Skip to main content

കൃത്തിവാസരാമായണം – സംക്ഷിപ്തം 04 - കിഷ്കിന്ധാകാണ്ഡം

 


കൃത്തിവാസരാമായണം  സംക്ഷിപ്തം 04 
കിഷ്കിന്ധാകാണ്ഡം 

സുഗ്രീവസമാഗമം 

സുഗ്രീവനെ കാണാന്‍ രാമലക്ഷ്മണന്മാര്‍ ഋശ്യമൂകപര്‍വ്വതത്തിലേയ്ക്കു നടന്നു. 

സഹോദരനായ ബാലിയെ സദാ ഭയന്നിരുന്ന സുഗ്രീവനും മന്ത്രിമാരായ ഹനൂമാന്‍, നളന്‍, നീലന്‍, ജാംബവാന്‍, ഗവാക്ഷന്‍ എന്നിവരും ദശരഥപുത്രന്മാരെ ദൂരെ കണ്ടു.

രണ്ടു താപസവേഷധാരികള്‍. കയ്യില്‍ ചാപബാണങ്ങള്‍. ബാലി പറഞ്ഞയച്ചതാണോ ഇവരെ എന്നു സുഗ്രീവനു സംശയം. അന്വേഷിച്ചറിയാന്‍ ഹനൂമാനെ അവരുടെ അടുക്കലേയ്ക്കയച്ചു.

ഹനൂമാന്‍ മുനിവേഷത്തിലെത്തി രാമനോടും ലക്ഷ്മണനോടും പറഞ്ഞു:

വാനരരാജാവായ സുഗ്രീവന്റെ മന്ത്രിയാണ്. അദ്ദേഹത്തിനു നിങ്ങളുമായി മൈത്രി വേണം. രാജകുമാരന്മാരെ പോലെയിരിയ്ക്കുന്ന നിങ്ങളാരാണ്‌?

ലക്ഷ്മണന്‍ പരിചയപ്പെടുത്തല്‍ നടത്തി. കാനനയാത്രയെ പറ്റിയും രാവണന്റെ സീതാപഹരണത്തെ പറ്റിയും ഹനൂമാനോടു പറഞ്ഞു. ഒരു ദിവ്യന്‍ പറഞ്ഞതു പ്രകാരം സുഗ്രീവനെ കാണാന്‍ വന്നതാണ്. 

വാനരരാജാവായ ബാലി ( വാലി എന്നും സംസ്കൃതത്തില്‍ എഴുതാറുണ്ട്) യുടെ സഹോദരനാണു സുഗ്രീവന്‍. രാജ്യവും പത്നി രുമയെയും ബാലി തട്ടിയെടുത്തു. നിങ്ങളുടെ സഹായത്താല്‍ സുഗ്രീവനു വീണ്ടും രാജാവാകാന്‍ സാധിയ്ക്കും. ഹനൂമാന്‍ പറഞ്ഞു. 

വിവരങ്ങള്‍ കൈമാറിയ ശേഷം ഹനൂമാന്‍ പോയി സുഗ്രീവനുമായി മടങ്ങി വന്നു. രാമന്‍ നാരായണാവതാരമാണെന്നു ഹനൂമാന്‍ സുഗ്രീവനെ ധരിപ്പിച്ചിരുന്നു.

ഹനൂമാന്‍ സ്വന്തരൂപമെടുത്ത് അഗ്നി ജ്വലിപ്പിച്ചു. അഗ്നിസാക്ഷിയായി പരസ്പരം സഹായിയ്ക്കാമെന്നു രാമനും സുഗ്രീവനും വാക്കു കൈമാറി.

രാവണന്റെ തേരില്‍ സീതാദേവിയെ കണ്ടുവെന്നും സീതയെറിഞ്ഞ ആഭരണവും  ഉത്തരീയവും കയ്യിലുണ്ടെന്നും സുഗ്രീവന്‍ അറിയിച്ചു. പക്ഷെ അതു സീതയാണെന്നോ രാവണന്‍ എങ്ങോട്ടാണു പോയതെന്നോ അറിയില്ല. ആഭരണങ്ങളും ഉത്തരീയവും കൊണ്ടുവന്നു കാണിച്ചപ്പോള്‍ രാമന്‍ ദുഃഖിതനായി നിലത്തു വീണു.

ബാലിയെ ഭയന്ന് ഇവിടെ ഋശ്യമൂകാചലത്തില്‍ താമസിയ്ക്കുകയാണ്. ബാലി എന്നെ അപമാനിച്ചു. സുഗ്രീവന്‍ പരാതി പറഞ്ഞു. 

ബാലിയെ വധിച്ചു നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്തു തരാമെന്നു രാമന്‍ ഉറപ്പു നല്‍കി. 

സുഗ്രീവന്‍ ജ്യേഷ്ഠനുമായുള്ള പിണക്കത്തിന്റെ കഥ വിവരിച്ചു:

ഋക്ഷരാജന്‍1 എന്ന വാനരരാജാവിന്റെ മക്കളാണു ബാലിയും സുഗ്രീവനും. ബാലി മഹാശക്തിമാനും പരാക്രമിയുമായിരുന്നു. വായുവിനെക്കാള്‍ വേഗം. പിതാവിന്റെ മരണശേഷം രണ്ടു പേരും ചേര്‍ന്നു രാജ്യം ഭരിച്ചു. ഒരിയ്ക്കല്‍ മായാവി, ദുന്ദുഭി എന്ന രണ്ട് അസുരന്മാര്‍ പോത്തുകളായി ആക്രമിയ്ക്കാന്‍ വന്നു. ആദ്യം നേരിടാന്‍ വന്നതു മായാവി ആയിരുന്നു. ബാലിയും സുഗ്രീവനും അവനെ ഓടിച്ചു. അവന്‍ ഒരു ഗുഹയില്‍ കയറി. സുഗ്രീവന്‍ വിലക്കിയിട്ടും ബാലി, ഗുഹാദ്വാരത്തില്‍ സുഗ്രീവനെ കാവല്‍ നിര്‍ത്തിയിട്ട്, ഗുഹയില്‍ അവന്റെ പിന്നാലെ പോയി. 

ഒരാണ്ടോളം ഗുഹാമുഖത്തു സുഗ്രീവന്‍ നിന്നു. കുറെ ശബ്ദങ്ങള്‍ ഗുഹയ്ക്കുള്ളില്‍ നിന്നു കേട്ടു. ബാലി കൊല്ലപ്പെട്ടുവെന്നു സുഗ്രീവന്‍ കരുതി. മായാവി പുറത്തു വരാതെയിരിയ്ക്കാന്‍ ഒരു വലിയ പാറയെടുത്തു ഗുഹയുടെ വായടച്ചിട്ടു സുഗ്രീവന്‍ കൊട്ടാരത്തിലേയ്ക്കു മടങ്ങി. 

എല്ലാവരും സുഗ്രീവനെ നിര്‍ബ്ബന്ധിച്ചു രാജാവാക്കി. ബാലിയ്ക്കു വേണ്ടി മരണാനന്തരകര്‍മ്മങ്ങളും ചെയ്തു. കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാലി തിരികെ എത്തി. സുഗ്രീവന്‍  ചതിച്ചു എന്നു ബാലി കരുതി. സുഗ്രീവനെ കൊല്ലാനും തീരുമാനിച്ചു. സുഗ്രീവന്‍ അനുചരരോടൊപ്പം കിഷ്കിന്ധയില്‍ നിന്നു രക്ഷപ്പെട്ടു. 

പിന്നീടു ദുന്ദുഭി പോരിനു വന്നു.

ആദ്യം ബാലി അവനോടു ക്ഷമിച്ചു.

അവന്‍ വിട്ടില്ല. പിന്നെ മല്ലയുദ്ധമായി. ബാലി അവനെ കൊമ്പില്‍ പിടിച്ച് ആകാശത്തിലേയ്ക്കെറിഞ്ഞു. നിലത്തു വീണു ദുന്ദുഭി മരിച്ചപ്പോള്‍, ബാലി അവന്റെ മൃതദേഹം കാലു കൊണ്ടു തോണ്ടിയെറിഞ്ഞു. അതു ചെന്നു വീണത് ഒരു യോജന ദൂരെ, ഈ മലയില്‍ ഉണ്ടായിരുന്ന മതങ്ഗമുനിയുടെ ആശ്രമത്തിനു സമീപമായിരുന്നു. കുപിതനായ മഹര്‍ഷി ശപിച്ചു: എറിഞ്ഞവന്‍ ആരായാലും ഇവിടെ വന്നാല്‍ മരിയ്ക്കും. ദൂരെ നിന്നു ബാലി മഹര്‍ഷിയെ വണങ്ങിയെങ്കിലും മഹര്‍ഷിയ്ക്കു മനം മാറ്റമുണ്ടായില്ല. 

അതാണു ഞാന്‍ ഇവിടെ വരാന്‍ കാര്യം. സുഗ്രീവന്‍ പറഞ്ഞു.

ഒറ്റ ബാണം കൊണ്ടു ബാലി മരിച്ചില്ലെങ്കില്‍ പിന്നെ എന്റെ കാര്യം പറയേണ്ട, സുഗ്രീവന്‍ ഓര്‍മ്മിപ്പിച്ചു. 

അവിടെക്കിടന്ന ദുന്ദുഭിയുടെ മൃതശരീരം രാമന്‍ പെരുവിരല്‍ കൊണ്ട് ആയിരം യോജന ദൂരേയ്ക്ക് എറിഞ്ഞു. സുഗ്രീവനു തൃപ്തിയായില്ല. 

ബാലിയുടെ ശക്തി ബോധിപ്പിക്കാന്‍ സുഗ്രീവന്‍ രാവണന്റെ കഥ പറഞ്ഞു.

സന്ധ്യാവന്ദനത്തിനു കടലില്‍ പോയ ബാലിയെ രാവണന്‍ പിന്നില്‍ നിന്ന്  ആക്രമിയ്ക്കാന്‍ ശ്രമിച്ചു. ബാലി രാവണനെ വാലില്‍ കുരുക്കി. ബാലി കടലില്‍ മുങ്ങുമ്പോള്‍ രാവണനു ശ്വാസം മുട്ടും. നാലു കടലുകളില്‍ സന്ധ്യാവന്ദനകര്‍മ്മമുണ്ട്. അത്രനേരം രാവണന്‍ പീഡനം അനുഭവിച്ചു. തിരികെ കൊട്ടാരത്തില്‍ വന്ന ബാലി, പരിഹാസ്യനായ രാവണനോടു ദയ തോന്നി പറഞ്ഞു വിട്ടു. 

പിന്നെ സുഗ്രീവന് ഒരു മനംമാറ്റം: ശ്രീരാമാദേവാ! അങ്ങു കിഷ്കിന്ധയില്‍ മദ്ധ്യസ്ഥനായി പോവുക. ബാലിയുടെ വൈരം തീര്‍ന്നാല്‍ ഞങ്ങള്‍ക്ക് ഒന്നിയ്ക്കാം. രാവണനെയും സീതയേയും അങ്ങയുടെ മുമ്പില്‍ ഞങ്ങള്‍ ഉടന്‍ എത്തിയ്ക്കാം. 

സുഗ്രീവന്റെ ഈ നിര്‍ദ്ദേശം രാമനു സ്വീകാര്യമല്ലായിരുന്നു: ഞാന്‍ വാക്കു പാലിക്കാന്‍ ബാദ്ധ്യസ്ഥനാണ്. ബാലിവധം നടക്കും. നിനക്കു രാജ്യവും നല്‍കും. 

അവിടെ നിന്ന ഏഴു പനകള്‍ ചൂണ്ടി, അത് ഒറ്റ അമ്പു കൊണ്ടു മുറിക്കാമോ എന്നു സുഗ്രീവന്‍ ചോദിച്ചു. അതു ചെയ്യാന്‍ കഴിവുള്ള ആളിനു ബാലിയെ കൊല്ലാന്‍ കഴിയും. രാമന്‍ അങ്ങനെ ചെയ്തു. അമ്പു തിരികെ അരയന്നരൂപത്തില്‍ പറന്നു വന്നു തൂണീരത്തില്‍ വീണു.

സുഗ്രീവന്റെ എല്ലാ സംശയങ്ങളും മാറി. രാമനു ബാലിയെ വധിയ്ക്കാന്‍ കഴിയും.

കുറിപ്പ്:

1. 
ബ്രഹ്മാവിന്റെ നെറ്റിയിലെ തിലകത്തില്‍ നിന്നും ജനിച്ചതാണ് ഋക്ഷരാജന്‍. പേര് അക്ഷയന്‍ എന്നും ചില കഥകളിലുണ്ട്. വാനരകുലത്തിലെ നടപ്പനുസരിച്ചു ബാലി മരിച്ചാല്‍ ബാലിയുടെ പത്നി താര പട്ടമഹിഷിയായി തുടരണം. അതിനായി കുറെ നാള്‍ അവര്‍ സുഗ്രീവപത്നിയായി. സുഗ്രീവന്‍ കിഷ്കിന്ധ വിട്ടപ്പോള്‍ ബാലിയ്ക്കു താരയെ തിരികെ കിട്ടി.

2. ഹനുമാന്‍ഹനൂമാന്‍ - പഴയ കാലത്തെ പണ്ഡിതര്‍ ഹനൂമാന്‍ എന്നാണ് എഴുതിയിരുന്നത്. എഴുത്തച്ഛനും. ഹനുമാൻ തെറ്റല്ല. ഹനൂമാന്‍ കൂടുതല്‍ സ്വീകാര്യം. 

 

ബാലിസുഗ്രീവയുദ്ധം

ബാലിയെ പോരിനു വിളിയ്ക്കാന്‍ സമയമായി. 

സുഗ്രീവനും മന്ത്രിമാരും  രാമനും കിഷ്കിന്ധാനഗരിയുടെ ഗോപുരവാതില്‍ക്കല്‍ എത്തി. സുഗ്രീവന്‍ ബാലിയെ വെല്ലു വിളിച്ച് അലറി. ബാക്കിയുള്ളവര്‍ മറഞ്ഞു നിന്നു. രാമന്‍ ശരം തൊടുക്കാന്‍ തയ്യാറായി നിന്നു. 

വലിയ കോപത്തോടെ ബാലി ഇറങ്ങി വന്നു. മഹായുദ്ധമായി. കൊടുത്തതിനേക്കാള്‍ കൂടുതല്‍ സുഗ്രീവനു കിട്ടി. സുഗ്രീവന്‍ തളര്‍ന്നു. ബാലിയ്ക്കു വേണമെങ്കില്‍ സഹോദരനെ കൊല്ലാമായിരുന്നു. അതു ചെയ്തില്ല. 

സുഗ്രീവന്‍ പലായനം ചെയ്തു ഋശ്യമൂകത്തില്‍ തിരികെ വന്നു. ഇനി കണ്ടാല്‍ നിന്നെ കൊല്ലും, ബാലി പിന്നില്‍ നിന്ന്‍ ആക്രോശിച്ചു. രാമനും വാനരശ്രേഷ്ഠരും ഋശ്യമൂകത്തില്‍ എത്തി. 

കൊട്ടാരത്തില്‍ എത്തിയ ബാലിയുടെ മനസ്സിന്റെ ഒരു കോണില്‍ ഒളിച്ചിരുന്ന സഹോദരസ്നേഹം ഉണര്‍ന്നോ? പരിക്കേറ്റ സുഗ്രീവനെ ഓര്‍ത്തു ബാലി ദുഃഖിച്ചു. 

സുഗ്രീവന്‍ രാമനോടു വളരെ നീരസത്തോടെ സംസാരിച്ചു. തളര്‍ന്നപ്പോഴും ബാണമെയ്തില്ല. 

നിങ്ങള്‍ യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ ആരാണു സുഗ്രീവന്‍ എന്നു തിരിച്ചറിയില്ല. അടുത്ത തവണ അതുണ്ടാവില്ല. ബാലിയെ വധിയ്ക്കും. രാമന്‍ ഉറപ്പു നല്‍കി. 

വീണ്ടും പോരിനു പോകാന്‍ തീരുമാനിച്ച് ഏഴു പേരും കിഷ്കിന്ധയ്ക്കു തിരിച്ചു. രാമന്‍ ലക്ഷ്മണനെ കൊണ്ട് ഒരു പൂമാല ഉണ്ടാക്കിച്ചു. സുഗ്രീവനെ തിരിച്ചറിയാന്‍ അതു സുഗ്രീവന്റെ കഴുത്തിലിട്ടു. 

ഗോപുരസമീപം ചെന്നു സുഗ്രീവന്‍ ബാലിയെ വെല്ലുവിളിച്ചു. 

ചാടിപ്പുറപ്പെടാന്‍ തുടങ്ങിയ ബാലിയെ താര തടഞ്ഞു. അരുത്. എന്തോ ചതിയുണ്ട് ഇതില്‍. തോറ്റോടിയ ഒരാള്‍ വീണ്ടും  വരണമെങ്കില്‍ ശക്തമായ പിന്തുണ കാണണം. അയോദ്ധ്യയിലെ ദശരഥന്റെ പുത്രന്മാരായ രാമനും ലക്ഷ്മണനും സുഗ്രീവനൊപ്പം ഉണ്ടെന്നു ഞാനറിഞ്ഞു. രാമന്‍ അങ്ങയെ ഇല്ലാതാക്കിയേക്കാം. സുഗ്രീവനോടു ക്ഷമിയ്ക്കുക. ഇവിടെ കൊണ്ടു വന്നു രണ്ടു പേരും ചേര്‍ന്നു രാജ്യം ഭരിയ്ക്കുക. രാമന്‍ സൂര്യചന്ദ്രന്മാരെ പോലും ഇല്ലാതാക്കും. 

താരേ, സുഗ്രീവനോടു പൊറുക്കില്ല. എന്നെ ചതിച്ചു ഗുഹയിലടച്ചു രാജാവായി. നിന്നെയും കുറെനാള്‍ സ്വന്തമാക്കി. ധര്‍മ്മിഷ്ഠനായ ദശരഥചക്രവര്‍ത്തിയുടെ മഹാധര്‍മ്മിഷ്ഠനായ മകനാണു രാമന്‍. അദ്ദേഹം എന്നെ എന്തിനു കൊല്ലണം? അദ്ദേഹത്തിന് എന്നോടു ശത്രുതയില്ലല്ലോ. ഏതായാലും നീ പറഞ്ഞ സ്ഥിതിയ്ക്കു ഞാന്‍ സുഗ്രീവനെ കൊല്ലുകയില്ല. പിടിച്ചുകെട്ടി ഇവിടെ കൊണ്ടുവരും.. 

ബാലി സുഗ്രീവനെ എതിരിട്ടു. ക്ഷീണം ഇത്തവണയും സുഗ്രീവനു തന്നെ. സുഗ്രീവന്‍ പരിക്കേറ്റു ബോധശൂന്യനായി നിലംപതിച്ചു. രാമന്‍ ഭൗമാസ്ത്രം തൊടുത്തുവിട്ടു. 

ജ്വലിച്ചു പാഞ്ഞ ബാണം ബാലിയുടെ നെഞ്ചില്‍ തറച്ചു. 

ബാലി നിലത്തു വീണു.


താരാശാപം

അമ്പേറ്റു വീണ മാനിന്റെ അടുത്തേയ്ക്കു വേടന്‍ ചെല്ലുന്നതു പോലെ, രാമന്‍ ബാലിയുടെ അടുത്തേയ്ക്കു ചെന്നു. 

നിലത്തു വീണ ബാലി രാമനെതിരെ അതിരൂക്ഷം വാഗ്ശരമെയ്തു: ധര്‍മ്മിഷ്ഠനായ ദശരഥന്റെ അധര്‍മ്മിയായ പുത്രാ! ഇതു നീ എന്തിനു ചെയ്തു? വാനരനായ എന്റെ മാംസവും ഒരു ശരീരഭാഗവും ഭക്ഷണയോഗ്യമല്ലല്ലോ.......... ഒളിയമ്പ് എയ്ത നീ രഘുവംശത്തിനു കളങ്കമാണ്. ഒറ്റ ദിവസം കൊണ്ടു രാവണനെയും സീതയേയും ഞാന്‍ നിന്റെ മുന്നില്‍ കൊണ്ടുവരികില്ലായിരുന്നോ? സുഗ്രീവനു രാവണനെ ഒന്നും ചെയ്യാന്‍ പറ്റുകയില്ല......... എനിയ്ക്കു സുഗ്രീവന്‍ ശത്രുവല്ല. ഞങ്ങള്‍ക്കിടയില്‍ വന്നു നീ എന്തിന് ഈ അധര്‍മ്മം ചെയ്തു 

വളരെ നീണ്ട ഭര്‍ത്സനം കേട്ട ശേഷം രാമന്‍ ശാന്തനായി മറുപടി പറഞ്ഞു:

ബാലീ, നീ ഈ ശിക്ഷക്ക് അര്‍ഹനാണ്. എന്റെ മിത്രത്തിന്റെ ശത്രു എന്റെയും ശത്രുവാണ്. സഹോദരഭാര്യയെ സ്വന്തമാക്കിയവനാണ്. പാപിയാണ്. ഞാന്‍ നിന്റെ പാപങ്ങള്‍ നീക്കിയിരിയ്ക്കുന്നു. ഇന്ദ്രന്റെ പുത്രനായ നിനക്ക് ഇപ്പോള്‍ ദേവരൂപത്തില്‍ അമരാവതിയിലേയ്ക്കു മടങ്ങാം. എന്റെ അനുഗ്രഹമുണ്ട്. 

ബാലി ശാന്തനായി. ശ്രീനാരായണനാണു മുമ്പില്‍ നില്‍ക്കുന്നത്. ബാലി ക്ഷമാപണം നടത്തി. സുഗ്രീവനെ രാജാവാക്കാനും സുഗ്രീവനെയും അങ്ഗദനെയും താരയെയും പരിരക്ഷിയ്ക്കാനും ബാലി രാമനോട് അപേക്ഷിച്ചു. 

അലമുറയിട്ടു കരഞ്ഞു കൊണ്ടു താര അങ്ഗദനോടൊപ്പം എത്തി. ബാലിയോടു പറഞ്ഞു:

 എന്റെ വാക്കു കേട്ടിരുന്നെങ്കില്‍.....ഒരു കുറ്റവും ചെയ്യാത്ത അങ്ങയ്ക്ക് ഈ വിധി വരുമായിരുന്നോ? ഞാനും അങ്ഗദനും ഇനി എന്തു ചെയ്യും? സുഗ്രീവന്റെ രാജ്യമോഹമല്ലേ ഇതിന്റെയെല്ലാം കാരണം? എനിയ്ക്കിനി ജീവിച്ചിരിയ്ക്കേണ്ട. 

താരയും മകനും പൊട്ടിക്കരഞ്ഞു. ലക്ഷ്മണന്റെ കണ്ണുകള്‍ പോലും ഈറനണിഞ്ഞു. ഹനൂമാന്‍ നിസ്സങ്ഗതയോടെ ഇതെല്ലാം നോക്കി നിന്നു. 

താരയുടെ കോപം രാമന്റെ നേരെയായി: കാരുണ്യവാന്‍ എന്നല്ലേ രഘുവംശജനായ നീ അറിയപ്പെടുന്നത്? എന്തിന് ഈ വിധി നീ എനിയ്ക്കു തന്നു? മരണദുഃഖം എന്തെന്നു നിനക്കും അറിയാമല്ലോ. ബാലി ഒരു കുറ്റവും ചെയ്തില്ലല്ലോ? നീ ബാലിയെ ഒളിയമ്പ് അയച്ചു കൊന്നില്ലേ? 

താര രൂക്ഷമായി രാമനെ ശകാരിച്ചുകൊണ്ടിരുന്നു. ഒടുവില്‍ പറഞ്ഞു: ബാലി നിന്നെ ശപിച്ചില്ലല്ലോ രാമദേവാ! എന്നാല്‍ ഞാന്‍ ഇതാ ശപിയ്ക്കുന്നു. സീതയെ നിനക്കു തിരിച്ചുകിട്ടിയാലും വീണ്ടും നീ അവളെ വേര്‍പിരിയും. സീതയെ ഓര്‍ത്തു ദുഃഖിച്ചു ശിഷ്ടജീവിതം കഴിക്കും. വരും ജന്മത്തില്‍ നീ എന്റെ പതിയുടെ ഒളിയമ്പേറ്റു മരിയ്ക്കുകയും ചെയ്യും1 . 

വേണ്ട താരേ, ബാലി ഇടപെട്ടു. ശ്രീരാമനെ ഇങ്ങനെ വിഷമിപ്പിയ്ക്കരുത്. സീതാദേവിയെ കൊണ്ടുപോയതു രാവണന്‍. മരണശിക്ഷ എനിക്കും. ഇതു വിധിയാണ്. 

കുറിപ്പ്: 

1. ത്രേതായുഗത്തിലെ ശാപപ്രകാരം  ബാലി ദ്വാപരയുഗത്തില്‍  ജരന്‍ എന്ന (जरा )വേടനായി ജനിയ്ക്കുന്നു. കൃഷ്ണനെ മാനെന്നു കരുതി അമ്പെയ്യുന്നു. (കലിയുഗത്തിന്റെ തുടക്കം അന്നു തൊട്ടാണ്). കൃഷ്ണാനുഗ്രഹത്താല്‍, ഉടന്‍ അവിടെ വന്ന വിമാനത്തില്‍ വേടന്‍ സ്വര്‍ഗ്ഗത്തില്‍ എത്തുന്നു.


ബാലിമോക്ഷം, സുഗ്രീവാഭിഷേകം

ബാലി സുഗ്രീവനെ അടുത്തേയ്ക്കു വിളിച്ചു: നീ രാജ്യം ഭരിയ്ക്കണം. ഞാന്‍ അങ്ഗദനെ നിന്റെ കയ്യില്‍ ഏല്‍പിയ്ക്കുന്നു. അവന്‍ ഇനി നിനക്കു മകനാണ്. 

ബാലിയുടെ കഴുത്തില്‍ ഇന്ദ്രന്‍ നല്‍കിയ മാല ഉണ്ടായിരുന്നു. ശ്രീരാമന്റെ അനുവാദത്തോടെ ബാലി അതു സുഗ്രീവന്റെ കഴുത്തിലിട്ടു. 

അങ്ഗദനെ അടുത്തു വിളിച്ചു പറഞ്ഞു: സുഗ്രീവനെ പിതാവായി കരുതുക. എന്തിനും സുഗ്രീവനൊപ്പം ഉണ്ടായിരിയ്ക്കണം. ധര്‍മ്മനിഷ്ഠ ഒരിയ്ക്കലും കൈവെടിയരുത്. 

ബാലി ജീവന്‍ വെടിഞ്ഞു. 

ആകാശത്ത് ഇന്ദ്രദേവന്‍ അയച്ച വിമാനം കാണാറായി. അതു മെല്ലെ താണിറങ്ങി. ബാലിയുടെ ശരീരത്തില്‍ നിന്നുയര്‍ന്ന ദേവരൂപം വിമാനത്തിലേയ്ക്കു കയറി. ഒരിയ്ക്കലും പരാജയമറിഞ്ഞിട്ടില്ലാത്ത ബാലി എന്ന മഹാശക്തനായ വീരപരാക്രമിയുടെ  സംഭവബഹുലമായ ജീവിതത്തിനു സമാപനമായി. 

വീണ്ടും കരഞ്ഞുകൊണ്ടിരുന്ന താരയോടു ഹനൂമാന്‍ സാന്ത്വനവാക്കുകള്‍ പറഞ്ഞു. സുഗ്രീവനെ രാമനും ആശ്വസിപ്പിച്ചു. 

ഹനുമാനും സുഗ്രീവനും ബാലിയുടെ സംസ്കാരച്ചടങ്ങുകള്‍ യഥാവിധി നടത്തിച്ചു. രാമലക്ഷ്മണന്മാര്‍ തങ്ങളുടെ വാസസ്ഥലത്തേയ്ക്കു പോയി. 

സുഗ്രീവനെ രാജാവാക്കി അഭിഷേകം ചെയ്യാന്‍ രാമന്‍ നിര്‍ദ്ദേശിച്ചു. സുഗ്രീവനെ രാമന്‍ ഉപദേശിച്ചു: സുഗ്രീവാ, താര മഹാരാജ്ഞി തന്നെയായിരിയ്ക്കും. അവരുടെ ഉപദേശങ്ങള്‍ കേള്‍ക്കണം. അങ്ഗദനെ യുവരാജാവായി അഭിഷേകം ചെയ്യണം. 

അഭിഷേകത്തിനു മുമ്പു ശ്രീരാമപൂജ നടത്താന്‍ സുഗ്രീവന് ആഗ്രഹമുണ്ടെന്നു ഹനൂമാന്‍ രാമനെ അറിയിച്ചു. 

നഗരത്തിലേയ്ക്കു ഞാനില്ല, രാമന്‍ പറഞ്ഞു. ഞാന്‍ വനവാസിയായി ജീവിയ്ക്കാമെന്നു പിതാവിനു വാക്കു കൊടുത്തു. മറ്റു തരത്തിലുള്ള ജീവിതം എനിയ്ക്കു നിഷിദ്ധമാണ്. അഭിഷേകം കഴിഞ്ഞു രാജ്യപരിപാലനം നടത്തുക. ശ്രാവണം വന്നു. മഴ തുടങ്ങും. ഭരണം നടക്കട്ടെ. 

മഴക്കാലം തീരും വരെ നാലു മാസത്തോളം അങ്ങനെ പോകട്ടെ എന്നായിരുന്നു രാമന്റെ തീരുമാനം. അതു കഴിഞ്ഞു വാനരസഹായത്തോടെ സീതാന്വേഷണം പുനരാരംഭിയ്ക്കാം. 

മാല്യവാന്‍ പര്‍വ്വതത്തില്‍ രാമന്‍ ലക്ഷ്മണനോടൊപ്പം കഴിഞ്ഞു കൂടി. 

സുഗ്രീവന് അഭിഷേകകര്‍മ്മം നടത്തിയതു താരയായിരുന്നു. അങ്ഗദന്‍ യുവരാജാവുമായി. സുഗ്രീവന്‍ ധാരാളം ദാനം നടത്തി. താര വീണ്ടും രാജപത്നിയായതില്‍ സുഗ്രീവനു സന്തോഷമായി.

കുറിപ്പ്:

രാമായണങ്ങളില്‍, സുഗ്രീവാഭിഷേകം കഴിഞ്ഞു രാമലക്ഷ്മണന്മാര്‍ മഴക്കാലത്തു ചാതുര്‍മാസ്യവ്രതം (നാലുമാസവ്രതം) നോക്കുന്നുണ്ട്. കൃത്തിവാസന്റെ രാമായണത്തില്‍ (വിവര്‍ത്തനത്തില്‍) അങ്ങനെ പറയുന്നില്ല. 

സുഗ്രീവന്റെ കൃതഘ്നത, മാനസാന്തരം

മഴക്കാലം കഴിഞ്ഞു. സുഗ്രീവന്റെ വിവരമൊന്നുമില്ല. സീതാന്വേഷണത്തില്‍ ഒരു സഹായവും കിട്ടുകയില്ല എന്ന അവസ്ഥ. സുഗ്രീവന്‍ രാജ്ഞിമാരുമായും അന്തഃപുരത്തിലെ സുന്ദരിമാരുമായും സമയം പോക്കി കഴിഞ്ഞു. രാമനും ലക്ഷ്മണനും നൈരാശ്യമായി. 

സുഗ്രീവന്‍ സ്വര്‍ണ്ണക്കട്ടിലില്‍. രാമന്‍ മരച്ചുവട്ടില്‍ പച്ചില മേല്‍. 

കണ്ണീരില്‍ മുങ്ങിയ രാമനും ലക്ഷ്മണനും സുഗ്രീവന്റെ വാഗ്ദാനലങ്ഘനം ചര്‍ച്ച ചെയ്തു. രാമന്‍ സുഗ്രീവനെ അപലപിച്ചു. ലക്ഷ്മണനോടു കിഷ്കിന്ധയില്‍ ചെന്നു സുഗ്രീവനെ കാണാന്‍ പറഞ്ഞു. ലക്ഷ്മണന്‍ സുഗ്രീവനെ വകവരുത്തുമെന്നു പറഞ്ഞു കിഷ്കിന്ധയ്ക്കു യാത്രയായി1. 

മിത്രമാണ്. ഭയപ്പെടുത്തിയാല്‍ മതി, രാമന്‍ ഉപദേശിച്ചു. 

കോപം കൊണ്ടു വിറച്ചെത്തിയ ലക്ഷ്മണനെ അങ്ഗദന്‍ സ്വീകരിച്ചു. അകത്തേക്ക് ആനയിച്ചെങ്കിലും ലക്ഷ്മണന്‍ ഇരുന്നില്ല. അങ്ഗദനോടു പരുഷമായി പലതും പറഞ്ഞു. 

ബാലിയെ പേടിച്ച് ഓടി നടന്നവന്‍ ഇപ്പോള്‍ എല്ലാം മറന്നോ? സുഗ്രീവനോടു പറയൂ അയാളുടെ നന്ദികേടു പൊറുക്കില്ല എന്ന്. ഒറ്റ ബാണത്തിനാണു ബാലിയെ വധിച്ചത്. അടുത്ത രാമബാണം സുഗ്രീവനെയും വാനരവംശത്തെയും ഒന്നാകെ മുടിയ്ക്കും എന്നു ചെന്നു പറയൂ, ലക്ഷ്മണന്‍ ഗര്‍ജ്ജിച്ചു.

അങ്ഗദന്‍ അന്തഃപുരത്തിലേയ്ക്കു പാഞ്ഞു. സുഗ്രീവനു കൂസലില്ല. 

ലക്ഷ്മണന്‍ വിചാരിച്ചാലും രാവണനെ തോല്‍പിച്ചു സീതയെ കൊണ്ടുവരാന്‍ പറ്റില്ല. വാനരന്മാര്‍ വിചാരിച്ചാലും അതു നടക്കില്ല. ഇതിനൊക്കെ ഒരു സമയമുണ്ട്. അന്നു നോക്കാം എന്നു പറയൂ ലക്ഷ്മണനോട്. സുഗ്രീവന്റെ നന്ദികെട്ട വര്‍ത്തമാനം ഹനൂമാനെയും ചൊടിപ്പിച്ചു. 

ഇതു ധര്‍മ്മമല്ല. അങ്ങ് അഗ്നിസാക്ഷിയായി സത്യം ചെയ്തതാണ്. ലക്ഷ്മണനെ അനുനയിപ്പിയ്ക്കണം. സീതാന്വേഷണം തുടങ്ങണം. രാമന്‍ മഹാവിഷ്ണുവിന്റെ അവതാരമാണ്. ലക്ഷ്മണന്റെ ബാണത്തിനും വാനരകുലത്തെ മുഴുവനും ഇല്ലാതാക്കാന്‍ കഴിയും, ഹനൂമാന്‍ ഉപദേശിച്ചു2. 

സുഗ്രീവന്‍ വിരണ്ടുപോയി. 

ലക്ഷ്മണന്‍ സുഗ്രീവന്റെ അടുത്തേയ്ക്കു ചെന്നു. താരയുമെത്തി. 

സത്യം ലങ്ഘിച്ചവനേ!അധര്‍മ്മീ! ജ്യേഷ്ഠന്റെ ദുഃഖം നിനക്കറിയില്ല. രാമന്‍ വാക്കു പാലിച്ചു. നീയോ? സുഖലോലുപതയില്‍ എല്ലാം മറന്നു. ഒറ്റ ബാണത്താല്‍ ഞാന്‍ നിന്നെ വധിയ്ക്കും. അടുത്ത ബാണത്താല്‍ കിഷ്കിന്ധ നശിപ്പിയ്ക്കും. അങ്ഗദനെ രാജാവായി അഭിഷേകം ചെയ്യും. അങ്ഗദന്‍ ഞങ്ങളെ സഹായിയ്ക്കും , ലക്ഷ്മണന്റെ കൂരമ്പുകള്‍ പോലെയുള്ള വാക്കുകള്‍.

 

കുറിപ്പ്:

1. വനവാസപ്രതിജ്ഞ ലക്ഷ്മണനു ബാധകമല്ല. അതു രാമനേയുള്ളൂ. ലക്ഷ്മണന്‍ ജ്യേഷ്ഠന്റെ ഒപ്പം നില്‍ക്കുന്നു എന്നു മാത്രം. ലക്ഷ്മണനു കിഷ്കിന്ധയിലെ കൊട്ടാരത്തിനുള്ളില്‍ പോകാം.

2. അദ്ധ്യാത്മരാമായണത്തില്‍ ഹനൂമാന്‍, ഈ അവസരത്തില്‍, സുഗ്രീവനോടു പറയുന്ന ഒരു വാക്യം:

പ്രത്യുപകാരം മറക്കുന്ന പൂരുഷന്‍

ചത്തതിനൊക്കുമേ ജീവിച്ചിരിയ്ക്കിലും 

 

സുഗ്രീവന്‍ രാമന്റെ അടുത്തേക്ക്

ജ്യേഷ്ഠന്റെ മിത്രമല്ലേ? ജ്യേഷ്ഠനെന്ന പോലെ കണക്കാക്കണം. ഇത്രയും നിന്ദാവചനങ്ങള്‍ അരുതേ! സീതാന്വേഷണത്തിന് ഇന്നു തന്നെ തുടക്കമാവും. അങ്ങ് ഇരുന്നാലും, താരയുടെ നയതന്ത്രഭാഷണത്തില്‍ ലക്ഷ്മണന്‍ ശാന്തനായി. സ്വര്‍ണ്ണപീഠത്തില്‍ ഇരുന്നു.

സുഗ്രീവന്‍ ലക്ഷ്മണനോടു ക്ഷമ ചോദിച്ചു. എനിയ്ക്കറിയാം രാമന്റെ അനുഗ്രഹത്താലാണ് ഈയുള്ളവന്‍ രാജാവായത്. രാമന്‍ സാക്ഷാല്‍ മഹാവിഷ്ണുവാണ്. അദ്ദേഹത്തിനു വേണ്ട സഹായങ്ങളും നല്‍കി കൂടെ ഞാന്‍ ഉണ്ടായിരിക്കും. ഞങ്ങളുടെ തെറ്റു പൊറുക്കണം. രാമനും ക്ഷമിയ്ക്കും എന്ന്‍ എനിയ്ക്കുറപ്പുണ്ട്.

രാമന്റെ ദുഃഖം കണ്ടാണു ലക്ഷ്മണനു വാനരന്മാരോടു കലി വന്നത്. എത്രയായാലും ജ്യേഷ്ഠമിത്രമല്ലേ സുഗ്രീവന്‍? ലക്ഷ്മണന്‍ തിരിച്ചും ക്ഷമ ചോദിച്ചു.

ത്രിലോകങ്ങളിലുമുള്ള വാനരരെല്ലാം സുഗ്രീവന്റെ പ്രജകളാണ്. എല്ലാ വാനരവീരരും പത്തുദിവസത്തിനുള്ളില്‍ കിഷ്കിന്ധയില്‍ എത്താന്‍ സുഗ്രീവന്‍ ആജ്ഞ പുറപ്പെടുവിച്ചു. എത്തിയില്ലെങ്കില്‍ തക്കതായ ശിക്ഷ നല്‍കുമെന്നും1.

എല്ലാ വാനരന്മാര്‍ക്കും സന്ദേശവുമായി ഹനൂമാനും നളനും മറ്റു മന്ത്രിമാരും പല ദിക്കിലേയ്ക്കു യാത്രയായി. പത്തു ദിവസത്തിനകം വാനരവീരരെല്ലാം നഗരിയില്‍ വന്നു ചേര്‍ന്നു.

അവര്‍ രാമന്റെ അടുത്തേയ്ക്കു തിരിച്ചു. സുഗ്രീവന്‍ തന്റെ പല്ലക്കില്‍ ലക്ഷ്മണനെ കയറ്റി കൂടെ ഇരുന്നു2.

എല്ലാവരും രാമന്റെ സമീപമെത്തി. സുഗ്രീവനെയും വമ്പിച്ച വാനരപ്പടയെയും കണ്ട രാമനു സന്തോഷമായി. മഹാമുനിമാര്‍ക്കു പോലും ദര്‍ശനം കിട്ടാത്ത രാമന്‍ സുഗ്രീവനെ ആലിങ്ഗനം ചെയ്തു.

ക്ഷമാപണം നടത്തിയ സുഗ്രീവന്‍ പ്രഖ്യാപിച്ചു: സീതയെ രാമനു കിട്ടുന്നതു വരെ കിഷ്കിന്ധയില്‍ രാജാവായി ഇരിയ്ക്കുകയില്ല.

അന്നു തന്നെ സീതാന്വേഷണത്തിനായി വാനരന്മാര്‍ ഇറങ്ങി. ഒരു മാസത്തിനകം തിരികെ എത്തി സീതയെ കുറിച്ചുള്ള വിവരം നല്‍കിയില്ലെങ്കില്‍ മരണശിക്ഷ. നാലു ദിക്കിലേക്കും പോകുന്ന തലവന്മാര്‍ ഇവരാണ്:

കിഴക്കോട്ടു പോകുന്ന സങ്ഘത്തലവന്‍  വിനോദന്‍.

പടിഞ്ഞാറു പോകുന്നതു സുഷേണന്റെ നായകത്വത്തില്‍.

വടക്കോട്ടു പോകുന്ന തലവന്‍ ശതബലി.

തെക്കോട്ടു പോകുന്നത് അങ്ഗദന്റെ കൂട്ടം. ജാംബവാന്‍, ഹനൂമാന്‍ തുടങ്ങിയവര്‍ അതിലുണ്ട്. 

രാവണന്റെ ലങ്ക തെക്കാണെന്നു സുഗ്രീവന് അറിയാം. പക്ഷെ, സീതയെ ഒളിപ്പിച്ചിരിയ്ക്കുന്നത് അവിടെയല്ലെങ്കിലോ? അതാണു സര്‍വ്വദിക്കിലേയ്ക്കും വാനരന്മാര്‍ പോകണം എന്നു  തീരുമാനിയ്ക്കാന്‍ കാരണം. 

രാമന്റെ മുന്നില്‍ വച്ചു തന്നെ സുഗ്രീവന്‍ ഓരോ സങ്ഘത്തോടും പോകേണ്ട സ്ഥലങ്ങളെ കുറിച്ചുള്ള വിവരണം നല്‍കി.

 

കുറിപ്പ്:
1. സുഗ്രീവന്റെ ഇമ്മാതിരിയുള്ള ഉത്തരവുകളാണ് സുഗ്രീവാജ്ഞ എന്ന പേരില്‍ അറിയപ്പെടുന്നത്. ഒരു നീക്കുപോക്കുമില്ല. 

2. സുഗ്രീവനെ ഭയപ്പെടുത്തി സഹായം ഉറപ്പു വരുത്തിയ ശേഷം ലക്ഷ്മണന്‍ മടങ്ങുന്നതായാണു ഇങ്ഗ്ലീഷ് മൊഴിമാറ്റങ്ങളില്‍. പത്തു ദിവസം കിഷ്കന്ധയില്‍ താമസിച്ച ശേഷം സുഗ്രീവന്റെ കൂടെ ലക്ഷ്മണന്‍ മടങ്ങുന്നതായി മലയാളവിവര്‍ത്തനത്തില്‍ കാണുന്നു.  

യാത്രാപഥം

ഓരോരോ ദിക്കിലെയും ഭൂമിശാസ്ത്രവും മറ്റും സുഗ്രീവന്‍ അതാതു സങ്ഘത്തോടു വ്യക്തമാക്കി. അവിടെയെല്ലാം വിശദമായി സീതാദേവിയെ അന്വേഷിയ്ക്കണം. 

കിഴക്കന്‍ ദേശങ്ങള്‍: ഗങ്ഗ, സരയു, കൗശികി, ഗോമതി, സരസ്വതി എന്നീ നദീതീരങ്ങള്‍. പിന്നെ മലയം, കോകം, പാണ്ഡവം, മഗധം, കലിങ്ഗം, മോകദ്വീപ്‌, കിരാതരാജ്യം. കിരാതര്‍ ജലത്തില്‍ ജീവിയ്ക്കുന്നവരും നരഭോജികളുമാണ്. അവിടം കഴിഞ്ഞു ഋഷഭപര്‍വ്വതദേശം, പാലാഴി. അനന്തനെ വന്ദിയ്ക്കണം. ശേഷം ഉഭയപര്‍വ്വതം, ത്രിയോജനാനദീതീരം, ലോഹിതസമുദ്രം, ഉദയപര്‍വ്വതം. 

പടിഞ്ഞാറ്: സിന്ധു, മലയം, കാവേരീതീരങ്ങള്‍, താലവനം, സുദര്‍ശനചക്രമുള്ള ചന്ദ്രവാന്‍ പര്‍വ്വതം, വരുണനും നരകാസുരനുമുള്ള വരാഹപര്‍വ്വതം, സുമേരുപര്‍വ്വതം. 

വടക്ക്: ഹിമാലയം, പിന്നെ വിശാലമായ തരിശുഭൂമി, കൈലാസം, കുബേരന്റെ അളകാപുരി, ത്രിശൃങ്ഗപര്‍വ്വതം, ജംബുദ്വീപ്‌, മന്ദരപര്‍വ്വതം, കൌശികീനദിയുടെ ഉത്ഭവസ്ഥാനം, മഹേശസാഗരം, ക്രൌഞ്ചപര്‍വ്വതം, ദ്രോണഗിരി, പുണ്യനദി എന്ന നദിയുള്ള സ്ഥലം, അതു കഴിഞ്ഞു സ്ത്രീകള്‍ എല്ലാ രാത്രിയും മരിയ്ക്കുകയും സൂര്യോദയത്തില്‍ ജീവന്‍ വച്ചുണരുകയും ചെയ്യുന്ന ഒരു അദ്ഭുതഭൂമിയുണ്ട്.ഒടുവില്‍ അനന്തസാഗരവും അതിലെ ഹേമഗിരിയും.

തെക്ക്: ഗോദാവരീനദീതടം, കാവേരീനദീതടം, അതിനും തെക്കായി ഇന്ദ്രന്‍ ഉറങ്ങുന്ന മഹേന്ദ്രപര്‍വ്വതം. ഈ ഭാഗങ്ങളിലുള്ള എല്ലാ കാടുകളിലും മലകളിലും തടാകങ്ങളിലും ശരിയായി തേടണം. അതിനു തെക്കു സമുദ്രമാണ്. സമുദ്രത്തില്‍ സ്വര്‍ണ്ണശിഖരങ്ങളുള്ള മൈനാകപര്‍വ്വതമുണ്ട്. സൂര്യന്റെയും വായുവിന്റെയും സുഹൃത്താണു മൈനാകം. അതു കഴിഞ്ഞാല്‍ യോജനകള്‍ വലിപ്പമുള്ള സിംഹിക എന്ന രാക്ഷസിയുണ്ട്. അവളുടെ പകുതി ശരീരം വെള്ളത്തിനു താഴെയാണ്. അതിനപ്പുറം ലങ്കയാണ്. പിന്നെയും തെക്കു യമലോകം. അവിടെ പ്രവേശനമില്ല. ഒറ്റച്ചാട്ടത്തിനു ലങ്കയിലെത്തണം.

മനുഷ്യനു ചെന്നെത്താവുന്ന അറ്റം വരെയാണു വിവരണം. മുപ്പതു ദിവസത്തിനുള്ളില്‍ മടങ്ങിയെത്തണം

രാമന് ആശ്ചര്യമായി.

ഇത്ര കൃത്യമായി എങ്ങനെ വിവരണം നല്‍കാന്‍ കഴിഞ്ഞു? സുഗ്രീവന്‍ വിശദീകരിച്ചു.

പ്രഭോ, ബാലിയെ ഭയന്ന് എല്ലാ ലോകങ്ങളിലും എല്ലാ പ്രദേശത്തും ഞാന്‍ ഓടി നടന്നു. എവിടെയും എത്താന്‍ വേഗവാനായ ബാലിക്ക് ഒരു നിമിഷം മതി. അങ്ങനെയാണ് ഒടുവില്‍ ഞാന്‍ ഋശ്യമൂകം തന്നെ സുരക്ഷിതം എന്നു തീരുമാനിച്ചത്. 

സുഗ്രീവനും രാമനും ഹനൂമാന്റെ സിദ്ധികളിലും കഴിവിലും അതീവവിശ്വാസമുണ്ടായിരുന്നു. സുഗ്രീവന്‍ പറഞ്ഞതു പോലെ രാമന്‍ തന്റെ മോതിരം സീതാദേവിക്ക് അടയാളമായി നല്‍കാന്‍ ഹനൂമാനെ ഏല്‍പിച്ചു. 

മാസം ഒന്നു തീരാറായി. 

വടക്കും കിഴക്കും പടിഞ്ഞാറും പോയ കൂട്ടങ്ങള്‍ തിരിച്ചെത്തി. സീതാദേവിയെ കാണാന്‍ കഴിഞ്ഞില്ല. രാമന്‍ ബോധരഹിതനായി വീണു.

ബോധം വീണ്ടെടുത്ത രാമനോടു സുഗ്രീവന്‍ പറഞ്ഞു: അങ്ങു വിഷമിയ്ക്കാതെ. ഹനൂമാന്‍ സീതാദേവിയെ കണ്ടെത്തും. നമുക്കു കുറച്ചു കൂടി കാത്തിരിയ്ക്കാം. 

തെക്കോട്ടു പോയ സങ്ഘം ഓരോ വനവും സൂക്ഷ്മമായി പരതി. അങ്ഗദന്‍  ഇടയ്ക്ക് ഒരു അസുരനെ കൊന്നു, ബ്രാഹ്മണശാപത്താല്‍ കായ്കനികളും കിഴങ്ങുകളും ഇല്ലാത്ത ഒരു വനവും താണ്ടി. വിശന്നു വലഞ്ഞ അവര്‍ ഹനൂമാന്റെ സാമര്‍ത്ഥ്യത്താല്‍ ഒരു ഗുഹയിലൂടെ അതിദൂരം സഞ്ചരിച്ച് ഒരു അദ്ഭുതകൊട്ടാരത്തില്‍ ചെന്നു ചേര്‍ന്നു. ചുറ്റും ഫലവൃക്ഷങ്ങള്‍. പൊയ്കയുമുണ്ട്. അപ്സരതുല്യയായ ഒരു സുന്ദരി അവരെ സ്വീകരിച്ചു. തങ്ങളുടെ അന്വേഷണദൌത്യം ഹനൂമാന്‍ അറിയിച്ചു. വിശന്നു ദാഹിച്ചു വലയുകയാണെന്നും അറിയിച്ചു.  


തെക്കന്‍ ദിക്കില്‍

സംഭവാ എന്നായിരുന്നു അവളുടെ പേര്. 

മയന്‍ എന്ന അസുരന്‍ പണിത കൊട്ടാരമാണ്. മയന്റെ അമിതശൃങ്ഗാരം സഹിയ്ക്കവയ്യാതെ ഹേമ എന്ന മയപത്നി അവിടെ താമസിയ്ക്കുന്നു. ഹേമയുടെ തോഴിയാണു ഞാന്‍. മയന്‍ എത്തിയാല്‍ നിങ്ങളെ കൊല്ലും. തോട്ടത്തില്‍ നിന്ന് ആവശ്യമുള്ളതു ഭക്ഷിക്കൂ. എന്നിട്ടു വേഗം പോകൂ, സംഭവാ അവരോടു പറഞ്ഞു.

വാനരന്മാര്‍ തോട്ടത്തില്‍ പോയി വിശപ്പു മാറ്റി.

അതിനു ശേഷം അവള്‍ അവര്‍ക്കു ഗുഹയ്ക്കു പുറത്തേയ്ക്കുള്ള വഴി കാട്ടി. 

പുറത്തെത്തിയപ്പോള്‍ അവര്‍ വിന്ധ്യമലയപര്‍വ്വതങ്ങളും സമുദ്രവും കണ്ടു. 

സീതാന്വേഷണം എങ്ങും എത്തിയിട്ടില്ല. തിരികെ പോയി മരണം വരിയ്ക്കേണ്ട എന്ന അഭിപ്രായമായിരുന്നു അങ്ഗദന്. രാമനു ധര്‍മ്മബോധമില്ല. അച്ഛനെ ഒളിയമ്പ് അയച്ചു കൊന്നു. സുഗ്രീവന്‍ മാതൃതുല്യയായ ജ്യേഷ്ഠപത്നിയെ ഭാര്യയാക്കി. നമ്മെയും അവര്‍ കൊല്ലും.

ഹനൂമാന്‍ എതിര്‍ത്തു: വിധവയായ ജ്യേഷ്ഠഭാര്യ മാതൃതുല്യ എന്നതു മനുഷ്യനിയമമാണ്. നമ്മള്‍ വാനരന്മാര്‍ക്ക് അങ്ങനെയല്ല. നമുക്കു കുറെ കൂടി സീതാദേവിയെ തിരയാം. എവിടെ പോയാലും സുഗ്രീവന്‍ നമ്മെ കണ്ടെത്തും. രാമബാണം എവിടെയുമെത്തും. നീ വിവാഹിതനല്ല. ഇവിടെയുള്ളവരുടെ കുടുംബങ്ങള്‍ കിഷ്കിന്ധയിലാണ് എന്നുമോര്‍ക്കുക. 

അങ്ഗദന്‍ രാമനെയും സുഗ്രീവനെയും ഭര്‍ത്സിച്ചുകൊണ്ടിരുന്നു. മറ്റുള്ളവര്‍ അങ്ഗദന്‍ പറഞ്ഞതിന് അനുകൂലരായി. അവര്‍ അങ്ഗദനൊപ്പം മരണം വരെ ഉപവസിയ്ക്കാന്‍ ഇരുന്നു. 

അങ്ങനെയിരിയ്ക്കെ, കടല്‍ത്തീരത്ത് ഒരു ഭീമാകാരനായ പക്ഷിയെ കണ്ട് അവര്‍ ഭയന്നു. ഇതെങ്ങാന്‍ പിടിച്ചു തിന്നാലോ? രാമന്‍, ജടായുവിന്റെ മരണം എന്നൊക്കെ അങ്ഗദനും കൂട്ടരും പറയുന്നതു കേട്ട പക്ഷി അവര്‍ ആരെന്ന്‍ അന്വേഷിച്ചു. 

ജടായു എന്റെ സഹോദരനാണ്. പക്ഷി പറഞ്ഞു. 

രണ്ടു ചിറകും ഇല്ലാത്ത സമ്പാതി എന്ന ആ പക്ഷി ജടായുവിന്റെ ജ്യേഷ്ഠനായിരുന്നു. 

ഹനൂമാന്‍ ചിറകില്ലാത്ത സമ്പാതിയെ വാനരന്മാരുടെ സമീപം കൊണ്ടു വന്നു. സീതാപഹരണം, ജടായുമോക്ഷം, ബാലിസുഗ്രീവന്മാര്‍, ബാലിവധം, മുപ്പതു ദിവസത്തെ അന്വേഷണം - ഇതെല്ലാം അങ്ഗദന്‍ വിസ്തരിച്ചു. 

സമ്പാതി സഹോദരന്റെ മരണമറിഞ്ഞു ദുഃഖാര്‍ത്തനായി. സ്വന്തം കഥ പറഞ്ഞു. അനുജനോടൊപ്പം സൂര്യനെ പിടിക്കാന്‍ പറന്നതും ചൂടില്‍ നിന്നു ജടായുവിനെ രക്ഷിക്കാന്‍ ചിറകിനടിയില്‍ ഒതുക്കിയതും ചിറകു കരിഞ്ഞു സമ്പാതി വീണതും. 

ഇവിടെ വീണു കിടക്കുമ്പോള്‍ നിശാകരന്‍ എന്നൊരു മുനി വന്നു. എഴുപതു വര്‍ഷം കഴിഞ്ഞു സീതാന്വേഷണത്തിനായി വാനരന്മാര്‍ വരുമെന്നും അവരെ സഹായിച്ചു രാമനാമം ജപിയ്ക്കുമ്പോള്‍ ചിറകു മുളയ്ക്കും എന്നും അദ്ദേഹം പറഞ്ഞു.


സമ്പാതിയുടെ വെളിപ്പെടുത്തല്‍

ഹനൂമാന്‍ രാമചരിതം പറഞ്ഞു തുടങ്ങി. 

രത്നാകരന്‍ എന്ന കള്ളന്‍ വാല്മീകിയാകുന്നതും രാമന്‍ ജനിയ്ക്കുന്നതിന് ആറായിരം വര്‍ഷം മുമ്പു വാല്മീകി രാമായണം ഏഴു കാണ്ഡങ്ങളില്‍ എഴുതിയതും.

ഓരോ കാണ്ഡത്തിലും ആഖ്യാനം ചെയ്തിരിയ്ക്കുന്ന രാമകഥ മുഴുവന്‍ ഹനൂമാന്‍ പറഞ്ഞു:

ആദികാണ്ഡം, അയോദ്ധ്യാകാണ്ഡം, അരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, ലങ്കാകാണ്ഡം, ഉത്തരകാണ്ഡം. 

പറഞ്ഞു തീര്‍ന്നപ്പോഴേക്കും സമ്പാതിയ്ക്കു പുതിയ ചിറകുകള്‍ മുളച്ചു വന്നു! പറക്കാന്‍ പ്രാപ്തിയായി. 

ബൃഹദാകാരനായ പക്ഷി പറഞ്ഞു: രാവണന്‍ സീതയെ ലങ്കയിലേയ്ക്കു കൊണ്ടു പോയി. എന്റെ കഴുത്തു പൊക്കിയാല്‍ എനിയ്ക്ക് അശോകവനത്തിലെ സീതയെ കാണാം. ചുറ്റും കാവല്‍ക്കാരായ രാക്ഷസികള്‍. നൂറു യോജന ദൂരെയാണു ലങ്ക. ഒറ്റ ചാട്ടത്തില്‍ അവിടെയെത്തണം. 

വാനരന്മാര്‍ക്ക് അതിനു കഴിവില്ല. പത്തു യോജന വരെ ചാടാനാവും. ജാംബവാന്‍ സമ്പാതിയോടു മറ്റു വഴികള്‍ ആരാഞ്ഞു. 

സമ്പാതി അറിയിച്ചു: എന്റെ  മകന്‍ സുപാര്‍ശ്വന്‍ എന്നും ഭക്ഷണവുമായി ഹിമാലയത്തില്‍ നിന്നു വരും. ഒരിയ്ക്കല്‍ അവന്‍ എത്താന്‍ വൈകി. അതിനു കാരണം അവന്‍ പറഞ്ഞു. ഭക്ഷണവുമായി വരുമ്പോള്‍ രാവണന്‍ ആകാശമാര്‍ഗ്ഗേണ പോകുന്നത് അവന്‍ കണ്ടിരുന്നു. രഥത്തെയും രാവണനെയും അവന്‍ വിഴുങ്ങുമായിരുന്നു.  പക്ഷെ, രഥത്തില്‍ ഒരു സ്ത്രീയുമുണ്ടായിരുന്നു. ആ സ്ത്രീയെ അവനു മനസ്സിലായില്ല. അവരെ ഓര്‍ത്ത് അവന്‍ ഒന്നും ചെയ്തില്ല എന്നവന്‍ എന്നോടു പറഞ്ഞിരുന്നു. 

ആ സമയത്തു സുപാര്‍ശ്വന്‍ അവിടെയെത്തി. വാനരന്മാരെ കൊത്തിവിഴുങ്ങാന്‍ വന്നെങ്കിലും സമ്പാതിയുടെ ചിറകില്‍ അവര്‍ ഒളിച്ചു. പിന്നീടു സമ്പാതിയില്‍ നിന്ന് അയാള്‍ വസ്തുത മനസ്സിലാക്കി. 

സമ്പാതി പറഞ്ഞ പ്രകാരം സുപാര്‍ശ്വന്‍ വാനരന്മാരെ തന്റെ പുറത്തു കയറ്റി ലങ്കയില്‍ എത്തിക്കാന്‍ തയ്യാറായി.

ഒരു ചിറകടി മതി സുപാര്‍ശ്വനു ലങ്കയിലെത്താന്‍. 

സങ്ഘത്തലവനായ അങ്ഗദന്‍ അതു നന്ദിപൂര്‍വ്വം നിരാകരിച്ചു: ഞങ്ങള്‍ ദേവാംശങ്ങളാണ്. രാമന്റെ അനുഗ്രഹത്താല്‍ അക്കരെയെത്തും. 

നന്ദി പറഞ്ഞു സമ്പാതിയും സുപാര്‍ശ്വനും ഹിമാലയത്തിലേയ്ക്കു പറന്നു.

കുറിപ്പ്: സുപാര്‍ശ്വന്‍ എന്ന പേരില്‍ രാവണന് ഒരു മന്ത്രിയുണ്ട്. പ്രഹസ്തന്റെ സഹോദരന്‍. അതേ പേരില്‍ രണ്ടു രാജാക്കന്മാരും ഒരു പര്‍വ്വതവും പുരാണങ്ങളിലുണ്ട്.

 

കിഷ്കിന്ധാകാണ്ഡം സമാപ്തം

 



അടുത്തത്: സുന്ദരകാണ്ഡം 
<< അരണ്യകാണ്ഡം

Comments

Popular posts from this blog

കൃത്തിവാസരാമായണം – സംക്ഷിപ്തം (ബംഗാളിരാമായണം):

  കൃത്തിവാസരാമായണം  –  സംക്ഷിപ്തം ബംഗാളിരാമായണം - Links കഴിയുന്നതും ഇതു ലാപ്'ടോപ്-ൽ /ഡെസ്ക്'ടോപ് -ൽ വായിയ്ക്കുക. താഴെക്കൊടുത്തിരിയ്ക്കുന്ന ക്രമത്തിൽ വായിയ്ക്കാനും ശ്രമിയ്ക്കുക. കൃത്തിവാസരാമായണം ആദികാണ്ഡം : https://ramukaviyoor.blogspot.com/2023/03/01-krittivasa-ramayanam-malayalam.html കൃത്തിവാസരാമായണം അയോദ്ധ്യാകാണ്ഡം : https://ramukaviyoor.blogspot.com/2023/03/02.html കൃത്തിവാസരാമായണം അരണ്യകാണ്ഡം : https://ramukaviyoor.blogspot.com/2023/03/03.html കൃത്തിവാസരാമായണം കിഷ്കിന്ധാകാണ്ഡം : https://ramukaviyoor.blogspot.com/2023/03/4.html കൃത്തിവാസരാമായണം സുന്ദരകാണ്ഡം : https://ramukaviyoor.blogspot.com/2023/03/5.html കൃത്തിവാസരാമായണം ലങ്കാകാണ്ഡം : https://ramukaviyoor.blogspot.com/2023/03/06.html ++++++  

ഗീതഗോവിന്ദം (അഷ്ടപദി)

ഓം ശ്രീ കൃഷ്ണായ നമ: ജയദേവകവിയുടെ ഗീതഗോവിന്ദം (അഷ്ടപദി) സി.ഇ. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന   ജയദേവന്‍ (ശ്രീജയദേവ ഗോസ്വാമി) എന്ന കവിയുടെ സംസ്കൃതകാവ്യമാണ് ‘ ഗീതഗോവിന്ദം ’. ശ്രീകൃഷ്ണന്റെയും സഖി രാധയുടേയും വൃന്ദാവനത്തില്‍ വച്ചുള്ള രാസലീലയാണു പ്രതിപാദ്യവിഷയം. കാളിദാസനു തുല്യനാണു ജയദേവകവി എന്നു പ്രകീര്‍ത്തിയ്ക്കപ്പെടുന്നു. അതിമനോഹരമായ ഭാവനയും വര്‍ണ്ണനയും പദപ്രയോഗങ്ങളും പ്രാസവും താളാത്മകതയും ഈ കൃതിയെ അലങ്കരിക്കുന്നു. രാഗവും താളവും കവി തന്നെ ചിട്ടപ്പെടുത്തിയതാണെന്നും കരുതുന്നു. ‘ ഗീതഗോവിന്ദം ’ ഭാരതത്തിലെമ്പാടും പ്രചാരമുള്ള കൃതിയാണ്. ഇതിന്റെ ഉത്തരേന്ത്യന്‍ പതിപ്പാണ്‌ ഈ പ്രസിദ്ധീകരണത്തിന് ആധാരമാക്കിയിരിയ്ക്കുന്നത്. മൂലം (സംസ്കൃതം) മാത്രമാണ് ഇവിടെ ചേര്‍ത്തിട്ടുള്ളത്. വ്യാഖ്യാനമില്ല. ഇതിനെപ്പറ്റി അന്യത്ര വിശദീകരിക്കുന്നുണ്ട്. വടക്കേ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആറു പതിപ്പുകള്‍ പരിശോധിച്ചിട്ടുണ്ട്. അതോടൊപ്പം കേരളത്തില്‍ ലഭ്യമായ പതിപ്പുകളും ആലാപനങ്ങളും. രാധ എന്ന നായിക കവികളുടെ ഭാവനയാവാം.   കൃഷ്ണപുരാണമായ മഹാഭാഗവതത്തിലെ. അഷ്ടവധുക്കളില്‍ രാധയില്ല. ഒരു പക്ഷെ , ഭ

History of Changanassery

[This is an article I had written for  Wikipedia  about 10 years ago   with a lot of help from Mr. Thiruvalla Unnikrishnan Nair,  a noted   historian. Discussion with Mr. G. Mohandas, Professor of History, N.S.S College,   Changanassery also was helpful. The article was pruned to make it concise then. It was the first article on  the history of Changanassery to appear on   the web.   Collection of data for the article spanned decades, during my irregular visits to Changanassery. It took a year to finalize the article and publish it. Since Wikipedia does not allow articles based on personal researches, it was later removed. In the meantime, the article was copied by many. The list of such names is given in this  blog . In addition, it is being freely copied on Facebook too. I request readers to desist from lifting information from this article. Please refer always to this blog when you use the information painstakingly collected. Any further information collected by me will be