Friday, August 7, 2015

പഴയ മലയാളം - 01 (സ്ഥലനാമപഠനം)




(ഈ ലേഖനത്തിന്റെ ചില ഭാഗങ്ങള്‍  ചങ്ങനാശേരിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'സര്‍വ്വീസ്' ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. പത്രാധിപരുടെ ശ്രദ്ധയില്ലായ്മ കാരണം ധാരാളം അച്ചടിത്തെറ്റുകള്‍ ഉണ്ടായി. എന്റേതല്ലാത്ത വാക്യങ്ങള്‍ അതില്‍ പത്രാധിപര്‍ തിരുകിക്കയറ്റി. സാമൂഹ്യമാദ്ധ്യമങ്ങളില്‍ തീവ്രവിമര്‍ശനവും ഉണ്ടായി. പ്രസ്തുതലേഖനത്തിന്റെ പൂര്‍ണ്ണരൂപമാണ് ഈ ലേഖനത്തില്‍.Firefox Browser-ല്‍ ലിപിയുടെ പ്രശ്നം വായനയ്ക്കു ബുദ്ധിമുട്ടായേക്കാം. മറ്റു Browser-കളില്‍ ആ പ്രശ്നമുണ്ടാവാന്‍ സാദ്ധ്യതയില്ല). ). 

‘അല്ല, ഇല്ല’ എന്നീ വാക്കുകള്‍ ഉപയോഗിയ്ക്കാതെ മലയാളം സംസാരിയ്ക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? വളരെ ബുദ്ധിമുട്ടായിരിയ്ക്കും. എന്നാല്‍ അങ്ങിനെയൊരു കൂട്ടം ആളുകള്‍ കേരളത്തില്‍ ഉണ്ടായിരുന്നുവത്രെ. വയനാട്ടിലെ കോമട്ടികള്‍. സ്ഥലകാലഭേദമില്ലാതെ സകലരെയും അവതരിപ്പിച്ച കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ക്കഥകളില്‍ കോമട്ടികളും പ്രത്യക്ഷപ്പെടുന്നുണ്ട്. ദുര്യോധനന്റെ പടപ്പുറപ്പാടില്‍ (‘ഘോഷയാത്ര’) നിന്ന്:

ചെട്ടികളും ചില കുട്ടികളും കോ-
മട്ടികളും പല പട്ടന്മാരും
നാട്ടിലിരിയ്ക്കും പ്രജകളെയെല്ലാം
കൂട്ടിസ്വരൂപിച്ചെന്തൊരു കാര്യം?

‘കോമതി’ എന്ന വാക്കില്‍ നിന്നാണത്രെ ‘കോമട്ടി’ എന്ന വാക്കുണ്ടായത്. സംസ്കൃതത്തിലെ ‘ഗോമതി’യാണു ‘കോമതി’ എന്നും പറയപ്പെടുന്നു. കോമട്ടികള്‍ കര്‍ണ്ണാടകത്തില്‍ നിന്നും കുടിയേറിയ ജൈനമതക്കാരായ കച്ചവടക്കാരായിരുന്നു. ‘ആര്യവൈശ്യര്‍’ എന്നും അറിയപ്പെട്ടിരുന്നു. ഇവരുടെ പിന്‍മുറക്കാര്‍ ഇപ്പോഴും വയനാട്ടിലുണ്ടെങ്കിലും ആധുനികകാലത്ത് അവരുടെ മൊഴിയുടെ പ്രത്യേകത വാര്‍ത്തകളില്‍ കണ്ടിട്ടില്ല. ഏതായാലും ‘അല്ല, ഇല്ല’ എന്നീ വാക്കുകള്‍ ഒഴിവാക്കി അരമണിക്കൂറെങ്കിലും മലയാളം സംസാരിച്ചു നോക്കൂ. ആദ്യം നല്ല ചിരിയ്ക്കു വകയുണ്ടാകും. ഇതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നു പഴയ ആളുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ശ്രദ്ധയും ശരാശരി പദസമ്പത്തുമുണ്ടെങ്കില്‍ ഇങ്ങനെ സംസാരിയ്ക്കാം. ഏതാണ്ടു സമ്പൂര്‍ണ്ണമായ ഒരു ഭാഷയാണു മലയാളം. ആയിരുന്നു എന്നു പറയുകയാവും ഭേദം.

ഇവിടെ കുറിച്ചിരിയ്ക്കുന്നത്, ഒരു സാധാരണമലയാളിയ്ക്കു വേണ്ടി, ഒരു സാധാരണവായനക്കാരന്റെ അഭിപ്രായങ്ങളാണ്.

ഭാഷയിലെ പ്രാചീനപദങ്ങള്‍ തേടി നടക്കുമ്പോള്‍ ഒരു കാര്യം നമ്മെ അമ്പരപ്പിയ്ക്കും. മലയാളം തമിഴിന്റെ മകളാണ് എന്നു പറഞ്ഞു നടക്കുന്നതു തെറ്റാണ് എന്നത്. തമിഴിനോടാണു കൂടുതല്‍ സാമ്യം എന്നതു ശരിയാണ്. പ്രാചീനതമിഴിലും പ്രാചീനമലയാളത്തിലും ചെറിയ സാമ്യമെങ്കിലും ഇല്ലാത്ത വാക്കുകള്‍ അപൂര്‍വ്വം. ദക്ഷിണേന്ത്യന്‍ ഭാഷകള്‍ പൊതുവായ ഒരു ദ്രാവിഡഭാഷയില്‍ (proto-south Indian language-ആദിദ്രാവിഡഭാഷ) നിന്നാണുത്ഭവിച്ചത് എന്ന ശക്തമായ സിദ്ധാന്തം നിലവിലുണ്ട്. സത്യവും അതു തന്നെയായിരിയ്ക്കണം. മലയാളത്തില്‍ പദരൂപവും വാക്യഘടനയും ക്രമേണ മാറി. പതിനഞ്ച്-പതിനാറ് നൂറ്റാണ്ടുകളില്‍ തന്നെ ആധുനികമലയാളം പുഷ്ടി പ്രാപിച്ചിരുന്നു. ക്രി.പി. പതിനേഴാം നൂറ്റാണ്ടോടെയാണു പല പഴയ പദങ്ങളുടെയും ഉപയോഗം കുറഞ്ഞത്.

മലയാളവും തമിഴും പിറന്നത് ആദിദ്രാവിഡഭാഷയില്‍ നിന്നാണ് എന്നുള്ളതിനു തെളിവായ ഒരു വാക്കാണു ‘വെരുക് ’.

‘ഉണ്ണുനീലിസന്ദേശം’ (ക്രി.വ. 14/15-) നൂറ്റാണ്ട്) എന്ന കൃതിയില്‍ വെരുകു പ്രത്യക്ഷപ്പെടുന്നുണ്ട്. അജ്ഞാതനായ കവി തന്റെ കാമിനിയെ  കാണാന്‍  അയച്ച ദൂതനോടു പറയുന്നത് ഇപ്രകാരമാണ്:

ആലം കോലും മഴലമിഴിയാള്‍ താന്‍ വളര്‍ത്തന്തിയോളം
നീലക്കാര്‍ മങ്കുഴലിലുഴലും തൈമണം കേട്ടു ചെന്‍റ്
വാലും താനും ബത മിനുമിനുത്തങ്ങിനേ കാണലാം തേ
പാലും ചാലപ്പരുകി മെരികുണ്ടങ്ങു വായവ്യകോണേ (കണ്ണി 42, ഉത്തരസന്ദേശം)

പ്രൊഫ. ഇളംകുളം ഇങ്ങനെ വ്യാഖ്യാനിച്ചിരിയ്ക്കുന്നു:

നീലക്കാര്‍ പോലുള്ള മുടിയില്‍ നിന്നു പ്രസരിയ്ക്കുന്ന ഇളംവാസന പിടിച്ചു സന്ധ്യ വരെ കൂടെക്കൂടെ അടുത്തു ചെല്ലുന്നതും അപ്പോഴെല്ലാം കറുത്തു മനോഹരമായ മിഴിയുള്ള ഉണ്ണുനീലി സ്വയം ലാളിച്ചു പുകഴ്ത്താറുള്ളതും വാല്‍ പോലും മിനുത്തതും ആയ വെരുകു ഭംഗിയില്‍ പാല്‍ കുടിച്ചുകൊണ്ടിരിയ്ക്കുന്നതായി വടക്കുപടിഞ്ഞാറേമൂലയില്‍ അങ്ങേയ്ക്കു കാണാം.

ദൂതനായി സങ്കല്പിച്ചിരിയ്ക്കുന്നതു വേണാട്ടുരാജാവിന്റെ ഇളയസഹോദരന്‍ ആദിത്യവര്‍മ്മയെയാണ്.

പ്രൊഫ. ഇളംകുളത്തെ തിരുത്തുക എന്നത് അധികപ്രസംഗമാണെങ്കിലും വ്യാഖ്യാനത്തില്‍ അല്പം വൈകല്യം ഉണ്ട് എന്നു വിനയത്തോടെ പറഞ്ഞുകൊള്ളട്ടെ. ‘മെരുക് ’ എന്നു പറഞ്ഞിരിയ്ക്കുന്നതു ‘വെരുകു’ തന്നെ. എന്നാല്‍ ഉണ്ണുനീലി വെരുകിനെ വളര്‍ത്തിയിരുന്നോ? അത്ര ഇണങ്ങുന്ന ജീവിയല്ല വെരുക്. പിന്നെയെങ്ങനെ വെരുക് ഈ കണ്ണി(stanza)യില്‍ കയറിക്കൂടി?

വിജനമായ പ്രദേശത്തെ കുറ്റിക്കാടുകളില്‍ വിഹരിയ്ക്കുന്ന ജീവിയാണിത്. സാധാരണപൂച്ചയേക്കാള്‍ ഇത്തിരി വലിപ്പമുണ്ട്. ഇംഗ്ലീഷില്‍ civet cat എന്നു പറയുന്നു. പൂച്ചയെപ്പോലെ ഇണക്കി വളര്‍ത്താന്‍ പറ്റില്ല. എന്റെ നാട്ടില്‍  ‘പള്ളിപ്പാക്കന്‍’, ‘പള്ളിപ്പാക്കാന്‍എന്നും വിളിച്ചിരുന്നു. പത്തനംതിട്ട ജില്ലയില്‍ ‘പാക്കാംകുന്ന് ’ (‘പാക്കാന്‍കുന്ന്‍ ’ എന്നതിന്റെ വികലരൂപം) എന്നൊരു സ്ഥലമുണ്ട്. ‘പാക്കന്‍’ തമിഴിലുണ്ട്. കാട്ടുപൂനൈ (കാട്ടുപൂച്ച) എന്നര്‍ത്ഥം. ചില തമിഴ്  നിഘണ്ടുക്കളില്‍ വെറും പൂനൈ. പള്ളിപ്പാക്കന്‍/പള്ളിപ്പാക്കാന്‍ തമിഴില്‍ ഇല്ലെന്നു തോന്നുന്നു. തമിഴ് നിഘണ്ടുക്കളില്‍ ‘വെരുക് ’ എന്ന വാക്കിനു ‘കണ്ടന്‍പൂച്ച’ (ആണ്‍പൂനൈ) എന്ന അര്‍ത്ഥവും കൊടുത്തിട്ടുണ്ട്. മലയാളത്തിലും ഈ അര്‍ത്ഥമുണ്ടായിരുന്നു. മദ്ധ്യതിരുവിതാംകൂറില്‍ ‘വെരു’ എന്നും കണ്ടന്‍പൂച്ചയെ വിളിച്ചിരുന്നതായി അറിയാന്‍ കഴിഞ്ഞു. വെരുകുമായി വളരെ സാമ്യമുള്ള മരപ്പട്ടി (toddy cat, Indian/Asian palm civet)യ്ക്കും ‘വെരുക്’ എന്ന വാക്കു ചില നിഘണ്ടുക്കളില്‍ കാണാം. (കാട്ടു)വെരുകും മരപ്പട്ടിയുമൊന്നുമല്ലായിരുന്നു ഉണ്ണുനീലിയുടെ  ഇഷ്ടമൃഗം എന്നു പറയേണ്ടതില്ലല്ലോ.

‘ഉണ്ണുനീലിയുടെ പൂച്ച പാല്‍ കുടിയ്ക്കുന്നതു കാണാം’ എന്നാണു കവി ഉദ്ദേശിച്ചത്. (തമിഴ്, തുളു ഭാഷകളില്‍ പുഴുക്, പുണുങ്ങ് എന്നീ പേരുകളും യഥാര്‍ത്ഥവെരുകിനുണ്ട്). പതിന്നാലാം നൂറ്റാണ്ടില്‍ പ്രചാരത്തില്‍ ഇരുന്ന വാക്ക് ഇരുപതാം നൂറ്റാണ്ടോടെ കേരളത്തില്‍ നിന്നപ്രത്യക്ഷമായി. വൃത്തനിയമം തെറ്റാതിരിയ്ക്കാനാണു പൂച്ച, കണ്ടന്‍പൂച്ച എന്നീ വാക്കുകള്‍ക്കു പകരം അക്കാലത്ത് ഉപയോഗിച്ചിരുന്ന ‘മെരുക് ’ എന്ന വാക്കിനെ കവി ആശ്രയിച്ചത്. (‘വെ’ എന്ന അക്ഷരം ‘മെ’ ആയതു ശ്രദ്ധിയ്ക്കണം. ‘വ’കാരം, ‘മ’കാരമാകുന്ന  സ്ഥലപ്പേരുകളുണ്ട്).

പ്രൊഫ. ഇളംകുളത്തിനെപ്പോലെയുള്ള പണ്ഡിതര്‍ കാരണം നമുക്കു പല പഴയ വാക്കുകളുടെയും അര്‍ത്ഥം കിട്ടി. എന്നാല്‍ ശരിയായ അര്‍ത്ഥം കിട്ടാത്ത വാക്കുകള്‍ പലതുമുണ്ട്. സ്ഥലനാമപഠനക്കാരെയാണ് ഇതു ബുദ്ധിമുട്ടിയ്ക്കുന്നത്.

മലയാളത്തിന്റെ വളര്‍ച്ച സംസ്കൃത-തമിഴ് ബാന്ധവം വഴിയാണെങ്കിലും ഹിന്ദി, കന്നഡ, തെലുങ്ക്, തുളു, ഉര്‍ദു എന്നീ ഭാഷകളും ഒപ്പം അറബി, പേര്‍ഷ്യന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച് എന്നിവയും പിന്നീട് ആംഗലവും പല സംഭാവനകളും നല്‍കിയിട്ടുണ്ട്. അതുപോലെ തമിഴില്‍ നിന്നും ചില വാക്കുകള്‍ വാണിജ്യസമ്പര്‍ക്കങ്ങള്‍ വഴി സ്വീകരിച്ചു കാണും. പക്ഷെ ഇരുപതാം നൂറ്റാണ്ടോടെ, മലയാളത്തിന്റെ തനിമയ്ക്കു ചോര്‍ച്ച ഉണ്ടായി. ആംഗലവിദ്യാഭ്യാസം നേടാനുള്ള തിരക്കില്‍ മലയാളവുമായി ഒരകലം മലയാളിയ്ക്കുണ്ടായത് ഈ സമയത്താണ്. നഗരങ്ങളിലേയ്കള്ള കുടിയേറ്റവും ജോലിയ്ക്കു വേണ്ടി ആംഗലത്തില്‍ വ്യുല്‍പത്തി നേടേണ്ട സാഹചര്യവും മലയാളിയുടെ പദസമ്പത്തിനെ ബാധിച്ചു. ഓരോ തലമുറ മറഞ്ഞതോടൊപ്പം, ചുറ്റുപാടുമായി അകന്ന മലയാളിയുടെ ജീവിതത്തില്‍ നിന്നും അനവധി വാക്കുകളും മറഞ്ഞു.

പുതിയ തലമുറകള്‍ ശുദ്ധമലയാളം കേള്‍ക്കാതെ വളര്‍ന്നു. പല വിദേശഭാഷാപദങ്ങളും മലയാളത്തില്‍ ആക്കാന്‍ സംസ്കൃതത്തെ ആശ്രയിക്കാനും തുടങ്ങി. ‘കെട്ടിപ്പെയ്ത്ത് ’ നമ്മള്‍ ‘മേഘവിസ്ഫോടന’മാക്കിയല്ലോ. ‘മേഘവിസ്ഫോടനം’ എന്നു പറയുമ്പോള്‍ തന്നെ വായില്‍ ഒരു ‘വിസ്ഫോടനം’! മുപ്പത്തിരണ്ടു പല്ലുകളും തെറിപ്പിയ്ക്കുന്ന വാക്ക്. മഴക്കാര്‍ കെട്ടി നിന്നു പെയ്യുന്നതാണു ‘കെട്ടിപ്പെയ്ത്ത് ’. മുംബൈയിലെ ഒരു തെരുവില്‍ കരിയ്ക്കു വിറ്റിരുന്ന ഒരു മലബാറിയില്‍ നിന്നാണ് ഈ വാക്കു കേട്ടത്. സായിപ്പ് cloudburst എന്നു പറഞ്ഞാല്‍ പദാനുപദം നമ്മളും മൊഴിമാറ്റം നടത്തണമല്ലോ. മലയാളം അറിയാത്തതിനാല്‍ സംസ്കൃതത്തില്‍ നിന്നും ഇറക്കുമതി ചെയ്തു. (മൊഴിമാറ്റവും ഒരു കലയാണ്‌ എന്ന കാര്യവും നാം മറന്നു). ‘കെട്ടിപ്പെയ്ത്ത് ’, നിലവാരം കുറഞ്ഞ വാക്കായി. കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴറിഞ്ഞു ‘അടല്‍മഴ’ (അടമഴ)യും മേഘം കെട്ടി നിന്നുള്ള തോരാതെയുള്ള മഴയാണെന്ന്. ഇതും cloudburst എന്നതിനു പകരം ഉപയോഗിയ്ക്കാവുന്നതാണ്.


വിജയരഥമതുപൊഴുതു വിഗതഭയമച്യുതൻ
വീരനാം ഭീഷ്‌മർക്കു നേരേ നടത്തിനാൻ.
സലിലധരനികരമടമഴപൊഴിയുമവ്വണ്ണം
സായകൗഘം പ്രയോഗിച്ചാരിരുവരും.

എന്ന്‍ എഴുത്തച്ചന്‍ മഹാഭാരതത്തില്‍ (ഭീഷ്മപര്‍വ്വം).


മലയാളം അറിയാത്ത മാദ്ധ്യമപ്രവര്‍ത്തകര്‍ നമുക്കു തലവേദനയാകുന്നു. മലയാളമനോരമ, മാതൃഭൂമി, കേരളകൌമുദി,ദേശാഭിമാനി – ഈ നാലു പത്രങ്ങളിലെ മലയാളം നന്നായാല്‍ ഭാഷ രക്ഷപ്പെടും.

എല്ലാ ഭാഷകളും മാറ്റത്തിനു വിധേയമാണ് എന്നതു ശരി തന്നെ. പക്ഷെ, മലയാളത്തിനുണ്ടായതു മാറ്റമല്ല, ഒരളവു വരെ നാശമാണ്. ഇന്റര്‍നെറ്റ്‌ വന്നതോടെ ആംഗലത്തിന്റെ ആക്രമണത്തില്‍ വാക്കുകളുടെ തിരോധാനത്തിനു വേഗവും കൂടി. എല്ലാ ഭാഷകളും ഈ ദുര്യോഗം നേരിടുന്നുണ്ട്.

സ്ഥലനാമങ്ങളും വീട്ടുപേരുകളും കേള്‍ക്കുമ്പോള്‍ അവയുടെ അര്‍ത്ഥമെന്താണെന്നു പലരും ശ്രദ്ധിയ്ക്കാറില്ല. വാസ്തവത്തില്‍ ചരിത്രവും ഐതിഹ്യവും മാത്രമല്ല, മലയാളത്തനിമയും അവയില്‍ പരോക്ഷമായും പ്രത്യക്ഷമായും ഉണ്ട്. താഴെ വിഷയമാക്കിയിരിയ്ക്കുന്നതു ചില വാക്കുകള്‍ മാത്രമാണ്. പൂര്‍ണ്ണമായും ഭാഷ ഉപയോഗിച്ചുള്ള വ്യാഖ്യാനമാണു നല്‍കിയിരിയ്ക്കുന്നത്. ഇതു പകര്‍ത്തിയെടുത്തു പ്രസിദ്ധീകരിയ്ക്കുന്നവര്‍ ഈ വെബ്സൈറ്റിനെ  പരാമര്‍ശിച്ചിരിയ്ക്കണം. സ്വന്തം നിഗമനമെന്ന നിലയില്‍ ഇതവതരിപ്പിയ്ക്കരുത്.

ഒരു ചെറിയ ഭൂവിഭാഗത്തിന്റെ നാമം ഒരു പ്രദേശത്തിനു തന്നെ നല്‍കുന്ന പതിവു പണ്ടുണ്ടായിരുന്നു – ‘ആലുവാ’ പോലെ. പ്രകൃതിയുമായി ബന്ധപ്പെടുത്തി മനോഹരമായ പേരുകളും നമ്മുടെ പൂര്‍വ്വികര്‍  (പത്തൊമ്പതാം നൂറ്റാണ്ടു വരെ) കണ്ടുപിടിച്ചു. കുന്നും കുന്നിന്റെ നെറുകയും ചരിവും താഴ്‌വരയും പാറയും കല്ലും മണ്ണും മണ്ണിന്റെ നിറവും തരവും മരവും ചെടിയും പക്ഷിമൃഗാദികളും പുഴയും തോടും ഒക്കെ സൂചനയ്ക്കായി എടുത്തു. പേരിടുന്ന കാലഘട്ടത്തില്‍ ജനസാന്ദ്രത തീരെ കുറവായിരുന്നതു കാരണം, പ്രകൃതിയുടെ തനിമ കണ്ട്, അതിനനുസരിചുള്ള പേരുകളാണ് അവര്‍ നല്‍കിയത് -  ഇപ്പോള്‍, ആ പേരുകള്‍ എങ്ങനെ വന്നു എന്നു സംശയം വരുത്തുംവിധം ഭൂമിയുടെ കിടപ്പു തന്നെ മാറിയിരിയ്ക്കുന്നു, അല്ലെങ്കില്‍ മാറ്റിയെടുത്തിരിയ്ക്കുന്നു. നിത്യോപയോഗത്തിലുള്ള വാക്കുകള്‍ ഉപയോഗിച്ചാണു പണ്ടത്തെ മലയാളി പേരുകള്‍ സൃഷ്ടിച്ചത്. കച്ചവടത്തിന്റെയും വിദേശിയുടെയും നാട്ടുപ്രമാണിമാരുടെയും  രാജാക്കന്മാരുടെയുമൊക്കെ പേരുകള്‍ നാടിനും ചെറിയ പ്രദേശത്തിനും കവലയ്ക്കും മുക്കിനുമൊക്കെ നല്‍കി. ദേവനും ദേവിയും ക്ഷേത്രവും ഒക്കെ അതില്‍ പങ്കു ചേര്‍ന്നു. വീട്ടുപേരുകളും ഇതുപോലെ തന്നെ രൂപപ്പെട്ടു. കാഴ്ചയില്‍ അല്ലെങ്കില്‍ അനുഭവത്തില്‍ എങ്ങനെയിരിയ്ക്കുന്നു എന്നതായിരുന്നു പേരിടലിന്റെ അടിസ്ഥാനം. ഇന്നത്തെപ്പോലെ ‘നഗറും’ ‘ഗിരി’യും വരുന്നതിനു മുന്‍പു ശുദ്ധമായ മലയാളപദങ്ങള്‍ അവര്‍ - പ്രത്യേകിച്ചു ഗ്രാമീണര്‍ - ഉപയോഗിച്ചു. (മനോഹരമായ വാക്കുകള്‍ കണ്ടുപിടിയ്ക്കാനുള്ള നമ്മുടെ പൂര്‍വ്വികരുടെ പാടവം നമുക്കു നഷ്ടപ്പെട്ടില്ലേ? ‘ഒട്ടകപ്പുള്ളിമാന്‍’ എന്നു പറഞ്ഞാല്‍ മലയാളിയ്ക്ക് ഇന്നു മനസ്സിലാവില്ല. പകരം, സായ്പിന്റെ ഭാഷയില്‍ ‘ജിറാഫ് ’ എന്നു പറഞ്ഞാല്‍ കുഴങ്ങില്ല. പത്തൊന്‍പതാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന വാക്കാണ്‌ ‘ഒട്ടകപ്പുള്ളിമാന്‍’. കുരങ്ങന്‍ ‘മങ്കി’യും കാക്ക ‘ക്രോ’യും ആയി മാറുന്ന കാലത്ത് ഒട്ടകപ്പുള്ളിമാന്‍ എന്ന വാക്കിനു  പ്രസക്തിയില്ലല്ലോ!)

മറ്റുഭാഷകളില്‍ നിന്നു വാക്കുകളെടുത്തു രൂപപ്പെടുത്തുന്നതില്‍ മാപ്പിളമലയാളം ഒരു വലിയ പങ്കു വഹിച്ചു. ഗ്രാമീണരില്‍ ഭൂരിപക്ഷത്തിനും - ചുരുക്കം ചില ബ്രാഹ്മണര്‍ക്കൊഴികെ - സംസ്കൃതം വശമില്ലായിരുന്നല്ലോ. പലര്‍ക്കും മലയാളം എഴുതാനും അറിയില്ലായിരുന്നു. ആ വാക്കുകളുടെ പൊരുള്‍ തേടുന്നതു അറിവു വളര്‍ത്തുന്ന ഒരു നേരമ്പോക്കു തന്നെയാണ്. നമുക്കു  നഷ്ടപ്പെട്ട (നഷ്ടപ്പെട്ടതോ അതോ വേണ്ടെന്നു വച്ചതോ?) മലയാളത്തെ മനസ്സിലാക്കാനും അതുപകരിയ്ക്കും. ചില സ്ഥലനാമങ്ങളിലെ വാക്കുകളുടെ പ്രത്യേകത നമുക്കൊന്നു പരിശോധിയ്ക്കാം. ഒരു മുന്നറിയിപ്പ്. ഒരു സ്ഥലത്തിന്റെ പേരിനെ പറ്റി ആലോചിയ്ക്കുമ്പോള്‍ ആയിരമോ രണ്ടായിരമോ വര്‍ഷങ്ങള്‍ മുമ്പുള്ള കേരളത്തിന്റെ അവസ്ഥ എന്തായിരുന്നു എന്നു ചിന്തിയ്ക്കേണ്ടതുണ്ട്. അങ്ങിങ്ങായി ജനവാസം. പലയിടത്തും ചതുപ്പുനിലം, ജലാശയങ്ങള്‍, വെള്ളക്കെട്ടുകള്‍, തോടുകള്‍, നദികള്‍, കുന്നുകള്‍, മലകള്‍, കാട്, പലതരം മരങ്ങള്‍, ചെടികള്‍, മൃഗങ്ങള്‍, ഓരോ തരം ആളുകള്‍ താമസിച്ചിരുന്ന ചേരികള്‍...അങ്ങനെ പലതും. ആകപ്പാടെ ഇണങ്ങാത്ത ഭൂമി (unfriendly terrain). ഇന്നു കാണുന്ന ഭൂമി മനസ്സിലുണ്ടാവാനേ പാടില്ല.

സ്ഥലനാമചരിത്രങ്ങള്‍ തേടുന്നവരും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും  ഇതു ശ്രദ്ധിയ്ക്കുമെന്നു കരുതുന്നു. (പല അര്‍ത്ഥങ്ങള്‍ ഒരു വാക്കിനുണ്ടാകും. അതില്‍ സ്ഥലനാമവുമായി യോജിച്ച അര്‍ത്ഥം മാത്രമേ ഇവിടെ ഉപയോഗിയ്ക്കുന്നുള്ളൂ. ഉദാ: കണ്ടി. ഇതു ഭൂമിയുടെ ഒരളവാണ്. കൂടുതല്‍ വിവരം താഴെ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ കണ്ടിത്തൂക്കം, കണ്ടിവാര്‍കുഴല്‍ എന്നീ വാക്കുകളിലെ അര്‍ത്ഥം വേറെയാണ്).

ഏതാണ്ട് ക്രി.പി. ഒന്‍പതാം നൂറ്റാണ്ടു മുതല്‍ ഗ്രാമം എന്നതു വിശാലമായ ഒരു ഭൂവിഭാഗമായിരുന്നു. അവയില്‍ പലതും വിഭജിച്ചാണു സ്വാതന്ത്ര്യാനന്തരം ഗ്രാമങ്ങള്‍ സൃഷ്ടിച്ചത്. കര്‍ണ്ണാടകം വഴി എത്തിയ കുടിയേറ്റക്കാരായ ബ്രാഹ്മണരായിരുന്നു പലയിടത്തും ഗ്രാമസ്ഥാപകരും ഭരണാധികാരികളും. അവര്‍ക്കു മേലെ രാജാക്കന്മാരുമുണ്ടായിരുന്നു. ഗ്രാമത്തെ പല ദേശ(ഉപഗ്രാമ)ങ്ങളാക്കി. ഒരു ദേശം പല അംശങ്ങളായി. (ദേശം ‘തറ’കളായി എന്നും ‘തറ’ തന്നെ ‘അംശം’ അല്ലെങ്കില്‍ ‘കര’ എന്നായി എന്നും പറയപ്പെടുന്നു. പലയിടത്തും പല രീതികളുണ്ടായിരുന്നു എന്നതുകൊണ്ടാണത്. തിരുവല്ല ഗ്രാമത്തിന്റെ ഭാഗമായിരുന്നു ചങ്ങനാശ്ശേരി ദേശം). തറ എന്ന വാക്കിനു ഭൂമി, സ്ഥലം, കെട്ടിടങ്ങളുടെ അടിസ്ഥാനം എന്നൊക്കെയര്‍ത്ഥം. തറയുടെ മേല്‍നോട്ടം വഹിച്ചയാള്‍ താമസിച്ചിരുന്നതു ‘തറവാട്ടി’ല്‍. ‘തറപാട്’ എന്ന വാക്കില്‍ നിന്നാവണം ‘തറവാട്’ എന്ന വാക്കുണ്ടായത്. ‘പ’കാരം പലപ്പോഴും ‘വ’കാരം ആകുന്നു. പാട് എന്ന വാക്കിനു പറമ്പ്, സ്ഥലം, ഭാഗം എന്നൊക്കെ അര്‍ത്ഥമുണ്ട്. സ്ഥലങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ബ്രാഹ്മണര്‍ എത്തുന്നതിനു മുന്‍പേ നമ്മുടെ പൂര്‍വ്വികര്‍ പേരുകള്‍ നല്‍കിയിരുന്നു. മനോഹരമായ പേരുകള്‍. പല വാക്കുകളും ഏതാണ്ടു രണ്ടായിരം വര്‍ഷം മുമ്പു തന്നെ ഉണ്ടായിക്കാണും. ക്രിസ്തുവിനു മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പേ മലഞ്ചരക്കുകള്‍ കയറ്റി അയച്ചിരുന്ന നാടാണല്ലോ കേരളം.

ശ്രീ ‘മന്നത്തു’ പദ്മനാഭന്‍ എന്ന പേരു പ്രസിദ്ധമാണ്. 'മന്നം' എന്ന വാക്കിന്റെ അര്‍ത്ഥമോ? 'മന്നത്ത് ' എന്നതു വീട്ടുപേരാണ് എന്നതിലപ്പുറം, പഴയ കാലത്തു മലയാളഭാഷയില്‍ കേരളമെമ്പാടും ഉപയോഗിച്ചിരുന്ന ഒരു വാക്കാണെന്ന് എത്ര പേര്‍ക്കറിയാം? ഈ പേരുള്ള വീടുകള്‍ കേരളത്തില്‍ പലയിടത്തുമുണ്ട്.  സ്ഥലങ്ങളും.

നമൂക്ക് ഇത്തിരി പിന്നോട്ടു പോകാം. പഴയകാലത്ത് ഒരു പ്രദേശത്തെ ജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കിയിരുന്നതു ആ പ്രദേശത്തിന്റെ കോയ്മക്കാരായ ബ്രാഹ്മണരോ മാടമ്പികളോ ജന്മികളോ അതുപോലെയുള്ള പ്രബലരോ ആയിരുന്നു. ഒരു സ്ഥലം (പറമ്പ്) തിരഞ്ഞെടുത്ത്, അവിടത്തെ ഒരു  മരച്ചുവട്ടിലായിരുന്നു ഈ പ്രാദേശികന്യായാധിപന്മാര്‍ 'കോടതി'കള്‍ നടത്തിയിരുന്നത്. പലയിടത്തും ഇതു ക്ഷേത്രങ്ങള്‍ക്കു സമീപമായിരുന്നുവത്രേ. ഈ പറമ്പിനെയാണു 'മന്നം' (പഴയകാലത്ത് ‘ന്നം’ എന്നതിന്റെ ഉച്ചാരണം അന്നം എന്ന വാക്കിലെ ‘ന്നം’ പോലെ ആയിരുന്നിരിയ്ക്കണം) എന്നു വിളിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടോടെ, പ്രത്യേകിച്ചു ബ്രിട്ടീഷുകാരുടെ കോയ്മയോടെ, ഇത്തരം കോടതികള്‍ അപ്രത്യക്ഷമായി.

‘മന്നാടുക’ എന്നു വച്ചാല്‍ പരാതി കൊടുക്കുക എന്നാണര്‍ത്ഥം. ‘അന്നവും  ആയുസ്സും ഉണ്ടെങ്കില്‍ മന്നത്താലിങ്കല്‍ കാണാം' എന്നൊരു ചൊല്ലു മലയാളത്തിലുണ്ടായിരുന്നു. മന്നവും ആലിന്‍ചുവടുമില്ലാത്ത ഇക്കാലത്ത്, 'ആരോഗ്യവും  ആയുസ്സുമുണ്ടെങ്കില്‍ ഞാന്‍ നിന്നെ കോടതി കയറ്റും' എന്നേ പറയൂ. (മന്നാടിയാര്‍ എന്ന വാക്കുമായി ‘മന്നാടി’യ്ക്കു ചെറിയ ബന്ധമുണ്ട്. ‘മന്നാടി’യ്ക്കു തമിഴില്‍ ഗ്രാമാധികാരി/മൂപ്പന്‍ എന്നാണര്‍ത്ഥം. പാലക്കാടന്‍ പ്രദേശങ്ങളിലെ മന്നാടിയാര്‍ എന്ന തമിഴ് വംശജരെ വടക്കന്‍ കേരളത്തില്‍ അര്‍ദ്ധക്ഷത്രിയരായി കണക്കാക്കിയിരുന്നു).

മറ്റൊരു ചൊല്ലു കൂടിയുണ്ട് - 'മന്നത്തു മടി അഴിച്ചുകൂടാ'. മടിയിലായിരുന്നു വെറ്റിലയും മറ്റും കെട്ടി സൂക്ഷിച്ചിരുന്നത്. വെറ്റിലമുറുക്കു സര്‍വ്വസാധാരണമായിരുന്ന കാലത്ത് ഒരാള്‍ക്കു ‘വെറ്റില നീട്ടുക’ എന്നതു സൗഹൃദത്തിന്റെ പ്രതീകമായി കണക്കാക്കിയിരുന്നു. വ്യവഹാരം നടത്തുന്നതിനിടയില്‍  ചങ്ങാത്തത്തിനു അഥവാ ഒത്തുതീര്‍പ്പിനു ശ്രമിയ്ക്കേണ്ട എന്നാവാം ഈ ചൊല്ലിന്റെ ധ്വനി. പരാതി ശരിയെങ്കില്‍ പിഴ അനുഭവിച്ചേ പറ്റൂ!

തമിഴിലെ 'മന്‍റം' (നാട്ടുക്കൂട്ടം) എന്ന വാക്കിന്റെ മലയാളമാണു ‘മന്നം’. ആദ്യകാലചേരരാജാക്കന്മാരുടെ കാലത്തു തുടങ്ങിയ ഒരു പാരമ്പര്യമാണിത്. അന്നു പൊതുവെ ആലിന്റെ ചുവട്ടില്‍ ‘മന്‍റ’ങ്ങള്‍ കൂടുമായിരുന്നു. ‘അന്നം’ എന്നതിലെ രണ്ടാമത്തെ അക്ഷരം ഉച്ചരിയ്ക്കുന്നതു പോലെയാണു ‘മന്നം’ എന്ന വാക്കിലെ ‘ന്നം’. കാലക്രമത്തില്‍ ആ ഉച്ചാരണം മാറി. എന്നാല്‍, പൂങ്കുന്നം എന്ന വാക്കിലെ ന്നം തന്നെയാണു മന്നം എന്ന വാക്കിലെന്നു പണ്ഡിതര്‍.

പഴയ സംവിധാനങ്ങള്‍ നിന്നെങ്കിലും, പറമ്പുകളുടെ പേരുകള്‍ മാറിയില്ല. അതു പിന്നീടു മറ്റുള്ളവരുടെ വാസഭൂമിയായി. സ്ഥലപ്പേരുമായി. തിരുവല്ലയില്‍ നാട്ടുകാരുടെ 'കോടതി' ഉണ്ടായിരുന്ന സ്ഥലം ഇന്നും 'മന്നംകരച്ചിറ' എന്നാണറിയപ്പെടുന്നത്. ഇവിടെ ‘ന്നം’ എന്നതിന്റെ പഴയ ഉച്ചാരണം സ്ഥലവാസികള്‍ നിലനിര്‍ത്തിയിട്ടുണ്ട്. തിരുവല്ലയുടെ അധീശത്വം അവകാശപ്പെട്ടിരുന്ന വിലക്കിലി ബ്രാഹ്മണര്‍ ഇവിടെയാണു താമസിച്ചിരുന്നത്.    ഭരണാധികാരി ‘രാജാവ്’ ആണല്ലോ. ‘മന്നന്‍’ എന്നും ‘രാജാവി’നു പര്യായം.  അതുകാരണം ഈ സ്ഥലത്തിന്റെ പേര്‍ ‘മന്നന്‍കരച്ചിറ’ എന്നാക്കാന്‍ ചിലര്‍ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. കുന്നന്താനം പഞ്ചായത്തിലും മാമന്നം എന്നറിയപ്പെടുന്ന ഒരു ചെറിയ പ്രദേശമുണ്ട്. മാവിന്റെ ചുവട്ടില്‍ ആയിരുന്നു ‘മന്നം’ കൂടിയിരുന്നത് എന്ന് അനുമാനിയ്ക്കേണ്ടിയിരിയ്ക്കുന്നു. ‘മാമന്ദം’ എന്നു തെറ്റായി എഴുതിക്കാണാറുണ്ട്.

പാലക്കാടു ചിറ്റൂരിലും ആലുവായ്ക്കടുത്തും മന്നം എന്ന പേരുള്ള പ്രദേശങ്ങളുമുണ്ട്.  കുഴല്‍മന്നം എന്നൊരു സ്ഥലവും ഉണ്ട്. ഇപ്പോള്‍ കുഴല്‍മന്ദം (കൊയല്‍മന്ദം) എന്നും എഴുതിക്കാണാറുണ്ട്. നീണ്ട (‘നെടും’) എന്ന അര്‍ത്ഥത്തില്‍ ‘കുഴല്‍’ പ്രയോഗിച്ചിരുന്നു. ഉയര്‍ന്ന പ്രദേശമാണെങ്കിലും നെല്പാടങ്ങളുണ്ട്. തുളുഭാഷയില്‍ ചെറിയ നെല്പാടങ്ങള്‍ക്കു ‘കൊയിലു’ എന്നു പറയുന്നു. കുഴാല്‍ എന്ന വാക്കിന് ആള്‍ക്കൂട്ടം എന്ന അര്‍ത്ഥമുണ്ട്. ആ അര്‍ത്ഥം യോജിയ്ക്കുന്നുണ്ട്. അപ്പോള്‍ സ്ഥലനാമം കുഴാല്‍മന്നം എന്നാകും. ആളുകള്‍ ഇല്ലാതെ മന്നമില്ലല്ലോ. ആളുകള്‍ കൂടുന്ന സ്ഥലമാണ് കുഴാല്‍മന്നം. അതു പിന്നീടു കുഴാല്‍മന്ദവും വാമൊഴിയില്‍ കുഴല്‍മന്ദവും ആയി എന്നു തോന്നുന്നു. ‘മന്നമരുത് ’ എന്ന വാക്കില്‍ നിന്നാണോ ഇന്നത്തെ ‘മന്ദമരുതി’ ഉണ്ടായത്? എങ്കില്‍ മരുത് എന്ന വൃക്ഷത്തിന്റെ ചുവട്ടില്‍ ‘കോടതി’ കൂടുമായിരുന്നു എന്നു കരുതണം. എളമന്നം, മന്നത്തു കാവ്, ചുങ്കമന്നം, മന്നംപുള്ളി.... ഇങ്ങനെയുള്ള സ്ഥലപ്പേരുകളും കേരളത്തില്‍ ഉണ്ട്. മന്നം എന്ന് ഇന്നറിയപ്പെടുന്ന എല്ലാ പ്രദേശങ്ങളും പഴയ 'കോടതി'കളുമായി ബന്ധമുള്ളവ തന്നെ. ‘മന്ന’ത്തിനു പകരം  ‘മന്ദം’  എന്ന തെറ്റായ  വാക്കുപയോഗിയ്ക്കാനുള്ള പൂതി കലശലാണ്. (‘പുള്ളി’, ‘പള്ളി’യുടെ വികലരൂപമാണ്. അഹിന്ദുദേവാലയം, ചെറിയ സ്ഥലം, ചെറിയ ഗ്രാമം, ചെറിയ പട്ടണം  എന്നീ അര്‍ത്ഥത്തില്‍ പ്രയോഗിച്ചിരുന്നു. ‘വാസല്‍’, വാതില്‍ അഥവാ പ്രവേശനദ്വാരം തന്നെ. ‘പള്ളിവാസല്‍’ എന്ന വാക്കിനു പള്ളിപ്പടി എന്നര്‍ത്ഥം).

ആലപ്പുഴയില്‍, കളര്‍കോടു മഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തു, 'പേരൂര്‍ത്തറ' എന്ന പേരില്‍ ഒരു സ്ഥലമുണ്ടായിരുന്നു. പേരൂര്‍ മാടമ്പിമാരായിരുന്നു ഇവിടെ ന്യായാധിപന്മാര്‍. കളര്‍കോടു മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥരായിരുന്ന നാലുവീടരില്‍ ഒരു വീട്ടുകാരായിരുന്നു പേരൂര്‍ മാടമ്പിക്കുറുപ്പന്മാര്‍. കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ 'ന്യായാധിപന്മാര്‍' ഇരുന്നിരുന്ന കല്ലുകൊണ്ടുള്ള ബെഞ്ചും അവിടെ ഉണ്ടായിരുന്നു. (ഈ ലേഖകന്‍ അതു കണ്ടിട്ടുണ്ട്). ചരിത്രം അറിയാത്തവര്‍ അതു പൊളിച്ചു കളഞ്ഞു. ‘മന്നം’ എന്ന പേര് ആ സ്ഥലത്തിന് ഉപയോഗിച്ചിരുന്നില്ല.

തിരുവല്ലയ്ക്കടുത്ത കവിയൂര്‍ ഗ്രാമത്തില്‍ ‘കുരിയന്‍കാവ് ’ (ഈ പേര് ഒറ്റവാക്കാണ്‌. ‘കാവ്’, സ്ഥലനാമം/ക്ഷേത്രനാമം ആകുമ്പോള്‍ അതിന്റെ മുന്‍പിലുള്ള വാക്കിനോടു ചേര്‍ത്തെഴുതണം. ഉദാ: അയ്യപ്പന്‍കാവ്) എന്നൊരു പ്രദേശമുണ്ട്. അവിടെ ഒരു ഇല്ലം വക ഭദ്രകാളീക്ഷേത്രമുണ്ട്. എണ്‍പതുകളിലാണെന്നു തോന്നുന്നു, അമ്പലപുനരുദ്ധാരണത്തോട് അനുബന്ധിച്ചാവാം, ഒരു പേരുമാറ്റം നടന്നു. എത്ര ആലോചിട്ടും അമ്പലക്കമ്മിറ്റിക്കാര്‍ക്കു ‘കുരിയന്‍കാവ് ’ എന്ന വാക്കിന്റെ പൊരുള്‍ മനസ്സിലായില്ല. അവര്‍ അടുത്ത പടിയിലേയ്ക്കു കടന്നു. ആരുടെയൊക്കെയോ ഭാവനയില്‍ പുതിയ വാക്കു ജന്മമെടുത്തു. ‘കുരുതികാമന്‍കാവ്’ - ഈ വാക്കു ലോപിച്ചാവണം ‘കുരിയന്‍കാവ് ’ എന്ന ഇന്നത്തെ പേരുണ്ടായത് എന്ന നിഗമനത്തില്‍ അവര്‍ എത്തി. അല്പം ‘ഭദ്രകാളിത്തം’ വാക്കിലുണ്ടു താനും. ‘പഴയ’ പേരു കണ്ടുപിടിയ്ക്കാനുള്ള തത്രപ്പാടില്‍  കുരുതികാമന്‍കാവ്’ എത്ര ലോപിച്ചാലും ‘കുരിയന്‍കാവ്’ ആവില്ലെന്ന് ആരും ചിന്തിച്ചില്ല. കാവിരിയ്ക്കുന്ന പ്രദേശം മുഴുവന്‍ ഇല്ലം വകയായിരുന്നു. പണ്ടുകാലത്ത്, ഇല്ലത്തുകാരും ആശ്രിതരും ഒഴിച്ചാല്‍, ഏതാണ്ടു വിജനമായിരുന്നു ഇവിടം. പൊതുവേ പക്ഷികള്‍ ചേക്കേറുന്ന ഒരു പ്രദേശം. വന്മരങ്ങള്‍ ധാരാളം. തൊട്ടടുത്തു വയലും തുരുത്തുകളും. പക്ഷികള്‍ക്കു രാപാര്‍ക്കാന്‍ പറ്റിയ സ്ഥലം. പക്ഷികളില്‍ ഏറെയും വയലില്‍ ഭക്ഷണം തേടിപ്പോകുന്ന ‘മുണ്ടി’ (Heron). (വടക്കന്‍ കേരളത്തിലെ ‘കൊറ്റി’?). നമ്മുടെ പൂര്‍വ്വികരുടെ ഭാഷയിലാവട്ടെ ‘കുരിയന്‍’ ആണ് ഈ ‘മുണ്ടി’. കുരിയപ്പക്ഷികള്‍ ചേക്കേറിയിരുന്ന സ്ഥലമായിരുന്നു കുരിയന്‍കാവ്.  ജനസംഖ്യ വര്‍ദ്ധിച്ചതോടെ നിബിഡവൃക്ഷങ്ങള്‍ അപ്രത്യക്ഷമായി. ക്ഷേത്രത്തിനു മുന്നൂറോളം മീറ്റര്‍ കിഴക്കായി വയലും തുരുത്തുകളും ഇപ്പോഴുമുണ്ട്. ഈ പക്ഷിസങ്കേതത്തെപ്പറ്റി പഠനങ്ങള്‍ നടന്നിട്ടില്ല. സന്ധ്യയാവുമ്പോള്‍ വന്നെത്തുന്ന പക്ഷികളില്‍ ഇപ്പോഴും നല്ലൊരു ശതമാനം ‘കുരിയന്‍’ പക്ഷികള്‍ തന്നെ. ‘കുരു’ എന്നും ഇവയെ വിളിയ്ക്കുമായിരുന്നു. പക്ഷെ, പഴയ വാക്കു കൈമോശം വന്നപ്പോള്‍, കുരിയന്‍കാവ്, ‘കുരുതികാമന്‍ കാവാ’യി. ഒറ്റവാക്കു രണ്ടു വാക്കുകളായി മാറുകയും ചെയ്തു. ഒരു ഭാഷയോടും സംസ്കാരത്തോടും ജനങ്ങളോടും കാട്ടിയ ഒരു വലിയ അപരാധമാണിതെന്നു പറയേണ്ടിയിരിയ്ക്കുന്നു. ഇനി യഥാര്‍ത്ഥനാമം തിരികെ കൊണ്ടുവരാന്‍ ശ്രമം തുടങ്ങേണ്ടിയിരിയ്ക്കുന്നു. (ഇങ്ങനെയുള്ള വിപരീതബുദ്ധി  ‘മന്നംകരച്ചിറ’ക്കാര്‍ക്കുണ്ടാവില്ലെന്നു പ്രതീക്ഷിയ്ക്കാം).

കൊല്ലം ജില്ലയില്‍ കുരിയമംഗലം എന്നൊരു സ്ഥലമുണ്ട്. കോട്ടയം ജില്ലയില്‍ കുരിയനാട് (കുറവിലങ്ങാട് പഞ്ചായത്ത്), കുരിയന്‍ചിറ എന്നീ സ്ഥലങ്ങളുണ്ട്. തൃശൂരില്‍ കുരിയച്ചിറ എന്നൊരു സ്ഥലമുണ്ട്. കുരിയന്‍പറമ്പില്‍ എന്ന വീട്ടുപേരും കേട്ടിട്ടുണ്ട്. ഇതെല്ലാം കുരിയന്‍ എന്ന പക്ഷി ഇര തേടുന്നതോ ചേക്കേറുന്നതോ ആയിരുന്ന സ്ഥലങ്ങള്‍ തന്നെ. ‘കുരിയന്‍’ എന്നു ചേര്‍ത്തു സ്ഥലനാമങ്ങള്‍ വേറെയും കാണും. ഈ സ്ഥലങ്ങളുടെയും വീട്ടുപേരുകളുടെയും ഒക്കെ ഇപ്പോഴത്തെ രൂപം ഒന്നു മാറി. ‘കുരിയ’ എന്നതു ‘കുര്യ’ എന്നാക്കി മാറ്റി. കുര്യമംഗലം, കുര്യച്ചിറ...എന്നിങ്ങനെയായി രൂപമാറ്റം. (സിറിയ വഴി എത്തിയ കുരിയാക്കോസ് എന്ന ഗ്രീക്ക് വാക്കു ചുരുങ്ങിയതാവണം ‘കുരിയന്‍’ എന്ന ക്രിസ്തീയനാമം. ‘ദൈവത്തിന്റെ’ എന്നാണു വാക്കിന്റെ അര്‍ത്ഥം. ‘ദേവസ്വം’ എന്നും വ്യാഖ്യാനിക്കാം. കുരിയന്‍ എന്ന മലയാളവാക്കുമായി ഇതിനു ബന്ധമുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍, ആദ്യാക്ഷരം ദീര്‍ഘമാക്കിയാല്‍, തമിഴില്‍ കൂരിയന്‍ എന്ന വാക്കിനു ബുദ്ധിമാന്‍ എന്നൊരര്‍ത്ഥമുണ്ട്. അതിവിടെ പ്രസക്തമാണെന്നു തോന്നുന്നില്ല).

രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പാണെന്നു തോന്നുന്നു, ‘ആലുവായ’ എന്ന പേരു കോളിളക്കമുണ്ടാക്കിയത്. നൂറ്റാണ്ടുകളോളം പേരിനു പ്രശ്നമുണ്ടായിരുന്നില്ല. പെട്ടെന്നൊരു ദിവസം റെയില്‍വേ സ്റ്റേഷനില്‍ എഴുതിവച്ചിരുന്ന ‘ആലുവായ’ എന്ന സ്ഥലനാമത്തിനു ജനം - മാദ്ധ്യമങ്ങളും – അയിത്തം കല്പിച്ചു.

നദികളിലും ജലാശയങ്ങളിലുമുള്ള കടവിലേക്കുള്ള വഴിയാണു ‘വാ’. ‘മലയാളത്തില്‍ ‘വാ’ എന്നതിനു പകരം ‘വായ’ അഥവാ ‘വായ്‌’  എന്നും പറയാം. ‘അല’ (ഓളം) യുമായി ബന്ധമുള്ള വാക്കത്രെ ‘ആല്‍’, ആലം എന്നിവ. ഇതിനു പഴയ മലയാളത്തില്‍ ‘വെള്ളം’ എന്നൊരര്‍ത്ഥമുണ്ട്. ‘ആലം’ എന്നു കേട്ടാല്‍ നമ്മള്‍ തുരിശ് എന്നേ ഇന്നു ധരിയ്ക്കൂ. കുന്നലനാടും കുന്നലക്കോനാതിരിയും നമുക്കുണ്ട്. കുന്നിന്നും ആലുക്കും ഉടയോന്‍” ആണു കുന്നലക്കോനാതിരി. കോഴിക്കോടു സാമൂതിരി ഉപയോഗിച്ചിരുന്നതാണത്രേ ഈ സ്ഥാനപ്പേര്. ചരിത്രപരമായ കാര്യങ്ങളില്‍ ആധികാരതയില്ലെങ്കിലും ഭാഷാപരമായി പ്രസക്തിയുള്ള ‘കേരളോല്പത്തി’ എന്ന ഗ്രന്ഥത്തിലെ വാക്യം ഇങ്ങനെയാണ്: 

മലയാളഭൂപതിമാരില്‍ വിശേഷംപ്രതി കുന്നലകോനാതിരി രാജാവ് കുന്നിന്നും ആലുക്കും അധിപതി എന്നു മലവഴിയും കടല്‍ വഴിയും വരുന്ന ശത്രുക്കളെ നിര്‍ത്തുകകൊണ്ടത്രെ പറയുന്നത്”.

കുന്നലനാടിന്റെ ഭൂപ്രകൃതിയ്ക്കനുസരിച്ചുള്ള പേരാണ് അതിനിട്ടത്.

വെള്ളത്തിലേയ്ക്കുള്ള വഴി, അതായതു ‘കടത്തുവഴി’ എന്നേ ‘ആലുവാ’ എന്ന വാക്കിനര്‍ത്ഥമുള്ളൂ. ഇന്നത്തെ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ കടത്താവണം പണ്ടത്തെ യാത്രയ്ക്ക് ഉപയോഗിച്ചിരുന്നത്. ജനസംഖ്യ വളര്‍ന്നതോടെ ആ പേരില്‍ പ്രദേശം അറിയപ്പെട്ടു തുടങ്ങി. അപ്പോള്‍ ആലുവാ, ആലുവായ, ആലുവായ് എന്നീ പേരുകളെല്ലാം ശരി തന്നെ. ‘ആലുവ’ എന്നതു തെറ്റും. ജനവും പത്രക്കാരും വിടുമോ? എതിര്‍പ്പു മൂത്തപ്പോള്‍ റയില്‍വേക്കാര്‍ സ്ഥലനാമം മാറ്റി ‘ആലുവ’ എന്നാക്കി. ബസ്സുകളും പത്രക്കാരും നേരത്തേ തന്നെ ‘ആലുവ’ സ്വീകരിച്ചിരുന്നു. പേരു തെറ്റിച്ച് ‘ആലുവ’എന്നാക്കിയപ്പോള്‍ ജനത്തിനും പത്രക്കാര്‍ക്കും ആശ്വാസമായി. ഭൂമിയില്‍ സമാധാനം. 'ആലുവാ' എന്ന ചെറിയ രൂപമെങ്കിലും നിലനിര്‍ത്താമായിരുന്നു. ചിലര്‍ക്കു തെറ്റു തന്നെ ശരി. എന്തായാലും, വെള്ളത്തിനും കടത്തുസംവിധാനത്തിനും പകരം, ശിവനുമായും ശിവരാത്രിമണല്‍പ്പുറവുമായും  ഐതിഹ്യം വഴി ആലുവായ്ക്കു ‘ബന്ധം’ സ്ഥാപിയ്ക്കപ്പെട്ടുകഴിഞ്ഞു! പഴഞ്ചൊല്ലുകളിലുല്‍ ‘ആലുവാ’ തന്നെ. ഉദാ: 1. ‘ആലുവാ മണപ്പുറത്തു കണ്ട മട്ടു പോലും ഇല്ല’ (സാന്ദര്‍ഭികമായി പറയട്ടെ, ‘മാമാങ്കക്കടവത്തു കണ്ട പരിചയം പോലുമില്ല’ എന്നു വടക്കന്‍ കേരളത്തില്‍),  2. ‘ആലുവായിൽ നിന്നു തഴവായിൽ പുക്കപിന്നെ ചട്ടുകവും ഉരുളിയും ഞാൻ കണ്ടിട്ടില്ല’. തഴവായില്‍ എത്തുന്നതിനു മുമ്പു മോഷണം തൊഴിലായിരുന്നു എന്നു സാരം.

‘ആലുവ’യുടെ ഐതിഹ്യസൃഷ്ടി പോലെ ഐതിഹ്യപ്പെരുമ തീര്‍ത്തു നാട്ടുകാരെ വഴിതെറ്റിച്ച ഭക്തന്മാര്‍ വേറെയുമുണ്ട്. അവരുടെ ഒരു ഇരയാണു തിരുവനന്തപുരത്തിനടുത്തുള്ള ഒറ്റശേഖരമംഗലം. ശിവനാണു സ്ഥലത്തെ ക്ഷേത്രത്തിലെ മുഖ്യമൂര്‍ത്തി. ഒരു മഹര്‍ഷി ഒറ്റക്കുതിപ്പിനു പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ചു എന്നാണ് ഐതിഹ്യം. അങ്ങനെ ‘ഒറ്റ’ശേഖരമംഗലമായി. നേരേ ചൊവ്വേ ഇരുന്നോ നിന്നോ പ്രതിഷ്ഠിയ്ക്കാമെന്നിരിയ്ക്കെ മഹര്‍ഷി കുതിപ്പു നടത്തിയതെന്തിണാവോ? ‘ഒറ്റ’ എന്നാല്‍ പഴയ കാലത്തെ മലയാളത്തില്‍ ‘ചന്ദ്രന്‍’ എന്നര്‍ത്ഥം. അപ്പോള്‍ ഒറ്റശേഖരന്‍ എന്നതു ചന്ദ്രശേഖരന്‍. ഒറ്റശേഖരമംഗലം എന്നാല്‍ ചന്ദ്രശേഖരമംഗലം. ചന്ദ്രശേഖരന്‍, ശിവന്‍ തന്നെ. ക്ഷേത്രമൂര്‍ത്തിയെ സൂചിപ്പിയ്ക്കുന്ന പേരു സ്ഥലത്തിനു കിട്ടി. ഇതറിയാതെ ഐതിഹ്യകര്‍ത്താവു മഹര്‍ഷിയെക്കൊണ്ട് ഒരു ഒളിമ്പിക് കുതിപ്പു നടത്തിയിരിയ്ക്കുന്നു!

ഭക്തന്മാരുടെ വക കഥകള്‍ ഇനിയുമുണ്ട്. ഇത്തിരി സ്ഥലം എന്ന അര്‍ത്ഥത്തില്‍ ‘ഠ’ വട്ടം എന്നൊരു പ്രയോഗമുണ്ട്. ഭാഷയിലെ അക്ഷരമായ ‘ഠ’ പോലെ ചെറിയ വൃത്തം (ഇടം) എന്നേ അര്‍ത്ഥമുള്ളു. കൊച്ചി-മലബാര്‍ പ്രദേശങ്ങളില്‍ ചമ്രവട്ടം എന്നും പറയും. കഷ്ടിച്ചു ചമ്രം പടിഞ്ഞ്‌ ഇരിക്കാന്‍ കഴിയുന്നത്ര സ്ഥലം. ഭാരതപ്പുഴയിലെ ഒരു ചെറിയ തുരുത്തിനു ‘ചമ്രവട്ടം’ എന്ന പേരു വന്നത് അങ്ങനെയാണ്. അവിടെ ഒരു ശാസ്താക്ഷേത്രം സ്ഥാപിച്ചു തലമുറകള്‍ കഴിഞ്ഞപ്പോള്‍ സംഗതിയാകെ മാറി. ഐതിഹ്യക്കാര്‍ വാക്കിന്റെ പൊരുള്‍ തേടി നടന്നു. വാക്കുകള്‍ ഒത്തുകിട്ടേണ്ടേ? അവസാനം ഒരു പേരു കിട്ടി. ശംബരന്‍. ഇദ്ദേഹം ഒരു മഹര്‍ഷിയായിരുന്നത്രേ. തുരുത്തിലിരുന്നു തപസ്സു ചെയ്യുകയും ചെയ്തു പോല്‍. അങ്ങനെ ‘ശംബരവട്ടം’ എന്നു തുരുത്തിനു പേരു വീണത്രെ. ശംബരവട്ടം ലോപിച്ചു ചമ്രവട്ടം ആയി എന്നു ‘സ്ഥിരീകരിയ്ക്കയും’ ചെയ്യുന്നു ഐതിഹ്യകര്‍ത്താക്കള്‍. അവിടെ ഇക്കഥ എഴുതിയ ഒരു പലകയും സ്ഥാപിച്ചു! ശംബരന്‍ എന്നു പേരുള്ള അസുരന്മാര്‍ പുരാണങ്ങളിലും ഋഗ്വേദത്തിലുമുണ്ട്. ശ്രീമദ്ഭാഗവതത്തിലെ ശംബരാസുരന്‍ ആണ് ഏറെ (കു)പ്രസിദ്ധന്‍. ആരുടെയോ മങ്ങിയ ഓര്‍മ്മയില്‍ തങ്ങിനിന്ന ടിയാന്‍  ശംബരമുനിയായി ‘അവതരിച്ചു’!ജൈനമതത്തിലെ ശ്രമണരു(ഭിക്ഷാംദേഹികളു)മായി ബന്ധപ്പെടുത്തിയും പറഞ്ഞുകേള്‍ക്കാറുണ്ട്. ശ്രമണവട്ടം ബ്രാഹ്മണര്‍ വന്നു ചമ്രവട്ടമാക്കിയത്രെ.

ഒരു വാക്കിന്റെ അര്‍ത്ഥം കിട്ടിയില്ലെങ്കില്‍ അടുത്ത പടി ഐതിഹ്യസൃഷ്ടിയാണ്. നമ്മുടെ ഐതിഹ്യകാരന്മാര്‍ എത്ര ഭാവനാസമ്പന്നരായിരുന്നെന്നോ! പുരാണത്തിലെ രംഗങ്ങള്‍ എടുത്തു സ്ഥലനാമത്തില്‍ കുരുക്കുന്നവരുണ്ട്. അതുപോലൊരു കഥയിതാ. രാവണന്‍ സീതയെ റാഞ്ചിക്കൊണ്ടുപോവുകയായിരുന്നു. ഇതു തടയാന്‍ പറന്നെത്തിയ ശ്രീരാമഭക്തനായ ജടായുവിനെ രാവണന്‍ ചിറകരിഞ്ഞു താഴെയിട്ടു. ആ സ്ഥലമാണത്രെ ‘ജടായുമംഗലം’. പറഞ്ഞുപറഞ്ഞ് അതു ‘ചടയമംഗലം’ ആയി പോല്‍! ജടായു ‘ധോ’ എന്നു വീണത്‌ ഒരു കൂറ്റന്‍ പാറയുടെ മുകളില്‍! ആ പാറയ്ക്കു ‘ജടായുപ്പാറ’ എന്നും പേരും വീണു! കഥ വളരെ രസകരം. കുറെ നാള്‍ മുമ്പു ചടയമംഗലക്കാര്‍ പാറയുടെ മുകളില്‍ ശ്രീരാമപ്രതിമയും സ്ഥാപിച്ചു. ടൂറിസക്കാര്‍ വിടുമോ? ചന്ദ്രഹാസാഘാതമേറ്റ വമ്പന്‍ ജടായുവിന്റെ രൂപവും  തയ്യാറാക്കി. ചടയമംഗലം വിനോദസഞ്ചാരകേന്ദ്രമായി. ഇനി ‘പഴയ മലയാള’ത്തിലേക്കു കടക്കാം. തമിഴിലേക്കും.

തമിഴ്‌നാട്ടിലെ ‘വേല്‍വിക്കുടി ചെമ്പോല’ (ഏതാണ്ടു ക്രി.പി. 768) പ്രസിദ്ധമാണ്. അതും ജടായുവുമായി ബന്ധമില്ല. ഒരു വാക്കിന്റെ വിശദീകരണത്തിനായി അതുമായി ബന്ധപ്പെട്ട ഒരാളെ പരിചയപ്പെടുത്തുന്നു എന്നു മാത്രം. ക്രി.പി. എട്ടാം നൂറ്റാണ്ടില്‍, പാണ്ഡ്യരാജാവായിരുന്ന പരാന്തകന്‍ നെടുംജടൈയന്‍, ഒരു ബ്രാഹ്മണനു നഷ്ടപ്പെട്ടു പോയ ഭൂമി തിരിച്ചു കൊടുക്കന്നതാണു ചെമ്പോലയിലെ വിഷയം. (പത്തു ചെമ്പോലകളിലായി എഴുതപ്പെട്ട ശാസനം സായ്പ്‌ കടത്തി. ഇപ്പോള്‍ ലണ്ടനിലെ പുരാവസ്തുവകുപ്പിന്റെ ശേഖരത്തിലാണ്). നെടുംജടൈയന്‍, നെടുംചടൈയന്‍, നെടുംശടൈയന്‍ എന്നൊക്കെ രാജാവിന്റെ പേരു തമിഴില്‍ എഴുതാറുണ്ട്. തമിഴര്‍ ‘ജ’, ‘ച’, ‘ശ’ ഇതൊക്കെ ഒരുപോലെ ഉച്ചാരണത്തില്‍ കൊണ്ടുവരാറുണ്ട്. രാജ, രാശ ആകും. അരചന്‍, അരശന്‍ ആകും. ‘ശ’, ‘ച’ ഇവയ്ക്ക് ഒരക്ഷമേയുള്ളൂ തമിഴില്‍. അവയുടെ ഉച്ചാരണം മാറി മാറി വരാറുണ്ട്. ശിവഭക്തരായിരുന്നു പാണ്ഡ്യരാജന്മാര്‍. പലരും ‘ശിവനാമ’ക്കാരായിരുന്നു. നെടുംജടൈയന്റെ ഒരു പൂര്‍വ്വികന്‍ നെടുംകോന്‍ ആയിരുന്നു. ‘നെടും’ എന്ന വാക്കിനു വലിയ/നീണ്ട എന്നര്‍ത്ഥം. കോന്‍, ദേവനും. ‘നെടുംകോന്‍’, മഹാദേവന്‍ (ശിവന്‍) ആണ്.  വേറൊരാള്‍ മുതുക്കുടുമി പെരുവാളുടി. കുടുമിത്തേവര്‍ കാളഹസ്തിമലയിലെ ശിവനാണ്. ജടൈയന്‍ എന്നാല്‍ ജടയുള്ളവന്‍ - അതായതു ശിവന്‍. നെടുംജടൈയന്‍ അഥവാ നെടുംചടൈയന്‍ എന്ന പേരിനും അര്‍ത്ഥം പരമശിവന്‍ എന്നു തന്നെ. മദിരാശി സര്‍വ്വകലാശാലയുടെ തമിഴ് ലെക്സിക്കനില്‍ ‘ചടൈയന്‍’ എന്ന വാക്കിനു ശിവന്‍ എന്നര്‍ത്ഥം കൊടുത്തിരിയ്ക്കുന്നു. തമിഴരുടെ, ശിവഭക്തരായ അറുപത്തിമൂന്നു നായനാര്‍മാരില്‍ അറുപത്തിരണ്ടാമന്‍ ഒരു ച(ശ)ടൈയന്‍ നായനാര്‍ ആയിരുന്നു. ക്രി.പി. ഏഴാം നൂറ്റാണ്ടില്‍ ആയിരുന്നു ഇദ്ദേഹം ജീവിച്ചിരുന്നത്. മലയാളത്തില്‍ ‘ചടൈയന്‍’ എന്നതു  ‘ചടയന്‍’ എന്നാണെഴുതിയിരുന്നത്. തമിഴിലെ ‘പടൈ` മലയാളത്തില്‍ ‘പട’ ആകുന്നതു പോലെ.  (തമിഴിന്റെ -അല്ലെങ്കില്‍ ആദിദ്രാവിഡഭാഷയുടെ - സ്വാധീനം കാരണം ‘ജടയന്‍’ എന്ന ശുദ്ധരൂപം നമ്മുടെ പൂര്‍വ്വികര്‍ ഉപയോഗിച്ചില്ല). ‘ചടയന്‍’ എന്ന വാക്കിനു മലയാളത്തില്‍ നല്‍കിയിട്ടുള്ള ‘ക്ഷീണിതനും അവശനും ആയവന്‍’ എന്ന മറ്റൊരര്‍ത്ഥം ഭിക്ഷുവേഷത്തില്‍, ചുടലഭസ്മവും മരവുരിയും ധരിച്ചു നടക്കുന്ന ശ്മശാനവാസിയായ ശിവനില്‍ നിന്നും രൂപപ്പെടുത്തിയതു തന്നെ. (ചടയപ്പുല്ല് എന്നൊരു വക പുല്ലും ഒരു ആയുര്‍വ്വേദസസ്യവും ഉണ്ട്. ഇതും ‘ജടയ’നില്‍ നിന്നും ‘കിളുര്‍ത്ത’ പേരുകള്‍ തന്നെയാവണം. ശിവന്‍ ‘വൈദ്യനാഥന്‍’ കൂടിയാണല്ലോ).

തമിഴ്‌നാട്ടില്‍ ഇപ്പോഴും ‘ശടയന്‍’ എന്നു പേരുള്ളവര്‍ ഉണ്ട്. ആ വാക്കു ചേര്‍ത്തുള്ള സ്ഥലനാമങ്ങളും ഉണ്ട്. പഴയ കാലത്തും ആധുനികകാലത്തും കേരളത്തില്‍  ‘ചടയന്‍’ എന്ന വാക്കിന്റെ പ്രയോഗം കാണാം. അതിനൊക്കെ ജടയന്‍ അഥവാ ശിവന്‍ എന്ന അര്‍ത്ഥമാണുള്ളത്.  ‘ചടയന്‍’ എന്നൊരു ആയ് രാജാവു ക്രി.പി. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു. (ഏതാണ്ടു നാഗര്‍കോവില്‍ മുതല്‍ തിരുവല്ലയ്ക്കു തെക്കുള്ള പമ്പാനദിവരെയായിരുന്നു ആയ് രാജ്യം). ആധുനികകാലത്തെ രാഷ്ട്രീയനേതാക്കളുടെ പേരുകളില്‍ ഒരു ചടയന്‍ ഗോവിന്ദനും ഉണ്ട്.

ചടയമംഗലം എന്ന പേരിനു കാരണം ജടായു അല്ല എന്നു വ്യക്തം. രാമായണവുമായി അതിന് ഒരു ബന്ധവുമില്ല. യഥാര്‍ത്ഥത്തില്‍ അതു ജടയമംഗലം ആണ്. പഴയ വാമൊഴി പ്രകാരം, അതു ‘ചടയമംഗലം’ ആയി. ‘ശിവമംഗലം’ എന്നു പേരിട്ടിരുന്നെങ്കില്‍ സ്ഥലനാമം ഇത്ര കുഴക്കില്ലായിരുന്നു. ‘ജടയപ്പാറ’യാണു ‘ചടയപ്പാറ’. ഇതിനു കാരണക്കാരനായ ചടയന്‍ (ശിവന്‍) എവിടെ നിന്നു വന്നു? സ്ഥലത്തെ പ്രധാനക്ഷേത്രത്തില്‍ ഒതുങ്ങിക്കഴിയുന്നു ശിവന്‍ എന്ന ചടയന്‍! പാറമുകളില്‍ പ്രതിഷ്ഠിയ്ക്കപ്പെട്ട ശ്രീരാമനോടും ടൂറിസക്കാര്‍ പണിത ജടായുവിനോടും ക്ഷേത്രമൂര്‍ത്തിയായ ‘ചടയ’ന് അസൂയയൊന്നും ഉണ്ടാവില്ല. ‘സര്‍വ്വം ശിവമയം’ – പിന്നെ ‘ഠ’ വട്ടത്തിനു വേണ്ടി എന്തിനു പ്രശ്നമുണ്ടാക്കണം? അതു മാത്രമല്ല, പേരെങ്ങനെയൊക്കെ മാറിമറിഞ്ഞാലും, ജനത്തിനറിവില്ലെങ്കിലും, സ്ഥലം ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ തന്നെ അറിയപ്പെടുന്നുണ്ടല്ലോ! സ്ഥലവാസികള്‍ സ്വന്തം ഗ്രാമത്തെപ്പറ്റിയും ശിവക്ഷേത്രത്തിനെപ്പറ്റിയും  കൂടുതല്‍ പഠനം നടത്തണം. തൊട്ടടുത്തുള്ള കൊട്ടാരക്കരയേക്കാള്‍ പുരാതനവും സമ്പന്നവുമായ ഒരു ചരിത്രം ഗ്രാമത്തിനുണ്ടെന്ന് ഊഹിയ്ക്കേണ്ടിയിരിയ്ക്കുന്നു. കൂടുതല്‍ ഐതിഹ്യങ്ങള്‍ സൃഷ്ടിയ്ക്കാതെ ‘ജടയമംഗലം’, വാമൊഴിയിലെ  ‘ചടയമംഗലം’ ആയെങ്കിലും നിലനിര്‍ത്തുകയും വേണം. ജടായുവിനെ നിര്‍മ്മിച്ച അനുഗൃഹീതശില്പികളോടും പ്രസ്തുതസ്ഥലം വിനോദയാത്രാകേന്ദ്രമാക്കാന്‍ അഭിനന്ദനീയമാംവണ്ണം ശ്രമിച്ച സംരംഭകരോടുമുള്ള ആദരവു നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ, വാസ്തവത്തില്‍, മലയാളിയുടെ അജ്ഞതയുടെ പ്രതീകമാണു പാറമുകളിലെ രാമപ്രതിഷ്ഠയും ജടായുപ്രതിമയും.

ആലുവായ്ക്കടുത്ത ഉളിയന്നൂര്‍, പെരുന്തച്ചന്റെ നാടാണത്രെ. ‘ഉളിയന്‍’ പെരുന്തച്ചനാണു പോലും. ഒരു കുളം പണിയാന്‍ തീരുമാനിച്ച നാട്ടുകാര്‍ക്കിടയില്‍ വട്ടക്കുളം വേണോ ചതുരക്കുളം വേണോ എന്നു തര്‍ക്കമുണ്ടായി. അപ്പോള്‍ അവിടെയെത്തിയ പെരുന്തച്ചന്‍ രണ്ടു കൂട്ടരെയും തൃപ്തിപ്പെടുത്താന്‍ വിചിത്രമായ ഒരു കുളം തീര്‍ത്തു. കുളത്തിന്റെ ചില വശങ്ങളിലിറങ്ങിയാല്‍ അതു വട്ടവും മറ്റു ചില വശങ്ങളില്‍ ഇറങ്ങിയാല്‍ അതു ചതുരവും ആണെന്നു തോന്നുമായിരുന്നു. ഇങ്ങനെ പോകുന്നു ഐതിഹ്യം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ എറണാകുളം-ആലുവാ  റെയില്‍പ്പാത പണിഞ്ഞപ്പോള്‍ കുളം നികത്തപ്പെട്ടുപോയി എന്നു വാദിയ്ക്കുന്നു. ഒരു തച്ചന്റെ കയ്യില്‍ ഉളി കാണും. അതു കാരണം അയാളെ ‘ഉളിയന്‍’ എന്നു വിളിയ്ക്കാറില്ല. അധികം ജനവാസമില്ലാത്ത, അതിപ്രാചീനമായിരുന്ന ഒരു കാട്ടുപ്രദേശമായിരുന്നു അവിടം എന്നനുമനിച്ചാല്‍ തെറ്റില്ല. പണ്ടു കേരളം മുഴുവന്‍ അങ്ങനെയൊക്കെത്തന്നെയായിരുന്നു. ഉളിയന്നൂരിലും വന്യമൃഗങ്ങള്‍ ഉണ്ടായിരുന്നതു സ്വാഭാവികം. കരടി എന്നതിന്റെ പ്രാചീനപര്യായമാണ് ‘ഉളിയന്‍’ (ഉളിയം). കരടിയുടെ സാന്നിദ്ധ്യം സ്ഥലപ്പേരിനു കാരണമായി. ആധുനികമലയാളിയ്ക്ക് അര്‍ത്ഥം പിടികിട്ടാതെ വന്നപ്പോള്‍ പെരുന്തച്ചന്റെ പേരിലാക്കി തടിതപ്പി. അങ്ങനെ മരപ്പണിക്കാരനായിരുന്ന പെരുന്തച്ചനെ ഐതിഹ്യം വഴി കല്‍പ്പണിക്കാരനുമാക്കി. തര്‍ക്കിക്കാമല്ലോ - ‘പെരുന്തച്ചന് എല്ലാ പണികളും അറിയാമായിരുന്നു’. അതും സ്വീകാര്യമല്ലെങ്കില്‍ ‘കുളം’ ‘ഡിസൈന്‍’ ചെയ്തതു പെരുന്തച്ചനായിരുന്നു എന്നെങ്കിലും വാദിക്കാം. ധാരാളം കുളങ്ങളുണ്ടായിരുന്ന തീരപ്രദേശത്തു റെയില്‍പ്പാളമിട്ടപ്പോള്‍ പല കുളങ്ങളും നികത്തപ്പെട്ടു കാണും. ഐതിഹ്യത്തിലെ ‘കുള’വും  അങ്ങനെ നഷ്ടപ്പെട്ടു! എല്ലാത്തിനും ഒരു കാരണം വേണമല്ലോ. (‘ഉഴിയന്‍’ എന്നൊരു തമിഴ് വാക്കുണ്ട്. ‘പണിക്കാരന്‍’ എന്നര്‍ത്ഥം. സ്ഥലനാമങ്ങളില്‍ ഈ വാക്കു കടന്നു വന്നിട്ടില്ല എന്നു തോന്നുന്നു).

തിരുവല്ലയ്ക്കടുത്ത ആലംതുരുത്തി യഥാര്‍ത്ഥത്തില്‍ ആലംതുരുത്ത് എന്ന പഴയ വാക്കില്‍ നിന്നും ഉണ്ടായതാണ്. ആണ്. ഇത് ആലുംതുരുത്തിയല്ല. തുരുത്തിയില്‍ ലോപിച്ചു തുരുത്തി ആയി എന്നും കരുതാം. തുരുത്തി തമിഴിലും മലയാളത്തിലും ഉണ്ട്. ആലം, ആലുവായിലെ പോലെ ജലം തന്നെ. വെള്ളത്തിനു നടുക്കുള്ള ചെറിയ ദ്വീപ്‌. നെല്പാടങ്ങള്‍ വരുന്നതിനു മുമ്പ് ആ ഭാഗം കടലില്‍ നിന്നു വളരെ അകലെയായിരുന്നില്ല. തുരുത്തുകള്‍ പലതും അക്കാലത്തുണ്ടായവ തന്നെ. ഐതിഹ്യകാരന്മാര്‍ പേരാലുമായോ അരയാലുമായോ ബന്ധപ്പെടുത്താതിരുന്നാല്‍ മതി. (പുതിയ മലയാളത്തില്‍ വീണ്ടും നമ്മള്‍ തുരുത്ത് തിരികെ കൊണ്ടുവന്നു. മണ്‍റോത്തുരുത്ത്, മണ്‍റോത്തുരുത്തിയായില്ല. ഇത് ഒറ്റവാക്കായി ഉപയോഗിയ്ക്കണം. മണ്‍റോ തുരുത്ത് എന്നു രണ്ടാക്കി എഴുതുന്നതു തെറ്റാണ്). ആലം എന്ന വാക്കിനു മഴ എന്നും അര്‍ത്ഥമുണ്ടായിരുന്നു. മഴക്കാറില്‍ നിന്നു വീഴുന്ന ആലിപ്പഴം പഴയ മലയാളത്തില്‍ ആലപ്പഴം ആയിരുന്നിരിയ്ക്കണം. എന്നാല്‍, ആലി എന്ന വാക്കു തമിഴിലും പഴയ മലയാളത്തിലും എത്തിയിട്ടുണ്ട്. അതു പ്രാചീനദ്രാവിഡഭാഷയില്‍ നിന്നു തന്നെ ആവണം. ആലിപ്പഴം പ്രചാരത്തില്‍ വന്നത് അങ്ങനെയാണ്. ആലങ്കോട്, ആലക്കോട്, ആലങ്ങാട്, ആലപ്പാട്, ആലത്തൂര്‍ തുടങ്ങിയ ധാരാളം വാക്കുകള്‍ മലയാളത്തിലുണ്ട്. ഇവയിലൊന്നിലും ആലും എന്ന വാക്കില്ല എന്നതു ശ്രദ്ധേയമാണ്. ആലത്തിനു കടല്‍, നഞ്ച്, ആകാശം, കലപ്പ എന്നിങ്ങനെയും അര്‍ത്ഥങ്ങളുണ്ട്. ശ്രീ ചട്ടമ്പി സ്വാമികളും ആലുവാ, ആലപ്പുഴ എന്നീ വാക്കുകള്‍ വെള്ളവുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങളാണെന്നു നിരീക്ഷിച്ചിട്ടുണ്ട്.

'ആതന്‍-തുരുത്തി'യാണ് ആലംതുരുത്തിയായതു എന്നതും പരിഗണനാര്‍ഹമാണ്. 'ആതന്‍' ഒരു വ്യക്തിനാമമായിരുന്നു. കൂടാതെ, 'അര്‍ഹത:' (ബുദ്ധസംന്യാസി) എന്ന സംസ്കൃതവാക്കിന്റെ തദ്ഭവമാണ് 'ആതന്‍'. ഈ സ്ഥലം ബുദ്ധമതച്ചേരി ആയിരുന്നിരിയ്ക്കാം.

‘വല്ലം’ എന്ന വാക്കിനും ‘ജലം’ എന്നാണര്‍ത്ഥം. ഇന്നത്തെ തിരുവല്ലയുടെ പഴയ പേരു ‘വല്ലവായ് ’ എന്നായിരുന്നു. ‘തിരുവല്ലവാ’യിലെ ‘വാ’യും കടത്തുവഴി തന്നെ. സ്ഥലത്തെ ക്ഷേത്രമൂര്‍ത്തിയായ വല്ലഭനും സ്ഥലനാമവുമായി ബന്ധമില്ല – ‘തിരു’ എന്നതു ചേര്‍ത്തതൊഴിച്ചാല്‍. മണിമലയാര്‍ തിരുവല്ല വഴി ഒഴുകുന്നുണ്ട്. ഇവിടെയും പേരിനു നിദാനം മണിമലയാറ്റിലേയ്ക്കുള്ള കടത്തുവഴി തന്നെ.  ‘വല്ലാര്‍’ (വല്ല+ആറ്) എന്നതു ‘ആലപ്പുഴ’യുടെ മറ്റൊരു രൂപമാണ്. എറണാകുളത്തിനടുത്ത വൈപ്പിന്‍കരയിലെ ‘വല്ലാര്‍പാടം’, ജലസാമീപ്യമുള്ള സ്ഥലം എന്ന അര്‍ത്ഥത്തില്‍ ഉണ്ടായ പേരാണ്. പാടം കൃഷിസ്ഥലം തന്നെ. ആറിനു ‘കര’ എന്നും അര്‍ത്ഥമുണ്ട്.

ക്രി.പി. 1341-ലെ പ്രകൃതിക്ഷോഭത്തില്‍ ഉണ്ടായതാണു വൈപ്പിന്‍കര (കടല്‍വെയ്പായ കര) എങ്കില്‍ അന്നും പഴയമലയാളം തന്നെ സ്ഥലനാമകരണത്തിനു സാധാരണക്കാര്‍ ഉപയോഗിച്ചിരുന്നു എന്നു കരുതേണ്ടിയിരിയ്ക്കുന്നു. വൈപ്പിന്‍/വെയ്പിന്‍ എന്നു മാത്രം എഴുതിയാല്‍ അര്‍ത്ഥം ‘(കടല്‍)വെയ്പിനാല്‍ ഉണ്ടായ’ എന്ന വിശേഷണമാകും. നാമമാവില്ല. പിന്നില്‍ ‘കര’ ചേര്‍ക്കണം. അപ്പോള്‍ സ്ഥലപ്പേരു വെയ്പിന്‍കര/വൈപ്പിന്‍കര എന്ന ഒറ്റവാക്കാകും. ‘(കടല്‍)വെയ്പിനാല്‍ ഉണ്ടായ കര’ എന്നര്‍ത്ഥം കിട്ടുന്നു. ‘വെയ്പ്’ എന്നതിനു പകരം പ്രാചീനമലയാളത്തില്‍ ‘വൈപ്പ്’ എന്ന വികലപദം ഉപയോഗിച്ചിരുന്നു. അങ്ങനെയാവാം ‘വൈ’പ്പിന്‍ ആയത്. വെയ്പ്/വയ്പ്  എന്നീ വാക്കുകള്‍ക്കു തീരം എന്നും അര്‍ത്ഥമുണ്ട്. (‘വൈക്കം’ അന്യത്ര ചേര്‍ത്തിട്ടുണ്ട്).

‘ചേറ്റുവാ’ പലപ്പോഴും ‘ചേറ്റുവ’ ആകാറുണ്ട്. പ്രാചീനമലയാളത്തില്‍ ‘ചേര്‍’ എന്ന വാക്കിനു വെള്ളം എന്നും അര്‍ത്ഥമുണ്ട്. ‘ആലുവാ’ തന്നെ ‘ചേറ്റുവാ’യും. ചേര്‍ത്തലയിലെ ‘ചേറും’ വെള്ളം തന്നെ. തല, ‘സ്ഥല’ത്തിന്റെ ദ്രാവിഡരൂപവും.

ചേര്‍പ്പിനു  പഴയ തമിഴില്‍ സ്ഥലം (Place), കടല്‍ത്തീരം (shore) എന്നര്‍ത്ഥം. ഒരു പക്ഷെ, ചേര്‍+പ്പൂ എന്നാണെങ്കില്‍ ചേറുള്ള ഭൂമി എന്നു വരും (പൂ=ഭൂമി). അതു തന്നെയായിരിയ്ക്കണം പ്രാചീനമലയാളത്തിലും അര്‍ത്ഥം. അയ്യപ്പക്ഷേത്രമുള്ള സ്ഥലമാണു പാലക്കാട്ടു ജില്ലയിലെ ചേര്‍പ്പുളശ്ശേരി. അതിനായാലായിരിയ്ക്കാം ‘ചെറുപിള്ളശ്ശേരി’ വാമൊഴിയില്‍ ചേര്‍പ്പുളശ്ശേരി ആയതെന്നു നാട്ടുകാര്‍ വാദിയ്ക്കുന്നത്. ഭാരതപ്പുഴ പത്തു-പന്ത്രണ്ടു മൈല്‍ തെക്കാണ്. പുഴയുടെ തീരം പോലുമില്ല. ‘ഉള’ (തമിഴിലെ ‘ഉളൈ’) ചെളി, ചതുപ്പ് (mud, mire) എന്ന അര്‍ത്ഥത്തിലാണ്. ഇന്നത്തെ ഭൂപ്രകൃതി അനുസരിച്ചു ചെര്‍പ്പുളശ്ശേരിയ്ക്ക് ഇതു ചേരുമോ ആവോ? ഏതാണ്ടു ഒന്നര-രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുള്ള സ്ഥിതി ഇന്നത്തേതു മാതിരി ആയിരുന്നില്ലെന്നോര്‍ക്കുക. ‘ചതുപ്പുനിലമുള്ള സ്ഥലത്തെ ചേരി’ (കുടിപാര്‍ക്കുന്ന സ്ഥലം) എന്ന അര്‍ത്ഥമേ ഭാഷയില്‍ നിന്നു കിട്ടുന്നുള്ളൂ.

കോട്ടയത്തെ ഒളശ്ശ, ‘ഉളശ്ശ’ ആണെന്നു മുതിര്‍ന്നവര്‍ പറയുന്നു. ‘ചങ്ങനാശ്ശേരി 99’ (എഡി: ഡോ. സ്കറിയ സക്കറിയ) എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിയ്ക്കപ്പെട്ട ഒരു രേഖയിലും ‘ഉളശ്ശ’ എന്നാണു കാണുന്നത്. ‘ഉള’യുടെ അര്‍ത്ഥം ചള്ള, ചെളി, ചതുപ്പ് ഇവയാണെന്നു മുമ്പു സൂചിപ്പിച്ചുവല്ലോ. ‘ശ്ശ’ ആണു കീറാമുട്ടി. ‘ഉളച്ചല്‍’, ‘ഉളശ്ശല്‍’, ‘ഉളശ്ശ’ എന്നീ ക്രമത്തില്‍ ഉച്ചാരണം രൂപാന്തരപ്പെട്ടതാവാം.

കടല്‍ത്തീരം എന്ന അര്‍ത്ഥമല്ല, വെറും ‘തീരം’ എന്ന അര്‍ത്ഥമാണു തൃശൂരിനു തെക്കുള്ള ചേര്‍പ്പിനും ഏറ്റുമാനൂരിനു കിഴക്കുള്ള ചേര്‍പ്പുങ്കലിനും ചേരുക. ചേര്‍പ്പിലെ പെരുവനവും ആറാട്ടുപുഴയും പൂരങ്ങള്‍ക്കു പ്രസിദ്ധം. കരുവണ്ണൂര്‍പ്പുഴയുടെ തീരം. ഹിന്ദുമതവും പൂരങ്ങളും എത്തുന്നതിനു മുന്‍പ് ‘ചേര്‍പ്പ്’എന്നു പേരിട്ടതു പുഴയുടെ തീരമായതുകൊണ്ടാണ്. ചേര്‍പ്പുങ്കല്‍ മീനച്ചിലാറിന്റെ തീരത്താണ്. പുഴയുടെ തീരത്തുള്ള സ്ഥലം.

ആറ്റുവാ, തോട്ടുവാ എന്നീ പ്രദേശങ്ങളുടെ പേരുകള്‍ നിലനില്‍ക്കുന്നുണ്ട്. ‘വാ’പ്രയോഗം ആലുവായ്ക്കു തെക്കുമുണ്ട്. ഉദാ: കുട്ടനാട്ടിലെ, എടത്വ. ശരിയായ വാക്ക് ഇടത്തുവാ ആണ്.  ഇടം എന്നാല്‍ പ്രദേശം/സ്ഥലം/പറമ്പ്. നദികള്‍/തോടുകള്‍ ഇവയ്ക്കിടയിലുള്ള സ്ഥലം എന്നും അര്‍ത്ഥം. അതാണ്‌ ‘ഇടത്തുവാ’യ്ക്കു യോജിച്ചത്. വേണാടിന്റെ വടക്കന്‍ അതിര്‍ത്തിയായിരുന്ന ഇടവാ (ഇടയ്ക്കുള്ള സ്ഥലത്തെ കടത്തുവഴി എന്നും വ്യാഖ്യാനിയ്ക്കാം. കടലിനും കായലിനും ഇടയ്ക്കുള്ള പ്രദേശം) കടത്തുസംവിധാനത്തെ സൂചിപ്പിയ്ക്കുന്ന സ്ഥലനാമമാവണം. ‘എടത്വാ’യിലും ‘ദീര്‍ഘം’ അപ്രത്യക്ഷമായി ‘എടത്വ’ ആയി. ‘ഇടവാ’ രക്ഷപ്പെട്ടു നില്‍ക്കുന്നു. ഭാരതപ്പുഴയുടെ തീരത്തുള്ള ‘തിരുനാവായ’യും. ശ്രീ ടി.ജെ. ജോസഫ്‌  എഴുതിയ ‘മലങ്കരനസ്രാണികളുടെ നാലു ചെപ്പേടുകള്‍’ (1925) എന്ന ഗ്രന്ഥത്തില്‍ നാവായ് എന്നതിനു ‘കപ്പല്‍’ എന്ന അര്‍ത്ഥമാണു കൊടുത്തിരിയ്ക്കുന്നത്. വഞ്ചി, കപ്പല്‍ എന്നൊക്കെത്തന്നെ തമിഴില്‍. വഞ്ചിക്കടവ് എന്ന അര്‍ത്ഥത്തില്‍ ആയിരിയ്ക്കണം ഈ പേര്‍ വന്നത്. എങ്കില്‍ സ്ഥലനാമം കുറച്ചുകൂടി നീണ്ടതായിരുന്നിരിയ്ക്കണം. ‘നാ’ എന്നാല്‍ ‘നടുഭാഗം’ എന്നും അര്‍ത്ഥമുണ്ട്. ഒരു കരയുടെ നടുക്കുള്ള കടത്തുവഴി അല്ലെങ്കില്‍ സ്ഥലം എന്നും അര്‍ത്ഥം ആകാം. പണ്ടു ഭൂമിയുടെ കിടപ്പ് ആ വാക്കിനു ചേര്‍ന്ന തരത്തില്‍ ആയിരുന്നിരിയ്ക്കാം. പഴയ  വാമൊഴിയുടെ കളിയില്‍ കടത്തുവഴിനാട് അല്ലെങ്കില്‍ കടത്തുവാനാടു ചുരുങ്ങി പണ്ടു തന്നെ കടത്തനാട് ആയി. തിരുവല്ലയ്ക്കു പടിഞ്ഞാറു നിരണത്തിനടുത്തുള്ള ‘നാക്കിട’യും രണ്ടു പുഴകള്‍ക്കിടയിലാണ്. ‘നെല്‍ക്കിണ്ട’ എന്നു ഗ്രീക്ക് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചത്  ഈ സ്ഥലത്തെയാണെന്നു ചിലര്‍ കരുതുന്നു. തിരുവനന്തപുരം ജില്ലയില്‍ ‘നാവായിക്കുളം’ (ചിറയിന്‍കീഴ്) ഉണ്ട്. ‘വേദാദികള്‍ പഠിപ്പിയ്ക്കുന്ന സ്ഥലം എന്നാണു ‘നാവായ’ എന്നതിന്റെ പൊരുള്‍ എന്നു ‘വിക്കിപീഡിയ’യില്‍ കാണുന്നു. ഇതു തെറ്റാണ്. വാ, വായ്‌, വായ (കടത്തുവഴി) എന്നീ മൂന്നു പദങ്ങള്‍ ഈ വാക്കിന്റെ അന്ത്യത്തില്‍ ഉപയോഗിയ്ക്കാം. ‘നാവായി’ എന്ന പ്രയോഗം തെറ്റാണ്. നാവായ്ക്കുളം ശങ്കരനാരായണക്ഷേത്രത്തിന്‍റെയടുത്തുള്ള ‘വലിയകുളം’ ആണ് ഈ പേരിനു നിദാനം. ഒരു കാലത്ത് ഇന്നു കാണുന്നതിലും കൂടുതല്‍ വലിപ്പം ഉണ്ടായിരുന്നിരിയ്ക്കണം. കുളത്തിലേക്കു തള്ളി നിന്ന ഭാഗവും ഉണ്ടായിരുന്നിരിയ്ക്കണം. അപ്പോള്‍ ‘നാവായ്’ എന്ന അര്‍ത്ഥം കിട്ടുന്നു. ഇന്ന്‍ അതു ചതുരക്കുളമായി മാറിയിരിയ്ക്കുന്നു.

എന്റെ ഗ്രാമത്തില്‍ (കവിയൂര്‍) മഹാദേവക്ഷേത്രത്തിനു സമീപം ‘നായ്ക്കുഴി’ എന്നൊരു പറമ്പുണ്ട്. ഇവിടെ ശിവരാത്രിനാളില്‍ വാണിഭം ഉണ്ടായിരുന്നു എന്നു പറയുന്നു. അക്കൂട്ടത്തില്‍ നായ്ക്കുട്ടികളെയും വില്‍ക്കാന്‍ വയ്ക്കുമായിരുന്നു പോല്‍. കീഴ്ജാതിക്കാരായിരുന്നത്രെ വാണിഭക്കാര്‍. ഇതെല്ലാം കള്ളക്കഥകളാണ്. നായ്ക്കുഴി ഒരു അമ്പലവാസിയുടെ വീടിനോടു ചേര്‍ന്നാണ്. തൊട്ടുമുന്നിലുള്ള ക്ഷേത്രപാതയില്‍ വഴിവാണിഭക്കാര്‍ കച്ചവടം നടത്തിയിരുന്നു എന്നു ചിലര്‍ പറയുന്നു. ‘തീണ്ടല്‍’ കൊടികുത്തി വാണിരുന്ന സമയത്ത് ക്ഷേത്രത്തോടു ചേര്‍ന്ന്‍ ഇങ്ങനെയൊരു സൗകര്യം നല്‍കിയിരുന്നു എന്നു വിചാരിയ്ക്കുന്നതു വിഡ്ഢിത്തരമാണ്. പില്‍ക്കാലങ്ങളില്‍ ഇവിടെ പാതവക്കില്‍ വാണിഭക്കാര്‍ വിശേഷദിവസങ്ങളിലും ഉത്സവത്തിനും എത്തുമായിരുന്നു. ‘നായ്ക്കുഴി’ എന്ന പേരില്‍ നിന്നാണു കഥകള്‍ ഉണ്ടായത്. ഉയര്‍ന്ന രണ്ടു പുരയിടങ്ങള്‍ക്കിടയിലുള്ള താണ പ്രദേശമാണു നായ്ക്കുഴി. ‘നാ’ = നടുക്കുള്ളത്. ‘നാക്കുഴി’ എന്നാല്‍ ഇടയ്ക്കുള്ള കുഴി. അര്‍ത്ഥം പിടി കിട്ടാതെ നാട്ടുകാര്‍ അതിനെ ‘നായ്-ക്കുഴി’യാക്കി. ‘നാക്കുഴി’ അങ്ങനെ ‘നായ്-ക്കുഴി’ ആയി. ‘നായ് ’  വന്നപ്പോള്‍ പട്ടിക്കച്ചവടത്തിന്റെ കഥ തീര്‍ത്തു. സവര്‍ണ്ണര്‍ കച്ചവടം ചെയ്തിരുന്നില്ല എന്നതിനാല്‍ ‘പട്ടിക്കച്ചവടക്കാര്‍’ കീഴ് ജാതിക്കാരായി.

ഏറനാട് എന്ന പ്രദേശത്തിന്റെ പേര് ‘ഏര്‍’ (കൃഷി) എന്ന വാക്കില്‍ നിന്നാണ്. ഇതിനു കലപ്പ എന്നും തമിഴില്‍ അര്‍ത്ഥമുണ്ട്. ക്രി.പി. 1341-ലെ കടല്‍ക്ഷോഭം കേരളത്തിന്റെ തീരദേശഭൂപടം അമ്പേ മാറ്റി. എറണാകുളത്തു ശിലായുഗം മുതല്‍ ആള്‍ത്താമസം ഉണ്ടായിരുന്നു എന്നു ചരിത്രപണ്ഡിതര്‍ പറയുന്നു. ചെറിയ ജലാശയത്തിനു സമീപമുള്ള ചേരിയില്‍. പിന്നീടു ഭാഷ വളര്‍ന്നപ്പോള്‍, കൃഷി ഒരു ഉപജീവനം ആയപ്പോള്‍, ‘ഏര്‍-നാ-കുളം’ എന്ന പേരിനാല്‍ അറിയപ്പെട്ടു കാണും. ജലാശയത്തിനോടു ചേര്‍ന്ന കര. ‘ഏറ-നാ-കുളം’ വാമൊഴിയില്‍ എറണാകുളം ആയതാവും. ഇതൊക്കെ ഭാഷയെ അടിസ്ഥാനമാക്കിയുള്ള ഊഹങ്ങളാണ്. തമിഴില്‍ ഏറങ്കാട്, കൃഷിയില്ലാത്ത ഭൂമിയാണ്‌. ‘ഏറാനര്‍’, കൃഷിക്കാരനാണ്. ‘ഏറാണ്‍മൈ’, ഉഴവുപണിയാണ്.

തമിഴ്‌നാട്ടില്‍ ‘എറണാവൂര്‍’ എന്ന സ്ഥലങ്ങള്‍ വടക്കന്‍ ചെന്നൈയിലെ കോര്‍ത്തലയാര്‍ തീരത്തും  തിരുവള്ളൂര്‍ ജില്ലയിലും ഉണ്ട്. തിരുവള്ളൂര്‍ ജില്ലയില്‍ ആറുകളും ജലാശയങ്ങളും ഉണ്ട്. (ചെറിയ ഗ്രാമം ആയതിനാല്‍ ഭൂപടങ്ങളില്‍ ഈ ഗ്രാമത്തിന്റെ പേരില്ല). ചെന്നൈയിലെ എറണാവൂര്‍, എണ്ണൂര്‍ (Ennore) എന്ന സ്ഥലത്തിനടുത്താണ്. എറണാവൂരിനെ സായ്പ്‌ എണ്ണൂര്‍ ആക്കിയതാണോ എന്നറിയില്ല. തമിഴില്‍ ‘എറണ’ എന്ന വാക്കിന്റെ അര്‍ത്ഥം തെരഞ്ഞെങ്കിലും കിട്ടിയില്ല. നമ്മുടെ ‘എറണാകുള’വുമായുള്ള സാമ്യം ശ്രദ്ധേയമാണ്. മൂന്നും നദിയും ജലാശയസാമീപ്യവും ഉള്ള സ്ഥലങ്ങളാണ്.

ഇരൈനായര്‍, ഈറം (പതിച്ചു കിട്ടിയ ഭൂമി, ഈര്‍പ്പമുള്ള ഭൂമി)  എന്നീ വാക്കുകളുമായി ചേര്‍ത്തും ‘എറണാകുള’ത്തിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്. ക്രിസ്തുവിനു 3000 വര്‍ഷം മുമ്പു നമ്മുടെ പൂര്‍വ്വികര്‍ കുരുമുളകും മറ്റും ‘എക്സ്പോര്‍ട്ട്‌ ’ ചെയ്തിരുന്നത് ആംഗ്യഭാഷയുടെ സഹായത്തോടെ അല്ലായിരുന്നു എന്നത് ഒരു സത്യം. ഭാഷയുടെ പഴക്കം കണക്കാക്കുകില്‍ നായരും നമ്പ്യാരും ഉണ്ടാവുന്നതിനു മുമ്പു തന്നെ ‘എറണാകുളം’ എന്ന പേരുണ്ടായിരുന്നു എന്നതും ഒരു സത്യം. തമിഴില്‍ നിന്നുള്ള വ്യാഖ്യാനം ലഭ്യമായാല്‍ ഒരു പരിധി വരെ 'എറണ' യുടെ അര്‍ത്ഥം കണ്ടെത്താന്‍ അതു സഹായകമാവും.

‘തുറ’, തുറമുഖം അഥവാ വള്ളക്കടവുള്ള സ്ഥലമാണ്. വിത്തു സംഭരിച്ചു വയ്ക്കുന്ന സ്ഥലത്തെ കടവാണു ‘വിത്തുറ’. അതിനു മറ്റെന്തെങ്കിലും അര്‍ത്ഥം ഉണ്ടാവാന്‍ വഴിയില്ല. ‘കരി’ കുട്ടനാട്ടിലെ കരപ്രദേശമാണ്. ‘കരൈ’ എന്ന പ്രാചീനവാക്കു ‘കരി’യായതാവാം. ‘വിത്തുറക്കരി’ എന്ന സ്ഥലനാമം അങ്ങനെയുണ്ടായതാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ വാക്കിനെ നാട്ടുകാര്‍ ഒന്നു മിനുക്കി ‘മിത്രക്കരി’ എന്നാക്കി.

ചേര്‍, ആലം എന്നിവ പോലെ തന്നെ, വെള്ളത്തിനു ചങ്ങം, പായം, പുനല്‍, അയം, നാരം. ആരുവം, അരുവി എന്നീ വാക്കുകളും ഉപയോഗിച്ചിരുന്നു. ചിറയോ വലിയ കുളമോ നദിയുടെയോ തോടിന്റെയോ സാമീപ്യമോ ഉള്ള സ്ഥലങ്ങളാണ്  ഈ വാക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. ‘അരുവി’ എന്നതിനു മലഞ്ചരുവിലെ നീരൊഴുക്ക് എന്നും വെള്ളച്ചാട്ടം എന്നുമുണ്ട്. അരുവുക=പതുക്ക ഒഴുകുക. ഇപ്പോള്‍ മലയാളത്തില്‍ ഈ വാക്കു കാണാറില്ല. അരുവി സമതലത്തില്‍ എത്തുമ്പോള്‍ വെള്ളച്ചാല്‍ ആകും; അല്ലെങ്കില്‍ തോട്. അരുവിത്തുറ, അരുവിക്കര എന്നീ സ്ഥലങ്ങള്‍ കുന്നും മലയും തന്നെയാണു. അരുവക്കോട് എന്ന ഗ്രാമം മലപ്പുറം ജില്ലയില്‍ ആണ്.  ഒരു കാലത്ത് അഭിസാരികകളുടെ ഗ്രാമം എന്നൊരു കുപ്രസിദ്ധി ഉണ്ടായിരുന്നു. അതായിരിയ്ക്കാം ‘അരുവക്കോട് ’ എന്നറിയപ്പെടാന്‍ കാരണം (?). ‘അരുവ’ (അരുവയര്‍/അരുവയാര്‍ - ഇരുപതിനും ഇരുപത്തഞ്ചിനും ഇടയ്ക്കു പ്രായമുള്ള സ്ത്രീ) യുടെ അര്‍ത്ഥം സുന്ദരി എന്നാണ്. ഈ വാക്ക് ‘ഉണ്ണുനീലിസന്ദേശ’ത്തിലുണ്ട്. ‘അരുവ’ എന്ന വാക്കിനു ഡോ. ശൂരനാടു കുഞ്ഞന്‍പിള്ള ‘ഓമന’ (പ്രിയപ്പെട്ട) എന്ന അര്‍ത്ഥവും നല്‍കിയിട്ടുണ്ട്. (കേരളസര്‍വ്വകലാശാല ലെക്സിക്കന്‍). അരിവ എന്നും കണ്ടിട്ടുണ്ട്. അരുവര്‍/അരവര്‍ ഒരു പ്രാചീന ദ്രാവിഡഗോത്രമാണ്. അവര്‍ താമസിച്ചിരുന്ന സ്ഥലമാകാനാണു സാദ്ധ്യത. പത്തനംതിട്ട ജില്ലയില്‍ അരുവാപ്പുലം എന്ന പഞ്ചായത്തുണ്ട്.

തമിഴരുടെ ആരല്‍വായ്‌മൊഴി മലയാളിയ്ക്ക് ആരുവാമൊഴിയാണ്. തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലെത്താനുള്ള പഴയ മലമ്പാത (ചുരം) അവിടെയാണ്. ഇതു തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. ‘ആരുവാമൊഴി കടത്തുക’ എന്നു തമിഴ്‌നാട്ടിലേക്കുള്ള  നാടുകടത്തലിനു പറയുമായിരുന്നു. ചുരം പ്രാചീനകുടിയേറ്റത്തിനും വാണിജ്യത്തിനും ഉപയോഗിച്ചിരുന്നു. ‘ആരല്‍’, മണ്‍കോട്ട/മതില്‍ ആണ്. വായ്മൊഴി, സംസാരഭാഷയും. ഇത്ര അര്‍ത്ഥവൈകല്യം എങ്ങനെ വന്നു? തിരുവിതാംകൂറിന്റെ നിയന്ത്രണത്തില്‍ ആയിരുന്നെങ്കില്‍, മലയാളച്ചുവയുള്ള പദമല്ലേ വരേണ്ടത്? വേണാട്ടുരാജാവ് പണിത ഒരു കോട്ട അവിടെ ഉണ്ടായിരുന്നു. ചില അവശിഷ്ടങ്ങളും കാണാമത്രെ. ഇതും സംസാരഭാഷയും തമ്മില്‍ എന്തു ബന്ധം?

മലയാളത്തിലും ഇതു സങ്കീര്‍ണ്ണം തന്നെ.  ‘ആരുവം’ വെള്ളമാണ്. ‘മൂഴി’ ജലമൊഴുകിയെത്തുന്ന തൂമ്പാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍, ജലസ്രോതസ്സായ ചെറിയ ജലാശയവും ‘മൂഴി’ തന്നെ. അങ്ങനെ ആരുവം+മൂഴി = ‘ആരുവമ്മൂഴി’ (വാമൊഴിയില്‍, ഒരു പക്ഷെ, ആരുവമൂഴി) യായിരിയ്ക്കണം ഇന്ന് ‘ആരുവാമൊഴി’യായത്. ‘മൊഴി’ ഭാഷയാണ്‌. ഈ വാക്കില്‍ ഇന്നു ‘മൊഴി’ കടന്നുവരാന്‍ യാതൊരു സാദ്ധ്യതയും കാണുന്നില്ല. [അരവര്‍/അരുവര്‍ എന്നറിയപ്പെടുന്ന ഒരു പ്രാചീനഗോത്രം തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്നു. അരുവരെ ‘നാഗന്മാര്‍’ എന്നും വിളിച്ചിരുന്നത്രെ. ‘തമിഴ് ’ എന്നൊരു വാക്കു ദ്രാവിഡഭാഷയില്‍  ഇല്ലായിരുന്നെന്നും തമിഴ്‌നാടു യഥാര്‍ത്ഥത്തില്‍ ‘അരുവനാട്’ ആണെന്നും വാദങ്ങളുണ്ട്. ‘അരുവമൂഴി’, ‘ആരുവാമൂഴി’ ആയതാണോ? ‘ആരുവാമൊഴി’യുടെ കാര്യത്തില്‍ അത്രയും കടന്നു ചിന്തിക്കേണ്ട എന്നു തോന്നുന്നു. ഹ്രസ്വമായ ‘അ’ വാമൊഴിയില്‍ ദീര്‍ഘമായ ‘ആ’ ആവാന്‍ സാദ്ധ്യത വളരെ വിരളം]. വെള്ളമൊഴുക്ക് ഉണ്ടായിരുന്ന ഇടുങ്ങിയ മലമ്പാതയെ ആയിരിക്കാം ‘ആരുവാമൂഴി’ സൂചിപ്പിക്കുന്നത്. തമിഴര്‍ വരുത്തിയ ഉച്ചാരണമാറ്റം ആയിരിയ്ക്കാം പ്രശ്നം ഉണ്ടാക്കുന്നത്. കേരളത്തില്‍ ‘മൂഴി’യുള്ള പല സ്ഥലങ്ങളുമുണ്ട്: മൂഴിക്കുളം (ഗുരുവായൂരിനു കിഴക്ക്), മൂഴിക്കുളം (ആലുവായ്ക്കു വടക്ക്), മൂഴിക്കുളങ്ങര (നീണ്ടൂര്‍, കോട്ടയം), മൂഴിക്കടവ് (ആനിക്കാട്,പത്തനതിട്ട). മൂഴിയാര്‍ (സീതത്തോട്, പത്തനംതിട്ട), തണ്ണീര്‍ത്തോടുമൂഴി (കോന്നിയ്ക്കടുത്ത്, പത്തനംതിട്ട). തിരുവനന്തപുരം ജില്ലയിലെ പേയാടു പഞ്ചായത്തില്‍ മൂഴിനടയുണ്ട്. ആനാടു പഞ്ചായത്തില്‍ (നെടുമങ്ങാട്) താലൂക്കില്‍ ഒരു സ്ഥലത്തിന്റെ പേരു തന്നെ മൂഴി എന്നാണ്. ഇവയെല്ലാം  ജലമൊഴുകിയെത്തുന്ന തൂമ്പുകളോ ചെറിയ തോടുകളോ ജലാശയങ്ങളോ ഉള്ള സ്ഥലങ്ങളാണ്.

‘ചങ്ങ’നാട്ടുചേരിയെപ്പറ്റി ഈ ലേഖനത്തില്‍ മറ്റൊരിടത്തു വിശദമായി കൊടുത്തിട്ടുണ്ട്. പായപ്പാട് ജലത്തിനോടു ചേര്‍ന്ന സ്ഥലമാണ്. ഇതു സംസാരഭാഷയില്‍ ചുരുങ്ങിയാവണം പായിപ്പാട് എന്ന സ്ഥലനാമം ഉണ്ടായത്. തിരുവല്ലയ്ക്കടുത്ത പായിപ്പാടിനും ഹരിപ്പാടിനടുത്ത പായിപ്പാടിനും ഈ വ്യാഖ്യാനം യോജിയ്ക്കും. പായാര്‍’ എന്നതും ‘ആലപ്പുഴ’യ്ക്കു സമാനമായ വാക്കാണ്‌. ‘ആറു്’ സ്ഥലം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചാല്‍ പായാര്‍, ജലമുള്ള സ്ഥലമായി. പായപ്പുറ (പായപ്പുറം) ഇപ്പോള്‍ പായിപ്ര ആയി. പുനലൂര്‍ എന്ന വാക്കിലെ പുനലും വെള്ളം തന്നെ. നദി എന്നും അര്‍ത്ഥമുണ്ട്. ‘പുനലി’ല്‍ വിളങ്ങുന്ന സരസ്വതീദേവിയെ വന്ദിയ്ക്കുന്ന ഒരു കീര്‍ത്തനം:

നളിനതടാകപ്പുനലില്‍ വിളങ്ങും
നവനളിനത്തിന്‍ നടുവിലിരിക്കും
കിളിമൊഴികേശം തളിരൊളിപാദം
തൊഴുതിഹ നന്നായ്
ശ്രീ സരസ്വതിദേവി
നിന്തിരുവടിയെ ഞാന്‍ സ്തുതിക്കുന്നേന്‍
(ഒരു ബ്രാഹ്മണിപ്പാട്ടില്‍ നിന്ന്)

‘അയരൂര്‍’ സംസാരഭാഷയില്‍ അയിരൂര്‍ ആയതാവാം. അയം+ഊര്‍ = അയറൂര്‍. റൂ’ മൃദുവായി, ‘രൂ’ ആകുന്നു. അങ്ങനെ ‘അയരൂര്‍’ ആയി. മറ്റൊരുദാഹരണമാണ് അയക്കരനാട് (ഐക്കരനാട്, എറണാകുളം ജില്ല). അയര്‍ക്കുന്നവും അമ്മാതിരി തന്നെ. അയ+കുന്ന്= അയക്കുന്ന്‍. ഇങ്ങനെയുള്ള സന്ധികളില്‍ ‘ര്‍’ ചേര്‍ക്കുന്നതു തമിഴില്‍ ഇപ്പോഴുമുണ്ട്. അയറൂര്‍ എന്ന വാക്കിലും ഇങ്ങനെയുണ്ട്. (കൂടുതല്‍ ഉദാഹരണങ്ങള്‍ അന്യത്ര). റാന്നിക്കടുത്തുള്ള ‘ഐത്തല’, ‘ചേര്‍ത്തല’യുടെ മറ്റൊരു രൂപമാണ്. ‘അയത്തല’ എന്നാണു യഥാര്‍ത്ഥനാമം. ‘അയര്‍ത്തല’ എന്ന വാക്കു ലോപിച്ചുണ്ടായതാവണം അയത്തല. പിന്നീട് ‘അയത്തല’യും ‘ഐത്തല’യും ആയി. ചങ്ങനാശ്ശേരിയില്‍ നാലുകോടിയ്ക്ക സമീപം ‘അയ്യര്‍കുളം’ എന്നൊരു സ്ഥലമുണ്ട്. രണ്ടു വശങ്ങളില്‍ ഉള്ള ഉയര്‍ന്ന ഭൂമിയുടെ ഇടയ്ക്കായി കാണപ്പെടുന്ന താഴ്ന്ന പ്രദേശമാണ്. ‘അയര്‍’ എന്ന വാക്കാണിവിടെ ഉപയോഗിച്ചിരുന്നത്. ഇവിടെ കുളം ഉണ്ടായിരുന്നിരിയ്ക്കണം. ഒരു ചെറിയ ക്ഷേത്രവുമുണ്ട്. ‘അയര്‍ക്കുളം’ എന്ന സ്ഥലപ്പേരു കുറേ നാളായി ‘അയ്യര്‍കുളം’ എന്നാക്കി മാറ്റിയിട്ടുണ്ട്.

അയത്തിനു പഴയ മലയാളത്തില്‍ കുളം, നിലം/ഭൂമി, ചേറ്, കുതിര, ആട് (അജം എന്ന സംസ്കൃതവാക്കില്‍ നിന്ന്), കുന്നുകളുടെ അടിവാരം  എന്നിങ്ങനെ പല അര്‍ത്ഥങ്ങളുണ്ട്. അടിവാരം എന്ന അര്‍ത്ഥം ചേരുമോ എന്നു അതാതു നാട്ടുകാര്‍ പരിശോധിയ്ക്കട്ടെ.

പണ്ടു കുട്ടനാടു കാടായിരുന്നെന്നും കാടുകള്‍ തീപിടിച്ചു നശിച്ചപ്പോള്‍ ‘ചുട്ടനാട് ’ ആയി എന്നും ഒരു കഥ. ബുദ്ധമതക്കാര്‍ ധാരാളമുണ്ടായിരുന്നതിനാല്‍ ‘ബുദ്ധനാട് ’ ആയി എന്നു മറ്റൊരു കഥ. ചേരന്‍ ചെങ്കുട്ടവന്‍ (ക്രി.പി. രണ്ടാം നൂറ്റാണ്ട്) ഭരിച്ചതു കാരണം ‘കുട്ടനാട്’ എന്ന പേരു കിട്ടി എന്നതു മൂന്നാമത്തെ കഥ. കുട്ടനാട്ടില്‍ ബുദ്ധമതക്കാര്‍ ഉണ്ടായിരുന്നു എന്നതു നേരാണ്. അതിനും മുമ്പു ‘കുട്ടനാട് ’ ഉണ്ടായിരുന്നു എന്നതിനു സംശയമില്ല. ബുദ്ധനും കാട്ടുതീയുമായി ‘കുട്ടനാട് ’ എന്ന പേരിനു ബന്ധമില്ല. ‘കുട്ടം’ എന്ന വാക്കു കുളം, ചിറ, തുറസ്സായ/പരപ്പായ സ്ഥലം എന്നീ അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്നു. കുളങ്ങള്‍ അഥവാ ചിറകള്‍ ഉള്ള പരന്ന നാടാണു ‘കുട്ടനാട്’. കുട്ടംപേരൂര്‍, കുട്ടംപുഴ ഇവയിലും ഇതേ അര്‍ത്ഥം. വീടുകളില്‍ വെള്ളം നിറയ്ക്കുന്ന വലിയ ചെമ്പുപാത്രങ്ങള്‍ക്കു ‘കുട്ടകം’ എന്നാണിപ്പോഴും പറയുന്നത്. ‘കൊട്ടമം’ എന്ന സ്ഥലങ്ങള്‍ ആലുവായ്ക്കടുത്തും കാലടിയ്ക്കു സമീപം) തെക്കു പാറശ്ശാലയിലും ഉണ്ട്. മഹാകവി കുട്ടമത്ത് കാസറഗോഡുജില്ലക്കാരനാണ്. അവിടെ ‘കുട്ടമം’. മഹാകവി ആ പേരുപയോഗിച്ചതിനാല്‍ ‘കൊട്ടമ’മല്ല, ‘കുട്ടമം’ ആണു ശരിയെന്നു തോന്നുന്നു. ആലുവായ്ക്കടുത്തു തന്നെയുള്ള ‘കുട്ടമശ്ശേരി’ എന്ന സ്ഥലം ഉദാഹരണം. കൊട്ടം, പതിമുഖം എന്നു രണ്ടു സസ്യങ്ങള്‍ ഉണ്ട്. തമിഴില്‍ ഇതിനു കുട്ടം എന്നും പേരുണ്ട്. കൊട്ടം കേരളത്തില്‍ ആയുര്‍വ്വേദസസ്യമാണ് (ഉദാ: കൊട്ടംചുക്കാദി തൈലം). പതിമുഖവും മരുന്നു തന്നെ. ദാഹശമനിയും. കൊട്ടമല്ല, കുട്ടം തന്നെ ശരി. ഇതില്‍ ഒന്നു നിന്ന സ്ഥലം  ആണു കുട്ടമവും, കുട്ടമച്ചേരിയും. അമയന്‍ (തമിഴില്‍ അ-മെ-യ്-വ-ന്‍) ഉയര്‍ന്ന ശ്രേണിയിലുള്ള ബുദ്ധസംന്യാസിയോ ജൈനസംന്യാസിയോ ആണ്. കോട്ടയം ജില്ലയിലെ അമയന്നൂരുമായി ഈ വാക്കിനു ബന്ധമുണ്ടോ? ജൈനരുടെ ഇടയില്‍ ഇപ്പോഴും ‘അമേയ’ എന്ന് ആണ്‍കുട്ടികള്‍ക്കു പേരിടാറുണ്ട്.

അയ്മനം എന്ന വാക്ക് അയം, വനം എന്നീ വാക്കുകള്‍ ചെര്‍ന്നുണ്ടായതാവാനാണു  സാദ്ധ്യത. ‘അയ്‌’ എന്നു വരുന്നിടത്തെല്ലാം ‘ അഞ്ച്’ എന്ന അര്‍ത്ഥം കല്പിക്കുന്നതു ശരിയല്ല. അഞ്ചു വനങ്ങളല്ല, അയ്മനം. വെള്ളവും (അല്ലെങ്കില്‍ കുളം, ചിറ) കാടും ഉള്ള സ്ഥലം. ‘കുമ്മന’ത്തിലെ ‘മന’വും വനം തന്നെയായിരിയ്ക്കാം (കും+വനം). ‘ഘോരവനം’ ആണു കുമ്മനം എന്ന ആശയം തെറ്റാവാനേ തരമുള്ളൂ. ആദിദ്രാവിഡഭാഷയില്‍  അതായതു പ്രാചീനദ്രാവിഡ(proto-south Dravidian)ഭാഷയില്‍ പഠനം നടത്തിയവര്‍ ‘കും (kum-)’ എന്നു തുടങ്ങുന്ന വാക്കിനു (prefix)  ചെളി, ചള്ള എന്നീ അര്‍ത്ഥങ്ങള്‍ കൊടുത്തിട്ടുണ്ട്. ‘വന’ത്തിനു വഴി, വീട്, വെള്ളം, വെള്ളച്ചാട്ടം എന്നീ പര്യായങ്ങളും ഉണ്ട്. അയ്മനവും കുമ്മനവും കോട്ടയത്തിനു പടിഞ്ഞാറു/വടക്കു പടിഞ്ഞാറു മീനച്ചിലാറും കൈവഴികളും ഒഴുകുന്ന താണ പ്രദേശങ്ങളാണ്. അധികം ദൂരമില്ല കുമരകത്തേക്കും വേമ്പനാട്ടുകായലിലേക്കും. ചതുപ്പും വെള്ളവും കുറ്റിക്കാടും ചേര്‍ന്ന സ്ഥലം എന്ന അര്‍ത്ഥമായിരിയ്ക്കണം ശരി. കും+വനം=കുവ്വനം. അതു ‘കുമ്മനം’ ആയി. അയ്‌+വനം=അയ്‌’വനം, ഉച്ചാരണത്തില്‍ ‘അയ്മനം’ ആയി. ‘കുമ്മണ്ണൂരി’നു ചതുപ്പു ചേര്‍ന്ന കര എന്ന അര്‍ത്ഥമാണ്. കും+മണ്ണൂര്‍ = കുമ്മണ്ണൂര്‍. നാരങ്ങാനം എന്ന വാക്കിനും ഏകദേശം ഇതേ അര്‍ത്ഥം (നാരം=നീര്/വെള്ളം, കാനം=കാട്). [നാരം, കാ എന്നിവ ചേര്‍ന്നതാണു നാരങ്ങ. നീരുള്ള കായ്]. ജലലഭ്യതയുള്ള വനപ്രദേശത്തു പിന്നീടു ജനവാസമായി.

വെള്ളവുമായി ബന്ധമുള്ള സ്ഥലമാണു ‘മുഖത്തല’ (തൃക്കോവിലകം പഞ്ചായത്ത്. കൊല്ലത്തിനു കിഴക്ക്). ‘തല’, സ്ഥലമാണ്. പ്രാചീനമലയാളത്തില്‍ ‘മുഖം’ എന്ന സംസ്കൃതവാക്കു കടന്നു വരാന്‍ സാദ്ധ്യതയില്ല. അര്‍ത്ഥത്തിനായി പഴയ തമിഴ് വാക്കുകളെ ആശ്രയിയ്ക്കുകയേ നിവൃത്തിയുള്ളൂ. മുക, മോ എന്നീ രണ്ടു വാക്കുകള്‍ ‘വെള്ളം കോരുന്ന/വെള്ളം എടുക്കുന്ന’ എന്ന അര്‍ത്ഥത്തില്‍ എടുക്കാം. (draw water  എന്നു തമിഴ് നിഘണ്ടുക്കളില്‍). ഇവിടുത്തെ പഴയ ചേരികള്‍ക്കു വെള്ളം കിട്ടിയിരുന്ന സ്ഥലത്തെ അടിസ്ഥാനമാക്കിയാണു പേരു വന്നത്. ഒരു ചെറിയ സ്ഥലത്തിന്റെ പേര് ഒരു പ്രദേശത്തിനാകെ പിന്നീട് ഉപയോഗിച്ചു. മുഖത്തലയല്ല, ‘മുകത്തല’യായിരിയ്ക്കണം ശരി.  (മുകത്തലക്കു ഗുണ്ടെര്‍ട്ട് കവല എന്ന അര്‍ത്ഥം കൊടുത്തിട്ടുണ്ട്. ഇവിടെ മുകമോ മുഖമോ എന്ന ഒരു സംശയമുണ്ട്). ചങ്ങനാശ്ശേരി(വാഴപ്പള്ളി കിഴക്ക്)യിലെ ‘മോര്‍ക്കുളങ്ങര’യും ‘വെള്ളമെടുക്കുന്ന കുളം’ എന്ന അര്‍ത്ഥത്തിലാണ്. മോ+കുളം+കര എന്ന സന്ധിയില്‍, ‘ര്‍’ പഴയകാലനിയമപ്രകാരം ചേര്‍ത്തിരിയ്ക്കുന്നു. രണ്ടു സ്ഥലങ്ങളെ പറ്റിയും വ്യക്തമായ ചരിത്രം ലഭ്യമല്ല. മോര്‍ക്കുളങ്ങരയിലെ കുളത്തിലാണ് ഇപ്പോള്‍ വാഴപ്പള്ളി മഹാദേവന്റെ ആറാട്ട്.

‘ഇറം’ എന്നൊരു വാക്കുണ്ട്. വീടുകളുടെ മേല്‍ക്കൂര തള്ളി നില്‍ക്കുന്ന ഭാഗം. അതിനു താഴെയുള്ള സ്ഥലം ‘ഇറയം’. അതിനു താഴെയുള്ള തിണ്ണയും വരാന്തയും ‘ഇറയം’ ആയി പറഞ്ഞുവരുന്നു. ‘ഇറയകം’ ലോപിച്ചതാണ് ‘ഇറയം’. ‘മഴയത്തു നില്‍ക്കാതെ ഇറയത്തു കയറി നില്‍ക്കൂ’ എന്ന് ഇന്നും നാട്ടിന്‍പുറങ്ങളില്‍ പറയുന്നുണ്ട്. ഇതുപോലെയാണു ‘കോട്ടയകം’ ലോപിച്ചു കോട്ടയം ആയത്. ‘കോട്ടയ്ക്കകത്തുള്ള ഭാഗം’ കോട്ടയം. ഇതൊന്നു പരിശോധിയ്ക്കാം.

‘അകം’ എന്ന വാക്കിനു ‘ഉള്‍ഭാഗം’ എന്ന അര്‍ത്ഥമേയുള്ളൂ എന്ന നിഗമനത്തിലാവാം ഈ വ്യാഖ്യാനം. പണ്ഡിതന്മാരുടെ നിഗമനങ്ങളെ ചോദ്യം ചെയ്യുന്നില്ല. ഭാഷാപരമായി മറ്റൊരു തരത്തില്‍ നോക്കാം. ‘അക’ത്തിനു, കൃഷിസ്ഥലം എന്നും അര്‍ത്ഥമുണ്ട്. കോട്ടയകം എന്ന വാക്കു രണ്ടു തരത്തില്‍ വ്യാഖ്യാനിയ്ക്കാം.  കോട്ടയോടു ചേര്‍ന്ന കൃഷിസ്ഥലം. കോട്ടവും (ആരാധനാലയം) കൃഷിസ്ഥലവും ഉള്ള സ്ഥലം. തെക്കുംകൂര്‍ രാജാക്കന്മാരുടെ കോട്ട അവിടെ ഉണ്ടായിരുന്നു എന്നാണു ചരിത്രം. കോട്ടയുടെ അകം എന്ന അര്‍ത്ഥത്തെ ബലപ്പെടുത്തിയതു(?) തൊട്ടടുത്തുള്ള ‘നാട്ടകം’ എന്ന പ്രദേശമാണ്. കോട്ടയ്ക്കു പുറത്തുള്ള ഭാഗം നാട്ടകം ആയി എന്നു വാദം. ഇതല്പം കടന്നു പോയി എന്നു തോന്നുന്നു. വെന്നിമലയില്‍ നിന്നു കോട്ടയത്തേക്കു തെക്കുംകൂര്‍ വംശം വരുന്നതു പതിമൂന്നാം നൂറ്റാണ്ടില്‍ ആണെന്നു പറയപ്പെടുന്നു. അതിനു മുമ്പേ അവിടെയും മറ്റു പലയിടത്തുമുള്ളതു പോലെ കോട്ടങ്ങള്‍ (ആരാധനാലയങ്ങള്‍) ഉണ്ടായിരുന്നിരിയ്ക്കണം. തെക്കുംകൂര്‍ രാജാക്കന്മാരും  ആരാധനാലയങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്. പക്ഷെ, നാട്ടകവും അതേ അര്‍ത്ഥമുള്ള തൃശൂരിലെ ‘ഊരകം’ (ഊര്+അകം) എന്ന പ്രദേശവും എറണാകുളത്തിനു വടക്കുള്ള കളമശ്ശേരിയിലെ ‘ഞാലകം’ (ഞാലം=കര) എന്ന പ്രദേശവും ‘നാട്ടിലെ കൃഷിസ്ഥലം’ അല്ലെങ്കില്‍ ‘കൃഷിസ്ഥലമുള്ള നാട്’ എന്ന അര്‍ത്ഥമാണു നല്‍കുന്നത്. പമ്പാതടത്തിലെ ചരിത്രപ്രസിദ്ധമായ നിരണത്തിനടുത്തും ഒരു കോട്ടയം (‘പാണ്ടനാട്‌-കോട്ടയം’ എന്നു ചരിത്രലേഖങ്ങളില്‍. ചെങ്ങന്നൂരിനു പടിഞ്ഞാറാണു പമ്പാതീരത്തെ പാണ്ടനാട്‌) ഉണ്ടായിരുന്നതായി ഒരു ഗവേഷണലേഖനത്തില്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ ആ ഭാഗം (പറമ്പ്/പാടം) ‘കോട്ടത്ത് ’ എന്നറിയപ്പെടുന്നുവത്രെ. ഏതാണ്ടു രണ്ടായിരം വര്‍ഷം മുമ്പു കച്ചവടകേന്ദ്രവും ചെറുതുറമുഖവും ആയിരുന്ന ഇവിടം (ഇതും ഗ്രീക്കുകാര്‍ പറഞ്ഞ നെല്‍ക്കിണ്ടയാകാം എന്നു ചില ചരിത്രഗവേഷകര്‍) ഒരു പാണ്ഡ്യരാജാവിന്റെ അധീനതയിലായിരുന്നു. അദ്ദേഹം ഒരു കോട്ടയും പണി കഴിപ്പിച്ചിരുന്നു എന്നു പറയുന്നു. കണ്ണൂരിലെ കോട്ടയവും കോട്ട കാരണം വന്ന പേരാണത്രെ. അഞ്ചരക്കണ്ടിപ്പുഴയ്ക്കു കിഴക്കാണു പഴയ കോട്ടയം. തൃക്കയില്‍ക്കുന്നു പൊയ്ക കിഴക്ക്. മൂന്നു കോട്ടയങ്ങളും ജലലഭ്യത കൊണ്ടു സമ്പന്നമാണ്. ജലലഭ്യതയും കൃഷിയും ഭൂപ്രകൃതിയും അടിസ്ഥാനമാക്കിയുള്ള, പ്രാചീനരുടെ പേരിടല്‍ പരിഗണിച്ചാല്‍ അവിടങ്ങളില്‍ കോട്ടയ്ക്കും രാജാക്കന്മാര്‍ക്കും പ്രസക്തിയുണ്ടോ എന്നു സംശയമാണ്. അന്നു കോട്ടകള്‍ ഇല്ലായിരുന്നു. പത്തനംതിട്ട ജില്ലയില്‍ ഒരു ‘വടക്കന്‍ കോട്ടയം’ ഉണ്ടെന്നറിയുന്നു. കൂടുതല്‍ വിവരങ്ങള്‍ സമാഹരിയ്ക്കാന്‍ കഴിഞ്ഞില്ല. 

ഈ വിഷയത്തില്‍ താല്‍പര്യമുള്ളവര്‍ക്കു വേണ്ടി ഇതുമായി ബന്ധപ്പെട്ട ചില വാക്കുകളുടെ അര്‍ത്ഥം കൊടുക്കുന്നു:

കോട്ട=സുരക്ഷയ്ക്കുള്ള വലിയ മതില്‍, കാട്, വയ്ക്കോല്‍ മേഞ്ഞ നെല്‍പ്പുര, ഭൂമിയുടെ ഒരളവ് (21 മരക്കാല്‍), വീടിന്റെ ഉള്‍ഭാഗം
കോട്ടം=പൂന്തോട്ടം, ചിറക്കര, കുളക്കര, ആരാധനാലയം (ക്ഷേത്രം), താവളം
കോട്ടകം=ആഴമുള്ള ചിറ/കുളം, തീരം,  കുഴി/കിടങ്ങ്, താണ സ്ഥലം (പള്ളം)
അയം=അടിവാരം, താഴ്‌ന്ന സ്ഥലം (പള്ളം), വെള്ളം, ഉറവ
അകം=സ്ഥലം, കൃഷിസ്ഥലം, വീട്, മല

‘കുമര്‍’ എന്ന വാക്കിനു ‘കുമാരി’ (കന്യക, virgin) എന്നും അര്‍ത്ഥമുണ്ടെങ്കിലും ‘ഉപയോഗിയ്ക്കാത്ത’ (unspoilt, unsullied എന്നു തമിഴ് നിഘണ്ടുക്കള്‍) എന്നും വിവക്ഷ. കോട്ടയത്തുള്ള ‘കുമരകം’ (കുമര്‍+അകം, virgin agricultural tract). ആദ്യകാലകുടിയേറ്റക്കാര്‍ വന്നപ്പോള്‍ ആരും ഉപയോഗിയ്ക്കാത്ത, എന്നാല്‍ കൃഷിയോഗ്യമായ നാട് ആയിരുന്നു. ‘കുമരക’ത്തിന് ഈ വ്യാഖ്യാനം ചേരും. തൊടുപുഴയ്ക്കടുത്തു ‘കുമരമംഗലം’ എന്നൊരു സ്ഥലമുണ്ട്. ‘കുമരങ്കരി’ (ആലപ്പുഴ ജില്ല) മറ്റൊരുദാഹരണമാണ്.  അതിപ്രാചീനകുടിയേറ്റകാലത്തെ ഭാഷയാണിതെന്നു കരുതാം. ദേവീക്ഷേത്രങ്ങളുമായി കോര്‍ത്തിണക്കിയ ഐതിഹ്യങ്ങള്‍ക്കു വിശ്വസനീയത ഇല്ല. ഇവിടെയെല്ലാം ‘കുമര’ എന്നു വാക്കു വന്നെങ്കില്‍ കോട്ടയത്തെ കുമാരനല്ലൂര്‍ എന്ന പേരില്‍ ‘മാ’ എന്ന ദീര്‍ഘാക്ഷരം എങ്ങനെ വന്നു? വാമൊഴിയില്‍ വന്ന മാറ്റമാണിത്. ഇത് ‘കുമരനല്ലൂര്‍’ തന്നെയാണെന്നു കരുതാം. ‘നെല്ലൂര്‍’ എന്ന് ഇന്നറിയപ്പെടുന്ന എല്ലാ സ്ഥലങ്ങളും ‘നല്ലൂര്‍’ ആയിരിയ്ക്കണം. ‘നല്ലൂര്‍’, നല്ല സ്ഥലം അഥവാ വാസയോഗ്യമായ സ്ഥലം. ഐതിഹ്യകാരന്മാര്‍ ദേവി (പാര്‍വ്വതി)യെ മാത്രമല്ല, അകലെയുള്ള ഉദയനാപുരത്തെ (വൈക്കത്തിനു വടക്ക്) സുബ്രഹ്മണ്യമൂര്‍ത്തിയെ പോലും കഥയില്‍ കൊണ്ടുവന്നു! ആദ്യം നായന്മാരുടെയും പിന്നീടു മണലിക്കര നമ്പൂതിരിയുടെയും നിയന്ത്രണത്തില്‍ ആയിരുന്ന കുമാരപുരം (പദ്മനാഭപുരത്തിനു വടക്ക്, കന്യാകുമാരി ജില്ല) എന്ന ഗ്രാമത്തില്‍ കുമാര(സുബ്രഹ്മണ്യ)ക്ഷേത്രമേ ഇല്ലായിരുന്നു. ശിവനും കൃഷ്ണനും അയ്യപ്പനുമാണ് ആദ്യകാലത്ത് അമ്പലങ്ങളുണ്ടായിരുന്നത്. ‘ശിവാലയ-ഓട്ടം’ എന്ന ആചാരത്തിനു പ്രസിദ്ധമാണ് ഈ ഗ്രാമം. തിരുവനന്തപുരത്ത് ഉള്ളൂരിനടുത്ത കുമാരപുരവും ആലപ്പുഴ ജില്ലയിലെ കുമാരപുരവും കര്‍ഷകഗ്രാമങ്ങളായിരുന്നു. ഇവിടെയെല്ലാം ‘മ’കാരം ദീര്‍ഘമായി. ‘കുമര’ എന്നൊരു വാക്കില്ല എന്ന ചിന്തയും ഇതിനു കാരണമാണ്.

പത്തനംതിട്ട ജില്ലയിലെ നെല്ലാട്, എന്ന വാക്കിലെ ‘ആട്’ എന്ന വാക്കിനു യോജിച്ച അര്‍ത്ഥം കിട്ടിയില്ല. ഗുണ്ടര്‍ട്ട് ‘നാട്’ എന്ന ഒരര്‍ത്ഥം നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന സ്ഥലം ആട് എന്നു പഴമക്കാര്‍. ‘ഏട്’ എന്ന വാക്കിനു പറമ്പ്, കുന്നിന്‍ ചരിവ്  എന്നും ധ്വനിയുണ്ട്. ഏട്’ എന്ന വാക്കില്‍ അവസാനിയ്ക്കുന്ന വീട്ടുപേരുകള്‍ ഉണ്ട്. ‘ചെന്നേട് ’ എന്നൊരില്ലം എന്റെ നാട്ടിലുണ്ട്. ഇതും തെറ്റിച്ച് ‘ചെന്നാട്’ എന്ന് എന്റെ ഗ്രാമക്കാര്‍ പറയുന്നുണ്ട്. (ചെന്‍=ദൂരം, ഉയരം, നീളം, വീതി, ദീര്‍ഘസമയം). തമിഴില്‍ മരം കൊണ്ടുള്ള വീടിന് ‘ഏറ്റ്’ (മാടം) എന്നു പറഞ്ഞിരുന്നു. ‘ഏറ്റി’നും മലയാളത്തില്‍ വേറെ അര്‍ത്ഥമാണിപ്പോള്‍-കയറല്‍/കയറ്റം (Climbing). ‘ഏടി’ന് ഇപ്പോള്‍ ‘താള്‍’ (page) എന്ന അര്‍ത്ഥമേ നിഘണ്ടുക്കളില്‍ നിന്നു കിട്ടുന്നുള്ളൂ.

തിരുവല്ലയ്ക്കു പടിഞ്ഞാറ്, കുട്ടനാടിന്റെ തെക്കുകിഴക്കന്‍ (അപ്പര്‍ കുട്ടനാട്) ഭാഗത്തു പമ്പയ്ക്കും മണിമലയാറിനും ഇടയ്ക്കുള്ള, തലവടി’ എന്ന സ്ഥലത്തിന്റെ പേരില്‍ തന്നെ അല്പം നര്‍മ്മമുണ്ടല്ലോ. ‘അതാണോ തൊഴില്‍’ എന്നു ചോദിച്ചു തദ്ദേശീയരെ കളിയാക്കാറുണ്ട്. അര്‍ത്ഥം നോക്കിയാല്‍ മനോഹരമായൊരു പേരാണിത്. ‘തല’, മുമ്പു പറഞ്ഞതു പോലെ, സ്ഥലമാണ്. വടി എന്ന വാക്കിനു തമിഴില്‍ ചള്ള, ചെളി, ചതുപ്പ് എന്നീ അര്‍ത്ഥങ്ങളുണ്ട്. കന്നഡയിലും ഇതേ അര്‍ത്ഥം തന്നെ. ഇന്നത്തെപ്പോലെ ജനവാസം തുടങ്ങുന്നതിനു മുമ്പു വെറും ചളിയും ചതുപ്പു (mire/bog/swamp) മായിരുന്നു അവിടം എന്നൂഹിയ്ക്കാം. എന്നാല്‍ ‘തലൈ ഒടി’യുടെ പ്രാകൃതരൂപമാണു തലവടി എന്നും വാദമുണ്ട്. ‘തലൈ’, സ്ഥലം തന്നെ.  ‘ഒടി’ കൃഷിക്കരയാണ്. അടുത്തുള്ള പ്രദേശങ്ങളേക്കാള്‍ ഉയര്‍ന്ന കര. ചതുപ്പുനിലം – പിന്നീടു നെല്‍ക്കൃഷി വന്ന പാടങ്ങള്‍ - താണസ്ഥലമാണ്. കര ഉയര്‍ന്നതും. ഇതു സ്വീകാര്യമെന്നു പറയാന്‍ ബുദ്ധിമുട്ടാണ്. ‘തലൈ-ഒടി’ വാമൊഴിയില്‍ ‘തലയൊടി’യോ ‘തലയടി’യോ ആകും. ‘തലവടി’യാകില്ല. എങ്കിലും രണ്ടിനും ഒരേ അര്‍ത്ഥമാണ്.

‘കായല്‍’, സമുദ്രതീരത്തോടു ചേര്‍ന്നു കിടക്കുന്ന വലിയ ജലാശയമാണ്. ‘പട്ടം’ ചെറിയ ഉള്‍നാടന്‍ ജലാശയമാവണം.  ‘പട്ടം’, ചിറ അഥവാ വലിയ കുളം എന്നു വിവക്ഷിയ്ക്കാമെങ്കിലും ‘ചിറ’ പൊതുവെ കൃഷിസ്ഥലവുമായി ബന്ധപ്പെട്ട ജലാശയമാണ്. തിരുവനന്തപുരത്തെ ‘പട്ടം’ എന്ന ദേശത്തു ചിറയോ കുളമോ ഉണ്ടായിരുന്നോ? ഇന്നത്തെ പട്ടത്തിന്റെ ഭൂമിശാസ്ത്രം വച്ചു, പഴയ കാലത്തെ പട്ടത്തെ വിലയിരുത്താന്‍ പറ്റില്ല. അതൊരു വലിയ ഭൂപ്രദേശം ആയിരുന്നിരിയ്ക്കണം. ഒരു പക്ഷെ, ചാരാച്ചിറ പോലെ ഒന്നിലേറെ ചിറകള്‍/കുളങ്ങള്‍ അവിടെ ഉണ്ടാവണം.  (തമിഴ് നാട്ടില്‍ പട്ടം എന്നു പേരുള്ള ഒന്നിലധികം സ്ഥലങ്ങളുണ്ട്. തമിഴിലും അര്‍ത്ഥവ്യതാസമില്ല). ചങ്ങനാശ്ശേരിയ്ക്കു കിഴക്കു ‘പട്ടത്തുമുക്ക് ’ എന്നൊരു സ്ഥലമുണ്ട്. (ഇപ്പോള്‍ പട്ടത്തിമുക്ക്’ എന്നു തെറ്റായി വിളിയ്ക്കുന്നു). ഇവിടെയുള്ള ചിറയും വയലുകളും നികന്നു പോയി. കുളത്തിനേക്കാള്‍ വലുതും തടാകത്തേക്കാള്‍ ചെറുതുമായ ജലാശയമായിരിയ്ക്കാം പ്രാചീനമലയാളത്തില്‍ ‘പട്ടം’. വാള്‍, വഴി, നാല്‍ക്കവല, മൃഗങ്ങളുടെ വാസസ്ഥലം (Den) എന്നും അര്‍ത്ഥങ്ങളുണ്ടായിരുന്നു. പദവി, മാനത്തു പറത്തുന്ന കളിക്കോപ്പ്  (Kite) എന്നീ അര്‍ത്ഥങ്ങളേ ഇന്നു നിലവിലുള്ളൂ.

മങ്കൊമ്പ്  കുട്ടനാട്ടിലാണ്. മണ്‍ + കൊമ്പ് ആണു മങ്കൊമ്പ്. ‘കൊമ്പ് ’ മരത്തിന്റെ കൊമ്പോ, മൃഗങ്ങളുടെ കൊമ്പോ വാദ്യോപകരണമോ അല്ല. ഈ അര്‍ത്ഥങ്ങളേ ഇപ്പോള്‍ നിലവിലുള്ളൂ. പണ്ട്, ‘(ചിറയുടെ) തിട്ട(bund/ridge)യുടെ ദൂരെയുള്ള (അങ്ങേ) അറ്റം’ എന്നും ഉണ്ടായിരുന്നു. ഈ അര്‍ത്ഥമേ ശരിയാവാന്‍ തരമുള്ളൂ. തിട്ട, മണ്ണു കൊണ്ടുള്ളതു തന്നെ. ‘മണ്ണി’നു വയല്‍ എന്ന അര്‍ത്ഥവും ചില തമിഴ് നിഘണ്ടുക്കളില്‍ ഉണ്ട്. പ്രാചീനമലയാളത്തിലും അതുണ്ടായിരുന്നിരിയ്ക്കണം. രണ്ടും കുട്ടനാട്ടിലെ പഴയ ഭൂപ്രകൃതിയുമായി ബന്ധപ്പെടുത്താവുന്നതാണ്. കുട്ടനാട്ടിലെ എല്ലാ സ്ഥലങ്ങളും പണ്ടു തൊട്ടേ കൃഷി ഉണ്ടായിരുന്നവയല്ല. കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയ്ക്കു കിഴക്കു ‘മങ്കൊമ്പ് ’ എന്നു പേരുള്ള മറ്റൊരു സ്ഥലവുമുണ്ട്. കുന്നിന്‍പ്രദേശമാണ്. അവിടെ ചിറയെ അടിസ്ഥാനമാക്കിയാണോ ആ പേരു വന്നത് എന്നറിയില്ല.

‘ചങ്ങനാശ്ശേരി’യുടെ ഉറവിടം ചങ്ങം അല്ലെങ്കില്‍ ചങ്കം എന്നീ വാക്കുകളുമായി ബന്ധപ്പെടുത്താനേ കഴിയൂ. ചങ്ങം എന്ന വാക്കിനു ജലം എന്നര്‍ത്ഥമുണ്ടത്രെ. പക്ഷെ നിഘണ്ടുക്കളില്‍ അങ്ങനെയൊരു വാക്കില്ല. അതുകൊണ്ട് അങ്ങനെയൊരു അര്‍ത്ഥം ഇല്ല എന്നു പറയാന്‍ പറ്റില്ല. സംഘകാലവുമായി ബന്ധപ്പെടുത്തി വിവരണങ്ങള്‍ കണ്ടിട്ടുണ്ട്. ബുദ്ധമതവുമായി ബന്ധപ്പെട്ടതാണു മറ്റൊന്ന്. ബുദ്ധമതക്കാര്‍ ഉപയോഗിയ്കുന്ന ‘സംഘം’ (കൂട്ടം) - പഴയകാലത്തെ ചങ്കം - എന്ന വാക്കു ‘ചങ്ങ’മായി മാറിയതാവാം എന്നു ചിലര്‍. ‘വാഴപ്പള്ളി’ ബുദ്ധ‘സംഘ’ക്കാരുടെ കേന്ദ്രമായിരുന്നത്രെ. ‘ചങ്ങനാട്ടുചേരി’ എന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നു എന്നോര്‍ക്കുക. നിരക്ഷരുടെ വാമൊഴിയില്‍ ഇതു ‘ചങ്ങനാരി’ എന്നും അറിയപ്പെട്ടിരുന്നു.

ചങ്ങനാശേരി, തിരുവല്ല തുടങ്ങിയവയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളും ബുദ്ധമതക്കാരുടെ ആവാസകേന്ദ്രമായിരുന്നു. ‘പള്ളി’ (അഹിന്ദുക്കളുടെ ആരാധനാലയം) എന്ന വാക്കു ജൈനമാതക്കരുടെയും ബുദ്ധമതക്കാരുടെയും ആവാസത്തെ സൂചിപ്പിയ്ക്കുന്നു. ചങ്ങനാശ്ശേരിയ്ക്കു പടിഞ്ഞാറു വയലും തോടുകളും ആണല്ലോ. വാഴപ്പള്ളിയും പിഴവാതിലും ബുദ്ധമതക്കാരുടെ ആവാസകേന്ദ്രമായി കരുതപ്പെടുന്നുണ്ടെകിലും, പേരിന്റെ കാര്യത്തില്‍  ബുദ്ധമതത്തെക്കാള്‍ ‘ജല’ത്തിനാണു സാംഗത്യം. ‘ചങ്ങമ്പുഴ’യുടെ വാഗര്‍ത്ഥം ‘ആലപ്പുഴ’ എന്നു തന്നെ. വെള്ളത്തോടു ചേര്‍ന്ന പ്രദേശങ്ങളാണു കുട്ടനാട്ടിലെ ചങ്ങംകരിയും തിരുനാവായ്ക്കടുത്ത ചങ്ങംപള്ളിയും. ചങ്ങനാശ്ശേരിയിലെ പ്രമുഖ ബ്രാഹ്മണയില്ലമായിരുന്ന ‘ചങ്ങഴിമറ്റ’ത്തില്‍ ചങ്ങം, അഴി, മറ്റം എന്നിങ്ങനെ മൂന്നു വാക്കുകളുണ്ട്. (ധാന്യമളക്കുന്ന ചങ്ങഴിയുമായി ബന്ധപ്പെടുത്തി മറ്റൊരു ബാലിശമായ വാദവുമുണ്ട്). ‘അഴി’, നദീമുഖം അല്ലെങ്കില്‍ ജലത്തോടു ചേര്‍ന്നു നില്ക്കുന്ന സ്ഥലം. മറ്റം, ചരിവുള്ള പ്രദേശമാണ്. ഇവിടെയും ‘ചങ്ങം’ ജലം തന്നെ. ഇറ്റാലിയന്‍ പാതിരി ബ്രദര്‍ പൌള  ‘ചങ്ങച്ചേരി’ എന്നും പോര്‍ച്ചുഗീസുകാര്‍ ‘ചങ്ങ(ര്‍)നാട് ’ എന്നും എഴുതിയതു ചങ്ങനാശ്ശേരിയെപ്പറ്റിത്തന്നെ. ചങ്ങനാട്ടുചേരി എന്നതു ‘ചങ്ങനാശേരി’യായതിനാണു സാദ്ധ്യത.

ചങ്ങനാശ്ശേരിയ്ക്കു കിഴക്കാണ് ഇരൂപ്പക്കുന്ന്. ഒരു കാലത്ത് ഇരൂപ്പമരങ്ങള്‍ നിന്നിരുന്ന കുന്ന്‍, അവയുടെ പേരില്‍ അറിയപ്പെട്ടു. കേരളമെമ്പാടും അങ്ങാടിമരുന്നു കടയില്‍ ഇപ്പോഴും ഇരൂപ്പമരത്തിന്റെ തൊലി കിട്ടും. ഇരൂപ്പ, ഇലൂപ്പ, ഇരിപ്പ, ഇലിപ്പ (Mahua/Bassia/Madhua Latifolia) എന്നൊക്കെ അറിയപ്പെടുന്നതു ഒരേ മരം തന്നെ. ഇതില്‍ നിന്നും മദ്യവും ഉണ്ടാക്കിയിരുന്നു. കേരളത്തില്‍ ഇപ്പോള്‍ ഇതു വളരെ അപൂര്‍വ്വമായേ ഉള്ളൂ. ഇങ്ങനെ ഒരു മരം പോലും ഇപ്പോള്‍ ഇരൂപ്പക്കുന്നിലില്ല. ജനസംഖ്യ വര്‍ദ്ധിച്ചപ്പോള്‍, ചങ്ങനാശ്ശേരിയുടെ ‘നഗരപ്രാന്ത’മായപ്പോള്‍,  ആ പ്രദേശം മുഴുവന്‍ വീടുകളായി. ആനകള്‍ക്കു വളരെ പ്രിയമാണിതിന്റെ ഇല. അതിനാല്‍ ഇരൂപ്പയ്ക്ക് ആനമരം എന്നും പേരുണ്ട്. തൃശൂരില്‍ ഷൊര്‍ണൂര്‍ റോഡിലെ രാമവര്‍മ്മ ഗവ. ആയുര്‍വേദാശുപത്രിയുടെ വളപ്പില്‍ ഒരു മരമുള്ളതായി ‘മലയാളമനോരമ’യിലെ ഒരു ലേഖനത്തില്‍ കണ്ടിരുന്നു. ഇരൂപ്പക്കുന്നു ചുരുങ്ങി ഇപ്പോള്‍ ‘ഇരൂപ്പ’ ആയിരിയ്ക്കുന്നു. ഇതു തെറ്റാണ് എന്നൊന്നും സ്ഥലവാസികളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കേണ്ട. ‘നാടന്‍ധ്വരമാര്‍’ക്കു വേറെ പണിയുണ്ടല്ലോ. തിരുവനന്തപുരത്തെ ‘പുളിമൂട്‘, ‘പുളി’യാകുകയില്ലെന്ന് ആശിയ്ക്കാം.

ഈ ഭാഗത്ത്‌ ആനമരമുള്ള സ്ഥലങ്ങള്‍ വേറെയുമുണ്ടായിരുന്നോ? ഇരൂപ്പക്കുന്നിനു കിഴക്ക് ആരമലക്കുന്ന്‍ എന്നൊരു സ്ഥലമുണ്ട്. പേരില്‍ തന്നെ വൈകല്യം. ‘ആനമരക്കുന്ന്‍ ’ എന്നായിരുന്നോ അതിന്റെ പൂര്‍വ്വരൂപം? എന്തായാലും, ഏതാനും വര്‍ഷങ്ങളായി ഇതു രൂപാന്തരം സംഭവിച്ച് ‘ആരമല’യായി.

ചങ്ങനാശേരി നഗരത്തിന്റെ വടക്കേ അതിര്‍ത്തിയായ കണ്ണന്‍പേരൂര്‍ച്ചിറയിലെ  ‘പാലകത്തറ’ (പാലത്തിനോടു ചേര്‍ന്ന കൃഷിയുള്ള തറ) കുറെ നാള്‍ മുന്‍പു ‘പാലാത്ര’ ആയി. ‘അക’ത്തിനു ഉള്‍ഭാഗം എന്നു മാത്രമല്ല, കൃഷിസ്ഥലം എന്നും അര്‍ത്ഥമുള്ളതിനാല്‍ ‘പാലം, ‘അകത്തറ’ എന്നീ വാക്കുകളില്‍ നിന്നാണിതു രൂപപ്പെട്ടത്. ‘പാലത്തോടു ചേര്‍ന്ന കൃഷിസ്ഥലം’.  (നഗരത്തിനു കിഴക്കുള്ള ‘തെങ്ങനാല്‍’ എന്ന സ്ഥലം ഏതാണ്ടു ഇരുപത്തഞ്ചു കൊല്ലം മുമ്പു പൊതുമരാമത്തു വകുപ്പിലെ ഗര്‍ദ്ദഭങ്ങള്‍ ‘തെങ്ങണ’യാക്കി. പഞ്ചായത്തിലുള്ളവര്‍ക്കും വിവരമില്ലാത്തതിനാല്‍ പേരുമാറ്റം എളുപ്പമായി.  ‘തെങ്ങനാലി’നു തെങ്ങും ആലും, തെക്കുള്ള ആല്‍ എന്നിങ്ങനെ രണ്ടര്‍ത്ഥങ്ങള്‍ ആവാം. ആദ്യത്തേതു വികലാര്‍ത്ഥം. രണ്ടാമത്തേതു ശരി). ചങ്ങനാശ്ശേരിയിലെ പ്രമുഖജന്മിയായിരുന്ന ചങ്ങഴിമറ്റം പോറ്റിയെ, തെക്കുംകൂര്‍ രാജാവിനെ സഹായിച്ചു എന്ന കാരണത്താല്‍, രാമയ്യനും മാര്‍ത്താണ്ഡവര്‍മ്മയും ചേര്‍ന്നു കുടുംബത്തോടെ കൊന്നു. അവരുടെ ഇല്ലം നശിപ്പിച്ചു. പോറ്റിയുടെ കൂട്ടാളികളായ പല ബ്രാഹ്മണരുടെയും ഇല്ലങ്ങള്‍ നശിപ്പിച്ചു. ഒരു ഇല്ലത്തിന്റെ – ചങ്ങഴിമറ്റത്തിന്റെ എന്നു പഴമക്കാര്‍ - മതിലിന്റെ ഒരു മൂല അവശിഷ്ടമായി വളരെ നാള്‍ നിന്നു. ആ ഭാഗമാണു മതില്‍മൂല. വാമൊഴിയില്‍ അതു ‘മതുമൂല’യായി. ഇപ്പോള്‍ വികലമാക്കി ‘മധുമൂല’യും. ഏതാണ്ടു മുപ്പതു കൊല്ലം ആയിട്ടേയുള്ളൂ വിവരദോഷികള്‍ തീര്‍ത്ത ഈ ‘ഭേദഗതി’കള്‍ക്ക്. തെറ്റായ പേരുകള്‍ നല്‍കിയതു മുനിസിപ്പാലിറ്റി തന്നെ. അല്ലെങ്കില്‍ പൊതുമരാമത്തു വകുപ്പ്. നഗരത്തിന്റെ പ്രാന്തപ്രദേശമായ ‘പുഴവാത്’ എന്ന സ്ഥലം കുറച്ചുകാലം മുന്‍പു വരെ ‘പിഴവാത്’ ആയിരുന്നു. യഥാര്‍ത്ഥത്തില്‍ ‘പിഴവാതില്‍’ ആണ് എന്നു പഴയ തലമുറക്കാര്‍. പാടവും ചതുപ്പുനിലവും ചെറുതോടുകളും ചേര്‍ന്നതായിരുന്നു ഈ സ്ഥലം. ‘പുഴ’ അടുത്തെങ്ങുമില്ല. ‘ചതുപ്പുനിലം’ എന്നും ‘പുഴ’യ്ക്ക് അര്‍ത്ഥമുണ്ടെന്നു ചിലര്‍ വാദിയ്ക്കുന്നു. ഇവിടെ തെക്കുംകൂര്‍ രാജാവിന്റെ ഒരു കൊട്ടാരവുമുണ്ടായിരുന്നു (അതു പൊളിച്ചാണ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ലക്ഷ്മീപുരം കൊട്ടാരം പണിതത്). ഉഴ എന്നതിനു കൊട്ടാരമിരിയ്ക്കുന്ന സ്ഥലം എന്നര്‍ത്ഥം. (തലസ്ഥാനം എന്ന അര്‍ത്ഥത്തില്‍ ഇതു പ്രയോഗിച്ചിരുന്നോ എന്നു തിട്ടമില്ല. ആ അര്‍ത്ഥത്തില്‍ പ്രയോഗിയ്ക്കാവുന്ന വാക്കാണ്‌. തെക്കുംകൂര്‍ രാജാവിന് അഞ്ചിടത്തു കൊട്ടാരങ്ങളുണ്ടായിരുന്നുവത്രെ). ‘ഉഴവാതില്‍’ ആ സ്ഥലത്തേയ്ക്കുള്ള പ്രവേശനദ്വാരം.  ഉഴവാതില്‍ എന്ന വാക്കു പുഴവാതില്‍ എന്നാവാന്‍ സാദ്ധ്യതയില്ല. തെക്കന്‍ കേരളത്തില്‍ ഈ വാക്കുപയോഗിച്ചിരുന്നില്ല എന്നു തോന്നുന്നു. എന്നാല്‍ പിഴവാതില്‍ എന്നതു ചിത്രകുളത്തിനു സമീപം വരെയുണ്ടായിരുന്ന മണ്‍കോട്ടയുടെ ഒരു വാതിലായിരുന്നു എന്നും അവിടെയാണു കുറ്റവാളികളെ പിഴയടയ്കാന്‍ അല്ലെങ്കില്‍ ശിക്ഷിക്കാന്‍ എത്തിച്ചിരുന്നത് എന്നും ഒരു വാദമുണ്ട് (ജോസഫ്  കണ്ണമ്മേല്‍, ‘ചങ്ങനാശേരിയുടെയും ചങ്ങനാശ്ശേരി പള്ളിയുടെയും ചരിത്രം’). ഏതാണ്ടു മുപ്പതു കൊല്ലം മുമ്പു വരെ ഒരു വളച്ചുവാതില്‍ (Arch) ചിത്രകുളത്തിനു സമീപം ഉണ്ടായിരുന്നു. ഏതോ ശുംഭന്മാര്‍ അതു പൊളിച്ചു കളഞ്ഞു. സംഹാരപ്രവര്‍ത്തനത്തിനു ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയെ വെല്ലാന്‍ ആരുമില്ലെന്നു തോന്നുന്നു.

പഴയകാലത്തു മദ്ധ്യകേരളത്തിലെ പ്രബലബ്രാഹ്മണരായിരുന്നു തിരുവല്ലയിലെ ‘ളാഹ’പ്പോറ്റിമാര്‍. ളാഹ എന്നു പേരുള്ള സ്ഥലങ്ങളും കേരളത്തിലുണ്ട്. ളാഹയില്‍, ളാകയില്‍ എന്നിങ്ങനെ വീട്ടുപേരുകളും ഉണ്ട്. ചങ്ങനാശ്ശേരിയ്ക്കു തെക്ക് ഒരു ‘ളാഹ’ക്കാടുണ്ട്. ‘ളാഹ’പ്പാലവുമുണ്ട്. ഇപ്പോള്‍ ഇവ യഥാക്രമം  യഥാക്രമം ളായ്ക്കാടും ളാപ്പാലവുമായി. നോക്കുകുത്തി പോലെ, ഈ സ്ഥലങ്ങളുടെ പുതിയ പേരുകളെഴുതിയ പലകകള്‍ വഴിവക്കില്‍ കാണാം. തിരുവല്ല ഭരിച്ചിരുന്ന വിലക്കിലി ബ്രാഹ്മണരുടെ ആധിപത്യം ളാഹപ്പാലം വരെ ആയിരുന്നു. അതായിരുന്നു ‘അതിര്‍ത്തി’. ളാപ്പാലം മുതല്‍ കണ്ണന്‍പേരൂര്‍ ചിറ വരെ ആയിരുന്നു ചങ്ങനാശ്ശേരി ദേശം. ഏതായാലും തെക്കുംകൂര്‍ രാജാവുമായി ഒരു തര്‍ക്കം ഉണ്ടായിരുന്നിരിയ്ക്കണം. (ചങ്ങനാശ്ശേരിഗ്രാമം അതിനും വടക്കു കണ്ണന്‍പേരൂര്‍പ്പാലം വരെ ആയിരുന്നു അതിനു മുന്‍പ്). കവിയൂര്‍, വാഴപ്പള്ളി ക്ഷേത്രങ്ങളിലെ ശാന്തിയും വിലക്കിലിപ്പോറ്റിയ്ക്കുണ്ടായിരുന്നു. തമിഴില്‍ ഇലാക, ഇലാക്ക എന്നീ പദങ്ങളുണ്ട്. ളാക, ലാക എന്നും എഴുതാറുണ്ട്. അതിര്‍ത്തി, പ്രവിശ്യ, ഭരണപ്രദേശം എന്നൊക്കെയാണു തമിഴ് നിഘണ്ടുവില്‍ അര്‍ത്ഥം. പക്ഷെ ഇവയുടെ മൂലം അറബ്-ഹിന്ദുസ്ഥാനിയാണ്. ‘അതിര്‍ത്തി’ എന്ന അര്‍ത്ഥം സ്വീകരിയ്ക്കുകയാവും ഉചിതം. ളാക, വൃക്ഷമോ ചെടിയോ ആകാനുള്ള സാദ്ധ്യത കുറവാണ്.

ചങ്ങനാശ്ശേരിയില്‍ നിന്നുള്ള ‘സര്‍വീസ്’ എന്ന വാരികയില്‍ ഈ ഭാഗം പ്രസിദ്ധീകരിച്ചപ്പോള്‍ ‘പിലാപ്പാലം’ എന്ന വാക്കു ലോപിച്ചാണ് ‘ളാപ്പാലം’ എന്ന വാക്കുണ്ടായതെന്നു കൂട്ടിച്ചേര്‍ത്തിരുന്നു. അത് എന്റെ അഭിപ്രായമല്ല, പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ എന്റെ അനുവാദമില്ലാതെ ചേര്‍ത്തതാണ്. ഈ പ്രവൃത്തി അനുചിതമാണ്. മറ്റൊരാളുടെ ലേഖനത്തില്‍ സ്വന്തം അഭിപ്രായങ്ങള്‍ തിരുകിക്കയറ്റുന്നത് സംസ്കാരശൂന്യതയാണ്. അദ്ദേഹത്തിന്റെ വാദമാകട്ടെ, വെറും മൌഢ്യം ആണെന്നും പറയേണ്ടിയിരിയ്ക്കുന്നു. ആദ്യഖരാക്ഷരം (ഇവിടെ ‘പി’) ലോപിക്കാറില്ല.

വിലക്കിലിപ്പോറ്റിമാര്‍ തെക്കുംകൂറിന്റെ മേല്‍ക്കോയ്മ വകവയ്ക്കാതിരുന്നതിനാല്‍ ഇവര്‍ക്കിടയില്‍ നല്ല സ്പര്‍ദ്ധ ഉണ്ടായിരുന്നു. ‘ളാപ്പാലത്തിനു തെക്കു നിന്നു പെണ്ണു വേണ്ട’ എന്ന ചൊല്ല് ചങ്ങനാശ്ശേരി-കോട്ടയം പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു. സ്പര്‍ദ്ധ ജനങ്ങളിലേയ്ക്കും പടര്‍ന്നായിരിയ്ക്കണം ഈ ചൊല്ലുണ്ടായത്. കോട്ടയം ജില്ലയില്‍ തന്നെ ‘ളാഹക്കാട്ടൂര്‍’ (ളാഹ+കാട്+ഊര്‍) എന്നൊരു സ്ഥലമുണ്ട്. ഇപ്പോള്‍ അതു ‘ളാക്കാട്ടൂര്‍’ ആയി. പഴയ ചരിത്രം പരിശോധിച്ചാല്‍ തദ്ദേശീയര്‍ക്കു കാടു നിന്നിരുന്ന സ്ഥലം ഏതു നാടിന്റെ/ഭൂവിഭാഗത്തിന്റെ  അതിര്‍ത്തിയായിരുന്നു എന്നറിയാന്‍ സാധിയ്ക്കും.

പെരുന്നെയ്തല്‍ എന്ന വാക്കു ലോപിച്ചാണു  ‘പെരുന്ന’  ഉണ്ടായത്. നെയ്തല്‍ എന്ന വാക്കിനു ചതുപ്പുനിലം, കടലോരപ്രദേശം എന്നിങ്ങനെയാണ് അര്‍ത്ഥങ്ങള്‍. തൃക്കൊടിത്താനം ക്ഷേത്രത്തിലെ ശിലാശാസനത്തില്‍ (ഏതാണ്ടു ക്രി.പി. പത്താം ശതകത്തിലെ) പെരുന്നെയ്തല്ലൂര്‍ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ചങ്ങനാശ്ശേരിയ്ക്കു പടിഞ്ഞാറു വരെ കടല്‍ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പ്രാചീനകാലത്തു കടല്‍ക്ഷോഭത്തില്‍ കടല്‍ അകന്നു എന്നു കരുതപ്പെടുന്നു. ‘നെയ്തല്‍’ എന്ന വാക്കു ചേര്‍ന്ന സ്ഥലങ്ങള്‍ തമിഴ്‌നാട്ടിലുണ്ട്.

ചങ്ങനാശേരിയ്ക്കും ചിങ്ങവനത്തിനുമിടയ്ക്ക് ഒരു ബസ് സ്റ്റോപ്പുണ്ട് - കാലായിപ്പടി. കാലായി എന്നാല്‍ കൃഷിയുള്ള പറമ്പ്/നിലം എന്നാണര്‍ത്ഥം. (എതിര്‍പദം തരിശ്). തിരുവനന്തപുരം ഭാഗത്തെ വിളയും വിളാകവും കൃഷിപ്പറമ്പു തന്നെ. ചങ്ങനാശ്ശേരിയ്ക്കടുത്തു വിളഭാഗം എന്നൊരു സ്ഥലമുണ്ട്. വിളഭാഗം ലോപിച്ചായിരിയ്ക്കാം വിളാകം എന്ന വാക്കുണ്ടായത്. മറ്റൊരു വാദവുമാകാം. വളാകം എന്ന വാക്കിനു വളപ്പ് എന്നര്‍ത്ഥമുണ്ട്. സ്ഥലം, പറമ്പ് എന്നും പറയാം. ഇംഗ്ലീഷിലെ premises, complex, enclave, campus എന്നതിനെല്ലാം പകരം ഈ വാക്ക് ഉപയോഗിയ്ക്കാം. വളാകം വാമൊഴിയില്‍ വിളാകം ആയതാവാം. ലേഖകന്‍ ഇതിനാണ് ഊന്നല്‍ കൊടുക്കുന്നത്. ഉപയോഗത്തില്‍ കൊണ്ടുവരിക ബുദ്ധിമുട്ടാണ്. വാക്കിനു ഭംഗി പോരല്ലോ!


എന്നാല്‍ കാലായി പലയിടത്തും കാലാ ആയി ചുരുങ്ങിയിട്ടുണ്ട്. തുണ്ടിയും കൃഷി ഇല്ലാത്ത സ്ഥലമാണ്. കണ്ടി എന്നതു കരഭൂമി. ഏകദേശം എഴുപത്തഞ്ച് ഏക്കര്‍. കഷണം എന്നും അര്‍ത്ഥം. അങ്ങനെ പറമ്പ് എന്ന ധ്വനിയും വന്നു. പാട് എന്നതും പറമ്പ് എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്നു. കോട്ടയത്തിനു തെക്കുള്ള ചിങ്ങവനം സിംഹമുണ്ടായിരുന്ന വനമൊന്നുമല്ല. ചിങ്ങം എന്ന വാക്കിനു തെക്ക്, ഒരു തരം സുഗന്ധദ്രവ്യം എന്നിങ്ങനെ രണ്ടര്‍ത്ഥം കൂടിയുണ്ട്. തെക്കുള്ള വനം എന്നാവാം പ്രാചീനര്‍ ഉദ്ദേശിച്ചത്. ചിങ്ങവനത്തു ജനവാസം നന്നേ കുറവായിരുന്ന കാലത്തു കോട്ടയത്തും പരിസരത്തും ഉണ്ടായിരുന്നവര്‍ നല്‍കിയ പേരായിരിയ്ക്കും.

ഹരിപ്പാടിനടുത്തു ‘ഠാണാപ്പടി’ (ഠാണാ/ഠാണാവ് - രാജഭരണകാലത്തെ ഓഫീസ്), തദ്ദേശവാസികള്‍ ഒന്നു മയപ്പെടുത്തി ‘ഡാണാപ്പടി’ ആക്കിയിട്ടുണ്ട്. കൂടുതല്‍ മയപ്പെടുത്തലിനു സാധ്യതയുണ്ടോ എന്തോ? ശരിയായ പേരു കൈവിട്ടുപോകാതിരിയ്ക്കാന്‍ ആ നാട്ടിലെ അഭ്യസ്തവിദ്യരെങ്കിലും ശ്രമിയ്ക്കുക. (സര്‍ക്കാര്‍ ഓഫീസുകള്‍ക്കു കട്ടമന എന്നും പറഞ്ഞിരുന്നു). ഏനാദിമംഗലത്തെ ഠാണാപ്പുരയിടവും, ‘ഡാണാപ്പുരയിടം’ എന്നാക്കി മയപ്പെടുത്തലിനു വിധേയമായി. ‘പാണ്ടികശാല’ (ഇപ്പോള്‍ വെയര്‍ഹൌസ്, സ്റ്റോര്‍ എന്നൊക്കെ പറയുന്നത്) നിന്നയിടം പാണ്ടികശാലയ്ക്കല്‍. വാമൊഴിയില്‍ ‘ക’യും ‘ശ’യും മാറി ‘പാണ്ട്യാലയ്ക്കല്‍’ ആയി. പിന്നീട് അല്പം ആഢ്യത്തം കാണിയ്ക്കാനായി ‘പാണ്ഡ്യാലയ്ക്കല്‍’ എന്നു ‘ഗംഭീര’മാക്കി. ഭാഷയുടെ ആഢ്യത്തം ആളുകളുടെ അല്പത്തത്തിനു വഴിമാറി.

‘ഇട്ടിയമ്മ ഏറെ മറിഞ്ഞാല്‍ കൊട്ടിയമ്പലം വരെ’ എന്നൊരു പഴഞ്ചൊല്ലുണ്ട്. ഇട്ടിയമ്മ ഒരു പേരാണെങ്കിലും ഈ ചൊല്ലില്‍ പെണ്ണ്, ഭാര്യ എന്നൊക്കെ അര്‍ത്ഥമെടുത്താല്‍ മതി. നായര്‍ സ്ത്രീകളില്‍ വിവാഹിതരെയും മുതിര്‍ന്നവരെയും ‘അമ്മ’ എന്നു പേരിന്റെ കൂടെ ചേര്‍ത്തു വിളിയ്ക്കുമായിരുന്നു. (മറ്റു ജാതികളിലെ പെണ്ണുങ്ങള്‍ക്ക് ‘അമ്മ’പ്രയോഗം നിഷിദ്ധമായിരുന്നു!).  ‘കൊട്ടിയം’, വീട്ടുപറമ്പുകളിലേയ്ക്കുമുള്ള ചെറിയ പ്രവേശനസ്ഥലം (entrance) ആണ്. കൊല്ലത്തെ കൊട്ടിയം അങ്ങനെ ഒരു പ്രവേശനദ്വാരവുമായി ബന്ധപ്പെട്ടതാവണം. ‘കൊട്ടിയമ്പലം’ പടിപ്പുരയാണ്. പക്ഷെ ക്ഷേത്രമല്ല. ‘ഭാര്യ പിണങ്ങിപ്പോയാല്‍ പടിപ്പുര വരെ’ എന്നാണു പഴഞ്ചൊല്ലിന്റെ സാരം. പടിപ്പുര സമ്പന്നര്‍ക്കേ ഉണ്ടായിരുന്നുള്ളൂ.  ഓടിനു പകരം ഓലയായിരുന്നു പഴയ കാലത്തു കൊട്ടിയമ്പലം മേയാന്‍ ഉപയോഗിച്ചിരുന്നത്. അതിന് ഓലകൊട്ടിയമ്പലം എന്നു പറയുമായിരുന്നു. ഇങ്ങനെയുള്ള പടിപ്പുരകള്‍ പഴയ കാലത്തു വഴിയാത്രക്കാര്‍ക്ക് അടയാളമായിരുന്നു. മാവേലിക്കരയ്ക്കടുത്തുള്ള ഓലകൊട്ടിയമ്പലം കാലാന്തരത്തില്‍ ‘ഓലകെട്ടിയമ്പലം’ എന്നായി മാറി. ഒരു ക്ഷേത്രവുമായും പേരിനു ബന്ധമില്ല. ‘ഓലകൊട്ടിയമ്പലം’ എന്ന യഥാര്‍ത്ഥനാമം ഉപയോഗിയ്ക്കുന്നതല്ലേ ന്യായം? (ഇതേ അര്‍ത്ഥത്തില്‍ ‘കൊട്ടിയമ്പലം’ തമിഴിലുമുണ്ട്. തമിഴില്‍ അമ്പലം എന്നു പറഞ്ഞാല്‍  പൊതുസ്ഥലം. വേറെ പല അര്‍ത്ഥങ്ങളുണ്ടെങ്കിലും മലയാളി ഇതിനെ അടിസ്ഥാനമാക്കിയായിരിയ്ക്കണം ‘ഹിന്ദു ആരാധനാലയ’ങ്ങളെ ‘അമ്പല’ങ്ങളാക്കിയത്).

സ്ഥാനം’ എന്ന സംസ്കൃതവാക്കിന്റെ മലയാളരൂപമാണു ‘താനം’. ‘താന’ങ്ങള്‍ മിക്കവാറുമെല്ലാം പഴയ ചേരവംശത്തിന്റെ കീഴിലുണ്ടായിരുന്ന `വേമ്പൊലിനാടു’ (വൈക്കം, മീനച്ചില്‍), മുഞ്ച(ത്ത)നാട്(കോട്ടയവും പരിസരവും), നന്‍റുഴൈനാട് (തിരുവല്ല, ചങ്ങനാശ്ശേരി)  എന്നീ പ്രവിശ്യകള്‍ സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ്, അതായത് ഏറ്റുമാനൂര്‍ മുതല്‍ തിരുവല്ല വരെയുള്ള ഭാഗത്ത്, എം.സി. റോഡിനു കിഴക്കായാണ് എന്നതു ചരിത്രകാരന്മാരുടെയും ഭാഷാപണ്ഡിതരുടെയും വിശദപഠനത്തിനു വിധേയമാവണം.  മരങ്ങളും ഭൂപ്രകൃതിയുമായി ബന്ധപ്പെടുത്തിയ ‘താന’ങ്ങള്‍ ധാരാളമുണ്ട്. ആഞ്ഞിലിത്താനം, ഇത്തിത്താനം, മടുക്കത്താനം, മാന്താനം, പുളിന്താനം തുടങ്ങിയവ വൃക്ഷങ്ങള്‍ നിന്ന സ്ഥലങ്ങള്‍ തന്നെ. മരച്ചുവട് എന്നര്‍ത്ഥം വരുന്ന സ്ഥലനാമങ്ങളുമുണ്ട്. ഉദാ: പുളിമൂട്, മാമ്മൂട്, മടുക്കമൂട്.  തൃക്കൊടിത്താനത്തിനടുത്തുള്ള മടുക്കമൂട് ഇപ്പോള്‍ ‘മടുക്കുംമൂട്’ എന്നു വികലമാക്കി മാറ്റിയിട്ടുണ്ട്. വില്ലന്‍ പൊതുമരാമത്തു വകുപ്പു തന്നെ. നാട്ടുകാര്‍ ഉപദേശകരും. ബോര്‍ഡും സ്ഥാപിച്ചു കഴിഞ്ഞു. മടുക്കയും ഇപ്പോള്‍ അപൂര്‍വ്വവൃക്ഷമായി മാറിക്കഴിഞ്ഞു. മടുക്കമരത്തിനു (Siamese Yellow Leaf) കരിങ്ങാലി/കരുങ്ങാലി എന്നും പേരുണ്ട്. മരുതൂര്‍ എന്ന പേരു മരുത് എന്ന വൃക്ഷവുമായി ബന്ധപ്പെട്ടതു തന്നെ. തൃശൂരിലെ ‘അന്തിക്കാട്’ എന്ന വാക്കിലെ ‘അന്തി’ വൃക്ഷമാണ്. ‘അന്തി’ (blinding tree) ആദിദ്രാവിഡഭാഷയിലെ വാക്കാണ്‌. മലയാളത്തില്‍ കോമട്ടി, കണ്ണംപൊട്ടി എന്നൊക്കെയാണെന്നു കേരള ഫോറസ്റ്റ് റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്. തമിഴില്‍ ഇപ്പോഴും ‘അന്തി’ എന്ന വാക്കുണ്ട്. ആരും ഉപയോഗിക്കാറില്ല എന്നറിയുന്നു.

തൃശൂരിനടുത്താണു ‘വിലങ്ങന്‍’ . ഏതാണ്ടു മുപ്പതു കൊല്ലം മുമ്പു വരെ ‘വിലങ്ങന്‍’ എന്ന പേരിനു പ്രശ്നമില്ലായിരുന്നു. ഇപ്പോള്‍ ‘വിലങ്ങന്‍’ എന്ന സ്ഥലത്തിന്റെ പേരു സര്‍ക്കാരും പി.ഡബ്ല്യൂ.ഡി.യും വിനോദസഞ്ചാരവകുപ്പും ‘വിലങ്ങന്‍കുന്ന് ’ എന്നാക്കി. മരക്കഴുതകള്‍ എല്ലായിടത്തുമുണ്ടല്ലോ. ‘വിലങ്ങന്‍’ എന്ന വാക്കിന്റെ അര്‍ത്ഥം ‘കുന്ന്’ എന്നാണ്. ഇതും ഒരു പഴയ മലയാളപദമാണ്. തമിഴിലും ഉണ്ട്. അപ്പോള്‍ ‘വിലങ്ങന്‍’ എന്നെഴുതിയിട്ട്, അതിന്റെ പിറകില്‍ ‘കുന്ന്’ എന്നു ചേര്‍ക്കേണ്ടതില്ല. തൃശൂരിലെ പ്രശസ്തമായ കേരളവര്‍മ്മ കോളേജിലെ മലയാളം വിഭാഗം ശ്രദ്ധിയ്ക്കുക. മരക്കഴുതകള്‍ മലയാളം കയ്യടക്കുന്നതിനു വിലങ്ങിടുക.

ഉഴിഞ്ഞ ഒരു തരം വള്ളിച്ചെടിയാണ്. ഉഴിഞ്ഞല്‍ ഒരു തരം വാകയും. പുതുക്കാടിനു കിഴക്കുള്ള ഉഴിഞ്ഞല്‍പ്പാടം, ഉഴിഞ്ഞയോ ഉഴിഞ്ഞലോ ഉള്ള സ്ഥലമായിരുന്നു എന്നു കരുതേണ്ടിയിരിയ്ക്കുന്നു.

പൊങ്ങന്താനം, കടുത്താനം (കടുന്താനം), കുന്നന്താനം, കൂനന്താനം, കടുത്തുരുത്തി എന്നിങ്ങനെയുമുണ്ടു ഭൂമിയുടെ കിടപ്പനുസരിച്ചു സ്ഥലപ്പേരുകള്‍. ‘കടു, കടും, കൊടു, കൊടും’ എന്നീ പ്രയോഗങ്ങള്‍ കാഠിന്യത്തെ (കടുപ്പത്തെ) കാണിയ്ക്കാനാണ്‌ ഉപയോഗിയ്ക്കുന്നത്. ഉറച്ച മണ്ണോ പാറയോ ചെങ്കല്ലോ ഉള്ള പ്രദേശത്തെയോ അല്ലെങ്കില്‍  ഉയര്‍ന്നു നില്‍ക്കുന്ന സ്ഥലത്തെയോ ആണ്, സ്ഥലനാമത്തെ സംബന്ധിച്ചിടത്തോളം, ഈ പ്രയോഗം സൂചിപ്പിയ്ക്കുന്നത്. (ചില വീട്ടുപേരുകളും ഇങ്ങനെ ഉണ്ടായിട്ടുണ്ട്).

ഇപ്പോള്‍ ഈ സ്ഥലങ്ങളുടെ ‘പുരാണ’മന്വേഷിച്ചു പോയാല്‍ പലരും പടച്ചുവിട്ട രസകരങ്ങളായ, യുക്തിഹീനങ്ങളായ ഐതിഹ്യങ്ങളും കേള്‍ക്കാം. അവരുടെ സൃഷ്ടിയാണു ‘കുന്നന്താനം’ എന്ന പേരു ‘കണ്ണന്‍ദാനം’ എന്ന വാക്കില്‍ നിന്നുണ്ടായി എന്ന വാദം. കുന്നുകളുള്ള സ്ഥലം കുന്നന്താനം. കടുത്താനം ഉറച്ച ഭൂമിയുള്ള സ്ഥലം. സംസ്കൃതത്തിലെ ‘ഖടികസ്ഥാനം’ (ഖടിക=വേദപഠനാലയം) കടിത്താനവും പിന്നീടു കൊടിത്താനവും പിന്നെ തൃക്കൊടിത്താനവും ആയി എന്നു മറ്റൊരു വാദം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ തകര്‍ന്ന നന്‍റുഴൈനാടിന്റെ തലസ്ഥാനമായിരുന്നല്ലോ കടുത്താനം അല്ലെങ്കില്‍ കടിത്താനം. കടുത്താനം എന്ന പേരില്‍ അടുത്തകാലം അവിടെ ഒരു ഇല്ലപ്പറമ്പുണ്ടായിരുന്നു. കടുത്താനത്തു താമസമാക്കിയ ഒരു ബ്രാഹ്മണകുടുംബം ആ പേരു തന്നെ സ്വന്തം ഇല്ലത്തിനും നല്‍കി. (ഇതുമാതിരിയാണു കവിയൂര്‍ ഗ്രാമത്തിലെ കവിയൂര്‍ ഇല്ലവും. കവിയൂരില്‍ ഇപ്പോഴും ഒരു കടുത്താനത്തില്ലമുണ്ട്. പെരുന്നയിലുണ്ടായിരുന്ന കടുത്താനത്തില്ലത്തിന്റെ ശാഖ അന്യം നിന്നുപോയി എന്നു പറയുന്നു). അല്ലെങ്കില്‍ ഇല്ലത്തിന്റെ പേരില്‍ സ്ഥലം അറിയപ്പെട്ടു തുടങ്ങി.  ഭാഷ പലരും വികലമായി എഴുതിയിരുന്ന കാലത്തെ ശിലാലിഖിതങ്ങളും ചെമ്പേടുകളും അതേപടി സ്വീകരിയ്ക്കണമെന്നില്ല. എങ്കിലും ‘കടി’ എന്ന വാക്കിനു തമിഴില്‍ പുതിയ, ഭംഗി, ആരാധന, പൂന്തോപ്പ്‌ എന്നിങ്ങനെയും അര്‍ത്ഥങ്ങളുണ്ട്. കടിനഗരം എന്നതിനു കൊട്ടകൊത്തളങ്ങളാല്‍ സുരക്ഷിതമായ നഗരം (fortified city) എന്നും തമിഴില്‍ അര്‍ത്ഥമുണ്ട്. അത്തരം ഒരു നഗരമായിരുന്നു ‘കടിത്താനം’. ഈ രണ്ടര്‍ത്ഥങ്ങളും ഈ സ്ഥലത്തിനു ചേരും. കൂടുതല്‍ സ്വീകാര്യത മറ്റൊരു വ്യാഖ്യാനത്തിനുണ്ട്. പുതിയ സ്ഥലം  എന്ന അര്‍ത്ഥത്തില്‍ കടിത്താനം എന്ന വാക്ക് ഉപയോഗിച്ചിരിയ്ക്കാനാണു സാദ്ധ്യത. പുതുച്ചേരി, പുത്തന്‍കാവ്, പുതിയങ്ങാടി തുടങ്ങിയ സ്ഥലനാമങ്ങളിലെ പുതു/പുതിയ പ്രയോഗരീതി തന്നെ കടി എന്ന വാക്കിലും കാണുന്നത്. കടിമലര്‍ എന്ന വാക്കിനു തമിഴില്‍ പുതുമലര്‍ എന്നാണര്‍ത്ഥം. കടുത്താനം എന്നല്ല, കടിത്താനം എന്നു തന്നെയാണ്‌ എന്ന് ഏതാണ്ടു ക്രി.വ. ഒന്‍പതാം നൂറ്റാണ്ടില്‍ രചിയ്ക്കപ്പെട്ട തിരുവായ്മൊഴിയിലും കാണുന്നത്. ഉണ്ണുനീലിസന്ദേശത്തില്‍’ (ക്രി.പി. പതിന്നാല്-പതിനഞ്ച് നൂറ്റാണ്ടില്‍ രചിതം) ഇതു ‘കടിത്താന’മാണ്.

വടക്കുംകൂര്‍ രാജാവിന്റെ ആദ്യകാലരാജധാനി എന്നു കരുതപ്പെടുന്ന കടുത്തുരുത്തിയെ ‘ഖടികത്തുരുത്തി’യാക്കാനുള്ള ഭഗീരഥപ്രയത്നങ്ങള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല. എന്നാല്‍ ‘കടല്‍ത്തുരുത്ത്’ ആയിരുന്നു കടുത്തുരുത്തി എന്ന വാദം ശരിയാകാം. ‘തുരുത്തി’ എന്ന വാക്കിനു തുറമുഖം എന്നൊരു അര്‍ത്ഥം ഉണ്ടെന്നു പറയുന്നതു വിചിത്രമെന്നു തന്നെ പറയണം. ഈ അര്‍ത്ഥം നിഘണ്ടുക്കളില്‍ ഇല്ല. ‘കടല്‍ത്തുരുത്ത്’ എന്ന അര്‍ത്ഥം തന്നെ ഏറ്റവും അനുയോജ്യം. സിന്ധുദ്വീപ് (സിന്ധു=സമുദ്രം, ദ്വീപ്‌=തുരുത്ത്) എന്ന ‘ഉണ്ണുനീലിസന്ദേശ’ത്തിലെ പ്രയോഗം ഇതിനു സാദ്ധ്യത കൂട്ടുന്നു. (അവലംബം: ശ്രീ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ വ്യാഖ്യാനം). വടക്കുംകൂറിന്റെ തലസ്ഥാനം ‘ഉണ്ണുനീലിസന്ദേശ’ത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ‘വടമാതിര’ (ഇന്നത്തെ കടുത്തുരുത്തി) ആയിരുന്നത്രെ. ഇതു ‘വടമധുര’ എന്നതിന്റെ വികലരൂപം ആണന്നു തോന്നുന്നു. പാണ്ഡ്യരാജാക്കന്മാര്‍ക്കു രണ്ടു ‘മധുര’കള്‍ ഉണ്ടായിരുന്നു പോല്‍. ഇന്ത്യയുടെ തെക്കേ അറ്റത്തെവിടെയോ ആയിരുന്ന, ആദ്യത്തെ തലസ്ഥാനമായിരുന്ന മധുര കടലില്‍ മുങ്ങിയപ്പോള്‍ മറ്റൊരു മധുര വടക്കോട്ടു മാറി സ്ഥാപിച്ചുവത്രേ. ഇതു വെറും ഐതിഹ്യമാണ്‌. അതാണിപ്പോള്‍ നാമറിയുന്ന മധുര. ആ നഗരം വട(ക്കന്‍)മധുര എന്ന പേരിലും അറിയപ്പെടുന്നു. കിളിമാനൂരിനു കിഴക്ക് (കൊട്ടാരക്കര-തിരുവനന്തപുരം എം.സി. റോഡില്‍) എന്ന സ്ഥലത്തിനു സമീപം ‘മതിര’/‘വടമതിര’ എന്നൊരു സ്ഥലം ഇപ്പോഴും ഉണ്ടെന്നറിയുന്നു. മതിരപ്പള്ളി കോതമംഗലത്തുണ്ട്. ഈ രണ്ടു സ്ഥലനാമങ്ങളും പാണ്ടിനാട്ടില്‍ നിന്നും കടമെടുത്തതു തന്നെ. കടുത്തുരുത്തിയ്ക്കു സിന്ധുദ്വീപ്, വടമാതിര എന്നു കൂടാതെ ‘കടന്തേരി’ എന്നും 'ഉണ്ണുനീലിസന്ദേശ'ത്തില്‍ പേരുണ്ട്. കടല്‍+തേരി = കടന്തേരി. ഈ വാക്കിനു ശ്രീ ഇളംകുളം കുഞ്ഞന്‍പിള്ള കൊടുത്തിരിയ്ക്കുന്നത് ‘കടലിന്റെ കരക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഭൂമി’എന്നാണ്. തേരി= Sand Hill (മണല്‍ക്കുന്ന്) എന്നു നിഘണ്ടുക്കളില്‍. ഉയര്‍ന്ന ഭൂമി എന്നര്‍ത്ഥം. വടക്കന്‍കേരളത്തിലും ഒരു കടന്തേരി ഉണ്ട്.


ഗൂഗ്ള്‍ മാപ് നോക്കൂ. തിരുവനന്തപുരത്തിനടുത്ത വെള്ളായണിക്കായലിന്റെ പരിസരങ്ങളില്‍ നിന്നു  കിഴക്കോട്ടു പോകുന്തോറും ഭൂമിയുടെ ഉയരം കൂടുന്നു. അതനുസരിച്ചുള്ള പേരുകളും പഴയ മലയാളികള്‍ ഇട്ടു. വെള്ളായണിക്കായലിനു സമീപമുള്ള ഒരു സ്ഥലത്തിന്റെ പേരു തന്നെ ‘മുകളൂര്‍മൂല’ (മുകളില്‍ ഉള്ള ഊരിലെ മൂല) എന്നാണ്. കായലിന്റെ തലത്തില്‍ നിന്നും ഉയര്‍ന്ന ഭൂമി. സമീപസ്ഥമായ ‘ഊക്കോട്’ എന്ന സ്ഥലത്തിനും ഉയര്‍ന്ന ഭൂമി എന്നു തന്നെ അര്‍ത്ഥം. (ഊക്കം= ഉയരം). കോടിനു ‘മൂല’ എന്നും അര്‍ത്ഥമുണ്ട്. ഉയര്‍ന്ന പ്രദേശം എന്നു മറ്റൊരര്‍ത്ഥം.  ‘മുകളൂര്‍മൂല’യുടെ പര്യായം തന്നെ ‘ഊക്കോട്’. ‘നേമം’ ഇത്തിരി കൂടി കിഴക്കു നീങ്ങിയാണ്.  ‘നേമ’ത്തിനും ഉയര്‍ന്ന ഭൂമി എന്നാണര്‍ത്ഥം.  പിളര്‍പ്പ്, വേലി എന്നീ അര്‍ത്ഥങ്ങളുമുണ്ടെങ്കിലും ഉയര്‍ന്ന ഭൂമി എന്ന അര്‍ത്ഥം തന്നെ യോജിയ്ക്കുന്നത് എന്നു തോന്നുന്നു.

‘കടു’, ‘കടും’ എന്നീ വാക്കുകള്‍ക്കു സമാനമാണു ‘പിണര്‍’ എന്ന വാക്ക്. നിരപ്പല്ലാത്ത, പരുപരുത്ത, മാര്‍ദ്ദവമില്ലാത്ത എന്നാണര്‍ത്ഥം. ‘ആയി’ സ്ഥലം, പറമ്പ്, പ്രദേശം. ‘പിണറായി’യുടെ ഏകദേശരൂപം ഊഹിയ്ക്കാവുന്നതേയുള്ളൂ.

കൊട്ടാരക്കര എന്ന സ്ഥലനാമം എങ്ങനെയുണ്ടായി എന്ന്‍ അന്നാട്ടുകാരോടു ചോദിച്ചാല്‍ പറയും അതു കൊട്ടാരങ്ങളുടെ നാടായതുകൊണ്ടാണെന്ന്. അവിടെ ഒരു കൊട്ടാരമേ ഉണ്ടായിരുന്നുള്ളൂ. അതാവട്ടെ, പതിന്നാലാം നൂറ്റാണ്ടില്‍ പണിതതും. കൊട്ടാരം പണിയുന്നതിനു മുന്‍പും ആ സ്ഥലമുണ്ട്. അന്നതിന്റെ പേരെന്തായിരുന്നു? പഴയ ചരിത്രരേഖകളില്‍ ഇതു ‘കൊട്ടകാരക്കര’ ആണ്. വാമൊഴിയില്‍ ‘കാ’  ലോപിച്ചു ‘കൊട്ടാരക്കര’ ആയി എന്നതു സ്പഷ്ടം. കൊട്ടകാരം, അറയാണ്. കലവറയും നെല്ലറയും കൊട്ടകാരമാണ്. അറയ്ക്കല്‍ എന്ന വാക്കിനു തുല്യമാണ് കൊട്ടകാരക്കര. പഴയ ഏതോ തറവാടോ ഇല്ലമോ ആയിരിയ്ക്കണം പേരിനടിസ്ഥാനം. ഭാഷാപണ്ഡിതരുടെ ശ്രദ്ധ ഈ വിഷയത്തിലേയ്ക്കു തിരിഞ്ഞാല്‍ നന്നായിരിയ്ക്കും. ‘കാരയ്ക്കാട് ’, കാരമരങ്ങള്‍ ധാരാളമുണ്ടായിരുന്ന പറമ്പ്/സ്ഥലം തന്നെ. എഴുമറ്റൂരിനടുത്ത അത്തിയാലും (അത്തിയ്ക്ക് അത്തിയാല്‍ എന്നും പറഞ്ഞിരുന്നു) ഇടുക്കിയിലെ കുളമാവും പെരുന്ന കിഴക്കുള്ള കുളമാവുചേരിയും (കുളമാച്ചേരി) കുളമാവ് എന്ന മരത്തിന്റെ പേരില്‍ അറിയപ്പെടുന്നു. ആലത്തിയൂര്‍ എന്ന വാക്കില്‍ ആല്‍, അത്തി എന്ന രണ്ടു പദങ്ങളുണ്ട്. വെള്ളം, വൃക്ഷം ഇവ രണ്ടുമായോ അല്ലെങ്കില്‍ രണ്ടു വൃക്ഷനാമങ്ങളുമായോ ഉള്ള ബന്ധം സൂചിപ്പിയ്ക്കുന്നു. ‘ഇത്തിക്കര’, ഇത്തിമരം നില്‍ക്കുന്ന കര.

‘കൊട്ടകാരക്കര’യില്‍ ‘കാ’ ലോപിച്ചെങ്കില്‍, ‘കാ’ എന്നു മാത്രം അറിയപ്പെടുന്ന സ്ഥലങ്ങളുമുണ്ട് കേരളത്തില്‍. ഒറ്റയക്ഷരം. ആരാധന നടക്കുന്ന സ്ഥലം. ‘അമ്പലം’ എന്ന വാക്കു പ്രചാരത്തില്‍ വരുന്നതിനു മുമ്പുള്ള പേരാണ്. ‘തൃക്കയില്‍’ എന്നാണിവ ഇപ്പോള്‍ അറിയപ്പെടുന്നത്. വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലും ‘തൃക്കയില്‍’ ഒന്നിലേറെയുണ്ട്.  സ്ഥലത്തെ ക്ഷേത്രദൈവത്തിന്റെ സാന്നിധ്യം സൂചിപ്പിയ്ക്കുന്ന ‘തൃ’ കളഞ്ഞാല്‍, ‘കയില്‍’. ‘കാ’ എന്നതു പൂന്തോട്ടം, ചെറുകാട് എന്നതിന്റെ പര്യായമാണ്. ‘കയില്‍’, ‘തൃക്കയില്‍’ എന്നീ വാക്കുകള്‍ തെറ്റാണ്. ക്ഷേത്രം ഇരിയ്ക്കുന്ന സ്ഥലത്തെയാണു ‘കാ’ എന്നു വിളിക്കേണ്ടത്. ക്ഷേത്രത്തിനോട് ആദരവു കാട്ടാന്‍ ‘തൃക്കാ’ എന്നും പറയാം. ക്ഷേത്രസങ്കേതവും അറിയപ്പെടെണ്ടതു ‘തൃക്കാ’ എന്നു തന്നെ. ‘തൃക്കയില്‍ ക്ഷേത്രം’ എന്നല്ല, ‘തൃക്കായില്‍’ ക്ഷേത്രം എന്നാണു ശരി. ‘കാവ്’ എന്ന വാക്കില്‍ ആരാധനാലയം എന്ന ധ്വനി ഉള്ളതിനാല്‍ പിന്നില്‍ ‘ക്ഷേത്രം’ എന്നു ചേര്‍ക്കേണ്ടതില്ല. നമ്മുടെ പൂര്‍വ്വികര്‍ ‘കായില്‍’, ‘തൃക്കായില്‍’ എന്നീ വാക്കുകളാണ് ഉപയോഗിച്ചിരുന്നത് എന്നുള്ളതില്‍ സംശയമില്ല. വാമൊഴിയില്‍ ‘കയില്‍’, ‘തൃക്കയില്‍’ എന്നീ രൂപങ്ങളിലായി.  ഒരു കാര്യം കൂടി തെളിയുന്നു. ‘രാജാ’, ‘രാജാവ്’ ആയതുപോലെ, ‘മാതാ’, ‘മാതാവ്’ ആയതുപോലെ, ‘പിതാ’, ‘പിതാവ്’  ആയതുപോലെ ‘കാ’ എന്ന വാക്കില്‍ നിന്നും  ‘കാവ്’ ഉണ്ടായി. ആധുനികകാലത്തായിരുന്നെങ്കില്‍ ‘തൃക്കാവ്’ എന്നു പേരു വീഴുമായിരുന്നു.  ‘കാവില്‍ തൊഴാന്‍ പോയി’ എന്നതു പണ്ടു ‘കായില്‍ തൊഴാന്‍ പോയി’ എന്നായിരുന്നു എന്നു കരുതാം. ‘തൃക്കായില്‍’ എന്ന പ്രയോഗം ശുദ്ധമായ പഴയമലയാളവും ‘തൃക്കാവില്‍’ എന്നതു തമിഴിന്റെ ചുവയുള്ള മലയാളവും ആണെന്നു തോന്നുന്നു. രണ്ടാമത്തേത്തിനാണ് ഇപ്പോള്‍ വ്യാകരണപരമായി സാധുത. എന്തായാലും ‘തൃക്കാവ്/തൃക്കാ’ (നാമരൂപം) എന്നതിനു പകരം ‘തൃക്ക’, ‘തൃക്കയില്‍’ എന്നീ വാക്കുകള്‍ ഉപയോഗിയ്ക്കുന്നതു തെറ്റാണ്.  ‘തൃക്കാ’ എന്നു ദീര്‍ഘത്തില്‍ വരുന്ന ‘തൃക്കാക്കര’യുടെ അര്‍ത്ഥം ഇതാവാന്‍ വഴിയില്ല. ‘കാല്‍ക്കര’ എന്നു വ്യക്തമായി പഴയ രേഖകളില്‍ ഉണ്ട്. അതു ‘കാക്കര’ ആയതാവണം. രണ്ടറ്റത്തും കയര്‍ കെട്ടി തോളില്‍ ഭാരമേറ്റാന്‍ ഉപയോഗിച്ചിരുന്ന തണ്ടിനും കാ, കാവ് എന്നു തമിഴില്‍ പറയുന്നു. തണ്ട് (വടി) ഉള്ളതു കാരണം ‘കാവടി’ എന്നും വിളിയ്ക്കപ്പെട്ടു. ഇത്തിരി അലങ്കാരപ്പണികളോടെ ‘തൈപ്പൂയ’ത്തിനും  ഇതിനെ ഉപയോഗിക്കുന്നു.

‘പാക്കില്‍’ എന്നൊരു സ്ഥലം കോട്ടയത്തിനടുത്തുണ്ട്. ‘പാക്ക് ’ എന്നു ശരിയായ പേര്. നാടോടിക്കഥകളിലെ പാക്കനാരുമായി ബന്ധപ്പെട്ട അയ്യപ്പക്ഷേത്രമുണ്ട് ഇവിടെ. ശബരിമലയ്ക്കു പോകാന്‍ മാലയിട്ട ശേഷം എന്തെങ്കിലും കാരണത്താല്‍ പോകാന്‍ പറ്റാതെ വന്നാല്‍, പാക്കില്‍ പോയി അയ്യപ്പനെ കണ്ടു തൊഴുതാല്‍ പ്രായശ്ചിത്തമായി. അങ്ങനെയൊരു ആചാരം തെക്കുംകൂറിലും വടക്കുംകൂറിലും (മദ്ധ്യതിരുവിതാംകൂറിലും ഉത്തരതിരുവിതാംകൂറിലും) ഉണ്ടായിരുന്നു. ‘പാക്ക്’, അടയ്ക്ക തന്നെ. ഒരു തമിഴ് നിഘണ്ടുവില്‍ ‘കമുക്’ എന്നും കണ്ടു. അതു രണ്ടുമായി സ്ഥലത്തിനു ബന്ധമില്ല. കാവ്, പൂന്തോപ്പ്‌  എന്നീ അര്‍ത്ഥങ്ങളേ സ്വീകാര്യമാവൂ. ‘ബാഗ്’ (bagh, बाग) എന്ന ഹിന്ദുസ്ഥാനിവാക്കില്‍ നിന്നാണു ‘പാക്ക്’ ഉണ്ടായതെന്ന് ഒരു തമിഴ് നിഘണ്ടു സൂചിപ്പിയ്ക്കുന്നു. പാക്കനാരുമായി ബന്ധമൊന്നും ഇല്ല എന്നതാണു സത്യം.

‘കാപ്പ് ’എന്ന വാക്കിനു enclosure, garden (വളപ്പ്, പൂന്തോട്ടം) എന്നീ അര്‍ത്ഥമുണ്ട് (ഗുണ്ടര്‍ട്ട്). കായംകുളത്തിനടുത്തു ‘കാപ്പില്‍’ എന്നൊരു സ്ഥലമുണ്ട്.

കോട്ടയത്തിനടുത്തു തന്നെയാണു ‘പരിപ്പ് ’ എന്ന സ്ഥലം. രസമുള്ള പേര്. തുവരപ്പരിപ്പും ഉഴുന്നുപരിപ്പുമായൊന്നും ആയി ബന്ധമില്ല. ‘പരി’ = ഉയരം (Elevation). പരിപ്പ് ‘ഉയര്‍ന്ന ഭൂമി’യാണ് . ചുറ്റുമുള്ള വയല്‍ത്തടങ്ങളേക്കാള്‍ ഉയര്‍ന്ന ഭൂമി.

നദികളുടെ പരന്ന തിട്ടയ്ക്കാണു ‘മാലി’ എന്നു പറഞ്ഞിരുന്നത്. പരപ്പായ സ്ഥലം. മണിമലയാറിന്റെ തീരത്താണു മല്ലപ്പള്ളിയിലെ തിരുമാലിടക്ഷേത്രം. ഈ സ്ഥലപ്പേര് ‘ഇരുമാലിയിട’ എന്ന വാക്കിന്റെ വികലരൂപമാണ്. രണ്ടു തിട്ടകള്‍ക്കിടയിലുള്ള സ്ഥലം ശ്രീ ഒളശ്ശ കെ.എസ്. നീലകണ്ഠന്‍ ഉണ്ണിയുടെ നിഗമനം. ‘ഇരു’വിനു പകരം ‘തിരു’ എന്ന വാക്കു പ്രദേശവാസികള്‍ ചേര്‍ത്തതു തെറ്റിദ്ധാരണ മൂലമാണ്. എന്നാല്‍ ഇപ്പോള്‍ ഇവിടെ രണ്ടു ‘മാലി’യില്ല. തിരുമാലിയിട (ഇട=ഇടം=സ്ഥലം)എന്നതാവാനാണു സാദ്ധ്യത. അതു ലോപിച്ചു ‘തിരുമാലിട’ ആയി. അവിടെ പുരാതനമായ ശിവക്ഷേത്രമുണ്ട്. ‘തിരുമാല്‍’ ആയപ്പോള്‍ സംഗതി മാറി. ‘തിരുമാല്‍’ വിഷ്ണുവാണ്. ഈ സ്ഥലത്തിനു വിഷ്ണുവുമായി ബന്ധമൊന്നുമില്ല.  ‘അങ്കമാലി’യിലെ അങ്കത്തിനു സ്ഥലം എന്നൊരര്‍ത്ഥമുണ്ട്. പരന്ന സ്ഥലം എന്നു വാഗര്‍ത്ഥം. നാലും കൂടിയ വഴിയുടെ നടുക്കുള്ള പരന്ന സ്ഥലമാവണം അങ്കമാലിയായത്. ഇപ്പോള്‍ ഉപയോഗിക്കുന്ന ‘നഗരചത്വരം’ എന്ന വാക്കും ഈ അര്‍ത്ഥത്തില്‍ തന്നെ. അങ്കമാളിയാണു ചത്വരത്തേക്കാള്‍ ഭേദം. ചതുരമായാലും വട്ടമായാലും മറ്റെന്തു രൂപമായാലും അങ്കമാലി എന്നാ വാക്കുപയോഗിയ്ക്കാം. ആദിദ്രാവിഡഭാഷയില്‍ ‘അങ്ക’എന്നു തുടങ്ങുന്ന വാക്കുകള്‍ക്കു ‘മനോഹരം എന്നുമര്‍ത്ഥമുണ്ട്. താഴ്‌വാരത്തെ നിരപ്പ് എന്ന അര്‍ത്ഥത്തിലാണ് ‘അടിമാലി’.

പാല്‍’എന്നു തുടങ്ങുന്ന സ്ഥലങ്ങളുണ്ട് – ഉദാ:പാല്‍ക്കുളങ്ങര. ‘പാല്‍’ എന്നു വാക്കിനു മുമ്പില്‍ ചേര്‍ത്താല്‍ സമീപം, പാതി, മദ്ധ്യം എന്നീ അര്‍ത്ഥങ്ങളുണ്ട്. ‘പാലോട്’ എന്നതിലെ ‘ഓട് ’, നീണ്ട (ഭൂ)ഭാഗം എന്ന അര്‍ത്ഥത്തില്‍ നല്കിയതാവണം. 'പാ' എന്നതിനു വിശാലമായ എന്നൊരര്‍ത്ഥമുണ്ട്. 'പാങ്ങോട്' (തിരു.നഗരം), 'പാങ്കോട്' (ഐക്കരനാട് പഞ്ചായത്ത്) എന്നീ സ്ഥലപ്പേരുകളിലും 'പാ'യുടെ അര്‍ത്ഥം 'വിശാലമായ' എന്നു തന്നെ ആയിരിയ്ക്കണം. ഭൂപ്രകൃതിയെയും ജനവാസകേന്ദ്രങ്ങളെയും അനുസരിച്ചാവണം നമ്മുടെ പൂര്‍വ്വികര്‍ ഈ പേരുകള്‍ നല്‍കിയത്. ‘പുലം’ കൃഷി ചെയ്യുന്ന സ്ഥലം/നെല്‍പ്പാടം. ‘പുലവ്’ എന്ന വാക്കിനും അതേ അര്‍ത്ഥം. പുലാക്കാട് എന്ന പേരു വന്നതു കാട്ടുപ്രദേശത്തെ കൃഷി കാരണം. കുറഞ്ഞത്‌ ആയിരമോ ആയിരത്തഞ്ഞൂറോ വര്‍ഷം - ഒരു പക്ഷെ അതിലുമധികം -  മുമ്പത്തെ അവസ്ഥ അതായിരുന്നിരിയ്ക്കാം. ‘കൈനിക്കര’ എന്നൊരു മലയാളം വാക്കുണ്ട്. ‘കൈനി’യും ‘കയിനി’യും  വിധവയാണ്. ‘അത്തം’ നക്ഷത്രത്തിനു തമിഴില്‍ ‘കയിനി’ എന്നു പറയുന്നു. ഒരു പക്ഷെ, പണ്ടു മലയാളിയും അങ്ങനെ പറഞ്ഞുകാണും. ‘കഴനിക്കര’ എന്നാക്കിയാലോ? ‘കഴനി’ വയലാണ്. ‘കഴനിക്കര’ (വയല്‍ക്കര), വാമൊഴിയില്‍ ‘കൈനിക്കര’യായതാവാം. കഴനിയ്ക്കു ചേറ്, വെളിമ്പ്രദേശം  എന്നും അര്‍ത്ഥമുണ്ട്. അതിനാല്‍ ചതുപ്പുനിലം, തുറസ്സായ സ്ഥലം എന്നിങ്ങനെയും യഥാക്രമം വ്യാഖ്യാനിക്കാം. കൈനി എന്നൊരു മരവുമുണ്ട്. ഈ മരം നിന്ന സ്ഥലവും കൈനിക്കര എന്ന പേരിനു കാരണമായിക്കാണും. (കൈനി briedelia retusa. മുക്കയിനി/മുക്കൈനി, മുള്ളു വേങ്ങ, മുള്ളുമരുത് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു).

ഉഴവന്‍’ കൃഷിക്കാരന്‍ ആണ്. ‘ഉഴവ്’ എന്ന വാക്കിനു നിലം ഉഴുന്ന പ്രവൃത്തി  എന്നു മാത്രമല്ല. ‘കൃഷി’ എന്നും അര്‍ത്ഥമുണ്ടായിരുന്നു. ചില താണ തരം ജാതികളെയും ‘ഉഴവര്‍’ എന്നു വിളിച്ചിരുന്നു. കൃഷി ചെയ്യുന്ന സ്ഥലം ഉഴവൂര്‍. ‘ഉഴ’ എന്ന വാക്കിന്റെയര്‍ത്ഥം മാന്‍. മാനുകള്‍ കാണപ്പെട്ടിരുന്ന സ്ഥലം ഉഴയൂര്‍. വാമൊഴിയില്‍ ഒരു പക്ഷെ, ഇത് ‘ഉഴവൂര്‍’ ആയോ? ഉത്തരം കണ്ടെത്താന്‍ പാടുള്ളവണ്ണം അകലത്തിലായി മലയാളത്തിന്റെ ഭൂതകാലം.


ഭൂമി കുഴിച്ചെടുത്ത മണ്ണും ചേറുമാണ് ‘ഇടപ്പ്’. അങ്ങനെയെടുക്കുമ്പോള്‍ ഉണ്ടാവുന്ന കുഴിയ്ക്കും (താണ നിലത്തിനും) ‘ഇടപ്പ്’ എന്നു പറഞ്ഞിരുന്നു, അല്പം അവിശ്വസനീയമാണ് ഈ വിളിയെങ്കിലും. രണ്ടിനും ഒരേ പേര്. ഈ വിധത്തില്‍ ഉയര്‍ത്തിയ സ്ഥലമാണ് ആലപ്പുഴ ജില്ലയിലെ ഇടപ്പുമണ്ണ് അഥവാ ഇടപ്പുമണ്‍. പിന്നീട് ഇടപ്പമണ്‍ ആയി. ഇപ്പോള്‍ നീളം കുറച്ച് ‘ഇടപ്പോണ്‍’ എന്നും പറയുന്നു. കായലില്‍ നിന്നും കടലില്‍ നിന്നും നദികളില്‍ നിന്നും ഇപ്രകാരം ഉയര്‍ത്തിയ ഭൂമിയും ‘ഇടപ്പ് ’ (reclaimed land) തന്നെ. വേമ്പനാട്ടു കായലില്‍ നിന്നും മുരിയ്ക്കന്‍ എന്ന കര്‍ഷകന്‍ ഉയര്‍ത്തിയെടുത്ത നിലം ‘ഇടപ്പ് ’ ആണ്.

‘തെള്ളി’ (ആന) ഉള്ള സ്ഥലം ‘തെള്ളിയൂര്‍’. ഇപ്പോള്‍ ഈ വാക്ക് ഒരു സ്ഥലപ്പേരില്‍ മാത്രമായി ഒതുങ്ങി. മാര്‍ത്താണ്ഡവര്‍മ്മയുടെ ആക്രമണഭീതിയില്‍ കൊട്ടാരക്കരയില്‍ നിന്നും  നിന്നും രക്ഷപെട്ട ഇളയിടത്തു റാണി താമസിച്ചിരുന്ന സ്ഥലമാണു തെള്ളിയൂര്‍. പ്രാചീനകാലത്ത് ഏതാണ്ടു വിജനമായ ഒരു വനപ്രദേശമായിരുന്നു ഇത്. ആനകളുള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ ഉണ്ടായിരുന്ന സ്ഥലമാണെന്നു ധ്വനി. തെള്ളിക്കൊടി എന്ന സസ്യത്തിന്റെ ആംഗലനാമം elephant creeper (Entada rheedei) എന്നാണ്. കാക്കവള്ളി, പരണ്ട എന്നും ഇതിനു പേരുണ്ട്. പഴയ മലയാളത്തില്‍ ‘ഇരിക്കി’ എന്നറിയപ്പെട്ടിരുന്നു. ‘ഇരിക്കൂര്‍’ ഈ വള്ളി നിന്ന സ്ഥലമായിരിയ്ക്കാം.

‘മള്ളന്‍’ പടനായകനോ കൃഷിപ്പണിക്കാരനോ (കൃഷി ചെയ്യുന്ന സ്ഥലത്തു താമസിച്ചു പണി ചെയ്യുന്ന ആള്‍) കുന്നുകളില്‍ താമസിയ്ക്കുന്ന ആളോ ആണ്. ‘മള്ളിയൂര്‍’ (കോട്ടയം ജില്ല), മള്ളൂര്‍ (തിരു. ജില്ല), മള്ളൂര്‍ക്കുളങ്ങര (കോട്ടയം ജില്ല) എന്നീ സ്ഥലങ്ങള്‍ക്കു കൃഷിപ്പണിക്കാരന്റെ വാസസ്ഥലം എന്ന അര്‍ത്ഥമാണു കൂടുതല്‍ യോജിയ്ക്കുക. എന്നാല്‍ ഇവിടെ സന്ധിയുടെ പ്രശ്നമുണ്ട്. മള്ളന്‍ + ഊര്‍, മള്ളനൂര്‍ ആവണം. അന്വേഷണത്തില്‍, ‘മള്‍’ എന്നു തുടങ്ങുന്നതോ, ‘മളി’, ‘മള്ള’, ‘മള്ളി’ എന്നിങ്ങനെയുള്ള വാക്കുകളോ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നിന്നു ലഭ്യമായില്ല. കഴുക്കോല്‍ എന്നര്‍ത്ഥമുള്ള ‘മള്ള് ’ എന്ന വാക്കാവട്ടെ ഇവിടെ ചേരുന്നുമില്ല. പ്രാചീനഭാഷയില്‍, വ്യാകരണത്തിനു നിഷ്കര്‍ഷയില്ലാത്ത സാധാരണക്കാര്‍, മള്ളിയൂര്‍, മള്ളൂര്‍ എന്നിങ്ങനെ പേരിട്ടു എന്ന് ഊഹിയ്ക്കുകയേ നിവൃത്തിയുള്ളൂ.

‘വെളി’ എന്നു തുടങ്ങുന്ന എല്ലാ സ്ഥലങ്ങളും ‘പുറത്തുള്ള’ എന്ന അര്‍ത്ഥത്തിലാകാം. ഉദാ: വെളിയം, വെളിയനാട്, വെളിയന്നൂര്‍. ഏതെങ്കിലും ജനപദത്തിനു പുറത്തുള്ള (അടുത്തുള്ള) കൃഷിസ്ഥലം. ഇവിടെയെല്ലാം ‘വെളിയകം’ ലോപിച്ചു. ‘നാട്ടക’ത്തിന്റെ എതിര്‍പദമായി ‘വെളിയക’ത്തെ കരുതാം. എന്നാല്‍ വെളിയന്‍ എന്നുള്ളതിന് അന്യദേശക്കാരന്‍ എന്നും അര്‍ത്ഥമുണ്ട്. വെളിയന്നൂര്‍, അന്യദേശത്തു നിന്നും കുടിയേറിയവരുടെ നാട് എന്ന അര്‍ത്ഥത്തിലുമാവാം.

ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട മറ്റു ചില വാക്കുകള്‍: മറ്റം (ചരിവുള്ള കൃഷിഭൂമി), മണ്ണ/മണ്‍ (കുന്ന്‍/ഉയര്‍ന്ന ഭൂമി), പറ്റ (ചെറുകാട്/കുറ്റിക്കാട്) ഉദാ: കാഞ്ഞിരമറ്റം, കുഴിമറ്റം, പെരിന്തല്‍മണ്ണ, കാറല്‍മണ്ണ, പ്ലാങ്കമണ്‍ (പ്ലാവുങ്കല്‍+മണ്‍), തുമ്പമണ്‍, വാഗമണ്‍ (വാകമണ്‍), നരിപ്പറ്റ, അത്തിപ്പറ്റ. കാടു തീവച്ചു കൃഷിസ്ഥലമായി ഉപയോഗിയ്ക്കുന്ന രീതി മലയാളിയ്ക്കുണ്ടായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് (അഞ്ചു എട്ടും പന്ത്രണ്ടും വര്‍ഷങ്ങള്‍) കൃഷി നിര്‍ത്തും. അവിടെ കാടു വളരാന്‍ അനുവദിയ്ക്കും. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞു കാടിനു തീയിട്ടു വീണ്ടും കൃഷി ചെയ്യും. ഈ പ്രക്രിയ തുടരും. ഇതായിരുന്നു പുനക്കൃഷി. ഈ കൃഷിസ്ഥലങ്ങളെ പുനം/പുനത്തില്‍ എന്നു പറഞ്ഞിരുന്നു. ഈ സ്ഥലങ്ങളില്‍. പൊതുവേ മലമ്പ്രദേശങ്ങള്‍ - പിന്നീടു അവിടെ താമസമാക്കിയവര്‍ക്ക്  ‘പുനത്തില്‍’ എന്നായി വീട്ടുപേര്‍.

പാട് എന്ന വാക്കും സ്ഥലം, പറമ്പ്, ഭാഗം എന്നിവയെ സൂചിപ്പിയ്ക്കുന്നു. (ഉദാ: നേരത്തേ സൂചിപ്പിച്ച പായിപ്പാട്, പടപ്പാട്, കിഴക്കേപ്പാട്). ‘പറമ്പില്‍’ എന്ന അര്‍ത്ഥത്തില്‍ ‘പാട്ട്’ എന്നു ചേര്‍ക്കുന്നു. (ഉദാ: അമ്പലപ്പാട്ട്, കിഴക്കേപ്പാട്ട്). ഇതും ‘പാട്’ എന്ന വാക്കില്‍ നിന്നു വന്നതാണ്. ചെങ്കുന്നൂര്‍ (ചുവന്ന കുന്നുള്ള പ്രദേശം) ഇന്നത്തെ ചെങ്ങന്നൂര്‍ ആണ്. സംസ്കൃതത്തിലെ ശോണാദ്രി. ക്ഷേത്രം നില്‍ക്കുന്ന ചെങ്കല്ലു നിറഞ്ഞ സ്ഥലവും  പരിസരവുമാണ് ആദ്യകാലത്ത് ഈ പേരില്‍ അറിയപ്പെട്ടിരുന്നത്. വെണ്‍പറമ്പ് അല്ലെങ്കില്‍ വെണ്‍മണ്ണ് എന്നാല്‍ വെളുത്ത മണ്ണുള്ള സ്ഥലം എന്നല്ല അര്‍ത്ഥം. വെളിപ്പറമ്പ്/വെളിമ്പറമ്പ് അഥവാ ജനവാസമില്ലാത്ത, തുറസ്സായ സ്ഥലം എന്നാണു വിവക്ഷ. ‘ആസനം മുട്ടിയാല്‍ അമ്പലം വെണ്‍പറമ്പ് ’ എന്നൊരു ചൊല്ലുണ്ടായിരുന്നു. ഗതികെട്ടാല്‍ ഏതു കടുംകൈയും എവിടെയും ചെയ്തു പോകും എന്നു സാരം. ‘വെണ്മണ്ണാ’യ (വെളിമ്പറമ്പായ) സ്ഥലം കേരളത്തിലുണ്ട് – വെണ്‍മണ്ണൂര്‍.  ക്ഷേത്രസാന്നിദ്ധ്യം മൂലം അതു തിരുവെണ്‍മണ്ണൂര്‍ ആയി. പ്രസിദ്ധമായ വിഷ്ണുക്ഷേത്രങ്ങളുടെ പട്ടികയില്‍ കാണുന്ന തിരുവെണ്‍മണ്ണൂര്‍ പില്‍ക്കാലത്തു തിരുവെണ്‍മണ്ടൂര്‍ ആയി. വാമൊഴിയില്‍ വീണ്ടും തിരിമറിഞ്ഞു തിരുവന്‍വണ്ടൂര്‍ ആയി. മണ്ണ് എന്ന വാക്കിനും ഭൂമി, സ്ഥലം, വയല്‍ എന്നീ അര്‍ത്ഥങ്ങളുണ്ട്. മണ്ണൂര്‍ എന്ന വാക്കിന്റെ ഉത്ഭവം ഇതില്‍ നിന്നാണ്. ചെറു’ (തമിഴിലെ ‘ശെറു’) വിനു നെല്‍പ്പാടം, കുളം എന്നും അര്‍ത്ഥമുണ്ട്. ചെറുമണ്ണൂര്‍ ഒന്നിലധികമുണ്ട് കേരളത്തില്‍. വയലുള്ള സ്ഥലങ്ങള്‍. എല്ലാം ചെറുവണ്ണൂര്‍ ആയി. ഒരു ചെറുവണ്ണൂര്‍ പിന്നീടു ചിറമണ്ണൂര്‍ എന്നറിയപ്പെട്ടു സായിപ്പിന് ഇതു ശരിയായി ഉച്ചരിയ്ക്കാന്‍ പറ്റിയില്ല. ‘ഷൊറണൂര്‍’ ആക്കി പ്രശ്നം പരിഹരിച്ചു. തൊണ്ണൂറുകളില്‍ കാലിക്കറ്റും കൊച്ചിനും ട്രിവാന്‍ഡ്രവും മറ്റും മലയാളത്തില്‍ ആക്കിയപ്പോള്‍ ‘ഷൊറണൂരി’ന്റെ കാര്യം സര്‍ക്കാര്‍ മറന്നു. (ഇന്ത്യയിലെ പല റെയില്‍വേ സ്റ്റേഷനുകളുടെയും പേരു നിരത്തി, ഹിന്ദി നടനായിരുന്ന അശോക്‌ കുമാര്‍ പാടിയ പ്രസിദ്ധമായ ‘റേല്‍ ഗാഡി’ പാട്ടില്‍ ‘ഷൊറണൂര്‍’ ഉണ്ട്. ചിത്രം ആശീര്‍വാദ്’, 1968, രചന ഹരീന്ദ്രനാഥ് ചട്ടോപാദ്ധ്യായ, സംഗീതം: വസന്ത് ദേശായ്). ഷൊറണൂറിന്റെ കാര്യത്തില്‍ മാദ്ധ്യമങ്ങള്‍ക്കു പരാതി ഇല്ലെന്നു തോന്നുന്നു. അവര്‍ തന്നെ അതിനെ ‘ഷൊര്‍ണൂര്‍’ ആക്കി മാറ്റിയിട്ടു നാളേറെയായല്ലോ!


ഏലി’ എന്ന വാക്കുകള്‍ക്കും സ്ഥലം, പറമ്പ് എന്നീ അര്‍ത്ഥങ്ങളുണ്ട്. ‘ആയി’യ്ക്കും അതേ അര്‍ത്ഥം. ഉദാ: മാവേലി(ല്‍), പ്ലാവേലി(ല്‍), എരുമേലി(ല്‍), മുല്ലേലിച്ചിറ, ചെറായി, മാടായി, കടലായി. ചേറായി എന്ന വാക്കാവണം പിന്നീടു ചെറായി ആയത്. ചിറയുടെ വാമൊഴി ചെറ എന്നായതിനാല്‍ ചിറയുള്ള സ്ഥലം എന്നും പറയാം. മാടായി എന്ന വാക്കിലെ ‘മാട്’ എന്നതു ‘കുന്ന്’ ആണ്. തെക്കന്‍കേരളത്തിലെ ‘കുന്നന്താനം’ ഇതിന്റെ പര്യായമാണ്.

ഏലിയില്‍ കന്നു കുഴിച്ചു വച്ചേ
ഏലിയില്‍ കന്നു കയറിക്കൂടാ
ഏലിയ്ക്കു ചുറ്റുമേ വേലി കെട്ടി
ഏലിയ്ക്കിനി കാവലാളു വേണ്ടേ

എന്നു തുടങ്ങുന്ന ഒരു നാടന്‍പാട്ടുണ്ട്.

മതില്‍ പോലെ കെട്ടുന്നതാണു വേലി. എന്നാല്‍ കാവല്‍, പറമ്പ്, പറമ്പിന്റെ വിസ്തൃതിയുടെ അളവ് (ഏകദേശം ആറേക്കര്‍), ഗ്രാമം എന്നീ അര്‍ത്ഥങ്ങളുമുണ്ട്. തിരുനെല്‍വേലിയിലെ ‘വേലി’, ഗ്രാമത്തെ സൂചിപ്പിയ്ക്കുന്നു. ‘വയല്‍’ എന്നും തമിഴിലെ നിഘണ്ടുക്കളില്‍ കാണാം. പത്തനംതിട്ടയിലെ ‘പുന്നവേലി’, പുന്ന നില്‍ക്കുന്ന ഗ്രാമം. ഏഴോ എട്ടോ തരം പുന്നമരങ്ങള്‍ കേരളത്തിലുണ്ട്. ഏതാണാവോ ഇവിടെയുണ്ടായിരുന്നത്!

പുറം’ എന്ന പദവും ഭൂമിയെ സൂചിപ്പിയ്ക്കുന്നു. മേല്‍ഭാഗം എന്നും പിറകുവശം, പടിഞ്ഞാറ് എന്നും അര്‍ത്ഥമുണ്ട്. ഉദാ: മലപ്പുറം, കുന്നുംപുറം, നെടുമ്പുറം. കൊച്ചി വിമാനത്താവളം ‘നെടുംപുറ’ച്ചേരിയിലാണ്. ‘ചേരി’ മറ്റു വാക്കുകളോട് ചേര്‍ക്കുമ്പോള്‍ ‘ശേരി’ ആവുന്നു. ‘നെടും’ എന്ന വാക്കിനു നീണ്ടു കിടക്കുന്ന, വിസ്താരമായ എന്നാണര്‍ത്ഥം. കാലാന്തരത്തില്‍ ഇതു നെടുമ്പ്രാശ്ശേരി ആയി എന്നൊരു അഭിപ്രായമുണ്ട്. അങ്ങനെയെങ്കില്‍ ‘നെടുംപുറച്ചേരി’ എന്നല്ലേ പറയുമായിരുന്നത്? ‘റാ’ എന്ന ദീര്‍ഘാക്ഷരം ഇത്തിരി സങ്കീര്‍ണ്ണത സൃഷ്ടിയ്ക്കുന്നുണ്ട്. പുറായ് എന്നാല്‍ പടിഞ്ഞാറുള്ള സ്ഥലം എന്നാണര്‍ത്ഥം. (പുറം=പടിഞ്ഞാറ്, ആയി=സ്ഥലം/ഇടം). ഇതു ‘നെടുംപുറായ്-ചേരി’ ആയിരുന്നോ? എന്തായാലും  ‘ഇപ്പോള്‍ ‘നെടുമ്പാശ്ശേരി’ ആക്കിയ സന്തോഷത്തിലാണു ജനവും മാദ്ധ്യമങ്ങളിലെ നാടന്‍ സായിപ്പന്മാരും. പാലക്കാട്ടു പണ്ട് ഒരു നെടുംപുറയൂര്‍ സ്വരൂപം ഉണ്ടായിരുന്നു.  ‘പുറം’ തന്നെ ‘പുറ’യും. ഉദാ: തിരുവേഗപ്പുറ, ഇരുവള്ളിപ്പുറ, കടപ്പുറ (കടല്‍പ്പുറ), മഞ്ഞപ്പുറ  - ഇവയിലെ ‘പുറ’ ചിലയിടത്തു വാമൊഴിയില്‍ ‘പ്ര’ ആയി. ‘പുറം’ ചിലയിടത്ത് ‘പ്രം’ ആയി. നെടുംപുറം, നെടുമ്പ്രം ആയതു പോലെ. ‘പുറായി’യ്ക്കു കൃഷിസ്ഥലം എന്നും അര്‍ത്ഥം .
മധുര ജില്ലയിലെ ‘വൈഗൈ’ (വേഗ) നദി, തമിഴര്‍ക്കു പുണ്യനദിയായ ‘വേഗവതി’യാണ്. ‘തിരുവേഗ’യാണ്. ഗംഗയായാണു സങ്കല്‍പം. കേരളത്തില്‍, ശിവക്ഷേത്രമിരിയ്ക്കുന്ന തിരുവേഗപ്പുറ (പാലക്കാട് ജില്ല) തൂതപ്പുഴയുടെ തീരത്താണ്. ഇതു തൂതപ്പുഴയല്ല, ‘തൂത്തപ്പുഴ’യായിരിയ്ക്കണം. (തൂത്തം=തീര്‍ത്ഥം). തീര്‍ത്ഥനദി എന്നാവും ശരിയായ അര്‍ത്ഥം. തൂത്തപ്പുഴയെയും  പ്രാചീനതലമുറക്കാര്‍ ‘തിരുവേഗ’ എന്നു വിളിച്ചു. ‘പുറ’ തീരമാണ്. പുണ്യനദിയായ തിരുവേഗയുടെ തീരം എന്നാണു പഴയ മലയാളികള്‍ ‘തിരുവേഗപ്പുറ’ എന്ന പേരു കൊണ്ടുദ്ദേശിച്ചത്. ക്ഷേത്രം പണിഞ്ഞതു പതിന്നാലാം നൂറ്റാണ്ടില്‍ ആണെന്നു പറയപ്പെടുന്നു. തൂതപ്പുഴയ്ക്ക്, ഒരു പക്ഷെ, ‘തിരുവേഗ’ എന്ന പേര്‍ വന്നതു ക്ഷേത്രം പണിഞ്ഞതിനു ശേഷമായിരിയ്ക്കാം. ‘തൂതം’ എന്ന വാക്കിനു ധാരാളം, മാവ്, ചിത്തിരമാസം എന്നും അര്‍ത്ഥങ്ങളുണ്ട്. ഇവിടെ അവയ്ക്കു ചേര്‍ച്ചയില്ല.
ഉച്ചാരണവൈകല്യം വിചിത്രമായ പേരുകള്‍ തീര്‍ക്കും. ‘സുഭദ്രാഹരണം’ ആട്ടക്കഥയെഴുതിയ ‘മന്ത്രയിടത്തു’ നമ്പൂതിരി യഥാര്‍ത്ഥത്തില്‍ ‘മണ്‍തറയിടത്തു’ നമ്പൂതിരിയാണ്.  കുട്ടനാട്ടിലെ ‘മന്ത്ര’യും ‘മണ്‍തറ’യാണ്.

‘കുണ്ടവട്ടി/കുണ്ടുവട്ടി’ (കൊണ്ടോട്ടി) യിലെ ‘കുണ്ട’, കുണ്ടു തന്നെ - ചെറിയ കുഴി. ‘ആ കുണ്ടയില്‍ വാഴ പിടിക്കൂല്ല’ എന്നാണൊരു പഴയ ചൊല്ല്.  ‘അതിനു വച്ച വെള്ളം വാങ്ങിയേക്കൂ’ എന്നര്‍ത്ഥം. വട്ടി’ ഒരു തരം പുല്ലാണ്. വട്ടിപ്പുല്‍ എന്നും പറയും. വട്ടി (basket) യുണ്ടാക്കുന്ന പുല്ല്. പുല്ലും അതു നിന്നിടത്തെ ഭൂമിയുടെ പ്രത്യേകതയും ആണോ ഒരു വലിയ പ്രദേശം മുഴുവന്‍ അവയുടെ പേരിലറിയപ്പെടാന്‍ കാരണമായത്? പരിഗണിയ്ക്കപ്പെടാന്‍ അര്‍ഹതയില്ലാത്ത ഐതിഹ്യവും വേറെയുണ്ട്. തമിഴ് നിഘണ്ടുക്കളില്‍ ‘വട്ടി’ എന്ന പ്രാചീനവാക്കിനു ‘വഴി’ എന്നു കൊടുത്തിട്ടുണ്ട്. പഴയ മലയാളത്തിലും ഇതേ വാക്ക് ഉപയോഗിച്ചുകാണണം. ‘കുണ്ടവട്ടി’ എന്നാല്‍  കുണ്ടുള്ള വഴി എന്നര്‍ത്ഥം. ‘കുറുന്തുവട്ടി’, കുറുന്തോട്ടി ആയതുപോലെ കുണ്ടവട്ടി ലോപിച്ചു ‘കുണ്ടോട്ടി’ ആയി. വികലമായി ഉച്ചരിച്ചു ‘കൊണ്ടോട്ടി’യും ആയി.


വട്ടിപ്പറമ്പും വട്ടിയൂര്‍ക്കാവും ‘വട്ടിപ്പുല്ല്’ അടിസ്ഥാനമാക്കിയുള്ള സ്ഥലനാമങ്ങളാവണം. ഇവിടെ ‘വഴി’ എന്ന അര്‍ത്ഥം യോജിക്കുകയില്ല. ആമ്പല്ലൂര്‍, ആമ്പലുണ്ടായിരുന്ന സ്ഥലം എന്ന ധാരണ ശരിയല്ല. ആമ്പലിനു മുള എന്നും പ്രാചീനമലയാളത്തില്‍ അര്‍ത്ഥമുണ്ട്. ‘മുളയുള്ള സ്ഥലം’ ആയിരിയ്ക്കണം ആമ്പല്ലൂര്‍. ആമ്പല്‍ എന്നതും തെറ്റാണെന്നു തോന്നുന്നു. ‘ആമല്‍’ എന്ന വാക്കു വാമൊഴിയില്‍ ‘ആമ്പല്‍’ ആയതാവാനാണു സാദ്ധ്യത. ആമ്പല്ലൂര്‍, യഥാര്‍ത്ഥത്തില്‍ ആമല്ലൂര്‍ ആയിരിയ്ക്കണം (തിരുവല്ലയ്ക്കു സമീപമുള്ള ആമല്ലൂര്രിനെ പറ്റി താഴെ കൊടുത്തിരിയ്ക്കുന്നു) . ‘അമ്പൂരി’ എന്ന വാക്കിലെ അമ്പും മുള തന്നെ. ‘അമ്പൂരില്‍’ എന്ന വാക്കില്‍ നിന്നാവണം ‘അമ്പൂരി’ ഉണ്ടായത്. മുളയുടെ/ഓടലിന്റെ മറ്റൊരു പേരാണ് ‘എരുവ’. മറ്റര്‍ത്ഥങ്ങളുമുണ്ട് ‘എരുവ’യ്ക്ക് : കഴുത, കൃഷ്ണപ്പരുന്ത്, ആന, ചെമ്പ്. തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടി, തെറ്റായ ഉച്ചാരണത്തില്‍ നിന്നും ഉണ്ടായതാണ്. ‘എരുവപ്പട്ടി’ എന്നാണു ഭാഷാപരമായി നോക്കിയാല്‍ പ്രാചീനമലയാളത്തിലെ പേര്. ‘പെട്ടി’ എന്ന വാക്കും ജനവാസസ്ഥലങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല. ‘പട്ടി’ എന്ന വാക്കിനു ഗ്രാമം എന്നര്‍ത്ഥമുണ്ട്. (ഉദാ: മാട്ടുപ്പട്ടി). ‘അരി’ എന്ന മറ്റൊരു വാക്കിനും പ്രാചീനമലയാളത്തില്‍ ‘മുള’ എന്നു പറഞ്ഞിരുന്നു. ഉദാ: അരിക്കുളം, അരീക്കോട് (രണ്ടും കോഴിക്കോട് ജില്ലയില്‍). ഇരുമ്പയിര്‍ കിട്ടിയിരുന്നതു കൊണ്ടാണ് ‘അരീക്കോട്’ എന്നു വിളിച്ചത് എന്നതു ശരിയാവില്ല. അരിമണല്‍ എന്നാല്‍ ‘പൂഴി’ എന്നര്‍ത്ഥമുണ്ട്. പക്ഷെ, ഇതില്‍ നിന്നു പ്രസ്തുത പേരുകള്‍ ഉണ്ടായി എന്നുള്ളതിനു യുക്തി പോരാ. ‘അരിമ്പ് (കിളുന്ത്, പൂമൊട്ട്, ഇളംകായ്) ഇതുമായി ബന്ധപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട്. അരിമ്പ് എന്ന വാക്കിന്റെ അര്‍ത്ഥം ലഭ്യമല്ല. ‘അരുമ്പ്’, നെല്ലരിയാണ്.  ‘അരുമ്പൂര്‍’ അരിമ്പൂര്‍ ആയതാണോ? നെല്ലും അരിയും സ്ഥലനാമങ്ങളില്‍ കടന്നു വന്നിട്ടില്ല. പിന്നെ, ശ്രീ ഇ.കെ. നായനാര്‍ പറഞ്ഞതു പോലെ ‘അങ്ങനെയും പറയാം’.

ആറന്മുളയിലെ എരുമക്കാട് എന്ന സ്ഥലപ്പേരിലെ എരുമയും എരുമേലി’യിലെ ‘എരുമ’യും 'എരുവ'(മുള/ഓടല്‍)യായിരിയ്ക്കും. ‘എരുവേലി’ എന്നായിരിയ്ക്കണം പഴയ വാക്ക്. ഐതിഹ്യങ്ങള്‍ പില്‍ക്കാലസൃഷ്ടികളാണ്.  കിഴക്കന്‍ പ്രദേശമായതിനാല്‍, ആനയുമായി ബന്ധപ്പെടുത്തി നാമകരണം ചെയ്യപ്പെട്ടതാവാം. വൈക്കത്തിനടുത്ത ഉദയംപേരൂരിനു സമീപം ഒരു 'എരുവേലി'യുണ്ട്. ‘മാട്ടുപ്പട്ടി’യിലെ ‘മാട്’, കുന്ന്‌ ആവാനാണു സാദ്ധ്യത. ‘മാടുകള്‍’ (കന്നുകാലികള്‍) ഉള്ള സ്ഥലം എന്ന അര്‍ത്ഥത്തില്‍ എടുക്കുന്നതു ശരിയല്ല. മലമ്പ്രദേശത്തെ ചേരിയെയാണു ‘മാട്ടുപ്പട്ടി’ സൂചിപ്പിയ്ക്കുന്നത്.

വഞ്ചി, ചൂരല്‍/മുളയാണ്. വഞ്ചിയൂര്‍ എന്ന പേരു മുള (ചൂരല്‍) യുള്ള സ്ഥലം എന്ന അര്‍ത്ഥത്തിലാവാം.. സ്തീ, ദേവത (ദേവി) എന്നും അര്‍ത്ഥം. ‘ഉണ്ണുനീലി സന്ദേശ’ത്തില്‍ ‘തിരുവഞ്ചൂര്‍’, ‘തിരുവാഞ്ചെപ്പുഴ’യാണ്. മീനച്ചിലാറിന്റെ കൈവഴി തിരുവഞ്ചിയൂരില്‍ കൂടി ഒഴുകുന്നു. ‘തിരുവഞ്ചാപ്പുഴ’ എന്നു അന്യനാട്ടിലെ വള്ളക്കാര്‍  ‘ഇപ്പോഴും’ (അതായതു പ്രൊഫ. ഇളംകുളം വ്യാഖ്യാനം ചെയ്യുമ്പോള്‍; 1953-1954 കാലഘട്ടം) പറയുന്നുവെന്നും അദ്ദേഹം പറയുന്നു. ‘തിരുവഞ്ചൈയൂര്‍’, തിരുവഞ്ചൂര്‍ ആയി എന്നും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. ‘തിരുവഞ്ചൈക്കുളം’ (തിരുവഞ്ചിക്കുളം) ഉദാഹരണമായി സൂചിപ്പിയ്ക്കുന്നുമുണ്ട്. വഞ്ചിയുടെ മറ്റര്‍ത്ഥങ്ങള്‍: ഇലൂപ്പമരം (ഇരൂപ്പമരം), ആറ്റുവഞ്ചിമരം (പുഴവഞ്ചിമരം), സോപ്പുമരം, അടമ്പ്, കല്ലൂര്‍വഞ്ചി (ചെറുസസ്യം), (വലിയ) വള്ളം, ചേരരാജാക്കന്മാരുമായി ബന്ധപ്പെട്ട പേര്. ഇവകളില്‍ മുളയോ മരങ്ങളോ വഞ്ചിയടുക്കുന്ന കടവോ ആവാം ‘വഞ്ചിപ്പുഴക്കടവ് ’ എന്ന പേരിന്നാധാരം. ‘വഞ്ചാ’ വാമൊഴിയാകാനാണു സാദ്ധ്യത. ‘വഞ്ചൈ’ തമിഴ് ഉച്ചാരണവും. ‘തിരുവഞ്ചിയൂര്‍’ എന്ന വാക്കു പിന്നീടു പ്രചാരത്തില്‍ വന്നതാണ്. അതു വീണ്ടും ലോപിച്ചു തിരുവഞ്ചൂര്‍ ആയി. പുഴ എന്ന പദത്തിനു കവാടം, ഇടവഴി, കാട്ടുപാത എന്നിങ്ങനെയും അര്‍ത്ഥങ്ങളുണ്ട് എന്നും ഓര്‍ക്കണം. (തിരുവനന്തപുരത്തെ വഞ്ചിയൂരിനു മുളയുള്ള സ്ഥലം എന്ന അര്‍ത്ഥവും കല്പിക്കാം).

തിരുവല്ലയ്ക്കടുത്ത സ്ഥലമാണ് ‘ആമല്ലൂര്‍’. നല്ല മുള്ളുള്ള മുള (Bambusa Bambos i.e. Spiny Bamboo) യ്ക്കാണ് ആമല്‍ എന്നു പറഞ്ഞിരുന്നത്. ഇവിടെ പ്രാചീനകാലത്തു മുള ധാരാളമായി ഉണ്ടായിരുന്നിയ്ക്കണം. തമിഴ് നാട്ടിലെ ‘വഞ്ചി’ (കരൂര്‍/കരുവൂര്‍) ചേരരാജധാനി ആയിരുന്നു. ചേരന്മാര്‍, തമിഴ് നാട്ടിലെ ‘വഞ്ചി’ കേരളത്തില്‍ ഇറക്കുമതി ചെയ്തതാണത്രെ തിരുവഞ്ചിക്കുളം (കൊടുങ്ങല്ലൂരിനു സമീപം). ചേരരുടെ വംശമെന്നു കരുതപ്പെടുന്നവര്‍ ഭരിച്ച സ്ഥലമാണത്രെ വഞ്ചിനാട്. ‘വള്ളം’ എന്ന അര്‍ത്ഥത്തില്‍ ‘വഞ്ചി’ പ്രയോഗിയ്ക്കുന്നുണ്ട്. തോണിയും വള്ളവും വഞ്ചിയും ഒന്നല്ലെന്നു ചില പഴമക്കാര്‍. ഏറ്റവും ചെറിയ ജലയാനം തോണി. ഏറ്റവും വലുതു വഞ്ചി. ഇടയ്ക്കുള്ളതാണു വള്ളം -ഒറ്റത്തടിയില്‍ തീര്‍ത്തത്. ആധുനികമലയാളത്തില്‍ ഇങ്ങനെയൊരു വേര്‍തിരിവില്ല. എന്നാലും ‘വഞ്ചിപ്പാട്ടി’നു ‘വള്ളപ്പാട്ട്’ എന്നു മലയാളി പറയാറില്ല. ‘കൊതുമ്പുവള്ള’ത്തിനു ‘കൊതുമ്പുവഞ്ചി’ എന്നും പറയാറില്ല. വള്ളംകളിയില്‍ ‘തോണി’യും ‘വഞ്ചി’യുമില്ല; ‘വള്ള’ങ്ങള്‍ മാത്രം. ചുണ്ടന്‍ വള്ളങ്ങള്‍ക്കു നീളമുണ്ടെങ്കിലും മെലിഞ്ഞതാണ്. (നീളംകൂട്ടല്‍ ക്രമേണ വന്ന പരിഷ്കാരമാണെന്നു തോന്നുന്നു). ‘ചുണ്ടന്‍വഞ്ചി’ എന്നൊരു വാക്കു പോലുമില്ല. ഓരോന്നിനും ഓരോ പേരുണ്ടായിരുന്നു എന്നതു സത്യം.

ഐരാണിക്കുളം (ആലുവാ) കദളിച്ചെടികള്‍ നിന്ന സ്ഥലമാണ്. ഐരാണി എന്നതു വരമൊഴിയിലെ ‘അതിരാണി’ (കദളിച്ചെടി) ആണ്. ഐരാണിക്കുടം എന്നു ‘കേരളോല്‍പ്പത്തി’യില്‍.  ‘കുടം’ എന്ന വാക്കിനു ചുവട്/മൂട് എന്നു പറയാം. ചെടി, മരം ഇവ നില്‍ക്കുന്ന/നിന്ന സ്ഥലം. പുളിമൂട്, പ്ലാമ്മൂട്  എന്നൊക്കെ പറയുന്നതു പോലെ തന്നെ. പക്ഷെ, അതിരാണി  മരമല്ല, ഏകദേശം ഒന്നുരണ്ടു മീറ്റര്‍ ഉയരത്തില്‍ വരെ വളരുന്ന ചെടിയാണ്. ‘കുട’ത്തിനു നഗരം (ജനപദം) എന്നും അര്‍ത്ഥമുണ്ട്. ‘താന്നിക്കുട’മായിരുന്നു എന്നു കരുതപ്പെടുന്ന താണിക്കുടം (തൃശൂരിനടുത്ത്) ഒരുദാഹരണമാണ്. (‘താണിക്കുടം’ സ്ഥലത്തിന്റെ പഴയ പേര്. അതു തെറ്റെന്ന മട്ടില്‍ ‘താന്നിക്കുട’ത്തെ കൊണ്ടുവന്നു. താണി, താന്നി ഇവ രണ്ടും ഒരേ മരങ്ങള്‍ തന്നെ. മാറ്റമൊന്നും ഇല്ല. ഒന്നു നമ്മള്‍ മറന്ന പേര്. മറ്റേത് ഇപ്പോള്‍ നമുക്കറിയാവുന്ന പേര്.).  ഐരാണിമുട്ടം എന്ന വാക്കിലെ ‘മുട്ടം’, ഗ്രാമം എന്നതിന്റെ പര്യായമാണ്. അയിരാണി, ഐരാണി എന്നീ വാക്കുകള്‍ക്ക് ഇന്ദ്രാണി, പാര്‍വ്വതി എന്നീ അര്‍ത്ഥമുള്ളതായി അറിയുന്നു. ഐരാണിക്കുളത്തും തിരുവനന്തപുരത്തെ ഐരാണിമുട്ടത്തും പാര്‍വ്വതീക്ഷേത്രങ്ങള്‍ ഉണ്ട്. ക്ഷേത്രമായിരിയ്ക്കാം സ്ഥലനാമത്തിനു മറ്റൊരു കാരണം.

വീട്ടി’ എന്ന മരം ‘ഈട്ടി’യായതുപോലെയാണോ വിരിഞ്ഞാലക്കുട - വിടര്‍ന്നു പന്തലിച്ച ആലിന്റെ ചുവട് - എന്ന സ്ഥലപ്പേര് ഇരിഞ്ഞാലക്കുടയായത്? എരിഞ്ഞാലക്കുടയാണ്, ഇരിഞ്ഞാലക്കുടയായത്  എന്നും  വാദമുണ്ട്. ഇരിഞ്ഞാലക്കുടയോ ഇരിങ്ങാലക്കുടയോ? ‘വെളുപ്പായാല്‍ ഇരിഞ്ഞാലക്കുട, ഇരുളായാല്‍   ഇരിങ്ങാലക്കുട’ എന്നു പഴയൊരു നര്‍മ്മോക്തി. ‘ഇരിഞ്ചി/ഇരിങ്ങി’, ഇലഞ്ഞിയുടെ മറ്റൊരു പേരാണ്. ‘ഇരിഞ്ചാല’, ഇലഞ്ഞിയും ആലും. ഒന്നുകില്‍ വലിയ ഇലഞ്ഞിവൃക്ഷം  അല്ലെങ്കില്‍ ഇലഞ്ഞിയും ആലും നിന്ന സ്ഥലം. അപ്പോള്‍ സ്ഥലനാമം ‘ഇരിഞ്ചാലക്കുട’യില്‍ നിന്നു വാമൊഴിയില്‍ ‘ഇരിഞ്ഞാലക്കുട’യായി. ‘ആല’ത്തിനു വിസ്തൃതം എന്നു ഗുണ്ടര്‍ട്ട് അര്‍ത്ഥം നല്കിയിരിയ്ക്കുന്നു. ‘വിസ്തൃതമായി ശാഖകള്‍ വിരിച്ചു നിന്ന ഇലഞ്ഞി’ നില്ക്കുന്ന സ്ഥലം എന്ന അര്‍ത്ഥം ചിന്തനീയം. മുന്‍തൂക്കം ഇലഞ്ഞിയ്ക്കു തന്നെ. എന്തായാലും ‘ഇരിങ്ങാലക്കുട’യ്ക്കു പ്രസക്തിയില്ല. കേരളത്തിലെ ഒരു ബ്രാഹ്മണഗ്രാമമായിരുന്ന ഇരിങ്ങാലക്കുടയുടെ പഴയ പേര് ‘ഇരുങ്ങാടിക്കൂടല്‍’ എന്നായിരുന്നത്രേ. ‘കൂടല്‍’, മരക്കൂട്ടം, പന/പനന്തോപ്പ്, നദീസംഗമം ആണ്. അവിടെ നദികള്‍ ഇല്ല. പലതരം പനകളുടെ പേരുകള്‍ ഉണ്ടെങ്കിലും ഇരുംകാടി/ഇരുങ്ങാടി എന്നു തുടങ്ങുന്ന പേരുകള്‍ മലയാളത്തിലും മറ്റു ദ്രാവിഡഭാഷകളിലും ലഭ്യമായില്ല. പഴയ രേഖകളില്‍ തെറ്റുകള്‍ ധാരാളം ഉണ്ട്. ഇരുങ്ങാടിക്കൂടല്‍ എന്നായിരുന്നോ യഥാര്‍ത്ഥനാമം എന്നതും സംശയമായി നില്‍ക്കുന്നു.  മദ്ധ്യകാലഗണിതശാസ്ത്രജ്ഞനായിരുന്ന മാധവന്‍ എമ്പ്രാന്‍ (ഏകദേശം ക്രി.വ. 1350-1425) ഇല്ലപ്പേര് ഇരിഞ്ഞാല(റ്റ)പ്പള്ളി/ഇരിഞ്ഞാലപ്പിള്ളി എന്നായിരുന്നു. ഇപ്പോള്‍ മാധവന്റെ ഇല്ലപ്പറമ്പ് സമീപസ്ഥമായ ആളൂര്‍ പഞ്ചായത്തിലാണ്. ഇരിഞ്ഞാറപ്പിള്ളി, ഇരിഞ്ഞിനാവള്ളി എന്നിങ്ങനെയും ഇല്ലപ്പേരു പരാമര്‍ശിയ്ക്കപ്പെട്ടിട്ടുണ്ട്. ഇരിഞ്ചി എന്നാല്‍ ഇലഞ്ഞി എന്ന് അച്യുതപ്പിഷാരടി (ക്രി.വ. 1550-1621. പിഷാരടിയുടെ ശിഷ്യനായിരുന്നു മേല്പത്തൂര്‍ നാരായണഭട്ടതിരി. ഗുരുവിന്റെ വാതരോഗം ശിഷ്യന്‍ ഏറ്റുവാങ്ങി എന്ന ഒരു ഐതിഹ്യം ഉണ്ട്). ഇരിഞ്ഞല്‍/ഇരിഞ്ഞില്‍ എന്ന ഒരു മരം ഉണ്ട് (Alangium salviifolium). 
ഇരിഞ്ഞലക്കുട വാമൊഴിയില്‍ ഇരിഞ്ഞാലക്കുട ആയി എന്ന വാദവുമുണ്ട്.

മലബാറിലെ ‘പന്തലായിനി’ വൃക്ഷവുമായി ബന്ധപ്പെട്ടതാവണം. സമീപത്തു രാജാവു താമസിയ്ക്കുന്ന സ്ഥലം (കൊല്ലം - കോവിലകം എന്ന വാക്കില്‍ നിന്നുണ്ടായത് എന്നു ചില പണ്ഡിതര്‍) ഉണ്ടായിരുന്നതിനാല്‍ പന്തലായിനിക്കൊല്ലം എന്നും പറഞ്ഞിരുന്നു. നല്ലവണ്ണം പന്തലിച്ചു നിന്ന ആയിനി (ആയണി/ആഞ്ഞിലി) നിന്ന സ്ഥലം എന്നേ വാക്കില്‍ നിന്നു സിദ്ധിയ്ക്കുന്നുള്ളൂ. പന്തലായിനി ഒരു പ്രാചീനതുറമുഖമായിരുന്നു. ‘പന്തല്‍’ എന്ന ചുരുക്കപ്പേരിലും അറിയപ്പെട്ടിരുന്നു. പന്തല്‍ എന്ന വാക്കിനു തുറമുഖം എന്നു തെറ്റായി അര്‍ത്ഥം കൊടുത്തിരിയ്ക്കുന്നത് ഈ ചുരുക്കപ്പേര്‍ കാരണമാവണം. ഇബ് നു ബത്തൂത്ത കണ്ട ഫന്ദരീന എന്ന പട്ടണം  പന്തലായിനി തന്നെ എന്നു ചരിത്രകാരന്മാര്‍. ‘ഫന്ദരീന’യില്‍  നിന്നാണു ‘പന്തലായിനി’ എന്ന വാക്കുണ്ടായത് എന്നു തെറ്റായി സമര്‍ത്ഥിയ്ക്കുന്നവരും ഉണ്ട്. ‘ആനി’യും അയിനി തന്നെ. ആനിക്കാടും ആയിനിമരവുമായി ബന്ധപ്പെട്ട പേരു തന്നെ. വെട്ടി എന്ന മരം നിന്ന കവലയാണ് ‘വെട്ടിക്കവല’ (കൊട്ടാരക്കര).


തിരുവനന്തപുരത്തെ ‘വെള്ളായണി’, വെള്ളാഞ്ഞിലി എന്ന മരം നിന്ന സ്ഥലമാവണം. അമ്പലപ്പുഴ താലൂക്കില്‍ വെള്ളാഞ്ഞിലി എന്നൊരു സ്ഥലമുണ്ട്. 

നാട്ടുംപുറങ്ങളില്‍ ‘ഉതി’ (Indian Ash Tree) എന്നൊരു മരം മുമ്പു കാണപ്പെട്ടിരുന്നു. ഇതിനു ‘കലയം’ എന്നും പേരുണ്ട്.  കലയക്കാടും കലയപുരവും ഈ മരങ്ങള്‍ നിന്ന സ്ഥലങ്ങളാണ്. വളരെ അപൂര്‍വ്വമായിരുന്ന കാശാവിനും (കായാമ്പൂമരം) കലയം എന്നു പറഞ്ഞിരുന്നു. മൈലം (സംസ്കൃതത്തില്‍ ഹരിതമഞ്ജരി) പറമ്പുകളില്‍ താനേ വളരുന്ന ഒരു ചെടിയാണ്. നാട്ടുവൈദ്യന്മാര്‍ പല രോഗങ്ങള്‍ക്കും ഉപയോഗിച്ചിരുന്നു. കുപ്പമേനി എന്നും പേരുണ്ട്. മൈലം എന്ന വാക്കു ചേര്‍ത്തു സ്ഥലങ്ങളും വീട്ടുപേരുകളും തമിഴ് നാട്ടിലും കേരളത്തിലും ഉണ്ട്. ഉദാ: മൈലം, മൈലക്കാട്. ഇതേ പേരില്‍ ഒരു വൃക്ഷമുണ്ടോ (പഞ്ഞിമരത്തിന്റെ വര്‍ഗ്ഗത്തില്‍ പെട്ടത്?) എന്നു തിട്ടമില്ല. മൈലമ്മൂട് എന്ന പേരു വൃക്ഷവുമായി ബന്ധപ്പെട്ടേ ഉണ്ടാവൂ. ആറ്റുമൈല, കാട്ടുമൈല (‘മയില’മരം എന്നും പറഞ്ഞിരുന്നു) എന്നിവ വൃക്ഷങ്ങള്‍ ആണ്. ‘മൂട്’ എന്ന വാക്കിനു വേര്, ചെറിയ ചെടി എന്നും അര്‍ത്ഥമുണ്ട്. തമ്പലം ഒരു ചെറിയ വൃക്ഷമാണ്. പൂവരശ്, ചീലാന്തി, പൂപ്പരുത്തി എന്നിങ്ങനെയും അറിയപ്പെടുന്നു. ‘തമ്പലക്കാട്’ (കോട്ടയം ജില്ല) തമ്പലങ്ങള്‍ കൂട്ടമായി നിന്ന സ്ഥലമാണ്. കറുങ്ങാലി (കരിങ്ങാലി)എന്ന വൃക്ഷത്തിന്റെ പേരു വാമൊഴിയില്‍ ചുരുങ്ങി ‘ക്രാങ്ങാലി’ എന്നായി. സ്ഥലപ്പേരും അങ്ങനെയായി (പത്തനംതിട്ട ജില്ല). ‘കറുങ്ങാലി’ തമിഴില്‍ നിന്നും കടം കൊണ്ടതാണ്.

തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ കരൂര്‍ ആയിരുന്നു ചേരരാജാക്കന്മാരുടെ രാജധാനി. അതിന് ഏകദേശം നാല്‍പ്പതു കി.മീ. കിഴക്കാണു ‘മുശിറി’ എന്ന കാവേരീതീരഗ്രാമം. ഇതും ചേരന്മാരുടെ ഒരു തുറമുഖമായിരുന്നു. മുസിരി സുബ്രഹ്മണ്യയ്യര്‍ എന്ന വിഖ്യാതനായ ഒരു കര്‍ണ്ണാടകസംഗീതജ്ഞനെ പറ്റി കേട്ടു കാണും.  തമിഴ് സ്വാധീനം തന്നെയാവണം കേരളത്തിലും ഒരു സ്ഥലത്തിനു ഒരു മുശിറി (കൊടുങ്ങല്ലൂരിനടുത്തു കടലില്‍ താണ തുറമുഖം) എന്ന പേരു വരാന്‍ കാരണം. വിദേശികള്‍ ‘മുസിരിസ്’ എന്നു വിളിച്ചതു കാരണം നമ്മുടെ ആധുനികചരിത്രകാരന്മാര്‍ പോലും ‘മുശിറി’ എന്നു പറയാന്‍ മടിയ്ക്കുന്നു. ഈ വാക്കിന്റെ അര്‍ത്ഥം ലഭ്യമല്ല. തമിഴ് നിഘണ്ടുക്കളില്‍ കൊടുങ്ങല്ലൂരിനടുത്ത പഴയ തുറമുഖം എന്നേ കാണുന്നുള്ളൂ. സ്വന്തം നാട്ടിലെ മുശിറിയെ പറ്റി ഒരക്ഷരം നിഘണ്ടുവില്‍ കാണാത്തതെന്താണാവോ? പ്രാചീനതമിഴില്‍ എന്തായിരുന്നു അര്‍ത്ഥം എന്നാണറിയേണ്ടത്. ‘മുശിറി’യെ ‘മുച്ചിറി’യാക്കി, പെരിയാര്‍ രണ്ടായി പിരിഞ്ഞു തീര്‍ത്ത സ്ഥലം (മുഖത്തെ മുച്ചിറി പോലെ) എന്നൊക്കെ മലയാളികള്‍ അര്‍ത്ഥം വ്യാഖ്യാനിച്ചു കണ്ടിട്ടുണ്ട്. ഒരു സംശയവും ബാക്കി നില്‍ക്കുന്നു. തമിഴ് നിഘണ്ടുക്കള്‍ കൊടുങ്ങല്ലൂരിനെ മാത്രം പരാമര്‍ശിയ്ക്കുന്നുവെങ്കില്‍, ‘മുശിറി’ എന്ന തുറമുഖം ആദ്യം ഉണ്ടായതെവിടെയാണ്? ഇവിടുത്തെ ‘മുശിറി’ തമിഴ് നാട്ടിലും ഉപയോഗിച്ചതാണോ? ? ‘മുശിറി’ എന്നത് ആദിദ്രാവിഡഭാഷയിലെ വാക്കാണ്‌. മുയിരിക്കോട് ആണു ഗ്രീക്കുകാരുടെ മുസിരിസ് എന്ന വാദം ശരിയാണോ? എങ്കില്‍ ഇപ്പോഴും എങ്ങനെ തമിഴ്നാട്ടില്‍ മുസിറി/മുശിരി എന്ന വാക്കു നിലനില്‍ക്കുന്നു? ക്രിസ്തുവിന് 500 വര്‍ഷത്തോളം മുന്‍പു ഭരിച്ചിരുന്ന ഒരു പാണ്ഡ്യരാജാവിന്റെ പേര്‍ ‘മുശിറി മുട്രിയ ചെളി(ഴി)യന്‍’ എന്നായിരുന്നു. അര്‍ത്ഥം മുശിറി വളഞ്ഞവന്‍ (ജയിച്ചവന്‍ എന്നു ധ്വനി). അപ്പോള്‍ അദ്ദേഹത്തിനും മുന്‍പേ മുശിറി ഉണ്ടായിരുന്നു;  ഏതു മുശിറി?

മലപ്പുറം ജില്ലയില്‍ ആതവനാട് എന്നൊരു പഞ്ചായത്തുണ്ട്. കേരളത്തിലെ ബ്രാഹ്മണരുടെ തലവനായ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ മന ഇവിടെയാണ്‌. ആ-ത-വ-നാട് എന്നാല്‍ ‘ഴ്വാഞ്ചേരി മ്പ്രാക്കള്‍ വാണ’ നാട് എന്നാണു ചിലര്‍ തട്ടിവിടുന്നത്. തമ്പ്രാക്കള്‍ അടുത്തുള്ള മാറഞ്ചേരി ഗ്രാമത്തില്‍ നിന്നും അവിടെയെത്തി എന്നാണു കരുതപ്പെടുന്നത്. ‘ആഴ്വാന്‍’ എന്ന വാക്കിന്റെ അര്‍ത്ഥം സൂര്യന്‍ എന്നാണ്. തമ്പ്രാക്കള്‍ സൂര്യനെ ആരാധിച്ചിരുന്നുവോ? അങ്ങനെയാരും എഴുതിയോ പറഞ്ഞോ കേട്ടിട്ടില്ല. ആതപ: (മലയാളത്തില്‍ ‘ആതപന്‍’) എന്ന സംസ്കൃതവാക്കിനു സൂര്യന്‍, വെയില്‍, ചൂട് എന്നിങ്ങനെ അര്‍ത്ഥങ്ങള്‍. പൊതുവെ സൂര്യന്‍ എന്ന അര്‍ത്ഥത്തിലാണു പ്രയോഗം. പഴയ മലയാളത്തില്‍ ആതപന്‍, ‘ആതവ’നായി. തമിഴില്‍ ഇപ്പോഴും ആതവന്‍ തന്നെ. (ഇവിടെ ‘പ’കാരം, ‘വ’കാരമാകുന്നതു ശ്രദ്ധിയ്ക്കുക. തറവാട് എന്ന വാക്കിലും ഇതു സംഭവിച്ചു). അങ്ങനെ ആഴ്വാഞ്ചേരി എന്ന സ്ഥലം പിന്നീട്  ‘ആതവനാട്’ ആയി. കേരളത്തിലെ ബഹുഭൂരിപക്ഷം സ്ഥലനാമങ്ങളും സംസ്കൃതം അറിയാത്തവര്‍ നല്കിയതാണല്ലോ. ‘ആതവനാട് ’എന്ന പേരു സംസ്കൃതം അറിയുന്ന ബ്രാഹ്മണര്‍ തന്നെയാണെന്നതിനു സംശയമില്ല. അപ്പോള്‍ ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ അവിടെയെത്തുന്നതിനു മുന്‍പ് ആതവനാടിന്റെ പേര്‍ എന്തായിരുന്നു? അതോ ആഴ്വാഞ്ചേരി എന്ന ഇല്ലപ്പേര്  ഈ ഗ്രാമത്തിലെത്തിയ ശേഷം സ്വീകരിച്ചതാണോ? ഇനി ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ സാധ്യതയില്ല. ഏതായാലും ആതവനാട്ടുകാര്‍ അബദ്ധം പറയുന്നതു നിര്‍ത്തണം. ‘ആ-ത-വ’ വിപുലീകരിച്ചു പുതിയ തലമുറയെ വഴിതെറ്റിക്കാതിരിയ്ക്കുക.

‘മുണ്ടിയന്‍ കോട്ട’ങ്ങള്‍ പഴയ കാലത്തു വടക്കന്‍ കേരളത്തിലുണ്ടായിരുന്നു. മതങ്ങളൊക്കെ എത്തുന്നതിനു മുമ്പു കേരളത്തിലുണ്ടായിരുന്ന ചില ഗോത്രവര്‍ഗ്ഗങ്ങളുടെ ദേവനായിരുന്നു മുണ്ടിയന്‍. കന്നുകാലികളെ സംരക്ഷിച്ചിരുന്നതു മുണ്ടിയന്‍ ആണെന്നവര്‍ വിശ്വസിച്ചു. ആരാധനാലയത്തിനു ‘കോട്ടം’ എന്നാണു പഴയ മലയാളവാക്ക്. മുണ്ടിയനെ തൃപ്തിപ്പെടുത്താന്‍ കോഴിബലിയും പൂജയും നടത്തിയിരുന്നു. ‘കോട്ടം’, കാവല്ല. നിബിഡവൃക്ഷങ്ങളും പടര്‍പ്പുകളും ഉള്ള സ്ഥലമാണു ‘കാവ്’. അതില്‍ തറ കെട്ടി വിഗ്രഹം പ്രതിഷ്ഠിയ്ക്കുന്നു. കോട്ടത്തിനു കാടും പടര്‍പ്പും വേണമെന്നില്ല. ആകെ വേണ്ടത് ഒരു തറയും വിഗ്രഹവും. രണ്ടും തുറന്ന ആരാധനാലയങ്ങള്‍ ആണ്. ഇപ്പോഴും ചിലയിടങ്ങളില്‍ കോട്ടം എന്ന വാക്കുപയോഗിയ്ക്കുന്നുണ്ട്. (ഉദാ: വൈക്കത്തിനടുത്തുള്ള ഭഗവതിക്കോട്ടം). ആധുനികകാലത്ത് ഇവയ്ക്കു കല്ലും കരിങ്കല്ലും തടിയും ഉപയോഗിച്ചു ശ്രീകോവിലും അനുബന്ധകെട്ടിടങ്ങളും തീര്‍ത്തു. അവ അമ്പലങ്ങളായി. കോട്ടം ഇരുന്ന സ്ഥലമായിരുന്നു കോട്ടൂര്‍. (കോട്ടയുടെ സാന്നിദ്ധ്യമല്ല, ഈ പേരിനു നിദാനം. കോട്ടയെ അടിസ്ഥാനമാക്കി പേരിട്ടാല്‍ കോട്ടയൂര്‍, കോട്ടയ്ക്കല്‍ എന്നിങ്ങനെയായിരുന്നേനെ പേരുകള്‍). കവിയൂരില്‍ മുണ്ടിയന്‍കോട്ടം ഇരുന്ന സ്ഥലം ഇപ്പോഴും കോട്ടൂര്‍ എന്നറിയപ്പെടുന്നു. ജൈനമതക്കാര്‍/ബുദ്ധമതക്കാര്‍ എത്തിയപ്പോള്‍ അവര്‍ ഈ പ്രദേശത്തെ മുണ്ടിയപ്പള്ളി എന്നു വിളിച്ചു. കുറച്ചു നാള്‍ മുമ്പ് ഈ കോട്ടത്തിലെ ‘മുണ്ടിയ’നെ മുമ്പു പറഞ്ഞ കുരിയന്‍കാവുക്ഷേത്രത്തിലേയ്ക്കു മാറ്റി. മലപ്പുറം ജില്ലയില്‍ കോട്ടയ്ക്കലിനടുത്തു ‘മുണ്ടിയന്‍ തറ’യുണ്ട്. അതിരിയ്ക്കുന്ന പ്രദേശം കോട്ടൂര്‍ എന്നാണറിയപ്പെടുന്നത്. അനുഷ്ഠാനകലയായ തിറയാട്ടത്തില്‍ മുണ്ടിയനെന്ന ദേവനുണ്ട്. ‘കോട്ടം’ തന്നെ, കോട്ടാങ്ങല്‍ (എഴുമറ്റൂരിനു സമീപം, പത്തനംതിട്ട) എന്ന സ്ഥലനാമത്തിനും ആധാരം. പഴക്കമേറിയ ഒരു ദേവീക്ഷേത്രം അവിടെയുണ്ട്. ‘കോട്ടമുള്ളയിടം’ എന്നാണു വാക്കിന്റെയര്‍ത്ഥം. കോട്ടാങ്കല്‍ എന്ന വാക്കില്‍ നിന്നാണു കോട്ടാങ്ങല്‍ ഉണ്ടായത്. കാവുങ്കല്‍/കാവിങ്കല്‍, ആലുങ്കല്‍/ആലിങ്കല്‍ എന്നൊക്കെ പറയുന്നതു പോലെ.

മുണ്ടിയപ്പള്ളിയ്ക്കു തൊട്ടു കിഴക്കാണു മല്ലപ്പള്ളി. ‘മല്ലന്‍’ എന്നാല്‍ ശക്തനായ, ഗുസ്തി നടത്താന്‍ കഴിവുള്ള, ആള്‍. അങ്ങനെയുള്ളവര്‍ താമസിച്ചിരുന്ന സ്ഥലമായിരുന്നു പോല്‍ മല്ലപ്പള്ളി. ഇന്റര്‍നെറ്റില്‍ മല്ലപ്പള്ളിക്കാര്‍ തന്നെയാണ് ഈ അബദ്ധം തിരുകിക്കയറ്റിയിട്ടുള്ളത്. മുണ്ടിയനെ പോലെ, മല്ലനും ഒരു പ്രാചീനഗോത്രദേവനാണ്. കൃഷിയുടെ ഭരദേവതയായിരുന്നു മല്ലന്‍. കൃഷിയിറക്കുന്നതിനു മുന്‍പു മല്ലനെ പ്രീതിപ്പെടുത്താന്‍ പൂജകള്‍ നടത്തിയിരുന്നു. ഇവിടെയും ബുദ്ധമതക്കാരാണു പ്രദേശനാമം ‘മല്ലപ്പള്ളി’ എന്നാക്കി മാറ്റിയതെന്ന് അനുമാനിയ്ക്കേണ്ടിയിരിയ്ക്കുന്നു.

സ്ഥലം എന്നതിനു തുല്യമായി തല, ആയി, പാട്, ആടി എന്നീ വാക്കുകള്‍ പോലെ കാട്, പള്ളി, പാടി എന്നീ വാക്കുകളും ഉപയോഗിച്ചിരുന്നു. ഈ വാക്കുകള്‍ക്കും ചെറിയ ഗ്രാമം അഥവാ ചേരി എന്നര്‍ത്ഥം  ഉണ്ട്. പാടിയ്ക്കു കടലോരഗ്രാമം എന്നും അര്‍ത്ഥമുണ്ട്. കാട് എന്ന വാക്കിന് ഒന്നിലധികം അര്‍ത്ഥങ്ങളുമുണ്ട് – സ്ഥലം, പറമ്പ്, മരുഭൂമി, ഉണങ്ങി വരണ്ട ഭൂമി, വനം, അധികം മരങ്ങള്‍ ഇല്ലാത്ത എന്നാല്‍ കുറ്റിക്കാടുള്ള ഭൂമി, ഭരണി നക്ഷത്രം, കൃഷി ചെയ്യാന്‍ പറ്റാത്ത ഭൂപ്രകൃതിയുള്ള ഭൂമി, ഒരു അളവ് (രണ്ടില്‍ ചില്വാനം ഏക്കര്‍), ചുടുകാട് (ശവം ദാഹിപ്പിയ്ക്കുന്ന സ്ഥലം),

തമിഴില്‍ ഇപ്പോഴും വയര്‍ക്കാട് (വയല്‍ഭൂമി), വെള്ളക്കാട് (വെള്ളപ്പൊക്കം) എന്നീ പദങ്ങള്‍ ഉണ്ട്.

തമിഴിലെ സന്ധിയും ശ്രദ്ധിയ്ക്കുക. മണല്‍+കാട് = മണര്‍കാട്, വയല്‍+കാട് = വയര്‍കാട്, കടല്‍+കരൈ = കടര്‍കരൈ. ഇന്നത്തെ മലയാളത്തില്‍ ഇവ യഥാക്രമം മണല്‍ക്കാട്, വയല്‍ക്കാട്, കടല്‍ക്കര എന്നിങ്ങനെയാണ്. പക്ഷെ പഴയ മലയാളത്തില്‍ തമിഴിലേതു മാതിരി തന്നെയായിരുന്നു സന്ധികള്‍. മലയാളത്തിനും തമിഴിനും ‘അമ്മ’യായി ഒരു പൊതുദ്രാവിഡഭാഷ ഉണ്ടായിരുന്നു എന്ന സത്യം ഇവിടെ ഒന്നു കൂടി ബോദ്ധ്യപ്പെടുന്നു. ‘മണര്‍കാട്’ എന്ന സ്ഥല (കോട്ടയത്തിനു കിഴക്ക്) ത്തിന്റെ അര്‍ത്ഥം കൃഷി ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഭൂമി. വളരെ പഴയ കാലത്തു ഭൂപ്രകൃതി അങ്ങനെയായിരുന്നിരിക്കണം. മണ്ണ്+ആര്‍+കാട് = മണ്ണാര്‍ക്കാട് (പാലക്കാട്) . ആറും കാടും ഉള്ള ഭൂമി എന്ന അര്‍ത്ഥം ശരിയെന്നു പറയുക വയ്യ. ആറിനു ഭൂമി എന്ന അര്‍ത്ഥവും ഉണ്ട്. സന്ധിനിയമപ്രകാരം ‘മണ്ണാന്‍+കാട്’,  മണ്ണാര്‍കാട് ആയതുമാവാം. (മണ്ണാന്‍=തുണിയലക്കുന്നവന്‍). കാട് എന്ന വാക്കിനു ചെറിയ ഗ്രാമം/ചേരി, അതിര്‍ത്തി എന്നു വേറെ അര്‍ത്ഥങ്ങളുമുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട പേരു തന്നെ ആകാനാണു സാദ്ധ്യത. ഇപ്പോള്‍ പലയിടത്തും പഴയ കാലത്തെ ഭൂപ്രകൃതിയല്ല.

ചെറിയ ആറിനു ‘മുട്ടാര്‍’ എന്നു പറഞ്ഞിരുന്നു. കിടങ്ങറക്കടുത്തുള്ള മുട്ടാര്‍ ചെറിയ ആറൊഴുകുന്ന സ്ഥലമാണ്.  

ആധുനികശാസ്ത്രം നാലു തരം വസൂരി രോഗമുണ്ടെന്നു പറയുന്നു. നമ്മുടെ പൂര്‍വ്വികരും കുറെയൊക്കെ ഇതു മനസ്സിലാക്കിയിരുന്നു എന്ന് അനുമാനിക്കേണ്ടിയിരിയ്ക്കുന്നു. വളരെ ഘോരമായ ഒരിനം വസൂരിയാണു ‘പനയന്‍’. ഭദ്രകാളി (വസൂരിയുടെ ദേവത) യെ പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലമാണു പനയന്നാര്‍കാവ് (തിരുവല്ലയ്ക്കടുത്ത്). ‘പനയനാര്‍കാവ് ’ (പനയന്‍+ആര്‍+കാവ്) എന്നാണു ശരിയായ പേര്. ‘ആറ് ’ എന്ന വാക്കിനു ‘ഭൂമി’ എന്നും അര്‍ത്ഥമുണ്ട്. ഇന്നത്തെ മലയാളത്തില്‍ ‘വസൂരിത്തറക്കാവ് ’ എന്നു പറയാം. അവിടെ നിന്നും വളരെ അകലെയല്ല, തലവടിയിലെ ‘പനയന്നൂര്‍’ (പനയന്‍+ഊര്‍) ക്ഷേത്രം. ഇവിടെയും പ്രതിഷ്ഠ ഭദ്രകാളി തന്നെ. വസൂരി ഒഴിവാക്കാനും ഭേദമാക്കാനും വേണ്ടി പ്രാചീനസമൂഹം പ്രാര്‍ത്ഥന നടത്തിയിരുന്ന സ്ഥലങ്ങളായിരിയ്ക്കാം ഇവ. ഒരു പക്ഷെ, ഇവ ‘വസൂരിമാല’ എന്നു വിളിയ്ക്കപ്പെടുന്ന ദേവീപ്രതിഷ്ഠ ആയിരിയ്ക്കാം. ക്രമേണ ഭദ്രകാളിക്ഷേത്രങ്ങളായി. ഇടയ്ക്കു ജൈനക്ഷേത്രങ്ങളായിരുന്നു എന്നും കരുതപ്പെടുന്നു. തിരുവല്ലയുടെ ചുറ്റുപാടില്‍ ഒരു ശക്തമായ ജൈനസംസ്കാരം ഉണ്ടായിരുന്നു.

‘ചക്കുളത്തുകാവ്’ എന്നൊരു ക്ഷേത്രം തിരുവല്ലയ്ക്കടുത്തുണ്ട്. ഇതു ‘ചക്കളത്തുകാവാ’ണ്‌. ‘ചക്ക്’ ഉള്ള സ്ഥലം ‘ചക്കളം’. ‘അളം’ പഴയ മലയാളത്തില്‍ ഓരുമണ്ണുള്ള സ്ഥലം, തീരം, കടല്‍ത്തീരം എന്നും അര്‍ത്ഥം. ചതുപ്പുനിലം, നദീതീരം, സ്ഥലം എന്ന അര്‍ത്ഥത്തിലും ഉപയോഗിയ്ക്കുന്നു. ചക്കളത്തില്‍ (ചക്കുണ്ടായിരുന്ന പറമ്പില്‍) സ്ഥാപിയ്ക്കപ്പെട്ട ആരാധനാലയം ആണു ചക്കളത്തുകാവ്‌. ‘ചക്കുളം’ എന്ന വാക്കു മലയാളത്തില്‍ ഇല്ല. വാഴപ്പള്ളി(ചങ്ങനാശ്ശേരി)യിലെ ‘ചക്കളത്തുകാവ്‌ ’  ഇപ്പോള്‍ ‘കല്‍ക്കുളത്തുകാവാ’യി. ഇതു ബുദ്ധിശൂന്യര്‍ വരുത്തിയ മാറ്റമാണ്. 

ചക്ക്




വെളിച്ചെണ്ണ എടുക്കുന്ന യന്ത്രമായിരുന്നു  ചക്ക്. വട്ടത്തിലുള്ള ഒരു വലിയ തിരികല്ല്. അതിന്റെ കുഴ കറക്കുന്നതു കാളയാണ്. എല്ലാ ഗ്രാമങ്ങളിലും രണ്ടോ മൂന്നോ ചക്കുകള്‍ ഉണ്ടായിരുന്നു. ചക്കുകള്‍ നടത്തിയിരുന്നതു നായര്‍സമുദായത്തിലെ ഒരു കീഴ്ജാതിയായിരുന്ന ചക്കാലനായന്മാരായിരുന്നു. ചക്കാലന്റെ ഭാര്യയെ ചക്കാലത്തി എന്നു വിളിച്ചിരുന്നു. ചക്കില്‍ നിന്നു നേരെ പാത്രത്തിലേക്കു വീഴാത്ത എണ്ണ തുടച്ചുപിഴിഞ്ഞ് എണ്ണപ്പാത്രത്തില്‍ ഒഴിക്കുമായിരുന്നു. അതിനു വേണ്ടി  ചക്കാലന്‍ ഒരു  ചെറിയ തുണിക്കഷണവും കരുതും. ഇനിയാണു ചക്കാലനും ചക്കാലത്തിയും എണ്ണയെടുക്കാന്‍ കൊപ്രയുമായി വന്നയാളെ ചതിയ്ക്കുന്നത്. ചക്കാലനും ചക്കാലത്തിയും പരസ്പരം ചീത്തവിളി തുടങ്ങും. രൂക്ഷപോരാട്ടം. ഇതിനിടയില്‍ ചക്കാലത്തി കൊപ്രയുമായി വന്നയാളിന്റെ ശ്രദ്ധ പിടിച്ചു പറ്റും. ആ തക്കത്തില്‍ ചക്കാലന്‍ തന്റെ തുണി എണ്ണപ്പാത്രത്തില്‍ മുക്കും. ‘ദേഷ്യത്തോടെ’ കുടിലില്‍ കയറും. തുണിയിലെ എണ്ണ പിഴിഞ്ഞു മറ്റൊരു പാത്രത്തില്‍ സംഭരിക്കും. ഇങ്ങനെ പല തവണ അയാള്‍ കുടിലിലെ പാത്രത്തില്‍ എണ്ണ ഒഴിക്കും. കൊപ്ര കൊണ്ടുവന്നയാള്‍ ഇതറിയില്ല. കാശുമുടക്കാതെ, ചക്കാലക്കുടുംബത്തിനാവശ്യമുള്ള വെളിച്ചെണ്ണ കിട്ടും. ചക്കാലനും ചക്കാലത്തിയും നടത്തുന്ന ഈ നാടകമാണു ‘ചക്കളത്തില്‍പ്പോരാട്ടം’. വാമൊഴിയിലെ ‘ചക്കളത്തിപ്പോരാട്ടം’. ഈ കഥയില്‍ അതിശയോക്തി ഉണ്ടങ്കിലും ‘നാടകം’ ചിലപ്പോഴൊക്കെ അരങ്ങേറിക്കാണണം. പോരാടുന്നവര്‍ മുന്‍ധാരണപ്രകാരം നാടകം കളിച്ചു ഗുണഭോക്താക്കളാവുന്നു എന്ന അര്‍ത്ഥത്തില്‍ ‘ചക്കളത്തില്‍ പോരാട്ടം’ ഒരു ശൈലി ആയി മാറി. ചൊല്ലിന്റെ പിന്നിലെ കഥ അറിയില്ലെങ്കിലും രാഷ്ട്രീയക്കാര്‍ ഇടയ്ക്കിടെ ഇതു പ്രയോഗിയ്ക്കാറുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ നാട്ടില്‍ നിന്നു ചക്കുകള്‍ അപ്രത്യക്ഷമായി. അപൂര്‍വ്വം ചിലവ 1940-കള്‍ വരെ പിടിച്ചു നിന്നു എന്നു പറയപ്പെടുന്നു. ക്ഷേത്രങ്ങള്‍ക്കു സമീപമായിരുന്നു ചക്കാലരുടെ ചക്കളങ്ങള്‍.

‘കളര്‍’ ഓരുള്ള മണ്ണ്. ‘സഭ’ എന്നും ‘ചതുപ്പ്’എന്നും അര്‍ത്ഥം. കോട് = അറ്റം, മൂല. ആലപ്പുഴയിലെ കളര്‍കോട്, ‘ചതുപ്പു’നിലം ആണ്. പഴയകാലത്ത് ഒരു ഭൂവിഭാഗത്തിന്റെ അറ്റമോ മൂലയോ ആയിരുന്നിരിയ്ക്കണം.

പാമ്പാടി എന്ന വാക്കിന് ഒന്നിലേറെ അര്‍ത്ഥങ്ങള്‍ ഉണ്ട്.  പ്രാചീനഭാഷയില്‍ പാമ്പ്‌ എന്നുള്ളതിനു ചിറയുടെയോ നദിയുടെയോ തീരം എന്നര്‍ത്ഥം. ആടി എന്നതു പറമ്പ്, സ്ഥലം. ചിറയോ കുളമോ ഉണ്ടായിരുന്ന സ്ഥലമായിരിയ്ക്കാം പാമ്പാടി എന്നറിയപ്പെട്ടത്. പാലക്കാട്ടും പാമ്പാടി എന്ന സ്ഥലപ്പേരുണ്ട് - ഭാരതപ്പുഴയ്ക്കു തെക്കായി. പാണ്‍+പാടി എന്നാണെങ്കില്‍ പാണന്മാര്‍ താമസിയ്ക്കുന്ന പ്രദേശം (പറമ്പ്). ‘പായംപാടി’യാണു ലോപിച്ചതെങ്കില്‍ വെള്ളമുള്ള സ്ഥലം. കോട്ടയം പാമ്പാടിയെ ‘പാമ്പുരുംപാറ’ (പാമ്പിഴയുന്ന പാറ) എന്ന വാക്കുമായി ബന്ധപ്പെടുത്തിയും കേട്ടിട്ടുണ്ട്. അത് അസംബന്ധം എന്നേ പറയാന്‍ പറ്റൂ. ആദ്യത്തേതിനാണു കൂടുതല്‍ സാദ്ധ്യത.

‘കല്ലൂര്‍പ്പാറ’, കല്ലും പാറയും ഉള്ള സ്ഥലം. തിരുവല്ലയ്ക്കു കിഴക്കാണ്. ഇപ്പോള്‍ കല്ലൂപ്പാറയായി. പണ്ടു കവിയൂര്‍ ബ്രാഹ്മണഗ്രാമത്തിന്റെ ഭാഗമായിരുന്നു. പെരുമ്പ്രനാട് എന്നും അറിയപ്പെട്ടിരുന്നത്രെ. ‘പെരും-പുറനാട്’  എന്ന അര്‍ത്ഥത്തില്‍ എടുക്കാം. അല്പം അകലെയായി പുറമറ്റം എന്നൊരു സ്ഥലമുണ്ട്. ബ്രാഹ്മണഗ്രാമം ഉണ്ടാവുന്നതിനും മുന്‍പുള്ള പേരായിരിയ്ക്കും പെരുമ്പ്രനാട് എന്നത്. ജനപദങ്ങളായിരുന്ന കവിയൂരിനും മല്ലപ്പള്ളിയ്ക്കും ഇടയില്‍ ആയതിനാല്‍ ആയിരിക്കണം ഇതു പുറനാട് ആയത്. ‘പെരുംപാറനാട്’ ആയിരുന്നു എന്നൊരു വാദവും കേട്ടിട്ടുണ്ട്. കവിയൂരിനും കല്ലൂപ്പാറയ്ക്കും ഇടയിലാണു ‘പെരുംപടി’ എന്ന പ്രദേശം. ‘പടി’ എന്ന പ്രാചീനപദത്തിനു ‘പാറ’ (igneous rock) എന്നൊരര്‍ത്ഥമുണ്ട്. അതാണിവിടെ യോജിയ്ക്കുന്നത്. വലിയ പാറകള്‍ ഉള്ള സ്ഥലം. കുറേക്കൂടി കിഴക്കാണു ‘പെരുമ്പട്ടി’- കോട്ടാങ്ങലിനു സമീപം. ‘പട്ടി’യ്ക്കു തമിഴില്‍ ഗ്രാമം എന്ന അര്‍ത്ഥമുണ്ട്. പ്രാചീനകാലത്തു താരതമ്യേന ജനവാസം കുറഞ്ഞ ഈ സ്ഥലത്തിനു ‘ഗ്രാമം’ എന്ന അര്‍ത്ഥത്തില്‍ പേരിട്ടു എന്നു കരുതുക വയ്യ. പാറകള്‍ ഇവിടെയും ധാരാളമുണ്ട്. ‘പെരുമ്പടി’ തെറ്റായി ഉച്ചരിച്ചു ‘പെരുമ്പട്ടി’ ആയതാവും. പത്രക്കാര്‍ അതു ‘പെരുമ്പെട്ടി’ എന്നാക്കി മാറ്റി.

കോട്ടയം ജില്ലയില്‍ ‘തുയ്യത്ത് ഇല്ലം’ എന്നൊരു ബ്രാഹ്മണഭവനമുണ്ട്. കൊല്ലം ജില്ലയില്‍ ‘തുയ്യം വേളാങ്കണ്ണിപ്പള്ളി’യുണ്ട്. മലപ്പുറത്ത് എടപ്പാളിലും തുയ്യം എന്നൊരു സ്ഥലമുണ്ട്. ‘തുയ്യം’ എന്ന പ്രാചീനപദം ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് അത്ഭുതം തന്നെ. ദിവ്യം, വിശുദ്ധം, അമലം/വിമലം എന്നീയര്‍ത്ഥങ്ങളുണ്ട്. തുയ്യപ്പാല്‍ എന്നാല്‍ ശുദ്ധമായ (വെള്ളം ചേര്‍ക്കാത്ത) പാല്‍.

കവിയൂര്‍ മഹാദേവക്ഷേത്രത്തിലെ ശ്രീകോവിലിന്മേല്‍, ക്രി.പി. 951-952 കാലഘട്ടത്തില്‍ എഴുതപ്പെട്ടു എന്നു കരുതപ്പെടുന്ന ലിഖിതത്തില്‍ ‘മകിഴഞ്ചേരി തേവന്‍ ചേന്നന്‍’ എന്നൊരു പേരുണ്ട്. ‘മകിഴ് ’ ഇന്നു പ്രയോഗത്തിലില്ല. ‘ഇലഞ്ഞി’യാണു മകിഴ്. തമിഴില്‍ ഇലഞ്ഞി, ഇരിഞ്ചി, മകിഴ് എന്നീ  പേരുകള്‍ ഈ മരത്തിനുണ്ട്. ഇരുപതാംനൂറ്റാണ്ടിലൊന്നുമല്ല, അതിനു മുമ്പേ തന്നെ ‘മകിഴ് ’ നമ്മുടെ പദാവലിയില്‍ നിന്നു വിടപറഞ്ഞുകാണണം. ഇലഞ്ഞി നിന്ന ചേരി അഥവാ ജനവാസകേന്ദ്രം (സ്ഥലം/പറമ്പ്) ആയിരുന്നു തേവന്‍ ചേന്നന്റെ വാസസ്ഥലം. ‘മകിഴഞ്ചേരി’ എവിടെയെന്നു തിട്ടപ്പെടുത്തിയിട്ടില്ല. കുട്ടനാട്ടിലെ ‘ചേന്നങ്കരി’യിലെ നായര്‍പ്രമാണിയാവാം എന്നു സംശയിയ്ക്കുന്നവരുണ്ട്. ഒരു വര്‍ഷം കഴിഞ്ഞെഴുതിയ മറ്റൊരു ലിഖിതത്തില്‍ (ക്രി.പി. 952-953) കുട്ടനാടന്‍ പ്രദേശങ്ങള്‍ പരാമര്‍ശിയ്ക്കപ്പെട്ടിട്ടുണ്ട്. (തമിഴ്‌നാട്ടിലെ മകിഴഞ്ചേരിയുമായി ഈ തേവന്‍ ചേന്നനു ബന്ധമില്ല).

താണ/കുഴിഞ്ഞ ഭൂമി എന്നതിനു പള്ളം എന്നു പറഞ്ഞിരുന്നു. അതേ അര്‍ത്ഥത്തില്‍ ‘പതാല്‍’ ഇപ്പോഴും പ്രചാരത്തിലുണ്ട്. കുന്നിന്റെയും മലയുടെയും അടിവാരങ്ങളെയും  ‘പതാല്‍’ എന്നു പറയുന്നു.  ഉയര്‍ന്ന ഭൂമിയാണു കരോട്ട്. ‘പതാലും’ ‘കരോട്ടും’ എന്റെ ഗ്രാമത്തില്‍ ഇപ്പോഴും ഉപയോഗിയ്ക്കുന്നുണ്ട്.

പഴയ കാലത്തു ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ‘ഓല’ എന്നു പറയുന്നതു ദാനം, പട്ടയം, പാട്ടം തുടങ്ങിയവയുടെ രേഖയ്ക്കായിരുന്നു. ‘തലക്കരണം’ എന്നു പറയുന്നത് ഇന്നത്തെ ഡീഡ് (deed) ആണ്. അതിന്റെ മറ്റൊരു പേരായിരുന്നിരിയ്ക്കണം ‘തലയോല’. കൂറു മാറിയ വടക്കുംകൂര്‍ രാജാവിന്റെ ഒരു മന്ത്രിക്കു പാരിതോഷികമായി തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡവര്‍മ്മ ദാനം കൊടുത്ത സ്ഥലമാണു തലയോലപ്പറമ്പ് എന്നു പറയപ്പെടുന്നു. എങ്കില്‍ മേല്പറഞ്ഞ അര്‍ത്ഥം തന്നെ എടുത്താല്‍ മതി. തലയോലപ്പറമ്പിലെ ഒരു പ്രദേശമാണു മിടായിക്കുന്ന്. ഉയര്‍ന്ന ഭൂമിയ്ക്കു ‘മിട്ടാല്‍’ (മിടാല്‍) എന്നാണു പറഞ്ഞിരുന്നത്. പ്രത്യേകിച്ച് ആറ്, കടല്‍, ചിറ ഇവയുടെ സമീപപ്രദേശങ്ങളില്‍ ഉള്ള ഉയര്‍ന്ന ഭൂമി, കൂന ഇവ ഈ വാക്കിനാല്‍ അറിയപ്പെട്ടിരുന്നു. തീരം, തിട്ട എന്നും അര്‍ത്ഥമുണ്ട്. മിടാല്‍ക്കുന്നു പിന്നീടു മിടായിക്കുന്നായി. ഇപ്പോള്‍ മിഠായിക്കുന്നും. ഖരത്തെ (ടാ) അതിഖരമാക്കിയ (ഠാ)  നാട്ടുകാരെ സമ്മതിക്കണം. വാക്കിന്റെ അര്‍ത്ഥം നോക്കാതെ വാമൊഴിയില്‍ വരുത്തിയ മാറ്റം. തലയോലപ്പറമ്പിലെ തന്നെ പൂതന്‍കരി ഇപ്പോള്‍ ഭൂതന്‍കേരി ആയി. കുട്ടനാട്ടിലെ ചാത്തന്‍കരി ഇപ്പോള്‍ ചാത്തങ്കേരി ആയതു പോലെ. മകന്‍ എന്നൊരര്‍ത്ഥമുണ്ടു ‘പൂതന്‍’ എന്ന വാക്കിന്. ‘പൂതന്‍/പുത്തന്‍’ (ബുദ്ധന്‍) എന്ന വാക്കിന്റെ മറ്റൊരു രൂപവും ‘പൂതന്‍’ ആണ്. ‘കരി’, കര തന്നെ. പൂതന്‍കരി, ‘ഭൂതന്‍കേരി’യായതല്ലേ? അവിടെ ഒരു പ്രാചീനമായ അയ്യപ്പക്ഷേത്രമുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. ഭൂതനാഥനാണ് അയ്യപ്പന്‍. ബുദ്ധമതക്കാരുടെ പ്രാചീനാരാധനാലയങ്ങള്‍  കേരളത്തില്‍ അയ്യപ്പക്ഷേത്രങ്ങളായി എന്നൊരു വാദം ചരിത്രകാരന്മാര്‍ക്കുണ്ട് എന്നതും ചിന്തനീയമാണ്. ആലപ്പുഴജില്ലയിലെ കുമരങ്കരി അയ്യപ്പക്ഷേത്രത്തില്‍  ‘പൂതന്‍’ എന്നഴുതിയ ഒരു വിഗ്രഹമുണ്ട്. അടൂര്‍ എനാദിമംഗലത്തു പൂതംകര എന്ന പ്രദേശത്തും അയ്യപ്പനാണു പ്രതിഷ്ഠ.

‘ഏരി’യും ജലസേചനത്തിനായുള്ള ചിറയാണ്. തീരം, കടവ്, അണ  എന്നിങ്ങനെയും അര്‍ത്ഥങ്ങള്‍. വടക്കന്‍ കേരളത്തിലാണ് ‘ഏരി’ എന്നവസാനിയ്ക്കുന്ന സ്ഥലങ്ങള്‍ കൂടുതലും. ‘മടു’, എന്നതു കുളം, കയം എന്നു രണ്ടര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്നു. ‘മടുക്കേരി’ മടുക്ക എന്ന വൃക്ഷവും ചിറയും ഉള്ള സ്ഥലം.

മല്ലപ്പള്ളിയ്ക്കടുത്തു മണിമലയാറിന്റെ തീരത്തുള്ള ഒരു സ്ഥലമാണു ‘വായ്പൂര്‍’. സ്ഥലനാമത്തിനു പിന്നിലുള്ള ഐതിഹ്യങ്ങള്‍ക്കു ക്ഷാമമില്ല. വായുപുരം ആണു വായ്പൂര്‍ ആയത് എന്നൊരു കഥ. വാവരുടെ ഊര് എന്ന അര്‍ത്ഥത്തില്‍ ‘വാവരൂര്‍’ ആയിരുന്നു എന്നു മറ്റൊരു നാട്ടുകഥ. പിന്നീടു വായ്പൂര്‍ ആയത്രെ. വേറെയും കഥകളുണ്ടത്രെ. സത്യം വേറെയാണ്. വൈപ്പിന്‍കരയിലെ ‘വയ്പ്’ എന്ന വാക്കു പിറന്നതു  ‘കടല്‍-വയ്പ് ’ എന്ന പ്രയോഗത്തില്‍ നിന്നാണെന്നു മുന്‍പു പറഞ്ഞല്ലോ. ‘വെയ്പ് ’ ആണു ശരിയായ പദം. ‘വെയ്പി’നു (എക്കലടിഞ്ഞ) തീരം എന്നും അര്‍ത്ഥമുണ്ട്. ജലായശയങ്ങളും പുഴകളും തീര്‍ത്ത ഫലഭൂയിഷ്ഠമായ തീരങ്ങള്‍ പ്രാചീനസമൂഹത്തിനു ചേരികള്‍ തീര്‍ക്കാന്‍ പറ്റിയ സ്ഥലങ്ങളായിരുന്നു. അങ്ങനെയൊരു ഊരിനു ‘വെയ്പൂര്‍’ എന്ന പേരു കിട്ടി. വാമൊഴിയില്‍ പേരു മാറി ഇപ്പോള്‍ ‘വായ്പൂര്‍’ ആയി. തൊട്ടടുത്ത സ്ഥലം കീഴ്-വായ്പൂര്‍ എന്നും അറിയപെടുന്നു. ‘വെയ്പ്’ എന്നുള്ളതിന്റെ ക്രിയാരൂപം ‘വെയ്ക്കുക’ എന്നാണല്ലോ. കൊച്ചി-മലബാര്‍ പ്രദേശങ്ങളില്‍ ഇതു ‘വയ്പ്’ ആണ്. ‘വൈക്കം’ എന്ന വാക്കിനു എക്കല്‍ (alluvial soil) എന്നു ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ കാണാം. കോട്ടയത്തിനു വടക്കുള്ള ‘വൈക്കം’ എക്കല്‍ അടിഞ്ഞു ചേര്‍ന്ന പ്രദേശമാണ്. തിരുവല്ലയ്ക്കു പടിഞ്ഞാറു വൈക്കത്തില്ലം (ഇല്ലം=വീട്) എന്നൊരു സ്ഥലമുണ്ട്. പഴയകാലജന്മികളായിരുന്ന കൈമള്‍മാരുടെ തറവാടിരുന്ന സ്ഥലം. പണ്ട് ഇവരുടെ  വസ്തു വളരെ വിസ്തൃതമായിരുന്നു. മണിമലയാറിന്റെ സാമീപ്യമുണ്ട്.

‘വയ്ക്കം’ എന്ന വാക്കു വികലമാക്കി പറയുന്നതു തെക്കന്‍ കേരളത്തിലും മലബാറിലുമാണ്. വൈക്കത്തുകാരും വൈക്കത്തിനു വടക്കുള്ളവരും (ആലുവ-എറണാകുളം-തൃപ്പൂണിത്തുറ-പൂത്തോട്ട ഭാഗത്തുള്ളവര്‍) ‘വയ്ക്കം’ എന്നാണ് ഇപ്പോഴും ഉച്ചരിയ്ക്കുന്നത്. തുടക്കത്തില്‍ ‘വയ് ’ വരുന്നതു ശ്രദ്ധേയമാണ്. ‘വെയ്പിന്‍കര’, ‘വെയ്പൂര്‍’, ‘വെയ്ക്കം’ – ഇതാണു ശരിയായ ഉച്ചാരണങ്ങള്‍ എന്നു തോന്നുന്നു. കുറേക്കൂടി തെക്കു ചെല്ലുമ്പോള്‍ ഇതു ‘വക്കം’ (തിരുവനന്തപുരം ജില്ല) ആവുന്നു. വക്കം മൌലവിയും വക്കം പുരുഷോത്തമനും പിറന്ന നാട്. ഉച്ചാരണങ്ങള്‍ പരിഗണിച്ചാല്‍ ‘വയ്ക്ക’വും ‘വയ്പിന്‍കര’യും രക്ഷപ്പെടും. വായ്പൂരിനെ ‘വെയ്പൂര്‍’ അല്ലെങ്കില്‍ ‘വയ്പൂര്‍’ ആക്കാനും ‘വക്ക’ത്തെ ‘വയ്ക്ക’മാക്കാനും  കടമ്പകള്‍ ഏറെയുണ്ട്. ഈ സ്ഥലനാമങ്ങള്‍ ശുദ്ധമലയാളപദങ്ങളാണ്. പഴയ തമിഴില്‍ നിന്നു സമാനമായ വാക്കുകള്‍ കിട്ടിയില്ല.

‘പൂണി’യ്ക്കു തൂണീരം, കാള, കന്നുകാലി എന്നര്‍ത്ഥം. കന്നഡ, തുളു ഭാഷകളില്‍ വയലിന്റെ അതിര്‍ത്തി എന്ന അര്‍ത്ഥമുണ്ട്. ‘പൂണിത്തുറ’യില്‍ ഇവയില്‍ ഏതിനാണു പ്രസക്തി? ‘തുറ’ തുറമുഖം/വഞ്ചിക്കടവ്/തീരം എന്നു വ്യക്തം. ‘വയലിന്റെ അതിര്‍ത്തിയിലുള്ള വഞ്ചിക്കടവ്’ എന്ന അര്‍ത്ഥം ചിലര്‍ അംഗീകരിയ്ക്കും. പക്ഷെ, ഇത്ര സ്വാധീനം തുളുവിനും കന്നടയ്ക്കും ആ ഭാഗങ്ങളില്‍ ഉണ്ടായിരുന്നില്ല.  ഏറ്റവും അടുത്തു നില്‍ക്കുന്ന ഒരു വാക്കു ‘പൂണ്ടി’ആണ്. നഗരം, ഗ്രാമം (വലിയ ചേരി) എന്നര്‍ത്ഥം. ‘പൂണ്ടിത്തുറ’, പൂണിത്തുറയായോ? തമിഴ്‌നാട്ടില്‍ ‘തിരുപ്പണിത്തുറൈ’ എന്നൊരു സ്ഥലമുണ്ട്. പഴയ മലയാളത്തില്‍ ‘തൃപ്പണിത്തുറ’ ഉച്ചാരണവൈകല്യത്താല്‍   ‘തൃപ്പൂണിത്തുറ’ ആയതാവാം. ‘പണി’യ്ക്ക് താഴ്ച, ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലി എന്ന തമിഴിലെ അര്‍ത്ഥമെടുക്കാം. തമിഴില്‍ തന്നെ കടല്‍, നദി എന്നീ അര്‍ത്ഥങ്ങളും ഉള്ളതായി അറിയുന്നു. (ഇവിടെ യോജിയ്ക്കാത്ത മറ്റു പല അര്‍ത്ഥങ്ങളുമുണ്ട്). താഴ്‌ന്ന സ്ഥലത്തെ തുറമുഖം/വഞ്ചിക്കടവ് എന്ന അര്‍ത്ഥമാവും   ‘പണിത്തുറ’യ്ക്ക്. ഉറപ്പില്ലാത്ത നിഗമനങ്ങള്‍. ‘തൃപ്പൂണിത്തുറ’യുടെ ശരിയായ അര്‍ത്ഥം ഇനി കിട്ടിയെന്നു വരില്ല.

മറ്റു ചില വാക്കുകള്‍

മറ്റുഭാഷകളിലെ വാക്കുകള്‍ മലയാളത്തിലാക്കാനും ഒരു കഴിവു പഴയ മലയാളികള്‍ക്കുണ്ടായിരുന്നു, അപവാദങ്ങളുണ്ടെങ്കിലും. ‘ട്രെയിന്‍’ എന്ന വാക്കിനു പകരം ‘തീവണ്ടി’യും ‘പുകവണ്ടി’യും ഉണ്ടാക്കി. കുറേ കാലത്തേയ്ക്കു ‘പുകവണ്ടി’യ്ക്കായിരുന്നു ഏറെ പ്രിയം. എങ്കിലും മോയിന്‍കുട്ടി വൈദ്യരുടെ (1852-1892) ഒരു ആദ്യകാലകവിതയില്‍ അദ്ദേഹം ‘തീവണ്ടി’ എന്ന വാക്കുപയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ ‘തീവണ്ടി’യാണു പ്രചാരത്തിലുള്ളത്. കാണുന്നതിനെ അടിസ്ഥാനമാക്കിയാണു പഴയ മലയാളികള്‍ പേരിട്ടിരുന്നത് എന്നു സൂചിപ്പിച്ചിരുന്നല്ലോ. അപ്പോള്‍, ‘പുകവണ്ടി’യാണ് കൂടുതല്‍ അഭികാമ്യം. കവി പി. ഭാസ്കരന്‍ ‘വണ്ടീ, പുകവണ്ടീ’ എന്ന ചലച്ചിത്രഗാനം രചിച്ചത് അമ്പതുകളിലാണ്. ശാസ്ത്രതത്വപ്രകാരം ‘ആവിവണ്ടി’എന്നു പേരിടാമായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ മലയാളിയുടെ മനോഹരമായ ഭാവനയില്‍ ‘തീവണ്ടി’യും ‘പുകവണ്ടി’യും പിറന്നു.

റെക്കോഡ് പ്ലെയര്‍’ പണ്ടിറങ്ങിയിരുന്നെങ്കില്‍ അവര്‍ നല്ല ഒരു വാക്കു പകരം കണ്ടെത്തിയേനെ. ഇതിനു ‘സ്വനഗ്രാഹിയന്ത്രം’ എന്ന വാക്കാണു ആധുനികകാലത്തു പണ്ഡിതര്‍ സമ്മാനിച്ചത്. ആരും ഈ വാക്കുപയോഗിയ്ക്കുന്നില്ല എന്നതു ഭാഗ്യം. (പഴയ മലയാളികളുടെ കഴിവു പുതിയ മലയാളിക്കില്ലാത്തതിനാല്‍ പല അന്യഭാഷാവാക്കുകളും അതേ രൂപത്തില്‍ ഉപയോഗിയ്ക്കുന്നതു തന്നെയാണു നല്ലത്. ഭാഷാസ്നേഹം മൂക്കാതിരിയ്ക്കുന്നതും ഒരു കണക്കിനു നല്ലതു തന്നെ).

നടവഴി’ എന്ന വാക്കു വളരെ പ്രചാരത്തിലിരുന്നതാണ്. നടക്കാനുള്ള വഴി എന്നേ ഇപ്പോള്‍ ആളുകള്‍ ധരിയ്ക്കുകയുള്ളൂ. പക്ഷെ അതിലും വിപുലമായ ഒരര്‍ത്ഥം ഇതിനുണ്ടായിരുന്നു. അതിനു പകരം സംസ്കൃതത്തില്‍ നിന്നുള്ള ഒരു വാക്കാണ്‌ ഇന്നുപയോഗിയ്ക്കുന്നത് – ‘ഭ്രമണപഥം’. വാക്കിനു കുഴപ്പമൊന്നുമില്ല. പക്ഷെ, ഭൂമിയുടെ നടവഴി, ചൊവ്വയുടെ നടവഴി എന്നൊക്കെ പറഞ്ഞാല്‍ ആളുകള്‍ പരിഹസിയ്ക്കുമെന്ന അവസ്ഥയാണിപ്പോള്‍. നമ്മള്‍ മാതൃഭാഷയുമായി അത്ര അകന്നു കഴിഞ്ഞു. സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ നടവഴി വൃത്തത്തിലല്ല. അമ്മിക്കുഴവിയും കല്ലും ചേര്‍ന്ന നമ്മുടെ പഴയ ‘അരപ്പുയന്ത്രത്തെ’ ഓര്‍മ്മയുണ്ടോ? ‘അമ്മി’ (ellipse)യാണ്. ഇന്നത്തെ മലയാളത്തില്‍ നമ്മള്‍ ‘ദീര്‍ഘവൃത്തം’ ‘അമ്മി’യായ (‘അമ്മിരൂപത്തിലുള്ള’ എന്നു പറയേണ്ട ആവശ്യമില്ല) കല്ലാണ് ‘അമ്മിക്കുഴവി’. സ്ത്രീകളോടുള്ള സ്നേഹവായ്പു പ്രകടിപ്പിയ്ക്കുന്ന പേരാണ് ‘അമ്മിണി’. അതു ചുരുക്കി ‘അമ്മു’വാക്കി കുട്ടികളെ വിളിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നു. ബ്രാഹ്മണബാലന്മാരെ ഉണ്ണി, മാണി, അമ്പി എന്നീ പേരുകള്‍ ഉപയോഗിച്ചു വിളിച്ചിരുന്നു. ‘പയ്യന്‍’ എന്നതിന്റെ പര്യായങ്ങള്‍. ഇതില്‍ ‘അമ്പി’ മലയാളത്തിലെത്തിച്ചതു പട്ടന്മാരാണ്. അബ്രാഹ്മണര്‍ ഇതുപയോഗിയ്ക്കാന്‍ പാടില്ലായിരുന്നു. ബ്രാഹ്മണരുടെ കോയ്മ ഇല്ലാതായപ്പോള്‍ മറ്റുള്ള ജാതികളും മതങ്ങളും ഈ വാക്കുകള്‍ ഉപയോഗിച്ചു തുടങ്ങി. ‘മാണി’ എന്ന പേരു പ്രസിദ്ധമാക്കിയതു നിധീരിക്കല്‍ മാണിക്കത്തനാരാണ്. പോള്‍.പി. മാണിയും കെ.എം. മാണിയും വഴി  ‘മാണി’ എന്ന പദം കൂടുതല്‍ പ്രസിദ്ധമായി.

തൂക്കത്തിന്റെ ഒരു ചെറിയ, വളരെ ചെറിയ, അളവാണ് ‘ഇമ്മി’. ‘ഇത്തിരി’/’ഇച്ചിരി’ എന്ന അര്‍ത്ഥത്തില്‍ നമ്മള്‍ ‘ഇമ്മിണി’ എന്നു പറയാന്‍ കാരണം ഇതാണ്. ‘ഇമ്മിണി’ വാമൊഴിയാണ്. 1 അണു = 21 ഇമ്മി എന്ന്‍ ഒരിടത്തും 1 ഇമ്മി = 21 അണു വേറൊരിടത്തും ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ കാണാം. അദ്ദേഹത്തിന്റെ പിശകോ അച്ചടിപ്പിശകോ ആണ്. തമിഴിലെ നിഘണ്ടുക്കളില്‍ ഇതു രണ്ടുമല്ലാത്ത അളവുമുണ്ട്. ഗുണ്ടര്‍ട്ട് അടിസ്ഥാനമാക്കിയത് ‘കണക്കുശാസ്ത്രം’ എന്ന ഗ്രന്ഥമാണ്. അതു പരിശോധനയ്ക്കു കിട്ടിയില്ല. അപൂര്‍വ്വഗ്രന്ഥമാണ്. 1/494,802 or 1/2,150,400 എന്നും കൊടുത്തിരിയ്ക്കുന്നു. വ്യക്തതയില്ല.

ആട്ടം തരണിയ്ക്കാന്‍ പോയി’ എന്നു മലയാളത്തില്‍ പറയുമായിരുന്നു. ഇന്നു ‘തരണിയ്ക്കുക, തരണിയ്ക്കല്‍’ എന്നൊക്കെ പറഞ്ഞാല്‍ എത്ര പേര്‍ക്കു മനസ്സിലാവും? അതിനു പകരം ‘റിഹേഴ്സ് ചെയ്യുക’, ‘റിഹേഴ്സല്‍’ എന്നു യഥാക്രമം  പറഞ്ഞാല്‍ പ്രശ്നം തീരുന്നു. ഇവയ്ക്കു പകരം ഇണക്കുക, ഇണക്കല്‍ എന്നും പ്രയോഗങ്ങളുണ്ടായിരുന്നു. കര്‍ഷകര്‍ നെല്ലിനു ‘ലെവി’ കൊടുക്കുന്നു. ഇതു പഴയകാലത്ത് ‘അവകൂലി’ ആയിരുന്നു. ‘തലക്കരു’ വച്ച റോമാപ്പട എന്നു പറഞ്ഞാലോ? തലക്കരു, ഹെല്‍മെറ്റ്‌  ആണ്. ‘തലക്കോരിക’ എന്നും പറഞ്ഞിരുന്നു. ‘മുടക്കുപനി’ ഡെങ്കിപ്പനിയും ‘വയറി’ ചിക്കന്‍ പോക്സുമാണ്. ‘നീരഴിവ്’ പ്രമേഹവും. ‘മുള’, പൈല്‍സ് ആയിരുന്നു. ആസ്ത്മ, ‘കൊര’(കൊറ?) യായിരുന്നു. കമ്പനി എന്ന വാക്കു പണ്ടു മലയാളത്തില്‍ ‘കുമ്പഞ്ഞി’ ആയിരുന്നു. ‘കുമ്പിഞ്ഞി’ എന്നും പല രേഖകളിലുണ്ട്.


ബ്രാഹ്മണര്‍ ‘സംബന്ധം’ കൂടുന്നതു സവര്‍ണ്ണരുമായിട്ടായിരുന്നു എന്നാണു പൊതുവെ ഉള്ള ധാരണ. എന്നാല്‍ സവര്‍ണ്ണസ്ത്രീകളെ കിട്ടിയില്ലെങ്കില്‍ അവര്‍ണ്ണരുടെ വീടുകളില്‍ അവര്‍ എത്തുമായിരുന്നു. ക്രിസ്ത്യന്‍, മുസ്ലിം സമുദായക്കാരുടെ അടുത്തും എത്തുമായിരുന്നു. ഇങ്ങനെയുള്ള ബ്രാഹ്മണനെ ‘കൂടന്‍’ എന്നു വിളിച്ചിരുന്നു. സവര്‍ണ്ണസ്ത്രീകളുമായുള്ള വേഴ്ച കഴിഞ്ഞു ഒന്നു മുങ്ങിക്കുളിച്ചാല്‍ ബ്രാഹ്മണന്‍ വീണ്ടും ശുദ്ധിയുള്ളവനാകും. കൂടന് ഇതു പോരാ; കുളിയ്ക്കുമ്പോള്‍ അയാള്‍ മൂന്നു തവണ മുങ്ങണം. കൂടന്റെ വേഴ്ചയില്‍ ഉണ്ടാകുന്ന കുട്ടികളെയും ‘കൂടന്‍’ (‘കൂടസന്തതി’ എന്നതു ചുരുക്കിയത്) എന്നു വിളിച്ചിരുന്നു. അവര്‍ണ്ണരിലും അഹിന്ദുക്കളിലുമുള്ള വെളുത്തനിറക്കാരെയാണു ‘കൂടന്‍’ എന്ന വാക്കു കൊണ്ടുദ്ദേശിച്ചിരുന്നത്. ശുദ്ധബ്രാഹണര്‍ക്കേ സംബന്ധം അനുവദിച്ചിരുന്നുള്ളൂ. തമ്പ്രാക്കള്‍, നമ്പൂതിരിപ്പാട്, ഭട്ടതിരിപ്പാട്, അക്കിത്തിരി തുടങ്ങിയ യജ്ഞകര്‍മ്മികള്‍, ഭട്ടതിരി, നമ്പൂതിരി – ഇവരാണു ശുദ്ധബ്രാഹ്മണര്‍. പോറ്റി മുതല്‍ ഇളയതു വരെയുള്ള ഇതരര്‍ ശുദ്ധഗണത്തില്‍ പെടുന്നില്ല. ഇവര്‍ക്കു സംബന്ധവും അനുവദനീയമല്ലായിരുന്നു.

ഇനി ഇതെഴുതുന്നയാളുടെ ഗുരുനാഥന്‍ - മഹാപണ്ഡിതനായിരുന്ന മഹോപാദ്ധ്യായ ശ്രീ തലയാര്‍ രാഘവപ്പണിക്കര്‍ - പണ്ടു സ്കൂളില്‍ പറഞ്ഞ ഒരു കാര്യം. കോഴ’  എന്ന വാക്കിനു നിര്‍ബന്ധിതനികുതി, വിഷമം/ബുദ്ധിമുട്ട് എന്നീ അര്‍ത്ഥങ്ങളേ ഉള്ളൂകുന്നിന്‍പ്രദേശങ്ങളില്‍ ഉള്ള കുഴിഞ്ഞ/താണ ഭൂമിയ്ക്കും ‘കോഴ’ എന്നു പറഞ്ഞിരുന്നു. ‘കോഴായില്‍’ എന്നു വീട്ടുപേരുകള്‍ ഉണ്ട്. കുറവിലങ്ങാടു (കോട്ടയം ജില്ല) പഞ്ചായത്തില്‍ കോഴ എന്നൊരു പ്രദേശം തന്നെയുണ്ട്. ആറന്മുളയ്ക്കടുത്തുള്ള കോഴഞ്ചേരി ഉയര്‍ന്ന പ്രദേശങ്ങള്‍ ഉള്ള സ്ഥലമാണ്. ഒരു വശത്തു പമ്പാനദിയും. ഇവിടെയും ‘കോഴ’ ഉയര്‍ന്ന പ്രദേശങ്ങള്‍ക്കിടയിലെ താണ ഭൂമി തന്നെ. ആദ്യകാലകുടിയേറ്റക്കാര്‍ 'കോഴ'യില്‍ തീര്‍ത്ത ചേരിയില്‍ നിന്നാവണം ‘കോഴച്ചേരി’യും അതില്‍ നിന്നു ‘കോഴഞ്ചേരി’യും രൂപപ്പെട്ടത്. നിര്‍ബ്ബന്ധനികുതിയ്ക്കു വിധേയമായ ഭൂമിയും  ‘കോഴായില്‍’ എന്നറിയപ്പെട്ടിരുന്നു പോല്‍. എന്തുകൊണ്ടു ‘കൈക്കൂലി’ എന്ന അര്‍ത്ഥത്തില്‍ ഇതു പ്രയോഗിയ്ക്കപ്പെടുന്നു? ശ്രീകണ്ഠേശ്വരത്തിന്റെ  ശബ്ദതാരാവലിയില്‍ ‘കൈക്കൂലി’ എന്നു കൊടുത്തിട്ടുണ്ട്. ‘കോഴ’ വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലുംനിര്‍ബ്ബന്ധിതനികുതി’ (Toll, Cess) തന്നെയായിരുന്നു. ബാലഗംഗാധാരക്കുറുപ്പിന്റെ ‘കോഴിക്കോടിന്റെ ചരിത്ര’ത്തിലും ഡോ. ഇബ്രാഹിം കുഞ്ഞിന്റെ ‘മാര്‍ത്താണ്ഡവര്‍മ്മ’യിലും ‘നിര്‍ബ്ബന്ധിതനികുതി’ എന്ന അര്‍ത്ഥം കാണാം. ഭാഗവതത്തില്‍  രാജാവായ കംസനു  കോഴ കൊടുക്കാന്‍ നന്ദഗോപര്‍ പോകുന്ന കഥയുണ്ട്.

രാജഭരണകാലത്തും കൈക്കൂലി കൊടുക്കലും വാങ്ങലും സാധാരണമായിരുന്നു. കോഴ (നിര്‍ബ്ബന്ധനികുതി) അടയ്ക്കുന്നതു പോലെ ഒരു പ്രവൃത്തിയായി മാറി കൈക്കൂലി കൊടുക്കലും. കൈക്കൂലി നിര്‍ബ്ബന്ധമായി ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്നതാണല്ലോ. ജനങ്ങള്‍ വാമൊഴിയില്‍ പരിഹാസരൂപേണ ഇതിനും ‘കോഴ’ എന്ന വാക്കുപയോഗിച്ചു. (‘ശംബളവും കിംബളവും’ എന്ന ആധുനികകാലത്തെ പ്രയോഗം ശ്രദ്ധിയ്ക്കുക. ‘കിംബള’വും വാമൊഴി തന്നെ; കൈക്കൂലി എന്നാണു ധ്വനി).  നിര്‍ബ്ബന്ധിതനികുതി ഇല്ലാതാവുകയും മറ്റു പേരുകളില്‍ - പ്രത്യേകിച്ച് ആംഗലത്തില്‍ - അറിയപ്പെടാന്‍,  തുടങ്ങുകയും ചെയ്തപ്പോഴും വാമൊഴിയിലെ ‘കോഴ’കൈക്കൂലി എന്ന അര്‍ത്ഥത്തില്‍  ജനങ്ങള്‍ അവജ്ഞയോടെ ഉപയോഗിച്ചുകൊണ്ടിരുന്നു. ‘ശബ്ദതാരാവലി’യില്‍ ഇതുള്‍പ്പെട്ടത് അങ്ങനെയാണ്. ഇതു പലരും ചൂണ്ടിക്കാണിച്ചപ്പോള്‍ തെറ്റു തിരുത്താമെന്നു ശ്രീകണ്ഠേശ്വരം പറഞ്ഞതായും എന്തുകൊണ്ടോ ഈ തിരുത്തല്‍ നടന്നില്ല എന്നും സ്കൂളില്‍ ഗുരുനാഥന്‍ പറഞ്ഞത് ഓര്‍ക്കുന്നു. ഒരു പക്ഷെ, ഗുണ്ടര്‍ട്ട് അങ്ങനെയൊരര്‍ത്ഥം കൊടുത്തതു കാരണം ശ്രീകണ്ഠേശ്വരം അതു നിലനിര്‍ത്തിയതാവും. ഗുണ്ടര്‍ട്ട് ‘കൈക്കോഴ’, ‘കൈക്കാണം’ എന്നീ വാക്കുകള്‍ക്കും  ‘കൈക്കൂലി’ എന്ന് അര്‍ത്ഥം കൊടുത്തിട്ടുണ്ട്. എന്നാല്‍ ‘കൈക്കോഴ’യും  ‘കോഴ’യും ഒന്നല്ല. ഏതായാലും അച്ചടിമാദ്ധ്യമങ്ങളുടെ ‘കോഴ’പ്രയോഗം, കോഴയ്ക്കു മൂന്നാമതൊരര്‍ത്ഥവും സ്ഥിരപ്പെടുത്തിക്കൊടുത്തു. വരമൊഴിയിലും ‘കോഴ’ അങ്ങനെ ‘കൈക്കൂലി’ ആയി. ഒരു പക്ഷെ, ‘ലുട്ടാപ്പി’യും ‘ഉഡായ്പും’ വരമൊഴിയില്‍ കയറിക്കൂടുന്ന കാലം വിദൂരമല്ല. കഴിയുന്നതും വരമൊഴിയില്‍ ‘കൈക്കൂലി’ എന്നര്‍ത്ഥം വരുന്ന രീതിയില്‍ ‘കോഴ’ ഉപയോഗിയ്ക്കാതിരിയ്ക്കുകയാണു ഭേദം.

കൃഷിയ്ക്കു പ്രാമുഖ്യമുണ്ടായിരുന്ന കാലത്തു നെല്‍പ്പാടങ്ങള്‍ പാട്ടത്തിനു വിട്ടുകിട്ടുന്നത് ഒരു ഭാഗ്യമായി കരുതിയിരുന്നു. നെല്‍പ്പാടങ്ങള്‍ കൃഷി ചെയ്യാന്‍ വിട്ടു കൊടുക്കുന്ന രേഖയാണു ‘കോള്‍’. തെക്കന്‍ കേരളത്തില്‍ ഈ പേര് ഉപയോഗിയ്ക്കാറില്ലായിരുന്നു. ഇങ്ങനെ കൃഷി ചെയ്തിരുന്ന ‘നെല്‍പ്പാടങ്ങളെ ‘കോള്‍ നിലങ്ങള്‍’ എന്നു വിളിച്ചിരുന്നു. പേരിന് ഇന്നും മാറ്റമില്ല. കുറി, നേട്ടം എന്നൊക്കെ അര്‍ത്ഥം വന്നത് അങ്ങനെയാണ്. ‘കോളടിച്ചു’ എന്ന പ്രയോഗത്തിനു പെട്ടെന്നു വന്ന ഭാഗ്യം എന്നു വിവക്ഷ. ചതുപ്പുനിലങ്ങളിലെ വെള്ളം വറ്റിച്ചുള്ള കൃഷി (ശബ്ദതാരാവലി) എന്ന  അര്‍ത്ഥത്തിനു സ്വീകാര്യത കുറവാണെന്നു തോന്നുന്നു. ലക്ഷണം എന്നൊരു അര്‍ത്ഥവുമുണ്ട് ഉദാ: മഴയുടെ കോളുണ്ട്. ഒരു തമിഴ് നിഘണ്ടുവില്‍ ‘മേഘം’ എന്നും അര്‍ത്ഥം കണ്ടു. ‘മഴക്കോള്‍’, മഴക്കാര്‍ തന്നെ. ‘കോളി’നു കുറി, ഭാഗ്യം എന്നും മലയാളനിഘണ്ടുക്കളില്‍ അര്‍ത്ഥം കൊടുത്തിട്ടുണ്ട്. ‘കുറി’യ്ക്കു തിലകം, കത്ത്, തവണ, ഊഴം എന്നീ അര്‍ത്ഥങ്ങളുമുണ്ട്. ചിട്ടിയ്ക്കു ‘കുറി’ വീണു എന്നു പറയാറുണ്ട്. ‘നറുക്കു’ വീണു എന്നും പറയും. ‘നറുക്ക് ’ എന്നു പറയുന്നത് എന്തെങ്കിലും എഴുതിയിട്ടുള്ള തുണ്ടുകടലാസിനോ, പണ്ടാണെങ്കില്‍ ഓലയ്ക്കോ ആണ്. ‘കുറി’യും ഇതേ അര്‍ത്ഥത്തില്‍ കാണാം. മറുപടിയ്ക്കു ‘മറുകുറി’ എന്നും പറയാം. ‘കുറിപ്പടി/കുറിമാനം’ (Note) എന്നതിന്റെ ഹ്രസ്വരൂപമാണു ‘കുറി’.

വേറെയാണു വിചാരമെങ്കില്
നേരമായതു ചൊല്ലുവാന്‍
വെറുതെ ഞാനെന്തിനെരിയും വെയിലത്തു
കയിലും കുത്തി നടക്കണു

ഇവിടെ ‘കയില്‍’ കുഞ്ചിയാണ്. കഴുത്തിന്റെ പിന്‍ഭാഗം. ‘കയിലും കുത്തി നടക്കുക’ എന്നാല്‍ കഴുത്തു കുനിച്ചു നടക്കുക. ബദ്ധപ്പെട്ട് അഥവാ മനോവിഷമത്തോടെ നടക്കുക എന്നു ധ്വനി. ‘നിന്റെ മനസ്സില്‍ മറ്റു വല്ലോരും ഉണ്ടെങ്കില്‍ അതു നേരിട്ടങ്ങു പറഞ്ഞോളൂ. ഞാനെന്തിനു വെറുതേ ഇത്ര വളരെ വിഷമിച്ചു (നിന്റെ പിന്നാലെ) നടക്കണം?’ എന്നാണു കാമുകന്റെ ആവലാതി. വിഷമത്തിന്റെ ആധിക്യം കാണിക്കാന്‍ ‘എരിയും വെയി’ലുള്ള അന്തരീക്ഷം കവി കൊണ്ടുവന്നു. (രചന: പി. ഭാസ്കരന്‍, സംഗീതം-ആലാപനം: കെ. രാഘവന്‍, ചിത്രം: നീലക്കുയില്‍). ‘തവി’ എന്നൊരര്‍ത്ഥവും ‘കയിലി’നുണ്ട്.

ആളുകള്‍ മാറി മാറി ഓടുന്നതാണ് ‘അഞ്ചല്‍’ (relay). തപാല്‍ക്കാര്‍ ഓടുന്നതിനും ഇതേ പേരു നല്‍കി. തപാല്‍ സേവനത്തിനും ഈ വാക്കു തന്നെ ഉപയോഗിച്ചു. ലൈംഗികരോഗം കേരളത്തില്‍ കൊണ്ടുവന്നതു പോര്‍ച്ചുഗീസുകാര്‍ ആണെന്നു പറയുന്നതു തെറ്റാണ്. ആദിദ്രാവിഡഭാഷയില്‍ ‘അക്കി’ എന്നു പറയുന്നതു ഹെര്‍പെസ് (herpes) എന്ന രോഗത്തിനാണ്‌.

‘ശാരീരികക്ഷമത’ എന്നൊരു വാക്ക് ഇപ്പോള്‍ സ്ഥിരം പ്രയോഗത്തിലുണ്ട്. Physical fitness ശുദ്ധമലയാളത്തില്‍ ‘ഏനം’ ആണ്. ‘സൌഖ്യം’ എന്ന അര്‍ത്ഥവും ഇതിനുണ്ട്. ‘ഏനക്കേട് ’  (അസുഖം, ശാരീരികാസ്വാസ്ഥ്യം) എന്ന പദം ഇപ്പോഴും ഗ്രാമങ്ങളില്‍ പ്രചാരത്തിലുണ്ട്.

അടുക്കളയിലെ ‘സവാള’ പോര്‍ച്ചുഗീസ് വാക്കാണ്‌. അവരായിരിയ്ക്കും ടി സാധനം (വലിയ ഉള്ളി) കേരളത്തിലെത്തിച്ചത്. സെബോള (Cebola) എന്നാണു ശരി. അമ്പതു കൊല്ലം മുന്‍പു വരെ മലയാളികളുടെ ഉച്ചാരണം ശരിയായിരുന്നു. പലചരക്കുകടയുടമകളും കടകളിലെ ജോലിക്കാരുമാണ് തെറ്റായ ഉച്ചാരണം പടര്‍ത്തിയത്. ഉള്ളി വില്ക്കുന്നവനോടു വ്യാകരണവും ഉച്ചാരണരീതിയും പറയുക അനൌചിത്യമാവുമല്ലോ.

‘പറ്റത്തില്ല, ഒക്കത്തില്ല’ തുടങ്ങിയ ‘ത്തില്ല’ എന്ന് അന്ത്യത്തില്‍ വരുന്ന വാക്കുകള്‍ തിരുവിതാംകൂറിലെ അവര്‍ണ്ണഭാഷയിലെ വാക്കുകളായിരുന്നു. (പറ്റുകേല, പറ്റുവേല, ഒക്കുവേല, ഒക്കുകേല എന്നിങ്ങനെയായിരുന്നു സവര്‍ണ്ണഭാഷ). വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് ഇതു ‘ദഹിക്കത്തില്ലായിരുന്നു’. തെക്കരെ കളിയാക്കാന്‍ അവര്‍ ഇമ്മാതിരിയുള്ള വാക്കുകള്‍ ഉപയോഗിച്ചിരുന്നു. കച്ചവടക്കാരായ ക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്നതിന്നാല്‍     പറ്റത്തില്ല, ഒക്കത്തില്ല..... ഇത്യാദികള്‍ ‘നസ്രാണിവാക്കു’കളായും കരുതിപ്പോന്നു. കച്ചവടം ക്രിസ്ത്യാനികളുടെ കുത്തകയായിരുന്നതിനാല്‍ ക്രമേണ ഇതെല്ലാവരും ഉയോഗിച്ചു തുടങ്ങി. അങ്ങനെ സവര്‍ണ്ണരുടെ ‘സ്വീകാര്യത’യും കിട്ടി. എന്നു മാത്രമല്ല, കോട്ടയത്തു വന്നെത്തിയ കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ക്കവിതകളിലും എത്തിച്ചേര്‍ന്നു. ഉദാ:-

‘കൃമ്മീരവധം’ തുള്ളലില്‍ വധിക്കാനടുത്ത ഭീമസേനനോടു കൃമ്മീരന്‍ (കിര്‍മ്മീരന്‍) എന്ന അസുരന്‍ പറയുന്നു:

മര്‍ത്ത്യന്‍ മേ മമ ഭക്ഷണസാധനമവികലമവനുടെ കയ്യാല്‍
മൃത്യു വരത്തില്ല നമുക്കതു വിരവൊടു ബോധിച്ചാലും

പറ്റത്തില്ല, ഒക്കത്തില്ല തുടങ്ങിയവ ഇപ്പോള്‍ കേരളമെമ്പാടും പ്രചാരത്തിലായി. മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ സംസാരം ടി.വി. ചാനലുകള്‍ വഴി എല്ലാ ജനങ്ങളിലും എത്തിയതോടെയാണു കാസറഗോഡുകാര്‍ വരെ ഇതു പറഞ്ഞുതുടങ്ങിയത്.

നിലയും വിലയും അനുസരിച്ചും ആര് ആരോടു സംസാരിയ്ക്കുന്നു എന്നതനുസരിച്ചും വാക്കുകള്‍ മാറുമായിരുന്നു. ഓരോ ജാതിക്കാര്‍ക്കും മതക്കാര്‍ക്കും ഓരോ തരം ഭാഷയുണ്ടായിരുന്നു. അതായത് ചെറിയ വ്യത്യാസങ്ങളോടെ വാക്കുകള്‍ ഉപയോഗിയ്ക്കുമായിരുന്നു.

മാപ്പിളമലയാളമാണു മലയാളത്തെ ഈ വിധത്തില്‍ ഏറ്റവും സമ്പന്നമാക്കിയത്. പ്രത്യേകിച്ചു വിദേശവാക്കുകള്‍ മലയാളത്തില്‍ ആക്കുമ്പോള്‍.

അദാലത്തും (കോടതി) കസബയും (കസബ-നഗരം) മലബാര്‍മലയാളത്തിലുണ്ട്. ‘ഖസബ് ’ എന്ന അറബിവാക്കു മലബാറില്‍ ‘കസബ് ’ ആയി. മലയാളത്തില്‍ ‘കശാപ്പ് ’ ആവുകയും ചെയ്തു. ഉര്‍ദുവില്‍ ‘ഖസബ് ’ എന്നു തന്നെ പറയുന്നു. 2008-ലെ മുംബൈ ആക്രമണക്കേസിലെ പ്രതിയായിരുന്ന പാക്പൗരന്‍ അജ്മല്‍ ഖസബിന്റെ പിതാവ് ഒരു ഇറച്ചിവെട്ടുകാരന്‍ (കശാപ്പുകാരന്‍) ആയിരുന്നു എന്നു പത്രവാര്‍ത്തകളില്‍ ഉണ്ടായിരുന്നു. തൊഴിലിനെ അടിസ്ഥാനമാക്കി ചിലയിടങ്ങളില്‍ ഇപ്പോഴും പേരുകള്‍ നിലനില്‍ക്കുന്നു.

അറബിയില്‍/ഉര്‍ദുവില്‍ മന്ത്രിമാര്‍ക്കും സമൂഹത്തിലെ പ്രമുഖര്‍ക്കും ബഹുമാനപുരസ്സരം നല്‍കിയിരുന്ന പേരാണു ‘ഖ്വാജാ’. സൂഫികളും അക്ബറിന്റെ മന്ത്രിയും നവാബുമാരും ഈ വാക്കു പേരിനോടു ചേര്‍ത്തിരുന്നു. ഇതു മാപ്പിളമലയാളത്തില്‍ ‘കോയ’ ആയി. ‘ഷെയിഖ് ’ എന്ന അറബിവാക്കു ‘ചേക്കു’ ആയി. പഴയ തലമുറയിലെ കേള്‍വികേട്ട പന്തുകളിക്കാരനായിരുന്നു മലപ്പുറം ചേക്കു. ഇദ്ദേഹം ഊട്ടിയിലെ (വെല്ലിംഗ്ടണ്‍) മദ്രാസ് റെജിമെന്‍റല്‍ സെന്ററിന്റെ കളിക്കാരനായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരന്‍ മലപ്പുറം അസീസും പ്രഗല്‍ഭനായ പന്തുകളിക്കാരനായിരുന്നു. ഇപ്പോള്‍ കേരളത്തിലെ സാമൂഹ്യരംഗത്ത് ഒരു എന്‍.പി. ചേക്കുട്ടി (ഷെയിഖ് കുട്ടി)യുണ്ട്. പച്ചമലയാളത്തില്‍ ‘ചേക്കുട്ടി’ എന്നാല്‍ കൊച്ചുതമ്പുരാന്‍ എന്നാണര്‍ത്ഥം. രാജകുമാരന്‍ എന്നും പറയാം.

പ്രവാചകനായ വി. മുഹമ്മദ് നബിയ്ക്കു മലയാളത്തില്‍ ‘വേദാമ്പര്‍’ എന്നൊരു പര്യായമുണ്ട്. ഇതു ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ ഉണ്ട്. ‘അമ്പര്‍’ (അന്‍ബര്‍) എന്ന വാക്കിനു പേര്‍ഷ്യന്‍ ഭാഷയില്‍ ‘കലവറ’ എന്നര്‍ത്ഥമുണ്ടെന്നു വിക്കിപീഡിയയില്‍ കാണുന്നു. (The name .....in Persian language means "warehouse". The name is pre-Islamic. Ref. Al Anbar Governorate).  ‘വേദത്തിന്റെ (ദൈവവചനങ്ങളുടെ) കലവറ’ എന്നാണര്‍ത്ഥം. സംസ്കൃത-മലയാളഭാഷകളില്‍ ‘വേദകേദാരം’ എന്നും വ്യാഖ്യാനിക്കാം. ഗുണ്ടര്‍ട്ട്, ‘അമ്പര്‍’ എന്ന വാക്കിനു ‘the whole’ എന്നു കൊടുത്തിട്ടുണ്ട്. വാക്കിന്റെ ഉറവിടത്തിനു പ്രാദേശികം  (local) - അതായതു വടക്കന്‍കേരളത്തിലെ വാക്ക് – എന്നൊരു സൂചന മാത്രമേ അദ്ദേഹം നല്‍കുന്നുള്ളൂ. അങ്ങനെയെങ്കില്‍ ‘സമസ്തം’ എന്ന അര്‍ത്ഥം ചേര്‍ത്തു വ്യാഖ്യാനിക്കാം.

‘പാലിയം’ എന്ന വാക്കിനു വിളംബരം, തിട്ടൂരം എന്നീ അര്‍ത്ഥങ്ങളുണ്ട് എന്നറിയാന്‍ കഴിഞ്ഞെങ്കിലും അതിനു തെളിവില്ല. ഭൂമിയുമായി ബന്ധപ്പെടുത്തിയും  (ഉദാ: തൃശൂരിലെ പാലിയം പാടം) ഈ വാക്കു പ്രയോഗിയ്ക്കുന്നു. രാജാക്കന്മാരുടെ ഭരണവുമായി/ദാനവുമായി ബന്ധപ്പെട്ട ഭൂമിയായിരിയ്ക്കാം.

‘അടൂരി’ലെ ‘അട്’ എന്ന വാക്കിനു ആദിദ്രാവിഡഭാഷയില്‍ mud, clay (ചള്ള, കളിമണ്ണ്) എന്നീ അര്‍ത്ഥങ്ങളുണ്ട്. തമിഴ് നിഘണ്ടുക്കളില്‍ ഇതു കാണുന്നില്ല. ഇതിനോട് സാമ്യമുള്ള വാക്കുകള്‍ കന്നഡഭാഷയിലുണ്ട്. അടൂര്‍ പൊതുവെ ഉയര്‍ന്ന ഭൂമിയാണെങ്കിലും പാടങ്ങള്‍ ധാരാളമായി ഉണ്ട്. പണ്ട് ഇന്നു കാണുന്നതിലും വ്യത്യസ്തമായ ഭൂമി ഉണ്ടായിരുന്നിരിയ്ക്കണം.

കേരളത്തില്‍ ഒന്നിലേറെ പെരുമ്പളങ്ങള്‍ (പെരുമ്പ്+അളം) ഉണ്ട്. ഉദാ: ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍. കൊങ്കണദേശം, കൊങ്കണദേശി എന്നീ അര്‍ത്ഥങ്ങള്‍ ‘പെരുമ്പ് ’ എന്ന വാക്കിനുണ്ടെന്നു എറണാകുളത്തെ പഴയ തലമുറകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. തുളുനാട്, തുളുനാട്ടുകാരന്‍ എന്നും അര്‍ത്ഥമുണ്ടെന്നു ചിലര്‍.വ്യക്തത പോരാ. കേരളത്തില്‍ കൊങ്ങിണികള്‍ പൊതുവെ എന്നറിയപ്പെടുന്നതു  സാരസ്വതബ്രാഹ്മണര്‍ എന്നാണ്‌. ഇവരുടെ സാന്നിദ്ധ്യമായിരിയ്ക്കാം സ്ഥലനാമത്തിനു കാരണം.

പ്രാചീനപദങ്ങളെ പറ്റി പഠിയ്ക്കുമ്പോള്‍ ഒരിയ്ക്കലും അര്‍ത്ഥം കിട്ടാത്ത ഒരു വാക്കുണ്ട് – കേരളം. രാമായണത്തിലും മഹാഭാരതത്തിലും അശോകചക്രവര്‍ത്തി (ഭരണം ക്രി.മു. 268-232) യുടെ രേഖയിലും ‘കേരളം’ എന്ന വാക്കുണ്ട്. ഈ വാക്ക് എങ്ങനെ ഉണ്ടായി എന്നതിന്റെ സൂചനകള്‍ പോലും ലഭ്യമല്ല. ‘കേരം’ (തെങ്ങ്) ഉള്ള ‘അളം’ (സ്ഥലം) എന്ന അര്‍ത്ഥം ശരിയല്ല. തെങ്ങിന്റെ പ്രചാരം ക്രി.പി. പത്താം നൂറ്റാണ്ടിനു ശേഷമാണ്. അറുനൂറു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള യാത്രാവിവരണങ്ങളില്‍ ‘തെങ്ങ് ’ ഇല്ല എന്നു ശ്രീ പി.കെ. ബാലകൃഷ്ണന്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നു. ക്രി.പി. 1500-ഓടെയാണു കാടും പടലും കുളവും തടാകവും കുന്നും മലയും ആയി കിടന്ന കേരളത്തില്‍ ജനസാന്ദ്രത കൂടുന്നത്. അതിനു ശേഷമാണു തെങ്ങുകൃഷിയില്‍  മലയാളികള്‍ കൂടുതല്‍ ശ്രദ്ധിച്ചത്. കുട്ടനാട്ടില്‍ പോലും ക്രി.പി. 1700-നു ശേഷമാണു ചേരികളും നെല്‍കൃഷിയും വ്യാപകമായത്. തെങ്ങല്ല പേരിനു കാരണം. ‘ചേരളം’, കേരളമായതായിരിയ്ക്കാം. ച, ക എന്നീ അക്ഷരങ്ങള്‍ മാറി മാറി ഉപയോഗിച്ചതോ സഞ്ചാരികളുകളുടെയും  സന്ന്യാസികളുടെയും തെറ്റായ ഉച്ചാരണം ഉത്തരേന്ത്യയില്‍ എത്തിയതോ ആവണം പ്രാചീനഗ്രന്ഥങ്ങളിലും അശോകശാസനങ്ങളിലും ‘കേരളം’ എത്തിപ്പെടാന്‍ കാരണം. 


കന്നഡ, തുളു, കുടക്, നീലഗിരി ഗോത്രഭാഷ ഇവകളില്‍ ചെ/ചേ എന്നതിനു പകരം കെ/കേ എന്നു പ്രയോഗമുള്ളതായി അറിയുന്നു. നമ്മുടെ ചെമ്പട്ട്, തുളുവില്‍ കെമ്പട്ട് ആണ്. ഈ വൈചിത്ര്യം ദ്രാവിഡഭാഷയുടെ ആദ്യകാലത്തുണ്ടായിരുന്നോ? അന്നു ചേ, കേ ഇവ പരസ്പരം മാറ്റി പ്രയോഗിച്ചിരുന്നോ? കേരളം എന്നൊരു വാക്കു പ്രാചീനമലയാളത്തില്‍ കണ്ടെത്താന്‍ ഇതു വരെ പറ്റാത്ത സ്ഥിതിയ്ക്കു ചേരളം എന്ന വാക്കു കേരളം എന്നായി മാറി എന്ന എം.ജി.എസ്. നാരായണന്റെ വാദത്തിന്റെ സ്വീകാര്യത പരിശോധനീയമാണ്. 


ചേരന്മാരുടെ ഭരണത്തിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല. ചേരന്മാരോ അവരുടെ ഏതെങ്കിലും ശാഖയോ ക്രിസ്തുവിനു മുമ്പും കേരളത്തിന്റെ വാസയോഗ്യമായ സ്ഥലങ്ങളില്‍ ആധിപത്യം സ്ഥാപിച്ചു കാണും. അങ്ങനെ ‘ചേരള’വും അതില്‍ നിന്നു ‘കേരളം’ എന്ന പേരും രൂപപ്പെട്ടു എന്നു തല്‍ക്കാലം കരുതാം. അല്ലെങ്കില്‍, ഭാഷയിലെ പരിണാമങ്ങളിലൂടെ ചേ മാറി കേ ആയി എന്നു കരുതേണ്ടിയിരിക്കുന്നു.

പലയിടത്തും, സ്ഥലനാമവുമായി സ്വന്തം കുടുംബത്തെ ബന്ധപ്പെടുത്താനുള്ള വ്യഗ്രതയില്‍ പലരും പല നുണകളും സൃഷ്ടിയ്ക്കാറുണ്ട്. അതുപോലെ, പഴയ കാലത്ത് ഒരാള്‍ സ്വന്തം പുരയിടം മറ്റൊരാള്‍ക്കു വിറ്റാല്‍ പുരയിടത്തിന്റെ പേരു മാറില്ലായിരുന്നു. ഭൂമി അതു തന്നെ. അപ്പോള്‍, വാങ്ങിയ ആള്‍ പറമ്പിനു/വീടിനു പുതിയ പേരിടേണ്ട ആവശ്യമില്ലല്ലോ. ബ്രാഹ്മണരുടെ വക സ്ഥലങ്ങള്‍ വാങ്ങിയ അബ്രാഹ്മണരുടെ പിന്മുറക്കാര്‍ ‘ഞങ്ങളുടെ പൂര്‍വ്വികര്‍ ബ്രാഹ്മണര്‍ ആയിരുന്നു’ എന്നു വീമ്പു  പറയുന്ന അവസ്ഥ കേരളത്തിലുടനീളം ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ഇതൊക്കെ സ്ഥലനാമപഠനത്തെ ബാധിച്ചിട്ടുണ്ട്.  കല്ലൂപ്പാറയും ചുറ്റുമുള്ള ഗ്രാമങ്ങളും തങ്ങളുടെ പൂര്‍വ്വികര്‍ ഭരിച്ചിരുന്നതായി ഒരു ക്രിസ്ത്യന്‍കുടുംബം അവരുടെ വെബ്സൈറ്റിലെ കുടുംബചരിത്രത്തില്‍ തട്ടിവിട്ടിട്ടുണ്ട്. ഇടപ്പള്ളി രാജാവാണത്രേ അവര്‍ക്ക് ഈ ‘രാജത്വം’ നല്‍കിയത്. കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള പല മതസ്ഥരും തെക്കുംകൂറിന്റെ പടനായകരുടെ ‘പിന്‍ഗാമികള്‍’ ആണെന്നു തട്ടിവിടാറുണ്ട്. എല്ലാ ജാതിമതങ്ങളിലുള്ള ആളുകളും ഇതുപോലെയുള്ള ജല്പനങ്ങള്‍ വഴി നുണകള്‍ പ്രചരിപ്പിയ്ക്കുന്നുണ്ട്.

അദ്ധ്യാപകരുടെ താത്പര്യക്കുറവാണു ഭാഷ, സംസ്കാരം, നാട്ടുചരിത്രം എന്നീ വിഷയങ്ങളില്‍ നമ്മുടെ അറിവു ചുരുങ്ങാന്‍ കാരണം. കോളേജ് അദ്ധ്യാപകരില്‍ പലര്‍ക്കും - പ്രത്യേകിച്ചു ചരിത്രവും ഭാഷയും പഠിച്ചവര്‍ക്കും പഠിപ്പിച്ചവര്‍ക്കും – നാട്ടുചരിത്രജ്ഞാനവും ഭാഷാവ്യുല്പത്തിയും നന്നേ കുറവാണ്. ഭാഷയും ചരിത്രവും പഠിപ്പിയ്ക്കുന്നവര്‍ മാത്രമല്ല, മറ്റദ്ധ്യാപകര്‍ക്കും ഇതില്‍ പങ്കുണ്ട്. പറമ്പ്, കുടുംബം, മുക്ക്, കവല, മരം, ചെടി, മരുന്ന്, നദി, കുന്ന്, പറവ, മൃഗങ്ങള്‍, കുളം, ചിറ, വ്യക്തി, ദേവാലയം, ഐതിഹ്യം, ഉപകരണങ്ങള്‍, സാഹിത്യസൃഷ്ടികള്‍, കഥാപാത്രങ്ങള്‍, മതഗ്രന്ഥങ്ങള്‍...പഠനവിഷയമാക്കാന്‍ പലതുമുണ്ട്.  സ്വന്തം ഭാഷയെപ്പറ്റി കൂടുതല്‍ അറിയാനും  നാടിന്റെ ചരിത്രവും സംസ്കാരവും മനസ്സിലാക്കാനും ഇതു നല്ല വഴിയാണ്. ഐതിഹ്യങ്ങള്‍ ഒന്നും തന്നെ ചരിത്രമല്ല എന്നതു കുട്ടികളെ പ്രത്യേകം ഓര്‍മ്മിപ്പിയ്ക്കണം. ഏതാണ്ടു പത്തു വര്‍ഷം മുമ്പ്‌ ഏനാദിമംഗലത്തുള്ള പൂതംകരയിലെ ഒരു കൊച്ചുസ്കൂളിലെ (ജി.പി.എം. യു.പി. സ്കൂള്‍, പൂതംകര, ഇളമണ്ണൂര്‍, അടൂര്‍, പത്തനംതിട്ട) അദ്ധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ആ നാടിനെക്കുറിച്ചെടുത്ത ‘ഒരു ദേശസംസ്കൃതി’ എന്ന ഡോക്യുമെന്ററി വളരെ നന്നായിരിയ്ക്കുന്നു. ഇതു യുട്യൂബില്‍ ലഭ്യമാണ്:


വളരെ ശ്ലാഘനീയവും അനുകരണീയവും ആണവരുടെ യത്നം. കോളേജ്/സ്കൂള്‍ അദ്ധ്യാപകര്‍ ഇതു കണ്ടു പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഓരോ കുട്ടിയും - അല്ലെങ്കില്‍ കുട്ടികളുടെ കൂട്ടം -  അദ്ധ്യാപകസഹായത്തോടെ അവരവരുടെ വാസസ്ഥലത്തിന്റെ ചരിത്രം തയ്യാറാക്കട്ടെ. അതിന്റെ പിന്നില്‍ ഭാഷയുടെ ഭൂമിക എത്രയുണ്ടെന്ന്‍ അവര്‍ മനസ്സിലാക്കും. പഠനങ്ങള്‍ സൂക്ഷിച്ചു വയ്ക്കുക. ഗുണം നാട്ടാര്‍ക്കും ഭാഷയ്ക്കും സംസ്കാരത്തിനും ചരിത്രത്തിനുമാണ്.

കേരളത്തിലെ ചെറുപ്പക്കാരുടെ താല്പര്യരാഹിത്യവും അക്ഷന്തവ്യമാണ്‌. സാക്ഷരതയില്‍ കേരളം മുന്നിലാണ്. എന്നാല്‍ ബിരുദവും ബിരുദാനന്തരബിരുദവും എടുത്തവര്‍ക്കു യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസം കിട്ടിയിട്ടുണ്ടോ എന്നു സംശയമാണ്. വിക്കിപീഡിയയില്‍ കേരളത്തിലെ സ്ഥലങ്ങളെ പറ്റിയുള്ള വിവരണം തേടിയാല്‍ അമ്പരന്നു പോകും. സ്ഥലവിവരണം തേടിയെത്തുന്നവര്‍ക്കു ഏതെങ്കിലും പള്ളിയുടെയോ ക്ഷേത്രത്തിന്റെയോ പടവും വിവരണവും മാത്രമേ കിട്ടൂ. അല്ലെങ്കില്‍ ഒരു ഖണ്ഡിക എഴുതി നിര്‍ത്തുന്നു.

വിക്കിപീഡിയയില്‍ സ്വന്തം ഗ്രാമത്തെ/നഗരത്തെ പറ്റി എഴുതുന്നവര്‍ ‘ആലപ്പുഴ’യെ പറ്റി അതില്‍ എഴുതിയിരിയ്ക്കുന്നത് എങ്ങനെയെന്നു ശ്രദ്ധിയ്ക്കുക: [https://en.wikipedia.org/wiki/Alappuzha]. തെറ്റുകള്‍ ഉണ്ടെങ്കിലും, അതിന്റെ ഘടന കുറെയൊക്കെ നല്ലതാണ്. Etymology- (പദവ്യാഖ്യാനം) തെറ്റായിരുന്നതിനാല്‍ ‘ആലം’, ‘പുഴ’ ഇവയെ പറ്റിയുള്ളതു  ഞാന്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇങ്ങനെ നിങ്ങള്‍ക്കും എഡിറ്റ്‌ ചെയ്യാം. നേരത്തേ ചേര്‍ത്തിരുന്ന അര്‍ത്ഥം തെറ്റായിരുന്നു. ‘മലയാളം വിക്കി’യും ഇപ്പോഴുണ്ട്. നീണ്ട ലേഖനം എഴുതാനുള്ള സ്ഥലമല്ല വിക്കിപീഡിയ. എന്തെഴുതിയാലും അത് എവിടെ നിന്നു കിട്ടി എന്നു സൂചിപ്പിച്ചിരിയ്ക്കണം. അല്ലെങ്കില്‍ ലേഖനം നീക്കപ്പെടും. പള്ളികള്‍ക്കും അമ്പലങ്ങള്‍ക്കും മസ്ജിദുകള്‍ക്കുമപ്പുറം ഭാഷയും സമൂഹവും ചരിത്രവും സംസ്കാരവും ഉണ്ടെന്നോര്‍ക്കുക. അതു രേഖപ്പെടുത്തുവാനുള്ള മാനസികമായ വളര്‍ച്ച ഉണ്ടാക്കിയെടുക്കുക.


***** 
രണ്ടാം ഭാഗം http://ramukaviyoor.blogspot.com/2019/03/02.html

Part - 3 Christian Churches St. Stephen’s Church (CSI), Mundiyapalli Built in 1867, this is the oldest church of the...