സന്തോഷസന്താനസന്താനമേ!
ഭാഷാപിതാവായ എഴുത്തച്ഛന്റെ ഭാവനയും പദവിന്യാസവൈഭവവും അത്ഭുതാവഹമായിരുന്നു. ഒരു വാക്കിനു മറുവാക്കു വയ്ക്കാന്‍ പറ്റാത്ത വിധം ഭംഗിയുള്ള പ്രയോഗങ്ങള്‍!
പദവിന്യാസസുഖം ഏറ്റവും അനുഭവപ്പെടുന്നതു സ്തുതികളിലാണ്. അങ്ങനെയുള്ള ഒരു പ്രയോഗമാണു തലക്കെട്ടായി ഇവിടെ ഉപയോഗിച്ചിരിയ്ക്കുന്നത്. രാമായണത്തില്‍ ഒരു തവണയും ഭാഗവതത്തില്‍ രണ്ടു തവണയും ഈ വാക്കു കാണാം - ‘സന്തോഷസന്താനസന്താനമേ’. ശ്രീരാമനെയും വിഷ്ണുവിനെയുമാണ് യഥാക്രമം എഴുത്തച്ഛന്‍ ഇങ്ങനെ സംബോധന ചെയ്തിരിയ്ക്കുന്നത്.
എന്നാല്‍ എഴുത്തച്ഛന്‍ ‘സന്തോഷസന്താനസന്താനമേ!’ എന്നു തന്നെയാണോ എഴുതിയത്? അടുത്തയിടെയായി പ്രസാധനം ചെയ്യപ്പെടുന്ന അദ്ധ്യാത്മരാമായണങ്ങളിലെല്ലാം കാണുന്നത് ഈ രൂപം തന്നെ. വാക്കിന്റെ അര്‍ത്ഥം നോക്കിയാല്‍, ആദ്യത്തെ ‘സന്തോഷം’ ആനന്ദം തന്നെ. അവസാനത്തെ വാക്കായ ‘സന്താനം’ കല്പവൃക്ഷവും. ഇടയ്ക്കുള്ള ‘സന്താന’മോ? ഇതാണു പ്രശ്നം.
അദ്ധ്യാത്മരാമായണത്തില്‍, ബാലകാണ്ഡത്തിലെ അഹല്യാമോക്ഷത്തിലാണ് എഴുത്തച്ഛന്റെ ആദ്യപ്രയോഗം. മഹര്‍ഷി വിശ്വാമിത്രനോടൊപ്പം വനത്തിലേയ്ക്കു പോകുന്ന രാമലക്ഷ്മണന്മാര്‍ വിജനമായ ഗൌതമാശ്രമത്തിനു സമീപത്തെത്തുന്നു. ശിലയായി മാറിയ അഹല്യയുടെ കഥ പറയുന്ന വിശ്വാമിത്രമുനി, ശ്രീരാമപാദസ്പര്‍ശം ഏറ്റാലേ അഹല്യയ്ക്കു, ഭര്‍ത്താവായ ഗൌതമമുനി വിധിച്ച പ്രകാരം പഴയ രൂപം തിരികെക്കിട്ടുകയുള്ളൂ എന്നും അഹല്യ അതിനായി ധ്യാനനിരതയായി ശിലാരൂപത്തില്‍ കഴിയുകയാണെന്നും അറിയിയ്ക്കുന്നു.
നിന്തിരുമലരടിച്ചെന്തളിര്‍പ്പൊടിയേല്‍പ്പാ-
നെന്തൊരു
കഴിവെന്നു ചിന്തിച്ചു ചിന്തിച്ചുള്ളില്‍
സന്താപം
പൂണ്ടുകൊണ്ടു സന്തതം വസിയ്ക്കുന്നു
സന്തോഷസന്താനസന്താനമേ!
ചിന്താമണേ!
(ബാലകാണ്ഡം, വരി 1059-1062)
ഇങ്ങനെയാണു രാമായണങ്ങളില്‍ ഇപ്പോള്‍ കാണുന്നത്.
രാമായണങ്ങളെല്ലാം പണ്ഡിതരുടെ പരിശോധനയ്ക്കു ശേഷമാണ് അച്ചടിയ്ക്കപ്പെടുന്നത്. പരിശോധകന്‍ പല വാക്കുകളുടെയും അര്‍ത്ഥം നല്കാറുണ്ടെങ്കിലും, സ്ഥലപരിമിതിമൂലം കടുപ്പമുള്ള എല്ലാ വാക്കുകളുടെയും അര്‍ത്ഥം നല്‍കുക ദുഷ്കരമാണ്. പല പതിപ്പുകളിലും ‘സന്തോഷസന്താനസന്താനമേ’ എന്ന നീണ്ട വാക്കിന് അര്‍ത്ഥം നല്‍കിയിട്ടില്ല. പണ്ഡിതവരേണ്യനായ ശ്രീ എം. എസ് . ചന്ദ്രശേഖരവാര്യര്‍ പരിശോധിച്ച രാമായണത്തില്‍ ഈ വാക്കു ‘സന്തോഷം തലമുറകളോളം നല്‍കുന്ന കല്പവൃക്ഷമേ!’ എന്നു വ്യാഖ്യാനിച്ചിട്ടുണ്ട്. ‘സന്താനം’ എന്ന വാക്കിനു ‘തലമുറ’ എന്ന അര്‍ത്ഥമാണ് അദ്ദേഹം നല്‍കിയത്. എഴുതിയത് എം.എസ്. ആണെങ്കിലും ഒരു പോരായ്മ ഇവിടെ അനുഭവപ്പെടുന്നുണ്ട്. പ്രസാധകര്‍ നല്‍കിയതു പ്രകാരം അദ്ദേഹം വ്യാഖ്യാനിയ്ക്കാന്‍ ശ്രമിച്ചു എന്നേയുള്ളൂ.
ശ്രീമദ്‌ഭാഗവതത്തില്‍ പാലാഴിമഥന(അഷ്ടമസ്കന്ധം)ത്തിലാണ് രണ്ടു തവണ ഈ വാക്കു കാണുന്നത്. മഹര്‍ഷി ദുര്‍വ്വാസാവിന്റെ ശാപത്താല്‍ ദേവന്മാര്‍ക്കു പിടിപെട്ട ജരയും നരയും മാറിക്കിട്ടാന്‍ അമൃതു വേണം. അതു ലഭ്യമാക്കാന്‍ വൈകുണ്ഠത്തില്‍ എത്തുന്ന ശിവനും ബ്രഹ്മാവും മറ്റു ദേവന്മാരും മഹാവിഷ്ണുവിനെ സ്തുതിച്ചു പ്രസാദിപ്പിയ്ക്കുന്നു:
നിത്യനിര്‍മ്മല!
നിഗമാന്തസാരാര്‍ത്ഥപ്രഭോ!
............................................................
സന്തതം സതാംചിത്താന്തഃസ്ഥിതചിന്താമണേ!
സന്തോഷസന്ദാനസന്താനമേ! നമോസ്തു തേ
അഷ്ടമസ്കന്ധത്തില്‍ തന്നെ (‘കൂര്‍മ്മാവതാര’ത്തില്‍ - ഇതും പാലാഴിമഥനത്തോടു ബന്ധപ്പെട്ടതു തന്നെ), താഴേയ്ക്കു പോയ മന്ദരപര്‍വ്വതത്തെ ഉയര്‍ത്തുന്ന ഭാഗത്തെ വിഷ്ണുസ്തുതിയില്‍:
ഇണ്ടല്‍ തീര്‍ത്തേവം
രക്ഷിച്ചീടുവാനുലകിതില്‍
............................................................
സന്തതം തവ
ചരണാംബുജം നമോ നമ:
സന്തോഷസന്ദാനസന്താനമേ! നമോസ്തു തേ
എന്നു കാണാം.
വിദ്യാരംഭം പ്രസ്സ് (ആലപ്പുഴ) പുറത്തിറക്കുന്ന ഭാഗവതത്തില്‍ ഇപ്പോഴും ഇങ്ങനെ തന്നെ. ഇവിടെ പ്രയോഗത്തിനു ചെറിയ മാറ്റം: നടുവിലുള്ള ‘സന്താനം’ മാറി ‘സന്ദാനം’ ആയി!
ഏതാണു ശരി? പുറംചട്ടയും കുറേ താളുകളുമൊക്കെ കൊഴിഞ്ഞ ഒരു രാമായണത്തിന്റെ പഴയ പ്രതി കിട്ടി. അതിലും ‘സന്ദാനം’ തന്നെ. അപ്പോള്‍ അര്‍ത്ഥവൈകല്യവും മാറി. ‘സന്ദാനം’ എന്നാല്‍ ‘വേണ്ടുവോളം കൊടുക്കല്‍’ എന്നു കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സംസ്കൃതം-മലയാളം നിഘണ്ടുവില്‍. അതായതു, ‘സന്തോഷസന്ദാനസന്താനമേ!’ എന്നു വച്ചാല്‍ ‘സന്തോഷം വേണ്ടുവോളം കൊടുക്കുന്ന കല്പവൃക്ഷമേ!’ എന്നു ശരിയായ അര്‍ത്ഥം. മനോഹരമായ പ്രയോഗം.
തെറ്റു വരുത്തിയത് ആരാണ്? എന്നോ അതു സംഭവിച്ചു എന്നു മാത്രമേ പറയാന്‍ പറ്റൂ. അച്ചുക്കൂടജീവനക്കാരുടെ അശ്രദ്ധ മൂലമോ ഭാഷാബോധമില്ലായ്മ കൊണ്ടോ ‘സന്ദാനം’ മാറി ‘സന്താനം’ ആയി. പരിശോധകന്റെ കണ്ണില്‍ നിന്നു രക്ഷപ്പെട്ട തെറ്റു പിന്നീട് ഇന്നേ വരെയുള്ള പ്രസിദ്ധീകരണക്കാര്‍ക്കെല്ലാം ‘ശരി’യായി മാറി. ‘ഇന്നലെച്ചെയ്തോരബദ്ധം....’!
ഇക്കാലത്തു മലയാളഭാഷാജ്ഞാനം ഒട്ടും ഇല്ലാത്തവരാണു കമ്പ്യൂട്ടറില്‍ ടൈപ്പിംഗ് ജോലി ചെയ്യുന്നത്. കുറഞ്ഞ ശമ്പളത്തില്‍ ഇവരെ കിട്ടുന്നു എന്നതു കൊണ്ടാവാം. പുതിയ തലമുറയിലെ പരിശോധകരാവട്ടെ ഇവരെന്തു ചെയ്യുന്നു എന്നു ശ്രദ്ധിക്കാറുമില്ല. പ്രമുഖപത്രങ്ങളില്‍ പോലും ദിവസം തോറും ധാരാളം തെറ്റുകള്‍ കാണാം. അപ്പോള്‍ പുരാണഗ്രന്ഥത്തിന്റെ കാര്യം പറയണോ? പുരാണപ്രസിദ്ധീകരണം നല്ല വരുമാനമാര്‍ഗ്ഗമാണ് എന്നു മനസ്സിലാക്കിയ പത്രപ്രസിദ്ധീകരണസ്ഥാപനങ്ങളും മറ്റു പല സ്ഥാപനങ്ങളും ഇടവും വലവും നോക്കാതെ കേരളത്തിന്റെ മുക്കിലും മൂലയിലും ധനസന്ദാനസന്താനങ്ങളായ പുരാണങ്ങള്‍ എത്തിച്ചു ബാങ്ക് ബാലന്‍സ് കൂട്ടുന്നു.
ഈ ഒരു വാക്കു മാത്രമല്ല തെറ്റായി അച്ചടിച്ചിരിയ്ക്കുന്നത്. രാമായണകഥയിലെ ‘ഹനൂമാന്‍’, പുതിയ രാമായണങ്ങളില്‍ വെറും ‘ഹനുമാന്‍’ ആണ്. ‘ഹനു’വില്‍ താഡനമേറ്റവന്‍ ‘ഹനൂമാന്‍’. രണ്ടാമത്തെ അക്ഷരത്തിലെ ‘ഊ’കാരം ബിസിനസ്സുകാര്‍ ‘ഉ’കാരമാക്കി. ഹനൂമാന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും ‘ഹനുമാന്‍’ എന്നെഴുതി വച്ചിരിയ്ക്കുന്നതു കാണാം. ദേവസ്വം ജീവനക്കാര്‍ മലയാളവും പുരാണവും മറ്റും അറിഞ്ഞിരിയ്ക്കണമെന്നു നമ്മള്‍ വാശി പിടിയ്ക്കരുതല്ലോ.
ബാലകാണ്ഡത്തില്‍ ‘സുഗ്രീവന്‍തന്നെക്കണ്ടു’ ( സുഗ്രീവനെ കണ്ടു എന്നര്‍ത്ഥം) എന്നതു ‘സുഗ്രീവന്‍ തന്നെ കണ്ടു (സുഗ്രീവന്‍ സ്വന്തരൂപം കണ്ടു എന്നര്‍ത്ഥം മാറി) എന്നാക്കിയ രാമായണങ്ങള്‍ ലഭ്യമാണ്. മുകളില്‍ ഇരിയ്ക്കുന്നവരുടെ മലയാളം ‘കമ്മി’യെങ്കില്‍ താഴെയുള്ള ജീവനക്കാര്‍ പേടിയ്ക്കേണ്ടതില്ലല്ലോ. എല്ലാ കാണ്ഡങ്ങളിലും തെറ്റുകള്‍ സുലഭം. ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിയ്ക്കപ്പെടുന്ന രാമായണങ്ങളാവട്ടെ, വായിയ്ക്കാതിരിയ്ക്കുക തന്നെ നല്ലത്. അവയൊക്കെ സൗജന്യമായി ശേഖരിയ്ക്കാനാവുമെങ്കിലും അബദ്ധപഞ്ചാംഗങ്ങളാണവ. അവ വായിയ്ക്കുന്ന കുട്ടികളുടെ മലയാളം മോശമാവുകയും ചെയ്യും. പ്രമുഖ പ്രസിദ്ധീകരണശാലകളുടെ മലയാളവ്യാകരണഗ്രന്ഥങ്ങളില്‍ പോലും തെറ്റുകള്‍ കടന്നുകൂടുന്നു.
അദ്ധ്യാത്മരാമായണത്തില്‍ മാത്രമല്ല, ഏതു മതഗ്രന്ഥത്തിലും - പദ്യമായാലും ഗദ്യമായാലും - അസംഖ്യം തെറ്റുകള്‍ കാണാം. പ്രസ്സിലെ അച്ചടിജീവനക്കാര്‍ക്കു വഴങ്ങാത്ത ഒന്നാണു സമസ്തപദപ്രയോഗം. ഏറ്റവും കൂടുതല്‍ തെറ്റുകളും സമസ്തപദങ്ങള്‍ ടൈപ് ചെയ്യുമ്പോള്‍ വരുന്നതാണ്. സ്കൂള്‍ വിദ്യാഭ്യാസം ശരിയല്ല എന്നതു തന്നെ തെറ്റുകള്‍ക്കു കാരണം. അടിസ്ഥാനവിദ്യാഭ്യാസം അവിടെയാണല്ലോ.
തുഞ്ചന്റെ
പേരില്‍ തുടങ്ങിയ സര്‍വ്വകലാശാലയ്ക്കു വല്ലതും ചെയ്യാന്‍ കഴിയുമോ, ആവോ? അവരുടെ പ്രസിദ്ധീകരണങ്ങളില്‍
ഇങ്ങനെയുള്ള തെറ്റുകള്‍ ഒഴിവാക്കപ്പെടുമെന്നു പ്രതീക്ഷിയ്ക്കുന്നു. പക്ഷെ, ഈ
സ്ഥാപനത്തിന്റെ കെട്ടിടത്തിന്റെ മുമ്പിലും വെബ്സൈറ്റിലും ‘സര്‍വകലാശാല’ എന്നാണെഴുതി
വച്ചിരിയ്ക്കുന്നത്! ഇവിടെ ചില്ലക്ഷരം കഴിഞ്ഞാല്‍ ഇരട്ടിക്കേണം എന്ന
ഭാഷാപിതാവിന്റെ നിയമം ‘സര്‍വ’കലാശാലയ്ക്കു ബാധകമല്ലായിരിയ്ക്കാം. എഴുത്തച്ഛന്‍
പൊറുക്കട്ടെ.
അനുബന്ധം 01 : 'നല്ല മലയാളം' : താഴെക്കാണിച്ചിരിയ്ക്കുന്ന വെബ്സൈറ്റിലെ കുറിപ്പുകള്‍ വായിക്കുക.