Thursday, April 17, 2014

ഹാജിയാരും നായര്‍ സര്‍വ്വീസ് സൊസൈറ്റിയും



ഹാജിയാരും നായര്‍ സര്‍വ്വീസ് സൊസൈറ്റിയും

കേരളത്തിലെ പ്രമുഖപത്രമായ മലയാളമനോരമ 2013-ല്‍ ആണ്  ഒരു പുലിവാല്‍ പിടിച്ചത്. മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ ആയ ശ്രീ പി.എ. ഫൈസല്‍ ഗഫൂര്‍ ആയിരുന്നു അതിനു കാരണക്കാരന്‍.

നായര്‍ സര്‍വീസ് സൊസൈറ്റി (NSS) അവരുടെ പെരുന്നയിലെ ഹെഡ് ഓഫീസ് സ്ഥാപിച്ചിരിക്കുന്നത് ഒരു ഹാജിയാര്‍ ദാനം നല്‍കിയ സ്ഥലത്താണ് എന്നായിരുന്നു ശ്രീ ഗഫൂര്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞത്. ചങ്ങനാശ്ശേരിയില്‍  അദ്ദേഹമിതു പറഞ്ഞപ്പോള്‍ സദസ്സിലുള്ള നായന്മാരാരും ഒരക്ഷരം എതിരു പറഞ്ഞില്ലെന്നും പ്രസംഗത്തിലുണ്ടായിരുന്നു. ഇതു മലയാളമനോരമ അവരുടെ ഒരു പേജില്‍ ഉദ്ധരിച്ചിരുന്നു. എന്‍.എസ്.എസ്. അര്‍ത്ഥഗര്‍ഭമായ മൌനം ഭജിച്ചിരിക്കേ, മലയാളമനോരമ തന്നെ സ്വയം ഇതിനെപ്പറ്റി അന്വേഷിച്ചു. ശ്രീ ഗഫൂര്‍ പറഞ്ഞത് ശരിയല്ലെന്നു പറഞ്ഞ പത്രം ഖേദം പ്രകടിപ്പിക്കയും ചെയ്തു.

'അവന്‍', 'ഇവന്‍' തുടങ്ങിയ ബഹുമാനശൂന്യമായ പദങ്ങള്‍ ഉപയോഗിച്ച്  ഒരു മുതിര്‍ന്ന എന്‍.എസ്.എസ്  നേതാവിനെപ്പറ്റി ശ്രീ ഗഫൂര്‍ ഇതിനു മുന്‍പു നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ ശ്രീ ഗഫൂര്‍ ശ്രദ്ധിക്കുന്നില്ല എന്നതു ശരി തന്നെ. സ്വയം ഒന്നും വായിച്ചു മനസ്സിലാക്കാനും ശ്രമിക്കുന്നില്ല എന്നതാണു് ഒരു പക്ഷെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. വായനയില്‍ നിന്ന് അകലുകയും അന്വേഷണത്വര നഷ്ടപ്പെടുകയും ചരിത്രബോധം ഇല്ലാതാവുകയും ചെയ്ത ഒരു സമൂഹമായി കേരളം മാറി എന്നതും ഈ സംഭവം സൂചിപ്പിക്കുന്നു. അതുകൊണ്ടാവാം ശ്രീ ഗഫൂര്‍ ഒരു തെറ്റായ കാര്യം പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ചപ്പോള്‍ അതു കേട്ടുകൊണ്ടിരുന്ന ചങ്ങനാശ്ശേരിക്കാര്‍ മിണ്ടാതെയിരുന്നത്. ചങ്ങനാശ്ശേരിയില്‍ ഉള്ള മൂന്നു കോളേജുകളിലും അനേകം സ്കൂളുകളിലും ഗ്രന്ഥശാലകളുണ്ട്. വിദ്യാര്‍ഥികള്‍ ഈ സംവിധാനം ശരിക്കു പ്രയോജനപ്പെടുത്താറില്ല. ഇതിനു പുറമേ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി വക ഒരു വലിയ ഗ്രന്ഥശാലയുണ്ട്. എന്‍.എസ്.എസ്സിന്റെ ഓഫീസിനു മുന്‍പില്‍ തന്നെ 'മന്നം' ഗ്രന്ഥശാലയുണ്ട്. ഇതൊക്കെ ഉപയോഗപ്പെടുത്തുന്നവര്‍ വളരെ ചുരുക്കം. ഇല്ലെങ്കില്‍ ചങ്ങനാശ്ശേരിക്കാര്‍ 'ഗഫൂറിന്റെ' ഹാജിയാരെ തിരിച്ചറിയുമായിരുന്നു. ശ്രീ ഗഫൂറിന് അപ്പോള്‍ത്തന്നെ മറുപടി കിട്ടുമായിരുന്നു. ചങ്ങനാശ്ശേരിക്കാരുടെ ദുരവസ്ഥ ശ്രീ ഗഫൂറിനു തുണയായി.

ഹാജിയാര്‍ എന്നതു ഒരു സങ്കല്പസൃഷ്ടിയല്ല. എന്‍.എസ്.എസ്സുമായി ബന്ധമുള്ള ഒരു ഹാജിയാര്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്ഥലവും എന്‍.എസ്.എസ്സിനു ദാനമായി ലഭിക്കയുണ്ടായി. എന്തോ എവിടെയോ ഇതിനെപ്പറ്റി വായിച്ച ആരോ ശ്രീ ഗഫൂറിനോട് അവ്യക്തമായ ഓര്‍മയില്‍ നിന്ന് എന്തോ പറഞ്ഞുകാണണം. പറഞ്ഞുവന്നപ്പോള്‍ സ്ഥലം തെറ്റി പെരുന്നയായി.

മന്നത്തു പദ്മനാഭനും മൊയ്തു ഹാജിയും

കണ്ണൂര്‍ ജില്ലയിലെ ഒരു പിന്നാക്കപ്രദേശമായിരുന്നു മട്ടന്നൂര്‍. കോളേജുവിദ്യാഭ്യാസത്തിനായി അകലെയുള്ള കണ്ണൂര്‍ക്കോ തലശ്ശേരിക്കോ പോകേണ്ടി വരുന്ന അവസ്ഥ.

ആയിരത്തിതൊള്ളായിരത്തിഅറുപതുകളുടെ തുടക്കത്തില്‍ ഈ സ്ഥിതി മാറ്റാന്‍ ഒരു കൂട്ടം ആളുകള്‍ ആഗ്രഹിച്ചു. മട്ടന്നൂരെ പൗരപ്രമുഖരായ മൊയ്തു ഹാജിയും മധുസൂദനതങ്ങളും മുന്‍കൈ എടുത്ത് ഒരു കമ്മറ്റി രൂപീകരിച്ചു. കമ്മറ്റിയുടെ വൈസ്-പ്രസിഡണ്ട്‌ ഫാ. കട്ടക്കയം എന്ന ക്രിസ്തീയപുരോഹിതനായിരുന്നു.

എന്‍.എസ്.എസിന്റെ മുഖ്യസ്ഥാപകനായിരുന്ന ശ്രീ മന്നത്തു പദ്മനാഭന്‍ പാലക്കാടിനു വടക്കുഭാഗത്തേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. കോളേജു സ്ഥാപന കമ്മറ്റി, എന്‍.എസ.എസിനെ സമീപിച്ചു. സ്ഥലം തരുമെങ്കില്‍ കോളേജ് തുടങ്ങാം എന്ന എന്‍.എസ്.എസിന്റെ നിലപാട് കമ്മറ്റി അംഗീകരിച്ചു. തുടര്‍ന്നു ശ്രീ മന്നം 1964 ഏപ്രില്‍ 4 മുതല്‍ 10 വരെ ഇവരുടെ ആതിഥേയത്വത്തില്‍ മട്ടന്നൂരില്‍ തങ്ങി ചര്‍ച്ചകള്‍ നടത്തി. 

ഏപ്രില്‍ 8 നു കൊളത്തൂര്‍ പറമ്പില്‍ വച്ചു നടന്ന ചടങ്ങില്‍ 110.50 ഏക്കര്‍ ഭൂമി നല്‍കുന്നതു വാഗ്ദാനം ചെയ്യുന്ന ദാനപത്രവും  അതുവരെ പിരിഞ്ഞുകിട്ടിയ തുകയും ശ്രീ മന്നത്തിനു കൈമാറി. ഭൂമി ദാനം ചെയ്തതു താഴെപ്പറയുന്നവരായിരുന്നു:

36     ഏക്കര്‍ ശ്രീ കല്ലൂര്‍ കണ്ണന്പേത്തു നാരായണന്‍ നായര്‍
25     ഏക്കര്‍ മട്ടന്നൂര്‍ എച്ച്.എസ്. കമ്മറ്റി പ്രസിഡന്റ്‌
19      ഏക്കര്‍ ശ്രീ മധുസൂദന തങ്ങള്‍
17     ഏക്കര്‍ ശ്രീ കെ.ടി. ഗംഗാധരന്‍ നമ്പ്യാര്‍
12     ഏക്കര്‍ ശ്രീ കെ.ടി. ദാമോദരന്‍ നമ്പ്യാര്‍
  1.5  ഏക്കര്‍ ശ്രീ കെ.ടി. ഗോവിന്ദന്‍ നമ്പ്യാര്‍
----
110.5 ഏക്കര്‍

മൊയ്തു ഹാജിയുടെ കുടുംബ ട്രസ്റ്റ്‌ ആയിരുന്നു 25 ഏക്കര്‍ കൊടുത്ത എച്.എസ്. കമ്മറ്റി.

പാലക്കാട്ട് എന്‍.എസ്. എസിന് അനുവദിച്ച കോളേജ് മട്ടന്നൂര്‍ക്ക് മാറ്റാന്‍ ഡയറക്ടര്‍  ബോര്‍ഡ് തീരുമാനിച്ചു.

പേരിട്ടതു ഫാ. കട്ടക്കയം

കോളേജിനു പഴശ്ശി രാജയുടെ പേരിടണം എന്നു നിര്‍ദ്ദേശിച്ചതു ഫാ. കട്ടക്കയം ആയിരുന്നു. എല്ലാവരും അത് അംഗീകരിച്ചു.
പഴശ്ശി രാജാ എന്‍.എസ്.എസ്. കോളേജ്, മട്ടന്നൂര്‍
ചിത്രത്തിനു കടപ്പാട്: www.educrib.com

1964 ഏപ്രില്‍ 19-നു കോയ ഹാജി കോളേജിന്റെ ശിലാസ്ഥാപനം നടത്തി.  ആദ്യം ഇത് ജൂനിയര്‍ കോളേജ് ആയിരുന്നു. പ്രൊഫ.സി.കെ. നാരായണക്കുറുപ്പ് ആയിരുന്നു ആദ്യ പ്രിന്‍സിപ്പല്‍. തിരുവനന്തപുരം ഗവ. സംസ്കൃത കോളേജില്‍ നിന്നു റിട്ടയര്‍ ചെയ്ത പ്രൊഫസ്സര്‍ ആയിരുന്നു ഇദ്ദേഹം. ശ്രീ മന്നത്തു പദ്മനാഭന്‍ ഉദ്ഘാടനം നടത്തി. ജൂലൈ 15-നു ക്ലാസ്സുകള്‍ ആരംഭിച്ചു.

ബാച്ചലര്‍ ബിരുദപഠനം 1967 ആഗസ്റ്റ്‌  12-നു തുടങ്ങി. എന്‍.എസ്.എസ്. പ്രസിഡന്റ്‌ ശ്രീ കളത്തില്‍ വേലായുധന്‍ നായരായിരുന്നു ഇതിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്.

കമ്മറ്റിയില്‍ ഉണ്ടായിരുന്നവരുടെ ചിത്രങ്ങള്‍ കോളേജില്‍ ഉണ്ടാവേണ്ടതാണ്. ഒരു പ്രമുഖസ്ഥാനത്തു് ആ ചിത്രങ്ങള്‍ ചുവരില്‍ വയ്ക്കണം. ഇവരെയൊക്കെ മട്ടന്നൂരുകാര്‍ ഓര്‍ക്കുന്നുണ്ടോ ആവോ?

എല്ലാ മതവിഭാഗങ്ങളും ഉള്‍പ്പെട്ട ഒരു കമ്മറ്റിയുടെ ലക്ഷ്യബോധവും അശ്രാന്തപരിശ്രമവും പുരോഗമാനേച്ഛയും എന്‍.എസ്.എസിന്റെ സംഘടനാപാടവുമാണ് കോളേജിന്റെ സ്ഥാപനത്തിനു പിന്നില്‍.

ഇതെല്ലാം ഓര്‍മ്മിപ്പിച്ച ആ അബദ്ധപ്രസംഗത്തിനു നന്ദി!

കടപ്പാട്: എന്‍.എസ്.എസ്. പ്രസിദ്ധീകരണമായ 'എന്‍.എസ്.എസ്.ചരിത്രം' രണ്ടാം വാല്യം


********************

Wednesday, April 16, 2014

2 - Ramayanam Irupathinaalu Vritham (Malayalam)


രാമായണം ഇരുപത്തിനാലുവൃത്തം - രണ്ടാം ഭാഗം
പതിമൂന്നാം  വൃത്തം
വിഭീഷണാഗമനം
(വഞ്ചിപ്പാട്ടിന്റെ/കൃഷ്ണഗാഥയുടെ മട്ട്; അല്ലെങ്കില്‍ വീരവിരാട.../ആനത്തലയോളം.......എന്ന  മട്ട് ) 
പ്ലവഗകുലപതി വരുത്തും പെരുമ്പട-
ജ്ജനത്തോടൊരുമിച്ചു രഘുനാഥന്‍
പടയ്ക്കു പുറപ്പെട്ടു സമുദ്രതടഭുവി
വസിച്ചിതൊരു ദിനം ഹരി! *നംബോ!

*(നംബോ=നമ്മോ= നമോ
'അമ്മോ' എന്ന അര്‍ത്ഥവും ഉണ്ടെന്നു പണ്ഡിതര്‍)
കടലിനുടനുടനടിയും തിരമാല-
നടുവേ പുളയുന്ന ഭുജഗങ്ങള്‍
തടിച്ച  മുതലകള്‍ തിരണ്ടിതിമിംഗല-
മടുത്തുനിന്നു കണ്ടു ഹരി! നംബോ!

തുടുത്തു പവിഴങ്ങളെടുത്തു മണിമുത്തു-
കൊടുത്തുമവരവര്‍ കരങ്ങളില്‍
അടുത്ത ദരങ്ങളെത്തടുത്തു പിടിപെട്ടു
തിമിര്‍ത്തു ഹരിസേന ഹരി! നംബോ!

ചരമജലധിയില്‍ മറഞ്ഞു ദിനകര-
നരിയ പനിമതിയുദിച്ചുടന്‍
കിരണകരങ്ങള്‍ തെളിഞ്ഞു ദിശിദിശി
പറന്നു പരിചൊടു ഹരി! നംബോ!

കുസുമപരിമളം തടവിപ്പവമാന-
നരികില്‍ മെല്ലെ മെല്ലെ വരികയും
*കുസുമശരനണിപവഴി തൊടുത്തുട-
നരികിലണയും ഹരി! നംബോ!
*(പവിഴ എന്നും പാഠഭേദം. പവിഴ തന്നെ ശരി))

വിരഹദഹനനുമുടലില്‍ പിടിപെട്ടു-
മുരുകി വശംകെട്ടു രഘുനാഥന്‍
തരുണിമണിതന്നെ മനസി നിരൂപിച്ച-
ങ്ങുറക്കം വരായ്കയും ഹരി! നംബോ!

മെഴുത്ത മുഖപത്മം കുളുര്‍ത്ത മുലകളും
തണുത്ത തുടയിണ നിനച്ചുടന്‍
അകത്തു മദനമാല്‍ മുഴുത്തു രഘുവരന്‍
നിലത്തു കിടക്കയും ഹരി! നംബോ!

വിപദം കടന്നു  പണ്ടഖിലജനങ്ങളെ-
ന്നതിനെപ്പറകയും ശമിപ്പിപ്പാന്‍
മനുജവരന്‍ തന്റെ വിരഹതുയിരിനെ
പ്ലവഗകുലപതി ഹരി! നംബോ!

സമുദ്രം മറുകരയുറച്ചു പെരുമ്പട-
ജ്ജനമെന്നറിഞ്ഞൊരു *ദശകണ്ഠന്‍
പ്രഹസ്തനിശിചരവരരെ വരുത്തീട്ടു
തുടങ്ങീ നിരൂപണം ഹരി! നംബോ!
*(ദശമുഖന്‍ എന്നും പ്രയോഗമുണ്ട്)

പ്രഥിതഭുജബലവിജിതജഗദവ-
നമിതദശമുഖ! ശൃണു! ഗിരം
മനുഷ്യപ്പുഴുവിന്റെ വരവിലയി! തവ
കിമിഹ നിരൂപണം ഹരി! നംബോ!

വരികിലവനെയും പ്ലവഗകുലത്തെയും
യമപുരത്തിലുടനയപ്പിപ്പാന്‍
ഒരുവന്‍ മതിയിതഖിലനിശിചര-
വര! നീയിതു കേള്‍ക്ക ഹരി! നംബോ!

പ്രിയത്തെയൊഴിഞ്ഞൊന്നും പറഞ്ഞില്ലൊരുവനു-
മനര്‍ത്ഥപ്പെടുമെന്ന ഭയത്തിനാല്‍
ഹിതത്തെപ്പറഞ്ഞിതു ദശമുഖനോടുടന്‍
മറുത്തു വിഭീഷണന്‍ ഹരി! നംബോ!

മുഴുത്ത മദനാഗ്നി പിടിച്ചു മനക്കാമ്പില്‍
കുലത്തെ മുടിയ്ക്കൊല്ല ദശമുഖ!
കൊടുത്തു കളകത്രേ നമുക്കു സമുചിതം
മടുത്തേന്മൊഴിയാളെ ഹരി! നംബോ!

പരസ്ത്രീരുചി പാരം നിനക്കെന്നിരിയ്ക്കിലും
കുലസ്ത്രീജനങ്ങളെത്തൊടൊല്ലാ നീ
പവനാശനനത ! ഭുജംഗരിപുശ്വാസം
ഭുജംഗം ഭുജിയ്ക്കുമോ ഹരി! നംബോ!

ചെവികള്‍ക്കഹിതമാം വചനം പറയുകില്‍
ചെകിടെപ്പൊളിപ്പനെന്നടുത്തപ്പോള്‍
തൊഴുതു പുറപ്പെട്ടു വിരവില്‍ വിഭീഷണന്‍
തുണയാരിനി എന്നും ഹരി! നംബോ!

രജനീചരര്‍ നാല്‍വര്‍ തുണയായ് പുറപ്പെട്ടു
തിരിച്ചു വടക്കോട്ടു വിയത്തൂടെ
രജനീചരവനദഹനന്‍പദതളിര്‍
വണങ്ങീ വിഭീഷണന്‍ ഹരി! നംബോ!

പെരിയ രഘുവരന്‍ ലവണജലം കൊണ്ട-
ങ്ങവനെയഭിഷേകം കഴിച്ചുടന്‍
രജനീചരനാഥനിനി നീ തന്നെയെന്നു
തിരുവാ മൊഴിഞ്ഞിതു ഹരി! നംബോ!

പെരിയ ദശമുഖചരിതമവന്‍ പറ-
ഞ്ഞഖിലം ചെവിക്കൊണ്ടു കപികുലം
വിരവില്‍ പ്രതിജ്ഞ ചെയ്തുദിച്ച മദത്തോടു
മദിച്ചു തെരുതെരെ ഹരി! നംബോ!

തനിച്ചുകണ്ടെത്തുമ്പോളടിച്ചു മകുടത്തെ-
പ്പറിച്ചുകൊണ്ടുവന്നില്ലിനിയെങ്കില്‍
ഉറച്ചു സുഗ്രീവനെന്നെനിയ്ക്കില്ലിനിപ്പേരു
മറിച്ചു വിളിച്ചാലും ഹരി! നംബോ!

പ്രതിജ്ഞ മതി, യുണ്ടോ കടപ്പാനുപായ-
മെന്തതിനെപ്പറഞ്ഞാലും വിഭീഷണ!
പതുപ്പില്‍ വിളിച്ചനുസരിയ്ക്കവേണ്ടതെന്നും
പറഞ്ഞാനവനപ്പോള്‍ ഹരി! നംബോ!

ഇരവുപകല്‍ മൂന്നു കഴിഞ്ഞു നമുക്കത്ര
ചരലില്‍ കിടന്നിട്ടു ജലനിനിധേ!
പരവതാനി വിരിച്ചരിയ പദവിയി-
ലിരിപ്പൂ നമുക്കങ്ങു ഹരി! നംബോ!

സഗരന്‍ കുഴിച്ചതില്‍ നിറച്ചു ഭഗീരഥ-
നമര്‍ത്ത്യതടിനീടെ ജലം കൊണ്ട-
ക്കുലത്തില്‍ പിറന്നു ഞാനറിക സമുദ്രമേ!
തരിക വഴി നമുക്കരി! നംബോ!

പെരിയ സമുദ്രമേ! തരിക വഴി നമു-
ക്കരിയ  *നിശിചരപുരിയോളം
തരുണീമണികള്ളന്‍തലകള്‍ പത്തുമൊപ്പം
വിരവില്‍ മുറിപ്പതിനരി! നംബോ!
*(നിശിചരന്‍ മരിയോളം..എന്നു പാഠഭേദം)

പറഞ്ഞതബ്ധിയൊന്നുമറിഞ്ഞീലതുകൊണ്ടു
നിറഞ്ഞു മനക്കാമ്പില്‍ കൊടുംകോപം
അരിയ തിരുമിഴി ചുവന്നിതധരവും
വിറച്ചു രഘുനാഥന്നരി! നംബോ!

പുരത്തെദ്ദഹിപ്പിച്ച പുരദ്വേഷിയെപ്പോലെ
കരത്തില്‍ കൊലവില്ലും പിടിച്ചുടന്‍
ശരത്തെത്തൊടുത്തുടന്‍ സമുദ്രം വറട്ടുമെ-
ന്നുറച്ചു രഘുവരന്‍ ഹരി! നംബോ!

പരമരഘുവര! സുരനമിത! രിപു-
ദഹന! ദശരഥസുത! ഹരേ!
മരണഭയപാപഹര! സുകൃതിജന-
ഹൃദയനിലയന! ഹരി! നംബോ!

പതിമൂന്നാം വൃത്തം സമാപ്തം

പതിന്നാലാം  വൃത്തം

സേതുബന്ധനം

(ഓട്ടന്‍തുള്ളലിന്റെ   മട്ട് )


കൊണ്ടാ ലക്ഷ്മണ വില്ലും ശരവും
കണ്ടില്ലേതും വരുണമിദാനീം
കണ്ടാലും മമ വീര്യം ജലനിധി
മണ്ടി വരുന്നതു നാരായണ! ജയ!

പണ്ടാര്‍ക്കും വഴിതന്നിട്ടില്ലെ-
ന്നുണ്ടഭിമാനം വരുണനുമുള്ളില്‍
കണ്ടോ മാമകഭുജബലമറിവൂ
കുണ്ഠാത്മാവുകള്‍ നാരായണ! ജയ!

മൂന്നു ദിനങ്ങള്‍ കഴിഞ്ഞാറെയുമപി
തോന്നീലവനിഹ വഴി തരുവാന്‍ മേ
മാഞ്ഞീടേണം ജലനിധിശബ്ദം
പ്രാക്തനമിദമപി നാരായണ! ജയ!

ഇത്ഥമമര്‍ത്തു പറഞ്ഞു രഘൂത്തമ-
നസ്ത്രമെടുത്തു തൊടുത്തഭിമന്ത്രി-
ച്ചുദ്ഗദജലനിധി തന്നിലയച്ചൂ
തിഗ്മശരം ഹരിനാരായണ! ജയ!

വമ്പുകലര്‍ന്നൊരു വരുണനുമപ്പോള്‍
അമ്പുതനിയ്ക്കെതിര്‍ കൊണ്ടൊരു നേരം
വന്‍തിരകരതാര്‍ കൊണ്ടുപിടിച്ചു
തമ്പതിചരണം നാരായണ! ജയ!

ഝലഝലഘോഷം ജലനിധി തിളയും
ഭുജഗാവലികളുരുണ്ടുതിരണ്ടും
ജലമാനുഷഗജതിമികള്‍തിമിംഗല-
മലറിയുമധുനാ നാരായണ! ജയ!

ചൂടുപിടിച്ചൊരു വരുണനു പിണയും
ആടലൊരോന്നേ പറവാന്‍ പണിപണി
പേടിമുഴുത്തു വിറച്ചവനോടി-
ച്ചാടിവണങ്ങീ നാരായണ! ജയ!

അഭയമഭയമയ്യോ! ഭഗവാനേ!
പരിപാലയ മാം പരദൈവതമേ!
പെരുവഴിയിതു ലങ്കാപുരിയോളം
ചിറയിടുക വിഭോ! നാരായണ! ജയ!

ചരണാംബുജമലര്‍ കൂപ്പും നിജ്ജന-
പരിപാലനതല്‍പരനേ! പരനേ!
തിരുമിഴി കിമപി ചുവപ്പിച്ചതു മതി
കരുണാം കുരു മയി നാരായണ! ജയ!

മായാമോഹിതമതിജനമുണ്ടോ
തവ മഹിമാനമറിഞ്ഞീടുന്നു
സ്വപ്നാനുഭവിയ്ക്കറിയാമോ നിജ
പൂര്‍വ്വശരീരം നാരായണ! ജയ!

വരുണനിവണ്ണം പരമപുമാനൊടു
വചനമതീവ പറഞ്ഞ ദശായാം
വാനരപാളി മുതിര്‍ന്നു സമുദ്രേ
ചിറയിടുവാനായ് നാരായണ! ജയ!

കപിജനസഭയോ വടിവോടൊരുമ്പെ-
ട്ടിടിനിനദങ്ങള്‍ പൊഴിച്ചുപൊഴിച്ചും
പടുത നയിച്ചവര്‍ ഗിരിനികരങ്ങ-
ളെടുത്തു നടന്നാര്‍ നാരായണ! ജയ!

സകനകധാതുചയാകുലപല്ലവ-
വിടപിഗുഹാമുഖഭാരി ഗിരീന്ദ്രന്‍
പ്രഥമന്നളനാല്‍ നമിതോ മംഗല-
കലശമിവാബ്ധിയില്‍ നാരായണ! ജയ!

അംബരമാര്‍ഗ്ഗമുരുമ്മിപ്പൊങ്ങിന
തുംഗതരംഗപരമ്പരയാഴിയില്‍
മുങ്ങിച്ചെന്നൂ കപിവീരന്മാ-
രുന്മദശാലികള്‍ നാരായണ! ജയ!

നീളത്തില്‍ ചിലര്‍ ചരടുപിടിച്ചും
*നീളെക്കതിചനകുറ്റി തറച്ചും
വാലതുകൊണ്ടേ മലകള്‍ പറിച്ചും
നാലുദിഗന്തേ നാരായണ! ജയ!
*(നീളെക്കതിനക്കുറ്റി നിറച്ചും.....എന്നു പാഠഭേദം)

പഴുതേ പഴുതേ പാഴ്ചിറയിട്ടും
വഴിയറിയാതേയാഴിയില്‍ വീണും
നാനാജലമാനുഷരെയെടുത്തും
തഴുകിയയച്ചും നാരായണ! ജയ!

ബന്ധുരജലനിധിസേതുമുദാരം
ബന്ധുരപര്‍വ്വതനികരമെടുത്തും
ധുന്ധുന്നെന്നങ്ങിട്ടു കപീശ്വരര്‍
സിന്ധുവില്‍ നടുവേ നാരായണ! ജയ!

സപ്തസമുദ്രസമുദ്രിതധരണീ-
ചക്രമഹീധരചക്രമെടുത്തും
ദീപ്തകപീശ്വരമണ്ഡലമധുനാ
വച്ചു സമുദ്രേ നാരായണ! ജയ!

മഹിതമഹീന്ദ്രന്‍ സാനോരുച്ചൈ-
രരിയ സുബേലത്തോളം മുട്ടി
നളകൃതചിറവഴി തദുപരി വീണൂ
സുരകൃതകുസുമം നാരായണ! ജയ!

പന്നഗശായിതനിയ്ക്കു ശയിപ്പാന്‍
പന്നഗരാജന്‍ പാതാളതലാല്‍
ഉന്നതനായിപ്പൊങ്ങിയപോലെ
തോന്നുന്നിതു ചിറ നാരായണ! ജയ!

ദശശതയോജനയിടനീളം ചിറ
വഴിയേ തിങ്ങിനിറഞ്ഞു ദശമുഖ-
നഗരി നിറഞ്ഞു രഘുവരപൃതനാ-
മറുകരയീന്നു നാരായണ! ജയ!

നാരായണ! ജയ! നാരായണ! ജയ!
നാരായണ! ജയ! നാരായണ! ജയ!
നാരായണ! രഘുനായകവിഷ്ണോ!
പരിപാലയ മാം നാരായണ! ജയ!

പതിനാലാം വൃത്തം സമാപ്തം
 പതിനഞ്ചാം  വൃത്തം
ശുകബന്ധനം, അതികായവധം, മേഘനാദവധം, കുംഭകര്‍ണ്ണവധം
(വഞ്ചിപ്പാട്ടിന്റെ   മട്ട് )
വാരിധിയില്‍ വഞ്ചിറ തൊടുത്തു രഘുനാഥന്‍
വീരകപിസേനയോടുകൂടെയുടനേ പോയ്‌
*പേരെഴുന്ന ലങ്കയിലകത്തുപുക്കു നേരെ
പോരിനൊരുമിച്ച നില കണ്ടു ഹരിരാമ!
*(പാരെഴുന്ന.....എന്നു പാഠഭേദം)

വന്‍പ്രളയവാരിനിധിഘോഷമിവ ഘോരം
ഹുംകൃതി തുടര്‍ന്ന കപിസേനയുടെ ഘോഷം
സംപ്രതി നിശമ്യ ദശകണ്ഠനതിവേലം
കമ്പനമിയന്നു ജനതാപി ഹരിരാമ!

രാവണനയച്ച ശുകസാരണരെ രാത്രൌ
താവപി ഖരാരിപൃതനാസു വിലസുമ്പോള്‍ 
വാനരര്‍ പിടിച്ചുടന്‍ ഞെരിച്ചവരെ നേരെ
രാമനുടെ മുമ്പിലഥ വെച്ചു ഹരിരാമ!

ദൂതവധമെന്നതു നമുക്കനുചിതം കേള്‍
പാപ,മയച്ചീടുകെന്നു ചൊല്ലി രഘുനാഥന്‍
താവപി മുതിര്‍ന്നു പുരി പുക്കിതു നിതാന്തം
രാവണനോടൊക്കെയറിയിച്ചു ഹരിരാമ!

ഉത്തമന്റെ കീര്‍ത്തികളെ വാഴ്ത്തുന്നതു കേട്ടി-
ട്ടാത്ത രുഷമാട്ടിവിട്ടു താവപി ദശാസ്യന്‍
താര്‍ത്തരുണി സീതയുടെ വാര്‍ത്തയറിവാനാ-
യാര്‍ത്തമദമങ്ങു നട കൊണ്ടു ഹരിരാമ!

ദേവി! ദയിതേ! മധുരഗാത്രി! മമ സീതേ!
കാണരികില്‍ നിമ്പതിയുടെ തലയിതല്ലോ
ഞാന്‍ മുറിച്ചു കാഴ്ച വച്ചു കാണ്മതി നിദാനീ-
മേണമിഴി! മാം തഴുകുകാശു ഹരിരാമ!

ഇത്ഥമിതു കേട്ടളവു ചിക്കനെ കൊടുന്തീ
കത്തി ഹൃദി സാ സപദി നോക്കിയൊരു നേരം
ഭര്‍ത്തൃതലയെന്നുടനുറച്ചു ബത! സീതാ
ദു:ഖജലധൌ മുഴുകി വീണു ഹരിരാമ!

അമ്പുകൊണ്ടു ഭൂതലത്തില്‍ വീണു പിടഞ്ഞീടും
കമ്പമൃഗിപോലെ കിടന്നങ്ങു പിടഞ്ഞിട്ടും
കമ്പഹൃദയാ പുനരുണര്‍ന്നു മുറയിട്ടും
പാരഴലുമാറു കുരരീവ ഹരിരാമ!

*തുള്ളിയൊഴുകീടിന വളര്‍ന്ന തടിനീനാം
വെള്ളമൊഴുകീല കരിങ്കല്ലുകളലിഞ്ഞു
ഫുല്ലതരുജാലങ്ങളും വല്ലികളുമെല്ലാം
ഉള്ള മലര്‍ച്ചാര്‍ത്തുകളുതിര്‍ന്നു ഹരിരാമ!
*(തള്ളി...എന്നു പാഠഭേദം)

അര്‍ക്കനുമടങ്ങി ഗതിവായു ബത! വീശീ-
ല്ലൊക്കെ മുറയിട്ടു സുരനാരികളുമെല്ലാം
ദു:ഖമതുകണ്ടഥ പറഞ്ഞു ദശകണ്ഠന്‍
വെക്കമവിടുന്നു നടകൊണ്ടു ഹരിരാമ!

വാരിയെടുത്താദരവിലാശു സരമാ സാ
വാരികളെക്കൊണ്ടു തളിച്ചാള്‍ മുഖസരോജേ
വാരിജദളൈരവളു മെല്ലെ മെല്ലെ വീശു-
ന്നപ്പോഴുണര്‍ന്നവളെ നോക്കി ഹരിരാമ!

വാമനയനേ! മതി കരഞ്ഞതിഹ പോരും
രാവണന്‍റെ മായയിതു നിര്‍ണ്ണയമറിഞ്ഞോ
ഏവമരുള്‍ ചെയ്തു സരമാ തദനു സീതാ-
മാശ്വസിപ്പിച്ചാള്‍ മധുരവാണി ഹരിരാമ!

മാളികമുകള്‍പ്പരപ്പിലേറി ദശകണ്ഠന്‍
ആലവട്ടം ചാമരങ്ങള്‍ വീശിപ്പിച്ചുദാരം
നാലഞ്ചുവിലോചനമുരുട്ടിമിഴിച്ചേറ്റം
നാലുദിശ തീപ്പതിരുതൂകി ഹരിരാമ!

അര്‍ക്കകുലവീരമണി രാവണനെക്കണ്ടി-
ട്ടര്‍ക്കസുതനായ കപിവരനോടു ചൊന്നാന്‍
അര്‍ക്കസുതമര്‍ക്കടകുലാഭരണമേ! നീ
കേള്‍ക്ക മമ വാക്യമിദമാശു ഹരിരാമ!

ഹേഹയനുമങ്ങരിയ ബാലിയുമിവന്റെ
ബാഹുബലമുള്ളവണ്ണം കണ്ടറിഞ്ഞതുള്ളു
മൂവുലകിലില്ലൊരുവനിന്നിവനെ വെല്‍വാന്‍
ഈശ്വരനൊഴിഞ്ഞു കപിവീര! ഹരിരാമ!

എന്നുപറഞ്ഞോരളവിലൊന്നു കുതിച്ചപ്പോള്‍
ചെന്നടിച്ചുടന്‍ പറിച്ചു പൊന്മണികിരീടം
നന്മയോടു കാഴ്ചവച്ചു കാല്‍ത്തളിരില്‍ വീണാന്‍
നിര്‍മ്മലദിനേശസുതനാശു ഹരിരാമ!

കോപിതയമോപമദശാനനനിയോഗാല്‍
ആസകലമാശരമഹാബലമസംഖ്യം
നാലുപുറത്തും വലിയ ഗോപുരങ്ങളൂടെ
തിക്കി ഞെരിഞ്ഞാശു പുറപ്പെട്ടു ഹരിരാമ!

പട്ടസപരശ്വധശരാസനശതഘ്നീ
ചൊട്ടകുന്തമീട്ടി ചുരികായുധനികായം
വട്ടമിയലും പരിചവാളുകളെടുത്തു
ദുഷ്ടര്‍ വിരുതൊട്ടവര്‍ പറഞ്ഞു ഹരിരാമ!

മുഷ്കധികമാര്‍ന്നു മമ മുമ്പിലണയുമ്പോള്‍
മര്‍ക്കടവരന്റെ ചെകിട്ടത്തുടനടിപ്പിന്‍
ലക്ഷ്മണനിതെങ്ങു രഘുനായകനിതെങ്ങു
മല്‍ക്കരതിമിര്‍പ്പു കളയുന്നു ഹരിരാമ!

ചിന്തയിനിയെന്തിനു നരാന്തകദുരന്ധ!
ഹന്ത! കപിപാളികളെ വാരിധിയിലാക്കി
ചന്തമെഴും മാലിക പിണച്ചുദിതശോഭം
സിന്ധുവിനു ചാര്‍ത്തുക തെളിഞ്ഞു ഹരിരാമ!

ഭംഗി പറയുന്ന മതി കൊന്നുകളയായ്കില്‍
ഭംഗമുടനുണ്ടു മമ പിംഗനയനാ! കേള്‍
സംഗരകുതുകികള്‍ വയം ബത! പിടിച്ചേ
തിന്നുകളയുന്നിവരെയൊക്കെ ഹരിരാമ!

മാനുഷരെത്തിന്നു നിറയാത്ത നമുക്കുണ്ടോ
വാനരത്തെത്തിന്നുദരപൂരണം വരുന്നു?
രാമനെയും ലക്ഷ്മണനെയും കൊറിച്ചു തണ്ണീ-
രൊട്ടുകുടിച്ചാര്‍ത്തു കളയുന്നു ഹരിരാമ!

നില്ലുനില്ലു സുംഭ! തരം കണ്ടണയണം നീ
നല്ല നിമിത്തങ്ങളെനിയ്ക്കൊന്നുമില്ല ചൊല്ലാം
മല്ലമിഴിസീത വരികെന്നതു നിമിത്തം
നല്ലതിനിമേലിലൊന്നുമില്ല ഹരിരാമ!

മെല്ലവേ പറഞ്ഞീടു ദശാസ്യനറിയുമ്പോള്‍
കൊല്ലുമവന്‍ നമ്മെയെന്നതുള്ളിലറിയേണം
വില്ലെവിടെയിട്ടുകളഞ്ഞു വലിയ പൊണ്ണാ
കല്ലിനെയെടുത്തുകൊള്‍ ഹിഡുംബ! ഹരിരാമ!

വാനരരിതെന്നു നിനച്ചോടിയണയേണ്ട
വാനവരെക്കാട്ടില്‍ബ്ബലമുണ്ടവര്‍ക്കു പാര്‍ത്താല്‍
*മുന്നമതിലേകനുടെ വീര്യങ്ങളറിഞ്ഞോ
അക്ഷനടിപെട്ട തൊഴിലൊക്കെ ഹരിരാമ!
*(മുന്നമിതിലേകനുടെ..എന്നു പാഠഭേദം)

ബദ്ധമദമിത്തരമുരച്ചുപറഞ്ഞുച്ചൈ-
രുദ്ധതയിലന്തകനെയൊന്നു നടുങ്ങിച്ചും
മത്തകരിതേര്‍തുരഗമേറിരണദക്ഷാ
യോദ്ധുമഥ രാക്ഷസരണഞ്ഞു ഹരിരാമ!

ചെമ്പുതലയും ഭ്രൂകുടിഭീഷണലലാടം
ചെമ്പരത്തിപ്പൂവിനു സമാനം ചില കണ്ണും
മുമ്പില്‍ വരുന്നോരു ചില രാക്ഷസരെക്കണ്ടി-
ട്ടമ്പരന്നു പാഞ്ഞു കപിസേന ഹരിരാമ!

ആര്‍ത്തലയും വലിയ കൊഴുവുപോലെ നാവും
മൂര്‍ത്തമഴുപോലെ ചില പല്ലുകള്‍ കടിച്ചും
കൂര്‍ത്തനഖരേണ തനു കീറിപ്പിളര്‍ന്നീടും
മൂര്‍ത്തികളെക്കണ്ടു ഭയമേറി ഹരിരാമ!

ഝംഝലമിതെന്നു വരചങ്ങലയിളക്കും
കുംഭിവരരാജിരഥപംക്തികളൊടൊപ്പം
ഹുംകൃതി തുടര്‍ന്നു കപിവീരരുമണഞ്ഞു
സമ്പ്രതി മുതിര്‍ന്നു സമരായ ഹരിരാമ!

നീലനണയുന്നളവു കൌതുകമനേകം
നീലമയപര്‍വ്വതനിശാചരനികായം
വാലുകൊണ്ടു *ചുറ്റിമുറുകീട്ടുടനെറിഞ്ഞാന്‍
നാലുദിശി വാരിധിയില്‍ നീളെ ഹരിരാമ!
*(ചുറ്റിമുറുക്കീട്ടുട...എന്ന് പാഠഭേദം)

അക്ഷരിപു തല്‍ക്ഷണമണഞ്ഞു സമരത്തി-
ന്നക്ഷികള്‍ മിഴിച്ചു രണദക്ഷനതിവേലം
രൂക്ഷശരവൃഷ്ടികള്‍ സഹിച്ചു കളഞ്ഞൂടെ
രാക്ഷസരെച്ചെന്നു പിടിപെട്ടു ഹരിരാമ!

ദൃഷ്ടിഭിരരാതികളെ നോക്കിയലറിച്ചും
മുഷ്ടികളെക്കൊണ്ടു തല പൊട്ടിത്തെറിപ്പിച്ചും
പെട്ടെന്നണഞ്ഞാശരകവിള്‍ത്തടങ്ങളേറ്റം
പൊട്ടുമാറടിച്ചു കൊലചെയ്തു ഹരിരാമ!

വട്ടമിട്ടണഞ്ഞു വരവാജികളെ മമ്മാ!
തട്ടിവിട്ടു ഭൂതലത്തില്‍ വന്നു പിടയിച്ചും
ദുഷ്ടജനമാനസമഴല്‍ഭവിയ്ക്കുമാറ-
ങ്ങട്ടഹസിച്ചും കപികളൊക്കെ ഹരിരാമ!

കൂര്‍ത്തശരജാലങ്ങള്‍ പിടിച്ചൊടിച്ചെറിഞ്ഞും
കൂര്‍ത്തനഖരേണ തനു കീറിപ്പിളര്‍ന്നിട്ടും
ചീര്‍ത്ത കുടല്‍മാലകളെടുത്തുടനണിഞ്ഞും
തേര്‍ത്തടമമര്‍ത്തുപൊടിയാക്കി ഹരിരാമ!

മല്‍പിടി പിടിച്ചുടനമര്‍ത്തു *ഞെരിഞ്ഞിട്ടും
കല്‍പിതമെനിക്കിദമതീവ മുറയിട്ടും
വില്‍പിടി പിടിച്ചു കരജാലങ്ങളൊടിച്ചും
കെല്‍പൊടു നരാന്തകനെ വെന്നു ഹരിരാമ!
*(ഞെരിച്ചിട്ടും...പാഠഭേദം)

വെട്ടുകൊണ്ടു കാലൊടിഞ്ഞു ഭൂമിയില്‍ മറിഞ്ഞും
കുത്തുകൊണ്ടുചത്തുമലയ്ക്കുന്നതുമസംഖ്യം
പത്തുദിശി കേപി ഭയപ്പെട്ടു നടന്നിട്ടും
മത്തഗജമൊക്കെയടിപെട്ടു ഹരിരാമ!

സംഭ്രമമിയന്നരിയ സുംഭനിസുംഭന്മാര്‍
കുംഭനികുംഭാതികായനെന്നിവരുമെല്ലാം
കമ്പനുമകമ്പനുമകമ്പടി നടന്നാര്‍
വമ്പനു കൃതാന്തഗമനായ ഹരിരാമ!

നില്ലുനില്ലിതെന്നുപറഞ്ഞോടിയണഞ്ഞീടും
മല്ലടിച്ചു പോര്‍വരുന്ന രാക്ഷസരുമെല്ലാം
ചൊല്ലെഴുന്ന രാമവിശിഖാഗ്നിയിലെരിഞ്ഞു
നല്ല ചില പാറ്റകളെപ്പോലെ ഹരിരാമ!

കൂരമ്പുകള്‍ കൊണ്ടഥ കഴുത്തുകള്‍ മുറിച്ചും
ചോരനദി വാരിധിയില്‍ നീളെയൊഴുകിച്ചും
നൂറു നിയുതം കബന്ധക്കൂത്തു നടിപ്പിച്ചും
പാരിടമതൊന്നു നടുങ്ങിച്ചു ഹരിരാമ!

ലക്ഷ്മണശരൈരധികരാക്ഷസവരാണാ-
മക്ഷികള്‍ പൊടിഞ്ഞു തല ദിക്ഷു ചിതറിച്ചും
വിസ്മയമിതെന്തു പറവൂ സമരഘോഷം
മിക്കതുമൊടുങ്ങി കുലമൊക്കെ ഹരിരാമ!

വീരദശകണ്ഠശിതികണ്ഠവരധാമാ
നീലകണ്ഠസൂനുമിവ താരകനുദാരം
ലക്ഷ്മണമപാതയത ജീവനമിളപ്പാന്‍
ശക്തിധരമഗ്രഗളസീമ്നി ഹരിരാമ!

ഞാന്‍ നിമിത്തം പണ്ടിവനയോദ്ധ്യയീന്നു പോന്നു
എന്നെച്ചൊല്ലിയെത്ര ചില ദു:ഖങ്ങള്‍ സഹിച്ചു
ഞാനിരിയ്ക്കവേ പുനരിവന്‍ മരിയ്ക്കുമാറാ-
യാരിനി നമുക്കു ഗതി ഹന്ത! ഹരിരാമ!

ഞാന്‍ മരിയ്ക്കിലില്ല മമ ഖേദമതിനേക്കാള്‍
പാരമിതു ബാലമരണം മമ സഖേ! കേള്‍
ഏവമിതിവാദിനി തഥൈവ രഘുനാഥേ
വാനരരുമൊക്കെ മുറയിട്ടു ഹരിരാമ!

ലക്ഷണമറിഞ്ഞൊരു വിഭീഷണഗിരം കേ-
ട്ടക്ഷരിപു ചെന്നു തിരഞ്ഞൌഷധിമത്താകും
തല്‍ക്ഷണമെടുത്തു മല കൊണ്ടുവരുന്നേരം
ലക്ഷ്മണനു ജീവനുമിയന്നു ഹരിരാമ!

കീര്‍ത്തി പെരുകീടിന പുരാണപുരുഷന്‍ താന്‍
ആര്‍ത്തുകൊണ്ടു നിന്നു ദശകണ്ഠനൊടണഞ്ഞാന്‍
കൂര്‍ത്ത ശരജാലങ്ങള്‍ തൊടുത്തവനയച്ചാന്‍
മൂര്‍ദ്ധസു വിശാലവദനേഷു ഹരിരാമ!

സാരഥിരഥംതുരഗകേതനപതാകാ-
തോരണങ്ങളൊക്കെ മുറിച്ചങ്ങു ചിതറുമ്പോള്‍
ഭൂമികുലുങ്ങും പരിചു ഭൂതലത്തില്‍ വീണാന്‍
വേപഥു ദശാനനനുമന്നു ഹരിരാമ!

വീരദശകണ്ഠ! വിരവോടു പുരിയില്‍പ്പോ-
യാശു വരികിന്നു രഥചാപധരനായി
വീര്യമിനിമാമകമതുടനറിയുമപ്പോള്‍
*ക്രൂരമിതി ദാശരഥി ചൊല്ലി ഹരിരാമ!
*(ക്രൂരമിതി ചൊല്ലി ദാശരഥി...എന്നും കാണുന്നു)

ഇങ്ങനെ പറഞ്ഞോരളവേ ബത! ദശാസ്യന്‍
അങ്ങു നട കൊണ്ടു പുരിപുക്കൊരു ദശായാം
തന്നനുജനേപ്പുനരുണര്‍ത്തുവതിനേറ്റം
ഖിന്നത തുടര്‍ന്നു പെരുമാറി ഹരിരാമ!

ലക്ഷ്മണനുമഗ്രജനുമക്കപിവരാളീ-
ദിക്ഷു ഭുജഗാസ്ത്രമുടനേറ്റു ഭുവി വീണാര്‍
തല്‍ക്ഷണമുദാരരുചി പക്ഷിപെരുമാള്‍താന്‍
പക്ഷഭൃതമമൃതു വര്‍ഷിച്ചു ഹരിരാമ!

തല്‍ക്ഷണമുണര്‍ന്നരിയ ലക്ഷ്മണനണഞ്ഞാന്‍
മര്‍ക്കടവരൈരുഴറി വീരസഭ വാടി
ഭക്ഷിതുമിദം ജഗദിവാശു ഘനനാദന്‍
മുഷ്കരനണഞ്ഞു സമരായ ഹരിരാമ!

ചിത്രരണസീമനി തെളിഞ്ഞൊരു സുമിത്രാ-
പുത്രശരമേറ്റു ഭുവി ചത്തുമലച്ചീടും
വൃത്രരിപുജിത്തുമെഴുനള്ളി യമലോകേ
തത്ര ബലമേവ പുരമാപ ഹരിരാമ!

കുംഭകര്‍ണ്ണനന്‍പിനോടുണര്‍ന്നു വരുന്നേരം
സംഭ്രമിച്ചു പാഞ്ഞു കപിപാളി രഘുമൌലേ
അമ്പുകൊണ്ടു ചത്തുടല്‍ മറിഞ്ഞുകെട്ടു വീണാന്‍
കമ്പിതചരാചരമിയന്നു ഹരിരാമ!

സോദരസുതാവപി മരിച്ചൊരു ദശായാം
ഖേദമതി രാവണനുമൊന്നു മുറയിട്ടാന്‍
ആദരവോടാത്മമഹിഷീം മടിയില്‍വച്ചി-
ട്ടാധിഹൃദയാമിതി പറഞ്ഞു ഹരിരാമ!

മല്ലമിഴിസീതയെക്കൊടുത്തുകളകെന്നോ?
ചൊല്ലെഴുന്ന രാമശരമേറ്റുമരിയ്ക്കെന്നോ?
നല്ലതിനിയെന്തു നമുക്കെന്നതിനെ നീതാന്‍
ചൊല്ലുക സരോജമുഖി! ദേവീ! ഹരിരാമ!

ഇത്ഥമൊരു ഭര്‍ത്തൃവചനത്തെയുടനേ കേ-
ട്ടത്തല്‍ പെരുകീട്ടവളുമശ്രുതതി വാര്‍ത്തു
മത്തഗജഗാമിനി ജഗത്ത്രയനളിന്യാ:
മത്തഗജത്താനൊടു പറഞ്ഞു ഹരിരാമ!

സീതയെ നിനച്ചഴലെരിഞ്ഞുപറയും നിന്‍-
വാചമുപകര്‍ണ്യ കുലമൊക്കെ മുടിഞ്ഞേപോയ്‌
കാണി കൊതിയില്ലവള്‍ക്കു നിന്നെയെന്നറിഞ്ഞോ
മൂഢ! തവ ചിന്തമതിയുണ്ടു ഹരിരാമ!

ശൂര്‍പ്പണഖതന്റെ മുലമൂക്കരിഞ്ഞ മൂലം
പോര്‍ക്കെതിര്‍ത്ത രാക്ഷസരുമൊക്കെ മുടിഞ്ഞേ പോയ്‌
ഊക്കുപെരുകീടിന നരാധിപനെ നീതാ-
നെന്തു പുനരന്നു നിനയാഞ്ഞു ഹരിരാമ!

മാന്‍വടിവതായരികില്‍ വന്നു വിലസീടും
മാരീചനുടല്‍മരണമേകിയതു കണ്ടാല്‍
മായകൊണ്ടുമില്ല ജയമെന്നതിനെയും നീ
എന്തു പുനരന്നു നിനയാഞ്ഞു ഹരിരാമ!

മുമ്പില്‍ വലിയൊരു മല പോലെ വിലസീടും
ദുന്ദുഭിശരീരവുമെടുത്തുടനെറിഞ്ഞാന്‍
വമ്പനകളേഴുമങ്ങൊരമ്പിനിരയാക്കും
വമ്പനെ നീയെന്തു നിനയാഞ്ഞു ഹരിരാമ!

ബാലിയെയണഞ്ഞു കൊല ചെയ്തതുമറിഞ്ഞോ?
വാരിധിയില്‍ വന്‍ചിറ തൊടുത്തതുമറിഞ്ഞോ?
ദൂതനൊരുവന്‍ പുരി തകര്‍ത്തതുമറിഞ്ഞോ?
മാനധനചിന്ത മതിയുണ്ടു ഹരിരാമ!

ഇത്ഥമഴല്‍പൂണ്ടു പറയുന്ന നിജ കാന്താ-
മത്തലകലും പരിചു വീരദശകണ്ഠന്‍
പത്തുവദനനവളോടോര്‍ത്തഥ പറഞ്ഞാന്‍
ഉദ്ധതമഥോച്ചതരമാശു ഹരിരാമ!

മത്ഭുജബലൈരഹമറത്തു കപിപാളീം
രാമമപി കൊന്നഥ ഭുജിച്ചു കപിവീരാന്‍
കാലപുരത്തിന്നയച്ചു വീണ്ടുവരുവന്‍ ഞാന്‍
ഖേദമിയലായ്ക ഹരിണാക്ഷി! ഹരിരാമ!

വില്ലുകള്‍ വളച്ചു വിശിഖാന്‍ വളവു തീര്‍ത്തും
നല്ല വചനങ്ങള്‍ പറഞ്ഞീടുവനിതെന്നും
ചൊല്ലെഴുന്ന വീരകപീഹുംകൃതികള്‍ കേട്ടും
നല്ല പുരിയീന്നു പുറപ്പെട്ടു ഹരിരാമ!

രാമ! ഹരിരാമ! ഹരിരാമ! ഹരിരാമ!
രാമ! രജനീചരകുലാന്തക! തൊഴുന്നേന്‍
പ്രാണനകലുംപൊഴുതു നിന്മഹിതരൂപം
കാണണമെനിയ്ക്കു തെളിഞ്ഞാശു ഹരിരാമ!

പതിനഞ്ചാം വൃത്തം സമാപ്തം
പതിനാറാം  വൃത്തം
രാവണവധം
(ഓംകാരമായ പൊരുള്‍ ....എന്ന   മട്ട് )
പുത്തന്മണിസ്യന്ദനത്തിന്മേലേറി
പത്തായിരം നൂറു സേനാപതി താന്‍
യുദ്ധായ നേരെ പുറപ്പെട്ടു വീരന്‍
ബദ്ധാദരം ചാരു ശ്രീരാമ! രാമ!

വൃത്രാരി നില്‍ക്കുന്ന പൊല്‍ത്തേരുദാരം
ചിത്രം ധരായാമിറങ്ങി തദാനീം
ബദ്ധാദരം താനതിന്മേല്‍ കരേറി
യുദ്ധായ രാമോപി ശ്രീരാമ! രാമ!

സംഗ്രാമഭേരീം മുഴക്കിച്ചു വീരന്‍
സംഗ്രാമഭൂമൌ വരുന്നോരു നേരം
പൌലസ്ത്യഗീതം മഹല്‍സാമഗാനം
കേള്‍ക്കായി രാമന്നു ശ്രീരാമ! രാമ!

രണ്ടാംവിരിഞ്ചന്‍ പുലസ്ത്യന്‍മുനിയ്ക്ക-
ങ്ങുണ്ടായ ദിവ്യന്‍ മഹാത്മാവിവന്‍ താന്‍
കൊണ്ടാടുവാന്‍ യോഗ്യനത്രേ നിനച്ചാ-
ലുണ്ടോ വിചാരങ്ങള്‍ ശ്രീരാമ! രാമ!

കൊല്ലുന്നതില്ലൊന്നുമേ ഞാനിവന്നെ-
ക്കൊന്നാല്‍ നമുക്കിന്നു ദുഷ്കീര്‍ത്തിയുണ്ടാം
ദുഷ്കീര്‍ത്തിയേക്കാള്‍ മരിയ്ക്കൊല്ലൊ നല്ലൂ
ഇക്ഷത്രിയര്‍ക്കിന്നു ശ്രീരാമ! രാമ!

പണ്ടില്ല സൂര്യാന്വയത്തില്‍ കളങ്കം
ഉണ്ടാമിവനെ കഴിക്കീലിദാനീം
തണ്ടാരില്‍മാതായ  സീതാ നമുക്കോ
വേണ്ടീല താനും ഹരേ! രാമ! രാമ!

പോരിന്നി വേണ്ടാ നമുക്കെന്നു ചൊല്ലി
പോര്‍വില്ലുമമ്പും കൊടുത്തുംകളഞ്ഞു
പോവാന്‍ തുനിഞ്ഞാനയോദ്ധ്യയ്ക്കു മദ്ധ്യേ
കാരുണ്യധാമാവു ശ്രീരാമ! രാമ!

അന്നേരമക്കോപ്പു കണ്ടിട്ടനേകം
ഖിന്നാതുരോ ഭാവിലങ്കേശ്വരന്‍ താന്‍
മന്നോര്‍മണിപ്പുണ്‍പു തന്നോടിവണ്ണം
ചൊന്നാന്‍ വണങ്ങീട്ടു ശ്രീരാമ! രാമ!

മാന്യന്‍ ദശാസ്യനിതെന്നോര്‍ത്തു നീ താന്‍
മുന്നേ നടന്നീടിലെന്‍പോറ്റി! ചൊല്ലാം
ഇന്നും മുടിഞ്ഞീടുമിപ്പാരിടം കേള്‍
ഒന്നിങ്ങു നോക്കീടു ശ്രീരാമ! രാമ!

പത്താനന്‍ തന്‍റെ പത്താനനത്തെ
പ്രത്യേകമോരോന്നു നോക്കീട വേണം
ചിത്തം തെളിഞ്ഞിട്ടുമായോധനത്തെ
കര്‍ത്താസി നീതാനും ശ്രീരാമ! രാമ!

ഉദ്യോഗമുള്‍ക്കൊണ്ടു വിദ്യോതമാനം
പ്രദ്യോതനപ്രൌഢി  കണ്ണുംമിഴിച്ചു
മദ്യം കുടിച്ചിട്ടു സദ്യോ മദിയ്ക്കും
ആദ്യം മുഖം കാണ്‍ക ശ്രീരാമ! രാമ!

കണ്ടാല്‍ തൊഴേണ്ടുന്ന കഞ്ചില്‍ ദ്വിജേന്ദ്രം
മണ്ടിപ്പിടിച്ചിട്ടിടിച്ചുഗ്രവേഗം
കൊണ്ടന്നു പച്ചേ കടിച്ചിട്ടു തിന്നും
രണ്ടാം മുഖം കാണ്‍ക ശ്രീരാമ! രാമ!

പൊന്നിന്മണിത്തേരു തന്നോരു മൂലം
കുന്നിച്ച കോപേന കണ്ണും ചുവത്തി
ഉന്നമ്രവിണ്ണോര്‍വരനെപ്പഴിയ്ക്കും
മൂന്നാം മുഖം കാണ്‍ക ശ്രീരാമ! രാമ!

ബാലാ! തിരിഞ്ഞെന്തു മണ്ടുന്നതിപ്പോള്‍
ആള്‍ പോര വാളിന്നു നീയെന്നു നൂനം
ചാലത്തിരിഞ്ഞിങ്ങു നില്ലെന്നു ചൊല്ലും
നാലാം മുഖം കാണ്‍ക ശ്രീരാമ! രാമ!

അഞ്ചമ്പവേഗേന നിന്‍ ധര്‍മ്മദാരാന്‍
തേഞ്ചോരിവായും മുലക്കുന്നു രണ്ടും
കിഞ്ചില്‍ കൊതിച്ചിട്ടു പൂണ്മാനടുക്കും
അഞ്ചാം മുഖം കാണ്‍ക ശ്രീരാമ! രാമ!

ആറാമാതേഴാമാതെട്ടാമതും കാ-
ണോരോ വിശേഷങ്ങള്‍ വെവ്വേറെ ചൊല്ലാം
വീരാവരപ്രൌഢിനിന്ദാഗുരൂണാം
ശ്രീപാദപത്മേ പി ശ്രീരാമ! രാമ!
ദൃഷ്ടിപ്രഹാരേണ പൊട്ടിത്തെറിയ്ക്കും
ചെന്തീക്കനല്‍ക്കട്ട ചിന്തിച്ച നേരം
പൊട്ടിത്തെറിച്ചിട്ടു പാരൊട്ടു പാരം
മുട്ടക്കുലുങ്ങുന്നു ശ്രീരാമ! രാമ!

കൊട്ടിച്ചുനില്‍ക്കും രിപുപ്രാഭവം കേള്‍
കൊറ്റക്കുടപ്രൌഢിയെന്നാവതോ മേ
വട്ടത്തില്‍ നിന്നാലവട്ടങ്ങളെക്കൊ-
ണ്ടിഷ്ടത്തില്‍ വീശിച്ചു ശ്രീരാമ! രാമ!

പെട്ടെന്നിളക്കുന്ന വാള്‍കൊണ്ടു പാരം
ഞെട്ടിത്തെറിയ്ക്കുന്നു വിണ്ണോര്‍വരന്മാര്‍
ചട്ടറ്റ പച്ചത്തഴപ്രൌഢിതന്മേല്‍
മുട്ടുന്നു മേഘങ്ങള്‍ ശ്രീരാമ! രാമ!

കണ്‍കൊണ്ടു നോക്കുന്ന കണ്ടിട്ടു തന്നെ
മണ്ടിക്കരഞ്ഞു കപിപ്രൌഢരെല്ലാം
എമ്പോറ്റി! പോകായ്ക! പോര്‍വില്ലെടുക്ക!
അമ്പോടു യുദ്ധായ ശ്രീരാമ! രാമ!

ഇത്ഥം മഹാരാക്ഷസേന്ദ്രന്റെ വാണീം
ശ്രുത്വാ രഘൂണാം മണിപ്പൂണ്‍പു താനും
യുദ്ധായ പോര്‍വില്ലെടുത്തങ്ങു നിന്നാ-
നുള്‍ത്തൂര്‍ന്ന കോപേന ശ്രീരാമ! രാമ!

സംഹാരകാലാനലപ്രൌഢദീപ്ത്യാ-
സാമര്‍ഷമന്യോന്യ മാസേ ദിവാംസൌ
സിംഹാരവം ചെയ്തു തമ്മില്‍ കുതിര്‍ത്താര്‍
സിംഹങ്ങളെപ്പോലെ ശ്രീരാമ! രാമ!

കാകുല്‍സ്ഥനക്തഞ്ചരേന്ദ്രപ്രഭാവം
കാണ്മാന്‍ വരും ദിവ്യപാളീവിമാനം
ആകാശമാശാകദംബങ്ങളെല്ലാ-
മാപൂരയാമാസ ശ്രീരാമ! രാമ!

നാരായണാ! ചൊല്‍വതെന്തെന്തു ചിത്രം
ശ്രീരാമദോര്‍വ്വിക്രമശ്രേണി പാര്‍ത്താല്‍
ശ്രീനാരദന്‍താനുമാഹന്ത *കൊണ്ടി-
ട്ടാനന്ദമേകീ ഹരേ! രാമ! രാമ!
*(കണ്ടിട്ടാനന്ദ....എന്നു പാഠഭേദം)

ഈവണ്ണമുള്ളോരു സംഗ്രാമഘോഷം
കീഴില്‍ക്കഴിഞ്ഞീല നിര്‍ണ്ണീതമത്രെ
മേലില്‍ ഭവിയ്ക്കുന്നതില്ലെന്നു നൂനം
നാലംഭവത്യേവ ശ്രീരാമ! രാമ!

അക്ഷം മണിത്തേരു രത്നധ്വജാഗ്രം
രക്ഷോവരം ഭൂതഗന്ധര്‍വ്വജാലം
ശിക്ഷാവിശേഷേണ ലക്ഷീകരിച്ചു
അക്ഷീണശൌര്യോ ഹരേ! രാമ! രാമ!

ചട്ടറ്റ കൂരമ്പെടുത്തിട്ടു വീരന്‍
പെട്ടെന്നു പാരം വലിച്ചെയ്ത നേരം
വട്ടം തികഞ്ഞോരു പോര്‍വില്ലുമയ്യോ!
പൊട്ടിത്തെറിച്ചൂ ഹരേ! രാമ! രാമ!

പണ്ടങ്ങു താന്‍ തോറ്റ പോരായ്മ തീര്‍പ്പാന്‍
കൊണ്ടാ ധനുസ്സെന്നു ചൊല്ലും ദശായാം
കണ്ടാന്‍ ദശാസ്യനിതഭ്രാലിറങ്ങും
പണ്ടാരചാപം ഹരേ! രാമ! രാമ!

അര്‍ക്കാന്വയത്തിന്‍ മണിപ്പൂണ്‍പുദാരം
തൃക്കയ്യിലാദായ ചാപം തദാനീം
അര്‍ക്കാംശുതിഗ്മം മഹാബാണമഗ്രേ
വ്യഗ്രം തൊടുത്തു ഹരേ! രാമ! രാമ!

മുപ്പാരിടത്തെപ്പൊരിപ്പാന്‍ തുടങ്ങും
കല്‍പാന്തകാലോപമാനന്‍ സരോഷം
വില്‍പാടടുത്തിട്ടു യുദ്ധം തുടങ്ങീ
ദര്‍പ്പാതിരേകേണ ശ്രീരാമ! രാമ!

ഒപ്പം വലിച്ചിട്ടു മുല്‍പാടു വീരൌ
കെല്‍പോടയയ്ക്കും മഹാശസ്ത്രജാലം
എള്‍പ്പൂവിനൊപ്പം ശരീരപ്രപാതേ
കല്‍പിച്ചിതത്രെ ഹരേ! രാമ! രാമ!

വാടാതെ ചെല്ലും വിപാടങ്ങളോരോ-
ന്നൂടേ പുറപ്പെട്ടു ചാടിത്തുടങ്ങി
നാഡീഭിരേറ്റം ഗളദ്രക്തധാരാ
മൂടീ രണക്ഷോണി ശ്രീരാമ! രാമ!

ശസ്ത്രപ്രയോഗങ്ങളെക്കൊണ്ടു രാമന്‍
ശത്രുപ്രവീരം ജയിച്ചോരു നേരം
അസ്ത്രപ്രയോഗം തുടങ്ങീ ദശാസ്യന്‍
അത്യുഗ്രകോപേന ശ്രീരാമ! രാമ!

കാറ്റിന്നു ശൈലം തമസ്സിന്നു സൂര്യന്‍
ചെന്തീക്കു വന്മാരി തീര്‍ത്തസ്ത്രനാശം
പാമ്പിന്നു നാഗാരി യുദ്ധേ ഭവിച്ചു
വിശ്വൈകസാക്ഷിയ്ക്കു ശ്രീരാമ! രാമ!

ഗംഭീരനാദേന വീചിചയാനാം
അംഭോധി വന്നങ്ങു മുക്കുന്ന കണ്ടി-
ട്ടംഭോരുഹാക്ഷോപി നാരായണാസ്ത്രം
സന്ധായ നിന്നു ഹരേ! രാമ! രാമ!

സര്‍വ്വേശ്വരന്നോടു പോര്‍ചെയ്തുദാരം
ഗര്‍വ്വൊട്ടു കെട്ടോരു നേരം ദശാസ്യന്‍
ശര്‍വ്വാര്‍പ്പിതം വാളിളക്കീട്ടുദാരം
ദുര്‍വ്വാ പറഞ്ഞു ഹരേ! രാമ! രാമ!

എന്തെന്തെടാ രാഘവാ! നില്ലുനില്ല-
ങ്ങെന്തോര്‍ത്തടുക്കുന്നു നീ താടകാരേ!
കണ്ഠത്തിലൂടേ കടന്നീടുമിപ്പോള്‍
എന്‍ ചന്ദ്രഹാസം ഹരേ! രാമ! രാമ!

എന്‍ പ്രാഭവം നീ ധരിച്ചീലിതൊന്നും
ജംഭാരി തന്നോടു ചോദിച്ചുകൊള്‍ക
രംഭാമുലക്കോരകം പുല്‍കിവന്നേ-
നമ്പോടു ഞാനിന്നു ശ്രീരാമ! രാമ!

വമ്പിന്നിതിന്നാല്‍ മെലിഞ്ഞില്ലിതേതും
വന്‍പിച്ച കുംഭീന്ദ്രനൊട്ടങ്ങലഞ്ഞാല്‍
കുംഭത്തിലിട്ടങ്ങടയ്ക്കുന്നതുണ്ടോ
അമ്പോടു കേട്ടീടു ശ്രീരാമ! രാമ!

പെണ്ണുങ്ങളോടും മുനിപ്രൌഢരോടും
പൊന്മാനിനോടും കപിപ്രൌഢരോടും
ഒന്നെന്നിയേ ചെന്നു വീര്യം നടിയ്ക്കും
ത്വം മാം ന ജാനാസി ശ്രീരാമ! രാമ!

നാല്‍ക്കൊമ്പനാനെപ്പിടിച്ചിട്ടു മുന്നം
വായ്ക്കുന്ന കോപേന മാറത്തു പായി-
ച്ചാക്കം കെടുത്തീടുമീരാവണന്റെ
ഊക്കാരറിഞ്ഞു ഹരേ! രാമ! രാമ!

ദിക്കുംഭിവന്മസ്തകത്തെപ്പിളര്‍ത്തും
മല്‍ക്കൈകളെന്നുള്ളതോര്‍ത്തീലയോ നീ
നില്‍ക്കങ്ങു ദൂരത്തു വച്ചേക്കു മോഹം
മല്‍ക്കണ്‍ ചുവക്കുന്നു ശ്രീരാമ! രാമ!

ദിക്ചക്രമൊക്കെജ്ജയിച്ചശ്രമത്താല്‍
വിശ്വപ്രതാപം വരുത്തീടുമീ മാം
അച്ചോ! ജയിയ്ക്കാമതെന്നുള്ള മോഹം
വച്ചേക്ക രാമാ! നീ ശ്രീരാമ! രാമ!

കാട്ടില്‍ കിടക്കുന്ന ശാഖാമൃഗാണാം
കൂട്ടം പടക്കോപ്പു കൂട്ടിട്ടിദാനീം
ആട്ടിപ്പറഞ്ഞീടുമാറാക കൊണ്ടെന്‍
നാട്ടാര്‍ ചിരിയ്ക്കുന്നു ശ്രീരാമ! രാമ!

കാണിക്ഷണം മുമ്പില്‍ നിന്നീടില്‍ നിന്റെ
പ്രാണന്‍ കളഞ്ഞീടുവന്‍ ഞാനിദാനീം
പാണൌ കൃപാണേന വെട്ടിക്കൃതാന്ത-
ന്നൂണാക്കുവന്‍ ഞാന്‍ ഹരേ! രാമ! രാമ!

രാത്രിഞ്ചരേന്ദ്രന്‍റെ വാണീശരൌഘം
ഗാത്രേഷു നീളെത്തറച്ചൊരുനേരം
ധാത്രീധരാംശോയമേവം രുഷാ സൌ-
മിത്രീ ബഭാഷേ ഹരേ! രാമ! രാമ!

ലങ്കേശ്വരാ! ലോകസന്താപനാ! നീ
ശങ്കേതരം കേള്‍ക്ക വാക്യം മദീയം
വമ്പന്‍ ഭവാനെങ്കിലദ്ധര്‍മ്മദാരാന്‍
വഞ്ചിച്ചതെന്തിന്നു ശ്രീരാമ! രാമ!

കേള്‍പ്പുണ്ടു നിന്നെപ്പുരാ രാവണാ! ഞാന്‍
കാര്‍ത്തവീര്യന്‍ തന്‍റെ കാരാനിവാസേ
വീര്‍പ്പങ്ങുമുട്ടിക്കിടക്കും പ്രകാരം
കേട്ടീടുകോരോന്നു ശ്രീരാമ! രാമ!

പിച്ചക്കളിപ്രായമക്കാര്‍ത്തവീര്യന്‍
പച്ചപ്പകല്‍ കെട്ടിയിട്ടോരു നേരം
എച്ചില്‍ക്കു തിണ്ടാടി നില്‍ക്കും ദശാസ്യം
കേള്‍പ്പുണ്ടു പണ്ടേ ഹരേ! രാമ! രാമ!

ദര്‍പ്പാതിരേകേണ കൈലാസശൈലം
കെല്‍പോടെടുക്കാന്‍ തുടങ്ങുന്ന നേരം
അപ്പാണിമേല്‍ വീണു കേഴും ദശാസ്യം
കേള്‍പ്പുണ്ടു പണ്ടേ ഹരേ! രാമ! രാമ!

ഊക്കെങ്ങുപോയീ പുരാ ബാലി തന്നോ-
ടേല്‍ക്കുന്ന നേരത്തെടോ രാവണാ! കേള്‍
വാല്‍ക്കല്‍ കിടക്കും പ്രകാരങ്ങളോര്‍ത്താ-
ലോക്കാനമാകുന്നു ശ്രീരാമ! രാമ!

നേരിട്ടണഞ്ഞിട്ടു പോര്‍ചെയ്തുദാരം
ദാരങ്ങളെക്കൊണ്ടുപോയെങ്കില്‍ നിന്റെ
വീര്യങ്ങള്‍ ശൌര്യങ്ങള്‍ കൊള്ളാര്‍ന്നു കള്ളാ!
ദൂരത്തു പോയ്‌ നില്ലു ശ്രീരാമ! രാമ!

പാരം പഴിയ്ക്കും കുമാരന്റെ നേരെ
എത്തീ കൃപാണമിളക്കീ ദശാസ്യന്‍
വീരന്നിടപ്പുക്കടുത്തൂ മഹാത്മാ
ശ്രീരാമചന്ദ്രോപി ശ്രീരാമ! രാമ!

പത്രിപ്രയോഗേന രക്ഷോധിപന്റെ
വക്ത്രങ്ങളറ്ററ്റു വീഴുന്ന നേരം
വക്ത്രംതദീയങ്ങള്‍ ഭൂയോ മുളച്ചും
വക്ത്രം മുറിച്ചും ഹരേ! രാമ! രാമ!

അറ്ററ്റുവീഴും തലച്ചോറു തിന്നും
ഇറ്റിറ്റുവീഴും നിണത്തെക്കുടിച്ചും
ചുറ്റിക്കളിച്ചൂ മഹാഭൂതസംഘം
കൊറ്റക്കുടയ്ക്കങ്ങു ശ്രീരാമ! രാമ!

വേലാമതിക്രമ്യ പോര്‍ചെയ്തടുക്കും
കാലാരിരാമാപ്രമേയപ്രഭാവാല്‍
ചാലെത്തെളിഞ്ഞങ്ങു ശ്രീനാരദന്‍ താ-
നാലോകയാമാസ ശ്രീരാമ! രാമ!

പാരം പിണങ്ങിപ്പൊരുന്നോരു നേരം
പാരിച്ച ദോര്‍വ്വിക്രമശ്രേണിയെല്ലാം
പാരം കിഴിഞ്ഞങ്ങു കൈകാല്‍ തളര്‍ന്നു
ശ്രീരാമചന്ദ്രന്നു ശ്രീരാമ! രാമ!

ഉണ്ടാം വിഷാദപ്രകാരൈകമൂലം
കണ്ടിട്ടഗസ്ത്യേന കുണ്ഠാന്തരാത്മാ
വണ്ടായി വീണിട്ടു സൂര്യപ്രഭാവാ-
നുണ്ടാക്കി കര്‍ണ്ണേ ഹരേ! രാമ! രാമ!

ആദിത്യവംശപ്രസൂനൈകതേനേ!
ആദിത്യമാരാധയൈനം ജയിപ്പാന്‍
വ്യാപാരപംക്തിയ്ക്കു മൂലം ജനാനാം
ആദിത്യനത്രേ! ഹരേ! രാമ! രാമ!

മൂര്‍ത്തിത്രയത്തിന്നു മീതേ വിളങ്ങും
മാര്‍ത്താണ്ഡമാനമ്യ വൈരിഞ്ചമസ്ത്രം
ചേര്‍ത്തീടു ഞാണ്‍വായിലാനന്ദമൂര്‍ത്തേ!
ആര്‍ത്താര്‍ത്തിനാശായ ശ്രീരാമ! രാമ!

സപ്താബ്ധിപാനന്‍ മുനീന്ദ്രന്‍ മഹാത്മാ
ഷട്പാദിയായ് വന്നു ചൊല്ലീട്ടിവണ്ണം
തല്‍പാദപത്മം വണങ്ങീട്ടു തസ്മാ-
ദപ്പോള്‍ മറഞ്ഞു ഹരേ! രാമ! രാമ!

അസ്ത്രപ്രദാതാരമാനമ്യ വൈരി-
ഞ്ചാസ്ത്രം തൊടുത്തിട്ടു ശ്രീരാമചന്ദ്രന്‍
ശത്രുപ്രവീരം വിളിച്ചിട്ടുചൊല്ലി
മിത്രപ്രസാദീ ഹരേ! രാമ! രാമ!

ധന്യ! ദശഗ്രീവ! തന്നീടു സീതെ
തന്നാലെനിയ്ക്കില്ല നിന്നോടു വൈരം
കൊന്നീടുവന്‍ ഞാനതല്ലായ്കിലിപ്പോള്‍
എന്നിങ്ങനെ ചൊല്ലി ശ്രീരാമ! രാമ!

വിശ്വൈകനാഥന്‍ പറഞ്ഞോരു നേരം
വിഷ്ണുസ്വരൂപം വിളങ്ങുന്ന കണ്ടാന്‍
സത്വം ഭവിയ്ക്കുന്ന കാന്തിപ്രവാഹൈ:
വിശ്വപ്രതാപീ ഹരേ! രാമ! രാമ!

ഉന്നിദ്രരത്നങ്ങള്‍ മിന്നി ജ്വലിയ്ക്കും
പൊന്നിന്‍കിരീടം വിളങ്ങുന്ന കണ്ടാന്‍
മിന്നല്‍പ്രഭാവാച്ച പൊന്‍കുണ്ഡലശ്രീ
മിന്നുന്നതും കണ്ടു ശ്രീരാമ! രാമ!

വക്രാളകം കണ്ടു വിഭ്രാജമാനം
വക്ത്രാരവിന്ദം തെരിക്കെന്നു കണ്ടാന്‍
ചക്രാദിനാലായുധത്തെദ്ധരിയ്ക്കും
തൃക്കൈകളും കണ്ടു ശ്രീരാമ! രാമ!

പൂമാതു ചേരുന്ന പൂമേനി തന്നില്‍
ആമോദമേന്തുന്ന പൂമാല കണ്ടാന്‍
കൌമോദമാപാദയന്തീമുദാരം
കൌമോദകീം കണ്ടു ശ്രീരാമ! രാമ!

നാളീകനേത്രന്‍റെ നാഭീസരോജേ
നാളീകജന്മാ വിളങ്ങുന്ന കണ്ടാന്‍
വ്രീളാനമദ്‌വക്ത്രപങ്കേരുഹാളീ-
കേളീഗൃഹം കണ്ടു ശ്രീരാമ! രാമ!

വക്ഷ:സ്ഥലേ ദിവ്യരത്നങ്ങള്‍ കണ്ടാന്‍
അക്ഷീണലക്ഷ്മീകടാക്ഷങ്ങള്‍ കണ്ടാന്‍
പക്ഷീന്ദ്രനെക്കണ്ടു പാലാഴി കണ്ടാന്‍
രക്ഷോധിനാഥന്‍ ഹരേ! രാമ! രാമ!

എന്നും തരുന്നീല നിന്‍ ധര്‍മ്മദാരാന്‍
ഇന്നേ മരിയ്ക്കല്ലൊ നല്ലൂ മഹാത്മന്‍
നിന്നുള്ളറിഞ്ഞേന്‍ തെളിഞ്ഞിങ്ങു ഞാന്‍ താ-
നെന്നിങ്ങനെ ചൊല്ലി ശ്രീരാമ! രാമ!

ഞാന്‍മൂലമൂഴിയില്‍ വന്നു പിറന്നു
ഭദ്രം ഭവിയ്ക്കട്ടെ ലോകത്തിനെന്നും
ദേഹം മദീയം മഹാവിഷ്ണുവഹ്നൌ
ഹോമിയ്ക്കുമാറാശു ശ്രീരാമ! രാമ!

അമ്പങ്ങു തിണ്ണെന്നു കൊണ്ടൊരു നേരം
വമ്പന്‍ ദശാസ്യന്‍ മരിച്ചങ്ങു വീണാന്‍
കമ്പം ധരിത്രിയ്ക്കനേകം വളര്‍ത്താന്‍
ഇമ്പം സുരന്മാര്‍ക്കു ശ്രീരാമ! രാമ!

തപ്പാതെ ഭേരീനിനാദേന വാനോര്‍
മുപ്പാരിടത്തെ മുഴുക്കിത്തദാനീം
മുല്‍പാടു വന്ദിച്ചു പൌലസ്ത്യശത്രൌ
പുഷ്പങ്ങള്‍ വര്‍ഷിച്ചു ശ്രീരാമ! രാമ!

വിശ്വത്തെ നിര്‍മ്മിച്ചുമച്ചോ! മുടിച്ചും
മദ്ധ്യേ ഭവിയ്ക്കുന്നു ദേവത്വമേവം
എന്തെന്തു ചിത്രം ത്വദീയം ചരിത്രം
വിശ്വൈകസാക്ഷിയ്ക്കു ശ്രീരാമ! രാമ!

അര്‍ക്കാന്വയത്തിന്നലങ്കാരമാകും
ചില്‍ക്കാതലേ! ലോകസന്താപനാശിന്‍!
നില്‍ക്കേണമെപ്പോഴുമുള്‍ക്കാമ്പിലെന്‍റെ
ദുഷ്കര്‍മ്മനാശായ ശ്രീരാമ! രാമ!

രക്ഷോഗണത്തെ ക്ഷയിപ്പിച്ച പോലെ
അക്ഷീണപാപം നശിപ്പിച്ചു നീ മാം
രക്ഷിയ്ക്ക! കാലാഹിഭീതം പ്രപന്നം
ലക്ഷ്മീപതേ! ദേവ! ശ്രീരാമ! രാമ!

രക്ഷാശു മാമുഗ്രധന്വാവരാതിം
ശിക്ഷിച്ചടക്കി ത്രിലോകീമുദാരം
രക്ഷിച്ചുപോരും കൃപാവാരിധേ! നിന്‍
സല്‍ക്കീര്‍ത്തിജാലങ്ങള്‍ ശ്രീരാമ! രാമ!

ആത്മീയദാരാപഹര്‍ത്താരമുഗ്രം
യോ രാവണം രാക്ഷസേന്ദ്രം ജഘാന
ശ്രീരാമചന്ദ്രായ തസ്മൈ നമസ്തേ!
ശ്രീഭൂമിനാഥായ ശ്രീരാമ! രാമ!

വാണീ തു സങ്കീര്‍ത്തനേ നിന്‍ ഗുണാനാം
നിന്‍പാദപത്മസ്മൃതൌ മേ മനോസ്തു
ബാഹൂ ഭവല്‍പ്രാഭവാന്മേ ഭവേതാം
പൂജാകരൌതേ ഹരേ! രാമ! രാമ!

ഇത്ഥം വിരിഞ്ചാദിവാനോര്‍ പുകഴ്ത്തും
വൃത്താന്തമോരോന്നു കേട്ടത്യുദാരം
യുദ്ധാങ്കണത്തിങ്കല്‍ നിന്നൂ രഘൂണാ-
മുത്തംസരാമന്‍ ഹരേ! രാമ! രാമ!

ശ്രീരാമ! സീതാപതേ! രാവണാരേ!
ശ്രീകൃഷ്ണ! ഗോവിന്ദ! ദീനൈകബന്ധോ!
നാരായണാനന്ദ! വിഷ്ണോ! മുരാരേ!
ശ്രീരാമ! മാം പാഹി ശ്രീരാമ! രാമ!

പതിനാറാം വൃത്തം സമാപ്തം
പതിനേഴാം വൃത്തം
മണ്ഡോദരീവിലാപം
(അഞ്ജനശ്രീധര.....അല്ലെങ്കില്‍
ഓംകാരമായ പൊരുള്‍....എന്ന   മട്ട് )
രഘുനാഥശസ്ത്രമുടനുടലില്‍ തറച്ചു ഘന-
രുചിദൃഷ്ടി നിന്നഖിലരജനീചരാധിപതി
രണഭൂമി തന്നിലുടനടിപെട്ടുവീണു യമ-
ഭവനം ഗതസ്സപദി ശിവരാമ! രാമ! ജയ!

പുരിതന്നിലങ്ങുപരി നിറയുന്ന രാക്ഷസികള്‍
മുറയിട്ടു പാരമതു പറയുന്നതാകിലൊരു
പരമായിരം തലയുമുടയോരനന്തനുമ-
തരുമപ്പെടും കിമപി ശിവരാമ! രാമ! ജയ!

ശരഭിന്നകുംഭകരിതടിയങ്ങള്‍ തന്നിടയില്‍
നിറയുന്ന രാക്ഷസികള്‍ മുഴുവന്‍ തിരഞ്ഞു നിജ-
നിജകാന്തരെപ്പരിചൊടറിയാഞ്ഞു രാക്ഷസികള്‍
മുറയിട്ടു വീണു ഭുവി ശിവരാമ! രാമ! ജയ!

രുധിരപ്രവാഹവളര്‍തടിനീഷു മുങ്ങി മൃത-
നിജകാന്തര്‍തന്നുടലില്‍ നിറയെപ്പതിച്ച ശര-
നികരം പറിച്ചവരെ മുറുകെപ്പിടിച്ചു ബത!
തഴുകീ നിശാചരികള്‍ ശിവരാമ! രാമ! ജയ!

വളരെത്തൊഴിച്ചുരസി മുറയിട്ടു വീണു ഭുവി
തലതല്ലി മുട്ടി മുഹുരുരുളുന്ന രാക്ഷസികള്‍
അലറുന്ന രാക്ഷസികള്‍ പറയുന്ന കേട്ടുമുരു-
ഭുവനം നടുങ്ങി  ശിവ! ശിവരാമ! രാമ! ജയ!

മമ കാന്ത! നീ ഝടിതിയെവിടേയ്ക്കു പോയി പുന-
രവിടേയ്ക്കു പോരുവതിനുഴറുന്നു ഞാനുമിഹ
ശരണം നമുക്കു പുനരിനിയാരു നാഥ! പര-
മുരിയാടുകൊന്നു ശിവ! ശിവരാമ! രാമ! ജയ!

പരദാരസംഗമമിതരുതെന്നു ചൊല്ലിയൊരു
സരമാധിനാഥനെയുമകലെക്കളഞ്ഞഖില-
പരപീഡ ചെയ്തരിയ നരകത്തില്‍ വീഴുവതി-
നൊരുമിച്ചുപോയി ശിവ! ശിവരാമ! രാമ! ജയ!

പതിഹീനരായ് വയമെരിതീയില്‍ വീണവിടെ
മരുവീടുമാറു വിധിപരമായിതോ ദയിത!
വിധവാപി ലങ്കയുമിതധുനാ ഭവിച്ചു ശിവ!
ദുരിതം മദീയമിതു ശിവരാമ! രാമ! ജയ!

അതിഘോരമായരിയ ചില രാക്ഷസീമുറക-
ളതുകേട്ടു രാഘവനു കൃപ തേടി തന്മനസി
ഹിതനാം വിഭീഷണനൊടരുള്‍ ചെയ്തു രാമനിതു
*മതിമാനുദാരധൃതി ശിവരാമ! രാമ! ജയ!
*(മതിമാനുദാരനിധി..എന്നു പാഠഭേദം)

ശൃണു രാക്ഷസേന്ദ്ര! ഭുവി ബത! വീണു രാക്ഷസികള്‍
കരയുന്നതും സപദി പറയുന്നതും സദയം
ഉടയോരവര്‍ക്കു പുനരിനി നീയിതെന്നറിക
മടിയാതെ ചെല്‍ക ശിവ! ശിവരാമ! രാമ! ജയ!

മമ ധര്‍മ്മദാരവളര്‍നയനാംബു പോക്കുവതി-
നൊരുമിച്ചതിന്നു ബത! വിപരീതമായി ശിവ!
പരനാരിമാരെ മുറയിടുവിക്കുമാറധിക-
തരമായ് ചമഞ്ഞു ശിവ! ശിവരാമ! രാമ! ജയ!

നിജകര്‍ണ്ണതാപഹരദശകണ്ഠവൈരിഗിര-
മവിഷണ്ണനായതിനെയുപകര്‍ണ്യ  ചെന്നവദല്‍
ശിതികണ്ഠഭക്തവരദശകണ്ഠഭാര്യയൊടു
ഹൃതകണ്ഠസൂത്രയൊടു ശിവരാമ! രാമ! ജയ!

ശൃണു ദേവി! മേ വചനമഴല്‍ പൂണ്ടു വീണു ഭുവി
കരയുന്നതെന്തിനിനി മതിയൊട്ടു ദു:ഖമിതു
മൃതരായ വീരരുടെ പരലോകയാത്രകളില്‍
വഴിയെത്തടുക്കുമിതു ശിവരാമ! രാമ! ജയ!

വിധുരപ്രലാപമിതു മതിയുണ്ടു ദേവി! തവ
വിധുരീകൃതം ഭുവനമതിനാലശേഷമിഹ
വിധിവൈപരീത്യമൊരുവന്നും തടുക്കരുതു
വിബുധായുഷോപി  ശിവ! ശിവരാമ! രാമ! ജയ!

അപരന്‍ വരുത്തിനതു സുഖദു:ഖമെന്ന വഴി
നിനയായ്ക ദേവി! നിജകൃതകര്‍മ്മമെന്നറിക
നിജകര്‍മ്മപാശമറുമളവേവനും മരണ-
മവിനാശി ജീവനിഹ ശിവരാമ! രാമ! ജയ!

ജനനാദിയാറുമൊരു തനുവിന്നഹം മമത
കലരുന്നു ജീവനതിലതുകൊണ്ടു ജന്മമൃതി
ഭവതോ വിചാരഗതി തടയും വിധൌ പരമ-
പുരുഷോയമേവ ശിവ! ശിവരാമ! രാമ! ജയ!

ഗുണവാനിവ പ്രകൃതി ഗുണനിര്‍മ്മിതേ വപുഷി
തദപോഹനേ ഭവതി യദി ഏക ഏവ ഖലു
ദിവിസൂര്യമേതി ജലവിഗമേ ജലാര്‍ക്ക ഇവ
പരമേതി സോയമിഹ ശിവരാമ! രാമ! ജയ!

സുഖദു:ഖഹേതുവിഹ സമമാക്കി വച്ചുദിത
നിജചിത്തതാമരയില്‍ മരുവീടുമീശ്വരനെ
വരഭക്തി പൂണ്ടു സമമനസാ ഭജിയ്ക്കിലുട-
നവനെത്തുമാത്മഗതി ശിവരാമ! രാമ! ജയ!

ഹിതമിത്ഥമാത്മഹിതവചനം നിശമ്യ പുന-
രെഴുനീറ്റിരുന്നു നിജ മുഖവും തുടച്ചരിയ
നിജ ഭര്‍ത്തൃനിര്‍ഹരണമുദകക്രിയാദികളു-
മൊരുമിച്ചു ചെയ്തു ശിവ! ശിവരാമ! രാമ! ജയ!

പരമപ്രഭാവരഘുതിലകാജ്ഞയാ തദനു
സുകൃതാഭിഷേകനഥ നിതരാം നിശാചരരെ
നിജശാസനേന നിജപുരവാസമാക്കിയവര്‍
നിജനാഥനെത്തൊഴുതു ശിവരാമ! രാമ! ജയ!

ജനിമൃത്യുവാരിനിധിതരണായ ചാരുതര-
ചരണാരവിന്ദയുഗവരപോതമിങ്ങരുള്‍ക
അതിനിന്നു രാമ! തവ നമനങ്ങളായ ചില
പരമാതരങ്ങളിതു ശിവരാമ! രാമ! ജയ!

ശിവരാമ! രാമ! ജയ! രഘുനാഥ! നാഥ! ജയ!
രഘുവീര! വീര! ജയ! ശിവരാമ! രാമ! ജയ!
ചരണാരവിന്ദനതജനപാരിജാതപര-
മരണാര്‍ത്തി തീര്‍ക്ക! ശിവ! ശിവരാമ! രാമ! ജയ!

പതിനേഴാം വൃത്തം സമാപ്തം
പതിനെട്ടാം വൃത്തം
സീതയുടെ വരവും
ശ്രീരാമന്റെ അഗ്നിപരീക്ഷാനിര്‍ദ്ദേശവും
(അഞ്ജനശ്രീധര.....അല്ലെങ്കില്‍
ഓംകാരമായ പൊരുള്‍....എന്ന   മട്ട് )

ശ്രീരാമചന്ദ്ര! ജയ! സീതാകടാക്ഷമധു-
പാരാമമേ! പെരിയ കാരുണ്യമെന്നിലരുള്‍
നേരേ വരുത്തുക തെളിഞ്ഞാദരേണ തവ
നാരീശിരോമണിയെ നാരായണായ നമ:

എന്നിങ്ങു ലങ്കയിലകംപുക്കു ദേവി പുന-
രന്നേ തുടങ്ങിയതു ലങ്കയ്ക്കു നാശമുടന്‍
ഇന്നേ വരുത്തുക തെളിഞ്ഞാദരേണ തവ
തന്വംഗി ജാനകിയെ നാരായണായ നമ:

ചോദിച്ചുകൊണ്ടരിയ ചാരിത്ര്യശാലിനിയെ
ആടല്‍ പിടിച്ചിവിടെ വീരന്‍ വസിച്ചളവു
പാരിയ്ക്കുമാശരകുലം മിക്കവാറുമിഹ
വേരറ്റുപോയി ശിവ! നാരായണായ നമ:

നിന്നംഗസംഗമമെഴുന്നാകില്‍ നിന്‍ കമനി-
കണ്ണീരു നില്‍ക്കുമിതു നിര്‍ണ്ണീതമിപ്പുരിയില്‍
എന്നാലകത്തു വിടകൊള്ളുന്നതുണ്ടടിയ-
നെന്നങ്ങു ചൊല്ലി ശിവ! നാരായണായ നമ:

ഇത്ഥം വിഭീഷണഗിരം കേട്ടു ദാശരഥി
അപ്പോളയച്ചു നിജസുഗ്രീവലക്ഷ്മണരെ
മുല്‍പാടു വീണു തൊഴുതഗ്രേ വരുത്തിയവ-
രപ്പൂവില്‍മാനിനിയെ നാരായണായ നമ:

മുന്നം കൊടുത്തോരനസൂയാവരേണ പുന-
രെന്നും വിളങ്ങിയവള്‍ വന്നിങ്ങു നിന്നളവില്‍
മിന്നല്‍പ്രഭാപടലമൊന്നങ്ങു വന്നരികില്‍
മിന്നുന്ന പോലെയവള്‍ നാരായണായ നമ:

ഓരാണ്ടുവാസമിവിടെച്ചെയ്ത ദേവിയുടെ
മാറില്‍ത്തകും ഘുസൃണമാറീല കാണ്‍ക ശിവ!
നാരീജനങ്ങള്‍മനമേതും തിരിയ്ക്കരുതു
പാരിങ്കലാര്‍ക്കുമിഹ നാരായണായ നമ:

വന്നങ്ങു നിന്ന നിജതന്വംഗിതന്നുടലി-
ലൊന്നങ്ങു നോക്കി മതിയെന്നങ്ങു ചൊല്ലി ബത!
പിന്നും തിരിഞ്ഞവിടെ നിന്നൂ രഘൂത്തമനി-
തുന്നമ്രകീര്‍ത്തി ശിവ! നാരായണായ നമ:

എന്താവു ദാശരഥി ചിന്താതുരോ യുവതി-
ചിന്താമണിയ്ക്കരിയ സന്താപമേന്തി ഹൃദി
ചെന്തീപിടിച്ചിതുടല്‍ വെന്തീല മൂലമിതി-
നെന്തന്നറിഞ്ഞിലിഹ നാരായണായ നമ:

കല്‍പിച്ചു തല്‍ക്ഷണമനല്‍പാദരംസ്സ്വമത-
മിപ്പോളിവള്‍ക്കുചിതമപ്പാവകേ പതനം
അപ്പൂവില്‍മാനിനിതനിയ്ക്കും തെളിഞ്ഞു പുന-
രല്‍പസ്മിതയ്ക്കു ചിത നാരായണായ നമ:

ചെന്താരില്‍മാനിനി നിതാന്തം തെളിഞ്ഞരിയ
ചെന്തീയില്‍ വീഴുവതിനാഹന്ത പോമളവില്‍
സന്താപമേന്തി ജനസന്താനശാഖി ഹൃദി
ചിന്താ മുഴുത്തു ശിവ! നാരായണായ നമ:

മുന്നം വനത്തിനു പുരത്തീന്നു പോരുമള-
വെന്നോടു കൂടിയുടനേ പോന്ന ജാനകിയെ
ഇന്നിങ്ങു വേര്‍പെടുവതിന്നാശു കര്‍മ്മഗതി
വന്നൂ നമുക്കു ശിവ! നാരായണായ നമ:

എന്തീശ്വരാ! പുനരിതെന്തായ് വരുന്നു മമ
വെന്തീടുമാറു ചമയുന്നു മദീയമുടല്‍
എന്താവു ജീവനമെനിക്കിന്നിയെന്‍ കമനി
ചെന്തീയില്‍ വീണെരികില്‍ നാരായണായ നമ:

അക്കണ്ടികൊണ്ടലിനുമുള്‍ക്കമ്പമേകിനൊരു
നല്‍ക്കൂന്തലും കമനിതൃക്കണ്‍വിലാസവുമി-
തിക്കണ്ണുകൊണ്ടുടനെനിക്കിങ്ങു കാണ്മതിനു-
മെത്തുന്നതെന്നു ശിവ! നാരായണായ നമ:

അല്‍പസ്മിതങ്ങളില്‍ ലയിപ്പിച്ചു വിശ്വമിദ-
മപ്പൂവില്‍മാതുമുഖപത്മം നുകര്‍പ്പതിനു-
മപ്പോലെ വെന്നമൃതവാക്യങ്ങള്‍ കേള്‍പ്പതിനു-
മെത്തുന്നതെന്നു ശിവ! നാരായണായ നമ:

ഉത്തുംഗരാഗമരികത്താശു വന്നു പുന-
രത്യാദരേണ നിജകൈത്താരു കൊണ്ടരിയ
മുത്താര്‍ന്ന കൊങ്കയിലണച്ചൊന്നു പുല്‍കുവതു-
മെത്തുന്നതെന്നു ശിവ! നാരായണായ നമ:

മദ്ധ്യം വലീമധുരമത്യാദരം ജഘന-
മുള്‍ത്തൂര്‍ന്നരണ്ടു തുട ജംഘായുഗംചരണ-
പൊല്‍ത്താമരാന്നഗതി നിത്യം നിരീക്ഷിതുമി-
തെത്തുന്നതെന്നു ശിവ! നാരായണായ നമ:

അഞ്ചമ്പനെയ്ത ശരമഞ്ചും തറച്ചു ഹൃദി
കിഞ്ചില്‍ ഭ്രമിച്ചളവിലഞ്ചാതെ ചെന്നു പുന-
രഞ്ചിച്ച വാനരനെ വഞ്ചിച്ചുകൊന്നതുമി-
തെന്തായ് വരുന്നു ശിവ! നാരായണായ നമ:

വമ്പിച്ച വാരിധിയൊടമ്പും തൊടുത്തളവു
കുമ്പിട്ടു *വീണടിതൊഴുന്നേറ്റമംബുധിയില്‍
ബന്ധിച്ച വന്‍ചിറയുമെന്തായ് വരുന്നു പുന-
രെന്‍പാപമോര്‍ക്ക ശിവ! നാരായണായ നമ:
*(വീണടിതൊഴുന്നേരമംബുധിയില്‍..പാഠഭേദം)

നേര്‍ത്താലൊരുത്തനുയിര്‍ കൊള്ളാതൊരിന്ദ്രജയി
മോക്ഷം കൊതിച്ചു നിജഗാത്രം കളഞ്ഞളവില്‍
ആര്‍ത്തിട്ടു രാക്ഷസികള്‍ നെഞ്ചില്‍ തറച്ചു ശര-
മോര്‍ത്താലതെന്തു ശിവ! നാരായണായ നമ:

ഇക്ഷോണിനന്ദനയെ രക്ഷിച്ചിടായ്കിലിവ-
നിക്ഷോണിപാലനമിയറ്റുന്നതാകിലിനി
ഇക്ഷോണിവാസിജനമൊക്കെപ്പഴിയ്ക്കുമുട-
നിക്ഷോണിപാലമപി നാരായണായ നമ:

ഇത്ഥം നിനച്ചഴലെരിഞ്ഞോരു ദാശരഥി
നിശ്ശ്വാസവാനവിടെ നിന്നോരു നേരമരിക-
ത്താശു വന്നഥ പറഞ്ഞു തെളിഞ്ഞിതി സു-
മിത്രാസുതന്‍ തദനു നാരായണായ നമ:

നാരായണായ നമ: നാരായണായ നമ:
നാരായണായ നമ: നാരായണായ നമ:
മാലാര്‍ന്ന ജന്തുനിവഹേ ജന്മഹാനി-
യരുളേണം നമുക്കു ശിവ! നാരായണായ നമ:

പതിനെട്ടാം വൃത്തം സമാപ്തം
പത്തൊന്‍പതാം വൃത്തം
സീതയുടെ അഗ്നിപ്രവേശം
(തുള്ളല്‍ പാട്ടിന്റെ മട്ടു്.... അല്ലെങ്കില്‍
ശുദ്ധബ്രഹ്മപരാത്പര രാമ!...എന്ന മട്ടു്; അല്ലെങ്കില്‍
 മറപൊരുളായി മറഞ്ഞവനേ ഹരി....എന്ന   മട്ടു് )
മനുകുലതിലകമണിപ്പൂണ്‍പേ! നീ
നിശമയ സീതാചരിതമിദാനീം
ശ്രുതിഗതമാകിലിതഖിലജനാനാം
ദുരിതക്ഷയമിതു നാരായണ! ജയ!

അന്‍പതുകുറി തവ പദകമലം തൊഴു-
തഞ്ചിതഗമനാ പോകുന്നേരം
കിം ഫലമൊന്നു കടാക്ഷിച്ചില്ലേ
നിന്തിരുവടിയും നാരായണ! ജയ!

കമ്പിതഭുവനാ അഹമഹമികയാ
മുമ്പില്‍ നടന്നു വലീമുഖപംക്തികള്‍
അമ്പതിനായിരമുരുതരമേലരി-
യമ്പില്‍ വരുത്തീ നാരായണ! ജയ!

വിരചിതകുണ്ഡേ പാവകകുണ്ഡേ
ധൃതവിധിമുണ്ഡേ ദിവി ബുധഷണ്ഡേ
*നിരസിതപിണ്ഡാനത നിജതുണ്ഡാ-
ഗമദുരുദണ്ഡാ നാരായണ! ജയ!
*(നിരസിതതുണ്ഡായത നിജതുണ്ഡാ
ഗളദുരുദണ്ഡാ നാരായണ! ജയ!.....പാഠഭേദം)

സരസി കളിച്ചവള്‍ മാറ്റുമുടുത്തു
വിശുദ്ധിവരുത്തിക്കുസുമമിറുത്ത-
ക്കരകമലത്തില്‍ നിറച്ചു വരുമ്പോള്‍
അഗണിതമഹിമാ നാരായണ! ജയ!

ഇവിടെ വിളങ്ങിന സകലജനങ്ങളു-
മുപരി വിളങ്ങിന ദേവതമാരും
പാവകഭഗവാനും കേള്‍ക്കേണം
മാമകവചനം നാരായണ! ജയ!

ശ്രീരഘുനായകപാദാബ്ജയുഗം
തന്നാണേ പൊളിയല്ലേ ചൊല്ലാം
മനസാ വാചാ പരമാര്‍ത്ഥം മേ
പറയുന്നൂ ഞാന്‍ നാരായണ! ജയ!

അര്‍ക്കയമാദികള്‍ നരവൃത്താന്ത-
മിതൊക്കെയറിഞ്ഞിതിരിയ്ക്കുന്നാകിലു-
മുള്‍ക്കുരുതന്നിലുദിച്ചതു പറവാന്‍
നില്‍ക്കുന്നൂ ഞാന്‍ നാരായണ! ജയ!

പൂര്‍വ്വം രാവണഹസ്തംതട്ടി-
പ്പിന്നെപ്പാദസ്പര്‍ശമതൊഴികെ
മറ്റൊരു സമ്പര്‍ക്കം പുനരവനൊടു-
മില്ലൊരുവനൊടും നാരായണ! ജയ!

പരമപതിവ്രത പരമാര്‍ത്ഥഗിരം
പറവൂതും ചെയ്തനുപമമഹിമാ
കരധൃതകുസുമവുമാരാധിച്ച-
ദ്ദഹനനില്‍ വീണാള്‍ നാരായണ! ജയ!

ശിവ! ശിവ! ചിത്രം പറവതിനെന്തൊരു
കുളുര്‍മതിസദൃശമതായിതു ദഹനന്‍
കുളിരുപൊറാഞ്ഞിട്ടുലകിടമഖിലം
ശിഥിലത പൂണ്ടിതു നാരായണ! ജയ!

സംഭ്രമാര്‍ന്നൊരു ദേവകള്‍ചൊല്ലാല്‍
ധിന്ധിമിതെന്നു പെരുമ്പറ താക്കി
നിന്തിരുവടി സീതാപദപത്മം
ചിന്തന ചെയ്തു നാരായണ! ജയ!

ദര്‍പ്പമിയന്നൊരു വിബുധവരാവലി
കല്‍പകകുസുമമിറുത്തു ചൊരിഞ്ഞു
അഗ്നിയില്‍ വീണിതു വാടീലൊന്നും
തൃക്കാലാണേ നാരായണ! ജയ!

പുഷ്പരസാഞ്ചിതഷട്പദവൃന്ദവു-
മപ്പാവകനില്‍ പുക്കു വസിച്ചു
തല്‍ക്ഷണമൊന്നു കരിഞ്ഞില്ലവയുടെ
പപ്പും ചിറകും നാരായണ! ജയ!

കരചരണാദി ധരിച്ചനലോസൌ
ശരദിന്ദുമുഖീം കയ്യിലെടുത്തുട-
നരികിലിതാ പോന്നിങ്ങു വരുന്നു
രഘുകുലനാഥാ! നാരായണ! ജയ!

ഇത്ഥം ലക്ഷ്മണവചനം കേട്ട-
ങ്ങത്യാനന്ദക്കടലിലിറങ്ങീ
ചിത്തം ശീതളമായ് ബത! മുഴുകി
ലക്ഷ്മീനാഥനു നാരായണ! ജയ!

സതതം തൊഴുതു വണങ്ങുന്നവനൊടു
സരസം മന്ദസ്മിതവും ചെയ്തഥ
ദഹനനുമരുളിച്ചെയ്തു തദാനീം
ദശരഥസുതനൊടു നാരായണ! ജയ!

മതി! മതി! തൊഴുതതു ഭുവനപതേ! നീ
കരുതുകില്‍ നിന്നെ വണങ്ങേണ്ടേ ഞാന്‍?
മനുജാകൃതി നീ തടവീടുകയാ-
ലിതുപിഴയല്ലിഹ നാരായണ! ജയ!

സാക്ഷാല്‍ നാരായണനെന്നറി നീ
ലക്ഷ്മീരിയമപി സംജാതാ ഭുവി
രാക്ഷസരെക്കൊന്നുലകിടമഖിലം
രക്ഷിയ്ക്കധുനാ നാരായണ! ജയ!

എന്തിത്തോന്നിയതീശ! നിനക്കീ-
ച്ചെന്താര്‍മാതെത്തള്ളിക്കളവാന്‍
ചിന്തിച്ചാല്‍ മമ ഭാഗ്യം തന്നെ
ഹന്ത! നമസ്തേ നാരായണ! ജയ!

തവ സന്നിധിയില്‍പ്പെരികെ വിളങ്ങിന-
തിവളനസൂയാവരഹേതുവിനാല്‍
താവകമഹിഷീ പാവനയത്രേ
രാവണശത്രോ! നാരായണ! ജയ!

ചന്ദ്രനില്‍ വിലസിന ചന്ദ്രിക പോലെ
നിങ്ങളില്‍ വേറില്ലെന്നറിയേണം
നിര്‍മ്മലരൂപിണി നിങ്കല്‍ വിളങ്ങിന
*ചിന്മയി ദയിതാ നാരായണ! ജയ!
*(ചിന്മയദയിതാ...എന്നു പാഠഭേദം)

ഇത്ഥം ചൊല്ലി ത്രിഭുവനനാഥം
തൃക്കൈ കൊണ്ടു തലോടിത്രിഭുവന-
ലക്ഷ്മീമവിടെ നിറുത്തി മറഞ്ഞു
ഹവ്യവഹന്‍ ഹരി! നാരായണ! ജയ!

നാരായണ! നളിനായതലോചന!
നാരീജനമണി സീതാനയനാല്‍
പാരീരേഴിനുമഭിമതമരുളിന
രഘുനാഥാ! ഹരി! നാരായണ! ജയ!

മത്സ്യകമഠകിടിനരഹരിവാമന-
കുത്സിതനൃപഹരരാവണശത്രോ!
വത്സകദമനഹലായുധമുനിജന-
വത്സലകല്‍ക്കീ! നാരായണ! ജയ!

പത്തൊന്‍പതാം വൃത്തം സമാപ്തം
ഇരുപതാം വൃത്തം
അയോദ്ധ്യാപ്രവേശവും ശ്രീരാമാഭിഷേകവും
(അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി....എന്ന   മട്ട് )
ജയ! നിര്‍മ്മല! ജയ! മംഗള! ജയ! പങ്കജനയന!
ജയ! സുന്ദര! ജയ! മന്മഥ! ജയ! ചിന്മയ! സതതം
ജയ! രാവണതിമിരാരുണ! കരുണാകര! ഭഗവന്‍!
ജയ! നിന്‍പദകമലം മമ രഘുനായക! ശരണം

ഹരിരാക്ഷസവരസോദരഹനുമാനൊടു സഹിതം
തരുണീമണി നിജസീതയോടൊരുമിച്ചതിമധുരം
തരസാ കുസുമവിമാനവുമധിരുഹ്യ വിശാലം
സുരസത്മനിയെഴുനെള്ളിന രഘുനായക! ശരണം

കുടചാമരമിടതിങ്ങിന തഴയും വെടികുഴലും
പടഹദ്ധ്വനിനടമദ്ദളമിടചേര്‍ന്നൊരു നടനം
ഉടനേ നടനടയെന്നമരരകമ്പടിനടയും
ചടുലം പിടി കളിയും ഹരി! രഘുനായക! ശരണം

മിഥിലേശ്വരതനയേ! സതി! സരിതാംപതിമിത! കാണ്‍
മലയും പര്‍വ്വതസാനുവൊടിടതിങ്ങിന ചിറയും
പിതൃതര്‍പ്പണമിയലും *ജനകൃതപാപവുമകലു-
ന്നമരേശ്വരമിത! ജാനകി! രഘുനായക! ശരണം
*( ജനകൃതപാപവുമകലും രാമേശ്വരമിത...എന്നു പഴയ പുസ്തകങ്ങളില്‍)

കലശോത്ഭവമുനിവാസവുമിതു ദക്ഷിണമധുരാ-
മരുണാചലമരുണാധരി! ഘൃതമാലയുമിതു കാണ്‍
കമലാശ്രിതമണിരംഗവുമതിപുണ്യമിതമലേ!
മണികാഞ്ചിതപുരമിങ്ങിത! രഘുനായക! ശരണം

ചടുലായതനയനേ! വരതിരുവെങ്കിടഗിരി കാണ്‍
അതിപുണ്യമിതമലേ! പുനരിതു ദണ്ഡകവിപിനം
വടപഞ്ചകവിലസദ്വരതടിനീതടനികടേ
മമ വാസകുടിയുമിങ്ങിത! രഘുനായക! ശരണം

യമുനാസുരതടിനീജലമിടകൂടിനതിതു കാ-
ണിതില്‍ വീഴുകിലധുനാ പരഗതിയുണ്ടവനമലേ!
ശിരസാ പരിധൃതയാ പുനരമുയാ ജനകസുതേ!
ശിവനും ശിവകരനായിതു രഘുനായക! ശരണം

ഹിമവാനുരുഗുണവാനിത! രജതാചലശിഖരേ
ഗണനായകനിത! രാജതി നിതരാമറുമുഖനും
തുഹിനാചലമകള്‍തന്‍ വളര്‍കുളുര്‍കൊങ്കകള്‍ പുണരും
ഭഗവാനിത! പുരഹാ ഹരി! രഘുനായക! ശരണം

സുരഷട്പദലസിതം സുരഗിരികര്‍ണ്ണിക പരിതോ
നവഖണ്ഡവുമിതളായതു ഗിരികേസരനിവഹം
ജലരാശിയിലൊരു താമരയില പോലെ ധരായാ
സ്ഥലമീദൃശമിതു കാണയി! രഘുനായക! ശരണം

സരസീരുഹമുഖി! നമ്മുടെ നഗരീമിതു സരയൂ-
പരിഖാമതിവിപുലാമുടനിതി ചൊന്നതിമധുരം
അവതാരയദണിപുഷ്പകമണിയാനവുമവനൌ
ഭരതാശ്രമമെഴുനള്ളിന രഘുനായക! ശരണം

പ്രണതം നിജമകനെപ്പുനരവനീപതി മകരോല്‍
മുദിതാനനജനനീ നിജ നയനാംബുജസലിലൈ:
അഭിഷേകവുമകരോദഥ വിധിനാ മുനിപെരുമാള്‍
അമരാദികള്‍ പലര്‍ വന്നിതു രഘുനായക! ശരണം

വസുധാമനി ലസിതാമനുദിനമംബുധിരശനാം
വസുധാമവതി ഹരൌ കൃതയുഗമായുടനഭവല്‍
വസുധാസുതയൊടു ദൌഹൃതവതിയോടവനവനൌ
സഹസാ വസതിപുരാ ഹരി! രഘുനായക! ശരണം

രഘുനായക! വിധിവാസവസുരമാനുഷഭുജഗാന്‍
വിധിശാസനമരുളും നിജ മഹിമാനമിതറിവാന്‍
ഭുവിജാതരിലൊരു ജാതിയുമതിനില്ലയി! ഭഗവന്‍!
തവദാസകമിഹ മാമക രഘുനായക! ശരണം

രാമരാജ്യവര്‍ണ്ണന
(അച്യുതം കേശവം രാമനാരായണം....എന്ന   മട്ട് ) 
(ഇരുപതാം വൃത്തത്തില്‍ ശ്രീരാമാഭിഷേകവും അദ്ദേഹത്തിന്റെ ഭരണവും വര്‍ണ്ണിച്ചുകൊണ്ടു രാമായണത്തിന്റെ ആദ്യഭാഗം – പൂര്‍വ്വരാമായണം - തീരുന്നു. എന്നാല്‍ രാമരാജ്യവര്‍ണ്ണന പ്രത്യേകം ഇരുപത്തൊന്നാം വൃത്തമായി പുസ്തകങ്ങളില്‍ കാണുന്നുണ്ട്. ഇരുപതാമത്തെ വൃത്തത്തിന്റെ ഭാഗമായി ഇതിനെ കണക്കാക്കുകയാണ് ഉചിതം. അങ്ങനെ ഗ്രന്ഥം ഇരുപത്തിനാലുവൃത്തമായിത്തന്നെ ഒതുക്കുകയും ചെയ്യാം. ഇരുപത്തിയൊന്നാം വൃത്തം മുതല്‍ ഉത്തരരാമായണമാണ്). 
പ്രാപ്തരാജ്യേ ഹരൌ ശാസ്തരീന്ദ്രദ്വിഷാം
പാര്‍ത്തലം കാത്തു രക്ഷിച്ചിരിയ്ക്കും വിധൌ
ആര്‍ത്തിപോക്കും നൃണാം *ചീര്‍ത്തസമ്പല്‍സുഖ-
പ്രാപ്തി ചൊല്ലാവതോ രാമ! രാമ! ഹരേ!
*(ചിത്ത...എന്നു പാഠഭേദം)

മുത്തുരത്നാദികള്‍ തൂര്‍ത്തു രത്നാകരേ
പൂത്തു വൃക്ഷങ്ങളും വാര്‍ത്തു തേന്മാധുരീ
ആത്തമോദം തെളിഞ്ഞാര്‍ത്തു ലോകത്രയം
പേര്‍ത്തു ചൊല്ലാവതോ രാമ! രാമ! ഹരേ!

ആസ്ഥയാ നിത്യകര്‍മ്മങ്ങളെച്ചെയ്തഹോ-
രാത്രമുള്‍ത്താരിലാക്കീ ജഗന്നാഥനെ
പാര്‍ത്തു രാമസ്യ ഭക്തിപ്രഭാവാശ്രുവും
വാര്‍ത്തു വിപ്രോത്തമര്‍ രാമ! രാമ! ഹരേ!

കന്നു പൂട്ടീട്ടുഴേണ്ടാ ധരാമണ്ഡലം
കുന്നിലും വിത്തെറിഞ്ഞേച്ചു *പോന്നാല്‍ മതി
ചെന്നു കൊയ്തീടുകേ വേണ്ടു രാത്രിംദിവം
പന്നി പോലും തൊടാ രാമ! രാമ! ഹരേ!
*(പോന്നാലുടന്‍..എന്നു പാഠഭേദം)

ക്ഷുല്‍പിപാസാര്‍ദ്ദനം നാട്ടിലില്ലാര്‍ക്കുമേ
വാഞ്ഛയില്ലേകനുമപ്സരസ്ത്രീകളില്‍
നാരിമാര്‍ക്കന്നു വൈധവ്യമുണ്ടാകയെ-
ന്നുള്ളതില്ലാര്‍ക്കുമേ രാമ! രാമ! ഹരേ!

വ്യാഘ്രചോരാദിദു:ഖങ്ങളില്ലാര്‍ക്കുമേ
വാതപിത്തക്ഷയവ്യാധിയില്ലാര്‍ക്കുമേ
വര്‍ഷമേറീട്ടുമില്ലായ്ക കൊണ്ടും മന-
സ്താപമില്ലാര്‍ക്കുമേ രാമ! രാമ! ഹരേ!

ചട്ടറുംമച്ചിലാഴെക്കുഴിച്ചിട്ടകം
പൂട്ടിയാലിന്നുടന്‍ കട്ടുപോകും ധനം
കാട്ടിലിട്ടേക്കിലും കട്ടുപോകുന്നത-
ന്നൊട്ടുമില്ലേ ധനം രാമ! രാമ! ഹരേ!

ഇഷ്ടിയജ്ഞങ്ങള്‍ മുട്ടത്തുടങ്ങും വിധൌ
നഷ്ടഖേദം സുഖിച്ചഷ്ടി കിട്ടും നൃണാം
വൃഷ്ടി കൊണ്ടുള്ള സസ്യാദി കൊണ്ടത്ര സ-
ന്തുഷ്ടരായ് ലോകരും രാമ! രാമ! ഹരേ!

കാഴ്ചയുണ്ടന്നു സിംഹംഗജം തങ്ങളില്‍
മാച്ചു ദുര്‍ഗ്ഗന്ധമില്ലെന്നു ദേഹങ്ങളില്‍
കാച്യപാല്‍ വെണ്ണ മുറ്റത്തു വച്ചേക്കിലും
പൂച്ച പോലും തൊടാ രാമ! രാമ! ഹരേ!

കീര്‍ത്തി വിശ്വം വെളുപ്പിച്ചിരിയ്ക്കും വിധൌ
മൂര്‍ത്തിമൂവര്‍ക്കുമുണ്ടായിപോല്‍ വിഭ്രമം
സ്വാബ്ധിമാരാഞ്ഞുഴന്നിട്ടു നാരായണന്‍
ആര്‍ത്തനായീ ചിരം രാമ! രാമ! ഹരേ!

പക്ഷിയേതെന്നറിഞ്ഞീടരുതാത്മഭൂ-
ദിക്ഷു നീളെത്തിരഞ്ഞൂ നിജം പക്ഷിണം
ദക്ഷഹന്താപി കൈലാസബുദ്ധ്യാഗിരീന്‍
നോക്കിയാരായ്കയും രാമ! രാമ! ഹരേ!

ഇന്ദ്രിയേ നിഗ്രഹം പക്ഷപാതം ഗിരൌ
ചന്ദ്രനില്‍ ജ്യേഷ്ഠ ചെന്നേറുകെന്നുള്ളതും
പ്രത്യയത്തില്‍ പരത്വം ഗജേ ദാനവി-
ച്ഛേദമെന്നുള്ളതും രാമ! രാമ! ഹരേ!

നല്ലരത്രേ ജനം ശല്യമില്ലേതുമേ
അല്ലലെന്നുള്ളതോ പിന്നെയല്ലേ നൃണാം
ബാലമൃത്യുക്കളില്ലന്നു ഭൂമണ്ഡലേ
പാല്യമാനേ ജനേ രാമ! രാമ! ഹരേ!

ശ്രീനിവാസത്വവും കേവലം വിഷ്ണുവി-
ന്നല്ലയെന്നുള്ള ലോകത്രയാണാമഭൂല്‍
ലോകചേതോലയം ദേവദേവേ യഥാ
രാമചന്ദ്രാ! തഥ രാമ! രാമ! ഹരേ!

രാമ! രാമ! ഹരേ! ജാനകീവല്ലഭാ!
രാവണാരേ! ഹരേ! രാമ! രാമ! ഹരേ!
ചിന്തനീയം തവ ശ്രീമുഖം തേജസാ
സന്തതം ചിന്തയേ രാമ! രാമ! ഹരേ!

ഇരുപതാം വൃത്തം സമാപ്തം
ഇരുപത്തിഒന്നാം വൃത്തം
സീതാപരിത്യാഗം
(അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി..........
അല്ലെങ്കില്‍
അച്യുതം കേശവം രാമനാരായണം....എന്ന   മട്ട് )
തദനു രഘുനാഥന്‍ പുരിയില്‍ വിലസുന്നാ-
ളവിടെയെഴുനള്ളി പരമമുനിവൃന്ദം
കലശഭവഗീതം രജനിചരവൃത്തം
ധരണിപതി കേട്ടു പരപുരുഷവിഷ്ണോ!

സകലജനവാര്‍ത്താമറിവതിനൊരുന്നാള്‍
അതിതമസി രാത്രാവപി ചരതി ചാരേ
ഒരു പുരുഷനും തല്‍പ്രണയിനിയുമായി-
ട്ടൊരു കലഹമുണ്ടായ് പരപുരുഷവിഷ്ണോ!

രജനിചരവാസം കലരിനൊരു സീതാ
*രഘുവരനു യോഗ്യാ അപിയദി മുരാരേ!
തരുണിയിനി നിന്നെക്കിമപി തൊടുമോ ഞാന്‍
ഇതിപുരുഷവാക്യം പരപുരുഷവിഷ്ണോ!
*(രഘുവരനയോഗ്യ...എന്നും പാഠഭേദം)

തദുദിതഗിരം കേട്ടഴലതു പൊറാഞ്ഞി-
ട്ടതുപൊഴുതു രാമന്‍ സഹജനൊടു ചൊന്നാന്‍
ഇവളെയിനി വത്സാ! പുലരുമളവേ നീ
കളക വനമദ്ധ്യേ പരപുരുഷവിഷ്ണോ!

കമലമുഖിഗര്‍ഭാദലപത പതിം മാം
വനപദവി കാണ്മാന്‍രുചി മനസി പാരം
ഉണരുമളവേ നാമിതു പൊഴുതു കൊള്ളാം
കളവതിനുപായം പരപുരുഷവിഷ്ണോ!

രഘുപതിനിയോഗാലവളെ രഥമേറ്റീ-
ട്ടരിയനദി ഗംഗാമപി ബത കടത്തീ-
ട്ടടവിയിലിറക്കീട്ടതിവിവശനായി-
ട്ടനഘയൊടു ചൊന്നാന്‍ പരപുരുഷവിഷ്ണോ!

കൊടിയ ജനവാദാലുടലുരുകി നാഥന്‍
അടിയനൊടു ചൊല്ലി വെടിവതിനു നിന്നെ
ഉചിതമിതു വാല്‍മീകിയുടെ നികടേ നീ
ഇവിടെയിരി നാഥേ! പരപുരുഷവിഷ്ണോ!

ഇടിരവമുടന്‍ കേട്ടൊരുവരട പോലെ
കഠിനതരവാക്യശ്രവണതയില്‍ വീണാള്‍
ഉടയവര്‍വിഹീനയ്ക്കുടനെയതിമോഹാല്‍
ഹൃദയമതിഹീനം പരപുരുഷവിഷ്ണോ!

പടുതരു സുമിത്രാതനയകൃതയത്നാ-
ലധിഗതസുബോധാ ജനകനൃപപുത്രി
പദതളിരില്‍ വീഴുന്നവനെയെഴുനേല്പി-
ച്ചതികരുണമൂചേ പരപുരുഷവിഷ്ണോ!

വിമലഗുണകീര്‍ത്തേ! മമ ജനനിമാരോ-
ടിതി ബത! വിശേഷിച്ചവരോടു പറഞ്ഞീ-
ടുദരധരഗര്‍ഭം മമ പതിനിഷേകം
തദപി വചനീയം പരപുരുഷവിഷ്ണോ!

മമ വചനഹേതോരവനിപതി തന്നോ-
ടിതു പറക നീതാനനലില്‍ വിശുദ്ധാം
*മഹിതവചനം മാം കളക കുലയോഗ്യം
ശ്രുതിസദൃശമെന്നോ പരപുരുഷവിഷ്ണോ!
*(മഹിതവചനാം.....എന്നു പാഠഭേദം.
.......................നീതാനനലില്‍ വിശുദ്ധാ-
മഹിതവചനാം മാം കളക കുലയോഗ്യം എന്നും പാഠഭേദം)

പ്രസവമതു തീര്‍ന്നാല്‍ വരനൊടു രമിപ്പാന്‍
പെരിയൊരു തപം ചെയ്‌വതിനു മുതിരുന്നേന്‍
ഒരു കുറി പിരിഞ്ഞീടരുതതിനു ദൈവം
വരമരുളവേണം പരപുരുഷവിഷ്ണോ!

വിജയസഖകൃഷ്ണാ! വിധുരവിഭവിഷ്ണോ!
നൃപമതിസവിഷ്ണോ! രതിവിഷയതൃഷ്‌ണാം
കളക മൃഗതൃഷ്ണാം സകലരിപു ജിഷ്ണോ!
പരശരസഹിഷ്ണോ! പരപുരുഷവിഷ്ണോ!

ഇരുപത്തിയൊന്നാം വൃത്തം സമാപ്തം
ഇരുപത്തിരണ്ടാം വൃത്തം
സീത വാത്മീക്യാശ്രമത്തില്‍
(കമലകാന്തന്റെ കാരുണ്യശീലന്റെ...എന്ന   മട്ടു് )
ചരണപല്ലവം കുമ്പിട്ടു ലക്ഷ്മണന്‍
*മരമരികെപ്പോയ് മെല്ലെ മറഞ്ഞപ്പോള്‍
അരിയ സീതയ്ക്കുണ്ടായൊരു ദു:ഖത്തെ
പറയാമോ ശിവ! നാരായണ! നംബോ!
*(മരമരികേ പോയ്‌.....എന്നു പാഠഭേദം)


*പിടകലക്കൂട്ടം വേറിട്ടു ദൂരത്താം
പിടമാനെപ്പോലെ കണ്ണും മിഴിച്ചിട്ടു
അടവിയില്‍ നിന്നു വീണു ധരിത്രിയി-
ലുടനെ മോഹിച്ചും നാരായണ! നംബോ!
*(പടകലക്കൂട്ടം... എന്ന പാഠഭേദം തെറ്റാണ്)

ഉടനുണര്‍ന്നുമിടയിടെ മോഹിച്ചും
ചുടുചുടെ നെടുവീര്‍പ്പിട്ടു ജാനകി
കുടിലകുന്തളം ഭൂമിയിലിട്ടവള്‍
ജടിലമാക്കിയും നാരായണ! നംബോ!

ഇടമിടത്തട്ടിയൊന്നുരിയാടുവാ-
നിടയിടെ വശം കെട്ടു വിഷമിച്ചും
തടമുല നടുവേ സീത കണ്ണുനീര്‍
കുടുകുടെ വാര്‍ത്തും നാരായണ! നംബോ!

ഒരു ദോഷം കൂടാതെന്നെ കൊണ്ടന്നിട്ടി-
പ്പെരിയ വന്‍കാട്ടിലിട്ടേച്ചുടന്‍ പോവാന്‍
ഒരു പുരുഷനു തോന്നുമോ ദൈവമേ!
ദുരിതം നമ്മുടെ നാരായണ! നംബോ!

ഉടയവര്‍ വെടിഞ്ഞാലവരെപ്പിന്നെ
തൊടുകയില്ലൊരു നായും കിനാവിലും
അടവിയില്‍ വീണു ദു:ഖിയ്ക്കുമെന്നുടല്‍
കടുവയും തൊടാ നാരായണ! നംബോ!

മുറയിട്ടു കിടന്നക്കൊടുംകാനനേ
വിരഹസന്താപമെത്തി വശം കെട്ടു
മറുകിത്തന്നെ കിടന്നിട്ടു നമ്മുടെ
മരണമാകുന്നു നാരായണ! നംബോ!

അവനിപുത്രിയോളം ഭാഗ്യമുണ്ടായി-
ട്ടവനിയിലൊരു പെണ്ണില്ലെന്നിങ്ങനെ
സകലലോകര്‍ പുകഴ്ത്തുന്നതുമിന്നു
വിപരീതമായി നാരായണ! നംബോ!

കുരള കേട്ടു കളഞ്ഞതിനേതുമേ
പരുഷമില്ല നമുക്കു നിരൂപിച്ചാല്‍
നരപതിയ്ക്കു പണ്ടാശ്രിതപാലനം
വിഹിതമായിട്ടു നാരായണ! നംബോ!

തരുനികരമുതിര്‍ത്തു മലര്‍നിര
മുഖതൃണങ്ങള്‍ വെടിഞ്ഞു ഹരിണികള്‍
നടനം ചെയ്തീല കേകികള്‍ സീതേടെ
രുദിതം കേട്ടിട്ടു നാരായണ! നംബോ!

കുരരി പോലെ കരയുന്ന സീതേടെ
രുദിതം കേട്ടിട്ടു വാല്‍മീകി മാമുനി
അരികില്‍ വന്നവളെക്കൂട്ടിക്കൊണ്ടുപോ-
യുടജസീമനി നാരായണ! നംബോ!

പരമചന്ദ്രക്കലയെക്കൊണ്ടു മെല്ലെ
ദര്‍ശദോഷാദികളിലാക്കും  പോലവെ
മുനിവരനര്‍പ്പിച്ചു സീതാദേവിയെ
മുനിപത്നിമാരില്‍ നാരായണ! നംബോ!

ഉടനെ പെറ്റുണ്ടായി രണ്ടു പുത്രന്മാര്‍
മിടുക്കന്മാരവരെത്രയും പാര്‍ക്കുമ്പോള്‍
കുശലവരെന്നു പേരിട്ടു മാമുനി
കുശലം കണ്ടിട്ടു നാരായണ! നംബോ!

അപവാദാഗ്നി ദഹിയ്ക്കും ചെവികളെ
രുദിതം കൊണ്ടു തണുപ്പിച്ചു ബാലന്മാര്‍
മുലകുടിവ്യാജം കൊണ്ടു ഹരിച്ചിതേ
ജനനിഹൃത്താപം നാരായണ! നംബോ!

രഘുവരാകൃതി പൂണ്ട സുതാനനം
കമലലോചന കണ്ടു സുഖിയ്ക്കയാല്‍
വിരഹസന്താപം കിഞ്ചന ശാന്തമാ-
യവനീപുത്രിയ്ക്കു നാരായണ! നംബോ!

മരണസന്താപമെത്തി വശം കെട്ടു
ശരണമില്ലാഞ്ഞു വീണുഴലുന്നേരം
കരുണാവാരിധേ! രാമചന്ദ്രാ! നിന്റെ
ചരിതം തോന്നണം നാരായണ! നംബോ!

ഇരുപത്തിരണ്ടാം വൃത്തം സമാപ്തം

ഇരുപത്തിമൂന്നാം വൃത്തം
ജംബുക(ശംബുക)വധവും സീതാന്തര്‍ധാനവും
യമദേവന്റെ ആഗമനവും
(വഞ്ചിപ്പാട്ടിന്റെ   മട്ട്
അല്ലെങ്കില്‍
അഖിലാണ്ഡമണ്ഡല....എന്ന മട്ട്)
സല്ക്കീര്‍ത്തികള്‍ കൊണ്ടിത്രിജഗത്തൊക്കെ വെളുപ്പി-
ച്ചക്ഷീണമയോദ്ധ്യാം പുരി വാണീടിന കാലം
രക്ഷോവരസന്താപമുണര്‍ത്തിച്ചു മുനീന്ദ്രന്‍
ലക്ഷ്മീപതി രാമന്നൊടു നാരായണ! നംബോ!

ശത്രുഘ്ന! മഹാനാമ യഥാര്‍ത്ഥം കുരുശക്ത്യാ
ശത്രും മധുപുത്രം വിനിഹത്യാശു മഹാത്മന്‍!
ന്യസ്ത്യായുധമേനം ജഹി ജേതും ന സമര്‍ത്ഥ-
സ്ത്ര്യക്ഷോപി സശൂലം ഹരി! നാരായണ! നംബോ!

അംഭോരുഹനേത്രനരുളിച്ചെയ്തതു കേട്ടു
ഗംഭീരദയാംഭോനിധി ശത്രുഘ്നനുമപ്പോള്‍
കുംഭീനസിപുത്രനെ വധിച്ചു ലവണാഖ്യം
ജംഭാസുരമിന്ദ്രന്നിവ നാരായണ! നംബോ!

സീതാവിരഹാവ്യാകുലചിത്തേ രഘുനാഥേ
സാകേതപുരദ്വാരിസമാഗമ്യ മഹാത്മാ
കോപിദ്വിജനുല്‍സൃജ്യ മൃതം  ബാലമകാലേ
കോപിച്ചു പറഞ്ഞു ഹരി! നാരായണ! നംബോ!

സാധുക്കളെ ഹിംസിച്ചുമസാധുക്കളെ നിത്യം
പാലിച്ചു വസിയ്ക്കും നൃപരാജ്യേഷു ജനാനാം
ദാരിദ്ര്യമഹാവ്യാധികള്‍ ബാല്യേ മരണാദ്യം
ആപത്തുകളെത്തും ഹരി! നാരായണ! നംബോ!

മൃഷ്ടാഭമിരുന്നമ്മണിസിംഹാസനമദ്ധ്യേ
നാട്ടാര്‍പതിനാട്യത്തെ നടിയ്ക്കുന്ന മഹാത്മന്‍!
ദൃഷ്ട്യാ മമ നോക്കീടു മൃതം ബാലമകാലേ
ദൌഷ്ട്യാലിതു വന്നൂ തവ നാരായണ! നംബോ!

കെട്ടും നൃപപട്ടം ഖലശിക്ഷയ്ക്കഭിഷേകം
ശിഷ്ടാനവിതും ച വ്യസനാര്‍ത്താശ്രിതതുഷ്ട്യൈ
പെട്ടന്നിവ മൂന്നും പുനരില്ലാത്ത നൃപന്മാര്‍-
ചട്ടം ജനനിന്ദ്യം ഹരി! നാരായണ! നംബോ!

ചിന്തും ജള! നിന്നോടിഹ ഞാന്‍ വന്നു പറഞ്ഞാല്‍
എന്തോന്നു കണക്കുള്ളതു ചിന്തിയ്ക്കിലിദാനീം
ചെന്തീയില്‍ വിശുദ്ധാമസമുക്ത്യാശു കളഞ്ഞാല്‍
ശാന്താം നിജ കാന്താം ഹരി! നാരായണ! നംബോ!

ഇത്ഥം നരപാലന്നെ ദുഷിയ്ക്കുന്നളവേറ്റം
ക്രുദ്ധിച്ച ജനൌഘത്തെയടക്കിപ്പരമാത്മാ
യുദ്ധായ പുറപ്പെട്ടു കൃതാന്തന്നൊടു രാമന്‍
സസ്മാരവിമാനം ഹരി! നാരായണ! നംബോ!

അപ്പോളുദിതം പുഷ്പകമാരുഹ്യ വിമാനം
ചില്‍പുമകരന്ദൈകരസേതിഷ്ടതിരാമേ
കെല്പോടൊരു വാണീം ദിവി കേള്‍ക്കായി തദാനീം
ഉല്‍പാതനിഹന്ത്രീം ഹരി! നാരായണ! നംബോ!

സച്ചിന്മയ! ജംബൂകനിതെന്നുണ്ടൊരു ശൂദ്രന്‍
വല്ലാതെ തപം ചെയ്തു വസിയ്ക്കുന്നു വനാന്തേ
തല്‍ബാധ വരുത്തീടുകിലിപ്പോഴിവനുണ്ടാ-
മിബ്ബാലനു ജീവന്‍ ഹരി! നാരായണ! നംബോ!

വാണീമുടനെ കേട്ടു വനത്തില്‍ തിരയുമ്പോള്‍
കാണായൊരു വൃക്ഷാഗ്രസമാലംബിതപാദം
പ്രാണാദി ലയിപ്പിച്ചു തപം തേടിന ശൂദ്രം
നീണാള്‍ തല കീഴായ്‌ ഹരി! നാരായണ! നംബോ!

കീഴ്പ്പോട്ടു പതിപ്പാന്‍ തുനിയും ശൂദ്രനെ വാളാല്‍
മേല്‍പോട്ടു ഗമിപ്പിച്ചു ജഗന്നായകനപ്പോള്‍
ആര്‍പ്പിട്ടു മുനീന്ദ്രന്‍ ശിശു വീര്‍പ്പിട്ടു തദാനീം
കൂപ്പിത്തൊഴുതൂ രാമനെ നാരായണ! നംബോ!

ആത്മീയവിധാനത്തെ വെടിഞ്ഞപ്പരധര്‍മ്മാ–
നാശ്രിത്യ വസിയ്ക്കുന്നതു നന്നല്ലൊരുവന്നും
രാമേണ കൊലപ്പെട്ടതിലത്രേ ഗതി വന്നൂ
സേവാബലമല്ലേ ഹരി! നാരായണ! നംബോ!

ശ്രീരാമനഗസ്ത്യന്‍മുനിമാനമ്യമുനീനാം
ഹാരം വലയം പൂണ്ടഥ പോരുന്ന ദശായാം
താശേരമുഖീവാണ വനം കണ്ടതിവേലം
മാരാതുരനായീ ഹരി! നാരായണ! നംബോ!

സാകേതമഹാഗോപുരവാതുക്കലിറങ്ങീ
*സീതാപതിമാശാസ്യ തദീയാനുമതത്താല്‍
കൌബേരപുരത്തിന്നതിവേഗം നടകൊണ്ടു
സൌവര്‍ണ്ണവിമാനം ഹരി! നാരായണനംബോ!
*(സീതാപതിമാശ്വാസ്യ...എന്നും ചില പുസ്തകങ്ങളില്‍ കാണുന്നു)

ചിന്തിച്ചു ജഗന്നായകനന്തര്‍മ്മനസാസൌ
എന്തിത്തരമാപത്തു വരാന്‍ കാരണമെന്നും
വന്ധ്യേതരഭൂതാ ധരണീപാലനഹേതോ-
രന്ധത്വമഥായാതി ച നാരായണനംബോ!

ദു:ഖാനുഭവത്തിന്നു പിറന്നൂ പുനരീ ഞാന്‍
ദുഷ്കര്‍മ്മമൊരോന്നേ ബത! ചെയ്തീടുവതിന്നും
അര്‍ക്കാന്വയമൊക്കെക്കരയേറ്റീടുവതിന്നും
സല്‍ക്കര്‍മ്മവിരോധം ഹരി! നാരായണ! നംബോ!

ഭക്ത്യാ ഹയമേധേന യജിച്ചാകിലയത്നം
നിശ്ശേഷമഹാപാപമകന്നീടുമിതെന്നും
*വിശ്വസ്തതമം രാമനയച്ചൂ സഹജന്തം
ദിക്ചക്രജയത്തിന്നരി നാരായണ! നംബോ!
*(വിശ്വസ്തമനാ...എന്നു പാഠഭേദം)

ഹത്വാ യുധി ഗന്ധര്‍വ്വവരാന്നായുധപാണീന്‍
*ആതോദ്യമെടുപ്പിച്ചു സമത്യാജയദസ്ത്രാന്‍
രക്ഷാമഥ കൃത്വാ ഭരതന്‍ സിന്ധുകരാജ്യേ
വന്ദിച്ചു ജഗന്നാഥനെ നാരായണ! നംബോ!
*(വിത്താദ്യമെടുപ്പിച്ചു സമാര്‍ദ്ധ്യാപയദസ്ത്രാന്‍...എന്നു പാഠഭേദം)

വാസിഷ്ഠനിയോഗേന തുടങ്ങീ ഹയമേധം
നേദിഷ്ഠതുരംഗാലാപനേനാതിഗഭീരം
സ്വാദിഷ്ഠതരാന്നാശനപാനം മുനിപാളീ-
വൃന്ദിഷ്ഠസുരൌഘം ഹരി! നാരായണ! നംബോ!

ലോകത്രയനാഥാനുമതാ സാഗമദാര്യാ-
ലോകം പ്രതി സംപ്രത്യയശീലാഗുണശീലാ
ആനമ്രമുഖീഭൂവിവരം പ്രാപച സീതാ
കോപിച്ചു രഘൂണാം പതി! നാരായണ! നംബോ!

പുത്രാഗമനം കൊണ്ടു ശമിപ്പിച്ചു സ ധാത്രീ-
പുത്രീവിരഹം കിഞ്ചന കര്‍ത്താ മനുജാനാം
യജ്ഞം വിധിവല്‍ ചെയ്തവനക്ഷീണമയോദ്ധ്യാ-
മദ്ധ്യാസ്ത രഘൂണാംപതി നാരായണ! നംബോ!

അംഭോജഭവാജ്ഞാം തടവിക്കൊണ്ടു കൃതാന്തന്‍
സംഭാവിതവിപ്രാകൃതി കൈക്കൊണ്ടു മഹാത്മാ
അംഭോരുഹനേത്രാന്തികമാനമ്യ പറഞ്ഞു
വന്‍പോലിന വാചാ ഹരി! നാരായണ! നംബോ!

മന്ത്രിപ്രവരാണാംതതി ദൂരത്തു വെടിഞ്ഞെന്‍
മന്ത്രങ്ങള്‍ ചെവിക്കൊള്‍ക ദിനേശാന്വയകേതോ!
മന്ത്രാന്തരമദ്ധ്യാഗതനെ കൊല്ലണമിന്നീ
യം കഞ്ചന രാമാ! ഹരി! നാരായണ! നംബോ!

വിപ്രേന്ദ്രഗിരം കേട്ടകലത്താക്കി ജനൌഘം
ആക്കീ നിജസൌമിത്രിയെ വാതുക്കലുദാരം
വിപ്ര! ക്രിയ സര്‍വ്വം നിഗദിയ്ക്കെന്നു വദന്തം
മിത്രാത്മജമൂചേ ഹരി! നാരായണ! നംബോ!

മുപ്പാരിനു കല്‍പദ്രുമമേ! കേള്‍ക്ക ഗിരം നീ
ദിക്പാലരില്‍ മുമ്പുള്ളൊരു വൈവസ്വതനീ ഞാന്‍
പത്മോദ്ഭവവാചാ *ഭഗവാനെദ്ദരിശിപ്പാന്‍
ഇപ്പോള്‍ വരവായിഹ ഹരി! നാരായണ! നംബോ!
*(ഭഗവാനെദ്ദര്‍ശിപ്പാന്‍..എന്നും പാഠഭേദം)

ലക്ഷ്മീപതി നാരായണനാകുന്നതു നീ താ-
നക്ഷീണമഹിമ്നാന്നിധി ജാതോയമിതുര്‍വ്യാം
രക്ഷോവരനാശത്തെ വരുത്തി ക്ഷിതിചക്രം
രക്ഷിപ്പതിനായീ ഹരി! നാരായണ! നംബോ!

മീനായി ഹയഗ്രീവനെ വെന്നീടിനതും നീ
പീനായതകൂര്‍മ്മാകൃതി തേടീടിനതും നീ
ക്ഷോണീവലയം തേറ്റമേലേറ്റീടിനതും നീ
നൂനം നരസിംഹാകൃതി നാരായണ! നംബോ!

ശ്രീവാമനനായ് ഭൂമിയളന്നീടിനതും നീ
മൂവേഴുരു ഭൂപാന്‍ മുടിചെയ്തീടിനതും നീ
ദേവാദികളാലര്‍ത്ഥിതനായിട്ടുടനേഴാ-
മാവിര്‍ഭവമിപ്പോള്‍ ഹരി! നാരായണ! നംബോ!

അന്നന്നു ജഗദ്രക്ഷ വരുത്തീടുവതിന്നാ-
യൊന്നൊന്നിയേ വന്നൂഴിയിലാവിര്‍ഭവമേകും
നിന്നംഗമൊരോന്നേ ജഗതാമീശ്വര! നീണാ-
ളെന്നുള്ളില്‍ വിളങ്ങീടുക നാരായണ! നംബോ!

സല്‍കര്‍മ്മമടുത്തോളമുരയ്ക്കുന്നിതു *വിപ്രര്‍
സ്വര്‍ഗ്ഗത്തില്‍ വസിയ്ക്കുന്നു സുരൌഘങ്ങളുമിപ്പോള്‍
ദിക്ഷുസ്ഥിതി ചെയ്യുന്നവയം ചാപി മഹാത്മന്‍
സ്വര്‍ഗ്ഗത്തിലെഴുന്നെള്ളുക നാരായണ! നംബോ!
*(വിപ്രാ: ...എന്നും പാഠഭേദം)

വൈവസ്വതമന്ത്രാന്തരദൈവപ്രതികൂല്യന്‍
കാലത്തെഴുന്നള്ളീ ബത! ദുര്‍വാസമുനീന്ദ്രന്‍
വിപ്രോത്തമ! തിഷ്ഠ! ക്ഷണമത്രേതി വദന്തം
രാമാനുജമൂചേ ഹരി! നാരായണ! നംബോ!

അന്ത:പ്രതിപശ്യന്തി മഹാന്തോ യമിദാനീം
പ്രത്യക്ഷമമും പശ്യതി സര്‍വ്വോപി ജനോയം
തം ദ്രഷ്ടുമസാദ്ധ്യം മമ യത്കിഞ്ചനരാമം
ഇത്യുക്തമിദം ലക്ഷ്മണ! നാരായണ! നംബോ!

രാമാനുജ! രാമാനനമാലോകിതുമെന്നെ-
പ്പോവാനയയ്ക്കായ്കില്‍ കുലവും നിന്നെയുമിപ്പോള്‍
കോപാനലനില്‍ ചെറ്റു പൊരിച്ചീടുവനീ ഞാന്‍
കാലാനലധാമാ! ഹരി! നാരായണ! നംബോ!

വൃത്രാന്തകവജ്രാദപി ദക്ഷാന്തകശൂലാ-
ദുഗ്രാന്തകപാശാദപി നൈവാത്രഭയം മേ
*വിപ്രോത്തമശാപാദതിദീനോഹമഥാതോ
ഗച്ഛാമി നരേന്ദ്രം ഹരി! നാരായണ! നംബോ!
*(വിപ്രോത്തമശാപാദതിഭീതോഹമഥാതോ..എന്നും പാഠഭേദം)

കാമാദിമതാം കോപമശക്യം മുനിമാര്‍ക്കും
സാമാന്യമടക്കാന്‍ പണിയുണ്ടെന്നുമറിഞ്ഞു
രാമാനുജനും മാമുനിദുര്‍ഗര്‍വ്വമുണര്‍ത്താന്‍
രാമാംഘ്രി വണങ്ങീ ഹരി! നാരായണ! നംബോ!

സര്‍വ്വേശ്വരനേ! കേള്‍ മമ വാക്യം രഘുനാഥാ!
ശര്‍വ്വാംശഭവന്‍ വന്നൂ പുറത്തൂട്ടഥ നിന്നൂ
ഗര്‍വ്വിച്ചു ശപിയ്ക്കുന്നതില്‍ മുമ്പിങ്ങു മുതിര്‍ന്നേന്‍
ദുര്‍വ്വാസസ്സമാമോദയ നാരായണ! നംബോ!

രാമായ നമസ്തേ! രഘുനാഥായ നമസ്തേ!
രാത്രിഞ്ചരപക്ഷപ്രതിപക്ഷായ നമസ്തേ!
ശാഖാമൃഗവൃദ്ധിക്ഷയദക്ഷായ നമസ്തേ!
സീതാപതയേ തേ ഹരി! നാരായണ! നംബോ!

ഇരുപത്തിമൂന്നാം വൃത്തം സമാപ്തം

ഇരുപത്തിനാലാം വൃത്തം
ശ്രീരാമന്റെയും ലക്ഷ്മണന്റെയും സ്വര്‍ഗ്ഗാരോഹണം
(ഓംകാരമായ പൊരുള്‍.... എന്ന മട്ട് )
ചൊല്‍ക്കൊള്ളുമന്തകനെ മന്ത്രിച്ചയച്ചുഴറി
നിഷ്ക്കൈതവം തൊഴുതു ദുര്‍വാസസം മുനിയെ
ചില്‍ക്കാതലിത്ഥമരുളിച്ചെയ്തു ലക്ഷ്മണനൊ-
ടുള്‍ക്കണ്മിഴിച്ചു ഹരി! നാരായണായ നമ:

നമ്മെപ്പിരിഞ്ഞു നടകൊണ്ടു *നടേ ദയിത
നിന്നെ ത്യജിപ്പതിനുമിന്നാരഭേ സപദി
ധര്‍മ്മത്തിനെത്തുമുടനല്ലായ്കില്‍ ബാധ മമ
ധന്യാ! ധരിയ്ക്കയിതു നാരായണായ നമ:
*(നടാടെയിത...എന്ന പാഠഭേദം തെറ്റാണെന്നു തോന്നുന്നു)

സത്യപ്രതിജ്ഞകളെ വേറിട്ടിരിയ്ക്കിലുട-
നെത്തും നമുക്കു നരകം യന്മയാ സപദി
ത്യക്തോസിനീയുമിനിയീ ത്യാഗവും വധവു-
മോര്‍ത്താലഭേദമിതു നാരായണായ നമ:

അക്കാളമേഘനിഭനിത്ഥം പറഞ്ഞളവു
തൃക്കാല്‍ക്കല്‍ വീണു നടകൊള്ളുന്ന ലക്ഷ്മണനെ
വെക്കം കൃതാന്തകനെടുത്തന്തരാ സപദി
സ്വര്‍ഗ്ഗത്തില്‍ വച്ചു ഹരി! നാരായണായ നമ:

വീരന്നെ ലക്ഷ്മണനെ വേറിട്ട മൂലമിഹ
പോരും മഹീതലനിവാസം നമുക്കുമിനി
ശ്രീരാമചന്ദ്രനിതിചിന്തിച്ചു ധാമനിജ-
മാരോഢുമാരംഭത നാരായണായ നമ:

നേരേ കുശലവസുതന്മാര്‍ക്കു നല്‍കി നിജ-
പാരാര്‍ന്ന രാജ്യമഖിലേശന്‍ മഹാവിഭവ-
പൂര്‍ണ്ണാമയോദ്ധ്യയെ വെടിഞ്ഞങ്ങുപോയി സര-
യൂതീരമാപ ഹരി! നാരായണായ നമ:

എല്ലാറ്റിലും വലിയ ചിത്രം നിനയ്ക്കിലിതു
ചൊല്ലാര്‍ന്നയോദ്ധ്യയില്‍ വിളങ്ങും ഗൃഹാവലിക-
ളല്ലാതതൊക്കെ നടകൊണ്ടു മുതിര്‍ന്നരിയ
കല്ല്യാണരാമനൊടു നാരായണായ നമ:

സുഗ്രീവനീലഹനുമല്‍പ്രൌഢവാനരരു-
മുഗ്രേതരാകൃതി തുടര്‍ന്നങ്ങു വന്നരികില്‍
അഗ്രേ വണങ്ങുമളവങ്ങാഞ്ജനേയനുടെ
ജഗ്രാഹ പാണികളെ നാരായണായ നമ:

ശ്രീരാമനിര്‍ഗ്ഗമമറിഞ്ഞൂ വിഭീഷണനു-
മാരാല്‍ വെടിഞ്ഞു നിജലങ്കാപുരീമപി ച
വാരാര്‍ന്ന രാക്ഷസരുമായ് വന്നു വീണു ഭുവി
നാരായണാംഘ്രികളില്‍ നാരായണായ നമ:

ചൊന്നാനണഞ്ഞരികില്‍ വണങ്ങുന്ന വായുസുത-
നന്നേരമാത്മപതിതന്നോടു രാമനൊടു
ഉന്നമ്രകീര്‍ത്തി തടവീടുന്ന രാമ! പുന-
രൊന്നങ്ങു നോക്കു ദിവി നാരായണായ നമ:

ബ്രഹ്മാവു താനിത! വണങ്ങുന്നു വിശ്വജന-
സമ്മോദമേകുവതിനാലോകനേന തവ
അമ്മാമലക്കമനി പുല്‍കും പുരാനുമിത!
സമ്മോദവാനരികില്‍ നാരായണായ നമ:

എണ്ണേറുവോരു പരമാനന്ദവാരിനിധി
തിണ്ണം വളര്‍ന്നു തിരമാലാശതാവലികള്‍
കണ്ണായിരത്തിലുമുദിപ്പിച്ചു വാര്‍ത്തരിയ
വിണ്ണോരില്‍ വീരനിത! നാരായണായ നമ:

വില്ലാളിമാരനുടെ വില്ലോശ വെല്ലുമൊരു
ചില്ലീവിലാസവുമിയന്നുന്നതസ്തനികള്‍
സ്വര്‍ല്ലോകനാരികളിതല്ലോ വസന്തി ദിവി
കല്യാണരൂപിണികള്‍ നാരായണായ നമ:

ദിക്ഷു പ്രസന്നമതിവിദ്യാധരാവലിയു-
*മക്ഷുദ്രഭക്തിയുതഗന്ധര്‍വ്വപാളികളും
അക്ഷീണകാന്തി തടവീടുന്ന യക്ഷഗണ-
ലക്ഷം വിമാനമതില്‍ നാരായണായ നമ:
*(മക്ഷുദ്രഭക്ത്യാമരഗന്ധര്‍വ്വപാളികളും...പാഠഭേദം)

വേദങ്ങള്‍ നാലുമിത! മൂര്‍ത്തീകരിച്ചരികി-
ലാദൌ വിളങ്ങിനൊരു ഗായത്രി താനുമിത!
ആദിത്യചന്ദ്രശിഖിതേജസ്ത്രയങ്ങളിവ
മോദേന വന്നു ഹരി! നാരായണായ നമ:

ഇത്ഥം പ്രഭഞ്ജനസുതന്‍ ചെന്നുണര്‍ത്തുമള-
വത്യാദരേണ പരമൊന്നങ്ങു നോക്കി ദിവി
ബദ്ധാദരം നഭസി വന്ദിച്ചു വാനവരു-
മുത്ഥാനലോചനനെ നാരായണായ നമ:

മുപ്പാരിടത്തിനുമരിഷ്ടങ്ങള്‍ പോക്കുവതിനി-
ബ്ഭൂമി തന്നില്‍ വിലസീടുന്ന കല്പതരു-
ശില്‍പം കലര്‍ന്ന തിരുമൂര്‍ദ്ധാവില്‍ വാനവരും
പുഷ്പങ്ങള്‍ തൂകി ഹരി! നാരായണായ നമ:

കാണായ വിശ്വമിതു ഞാനത്രെയെന്നുമതില്‍
വാണോരു ദേവഗണമെന്നങ്ങുമെന്നുമപി
വാണീമനോവിരചിതം മേ മഹാപദവി
താനെന്നുറച്ചു ഹരി! നാരായണായ നമ:

ചൊല്ലാവതെന്തരിയ കല്യാണവാരിനിധി-
കല്ലോലമാലയിലുദിച്ചോരു രാമശശി
എല്ലാരൊടും സരയുതന്നില്‍ കുളിപ്പതിനു
ചൊല്ലിത്തെളിഞ്ഞു ഹരി! നാരായണായ നമ:

തിങ്ങുന്ന ഭക്തിഭരകീശേശയാതുനരര്‍
മങ്ങാതെ കണ്ടു ഭഗവന്നാമം ചൊല്ലി മുഹു-
രങ്ങാശു വീണു സരയൂനീരിലൊക്കെയവര്‍
മുങ്ങിത്തെളിഞ്ഞു ഹരി! നാരായണായ നമ:

ഉള്ളില്‍ പെരുത്ത തിരുവുള്ളം ധരിച്ചധിക-
വെള്ളക്കപിപ്രവരരുല്ലാസമാര്‍ന്നരിയ
വെള്ളത്തില്‍ വീണു മണിയാനം കരേറിയെഴു-
നള്ളിത്തുടങ്ങി ഹരി! നാരായണായ നമ:

ഒന്നൊന്നിയേ നഭസി പൊങ്ങും വിമാനതതി
തന്നില്‍ തെളിഞ്ഞു വിലസീടുന്ന ദിവ്യജന-
വൃന്ദപ്രഭാപടലപൂര്‍ണ്ണം ജഗത്ത്രിതയ-
മന്നേരമാശു ഹരി! നാരായണായ നമ:

*നീലാരവിന്ദസമനീലാചലേ സപദി
നീലേ സലീലമനുകൂലേ നിലീനവതി
പൌലസ്ത്യവൃത്തിയില്‍ വിചിത്രം ഭവിച്ചു സലി-
ലാദുത്ഭവിച്ചു ശിഖി നാരായണായ നമ:
*(നീലാരവിന്ദസമനീലേ ജലേ സപദി...എന്നു പാഠഭേദം)

തപ്പാതെ രാമപദമുള്‍പ്പൂവിലാക്കി നള-
നപ്പോളിറങ്ങി നദിയില്‍ പോയ്‌ കുളിച്ചളവില്‍
മുപ്പാരിടത്തിലതിശില്‍പം കലര്‍ന്നു സുര-
ശില്പിത്വമാര്‍ന്നു ഹരി! നാരായണായ നമ:

ചൊല്‍ക്കൊണ്ട *നൈരൃതനരാഹ്ലാദിവാനരരു
കൈക്കൊണ്ട ദിവ്യഗതി കണ്ട സുരാദികളു-
മുല്‍ക്കണ്ഠപൂണ്ടിതതിനെക്കൈവരാഞ്ഞവരു
ചില്‍ക്കാതലെത്തൊഴുതു നാരായണായ നമ:

*(നൈരൃതനരാഹ്വാദിവാനരരു..എന്ന പാഠഭേദം തെറ്റാണ്)
ഭക്ത്യാ പദാംബുരുഹമന്‍പോടു കൂപ്പീ നത-
നക്തഞ്ചരാധിപനൊടിത്ഥം പറഞ്ഞു ഹരി
നക്തഞ്ചരേന്ദ്ര! ശൃണു! നിത്യം വിഭീഷണ!
പരിത്രാഹി രാക്ഷസരെ നാരായണായ നമ:

ഇപ്പോള്‍ മുതിര്‍ന്നു ബത! നീ പോരുമാകിലവ-
രെപ്പേരുമേ ഭുവി *വരുത്തും വിനാശമിതി
തത്പാലനായ പുരിയില്‍ പോയിരിയ്ക്കയൊരു
കല്പം സുഖിച്ചു ഹരി! നാരായണായ നമ:
*(വിനാശം വരുത്തുമിതി...പാഠഭേദം)

ഉന്നിദ്രകാന്തി തടവീടുന്ന വായുസുത!
ഖിന്നത്വമെന്തിനിനി നീയും വസിയ്ക്ക ഭുവി
നിന്നാല്‍ ജഗത്തിനു ഭവിയ്ക്കപ്പെടുന്നു സുഖ-
മൊന്നിച്ചു മേലില്‍ ഹരി! നാരായണായ നമ:

ആനന്ദവാനരികില്‍ വീണങ്ങു കൈതൊഴുതു
ധാതാവു ചൊല്ലിയിതു ശ്രീരാമചന്ദ്രനൊടു
ആനന്ദധാമനിജമാരോഹ സൂര്യകുല-
ചൂഡാമണേ! സപദി നാരായണായ നമ:

മാര്‍ത്താണ്ഡവംശതിലകാനുത്തമാം ജഗതി
കീര്‍ത്തിം വളര്‍ത്തി വിലസീടും പരമ്പുരുഷ-
തീര്‍ത്ഥാസ്പദാംഘ്രിയുഗരക്ഷോമഹത്തിമിര-
മാര്‍ത്താണ്ഡ! രാമ! ജയ! നാരായണായ നമ:

ആകണ്ഠമഗ്നകപിവാത്സല്യമേദുരിത-
മാഖണ്ഡലാദിവിബുധശ്രേണി വാഴുമൊരു
വൈകുണ്ഠവാസിജനകോലാഹലം ച ശൃണു!
വൈകുണ്ഠരാമ! ഹരി! നാരായണായ നമ:

അസ്മല്‍പദേഷുനിവസാമി പ്രഭോ! വയമി-
തദ്യൈവജന്മ ബത! സാഫല്യമായി പരം
അദ്യൈവലോചനമുദാരക്ഷമം ഭവതു
സന്ദര്‍ശനേന തവ നാരായണായ നമ:

*തൃക്കാലില്‍ മേവിന നഖവ്രാതചന്ദ്രികയു-
മക്കൂര്‍മ്മരാജസമമാകുന്ന ചേവടിയു-
മക്കേതകീകുസുമമൊത്തോരു ജംഘകളു-
മുള്‍ക്കാമ്പിലാക! മമ നാരായണായ നമ:
*(അക്കാലില്‍.....പാഠഭേദം)

പുത്തന്‍ മഹാപരുവതയ്ക്കങ്ങു നിത്യമുട-
നത്തല്‍പെടുത്തി വിലസീടുന്ന ജാനുവുമി-
തത്തൂണുപോലെ വിലസീടുന്ന തൃത്തുടയു-
മുള്‍ത്താരിലാക! മമ നാരായണായ നമ:

പൊല്‍ത്താര്‍ശരന്മണിരഥത്തോടു സാമ്യമുട-
നെത്തുന്ന ദിവ്യജഘനത്തിന്മേല്‍ മേവിനൊരു
രക്താംബരോപരി വിളങ്ങുന്ന കാഞ്ചികളു-
മുള്‍ത്താരിലാക! മമ നാരായണായ നമ:

അന്നം ജലത്തില്‍ മരുവീടുന്ന പോലെ പുന-
രേകത്ര കല്പമതില്‍ മേവുന്നൊരിത്രിജഗ-
ദാവിര്‍ഭവിപ്പതിനുമാധാരമാമുദര-
മാവിര്‍ഭവിയ്ക്ക! മയി നാരായണായ നമ:

നാഭീസരോജമതില്‍ മേവുന്ന നാന്മുഖനു-
മാതോഷദായിനി മഹാമായികാലയവും
സൌഭാഗ്യലക്ഷ്മി പുണരുന്നോരു മാറിടവു-
മാവിര്‍ഭവിയ്ക്ക! മയി നാരായണായ നമ:

നാലായ കൈകളില്‍ വിളങ്ങുന്ന നിന്മഹിത-
നാലായുധങ്ങളെയുമാലോലഹാരമണി-
മായാവിലാസനെറി ശ്രീവത്സകൌസ്തുഭവു-
മാലോകയാമി  ഹരി! നാരായണായ നമ:

വിദ്യോതമാനമണിനല്‍കുണ്ഡലദ്യുതിഭി-
രുദ്യോതഗണ്ഡമമലസ്മേരമാനനവു-
മദ്വൈത! മേദുരിതപാപാനി മേ ഹരതു
സദ്യോസ്തു ഭദ്രമിഹ നാരായണായ നമ:

കന്മാഷജാലമിടകൂടുന്ന കര്‍മ്മവശ-
ജന്മാദിനാശഗതമാനമ്രലോകരപി*
സമ്മാനിതം തവ കൃപാപൂര്‍ണ്ണലോചനവു-
മെന്‍മാനസേ ലസതു നാരായണായ നമ:
*(ലോകമപി..പാഠഭേദം)

ഇക്കണ്ട വിശ്വഭരണത്തിന്നു പോരുമൊരു
ചില്‍ക്കാതല്‍ചില്ലിയിണയും കുന്തളപ്രഭയും
അര്‍ക്കായുതപ്രഭയൊടൊക്കും കിരീടവു-
മുദിയ്ക്കേണമെന്‍ മനസി നാരായണായ നമ:

കന്മാഷവല്ലരിയെ നിന്മായയേ സപദി
നിര്‍മ്മായവിശ്വമിദമുന്മാദി പോലെയതില്‍
മമ്മാ മറഞ്ഞു വിലസീടും പരന്‍പുരുഷ-
നെന്മാനസേ വസതു നാരായണായ നമ:

ചക്രായുധേ ദിവി പുകഴ്ത്തും വിധൌ ഭരത-
ശത്രുഘ്നഹസ്തയുഗളേ സംഗൃഹീതവതി
മിത്രാന്വയദ്ധ്വജനിജഭ്രാതരൌ ച ദര-
ചക്രങ്ങളായി ഹരി! നാരായണായ നമ:

വൃത്രാന്തകന്നരികില്‍ വന്നങ്ങു നില്‍ക്കുമൊരു
വൃത്രാന്തകാരിജയിനം കാണുമപ്പൊഴുതില്‍
അഗ്രേ പുണര്‍ന്നളവു കിട്ടീതവന്നു ഭുജ-
ഗേന്ദ്രത്വമുദ്രയതു നാരായണായ നമ:

വൈദേഹിതന്നെയുമെടുത്തങ്ങു വന്നരിയ
ഭൂദേവി നല്‍കി പരമാനന്ദരൂപിണിയെ
ആദൌ കൃശാനുഭഗവാനെന്നപോലെ പര-
മോദേന കൈതൊഴുതു നാരായണായ നമ:

ശ്രീരൂപമാളുമതിരൂപാദിസൌന്ദരിയ-
മാലോകിതും വിഷമമെന്നോര്‍ത്തു പുല്‍കുവതി-
നാരാല്‍ മടിച്ചളവില്‍ വാനോര്‍ജ്ജനം പുകഴെ
മാറില്‍ കരേറിയവള്‍ നാരായണായ നമ:

അപ്പക്ഷിരാജനരികെ വന്നു പാര്‍ക്കുമള-
വപ്പോള്‍ ഖഗേന്ദ്രവരകണ്ഠേ  കരേറിനഥ
കല്പദ്രുമം സകലവിശ്വൈകസാക്ഷി പര-
മം പ്രാപധാമ ഹരി! നാരായണായ നമ:

രാമായസൂര്യകുലജാതായകാനനനി-
വാസായ യാതുഹൃതദാരായ വീരകപി-
കാലായ രാവണവിനാശായ വിശ്വജന-
പാലായ തേ പരമനാരായണായ! നമ:

നാരായണായ നരരൂപായ വീരജന-
പാരായണായ പരകാമായ രാമ! നമ:
സീതാമന:കുസുമബാണായ പാണി-
ധൃതബാണാസനായ ഹരി! നാരായണായ നമ:

മാലാറുമാരരിയ രാമായണം കഥയെ
ബാലാദിപോലുമുരചെയ്കില്‍ ത്രിലോകപെരു-
മാളാമവന്‍പരനൊടേകീഭവിപ്പതിനു-
മാളായ് വരുന്നു ഹരി! നാരായണായ നമ:

മീനാമപന്നിനരസിംഹായവാമനമഹാരാമദാശരഥി സീരായുധായ നമ:
കൃഷ്ണായ കൃഷ്ണതനുശുദ്ധായ കല്‍ക്കിവപുഷേ കാരണായ ഹരി! നാരായണായ നമ:

ഇരുപത്തിനാലാം വൃത്തം സമാപ്തം

രാമായണം ഇരുപത്തിനാലുവൃത്തം സമാപ്തം
.........പേജ് 1 (തുടക്കത്തിലേക്ക്)

Part - 3 Christian Churches St. Stephen’s Church (CSI), Mundiyapalli Built in 1867, this is the oldest church of the...