം
ഉയര്‍ന്നു നില്‍ക്കുന്ന പ്രദേശവും മിടാല്‍ തന്നെ. പിന്നെ ഇതു മിട്ടാല്‍ എന്നായി.
ഗുണ്ടെര്‍ട്ട് മിട്ടാല്‍ എന്നാണ് എഴുതിയിരിയ്ക്കുന്നത്. രാമചരിതത്തിലെ ഉദാഹരണം
അദ്ദേഹം കൊടുത്തിട്ടുണ്ട്. രാമചരിതം
ക്രി.വ. പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിയ്ക്കപ്പെട്ട കൃതിയെന്ന് ഉള്ളൂര്‍.
ഒരു തിട്ടയെക്കാളും ഉയര്‍ന്ന സ്ഥലമാകയാല്‍ മിട്ടാല്‍ക്കുന്ന് എന്ന പേരു
കിട്ടി. പൊരുളറിയാത്തവര്‍ മിഠായി ആയിരിയ്ക്കും എന്നു കരുതി മിഠായിക്കുന്ന്‍
എന്നാക്കി. ചിരിയ്ക്കു വകയുണ്ടാക്കിത്തന്നിരിയ്ക്കുന്നു നാട്ടുകാര്‍.
ഇടപ്പോണ്‍ (നൂറനാട് പഞ്ചായത്ത്, ആലപ്പുഴ ജില്ല)
ചേറും മണ്ണും കുഴിച്ചെടുക്കുമ്പോള്‍ ഉണ്ടാവുന്ന കുഴിയാണ് ഇടപ്പ്. ആ ചേറും മണ്ണും
കൊണ്ട് ഉണ്ടാക്കുന്ന ഭൂമിയാണ് ഇടപ്പുമണ്ണ്‍ അഥവാ ഇടപ്പുമണ്‍. വാമൊഴി പിടികൂടി ഇടപ്പമണ്‍ (reclaimed
land) എന്നുമാക്കി. ഇപ്പോള്‍, ഉച്ചാരണത്തിന്റെ സൗകര്യാര്‍ത്ഥം ഇടപ്പോണ്‍
എന്നും മാറ്റി. എന്തൊരു വിരുത്.
പന്തലായിനി (കോഴിക്കോട് ജില്ല)
വൃക്ഷങ്ങള്‍ പേരിനു കാരണമാവുന്നതിന് ഒരുദാഹരണമാണു പന്തലായിനി. പന്തല്‍ പോലെ
നില്‍ക്കുന്ന ആഞ്ഞിലി (അയിനി/ആയിനി/ആനി) എന്ന അര്‍ത്ഥം ചേരും. ഇവിടെയും മൊഴിയുടെ
പഴയ നിയമം. ആയിനിപ്പന്തല്‍ എന്നു വിവക്ഷ.
മാന്തുക (കുളനടപഞ്ചായത്ത്, പത്തനംതിട്ട ജില്ല)
ഗവ. യു.പി. സ്കൂള്‍, മാന്തുക. ശിവപാര്‍വ്വതീക്ഷേത്രം, മാന്തുക. ഇങ്ങനെയൊക്കെ
എഴുതിവച്ചിരിക്കുന്നതു വായിച്ചാല്‍ അന്യദേശക്കാര്‍ അദ്ഭുതം കൂറും. ഇതൊക്കെ
മാന്തണോ? ശിവ! ശിവ!
തൊക എന്ന ദ്രാവിഡവാക്കാണു മലയാളത്തില്‍ കാലക്രമേണ തുകയായത്. തമിഴില്‍ തൊകൈ
എന്നാണ്. കണക്കില്‍ മാത്രമല്ല തുകയുള്ളത്. ആ വാക്കിനു കൂട്ടം, സഭ എന്നീ അര്‍ത്ഥങ്ങളുമുണ്ട്.
മാവിന്‍കൂട്ടം ഉള്ള (ഉണ്ടായിരുന്ന എന്നേ ഇപ്പോള്‍ പറയാന്‍ കഴിയൂ) സ്ഥലമാണു
മാന്തുക. മാങ്കൂട്ടം എന്നും പറയാം. പന്തളത്തിനു സമീപമാണു മാന്തുക.
പനയന്നാര്‍ കാവ് (കടപ്ര പഞ്ചാ.,
പത്തനംതിട്ട ജില്ല)
ഘോരഭദ്രകാളീക്ഷേത്രമിരിയ്ക്കുന്ന സ്ഥലം. . വസൂരിദേവതയായ ഭദ്രകാളിയുമായി
ബന്ധപ്പെട്ട പേരാണ്. വസൂരി പലതരത്തിലുണ്ട്. ഏറ്റവും ഘോരമായ വസൂരിയെ പഴയ മലയാളികള്‍
പനയന്‍ എന്നു വിളിച്ചു. വസൂരിക്കാവ് എന്നു സാരം.
ആറ്, വഴിയെ സൂചിപ്പിയ്ക്കുന്നു. അടുത്തുള്ള തോടിനെയോ
പമ്പയുടെ കൈവഴിയെയോ ഇതു സൂചിപ്പിയ്ക്കുന്നുണ്ടാവാം. കടപ്രയ്ക്കു സമീപമുള്ള
തലവടിയിലും കൊല്ലം ജില്ലയിലെ വടക്കുംതലയിലും ഇതേ പേരില്‍
ഭദ്രകാളീക്ഷേത്രങ്ങളുണ്ട്.
പുലാമന്തോള്‍ (തൃശൂര്‍ ജില്ല)
പുലം, കരയോ പാടമോ ആയ കൃഷിയിടമാണ്. പുലവ്
എന്നതിനും കൃഷിഭൂമി എന്നര്‍ത്ഥം. പുല/പുലാ എന്നതിനു വിസ്താരമായ എന്നര്‍ത്ഥമുണ്ട്. ഇവിടെ
‘പുലാ’ എന്ന
വാക്കു തന്നെ സ്വീകാര്യം. മണ്‍ എന്നതു മണ്ണു(ഭൂമി). തോള്‍ എന്നതാവട്ടെ,
ജലത്തിലേക്കോ പാടത്തേക്കോ വെള്ളം കെട്ടിക്കിടക്കുന്ന ചതുപ്പു നിലത്തേക്കോ തള്ളി
നില്‍ക്കുന്ന ഭൂമി. വളഞ്ഞൊഴുകുന്ന കുന്തിപ്പുഴയിലേക്കു തള്ളി നില്‍ക്കുന്ന
സ്ഥലമാണു പുലാമന്തോള്‍. പുഴയിലേക്കു തള്ളി നില്‍ക്കുന്ന കൃഷിയിടം അല്ലെങ്കില്‍
വിസ്താരമായ ഭൂമി എന്നു സ്ഥലത്തിന്റെ അര്‍ത്ഥം.
തോള്‍ എന്ന വാക്കിനു ചുവല്‍ (ചെറിയ കുന്ന്‍) എന്ന അര്‍ത്ഥവും ചേരും.
അയ്യന്തോള്‍ (തൃശൂര്‍ നഗരസഭ)
ഇന്നത്തെ അയ്യന്തോള്‍ അല്ല, ആയിരം വര്‍ഷമോ അതിലേറെയോ പഴക്കമുള്ള അയ്യന്തോള്‍
മനസ്സില്‍ സങ്കല്‍പിക്കുക. അന്നത്തെ ഭൂപ്രകൃതിയില്‍ സമീപസ്ഥനദികള്‍ ഇതിന്റെ അതിരുകളായിരുന്നിരിയ്ക്കണം.
പാടങ്ങളും ചതുപ്പുനിലങ്ങളും ഉണ്ടായിരുന്നിരിയ്ക്കണം. നദിയിലേക്കോ പാടത്തേക്കോ
വെള്ളം കെട്ടിക്കിടക്കുന്ന താഴ്ന്ന പ്രദേശത്തേക്കോ തള്ളി നിന്നിരുന്ന ഭൂമി – അഥവാ ഉയര്‍ന്ന ഭൂമി - ഉണ്ടായിരുന്നുകാണും. അങ്ങനെയാണു ‘തോള്‍’പ്രയോഗം
കടന്നുകൂടുന്നത്.
അയ്യന്‍ എന്നതിനു ബ്രാഹമണന്‍, അയ്യപ്പന്‍ (ശാസ്താവ്), അയ്യനാര്‍ (ഒരു
ദ്രാവിഡഗ്രാമദേവന്‍), ഗുരു തുടങ്ങി പല അര്‍ത്ഥങ്ങളും ഉണ്ട്. ഈ വാക്കിനു നല്ല
പ്രാചീനത ഉണ്ട്. ഇത് അയ്യന്‍, അയ്യനാര്‍ എന്നീ ആരാധനാമൂര്‍ത്തികളുമായി ബന്ധപ്പെട്ട
പേരാവാന്‍ സാദ്ധ്യത. (അയ്യനെ ബുദ്ധമതവുമായി ബന്ധപ്പെടുത്തിയുള്ള വാദങ്ങളുമുണ്ട്). സ്ഥലത്തെ
ഇന്നത്തെ പ്രസിദ്ധക്ഷേത്രമായ കാര്‍ത്ത്യായനീദേവിയുടെ ക്ഷേത്രം പിന്നീടു വന്നതാവണം.
വീട്ടുപറമ്പ്, കൃഷിസ്ഥലം എന്നീ അര്‍ത്ഥങ്ങള്‍ ‘അയ്യ’ത്തിനുണ്ട്.
രാമന്റയ്യത്ത്, കൃഷ്ണന്റയ്യത്ത് തുടങ്ങിയ വീട്ടുപേരുകള്‍ കേരളത്തില്‍ ഉണ്ട്.
ദക്ഷിണകേരളത്തില്‍ ഈ അര്‍ത്ഥത്തില്‍ ഇപ്പോഴും ഉപയോഗിയ്ക്കപ്പെടുന്നുണ്ട്.
കൊച്ചി-മലബാര്‍ ദേശങ്ങളില്‍ അയ്യം എന്ന വാക്കുപയോഗിച്ചിരുന്നോ എന്നു സംശയമുണ്ട്.
പാടത്തേക്കോ നദിയിലേക്കോ നീണ്ടുനിന്ന പുരയിടത്തിനും ‘അയ്യംതോള്‍’ അഥവാ
‘അയ്യന്തോള്‍’ എന്ന
പേരു യോജിയ്ക്കും.
പൂത്തോള്‍ എന്ന പേരിലെ പൂ, ഭൂമി തന്നെ. ഈ സ്ഥലം പാടത്തേക്കു/ചതുപ്പു
നിലത്തേക്കു നീണ്ടു നിന്നിരുന്ന ഭൂമി ആയിരുന്നു എന്നു കരുതാം.
അന്തിക്കാട് (തൃശൂര്‍ ജില്ല)
അന്തി നമുക്കു സന്ധ്യയാണ്. ഒരു മരം ഒരു കാലത്ത് ഈ പേരില്‍ അറിയപ്പെട്ടിരുന്നു .
ഇപ്പോള്‍ ഇതു കണ്ണാംപൊട്ടി, കോമട്ടി എന്നീ പേരുകളില്‍ അങ്ങിങ്ങായി ഉണ്ട്. അന്തിമരം
നിന്ന, കാടു പിടിച്ച സ്ഥലം. അതാണു നമ്മുടെ പൂര്‍വ്വികരുടെ അന്തിക്കാട്. ഈ
മരത്തിന്റെ നീരു താല്‍ക്കാലികമായ അന്ധത വരുത്തും. വാതം, പ്രമേഹം ഇവയ്ക്കു
മരുന്നായി ഉപയോഗിയ്ക്കുന്നു.
കൂടല്‍മാണിക്യം (ഇരിഞ്ഞാലക്കുട മുനി, തൃശൂര്‍
ജില്ല)
ഇവിടത്തെ ക്ഷേത്രവും കായംകുളം രാജാവും തമ്മിലുള്ള ബന്ധം ‘ഐതിഹ്യമാല’യിലുണ്ട്.
ഐതിഹ്യം അങ്ങനെയാണെങ്കിലും ഈ ദേശത്തിനു പേരിട്ടത് കേരളത്തിലെ ആദ്യകാലകുടിയേറ്റക്കാര്‍
തന്നെ. കൂടല്‍മാണിക്യം അല്ല, കൂടല്‍മാണിക്കം ആണു ശരി.
മരക്കൂട്ടം/തോപ്പ് എന്നാണു കൂടല്‍ എന്ന വാക്കിന്റെ അര്‍ത്ഥം. പനകളുടെ
കൂട്ടത്തിനും ഇതേ പേരു തന്നെ. പുനലൂരിനടുത്തുള്ള കലഞ്ഞൂര്‍ പഞ്ചായത്തില്‍ കൂടല്‍
എന്നു തന്നെ പേരുള്ള ഒരു സ്ഥലമുണ്ട്. എം.ടി.യുടെ കൂടല്ലൂരിലെ കൂടല്‍ എന്ന വാക്കും
ഈ അര്‍ത്ഥത്തില്‍ തന്നെ. കൂടലൂര്‍ ആണു കൂടല്ലൂര്‍ ആയത്. തമിഴ്നാട്ടിലും കൂടല്‍ എന്നു
തുടങ്ങുന്ന സ്ഥലപ്പേരുകളുണ്ട്. തമിഴ്നാട്ടിലെ മധുരയുടെ മറ്റൊരു പേരാണു കൂടല്‍. പാണ്ഡ്യരാജാവിനെ
കൂടല്‍ക്കോമാന്‍ എന്നു വിളിച്ചിരുന്നു. (കോമാന്‍ =
രാജാവ്).
ഉവരുള്ള (ഓരുള്ള) മണ്ണിനാണു മാണിക്കം എന്നു പറയുന്നത്.
അങ്ങിങ്ങായി മരങ്ങളും കൃഷി ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഓരുള്ള മണ്ണും. അതാണു
കൂടല്‍മാണിക്കം എന്ന വാക്കിന്റെ അര്‍ത്ഥം. ഭൂപ്രകൃതി കാലക്രമേണ മാറിയെങ്കിലും
തീരപ്രദേശസ്വഭാവമുള്ള സ്ഥലമാണ്.
സംഗമം (കൂടിച്ചേരല്‍) എന്നും കൂടല്‍ എന്ന വാക്കിന് അര്‍ത്ഥമുണ്ട്. പാതകളുടെ
സംഗമവും (കവല/മുക്ക്) ആവാം. രണ്ടു പാതകള്‍ കൂട്ടിമുട്ടുന്ന ഉവരുള്ള ദേശം
എന്നതിനേക്കാള്‍ ആദ്യം പറഞ്ഞതാണു കൂടുതല്‍ യോജിയ്ക്കുക.
ക്രിസ്തുവര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു പക്ഷെ ഈ ഭാഗവും കടലിറങ്ങി
കരയായതാവാം. ഉപ്പുരസമുള്ള മണ്ണ്‍ അതാണു സൂചിപ്പിയ്ക്കുന്നത്. കാസറഗോഡു ജില്ലയിലെ
മാണിക്കോത്ത് (അജാനൂര്‍ പഞ്ചാ.), ഗുരുവായൂരെ മാണിക്കോത്തു പറമ്പ്, ആലുവായ്ക്കടുത്ത
മാണിക്കമംഗലം എന്നിവ മറ്റുദാഹരണങ്ങള്‍. മാണിക്കമംഗലം കടലില്‍ നിന്നു മുപ്പതോളം
കി.മീ. (നേര്‍രേഖ) ഉള്ളിലാണെന്നതും ശ്രദ്ധേയമാണ്.
കുട്ടനാട് (ആലപ്പുഴ-കോട്ടയം ജില്ലകള്‍)
ചേരരാജാവായ ചെങ്കുട്ടവന്റെ പേരില്‍ നിന്നാണു കുട്ടനാട് എന്ന പേരുണ്ടായതെന്നു
പലരും തട്ടിവിടാറുണ്ട്. നമ്മുടെ പഴയ മൊഴിയുടെ അര്‍ത്ഥം പിടികിട്ടിയാല്‍
ചെങ്കുട്ടവനെ പിന്‍വലിക്കേണ്ടി വരും. ആഴം/താഴ്ച,
കുളം/ചിറ, പരപ്പ് എന്നീ അര്‍ത്ഥങ്ങള്‍ കുട്ടത്തിനുണ്ട്. ചിറകള്‍ നിറഞ്ഞ, പരപ്പായ
ഭൂമി പ്രാചീനകുടിയേറ്റക്കാര്‍ക്കു കുട്ടനാട് ആയി.
പട്ടം (തിരു. കോര്‍പ്പറേഷന്‍)
ചിറ എന്നു തന്നെ ഈ വാക്കിനും അര്‍ത്ഥം. പൊയ്ക എന്ന അര്‍ത്ഥവും ചേരും. അവിടെ
പണ്ടു ചിറകള്‍ ഉണ്ടായിരുന്നിരിയ്ക്കാം. ഇന്നത്തെ ചെറിയ സ്ഥലം ആയിരിക്കയില്ല
പ്രാചീനകാലത്തെ പട്ടം. ചിറകളുള്ള സമീപസ്ഥസ്ഥലങ്ങളും പട്ടം എന്ന സ്ഥലത്തിന്റെ
ഭാഗമായിരുന്നു കാണും. വഴി, കവല എന്നീ അര്‍ത്ഥങ്ങളും ചിലര്‍ കൊടുക്കുന്നു. (ഇടയ്ക്കൊന്നു
പറയട്ടെ, ബാനര്‍ എന്ന ഇംഗ്ലീഷ് വാക്കിന്റെ പരിഭാഷയും പട്ടം എന്നാണ്).
പാക്കത്തു കൊളമ്പ് (അലനല്ലൂര്‍
പഞ്ചായത്ത്, മലപ്പുറം)
ഇങ്ങനെയും പേരോ? അതെ. തുയ്യമലയാളമാണ്. പാക്കം എന്ന വാക്കിനു ചേരി, ഗ്രാമം,
നഗരം, നെയ്തല്‍*, കൃഷിയിടം, കൊട്ടാരം എന്നൊക്കെയര്‍ത്ഥം. [*നെയ്തലിനു തീരദേശത്തെ
ചതുപ്പുപ്രദേശം എന്നും അര്‍ത്ഥം]. തമിഴ്നാട്ടില്‍ ഇപ്പോഴും ‘പാക്കം’
എന്നു ചേര്‍ക്കുന്ന സ്ഥലങ്ങളുണ്ട്.
കുളമ്പിന്റെ അര്‍ത്ഥം - ചില നാല്‍ക്കാലികളുടെ കട്ടിയുള്ള പാദം, നദിയിലും
തോട്ടിലും ചെറിയ തടയണ കെട്ടി മീന്‍ പിടിയ്ക്കുന്ന സ്ഥലം.
പാക്കത്തു കുളമ്പ് എന്ന പേരു വരുന്നതു കൃഷിയിടത്തിലെ, അല്ലെങ്കില്‍, അതിനു
സമീപമുള്ള, മീന്‍ പിടിയ്ക്കാന്‍ സൗകര്യമുള്ള തടയണയില്‍ നിന്നാണ്. പാക്കത്തുകുളമ്പ് എന്നു
ശരിയായ പേര് (ഒറ്റവാക്കാണ്).
മൈലക്കാട് (ആദിച്ചനല്ലൂര്‍, കൊല്ലം ജില്ല)
മൈലം ഒരു ചെടിയാണ്. ഇപ്പോള്‍ കുപ്പമേനി എന്നറിയപ്പെടുന്നു. മൈലച്ചെടി വളര്‍ന്നു
കാടു പിടിച്ചു കിടന്ന സ്ഥലമാണു മൈലം. കൊട്ടാരക്കരയില്‍ മൈലം എന്നൊരു സ്ഥലമുണ്ട്.
പലയിടത്തും ‘മൈല’ എന്നു
തുടങ്ങുന്ന സ്ഥലപ്പേരുകള്‍ ഉണ്ട്. പലരും ‘മയില’ എന്നതു ‘മൈല’ എന്നാക്കിയിട്ടുണ്ട്. മയില ഒരു വൃക്ഷമാണ്. കാട്ടുമയില,
നാട്ടുമയില എന്നിങ്ങനെ രണ്ടിനത്തിലുണ്ട്. പാലക്കാടു ജില്ലയിലെ മുണ്ടൂരില്‍
മൈലംപുള്ളിയുണ്ട്. പുള്ളിയും പള്ളിയും ഒന്നു തന്നെ. രണ്ടും ചേരികള്‍ അഥവാ
ഗ്രാമങ്ങള്‍. ഇതും മൈലച്ചെടി നിന്ന സ്ഥലമാവണം. തമിഴ്നാട്ടിലും മൈലം എന്ന
സ്ഥലമുണ്ട്. ഇതിനൊന്നിനും മയില്‍ എന്ന പക്ഷിയുമായി ബന്ധമില്ല.
ചങ്ങംപള്ളി (തിരുനാവായ പഞ്ചാ., മലപ്പുറം ജില്ല)
വെള്ളം കിട്ടുന്ന സ്ഥലങ്ങളായിരുന്നു കേരളത്തിലേക്കു കുടിയേറിവര്‍
താമസിയ്ക്കാന്‍ തെരഞ്ഞെടുത്തിരുന്നത്. ചങ്ങം, വെള്ളമാണ്. പള്ളി ചേരിയും.
അല്ലെങ്കില്‍ ഗ്രാമം. ജലലഭ്യതയുള്ള സ്ഥലത്തെ ഗ്രാമം എന്നു ചങ്ങംപള്ളിയ്ക്കര്‍ത്ഥം.
ചങ്ങ- എന്നു തുടങ്ങുന്ന ധാരാളം സ്ഥലങ്ങള്‍ കേരളത്തിലുണ്ട്. ഇവിടെയെല്ലാം ജലലഭ്യതയോ
നദി, കുളം, കായല്‍ ഇവയുടെ സാമീപ്യമോ ഉണ്ട്.
ചടയമംഗലം പഞ്ചായത്ത് (കൊല്ലം
ജില്ല)
ഇവിടെ പുരാതനമായ ഒരു ശിവക്ഷേത്രമുണ്ട്. ചടയന്‍ എന്ന പേരു ജടയന്‍ എന്ന
വാക്കിന്റെ പ്രാകൃതരൂപമാണ്. ജടയന്‍ ശിവനാണ്. ചടയപ്പാറ എന്ന ഭീമന്‍ പാറയ്ക്ക്, ആ
പേരു വരാന്‍ കാരണം ശിവസാന്നിദ്ധ്യം തന്നെ. ഭാഷയറിയാതെ പൊരുള്‍ തേടിയവര്‍ മറ്റു ചില
ഐതിഹ്യങ്ങള്‍ തീര്‍ത്തു. ശിവന്‍ ഐതിഹ്യങ്ങള്‍ക്കു കീഴടങ്ങി എന്നു തോന്നുന്നു.
ചടയമംഗലം എന്ന വാക്കിന്റെ അര്‍ത്ഥം ശിവന്റെ ഇരിപ്പിടം/ഊര് എന്നാണ്..
എരുമേലി പഞ്ചായത്ത് (കോട്ടയം ജില്ല)
എരുമയുമായി പുലബന്ധം പോലുമില്ല. എരുവ എന്നു പറയുന്നതു മുളയാണ്. ഏലി എന്നാല്‍
പറമ്പ്/പ്രദേശം/കൃഷിസ്ഥലം. മലമ്പ്രദേശമായ ഇവിടെ മുളങ്കൂട്ടങ്ങള്‍ ഉണ്ടായിരുന്നതാണ്
എരുവേലി എന്നു പേരുവരാന്‍ കാരണം. വൈക്കത്തിനടുത്ത് ഇപ്പോഴും ഒരു എരുവേലിയുണ്ട്.
എരുമപ്പെട്ടി എന്ന സ്ഥലം എരുവപ്പട്ടിയാണ്. ‘വ’, ‘മ’ ഇവ മാറിമാറി ഉപയോഗിയ്ക്കുന്നതിന് ഇവിടെ സാധുതയില്ല. കാരണം,
എരുമ എന്ന മറ്റൊരു വാക്കു ഭാഷയില്‍ ഉണ്ട് . ‘പെട്ടിയെ ‘പട്ടി’യാക്കിയേ പറ്റൂ. പട്ടി, ഗ്രാമം ആണല്ലോ.
എരുവ, എരുമയായത് ഉച്ചാരണവൈകല്യം കൊണ്ടു തന്നെ.
ആന, കഴുത, കൃഷ്ണപ്പരുന്ത്, ചെമ്പ് (ലോഹം) എന്നീ അര്‍ത്ഥങ്ങളുമുണ്ട് ‘എരുവ’യ്ക്ക്.
കൃഷ്ണപ്പരുന്തുമായി എരുമേലിയെ ബന്ധപെടുത്താന്‍ പുതിയ ഐതിഹ്യങ്ങല്‍ മെനയേണ്ട.. ക്ഷേത്രം
വരുന്നതിനു മുമ്പും എരുവേലി ഉണ്ടായിരുന്നു.
തൊമ്മന്‍കുത്ത് (തൊടുപുഴ, ഇടുക്കി)
കേട്ടാല്‍ തോന്നും തൊമ്മന്‍ ഒരാളുടെ പേരാണെന്ന്. മലയാളി അതു പേരായി ഉപയോഗിച്ചു
എന്നതാണു സത്യം. വണ്ണമുള്ള/വളരെ വലിയ എന്നാണ് ഈ പ്രാചീനവാക്കിന്റെ അര്‍ത്ഥം. നാമവിശേഷണമാണ്.
കുത്താവട്ടെ, വെള്ളച്ചാട്ടവും. തൊമ്മന്‍കുത്ത് എന്നാല്‍ നല്ല വീതിയുള്ള, നല്ല
അളവില്‍ വെള്ളം ചാടുന്ന വെള്ളച്ചാട്ടം എന്നു പറയാം. തൊമ്മന്‍ കുത്ത് എന്നതു രണ്ടു
വാക്കല്ല. ഒറ്റവാക്കായി എഴുതണം. ‘തമ്മില്‍
ഭേദം തൊമ്മന്‍’ എന്ന ചൊല്ലിലെ തൊമ്മന്‍ വ്യക്തിനാമം തന്നെ. പ്രാസം
ഒപ്പിക്കാന്‍ വേണ്ടി ചൊല്ലില്‍ തൊമ്മനെ തിരുകിക്കയറ്റി എന്നേയുള്ളൂ. ‘തൊമ്മന്‍’ മാറി
‘ഉമ്മന്‍’ ആയാലും
ചൊല്ലിന് അര്‍ത്ഥം നഷ്ടപ്പെടുകയില്ല.
‘ബൃഹത്’ എന്ന
വാക്കിനു പകരം തൊമ്മന്‍ എന്നു പറയരുതോ? ഇത്തിരി മടിയുണ്ട്. അല്ലേ?
മഹാകവി കുമാരനാശാന്റെ വീട്ടുപേരു തൊമ്മന്‍പ്ലാക്കല്‍ എന്നായിരുന്നു. വണ്ണമുള്ള
പ്ലാവു നില്‍ക്കുന്ന സ്ഥലം (പറമ്പ്) എന്നാണു വീട്ടുപേരിന്റെ അര്‍ത്ഥം. ചില
പുസ്തകങ്ങളില്‍ തൊമ്മന്‍വിളാകം എന്നും കാണുന്നു. (വിളാകം = കൃഷിപ്പറമ്പ്).
ജഗതി (തിരുവനന്തപുരം നഗരസഭ)
ജഗതി എന്നൊരു വാക്കു മലയാളത്തില്‍ ഇല്ല. ചതുപ്പുനിലങ്ങള്‍ക്കും വെള്ളം
കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ക്കും ‘ചകതി’ എന്നൊരു പേരുണ്ട്. തിരുവനന്തപുരത്തെ ഒരു പ്രദേശം അങ്ങനെ ‘ചകതി’യായി.
പേരിനു വളരെ പഴക്കം കാണും. കേരളത്തില്‍ മറ്റെങ്ങും ഈ പേരുണ്ടെന്നു തോന്നുന്നില്ല. ക്രമേണ
ഉച്ചാരണത്തില്‍ നമുക്ക് ഇതു ‘ജഗതി’ ആയി. തമിഴ്നാട്ടില്‍ ഈ പേരില്‍
സ്ഥലങ്ങള്‍ ഉള്ളതായി അറിവില്ല. പക്ഷെ തമിഴിലും ഈ വാക്കുണ്ട്. മറ്റു ദക്ഷിണേന്ത്യന്‍
ഭാഷകളില്‍ ഈ വാക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല.
സ്ഥലപ്പേരുകളിലെ വാക്കുകള്‍
വെള്ളം : പ്രാചീനകുടിയേറ്റക്കാരെ
വെള്ളം എത്ര സ്വാധീനിച്ചിട്ടുണ്ട് എന്നു വ്യക്തമാക്കുന്നതാണു കേരളത്തിലെ
സ്ഥലനാമങ്ങള്‍. ആല്‍/ആലം, പായം, വാള്‍, അയം, പുയല്‍, തോണി, ചെമ്മല്‍, ചങ്ങം, കയം,
നീര്, വല്ലം, കോ, ആം, പുനല്‍, താമരം എന്നീ വാക്കുകള്‍ക്കു വെള്ളം എന്നര്‍ത്ഥം.
ഇവയുടെ പിറകെ ഊര്‍, പാട് എന്നീ വാക്കുകളാണു സാധാരണ കാണപ്പെടുന്നത്.
വാ, വായ്, വായ : ഭക്ഷണം
അകത്താക്കാനുള്ള വഴിയല്ല ഇവിടെ വിഷയം. കടത്തുവഴി എന്നാണ് ഈ വാക്കുകളുടെ അര്‍ത്ഥം. ഉദാ:
ആലുവാ. വെള്ളത്തിലേക്കുള്ള കടത്തുവഴി എന്നു വാഗര്‍ത്ഥം. ആലുവായ്, ആലുവായ ഇവയും ശരി
തന്നെ. വര്‍ഷങ്ങള്‍ക്കു മുമ്പു റെയില്‍വേ സ്റ്റേഷനില്‍ ആലുവായ എന്നെഴുതിയ പലക
നാട്ടുകാരും മാദ്ധ്യമങ്ങളും ബഹളമുണ്ടാക്കിയപ്പോള്‍ എടുത്തു മാറ്റി. എന്നിട്ട് ‘ആലുവ’ എന്ന
പലക വച്ചു. ‘ആലുവ’
തെറ്റാണ്. ആലുവാ, ആലുവായ്, ആലുവായ ഇതു മൂന്നും ശരിയും. തിരുനാവായ എന്ന സ്ഥലത്തിന്
ഈ ദുര്‍ഗ്ഗതി വന്നില്ല. കൊല്ലം ജില്ലയിലെ തിരുനാവായ്ക്കുളവും രക്ഷപ്പെട്ടു. എടത്വ,
ചേറ്റുവ, തോട്ടുവ, ഇടവ, ആറ്റുവ........ഇവയെല്ലാം തെറ്റാണ്. ഇടത്തുവാ വാമൊഴിയില്‍
എടത്വ ആയി. കടത്തുവഴിയുള്ള സ്ഥലമാണ്
ഇടത്തുവാ. ഈ വാക്കുകളിലെല്ലാം ‘വാ’ എന്നതിനു പകരം വായ്, വായ എന്നും ചേര്‍ക്കാം. ആലുവയിലെ
പോലെ തെറ്റെഴുതാന്‍ സമരമുണ്ടാക്കരുത്. ‘വ’ ഹ്രസ്വമാക്കി എഴുതരുത്. ‘വാ’ എന്ന
ദീര്‍ഘാക്ഷരം തന്നെ വേണം.
കാട്: കാനനം (forest) എന്നു മാത്രമല്ല, കാട്
എന്ന വാക്കിനു ചേരി, അതിര്‍ത്തി എന്നീ അര്‍ത്ഥങ്ങളും ഉണ്ട്.
എന്തും തിങ്ങി നിറഞ്ഞു നിന്നാല്‍ അതിനു കാട് എന്നു പറയാം. ചെറിയ ചെടികള്‍ നില്‍ക്കുന്ന
സ്ഥലം കുറ്റിക്കാട്. മണല്‍ നിറഞ്ഞു കിടക്കുന്ന സ്ഥലം മണല്‍ക്കാട്. തമിഴില്‍, വിശാലമായി കെട്ടിക്കിടക്കുന്ന
വെള്ളത്തിന് ഇപ്പോഴും വെള്ളക്കാട് എന്നു പറയുന്നു. മൃതദേഹം ദഹിപ്പിയ്ക്കാന്‍
ചുടുകാട്. അവിടെ ചെടികളും മരങ്ങളും ഉണ്ടാവണമെന്നില്ല.
പുഴ, ആറ്: നദി എന്ന അര്‍ത്ഥം
കൂടാതെ വഴി, കാട്ടുവഴി, കവാടം (gate) എന്നിങ്ങനെയും. എന്തായാലും പറഞ്ഞുപറഞ്ഞു പുഴയ്ക്കും
ആറിനും സ്ഥലം എന്ന ധ്വനിയും വന്നു. ആലപ്പുഴുടെ കാര്യം നോക്കൂ. ‘ആല’
സൂചിപ്പിയ്ക്കുന്നതു വെള്ളത്തെ. പുഴ, വഴിയെയും. വെള്ളമുള്ള നദി എന്ന അര്‍ത്ഥത്തില്‍
പേരു വ്യഖ്യാനിയ്ക്കുന്നത് അസംബന്ധമാവുമല്ലോ. പ്രാചീനകാലത്ത് ഏതാനും കുടുംബങ്ങള്‍
താമസിച്ചിരുന്നതു വെള്ളത്തിലേക്കുള്ള പാതയെ ചുറ്റിപ്പറ്റി ആയിരിയ്ക്കും. അങ്ങനെ ആലപ്പുഴ
എന്ന വാക്കു രൂപപ്പെട്ടു. ക്രമേണ അതു സ്ഥലനാമമായി.
മുള: കേരളത്തില്‍ മുള സമൃദ്ധമായിരുന്നു. പല തരം മുളകളും ഉണ്ടായിരുന്നു.
സ്ഥലനാമങ്ങള്‍ ഉണ്ടാക്കാന്‍ പലതും പ്രയോജനപ്പെട്ടു. ഒരു പക്ഷെ, ഇവ ഓരോ തരാം
മുളകളാവാം. അല്ലെങ്കില്‍ പര്യായങ്ങളാവാം. ദ്രാവിഡഭാഷയില്‍ മുള എന്നര്‍ത്ഥം വരുന്ന
പദങ്ങള്‍: അരില്‍, എരുവ, ഓട(ല്‍), കഴ, കാമ്പ്, ചാവം, നെടില്‍, പാണ്ടില്‍, പുണ, പണ,
വഞ്ചി, വമ്പ്, വാര, വെടിര്‍, വയിര്‍, വേഴം, അമ്പ്, ആമ, ആമല്‍,
ആമ്പല്‍, അരി. (പൈല്‍സ് എന്ന അസുഖത്തിനും മുള എന്നു പറഞ്ഞിരുന്നു).
തറ: താമസിയ്ക്കുന്ന സ്ഥലം/പറമ്പ് എന്നാണു തറയുടെ അര്‍ത്ഥം. പല സ്ഥലനാമങ്ങളിലും അത് ലോപിച്ചു ‘ത്ര’ എന്നു
മാറി. ഉദാ: അടിമത്തറ (അടിമത്ര), കേളച്ചന്‍ തറ (കേളച്ചന്ത്ര), മണ്‍തറ (മന്ത്ര),
കടവന്‍ തറ (കടവന്ത്ര). യജമാനന്‍, ജന്മി എന്നീ അര്‍ത്ഥങ്ങള്‍ കടവന്‍ എന്ന വാക്കിന്.
ചങ്ങനാശേരിയില്‍ ഏതാനും വര്‍ഷം മുമ്പു വരെ ഉണ്ടായിരുന്ന പാലകത്തറ എന്നെഴുതിയ പലക
മാറ്റി പാലാത്ര എന്ന പലക വച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ മാത്രം പഴക്കമുള്ള പേരുമാറ്റം!
‘ര്‍’ എന്ന ചില്ലക്ഷരം: ബാംഗളൂര്‍,
ബംഗളൂരു ആയപ്പോള്‍ നമുക്കു കല്ലുകടി. അതാണു കന്നഡയില്‍ ശരിയെങ്കിലും. നമ്മളും എഴുതുമ്പോള്‍
കണ്ണൂര്‍, വഞ്ചിയൂര്, ആലത്തൂര്‍ എന്നൊക്കെ എഴുതുമെങ്കിലും കണ്ണൂര്, വഞ്ചിയൂര്,
ആലത്തൂര് എന്നാണു പറയുന്നത്. കണ്ണൂറില്‍ എന്നല്ല, കണ്ണൂരില്‍ എന്നല്ലേ നമ്മള്‍
പറയുക? ഊര്‍ എന്നല്ല, ഊര് എന്നല്ലേ പറയുക? പേര്‍ അല്ല, പേര് ആണ് ശരി. ചന്ദ്രക്കലയുടെ
അഭാവമായിരുന്നു ‘ര്‍’ എന്ന
ചില്ലക്ഷരത്തില്‍ പല സ്ഥലനാമങ്ങളും –
മറ്റു പല വാക്കുകളും - അവസാനിപ്പിയ്ക്കാന്‍ പഴയ മലയാളിയെ നിര്‍ബ്ബന്ധിതനാക്കിയത്.
സ്ഥലനാമപഠനം
സ്ഥലനാമപഠനത്തിനു മലയാളമൊഴി മാത്രമല്ല അല്പം കേരളചരിത്രവും പ്രാദേശികചരിത്രവും
സംസ്കാരവും ഭൂപ്രകൃതിയും പഠിയ്ക്കണം. വിദേശവാക്കുകള്‍ തിരിച്ചറിയണം. തെന്നിന്ത്യന്‍ഭാഷകളിലെ
നിഘണ്ടുക്കളും കരുതണം. വിദ്യാര്‍ത്ഥികളെ സ്വാധീനിയ്ക്കുന്നതു ബസ്സുകളില്‍
എഴുതിയിരിയ്ക്കുന്ന സ്ഥലനാമങ്ങളാണ്. ഇതുമായി ബന്ധപ്പെട്ടവര്‍ക്കു വേണ്ടത്ര അറിവു
നല്‍കാന്‍ ശ്രമിയ്ക്കേണ്ടിയിരിയ്ക്കുന്നു. സര്‍വ്വോപരി, ഈ ലേഖനത്തിന്റെ
തുടക്കത്തില്‍ പരാമര്‍ശിയ്ക്കപ്പെട്ടവര്‍ എല്ലാം ശരിയായ സ്ഥലപ്പേര് എഴുതാനും
എഴുതിയ്ക്കാനും ശ്രദ്ധിയ്ക്കണം.
സ്കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ ഒരു രസത്തിനു വേണ്ടിയെങ്കിലും സ്ഥലപ്പേരുകള്‍
പഠനവിഷയമാക്കുക. സ്വന്തം ഗ്രാമം/നഗരം, അതിന്റെ പ്രാന്തങ്ങള്‍, കുന്നുകള്‍, തോടുകള്‍,
പറമ്പുകള്‍, പഴയ രീതിയിലുള്ള വീട്ടുപേരുകള്‍, കവല/മുക്ക് – ഇവയുടെയെല്ലാം പേരുകള്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുക.
ചരിത്രം, മലയാളം ഇവ പഠിപ്പിയ്ക്കുന്ന അദ്ധ്യാപകര്‍ കുട്ടികളെ സഹായിയ്ക്കുക.
ഫേസ്ബുക്ക് പോലെയുള്ള നവമാദ്ധ്യമങ്ങളില്‍ പല സ്ഥലങ്ങളുടെയും പേരുകളില്‍ താളുകള്‍
സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ബ്ലോഗ്ഗുകളുമുണ്ട്. ഇതു നടത്തുന്നവര്‍ ആരും സ്വന്തം
ഗ്രാമത്തിന്റെയോ നഗരത്തിന്റെയോ ചരിത്രം എഴുതാറില്ല. അറിയില്ല എന്നതാണു സത്യം. ഇതും
സ്കൂള്‍/കോളേജ് അദ്ധ്യാപകരുടെ ശ്രദ്ധയില്‍ പതിയേണ്ടതാണ്.
(കേരളത്തിലെ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പട്ടികയും വിവരണവും തദ്ദേശസ്വയംഭരണവകുപ്പിന്റെ വെബ്സൈറ്റിലുണ്ട്. (http://lsgkerala.gov.in). കെടുകാര്യസ്ഥതയും ചിട്ടയില്ലായ്മയും സൈറ്റിന്റെ പോരായ്മകള്‍ ആണെങ്കിലും ഇതില്‍
നിന്നും പല സ്ഥലപ്പേരുകളും കിട്ടും).
*****
പുതിയ അറിവുകൾ നല്ല അവതരണം സാർ . എന്റെ സ്ഥല പേര് എത്ര അന്വേഷിച്ചിട്ടും കിട്ടുന്നില്ല മലപ്പുറം ജില്ലയില്ലെ പോരൂർ പഞ്ചായത്തിലെ താളിയംകുണ്ട്
ReplyDeleteവൈകിയതിനു ക്ഷമിക്കുക. പോരൂർ തീർച്ചയായും അനേഷിക്കാം. നാടിന്റെ ഭൂമിശാസ്ത്രം കൂടി അറിയണമല്ലോ.
Deleteതാങ്കളുടെ ഈ ചരിത്രഗവേഷണ കുറിപ്പുകൾ വളരെ വിജ്ഞാനപ്രദം തന്നെ സംശയമില്ലാ
ReplyDeleteഭാഷയിൽ ചിരിക്കുക,വിരിക്കുക എന്ന് "യ"കാരമില്ലാതെയും (ചിരിയ്ക്കുക, വിരിയ്ക്കുക )
മറയ്ക്കുക(ടു hide) മറക്കുക (to forget)എന്നെഴുതുമ്പോൾ "യ"കാരം ചേർത്താൽ മറ്റൊരർത്ഥമുള്ള പദവും ലഭിക്കും
പൊതുവേ മലബാർ ഭാഗത്ത് ഈ " യ "കാരം ഒഴിവാക്കിയാണ് അവർ പ്രയോഗിക്കാറുള്ളത്
സാധാരണയായി 'യ്' ആണു ഞാന്‍ ഉപയോഗിച്ചിരുന്നത്. പണ്ഡിതരായ പലരും കാര്യകാരണസഹിതം സമർത്ഥിച്ചപ്പോൾ 'യ്' ഒഴിവാക്കാൻ തീരുമാനിച്ചു. അർത്ഥം സന്ദർഭമനുസരിച്ച് എടുക്കാമല്ലോ.
Deleteആല എന്ന വാക്കിന് വെള്ളം എന്നാണ് അർത്ഥം. ആല എന്ന സ്ഥലം കൊടുങ്ങല്ലൂരിൽ ഉണ്ട്. ആലം എന്ന വാക്കിന് കടൽ, വെള്ളം, മഴ എന്നൊക്കെ അർത്ഥം. ആല, ആലം എന്നീ പദങ്ങൾ മുന്വെപ് (prefix) ആയി വരുന്ന ഇരുപതിൽ അധികം സ്ഥലങ്ങൾ കേരളത്തിൽ ഉണ്ട്.
ReplyDeleteഈ അര്ത്ഥങ്ങൾ പലയിടത്തും (ചേരുന്നതനുസരിച്ച്) ഞാൻ ഉപയോഗിച്ചിട്ടുണ്ട്.
ReplyDeleteമുയിരിക്കോട് എന്ന് ജൂത ചെപ്പേടിലുള്ള സ്ഥലം ഏതാണ്
ReplyDeleteഇപ്പോൾ ഓരോ സ്ഥലങ്ങൾക്കും ആധുനിക കാലത്തിനനുസരിച്ച് ചിലർ ദുർവ്യാഖ്യാനങ്ങൾ നടത്തുന്നുണ്ട്.
ReplyDelete