വയലാറിന്റെ കണ്ണില്‍
പെടാത്ത ഗ്രന്ഥങ്ങlളും മനമെത്താത്ത ഭാവനാലോകങ്ങളും ഇല്ലല്ലോ.
അദ്ദേഹത്തിന്റെ ഒരു ഗാനത്തില്‍:
ഗന്ധര്‍വ്വനഗരങ്ങള്‍ അലങ്കരിയ്ക്കാന്‍ പോകും
ഇന്ദുകലേ! സഖി!
ഇന്ദുകലേ!
എന്ന് എഴുതിയിട്ടുണ്ട്. ഭാവന മനോഹരമാണ്. [ നഖങ്ങള്‍ (1974) എന്ന ചിത്രത്തില്‍].
ശതശൃങ്ഗത്തില്‍ വച്ചു പാണ്ഡുവും മാദ്രിയും മരിച്ച ശേഷം, അഞ്ചുമക്കളെയും കുന്തിയെയും ഹസ്തിനപുരത്തില്‍ എത്തിച്ച മഹര്‍ഷിമാര്‍ ‘ഗന്ധര്‍വ്വനഗരങ്ങള്‍ മറയുന്നതു പോലെ മറഞ്ഞു’ എന്നു ‘മഹാഭാരത’ത്തില്‍ (സംഭവപര്‍വ്വം, 126/36-37).
വിചിത്രമായ വാനക്കാഴ്ച കണ്ട്, അതേതോ ലോകത്തു നടക്കുന്ന, ഒരു പക്ഷെ ഗന്ധര്‍വ്വന്മാരുടെ ലോകത്തു നടക്കുന്ന സംഭവമാണെന്നു കരുതി പ്രാചീനഭാരതീയര്‍ ഗന്ധര്‍വ്വനഗരം എന്നു വിളിച്ചു എന്നു തോന്നുന്നു.
മണ്ണിലും വിണ്ണിലും കാണുന്ന പൊയ്‌ക്കാഴ്ചയാണു ഗന്ധര്‍വ്വനഗരം എന്നു പറയാം. പകലും രാവിലും ഇതു കണ്ടവരുണ്ട് എന്നാണു കരുതേണ്ടത്.
സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണു Ripley’s Believe It or Not എന്ന ഗ്രന്ഥം ആദ്യമായി വായിക്കുന്നത്. അപൂര്‍വ്വമായേ അന്ന് അതു കേരളത്തില്‍ ലഭ്യമായിരുന്നുള്ളൂ. വിചിത്രമായ കാര്യങ്ങള്‍ ഏതാനും വാക്യങ്ങളില്‍. ഒപ്പം അതിനു ചേര്‍ന്ന ചിത്രവും വരച്ചു ചേര്‍ക്കും.
അതിലെ ഒരു വിചിത്രവാര്‍ത്ത മറ്റു പലതിനേക്കാളും വിചിത്രമായിരുന്നു.
പുരാതനറോമാനഗരത്തിലെ ജനങ്ങള്‍ ഒരു കാഴ്ച കണ്ട് അമ്പരന്നു. പട്ടാപ്പകല്‍ മാനത്തു പൊരിഞ്ഞ യുദ്ധം. ചട്ടയും തലക്കോരിക (helmet) യും അണിഞ്ഞവര്‍. പരസ്പരം വെട്ടും കുത്തുമുണ്ടെങ്കിലും ഒരു തുള്ളി ചോര താഴെ വീഴുന്നില്ല. പരിക്കേറ്റവരും മരിച്ചവരും താഴെ വീഴുന്നില്ല. ക്രമേണ ആ ദൃശ്യം ആകാശത്തു നിന്നു മാഞ്ഞുപോയി. ഏതോ ഒരു വാനക്കാഴ്ച ദക്ഷിണാഫ്രിക്കയിലും പണ്ടു രേഖപ്പെടുത്തിയിട്ടുണ്ടത്രെ.
കേരളത്തിലെ ഒരു
ഗ്രാമത്തിലെ ഒരു പൂജാരിയുടെ അനുഭവകഥ ഒരു വാരികയില്‍ വന്നിരുന്നു. അദ്ദേഹത്തിന്റെ
വലിയച്ഛന്‍ (പിതാവിന്റെ ജ്യേഷ്ഠന്‍) ഒരു ചെറുക്ഷേത്രത്തില്‍ പൂജാരിയായിരുന്നു.
വലിയച്ഛന്‍ മരിച്ചപ്പോള്‍ ഊഴം ഈ ചെറുപ്പക്കാരന്റെയായി. വെളുപ്പിനു ക്ഷേത്രത്തില്‍
എത്തണം. മൂന്നു മണിക്കു നിര്‍മ്മാല്യപൂജ നടത്തണം. അതിനു വേണ്ടി ക്ഷേത്രത്തിലേക്കു
നടക്കുകയായിരുന്നു. കുറെ ചെന്നപ്പോള്‍ അല്‍പം മുന്നേ ഒരാള്‍ നടന്നു പോകുന്നു.
നിലാവെട്ടത്തില്‍ സൂക്ഷിച്ചു നോക്കി.
കൂനിയുള്ള നടത്തം.. വലിയച്ഛന്‍! സാധാരണയായി ഉടുക്കാറുള്ള അതേ വസ്ത്രം.
പെട്ടെന്നു വലിയച്ഛന്‍ മാഞ്ഞുപോയി.
കുറച്ചു വര്‍ഷം മുമ്പു മനോരമ-ഓണ്‍ലൈനില്‍ ഒരു ലേഖനം വായിച്ചു. പ്രസിദ്ധമന:ശാസ്ത്രജ്ഞനായ ജയിംസ് വടക്കുഞ്ചേരിയുടേതായിരുന്നു എന്നാണോര്‍മ്മ. കല്‍ക്കട്ടയിലെ ഒരു ഫ്ലാറ്റില്‍ കുറെ ചെറുപ്പക്കാര്‍ താമസിച്ചിരുന്നു. ഒരു രാത്രിയില്‍ ശുചിമുറിയിലേക്കു കയറിയ അവരിലൊരാള്‍ ഞെട്ടിപ്പോയി. ശുചിമുറിയില്‍ മുടി ചീകുന്ന ഒരു സ്ത്രീ! അയാള്‍ താമസം മാറ്റി. പിന്നീടു രണ്ടോ മൂന്നോ പേരു കൂടി ഇതേ കാഴ്ച കണ്ടു. അവരും സ്ഥലം വിട്ടു. എന്നാല്‍ ചിലര്‍ ഇതു കണ്ടില്ല. അവര്‍ക്ക് വിശ്വാസവും വന്നില്ല.
ഈ മായക്കാഴ്ച ചഞ്ചലമായ മനസ്സിന്റെ ഒരു കളിയാണോ? ചില അവസരങ്ങളില്‍ (ഉദാ: രാത്രിയില്‍ ഒറ്റക്ക് ഇരിക്കുമ്പോള്‍ അല്ലെങ്കില്‍ ഒറ്റയ്ക്കു രാത്രിയില്‍ വിജനമായ പ്രദേശത്തു കൂടി സഞ്ചരിക്കുമ്പോള്‍) മിഥ്യാധാരണകള്‍, ഭയം, മുത്തശ്ശിക്കഥകളിലെ അമാനുഷകഥാപാത്രങ്ങളെ പറ്റിയുള്ള ഓര്‍മ്മ - ഇവയൊക്കെ, ചില കാഴ്ചകള്‍ കാണുന്നു എന്ന ധാരണയിലേക്കു മസ്തിഷ്കത്തെ എത്തിച്ചേക്കാം. പണ്ടു നാട്ടുമ്പുറങ്ങളില്‍ ‘മാടന്‍ കണ്ണു കെട്ടുക’ എന്നൊരു വിശ്വാസമുണ്ടായിരുന്നു. ഒറ്റയ്ക്കു രാത്രികാലങ്ങളില്‍ കാല്‍നടയായി പോകുമ്പോള്‍ സ്ഥലകാലഭ്രമം അനുഭവപ്പെടും. അതിനാണു മാടന്‍ കണ്ണു കെട്ടുക എന്നു പറഞ്ഞിരുന്നത്. (സംഘടിതമതങ്ങള്‍ എത്തുന്നതിനു മുമ്പു കേരളത്തിലെ പ്രാചീനഗോത്രങ്ങളില്‍ ചിലതിന്റെ ആരാധനാമൂര്‍ത്തികളായിരുന്നു മാടനും ഭാര്യ മാടിയും അറുകൊലയും മല്ലനും മുണ്ടിയനും മറ്റും. ഹിന്ദുമതത്തില്‍ എത്തിയവര്‍ വീണ്ടും അവയെ ആരാധിക്കുമോ എന്നു ഭയന്ന ബ്രാഹ്മണര്‍ അവയെയെല്ലാം ദുര്‍മ്മൂര്‍ത്തികള്‍ എന്നു മുദ്ര കുത്തി). മാനസികാസ്വാസ്ഥ്യം മൂലമുള്ള രക്തസമ്മര്‍ദ്ദമാണ് ഇതിനു കാരണം എന്നു പറയുന്നു. നഗ്നനായി നിന്ന ശേഷം ഉടുതുണിയഴിച്ചു തലയില്‍ മുറുക്കിക്കെട്ടിയാല്‍ മാടന്‍ വിട്ടു പോകും. വിശ്വാസം - അല്ലെങ്കില്‍, തലക്കെട്ടു രക്തചംക്രമണത്തില്‍ വരുത്തുന്ന നേരിയ മാറ്റം – മനോനിലയെ നേരെയാക്കുന്നു എന്നു മന:ശാസ്ത്രജ്ഞര്‍.
നടന്ന സംഭവങ്ങള്‍ പുനരാവിഷ്കരിക്കാന്‍ പ്രകൃതിക്കു കഴിയുമോ? പ്രതിഫലനം രാത്രിയില്‍ ഉണ്ടാവുന്നതെങ്ങനെ?
ഈ കാഴ്ചകള്‍ പ്രത്യക്ഷപ്പെടുകയും മാഞ്ഞുപോവുകയും ചെയ്യുന്നത് എങ്ങനെയാണ്? മാനസികാസ്വാസ്ഥ്യം മൂലമുള്ള വെറും തോന്നലാണോ?. കൂട്ടവെറി (Mass hysteria) ആണെങ്കില്‍ അത് ഇത്ര വിചിത്രമായി ഒരേ രീതിയില്‍ പലയിടത്തും ആവര്‍ത്തിക്കുമോ?
ഏകനായ ഒരാള്‍ ‘വാനക്കാഴ്ച’ കണ്ടാല്‍ അതു തള്ളിക്കളയാം എന്നു വയ്ക്കുക. പലര്‍ ഒരുമിച്ച് ഒരു കാഴ്ച കാണുന്നതോ? എല്ലാ സംഭവങ്ങളും പ്രകൃതിയില്‍ ആലേഖനം ചെയ്യപ്പെടുകയും ചില അനുകൂലാന്തരീക്ഷത്തില്‍ പുനരാവിഷ്കരിക്കപ്പെടുകയും ചെയ്യുന്നുണ്ടോ? ആ പുനരാവിഷ്കാരമാണോ മരിച്ചു പോയവരുടെ ആത്മാക്കളെ കണ്ടു എന്നും മറ്റുമുള്ള അവകാശവാദങ്ങള്‍?
തല്‍ക്കാലം മനസ്സിനെ
പഴിക്കാം. പക്ഷെ, മനസ്സും പ്രകൃതിയും എന്നും പ്രഹേളികകള്‍ ആണ്.
++++++