Thursday, March 16, 2023

കൃത്തിവാസരാമായണം – സംക്ഷിപ്തം 05 - സുന്ദരകാണ്ഡം


 

കൃത്തിവാസരാമായണം  സംക്ഷിപ്തം 05

സുന്ദരകാണ്ഡം 

ഹനൂമാന്റെ സമുദ്രലങ്ഘനം

 

സാഗരതീരത്തിരുന്ന് അങ്ഗദാദികള്‍ ചര്‍ച്ച തുടങ്ങി. എങ്ങനെ സമുദ്രം കടക്കും? ആരു കടക്കും? 

പലരും അവര്‍ക്കു ചാടാവുന്നതിന്റെ പരിധി പറഞ്ഞു. അഞ്ചു യോജന മുതല്‍ എണ്‍പതു വരെ. 

ചെറുപ്പത്തില്‍ ഭൂമിയെ ദിവസവും മൂന്നു തവണ വലം വച്ചിരുന്നു ജാംബവാന്‍. മൂന്നു തവണ ജടായുവിന്റെ കൂടെ വിഷ്ണുപാദങ്ങളെയും വലം വച്ചിട്ടുണ്ട്.

ജാംബവാന്‍ പറഞ്ഞു:
എനിക്ക് കഷ്ടിച്ച് അവിടെയെത്താം. തിരികെ വരുവാന്‍ സാധിയ്ക്കുകയില്ല. 

അങ്ഗദന്‍ തയ്യാറാണ്. പക്ഷെ, ഭാവിരാജാവായതിനാലും സങ്ഘത്തലവന്‍ എന്ന നിലയിലും ഒരാള്‍ വേണമെന്നതിനാല്‍ മറ്റുള്ളവര്‍ നിരുത്സാഹപ്പെടുത്തി. 

പെട്ടെന്നു ജാംബവാന്‍ പറഞ്ഞു: വായുപുത്രനായ ഹനൂമാന്‍ ഇവിടെ ഉണ്ടല്ലോ. 

എന്നിട്ട് എല്ലാവരോടുമായി ഹനുമദ്ജനനം വിവരിച്ചു. കുഞ്ജതനയ എന്നൊരു വിദ്യാധരി വിശ്വാമിത്രശാപത്താല്‍  വാനരസ്ത്രീയായി. അവരുടെ മഹാസുന്ദരിയായ മകള്‍ അഞ്ജനയെ വാനരനായ കേസരി വിവാഹം കഴിച്ചു. അഞ്ജനയില്‍ ഭ്രമിച്ച വായുദേവന്‍ അവളെ ബലാല്‍ പ്രാപിച്ചു. പാതിവ്രത്യഭങ്ഗം ഉണ്ടായല്ലോ എന്നവള്‍ ദേഷ്യപ്പെട്ടപ്പോള്‍ വായുദേവന്‍ പറഞ്ഞു: ദേവന്മാരുമായി ബന്ധപ്പെട്ടാല്‍ പാതിവ്രത്യദോഷം വരില്ല1. നിന്റെ മകന്‍ മഹാവീരനാകും. എന്നെക്കാള്‍ വേഗവാന്‍ ആയിരിയ്ക്കും.

പതിനെട്ടാം മാസം അഞ്ജനക്ക് ഒരാണ്‍കുഞ്ഞു പിറന്നു. ജനിച്ച ഉടന്‍ സൂര്യബിംബം കണ്ടു പഴമെന്നു ധരിച്ച് അതു വിഴുങ്ങാന്‍ ആകാശത്തേക്ക് ആ ബാലന്‍ പറന്നു. രാഹുവും ആ സമയത്തു സൂര്യനെ വിഴുങ്ങാന്‍ അടുത്തു. പക്ഷെ, ബാലനെ കണ്ടു പിന്മാറി. രാഹുവില്‍ നിന്ന്‍ ഇതറിഞ്ഞ ഇന്ദ്രന്‍ ബാലനെ തടയാന്‍ ഐരാവതമേറി വന്നു. ബാലന്‍ കൗതുകത്തോടെ ഐരാവതത്തിന്റെ നേര്‍ക്കു തിരിഞ്ഞു. പരിഭ്രമിച്ച ഇന്ദ്രന്‍ വജ്രായുധം പ്രയോഗിച്ചപ്പോള്‍ അതു താടിയില്‍ തട്ടി ബാലന്‍ താഴെ വീണു. താടി(ഹനു)യില്‍ മുറിവേറ്റതിനാല്‍ ഹനൂമാന്‍ എന്നു പേര്. 

ഹനൂമാന്‍ മറ്റൊരു കഥ പറഞ്ഞു. പ്രഭാസവനത്തിലെ മഹര്‍ഷിമാരെ ശല്യം ചെയ്ത ഒരാനയെ എന്റെ അച്ഛന്‍ കേസരി വധിച്ചു. അവര്‍ അനുഗ്രഹിച്ചതിനാല്‍ ഉണ്ടായ മകനാണു ഞാന്‍. 

എന്തായാലും ഹനൂമാനു സ്വന്തം സിദ്ധികളെ പറ്റി ഓര്‍മ്മ വന്നു. 

ഹനൂമാന്‍ പോകട്ടെ എന്നു ജാംബവാന്‍ പറഞ്ഞപ്പോള്‍ മറ്റുള്ളവരും അതു തന്നെ പറഞ്ഞു.

ഹനൂമാന്‍ ലങ്കയിലേയ്ക്കു കുതിക്കാന്‍ ഒരുങ്ങി. ഞാന്‍ ചാടുമ്പോള്‍ കാലിന്റെ താഴേയ്ക്കുള്ള ഊന്നല്‍ കാരണം ഭൂമിയാകെ വിറയ്ക്കും. നമുക്കു മലയപര്‍വ്വതത്തിന്റെ മുകളിലേയ്ക്കു പോകാം. 

പര്‍വ്വതത്തിന്റെ മുകളില്‍ എത്തിയ ഹനൂമാന്‍ തന്റെ ശരീരം വലുതാക്കി. പത്തു യോജന ഉയരം. ചിറകു വച്ച പര്‍വ്വതം മാതിരി. ചുറ്റും നിന്നവരെ വണങ്ങി. ദേവകളെ വണങ്ങി. വായുദേവനെ വണങ്ങി. സീതാരാമന്മാരെ മനസ്സില്‍ ധ്യാനിച്ചു. 

സര്‍വ്വശക്തിയും ആവാഹിച്ചു. 

ഒരു കുതിപ്പ്.

+++++

കുറിപ്പ്:

1 ഈ വാക്യം ചില ആഖ്യാനങ്ങളില്‍ ഇല്ല.


സുരസ, മൈനാകം, സിംഹിക

കുതിപ്പിനൊപ്പം ഒരു വലിയ ശബ്ദവും ഉയര്‍ന്നു. വൃക്ഷങ്ങള്‍ ചുവടറ്റു വീണു. വന്യമൃഗങ്ങള്‍ ഓടിയകന്നു. പക്ഷികള്‍ പറന്നകന്നു. പര്‍വ്വതം പ്രകമ്പനം കൊണ്ടു.

ദേവകള്‍ ഹനൂമാന്റെ പറന്നുയരല്‍ കാണാന്‍ എത്തിയിരുന്നു.

ഹനൂമാന്‍ ദക്ഷിണദിക്കു നോക്കി ലങ്കയിലേയ്ക്കു പറന്നു.

ഹനൂമാനെ പരീക്ഷിയ്ക്കാന്‍ ദേവകള്‍ കശ്യപന്റെ മകള്‍ സുരസയെ അയച്ചു. എല്ലാ നാഗങ്ങളും സുരസയില്‍ നിന്നും ഉണ്ടായതാണ്. സുരസ രാക്ഷസീവേഷം ധരിച്ചു വഴി മുടക്കി. രണ്ടു പേരും ഏറ്റുമുട്ടും എന്ന മട്ടിലാണ്. മത്സരിച്ചു ശരീരങ്ങള്‍ വലുതാക്കി.

ഒടുവില്‍ ചെറിയ രൂപത്തില്‍ സുരസയുടെ വായില്‍ കയറിയ ഹനൂമാന്‍ ചെവിയിലൂടെ പുറത്തു വന്ന ശേഷം നാഗമാതാവിനെ സ്തുതിച്ചു. സ്വന്തരൂപമെടുത്ത സുരസ ഹനൂമാനെ അനുഗ്രഹിച്ചു. ഹനൂമാന്‍ യാത്ര തുടര്‍ന്നു.

സാഗരദേവന്‍1 ഓര്‍ത്തു. രാമന്റെ പൂര്‍വ്വികനായ സഗരന്‍ മൂലമാണു സാഗരമെന്ന പേരു കിട്ടിയത്. പറന്നു വരുന്ന രാമദൂതനെ സഹായിയ്ക്കണം. കടലിന്റെ അടിത്തട്ടിലെ മൈനാകപര്‍വ്വത2ത്തെ വിളിച്ചു സാഗരദേവന്‍ ഹനൂമാനു വിശ്രമിക്കാന്‍ സ്ഥലം നല്‍കാന്‍ ആവശ്യപ്പെട്ടു. മൈനാകം ഉയര്‍ന്നു വന്നു. അതിനു മുകളില്‍ ഹനൂമാനോടു വിശ്രമിക്കാനും കായ്കനികള്‍ കഴിച്ചു കൊള്ളാനും മൈനാകം പറഞ്ഞു.

ഇതു കണ്ട ഇന്ദ്രനു സന്തോഷമായി.

നന്ദിസൂചകമായി ഞാന്‍ നിങ്ങളെ ഒന്നു തൊടാം. അതു കൊണ്ടു തൃപ്തനാകുക. എനിയ്ക്കു രാമദൌത്യം വേഗം തീര്‍ക്കണം, ഹനൂമാന്‍ മൈനാകത്തോടു പറഞ്ഞു. 

ഹനൂമാന്‍ മുന്നോട്ടു പോയി.

ഇന്ദ്രന്‍ മൈനാകത്തെ അനുഗ്രഹിച്ചു. മൈനാകത്തിന്  ഇന്ദ്രകോപത്തില്‍ നിന്ന്‍ എന്നെന്നേയ്ക്കുമായി വിടുതലുമായി.

നിഴലില്‍ പിടിച്ചു ജീവികളെ തിന്നുന്ന സിംഹിക എന്ന രാക്ഷസി ഹനൂമാന്റെ നിഴലില്‍ പിടിച്ചു യാത്ര മുടക്കി.. ചെറുശരീരമെടുത്തു രാക്ഷസിയുടെ ഉള്ളില്‍ കടന്ന ഹനൂമാന്‍ അവളുടെ അകവും പിന്നീടു പുറവും നശിപ്പിച്ച് അവളെ വധിച്ചു. ദേവന്മാര്‍ സന്തോഷത്തോടെ ഇതെല്ലാം കാണുന്നുണ്ടായിരുന്നു.

ഹനൂമാന്‍ മനോഹരമായ ലങ്ക കണ്ടു. അവിടെ, സുബല(സുബേല)പര്‍വ്വതത്തിന്മേല്‍ ഇരുന്നു.

ആരെങ്കിലും തന്നെ കണ്ടാലോ? ശരീരം ചുരുക്കി ചെറുതാക്കി കടല്‍ത്തീരത്ത് ഇറങ്ങി.

സീതയുടെ ഇടതു കണ്ണു തുടിച്ചു. എന്തോ നല്ലതു വരാന്‍ പോകുന്നു.

രാവണന്റെ ഇടതു കണ്ണു തുടിച്ചു. എന്തോ അനര്‍ത്ഥം സംഭവിക്കാന്‍ പോകുന്നു എന്നു രാവണനു മനസ്സിലായി.

ഹനൂമാന്‍ ലങ്കാനഗരി ചുറ്റാനിറങ്ങി. വിസ്മയിപ്പിയ്ക്കുന്ന നഗരം. ഒരു വലിയ കോട്ട കണ്ടു. ഗോപുരവാതിലില്‍ പുലിത്തോലുടുത്ത, കറുത്ത ഒരു ഭീകരരൂപിണി. വാളും വടിവാളും കയ്യില്‍. കണ്ണില്‍ തീ. പുറത്തേക്കിട്ട നീണ്ട നാക്ക്.

മാരുതി ഭയന്നു.

കുറിപ്പ്:

1. വരുണന്‍ എന്നതിനു പകരം പലപ്പോഴും സാഗരം, സാഗരദേവന്‍ എന്നാണു കൃത്തിവാസരാമായണത്തില്‍. 

2. പര്‍വ്വതങ്ങള്‍ക്കു പണ്ടു ചിറകുണ്ടായിരുന്നു. വളരെ ഭാരമുള്ള അവരുടെ പറക്കല്‍ ഭൂമിയുടെ സമതുലനാവസ്ഥയെ ബാധിച്ചു. അപ്പോള്‍ ഇന്ദ്രന്‍ വജ്രായുധം  കൊണ്ടു ചിറകുകള്‍ വെട്ടിക്കളഞ്ഞു. ഹിമവാന്റെ മകനായ മൈനാകപര്‍വ്വതത്തെ വായുദേവന്‍ കടലില്‍ ഒളിപ്പിച്ചു രക്ഷപ്പെടുത്തി. മൈനാകത്തിന്റെ തൊണ്ണൂറ്റിയൊന്‍പതു സഹോദരന്മാരുടെ ചിറകു നഷ്ടപ്പെട്ടിരുന്നു.

3. ഹിന്ദുവിശ്വാസപ്രകാരം പല വസ്തുക്കള്‍ക്കും അധിദൈവങ്ങളുണ്ട്.

 

ചാമുണ്ഡാദേവി, രാവണന്റെ കൊട്ടാരം

വിനീതനായി ഹനൂമാന്‍ ചോദിച്ചു: മഹേശ്വരന്റെ അനുചരിണിയായ ഒരു ദേവിയെ പറ്റി കേട്ടിട്ടുണ്ട്. അത് അമ്മയാണോ?. 

അതെ, ആ രൂപം പറഞ്ഞു. ശിവകാമിനിയായ ചാമുണ്ഡയാണു ഞാന്‍. ഇവിടെ ബ്രഹ്മദേവന്‍ ലങ്ക പണിതു. സംരക്ഷണത്തിന് എന്നെ നിര്‍ത്തി. അയോദ്ധ്യയിലെ സീതയെ അന്വേഷിച്ചു ഹനൂമാന്‍ എന്ന രാമദൂതന്‍ എത്തുമ്പോള്‍ തിരികെ കൈലാസത്തില്‍ പോകാനാവും എന്നാണു മഹേശ്വരന്‍ അനുഗ്രഹിച്ചിരിയ്ക്കുന്നത്. നീ ആരാണ്?എങ്ങനെ കടല്‍ കടന്ന്‍ ഇവിടെ എത്തി?. 

ഞാന്‍ രാമദാസനാണ്. ഹനൂമാന്‍ എന്നു പേര്. വായുദേവന്റെ മകന്‍. സുഗ്രീവന്റെ സുഹൃത്തും. രാമപത്നിയായ സീതാദേവിയ്ക്കുള്ള സന്ദേശവുമായി എത്തിയതാണ്.

ചാമുണ്ഡാദേവിയ്ക്കു സന്തോഷമായി. ഹനുമദ്ദര്‍ശനത്തോടെ ദേവി കൈലാസത്തിലേയ്ക്കു പോയി. ഹനൂമാന്‍ പരിസരവീക്ഷണം നടത്തി നടന്നു. ഇരുട്ടു വീണിരുന്നു. 

ചുറ്റിക്കറങ്ങാന്‍ ഹനൂമാന്‍ പല പല ചെറിയ വേഷങ്ങളുമെടുത്തു. കീരിയുടെ രൂപവും കൈക്കൊണ്ടു. 

ലങ്കയുടെ പ്രതാപവും സൗന്ദര്യവും അവര്‍ണ്ണനീയം. എഴുപതു യോജനയോളം വിസ്തൃതമായ കൊട്ടാരവും പരിസരവും ദീപങ്ങളാല്‍ അലങ്'കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ചെടികളും വള്ളികളും വലിയ തണല്‍മരങ്ങളുമുള്ള പൂന്തോപ്പുകള്‍. കാവല്‍ക്കാര്‍ ഭീകരന്മാരായ അസുരന്മാരും. ഇവരെ എങ്ങനെ വാനരന്മാര്‍ തോല്‍പ്പിയ്ക്കും? 

ഏറ്റവും വലിയ കൊട്ടാരത്തില്‍ കയറി. കാവലിന് ആയുധധാരികളായ അസുരന്മാര്‍. അതു രാവണന്റെ കൊട്ടാരം ആയിരിയ്ക്കണം. അകത്ത്, ഒരു ഭാഗത്തു പുഷ്പകം. തേരാളി വായുദേവനും. അച്ഛനും മകനും പരസ്പരം തിരിച്ചറിഞ്ഞ് അഭിവാദ്യം ചെയ്തു. അത്രമാത്രം. 

ഹനൂമാന്‍ ഉദ്വേഗത്തോടെ ഉള്ളില്‍ ചുറ്റി നടന്നു. അന്തഃപുരത്തിലെ പല മുറികളിലും സുന്ദരിമാര്‍ ഉന്മത്തരാണ്. ചിലര്‍ ഉറങ്ങുന്നു. ചിലര്‍ വിവസ്ത്രരാണ്. ഒരു മുറിയില്‍ രത്നങ്ങള്‍ പതിച്ച സ്വര്‍ണ്ണക്കട്ടിലില്‍ ഒരു കറുത്ത ഭീമന്‍ ഉറങ്ങുന്നു. പത്തു തലകള്‍. ഇരുപതു കണ്ണുകളും അടച്ചുറങ്ങുകയാണ്. ഇതു തന്നെ രാവണന്‍! രാവണനെ ആദ്യമായി കാണുകയാണ്. മുറിയില്‍ മറ്റു സുന്ദരികളും. എല്ലാവരും ഉറക്കമാണ്. 

കട്ടിലില്‍ രാവണന്റെ ഒപ്പം രത്നാഭരണങ്ങളും അണിഞ്ഞ് ഉറങ്ങുന്ന ഒരു സുന്ദരിയും. ഇത്....സീതാദേവിയോ? രാവണനോടു ചേര്‍ന്ന്‍... ഛേ! സര്‍വ്വേശ്വരിയായ സീതാദേവി ഈ അവിവേകം കാണിയ്ക്കുമോ? അല്ല, ഇതു മണ്ഡോദരി1യാണ്. ദേവശില്പി മയന്റെ മകള്‍. ലങ്കയിലെ മഹാറാണി. 

എല്ലാ മുറികളും പരിശോധിച്ചു. രാവണന്റെ മദ്യപാനമുറി കണ്ടു. ഭക്ഷണമുറി കണ്ടു. അവിടെ പക്ഷികളുടെയും മൃഗങ്ങളുടെയും മനുഷ്യരുടെയും മാംസം! എങ്ങും സീതാദേവി ഇല്ല. ദേവിയെ കാണാതെ എങ്ങനെ പോകും? മാസം ഒന്നായിരിയ്ക്കുന്നു.

കണ്ടില്ലെങ്കില്‍ ഇവിടെ പെട്ടതു തന്നെ. അല്ലെങ്കില്‍ തിരികെ പോയി സുഗ്രീവനെ വധിയ്ക്കുക. എന്നിട്ട് അഗ്നികുണ്ഡത്തില്‍ ചാടി...... 

ഹനുമാന്‍ ദുഃഖിതനായി. ഇനി എങ്ങും നോക്കാനില്ല. സമ്പാതി പറഞ്ഞതു ശരിയാണോ? ഹനൂമാന്‍ ഒരു മതിലില്‍ കയറി. അവിടെ നിന്ന്  ഒരു വലിയ വടവൃക്ഷത്തിന്റെ മുകളില്‍ ഇരുന്നു.


അശോകവനം

ഹനൂമാന്‍ വടവൃക്ഷത്തിന്റെ മുകളിലിരുന്ന് എല്ലായിടവും നോക്കി.  ഒരു ഭാഗത്തു മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന പ്രാന്തം. അശോകവനമാണ്. ഒരു രാക്ഷസി ഒരു മരത്തിന്റെ അടുത്തു നില്‍ക്കുന്നു. കയ്യില്‍ ആയുധങ്ങളുണ്ട്. ആ മരത്തിന്റെ ചുവട്ടില്‍ കരയുന്ന ഒരു സുന്ദരീരൂപം. മെലിഞ്ഞ ശരീരം. അസാധാരണമായ തേജസ്‌.

ഇതാണു സീതാദേവി!

വേറെയും കറുകറുത്ത ആയുധധാരികളായ രാക്ഷസികള്‍ സീതാദേവിയ്ക്കു കാവലുണ്ടായിരുന്നു. അതിലൊന്നു ത്രിജട1യായിരുന്നു.

ഹനൂമാന്‍  സൂക്ഷിച്ചു നോക്കി.  ദേവി കരയുകയാണ്.

ഹനൂമാന്റെ കണ്ണു നിറഞ്ഞു. ജഗന്മാതാവായ ലക്ഷ്മീദേവി ബന്ധനസ്ഥയായി ഒരു അശോകമരച്ചുവട്ടില്‍! രാമന്റെ പേരു പറഞ്ഞു കരയുന്നു. ഹനൂമാന്‍ തന്റെ ചെറിയ ശരീരം ഇലച്ചാര്‍ത്തില്‍ ഒളിപ്പിച്ചു സാകൂതം ശ്രദ്ധിച്ചു.

രാത്രിയുടെ രണ്ടാം യാമമായി. രാവണന്‍ റാണിമാരുമായി എത്തി. സീതാദേവി തല കുനിച്ചിരുന്നു. മുഖം രാവണന്‍  കാണരുത്എന്ന കരുതലോടെ .

രാവണന്റെ കാമം ജല്പനങ്ങളില്‍ തെളിഞ്ഞു. പലതും രാവണന്‍ പറഞ്ഞുകൊണ്ടിരുന്നു: രാമനെ മറന്നേക്കൂ. ഞാനും എന്റേതും എല്ലാം നിന്റെയല്ലേ? ഞാനെന്റെ പത്തു തലയും നിനക്കു മുമ്പില്‍ സമര്‍പ്പിയ്ക്കുന്നു. ഞാന്‍ നിനക്ക് ഒരു വര്‍ഷത്തെ സമയം തന്നിട്ടുണ്ട്. ഇനിയും രണ്ടു മാസം കൂടി.

സീതാദേവി സധൈര്യം തല ഉയര്‍ത്തി പറഞ്ഞു: ദുഷ്ടാ, നിനക്കുള്ള രാമബാണം തയ്യാറായിക്കഴിഞ്ഞു. പത്തുമാസമായില്ലേ ഞാനിങ്ങനെ ഇരിയ്ക്കുന്നു? ഇനി കഷ്ടിച്ചു രണ്ടു മാസം കൂടി. അതോടെ നീ യമലോകത്തു ചെല്ലും. രാമന്റെ മുന്നില്‍ നീയാര്? വെറും കുറുക്കന്‍. അല്ലെങ്കില്‍ ഒരു പട്ടി. ഞാന്‍ ശപിച്ചാല്‍ ലങ്കാപുരി ഭസ്മമാകും.

സീത രാവണനെ കണക്കിനു ശകാരിച്ചു.

രാവണന്‍ ദേഷ്യത്തില്‍ സീതയെ കടന്നു പിടിക്കാന്‍ ഒരുങ്ങി2.

മണ്ഡോദരി തടഞ്ഞു. ശാപങ്ങള്‍ മറന്നോ? നിങ്ങള്‍ മരിച്ചു വീഴും. സീതയെ എന്നെ ഏല്‍പിക്കൂ മഠയാ! ഞാനവളെ രാമനു തിരികെ നല്‍കാം.

സീതയെ വശത്താക്കാന്‍ കാവല്‍ക്കാരായ രാക്ഷസികളോടു പറഞ്ഞിട്ടു രാവണനും പെണ്‍കൂട്ടവും മടങ്ങി. ഒരുവള്‍ രാമനെ ചെറുതാക്കി സംസാരിച്ചു. അങ്ങനെയുള്ള രാമന്‍ മതി എന്നു സീത പറഞ്ഞു. പറഞ്ഞതു കേട്ടില്ലെങ്കില്‍ ശൂര്‍പ്പണഖയെ കൊണ്ടുവന്നു പീഡിപ്പിക്കും എന്നു പ്രഭാസ എന്ന രാക്ഷസി പറഞ്ഞു. വജ്രധര എന്നവള്‍ സീതയുടെ മുടി പിടിച്ചു വലിച്ചു. സീത അസഹ്യമായ വേദനയാല്‍ കരഞ്ഞു. രാക്ഷസികളെ അപ്പോഴേ വധിയ്ക്കണമെന്നു ഹനൂമാനു തോന്നി.

സീതയെ ഉപദ്രവിച്ചവരെ ത്രിജട അകറ്റി. രാമനും ലക്ഷ്മണനും സീതാദേവിയെ പുഷ്പകത്തില്‍ കൊണ്ടുപോകുന്നതു ഞാന്‍ സ്വപ്നം കണ്ടു. പിന്നെ ഒരു കറുത്ത സ്ത്രീ രാവണന്റെ കഴുത്തില്‍ കുരുക്കിട്ടു. ലങ്കയ്ക്കു തീയിട്ടു. എന്തൊക്കെയോ അത്യാഹിതം സംഭവിക്കും. സീതയെ ഒന്നും ചെയ്യരുത്. രാക്ഷസികള്‍ ത്രിജടയുടെ കഥ കേട്ടുകൊണ്ടിരുന്നു.

വിഭീഷണപത്നിയായ സരമ സീതയോടു പറഞ്ഞു: രാമനും സീതയും ആരെന്നു ഞങ്ങള്‍ക്കറിയാം. ക്ഷമയോടെ ഇരിക്കൂ. നിങ്ങള്‍ ഒന്നാവും.

സീത സരമയെ അനുഗ്രഹിച്ചു. രാക്ഷസിമാര്‍ അല്‍പം മാറി ത്രിജടയ്ക്കു ചുറ്റുമാണ്.

കുറിപ്പ്:

1. ത്രിജട വിഭീഷണന്റെ മകളാണ് എന്നു ചില കഥകളിലുണ്ട്.

2. സ്ത്രീശാപം ഇവിടെ ആദ്യമായി പരാമര്‍ശിയ്ക്കപ്പെടുന്നു.

 

 സീതാഹനുമദ്സമാഗമം

ഹനൂമാനു സന്തോഷമായി. ഇനി സീതാദേവിയെ കണ്ടു സംസാരിക്കാം. 

ഹനൂമാന്‍ മുകളിലിരുന്നു രാമകഥ പറഞ്ഞു. രാമനാമം ചൊല്ലി. അതു ചൊല്ലിയത് ആരായാലും മുന്‍പില്‍ വരൂ എന്നു സീതാദേവി പറഞ്ഞു. ദേവി മുഖം താഴ്ത്തിത്തന്നെ ഇരുന്നു. 

ഹനൂമാന്‍ വാനരരൂപത്തില്‍ എത്തി സീതാദേവിയെ വന്ദിച്ചു. ദേവിയ്ക്കു സംശയമായി. രാവണന്‍ അയച്ച മായാവിയാണോ? 

ഞാന്‍ ഹനൂമാന്‍. വായുദേവന്റെ മകന്‍. രാമദാസന്‍. അവിടുന്ന് എന്റെ അമ്മയാണ്. 

വിശ്വാസം വരാന്‍ വീണ്ടും രാമചരിതം പറഞ്ഞു. ദശരഥന്‍ മുതല്‍ സീതാപഹരണവും ബാലിവധവും സുഗ്രീവസഖ്യവും വരെ. ഹനൂമാന്‍ ബാലവാനരന്റെ രൂപത്തില്‍ നിന്നു.

അമ്മ എന്നെ മുഖമുയര്‍ത്തി നോക്കൂ. 

സീതാദേവി മുന്നില്‍ നില്‍ക്കുന്ന ബാലവാനരനെ കണ്ടു. ഹനൂമാന്‍ ദേവിയെ നമസ്കരിച്ചു.

നീ രാവണദൂതനല്ലെങ്കില്‍ സ്വന്തം രൂപത്തില്‍ നില്‍ക്കുക. നീ അമരനാകും. അഗ്നിക്കും അസ്ത്രത്തിനും നിന്നെ തൊടാന്‍ കഴിയുകയില്ല. നീ എപ്പോഴും എവിടെയും ആദരണീയനാവും. യുദ്ധം ചെയ്യുമ്പോള്‍ പാര്‍വ്വതീദേവി നിനക്കു രക്ഷകയാവും. 

ഹനൂമാന്‍ സാധാരണവാനരന്റെ രൂപമെടുത്തു. 

ഇതു സീതാദേവി തന്നെ എന്നുറപ്പിയ്ക്കണമല്ലോ!

അവിടുന്ന് ആരാണ്, ഹനൂമാന്‍ ചോദിച്ചു. 

സീത വിഷമത്തിലായി. എങ്കിലും മിഥിലയിലെ രാജകുമാരിയാണെന്നും ശിവചാപം മുറിച്ചു രാമന്‍ വിവാഹം ചെയ്തുവെന്നും പറഞ്ഞു. പിന്നീടു വനവാസത്തെ കുറിച്ചും രാവണന്‍ അപഹരിച്ച ചരിത്രവും പറഞ്ഞു.

സീതയ്ക്കു രാമന്‍ നല്‍കിയ മോതിരം ഹനൂമാന്‍ കൈമാറി. സീത അതു വാങ്ങി പൊട്ടിക്കരഞ്ഞു. 

ഹനൂമാന്‍ പറഞ്ഞു: അമ്മ രഥത്തില്‍ നിന്നു താഴേയ്ക്കെറിഞ്ഞ ഉത്തരീയവും ഞങ്ങള്‍ രാമദേവനു കൈമാറി. അമ്മ വിഷമിയ്ക്കേണ്ട. രാമനും ലക്ഷ്മണനും എന്നെ പോലെയുള്ള ലക്ഷക്കണക്കിനു വാനരന്മാരും ഒരു മാസത്തിനുള്ളില്‍ ഇവിടെയെത്തും. രാവണനെ വധിയ്ക്കും. അമ്മയെയും കൊണ്ട് അയോദ്ധ്യയ്ക്കു പോകും. 

സീത ഹനൂമാന് അഞ്ചു മാമ്പഴങ്ങള്‍ നല്‍കി. ഒന്നു രാമപാദങ്ങളില്‍ വയ്ക്കുക. ഒന്നു ഹനൂമാനും സുഗ്രീവനും പകുത്തു തിന്നാന്‍, ബാക്കി വാനരര്‍ക്ക്. 

വാനരശക്തി കാട്ടാന്‍ ഹനൂമാന്‍ തന്റെ ഭീമമായ രൂപത്തില്‍ എണ്‍പതു യോജന വലിപ്പത്തില്‍ നിന്നു. 

ഹനൂമാന്‍ സീതയെ തോളിലേറ്റി രാമന്റെ അടുക്കല്‍ കൊണ്ടുപോകാം എന്നു പറഞ്ഞു. പരപുരുഷനെ തൊടുന്നതെങ്ങനെ? അതു വേണ്ട എന്നു സീത പറഞ്ഞു. 

സീത ഹനൂമാനെ അനുഗ്രഹിച്ചു: എക്കാലവും രാമദാസനായി വാഴുക. നാലു യുഗങ്ങളിലും ജീവിച്ചിരിയ്ക്കുക.


അടയാളവാക്യം

രാമനാമം ചൊല്ലി സീത ഇവിടെയിരിയ്ക്കുന്നു എന്നു സ്വാമിയോടു പറയുക. ഈ ശരീരത്തില്‍ പ്രാണന്‍ നില നിര്‍ത്തുന്നതു സ്വാമിയെ കാണാന്‍ വേണ്ടിയാണെന്നും പറയുക, സീത ഹനൂമാനോടു പറഞ്ഞു. 

രാമനു കൊടുക്കാന്‍ അടയാളമായി സീത തലയില്‍ ചൂടിയിരുന്ന രത്നാഭരണം നല്‍കി. അനന്തരം, ഹനൂമാന്‍ വീണ്ടും ചെറിയ വാനരനായി. 

അടയാളവാക്യമായി പറയാന്‍ കാട്ടില്‍ വച്ചു രാമനോടൊപ്പം താമസിയ്ക്കുമ്പോള്‍ നടന്ന ഒരു സംഭവം  സീത പറഞ്ഞു.

ഇന്ദ്രപുത്രന്‍ ജയന്തന്‍ കാക്കയുടെ രൂപത്തില്‍ വന്നു സീതയെ കൊത്തി മുറിവേല്പിച്ചു. രാമന്‍ ഭൗമാസ്ത്രമയച്ചു. കാക്ക ഇന്ദ്രസഭയില്‍ അഭയം തേടി. ബാണം പെട്ടെന്നു ബ്രാഹ്മണനായി മാറി ഇന്ദ്രനോടു കാക്കയെ ആവശ്യപ്പെട്ടു.

ഞാന്‍ രാമബാണമാണ്. ലക്‌ഷ്യം നിറവേറ്റണം, ബ്രാഹ്മണന്‍ അറിയിച്ചു. ഇന്ദ്രന്‍ ബാണത്തെ വന്ദിച്ചു കാക്കയെ നല്‍കി. കാക്കയുടെ ഒരു കണ്ണു പൊട്ടിച്ച ശേഷം ബാണം മടങ്ങിയെത്തി. ഇത്ര ശക്തനായ രാമന്റെ പത്നിയാണ് ഇവിടെ അപമാനത്തോടെ കഴിയുന്നത്.

ഹനൂമാന്‍ മനസ്സില്‍ കുറിച്ചു: രാവണനും ഒരടയാളം നല്‍കി വേണം ഇവിടെ നിന്നു മടങ്ങാന്‍. 

വിട പറയും മുമ്പു സീത നല്‍കിയ ഒരു മധുരഫലം ഹനൂമാന്‍ കഴിച്ചു. അത് എവിടെ നിന്നു കിട്ടി എന്നു ഹനൂമാന് അറിയണം. 

അപ്പുറത്ത് അമൃതവനമാണ്. അവിടെ പോയാല്‍ ഇത് ഇഷ്ടം പോലെ കഴിക്കാം. പക്ഷെ, സൂക്ഷിയ്ക്കണം. അവിടെ കാവല്‍ നില്‍ക്കുന്നതു രാക്ഷസന്മാരാണ്, സീത ഉപദേശിച്ചു. 

ഒരു കുരങ്ങനോടു സീത സംസാരിയ്ക്കുന്നതു ചില കാവല്‍ക്കാരികള്‍ കണ്ടിരുന്നു. 

സീത കാണിച്ചു കൊടുത്ത അമൃതവനത്തില്‍ ഹനൂമാന്‍ എത്തി. വലിയ മാമ്പഴത്തോട്ടം. 

ചെറുവാനരനെ അത്ര ശ്രദ്ധിക്കാതെ കാവല്‍ക്കാര്‍ ഉറങ്ങി. വാനരന്‍ ആവുന്നിടത്തോളം മാമ്പഴം ഭക്ഷിച്ച ശേഷം തോട്ടം നശിപ്പിയ്ക്കാന്‍ തുടങ്ങി. കാവല്‍ക്കാരുടെ ആക്രമണം വാനരന് ഏശിയില്ല. പലരും ഹനുമാന്റെ കയ്യാല്‍ കൊല്ലപ്പെട്ടു. സീതാദേവിയ്ക്കു തണലായ മരമൊഴികെ ബാക്കിയെല്ലാം പിഴുതു മറിച്ചു. 

ആരാണെടീ നിന്നോടു കുശലം പറഞ്ഞ ആ കുരങ്ങന്‍?, സീതയുടെ കാവല്‍ക്കാരികള്‍ സീതയോടു ചോദിച്ചു. എതെങ്കിലും മായാവി ആയിരിക്കും സീതയുടെ മറുപടി. 

രാവണന്‍ വിവരമറിഞ്ഞു. 

വാനരനെ പിടിച്ചു കെട്ടാന്‍ ആദ്യം മുരന്‍ എന്നൊരു അസുരനെ അയച്ചു. അവനെ ഹനൂമാന്‍ വകവരുത്തി.

പിന്നെ മന്ത്രി പ്രഹസ്തന്റെ മകന്‍ ജംബുമാലി. അയാളും മുരന്റെ വഴിയെ പോയി. 

ധൂമ്രാക്ഷനും കൂടെ ചില വീരന്മാരുമെത്തി. അവരെ വലിയ പാറയെറിഞ്ഞു രഥത്തോടെ നാമാവശേഷമാക്കി.

പിന്നാലെ എത്തി രാവണന്റെ മകന്‍ അക്ഷ(യ)കുമാരന്‍. അവനും കാലപുരിയില്‍ ചെന്നു.


ഹനൂമാന്‍ രാവണന്റെ മുമ്പില്‍

പിന്നെ വന്നത് ഇന്ദ്രനെ പിടിച്ചുകെട്ടിയ ഇന്ദ്രജിത് എന്ന മേഘനാദന്‍. രാവണന്റെ ഏറ്റവും പരാക്രമിയായ മകന്‍. ഒരസ്ത്രവും ഹനൂമാനെ ബാധിച്ചില്ല. ചില മുറിവുകള്‍ മാത്രം. യുദ്ധം ചെയ്തു ക്ഷീണിതനായ ഇന്ദ്രജിത് പാശാസ്ത്രം എയ്തു. പാശത്താല്‍ ഹനൂമാന്‍ ബന്ധിതനായി. 

ഹനൂമാനു പാശത്തിന്റെ കുരുക്ക് അഴിക്കാമായിരുന്നു. പക്ഷെ, രാവണനെ കാണാന്‍ വേണ്ടി ബന്ധനത്തില്‍ തന്നെ കിടന്നു. രാക്ഷസന്മാര്‍ ഹനൂമാനെ രാവണന്റെ മുമ്പില്‍ കൊണ്ടുപോകാന്‍ വന്നു. ഹനൂമാന്‍ ശരീരഭാരം കൂട്ടി. അസുരന്മാര്‍ക്കു പൊക്കാന്‍ വയ്യാതായി. അവസാനം ഹനൂമാന്റെ ഇങ്ഗിതമനുസരിച്ച് അവര്‍ തോളില്‍ കയറ്റി കൊണ്ടു പോയി. 

രാക്ഷസന്മാരുടെ വസ്ത്രം നനഞ്ഞു. ആഹാ, ദേവകളുടെ സന്തോഷാശ്രുവാണ്, ഒരു അസുരന്‍ പറഞ്ഞു. 

അല്ല, ഞാന്‍ മൂത്രമൊഴിച്ചതാണ്, ഹനുമാന്റെ പ്രതികരണം. 

ഹനൂമാന്‍ ഭാരവും വലുപ്പവും കൂട്ടി. ഏഴു വാതിലുകള്‍ തകര്‍ത്താണു രാവണസഭയില്‍ അവര്‍ ഹനൂമാനെ കൊണ്ടുചെന്നത്. 

സഭയില്‍ ഹനൂമാന്‍ പൃഷ്ഠം തിരിഞ്ഞിരുന്നു.

നീ ആരാണ്? ഇങ്ങനെയാണോ രാജസഭയില്‍ ഇരിയ്ക്കുക?, മന്ത്രി പ്രഹസ്തന്‍ ഹനൂമാനെ തിരിച്ചിരുത്തി. ഇതാണു രാവണചക്രവര്‍ത്തി. അറിയാമോ? 

ഹനൂമാന്‍ പുച്ഛത്തോടെ പറഞ്ഞു: പത്തു തലയും ഇരുപതു കണ്ണുകളുമുള്ള വിചിത്രജീവി. ഇന്ദ്രപുത്രനായ ബാലിയുടെ വാലില്‍ തൂങ്ങിക്കിടക്കുന്നതു കണ്ടിട്ടുണ്ട്. കാര്‍ത്തവീര്യാര്‍ജ്ജുനന്റെ തൊഴുത്തില്‍ ഇതിനെ കെട്ടിയിട്ടിരിയ്ക്കുന്നതും കണ്ടിട്ടുണ്ട്. പിന്നെ പുലസ്ത്യമുനി കെട്ടഴിച്ചു കൊണ്ടുപോയി. 

രാവണന്‍: ആരു പറഞ്ഞിട്ടാണു വന്നത്? സത്യം പറഞ്ഞാല്‍ കെട്ടഴിച്ചു വിടാം. 

ഹനൂമാന്‍: ഒരു മനുഷ്യന്‍ പറഞ്ഞയച്ചതാണ്. 

രാക്ഷസന്മാര്‍ ഹനൂമാനെ പുറത്തു കൊണ്ടുപോയി കെട്ടഴിച്ചു. കഴുത്തില്‍ ഒരു പൂമാലയുമിട്ടു. ഇതു കണ്ട ചില സ്ത്രീകള്‍ പൊട്ടിച്ചിരിച്ചു. ആള്‍ സുന്ദരനാണ്, അവര്‍ കളിയാക്കി. 

അതെ. രാവണന്‍ അയാളുടെ മകളെ വിവാഹം കഴിയ്ക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ സമ്മതിച്ചില്ല. വിവാഹം നടത്താന്‍ എന്നെ പിടിച്ചു കെട്ടി കൊണ്ടുവന്നിരിയ്ക്കയാണ്. വിവാഹം രാജസഭയില്‍ ഉടന്‍ നടക്കും, ഹനൂമാന്റെ മറുപടി. 

ഹനൂമാനെ രാവണസഭയില്‍ തിരികെ കൊണ്ടുവന്നു. 

രാവണന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഹനുമാന്‍ പുച്ഛത്തോടെ മറുപടി നല്‍കി. ഒടുവില്‍ ഭീഷണിയും:

ഞാന്‍ രാമദൂതനാണ്. രാമലക്ഷ്മണന്മാര്‍ വന്നു നിന്നെയും കുംഭകര്‍ണ്ണനെയും വധിക്കും. സീതാദേവിയെ കൊണ്ടുപോകും. എനിയ്ക്കു നിന്നെ നിഷ്പ്രയാസം കൊല്ലാം. അതു ചെയ്യുന്നില്ല. രാമന്റെ  പ്രതിജ്ഞ തെറ്റരുതല്ലോ.


ലങ്കാദഹനം

ക്ഷുഭിതനായ രാവണന്‍ ഹനൂമാനെ വധിയ്ക്കാന്‍ ഉത്തരവിട്ടു.

വേണ്ട, ദൂതനല്ലേ?, വിഭീഷണന്‍ തടുത്തു. തലയിലെ രോമം വടിച്ചു കളഞ്ഞാല്‍ മതി.

പക്ഷെ, ഹനൂമാന്റെ വാലില്‍ തീ കൊളുത്താനാണു രാവണന്‍ ഉത്തരവിട്ടത്.

വാലില്‍ തുണി ചുറ്റുന്തോറും ഹനൂമാന്റെ വാല്‍ വലുതായിക്കൊണ്ടിരുന്നു. ലങ്കയില്‍ കിട്ടാവുന്നിടത്തോളം തുണി ചുറ്റി. എണ്ണയും നെയ്യും ഒഴിച്ചു തീ കൊളുത്തി. സീതാദേവിയുടെ വരത്താല്‍ ഹനുമാനു പൊള്ളലേറ്റില്ല.

ഇതിനിടയില്‍ ഹനൂമാനു നല്‍കിയ ശിക്ഷയെന്തെന്നു രാക്ഷസികളില്‍ നിന്നു സീതാദേവി അറിഞ്ഞു.

ബ്രഹ്മാവു ദേവിയെ ആശ്വസിപ്പിച്ചു: ദേവിയുടെ വരത്താല്‍ ഹനുമാന് ഒരപകടവും  സംഭവിയ്ക്കുകയില്ല.

ഹനുമാന്‍ തന്റെ ശരീരം വളരെ ചെറുതാക്കി. അവിടെ നിന്നു ചാടി. പിന്നെ ലങ്കയില്‍ നെടുകെയും കുറുകെയും സഞ്ചരിച്ചു തീവെയ്പ്പു നടത്തി. അനവധി അസുരര്‍ കൊല്ലപ്പെട്ടു. പക്ഷികളും മൃഗങ്ങളും കൊല്ലപ്പെട്ടു. വിഭീഷണന്‍, കുംഭകര്‍ണ്ണന്‍, രാവണന്‍ എന്നിവരുടെ കൊട്ടാരങ്ങള്‍ തൊട്ടില്ല. കുംഭകര്‍ണ്ണനും രാവണനും രാമന്റെ ഇരയാകേണ്ടവരാണ്.

സീതാദേവി ഇരിയ്ക്കുന്ന ഭാഗത്ത് അഗ്നി പടര്‍ന്നോ എന്നു സംശയം. സീതാദേവിക്ക് ഒരപകടവുമില്ല എന്നു ദേവകള്‍ ഹനൂമാനെ അറിയിച്ചു.

ഹനൂമാന്റെ വീരകൃത്യങ്ങള്‍ സരമ സീതാദേവിയെ അറിയിച്ചു.

അപ്പോള്‍ ഹനൂമാന്‍ അവിടെയെത്തി.

വാലിലെ തീ അണയുന്നില്ല.

സീതയുടെ നിര്‍ദ്ദേശപ്രകാരം ഹനൂമാന്‍ വാലറ്റം വായില്‍ വച്ചു. ഉമിനീരു കൊണ്ടു തീ  കെട്ടു. ആ സമയത്തു മുഖത്തെ രോമം കരിഞ്ഞു. ഹനൂമാനു വിഷമമായി. ഇനി മറ്റുള്ളവര്‍ കളിയാക്കും. അതു സാരമില്ലെന്നും ലോകത്തിലെ എല്ലാ വാനരന്മാരും ഇപ്പോള്‍ മുതല്‍  ഇങ്ങനെ തന്നെ മുഖമുള്ളവരാകുമെന്നും സീത പറഞ്ഞു. അന്നു തന്നെ ലോകത്തെ എല്ലാ മര്‍ക്കടന്മാരും മുഖത്തു രോമം ഇല്ലാത്തവരായി. 

ഹനൂമാന്‍ സീതയോടു വിട ചൊല്ലി: തിരികെ പോയി ശ്രീരാമചന്ദ്രനെ ഉടന്‍ കാണണം. എത്രയും പെട്ടെന്നു രാമനും ലക്ഷ്മണനും സുഗ്രീവനും വാനരപ്പടയുമായി വന്നു രാവണനെ വധിച്ച് അമ്മയെ കൊണ്ടുപോകും. 

ഹനൂമാന്‍ പറന്നുയര്‍ന്ന് അക്കരെയെത്തി. 

അങ്ഗദനും ജാംബവാനും മറ്റു വാനരരും ഹനൂമാനില്‍ നിന്നും സന്തോഷവര്‍ത്തമാനം അറിഞ്ഞു. 

എല്ലാവരും കിഷ്കിന്ധയിലേയ്ക്കു തിരിച്ചു.

കിഷ്കിന്ധയ്ക്ക് അടുത്തുള്ള മധുവനത്തില്‍ കയറി മധുപാനം നടത്തി. സുഗ്രീവന്റെ അമ്മാവന്‍ ദധിമുഖന്റെ നേതൃത്വത്തിലുള്ള മധുവനകാവല്‍ക്കാര്‍ സുഗ്രീവനെ വിവരമറിയിച്ചു.

സുഗ്രീവന്‍ കാര്യം ഊഹിച്ചെടുത്തു. അങ്ഗദനും കൂട്ടരും സീതാദേവിയെ കണ്ടെത്തിയിട്ടുണ്ട്. അതു രാമനോടു പറയുകയും ചെയ്തു. 

വാനരസങ്ഘം രാമന്റെ മുന്നിലെത്തി. 

ഹനൂമാന്‍ എല്ലാവരെയും വണങ്ങി. നടന്നതെല്ലാം രാമനോടു വിസ്തരിച്ചു പറഞ്ഞു. അടയാളവും അടയാളവാക്യവും കൈമാറി. സരമയുടെയും ത്രിജടയുടെയും അനുകൂലഭാവത്തെ പറ്റി പറഞ്ഞു: ദേവി സുരക്ഷിതയാണ്. അങ്ങയുടെ പേരു ചൊല്ലി കരയുകയാണ് അമ്മ. 

രാമന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ധാരയായി ഒഴുകി.

 

വാനരസൈന്യം, വിഭീഷണോപദേശം

രാമന്റെ ദുഃഖം മറ്റുള്ളവരിലേക്കും പടര്‍ന്നു. 

ഹനൂമാനെ രാമന്‍ വളരെയേറെ പുകഴ്ത്തി. അവരുടെ ആത്മബന്ധം കൂടുതല്‍ ഉറച്ചു. 

ഇനി സമയമില്ല. എല്ലാവരും യുദ്ധത്തിനായുള്ള തയ്യാറെടുപ്പു നടത്തി. എണ്ണമറ്റ വാനരപ്പടയ്ക്കൊപ്പം രാമനും ലക്ഷ്മണനും സുഗ്രീവനും അങ്ഗദനും ഹനൂമാനും മറ്റു വാനരപ്രമുഖരും ദക്ഷിണസമുദ്രതീരത്തു ചെന്നു ചേര്‍ന്നു. 

ലങ്കയില്‍, രാവണാദികളുടെ അമ്മ നികഷ1 വിഭീഷണനോടു പറഞ്ഞു: നീ രാവണനെ ഉപദേശിയ്ക്കുക. രാമനെ എതിര്‍ക്കാന്‍ അവനാവില്ല. സീതയെ അപഹരിച്ചതോടെ അവന്റെ തപസ്സിന്റെ ഗുണങ്ങള്‍ കുറഞ്ഞു. ലങ്കയെ രക്ഷിയ്ക്കണം. 

വിഭീഷണന്‍ രാവണന്റെ അടുത്തേയ്ക്കു പോയി. രാവണനെ വന്ദിച്ച് ഇരുന്നു. ജ്യേഷ്ഠനോടു പറഞ്ഞു: സീത വന്നതിനു ശേഷം ഇവിടെയെല്ലാം ദുര്‍നിമിത്തങ്ങളാണ്. ലങ്ക നശിയ്ക്കും. രാമന്‍ അജയ്യനാണ്.

പ്രഹസ്തന്‍ പറഞ്ഞു: ഇവിടെ ഞാനുണ്ട്. ത്രിശിരസ്സുണ്ട്. കുംഭകര്‍ണ്ണന്റെ മക്കളായ കുംഭനും നികുംഭനുമുണ്ട്. അവരൊക്കെ മതി. 

ചുറ്റും നില്‍ക്കുന്നവരുടെ വാക്കു കേട്ടു ജ്യേഷ്ഠന്‍ ഇളകരുത്. സീത നമുക്ക് ഒരു കാളസര്‍പ്പമാണ്. അങ്ങയുടെ നന്മയ്ക്കു വേണ്ടിയാണു ഞാന്‍ പറയുന്നത്. സീതയെ തിരികെ നല്‍കുക. 

വിഭീഷണന്റെ ബുദ്ധിപരമായ മറ്റു പല ഉപദേശങ്ങളും രാവണനെ കോപാകുലനാക്കി. വാളെടുത്തു വെട്ടാനൊരുങ്ങി. പ്രഹസ്തന്‍ അതു തടഞ്ഞു. രാവണന്‍ തറയില്‍ വീണ വിഭീഷണന്റെ നെഞ്ചത്തു ചവിട്ടി.

നിന്റെ ഉപദേശം എനിയ്ക്കു കേള്‍ക്കേണ്ട. നീ ഉടന്‍ ലങ്ക വിട്ടു പോകണം. രാവണന്‍ ആക്രോശിച്ചു. 

ജ്യേഷ്ഠാ, വളരെ വേദനയോടെ ഞാന്‍ പോകുകയാണ്. രാമപാദങ്ങള്‍ തന്നെ എനിയ്ക്കു ശരണം. എന്നോടൊപ്പം പോരുന്നവര്‍ പോരട്ടെ. 

വിഭീഷണന്‍ സഭയില്‍ നിന്നിറങ്ങി. അനിലന്‍, അനലന്‍, ഭീമന്‍, സമ്പാതി എന്നീ അസുരര്‍ വിഭീഷണനൊപ്പം പോയി. 

വിഭീഷണന്‍ അമ്മയോടു വിവരങ്ങള്‍ എല്ലാം പറഞ്ഞു. അമ്മയുടെ ആശീര്‍വാദത്തോടെ ചെന്നു സരമയോടു പറഞ്ഞു: നീ സീതാദേവിയെ ശുശ്രൂഷിച്ചു കഴിയുക. ഞാന്‍ ശ്രീരാമദേവനെ ശരണം പ്രാപിയ്ക്കാന്‍ പോകുകയാണ്. സീതാദേവിയുടെ അനുഗ്രഹം നമുക്കു ലഭിയ്ക്കട്ടെ. 

സരമ വിഭീഷണനു പോകാന്‍ അനുവാദം നല്‍കി. 

വിഭീഷണനും നാല് അനുചരരും ആകാശത്തേയ്ക്കുയര്‍ന്നു യാത്രയായി. 

രാമന്‍ തിരസ്കരിച്ചാലോ? ഏതെങ്കിലും വനാന്തരത്തില്‍ പോയി രാമനെ ധ്യാനിച്ചു കഴിഞ്ഞു കൂടണം. അതായിരുന്നു വിഭീഷണന്‍ ആഗ്രഹിച്ചത്. രാമന്റെ അടുത്തു പോയാല്‍ ദുഷ്കീര്‍ത്തിയും വരും. അനുചരരില്‍  ഒരാള്‍ പറഞ്ഞു: അങ്ങയുടെ ജ്യേഷ്ഠന്‍ കുബേരന്‍ ഹിമാലയത്തില്‍ ഇല്ലേ? നമുക്ക് അങ്ങോട്ടു പോകാം.


കുറിപ്പ്:

1 നികഷ/നികശ, കൈകസി, കേശിനി എന്നീ പേരുകളെല്ലാം രാവണന്റെ അമ്മയുടേതു തന്നെ.


വിഭീഷണന്റെ ശിവദര്‍ശനവും രാമദര്‍ശനവും

കൈലാസത്തില്‍ വാണരുളുന്ന പരമശിവന്‍ പാര്‍വ്വതിയോടു പറഞ്ഞു: വിഭീഷണന്റെ ഉപദേശങ്ങള്‍ രാവണന്‍ ചെവിക്കൊണ്ടില്ല. അപമാനിതനായ അയാള്‍ ജ്യേഷ്ഠനായ കുബേരനെ കാണാന്‍ വരുന്നുണ്ട്. നമുക്കു കുബേരന്റെ അടുത്തു പോകാം. വിഭീഷണനെ രാമന്റെ അടുക്കല്‍ പറഞ്ഞയയ്ക്കണം.

ശിവപാര്‍വ്വതിമാര്‍ കുബേരന്റെ ആസ്ഥാനമായ, ഹിമാലയത്തിലെ അളകാപുരിയില്‍ എത്തി. കുബേരന്‍ അവരെ പൂജിച്ചു സ്വീകരിച്ചു.

വിഭീഷണനും കൂട്ടുകാരും അപ്പോഴേയ്ക്കും അവിടെ എത്തി. ദേവകള്‍ക്കു പോലും ദുര്‍ലഭമായി മാത്രം കാണാന്‍ കഴിയുന്ന ശിവപാര്‍വ്വതിമാരെ കണ്ട വിഭീഷണന്റെ അദ്ഭുതവും സന്തോഷവും അപാരമായിരുന്നു. വിഭീഷണനും അനുചരരും എല്ലാവരെയും നമസ്കരിച്ചു.

വിഭീഷണന്‍ രാവണന്റെ പ്രവൃത്തികള്‍ വിവരിച്ചു. ലങ്കയിലുണ്ടായ അനര്‍ത്ഥങ്ങള്‍ പറഞ്ഞു.

നീ രാമനെ അഭയം പ്രാപിയ്ക്കുക. രാമലക്ഷ്മണന്മാരും സുഗ്രീവനും രാവണാദികളുടെ നിഗ്രഹം നടത്തി സീതാദേവിയുമായി മടങ്ങും. കുബേരന്‍ നിര്‍ദ്ദേശിച്ചു.

രാജാവാകാന്‍ വേണ്ടി ഞാന്‍ കൂറു മാറി എന്നു പലരും പഴിയ്ക്കില്ലേ? രാമന്‍ അഭയം തന്നില്ലെങ്കിലോ?

പ്രഹ്ലാദനെ ആരെങ്കിലും പഴിയ്ക്കുന്നുണ്ടോ?, കൈലാസനാഥന്‍ ചോദിച്ചു. ഹിരണ്യകശിപു മരിച്ചതു മകനായ പ്രഹ്ലാദന്‍ കാരണമല്ലേ? വേനന്‍ എന്ന ചക്രവര്‍ത്തിയെ ഋഷിമാര്‍ ഇല്ലായ്മ ചെയ്തില്ലേ? രാമന്‍ ശ്രീനാരായണനാണ്. ഭക്തവത്സലനാണ്. അദ്ദേഹം നിന്നെ കൈവെടിയുകയില്ല. ജ്യേഷ്ഠന്‍ പറയുന്നതു പോലെ ചെയ്യുക. നിന്റെ പേരിനു കളങ്കം ഉണ്ടാവില്ല..

വിഭീഷണന്റെ സംശയങ്ങള്‍ മാറി. ദേവിയെയും ശിവനെയും വലം വച്ചു തൊഴുത്, കുബേരനെ വന്ദിച്ച്, ശ്രീരാമദേവന്റെ സമീപത്തേയ്ക്കു യാത്രയായി.

ദക്ഷിണതീരത്തു തങ്ങിയ രാമാദികളും വാനരസേനയും സമുദ്രം താണ്ടുന്നതിന്റെ ആലോചനയിലായിരുന്നു. നൂറു യോജനയാണു ദൂരം.

അകലെ നിന്നു വിഭീഷണനെയും അനുചരരെയും കണ്ട ചില വാനരര്‍ അവരെ ആക്രമിയ്ക്കാന്‍ മുതിര്‍ന്നു. സുഗ്രീവന്‍ അവരെ രാമന്റെ മുന്നിലെത്തിച്ചു.

ഇവര്‍ ശത്രുക്കളാവാന്‍ വഴിയില്ലെന്നും വിഭീഷണന്‍ ലങ്കയില്‍ വച്ചു തന്നെ സഹായിച്ച ആളാണ്‌ എന്നും ഹനൂമാന്‍ ശ്രീരാമനോടു പറഞ്ഞു. രാവണനെ ജയിയ്ക്കാന്‍ ഇവരുടെ തുണ വേണ്ടിവരുമെന്നും പറഞ്ഞു.

സാക്ഷാല്‍ ശ്രീനാരായണനെ നേരിട്ടു കാണുക! വിഭീഷണന്‍ രാമനെ സ്തുതിച്ചു. പാദനമസ്കാരം ചെയ്തു. സ്വയം പരിചയപ്പെടുത്തിയ ശേഷം വിഭീഷണന്‍ ആഗമനോദ്ദേശ്യം അറിയിച്ചു.

രാവണന്‍ അയച്ചതാണോ?, രാമന്റെ ചോദ്യം.

അല്ല, പ്രഭോ?, വിഭീഷണന്‍ ഉണര്‍ത്തിച്ചു, അതിലും ഭേദം കലികാലത്തെ ബ്രാഹ്മണനോ കലികാലത്തെ രാജാവോ ആയിരം പുത്രന്മാരുടെ പിതാവോ ആവുകയാണ്

ലക്ഷ്മണനു വിഭീഷണന്‍ പറഞ്ഞത് എന്തെന്നു മനസ്സിലായില്ല.

രാമന്‍ അതിന്റെ പൊരുള്‍ പറഞ്ഞു: ¬ കലികാലത്തെ ബ്രാഹ്മണന്‍ കടമകള്‍ മറന്നു പാപകര്‍മ്മം ചെയ്യാന്‍ മടിയ്ക്കില്ല. കലികാലത്തെ രാജാവിനു പ്രജാക്ഷേമത്തില്‍ താല്‍പര്യമുണ്ടാവില്ല. എത്ര നല്ല പിതാവായാലും ഗുണമില്ലാത്ത ആയിരം പുത്രന്മാരെ കിട്ടിയിട്ട് എന്തു പ്രയോജനം?


സേതുബന്ധനം

ശ്രീരാമന്‍ വിഭീഷണന് അഭയം നല്‍കി കൂടെ കൂട്ടാന്‍ തീരുമാനിച്ചു. ഉപമയായി ശിബി ചക്രവര്‍ത്തി, സ്വന്തം മാംസം കൊടുത്ത്, അഭയം പ്രാപിച്ച പ്രാവിനെ പരുന്തില്‍ നിന്നു രക്ഷിച്ച കഥ പറഞ്ഞു. ശിബി സ്വര്‍ഗ്ഗത്തില്‍ എത്തി. 

വിഭീഷണനെ ലങ്കാരാജാവായി രാമന്‍ അഭിഷേകം ചെയ്തു.

ലങ്കയിലെത്താന്‍ നൂറു യോജന സമുദ്രം കടക്കണമല്ലോ.

അങ്ങയുടെ പൂര്‍വ്വികന്‍ സഗരചക്രവര്‍ത്തിയല്ലേ സാഗരങ്ങള്‍ കുഴിച്ചുണ്ടാക്കിയത്? മൂന്നു ദിവസം വരുണനെ ഉപാസിയ്ക്കൂ. വരുണന്‍ വഴി കാട്ടും, വിഭീഷണന്‍ ഉപദേശിച്ചു.

രാമന്‍ മൂന്നു ദിവസം ഉപവസിച്ചു പൂജ നടത്തി. വരുണന്‍ വന്നില്ല. കുപിതനായ രാമന്‍ ആഗ്നേയാസ്ത്രമെയ്തു1. തീയില്‍ സാഗരജീവികള്‍ ചത്തൊടുങ്ങി. ജലം ചൂടു പിടിച്ചു. വരുണന് ഇരിയ്ക്കപ്പൊറുതിയില്ലാതായി. ഓടിപ്പിടച്ചു വന്നു സാഷ്ടാങ്ഗം വീണു മാപ്പു പറഞ്ഞു. ലങ്കയിലേയ്ക്കു പോകുന്നതിന്റെ കാരണങ്ങളും ഉദ്ദേശ്യവും പറഞ്ഞ രാമന്‍ സമുദ്രം മാറ്റി വഴി തീര്‍ക്കാന്‍ ആവശ്യപ്പെട്ടു.

വരുണന് അതിനു കഴിവില്ല.

പക്ഷെ ഒരു പോംവഴി വരുണന്‍ പറഞ്ഞു കൊടുത്തു. വിശ്വകര്‍മ്മാവിന്റെ മകനായ നളന്‍ എന്ന വാനരന്‍ തൊട്ടാല്‍ എന്തും ജലത്തില്‍ പൊങ്ങിക്കിടക്കും. ലങ്ക വരെ ചിറ കെട്ടാം. രാവണനും മറ്റ് അസുരന്മാര്‍ക്കും അതില്‍ കയറാന്‍ കഴിയില്ല. കയറിയാല്‍ അവര്‍ മരിച്ചു വീഴും. 

വരുണന്‍ സ്തുതിച്ചു മടങ്ങി. രാമന്‍ നളനെ വരുത്തി. സുഗ്രീവന്റെ ഒരു മന്ത്രിയും കൂടിയാണു നളന്‍.

പണ്ടു ഹിമാലയത്തില്‍ ബ്രഹ്മാവു പൂജകള്‍ ചെയ്തിരുന്നു. ദിവസവും ബ്രഹ്മാവു പുതിയ പാത്രങ്ങള്‍ സൃഷ്ടിക്കും. കാലത്ത്, പൂജ കഴിഞ്ഞു പാത്രങ്ങളും പൂക്കളും  മറ്റും നളന്‍ ഗങ്ഗാനദിയില്‍ ഇട്ടു സ്ഥലം വൃത്തിയാക്കുമായിരുന്നു. അതില്‍ സന്തോഷിച്ചു ബ്രഹ്മാവു നല്‍കിയ വരമാണ് നളന്‍ തൊടുന്നതെല്ലാം വെള്ളത്തില്‍ പൊങ്ങിക്കിടക്കും എന്നത്.

വാനരന്മാര്‍ കൊണ്ടു വരുന്ന കല്ലുകളും മരങ്ങളും നളന്‍ തൊട്ടു. അവ കടലില്‍ പൊങ്ങിക്കിടന്നു. ഹനൂമാന്‍ കൊണ്ടു വന്ന വന്‍പാറകളും മലകളും നളന്‍ ലാഘവത്തോടെ ഇടതു കയ്യില്‍ വാങ്ങി. ഇതു ഹനൂമാനു നീരസമായി. രാമന്‍ ഇടപെട്ടു പ്രശ്നം ഒഴിവാക്കി.

ചിറയിലെ വിടവുകളില്‍ മണല്‍ ഇടാന്‍ അണ്ണാറക്കണ്ണന്മാരും ഒത്തു ചേര്‍ന്നു. ശരീരം നനച്ച ശേഷം മണ്ണില്‍ ഉരുളും. ആ മണ്ണു ചിറയില്‍ വീഴ്ത്താന്‍ ചിറയില്‍ പോയി ഉരുളും. അതിനും ഹനൂമാന്‍ എതിരായിരുന്നു. അപ്പോഴും രാമന്‍ ഇടപെട്ടു. രാമന്‍ അവയെ അനുഗ്രഹിച്ചു.

ചിറയുടെ നീളം കൂടിയപ്പോള്‍ ഹനൂമാനും കൂട്ടരും ലങ്കയില്‍ നിന്നു കൂടി മരങ്ങളും പാറകളും എത്തിച്ചു.

ചിറയുടെ മേലെ ഇടയ്ക്കിടെ കൂടാരങ്ങള്‍ പണിതു. രാമനും മറ്റും ഇടയ്ക്കു വേണമെങ്കില്‍ ഒന്നു വിശ്രമിക്കാന്‍.

ഒരു മാസം കൊണ്ടു ചിറ നൂറു യോജനയും പണി തീര്‍ത്തു.


കുറിപ്പ്:

1 അദ്ധ്യാത്മരാമായണത്തില്‍ രാമന്‍ അമ്പെയ്യുന്നില്ല.അതിനു മുമ്പു വരുണന്‍ വന്നു കാല്‍ക്കല്‍ വീഴുന്നു.

 

രാമന്‍ ലങ്കയില്‍, ഭസ്മലോചനവധം

ചിറയുടെ പണി തീര്‍ത്ത നളനെ ശ്രീരാമന്‍ അനുഗ്രഹിച്ചു.

അവരെല്ലാം ലങ്കയിലേയ്ക്കു യാത്ര തിരിച്ചു.

ചിറയുടെ തുടക്കത്തില്‍ രാമന്‍ നിന്നു. ഇഷ്ടദേവനായ കൈലാസനാഥനെ പൂജിച്ചു പ്രീതിപ്പെടുത്തണം. രാവണന്‍ ശിവഭക്തനാണ്. നളനോട് ഒരു ശിവക്ഷേത്രം പണിയാന്‍ പറഞ്ഞു. നളന്‍ പെട്ടെന്നു ക്ഷേത്രം നിര്‍മ്മിച്ചു1. വെള്ളത്താമരപ്പൂക്കള്‍ക്കായി രാമന്‍ ഹനുമാനെ നിയോഗിച്ചു. നിമിഷനേരം കൊണ്ടു ഹനൂമാന്‍ ഹിമാലയത്തില്‍ പോയി കുബേരന്റെ ഉദ്യാനത്തില്‍ നിന്ന്‍ ആയിരം പൂക്കള്‍ കൊണ്ടുവന്നു.

രാമന്‍ ശിവപൂജ തുടങ്ങി. ശിവന്‍ പ്രത്യക്ഷപ്പെട്ടു.

അവര്‍ പരസ്പരം നമിച്ചു.

ഞാന്‍ ഭജിയ്ക്കുന്നത് അങ്ങയെ ആണ്. അങ്ങ് എന്നെ എന്തിനു പൂജിയ്ക്കുന്നു?, ശിവന്‍ ആശ്ചര്യത്തോടെ ചോദിച്ചു.

അങ്ങെന്റെ ഇഷ്ടദേവതയാണ്. എന്നെ അനുഗ്രഹിക്കണം. രാമന്‍ വിനീതനായി പറഞ്ഞു.

രാവണന്‍ ശിക്ഷ അര്‍ഹിയ്ക്കുന്നു എന്നു പറഞ്ഞ ശിവന്‍ സര്‍വ്വവിജയങ്ങളും നേര്‍ന്നു മറഞ്ഞു.

രാമപ്പടയുടെ ലങ്കായാത്ര തുടങ്ങി.

ഹനൂമാന്‍ വഴികാട്ടിയായി മുന്നില്‍. തൊട്ടു പിന്നില്‍ രാമന്‍, ലക്ഷ്മണന്‍, സുഗ്രീവന്‍, അങ്ഗദന്‍. പിറകില്‍, ക്രമത്തില്‍ മറ്റുള്ള പ്രമുഖരും പടയും. പാതിരയോടെ അവര്‍ ലങ്കയുടെ തീരത്തെത്തി.

വാനരന്മാരുടെ ശബ്ദകോലാഹലങ്ങള്‍ കേട്ട രാക്ഷസര്‍ രാവണനെ വിവരം അറിയിച്ചു. രാമന്‍ എത്തിയിരിയ്ക്കുന്നു!

ശത്രുവിനെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ രാവണന്‍ ഭസ്മലോചനന്‍ എന്ന അസുരനെ പറഞ്ഞയച്ചു. അവന്റെ ദൃഷ്ടി വീഴുന്ന വസ്തുവോ അതിന്റെ നിഴലോ പ്രതിബിംബമോ ഭസ്മമായി പോകും.

ചുറ്റും മറച്ച രഥത്തിലാണു ഭസ്മലോചനന്‍ വന്നത്. അകലെ നിന്നു തന്നെ വശങ്ങള്‍ മറച്ച രഥം വിഭീഷണന്‍ കണ്ടു. ആളെ മനസ്സിലായി. വളരെ അപകടകാരിയായ അസുരന്‍. ഭസ്മലോചനന്റെ സിദ്ധികള്‍ വിഭീഷണന്‍ രാമനോടു പറഞ്ഞു.

രാമനും സൈന്യവും ശരിയായി തമ്പടിച്ചിട്ടു കൂടിയില്ല. അതിനു മുമ്പേ രാവണന്റെ ഒന്നാമത്തെ അടവ്.

ഇവനെ എങ്ങനെ നേരിടും?, രാമന്‍ ചോദിച്ചു.

വിഭീഷണന്‍ ഉപായം പറഞ്ഞു കൊടുത്തു: അവന്‍ മറകള്‍ മാറ്റുന്നതിനു മുമ്പു ദിവ്യാസ്ത്രങ്ങള്‍ കൊണ്ടു രഥത്തിനു ചുറ്റും കണ്ണാടികള്‍ സ്ഥാപിയ്ക്കുക. മറ നീക്കി നമ്മെ നോക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ അവന്‍ ആദ്യം കാണുന്നത് അവന്റെ സ്വന്തം രൂപമായിരിക്കും.

രാമന്‍ ഝടുതിയില്‍ ബ്രഹ്മാസ്ത്രങ്ങള്‍ എയ്തു രഥത്തിനു ചുറ്റും  കണ്ണാടികള്‍ തീര്‍ത്തു. അസുരന്‍ അതറിഞ്ഞില്ല. ശത്രുവിനെ കാണാന്‍ മറ നീക്കിയപ്പോള്‍ ഭസ്മലോചനന്‍ കണ്ടതു കണ്ണാടികളിലെ സ്വന്തം രൂപങ്ങള്‍. അതോടെ അവന്‍ കത്തി ചാമ്പലായി.

രാക്ഷസന്മാര്‍ക്കു ഭയമായി. അജയ്യനായ ഭസ്മലോചനനെ ഭസ്മമാക്കാന്‍ കഴിവുള്ള ശത്രു!

ഒന്നാം വട്ടപ്പോരില്‍ രാമന്‍ ജയിച്ചിരിയ്ക്കുന്നു.

കുറിപ്പ്:

1. ഈ സ്ഥലമാണു രാമേശ്വരം എന്നു പല രാമായണങ്ങളിലും പറയുന്നു. എന്നാല്‍ കൃത്തിവാസരാമായണത്തിന്റെ വിവര്‍ത്തനങ്ങളില്‍ അങ്ങനെ പറയുന്നില്ല.


സുന്ദരകാണ്ഡം സമാപ്തം


No comments:

Post a Comment

Part - 3 Christian Churches St. Stephen’s Church (CSI), Mundiyapalli Built in 1867, this is the oldest church of the...