Skip to main content

കൃത്തിവാസരാമായണം – സംക്ഷിപ്തം 03 - അരണ്യകാണ്ഡം

 കൃത്തിവാസരാമായണം  സംക്ഷിപ്തം 03

അരണ്യകാണ്ഡം

അത്ര്യാശ്രമം, വിരാധവധം

ചിത്രകൂടത്തിലെ മുനിമാരില്‍ നിന്നു രാവണസഹോദരന്മാരായ ഖരനും ദൂഷണനും നടത്തുന്ന ഉപദ്രവത്തെ പറ്റി രാമന്‍ അറിഞ്ഞു. പരിഹാരം കണ്ടെത്താന്‍ രാമന്‍ തീരുമാനിയ്ക്കുകയും ചെയ്തു. തെക്കോട്ടു പോയി അത്രിമുനിയെയും പത്നി അനസൂയാദേവിയെയും സന്ദര്‍ശിച്ചു. സീത സ്വന്തം ജന്മകഥ മുനിപത്നിയോടു പറഞ്ഞു. സീതയ്ക്ക് അനസൂയാദേവി രത്നമാലയും കുണ്ഡലവും വളകളും നല്‍കി. 

മൂവരും അവിടെ നിന്നും ദണ്ഡകവനത്തിലെത്തി.

വിരാധന്‍ എന്ന അസുരന്‍ അവരെ കണ്ടു. തങ്ങള്‍ ആരാണെന്നു രാമന്‍ വെളിപ്പെടുത്തി.

ഞാന്‍ വിരാധന്‍. വിരാധന്‍ അട്ടഹസിച്ചു.

അവന്‍ കൂസലെന്യേ സീതയെ പിടിച്ചു ഭക്ഷിക്കാന്‍ ശ്രമിച്ചു. ലക്ഷ്മണന്റെ അമ്പുകള്‍ അവനില്‍ ഏറ്റില്ല.

ബ്രഹ്മാവിന്റെ വരത്താല്‍ എന്റെ ശരീരത്തില്‍ മുറിവേല്‍ക്കില്ല, അവന്‍ വീണ്ടും അട്ടഹസിച്ചു.

രാമന്‍ അമ്പെയ്തപ്പോള്‍ അവന്‍ ആകാശത്തേയ്ക്കുയര്‍ന്നു. രാമബാണം അവനെ വീഴ്ത്തി.

സീത അവന്റെ കയ്യില്‍ നിന്നു താഴെ വീണു ബോധം കെട്ടു.

വിരാധനു കഴിഞ്ഞ കാലം ഓര്‍മ്മ വന്നു.

മരണാസന്നനായ അവന്‍ രാമനെ വണങ്ങി.

തന്റെ ചരിത്രം അറിയിച്ചു. കിശോരന്‍ എന്നായിരുന്നു വിരാധന്റെ പേര്. യക്ഷരാജാവും ധനാധിപനുമായ കുബേരന്റെ സേവകനായിരുന്നു. വനത്തില്‍ കുബേരന്‍ കാമിനിമാരുമായി സല്ലപിച്ചു കൊണ്ടിരുന്നപ്പോള്‍ കിശോരന്‍ അബദ്ധത്തില്‍ അവിടെ ചെന്നു ചേര്‍ന്നു. ദേഷ്യപ്പെട്ട കുബേരന്‍ അവനെ രാക്ഷസനാകാന്‍ ശപിച്ചു. രാമബാണത്താല്‍ ശാപമോചനം കിട്ടുമെന്നും പറഞ്ഞു.

വിവരങ്ങള്‍ പറഞ്ഞു വിരാധന്‍ മരിച്ചു.

ലക്ഷ്മണന്‍ അസുരനു ചിതയൊരുക്കി. ചിതയില്‍ നിന്നും കിശോരന്‍ യക്ഷരൂപത്തില്‍ പുറത്തു വന്നു. രാമനെ സ്തുതിച്ചു മറഞ്ഞു. 

പിന്നീടു രാമന്‍ പോയതു ശരഭങ്ഗന്‍ എന്ന മുനിയുടെ ആശ്രമത്തിലേയ്ക്കാണ്. 

ആശ്രമസമീപത്തു നിന്ന് അവര്‍ ഒരു കാഴ്ച കണ്ടു. ഇന്ദ്രന്‍ മറ്റു ദേവന്മാരോടൊപ്പം രത്നമയമായ തേരില്‍ വരുന്നു. മഹര്‍ഷിയെ വന്ദിച്ചു പറയുന്നു: സാക്ഷാല്‍ വിഷ്ണുദേവന്‍ രാമരൂപത്തില്‍ ഇവിടെയെത്തും. രാക്ഷസനിഗ്രഹത്തിന് വിഷ്ണുദേവന്‍ അവതാരമെടുത്ത കാര്യം അറിയാമല്ലോ. ഈ ശരങ്ങളും ചാപവും വില്ലും അദ്ദേഹത്തിനു നല്‍കുക. ഇന്ദ്രനും സങ്ഘവും ദേവലോകത്തേയ്ക്കു മടങ്ങി. 

രാമന്‍ ആശ്രമത്തില്‍ പ്രവേശിച്ചു. ശരഭങ്ഗമുനിയ്ക്കു സന്തോഷമായി. രാമദര്‍ശനത്തിനു ശേഷം ദേഹത്യാഗം ചെയ്യാന്‍ കാത്തിരിയ്ക്കുകയായിരുന്നു അദ്ദേഹം. ഇന്ദ്രദത്തമായ അമ്പുകളും വില്ലും മുനി രാമനു നല്‍കി. അതിനു ശേഷം അദ്ദേഹം ഹോമകുണ്ഡമൊരുക്കി അതില്‍ ചാടി ദേഹത്യാഗം ചെയ്തു. ചിതാഗ്നിയില്‍ നിന്നും ഒരു സുന്ദരരൂപന്‍ പുറത്തു വന്നു. രാമനെ തൊഴുതു വൈകുണ്ഠത്തിലേയ്ക്കു പോയി. 

മൂവര്‍സങ്ഘം യാത്ര തുടര്‍ന്നു. 

അവര്‍ ഒരു തപോവനത്തില്‍ എത്തി. മഹര്‍ഷിമാരോടു രാക്ഷസന്മാരെ ഭയക്കേണ്ടെന്നും താനുള്ളതിനാല്‍ ഒന്നിനും തടസ്സം വരികയില്ലെന്നും രാമന്‍ പറഞ്ഞു. 

അവര്‍ നമ്മളെ ഉപദ്രവിച്ചില്ലല്ലോ, അസുരന്മാരെ വെറുതെ കൊല്ലണമോ എന്നു ചോദിച്ച സീത രാമനോട്  ഒരു കഥ പറഞ്ഞു. രാക്ഷസന്‍ എന്നു പേരുള്ള ഒരു ഋഷിയുണ്ടായിരുന്നു. ഒരിയ്ക്കല്‍ ഒരാള്‍ ഒരു  വില്ല് ഋഷിയുടെ പക്കല്‍ സൂക്ഷിക്കാനേല്പിച്ചു. അദ്ദേഹം അതു കൊണ്ട് ഒരു പക്ഷിയെ കൊന്നു. പാപിയുമായി. ആയുധം കയ്യിലുണ്ടെങ്കില്‍ ഇങ്ങനെയുള്ള ചിന്തകള്‍ വരും എന്നായിരുന്നു സാരം.


സുതീക്ഷ്ണാശ്രമം, അഗസ്ത്യാശ്രമം

രാമനും ലക്ഷ്മണനും സീതയും പഞ്ചാപ്സര എന്ന തപോവനത്തിലെത്തി. അവിടെ, പൊയ്കയില്‍ നിന്നു സങ്ഗീതം ഉയരുന്നതു കേട്ടു. അടുത്തുള്ള മഹര്‍ഷിമാര്‍ അതിന്റെ കാരണം പറഞ്ഞു. എന്നോ ദിവ്യനായ ഒരു മഹര്‍ഷി തീരത്തു തപസ്സു ചെയ്തു. അദ്ദേഹത്തെ തടസ്സപ്പെടുത്താന്‍ ഇന്ദ്രന്‍ അഞ്ച് അപ്സരസ്സുകളെ അയച്ചു. അവര്‍ക്കു മഹര്‍ഷിയെ ഭയമായിരുന്നു. അവര്‍ ഇപ്പോഴും പൊയ്കയുടെ അടിയിലെങ്ങോ ഒളിച്ചു കഴിയുന്നു. അവിടെ നിന്നാണു സങ്ഗീതം ഉയരുന്നത്.

വനവാസം നീണ്ടു. പലയിടത്തായി താമസം. അങ്ങനെ പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞു.

സുതീക്ഷ്ണമഹര്‍ഷിയുടെ ആശ്രമത്തില്‍ അവരെത്തി അദ്ദേഹത്തെ വന്ദിച്ചു.

മഹര്‍ഷി പറഞ്ഞ വഴിയിലൂടെ അഗസ്ത്യാശ്രമത്തിലേയ്ക്കു യാത്രയായി. ആദ്യം പിപ്പലിവനത്തില്‍ അഗസ്ത്യമുനിയുടെ സഹോദരനൊപ്പം അന്നു താമസിച്ചു. 

അഗസ്ത്യവനത്തിലെത്തിയപ്പോള്‍ ബ്രാഹ്മണവിരോധികള്‍ ആയിരുന്ന ഇല്വലന്‍, വാതാപി എന്നീ അസുരന്മാരുടെ കഥ രാമന്‍ ലക്ഷ്മണനെ കേള്‍പ്പിച്ചു.

ഇല്വലന്‍ സങ്ഗീതജ്ഞന്‍. വാതാപി ആടിന്റെ വേഷത്തില്‍ നടക്കും. ബ്രാഹ്മണരെ വിരുന്നിനു വിളിയ്ക്കും. ആടിന്റെ രൂപത്തിലുള്ള വാതാപിയെ കൊന്നു കിട്ടുന്ന മാംസം കലര്‍ത്തി ആഹാരം വിളമ്പും. പിന്നീട് ഇല്വലന്‍ വാതാപീ! എന്നു വിളിയ്ക്കുമ്പോള്‍ അയാള്‍ ബ്രാഹ്മണരുടെ വയര്‍ കീറി പുറത്തു വരും. അങ്ങനെ ബ്രാഹ്മണര്‍ കൊല്ലപ്പെട്ടുകൊണ്ടിരുന്നു.  അഗസ്ത്യമുനി അവരെ ഇല്ലാതാക്കാന്‍ തീരുമാനിച്ച് ഒരിയ്ക്കല്‍ അവരുടെ വിരുന്നിനെത്തി. മുനി പെണ്ണാടിന്റെ മാംസാഹാരം കഴിയ്ക്കാമെന്നു സമ്മതിച്ചു. മുനി തന്നെ  വാതാപിയായ ആടിനെ പെണ്ണാട് ആക്കി. അതിനെ കൊന്ന് ഇല്വലന്‍ കറി തയ്യാറാക്കി. അതു  കഴിച്ചശേഷം മഹര്‍ഷി കയ്യില്‍ കരുതിയിരുന്ന ഗങ്ഗാജലം കുടിച്ചു. ആഹാരം ദഹിച്ചു പോയി. ഇല്വലന്‍ പതിവു പോലെ സഹോദരനെ വിളിച്ചപ്പോള്‍ മഹര്‍ഷി പറഞ്ഞു,: ഇനി അവന്‍ പുറത്തു വരില്ല. ഇല്വലന്‍ അഗസ്ത്യനു നേരെ അടുത്തു. മുനിയുടെ ദിവ്യശക്തിയാല്‍ ഉണ്ടായ അഗ്നിയില്‍ അവന്‍ ചാരമായി.

രാമനും സീതയും ലക്ഷ്മണനും അന്ന് അഗസ്ത്യാശ്രമത്തില്‍ താമസിച്ചു. വിശ്വകര്‍മ്മനിര്‍മ്മിതമായ വില്ലും അമ്പും മഹര്‍ഷി രാമനു നല്‍കി. മഹര്‍ഷിയുടെ ഉപദേശപ്രകാരം പഞ്ചവടിയിലേയ്ക്കു പോയി. വനത്തില്‍ താമസിച്ചിരുന്ന ഗരുഡപുത്രന്‍ ജടായു രാമാഗമനം അറിഞ്ഞു മൂവരെയും കാണാനെത്തി. അവരെ ജടായു ചിറകിലേറ്റി പഞ്ചവടിയില്‍ കൊണ്ടു വിട്ടു.

പഞ്ചവടി രാമനു നന്നേ ഇഷ്ടപ്പെട്ടു.

ശാന്തസുന്ദരം. ശ്രേഷ്ഠന്മാരായ തപസ്വികള്‍. അടുത്തു ഗോദാവരീനദിയും. നദിയുടെ തീരത്തു ലക്ഷ്മണന്‍ കുടില്‍ ഉണ്ടാക്കി. വനവാസം ആസ്വദിച്ച് അവര്‍ താമസിച്ചു.


ശൂര്‍പ്പണഖ, ഖരദൂഷണവധം

ലോകം ചുറ്റി നടക്കുന്ന രാവണസഹോദരി ശൂര്‍പ്പണഖ പഞ്ചവടിവനത്തിലുമെത്തി. യാദൃശ്ചികമായി രാമനെ കണ്ടു. രാമന്റെ തേജോമയമായ സൗന്ദര്യത്തില്‍ അവള്‍ ആകൃഷ്ടയായി.

സ്വന്തരൂപം വെടിഞ്ഞ ശൂര്‍പ്പണഖ ഒരു സുന്ദരിയായി മാറി. പതുക്കെ രാമനെ സമീപിച്ചു.

നിങ്ങള്‍ ആരാണ്രാക്ഷസന്മാര്‍ നടക്കുന്ന വനത്തില്‍ വരാന്‍ പേടിയില്ലേകൂടെയുള്ള സുന്ദരി ആരാണ്?അവള്‍ ചോദിച്ചു.

രാമന്‍ സ്വയം പരിചയപ്പെടുത്തി. ലക്ഷ്മണനെയും സീതയെയും പരിചയപ്പെടുത്തി.

ഭവതി ആരാണ്, രാമന്‍ ചോദിച്ചു.

ഞാന്‍ ലങ്കാചക്രവര്‍ത്തിയായ രാവണന്റെ സഹോദരിയാണ്. ശൂര്‍പ്പണഖ. എനിയ്ക്കു ലങ്കയില്‍ വേറെ രണ്ടു സഹോദരന്മാരുമുണ്ട്. ഉറക്കപ്രിയനായ കുംഭകര്‍ണ്ണനും ഭക്തനായി ജീവിയ്ക്കുന്ന വിഭീഷണനും. ഈ വനത്തിലും രണ്ടു സഹോദരന്മാരുണ്ട്. ഖരനും ദൂഷണനും. താങ്കള്‍ എന്റെ കൂടെ പോരൂ. നമുക്ക് ലങ്കയില്‍ സുഖമായി ജീവിയ്ക്കാം.

രാമന്‍ വിസമ്മതിച്ചു. ഒപ്പം പത്നിയുണ്ടല്ലോ. അതു കൊണ്ടു ലക്ഷ്മണന്റെ അടുത്തേയ്ക്കു പറഞ്ഞു വിട്ടു. സുന്ദരനായ ലക്ഷ്മണന്‍ ആയാലും മതി എന്നു കരുതി അവള്‍ ലക്ഷ്മണന്റെ അടുത്തു ചെന്നു. താന്‍ രാമന്റെ സേവകനാണെന്നും യജമാനന്‍ തന്നെയാണ് അവള്‍ക്കു ചേരുന്നതെന്നും അനുജന്‍ പറഞ്ഞു. വീണ്ടും അവള്‍ രാമന്റെ അടുത്തേയ്ക്കു പോയി. രാമന്‍ വീണ്ടും ലക്ഷ്മണന്റെ അടുത്തേയ്ക്കു പറഞ്ഞുവിട്ടു. ഇങ്ങനെ നടന്നു വശം കെട്ട ശൂര്‍പ്പണഖ ദേഷ്യത്തില്‍ സ്വന്തരൂപമെടുത്തു. സീതയെ വിഴുങ്ങാന്‍ ചെന്നു. അത്യന്തം കോപത്തോടെ ലക്ഷ്മണന്‍ ഒരമ്പയച്ചു. അത് ശൂര്‍പ്പണഖയുടെ ചെവികള്‍ മുറിച്ചു. മറ്റൊരമ്പു കൊണ്ടു മൂക്കും മുറിച്ചു.

ശൂര്‍പ്പണഖ ചോരയൊലിപ്പിച്ചു ഖരന്റെ അടുത്തു ചെന്നു പരാതി പറഞ്ഞു: താപസവേഷത്തിലുള്ള രണ്ടു കുമാരന്മാരെയും ഒരു പെണ്ണിനെയും ഭക്ഷിയ്ക്കാന്‍ ചെന്നു. അതിലൊരാളാണ് ഇതു ചെയ്തത്.

ഖരന്‍ മിടുക്കന്മാരായ പതിന്നാലു പേരെ വിളിച്ചു. മൂന്നു പേരെയും കൊന്നു മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ പറഞ്ഞു. അവര്‍ ശൂര്‍പ്പണഖയ്ക്കൊപ്പം പോയി. ഒരൊറ്റ രാമബാണം പതിന്നാലായി പിരിഞ്ഞു പതിന്നാലു പേരെയും വധിച്ചു. ഇതു കണ്ട ശൂര്‍പ്പണഖ പാഞ്ഞു ചെന്നു ഖരനെ വിവരമറിയിച്ചു.

കുപിതരായ ഖരനും ദൂഷണനും പതിന്നാലായിരം വരുന്ന പടയോടൊപ്പം താപസവേഷക്കാരെ നേരിടാന്‍ പുറപ്പെട്ടു. അവരുടെ വരവു കണ്ട രാമന്‍, സീതയെ സുരക്ഷിതമായി പാര്‍പ്പിയ്ക്കാന്‍ ലക്ഷ്മണനോടു പറഞ്ഞു. ലക്ഷ്മണന്‍ സീതയെ ഒരു ഗുഹയിലിരുത്തി കാവല്‍ നിന്നു.

രാമന്റെ അസ്ത്രങ്ങള്‍ തടയാന്‍ അസുരന്മാര്‍ക്കു കഴിഞ്ഞില്ല. ക്രുദ്ധനായ ദൂഷണന്‍ ബ്രഹ്മാവു നല്‍കിയ ശൂലവുമായി രാമനു നേരെ തിരിഞ്ഞു. ആ ശൂലം ആര്‍ക്കും മുറിക്കാന്‍ പറ്റുകയില്ല എന്നായിരുന്നു ബ്രഹ്മവരം. എന്നാല്‍ രാമന്‍ ആ ശൂലം മുറിച്ചു.

ദൂഷണന്‍ രാമാസ്ത്രമേറ്റു മരിച്ചു. അസുരപ്പട ഒന്നൊഴിയാതെ കൊല്ലപ്പെട്ടു.

രാമന്‍  ഖരനുമായി കടുത്ത പോരായി. അഗസ്ത്യചാപത്തില്‍ നിന്നു രാമന്‍ തൊടുത്ത ഭൗമാസ്ത്രം ഖരന്റെ ജീവനെടുത്തു. 

സീതയുടെ അടുത്തെത്തിയ രാമന്റെ മുറിവുകള്‍ കണ്ടു സീത കരഞ്ഞു. കൈകേയിയെ പഴിച്ചു.

ശൂര്‍പ്പണഖ ലങ്കയിലെത്തി. അസുരസഹോദരന്മാരെയും പതിന്നാലായിരപ്പടയെയും നിഷ്പ്രയാസം രാമന്‍ ഒറ്റക്ക് ഇല്ലാതാക്കിയ സംഭവം രാവണനെ അറിയിച്ചു. സുഖലോലുപനായി കഴിയുന്ന രാവണനെ കുറെ ശകാരിയ്ക്കുകയും ചെയ്തു.

സീത ലോകൈകസുന്ദരിയാണ്. ലക്ഷ്മീദേവിയേക്കാള്‍ സൗന്ദര്യം. സീതയാണു ജ്യേഷ്ഠനു പറ്റിയ പട്ടമഹിഷി. ദശരഥപുത്രരായ രാമനെയും ലക്ഷ്മണനെയും വധിച്ചു സീതയെ സ്വന്തമാക്കൂ, അവള്‍ പറഞ്ഞു.

കുറിപ്പ്: ഖരന്‍, ദൂഷണന്‍, ത്രിശിരസ്സ് - ഇവര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു എന്നു ചില രാമായണങ്ങളില്‍. എന്നാല്‍ ഇവിടെ, ത്രിശിരസ്സ് ഈ സമയം ലങ്കയിലായിരുന്നു എന്നാണു സൂചന. യുദ്ധത്തില്‍ നിന്നു പലായനം ചെയ്ത പതിന്നാലു പേരും പിന്നീടു ലങ്കയിലെത്തി. ത്രിശിരസ്സിനെ പിന്നീടു  കൃത്തിവാസരാമായണത്തിൽ കാണാം.


രാവണനും മാരീചനും

സീതയെ എങ്ങനെയെങ്കിലും സ്വന്തമാക്കാന്‍ രാവണന്‍ തീരുമാനിച്ചു. എട്ടു പറക്കുംകുതിരകളെ കെട്ടിയ പുഷ്പകം എന്ന രഥത്തില്‍ കയറി ഉപദേശകനായ മാരീചന്റെ അടുത്തേയ്ക്കു പോയി. തേരാളി വായുദേവനായിരുന്നു. (പല ദേവന്മാരെയും രാവണന്‍ അടിമകള്‍ ആക്കിയിരുന്നല്ലോ).

രാമനുമായി ഒരിയ്ക്കല്‍ ഏറ്റുമുട്ടി രക്ഷപ്പെട്ട മാരീചന്‍ വനവാസിയായിക്കഴിഞ്ഞിരുന്നു. രാമനാമം ചൊല്ലി ഒരു വലിയ ആലിന്റെ ചുവട്ടില്‍ ഇരിയ്ക്കുമ്പോള്‍ രാവണന്റെ വരവായി. താരകാപുത്രനായ മാരീചന്‍ ഭയന്നു. എന്തോ ആപത്തു വരുന്നുണ്ട്.

ഉപചാരക്രിയകള്‍ക്കു ശേഷം രാവണന്‍ പറഞ്ഞു: അയോദ്ധ്യാചക്രവര്‍ത്തി ദശരഥന്റെ മക്കളായ രാമന്‍, ലക്ഷ്മണന്‍ എന്നീ മനുഷ്യകീടങ്ങള്‍ ദണ്ഡകവനത്തിലുണ്ട്. ശൂര്‍പ്പണഖയുടെ മൂക്കും കാതും ലക്ഷ്മണന്‍ മുറിച്ചു. അതു ചോദിക്കാന്‍ ചെന്ന ഖരനെയും ദൂഷണനെയും ഇല്ലാതാക്കി. അവരുടെ പോരാളികളും കൊല്ലപ്പെട്ടു. ഞാനും മേഘനാദനും ആയിരം ആനയുടെ ശക്തിയുള്ള താങ്കളുമൊക്കെ ഉണ്ടായിട്ടും എന്തു കാര്യം?. രാമന്റെ ഭാര്യ സീത എന്ന സുന്ദരിയാണ്. മേഘനാദനും ഞാനും ചെന്നാല്‍ അവരെ ജയിയ്ക്കാം. പക്ഷെ, അവളെ എനിക്ക് അപഹരിയ്ക്കണം. താങ്കള്‍ അതിനു സഹായിയ്ക്കണം.

രാവണന്റെ ആഗ്രഹം കേട്ടു മാരീചന്‍ കൂടുതല്‍ ഭയാക്രാന്തനായി. അയാള്‍ രാവണനെ ഉപദേശിച്ചു:

വേണ്ട. മായാവിയായ ഞാന്‍ മാനായി ചെന്നാല്‍ രാമനെയും ലക്ഷ്മണനെയും അകറ്റാം. താങ്കള്‍ക്കു സീതയെ അപഹരിക്കാം. രാമന്‍ സാക്ഷാല്‍ വിഷ്ണുവാണ്. സീത താങ്കള്‍ക്ക് ഒരു ദോഷവും ചെയ്തിട്ടില്ല. ഇത് അപകടമാണ്. ഈ വംശമാകെ വേരറ്റു പോകും. 

രാവണന്‍ ക്രുദ്ധനായി. ഇഷ്ടദേവനായ പരമശിവന്‍ അരുതെന്നു വിലക്കിയാലും സീതയെ അപഹരിയ്ക്കും എന്നു പറഞ്ഞു. വധഭീഷണിയും മുഴക്കി. മാരീചനെ ബലാല്‍ തേരില്‍ കയറ്റി.

രണ്ടുപേരും ദണ്ഡകവനത്തില്‍ രാമന്റെ വള്ളിക്കുടിലിനു സമീപം ഇറങ്ങി. രാവണന്‍ ഒളിച്ചു നിന്നു. മാരീചന്‍ ഒരു സ്വര്‍ണ്ണമാനിന്റെ രൂപമെടുത്തു. സീതയും രാമനും കുടിലിന്റെ മുന്നില്‍ ഇരിപ്പുണ്ടായിരുന്നു. അവര്‍ കാണ്‍കെ മാന്‍ ഒരിടത്തു നിന്നു. സീതക്ക് അതിനെ പിടിച്ചു വളര്‍ത്തണമെന്നു തോന്നി. രാമനോട് ആ ആഗ്രഹം പറഞ്ഞു. ലക്ഷ്മണനെ സീതയ്ക്കു കാവലിരുത്തി മാനിനെ പിടിക്കാന്‍  രാമന്‍ ഇറങ്ങി. ലക്ഷ്മണന്‍ ജ്യേഷ്ഠനു മുന്നറിയിപ്പു നല്‍കി: മാരീചനെ പോലെയുള്ള രാക്ഷസന്മാര്‍ പല വേഷത്തിലും എത്തും. ഒരു പക്ഷെ, ഇതു മാരീചനാവും.

രാക്ഷസനാണെങ്കില്‍ എന്റെ അമ്പേറ്റു ചാവും. അല്ലെങ്കില്‍ അതിനെ സീതയ്ക്കു വളര്‍ത്താന്‍ കൊടുക്കാം. രാമന്‍ മാനിന്റെ പിമ്പേ പോയി.

രാവണന്‍ സംഭാഷണമെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു.

മാരീചന്‍ ചിന്തിച്ചു: ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടാല്‍ രാവണന്‍ കണ്ടുപിടിച്ചു കൊല്ലും. അല്ലെങ്കില്‍ ഭഗവാന്‍ രാമന്റെ കയ്യാല്‍ മരണം. രണ്ടാമത്തേതാണ് അഭികാമ്യം. 

അടുത്തും അകന്നും ദൂരത്തില്‍ എത്തിയും പിന്നെയും ഓടിമാറിയും കളിയ്ക്കുന്ന മാന്‍ അസുരനാണെന്നു രാമനു മനസ്സിലായി. ഒറ്റ അമ്പു കൊണ്ടു രാമന്‍ മാനിന്റെ കഥ കഴിച്ചു. 

മരിയ്ക്കുന്നതിനു മുമ്പു സ്വന്തരൂപമെടുത്ത മാരീചന്‍, രാവണന് ഒരുപകാരവും ചെയ്തു. രാമന്റെ സ്വരത്തില്‍ അയാള്‍ ലക്ഷ്മണനെ വിളിച്ചു: ലക്ഷ്മണാ, എന്നെ സഹായിക്കാന്‍ വേഗം വരൂ. ഇവിടെയെല്ലാം രാക്ഷസന്മാരാണ്.

കുറിപ്പ്:
പുഷ്പകവിമാനം എന്നൊരു സങ്കല്‍പം കൃത്തിവാസരാമായണത്തില്‍ ഇല്ലെന്നു തോന്നുന്നു. പുഷ്പകരഥം എന്നാണു വിവര്‍ത്തനങ്ങളില്‍.

 

സീതാപഹരണം

സീതയും ലക്ഷ്മണനും രാവണനും അതു കേട്ടു.

രാമന് ഒന്നും സംഭവിയ്ക്കുകയില്ലെന്നും രാമന്റെ ശബ്ദത്തില്‍ വിളിച്ചതു മാരീചനാണെന്നും ലക്ഷ്മണന്‍ സീതയെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചു.

ഭരതന്‍ കിരീടം കൊണ്ടു പോയി. നിനക്ക് എന്നെ വേണമെന്നു തോന്നുന്നു. രണ്ടാനമ്മയുടെ മകനുണ്ടോ നല്ല സഹോദരനാകാന്‍ പറ്റുന്നു?, സീതയുടെ സംസാരം ലക്ഷ്മണനെ വേദനിപ്പിച്ചു.

ഒരു വൃത്തം വരച്ച്, സീതയോട് അതിനുള്ളില്‍ നിന്ന് ഇറങ്ങരുത് എന്നു പറഞ്ഞ ശേഷം ദേവിയുടെ സംരക്ഷണം ദേവകളില്‍ അര്‍പ്പിച്ച്, ലക്ഷ്മണന്‍ രാമനെ തേടി പോയി.

രാവണന്‍ പൊക്കണവും തൂക്കി ഭിക്ഷുവേഷത്തില്‍ ആശ്രമത്തില്‍ എത്തി.

സീത രാവണനെ വണങ്ങി.

ഞാന്‍ കുബേരന്റെ അനുജന്‍ രാവണനാണ്. ഇവിടെ കാട്ടില്‍ തപസ്സു ചെയ്യുന്നു. രാവണന്‍ പറഞ്ഞു.

സീതയും തന്നെ പരിചയപ്പെടുത്തി. രാമലക്ഷ്മണന്മാരെ പറ്റി പറഞ്ഞു. 

ഭിക്ഷ തരൂ. എനിയ്ക്കു കുളിയ്ക്കണം. നാമജപാദികള്‍ ഉണ്ട്. രാമന്‍ വരുന്നതു വരെ കാത്തുനില്‍ക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല.

രാവണന്റെ നയം ഫലം കണ്ടു.

വൃത്തത്തില്‍ നിന്ന് ഇറങ്ങാന്‍ മടിച്ചെങ്കിലും താപസനോട് ആതിഥ്യമര്യാദ കാട്ടാന്‍ സീത കുടിലിനകത്തു പോയി പഴങ്ങളുമായി മുറ്റത്തു വന്നു.

പെട്ടെന്നു രാവണന്‍ സ്വന്തരൂപമെടുത്തു. സീതയുടെ കൈകളില്‍ കയറിപ്പിടിച്ചു.

ലങ്കേശനായ രാവണചക്രവര്‍ത്തിയാണു ഞാന്‍. മൂന്നു ലോകങ്ങളും ഭരിയ്ക്കുന്ന അസുരചക്രവര്‍ത്തി. ഭവതി എന്റെ കൂടെ വരണം. എന്റെ ചക്രവര്‍ത്തിനിയായി വാഴാം. ഞാന്‍ നിന്റെ ദാസനാണ്‌. എന്റെ മറ്റു പത്നികള്‍ നിന്റെ ദാസിമാരാകും. ഞാന്‍ ചിരഞ്ജീവിയായ് വാഴും. രാവണന്‍ പ്രലോഭനങ്ങള്‍ ചൊരിഞ്ഞു. രാമനെയും രാജവംശത്തെയും നിന്ദിച്ചു.

ഛേ! ദൂരെപ്പോകൂ. തെമ്മാടീ! രാമനോ ലക്ഷ്മണനോ ഉണ്ടായിരുന്നെങ്കില്‍ നീ ഇങ്ങനെ ചെയ്യുമായിരുന്നോ? രാമനാര്? നീയാര്? ഒറ്റയ്ക്കിരിയ്ക്കുന്ന ഒരു സ്ത്രീയോട് ഇങ്ങനെ പെരുമാറാന്‍ നാണമില്ലേ?. സീതാദേവി അതികോപത്തില്‍ ഗര്‍ജ്ജിച്ചു. ശാപവാക്കുകള്‍ പലതും പറഞ്ഞു.

ലക്ഷ്മണനെ പറഞ്ഞു വിട്ടത് അബദ്ധമായി എന്നു ദേവിയ്ക്കു മനസ്സിലായി. രാമനെയും ലക്ഷ്മണനെയും വനദേവതമാരെയും വിളിച്ചു കരഞ്ഞു. ആരും തുണയ്ക്കെത്തില്ല എന്നുറപ്പിച്ച രാവണന്‍ സീതയെ ബലമായി തേരില്‍ കയറ്റി ആകാശത്തിലൂടെ പാഞ്ഞു.

നീ അല്പായുസ്സായി നരകത്തിലെത്തും. ഞാന്‍ കാരണം നിന്റെ കുലം മുടിയും, സീത ശപിച്ചു കൊണ്ടിരുന്നു. കണ്ണീര്‍ വാര്‍ത്തുകൊണ്ടിരുന്നു.

സാക്ഷാല്‍ ലക്ഷ്മീദേവിയെ രാവണന്‍ അപഹരിച്ചിരിയ്ക്കുന്നു!

കുറിപ്പ്: സമ്മതമില്ലാതെ സ്ത്രീകളെ തൊടരുത് എന്ന രംഭാശാപം / നളകൂബരശാപം / വേദവതീശാപം  ഈ ഭാഗത്തു ചില വിവര്‍ത്തകര്‍ ഉപയോഗിച്ചിട്ടില്ല. മറ്റൊരു ഭാഗത്ത് അതു പറയുന്നുണ്ട്. ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ ഇങ്ങനെ കാണുന്നു: സ്ത്രീസ്പര്‍ശശാപം ഉള്ളതിനാല്‍ രാവണന്‍ സീത നിന്ന സ്ഥലത്തിനു ചുറ്റും വലിയ വട്ടത്തില്‍ കുഴിച്ചു. സീത നിന്ന ഭാഗം തുരുത്തു പോലെയായി. ആ ഭാഗം രാവണന്‍ ഉയര്‍ത്തി തേരില്‍ എടുത്തു വച്ചു.

ജടായു, ഋശ്യമൂകപര്‍വ്വതം

സീതാദേവിയുടെ കരച്ചില്‍ ആകാശത്തു പറന്നു നടന്നിരുന്ന ജടായു എന്ന പെരുംപക്ഷി കേട്ടു.

ജടായുവിനു പലരെയും അറിയാം. ഗരുഡന്റെ പുത്രനാണല്ലോ. ദശരഥന്റെയും രാമന്റെയും സുഹൃത്തുമാണ്. 

പക്ഷിയ്ക്കു കാര്യത്തിന്റെ ഗൗരവം മനസ്സിലായി. 

ശ്രീരാമന്റെ പത്നിയുമായി രാവണന്‍ പാഞ്ഞുപോകുന്നു!

മാനത്ത് ഉയരത്തില്‍ പറന്ന ഗരുഡപുത്രന്‍  വളരെ അകലെ ശ്രീരാമനെ കാടിന്റെ ഒരു ഭാഗത്തു കാണുകയും ചെയ്തു. വൃദ്ധനായെങ്കിലും യുദ്ധം ചെയ്യാന്‍ വയ്യെങ്കിലും രാവണനെ എതിരിടാന്‍ ആ പക്ഷിരാജന്‍ തീരുമാനിച്ചു.

ജടായു രാവണനെ തടഞ്ഞു പറഞ്ഞു: രാമന്‍ നിനക്ക് ഒരു ദോഷവും ചെയ്തില്ല. ലങ്കയെ ആക്രമിച്ചില്ല. ശൂര്‍പ്പണഖയും മറ്റുള്ളവരും അങ്ങോട്ടു ചെന്നു വഴക്കിട്ടതല്ലേ? ഞാന്‍ വയസ്സനായി. അല്ലായിരുന്നെങ്കില്‍ നിന്നെ രഥത്തോടെ നശിപ്പിച്ചേനെ. 

ഘോരയുദ്ധം തുടങ്ങി. രാവണന്‍ രഥം താഴെയിറക്കി. 

യുദ്ധം തുടര്‍ന്നു. ഇതിനിടയില്‍ സീതാദേവി രഥത്തില്‍ നിന്ന് ഇറങ്ങിയോടി. ജടായു ക്ഷീണിതനായി ഒരിടത്തിരുന്നു. രാവണന്‍ സീതയെ വീണ്ടും പിടിച്ചു തേരില്‍ക്കയറ്റി യാത്ര തുടര്‍ന്നു1.

ജടായു വീണ്ടും പറന്നുയര്‍ന്നു. രാവണനെ പറന്നു മുറിവേല്പിച്ചു. കിരീടം താഴെ വീണു. പത്തു തലയിലെയും മുടി പറിച്ചെടുത്തു. ലങ്കേശനെ വിരൂപനാക്കി. ഒരു കൈ കൊണ്ടു സീതയെ പിടിച്ചു മറുകൈ കൊണ്ടായിരുന്നു രാവണന്റെ പോര്. ശരീരത്തിലേറ്റ മുറിവുകള്‍ കാരണം വശം കെട്ട രാക്ഷസരാജാവു വീണ്ടും രഥം താഴെയിറക്കി.

വീണ്ടും യുദ്ധം. ഇത്തവണ ജടായുവിനു ധാരാളം അമ്പുകളേറ്റു. പരിക്കേറ്റു നിലത്തു വീണ ജടായുവിന്റെ രണ്ടു ചിറകുകളും രാവണന്‍ ചന്ദ്രഹാസം കൊണ്ട് അരിഞ്ഞു.

ഘോരവനത്തില്‍ രക്ഷപ്പെടാന്‍ കഴിയാതെ ദേവി കരഞ്ഞുകൊണ്ടിരുന്നു.

മരണാസന്നനായ ജടായുവിനെ വന്ദിച്ചു കൊണ്ടു സീതാദേവി പറഞ്ഞു: എന്റെ വിധി ഇതാണ്. ഞാന്‍ മൂലം ഇവന്‍ കൊല്ലപ്പെടും. താങ്കള്‍ ശ്രീരാമദേവനെ കാണും. അപ്പോള്‍ രാവണന്‍ എന്നെ അപഹരിച്ചു കൊണ്ടുപോയ കാര്യം പറയണം.

പൊട്ടിക്കരയുന്ന സീതയെ വൃദ്ധനായ ജടായു ആശ്വസിപ്പിച്ചു: ശ്രീരാമദേവനും ലക്ഷ്മണദേവനും ഇവനെ കൊന്നു ഭവതിയെ വീണ്ടെടുക്കും.

ഇതു കേട്ടു രാവണന്‍ ചിരിച്ചു. 

സീതയെ തേരിലേയ്ക്കു വലിച്ചു കയറ്റി പറക്കല്‍ തുടര്‍ന്നു2 രാമന്‍ പിന്നാലെ എത്തിയാലോ? 

യാത്രയ്ക്കിടയില്‍ കരഞ്ഞുകൊണ്ടിരുന്ന ദേവി ആഭരണങ്ങള്‍ പൊട്ടിച്ചു താഴേയ്ക്കിട്ടു. ശ്രീരാമന്‍ തന്നെ തിരയുമ്പോള്‍ അതു കാണട്ടെ എന്ന വിചാരത്താല്‍.

ഋശ്യമൂകപര്‍വ്വതത്തിനു മുകളില്‍ അവര്‍ എത്തി. താഴെ, വനത്തില്‍ സുഗ്രീവന്‍ എന്ന വാനരരാജാവും ഹനൂമാനും ജാംബവാനും മറ്റും ഉണ്ടായിരുന്നു. ദേവി അവരെ മുകളിലിരുന്നു കണ്ടു. ദേവി അവരോട് ഉറക്കെ പറഞ്ഞു:

വാനരരരാജാവേ! ഞാന്‍ അയോദ്ധ്യയിലെ ശ്രീരാമന്റെ പത്നിയാണ്. ലങ്കയിലെ രാവണന്‍ എന്നെ അപഹരിച്ചു കൊണ്ടുപോവുകയാണ്. എന്റെ ഉത്തരീയവും ആഭരണങ്ങളും ഞാന്‍ താഴേയ്ക്കിട്ടു. ശ്രീരാമദേവനെ കാണുമ്പോള്‍ രാവണന്‍ എന്നെ തട്ടിക്കൊണ്ടു പോയ വിവരം പറയണം.

ഇതു കേട്ട ഹനൂമാന്‍ സുഗ്രീവനെ വിവരം ധരിപ്പിച്ചു. 

ഇവരുടെ സംഭാഷണം രാവണന്‍ കേട്ടു. രഥം അതിവേഗം പറത്തി.


കുറിപ്പ്: 1, 2. ഈ വിവരണത്തിലും സീതയെ രാവണന്‍ സ്പര്‍ശിയ്ക്കുന്നുണ്ട്.


സുപാര്‍ശ്വന്‍, അശോകവനം

ഇത്തവണ അവരെ മറ്റൊരു വലിയ പക്ഷി കണ്ടു. സുപാര്‍ശ്വന്‍.

ജടായുവിന്റെ ജ്യേഷ്ഠനായ സമ്പാതിയുടെ മകന്‍. മുത്തച്ഛനായ ഗരുഡനു തുല്യന്‍. അജയ്യന്‍. ചിറകു വിരിച്ചാല്‍ സമുദ്രം പോലും മൂടപ്പെടും. രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോവുകയാണെന്നു ദേവകള്‍ സുപാര്‍ശ്വനോടു വിളിച്ചു പറഞ്ഞു. രഥത്തോടൊപ്പം രാവണനെ ഇല്ലാതാക്കാന്‍ കോപിഷ്ഠനായി ആ പക്ഷി പറന്നടുത്തു. രാവണന്‍ ഭയന്നു. സുപാര്‍ശ്വനെ തോല്‍പ്പിക്കാനാവില്ല.

സുപാര്‍ശ്വന്‍ രഥം തടഞ്ഞു. രഥം വീണ്ടും ഭൂമിയില്‍ ഇറങ്ങി. അകത്ത് ഒരു സ്ത്രീയുണ്ടായിരുന്നതിനാല്‍ രഥം തകര്‍ത്തില്ല.

രാവണന്‍ വിനീതനായി സുപാര്‍ശ്വനോടു പറഞ്ഞു:

പ്രതികാരാര്‍ത്ഥമാണു ഞാന്‍ രാമന്റെ ഭാര്യയെ കൊണ്ടുപോകുന്നത്. രാമന്‍ എന്നെ അപമാനിച്ചിരിയ്ക്കുന്നു. എന്റെ സഹോദരിയുടെ കാതും മൂക്കും ഛേദിച്ചു. പകരം ചോദിക്കാന്‍ ചെന്ന എന്റെ ബന്ധുജനങ്ങളെ  വധിച്ചു. അപാരശക്തിയുള്ള താങ്കളോട് എനിയ്ക്കു ശത്രുതയില്ല. ഞാന്‍ കീഴടങ്ങിയിരിയ്ക്കുന്നു.

കൂടുതല്‍ കാര്യങ്ങള്‍ സുപാര്‍ശ്വന്‍ ചോദിച്ചില്ല. കീഴടങ്ങിയവനെ ആക്രമിയ്ക്കാന്‍ പാടില്ല. ബോധരഹിതയായിരുന്ന സീത ഇക്കഥയൊന്നും അറിഞ്ഞില്ല. രാവണന്‍ ജടായുവിന്റെ ചിറകരിഞ്ഞ കഥ സുപാര്‍ശ്വന്‍ അറിഞ്ഞിരുന്നുമില്ല.

സുപാര്‍ശ്വന്‍ പറന്നകന്നു.

വീണ്ടുമുയര്‍ന്ന രാവണന്റെ രഥം തെക്കുദിക്കിലേയ്ക്കു പറന്നു.

രഥം ലങ്കാപുരിയില്‍ എത്തി. രഥത്തില്‍ നിന്നിറങ്ങിയ രാവണനെ എതിരേറ്റതു ഖരദൂഷണന്മാരെയും അസുരപ്പടയെയും രാമന്‍ വധിച്ചിരിയ്ക്കുന്നു എന്നറിയിക്കാനെത്തിയ അസുരന്മാരാണ്. അവര്‍ ആ യുദ്ധരങ്ഗത്തു നിന്നു പേടിച്ചോടിയവരായിരുന്നു.

പേടിത്തൊണ്ടന്മാരേ എന്നാക്രോശിച്ചുകൊണ്ട് രാവണന്‍ അവരെ ആട്ടിപ്പായിച്ചു.

സീതാദേവി! ഇതാണു മനോഹരമായ ലങ്കാനഗരം. ഇതെല്ലാം ഭവതിയുടേതാണ്. ഞാനും. രാവണന്‍ സീതയെ വശീകരിയ്ക്കാന്‍ ശ്രമം തുടങ്ങി. ഞാന്‍ ദാസനാണ്‌. ഇവിടെയുള്ള ദേവകന്യകള്‍ പോലും ഭവതിയുടെ ദാസികളാണ്. എന്നോടു ദേഷ്യം തോന്നരുത്. 

എനിയ്ക്കെല്ലാം രാമദേവനാണ്. ക്രുദ്ധയായി ദേവി പറഞ്ഞു.

സീതാദേവിയെ എവിടെ പാര്‍പ്പിക്കും എന്നായി രാവണന്റെ ചിന്ത. ആരും എത്താത്തിടത്തു രഹസ്യമായി താമസിപ്പിയ്ക്കണം. ദേവിയെ രാവണന്‍ അശോകവനത്തിലേയ്ക്കു കൊണ്ടു പോയി. അവിടെ ഒരു അശോകമരത്തിന്റെ ചുവട്ടിലിരുത്തി. ദേവിയുടെ മനസ്സു മാറ്റാനും കാവലിനുമായി കുറെ അസുരസ്ത്രീകളെ അവിടെയാക്കി. സീതാദേവി കണ്ണീര്‍ വാര്‍ത്തുകൊണ്ടു രാമനെ ധ്യാനിച്ചിരുന്നു. ആഹാരപാനീയങ്ങള്‍ വേണ്ടെന്നു വച്ചു.

സീതയെത്തി എന്നറിഞ്ഞ ശൂര്‍പ്പണഖ അവിടെയെത്തി അസഭ്യങ്ങള്‍ പറഞ്ഞു. വധഭീഷണി മുഴക്കി. രാവണനെ ഭയന്നു സീതയെ വധിച്ചില്ല.


ഇന്ദ്രന്‍, സീതാന്വേഷണം

ഈ സംഭവങ്ങളെല്ലാം ദേവന്മാര്‍ വീക്ഷിയ്ക്കുന്നുണ്ടായിരുന്നു. എല്ലാം പദ്ധതിപ്രകാരം തന്നെ.

പക്ഷെ, സീതയുടെ ഉപവാസം കണ്ടു ബ്രഹ്മാവിന്റെ മനസ്സലിഞ്ഞു. പത്തു മാസം ലങ്കയില്‍ കഴിയേണ്ടവളല്ലേ? ഉപവാസം കാരണം മരിച്ചാലോ?

അദ്ദേഹം ഇന്ദ്രനെ വിളിച്ചു.

ഇന്ദ്രദേവാ, ഇവിടെ നിന്നു സീതാദേവിയ്ക്കു പായസവുമായി പോവുക. അശോകവനത്തിലാണു ദേവി. പായസം ദേവി കഴിയ്ക്കട്ടെ.

ഇന്ദ്രന്‍ പായസവുമായി (മറ്റുള്ളവര്‍ക്ക് അദൃശ്യനായി) അശോകമരച്ചുവട്ടില്‍ എത്തി സീതാദേവിയെ കണ്ടു. അടയാളവാക്യം പറഞ്ഞു പരിചയപ്പെടുത്തി:

ഞാന്‍ ഇന്ദ്രനാണ്‌. ശ്രീരാമദേവനും ലക്ഷ്മണദേവനും മാനിന്റെ പിന്നാലെ പോയപ്പോള്‍ ദേവിയെ രാവണന്‍ അപഹരിച്ച് ഇവിടെ കൊണ്ടുവന്നതാണെന്നറിയാം. ഭയക്കേണ്ട. രാമദേവന്‍ പടയൊരുക്കി, ചിറ കെട്ടി, കടല്‍ കടന്നു രാവണനെ വധിക്കും. ദേവിയെ രക്ഷിക്കും.

സീതാദേവിയ്ക്കു വിശ്വാസമായില്ല. അത് ഇന്ദ്രന്‍ തന്നെയാണോ എന്നു സംശയം.

ഇന്ദ്രന്‍ ആയിരം കണ്ണുള്ള തന്റെ സ്വരൂപമെടുത്തു. ദേവിയ്ക്കു വിശ്വാസമായി. ഇന്ദ്രന്‍ ദേവിയ്ക്കു വിശപ്പും ക്ഷീണവും അകറ്റുന്ന ദിവ്യമായ പായസം നല്‍കി. ശ്രീരാമനു സമര്‍പ്പിച്ച ശേഷം അതു ദേവി കഴിച്ചു. എന്നും ആഹാരം എത്തിക്കാം എന്ന വാക്കു നല്‍കി ഇന്ദ്രന്‍ തൊഴുതു മറഞ്ഞു.

രാമനാമം ചൊല്ലി കണ്ണീരൊഴുക്കി സീതാദേവി കാലം കഴിച്ചു. 

ദണ്ഡകവനത്തില്‍ മാരീചന്‍ രാമന്റെ അമ്പേറ്റു മരിച്ചു വീണതു ഭീകരമായ രാക്ഷസരൂപത്തിൽത്തന്നെ ആയിരുന്നു. 

രാമന്‍ പര്‍ണ്ണശാലയിലേയ്ക്കു മടങ്ങി. വഴിയില്‍ അപശകുനങ്ങള്‍ കണ്ടു പരിഭ്രമിച്ചു. ഇടതു വശത്തു പാമ്പ്‌! വലതു വശത്തു കുറുക്കന്‍! അതിന്റെയൊന്നും പൊരുള്‍ രാമനു മനസ്സിലായില്ല.

എതിരെ ലക്ഷ്മണന്‍ വരുന്നതു കണ്ടു.

ലക്ഷ്മണാ, മാരീചന്‍ എന്റെ ശബ്ദത്തില്‍ വിളിച്ചതു കേട്ടു വന്നതാണോ? അവന്‍ മായാവിയാണെന്നു നിനക്കറിയരുതോ? സീതയെ തനിച്ചാക്കി പോന്നോ? എന്തു ബുദ്ധിമോശമാണത്! വന്യമൃഗങ്ങളും രാക്ഷസന്മാരുമുള്ള സ്ഥലമല്ലേ? മാരീചന്‍ കിടക്കുന്നതു നോക്കൂ.

രാമന്‍ ഇങ്ങനെ പലതും പറഞ്ഞു ലക്ഷ്മണനെ ശകാരിച്ചു. ലക്ഷ്മണന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

രണ്ടു പേരും വേഗത്തില്‍ കുടിലില്‍ എത്തി.

സീത അവിടെയില്ലായിരുന്നു!

രാമന്‍ സ്തബ്ധനായി വിലപിച്ചു. ലക്ഷ്മണനും കുറ്റബോധത്താല്‍ ദുഃഖിതനായി.

ആരെങ്കിലും അപഹരിച്ചു കൊണ്ടുപോയതായിരിക്കും. നമുക്കു കണ്ടുപിടിയ്ക്കാം, അനുജന്‍ ആശ്വസിപ്പിക്കാന്‍ പറഞ്ഞു. പര്‍ണ്ണശാലയില്‍ വന്ന മുനികളുടെ ആശ്വാസവാക്കുകളും പ്രയോജനം കണ്ടില്ല. സീതയില്ലാതെ രാമനില്ല.

ഇതെന്റെ വിധിയാണ്. എനിയ്ക്കു സീതയെ നഷ്ടപ്പെട്ട ഈ പഞ്ചവടി എങ്ങനെ പുണ്യസ്ഥലമായി?. 

ആ ദുഃഖം അവര്‍ണ്ണനീയമായിരുന്നു.

രാമന്‍ സീതയെ വിളിച്ചു കൊണ്ടു തപോവനങ്ങളിലും ഗ്രാമങ്ങളിലും മേടുകളിലും നടന്നു. വനദേവതകളോടും കിളികളോടും പര്‍വ്വതങ്ങളോടും ലതകളോടും മരങ്ങളോടും പൂക്കളോടും രാമന്‍ ചോദിച്ചു: പുണ്യജന്മമെടുത്തവരല്ലേ നിങ്ങള്‍? എന്റെ സീതയെ കണ്ടോ?

രാമന്റെ മനോനില നഷ്ടപ്പെട്ടു. സീതാന്വേഷണവുമായി ദിവസങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു.

സീതയെ തിരഞ്ഞു നടക്കുന്നതിനിടയില്‍ ഒരു വൃക്ഷക്കൊമ്പില്‍ ഒരു ചക്രവാകത്തെ കണ്ടു. രാമന്‍ അതിനോടും ചോദിച്ചു: ചക്രവാകമേ! നീ എന്റെ പത്നി സീതയെ കണ്ടോ?

രണ്ടു പേര്‍ ഒരു സ്ത്രീയെ തിരയുന്നു എന്നു മനസ്സിലാക്കിയ ചക്രവാകം പരിഹസിച്ചു: ഓഹോ! രണ്ടു പേര്‍ക്കും കൂടി ഒരു പെണ്ണായിരുന്നു. അല്ലേ? എനിക്കും അങ്ങനെ തന്നെ. രണ്ടു പിടകളുമായി ഇവിടെ കഴിയുന്നു.

പരിഹാസശരമേറ്റ രാമന്‍ ആ പക്ഷിയെ ശപിച്ചു: നിനക്കു മേലില്‍ ഇണചേരാന്‍ കഴിയാതെ പോവട്ടെ.

രാമനെ വീണ്ടും പരിഹസിക്കാനെന്നോണം, ഉടന്‍ ഇണചേരാന്‍ ഒരുമ്പെട്ട ചക്രവാകം നിലത്തു വീണു. ശാപം എന്തെന്നു ബോദ്ധ്യമായ പക്ഷി രാമനോടു മാപ്പു പറഞ്ഞു ശാപമോക്ഷമിരന്നു.

ശാപത്തിനു മാറ്റമില്ല. ദ്വാപരയുഗത്തില്‍ ഒരു വേടന്‍ നിന്നെ വലവച്ചു പിടിക്കും. അന്നു ശാപമോക്ഷം കിട്ടും. ഇതു പറഞ്ഞു രാമന്‍ വീണ്ടും തിരച്ചിലില്‍ വ്യാപൃതനായി. 

പിന്നീട് ഒരു രഥത്തിന്റെ  തകര്‍ന്ന ചക്രം കണ്ടെത്തി. സീതയുടെ കുറെ ആഭരണങ്ങളും കണ്ടു. ഒപ്പം ഒരു കിരീടവും.

അകലെ കാണുന്ന പര്‍വ്വതം സീതയെ വിഴുങ്ങിയോ? ഒറ്റ അമ്പാല്‍ ഞാന്‍ ആ പര്‍വ്വതം തകര്‍ക്കും.

ലക്ഷ്മണന്‍ ഇടപെട്ടു. അങ്ങനെയാവില്ല. ദേവിയെ ആകാശത്തിലൂടെ ആരോ കൊണ്ടുപോയിട്ടുണ്ട്.

ക്ഷുഭിതനായ ദേവന്‍ ഒരു സന്ദര്‍ഭത്തില്‍ സര്‍വ്വവും അസ്ത്രത്താല്‍ നശിപ്പിയ്ക്കാന്‍ ഒരുമ്പെട്ടു.

അരുത്. ഒരു അപരാധിയ്ക്കു വേണ്ടി നിഷ്കളങ്കരെ നശിപ്പിയ്ക്കരുത്, ലക്ഷ്മണന്‍ അപേക്ഷിച്ചു. 

വീണ്ടും നടക്കുന്നതിനിടയില്‍ മുറിവുകളില്‍ നിന്നു ചോരയൊലിപ്പിച്ചു മരണാസന്നനായി കിടക്കുന്ന ഒരു വലിയ പക്ഷിയെ കണ്ടു. ജടായുവായിരുന്നു അത്. 

ജടായുവിനെ രാമന്‍ തിരിച്ചറിഞ്ഞില്ല! 

ഇവനാണു സീതയെ കൊന്നു തിന്നത്. ഇവനെ ഇപ്പോള്‍ തന്നെ വധിച്ചേക്കാം, രാമന്‍ മുന്നോട്ടാഞ്ഞു.

ജടായു പറഞ്ഞു: ഞാന്‍ ഗരുഡപുത്രനായ ജടായുവാണ്. രാവണന്‍ സീതയെ ലങ്കയിലെ സമുദ്രതീരത്തേയ്ക്കു കൊണ്ടു പോയി. തടയാന്‍ പൊരുതിയപ്പോള്‍ രാവണന്‍ എന്റെ ചിറകരിഞ്ഞു. അങ്ങയെ കണ്ട് ഇതു പറയാനും സൗഭാഗ്യം നേടാനുമായിരിക്കാം എന്റെ ജീവന്‍ ഇതു വരെ നില നിന്നത്.

അങ്ങ് എനിയ്ക്കു പിതൃതുല്യനാണ്. സീതയ്ക്കു വേണ്ടി ജീവന്‍ അപകടത്തിലാക്കി. രാമന്‍ കണ്ണീരോടെ പറഞ്ഞു. പറയൂ. ആരാണ് ഈ രാവണന്‍? എനിക്ക് അയാളുമായി ഒരു ശത്രുതയുമില്ലല്ലോ”, രാമൻ ചോദിച്ചു.


കുറിപ്പ്: സീതാദേവിക്ക് എന്നും ഭക്ഷണം എത്തിയ്ക്കാം എന്ന്‍ ഇന്ദ്രന്‍ പറഞ്ഞുവെങ്കിലും പിന്നീട് അതിനെ പറ്റിയുള്ള പരാമര്‍ശം വിവര്‍ത്തനങ്ങളില്‍ ഇല്ല. 


സ്വര്‍ഗ്ഗപ്രാപ്തി - ജടായു, കബന്ധന്‍, ശബരി

ജടായു രാവണന്റെ ചരിത്രം പറഞ്ഞു: രാവണന്‍ വിശ്രവസ്സ് എന്ന മുനിവരന്റെ മകനാണ്. ബ്രഹ്മവരം നേടിയ ശക്തന്‍. നിങ്ങള്‍ ശൂര്‍പ്പണഖയുടെ കാതും മൂക്കും മുറിച്ചു. ഖരദൂഷണന്മാരെയും അവരുടെ പതിന്നാലായിരം പോരാളികളെയും വധിച്ചു. അതിന്റെ പ്രതികാരമാണു സീതാപഹരണം. രാവണനെ വധിച്ചു സീതാദേവിയെ വീണ്ടെടുക്കണം.

ജടായുവിന്റെ അന്ത്യനിമിഷങ്ങളായി.

എനിക്ക് അവിടുന്നു തീര്‍ത്ഥം തരൂ. മോക്ഷം തരൂ, ജടായു അപേക്ഷിച്ചു.

രാമന്‍ അപ്രകാരം ചെയ്തു.

സാക്ഷാല്‍ മഹാവിഷ്ണുവിനെ മുന്നില്‍ കണ്ടുകൊണ്ടു ജടായു ജീവന്‍ വെടിഞ്ഞു. പെട്ടെന്ന് അവിടെ ഒരു രഥമെത്തി. ആ രഥത്തില്‍ കയറി ജടായുവിന്റെ ആത്മാവു സ്വര്‍ഗ്ഗം പൂകി.

രാമലക്ഷ്മണന്മാര്‍ ജടായുവിന്റെ മൃതദേഹം സംസ്കരിച്ചു. ഗോദാവരീനദിയില്‍ തര്‍പ്പണം നടത്തി. 

പര്‍ണ്ണശാലയില്‍ മടങ്ങിയെത്തിയ രാമന്റെ വിരഹദു:ഖം തീവ്രമായിരുന്നു. ഗോദാവരിയില്‍ ആത്മഹത്യ ചെയ്താലോ എന്നു പറഞ്ഞു. ലക്ഷ്മണന്‍ ആശ്വാസവചനങ്ങള്‍ പറഞ്ഞു.

പിറ്റേന്ന് അവര്‍  വീണ്ടുമിറങ്ങി, ദണ്ഡകാരണ്യത്തിന്റെ കുശപ്പുല്ലു നിറഞ്ഞ ഒരു ഭാഗത്തു കൂടി നടക്കുകയായിരുന്നു. നിലത്ത് കബന്ധന്‍ എന്ന ഭീകരരൂപി കിടക്കുന്നു.

വലിയ ശരീരം. തലയില്ല. മൂക്കും വായും വയറ്റില്‍. കാലില്ല. അത്യധികം വലിപ്പമുള്ളതും നീണ്ടതുമായ കൈകള്‍. അനങ്ങാന്‍ വയ്യാത്തതിനാല്‍, കയ്യില്‍ എന്തു തടയുന്നോ അതു  ഭക്ഷിയ്ക്കുന്ന ഒരു അസുരന്‍. 

ഇരകളെ കിട്ടിയ സന്തോഷത്തില്‍ കബന്ധന്‍ അവരെ കയറി പിടിച്ചു. അവര്‍ ആരെന്നു ചോദിച്ചപ്പോള്‍ രാമനും ലക്ഷ്മണനും വാളു കൊണ്ട് അവന്റെ ഓരോ കൈ മുറിച്ചു.

തങ്ങള്‍ ആരെന്നു ലക്ഷ്മണന്‍ വെളിപ്പെടുത്തി.

രാമദര്‍ശനത്തോടെ കബന്ധനു സ്വന്തം ചരിത്രം ഓര്‍മ്മ വന്നു. കുബേരന്‍ എന്ന അസുരനായിരുന്നു അവന്‍. (കള്ളനായിരുന്നു എന്ന്‍ ഒരു വിവര്‍ത്തനത്തില്‍). അതിസുന്ദരനായി വേഷം കെട്ടി പലതും കാട്ടി നടക്കുന്ന സമയത്ത് ഒരു മുനിശാപത്താല്‍ വൈരൂപ്യം വന്നു. ഒരിയ്ക്കല്‍ ശനിദേവന്‍ തല കുക്ഷിയിലുമാക്കി. വിഷ്ണുവിനാല്‍ കൈകള്‍ നഷ്ടപ്പെടുമ്പോള്‍ പൂര്‍വ്വരൂപം കിട്ടും എന്നായിരുന്നു രണ്ടു പേരും നല്‍കിയ ശാപമോക്ഷം. 

ചരിത്രം പറഞ്ഞ കബന്ധന്‍, ഇരുവര്‍ക്കും നന്ദി പറഞ്ഞു. തനിയ്ക്കു സീതാന്വേഷണത്തെ സഹായിയ്ക്കുന്ന ഒരു കാര്യം പറയാനുണ്ടെന്നും അതിനു മുമ്പു തന്റെ ശരീരം ദഹിപ്പിയ്ക്കണമെന്നും പറഞ്ഞു.

കബന്ധന്‍ മൃതനായി.

രാമലക്ഷ്മണന്മാര്‍ ശവദാഹം നടത്തി.

ചിതയില്‍ നിന്നു  സുന്ദരനായ പഴയ കുബേരന്‍ ഉയര്‍ന്നു വന്നു. ദശരഥപുത്രരെ വണങ്ങി. സീതയെ കണ്ടെത്താന്‍ വേണ്ടി ഋശ്യമൂകപര്‍വ്വതത്തിലുള്ള സുഗ്രീവനെന്ന വാനരരാജനെ കാണാന്‍ പറഞ്ഞു.

കുബേരന്‍ മറഞ്ഞു.

രാമനും ലക്ഷ്മണനും മതങ്ഗാശ്രമത്തില്‍ ചെന്നുചേര്‍ന്നു.

സ്വര്‍ഗ്ഗം പൂകിയ മതങ്ഗമുനിയുടെ ശിഷ്യയായ ശബരി അവിടെ ഉണ്ടായിരുന്നു. മുനിയുടെ പ്രവചനപ്രകാരം രണ്ടു പേരെയും കാത്തിരിയ്ക്കുകയായിരുന്നു അവര്‍. ശ്രീരാമന്‍ ശബരിയെ അനുഗ്രഹിച്ചു. തുടര്‍ന്ന്‍ അഗ്നികുണ്ഡത്തില്‍ ചാടി ദേഹത്യാഗം ചെയ്ത ശബരി സ്വര്‍ഗ്ഗവാസിനിയായി. 

കുറിപ്പ്: 1 കബന്ധം = തലയില്ലാത്ത ശരീരം. 2 മതങ്ഗനെ മാതങ്ഗന്‍ എന്നും വിളിയ്ക്കുന്നു.  ബാലിയെ ശപിച്ചത് ഈ മഹര്‍ഷിയാണ്.

 അരണ്യകാണ്ഡം  സമാപ്തം

കിഷ്കിന്ധാകാണ്ഡം >>

<< അയോദ്ധ്യാകാണ്ഡം

Comments

Popular posts from this blog

കൃത്തിവാസരാമായണം – സംക്ഷിപ്തം (ബംഗാളിരാമായണം):

  കൃത്തിവാസരാമായണം  –  സംക്ഷിപ്തം ബംഗാളിരാമായണം - Links കഴിയുന്നതും ഇതു ലാപ്'ടോപ്-ൽ /ഡെസ്ക്'ടോപ് -ൽ വായിയ്ക്കുക. താഴെക്കൊടുത്തിരിയ്ക്കുന്ന ക്രമത്തിൽ വായിയ്ക്കാനും ശ്രമിയ്ക്കുക. കൃത്തിവാസരാമായണം ആദികാണ്ഡം : https://ramukaviyoor.blogspot.com/2023/03/01-krittivasa-ramayanam-malayalam.html കൃത്തിവാസരാമായണം അയോദ്ധ്യാകാണ്ഡം : https://ramukaviyoor.blogspot.com/2023/03/02.html കൃത്തിവാസരാമായണം അരണ്യകാണ്ഡം : https://ramukaviyoor.blogspot.com/2023/03/03.html കൃത്തിവാസരാമായണം കിഷ്കിന്ധാകാണ്ഡം : https://ramukaviyoor.blogspot.com/2023/03/4.html കൃത്തിവാസരാമായണം സുന്ദരകാണ്ഡം : https://ramukaviyoor.blogspot.com/2023/03/5.html കൃത്തിവാസരാമായണം ലങ്കാകാണ്ഡം : https://ramukaviyoor.blogspot.com/2023/03/06.html ++++++  

ഗീതഗോവിന്ദം (അഷ്ടപദി)

ഓം ശ്രീ കൃഷ്ണായ നമ: ജയദേവകവിയുടെ ഗീതഗോവിന്ദം (അഷ്ടപദി) സി.ഇ. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന   ജയദേവന്‍ (ശ്രീജയദേവ ഗോസ്വാമി) എന്ന കവിയുടെ സംസ്കൃതകാവ്യമാണ് ‘ ഗീതഗോവിന്ദം ’. ശ്രീകൃഷ്ണന്റെയും സഖി രാധയുടേയും വൃന്ദാവനത്തില്‍ വച്ചുള്ള രാസലീലയാണു പ്രതിപാദ്യവിഷയം. കാളിദാസനു തുല്യനാണു ജയദേവകവി എന്നു പ്രകീര്‍ത്തിയ്ക്കപ്പെടുന്നു. അതിമനോഹരമായ ഭാവനയും വര്‍ണ്ണനയും പദപ്രയോഗങ്ങളും പ്രാസവും താളാത്മകതയും ഈ കൃതിയെ അലങ്കരിക്കുന്നു. രാഗവും താളവും കവി തന്നെ ചിട്ടപ്പെടുത്തിയതാണെന്നും കരുതുന്നു. ‘ ഗീതഗോവിന്ദം ’ ഭാരതത്തിലെമ്പാടും പ്രചാരമുള്ള കൃതിയാണ്. ഇതിന്റെ ഉത്തരേന്ത്യന്‍ പതിപ്പാണ്‌ ഈ പ്രസിദ്ധീകരണത്തിന് ആധാരമാക്കിയിരിയ്ക്കുന്നത്. മൂലം (സംസ്കൃതം) മാത്രമാണ് ഇവിടെ ചേര്‍ത്തിട്ടുള്ളത്. വ്യാഖ്യാനമില്ല. ഇതിനെപ്പറ്റി അന്യത്ര വിശദീകരിക്കുന്നുണ്ട്. വടക്കേ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആറു പതിപ്പുകള്‍ പരിശോധിച്ചിട്ടുണ്ട്. അതോടൊപ്പം കേരളത്തില്‍ ലഭ്യമായ പതിപ്പുകളും ആലാപനങ്ങളും. രാധ എന്ന നായിക കവികളുടെ ഭാവനയാവാം.   കൃഷ്ണപുരാണമായ മഹാഭാഗവതത്തിലെ. അഷ്ടവധുക്കളില്‍ രാധയില്ല. ഒരു പക്ഷെ , ഭ

History of Changanassery

[This is an article I had written for  Wikipedia  about 10 years ago   with a lot of help from Mr. Thiruvalla Unnikrishnan Nair,  a noted   historian. Discussion with Mr. G. Mohandas, Professor of History, N.S.S College,   Changanassery also was helpful. The article was pruned to make it concise then. It was the first article on  the history of Changanassery to appear on   the web.   Collection of data for the article spanned decades, during my irregular visits to Changanassery. It took a year to finalize the article and publish it. Since Wikipedia does not allow articles based on personal researches, it was later removed. In the meantime, the article was copied by many. The list of such names is given in this  blog . In addition, it is being freely copied on Facebook too. I request readers to desist from lifting information from this article. Please refer always to this blog when you use the information painstakingly collected. Any further information collected by me will be