കൃത്തിവാസരാമായണം – സംക്ഷിപ്തം
(ബംഗാളിരാമായണം)
മുഖവുര
This blog may be read only on laptop/desktop. Avoid reading on smartphone. www.blogger.com is not set for smartphones.
[രാമായണങ്ങള്‍ നൂറിലേറെ ഉണ്ടെന്നു പറയപ്പെടുന്നു. നമ്മളുടെ ഇടയില്‍ പ്രസിദ്ധമല്ലാത്ത പല കഥകളും ഉപകഥകളും പല രാമായണങ്ങളിലുമുണ്ട്. ഇതു കൃത്തിബാസ് രാമായണ്‍ എന്ന കൃത്തിവാസരാമായണത്തിന്റെ രത്നച്ചുരുക്കമാണ്. രത്നച്ചുരുക്കത്തിന്റെയും ചുരുക്കം എന്നും പറയാം. ഒരു ഓട്ടപ്രദക്ഷിണം].
ബംഗാളിഭാഷയിലെ
പ്രസിദ്ധകൃതിയാണു കീര്‍ത്തിവാസന്‍ / കൃത്തിവാസന്‍ എന്ന കവിയുടെ രാമായണം. കൃത്തിവാസ
ഓഝ (ജീവിതകാലം ഏതാണ്ട് 1381-1461) എന്നു മുഴുവന്‍ പേര്.
മൂലത്തിന്റെ പല ഭാഗങ്ങളും നഷ്ടപ്പെട്ടുവെന്നും പിന്നീടു പല പ്രക്ഷിപ്തങ്ങളും
(കൂട്ടിച്ചേര്‍ക്കലുകള്‍) ഉള്ളതാണ് ഇന്നു ലഭ്യമാകുന്ന കൃതി എന്നും
ചരിത്രഭാഷാപണ്ഡിതര്‍ പറയുന്നു. ബങ്ഗാളിയില്‍ ഒന്നിലേറെ രാമായണങ്ങളുണ്ട്.
കൃത്തിവാസരാമായണം തന്നെയാണ് ഏറ്റവും ജനസമ്മതി നേടിയത്.
കൃത്തി =
ആനത്തോല്‍, വാസന്‍ = ധരിച്ചവന്‍. ശിവന്‍ എന്നര്‍ത്ഥം.
എങ്കിലും കവി വൈഷ്ണവഭക്തനായിരുന്നു. രചനാകാലത്തു വങ്ഗദേശത്തു നിലവിലിരുന്ന
വൈഷ്ണവാരാധനയും ഗങ്ഗാരാധനയും ഇതില്‍ കാണാം.
മലയാളം, (വിവ: പ്രൊഫ. എം. കെ. നാരായണന്‍ പോറ്റി, പ്രസാ: കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, മൊത്തം 676 താള്‍-പട്ടാഭിഷേകം
വരെ 535 താള്‍), ഹിന്ദി, ഇംഗ്ലീഷ് വിവര്‍ത്തനങ്ങളും ലേഖനങ്ങളും വ്യാഖ്യാനങ്ങളും
നവമാദ്ധ്യമങ്ങളിലെ ചര്‍ച്ചകളുമാണു സംക്ഷിപ്തമായുള്ള ഈ എഴുത്തിന് ആധാരം. വിവര്‍ത്തനങ്ങളില്‍
തന്നെ സംഭവങ്ങള്‍ക്കും ഉപകഥകള്‍ക്കും ചെറിയ വ്യത്യാസമുണ്ട്.
ഏഴു
കാണ്ഡങ്ങള്‍ കൃത്തിവാസരാമായണത്തിലുണ്ട്: ആദികാണ്ഡം, അയോദ്ധ്യാകാണ്ഡം, അരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, ലങ്കാകാണ്ഡം.
രാമാഭിഷേകത്തിനു
ശേഷമുള്ള കഥ ഉത്തരകാണ്ഡത്തിലും.
കൃത്തിവാസരാമായണത്തില്‍
രാമന്‍,
ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നീ നാലു പേരും വിഷ്ണുവിന്റെ അവതാരങ്ങളാണ്.
ലങ്കാകാണ്ഡം
വരെയാണ് ഇവിടെ ചുരുക്കി എഴുതിയിരിയ്ക്കുന്നത്. ചിലയിടങ്ങളില്‍ മൂലത്തില്‍ നിന്നും
വ്യതിചലിയ്ക്കാതെ സ്വന്തരീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ചില കുറിപ്പുകള്‍ ചേര്‍ത്തിട്ടുമുണ്ട്.
ആത്മീയത്തിനു മേമ്പൊടിയായി ചില
സംസ്കൃതവാക്കുകളുമുണ്ട്.
വളരെ
ചുരുക്കിയതു കാരണം പലപ്പോഴും വാക്യങ്ങളും ചുരുക്കി എഴുതേണ്ടി വന്നു.
തെറ്റുകള്‍
ചൂണ്ടിക്കാട്ടുക.
ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ
പിതാവായ ആദിപുരുഷനില്‍ നിന്നാണു സൂര്യവംശത്തിന്റെ തുടക്കം എന്നാണു വൈഷ്ണവര്‍
കരുതുന്നത്.
സൂര്യവംശത്തിന്റെ
അവസാനത്തില്‍ ബൃഹദ്ബലനാണ് ഏറ്റവും പ്രസിദ്ധന്‍. അദ്ദേഹത്തെ ഭാരതയുദ്ധത്തില്‍
അഭിമന്യു വധിച്ചു. അയോദ്ധ്യയിലെ അവസാനസൂര്യചക്രവര്‍ത്തി സുമിത്രന്‍
ആയിരുന്നുവത്രെ. ബി.സി. നാനൂറിനോടടുത്ത്, നന്ദവംശത്തിലെ
മഹാപദ്മനന്ദന്‍ അദ്ദേഹത്തെ നിഷ്കാസനം ചെയ്തു. റോഹ്താസ് എന്ന സ്ഥലത്തെത്തിയ
സുമിത്രന്‍ അവിടെ കുറെ നാള്‍ ഭരിച്ചു എന്നു പറയപ്പെടുന്നു/വിശ്വസിയ്ക്കപ്പെടുന്നു.
ആത്മീയമണ്ഡലത്തിലെ
ചരിത്രങ്ങളും വിശ്വാസങ്ങളും
ശാസ്ത്രമണ്ഡലത്തില്‍ ഇരുന്നുകൊണ്ടു വ്യാഖ്യാനിയ്ക്കരുത്. രണ്ടും രണ്ടായി
തന്നെ നില്‍ക്കട്ടെ.
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കാവ്യം വായിച്ചവര്‍ക്കു മാത്രമേ മറ്റു രാമായണങ്ങള്‍ ആസ്വദിയ്ക്കാന്‍ കഴിയൂ. എഴുത്തച്ഛന്റെ അമൃതവര്‍ഷത്തിലൂടെ രാമന്‍ ഹൃദയത്തില്‍ ചേക്കേറും.
ഇതു ബംഗാളി
(ബങ്ഗാളി) യില്‍ നിന്നു നേരിട്ടുള്ള വിവര്‍ത്തനമല്ല. വിവര്‍ത്തനങ്ങളില്‍ നിന്നു സമാഹരിച്ചതാണ്.
ഇതിലെ കാണ്ഡങ്ങൾ ക്രമത്തിൽ വായിയ്ക്കുക. അല്ലെങ്കിൽ രസകരങ്ങളായ പല ഉപകഥകളും നിങ്ങൾക്കു നഷ്ടമാവും.
*********
കൃത്തിവാസരാമായണം – സംക്ഷിപ്തം 01
ആദികാണ്ഡം
ശിവന്റെ
പ്രവചനം, രത്നാകരന്റെ കഥ
എല്ലാ
ലോകങ്ങള്‍ക്കും മേലെയാണു ഗോലോകവൈകുണ്ഠം. അവിടെയാണു ശ്രീനാരായണനും ശ്രീലക്ഷ്മിയും.
ഒരിയ്ക്കല്‍
നാരായണന്‍ തന്റെ മൂലചൈതന്യം പകുത്തു നാലാക്കി.
അങ്ങനെ നാലു
ചൈതന്യങ്ങള്‍ ഉണ്ടായി. സിംഹാസനസ്ഥനായി രാമന്‍.
ഇടത്ത്, മറ്റൊരു സിംഹാസനത്തില്‍ ലക്ഷ്മീദേവിയായ സീത.
മുത്തുക്കുട
പിടിച്ചു ലക്ഷ്മണന്‍.
രണ്ടു
വശങ്ങളിലായി ചാമരം വീശി ഭാരതനും ശത്രുഘ്നനും.
രാമപാദത്തോടു
ചേര്‍ന്നു ഹനുമാന്‍.
അവിടെ
മഹാവിഷ്ണുവിനെ വന്ദിയ്ക്കാന്‍ എത്തിയ നാരദമുനി ഈ മാറ്റം കണ്ട് അമ്പരന്നു.
വിഷ്ണുവില്ല! ലക്ഷ്മിയില്ല!
അദ്ദേഹം ഇതു ബ്രഹ്മദേവനെ അറിയിയ്ക്കാന്‍ ബ്രഹ്മലോകത്തെത്തി. ബ്രഹ്മാവിനും ഇത് അജ്ഞാതം.
രണ്ടു പേരും
ഇതിനെ പറ്റി മഹേശ്വരനോടു ചോദിയ്ക്കാന്‍ കൈലാസത്തില്‍ എത്തി.
മഹേശ്വരന്‍
പറഞ്ഞു: “ഈ നാലു ചൈതന്യങ്ങളും രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍ എന്നിങ്ങനെ നാലുപേരായി മൂന്നു ഗര്‍ഭങ്ങളില്‍ ഭൂമിയില്‍
അവതരിയ്ക്കും. ലക്ഷ്മീദേവി സീതയായി ജനിക്കും. സീതാഹരണം നിമിത്തം
രാവണന്‍ എന്ന
അസുരന്‍ രാമനാല്‍ കൊല്ലപ്പെടും.
ലവന്‍, കുശന്‍ എന്നിങ്ങനെ രണ്ടു മക്കള്‍ സീതാരാമന്മാര്‍ക്കു
ജനിക്കും”.
തുടര്‍ന്നു
ശിവന്‍ രാമനാമത്തിന്റെ ശക്തി എന്താണെന്നു വെളിപ്പെടുത്തി:
“രാമനാമം സര്‍വ്വപാപങ്ങളെയും ഇല്ലാതാക്കും. ച്യവനമുനിയുടെ, മഹാപാപിയായ മകന്‍ രത്നാകരന്റെ പോലും”.
ബ്രഹ്മാവിന്
അദ്ഭുതം തോന്നി.
അദ്ദേഹവും
നാരദനും സന്യാസിവേഷത്തില്‍ രത്നാകരന്‍ വിഹരിയ്ക്കുന്ന മദ്ധ്യമപഥ (ഭൂമിക്കും സ്വര്‍ഗ്ഗത്തിനും
ഇടയില്‍ ഉള്ള ലോകം)ത്തില്‍ എത്തി.
ഒരു വനത്തില്‍
വച്ചു രത്നാകരനെ കണ്ടു.
രത്നാകരന്
ഇവരെ വധിച്ച്, അവരുടെ വസ്ത്രങ്ങളും പണവും എടുക്കണം.
അയാള്‍ അവരെ അടിയ്ക്കാന്‍ ഒരു വലിയ
ഇരുമ്പുവടി ഓങ്ങി.
ബ്രഹ്മശക്തിയാല്‍
വടി അനങ്ങിയില്ല.
തുടര്‍ന്നുള്ള
സംവാദത്തില്‍ രത്നാകരന്‍ പറഞ്ഞു:
“വഴിപോക്കരെ ഇരുമ്പുവടി കൊണ്ടു കൊന്ന്, അവരുടെ വസ്ത്രവും പണവും അപഹരിയ്ക്കുകയാണു ഞാന്‍ ചെയ്യാറ്.
വീട്ടില്‍ അച്ഛനും അമ്മയും ഭാര്യയുമുണ്ട്. അവരെ സംരക്ഷിയ്ക്കണം”.
“നൂറുപേരെ കൊല്ലുന്നതിനു തുല്യമാണ് ഒരു പശുവിനെ കൊല്ലുന്നത്”, ബ്രഹ്മാവു പറഞ്ഞു. “നൂറു പശുവിനെ കൊന്ന പാപം ഒരു
സ്ത്രീയെ കൊന്നാല്‍. നൂറു സ്ത്രീകളെ കൊന്ന പാപം ഒരു ബ്രാഹ്മണനെ കൊന്നാല്‍. നൂറു
ബ്രാഹ്മണനെ കൊല്ലുന്ന പാപമാണ് ഒരു ബ്രഹ്മചാരിയെ കൊന്നാല്‍”.
വീട്ടുകാര്‍
പാപം പങ്കിടുമോ എന്നും ബ്രഹ്മാവു ചോദിച്ചു.
വീട്ടില്‍ അതു
പോയി ചോദിച്ചുവരുന്നതു വരെ തങ്ങള്‍ ഇവിടെ നില്‍ക്കാമെന്നു ബ്രഹ്മാവു വാക്കു
കൊടുത്തു.
അവരെ
വിശ്വാസമില്ലാഞ്ഞതിനാല്‍ രത്നാകരന്‍ അവരെ അവിടെ ഒരു മരത്തില്‍ കെട്ടിയിട്ടു
വീട്ടിലേയ്ക്കു പോയി.
പാപം
പങ്കിടാന്‍ വീട്ടുകാര്‍ തയ്യാറായില്ല.
മടങ്ങി വന്ന
രത്നാകരന്‍ സന്യാസിമാരോടു ചോദിച്ചു: “എങ്ങനെയാണ് എന്റെ പാപങ്ങള്‍ മാറ്റുക?”.
ബ്രഹ്മനിര്‍ദ്ദേശപ്രകാരം
അടുത്തുള്ള പൊയ്കയില്‍ രത്നാകരന്‍ കുളിക്കാന്‍ ചെന്നു.
അയാള്‍
തൊട്ട മാത്രയില്‍ പൊയ്കയിലെ വെള്ളം വറ്റി.
ജലജീവികള്‍ ചത്തടിഞ്ഞു. അത്ര മാത്രം പാപം ചെയ്തിരുന്നു അയാള്‍.
കുളിയ്ക്കാതെ
വന്ന രത്നാകരന്റെ തലയില്‍ ബ്രഹ്മാവു തീര്‍ത്ഥം തളിച്ചു. നാരദമുനി, അയാളുടെ ചെവിയില്‍ രാമനാമം ചൊല്ലിക്കൊടുത്തു.
അതുച്ചരിയ്ക്കാന്‍ അയാള്‍ക്ക് അറിയില്ലായിരുന്നു.
വാല്മീകി, ആദികാവ്യത്തിന്റെ തുടക്കം
“മരാ, മരാ എന്നുച്ചരിച്ചാല്‍ മതി” നാരദമുനി പറഞ്ഞു. മരാമര എന്ന് ഒന്നിച്ചു പറഞ്ഞപ്പോള്‍ തന്നെ, ഇടയിലെ ‘രാമ’ എന്ന വാക്കു കാരണം, രത്നാകരന്റെ പാപങ്ങള്‍ ഇല്ലാതായി. പരമശിവന്‍ പറഞ്ഞതു ശരിയെന്നു ബ്രഹ്മാവിനും നാരദനും ബോദ്ധ്യമായി.
പിന്നീടു
രത്നാകരന്‍ രാമനാമമുരുവിട്ടു തപസ്സു തുടങ്ങി. ക്രമേണ ശരീരം ചിതല്‍പുറ്റു (വല്‍മീകം/വാല്‍മീകം)
കൊണ്ടു മൂടി. ആറായിരം (അറുപതിനായിരം
എന്നും പാഠഭേദം) വര്‍ഷങ്ങള്‍ കഴിഞ്ഞ് അവിടെ ബ്രഹ്മദേവനും നാരദനും വന്നു. രത്നാകരനെ
അവര്‍ കണ്ടില്ല. ചെറുതായി രാമനാമം ആരോ ഉരുവിടുന്നതു കേട്ടു. ചുറ്റി നടന്നപ്പോള്‍ അവര്‍ ഒരു ചിതല്‍പ്പുറ്റു കണ്ടു. ചിതല്‍പുറ്റിനുള്ളില്‍
നിന്നാണു രാമനാമം ഉയരുന്നത്. അതിനുള്ളില്‍ രത്നാകരനാണെന്നു ബ്രഹ്മാവിനു
മനസ്സിലായി.
രത്നാകരനെ
പുറത്തു കൊണ്ടുവരണമല്ലോ. ബ്രഹ്മാവ് ഇന്ദ്രനോടു പറഞ്ഞു:
“ആറു ദിവസം അതിശക്തമായ തോരാമഴ പെയ്യിയ്ക്കൂ”. (ഏഴു രാവും പകലും എന്നും പാഠഭേദം).
ആറു ദിവസത്തെ
വൃഷ്ടിയോടെ, ചിതല്‍പുറ്റലിഞ്ഞു രത്നാകരന്‍
പുറത്തിറങ്ങി. ബ്രഹ്മാവിനെയും നാരദനെയും വന്ദിച്ചു. രത്നാകരനോടു ബ്രഹ്മാവ് അരുളി:
“വല്മീകത്തില്‍ ഇരുന്നു പാപമുക്തനായതിനാല്‍ ഇനി മുതല്‍ നീ വാല്മീകി എന്നറിയപ്പെടും. രാമനാമമാണ് അതിനു കാരണം. നീ രാമന്റെ കഥ ഏഴു സര്‍ഗ്ഗങ്ങളായി
രചിയ്ക്കുക. രാമജനനവും മറ്റും നിന്റെ കൃതിയില്‍ എഴുതുന്ന പോലെ സംഭവിക്കും”.
വെറും പാമരന്‍
എന്നു സ്വയം വിശ്വസിച്ചിരുന്ന വാല്മീകി അതു തനിയ്ക്കാവുമോ എന്നു സംശയിച്ചു.
“വിദ്യാദേവതായായ സരസ്വതീദേവി നിന്റെ നാവില്‍ വിളങ്ങും” എന്നു പറഞ്ഞു ബ്രഹ്മാവും നാരദനും മടങ്ങി.
ഒരിയ്ക്കല്‍, മരത്തിലിരുന്ന ഇണക്കൊറ്റികളില്‍ (ക്രൌഞ്ചമിഥുനം) ഒന്നിനെ ഒരു വേടന്‍ അമ്പെയ്തു വീഴ്ത്തിയതു വാല്മീകി കണ്ടു. അദ്ദേഹം വേടനെ ശപിച്ചു. ശാപം ശ്ലോകമായാണു പുറത്തു വന്നത്:
മാ നിഷാദ, പ്രതിഷ്ഠാം ത്വമഗമഃ ശാശ്വതീ: സമാഃ
യത്ക്രൌഞ്ചമിഥുനാദേകമവധീ കാമമോഹിതം
ആദ്യകാവ്യത്തിനു
തുടക്കമായി - ആറു പദങ്ങള്‍ ഒന്നാം വാക്യത്തില്‍, രണ്ടു നീണ്ട പദങ്ങള്‍ രണ്ടാം വരിയില്‍.
[ഹേ, കാട്ടാളാ! നീ പ്രതിഷ്ഠ (ശാന്തി) നേടാതെ പോവട്ടെ (ഇതു നിന്റെ അവസാനമാവട്ടെ). കാരണം നീ ക്രൌഞ്ചമിഥുനത്തില്‍ കാമമോഹിതനായ ഒന്നിനെ വധിച്ചുവല്ലോ].
നടന്നതെന്തെന്നോ ചൊല്ലിയ ശ്ലോകത്തിന്റെ അര്‍ത്ഥമെന്തെന്നോ മനസ്സിലാക്കാന്‍ വാല്മീകിയ്ക്കു കഴിഞ്ഞില്ല. അദ്ദേഹം ഭരദ്വാജമഹര്‍ഷിയുടെ ആശ്രമത്തിലെത്തി. അവിടെ നാരദമഹര്‍ഷിയുമെത്തി. നാരദന്‍ ശ്ലോകത്തിന്റെ അര്‍ത്ഥം വാല്മീകിയ്ക്കു പറഞ്ഞുകൊടുത്തു.
പിറക്കാന്‍
പോകുന്ന രാമന്റെ കഥയും നാരദമുനി പറഞ്ഞു.
സൂര്യവംശം, ശ്രീരാമന്റെയും സഹോദരന്മാരുടെയും ജനനം, ജനനത്തിന്റെ ലക്‌ഷ്യം, സീതാപരിണയം, കാനനയാത്രകള്‍,...രാവണവധം. പിന്നെ പതിനോരായിരം വര്‍ഷത്തെ രാജ്യഭാരം, സീതാപരിത്യാഗം, ലവകുശന്മാരെ
രാമായണം പഠിപ്പിയ്ക്കുന്നത്, സീതയുടെ അന്തര്‍ധാനം, നാലു സഹോദരന്മാരുടെയും വൈകുണ്ഠത്തിലേയ്ക്കുള്ള മടക്കം.....
ചൊല്ലിയ ശ്ലോകത്തിന്റെ വൃത്തത്തില്‍ തന്നെ ഇതെല്ലാം എഴുതാന്‍ പറഞ്ഞു നാരദമഹര്‍ഷി
മടങ്ങി.
ചന്ദ്രവംശം, സൂര്യവംശം
പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നു വന്ന ദേവനാണു ചന്ദ്രന്‍. ചന്ദ്രന്റെ മകന്‍ ബുധന്‍. പിന്നെ പുരൂരവസ്സ്. അങ്ങനെ പോകുന്ന ചന്ദ്രവംശപരമ്പരയിലെ ഒരു ശാഖ മിഥില ഭരിച്ചു.
മിഥിലരാജന്മാര്‍ ഋഷിതുല്യരായ പണ്ഡിതരായിരുന്നു. ജനകന്‍ എന്ന പേരു ചേര്‍ത്താണ് അവര്‍ അറിയപ്പെട്ടിരുന്നത്. ജനകശാഖയില്‍ വീരദ്ധ്വജന്‍1 എന്ന രാജാവു മിഥില ഭരിച്ചു. സീതാദേവി മിഥിലയില്‍ ജനിയ്ക്കുന്നതു വീരദ്ധ്വജന്റെ കാലത്താണ്.
സൂര്യവംശം തുടങ്ങുന്നതു നിരഞ്ജനന്‍2 എന്ന ആദിപുരുഷനില്‍ നിന്നാണ്.
ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിങ്ങനെ മൂന്നു പുത്രന്മാരും കന്ദിനി എന്ന പുത്രിയും ആദിപുരുഷനുണ്ടായി. കന്ദിനിയുടെ മകള്‍ ഭാനു.
ഈ പരമ്പര
ഇങ്ങനെയാണ്: ഭാനു, മരീചന്‍, കശ്യപന്‍, സൂര്യന്‍, മനു, സുഷേണന്‍, പ്രസന്നന്‍ (പ്രസേനജിത്), യുവനാശ്വന്‍. ഇവര്‍ കാലാന്തരത്തില്‍ അയോദ്ധ്യയുടെ ഭരണാധികാരികളായി. വസിഷ്ഠമഹര്‍ഷി
അവരുടെ കുലഗുരുവായി.
ഇടയ്ക്കു ജനിച്ച സൂര്യന്റെ പേരില്‍ ഈ കുലം അറിയപ്പെട്ടു.
യുവനാശ്വന്‍ എന്ന അയോദ്ധ്യാചക്രവര്‍ത്തിയ്ക്കു മക്കള്‍ ഇല്ലായിരുന്നു. രാജ്യസേവനാനിരതന്‍. പത്നിയുടെ കൂടെ ഉറങ്ങാന്‍ പോലും സമയം അദ്ദേഹത്തിനില്ലായിരുന്നു. പുത്രനെ കിട്ടാന്‍ ഒരു ബ്രാഹ്മണന്റെ നിര്‍ദ്ദേശാനുസരണം അദ്ദേഹം ഒരു യാഗം നടത്തി. യാഗത്തില്‍, രാജ്ഞി ഗര്‍ഭം ധരിക്കാന്‍ വേണ്ടി തയ്യാറാക്കിയ തീര്‍ത്ഥജലം (പുംസവനജലം) കര്‍മ്മികള്‍ യുവനാശ്വനെ ഏല്‍പിച്ചു. അതു കുടിച്ചാല്‍ രാജ്ഞി ഗര്‍ഭിണിയാകും. രാത്രിയില്‍ദാഹാര്‍ത്തനായ യുവനാശ്വന്‍ ഓര്‍ക്കാതെ ആ തീര്‍ത്ഥജലം കുടിച്ചു. ഗര്‍ഭവും ധരിച്ചു.
അങ്ങനെ ഒരു
പുത്രന്‍ ജനിച്ചു.
അതാണു മാന്ധാതാവ് (മാന്ധാതൃ) എന്ന പ്രസിദ്ധനായ ചക്രവര്‍ത്തി.
സൂര്യവംശത്തില്‍ മാന്ധാതാവ്, മുചുകുന്ദന്‍, പൃഥു, ഇക്ഷ്വാകു, ശതാവര്‍ത്തന്‍, ആര്യാവര്‍ത്തന്‍, ഖാണ്ഡന്‍, ദണ്ഡന്‍. ഇങ്ങനെയാണു തുടര്‍ച്ച.
കുറിപ്പ്:
1. വീരദ്ധ്വജന്‍
എന്നതു സീരദ്ധ്വജന്‍ എന്നും ചില ഗ്രന്ഥങ്ങളില്‍ കാണാം. ജ്ഞാനികള്‍ എന്ന നിലയില്‍
മിഥിലരാജാക്കന്മാരെ ബഹുമാനപൂര്‍വ്വം *ജനകന്‍* എന്ന പേരു ചേര്‍ത്തു
വിളിയ്ക്കുമായിരുന്നു. മലയാളത്തില്‍ ഇങ്ങനെയുള്ള പേരിനു മാറാപ്പേര് എന്നു
പറയുന്നു. അമ്പലപ്പുഴ രാജാക്കന്മാരുടെ മാറാപ്പേരു ദേവനാരായണന്‍ എന്നായിരുന്നു.
തെക്കുംകൂര്‍ രാജാക്കന്മാര്‍ (മണികണ്ഠന്‍), തിരുവിതാംകൂര്‍
രാജാക്കന്മാര്‍ (പത്മനാഭദാസന്‍).
2. നിരഞ്ജനന്‍
(കാലനിരഞ്ജനന്‍) ബ്രഹ്മത്തിന്റെ പ്രതീകമാണത്രെ. ത്രിമൂര്‍ത്തികളുടെ സ്രഷ്ടാവും
(കാല)നിരഞ്ജനന്‍ ആണെന്നൊരു വിശ്വാസമുണ്ട്.
സൂര്യവംശരാജാക്കന്മാര്‍ - ഹരിശ്ചന്ദ്രൻ, സഗരൻ
ദണ്ഡന്‍ ദുഷ്കര്‍മ്മിയായിരുന്നു. പ്രജകളുടെ പരാതിയില്‍ പിതാവ് അയാളെ വനത്തിലേക്ക് അയച്ചു. അയാള്‍ വനത്തില്‍ ഒരു രാജ്യം ഉണ്ടാക്കി. അതു ദണ്ഡാരണ്യം (ദണ്ഡകാരണ്യം) എന്നറിയപ്പെട്ടു.
അതേ വനത്തില്‍
ശുക്രമഹര്‍ഷിയും ഉണ്ടായിരുന്നു. ദണ്ഡന്‍ അദ്ദേഹത്തില്‍ നിന്നും പലതും പഠിച്ചു.
ഒരിയ്ക്കല്‍ മഹര്‍ഷി ആശ്രമത്തില്‍ ഇല്ലാതിരുന്നപ്പോള്‍ മഹര്‍ഷിയുടെ അബ്ജ എന്ന
മകളെ ദണ്ഡന്‍ ഉപദ്രവിച്ചു. ഇതറിഞ്ഞ മഹര്‍ഷിയുടെ
കോപത്തില്‍ ദണ്ഡന്‍ എരിഞ്ഞു ചാമ്പലായി. വംശം നശിയ്ക്കട്ടെ എന്ന ശാപവും മഹര്‍ഷി നല്‍കി.
അയോദ്ധ്യയില്‍, ദണ്ഡന്റെ പിതാവു ഖാണ്ഡന്‍ ആത്മഹത്യ ചെയ്തു. സൂര്യവംശം
ഇല്ലാതായി.
കുലഗുരു
വസിഷ്ഠമുനി അയോദ്ധ്യയില്‍ താല്‍ക്കാലികമായി ഭരണം നടത്തി. ദണ്ഡനില്‍ നിന്നും അബ്ജ
ഗര്‍ഭം ധരിച്ചിരുന്നു. ശുക്രമഹര്‍ഷിയുടെ അനുവാദത്തോടെ വസിഷ്ഠമുനി അബ്ജയെ
അയോദ്ധ്യയില്‍ കൊണ്ടു വന്നു. അവള്‍ പ്രസവിച്ച പുത്രനു ഹരിതന്‍ എന്നു പേരിട്ടു
രാജാവാക്കി. സൂര്യവംശം അങ്ങനെ തുടര്‍ന്നു. ഹരിതന്‍, ഹരിബീജന്‍, ഹരിശ്ചന്ദ്രന്‍, രുഹിദാസ്.
ഹരിശ്ചന്ദ്രന്‍
ഇന്ദ്രതുല്യനായിരുന്നു. സത്യവ്രതനും പ്രജാക്ഷേമതല്‍പരനുമായിരുന്നു. പത്നിയുടെ പേരു
ശൈബ്യ. മകന്‍ രുഹിദാസ്.
ഇനി
വിശ്വാമിത്രമുനിയിലേക്ക്. സ്വര്‍ഗ്ഗത്തില്‍ നിന്ന്‍ അപ്സരസ്സുകള്‍
വിശ്വാമിത്രമുനിയുടെ ആശ്രമപ്രാന്തത്തിലെ പൂന്തോട്ടങ്ങളില്‍ പൂ പറിക്കാന്‍
എത്തുമായിരുന്നു. അവര്‍ അലങ്കോലപ്പെടുത്തിയ ചെടികളും ലതകളും കണ്ടു മുനി
കോപിഷ്ഠനാകുമായിരുന്നു. ക്ഷമ കേട്ടപ്പോള്‍ മുനി ശപിച്ചു: “ഇതു ചെയ്യുന്നത് ആരായാലും ശരി, അവര്‍ ഇവിടെ വള്ളികളാല്‍ ബന്ധിതരാവട്ടെ”.
ഒരിയ്ക്കല്‍
ഇന്ദ്രസഭയില്‍ നൃത്തം ചെയ്യവേ താളം തെറ്റിച്ചവിട്ടിയ അഞ്ച് അപ്സരസ്സുകളെ ഇന്ദ്രന്‍
ശപിച്ചു: “നിങ്ങള്‍ വിശ്വാമിത്രമഹര്‍ഷിയുടെ പൂന്തോട്ടത്തില്‍ ബന്ദികളാവട്ടെ”. അവര്‍ ശാപമോക്ഷം ഇരന്നു.
ഇന്ദ്രന്‍ പറഞ്ഞു: “ഹരിശ്ചന്ദ്രചക്രവര്‍ത്തിയുടെ സ്പര്‍ശനത്താല്‍ നിങ്ങള്‍ മോചിതരാകും”.
വിശ്വാമിത്രമുനിയുടെ
പൂന്തോട്ടത്തില്‍ പൂവിറുക്കാന്‍ ഈ അഞ്ചു പേരും എത്തി. പെട്ടെന്നു പൂവല്ലികള്‍
അവരുടെ ശരീരങ്ങളെ പിണഞ്ഞു വരിഞ്ഞു മരങ്ങളോടു ചേര്‍ത്തു. അവര്‍ ബന്ധിതരായി.
പൂന്തോട്ടത്തില്‍
എത്തിയ മുനി ഇവര്‍ക്കു വേണ്ടുവോളം ശകാരം നല്‍കി മടങ്ങി.
നായാട്ടിനായി
പോയ ഹരിശ്ചന്ദ്രചക്രവര്‍ത്തി ആ വഴി വന്നു. ബന്ധിതരായ സുന്ദരികളെ കണ്ടു മനസ്സലിഞ്ഞ്, അവരെ മോചിപ്പിച്ചു. ഇതു മഹര്‍ഷി അറിഞ്ഞില്ല.
പിറ്റേന്നു
പൂന്തോപ്പിലെത്തിയ എത്തിയ മുനി ബന്ദികളെ കണ്ടില്ല. ഹരിശ്ചന്ദ്രനാണ് അവരെ അഴിച്ചു
വിട്ടത് എന്നു ദിവ്യദൃഷ്ടിയാല്‍ അദ്ദേഹം മനസ്സിലാക്കി.
രോഷത്തോടെ വിശ്വാമിത്രമഹര്‍ഷി ഹരിശ്ചന്ദ്രന്റെ കൊട്ടാരത്തിലേയ്ക്കു യാത്രയായി.
ഹരിശ്ചന്ദ്രന്‍
മുനിയെ ആദരവോടെ പൂജിച്ചു സ്വീകരിച്ചു. മുനി കോപം കൊണ്ടു ജ്വലിയ്ക്കുന്നുണ്ടായിരുന്നു..
“കന്യകളെ അവരുടെ അപേക്ഷപ്രകാരം മോചിപ്പിച്ചതാണ്”, ചക്രവര്‍ത്തി വിനീതനായി
അറിയിച്ചു.
ഹരിശ്ചന്ദ്രന്‍
എന്തു പറഞ്ഞിട്ടും മുനിയുടെ കോപം
അടങ്ങുന്നില്ല.
“ദാനം സ്വീകരിച്ചു ക്ഷമിയ്ക്കണം. എന്തു ദാനവും നല്‍കാം”, രാജാവ് അപേക്ഷിച്ചു.
“എങ്കില്‍ നിന്റെ രാജ്യം നല്‍കൂ”, മുനി ആവശ്യപ്പെട്ടു.
ഹരിശ്ചന്ദ്രന്‍
അതു പ്രതീക്ഷിച്ചിരുന്നില്ല. പ്രതീകമായി മൂന്നു തവണയായി ഹരിശ്ചന്ദ്രന്‍ ഓരോ
പണത്തൂക്കം മണ്ണു നല്‍കി. അതോടെ രാജ്യം പൂര്‍ണ്ണമായും വിശ്വാമിത്രമുനിയുടേതായി..
രാജ്യം മാത്രം
പോരാ,
ദക്ഷിണയും വേണമെന്നായി മുനി.
ഏഴു കോടി
സ്വര്‍ണ്ണപ്പണം നല്‍കാമെന്നു രാജാവു പറഞ്ഞു. മുനി സമ്മതിച്ചു.
പണം
കൊണ്ടുവരാനായി ഹരിശ്ചന്ദ്രന്‍ ഭണ്ഡാരം സൂക്ഷിപ്പുകാരനെ വിളിച്ചു.
“രാജ്യം എന്റേതായിക്കഴിഞ്ഞു. അപ്പോള്‍ ഭണ്ഡാരവും എന്റെയാണ്. ഭണ്ഡാരത്തിലെ പണവും
എന്റേതായി”. ഹരിശ്ചന്ദ്രന്റെ ദയനീയമായ അപേക്ഷകളൊന്നും വിശ്വാമിത്രന്റെ
മനസ്സു മാറ്റിയില്ല.
“നീ സ്വയം സ്വര്‍ണ്ണപ്പണം ഉണ്ടാക്കി തരണം. രാജ്യത്തിനു വെളിയില്‍ വാരണാസിയില്‍
ചെന്നു ശ്രമിയ്ക്കണം”.
വിശ്വാമിത്രന്‍ ഓര്‍മ്മിപ്പിച്ചു.
പണം നല്‍കാന്‍
വിശ്വാമിത്രന്‍ ഏഴു ദിവസത്തെ സമയം അനുവദിച്ചു.
സര്‍വ്വവും
നഷ്ടപ്പെട്ടിരിയ്ക്കുന്നു! ഹരിശ്ചന്ദ്രനും പത്നി ശൈബ്യയും മകന്‍ രുഹീദാസും
കൊട്ടാരത്തില്‍ നിന്നിറങ്ങി.
നാടു വാണ
ചക്രവര്‍ത്തി തെരുവില്‍. രാജ്യഭാരം മുനി ഏറ്റെടുത്തു. മഹര്‍ഷിയാകുന്നതിനു
മുമ്പ് അദ്ദേഹം ക്ഷത്രിയനും
രാജാവുമായിരുന്നല്ലോ.
ഹരിശ്ചന്ദ്രന്‍
പണം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. ഏഴാം ദിവസം വിശ്വാമിത്രന്‍ പണം
ആവശ്യപ്പെട്ടു.
“എന്നെ വിറ്റു പണം കൊടുത്തേക്കൂ”, പത്നി ശൈബ്യ പറഞ്ഞു.
അതു മാത്രമേ
പോംവഴി ഉണ്ടായിരുന്നുള്ളൂ. ഒരു ബ്രാഹ്മണനു ദാസിയെ ആവശ്യമുണ്ടായിരുന്നു. അയാള്‍
ശൈബ്യയെ നാലു കോടി സ്വര്‍ണ്ണപ്പണത്തിനു വാങ്ങി. കുട്ടിയായ രുഹീദാസിനെയും ശൈബ്യ
കൂടെ കൂട്ടി.
കുട്ടിയെ
കൊണ്ടുവരുന്നതിനു ബ്രാഹ്മണന്‍ സമ്മതിച്ചില്ല. “ഞാന്‍ രണ്ടു പേര്‍ക്കു ഭക്ഷണം കൊടുക്കേണ്ടേ?”
“വേണ്ട”, ശൈബ്യ പറഞ്ഞു. “ഒരാള്‍ക്കുള്ള അരി മതി. അതു കൊണ്ടു ഞങ്ങള്‍ തൃപ്തിപ്പെട്ടോളാം”.
അയോദ്ധ്യാറാണിയും
രാജകുമാരനും ബ്രാഹ്മണന്റെ അടിമകളായി കൂടെ പോയി.
ഹരിശ്ചന്ദ്രന്‍
ആ പണം വിശ്വാമിത്രനു നല്‍കി. ഏഴു കോടിയും കിട്ടണം എന്നു മുനി നിര്‍ബ്ബന്ധം
പിടിച്ചു.
ഹരിശ്ചന്ദ്രന്‍ ജോലിയ്ക്കായി അലഞ്ഞു തിരഞ്ഞു.
ഹരിദാസ് എന്ന പേരു സ്വീകരിച്ച ഹരിശ്ചന്ദ്രന്‍ വാരണാസിയില്‍ ചുടുകാടു നടത്തുന്ന ഒരാളുടെ അടിമയായി. അയാളുടെ പന്നികളെയും നോക്കണം. സ്വയം വിറ്റ വിലയായി മൂന്നു കോടി സ്വര്‍ണ്ണപ്പണം കിട്ടി. പണം വിശ്വാമിത്രമുനിയ്ക്കു നല്‍കി വാഗ്ദാനം നിറവേറ്റി.
മൃതദേഹങ്ങള്‍ കത്തിയ്ക്കലാണു പ്രധാനജോലി. ഒരു മൃതദേഹം കത്തിയ്ക്കാന്‍ അമ്പതു പണം കിട്ടിയിരിയ്ക്കണം എന്നായിരുന്നു യജമാനന്റെ കല്‍പന.
ചക്രവര്‍ത്തിക്കും
രാജ്ഞിക്കും രാജകുമാരനും ജീവിതം ദുസ്സഹമായിരുന്നു. കാലം അങ്ങനെ കടന്നു പോകവേ
ബാലനും ജോലി ചെയ്യാന്‍ നിര്‍ബ്ബന്ധിതനായി. രുഹിദാസ് ബ്രാഹ്മണനു വേണ്ടി പൂ
പറിക്കാന്‍ പോകുമായിരുന്നു. അതിനുള്ള കൂലിയായി അരിയും കിട്ടിയിരുന്നു.
പൂക്കള്‍
പറിയ്ക്കുന്നതു വിശ്വാമിത്രന്റെ പൂന്തോട്ടത്തില്‍ നിന്നായിരുന്നു.
ഇതറിഞ്ഞ മുനി ശപിച്ചു: “ഇനിയും അവന്‍ പൂ പറിച്ചാല്‍ മാറില്‍ സര്‍പ്പം കൊത്തി മരിയ്ക്കട്ടെ”.
അടുത്ത ദിവസം പൂ പറിച്ച രുഹിദാസിന്റെ മാറില്‍ വിഷസര്‍പ്പം കൊത്തി. രുഹിദാസ് മരിച്ചു. മകന്റെ മൃതദേഹവുമായി ശൈബ്യ ചുടുകാട്ടില്‍ എത്തി.
ഭര്‍ത്താവും ഭാര്യയും പരസ്പരം തിരിച്ചറിഞ്ഞില്ല. അത്രമേല്‍ വൈരൂപ്യം അവരെ ബാധിച്ചിരുന്നു. മകന്റെ മൃതദേഹം ദഹിപ്പിയ്ക്കാന്‍ ശൈബ്യയുടെ കയ്യില്‍ പണമില്ല. പണമില്ലാതെ ദഹനമില്ല എന്നു ഹരിദാസും. കൂലിയായി പകുതി വസ്ത്രം വരെ കൊടുക്കാന്‍ ശൈബ്യ തയാറായി. ഒടുവില്‍ ഹരിശ്ചന്ദ്രനെ വിളിച്ചു ശൈബ്യ കരഞ്ഞു: “സത്യവാനായ ഹരിശ്ചന്ദ്രചക്രവര്‍ത്തിയുടെ റാണിയായിരുന്ന എനിയ്ക്ക് ഈ ഗതി വന്നല്ലോ”.
ഹരിദാസ്
ഞെട്ടി.
സോമദത്തമഹാരാജാവിന്റെ
മകളും തന്റെ പട്ടമഹിഷിയുമായ ശൈബ്യ!
മരിച്ചു കിടക്കുന്നതു സ്വന്തം മകന്‍!
ശൈബ്യയും ഹരിശ്ചന്ദ്രനും പരസ്പരം തിരച്ചറിഞ്ഞു.
ഹരിശ്ചന്ദ്രന്‍ മകന്റെ മൃതദേഹം മടിയില്‍ എടുത്തു വച്ചു പൊട്ടിക്കരഞ്ഞു. അമ്മയും അച്ഛനും മകന്റെ മൃതദേഹത്തോടൊപ്പം ചിതയില്‍ എരിയാന്‍ തീരുമാനിച്ചു.
ചിതയില്‍
ചാടാന്‍ ഒരുങ്ങവേ യമധര്‍മ്മദേവന്‍ അവിടെ പ്രത്യക്ഷപ്പെട്ടു.
ഒരു താമരപ്പൂ
കൊണ്ടു ദേവന്‍ തൊട്ടപ്പോള്‍ രാജകുമാരന്‍ ഉറക്കത്തില്‍ നിന്നെന്ന പോലെ ഉണര്‍ന്നെഴുന്നേറ്റു.
ആ സമയത്തു
വിശ്വാമിത്രനും അവിടെ എത്തി. ഭരണം നിമിത്തം ജപവും തപവും മുടങ്ങിയ മുനി രാജ്യം ഹരിശ്ചന്ദ്രനു
തിരിച്ചു നല്‍കി.
ചുടുകാടിന്റെ ഉടമയും ശൈബ്യയുടെ യജമാനനായ ബ്രാഹ്മണനും അവിടെയെത്തി. രാജ്ഞിയുടെ രത്നവളകള്‍ ഊരിക്കൊടുത്ത് അവരുടെ കടങ്ങള്‍ അവിടെ വച്ചു തീര്‍ത്തു പറഞ്ഞു വിട്ടു.
മുനിയും യമധര്‍മ്മദേവനും അവരെ അനുഗ്രഹിച്ചു യാത്രയായി.
വാര്‍ദ്ധക്യത്തില്‍ ഹരിശ്ചന്ദ്രന്‍ മകന്‍ രുഹിദാസനെ രാജാവാക്കി സ്വര്‍ഗ്ഗയാത്രയ്ക്കു തയാറെടുത്തു. സ്വര്‍ഗ്ഗത്തില്‍ നിന്നും തേരെത്തി.
സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന തേരില്‍ ഹരിശ്ചന്ദ്രന്‍ കയറി. ഒപ്പം ചില മൃഗങ്ങളെയും കൂട്ടി.
തേരുയര്‍ന്നു.
ഇതു
വിഷ്ണുവിനും മറ്റു ദേവകള്‍ക്കും രസിച്ചില്ല. കൂടെയെന്തിനു മൃഗങ്ങള്‍?
അവര്‍ നാരദനെ
അയച്ചു.
യാത്രാമദ്ധ്യേ
തേരില്‍ വന്ന നാരദന്‍, പുണ്യകര്‍മ്മങ്ങള്‍ എന്തൊക്കെ
ചെയ്തു എന്നു ഹരിശ്ചന്ദ്രനോടു ചോദിച്ചു. രാജാവ് അതിന്റെ പട്ടിക നല്‍കാന്‍ തുടങ്ങി.
സ്വയം
പുകഴ്ത്തല്‍ പാപമാണ്. രഥം നിന്നു.
സ്വര്‍ഗ്ഗത്തിനും ഭൂമിയ്ക്കും ഇടയിലുള്ള മദ്ധ്യമപഥലോകത്തില്‍ ആയിരുന്നു രഥം നിന്നത്. ഹരിശ്ചന്ദ്രനും മൃഗങ്ങളും അവിടെയിറങ്ങി. താമസം അവിടെയായി. അവര്‍ ഒരിയ്ക്കലും സ്വര്‍ഗ്ഗത്തില്‍ എത്തിയില്ല. എന്നാല്‍ ദേവാനുഗ്രഹം നഷ്ടപ്പെട്ടുമില്ല.
രുഹിദാസന്റെ
മകനായിരുന്നു സഗരന്‍. പത്നിമാര്‍ കേശിനി, സുമതി.
ശിവാനുഗ്രഹത്താല്‍ രണ്ടു പേരും പ്രസവിച്ചു. കേശിനിയുടെ മകന്‍ അസമഞ്ജസ്. അംശുമാന്‍
എന്ന് അസമഞ്ജസിന്റെ മകന്റെ പേര്. സുമതി പ്രസവിച്ചത് ഒരു മാംസപിണ്ഡത്തെ ആയിരുന്നു.
അതിനെ എള്ളുമണി വലിപ്പത്തില്‍ അറുപതിനായിരം തരികളാക്കി, ഓരോ കുടത്തിലാക്കി. ഓരോ കുടത്തില്‍ നിന്നും ഓരോ പുത്രന്‍
വീതം ജനിച്ചു. അറുപതിനായിരം സഗരപുത്രന്മാര്‍. (പേരുകള്‍ ലഭ്യമല്ല).
അവര്‍ ബാല്യത്തില്‍ തന്നെ വിവാഹവും കഴിച്ചു. അവരെല്ലാം അല്പായുസ്സുകള്‍ ആയിരിയ്ക്കും എന്നൊരു ശാപമുണ്ടായിരുന്നു.
അസമഞ്ജസ് സഗരന്റെ മൂത്ത മകനും കിരീടാവകാശിയുമാണ്. പക്ഷെ അദ്ദേഹത്തിനു ലൗകികജീവിതത്തോടു താല്‍പര്യമില്ല. എന്നാല്‍ രാജാവായാല്‍ ലൌകികജീവിതത്തില്‍ നിന്നും മാറിനില്‍ക്കാന്‍ നിവൃത്തിയില്ല. അസമഞ്ജസ് ഒരുപായം കണ്ടെത്തി. മന:പൂര്‍വ്വം അദ്ദേഹം ജനങ്ങളെ ഉപദ്രവിയ്ക്കാന്‍ തുടങ്ങി. സഗരനും ക്ഷമ നശിച്ചിരുന്നു. അസമഞ്ജസ് ആഗ്രഹിച്ചതു പോലെ സഗരന്‍ അദ്ദേഹത്തെ വനത്തിലേയ്ക്ക് അയച്ചു.
അംശുമാന്‍ കൊട്ടാരത്തില്‍ വളര്‍ന്നു.
സഗരന്‍
അശ്വമേധം നടത്തിയപ്പോള്‍ ഇന്ദ്രന്‍ അസൂയാലുവായി. അഴിച്ചുവിട്ട യാഗാശ്വത്തെ, ബ്രഹ്മാവിന്റെ ഉപദേശപ്രകാരം, പാതാളലോകത്തു തപസ്സിലായിരുന്ന കപിലമുനിയുടെ സമീപത്ത് ഇന്ദ്രന്‍ കെട്ടിയിട്ടു.
അന്വേഷിച്ചെത്തിയ സഗരന്റെ അറുപതിനായിരം പുത്രന്മാര്‍ കരുതി കുതിരയെ അപഹരിച്ചതു
മുനിയാണെന്ന്. അവര്‍ മുനിയെ കോടാലി കൊണ്ട് ഉപദ്രവിച്ചു. മുനി കണ്ണു തുറന്നപ്പോള്‍
ഉണ്ടായ തീയില്‍ അവര്‍ ചാരമായി. അംശുമാന്‍ അവരെ തിരഞ്ഞു പാതാളത്തിലെത്തി. ഇടയ്ക്കു
ഭൂമിയെ താങ്ങുന്ന മൂന്ന് ആനകളെയും കണ്ടു. ഒടുവില്‍ കപിലമുനിയെ കണ്ടെത്തി വണങ്ങി.
നടന്ന കാര്യങ്ങള്‍ അറിഞ്ഞു. ഇനി അറുപതിനായിരം പേര്‍ക്കും സദ്‌ഗതി വരേണ്ടേ? അതിനെന്തു ചെയ്യും? മുനി പറഞ്ഞു: “ഭൂമിയിലൂടെ ഗങ്ഗാനദി (ഗംഗാനദി) ഒഴുകണം.
അറുപതിനായിരം പേര്‍ക്കും മോക്ഷം കിട്ടും”.
അംശുമാന്റെ
അപേക്ഷപ്രകാരം, വിഷ്ണുചൈതന്യത്തില്‍ നിന്നുണ്ടായ
ഗങ്ഗയുടെ ചരിത്രം കപിലമുനി പറഞ്ഞു: “ശിവാദികളുടെ സ്തുതിയില്‍ മഹാവിഷ്ണു ആര്‍ദ്രചിത്തനായി. ദ്രവരൂപത്തിലായ
വിഷ്ണുചൈതന്യം ബ്രഹ്മാവു തന്റെ കമണ്ഡലുവിലാക്കി ബ്രഹ്മലോകത്തു കൊണ്ടു പോയി. അതാണു ഗങ്ഗ.
ആ ഗങ്ഗയെ വേണം ഭൂമിയിലെത്തിയ്ക്കാന്‍”.
കുറിപ്പ്:
1. താരാമതി, ചന്ദ്രമതി എന്നീ പേരുകളാണു റാണിയുടെ പേരെന്നു ചില കഥകളില്‍. ലോഹിതാശ്വന്‍ എന്നാണ് ഇതരപുരാണങ്ങളില്‍ മകന്റെ പേര്.
2. സഗരപുത്രന്മാര്‍ പാതാളത്തില്‍ എത്താന്‍ ഭൂമി കുഴിച്ചുവെന്നും ആ കുഴികളിലാണു ജലം
നിറഞ്ഞതെന്നും കഥ. സഗരന്റെ കാര്യാര്‍ത്ഥമുള്ള പ്രയത്നമായതിനാല്‍ ആ ജലത്തിനു സാഗരം
എന്ന പേരു കിട്ടി.
ഭഗീരഥന്‍
കുതിരയുമായി അയോദ്ധ്യയില്‍ എത്തിയ അംശുമാന്‍, സഗരനെ വിവരം ധരിപ്പിച്ചു. ബ്രഹ്മാവിന്റെ കമണ്ഡലുവിലെ ഗങ്ഗ ഭൂമിയിലെത്തണം.
സഗരന്റെ
അശ്വമേധം പൂര്‍ത്തിയായില്ല.
അംശുമാനെ
രാജാവായി വാഴിച്ച ശേഷം സഗരന്‍ ഗങ്ഗയെ ഭൂമിയില്‍ എത്തിക്കാന്‍ തിരിച്ചു. ആഗ്രഹം
നടക്കാതെ അദ്ദേഹവും പിന്നീട് അംശുമാനും അംശുമാന്റെ മകന്‍ ദിലീപും മരിച്ചു. അവര്‍ക്കു
മോക്ഷം ലഭിച്ചു. (ഇതു ദിലീപന്‍ ഒന്നാമനാണ്. പിന്നീടു മറ്റൊരു ദിലീപന്‍ ഈ
പരമ്പരയില്‍ പിറന്നു. അദ്ദേഹമാണു കൂടുതല്‍ പ്രസിദ്ധന്‍).
ദിലീപനു രണ്ടു രാജ്ഞിമാര്‍ ഉണ്ടായിരുന്നു. രണ്ടിലും മക്കള്‍ ഉണ്ടായിരുന്നില്ല.
ദിലീപന്റെ മരണശേഷം പരമേശ്വരന്റെ അനുഗ്രഹത്താല്‍ ഒരു രാജ്ഞി പ്രസവിച്ചു. അതൊരു മാംസപിണ്ഡം ആയിരുന്നു. അതിനെ സരയൂനദീതീരത്ത് ഉപേക്ഷിച്ചെങ്കിലും അഷ്ടാവക്രമഹര്‍ഷിയുടെ കണ്ണില്‍ അതു പെടുകയും അദ്ദേഹത്തിന്റെ കൃപയാല്‍ ആ മാംസപിണ്ഡം സുന്ദരനായ ആണ്‍കുഞ്ഞാവുകയും ചെയ്തു. ഭഗീരഥന്‍ എന്നു കുട്ടിയ്ക്കു പേരിട്ട ശേഷം മഹര്‍ഷി അവനെ രാജ്ഞിമാരെ ഏല്പിച്ചു.
ഭഗീരഥന്‍
ചെറുപ്പത്തില്‍ തന്നെ ഗങ്ഗയെ ഭൂമിയില്‍ എത്തിയ്ക്കാന്‍ ശ്രമം തുടങ്ങി.
ആദ്യം
ഇന്ദ്രനെ തപസ്സു ചെയ്തു. ഇന്ദ്രന്‍ അദ്ദേഹത്തെ ശിവന്റെ അടുത്തേക്കും ശിവന്‍
മഹാവിഷ്ണുവിന്റെ അടുത്തേക്കും പറഞ്ഞുവിട്ടു.
ഭഗീരഥസ്തുതിയില്‍ സന്തുഷട്നായ വിഷ്ണു, ബ്രഹ്മലോകത്തു നിന്നും ഗങ്ഗയെ ഒഴുക്കാന്‍ ഭഗീരഥനൊപ്പം ബ്രഹ്മാവിന്റെ അടുത്തെത്തി. അതിനു മുമ്പു ബ്രഹ്മലോകത്തെ ജലമെല്ലാം വിഷ്ണു വറ്റിച്ചു. വിഷ്ണുവിന്റെ പാദം കഴുകാന്‍ ജലമില്ല. ബ്രഹ്മാവു കമണ്ഡലു കൊണ്ടു വന്ന് അതിലെ ജലം കൊണ്ടു വിഷ്ണുവിന്റെ പാദങ്ങള്‍ കഴുകി. അങ്ങനെ ഗങ്ഗ പുറത്തു വന്നു. പാദം കഴുകല്‍ കാരണം പുറത്തു വന്നതിനാല്‍ ഗങ്ഗയ്ക്ക് അങ്ഘ്രിജാ (അങ്ഘ്രി/അംഘ്രി=പാദം, ജാ=ജനിച്ചവള്‍)എന്ന പേരു കിട്ടി.
ഭഗീരഥന്റെ
കൂടെ പോകാന്‍ വിഷ്ണു ഗങ്ഗയോടു പറഞ്ഞു. ഗങ്ഗയില്‍ തൊടുന്നവരുടെ പാപം അകലും എന്നും
പറഞ്ഞു.
“ആ പാപമെല്ലാം എന്നിലെത്തുമോ?”, ഗങ്ഗയുടെ
സംശയം.
“ഇല്ല. വൈഷ്ണവര്‍ കുളിയ്ക്കുമ്പോള്‍ പാപങ്ങളെല്ലാം മറയും”, വിഷ്ണു പറഞ്ഞു. [കൃത്തിവാസരാമായണം
രചിയ്ക്കുന്ന കാലത്തു വങ്ഗദേശത്ത് (ബംഗാള്‍) ഉണ്ടായിരുന്ന ശൈവ-വൈഷ്ണവഭേദം ഇവിടെ
കടന്നു കൂടിയിട്ടുണ്ട്].
വിഷ്ണു ശങ്ഖും ബ്രഹ്മാവു തന്റെ തേരും ഭഗീരഥനു നല്‍കി.
ഭഗീരഥന്‍ തേരില്‍ യാത്ര തുടങ്ങി. ഗങ്ഗ പിന്നാലെ ഒഴുകാന്‍ തുടങ്ങി. സുമേരു എന്നു പേരുള്ള പര്‍വ്വതനിരകളില്‍ ഗങ്ഗ കുടുങ്ങിയപ്പോള്‍ ഇന്ദ്രന്‍ ഐരാവതം എന്ന ആനയുടെ പുറത്തു കയറി വന്നു. ഐരാവതം മല കുത്തിയിളക്കി. ഇവിടം മുതല്‍ ഗങ്ഗ നാലായി ഒഴുക്കു തുടര്‍ന്നു. വസു, ഭദ്ര, ശ്വേത, അളകനന്ദ ഇവയാണു നാലു നദികള്‍. അളകനന്ദ ഒഴിക മറ്റുള്ളവ സ്വര്‍ഗ്ഗത്തിലേയ്ക്കു പോയി. ഈ സമയത്തു ഗങ്ഗാദേവിയില്‍ താല്‍പര്യം ജനിച്ച ഐരാവതത്തെ (ഐരാവതത്തിന്റെ ദേവരൂപത്തെ?) ഗങ്ഗ ശക്തമായ തിരകളാല്‍ ഓടിച്ചു വിടുന്നുണ്ട്.
അതിനു ശേഷം
ഭൂമിയിലേയ്ക്കു കൈലാസം വഴി ഒഴുകാന്‍ തുനിഞ്ഞു. എന്നാല്‍ ജലധാരയുടെ കുതിപ്പു
താങ്ങാന്‍ ഭൂമിയ്ക്കു ശേഷിയില്ലാഞ്ഞതിനാല്‍ ശിവന്‍ ധാര ജടയിലാക്കി. ഗങ്ഗ ശിവന്റെ
ജടയില്‍ പന്തണ്ടു വര്‍ഷം കുടുങ്ങിക്കിടന്നു.
സഗരപുത്രന്മാരുടെ മോക്ഷപ്രാപ്തി
ഭഗീരഥന്റെ അപേക്ഷപ്രകാരം ശിവന്‍ ഗങ്ഗയെ ഒഴുക്കി. ഇതു ഹരിദ്വാരില്‍ വച്ചായിരുന്നു.
ഗങ്ഗ വാരണാസിയിലും മറ്റു പല ദിക്കിലും എത്തി. ആ പോക്കില്‍ സരസ്വതിയും യമുനയും കൂടിച്ചേര്‍ന്നപ്പോള്‍ അവിടം ത്രിവേണി (പ്രയാഗ) ആയി.
ശിവന് ഒരു ബ്രാഹ്മണനെ വധിച്ച മൂലം ബ്രഹ്മഹത്യാപാപം ഉണ്ടായി. വാരണാസിയില്‍ വച്ചു ഗങ്ഗയില്‍ ദര്‍ഭ മുക്കി തളിച്ചപ്പോള്‍ ആ പാപം മാറി. വാരണാസിയ്ക്കു ചുറ്റും അഞ്ചു നാഴിക വട്ടത്തില്‍ ഒരു വര വരച്ച്, ആ ഭാഗത്തെ വാരണാസീതീര്‍ത്ഥം എന്നു ശിവന്‍ നാമകരണം ചെയ്തു.
കണ്ഡാരന്‍ എന്നൊരു അധര്‍മ്മി (ഇതൊരു മുനിയായിരുന്നു എന്നു ചില വിവര്‍ത്തനങ്ങളില്‍ ) മരിച്ചപ്പോള്‍ യമദൂതര്‍ അയാളുടെ ആത്മാവിനെ നരകത്തിലേയ്ക്കു കൊണ്ടു പോയി. ഇതിനിടയില്‍ ഒരു കാക്ക, കെട്ടടങ്ങിയ അയാളുടെ ചിതയില്‍ നിന്ന്, ഒരു കഷണം അസ്ഥിയുമായി പറന്നു. അബദ്ധത്തില്‍ ആ അസ്ഥിക്കഷണം ഗങ്ഗാനദിയില്‍ വീണു. ഉടന്‍ നരകത്തില്‍ നിന്നും കണ്ഡാരന്റെ ആത്മാവു വൈകുണ്ഠത്തില്‍ എത്തി.
യമന്‍
പരാതിയുമായി വിഷ്ണുവിന്റെ അടുത്ത് എത്തി:
“ഇങ്ങനെ പോയാല്‍ യമലോകത്ത് ആളില്ലാതെയാവും”. വിഷ്ണു, ഗങ്ഗയുടെ പാവനത്വം യമനു മനസ്സിലാക്കിക്കൊടുത്തു.
തന്റെ ആശ്രമത്തിനു
സമീപത്തു കൂടി ശക്തിയായ ഒഴുകിയ ഗങ്ഗയെ കോപിഷ്ഠനായ ജഹ്നു മഹര്‍ഷി കുടിച്ചു
വറ്റിച്ചു. ഭഗീരഥന്റെ പ്രാര്‍ത്ഥന കേട്ടു മഹര്‍ഷി ഗങ്ഗയെ തിരിച്ചു നല്‍കാന്‍
തയ്യാറായി.
പക്ഷെ, വായിലൂടെ പുറത്തു വന്നാല്‍ ഗങ്ഗ ഉച്ഛിഷ്ടതുല്യവും അശുദ്ധവും
ആകും.
മഹര്‍ഷി
ഗങ്ഗയെ കാല്‍മുട്ടിലൂടെ (ജഹ്നു=കാല്‍മുട്ട്)പുറത്തു വിട്ടു. ജഹ്നു മഹര്‍ഷിയില്‍
നിന്ന്,
അല്ലെങ്കില്‍ കാല്‍മുട്ടില്‍ നിന്ന്, ഒഴുകിയതു കാരണം ഗങ്ഗയ്ക്കു ജാഹ്നവി എന്ന പേരും കിട്ടി.
പല
ബുദ്ധിമുട്ടുകളും തടസ്സങ്ങളും താണ്ടി ഭഗീരഥന്‍ ഗങ്ഗയെ പലയിടത്തേക്കും നയിച്ചു.
ഒടുവില്‍
പാതാളത്തില്‍ കപിലമഹര്‍ഷി ഇരിയ്ക്കുന്ന സ്ഥലത്തും അവരെത്തി. സഗരപുത്രന്മാര്‍
വെണ്ണീറായ സ്ഥലത്തു കൂടി ഗങ്ഗ ഒഴുകിയപ്പോള്‍ അവര്‍ക്കു മോക്ഷം ലഭിച്ചു.
ഗങ്ഗയെ വണങ്ങി
ഭഗീരഥന്‍ മടങ്ങി. ഗങ്ഗ അവിടെ നിന്നു സമുദ്രത്തിലേയ്ക്കു പോയി.
ഭഗീരഥപ്രയത്നം1 തീരാന്‍ ആയിരക്കണക്കിനു വര്‍ഷങ്ങളെടുത്തു. ഗങ്ഗാദേവിയ്ക്കു ഭാഗീരഥി എന്ന പേരും കിട്ടി.
വളരെ നാളുകള്‍ക്കു ശേഷം മകന്‍ സൗദാസനെ രാജാവായി വാഴിച്ചു ഭഗീരഥന്‍ തപസ്സിനു പോയി. ദമയന്തി എന്നായിരുന്നു സൗദാസന്റെ പത്നിയുടെ പേര്.
സൗദാസന്‍
ഒരിയ്ക്കല്‍ നായാട്ടിനു പോയി. സിംഹരൂപം ധരിച്ച ഒരു രാക്ഷസനും രാക്ഷസിയും അവിടെ
സല്ലപിയ്ക്കുന്നുണ്ടായിരുന്നു. അതില്‍ ആണ്‍സിംഹത്തെ സൗദാസന്‍ അമ്പെയ്തു കൊന്നു.
ക്രുദ്ധയായ രാക്ഷസി ശപിച്ചു: “നിനക്ക് ഒരിയ്ക്കല്‍ ബ്രാഹ്മണശാപം കിട്ടട്ടെ”.
കുറിപ്പ്: 1 . ഭഗീരഥപ്രയത്നം: തീവ്രമായ ബുദ്ധിമുട്ടുകളെ നേരിട്ടു ലക്‌ഷ്യം കണ്ടെത്തല്‍ എന്ന അര്‍ത്ഥത്തില്‍ ഇപ്പോള്‍ നമ്മള്‍ പറയുന്നത്.
രഘു, അജൻ
സൗദാസനു
രാക്ഷസീശാപം മാറിക്കിട്ടണം.
വസിഷ്ഠമുനി
പറഞ്ഞതു പ്രകാരം സൗദാസന്‍ അശ്വമേധയാഗം നടത്തി.
രാക്ഷസിയ്ക്കു
പകയായി.
യാഗശേഷം അവള്‍
വസിഷ്ഠന്റെ രൂപത്തില്‍ വന്നിട്ടു രാജാവിനോടു ഭക്ഷണത്തിനു മാംസാഹാരം ഒരുക്കാന്‍
ആവശ്യപ്പെട്ടു. കുതിരയിറച്ചി തയ്യാറാക്കാം എന്നു രാജാവു സമ്മതിച്ചു. അതിനു ശേഷം
അവള്‍ കൊട്ടാരം പാചകക്കാരന്റെ രൂപത്തില്‍ അടുക്കളയില്‍ കയറി മനുഷ്യമാംസം ചേര്‍ത്തു
കറി തയ്യാറാക്കി.
സന്ധ്യാവന്ദനം
കഴിഞ്ഞു ഭക്ഷണത്തിനു വന്ന യഥാര്‍ത്ഥവസിഷ്ഠന്‍
മനുഷ്യമാംസം കണ്ടു കോപിഷ്ഠനായി. ‘പതിനൊന്നു വര്‍ഷം ബ്രഹ്മരാക്ഷസനായി ജീവിയ്ക്കൂ’, മഹര്‍ഷി ശപിച്ചു.
ബ്രാഹ്മണരെ
മാത്രം തിന്നു ജീവിയ്ക്കുന്ന രാക്ഷസനാണു ബ്രഹ്മരാക്ഷസന്‍.
രാജാവിനും
കോപം വന്നു. തെറ്റൊന്നും ചെയ്യാതെ ഒരു ശിക്ഷ! അദ്ദേഹം കുലഗുരുവായ മഹര്‍ഷിയെ
ശപിയ്ക്കാന്‍ ജലമെടുത്തു. ബുദ്ധിമതിയായ രാജ്ഞി അതു തടഞ്ഞു. പക്ഷെ, ശാപജലം വീഴ്ത്തിയേ പറ്റൂ. രാജാവ് അതു സ്വന്തം കാലില്‍
തളിച്ചു. ആ ഭാഗം വെന്തു കറുത്തു. കാലില്‍ കറുത്ത പാട് (കളങ്കം/കല്‍മഷം) ഉള്ളവന്‍
എന്ന അര്‍ത്ഥത്തില്‍ അദ്ദേഹം പിന്നീടു കല്‍മഷപാദന്‍ എന്നറിയപ്പെട്ടു.
ശാന്തനായ
വസിഷ്ഠന്‍ ശാപമോക്ഷം നല്‍കി:
“ഗങ്ഗാദര്‍ശനം എന്നു കിട്ടുന്നുവോ അന്നു നീ ശാപവിമുക്തനാകും”.
ബ്രഹ്മരാക്ഷസനായി
മാറിയ സൗദാസന്‍ വനത്തിലെത്തി. വസിഷ്ഠശാപമേറ്റ മറ്റൊരു ബ്രഹ്മരാക്ഷസനെയും കൂട്ടിനു
കിട്ടി. അയാള്‍ ഒരു ബ്രാഹ്മണനും വസിഷ്ഠന്റെ ഗുരുകുലവിദ്യാര്‍ത്ഥിയുമായിരുന്നു.
ശാപകാലത്തിന്റെ
അവസാനം രണ്ടു പേരും പരശുരാമന്‍ പൂജ ചെയ്യുന്നിടത്തെത്തി. അവരുടെ നിര്‍ബ്ബന്ധപ്രകാരം
പരശുരാമന്‍, താന്‍ പൂജയ്ക്ക് ഉപയോഗിയ്ക്കുന്ന ഗങ്ഗാജലം അവരുടെ മേല്‍ തളിച്ചു. അങ്ങനെ അവര്‍ക്കു
പൂര്‍വ്വരൂപങ്ങള്‍ തിരകെ കിട്ടി.
സൗദാസന്‍ തിരികെ അയോദ്ധ്യയില്‍ വന്നു ഭരണം തുടര്‍ന്നു. പിന്നീടു മകന്‍ സുദാസനും സുദാസന്റെ മകന്‍ ദിലീപനും (ദിലീപന്‍ രണ്ടാമന്‍) രാജാക്കന്മാരായി.
ദിലീപന്‍
അതിശക്തനായ രാജാവായിരുന്നു.
അദ്ദേഹം
അശ്വമേധയാഗം നടത്തി. അശ്വമേധം ആരു നടത്തിയാലും ഇന്ദ്രനു ഭയമായിരുന്നു. യാഗം
നടത്തുന്ന ആള്‍ ഇന്ദ്രസ്ഥാനം കയ്യാളുമോ എന്ന സംശയം. ബ്രഹ്മാവിന്റെ ഉപദേശം കേട്ട്
ഇന്ദ്രന്‍ കുതിരയെ മോഷ്ടിച്ചു. അശ്വത്തിന്റെ ചുമതല ദിലീപന്റെ മകന്‍
രഘുവിനായിരുന്നു. ഇന്ദ്രനല്ല്ലാതെ ആരും മോഷണത്തിനു തുനിയില്ല എന്നു മനസ്സിലാക്കിയ
രഘു ദേവലോകത്തു ചെന്ന് ഇന്ദ്രനെ യുദ്ധത്തില്‍ തോല്‍പ്പിച്ചു.
ഇന്ദ്രനെ പിടിച്ചു കെട്ടി കുതിരയുമായി അയോദ്ധ്യയില്‍ വന്നു. ദേവകള്‍ക്കു രഘുവിന്റെ കഴിവില്‍ അദ്ഭുതമായി. അവരുടെ അഭ്യര്‍ത്ഥനപ്രകാരം ഇന്ദ്രന്‍ മോചിതനായി. അയോദ്ധ്യാരാജ്യത്തു കാലാകാലങ്ങളില്‍ മഴ പെയ്യിക്കാം എന്ന വാക്കും നല്‍കേണ്ടി വന്നു. അങ്ങനെ അയോദ്ധ്യ ഒരിയ്ക്കലും ക്ഷാമത്തെ നേരിടേണ്ടി വരില്ല എന്ന അവസ്ഥയുമായി. ‘രഘുവംശം എന്ന പേരിലും നിന്റെ വംശം അറിയപ്പെടട്ടെ’ ബ്രഹ്മാവു രഘുവിനെ അനുഗ്രഹിയ്ക്കുകയും ചെയ്തു.
ദാനശീലനും ധര്‍മ്മിഷ്ഠനുമായിരുന്ന രഘു ലളിതജീവിതം നയിച്ചു.
ചക്രവര്‍ത്തിയുടെ
ദാനശീലത്തിന്റെ ഗുണം അനുഭവിച്ചറിഞ്ഞവരില്‍ ഒരാള്‍ വരദത്തന്‍ എന്ന ബ്രാഹമണന്‍ ആണ്.
വരദത്തന്‍ കാശ്യപമുനിയുടെ ശിഷ്യനായിരുന്നു. ഗുരുദക്ഷിണയായി കശ്യപന്‍ ആവശ്യപ്പെട്ടതു പതിന്നാലു കോടി സ്വര്‍ണ്ണപ്പണമാണ്. എഴു ദിവസത്തിനകം അതു കൊടുക്കാമെന്നു ശിഷ്യന്‍ വാക്കു നല്‍കി. വരദത്തന്‍ രഘു ചക്രവര്‍ത്തിയുടെ അരികില്‍ ചെന്നു.
അപേക്ഷകള്‍
ഒരിയ്ക്കലും നിഷേധിച്ചിട്ടില്ലാത്ത ചക്രവര്‍ത്തി പിറ്റേന്നു തന്നെ പണം കൊടുക്കാം എന്നേറ്റു. എന്നാല്‍ അത്രയും പണം
ഭണ്ഡാരത്തില്‍ ഇല്ലായിരുന്നു. സഹായത്തിനായി നാരദമുനി എത്തി. കുബേരന്റെ കയ്യില്‍
നിന്നും പണം വാങ്ങണം എന്നായിരുന്നു നാരദന്റെ ഉപദേശം.
രഘു പടയുമായി
കുബേരരാജധാനിയിലേയ്ക്കു തിരിക്കാന്‍ തീരുമാനിച്ചു.
നാരദന്‍ നേരെ പോയതു കുബേരന്റെ അടുത്തേയ്ക്കായിരുന്നു. വിവരങ്ങള്‍ പറഞ്ഞ ശേഷം പണം നല്‍കിയില്ലെങ്കില്‍ പടയുമായി രഘു എത്തും എന്നു മുന്നറിയിപ്പു നല്‍കിയപ്പോള്‍ കുബേരന്‍ വിരണ്ടു.
രഘുവിന്റെ
കീര്‍ത്തിയും കഴിവും കുബേരനു നന്നായി അറിയാമായിരുന്നു. കുബേരന്‍ ഒരു ദൂതന്‍
വശം പണം കൊട്ടാരത്തില്‍ എത്തിച്ചു.
രഘു അതു
വരദത്തനു കൊടുത്തു. വരദത്തന്‍ ദാനം കിട്ടിയ പണവുമായി കശ്യപന്റെ അടുക്കല്‍ ചെന്നു.
ഗുരു പരിഭ്രാന്തനായി. ഒറ്റ ദിവസം കൊണ്ടു രഘു ചക്രവര്‍ത്തി സ്വര്‍ണ്ണം ദാനം
കൊടുത്തിരിയ്ക്കന്നു!
വനത്തിലായിരുന്നു
കശ്യപന്റെ ആശ്രമം. അവിടെ സൂക്ഷിയ്ക്കാന്‍
സ്ഥലമില്ല എന്ന കാരണം പറഞ്ഞ്, മുനി അതു ഇന്ദ്രനു
കൊടുക്കാന്‍ പറഞ്ഞു. രഘുവിനെ നന്നായി അറിയാവുന്നയാളാണല്ലോ ഇന്ദ്രന്‍. മാത്രവുമല്ല, സ്വന്തം പിതാവും പ്രജാപതിയുമായ കശ്യപന്‍ പോലും പണം
സ്വീകരിയ്ക്കാന്‍ മടിച്ചിരിയ്ക്കന്നു! പണം കശ്യപമുനിയെ തന്നെ ഏല്‍പ്പിയ്ക്കാന്‍
ഇന്ദ്രന്‍ വരദത്തനോടു പറഞ്ഞു.
വരദത്തന്‍
പണവുമായി തിരികെ കശ്യപന്റെ അടുക്കല്‍ തിരികെ എത്തി. മുനിയാകട്ടെ, അതു കുബേരനെ ഏല്പിയ്ക്കാന്‍ പറഞ്ഞു. കൊടുത്ത പണം അങ്ങനെ
കുബേരനു മടക്കിക്കിട്ടി. ചക്രവര്‍ത്തിയുടെ കടവും തീര്‍ന്നു.
പതിനായിരം കൊല്ലം ഭരിച്ച രഘു ചക്രവര്‍ത്തി, മകന്‍ അജനെ അഭിഷേകം ചെയ്തു സ്വര്‍ഗ്ഗം പൂകി.
അജചക്രവര്‍ത്തിയുടെ
വിവാഹം സംഭവബഹുലമായിരുന്നു. മഥുരയിലെ രാജാവിന്റെ മകള്‍ ബിന്ദുമതിയെ
സ്വയംവരവിവാഹത്തിലൂടെ സ്വന്തമാക്കിയ അജനെ, വഴിയില്‍
വച്ചു സ്വയംവരത്തില്‍ പങ്കെടുത്ത മറ്റു രാജാക്കന്മാര്‍ ആക്രമിച്ചു. അതിസുന്ദരിയായ
കന്യകയെ തങ്ങള്‍ക്കു കിട്ടിയില്ലല്ലോ എന്ന അസൂയയായിരുന്നു ഇതിനു പിന്നില്‍. അജനെ
വധിച്ചു ബിന്ദുമതിയെ സ്വന്തമാക്കാന്‍ പലരും മോഹിച്ചു.
അജന്‍ ഒരു ദിവ്യാസ്ത്രമെയ്തു. ആ അസ്ത്രം ഒരു ഗന്ധര്‍വ്വനായി മാറി. ആ ഗന്ധര്‍വ്വനില്‍ നിന്നും കൂടുതല്‍ ഗന്ധര്‍വ്വന്മാര്‍ ഉണ്ടായി. ഓരോ ഗന്ധര്‍വ്വനില്‍ നിന്നും വീണ്ടും ഗന്ധര്‍വ്വന്മാര്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഗന്ധര്‍വ്വപ്പടയുടെ കരുത്തില്‍ എതിരാളികളെല്ലാം കൊല്ലപ്പെട്ടു.
അജന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തി.
ദശരഥന്‍
പൂര്‍വ്വജന്മത്തില്‍
അജനും ബിന്ദുമതിയും സ്വര്‍ഗ്ഗത്തില്‍ നര്‍ത്തകരായിരുന്നു. ഒരു ശാപത്താലാണ് അവര്‍
ഭൂമിയില്‍ എത്തിയത്. അവര്‍ക്കു ജനിച്ച കുഞ്ഞാണു ദശരഥന്‍. ദശരഥന് ഒരു
വയസ്സുള്ളപ്പോള്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടു. ഒരു മാല കാരണം.
നാരദമുനി ആകാശത്തിലൂടെ സഞ്ചരിയ്ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വീണയില്‍ ചുറ്റിയിരുന്ന പാരിജാതമാലകളില്‍ ഒന്നു ഭൂമിയിലേയ്ക്കു വീണു. മാല വീണതു ബിന്ദുമതിയുടെ ദേഹത്തായിരുന്നു. അവര്‍ മരിച്ചു വീണു. ദുഃഖാര്‍ത്തനായ അജനും ഉടന്‍ മരിച്ചു. രണ്ടു പേരും തിരികെ സ്വര്‍ഗ്ഗത്തിലെത്തി.
ദശരഥന്‍ പിന്നീടു വളര്‍ന്നതു കുലഗുരുവായ വസിഷ്ഠമഹര്‍ഷിയുടെ ആശ്രമത്തിലായിരുന്നു. വസിഷ്ഠന്‍ രാജ്യകാര്യങ്ങള്‍ നടത്തി. വസിഷ്ഠനില്‍ നിന്നും ഭൃഗുമഹര്‍ഷിയില്‍ നിന്നും രാജകുമാരന്‍ ശസ്ത്രവിദ്യകള്‍ ഉള്‍പ്പടെയുള്ള പല വിഷയങ്ങളും പഠിച്ചു പ്രഗത്ഭനായി. ഭൃഗുമഹര്‍ഷി ദശരഥനെ ശബ്ദവേധിയായ അസ്ത്രം പ്രയോഗിയ്ക്കാനുള്ള വിദ്യയും പഠിപ്പിച്ചിരുന്നു. ദശരഥനെ പതിനഞ്ചാം വയസ്സില്‍ കുലഗുരു ചക്രവര്‍ത്തിയായി അഭിഷേകം ചെയ്തു.
മുപ്പതാം വയസ്സില്‍ വിവാഹം കഴിച്ച ദശരഥന്റെ ആദ്യപത്നി കോസലരാജകുമാരിയായ കൗസല്യ ആയിരുന്നു. പിന്നീടു വിവാഹം ചെയ്തവരില്‍ കേകയരാജകുമാരി ആയ കൈകേയി, സിങ്ഗളരാജകുമാരിയായ സുമിത്ര1 എന്നിവരുമുണ്ട്. കൈകേയിയ്ക്കും സുമിത്രയ്ക്കും തുല്യപരിഗണന ഉണ്ടായിരുന്നു. ഇവരില്‍ ഏറ്റവും സുന്ദരി സുമിത്രയായിരുന്നു. എന്നാല്‍ ദശരഥനു കൂടുതല്‍ താല്‍പര്യം കൈകേയിയില്‍ ആയിരുന്നു. ഇവര്‍ മൂവരുമായിരുന്നു പട്ടമഹിഷിമാര്‍. കൈകേയിയോടൊപ്പം മന്ഥര എന്ന കൂനിയായ തോഴിയും അയോദ്ധ്യയില്‍ എത്തി.
വിവാഹരാത്രി2യില്‍ പുരുഷന്‍ സ്ത്രീയെ തൊട്ടാല്‍ സ്ത്രീയ്ക്കു
ദുരനുഭവങ്ങള്‍ വരുമത്രെ.
സുമിത്രയെ വിവാഹം ചെയ്തു രഥത്തിലേറി വരുന്ന വഴി അവളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച ദശരഥനു രഥത്തില്‍ വച്ചു തന്നെ മനോനിയന്ത്രണം നഷ്ടപ്പെട്ടു. അങ്ങനെ സുമിത്രയെയും അയോദ്ധ്യയെയും ചില ദൌര്‍ഭാഗ്യങ്ങള്‍ പിന്നീടു പിടികൂടി.
വിനാശകാരനായ
ശനിദേവന്റെ കണ്ണു രോഹിണിഗ്രഹത്തിന്റെ രാശിയില്‍ എത്തി.
അയോദ്ധ്യയില്‍
വരള്‍ച്ചയും ക്ഷാമവും തുടങ്ങി.
സുന്ദരിമാരായ
ഭാര്യമാരുമായി സല്ലപിച്ചു കഴിഞ്ഞ ദശരഥന്‍ അതു ശ്രദ്ധിച്ചില്ല. ജനങ്ങള്‍ ചക്രവര്‍ത്തിയെ
പഴി ചാരാന്‍ തുടങ്ങി. മഹര്‍ഷി നാരദന്‍ വന്നു രാജ്യത്തിന്റെ ദുരവസ്ഥ അറിയിച്ചപ്പോള്‍
മാത്രമേ ദശരഥനു മോശമായ സ്ഥിതിയെ പറ്റി ബോധം വന്നുള്ളൂ.
അദ്ദേഹം നാട്ടിലും കാട്ടിലും സഞ്ചരിച്ചു വരള്‍ച്ച നേരിട്ടു കണ്ടു. കാട്ടില്‍ അവശനായി ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ കിടക്കുമ്പോള്‍ മരക്കൊമ്പിലുണ്ടായിരുന്ന ഇണക്കിളികളുടെ സംഭാഷണം ചക്രവര്‍ത്തി ശ്രദ്ധിച്ചു. ആണ്‍കിളി പറഞ്ഞതു വരള്‍ച്ചയെ പറ്റിയും ദശരഥന്റെ കെടുകാര്യസ്ഥതയെ പറ്റിയും.
ദശരഥന്‍ ഓര്‍ത്തു: രഘുചക്രവര്‍ത്തിയ്ക്ക് ഇന്ദ്രന്‍ നല്‍കിയ വാഗ്ദാനം ലംഘിയ്ക്കപ്പെട്ടിരിയ്ക്കുന്നു. മഴ പെയ്യുന്നേയില്ല.
ഇന്ദ്രനെ നേരിടാന്‍ ദശരഥന്‍ സ്വര്‍ഗ്ഗത്തില്‍ പോയി.
ദേവന്മാരുടെ
ഉപദേശപ്രകാരം ഇന്ദ്രന്‍ യുദ്ധം ചെയ്യാന്‍ മുതിര്‍ന്നില്ല.
അവര്‍
ഇന്ദ്രനോടു ദശരഥന്റെ നിലപാട് അറിയിച്ചു:
“രഘുവിനു നല്‍കിയ വാക്കു പാഴായിരിയ്ക്കുന്നു. വരള്‍ച്ച തുടര്‍ന്നാല്‍....ശബ്ദവേധി
എന്ന അസ്ത്രം ദശരഥരാജന്‍ ഉപയോഗിച്ചാല്‍, ഇന്ദ്രന്‍
ഇല്ലാതെയാവും”.
ഇന്ദ്രന്‍ നയത്തില്‍ ദശരഥനെ സ്വീകരിച്ചു.
നാരദന്‍
പറഞ്ഞതു തന്നെ ഇന്ദ്രനും പറഞ്ഞു. “ഭരണകാര്യത്തില്‍ ശ്രദ്ധിയ്ക്കണം. ശനിയുടെ ദൃഷ്ടി രോഹിണിഗ്രഹത്തിന്റെ
ഭ്രമണപഥത്തിലാണ്. അതാണു ദുരവസ്ഥയ്ക്കു കാരണം. അതു മാറിയാല്‍ ഞാന്‍ മഴ പെയ്യിക്കാം”.
ദശരഥന്‍
ശനിയുടെ ഗൃഹത്തിലെത്തി.
ശനിയുടെ കണ്ണു
വീഴുന്നിടത്തു വിനാശമാണു ഫലം. ശനി പുറത്തിറങ്ങി ദശരഥനെ നോക്കിയതേയുള്ളൂ; പൊടിപടലങ്ങള്‍ ഉയര്‍ന്നു. ചുഴലിയില്‍ പെട്ട പോലെ ദശരഥന്‍
ആകാശത്തിലേയ്ക്കു തെറിച്ചുയര്‍ന്നു. താഴെ വീണാല്‍ മരണം ഉറപ്പ്. അപ്പോള്‍ അവിടെ
പറന്നിരുന്ന ഒരു ഭീമന്‍ പക്ഷി ഇതു കണ്ടു. അതു ദശരഥനെ ചിറകിലേറ്റി താഴെയിറക്കി.
അമ്പരന്നു
നിന്ന ദശരഥനോടു പക്ഷി പറഞ്ഞു: “ഗരുഡപുത്രനും സമ്പാതിയുടെ അനുജനുമായ ജടായുവാണു ഞാന്‍”. ദശരഥനു സന്തോഷമായി.
“എന്റെ ജീവന്‍ രക്ഷിച്ച താങ്കള്‍ ഇന്നു മുതല്‍ എന്റെ മിത്രമാണ്”, ദശരഥന്‍ പറഞ്ഞു. അഗ്നിസാക്ഷിയായി ബന്ധമുറപ്പിച്ച് അവര്‍ ആത്മമിത്രങ്ങളായി.
ശനിയെ വെല്ലുവിളിയ്ക്കാന്‍ ദശരഥന്‍ വീണ്ടും ശനിഗൃഹത്തിനു മുമ്പിലെത്തി. അതു മനസ്സിലാക്കിയ ശനിദേവന്‍ അദ്ഭുതപ്പെട്ടു. ദൃഷ്ടിയില്‍ പെട്ടിട്ടും ഒന്നും സംഭവിയ്ക്കാത്ത ഒരാള്‍. ജനിക്കാന്‍ പോകുന്ന നാരായണാവതാരത്തിന്റെ പിതാവാണ് ഇദ്ദേഹമെന്നു ശനിദേവന്‍ മനസ്സിലാക്കി. അതുകൊണ്ട് ഇത്തവണ കണ്ണടച്ചാണ് അദ്ദേഹം ദശരഥന്റെ മുമ്പില്‍ ചെന്നത്.
“എന്റെ പിന്നില്‍ നില്‍ക്കൂ ചക്രവര്‍ത്തീ”, ശനിദേവന്‍ അനുനയത്തില്‍
ഉപദേശിച്ചു. “എന്റെ ദൃഷ്ടിയില്‍ പെട്ടാല്‍ ദേവകളും മറ്റു ജീവജാലങ്ങളും പല
ബുദ്ധിമുട്ടുകളും നേരിടും. ഗണപതിദേവന് ഇതു സംഭവിച്ചു. അദ്ദേഹം പിറന്നപ്പോള്‍ ഞാന്‍
കാണാന്‍ ചെന്നു. ഞാന്‍ നോക്കിയപ്പോള്‍ കുഞ്ഞിന്റെ ശിരസ്സു പോയി. ദേവി കോപാകുലയായി
എന്നെ വധിയ്ക്കാനടുത്തു. മറ്റു ദേവകള്‍ ദേവിയെ സ്തുതിച്ച്, ദേവി പ്രപഞ്ചമാതാവല്ലേയെന്നും ഞാനും പ്രപഞ്ചമാതാവിന്റെ
അനുഗ്രഹത്താല്‍ പിറന്നതല്ലേയെന്നും ഓര്‍മ്മിപ്പിച്ചു. വടക്കോട്ടു തല വച്ചു
ഗങ്ഗയില്‍ നിന്നിരുന്ന ഐരാവതത്തിന്റെ തല ബ്രഹ്മദേവന്റെ ആജ്ഞ കേട്ടു വായുദേവന്‍
വെട്ടിക്കൊണ്ടുവന്നു. അതു കുഞ്ഞിന്റെ തലയില്‍ ചേര്‍ത്തു. ഗണപതി, ഗജാനനായി. ആനത്തലയുമായി കിടക്കുന്ന കുഞ്ഞിനെ കണ്ടു ദുഃഖിച്ചു
നിന്ന ദേവിയെ ബ്രഹ്മദേവന്‍ ആശ്വസിപ്പിച്ചു. ഏതു കര്‍മ്മത്തിനും മുന്നേ
വന്ദിയ്ക്കേണ്ടതു ഗജാനനെ ആണെന്നു കല്പിച്ചു.
“ഇന്ദ്രന്‍ വിഷമത്തിലായി. ഉച്ചൈശ്രവസ് എന്ന പറക്കുംകുതിരയും ഐരാവതവുമില്ലാതെ
എന്ത് ഇന്ദ്രപദം? പടിഞ്ഞാറേയ്ക്കു തല വെച്ചു
കിടക്കുന്ന ആനയുടെ തല കൊണ്ടുവരാന്‍ ബ്രഹ്മാവു വായുവിനോടു പറഞ്ഞു. എട്ടു ദിക്കുകള്‍
കാക്കുന്ന എട്ട് ആനകളില്‍ ഒന്നായിരുന്ന ശ്വേതന്‍ എന്ന ആന പടിഞ്ഞാറേയ്ക്കു തല വച്ചു
കിടക്കുകയായിരുന്നു. വായുദേവന്‍ ശ്വേതന്റെ തല വെട്ടി കൊണ്ടുവന്നു. ബ്രഹ്മദേവന്‍
അതു ഐരാവതത്തിന്റെ ദേഹത്തു ചേര്‍ത്തു”.
ശനിദേവന്‍ തുടര്‍ന്നു: “നമ്മള്‍ ഒരു വംശക്കാരാണ്. ഞാന്‍ സൂര്യദേവന്റെ മകന്‍. നീ സൂര്യദേവന്റെ പരമ്പരയില്‍ പെട്ടയാള്‍. നമ്മള്‍ തമ്മില്‍ ഒരു പോരു വേണ്ട. എന്തു വരമാണു വേണ്ടത്?”
ദശരഥന്‍ തന്റെ
ആവശ്യം പറഞ്ഞു: “അങ്ങയുടെ ദൃഷ്ടി രോഹിണിയില്‍ നിന്നു മാറ്റണം”. ശനിദേവന്‍ സമ്മതിച്ചു. ഇന്ദ്രന്‍
അയോദ്ധ്യയില്‍ വൃഷ്ടി തുടങ്ങി.
ഏഴു രാവും ഏഴു
പകലും മഴ പെയ്തു.
ചക്രവര്‍ത്തിയും ജനങ്ങളും സന്തുഷ്ടരായി.
മക്കളില്ല എന്നൊരു ദുഃഖം ദശരഥനെ അലട്ടാന്‍ തുടങ്ങി. അദ്ദേഹം വിവാഹം കഴിച്ചുകൊണ്ടേയിരുന്നു. എഴുനൂറ്റിയമ്പതു പത്നിമാരായി. ഭാര്‍ഗ്ഗവദേശത്തു നിന്നും വേട്ട ഒരു പത്നിയില്‍ നിന്നു ഹേമലത എന്നൊരു മകളുണ്ടായി. എന്നാല്‍ ആണ്മക്കള്‍ ഉണ്ടായില്ല. ഹേമലതയെ സുഹൃത്തായ ലോ(രോ)മപാദരാജാവു ദത്തെടുത്തു. അങ്ഗദേശത്തെ രാജാവായിരുന്നു യദുവംശത്തിലെ ലോമപാദന്‍.
ഒരിയ്ക്കല്‍
ചക്രവര്‍ത്തി ത്രിഫലവനത്തില്‍ നായാട്ടിനു പോയി. അന്ധകന്‍ എന്നൊരു അന്ധമുനി ആ
കാട്ടില്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ പുത്രനായ സിന്ധു, വെള്ളമെടുക്കുന്നതിനായി സരയൂനദിയുടെ തീരത്തെത്തി. കുടത്തില്‍
മുനികുമാരന്‍ വെള്ളമെടുക്കുന്ന ശബ്ദം കേട്ടപ്പോള്‍ ആന വെള്ളം കുടിയ്ക്കുന്നതിന്റെ
ശബ്ദമായാണു ദശരഥചക്രവര്‍ത്തിയ്ക്കു തോന്നിയത്.
അദ്ദേഹം
ശബ്ദവേധിബാണം തൊടുത്തു.
മുനികുമാരന്‍
ബാണമേറ്റു വീണു.
മൃഗത്തെ
തേടിയെത്തിയ ദശരഥന്‍ കണ്ടതു മരിയ്ക്കാറായ മുനികുമാരനെ. തെറ്റു മനസ്സിലാക്കിയ
ചക്രവര്‍ത്തി സ്വന്തം തലയിലടിച്ചു പശ്ചാത്തപിച്ചു. കുമാരന്റെ നെഞ്ചില്‍ നിന്നും
അമ്പ് ഊരിയെടുത്തു.
മുനികുമാരന്‍ പറഞ്ഞു: “ഞാന്‍ ശപിയ്ക്കില്ല. കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ വേടനായിരുന്നു. രണ്ടു പ്രാവുകളില്‍ ഒന്നിനെ ഒരിയ്ക്കല്‍ അമ്പെയ്തിട്ടപ്പോള്‍ ആ പ്രാവിന്റെ ശാപമേറ്റു. ‘ഈ വേദന അടുത്ത ജന്മത്തില്‍ നീയും അറിയട്ടെ’ എന്നായിരുന്നു ശാപം. അതിപ്പോള്‍ സംഭവിച്ചു. ഇനി എന്റെ മാതാപിതാക്കള്‍ക്കു തുണയായി ആരുമില്ല. എന്നെ അവരുടെ അടുത്തേയ്ക്കു കൊണ്ടുപോകൂ”.
മുനികുമാരന്‍ മരിച്ചു.
മൃതദേഹവുമായി ചക്രവര്‍ത്തി അന്ധകമുനിയുടെ അടുത്തെത്തി.
മുനിയും പത്നിയും വിശന്നിരിയ്ക്കുകയായിരുന്നു. കാലടിശബ്ദം കേട്ടു മകനെന്നു കരുതി മുനിയും പത്നിയും ‘വെള്ളവും പഴങ്ങളും തരൂ മകനേ’ എന്നു പറഞ്ഞു മുന്നോട്ടാഞ്ഞു. പിന്നീടു ജ്ഞാനദൃഷ്ടിയാല്‍ എല്ലാം മനസ്സിലാക്കി. അവരുടെ ദുഃഖം അണ പൊട്ടിയൊഴുകി.
അന്ധകമുനി ഇടയ്ക്കു ചക്രവര്‍ത്തിയോടു സ്വന്തം കഥയും പറഞ്ഞു: “ബാലനായിരുന്നപ്പോള്‍ എനിയ്ക്കു കണ്ണു കാണാമായിരുന്നു. ഒരിയ്ക്കല്‍ ത്രിജടമഹര്‍ഷി വീട്ടില്‍ വന്നു. മടങ്ങാന്‍ നേരം പിതാവ് എന്നോടു ത്രിജടമഹര്‍ഷിയുടെ കാല്‍ തൊട്ടു നമസ്കരിയ്ക്കാന്‍ പറഞ്ഞു. മഹര്‍ഷിയുടെ പൊടി പുരണ്ട പാദങ്ങള്‍ തൊടാന്‍ എനിയ്ക്കു മടിയായിരുന്നു. ഞാന്‍ കണ്ണടച്ചു കൊണ്ടു പാദനമസ്കാരം നടത്തി. ‘ഇങ്ങനെ തന്നെയാവട്ടെ’ എന്നു ത്രിജടമുനി അനുഗ്രഹിച്ചു. അതു നീരസം കാരണമുള്ള ശാപമായിരുന്നു. കണ്ണ് അങ്ങനെ തന്നെയായി. കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. പതിവ്രതയായ എന്റെ പത്നി അന്ധയായി ജീവിതം നയിയ്ക്കുന്നു. തപസ്സു കൊണ്ടു നേടിയ ഏകമകനായിരുന്നു തുണ. അവനും പോയിരിയ്ക്കുന്നു”.
മാപ്പിരന്ന
ദശരഥന്‍ ഭയന്നു വിറച്ചു. ശാപം പ്രതീക്ഷിച്ചു.
ഒടുവില്‍ ശാപം പിറന്നു: “രാജാവേ, നീയും പുത്രശോകത്താല്‍ മരിയ്ക്കട്ടെ!”.
ദശരഥനു വിഷമമായി. പക്ഷെ, ശാപത്തില്‍ ഒരു ഗുണവുമുണ്ട്. പുത്രശോകത്താല്‍ മരിയ്ക്കട്ടെ എന്നാണു ശാപം. അപ്പോള്‍ തനിയ്ക്കു പുത്രന്‍ ജനിയ്ക്കും!
ദശരഥന്‍ വിനയാന്വിതം അറിയിച്ചു: “മഹാമുനേ, ഇതു ശാപവും അനുഗ്രഹവുമാണ്. എനിയ്ക്കു പുത്രനുണ്ടാവുമല്ലോ”.
മുനി പറഞ്ഞു: “സാക്ഷാല്‍ മഹാവിഷ്ണു നാലു
പുത്രന്മാരായി നിനക്കു ജനിക്കും. അവര്‍ ജനിച്ചു പതിനൊന്നാം വര്‍ഷം നീ മരിയ്ക്കും.
രാജാവേ,
വനത്തില്‍ നിന്നും അങ്ങേയ്ക്കു കിട്ടിയ ശ്രീഫലം എന്റെ
പ്രസാദമായി കണക്കാക്കുക. ഋശ്യശൃങ്ഗ1മഹര്‍ഷിയെ
വിളിച്ചു പുത്രകാമേഷ്ടി6 നടത്തുക. ഈ ശ്രീഫലത്തില്‍ നിന്നു
വിഷ്ണു ഭൂജാതനാകും”.
ഇതു പറഞ്ഞ ശേഷം, പുത്രന്റെ മൃതദേഹം തൊട്ടു വിലപിച്ച്, യോഗശക്തിയാല്‍ മുനിയും പത്നിയും ജീവന്‍ വെടിഞ്ഞു. ദശരഥന്‍ സരയൂതീരത്തു മൂവരുടെയും സംസ്കാരകര്‍മ്മങ്ങള്‍ നടത്തി മടങ്ങി.
ഉടന്‍
വസിഷ്ഠാശ്രമത്തില്‍ ദശരഥന്‍ എത്തിയപ്പോള്‍ ഗുരുവായ മഹര്‍ഷി അവിടെയില്ലായിരുന്നു.
ഗുരുവിന്റെ മകനായ വാമന്‍ (വാമദേവന്‍) എന്ന പണ്ഡിതനായ മുനിയോടു തനിയ്ക്കു പറ്റിയ അബദ്ധം പറഞ്ഞു:
“ബ്രാഹ്മണനായ മുനികുമാരനെ വധിച്ചതിനാല്‍ പാപബദ്ധനായി”.
വാമന്‍
ഉപദേശിച്ചു: “പാപം നില്‍ക്കേ യാഗം നടത്താന്‍ പാടില്ല. മൂന്നുരു രാമനാമം ചൊല്ലുക.
പാപം മാറും”.
രാമനാമം
മൂന്നു തവണ ഉരുവിട്ടപ്പോള്‍ ചക്രവര്‍ത്തിയുടെ സകലപാപങ്ങളും മാറി.
ഇതെല്ലാം അറിഞ്ഞ വസിഷ്ഠന്‍ മകനോടു കയര്‍ത്തു. ഒരു തവണ രാമനാമം ചൊല്ലിയാല്‍ ഒരു കോടി ബ്രഹ്മഹത്യാപാപം ഒടുങ്ങും. പിന്നെ എന്തിനു മൂന്നു തവണ ചൊല്ലിച്ചു എന്നായിരുന്നു ചോദ്യം. ‘അജ്ഞാനിയായ നീ ചണ്ഡാളനാവട്ടെ’ എന്നു മകനു ശാപവും നല്‍കി.
ശാപമോക്ഷം ഇരന്ന വാമനോടു വസിഷ്ഠന്‍ പറഞ്ഞു: “ദശരഥപുത്രനായി ജനിയ്ക്കുന്ന രാമന്‍ ഗങ്ഗാതീരത്തെത്തും. രാമന്റെ പാദസ്പര്‍ശത്താല്‍ ശാപം ഒഴിയും”.
ഗുഹകന്‍3 എന്ന പേരില്‍ വാമന്‍ ചണ്ഡാളനായി ജന്മമെടുത്തു.
ഇതിനിടയില്‍
ശംബരന്‍ എന്ന അസുരന്‍ ഇന്ദ്രലോകത്തെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി.
ഇന്ദ്രന്‍ ദശരഥനെ വരുത്തി.
കുറിപ്പ്:
1. സുമിത്ര കാശിരാജാവിന്റെ പുത്രിയായിരുന്നു എന്നാണു പല കഥകളിലും. സിങ്ഗളം (സിംഗളം) എന്ന്‍ ഇവിടെ പറയുന്നതു സിംഹളം (ലങ്ക) അല്ല. ഹരിവംശപുരാണത്തിലെ ശൃംങ്ഗളം, മഹാഭാരതത്തിലെ ശൃങ്ഗിനം (ശൃംഗിനം) എന്നീ വാക്കുകള്‍ സിങ്ഗളത്തെ പറ്റി ആയിരിയ്ക്കാം. സിങ്ഗളം ഇന്നത്തെ കിഴക്കന്‍ ഇറാന്‍-അഫ്ഘാനിസ്ഥാന്‍ പ്രദേശത്ത് ആയിരുന്നിരിയ്ക്കണം. ഉത്തരേന്ത്യയിലെ ജാട്ടുകള്‍ ഈ നാട്ടുകാരുടെ പിന്‍ഗാമികള്‍ ആണെന്നു ചില ചരിത്രകാരന്മാര്‍ പറയുന്നു.
2. ബംഗാളികള്‍ വിവാഹരാത്രിയ്ക്കു കാളരാത്രി എന്നും പറയുന്നു. അന്നു വധൂവരന്മാര്‍ ഒരുമിച്ചു കിടക്കരുത്.
3. പൊതുവേ പ്രചാരത്തിലുള്ള അഷ്ടദിഗ്ഗജങ്ങളുടെ പട്ടികയില്‍ ശ്വേതന്‍ എന്ന പേരില്ല. പ്രപഞ്ചത്തെ താങ്ങി നിര്‍ത്തുന്ന നാല് ആനകളുണ്ട്. മൂന്ന് എന്നാണു കൃത്തിവാസന്‍ എഴുതുന്നത്. യാഗാശ്വത്തെ അന്വേഷിച്ചു നടന്ന അംശുമാന്‍ അവയെ കാണുന്നുണ്ട്.
4. ദശരഥന്റെ മകളുടെ പേരു ശാന്ത എന്നു മറ്റൊരിടത്ത്.
5. ചില കഥകളില്‍ ദശരഥന്‍ രോഹിണി നക്ഷത്രത്തിന്റെ ഭ്രമണപഥം മാറ്റുന്നതായി പറയുന്നു. അങ്ങനെ ശനിയുടെ ദൃഷ്ടി ഒഴിവാക്കി.
6. ഋശ്യശൃങ്ഗന്‍, ഋഷ്യശൃങ്ഗന്‍ എന്നു രണ്ടു
രീതിയില്‍ പേരുകള്‍ എഴുതിക്കാണുന്നു. ഋശ്യം/ഋഷ്യം=ഒരു തരം മാന്‍; ശൃങ്ഗം=കൊമ്പ്.
ഇദ്ദേഹത്തിനു കൊമ്പുണ്ടായിരുന്നെന്നും മുഖം തന്നെ മാനിന്റെ രൂപത്തിലായിരുന്നു
എന്നും രണ്ടു രീതിയില്‍ വ്യാഖ്യാനമുണ്ട്. ഋശ്യശൃങ്ഗന്റെ കഥ പിന്നാലെ
എഴുതിയിട്ടുണ്ട്.
7. പുത്രഃ
(പുത്രന്‍), കാമഃ (ആഗ്രഹം), ഇഷ്ടിഃ (യാഗം) എന്നതാണു പുത്രകാമേഷ്ടിഃ=പുത്രനെ
ആഗ്രഹിച്ചുള്ള യാഗം.
8. ഗുഹകന്‍ മറ്റു
രാമായണങ്ങളിലെ ഗുഹനാണ്.
9. പുരാണങ്ങളില്‍ നേമി എന്നാണു ദശരഥന്റെ ശരിയായ പേര്. പിന്നീടാണു ദശരഥന്‍ എന്ന പേരില്‍ കീര്‍ത്തി നേടുന്നത്. നേമി എന്ന പേരു കൃത്തിവാസരാമായണത്തില്‍/വിവര്‍ത്തനങ്ങളില്‍ ഇല്ല
മുനിശാപം, ഋശ്യശൃങ്ഗന്‍
ഒരു പൊരിഞ്ഞ
പോരാട്ടത്തില്‍ ശബ്ദവേധിബാണം കൊണ്ടു ശംബരനെ ദശരഥന്‍ വധിച്ചു.
സംപ്രീതനായ
ഇന്ദ്രന്‍ ദശരഥന്റെ മുനിഹത്യാപാപം പൂര്‍ണ്ണമായും നീക്കി.
യുദ്ധശേഷം
ദശരഥനു ശുശ്രൂഷ ചെയ്തതു കൈകേയി ആയിരുന്നു. അസ്ത്രസഞ്ജീവനിമന്ത്രം അറിയാമായിരുന
കൈകേയി അതുപയോഗിച്ചു മുറിവുകള്‍ ഉണക്കി. ദശരഥന്‍ സന്തുഷ്ടനായി. എന്നിട്ടും
നഖത്തിനടിയില്‍ ചോര കെട്ടിക്കിടന്നതു കുറച്ചു കാലത്തിനു ശേഷം വലിയ വേദന ഉണ്ടാക്കി.
ചികിത്സയ്ക്കെത്തിയ പദ്മകരന്‍ (പദ്മാകരന്‍?) ധന്വന്തരീദേവന്റെ
മകനായിരുന്നു. ‘ഒന്നുകില്‍ ഒച്ചിന്റെ തോട് അരച്ചു കുടിയ്ക്കുക, അല്ലെങ്കില്‍ ആരെങ്കിലും ആ രക്തം മുത്തിക്കുടിച്ചു
പുറത്തെടുക്കുക’ എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. വിരല്‍ മുത്തിക്കുടിച്ചു
കൊണ്ടു കൈകേയി ആ ചോരക്കെട്ടു പുറത്തെടുത്തു.
ഈ രണ്ടു സന്ദര്‍ഭങ്ങളിലും കൈകേയിയ്ക്ക് ഓരോ വരം നല്‍കാമെന്നു ചക്രവര്‍ത്തി സമ്മതിച്ചിരുന്നു. അവ സമയമനുസരിച്ചു പിന്നീടു ചോദിക്കാം എന്നു കൈകേയി പറയുകയും ചെയ്തിരുന്നു. (ഈ ബുദ്ധി മന്ഥരയുടേതായിരുന്നു).
അങ്ങനെയിരിയ്ക്കേ
ചക്രവര്‍ത്തിക്ക് ഒമ്പതിനായിരം വയസ്സു തികഞ്ഞു. റാണിമാര്‍ വൃദ്ധരായി. അന്ധകമുനി
പറഞ്ഞതു പോലെ ഋശ്യശൃങ്ഗമുനിയെ കൊണ്ടു യാഗം
നടത്തിയ്ക്കുന്നതിനെ പറ്റി ദശരഥന്‍ ഗുരുവായ വസിഷ്ഠനോട് ആലോചിച്ചു.
മഹര്‍ഷി
ഋശ്യശൃങ്ഗന്റെ ജനനകഥ കേള്‍പ്പിച്ചു.
വിഭാണ്ഡകന്‍
എന്നൊരു അതിശക്തനായ മഹര്‍ഷിയെ ഇന്ദ്രന്‍ ഭയപ്പെട്ടു. അദ്ദേഹത്തിന്റെ
തപോവിഘ്നത്തിനായി ഇന്ദ്രന്‍ വായുദേവനെ നിയോഗിച്ചു. വായുദേവന്‍ കാട്ടിലെ ചില
പഴങ്ങളില്‍ അമൃതു പുരട്ടി. അതു കഴിച്ച വിഭാണ്ഡകനില്‍ ചില ബലഹീനതകള്‍ ഉടലെടുത്തു.
ഒരു ദിവസം വിഭാണ്ഡകന്‍ നര്‍മ്മദാനദിയില്‍ തര്‍പ്പണം ചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍
ആകാശചാരിണിയായ ഉര്‍വ്വശി എന്ന അപ്സരസ്സിനെ കണ്ടു ചഞ്ചലചിത്തനായി. അപ്പോഴുണ്ടായ
ഭൗതികചൈതന്യം ഒരു മാന്‍പേടയിലെത്തി. മാസം തികഞ്ഞു മാന്‍പേട പ്രസവിച്ചതു
മനുഷ്യശിശുവിനെ.
വിഭാണ്ഡകന്‍ ആ
കുട്ടിയെ വളര്‍ത്തി. കുട്ടി വളരുന്തോറും തലയില്‍ മാന്‍കൊമ്പുകളും വളര്‍ന്നു. മഹര്‍ഷി
അവനെ അതു കാരണം ഋശ്യശൃങ്ഗന്‍ എന്നു വിളിച്ചു.
കുട്ടിയെ, പെണ്ണുങ്ങളെ കാണാത്ത ബ്രഹ്മചാരിയാക്കാന്‍ മഹര്‍ഷി
ശ്രമിച്ചു. എന്നാല്‍ അങ്ഗരാജ്യത്തെ ലോമപാദരാജാവിനു ഋശ്യശൃങ്ഗനെ
ആവശ്യമുണ്ടായിരുന്നു.
ആ കഥ മന്ത്രി
സുമന്ത്രര്‍ ദശരഥനു വിവരിച്ചു കൊടുത്തു. “അങ്ഗരാജ്യത്തു വരള്‍ച്ച തുടങ്ങി. രാജാവിന്റെ മകള്‍ ഋതുമതിയായിട്ടും
വിവാഹം നടത്തിയില്ല. അതു കാരണം മഴ പെയ്യുന്നില്ല എന്നായിരുന്നു പണ്ഡിതര്‍
കണ്ടുപിടിച്ച കാരണം. സ്ത്രീപുരുഷഭേദമറിയാത്ത ഋശ്യശൃങ്ഗന്‍ എന്ന മുനികുമാരന്‍ വന്നു
യാഗം നടത്തിയാല്‍ പരിഹാരമാവും”.
കുറിപ്പ്:
നേമി
എന്നായിരുന്നു ദശരഥന്റെ പേരെന്നു പറഞ്ഞിരുന്നല്ലോ. ശംബരനെതിരെ യുദ്ധം ചെയ്കെ, നേമിയുടെ യുദ്ധത്തിലുള്ള അദ്ദേഹത്തിന്റെ അമാനുഷപ്രാവീണ്യത്താലും
ചടുലതയാലും പത്തു നേമി ചക്രവര്‍ത്തിമാര്‍ പത്തു രഥങ്ങളില്‍ രണഭൂമിയില്‍ ഉള്ളതായി മറ്റുള്ളവര്‍ക്കു തോന്നി. അങ്ങനെയാണു
ദശരഥന്‍ എന്ന പേരു ചക്രവര്‍ത്തിയ്ക്കു കിട്ടുന്നത് എന്നാണു കഥകളില്‍. അദ്ദേഹത്തിന് പത്തു ദിക്കിലേക്കും
രഥം ഓടിക്കാന്‍ കഴിവുണ്ടായിരുന്നു എന്നു മറ്റൊരു കാരണം. (എട്ടു
ദിക്ക്+മേലേയ്ക്ക്+താഴേയ്ക്ക്).
ഋശ്യശൃങ്ഗന്‍, പുത്രകാമേഷ്ടി
ലോമപാദരാജാവു വശീകരണപടുക്കളായ ദാസീവര്‍ഗ്ഗത്തെ അയച്ചു ഋശ്യശൃങ്ഗനെ കൊണ്ടുവന്നു. നിരവധി സമ്മാനങ്ങള്‍ ബാലനു നല്‍കി. പിതാവറിയാതെയാണു മുനികുമാരന്‍ അങ്ഗരാജ്യത്ത് എത്തിയത്. യാഗം കഴിഞ്ഞപ്പോള്‍ മഴ തുടങ്ങി.
രാജാവു തന്റെ വളര്‍ത്തുമകള്‍ ഹേമലതയെ മുനികുമാരനു വിവാഹം കഴിച്ചു നല്‍കി. കന്യാധനമായി പകുതി രാജ്യവും നല്‍കി.
മകനെ തേടി നടന്നു ക്ഷീണിതനായ വിഭാണ്ഡകമഹര്‍ഷി ഒരു ഗ്രാമത്തില്‍ ബോധം കെട്ടു വീണു. കണ്ണു തുറന്ന അദ്ദേഹം അത് ഏതു സ്ഥലമെന്ന് അന്വേഷിച്ചപ്പോള്‍ ഋശ്യശൃങ്ഗന്റെ രാജ്യമാണെന്നു തദ്ദേശവാസികള്‍ പറഞ്ഞു. എല്ലാ വിവരവും ചോദിച്ചറിഞ്ഞ വിഭാണ്ഡകന്റെ രോഷവും ദുഃഖവും കെട്ടടങ്ങി. ദശരഥന്റെ യാഗപദ്ധതിയെ പറ്റി അറിയാമായിരുന്നു. അതിനാല്‍ അയോദ്ധ്യയില്‍ വച്ചു മകനെ കാണാം എന്നു വിഭാണ്ഡകന്‍ തീരുമാനിച്ചു.
ദശരഥന്‍ നേരിട്ടു ചെന്നു 1മകളെയും മരുമകനെയും കണ്ടു. അവരെയും ലോമപാദനെയും അയോദ്ധ്യയിലേയ്ക്കു കൊണ്ടുവന്നു.
ഋശ്യശൃങ്ഗമഹര്‍ഷി പുത്രകാമേഷ്ടി തുടങ്ങി. ലോകമാകെയുള്ള രാജാക്കന്മാര്‍ കാഴ്ചയും ധനവും സമര്‍പ്പിച്ചു. വിഭാണ്ഡകമഹര്‍ഷിയും അനവധി ഋഷീശ്വരന്മാരും എത്തി.
ഇതിനിടയില്‍ ബ്രഹ്മാവും ഇന്ദ്രനും ദേവഗുരു ബൃഹസ്പതിയും മറ്റു ദേവകളും വൈകുണ്ഠത്തില്‍ ചെന്നിട്ടു ബ്രഹ്മവരത്താല്‍ അജയ്യനും ഉന്മത്തനുമായ രാവണനെ പറ്റി പരാതി പറഞ്ഞു. കുപിതനായ വിഷ്ണു ഉടന്‍ ഗരുഡന്റെ പുറത്തു കയറി രാവണനെ വധിയ്ക്കാന്‍ പുറപ്പെടാന്‍ തുടങ്ങി.
ബ്രഹ്മാവു
വിഷ്ണുവിനെ തടഞ്ഞു കൊണ്ടു പറഞ്ഞു:
“അരുത്. ഒരു മനുഷ്യനാല്‍ മാത്രമേ രാവണന്‍ കൊല്ലപ്പെടുകയുള്ളൂ എന്നാണു ഞാന്‍ നല്‍കിയ വരം”.
ഒടുവില്‍, അയോദ്ധ്യയില്‍ വിഷ്ണുവിന്റെ അവതാരങ്ങളും മിഥിലയില്‍ ലക്ഷ്മീദേവിയും അവതരിയ്ക്കാനുള്ള പദ്ധതി അവര്‍ ആവിഷ്കരിച്ചു.
അയോദ്ധ്യയില്‍, യാഗമദ്ധ്യേ, ഋശ്യശൃങ്ഗനു
മാത്രം കാണത്തക്കവണ്ണം ശങ്ഖചക്രഗദാപദ്മധാരിയായി ശ്രീനാരായണന്‍ പ്രത്യക്ഷമായി.
ഋശ്യശൃങ്ഗന്‍
പ്രവചിച്ചു: “മഹാവിഷ്ണു ദശരഥപുത്രനായി പിറക്കാന്‍ പോകുന്നു”.
‘വിഷ്ണു ദശരഥഭവനത്തില്‍ ജനിയ്ക്കും’ എന്ന് അശരീരിയും മുഴങ്ങിക്കേട്ടു.
യാഗകുണ്ഡത്തില്‍
നിന്നും വിഷ്ണുരൂപത്തില്‍ ഒരു ദിവ്യതേജസ്സ് ഉയര്‍ന്നു. ദിവ്യമായ പായസം നിറച്ച ഒരു
പാത്രം ഋശ്യശൃങ്ഗനു കൈമാറി. അതിനു ശേഷം, വിഷ്ണുചൈതന്യം
അന്ധകമുനി നല്‍കിയ ശ്രീഫലത്തില്‍ ലയിച്ചു. ഋശ്യശൃങ്ഗന്‍ ആ ഫലം പായസത്തില്‍ ഇട്ടു.
“ഈ പായസം ഒന്നാം പട്ടമഹിഷിയ്ക്കു നല്‍കുക”, ഋശ്യശൃങ്ഗന്‍ പറഞ്ഞു. ദശരഥന്‍ അതു
കൌസല്യയ്ക്കു നല്‍കി. അവര്‍ അതിന്റെ പകുതി കൈകേയിയ്ക്കു നല്‍കി. കൌസല്യ തന്റെ
പങ്കില്‍ നിന്നു പകുതി സുമിത്രയ്ക്കു നല്‍കി. കൈകേയിയ്ക്ക് അസൂയയായി.
സുമിത്രയ്ക്കു കുട്ടി ജനിച്ചാല്‍ അതിന്റെ മതിപ്പു കൌസല്യയ്ക്കും കിട്ടുമല്ലോ.
കൈകേയിയും തന്റെ പങ്കില്‍ നിന്നു പകുതി സുമിത്രയ്ക്കു നല്‍കി. അവര്‍ ഓരോരുത്തരും
അതു കഴിച്ചു. വിഷ്ണു നാല് അംശമായി അവരിലെത്തി.
ചക്രവര്‍ത്തി എല്ലാവര്‍ക്കും നന്ദി പറഞ്ഞു സമ്മാനങ്ങളും ദക്ഷിണയും നല്‍കി അയച്ചു. പുത്രകാമേഷ്ടി സമാപിച്ചു. ലോമപാദനും ഋശ്യശൃങ്ഗനും ഹേമലതയും മടങ്ങി.
കുറിപ്പ്: രാമനും സീതയും തമ്മിലുള്ള പ്രായവ്യത്യാസം ഏഴാണ് എന്നാണ് ഇവിടെ കൃത്തിവാസന്‍ സൂചിപ്പിയ്ക്കുന്നത്. വാല്മീകിരാമായണത്തിലും ഏഴു തന്നെ.
ശ്രീരാമാവതാരം, നാമകരണം
പായസം
കഴിച്ചതോടെ മൂന്നു റാണിമാരും യുവതികളെ പോലെയായി.
കൗസല്യ
സ്വപ്നത്തില്‍ വിഷ്ണുവിനെ ബാലരൂപത്തില്‍ കണ്ടു.
വിഷ്ണു അരുളി:
‘അമ്മേ! അമ്മയുടെ ആഗ്രഹപ്രകാരം അമ്മയുടെ
മകനായി ഞാന്‍ ജനിയ്ക്കുന്നു. എനിക്ക് അമ്മയുടെ പരിലാളന കിട്ടട്ടെ’.
ഗര്‍ഭലക്ഷണങ്ങള്‍
റാണിമാരെയും ദശരഥനെയും പ്രജകളെയും ദേവകളെയും ആഹ്ലാദഭരിതരാക്കി. ഒടുവില്‍
ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിന്റെ ഒമ്പതാം നാളില്‍ കൗസല്യ അല്‍പം ഇരുണ്ടു
തേജസ്വിയായ ഒരു ബാലനെ പ്രസവിച്ചു.
കൈകേയി ദു:ഖിതയായി. തന്റെ മകനല്ല മൂത്തയാള്‍ എന്നോര്‍ത്തു കൈകേയി കരഞ്ഞു. അടുത്ത ചക്രവര്‍ത്തി കൗസല്യയുടെ മകനാണെന്ന് ഉറപ്പായി. കൗസല്യ ഇനി കൂടുതല്‍ ശക്തിമതിയാവും.
അതേ ദിവസം
തന്നെ കൈകേയിയ്ക്കൊരു മകനും സുമിത്രയ്ക്ക്
ഇരട്ടകളായ ആണ്‍മക്കളും ജനിച്ചു. എല്ലാവരും ജനനം ആഘോഷിച്ചു.
ദേവകള്‍ അതാഘോഷിച്ചു. വനങ്ങളില്‍ തപസ്വികള്‍ ആനന്ദനൃത്തമാടി. രാവണന്റെ അന്തകന്‍ ജനിച്ചിരിയ്ക്കുന്നു!
ലങ്കയില്‍
രാവണന്‍ അശുഭലക്ഷണങ്ങള്‍ കണ്ടു. കിരീടം ഇളകിവിറച്ചു. ഭൂമി ഇളകിയോ? ഭൂമി താങ്ങുന്ന വാസുകി എന്ന നാഗത്തെ വധിക്കാന്‍ പുത്രനായ
മേഘനാദനോടു കല്പിച്ചു.
വിഭീഷണന്‍
മുന്നറിയിപ്പു നല്‍കി: ‘ജ്യേഷ്ഠനെ വധിയ്ക്കാന്‍ നാരായണന്‍ എത്തിയിരിയ്ക്കുന്നു’.
വിഭീഷണന്‍ വധോദ്യമം തടഞ്ഞു. നവജാതശിശുക്കളെ കൊന്നാലും മതിയല്ലോ.
എവിടെയാണു ശിശുജനനം എന്നു കണ്ടുപിടിയ്ക്കാന്‍ ശുകന്‍, സാരണന്‍ എന്നീ സഹോദരന്മാരെ രാവണന്‍ അയച്ചു. രണ്ടു പേരും വിഷ്ണുഭക്തരായിരുന്നു. അവര്‍ അയോദ്ധ്യയില്‍ പോയി ശിശുക്കളെ വണങ്ങി മടങ്ങി. എങ്ങും കുട്ടികളെ കണ്ടില്ല എന്ന നുണയും രാവണനോടു പറഞ്ഞു. എല്ലാ തീര്‍ത്ഥാടനസ്ഥലങ്ങളിലെയും ജലം കൊണ്ടു വരാന്‍ രാവണന്‍ സാഗരത്തോടു (വരുണനോടു) പറഞ്ഞു. അത് ഉടനെത്തി. അതില്‍ കുളിച്ച്, സുരക്ഷിതനായി എന്ന ചിന്തയില്‍ രാവണന്‍ അന്നുറങ്ങി.
ബ്രഹ്മാവു ജാംബവാനെ സൃഷ്ടിച്ചു. ദേവന്മാര്‍ വാനരരൂപമെടുത്തു. അവര്‍ വാനരസ്ത്രീകളെ പരിണയിച്ചു. സൂര്യനു ബാലി എന്ന മകനുണ്ടായി. ശിവനു കേസരി, ഇന്ദ്രനു സുഗ്രീവന്‍, വായുവിനു ഹനൂമാന്‍, വരുണനു ഹേമകൂടന്‍, അഗ്നിയ്ക്കു നീലന്‍, കുബേരനു പ്രമാഥി, ധന്വന്തരിയ്ക്കു വൈദ്യശാസ്ത്രജ്ഞനായ സുഷേണന്‍, ചന്ദ്രനു ദധിമുഖന്‍. യമനും ഉണ്ടായി അഞ്ചു വാനരപുത്രന്മാര്‍. (ബാലിയുടെ പിതാവ് ഇന്ദ്രനും സുഗ്രീവന്‍റെ പിതാവു സൂര്യനുമാണു മറ്റു ഗ്രന്ഥങ്ങളിൽ).
ഇങ്ങനെ ജനിച്ചവര്‍ക്കും ശക്തരായ വാനരസന്താനങ്ങളുണ്ടായി. ബാലിയ്ക്ക് അങ്ഗദന്‍, സുഷേണനു മഹേന്ദ്രനും ദേവേന്ദ്രനും.
ആറാം മാസത്തില്‍ കുലഗുരു വസിഷ്ഠമഹര്‍ഷി ദശരഥപുത്രര്‍ക്കു നാമകരണവും അന്നപ്രാശവും നടത്തി. ശിശുക്കള്‍ക്കു ജനനക്രമം അനുസരിച്ചു യഥാക്രമം രാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നീ പേരുകള്‍ നല്‍കി. സര്‍വ്വര്‍ക്കും സന്തോഷമേകി അവര്‍ വളര്‍ന്നു.
കുറിപ്പ്: കശ്യപനും കാശ്യപനും രണ്ടാണ്. പലപ്പോഴും ഇവരുടെ ചരിത്രങ്ങള്‍ ഒരാളുടെ എന്ന മട്ടില്‍ അവതരിയ്ക്കപ്പെട്ടിട്ടുണ്ട്. കശ്യപന്‍ മുനിയും പ്രജാപതിയും വിഷഹാരിയുമാണ്. കശ്യപന്റെ 21 ഭാര്യമാരില്‍ ഒന്നായിരുന്നു അദിതി. വിഷ്ണു വാമനനായി, ഇന്ദ്രന്റെ അനുജനായി, ഇവര്‍ക്കു ജനിച്ചത് അദിതിയുടെ പ്രാര്‍ത്ഥന കാരണമാണ്. ഇവര്‍ ദശരഥനും കൌസല്യയുമായപ്പോള്‍ രാമനായി അവതരിച്ചു. വസുദേവരും ദേവകിയുമായപ്പോള്‍ കൃഷ്ണനായി അവതരിച്ചു. കാശ്യപന്‍ എന്നതു കണ്വമുനിയുടെ മറ്റൊരു പേരാണ്. കശ്യപവംശത്തിലുള്ള പുരുഷനെ കാശ്യപന്‍ എന്നു വിളിയ്ക്കാമെങ്കിലും കണ്വന്‍ ആ വംശത്തിലല്ല ജനിച്ചത്.
രാമാദികളുടെ
വിദ്യാഭ്യാസം, സീതാവതാരം
കുട്ടികള്‍ക്ക് അഞ്ചു വയസ്സെത്തിയപ്പോള്‍ വസിഷ്ഠമുനിയുടെ ആശ്രമത്തില്‍ പോയി വിദ്യാഭ്യാസം ചെയ്യാന്‍ തുടങ്ങി. യുദ്ധവിദ്യകളും പഠിച്ചു. അവരെ ദേവകളും ശ്രദ്ധിച്ചിരുന്നു. ഒരിയ്ക്കല്‍ കാട്ടില്‍ വച്ചു ലക്ഷ്മണന്‍ ക്ഷീണിതനായി. രാമന്‍ ഒരു പൊയ്കയിലെ വെള്ളം താമരത്തണ്ടു കൊണ്ടു കുടിയ്ക്കാന്‍ തീരുമാനിച്ചു. ഇതു കണ്ട ബ്രഹ്മാവിന്റെ ആജ്ഞ കേട്ട് ഇന്ദ്രന്‍ ആ തണ്ടുകളില്‍ അമൃതു പുരട്ടി. തണ്ടു കൊണ്ടു രണ്ടു പേരും വെള്ളം വലിച്ചു കുടിച്ചു. അമൃതു ബാലശരീരങ്ങളില്‍ കടന്നു. രണ്ടു പേരുടെയും ക്ഷീണവും വിശപ്പും അകന്നു. പതിന്നാലുവര്‍ഷം വനവാസം ചെയ്യാനുള്ളവര്‍ ഇനിയൊരിയ്ക്കലും ദാഹവും വിശപ്പും കൊണ്ടു ക്ഷീണിതരാവരുത് എന്നായിരുന്നു ബ്രഹ്മാവു നിശ്ചയിച്ചത്.
രാമന് ഏഴു വയസ്സു തികഞ്ഞപ്പോള്‍ അയോദ്ധ്യയില്‍ ജനകരാജാവിന് ഒരു പെണ്‍കുട്ടിയെ കിട്ടി. യജ്ഞഭൂമി ഒരുക്കാന്‍ സ്വന്തം കയ്യാല്‍ കലപ്പ കൊണ്ടു ഭൂമി ഉഴുത വീരദ്ധ്വജന്‍ എന്ന ജനകരാജാവിന്റെ കലപ്പ തട്ടി ഒരു പെണ്‍കുഞ്ഞു പുറത്തു വന്നു. അതിന്റെ പിന്നില്‍ ഒരു കഥയുണ്ട്.
ഒരിയ്ക്കല്‍ ആകാശയാത്രയിലായിരുന്ന അപ്സരകന്യകയായ ഉര്‍വ്വശിയെ കാണാനിടയായ ജനകന്‍ അവളില്‍ മോഹിതനായി. അപ്പോള്‍ ഭൂമി ഋതുമതിയായിരുന്നു. കാമാവേശം രാജാവില്‍ സൃഷ്ടിച്ച അസ്വസ്ഥതയില്‍ ഭൂമി ഗര്‍ഭിണിയായി. ആ അണ്ഡം ഭൂമിയില്‍ കിടന്നു. അങ്ങനെ കുറെ കാലം കഴിഞ്ഞപ്പോഴാണു ജനകന്റെ കലപ്പയില്‍ തട്ടി, കവചം പൊട്ടി പെണ്‍കുഞ്ഞു പുറത്തു വരുന്നത്.
ഉടന്‍ അശരീരി
കേട്ടു:
“ഇത് അങ്ങയുടെ മകളാണ്. ഇവളെ വളര്‍ത്തുക”.
ഉഴവുചാല്‍ എന്ന അര്‍ത്ഥമുള്ള സീത എന്നു പേരിട്ട് അവളെ ജനകനും പത്നിയും വളര്‍ത്തി.
ബ്രഹ്മാവു വീണ്ടും ചില തന്ത്രങ്ങള്‍ മെനഞ്ഞു. കുട്ടി വളര്‍ന്നു വരുമ്പോള്‍ രാമനല്ലാതെ മറ്റാരും വിവാഹം കഴിയ്ക്കാന്‍ പാടില്ലല്ലോ.
ബ്രഹ്മന്റെ
അപേക്ഷ കേട്ടു പരമേശ്വരന്‍ പരശുരാമനെ വിളിച്ചു പറഞ്ഞു:
‘എന്റെ വില്ലു മിഥിലയില്‍ ജനകനെ ഏല്പിയ്ക്കുക. ഈ വില്ലു കുലയ്ക്കുന്ന ആളിനു മാത്രമേ സീതയെ വിവാഹം കഴിച്ചു നല്‍കാവൂ എന്നു നിഷ്കര്‍ഷിയ്ക്കണം. നാരായണനു മാത്രമേ അതിനു കഴിയൂ”.
വളരെ വലിപ്പമുള്ള ആ വില്ലുമായി പരശുരാമന്‍ മിഥിലയിലെത്തി. താന്‍ തപസ്സു കഴിഞ്ഞു മടങ്ങുമ്പോള്‍ സീതയെ തനിയ്ക്കു വിവാഹം ചെയ്തു തരണമെന്ന് അദ്ദേഹം ജനകനോട് ആവശ്യപ്പെട്ടു. സീതയ്ക്കു പ്രായപൂര്‍ത്തിയായതിനു ശേഷം അതു നടത്താന്‍ സന്തോഷമേയുള്ളൂ എന്നു ജനകന്‍ പറഞ്ഞു.
‘ഞാന്‍ തിരിച്ചു വരാന്‍ വൈകിയാല്‍ ഈ ശൈവചാപം ഞാണ്‍ വലിച്ചു കെട്ടി
എടുക്കുന്നതാരോ അയാള്‍ക്കു സീതയെ വിവാഹം ചെയ്തു കൊടുക്കുക’. പരശുരാമന്‍ പറഞ്ഞു.
ജനകന്‍
സമ്മതിച്ചു. മടങ്ങിപ്പോയ പരശുരാമന്‍ പിന്നെ മിഥിലയില്‍ വന്നില്ല.
രാവണന്‍
മിഥിലയില്‍, ദശരഥ-ഗുഹകയുദ്ധം
കാലം കടന്നു
പൊയ്ക്കൊണ്ടിരുന്നു.
വില്ലു കുലച്ചു സീതയെ വേള്‍ക്കാന്‍ പല രാജാക്കന്മാരും എത്തി പരീക്ഷയില്‍ പരാജയപ്പെട്ടു. പരീക്ഷ ജനങ്ങള്‍ക്കു കാണത്തക്കവണ്ണമായിരുന്നു നടത്തിയിരുന്നത്.
സീതയെക്കുറിച്ചുള്ള
വാര്‍ത്ത ലങ്കയിലും എത്തി.
വില്ലു കുലച്ചു സീതയെ വേള്‍ക്കാന്‍ രാവണന്‍ തീരുമാനിച്ചു.
രാവണന്‍
വരുന്നെന്നറിഞ്ഞ ജനകന്‍ ആശങ്കാകുലനായി. പരീക്ഷയില്‍ തോറ്റിട്ടു സീതയെ
തട്ടിക്കൊണ്ടുപോയാലോ?
അമ്മാവനും മന്ത്രിയുമായ പ്രഹസ്തന്‍, മാരീചന്‍, അകമ്പനന്‍, മഹോദരന്‍ എന്നിവര്‍ക്കൊപ്പം രാവണന്‍ എത്തി.
ജനകന്‍
ആദരപൂര്‍വ്വം ഓര്‍മ്മിപ്പിച്ചു:
“വില്ലു കുലച്ചാലേ വിവാഹമുള്ളൂ”.
“കൈലാസപര്‍വ്വതം ഉയര്‍ത്തിയ എനിക്കാണോ ഈ വില്ലെടുക്കാന്‍ പാട്? ഒരു കൈകൊണ്ടു സീതയുടെ കൈ പിടിച്ചു മറുകൈ കൊണ്ടു ഞാന്‍ ഞാണ്‍ കെട്ടും”. രാവണന്‍ വീമ്പിളക്കി.
തോറ്റാല്‍ സീതയെ ബലമായി പിടിച്ചു കൊണ്ടുപോകാന്‍ ഉദ്ദേശ്യവും ഇല്ലാതിരുന്നില്ല. രാവണന്റെ പരീക്ഷ കാണാന്‍ ജനം തടിച്ചു കൂടി.
രാവണന്‍ വില്ലുയര്‍ത്താന്‍ നോക്കി. അനങ്ങുന്നില്ല. പ്രഹസ്തന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഒരു തവണ കൂടി ശ്രമിച്ചു. രാവണന്‍ വിയര്‍ത്തു തുടങ്ങിയിരുന്നു. കൈകള്‍ രണ്ടല്ല, നാലല്ല, ഇരുപതും പിടിച്ചു. വില്ലിന് അനക്കമില്ല.
ജനം
ചിരിക്കാന്‍ തുടങ്ങി.
നാണക്കേടായി. വീണ്ടും ശ്രമിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്ന പ്രഹസ്തനോടു വേഗം രഥം കൊണ്ടുവരാന്‍ പറഞ്ഞു. ഉടന്‍ പ്രഹസ്തന്‍ രഥമെത്തിച്ചു. മിന്നും വേഗത്തില്‍ രാവണന്‍ അതില്‍ ചാടിക്കയറി പലായനം ചെയ്തു.
അയോദ്ധ്യയില്‍
ഒരു ദിവസം ദശരഥന്‍ മക്കളുമായി ഗങ്ഗയില്‍ കുളിക്കാന്‍ പോയി. വഴിയില്‍ കണ്ടു മുട്ടിയ
നാരദമുനി ചക്രവര്‍ത്തിയോടു ചോദിച്ചു:
‘രാമന്റെ മുഖം കണ്ടാല്‍ തന്നെ പാപമകലും. പിന്നെന്തിനു ഗങ്ഗയില്‍ കുളിയ്ക്കണം?’.
അതു കേട്ട് അദ്ദേഹം തിരികെ അയോദ്ധ്യയിലേയ്ക്കു മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ രാമനു മറ്റൊരഭിപ്രായമായിരുന്നു. ഒരിയ്ക്കല്‍ എടുത്ത തീരുമാനം മാറ്റരുത്. അതു തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുകയും ചെയ്യും. അതാണു ശരിയെന്നു ചക്രവര്‍ത്തിയ്ക്കു തോന്നി. തിരികെ ഗങ്ഗയിലേയ്ക്കു യാത്ര തുടര്‍ന്നു.
ചണ്ഡാളരുടെ പ്രദേശത്തു കൂടി കടന്നു പോകുകയും വീണ്ടും വരികയും ചെയ്ത ദശരഥന്റെയും പരിവാരങ്ങളുടെയും യാത്ര അവിടം വാണിരുന്ന ഗുഹകന് ഇഷ്ടപ്പെട്ടില്ല. മുന്നോട്ടു പോകണമെങ്കില്‍ രാമനെ കാണിയ്ക്കണം എന്നായി ഗുഹകന്‍. മക്കളെ രഥത്തില്‍ പിന്നില്‍ ഒളിപ്പിച്ചിരുത്തിയ ശേഷം ദശരഥന്‍ ഗുഹകനുമായി യുദ്ധം തുടങ്ങി.
ഗുഹകന്‍ ഇടയ്ക്കു രാമനെ വിളിച്ചു. രാമനു വല്ല അപകടവും പറ്റുമോ എന്നായിരുന്നു ഗുഹകന്റെ ഭയം.
യുദ്ധത്തില്‍ പാശുപതാസ്ത്രം അയച്ചു ദശരഥന്‍ ഗുഹകനെ വീഴ്ത്തി. അയാളെ രഥത്തില്‍ കെട്ടിയിട്ടു.
ഗുഹകന്റെ
ദയനീയാവസ്ഥ ഭരതന്‍ രാമനെ അറിയിച്ചു.
വിശ്വാമിത്രമഹര്‍ഷി അയോദ്ധ്യയില്‍
രാമന്‍ വന്നു
ഗുഹകനെ കണ്ടു. ഗുഹകന്‍ തന്റെ പൂര്‍വ്വവൃത്താന്തം പറഞ്ഞു. വസിഷ്ഠപുത്രനായ വാമനാണു
തന്റെ മുന്നില്‍ എന്നു മനസ്സിലാക്കിയ രാമന്‍ പിതാവിന്റെ സമ്മതത്തോടെ അയാളെ
മോചിപ്പിച്ചു. അവര്‍ അഗ്നിസാക്ഷിയായി സഖ്യം ചെയ്തു മിത്രങ്ങളായി. ആ രാത്രി ദശരഥനും
സങ്ഘവും ഭരദ്വാജമഹര്‍ഷിയുടെ ആശ്രമത്തില്‍ തങ്ങി.
രാത്രിയില്‍
ഭരദ്വാജമഹര്‍ഷിയുടെ സ്വപ്നത്തില്‍ ഇന്ദ്രന്‍ പ്രത്യക്ഷപ്പെട്ടു. ആശ്രമത്തില്‍
സൂക്ഷിച്ചിരിയ്ക്കുന്ന ദിവ്യമായ വില്ലും അമ്പൊടുങ്ങാത്ത ആവനാഴിയും രാമനു നല്‍കാന്‍
ഇന്ദ്രന്‍ അപേക്ഷിച്ചു. രാത്രിയില്‍ തന്നെ മഹര്‍ഷി അതു രണ്ടും
ഉറങ്ങിക്കിടന്നിരുന്ന രാമനു സമീപം വെച്ചു.
പിറ്റേന്നു രാവിലെ അമ്പും ആവനാഴിയും കണ്ട രാമനോടും ദശരഥനോടും മഹര്‍ഷി ഇന്ദ്രന്റെ നിര്‍ദ്ദേശത്തെ കുറിച്ചു പറഞ്ഞു. സന്തോഷത്തോടെ മുനിയെ വന്ദിച്ച ശേഷം രാമന്‍ അവ കൈക്കൊണ്ടു.
എല്ലാവരും അയോദ്ധ്യയിലേയ്ക്കു യാത്രയായി.
ഒരിയ്ക്കല്‍
വിശ്വാമിത്രമഹര്‍ഷി അയോദ്ധ്യയില്‍ വന്നു. ദശരഥനു ഭയമായി. ഹരിശ്ചന്ദ്രന്റെ ചരിത്രം
ഓര്‍ത്തു.
ചക്രവര്‍ത്തി
മഹര്‍ഷിയെ പൂജിച്ചു സ്വീകരിച്ചു. മഹര്‍ഷി അദ്ദേഹത്തോടു പറഞ്ഞു.:
“മിഥിലരാജ്യത്തെ വനാന്തരങ്ങളില്‍ രാക്ഷസന്മാര്‍ മുനിമാരുടെ യാഗം
മലിനപ്പെടുത്തുന്നു. രാമനും ലക്ഷ്മണനും വന്നാല്‍ അതിനു പരിഹാരമാവും എന്നു ജനകനെ
ഞാന്‍ ഉപദേശിച്ചു. അവരെ എന്റെ കൂടെ അയയ്ക്കണം”.
കുട്ടികള്‍ക്കു
പന്ത്രണ്ടു വയസ്സേ അപ്പോള്‍ ആയിരുന്നുള്ളൂ.
ദശരഥന്
അന്ധകശാപം ഓര്‍മ്മ വന്നു. മക്കളെ വേര്‍പിരിയാന്‍ വയ്യ.
അദ്ദേഹം മഹര്‍ഷിയോടു
പറഞ്ഞു: “അവര്‍ കുട്ടികളല്ലേ? ഞാന്‍ വരാം.
അല്ലെങ്കില്‍ എത്ര പടയാളികളെ വേണമെങ്കിലും അയയ്ക്കാം”.
മഹര്‍ഷി വഴങ്ങിയില്ല. സൂര്യവംശത്തെ ശപിയ്ക്കുമെന്നു മുന്നറിയിപ്പു നല്‍കി. ഗത്യന്തരമില്ലാതെ ദശരഥന്‍ ഭരതനെയും ശത്രുഘ്നനെയും മഹര്‍ഷിയുടെ കൂടെ പറഞ്ഞുവിട്ടു. അതൊരു ചതിയായിരുന്നു.
രാമലക്ഷ്മണന്മാരെ
കണ്ടിട്ടില്ലാത്ത മഹര്‍ഷി അവര്‍ രാമനും
ലക്ഷ്മണനും ആണ് എന്നാണു ധരിച്ചത്.
മാര്‍ഗ്ഗമദ്ധ്യേ
സരയൂതീരത്തു വച്ചു മഹര്‍ഷി ബാലന്മാരോടു പറഞ്ഞു:
“മിഥിലയ്ക്കു രണ്ടു വഴിയുണ്ട്. ഒരു വഴി പോയാല്‍ യാത്ര ഒരു ദിവസത്തില്‍ താഴെ
മതി. പക്ഷെ താരക (താടക) എന്ന മനുഷ്യഭോജിയായ രാക്ഷസി വസിയ്ക്കുന്ന വനഭാഗത്തു
കൂടിയാവും യാത്ര. അവളെ ഒഴിവാക്കി മറുവഴി നടന്നാല്‍ മൂന്നു ദിവസത്തെ യാത്രയുണ്ട്”.
അപകടം
ഒഴിവാക്കാന്‍ മൂന്നു ദിവസത്തെ വഴിയാണു നല്ലതെന്നു ഭരതന്‍ അറിയിച്ചു. മഹര്‍ഷിയ്ക്കു
സംശയമായി. രാക്ഷസരെ നേരിടാന്‍ വരുന്നവര്‍ ഒരു രാക്ഷസിയെ ഭയക്കുന്നോ? സത്യം മഹര്‍ഷിയുടെ ഉള്ളില്‍ തെളിഞ്ഞു. ഇതു ചതിയാണ്. തീ
പാറുന്ന കണ്ണുകളോടെ മഹര്‍ഷി കുട്ടികളുമായി അയോദ്ധ്യയ്ക്കു മടങ്ങി. ദശരഥനെയും
സൂര്യവംശത്തെയും നശിപ്പിയ്ക്കണം എന്നു മനസ്സിലുറച്ചു.
അയോദ്ധ്യ നടുങ്ങി.
പുരവാസികള്‍
രാമനെ വിവരമറിയിച്ചു:
മഹര്‍ഷി രൗദ്രരൂപിയായി സര്‍വ്വസംഹാരത്തിനായി എത്തുന്നു!
കുറിപ്പ്:
1. ഗുഹകനു രാമദര്‍ശനത്താല്‍
ശാപമോചനം കിട്ടും എന്നായിരുന്നു വസിഷ്ഠവചനം.
എങ്കിലും ഇവിടെ ഗുഹകന്‍ ചണ്ഡാളനായി ജീവിതം തുടരുകയാണ്. ശൃങ്ഗിവേരം എന്നാണു
ഗുഹകന്റെ പ്രാന്തത്തിന്റെ പേര്.
2.കുട്ടികള്‍ക്കു
പതിനൊന്നു വയസ്സു കഴിയുമ്പോള്‍ ദശരഥന്‍ മരിക്കും എന്നായിരുന്നു അന്ധകശാപം. കഥ
അങ്ങനെയല്ല തുടരുന്നത്. കൂട്ടിച്ചേര്‍ക്കലുകളിലെ അശ്രദ്ധയാകാം ഈ വൈരുദ്ധ്യങ്ങള്‍.
വാല്‍മീകിരാമായണത്തില്‍ രാമന് ഈ സമയത്ത് ഇരുപത്തഞ്ചു വയസ്സുണ്ട്.
താരകാവധം, അഹല്യാമോക്ഷം
രാമന്‍
നേരിട്ടു ചെന്നു ക്ഷിപ്രകോപിയായ വിശ്വാമിത്രമഹര്‍ഷിയെ നമസ്കരിച്ചു ക്ഷമ ചോദിച്ചു.
ലക്ഷ്മണനെ കൂട്ടി മിഥിലയ്ക്കു വരാമെന്നു വാക്കു കൊടുത്തു. അയോദ്ധ്യയും ദശരഥനും
സൂര്യവംശവും രക്ഷപ്പെട്ടു. ദശരഥനും പത്നിമാരും മക്കളെ അനുഗ്രഹിച്ചു മങ്ഗളം നേര്‍ന്നു.
അയോദ്ധ്യയെ
അനുഗ്രഹിച്ച മഹര്‍ഷി രാമലക്ഷ്മണന്മാരുമായി യാത്രയായി.
വനയാത്രയ്ക്കിടയില്‍
മഹര്‍ഷി അവര്‍ക്കു മന്ത്രദീക്ഷ നല്‍കി. ഇനി ആയിരം വര്‍ഷത്തേയ്ക്കു രാമനും
ലക്ഷ്മണനും വിശപ്പും ദാഹവും ദുഃഖവും ഉണ്ടാവുകയില്ല. ദേവകള്‍ക്കും സന്തോഷമായി.
ലക്ഷ്മണനാല്‍ ഇന്ദ്രജിത് വധിയ്ക്കപ്പെടാനുള്ള വഴി തെളിഞ്ഞിരിയ്ക്കുന്നു.
താരകാവനത്തില്‍
എത്തിയപ്പോള്‍, ഭരതനോടു പറഞ്ഞതു പോലെ, ദൂരം കുറഞ്ഞ വഴിയുള്ള പ്രദേശത്തെ രാക്ഷസിയുടെ കാര്യവും അവളെ ഒഴിവാക്കാന്‍
ദൂരക്കൂടുതലുള്ള മറ്റൊരു വഴിയുടെ കാര്യവും പറഞ്ഞു. ദൂരം കുറഞ്ഞ വഴി മതി എന്നു
രാമന്‍ തീരുമാനിച്ചു. അവര്‍ നടന്നു.
താരക
താമസിയ്ക്കുന്ന വനപ്രദേശമായി. പേടിച്ചു നിന്ന മഹര്‍ഷിയ്ക്കു തുണയായി ലക്ഷ്മണന്‍
നിന്നു. രാമന്‍ മുന്നോട്ടു നടന്നു.
രാമന്റെ
ഞാണൊലി കേട്ട താരക അലറിയടുത്തു.
ഭീകരരൂപം.
കൊന്ന
ബ്രാഹ്മണരുടെ മൃതദേഹം കൊണ്ട് അവള്‍ ശരീരം മറച്ചിരിയ്ക്കുന്നു. കൊല്ലപ്പെട്ടവരുടെ
തലയോട്ടികള്‍ കമ്മലാക്കി ചെവിയില്‍ അണിഞ്ഞിരിയ്ക്കുന്നു.
താരകയ്ക്കു
സന്തോഷമായി. സാധാരണയായി കഴിയ്ക്കുന്ന മെലിഞ്ഞുണങ്ങിയ മുനിമാര്‍ക്കു പകരം ഇന്നത്തെ
ഭക്ഷണം നല്ല കൊഴുത്ത പയ്യന്മാര്‍.
ശരീരം
വലുതാക്കി അവള്‍ മരങ്ങള്‍ പിഴുതെറിഞ്ഞു. അവയെല്ലാം രാമന്‍ അസ്ത്രം കൊണ്ടു
മുറിച്ചു. വജ്രബാണം കൊണ്ടു രാക്ഷസിയെ കൊല്ലാന്‍ ദേവന്മാര്‍ രാമന്റെ ചെവിയില്‍
മന്ത്രിച്ചു. രാമന്‍ വജ്രബാണമയച്ചു. അവള്‍ മരിച്ചു വീണു മോക്ഷഗതി പ്രാപിച്ചു.
രാമന്‍ വിശ്വാമിത്രമഹര്‍ഷിയെ നമസ്കരിച്ചു.
പിന്നീടവര്‍
ഗൌതമമുനിയുടെ തപോവനത്തിലെത്തി. വിശ്വാമിത്രന്‍ ഒരു പാറ ചൂണ്ടിക്കാണിച്ചു കൊണ്ട്, ഗൌതമന്റെ പത്നിയായിരുന്ന അഹല്യയുടെ കഥ പറഞ്ഞു. ഗൗതമമുനിയുടെ
ശിഷ്യനായിരുന്ന ഇന്ദ്രന്‍ അഹല്യയുടെ സൗന്ദര്യത്തില്‍ കാമാതുരനായി. മഹര്‍ഷി
പ്രഭാതവന്ദനത്തിനു പോയപ്പോള്‍ ഇന്ദ്രന്‍ ഗൗതമമുനിയുടെ രൂപമെടുത്ത് ആശ്രമത്തില്‍
വന്നു.
മുനിയുടെ പെരുമാറ്റത്തില്‍ അഹല്യക്ക് പന്തികേടു തോന്നിയെങ്കിലും ഭര്‍ത്താവല്ലേ എന്നു കരുതി വഴങ്ങി. ഇന്ദ്രന്‍ മടങ്ങി.
തിരികെ എത്തിയ
മുനി ജ്ഞാനദൃഷ്ടിയാല്‍ എല്ലാം മനസ്സിലാക്കി. ഇന്ദ്രനെ വിളിച്ചു വരുത്തി ആയിരം
ലിങ്ഗങ്ങള്‍ ഉള്ളവനാവട്ടെ എന്നു ശപിച്ചു. മന:പൂര്‍വ്വമല്ലെങ്കിലും തെറ്റു ചെയ്ത
അഹല്യയെ ശിലയായി കിടക്കാന്‍ മുനി ശപിച്ചു.
അഹല്യ
ശാപമോക്ഷത്തിനു യാചിച്ചു.
“ഭഗവാന്‍ നാരായണന്‍, ദശരഥപുത്രനായ രാമനായി അവതാരമെടുക്കും. വിശ്വാമിത്രമുനി രാമനെ കൂട്ടി ഈ വഴി വരും. രാമന്‍ കാലു കൊണ്ടു തൊടുമ്പോള്‍ പൂര്‍വ്വരൂപം കിട്ടും”. ശാപമോക്ഷം നല്‍കിയ ശേഷം ഗൗതമമുനി തപസ്സിനായി പോയി.
പാറയില്‍ പാദം വയ്ക്കാന്‍ മുനി രാമനോട് ആവശ്യപ്പെട്ടു. ബ്രാഹ്മണസ്ത്രീയല്ലേ, ചവിട്ടാമോ എന്നു ലക്ഷ്മണന്റെ സംശയം. ഇപ്പോളിതു പാറയാണെന്നും കാലു വയ്ക്കാമെന്നും മഹര്‍ഷി മറുപടി നല്‍കി. രാമപാദസ്പര്‍ശത്താല്‍ അഹല്യയ്ക്കു പൂര്‍വ്വരൂപം ലഭ്യമായി. രാമനെ സ്തുതിച്ച ശേഷം ഗൗതമനോടു ചേരാന്‍ യാത്രയായി.
ഇന്ദ്രന്‍
അശ്വമേധയാഗം നടത്തി ലിങ്ഗങ്ങളെ കണ്ണുകളാക്കി
മാറ്റി, നാണക്കേടില്‍ നിന്നു രക്ഷപ്പെട്ടു..
യാഗസംരക്ഷണം, ശിവചാപഭഞ്ജനം
താരകാവധവും
അഹല്യാമോക്ഷവും നാടാകെ അറിഞ്ഞുവരുന്നുണ്ടായിരുന്നു.
നടത്തം തുടര്‍ന്ന
മുനിക്കും രാജകുമാരന്മാര്‍ക്കും ഗങ്ഗാനദി കടക്കണമായിരുന്നു. കടത്തുവഞ്ചിയുണ്ട്.
കടത്തുകാരന്‍
അഹല്യയുടെ കഥ കേട്ടിരുന്നു. രാമന്റെ കാല്‍ തൊട്ടാല്‍ വഞ്ചി പെണ്ണാകുമോ എന്നൊരു
ഭയം. വരുമാനമാര്‍ഗ്ഗം ഇല്ലാതെയാവും. ഓടി മറയാന്‍ ശ്രമിച്ച അയാളെ മഹര്‍ഷി ഭീഷണിപ്പെടുത്തി.
ദ്വാരങ്ങള്‍
വീണ വഞ്ചിയില്‍ അവരെ കയറ്റാനും അയാള്‍ക്കു ഭയം. തോളില്‍ എടുത്തു കടത്താം എന്നയാള്‍
പറഞ്ഞു. എന്നാല്‍ അതേ വഞ്ചിയില്‍ അവര്‍ അക്കര കടന്നു.
തിരിഞ്ഞു നിന്നു രാമന്‍ വഞ്ചിയെ ഒന്നു നോക്കി. അതു സ്വര്‍ണ്ണാലങ്'കൃതവഞ്ചിയായി മാറി!
രാമനും ലക്ഷ്മണനും
മഹര്‍ഷിയും മുനിമാര്‍ താമസിയ്ക്കുന്ന സിദ്ധാശ്രമത്തില്‍ ചെന്നുചേര്‍ന്നു.
അടുത്ത ദിവസം
രാവിലെ മുനിമാര്‍ യാഗം തുടങ്ങി.
താരകയുടെ
പുത്രന്‍ മാരീചനും സങ്ഘവും ഉപദ്രവമാരംഭിച്ചു. രാമലക്ഷ്മണന്മാര്‍ ശരവര്‍ഷം തുടങ്ങി.
മാരീചന്റെ അനുയായികള്‍ മൂന്നു കോടിയുണ്ടായിരുന്നു. പലരും മരിച്ചു വീണു. ചിലര്‍
ജീവനും കൊണ്ടു രക്ഷപ്പെട്ടു.
മാരീചന്‍ അട്ടഹസിച്ചു നേര്‍പോരിനു വന്നു.
ദേവന്മാരെ
സംബന്ധിച്ചിടത്തോളം മാരീചന്‍ മരിക്കാന്‍
പാടില്ല. സീതാഹരണം നടക്കണമെങ്കില്‍ അയാള്‍ വേണം. അവര്‍ ഒരുപായം പ്രയോഗിച്ചു. രാമന്‍
വജ്രബാണമെയ്തപ്പോള്‍ മാരീചന്‍ തെറിച്ചു വീണതേ ഉള്ളൂ. മരിച്ചില്ല. വീണതു ലങ്കയിലും.
അവിടെ മാരീചന്‍ രാമഭക്തനായി ജീവിച്ചു.
തുടര്‍ന്നു
വിശ്വാമിത്രമഹര്‍ഷിയും മുനിമാരും മിഥിലരാജധാനിയിലെ സീതാദേവിയെ പറ്റിയും വിവാഹത്തെ
പറ്റിയും വിവരിച്ചു. മഹര്‍ഷി രാമനോടു പറഞ്ഞു:
“ശൈവചാപം കുലയ്ക്കുന്ന വീരനു സീതയെ വിവാഹം കഴിക്കാം. രാമനതു കഴിയും”.
മഹര്‍ഷിയുടെ അനുഗ്രത്തോടെ അതു ചെയ്യാം എന്നു രാമന്‍ പറഞ്ഞു.
മിഥിലയിലെ
കൊട്ടാരത്തിലെത്തിയ അവരെ ജനകനും കുലഗുരു ശതാനന്ദമഹര്‍ഷിയും@ സന്തോഷത്തോടെ സ്വീകരിച്ചു. ജനകന്‍ അവരെ വില്ലു
വച്ചിരിയ്ക്കുന്ന സ്ഥലത്തേയ്ക്കു കൊണ്ടുപോയി.
ആ സമയത്തു
മട്ടുപ്പാവില്‍ സഖികളോടൊപ്പം സീത ഉണ്ടായിരുന്നു. വില്ലു കാണാനെത്തിയ കുമാരനെ ഭര്‍ത്താവായി
കിട്ടാന്‍ സീത ആഗ്രഹിച്ചു. ക്ഷേത്രത്തില്‍ പോയി അഗ്നി, ഗണേശന്‍, ശിവന്‍, പാര്‍വ്വതി എന്നീ ദേവകളെ പ്രാര്‍ത്ഥിച്ചു. അപ്പോള്‍
ആകാശത്തു നിന്നും ഒരു അശരീരി കേട്ടു:
“രാമന്‍ പൂമാല പോലെ വില്ലുയര്‍ത്തും. ഭവതിയെ വിവാഹം കഴിക്കും”.
രാമന്‍
വില്ലിരിയ്ക്കുന്ന മണ്ഡപത്തില്‍ കയറി.
വിശ്വാമിത്രന്റെ
അനുഗ്രഹത്തോടെ അനായാസം വില്ലെടുത്തു. ഞാണ്‍ കെട്ടാന്‍ ശ്രമിയ്ക്കുമ്പോള്‍ അതു
രണ്ടായി ഒടിഞ്ഞു! അതിന്റെ ശബ്ദത്താല്‍ ലോകം നടുങ്ങി.
ജനകനും ശതാനന്ദമുനിക്കും അതിസന്തോഷമായി. ഉദ്ദേശിച്ചതു പോലെ ഭഗവാന്‍ ശ്രീനാരായണന്‍ സീതയുടെ ഭര്‍ത്താവാകാനുള്ള യോഗ്യത നേടിയിരിയ്ക്കുന്നു.
വിവാഹം
മറ്റൊരവസരത്തില്‍ നടത്താമെന്നും തല്‍ക്കാലം അയോദ്ധ്യയിലേയ്ക്കു മടങ്ങാമെന്നും
രാമന്‍ പറഞ്ഞു.
“ഞങ്ങള്‍ നാലു പേര്‍ ഒരേ ദിവസം ജനിച്ചു. നാലു പേര്‍ക്കും വിവാഹങ്ങള്‍ ഒരേ ദിവസം
വിവാഹം നടത്തണം. അതാണു നല്ലത്. സമയം വരട്ടെ. അച്ഛനമ്മമാരെ കണ്ടിട്ട് എത്ര നാളായി”.
@ ശതാനീകന്‍ എന്നു ചില വിവര്‍ത്തനങ്ങളില്‍ ഉള്ളതു തെറ്റായ പേരാണ്. ശതാനന്ദൻ എന്നാണു ശരി എന്നു പല പണ്ഡിതന്മാരും പറയുന്നു.
സീതാപരിണയം
ജനകനു വിവാഹം
വൈകുന്നതില്‍ വിഷമമായി. വിശ്വാമിത്രമഹര്‍ഷിയ്ക്കും നൈരാശ്യം.
അദ്ദേഹം
ജനകനോട് ഒരു നിര്‍ദ്ദേശം വച്ചു:
“ജനകനു സീതയെ കൂടാതെ മറ്റൊരു
മകളുമുണ്ട്. ജനകന്റെ അനുജന്‍ കുശദ്ധ്വജനും രണ്ടു പെണ്മക്കള്‍ ഉണ്ട്. ഈ നാലു പേരും
അയോദ്ധ്യാചക്രവര്‍ത്തിയുടെ നാലു മക്കളെ വിവാഹം കഴിയ്ക്കട്ടെ”.
അതെല്ലാവര്‍ക്കും
സ്വീകാര്യമായി.
രാമനു സീത, ഭരതനു മാണ്ഡവി, ലക്ഷ്മണന് ഊര്‍മ്മിള, ശത്രുഘ്നനു ശ്രുതകീര്‍ത്തി.
വിശ്വാമിത്രമഹര്‍ഷി തന്നെ ദശരഥനെയും മറ്റും കൊണ്ടുവരാന്‍ അയോദ്ധ്യയ്ക്കു പോയി.
മക്കളില്ലാതെ
മടങ്ങിയെത്തിയ മഹര്‍ഷിയെ കണ്ടു ദശരഥനും കുലഗുരുവും അമ്മമാരും ദുഃഖിതരായി. അവര്‍ക്ക്
എന്തെങ്കിലും സംഭവിച്ചോ എന്ന ഭീതി. മഹര്‍ഷി സന്തോഷവാര്‍ത്ത അവരെ അറിയിച്ചു.
ചക്രവര്‍ത്തിയും
വസിഷ്ഠനും ഭരതനും ശത്രുഘ്നനനും പരിവാരങ്ങളും മിഥിലയ്ക്കു പുറപ്പെട്ടു.
പോകുന്ന
വഴിയില്‍ വിശ്വാമിത്രമഹര്‍ഷി രാമന്റെ വീരകൃത്യങ്ങള്‍ നടന്ന സ്ഥലങ്ങള്‍ ദശരഥനു
കാണിച്ചു കൊടുത്തു.
മിഥിലയില്‍ അവര്‍ക്കു വലിയ സ്വീകരണം ലഭിച്ചു.
സൂര്യവംശത്തിന്റെ
കുലഗുരുവായ വസിഷ്ഠന്‍ മുഹൂര്‍ത്തം കുറിച്ചു.
പുണര്‍തം നാളില്‍ കര്‍ക്കടകം ലഗ്നം. ഒരിയ്ക്കലും പിരിയാതെ ജീവിക്കാനുള്ള ഭാഗ്യം നല്‍കുന്ന മുഹൂര്‍ത്തം.
വിവാഹത്തിന് എല്ലാവരും തയ്യാറായി. അനേകം ഋഷിമാരും രാജാക്കന്മാരും പൌരാവലിയും വിവാഹത്തിന് എത്തിച്ചേര്‍ന്നു. ദേവന്മാര്‍ ആകാശത്തില്‍ മഹാപ്രഭുവിന്റെയും മഹാദേവിയുടെയും പരിണയം കാണാന്‍ അണി നിരന്നു.
ദശരഥന്‍
രാമന്റെ നെറ്റിയില്‍ തിലകം ചാര്‍ത്തി.
സുഗന്ധലേപനം
ചെയ്യിച്ചു.
ദിവ്യവസ്ത്രങ്ങളും
ആഭരണങ്ങളുമണിഞ്ഞു രാമന്‍ തയ്യാറായി. ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവര്‍ക്കും ഇപ്രകാരം ചടങ്ങുകള്‍ നടന്നു.
വിവാഹത്തിനു തൊട്ടു മുമ്പുള്ള ചടങ്ങുകള്‍ ആചാരപ്രകാരം തുടങ്ങി.
ബ്രഹ്മാവിനും
മറ്റു ദേവകള്‍ക്കും ഉത്ക്കണ്ഠയായി. ഇതെന്തു മുഹൂര്‍ത്തം? വിവാഹം നടന്നാല്‍ രാമനും സീതയും എന്നും ഒന്നിച്ചു
ജീവിക്കും. പക്ഷെ, സീതാപഹരണം നടക്കണം. രാമനും സീതയും
കുറെക്കാലം പിരിഞ്ഞു താമസിയ്ക്കണം. ഈ മുഹൂര്‍ത്തത്തില്‍ വിവാഹം നടക്കാന്‍ പാടില്ല.
അവര്‍ ചന്ദ്രദേവനെ ആ ജോലി ഏല്‍പിച്ചു. “ചന്ദ്രദേവന്‍ ജനകസഭയില്‍ ചെന്നു സമ്മോഹനനൃത്തമാടണം”.
സമ്മോഹനനൃത്തം സദസ്സിനെ മയക്കുന്ന നൃത്തമാണ്. കാണുന്നവര്‍ സകലതും മറന്ന് അതില്‍ ലയിച്ചിരുന്നു പോകും.
ചന്ദ്രദേവന്‍
മിഥിലയില്‍ എത്തി.
കലാപരിപാടികള്‍ നടക്കുന്ന അരങ്ങില്‍ ദേവന്‍ സമ്മോഹനനൃത്തമാടി. ജനകനും ദശരഥനും വധൂവരന്മാരും മുനികളും അതിഥികളും വിവാഹകര്‍മ്മികളും അതില്‍ മയങ്ങി ഇരുന്നു പോയി. മുഹൂര്‍ത്തം കടന്നുപോയത് അവരറിഞ്ഞില്ല.
ചന്ദ്രദേവന്‍ നൃത്തം നിര്‍ത്തി മടങ്ങി.
ദേവകളുടെ സമ്മോഹനനൃത്തതന്ത്രം ഫലിച്ചു.
മുനിമാര്‍
തമ്മില്‍ പല വിവരങ്ങളും കൈമാറി.
വസിഷ്ഠമുനി
ശതാനന്ദമുനിയോടു സൂര്യവംശചരിത്രം പറഞ്ഞു. ശതാനന്ദന്‍ വസിഷ്ഠനോടു ജനകന്റെ
ചന്ദ്രവംശത്തിന്റെ ചരിത്രം പറഞ്ഞു.
മുഹൂര്‍ത്തം മാറിയതറിയാതെ കര്‍മ്മികള്‍ വിവാഹച്ചടങ്ങുകള്‍ തുടങ്ങി. അപ്പോഴും എല്ലാവരും നൃത്തവശാല്‍ ഉണ്ടായ സമ്മോഹനാവസ്ഥയിലായിരുന്നു.
ദശരഥനും
ജനകനും പരസ്പരം ആചാരപ്രകാരം സംസാരിച്ചു. ദശരഥന്‍ കന്യകമാര്‍ക്കു വരന്മാരെ നല്‍കുന്നുവെന്ന്
അറിയിച്ചു.
നാരിമാര്‍ രാമനെ വസ്ത്രതാലത്താല്‍ എതിരേറ്റു. തൈരു കൊണ്ടു രാമന്റെ പാദം കഴുകി. മണ്ഡപത്തില്‍ സ്വര്‍ണ്ണപീഠത്തില്‍ ഇരുത്തി.
ബന്ധുസ്ത്രീകള്‍ സീതയെ പനിനീരില്‍ കുളിപ്പിച്ചിരുന്നു. ചന്ദനതൈലം പുരട്ടി. നെറ്റിയില്‍ സിന്ദൂരവും കുറിയുമിട്ടു. വര്‍ണ്ണവസ്ത്രങ്ങളും ആഭരണങ്ങളുമണിയിച്ചു. വിശ്വൈകസുന്ദരിയായ സീതാദേവി മണ്ഡപത്തിലെത്തി സ്വര്‍ണ്ണപീഠത്തില്‍ രാമനു സമീപം ഉപവിഷ്ടയായി.
ദേവി രാമനെ
ഏഴു വട്ടം വലം വച്ചു മാലയിട്ടു.
ഇടയ്ക്കു വസ്ത്രാഞ്ചലം മാറ്റിയപ്പോള്‍ രാമന്‍ സീതയുടെ മുഖം കണ്ടു.
ബന്ധുക്കള്‍
സീതയെ ഒരു ഇരുണ്ട മുറിയിലേയ്ക്കു നയിച്ചു.
രാമനെയും
ബന്ധുക്കള്‍ ആ മുറിയിലേയ്ക്ക് ആനയിച്ചു. വരന്‍ ഷഷ്ഠീദേവീപൂജ നടത്തി.
“സീതയുടെ കൈ പിടിക്കൂ”, മുതിര്‍ന്നവര്‍ വരനോടു പറഞ്ഞു. സീത മനസ്സില്‍ പറഞ്ഞു: “ആ കയ്യല്ല, ആ പുണ്യപാദങ്ങളാണ് എന്റെ കൈകള്‍ കൊണ്ടു പിടിക്കേണ്ടത്”.
പാണിഗ്രഹണം കഴിഞ്ഞു.
ചടങ്ങുകള്‍
തുടര്‍ന്നു.
മാതാപിതാക്കള്‍
വധൂവരന്മാരെ ആശീര്‍വദിച്ചു.
വിവാഹം മങ്ഗളകരമായി നടന്നു. മറ്റു മൂന്നു വിവാഹങ്ങളും ഇപ്രകാരം നടന്നു. എല്ലാവരും നവദമ്പതികളെ അനുഗ്രഹിച്ചു. ബന്ധുജനങ്ങള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.
സീതാരാമവിവാഹത്തിന്റെ മുഹൂര്‍ത്തം മാറിയതിനാല്‍ ബ്രഹ്മദേവന്റെ ആഗ്രഹപ്രകാരം ഇനി രാമനും സീതയും എന്നെങ്കിലും പിരിഞ്ഞു താമസിക്കും.
ചിലര്‍
തമാശയായി രാമനെ കളിയാക്കി: “സീത അതിസുന്ദരി. നീ കറമ്പന്‍!”
രാമന്‍ അതാസ്വദിച്ചു മറുപടി പറഞ്ഞു: “ആ സൗന്ദര്യം എനിക്കും കുറച്ചു കിട്ടട്ടെ”.
പകല്‍ മുഴുവനും ആഘോഷങ്ങള്‍. രാത്രിയില്‍ വധൂവരന്മാര്‍ മണിയറകളിലേയ്ക്കു കയറി.
പിറ്റേന്നു
രാവിലെ അയോദ്ധ്യയിലേയ്ക്കുള്ള യാത്രയ്ക്കു തുടക്കമായി. ജനകന്‍ മക്കള്‍ക്ക്
ഉപദേശങ്ങള്‍ നല്‍കി: “മിഥില എപ്പോഴും മനസ്സിലുണ്ടാവണം. സുഖദുഃഖങ്ങളെ ഒന്നു പോലെ കാണണം.
ഭര്‍ത്താവിന്റെ മാതാപിതാക്കളോടു സ്നേഹത്തോടെ പെരുമാറുക. ഭര്‍ത്തൃശുശ്രൂഷാനിരതര്‍
ആയിരിയ്ക്കണം”.
കൊട്ടും
പാട്ടും മേളവും സങ്ഗീതവും ആര്‍പ്പുവിളികളും ഉയര്‍ന്നു.
ശബ്ദകോലാഹലങ്ങള്‍ നാനാദിക്കിലുമെത്തി.
ദശരഥന്‍ ചില
അശുഭലക്ഷണങ്ങള്‍ കണ്ടതു ഗുരുവിനോടു പറഞ്ഞു. ഒന്നും കാര്യമാക്കേണ്ട എന്ന മട്ടില്‍ വസിഷ്ഠമുനി പറഞ്ഞു:
“ഈ നാലു പുത്രന്മാര്‍ കൂടെയുള്ളപ്പോള്‍ എന്തു സംഭവിക്കാന്‍?”.
മിഥിലയിലെ
ശബ്ദഘോഷങ്ങള്‍, അങ്ങകലെ ഹിമാലയത്തില്‍, പരശുരാമന്‍ ശ്രദ്ധിയ്ക്കുകയായിരുന്നു.
രണ്ടു രാമന്മാര്‍
“നില്‍ക്കൂ”. ഒരു ഗര്‍ജ്ജനം.
പെട്ടെന്നു
മുന്നില്‍ വന്നയാളെ കണ്ടു ദശരഥന്‍ ഞെട്ടി.
സാക്ഷാൽ പരശുരാമമാമുനി!
മഴു ഓങ്ങി
സംഹാരമൂര്‍ത്തിയെ പോലെ നില്‍ക്കുന്നു വാളും പരിചയും ചാപബാണങ്ങളും ധരിച്ച
പരശുരാമമഹര്‍ഷി!
പ്രപഞ്ചനാഥനായ കൈലാസനാഥന്റെ പ്രിയശിഷ്യന്‍.
എല്ലാവരും അദ്ദേഹത്തെ വണങ്ങി.
മിഥിലയില്‍ പരമേശ്വരന്റെ ചാപം ആരെങ്കിലും കുലച്ചോ? സീതയെ ആരെങ്കിലും വിവാഹം ചെയ്തോ? അതിരോഷത്തിനു കുപ്രസിദ്ധനായ പരശുരാമന്‍ കാര്യമറിയാന്‍ നേരിട്ടിറങ്ങിയതാണ്.
ദശരഥന്‍
വിറച്ചു.
“എന്റെ ഗുരുവിന്റെ ചാപം ഒടിച്ചവന്‍ ആരായാലും ജീവിച്ചിരിയ്ക്കരുത്”. പരശുരാമന്‍ ഗര്‍ജ്ജിച്ചു.
“എന്റെ മകന്‍ രാമനാണ് അതു ചെയ്തത്. ഞാണ്‍ കെട്ടിയപ്പോള്‍ ഒടിഞ്ഞു പോയതാണ്”. ദശരഥന്‍ ക്ഷമായാചനം നടത്തി.
രാമനെ പരിചയപ്പെടുത്തി.
പരശുരാമന്റെ
കോപം കൂടി.
“ഞാനിരിക്കെ എന്റെ പേരു തന്നെ പുത്രനു നീ നല്‍കിയോ?”
“താപസബ്രാഹ്മണോത്തമാ! ഞാനാണു ചാപം ഒടിച്ചത്. ക്ഷമിയ്ക്കണം”. ശ്രീരാമന്‍ തൊഴുതു പറഞ്ഞു.
“താപസബ്രാഹ്മണോത്തമനോ? അങ്ങനെ വിളിച്ചു നീ എന്നെ
അപമാനിയ്ക്കുന്നോ? ഇരുപത്തൊന്നു വട്ടം ക്ഷത്രിയരെ
വധിച്ചവനാണു ഞാന്‍”. ദിഗന്തങ്ങള്‍ ഞെട്ടുന്ന പരശുരാമഗര്‍ജ്ജനം വീണ്ടും.
എല്ലാ മഹര്‍ഷിമാരും
ബ്രാഹ്മണരാണ്. അല്ലെങ്കില്‍ ബ്രാഹ്മണത്വം നേടിയവരാണ്. എങ്കിലും പരശുരാമന് അതു
പിടിച്ചില്ല.
ദശരഥന്‍
മാപ്പിരന്നു: “ബാലന്‍ ചെയ്ത തെറ്റു പൊറുക്കണം”.
കോപത്തോടെ പരശുരാമന്‍ പറഞ്ഞു: “വില്ലൊടിച്ചവനെ വധിച്ച് എനിയ്ക്കു പ്രതികാരം ചെയ്യണം”.
ചൂളിപ്പിയ്ക്കുന്ന
മറുപടി നല്‍കാറുള്ള ലക്ഷ്മണനും കോപം വന്നു: “പറഞ്ഞു കൊണ്ടിരിക്കാതെ വധം നടത്തരുതോ? പണ്ടു ക്ഷത്രിയരെ കൊല്ലുന്ന സമയത്തു രാമനും ലക്ഷ്മണനും
ഇല്ലായിരുന്നു എന്നോര്‍ക്കണം”.
അതു കേട്ടു പരശുരാമനു ക്രോധം വര്‍ദ്ധിച്ചു.
സ്വന്തം
കയ്യിലിരിയ്ക്കുന്ന വൈഷ്ണവചാപം രാമന്റെ നേരെ എറിഞ്ഞുകൊണ്ടു പരശുരാമന്‍ പറഞ്ഞു:
“ഇതൊന്നു കുലച്ചു കാണിയ്ക്കണം”.
ദശരഥപുത്രന്‍ വില്ലു പിടിച്ചെടുത്തു.
സീതയ്ക്കു മനസ്സില്‍ ഒരു സംശയം: ശൈവചാപം കുലച്ചപ്പോള്‍ ഞാന്‍ വന്നു കൂടി. ഇതു കുലയ്ക്കുമ്പോഴും ഒരു പെണ്ണു വന്നു കൂടുമോ?
ശ്രീരാമന്‍ ലക്ഷ്മണനോടു ബാണം ആവശ്യപ്പെട്ടെങ്കിലും അതും പരശുരാമന്‍ തന്നെ നല്‍കി.
പരശുരാമന്റെ അവതാരസിദ്ധികളും അതുവരെ നേടിയെടുത്ത പുണ്യങ്ങളും ശ്രീരാമന്‍ ബാണത്തിനൊപ്പം ആവാഹിച്ചെടുത്തു.
പരശുരാമന്‍ വെറും ബ്രാഹ്മണനായി മാറി.
“ഇതു കുലച്ചാല്‍ എനിക്ക് അങ്ങയെ സംഹരിയ്ക്കേണ്ടി വരും”, ശ്രീരാമന്‍ മുന്നറിയിപ്പു നല്‍കി.
രാമന്‍ വില്‍മുന
നിലത്തു കുത്തി ഞാണ്‍ വലിച്ചു.
‘വില്ലിന്റെ ഭാരം താങ്ങാനാവുന്നില്ല’,
ഭൂമി താങ്ങുന്ന വാസുകി എന്ന സര്‍പ്പരാജന്‍ മറ്റാരും അറിയാതെ
രാമനോടു മന്ത്രിച്ചു. രാമന്‍ വില്ലുയര്‍ത്തി.
പരശുരാമനു
തിരിച്ചറിവായി. മഹാവിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമാണു ശ്രീരാമന്‍!
ശ്രീരാമനെ പരശുരാമന്‍ സ്തുതിച്ചു.
വില്ലു
കുലച്ചു നിന്ന ശ്രീരാമന്‍ പറഞ്ഞു:
“അങ്ങു ബ്രാഹ്മണനാണ്. ഇത് അങ്ങയുടെ നേരെ പ്രയോഗിയ്ക്കില്ല. അങ്ങയുടെ സ്വര്‍ഗ്ഗപാത
അടയ്ക്കണോ, അതോ പാതാളപാത അടയ്ക്കണോ?”
സ്വര്‍ഗ്ഗപാത
അടയ്ക്കാന്‍ പരശുരാമന്‍ ആവശ്യപ്പെട്ടു. രാമന്‍ അമ്പ് ആ ഉദ്ദേശത്തോടെ എയ്തു. ഇനി
തപസ്സു കൊണ്ടു മാത്രമേ പാത തുറന്നു കിട്ടൂ.
പരശുരാമന്‍
തപസ്സിനായി ഹിമാലയത്തിലേയ്ക്കു പോയി.
ഇനി മുതല്‍
അവതാരമൂര്‍ത്തിയായി ഒരു രാമന്‍ മാത്രം!
ഘോഷയാത്ര
അയോദ്ധ്യയിലേയ്ക്കു പുറപ്പെട്ടു.
ഘോഷയാത്ര
ആദ്യം മുനിജനങ്ങള്‍ താമസിയ്ക്കുന്ന സിദ്ധവനത്തില്‍ ചെന്നു ചേര്‍ന്നു. അവിടെ നിന്ന്
അയോദ്ധ്യയില്‍ എത്തി.
അവര്‍ക്കു
ഗംഭീരസ്വീകരണം കിട്ടി.
രാജകുമാരന്മാര്‍ക്കു
പുതിയൊരു ജീവിതമായി
കുറിപ്പ്:
1. പരശുരാമന്‍
വരുമ്പോള്‍ മുതല്‍ പോകുന്നതു വരെ വസിഷ്ഠമുനിയും ശതാനന്ദമുനിയും ഒന്നും
മിണ്ടുന്നില്ല. രണ്ടു രാമന്മാരും ഒന്നു തന്നെ. അപ്പോള്‍ ഇടപെട്ടിട്ടു
കാര്യമില്ലല്ലോ. വഴിയില്‍ വച്ചല്ല, ഘോഷയാത്ര
തുടങ്ങുന്നതിനു മുമ്പ്, മിഥിലയില്‍ വച്ചാണു
കൃത്തിവാസരാമായണത്തില്‍ പരശുരാമപ്രവേശം.
2. വിശ്വാമിത്രനോടൊപ്പം
ഇറങ്ങുമ്പോള്‍ രാമനും ലക്ഷ്മണനും പന്ത്രണ്ടു വയസ്സുകാരാണ് എന്നാണു കൃത്തിവാസന്‍
പറയുന്നത്. അപ്പോള്‍ സീതയ്ക്കു വയസ്സ് അഞ്ച്. വിവാഹവര്‍ണ്ണനയാവട്ടെ, സീത യൌവ്വനയുക്തയാണ് എന്ന മട്ടിലാണ്.
വിശ്വാമിത്രമുനിയുടെ കൂടെ പോകുമ്പോള്‍ രാമനും ലക്ഷ്മണനും ‘ബാലക’രാണ് എന്നാണ് എഴുത്തച്ഛന്‍ പറയുന്നത്.
പല
കൃതികളിലേയും പ്രായങ്ങള്‍
പരിഗണിയ്ക്കേണ്ട. ഭക്തിപാരവശ്യത്താല്‍ പലതും കവികള്‍ മറന്നു കാണും.
വാല്മീകിരാമായണത്തില്‍ സീത ഇങ്ങനെ പറയുന്നു:
മമ ഭര്‍ത
മഹാതേജ: വയസാ പഞ്ചവിംശക: / അഷ്ടാദശാഹി വര്‍ഷാണി മമ ജന്മനി ഗണ്യതേ (അരണ്യകാണ്ഡം, 47.10)
അന്ന്
(വിവാഹവേളയില്‍)എന്റെ ഭര്‍ത്താവു മഹാതേജസ്വിയായ ഇരുപത്തഞ്ചുകാരനും ഞാന്‍ പതിനെട്ടുകാരിയും
ആയിരുന്നു.
ഇതാണു
വിശ്വസനീയം.
3. എല്ലാ മഹര്‍ഷിമാരും
ബ്രാഹ്മണരാണ്. അല്ലാത്തവര്‍ക്കു ബ്രാഹ്മണത്വം നല്‍കിയ കഥകളുണ്ട്.
4. പുണ്യങ്ങൾ മുഴുവൻ നഷ്ടപ്പെട്ട പരശുരാമൻ അവ തപസ്സിലൂടെ വീണ്ടുമാർജ്ജിയ്ക്കാനാണ് ആഗ്രഹിച്ചത്. അതാണു സ്വർഗ്ഗപാത അടച്ചോളൂ എന്നു ശ്രീരാമനോടു പറഞ്ഞത്.
ആദികാണ്ഡം
സമാപ്തം
.++++++
No comments:
Post a Comment