Wednesday, March 15, 2023

കൃത്തിവാസരാമായണം – സംക്ഷിപ്തം 02 - അയോദ്ധ്യാകാണ്ഡം

      കൃത്തിവാസരാമായണം  സംക്ഷിപ്തം 02

അയോദ്ധ്യാകാണ്ഡം 

അഭിഷേകവിഘ്നം

ദശരഥചക്രവര്‍ത്തി രാമന് ഉപദേശങ്ങളും പരിശീലനവും നല്‍കിക്കൊണ്ടിരുന്നു. ഒടുവില്‍ രാമനെ രാജാവാക്കാനും തീരുമാനമായി. ചൈത്രമാസത്തിലെ ഒരു ദിവസവും കിരീടധാരണത്തിനായി നിശ്ചയിച്ചു.

ഭരതന്‍ കേകയരാജ്യത്തിലേയ്ക്കു പോയി.

അഭിഷേകമടുത്തപ്പോള്‍ ദശരഥന്‍ ദു:സ്വപ്നങ്ങളും ദു:ശകുനങ്ങളും കണ്ടു തുടങ്ങി. 

ബ്രഹ്മവിധിപ്രകാരം കാര്യങ്ങള്‍ നീങ്ങുന്നുണ്ടായിരുന്നു. ദുന്ദുഭി എന്ന അപ്സരസ് മന്ഥര എന്ന കൂനിയായി കൈകേയിയുടെ കൂടെ കൂടിയിരുന്നു. മരണം, നാശം, അസ്വസ്ഥത എന്നിവയൊക്കെ അവള്‍ ഉള്ളയിടത്തു സംഭവിക്കും.

കൈകേയിയ്ക്കും ഒരു ശാപം കിട്ടിയിരുന്നു. ചെറുപ്പത്തില്‍ അവര്‍ ഒരു ബ്രാഹ്മണനെ കളിയാക്കി. ലോകം മുഴുവന്‍ കീര്‍ത്തികെട്ടവളായി അറിയപ്പെടും എന്ന ശാപം ബ്രാഹ്മണന്‍ നല്‍കി. 

കിരീടധാരണദിവസമായി.

എല്ലാവര്‍ക്കും ധനവും മറ്റും ദാനമായി നല്‍കാന്‍ തുടങ്ങി. 

വക്രബുദ്ധിയായ മന്ഥര കൈകേയിയുടെ മനസ്സു മാറ്റി. രാമനും ലക്ഷ്മണനും ഒരുമിച്ചാണ് എപ്പോഴും. രാമന്‍ രാജാവായാല്‍ കൗസല്യയ്ക്കും സുമിത്രയ്ക്കും മേല്‍ക്കൈ കിട്ടും. സ്ഥിരമായി ഭരതന്‍ രാജാവാകട്ടെ. രാമന്‍ പതിന്നാലു കൊല്ലം വനവാസം നടത്തട്ടെ. ശംബരവധത്തിനു ശേഷം ചക്രവര്‍ത്തി നല്‍കാമെന്നു പറഞ്ഞ രണ്ടു വരങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടാം. 

ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ കൈകേയി മന്ഥരയുടെ പാതയിലായി.

വരങ്ങള്‍ നല്‍കണമെന്ന കൈകേയിയുടെ നിര്‍ബ്ബന്ധത്തിനു ചക്രവര്‍ത്തി വഴങ്ങി. ദശരഥന്‍ ബോധരഹിതനായി. രാമനും ലക്ഷ്മണനും പിതാവിനെ കാണാന്‍ എത്തി.

കൈകേയിയില്‍ നിന്നും എല്ലാം മനസ്സിലാക്കി.

രാമന്‍ സ്വയം പതിന്നാലു വര്‍ഷത്തെ വനവാസത്തിനു തയ്യാറായി. ഭരതന്‍ നല്ല രാജാവാകുമെന്നും പറഞ്ഞു. ലക്ഷ്മണനാവട്ടെ, കൈകേയിയെ വധിയ്ക്കണം എന്ന അഭിപ്രായമായിരുന്നു.  വേണമെങ്കില്‍ ഭരതനുമായി യുദ്ധമാകാം എന്നുമായി.

കൗസല്യയ്ക്കു രാമന്റെ തീരുമാനം താങ്ങാനായില്ല. രാമന്‍ എല്ലാവരെയും ആശ്വസിപ്പിച്ചു. കൂടെ വരണമെന്ന ലക്ഷ്മണന്റെ ശാഠ്യം രാമന്‍ അങ്ഗീകരിച്ചു. ഭര്‍തൃസേവയാണു ജീവിതം എന്ന നിലപാടെടുത്ത സീതയ്ക്കും കൂടെ വരാന്‍ അനുവാദം നല്‍കി. അപകടങ്ങള്‍ ഒഴിവാകാന്‍ കൗസല്യ ഒരു മന്ത്രം രാമനു പറഞ്ഞുകൊടുത്തു.

കുറിപ്പ്: പതിന്നാലു വര്‍ഷത്തെ വനവാസം: ത്രേതായുഗത്തില്‍ പതിന്നാലു വര്‍ഷം രാജ്യത്തില്‍ നിന്നു മാറി നിന്നാല്‍ ഭരണാവകാശം ആ ആളിനു നഷ്ടപ്പെടും. ഭരതന്‍ സ്ഥിരമായി രാജാവാകും. മാത്രമല്ല, അതു വാനവാസമായാല്‍ അവകാശി തിരിച്ചു വരാനും സാദ്ധ്യതയില്ല. പക്ഷെ, ഭരതന്‍ അതിനു വഴങ്ങിയില്ല. അങ്ങനെ ഭരതന്‍ ഭരണം ത്യജിച്ചു. ദ്വാപരയുഗത്തില്‍ ഇതു പതിമൂന്നു വര്‍ഷമാണ്‌.

മറ്റൊരു കാരണം. രാമരാജ്യം എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാവാന്‍ രാജ്യത്തില്‍ നിന്നു മാറി 4 വര്‍ഷവും, സസ്യമൃഗപക്ഷിജാലങ്ങള്‍ക്കൊപ്പം 4 വര്‍ഷവും, സംന്യാസിയായി 6 വര്‍ഷവും ജീവിയ്ക്കണം എന്ന് ഒരു മുനി രാമനെ ശാസ്ത്രപ്രകാരം ഉപദേശിച്ചു. അങ്ങനെ എല്ലാ ജീവജാലങ്ങളെ പറ്റിയും ബോധാവാനാകും. അതു രാമന്‍ കൈകേയിയോടു പറഞ്ഞിരുന്നു. കൈകേയി വിധിയുടെ ഒരു കണ്ണി മാത്രമായിരുന്നു. അവര്‍ രാമനെ അത്യധികം സ്നേഹിച്ചിരുന്നു. ലങ്കയില്‍ നിന്നു വന്ന രാമനോട് അടുത്ത അവതാരപുരുഷനായി തന്റെ ഗര്‍ഭത്തില്‍ ജനിയ്ക്കണമെന്നും അപേക്ഷിച്ചു. അദിതിയ്ക്കു നല്‍കിയ വരം കാരണം അതു പറ്റില്ല എന്നും എന്നാല്‍ മാതൃതുല്യമായ സ്ഥാനത്ത് അന്നു കൈകേയി ഉണ്ടാവുമെന്നും രാമന്‍ പറഞ്ഞു. കൈകേയി അടുത്ത ജന്മത്തില്‍ യശോദയായി.

ഇങ്ങനെ പല പ്രാദേശികകഥകളും ഉണ്ട്.


വനയാത്ര, ദശരഥന്റെ ചരമം

ദശരഥന്‍ വീണ്ടും വിലപിച്ചു. എത്ര ശത്രുക്കളെ പരാജയപ്പെടുത്തി? ഇപ്പോള്‍ ഒരു സ്ത്രീയോടു തോറ്റു. വനത്തിലേക്ക് എത്ര ധനം വേണമെങ്കിലും കൊണ്ടു പൊയ്ക്കൊള്ളാന്‍ അദ്ദേഹം രാമനോടു പറഞ്ഞു.

കൈകേയി അതു തടഞ്ഞു: രാജ്യം ഇപ്പോള്‍ ഭരതന്റെയാണ്. ധനവും. കാട്ടില്‍ ധനത്തിന്റെ ആവശ്യമില്ലല്ലോ. ഉടുക്കാന്‍ മരവുരി മാത്രം മതി.

രാമനും അതേ അഭിപ്രായമായിരുന്നു.

രാമന്‍ താപസവേഷമണിഞ്ഞു. വാക്കു പ്രകാരമുള്ള താപസജീവിതം രാമനു മാത്രമേയുള്ളൂ എങ്കിലും ലക്ഷ്മണനും താപസവേഷധാരിയായി. സീതയും മരവുരി അണിയാന്‍ തുടങ്ങിയെങ്കിലും പിന്നീടു പട്ടുടുത്ത്, ആഭരണവിഭൂഷണയായി വന്നു. അതായിരുന്നു ദശരഥന്റെ ആഗ്രഹം.

കിരീടധാരണത്തിനു കാത്തു നിന്ന ജനങ്ങള്‍ കാണ്‍കെ, സീതയും രാമലക്ഷ്മണന്മാരും തേരില്‍ കയറി. സുമന്ത്രര്‍ എന്ന സാരഥി അവരെ വനത്തിലേയ്ക്കു കൊണ്ടുപോയി.

രാമനോടൊപ്പം വനത്തില്‍ പതിന്നാലു വര്‍ഷം തങ്ങള്‍ക്കും കഴിയണം എന്നു നിര്‍ബ്ബന്ധം പിടിച്ച പുരവാസികള്‍ കുറെ ദൂരം അവരെ അനുഗമിച്ചു.

അകലുന്ന മക്കളെ നോക്കി ദുഃഖിതനായ ദശരഥന്‍, കൈകേയിയെ ഒഴിവാക്കി, കൗസല്യയുടെ അന്തഃപുരത്തിലേയ്ക്കു പോയി.

യാത്രാപാതയില്‍ ജനങ്ങള്‍ രാമനെ കണ്ടു വന്ദിയ്ക്കുണ്ടായിരുന്നു. അവര്‍ ദശരഥനെ പഴി പറഞ്ഞു. 

വനവാസത്തിലെ ആദ്യരാത്രി തമസാനദിയുടെ തീരത്തായിരുന്നു. സുമന്ത്രര്‍ വിശ്രമിച്ചു.

രാമനും സീതയും ഉറങ്ങിയപ്പോള്‍ ലക്ഷ്മണന്‍ കാവല്‍ നിന്നു. പിറ്റേന്നു ഗോമതീനദി കടന്നു. മാതാവിന്റെ ജന്മഭൂമിയായ കോസലത്തില്‍ എത്തി. പിന്നീടു ഗങ്ഗാതീരത്തെത്തി. 

മൂന്നാം പക്കം അവര്‍ ശൃങ്ഗിവേരം എന്ന നാട്ടില്‍ എത്തി. ഗുഹകന്‍ ആണു രാജാവ്.

തേരിന്റെ ആവശ്യം ഇനിയില്ല.

സുമന്ത്രരെ തിരികെ അയോദ്ധ്യയിലേയ്ക്കയച്ചു. ഭരതന്റെ വരവു വരെ അച്ഛനെ  നോക്കണമെന്നും കൈകേയിയമ്മയോടു പകയൊന്നുമില്ലെന്നു പറയാനും സുമന്ത്രരോടു നിര്‍ദ്ദേശിച്ചു. 

ശൃങ്ഗിവേരത്തില്‍ നിന്ന് അടുത്ത ദിവസം ഗങ്ഗാനദി കടത്തിയതു ഗുഹകന്‍ തന്നെയായിരുന്നു. നേരെ പോയതു മഹര്‍ഷി ഭരദ്വാജന്റെ ആശ്രമത്തിലേയ്ക്ക്. ദേവാവതാരങ്ങളെ അദ്ദേഹം സ്വീകരിച്ചു. വിശ്രമം ഒരുക്കി. 

വീണ്ടും വനയാത്ര. ഒരു ദിവസം വനത്തില്‍ വച്ച് ഇന്ദ്രപുത്രനായ ജയന്തന്‍ സീതയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി. കാക്കയുടെ രൂപത്തില്‍ ചെന്നു മാറിടത്തില്‍ മുറിവേല്പിച്ചു. ക്രുദ്ധനായ രാമന്‍ ഒരു ബാണമയച്ചു. ജയന്തന്‍ കൈലാസത്തിലും പിന്നീടു ദേവലോകത്തും രക്ഷയ്ക്കായി പാഞ്ഞു. ഇന്ദ്രസഭയില്‍ എത്തിയ ബാണം ഒരു ബ്രാഹ്മണനായി മാറി. ഇപ്പോള്‍ പറന്നു വന്ന കാക്കയെ വേണമെന്നു ബ്രാഹ്മണന്‍ ആവശ്യപ്പെട്ടു.

ഇന്ദ്രന്‍ കാക്കയെ നല്‍കി. ആ നിമിഷം ബ്രാഹ്മണന്‍ വീണ്ടും  ബാണമായി. കാക്കയുടെ ഒരു കണ്ണില്‍ അമ്പു തറച്ചു. ആ കണ്ണിന്റെ കാഴ്ച പോയി. ബാണം തിരികെ രാമന്റെ ആവനാഴിയില്‍ ചെന്നു വീണു.

രാമനും ലക്ഷ്മണനും സീതയും അടുത്ത ദിവസം യമുനാനദി കടന്നു. 

സുമന്ത്രര്‍ ആറാം ദിവസം അയോദ്ധ്യയില്‍ തിരിച്ചെത്തി. ബാലകരുടെ യാത്രയെ പറ്റി ദശരഥനു വിവരണം നല്‍കി.

അന്നു രാത്രിയില്‍ ദശരഥന്‍ കൗസല്യയോട് അന്ധകമുനിയുടെ ശാപത്തിന്റെ കഥ പറഞ്ഞു. പുത്രദുഃഖത്താല്‍ മരിയ്ക്കും എന്ന അവസ്ഥയിലായി താന്‍ എന്ന കാര്യവും പറഞ്ഞു. 

അന്നുറങ്ങിയ ദശരഥന്‍ പിന്നീട് ഉണര്‍ന്നില്ല. 

റാണിമാര്‍ ആര്‍ത്തലച്ചു കരഞ്ഞു. വസിഷ്ഠമഹര്‍ഷി അവരെ ആശ്വസിപ്പിച്ചു. ഭരതനെ വിളിച്ചു കൊണ്ടുവരാന്‍ അദ്ദേഹം കേകയത്തിലേയ്ക്ക് ആളയച്ചു (വസിഷ്ഠന്‍ ശത്രുഘ്നനുമൊത്തു കേകയത്തിലേയ്ക്കു പോയി എന്നും ഒരു കഥ). 

ഭരതന്‍ വരുന്നതു വരെ ദശരഥന്റെ ശരീരം തൈലത്തോണിയില്‍ കിടത്തി.

മന്ഥരാമര്‍ദ്ദനം, ഭരതന്റെ വനയാത്ര

കേകയരാജധാനിയില്‍ രാത്രിയില്‍ ഉറങ്ങുകയായിരുന്ന ഭരതന്‍ ദുഃസ്വപ്നം കണ്ടു. സൂര്യചന്ദ്രന്‍മാര്‍ താഴേയ്ക്കു വീഴുന്നു. രാമലക്ഷ്മണന്മാര്‍ വനവാസത്തിനു പോയെന്ന് ഒരാള്‍ വന്നു പറയുന്നു. കൂടെ, പിതാവു മരിച്ചെന്ന വാര്‍ത്തയും. ദുഃസ്വപ്നഫലം ഒഴിവാക്കാന്‍ ഭരതന്‍ പിറ്റേന്നു ദാനങ്ങള്‍ നടത്തി.

അന്ന് അയോദ്ധ്യയില്‍ നിന്നും ദൂതരെത്തി. ദശരഥന്‍ ഭരതനെ ഉടന്‍ കൊണ്ടുചെല്ലാന്‍ പറഞ്ഞു എന്നറിയിച്ചു. അവരോടൊപ്പം ഭരതന്‍ അയോദ്ധ്യയ്ക്കു മടങ്ങി.

അയോദ്ധ്യയില്‍ എത്തിയ ഭരതനെ  കണ്ട ചിലര്‍   കണ്ടില്ലെന്നു നടിയ്ക്കുന്നതു ഭരതന്‍ ശ്രദ്ധിച്ചു. 

രാമനെയും ലക്ഷ്മണനെയും കാണുന്നില്ല. എന്തോ കുഴപ്പമുണ്ടെന്നു ഭരതനു ബോദ്ധ്യമായി. ഒടുവില്‍ കൈകേയി തന്നെ എല്ലാ സംഭവങ്ങളും വെളിപ്പെടുത്തി.

പൊട്ടിക്കരഞ്ഞു വീണ ഭരതന്‍ അമ്മയെ ശകാരിക്കാന്‍ തുടങ്ങി. അച്ഛന്‍ മരിച്ചതും രാമന്‍ നാടു വെടിഞ്ഞതും അമ്മ കാരണമാണ്. ആ വയറ്റില്‍ ജനിച്ചതു പോലും പാപമായി. പരശുരാമനെ പോലെ മാതൃഹത്യ നടത്തുകയാണു വേണ്ടത്.

ശത്രുഘ്നന്‍ വന്നു.

പിന്നാലെ മന്ഥരയും. ഭരതനെ അനുമോദിക്കാന്‍ അണിഞ്ഞൊരുങ്ങി വന്ന അവളെ ശത്രുഘ്നന്‍ മര്‍ദ്ദിച്ചു. അവള്‍ കാരണമാണല്ലോ കൈകേയിയ്ക്കു മനംമാറ്റം ഉണ്ടായത്. ഭയന്നു പോയ കൈകേയി മുറിയില്‍ നിന്നിറങ്ങിപ്പോയി. ഭരതന്‍ ഇടപെട്ടു മര്‍ദ്ദനം നിര്‍ത്തി.

ഭരതന്‍ കൗസല്യാദേവിയെ കാണാന്‍ പോയി. കൗസല്യയും രാജാവാന്‍ പോകുന്ന ഭരതനെ അഭിനന്ദിച്ചു. രാമന്റെയടുത്തു പോകാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു.

ഞാന്‍ രാമസേവകനാണ്. എനിയ്ക്കു രാജ്യം വേണ്ട. ഇവിടെ നടന്നതൊന്നും ഞാന്‍ അറിഞ്ഞിട്ടില്ല, ഭരതന്‍ പറഞ്ഞു. 

വസിഷ്ഠന്‍ ഭരതനോടു ദശരഥന്റെ സംസ്കാരത്തിനുള്ള ചടങ്ങുകള്‍ തുടങ്ങാന്‍ ആവശ്യപ്പെട്ടു.

ചക്രവര്‍ത്തിയുടെ ഭൗതികശരീരം സരയൂനദീതീരത്തേയ്ക്കു കൊണ്ടു പോയി. ആചാരപ്രകാരം സംസ്കാരം നടത്തി.

പതിമൂന്നാം ദിവസം ശ്രാദ്ധം നടത്തി. ഉപദേശകര്‍ ഭരതനോടു രാജാവാകാന്‍ അഭ്യര്‍ഥിച്ചു.

എനിക്ക് അര്‍ഹതയില്ല. ജ്യേഷ്ഠന്‍ തന്നെ രാജാവ്. ഞാന്‍ വനത്തിലേയ്ക്കു പോവുകയാണ്. പരിവാരങ്ങളെ തയാറാക്കി നിര്‍ത്തണം. ഞാന്‍ വനത്തില്‍ കഴിയാം. ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും മടങ്ങി വരണം.

വനയാത്ര വൃഥാവിലാകുമെന്നു കുലഗുരു മുന്നറിയിപ്പു നല്‍കി. കൗസല്യയും സുമിത്രയും വനയാത്രയ്ക്കു തയ്യാറായി. ഭരതനെ ഭയന്നു കൈകേയി പിന്‍വാങ്ങി.

വനത്തിലെത്തിയ സങ്ഘത്തെ ഗുഹകന്‍ തടഞ്ഞു. രാമനെ ഉപദ്രവിക്കാന്‍ പോവുകയാണോ എന്നയാള്‍ ഭയന്നു. സുമന്ത്രരെ നേരത്തേ കണ്ടിട്ടുള്ള ഗുഹകന്‍ അദ്ദേഹവുമായി സംസാരിച്ചു. കാര്യങ്ങള്‍ അറിഞ്ഞു.

ഗുഹകന്‍ വിഷ്ണുവിന്റെ അവതാരങ്ങളായ ഭരതശത്രുഘ്നന്മാരെ വന്ദിച്ചു.

രാമനെ തിരയാന്‍ ഗുഹകനും ഒരു സഹായിയും കൂടി സങ്ഘത്തില്‍ ചേര്‍ന്നു. അയാള്‍ക്കു പിന്നെയും സംശയം. പടയും രാജവസ്ത്രങ്ങളുമായി ഭരതന്‍ എത്തിയതിന്റെ കാരണം ഗുഹകന്‍ അന്വേഷിച്ചു.

ഭരതന്‍ പറഞ്ഞു: അവയെല്ലാം രാമനു നല്‍കും. ഞാന്‍ വനവാസിയാകും. എന്റെ അമ്മ കാരണമാണ് ഈ പഴിയെല്ലാം ഞാന്‍ കേള്‍ക്കുന്നത്.

ഭരതന്റെ മറുപടി കേട്ടപ്പോള്‍ ഗുഹകനു സന്തോഷമായി.


ചിത്രകൂടത്തിലെ സമാഗമം, ദശരഥാഗമനം

അവര്‍ യാത്ര തുടര്‍ന്നു. ഗങ്ഗാനദി കടത്താന്‍ ഗുഹകന്റെ തോണികള്‍ വന്നു. വഴി കാട്ടിയ ശേഷം ഗുഹകനും സഹായിയും തിരികെ പോയി. 

നടന്നു നടന്ന് അവര്‍ എത്തിയതു ഭാരദ്വാജമുനിയുടെ ആശ്രമത്തിലാണ്.

ആശ്രമത്തിലെത്തിയ ഭരതനെ ഭരദ്വാജമുനിയും സംശയിച്ചു. സംശയദുരീകരണത്തിനു ശേഷം മഹര്‍ഷി ദിവ്യശക്തിയാല്‍ അവര്‍ക്കു വേണ്ട ഭക്ഷണമൊരുക്കി. താമസിക്കാന്‍, ദേവലോകത്തു നിന്നു വിശ്വകര്‍മ്മാവു വന്നു മനോഹരമായ ഭവനങ്ങളും തീര്‍ത്തു.

ദേവന്മാര്‍ ഒരു കരു കൂടി നീക്കി. ഭരതന്‍ പറയുന്നതു കേട്ടു രാമന്‍ മടങ്ങിയാലോ? ഭരതന്റെ കൂടെ വന്നവരെയായിരുന്നു ഇത്തവണ  ലക്ഷ്യം വച്ചത്. ഇനി അവര്‍ക്കു നിര്‍ബ്ബന്ധബുദ്ധി പാടില്ല. അവര്‍ എന്തിനാണു വന്നതെന്ന കാര്യം തന്നെ മറന്ന് ഉറക്കമായി!

അടുത്ത ദിവസം ഭരതന്‍ മഹര്‍ഷിയോടു രാമന്‍ പോയ വഴിയെ പറ്റി ആരാഞ്ഞു.

ശ്രീരാമന്‍ ഇപ്പോള്‍ ചിത്രകൂടത്തിലുണ്ട്. മഹര്‍ഷി അറിയിച്ചു. 

താപസവേഷത്തില്‍ ഭരതശത്രുഘ്നന്‍മാരും, മായയില്‍ നിന്നുണര്‍ന്നു മറ്റുള്ളവരും പഞ്ചവടിയിലേയ്ക്കു തിരിച്ചു. 

അവിടെ, ഒരു വള്ളിക്കുടിലിന്റെ കവാടത്തില്‍ ലക്ഷ്മണന്‍ കാവല്‍ നില്‍ക്കുന്നു. ഉമ്മറത്തു ശ്രീരാമന്‍ ഇരിയ്ക്കുന്നു. സീതാദേവി അകത്താണ്. കൗസല്യയും സുമിത്രയും മക്കളെയും സീതയേയും ആലിങ്ഗനം ചെയ്തു. 

ഭരതന്‍ രാമന്റെ കാല്‍ക്കല്‍ വീണു. സ്ത്രീകളുടെ വാക്കുകള്‍ കേട്ടു വനവാസം സ്വീകരിച്ചോ എന്നു പരിഭവിച്ചു.

അച്ഛന്റെ ആജ്ഞയാണത്, ശ്രീരാമന്‍ പറഞ്ഞു. അദ്ദേഹം അച്ഛനെ കുറിച്ച് അന്വേഷിച്ചു.

ദശരഥചക്രവര്‍ത്തി സ്വര്‍ഗ്ഗം പൂകി. വസിഷ്ഠമുനി രാമനോടു പറഞ്ഞു. സംസ്കാരത്തെ പറ്റിയും പറഞ്ഞു. രാമലക്ഷ്മണന്മാരെയും സീതയേയും ആ വാര്‍ത്ത ദുഃഖത്തിലാഴ്ത്തി.

കുലഗുരു രാമനെ കൊണ്ടും ലക്ഷ്മണനെ കൊണ്ടും ചില കര്‍മ്മങ്ങള്‍ ചെയ്യിച്ചു. ഫല്‍ഗു നദിയിലായിരുന്നു ആ കര്‍മ്മങ്ങള്‍.

ഭരതനും വസിഷ്ഠമുനിയും നിര്‍ബ്ബന്ധിച്ചെങ്കിലും പ്രതിജ്ഞാലങ്ഘനം നടത്താന്‍ ശ്രീരാമന്‍ തയ്യാറായില്ല. പതിന്നാലു വര്‍ഷം വനവാസിയായി കഴിയണം. നന്ദിഗ്രാമം ആസ്ഥാനമാക്കി ഭരണം നടത്താന്‍ രാമന്‍ ഭരതനോട് ആവശ്യപ്പെട്ടു. രാമന്റെ പേരില്‍ ഭരണം നടത്താന്‍ ഭരതന്‍ ഒടുവില്‍ സമ്മതിച്ചു. പക്ഷെ, ശ്രീരാമന്റെ മെതിയടി വേണം.

ശ്രീരാമന്‍ അതു സമ്മതിച്ചു1. 

വന്നവര്‍ കണ്ണീരോടെ വിട പറഞ്ഞു. 

തിരികെ അയോദ്ധ്യയില്‍ എത്തിയ ഭരതനു വേണ്ടി നന്ദിഗ്രാമത്തില്‍ ദേവശില്പി വിശ്വകര്‍മ്മാവു നഗരം തീര്‍ത്തു. അവിടെ, കൊട്ടാരത്തിലെ സിംഹാസനത്തില്‍ രാമപാദുകം വച്ചു. രാമനാമത്തില്‍ ഭരതന്‍ രാജ്യകാര്യങ്ങള്‍ നടത്തി. 

ഒരു വര്‍ഷം കഴിഞ്ഞു. 

രാമന്‍ പിതാവിനു ശ്രാദ്ധം നടത്താന്‍ തീരുമാനിച്ചു. വനത്തിലേയ്ക്കു രാമനും ലക്ഷ്മണനും പഴങ്ങള്‍ക്കായി പോയപ്പോള്‍ സീതയ്ക്കു മുമ്പില്‍ ദശരഥന്‍ പ്രത്യക്ഷപ്പെട്ടു.

എനിയ്ക്കു വിശക്കുന്നു. നീ എനിയ്ക്കു ബലിച്ചോറു നല്‍കൂ. നീയും രാമനും എനിയ്ക്ക് ഒരു പോലെയാണ്. ദശരഥന്‍ പറഞ്ഞു.

രാമനില്ലാത്തപ്പോള്‍ ശ്രാദ്ധമൂട്ടുന്നതു ശരിയല്ല എന്നു സീത പറഞ്ഞെങ്കിലും ഭര്‍ത്തൃപിതാവിന്റെ ആവശ്യപ്രകാരം സീത  പിണ്ഡമര്‍പ്പിച്ചു. ദശരഥന്‍ അതു കഴിച്ചു.

ഒരു ബ്രാഹ്മണനും ഒരു തുളസിച്ചെടിയും ഒരു ആല്‍മരവും ഫല്‍ഗുനദിയുമായിരുന്നു സാക്ഷികള്‍.

ദശരഥന്‍ ശ്രാദ്ധം സ്വീകരിച്ചു മറഞ്ഞു.

ഫലങ്ങളുമായി തിരികെ വന്ന രാമനോടു പിതാവിനു ശ്രാദ്ധം നല്‍കിയെന്നു സീത പറഞ്ഞു. രാമന് അദ്ഭുതമായി. പിതാവിനെ കണ്ടതിനു സാക്ഷികള്‍ ആരെങ്കിലുമുണ്ടോ എന്നു രാമന്‍ ചോദിച്ചു. സീത സാക്ഷികള്‍ ഉണ്ടെന്നറിയിച്ചു. എന്നാല്‍ സാക്ഷികളായ ബ്രാഹ്മണനും തുളസിച്ചെടിയും ഫല്‍ഗുനദിയും ദശരഥനെ കണ്ടില്ല എന്നു പറഞ്ഞു.

സീതയ്ക്കു ദേഷ്യവും ദുഃഖവും ഒരുമിച്ചു വന്നു. ദേവി ബ്രാഹ്മണനെ ശപിച്ചു: എത്ര ധനവാന്മാരായാലും നിങ്ങള്‍ ഭിക്ഷക്കാരെ പോലെ അലയും.

പിന്നീടു തുളസിയെ ശപിച്ചു: കുറുക്കനും നായയും മലമൂത്രവിസര്‍ജ്ജനം നടത്തുന്നയിടത്തു നിങ്ങള്‍ വളരും.

ഫല്‍ഗു നദിയ്ക്കും ശാപം കിട്ടി: നീ ഭൂതലം വിട്ടു വെറും നീര്‍ച്ചാലായി മാറട്ടെ. നിന്റെ തടങ്ങളില്‍ നായ്ക്കളും കുറുക്കന്മാരും ഓടി നടക്കട്ടെ.

എന്നാല്‍ ആല്‍മരം സത്യം പറഞ്ഞു: രാമദേവ! അങ്ങു ചിന്താമണിയല്ലേ? എല്ലാറ്റിന്റെയും ഉള്ളില്‍ ഇരുന്നു ചിന്തിയ്ക്കുന്നവന്‍. അങ്ങിതു കണ്ടില്ലെന്നു പറഞ്ഞാല്‍ സാക്ഷാല്‍ നാരായണന്‍ തന്നെ സാക്ഷിയായി വരേണ്ടി വരും. ശ്രാദ്ധത്തിനു ശേഷമുള്ള ദാനത്തില്‍ കണ്ണുനട്ടാണു മറ്റുള്ളവര്‍ കള്ളം പറഞ്ഞത്. ദശരഥചക്രവര്‍ത്തി വന്നതും സീതാദേവി അദ്ദേഹത്തിനു ശ്രാദ്ധം നല്‍കിയതും അദ്ദേഹം സ്വര്‍ഗ്ഗത്തിലേയ്ക്കു മടങ്ങിയതും ഞാന്‍ കണ്ടു.

രാമനും സീതയ്ക്കും സന്തോഷമായി.

സീത ആല്‍മരത്തെ അനുഗ്രഹിച്ചു: വേനലില്‍ തണുപ്പും തണുപ്പുകാലത്തു ചൂടും നിന്നിലുണ്ടാവും എന്നും ഇലകളും ഫലങ്ങളുമായി, ശീതളച്ഛായ നല്‍കി നീ വാഴുക. 

സീതയും രാമനും ലക്ഷ്മണനും ചിത്രകൂടത്തില്‍ നിന്നു ഗയയില്‍ എത്തി.

ഗയന്‍ എന്ന അസുരന്റെ കഥ രാമന്‍ സീതയോടു പറഞ്ഞു. ഗയന്‍ മഹാശക്തനും അജയ്യനുമായിരുന്നു. അവന്‍ സ്വര്‍ഗ്ഗം കീഴടക്കി. ഇന്ദ്രനും ബ്രഹ്മാവും ശിവനും അവനോടു യുദ്ധം ചെയ്തു. ആര്‍ക്കും അവനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മഹാവിഷ്ണു ഗയനെ നേരിടാന്‍ എത്തി. ഗയന്‍ യുദ്ധത്തില്‍ പരാജയപ്പെട്ടു. ഗയന്റെ തലയില്‍ പാദം വച്ച വിഷ്ണു അവനെ പാതാളത്തിലേയ്ക്കയച്ചു.

മഹാവിഷ്ണു ഗയന്റെ തലയില്‍ പാദം വച്ച സ്ഥലം പിതൃക്കള്‍ക്കു ശ്രാദ്ധം നടത്താനുള്ള ഗയ1 എന്നു പേരുള്ള പുണ്യസ്ഥലമായി. അവിടെ തര്‍പ്പണം നടത്തുമ്പോള്‍ പൂര്‍വ്വികരുടെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിലെത്തുന്നു.

കുറിപ്പ്:
1. സീതയും രാമലക്ഷ്മണന്മാരും അയോധ്യയില്‍ നിന്നു നഗ്നപാദരായി തിരിച്ചു എന്നതു തെറ്റാണ്. താപസര്‍ മെതിയടി  ധരിയ്ക്കാറുണ്ടായിരുന്നു.  മൂവരും മെതിയടി ധരിച്ചാണ്  ഇറങ്ങിയത്  എന്നു  ധരിയ്ക്കേണ്ടി  വരുന്നു.

2. രാമന്റെ സഞ്ചാരം ചിത്രകൂട (ഉത്തര്‍പ്രദേശ്‌-മദ്ധ്യപ്രദേശ്‌ അതിര്‍ത്തിയില്‍) ത്തില്‍ നിന്നു ഗയയിലേയ്ക്കാണ്. ശ്രാദ്ധം ഗയനഗരത്തില്‍ ആയിരുന്നുവത്രെ. മറ്റൊരു കഥ. രാമനും ലക്ഷ്മണനും ബലിയ്ക്കു മുമ്പു  ബലിസാമഗ്രികള്‍ വാങ്ങാന്‍ പോയി. ബലിമുഹൂര്‍ത്തത്തിനു മുമ്പ് അവര്‍ എത്തിയില്ല. അങ്ങനെ സീത ബലിയിടേണ്ടി വന്നു. കാക്ക
, ബ്രാഹ്മണന്‍, കൈതപ്പൂവ്, പശു, ആല്‍മരം എന്നിവരായിരുന്നു സാക്ഷികള്‍. ആല്‍മരം സാക്ഷ്യം പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ ഭയന്നു നിന്നു. സീത ആല്‍മരത്തെ അനുഗ്രഹിച്ചു. മറ്റുള്ളവര്‍ക്കു ശാപം കിട്ടി.

3. ഗയ ചിത്രകൂടത്തിനു വളരെ കിഴക്കാണ് (ബീഹാറില്‍). അതിനു ശേഷം രാമാദികള്‍ ദണ്ഡകവനത്തിലെത്തുന്നു. ഇതു മദ്ധ്യേന്ത്യയുടെ കിഴക്കുഭാഗമാണ് (തെക്കന്‍ ഛത്തീസ് ഗഢ്) എന്നാണു ചരിത്രകാരന്മാരുടെ ഒരു വാദം. മദ്ധ്യേന്ത്യ മുഴുവനും ദണ്ഡകാരണ്യമായിരുന്നു എന്നും വാദമുണ്ട്. സീതാഹരണത്തിനു ശേഷം രാമലക്ഷ്മണന്മാര്‍ ദക്ഷിണേന്ത്യയില്‍ എത്തി എന്നാണു സങ്കല്‍പം.


അയോദ്ധ്യാകാണ്ഡം സമാപ്തം

അടുത്തത്: അരണ്യകാണ്ഡം

No comments:

Post a Comment

Part - 3 Christian Churches St. Stephen’s Church (CSI), Mundiyapalli Built in 1867, this is the oldest church of the...