Saturday, January 30, 2016

വടക്കുംനാഥക്ഷേത്രദര്‍ശനക്രമം - കിളിപ്പാട്ട്

ഓം നമഃശിവായ

വടക്കുംനാഥക്ഷേത്രദര്‍ശനക്രമം - കിളിപ്പാട്ട്
(കവി : പേരു ലഭ്യമല്ല)


വളരെ അപൂര്‍വ്വമായ ഒരു കിളിപ്പാട്ടാണിത്. ആരെഴുതി എന്നറിവില്ല. പത്തൊന്‍പതാം നൂറ്റാണ്ടിലോ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ എഴുതപ്പെട്ടതാവണം.


ഒരിയ്ക്കല്‍ വില്വമംഗലം സ്വാമികള്‍ വൈകുന്നേരം ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ശിവനെ സന്നിധിയില്‍ കണ്ടില്ല. തുടര്‍ന്നു തെക്കേ ഗോപുരത്തിനു സമീപം മതിലില്‍ ഇരിയ്ക്കുന്ന ശിവനെ കണ്ടു. കുമാരനല്ലൂര്‍ കാര്‍ത്തിക ഉത്സവം കണ്ടുകൊണ്ടിരിയ്ക്കുകയായിരുന്നു ശിവന്‍ എന്നാണ് ഐതിഹ്യം. പിന്നീട് എല്ലാ വര്‍ഷവും കുമാരനല്ലൂര്‍ കാര്‍ത്തിക (വൃശ്ചികം) നാളില്‍ തെക്കേ മതിലില്‍ ശിവസാന്നിധ്യം സങ്കല്‍പിച്ചു പൂജ ചെയ്യുമായിരുന്നു എന്നും പറയുന്നു. മുമ്പ് അവിടെയെത്തുന്ന ഭക്തര്‍ നിത്യേന ഈ സ്ഥലത്തും വന്ദിയ്ക്കുമായിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ ഈ ലേഖകന്‍ ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ ഇതു സംബന്ധിച്ച സംശയങ്ങള്‍ക്ക് ഉത്തരം പറയാന്‍ അമ്പലം ജീവനക്കാര്‍ കൂട്ടാക്കിയില്ല. തദ്ദേശവാസികളായ ഭക്തരും ഇവിടെ വന്ദിയ്ക്കുന്നതു കണ്ടില്ല. ഐതിഹ്യവും അവര്‍ കേട്ടിട്ടില്ല എന്നറിഞ്ഞു.

കുമാരനല്ലൂര്‍ കാര്‍ത്തികനാളിലെ പൂജ ഈ കിളിപ്പാട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. തൃശൂരോ പരിസരത്തോ ഉള്ള ആളല്ല കവി എന്നു തോന്നുന്നു. അല്ലെങ്കില്‍ അതു വിട്ടുപോയതാവാം.


ശ്രീവാസുദേവന്റെ പാദാംബുജം രണ്ടും
സേവിച്ചു മേവും കിളിക്കിടാവേ!
നെല്ലുവായമ്പിന തമ്പുരാന്‍തന്നുടെ
നല്ല കഥാമൃതം ചൊല്ലെന്നോട്!                      (01)

ഈരേഴുലകിനു വേരായ്മരുവുന്ന
നാരായണസ്വാമി! കാത്തുകൊള്‍ക
ഗോവിന്ദ! മാധവ! നാരായണാനന്ദ!
ശ്രീവാസുദേവ! ജഗന്നിവാസ!                    (02)

എന്നുള്ള നാമങ്ങള്‍ നന്നായ് ജപിക്കേണം
നന്നായ് വരുമെന്നു പൈങ്കിളിയും
അപ്പോള്‍ കിളിമകള്‍ ത്വല്‍പാദസല്‍ക്കഥ
കെല്‍പോടെ പാടിക്കളി തുടങ്ങി                 (03)

തൃശ്ശിവപേരൂര്‍ വടക്കുംനാഥന്‍തന്റെ
തൃക്കാല്‍ വണങ്ങി വരുന്നു ഞാനും
തൃശ്ശിവപേരൂര്‍ മതിലകത്തുള്ളോരു
ഈശ്വരന്മാരെത്തൊഴുതുപോരാന്‍               (04)

പാരം പരാധീനമുണ്ടെന്നറിഞ്ഞാലും
സാരമായുള്ള ക്രമത്തെക്കേള്‍പ്പിന്‍
ഏറ്റം ഗുണം പടിഞ്ഞാറെച്ചിറ തന്നില്‍
കാലത്തു ചെന്നു കുളിച്ചു കൊള്‍വിന്‍!           (05)

നല്ല പുടവയുടുത്തു വഴിപോലെ
നല്ലൊരു ശുദ്ധി വരുത്തിക്കൊണ്ട്
നാരായണാ”യെന്നു നാമം ജപിക്കണം
നേരായ വണ്ണം ഭവിക്കുമെന്നാല്‍                (06)

ശ്രീമൂലസ്ഥാനം പ്രദക്ഷിണം വെയ്ക്കണം
ശ്രീയ്ക്കും യശസ്സിനും സന്തതിയ്ക്കും
ആലിനൊരേഴുവലംവെച്ചു ഗോപുരം
ചാലേ കടന്നങ്ങിടത്തുഭാഗേ                      (07)

അര്‍ജ്ജുനന്‍തന്നുടെ വില്‍ക്കുഴിയില്‍ ചെന്നു
കാലും മുഖവും കഴുകിക്കൊണ്ട്
ഗോശാല തന്നിലമര്‍ന്നരുളീടുന്ന
ഗോവിന്ദനെച്ചെന്നു വന്ദിയ്ക്കേണം                (08)

പിന്നെ ഋഷഭത്തു ചെന്നു ഋഷഭനെ
നന്നായ് നിരൂപിച്ചു കൂപ്പിക്കൊള്‍വിന്‍
ഈശാനകോണില്‍ പരശുരാമന്‍തന്റെ
പാദം വണങ്ങി വലംവെയ്ക്കണം                  (09)

സംഹാരമൂര്‍ത്തിതന്‍ പിന്നില്‍ വസിയ്ക്കുന്ന
സിംഹോദരനെത്തൊഴുതു കൊള്‍വിന്‍
നേരെ വടക്കോട്ടൊരേഴുപദം വെച്ചു
വാരാണസീപനെ വന്ദിയ്ക്കേണം                   (10)

തെക്കുകിഴക്കുള്ള മുക്കില്‍ വസിയ്ക്കുന്ന
നല്‍ക്കല്ലുതന്നില്‍ക്കരേറിനിന്ന്
പൊന്നമ്പലത്തേയും രാമേശ്വരത്തേയും
നന്നായ് നിരൂപിച്ചു കൂപ്പിക്കൊള്‍വിന്‍           (11)

തെക്കുള്ള ഗോപുരം തന്നില്‍ കൊടുങ്ങല്ലൂര്‍
ശ്രീഭദ്രകാളിയെ വന്ദിയ്ക്കേണം
തെക്കുപടിഞ്ഞാറുമുക്കില്‍ക്കിടക്കുന്ന
നല്‍ക്കല്ലുതന്നില്‍ക്കരേറിനിന്ന്                   (12)

ഊരകത്തമ്മ തിരുവടിയെപ്പിന്നെ-
ക്കൂടല്‍മാണിക്യത്തെക്കൂടെക്കൂപ്പിന്‍
അമ്പോടു താഴികകുംഭങ്ങള്‍ മൂന്നുമേ
കുമ്പിട്ടിറങ്ങിത്തൊഴുതുകൊണ്ട്                    (13)

വ്യാസനെച്ചിന്തിച്ചങ്ങമ്പത്തൊന്നക്ഷരം
വ്യാസശിലമേലെഴുതീടണം
അയ്യപ്പനേയും തൊഴുതു പടിഞ്ഞാട്ടൊ-
രഞ്ചെട്ടുപത്തടി പോന്ന ശേഷം                  (14)

നേരെ വടക്കുഭാഗത്തു മുളച്ചുള്ള
പുഷ്പം പറിച്ചങ്ങു ചൂടിക്കൊണ്ട്
ശംഖുചക്രങ്ങളെ വന്ദിച്ചുടന്‍ പിന്നെ-
ശ്ശങ്കരന്‍തന്റെ നടയില്‍ക്കൂടി                       (15)

വാമഭഗത്തുള്ള ചിത്രം വണങ്ങീട്ടു
ഭൂമീശ്വരന്മാരെ വന്ദിയ്ക്കേണം
നീലകണ്ഠന്‍തന്റെ രൂപത്തെ ധ്യാനിച്ചു
ചുറ്റിന്നകത്തു കടന്നുകൊള്‍ക                      (16)

മണ്ഡപംതന്നില്‍ വസിയ്ക്കുന്ന വിപ്രരെ
നന്ദിച്ചു വന്ദനം ചെയ്തീടേണം
മണ്ഡപത്തിന്റെയിടത്തുഭാഗേ ചെന്നു
ചണ്ഡികാനൃത്തത്തെ വന്ദിയ്ക്കേണം             (17)

ശങ്ക വെടിഞ്ഞു വടക്കുംനാഥന്‍തന്റെ
പാദാബ്ജം രണ്ടുമേ കൂപ്പിക്കൊള്‍ക
മണ്ഡപത്തിന്റെ വലത്തുഭാഗേ ചെന്നു
പിന്നെയുമീശനെ വന്ദിയ്ക്കേണം                   (18)

പിന്നെ ഭഗവതി പിന്നെ ഗണപതി
പിന്നെ നടുവിലും തെക്കും പിന്നെ
പിന്നെ ഗണപതി പിന്നെ ഭഗവതി
പിന്നെ ക്രമേണ വടക്കുംനാഥന്‍                 (19)

പിന്നെ ഗണപതി പിന്നെ നടുവിലും
പിന്നെ തെക്കും നടുവിലും കേള്‍
പിന്നെ ഗണപതി പിന്നെ ഭഗവതി
പിന്നെ ക്രമേണ വടക്കുംനാഥന്‍                 (20)

അമ്പിളിയും നല്ല തുമ്പയണിയുന്ന
തമ്പുരാനെന്റെ വടക്കുംനാഥാ!
മംഗല്യമില്ലാത്ത മങ്കമാര്‍ക്കൊക്കെയും
മംഗല്യം നല്‍കും വടക്കുംനാഥാ!                 (21)

ഇല്ലവും ചെല്ലവും നെല്ലും പണങ്ങളും
എല്ലാം വളര്‍ത്തും വടക്കുംനാഥാ!
നിന്തിരുപാദങ്ങള്‍ സേവിപ്പവര്‍ക്കുള്ള
സന്താപമൊക്കെയകറ്റും നാഥാ!                 (22)

എന്നുടെ കഷ്ടകാലങ്ങളകറ്റിക്കൊ-
ണ്ടെന്നെയനുഗ്രഹിയ്ക്കേണം നാഥാ!
ശങ്കരാ! ശ്രീകണ്ഠ! പന്നഗഭൂഷണ!
നിന്തിരുപാദങ്ങള്‍ വന്ദിയ്ക്കുന്നേന്‍                 (23)

++++++

30/01/2016
Friday, January 29, 2016

Lost in Sea: USS Indianapolis - WW II Warship


യു.എസ്.എസ്. ഇന്‍ഡ്യാനപൊളിസ്

1996-ല്‍ 12 വയസുള്ള ഹണ്ടര്‍ സ്കോട്ട് എന്ന അമേരിക്കന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ഒരു പാഠ്യപദ്ധതിയുടെ ഭാഗമായി ഒരു പ്രോജക്റ്റ് ചെയ്തു. അതു ചില സംഭവങ്ങള്‍ക്കു തുടക്കം കുറിച്ചു. പ്രശ്നം അമേരിക്കന്‍ സെനറ്റിലെത്തി. ചില നടപടികള്‍ക്കു തുടക്കമായി. നടപടികള്‍ കഴിഞ്ഞപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഒരുത്തരവ് പ്രസിഡന്‍റ് വില്ല്യം ക്ലിന്റന്റെ മുമ്പിലെത്തി. അദ്ദേഹം അതില്‍ ഒപ്പിട്ടതോടെ പ്രഗത്ഭനായ ഒരു നാവികനെ നാണം കെടുത്തിയ പാപഭാരം ഒഴിഞ്ഞു. പക്ഷെ, അതിനൊക്കെ വളരെ മുമ്പ് ആ നാവികന്‍ ആത്മഹത്യ ചെയ്തിരുന്നു!

യു.എസ്.എസ്.ഇന്‍ഡ്യാനപൊളിസ്

ഹണ്ടര്‍ സ്കോട്ട് എന്ന പയ്യന്‍ യു.എസ്.എസ്. ഇന്‍ഡ്യാനപൊളിസ്  എന്ന അമേരിക്കന്‍ യുദ്ധക്കപ്പലിനെ പറ്റിയാണ് പ്രോജക്റ്റ് തയാറാക്കിയത്. ഏതാണ്ടു 10,000 ടണ്‍ ഭാരവും 610 അടി നീളവുമുള്ള കപ്പലായിരുന്നു ഇത്. 60 കി.മീ വേഗത്തില്‍ വരെ സഞ്ചരിയ്ക്കാം. വേഗത ക്രമീകരിച്ചാല്‍ ഒറ്റ യാത്രയില്‍ 12,000 കി.മീ താണ്ടാന്‍ കഴിവ്.  115,000-ഓളം കുതിരശക്തി. 1931-ല്‍ പണി തീര്‍ത്തതാണ്. ഇന്‍ഡി (Indy) എന്നായിരുന്നു ചെല്ലപ്പേര്. CA-35 എന്നു സാങ്കേതികനാമം. പല നാവികയുദ്ധങ്ങളിലും പങ്കെടുത്തു പേരെടുത്ത കപ്പലായിരുന്നു ഇന്‍ഡ്യാനപൊളിസ്.

രണ്ടാം ലോകമഹായുദ്ധ (1937-1945) ത്തിന്റെ ഇടയില്‍ വളരെ രഹസ്യമായ ഒരു അപൂര്‍വ്വദൌത്യം ഈ കപ്പലിനുണ്ടായിരുന്നു. ജപ്പാനു വളരെ തെക്കും ഫിലിപ്പൈന്‍സിനു കിഴക്കും ഉള്ള, മരിയന്‍ ദ്വീപസമൂഹത്തിലെ ടിനിയന്‍ ദ്വീപില്‍ ആണവരാസവസ്തുവായ യുറേനിയം-235’ എത്തിയ്ക്കുക. ഒപ്പം ബോംബിന്റെ മറ്റു സാധനങ്ങളും. അമേരിക്കന്‍ കപ്പല്‍പ്പടയുടെ അഞ്ചാംവ്യൂഹത്തിന്റെ ഒരു താവളമായിരുന്നു ഇത്. ഹവായിദ്വീപില്‍ നിന്നും അതു ഇന്‍ഡ്യാനപൊളിസ് ടിനിയനിലെത്തിച്ചു. ജൂലൈ 26-ന്. ഇവ പിന്നീടു ജപ്പാനില്‍ ബോംബ്‌ ഇടാന്‍ (ആഗസ്റ്റ്‌ 6) ഉപയോഗിച്ചു. അമേരിക്കയുടെ അഞ്ചാം നാവികവ്യൂഹത്തിന്റെ മുഖ്യകപ്പലായിരുന്നു ഇന്‍ഡ്യാനപൊളിസ്. ഈ യാത്രകളെല്ലാം ഇന്‍ഡ്യാനപൊളിസ് അകമ്പടിക്കപ്പലുകള്‍ ഇല്ലാതെയാണു നിര്‍വ്വഹിച്ചത്.


ക്യാപ്റ്റന്‍ ചാള്‍സ് ബി.മക്വേ
അവിടെ നിന്നു കപ്പല്‍ അതിനു കുറച്ചു തെക്കുള്ള മറ്റൊരു യു.എസ്. താവളമായ ഗ്വാം ദ്വീപിലെത്തി. ഗ്വാമില്‍ ചിലരെ ഇറക്കി. അവിടെ നിന്നും ജൂലൈ 28-നു ഫിലിപ്പൈന്‍സിലെ ലെയറ്റെ (Leyte) എന്ന താവളത്തിലേയ്ക്കു തിരിച്ചു. ഇവിടെയായിരുന്നു കപ്പല്‍പ്പടയുടെ ഏഴാം വ്യൂഹം. ഗ്വാമില്‍ നിന്നു ഏകദേശം 2000  കി.മീ. ദൂരെയാണു ലെയറ്റെ.

ഇതാണു ഇന്‍ഡ്യാനപോളിസിന്റെ അന്ത്യയാത്ര. 29-നു അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ (ജൂലൈ 30, 00:14:00) ഐ-58 എന്ന ജാപ്പനീസ് മുങ്ങിക്കപ്പല്‍ രണ്ടു ടോര്‍പിഡോകള്‍ വിട്ടു. കപ്പലിന്റെ ഭാഗങ്ങള്‍ ചിതറി. ഇന്ധനടാങ്കിനു തീ പിടിച്ചു. 12 മിനിറ്റില്‍ ഇന്‍ഡ്യാനപോളിസ് ഫിലിപ്പൈന്‍ കടലില്‍ താണു.


കപ്പല്‍ തകര്‍ന്ന സ്ഥലം (വൃത്തങ്ങള്‍  സ്ഥലത്തെ സൂചിപ്പിക്കുന്നു).
1196 നാവികരില്‍ 200-ലേറെ കപ്പലോടൊപ്പം മുങ്ങി മരിച്ചു. ബാക്കിയുള്ളവരില്‍ കുറേപ്പേര്‍ വെള്ളത്തില്‍ ക്രമേണ മരിച്ചു താണു. ചിലര്‍ക്കു ലൈഫ്ജാക്കറ്റ് ഇല്ലായിരുന്നു. ഉള്ള ലൈഫ് ബോട്ടുകളില്‍ ചിലര്‍  കയറിപ്പറ്റി.  ലൈഫ് ജാക്കറ്റ് ഉള്ളവര്‍ അതില്ലാത്തവരെ പൊങ്ങിക്കിടക്കാന്‍ സഹായിച്ചു. കപ്പലിന്റെ കാപ്റ്റന്‍ ചാള്‍സ് ബി. മക്വേ സാന്ത്വനവും നിര്‍ദ്ദേശങ്ങളും സഹായവുമായി എപ്പോഴും ഒപ്പമുണ്ടായിരുന്നു. നാലു ദിവസം ഇങ്ങനെ കഴിയേണ്ടി വന്നു. ചിലരെ സ്രാവുകള്‍ കടിച്ചുകീറിത്തിന്നു. മൃതദേഹങ്ങളും സ്രാവുകള്‍ക്കു ഭക്ഷണമായി. എല്ലാവരും സംഘമായി പൊങ്ങിക്കിടക്കാന്‍ ശ്രമിച്ചു. ആരെങ്കിലും മരിച്ചാല്‍ അവരുടെ ശരീരം ഉന്തിത്തള്ളിയകറ്റി - ജീവനുള്ളവര്‍ സ്രാവുകളാല്‍ ആക്രമിയ്ക്കപ്പെടാതിരിയ്ക്കാന്‍ വേണ്ടി. ചിലര്‍ക്കു ബുദ്ധിഭ്രമം പിടിപെട്ടു. അവര്‍ കരയും കപ്പലുകളും കാണുന്നുവെന്നു വിളിച്ചു പറഞ്ഞു.  ബുദ്ധിഭ്രമം പിടിപെട്ട ചിലര്‍ മുങ്ങിത്താണപ്പോള്‍ കൂടെയുള്ളവരെയും വലിച്ചു താഴ്ത്തി ആഴങ്ങളിലേയ്ക്കു കൊണ്ടുപോയി! ലൈഫ്ബോട്ടിലെ ഭക്ഷണം തികയുമായിരുന്നില്ല. ഉപ്പു വെള്ളം കുടിച്ചാല്‍ മരണം ഉറപ്പായിരുന്നു. അങ്ങനെയും ചിലര്‍ മരിച്ചു. ശരീരത്തില്‍ ഈര്‍പ്പം കൊണ്ടുള്ള അസ്വസ്ഥതകള്‍ കാരണം ചിലര്‍ മുങ്ങിത്താണു. മൊത്തം മരണം 883 ആണെന്നു ചില രേഖകള്‍.

വൈറ്റ് റ്റിപ് (Whitetip) എന്ന തരം സ്രാവായിരുന്നത്രേ ഏറ്റവും അപകടകാരികള്‍. ലൈഫ്ബോട്ടില്‍ നിന്നെടുത്ത മാംസഭക്ഷണം വലിച്ചെറിയേണ്ടി വന്നു. മാംസഗന്ധം സ്രാവുകളെ ആകര്‍ഷിയ്ക്കുമെന്നു ഭയന്ന്. എന്തായാലും വെള്ളത്തില്‍ ചിതറി വീണ മനുഷ്യശരീരഭാഗങ്ങളും ചോരയും ആണു സ്രാവുകളെ കൂട്ടമായി എത്തിച്ചത്.

പൊങ്ങിക്കിടന്നവരില്‍  ചിലര്‍ ഏതാണ്ടു 40 കി.മീ. ദൂരെ വരെ പരസ്പരം അകന്നു. നിറയെ നാവികര്‍ കയറിയ ലൈഫ് ബോട്ടുകളും അകന്നു പോയിരുന്നു. അതിലൊന്നിലായിരുന്നു, ഇന്‍ഡ്യാനപൊളിസിന്റെ കാപ്റ്റന്‍ ചാള്‍സ് ബി. മക്വേ.

നാലാമത്തെ ദിവസം സാധാരണയായുള്ള നിരീക്ഷണപ്പറക്കലിനെത്തിയ ഒരു വിമാനം കുറേ പേരെ യാദൃശ്ചികമായി കണ്ടെത്തി. പിന്നീടു വെള്ളത്തിലിറക്കാവുന്ന ഒരു നിരീക്ഷണവിമാനവുമെത്തി. അങ്ങനെയാണു അമേരിക്ക കപ്പല്‍ നഷ്ടപ്പെട്ട കഥയറിയുന്നത്. പല കപ്പലുകളും എത്തി. അടുത്ത ദിവസമാണു കാപ്റ്റനെയും സംഘത്തെയും കണ്ടെത്തിയത്. 321-പേരെ രക്ഷപ്പെടുത്തി. അതില്‍ ഗുരുതരാവസ്ഥയിലായിരുന്ന നാലു പേര്‍ പിന്നീടു മരിച്ചു. ഏതാണ്ടു 150 പേരെങ്കിലും സ്രാവുകള്‍ക്കു ഭക്ഷണമായി എന്നാണു കരുതപ്പെടുന്നത്.

എല്ലാത്തിലും വിദഗ്ദ്ധരെന്നു സ്വയം കരുതിയ അമേരിക്കക്കാരുടെ വീഴ്ചകളാണു ഇന്‍ഡ്യാനപൊളിസിന്റെ തകര്‍ച്ചയ്ക്കു പിന്നില്‍. പക്ഷെ, അത് അവര്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചു. മരിച്ച സൈനികരുടെ കുടുംബാംഗങ്ങളും പൊതുജനവും വലിയ കോളിളക്കം സൃഷ്ടിച്ചു. ആഗസ്റ്റില്‍ ജപ്പാന്‍ കീഴടങ്ങി. ജപ്പാന്റെ മേലുള്ള വിജയം ആഘോഷിയ്ക്കാന്‍ അമേരിക്കയ്ക്കു കഴിഞ്ഞില്ല. ഇന്‍ഡ്യാനപൊളിസിന്റെ


ക്യാപ്റ്റന്‍ മക്വേ (നടുക്ക്) വിചാരണവേളയില്‍
ദുരന്തം കാരണം. യുദ്ധത്തില്‍ 380  നാവികക്കപ്പലുകള്‍ അമേരിക്കയ്ക്കു നഷ്ടപ്പെട്ടെങ്കിലും കാപ്റ്റന്‍ മക്വേ മാത്രമേ വിചാരണ നേരിട്ടുള്ളൂ. കാപ്റ്റന്‍ മക്വേയെ കുറ്റക്കാരനാക്കി തലയൂരാന്‍ വേണ്ടി അദ്ദേഹത്തെ കോര്‍ട്ട്-മാര്‍ഷല്‍ ചെയ്തു. അഡ്മിറല്‍ ഏണസ്റ്റ് കിംഗ് ആയിരുന്നു ഇതിനു പിന്നില്‍. കപ്പല്‍ വെട്ടിച്ച് (zigzag path) ഓടിച്ചില്ല എന്ന കുറ്റം നില നില്‍ക്കുന്നു എന്നവര്‍ കണ്ടെത്തി. ജനുവരി 3, 1946-നായിരുന്നു വിധി.

ടോര്‍പ്പിഡോ അയച്ച ജാപ്പനീസ്‌ കപ്പലിന്റെ കാപ്റ്റന്‍ എം. ഹാഷിമോട്ടോയെ വരെ കുറ്റം  തെളിയിക്കാന്‍ കിംഗും കൂട്ടരും അമേരിക്കയിലെത്തിച്ചിരുന്നു. എന്നാല്‍, കപ്പല്‍ വെട്ടിച്ച് ഓടിച്ചിരുന്നെങ്കിലും ടോര്‍പ്പിഡോയില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല എന്നദ്ദേഹം പുറത്തു പറഞ്ഞെങ്കിലും അതു വ്യക്തമായി വിചാരണസമയത്തു പറഞ്ഞില്ല. കാപ്റ്റന്‍ മക്വേയെ

ജാപ്പനീസ് കമാന്‍ഡര്‍ എം. ഹാഷിമോട്ടോ
തരം താഴ്ത്തിയില്ല. പക്ഷെ, സീനിയോറിറ്റി നഷ്ടമായി; അദ്ദേഹം കുറ്റക്കാരനാണെന്നു വിധിച്ചത് ഒരു കളങ്കമായി രേഖകളില്‍ തങ്ങി. (ഒക്ടോബര്‍ 25, 2000-ല്‍ 91 വയസ്സില്‍ മരിയ്ക്കുന്നതിനു മുമ്പു കാപ്റ്റന്‍ ഹാഷിമോട്ടോ ഈ അന്വേഷണത്തിന്റെ ആര്‍ജ്ജവത്തെയും ഉദ്ദേശശുദ്ധിയെയും ചോദ്യം ചെയ്തിരുന്നു).

കിംഗിന് ഇതു പ്രതികാരം തീര്‍ക്കാന്‍ ഒരവസരമായിരുന്നു എന്നു കാപ്റ്റന്‍ മക്വേയുടെ അച്ഛനും റിയര്‍ അഡ്മിറല്‍ പദവിയിലിരുന്ന ആളുമായിരുന്ന മക്വേ ( മകനും അച്ഛനും മുത്തച്ഛനും ഒരേ പേരാണ്) ആരോപിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ കിംഗ് ജോലി ചെയ്തിരുന്ന കാലത്തു കപ്പലില്‍ സ്ത്രീകളെ കൊണ്ടുവന്നതിനു കിംഗിനെതിരെ നടപടിയെടുത്തിരുന്നു. മാത്രമല്ല, അഞ്ചു ദിവസം  നാവികരെ രക്ഷപ്പെടുത്താന്‍ എത്താതിരുന്നത് എന്തുകൊണ്ട് എന്ന കാപ്റ്റന്‍ മക്വേയുടെ ചോദ്യം അധികൃതരെ അലോസരപ്പെടുത്തി. കാപ്റ്റന്‍ മക്വേയുടെ വക്കീലിനെ പോലും കിംഗ് ആണു നിയമിച്ചത്. വക്കീല്‍ വാദങ്ങള്‍ ശരിയായി നിരത്തിയില്ല. അതായിരുന്നു കിംഗിന്റെ ഉദ്ദേശ്യവും.


1949-ല്‍ 51 വയസ്സായപ്പോള്‍ മക്വേ  അടുത്തൂണ്‍ പറ്റി. അപ്പോള്‍ അദ്ദേഹം റിയര്‍ അഡ്മിറല്‍ ആയിരുന്നു.

കപ്പലിന്റെ ഭീകരമായ അന്ത്യം മാനസികമായി അദ്ദേഹത്തെ അലട്ടി. കടലില്‍ മരിച്ച നാവികരുടെ കുടുംബങ്ങളുടെ ആരോപണങ്ങള്‍ തുടര്‍ന്നു. ഇത് അസ്വാസ്ഥ്യം വര്‍ദ്ധിപ്പിച്ചു. ‘ക്രിസ്തുമസ് ആശംസകള്‍! നിങ്ങള്‍ കൊന്ന ഞങ്ങളുടെ മകനുണ്ടായിരുനെങ്കില്‍ ഞങ്ങളുടെ ക്രിസ്തുമസ് എത്ര നല്ലതാകുമായിരുന്നു’ എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു. പിന്നീടു കാന്‍സര്‍ രോഗത്താല്‍ ഭാര്യയും മരിച്ചു. അദ്ദേഹം കുറ്റക്കാരനല്ല എന്നു രക്ഷപ്പെട്ട നാവികര്‍ വിശ്വസിച്ചിരുന്നു. അവര്‍ അദ്ദേഹത്തെ സാന്ത്വനിപ്പിയ്ക്കുമായിരുന്നെങ്കിലും 1968-ല്‍ അദ്ദേഹം സ്വയം വെടിവെച്ചു മരിച്ചു. 70 വയസ്സായിരുന്നു അപ്പോള്‍ പ്രായം. അങ്ങനെ ഇന്‍ഡ്യാനപൊളിസിന്റെ ചരിത്രത്തിലെ അവസാനമൃത്യു സ്വന്തം രാജ്യത്തു കരയില്‍ നടന്നു.

ഹണ്ടര്‍ സ്കോട്ട് എന്ന വിദ്യാര്‍ഥി 1996-ല്‍ ഇന്‍ഡ്യാനപൊളിസില്‍ നിന്നു രക്ഷപ്പെട്ട 150 നാവികരുമായി അഭിമുഖം നടത്തി. കിട്ടിയ 800-ല്‍ പരം രേഖകളും പരിശോധിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ ഒരു പുനരന്വേഷണം നടത്തിയത്. സ്കോട്ട് ഇപ്പോള്‍ നേവിയില്‍ ഓഫീസറാണ്. ലഭ്യമായിരുന്ന കാര്യങ്ങള്‍ കോര്‍ട്ട്-മാര്‍ഷല്‍ നടത്തിയവര്‍ ഉപയോഗിച്ചില്ല എന്നു കണ്ടെത്തി. അവ താഴെപ്പറയുന്നവയാണ്:

ഫിലിപ്പൈന്‍ സമുദ്രത്തില്‍ ജാപ്പാനീസ് മുങ്ങിക്കപ്പലുകള്‍ ഇല്ല എന്നു ഗ്വാമിലുള്ള അധികാരികള്‍ കാപ്റ്റന്‍ മക്വേയെ ധരിപ്പിച്ചു. വാസ്തവത്തില്‍ അതിനു കുറച്ചു ദിവസം മുമ്പ് ഒരു അമേരിക്കന്‍ കപ്പല്‍ (അണ്ടര്‍ഹില്‍) ജപ്പാന്‍ മുക്കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ നേവിക്കു അവിടെ നാലു ജാപ്പനീസ് മുങ്ങിക്കപ്പലുകള്‍ - ഐ 58 ഉള്‍പ്പടെ – ഉള്ളതായി അറിയാമായിരുന്നു എന്നു പിന്നീടു തെളിഞ്ഞു.
  1. എല്ലാ യുദ്ധക്കപ്പലുകളിലും (destroyers) മുങ്ങിക്കപ്പലുകളെ കണ്ടുപിടിയ്ക്കാന്‍ സംവിധാനം ഉണ്ടായിരുന്നെങ്കിലും ഇന്‍ഡ്യാനപൊളിസില്‍ അതില്ലായിരുന്നു!
  2. കാപ്റ്റന്‍ മക്വേ ഒരു അകമ്പടിക്കപ്പല്‍ വേണമെന്നു പറഞ്ഞിരുന്നെങ്കിലും അധികാരികള്‍ അതു നിരാകരിച്ചു.
  3. കപ്പല്‍ മുങ്ങിത്താഴും മുന്‍പ് അദ്ദേഹം മൂന്നു എസ്.ഒ.എസ്. സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതു കിട്ടിയ മൂന്നു നിലയങ്ങളിലും ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥര്‍ നടപടിയെടുത്തില്ല. ഒരാള്‍ മദ്യപിച്ചു ലക്കുകെട്ട് ഉറങ്ങുകയായിരുന്നു. വിളിച്ചുണര്‍ത്തി സന്ദേശം നല്‍കിയിട്ടും അയാള്‍ (കമ്മഡോര്‍ ജേക്കബ്. എച്.  ജേക്കബ്സണ്‍, ലെയറ്റെ) ഗൌരവമായി എടുത്തില്ല. മറ്റൊരാള്‍, ‘എന്നെ ഉണര്‍ത്തരുത്’ എന്ന നിര്‍ദ്ദേശം നല്‍കി ഉറങ്ങുകയായിരുന്നു. മൂന്നാമനാവട്ടെ, ഇതു ജപ്പാന്‍കാരുടെ കെണിയാവുമെന്നും കരുതി.
  4. എസ്.ഒ.എസ്. സന്ദേശങ്ങള്‍ 5 അമേരിക്കന്‍ കപ്പലുകള്‍ക്കും കിട്ടി. അവര്‍ നടപടിയെടുത്തില്ല.
  5. ഫിലിപ്പൈന്‍ സമുദ്രത്തില്‍ ഒരു കപ്പല്‍ മുക്കി എന്ന സന്ദേശം കാപ്റ്റന്‍ ഹാഷിമോട്ടോ ജപ്പാനിലേയ്ക്കയച്ചത് അമേരിക്കന്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു, പക്ഷെ അന്വേഷിയ്ക്കാന്‍ കൂട്ടാക്കിയില്ല.
  6. ജൂലൈ 31-നു കപ്പല്‍ ലെയറ്റെയില്‍ എത്താതിരുന്നപ്പോള്‍ ഒരന്വേഷണവും നടത്തിയില്ല. അഞ്ചാം വ്യൂഹത്തില്‍ നിന്ന് ഏഴാം വ്യൂഹത്തിലെക്കുള്ള ഇന്‍ഡ്യാനപൊളിസിന്റെ സ്ഥലംമാറ്റം അവിടെയുള്ളവര്‍ക്ക് അജ്ഞാതമായിരുന്നു താനും! അവിടുത്തെ നാവികമേധാവിയായിരുന്ന റിയര്‍ അഡ്മിറല്‍ എല്‍.ഡി. മക്മോര്‍മിക്കിനു ഇതു സംബന്ധിച്ച വിവരം കിട്ടിയിരുന്നില്ല.


പരോക്ഷമായി ചിലര്‍ ജനറല്‍ മക്ആര്‍തറിനെയും കുറ്റപ്പെടുത്തുന്നു. കിഴക്കന്‍ ഏഷ്യയിലെ അമേരിക്കന്‍ സര്‍വ്വസൈന്യാധിപനായിരുന്നു അദ്ദേഹം. എല്ലാ സന്ദേശങ്ങളും അദ്ദേഹത്തിന്റെ ‘സ്റ്റേഷന്‍’ വഴിയേ കൈമാറാവൂ എന്ന ഒരുത്തരവ് അദ്ദേഹം പുറപ്പെടുവിച്ചിരുന്നു. ഇതു യഥാസമയം സന്ദേശങ്ങള്‍ കൈമാറുന്നതില്‍ താമസം വരുത്തിയിരുന്നത്രേ.

ഗ്രഹപ്പിഴ വരുമ്പോള്‍ കൂട്ടത്തോടെ!

2000-ല്‍ അമേരിക്കന്‍ സെനറ്റ് പരിഹാരകര്‍മ്മം നടത്തി. അമേരിക്കന്‍ ജനപ്രതിനിധിസഭയുടെ തീരുമാനം ഇങ്ങനെയായിരുന്നു: "Captain McVay's military record should now reflect that he is exonerated for the loss of the USS Indianapolis". കാപ്റ്റന്‍ മക്വേയെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കി. പ്രസിഡണ്ട്‌ വില്ല്യം ക്ലിന്റന്‍ ഉത്തരവില്‍ ഒപ്പു വച്ചു.

കടലില്‍ മൃതരായ ഇന്‍ഡ്യാനപൊളിസിന്റെ നാവികരെ ആദരിയ്ക്കാന്‍ വേണ്ടി ഹിരോഷിമയിലിട്ട ബോംബിന്റെ മേല്‍ വൈമാനികര്‍ ഇങ്ങനെ കുറിച്ചിരുന്നു: ഇന്‍ഡ്യാനപൊളിസിലെ ആത്മാക്കള്‍ക്കുള്ള സമ്മാനം’. ജപ്പാന്‍ കീഴടങ്ങിയ വിവരവും ഇന്‍ഡ്യാനപൊളിസ് തകര്‍ന്നു മുങ്ങിയ വിവരവും അമേരിക്കയില്‍ ഒരേ ദിവസത്തെ പത്രങ്ങളിലാണു വന്നത്. കപ്പല്‍ തകര്‍ന്ന വാര്‍ത്ത  അവസാനപേജിലാക്കിയിരുന്നു എന്നു മാത്രം! നിന്ദ അങ്ങനെയും!

തകര്‍ന്ന കപ്പലിന്റെ ഓര്‍മ്മയ്ക്കായി മറ്റൊരു ഇന്‍ഡ്യാനപൊളിസും അമേരിക്ക ഉണ്ടാക്കി. 1998-ല്‍ അതു സേവനത്തില്‍ നിന്നും പിന്‍ലിയ്ക്കപ്പെട്ടു. അന്നത്തെ കാപ്റ്റന്‍ വില്ല്യം ജെ ടോട്ടി, ആദ്യത്തെ ഇന്‍ഡ്യാനപൊളിസിലെ അന്നു ജീവിച്ചിരുന്ന എല്ലാ നാവികരെയും ‘ഡികമ്മീഷന്‍’ ചടങ്ങിനു വിളിച്ചിരുന്നു. കാപ്റ്റന്‍ മക്വേയുടെ കളങ്കം മാറ്റാനുള്ള യുദ്ധത്തില്‍ അവര്‍ ടോട്ടിയുടെ സഹായം അഭ്യര്‍ത്ഥിച്ചു.

വിരമിച്ച ശേഷമെഴുതിയ ഒരു ലേഖനത്തില്‍ കാപ്റ്റന്‍ ടോട്ടി പഴയ ‘അന്വേഷണപ്രഹസന’ത്തെ നിശിതമായി വിമര്‍ശിച്ചു. കാപ്റ്റന്‍ മക്വേയുടെ തീരുമാനങ്ങളെ ശരി വച്ച അദ്ദേഹം, ആത്യന്തികമായി – നിയമപരമായും - എല്ലാ ഉത്തരവാദിത്വവും കാപ്റ്റന്റെ മേലാണെങ്കിലും സത്യത്തില്‍ അങ്ങനെയാവണമെന്നില്ല എന്നു വാദിയ്ക്കുന്നു. ‘ഒരു ശക്തമായ തിരമാലയില്‍ പെട്ടതിനാല്‍ പരമ്പരാഗതമായ രീതിയില്‍ കപ്പലിനോടൊപ്പം മുങ്ങിമരിച്ചില്ല’ എന്നു കാപ്റ്റന്‍ മക്വേ പറഞ്ഞിരുന്നു. ഇതും പരിഹാസപൂര്‍വ്വം കൊണ്ടാടിയവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതു യൂറോപ്പിലെ പഴഞ്ചന്‍ തത്വചിന്തയാണെന്നും ആധുനികനേവിയില്‍ ഇങ്ങനെയൊരു പാരമ്പര്യമോ നിയമമോ ഇല്ലായെന്നും ടോട്ടി പറയുന്നു. മരണത്തോടു മല്ലിടുന്നവര്‍ക്കു വേണ്ടിയും രക്ഷാനടപടികള്‍ക്കായും കാപ്റ്റന്‍ ജീവിച്ചിരിയ്ക്കണം എന്നു പരോക്ഷമായി അദ്ദേഹം സൂചിപ്പിയ്ക്കുന്നു. (‘സതി’ പോലെ ഒരു ദുരാചാരമാണിത് എന്നു കരുതാം. 1971-ല്‍ ഇന്തോ-പാക് യുദ്ധം നടന്നപ്പോള്‍ ഇന്ത്യയുടെ ഐ.എന്‍.എസ്. ഖുക്രി എന്ന ഒരു യുദ്ധക്കപ്പലിനെ പാകിസ്ഥാന്‍ മുക്കിയിരുന്നു. കാപ്റ്റന്‍ മഹേന്ദ്രനാഥ മുള്ളയ്ക്കു രക്ഷപ്പെടാമായിരുന്നുവെങ്കിലും അദ്ദേഹം കപ്പലിനൊപ്പം മുങ്ങുവാന്‍ തീരുമാനിച്ചു).

ഇന്‍ഡ്യാനപൊളിസിലെ രക്ഷപ്പെട്ട നാവികര്‍ എല്ലാ വര്‍ഷവും ഒത്തുകൂടുന്നു. ഓരോരുത്തരായി അവരും കൊഴിഞ്ഞുപോയിക്കൊണ്ടിരിയ്ക്കുന്നു. എഴുപതാമത്തെ സംഗമം ജൂലൈ 23-26, 2015-നായിരുന്നു. 32 പേര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട്. ഇവര്‍ക്കൊരു വെബ്സൈറ്റുമുണ്ട്. (www.ussindianapolis.org).

യുഎസ്എസ് ഇന്‍ഡ്യാനപൊളിസിന്റെ ദുരന്തം ആസ്പദമാക്കി Mission of the Shark The  Saga of the U.S.S എന്ന ഒരു സിനിമയും അനേകം ഡോക്യുമെന്‍ററികളും യൂട്യൂബില്‍ ലഭ്യമാണ്. വിഖ്യാതമായ Jaws എന്ന ചലച്ചിത്രത്തില്‍  ഇന്‍ഡ്യാനപൊളിസില്‍ നിന്നു രക്ഷപ്പെട്ട ഒരു കഥാപാത്രമുണ്ട്. അയാള്‍ പറയുന്നതില്‍ പല പൊരുത്തക്കേടുകളുമുണ്ട്. (https://www.youtube.com/watch?v=u9S41Kplsbs)

ദൌര്‍ഭാഗ്യവശാല്‍ ഒരു സ്കൂള്‍ കുട്ടിയില്‍ നിന്നു പ്രസിഡന്‍റ് ക്ലിന്റന്‍ വരെ എത്തിയ സംഭവപരമ്പരകള്‍ക്ക് ഒദ്യോഗികമായി മാറ്റമൊന്നും ഇല്ല. കാരണം, മക്വേയുടെ ഫയലില്‍ നിന്നു കുറ്റാരോപണങ്ങള്‍ ഇപ്പോഴും നീക്കിയിട്ടില്ല. കോര്‍ട്ട്-മാര്‍ഷല്‍ വിധി തിരുത്തുക എന്നൊരു കീഴ്വഴക്കം അമേരിക്കന്‍ സൈന്യത്തിനില്ല എന്നതിനാലാണിത്. തിരുത്തുന്നതിനെ അമേരിയ്ക്കന്‍ നേവി പോലും എതിര്‍ത്തു എന്നത് ഒരു വിരോധാഭാസമായി നിലനില്‍ക്കും.


****


അപകടത്തില്‍ നിന്നു രക്ഷപ്പെട്ട ക്ലീറ്റസ് ലെബോയുടെ ഒരു കവിത:


NOT LOST AT SEA


I gave my country my very best I fought 
and prayed and passed the test 
I proudly went where duty called 
For a brief time I was stalled 
By a torpedo blast that shattered the night 
I knew right then that things were not right.


Then the sun arose on a bloody sea 
And I knew things were not right for me 
By that day's setting sun I knew my life's race was run.


With a smile on my face and peace in my heart 
I knew this world I would soon depart 
And my spirit would rise like an eagle on high 
And I would be in my mansion In the sky.


I was really NOT LOST AT SEA 
So shed no tears over me 
My work was done here on earth 
So the Lord took me home to my Heavenly berth.


Dedicated to the memory of all the sailors of USS INDIANAPOLIS who were Lost At Sea in July of 1945
 


Cleatus Lebow Survivor USS INDIANAPOLIS Written: July 28, 1996
*************


അവസാനത്തെ ക്രിസ്തുമസ്സിന്റെ അത്താഴം 


******
29/01/2016
Thursday, January 21, 2016

എമണ്ടന്‍
എമണ്ടന്‍ 
(SMS Emden)(Firefox Browser-ല്‍ ലിപിയുടെ പ്രശ്നം വായനയ്ക്കു ബുദ്ധിമുട്ടായേക്കാം. മറ്റു Browser-കളില്‍ ആ പ്രശ്നമുണ്ടാവാന്‍ സാദ്ധ്യതയില്ല). 

എമണ്ടന്‍ എന്നൊരു വാക്ക് അറുപതുകള്‍ വരെ മലയാളത്തില്‍ ഉപയോഗിച്ചിരുന്നു. എമണ്ടന്‍  ഗോളടിച്ചു, എമണ്ടന്‍ കെട്ടിടം, എമണ്ടന്‍ നുണ, എമണ്ടന്‍ ഫയല്‍മാന്‍ എന്നൊക്കെ ആളുകള്‍ പറയുമായിരുന്നു. വളരെ വലുപ്പമുള്ളത്, അത്ഭുതാവഹം, വിശ്വസിയ്ക്കാനാവാത്ത വിധം ശക്തമായത് എന്നൊക്കെയായിരുന്നു അതിന്റെ അര്‍ത്ഥം. ഇപ്പോഴും മുതിര്‍ന്നവരുടെ പദാവലിയില്‍ ഈ വാക്കുണ്ട്.

എമണ്ടന്റെ ഒരു മാതൃക
ഇതിനു കാരണമായതു ജര്‍മ്മനി ഒന്നാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച എസ്.എം.എസ്. എംഡെന്‍ (SMS Emden, German Light Cruiser) എന്ന യുദ്ധക്കപ്പലാണ്. ഒരു ചെറിയ സാധനം. പക്ഷെ നീറു പോലെ ശല്യം ചെയ്യും. ആക്രമണം നടത്തിയിട്ടു വലിയ ശത്രുക്കപ്പലുകള്‍ക്കു പിടി കൊടുക്കാതെ സ്ഥലം വിടുകയും ചെയ്യും. ബ്രിട്ടന്റെയും സഖ്യരാജ്യങ്ങളുടെയും കപ്പലുകളെ വേട്ടയാടി ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുഗതാഗതം സ്തംഭിപ്പിച്ച,  കിഴക്കിന്റെ അരയന്നം (The Swan of the East) എന്ന ചെല്ലപ്പേരുള്ള എംഡെന്‍ നമ്മുടെ വാമൊഴിയില്‍ - തമിഴിലും - എമണ്ടന്‍ ആയി കടന്നു കൂടുന്നതു 1914-ലെ അതിന്റെ മദ്രാസ് ആക്രമണത്തോടെയാണ്. ഇന്ത്യ ഒന്നാം ലോകമഹായുദ്ധം നേരിട്ടനുഭവിയ്ക്കുന്നതും അങ്ങനെയാണ്.

(ഇവിടെ ഉപയോഗിച്ചിരിയ്ക്കുന്ന ദൂരവും വേഗതയും സാധാരണ മെട്രിക് അളവുകളാണ്. നോട്ടിക്കല്‍ അളവുകളല്ല). 

ഒന്നാം ലോകമഹായുദ്ധം

ജര്‍മ്മന്‍ ചക്രവര്‍ത്തി (കൈസര്‍) ആയിരുന്ന വില്‍ഹെം രണ്ടാമന്റെ (Wilhelm II or William II) എമണ്ടന്‍ ദുരാഗ്രഹമാണ്  യുദ്ധകാരണങ്ങളിലൊന്ന്. ഫ്രെഡെറിക്ക് വില്ല്യം വിക്ടര്‍ ആല്‍ബര്‍ട്ട് ഓഫ്  പ്രഷ്യ (27 ജനുവരി 1859  4 ജൂണ്‍ 1941) എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ പേര്‍. ആസ്ത്രിയന്‍ കിരീടാവകാശി ഫ്രാന്‍സിസ് ഫെര്‍ഡിനന്‍ഡ് സെര്‍ബിയയിലെ സറയെവോ (Sarajevo) യില്‍ വച്ചു 1914 ജൂണ്‍ 28-നു കൊല്ലപ്പെട്ടത്  ഒരു നിമിത്തമായി എന്നു മാത്രം. ബ്രിട്ടന്റെ നേവിയേക്കാള്‍ വലിയ നേവി വേണമെന്നായിരുന്നു ചക്രവര്‍ത്തിയുടെ ആഗ്രഹം. കുറേ കോളനികളും. സമുദ്രങ്ങളിലെ 43% ചരക്കുഗതാഗതം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയായിരുന്നു. അന്നത്തെ ലോകത്തെ 'നാലാമത്തെ സാമ്പത്തികശക്തിയായി മാറിയ റഷ്യയുടെ വളര്‍ച്ചാസാദ്ധ്യത' (?) ജര്‍മ്മന്‍ പട്ടാളമേധാവികളെ ഭയപ്പെടുത്തുകയും ചെയ്തു. (യുദ്ധം തീരുന്നതിനു മുമ്പു റഷ്യയില്‍ ജനങ്ങള്‍ക്കു വിപ്ലവം നടത്തേണ്ടി വന്നു എന്നതു വേറൊരു കാര്യം). യൂറോപ്പിന്റെ പല ഭാഗങ്ങളും ഉത്തരാഫ്രിക്കയും കീഴടക്കാനും ചക്രവര്‍ത്തി ആഗ്രഹിച്ചു. ജര്‍മ്മന്‍ പ്രജകള്‍ യുദ്ധത്തിനെതിരായിരുന്നു എന്നതു ചക്രവര്‍ത്തി കണക്കിലെടുത്തില്ല.

ജര്‍മ്മന്‍ അധീനപ്രദേശമായ ഡാന്‍സിഗ് (ഇപ്പോള്‍ പോളണ്ടില്‍) നിര്‍മ്മാണശാലയി പണിത്
'എമണ്ടന്‍'
1909- ല്‍ നീറ്റിലിറക്കിയ ചെറിയ ജര്‍മ്മന്‍ യുദ്ധക്കപ്പലായിരുന്നു  എസ് .എം .എസ്  എംഡെന്‍. 388 അടി നീളം. (ഇതിന്റെ രണ്ടേകാല്‍ ഇരട്ടി വലിപ്പമായിരുന്നു പിന്നീടൊരു ദുരന്തകഥയിലെ യാത്രക്കപ്പലായ ടൈറ്റാനിക്കിന് 882 ¾ അടി. വലുപ്പം താരതമ്യം ചെയ്യാന്‍ വേണ്ടി മാത്രം പറഞ്ഞു  എന്നേയുള്ളൂ). 44 അടി  വീതി മദ്ധ്യത്തില്‍. മൂന്നു പുകക്കുഴലുകള്‍. ഭാരം 3,400 ടണ്‍. യുദ്ധസജ്ജമായാല്‍ 4,226 ടണ്‍ ഭാരം. 860  ടണ്‍ ഇന്ധനം (കല്‍ക്കരി) കയറ്റാം. രണ്ട്  ആവി എന്‍ജിനുകള്‍  പ്രവര്‍ത്തിച്ചാല്‍ 13,315 കുതിരശക്തി. 43.5  കിമീ വരെ വേഗം. ഏതാണ്ട്  7,000 കിമീ  വരെ ഒറ്റയടിയ്ക്കു സഞ്ചരിയ്ക്കാം. 400-ഓളം നാവികരെ കയറ്റാം.12 കിമീ അകലത്തില്‍ നിന്നു ഷെല്ലുകള്‍ ഉതിര്‍ക്കാം. അക്കാലത്തുള്ള സാങ്കേതികവിദ്യ അനുസരിച്ചുള്ള  ട്രിപ്പിള്‍ എക്സ്പാന്‍ഷന്‍ എന്‍ജിനുകളായിരുന്നു ഫിറ്റ്‌  ചെയ്തിരുന്നത്. (പിന്നീടാണ് ആവി ടര്‍ബൈന്‍ എന്‍ജിനുകള്‍  വന്നത്). വടക്കുപടിഞ്ഞാറന്‍ ജര്‍മ്മന്‍ തുറമുഖനഗരമായ എംഡെന്റെ പേരു കപ്പലിനു നല്‍കി. കാട്ടിക്കൂട്ടിയ കെടുതികള്‍ വച്ചു ചരിത്രകാരന്‍മാരും യുദ്ധതന്ത്രജ്ഞരും ഇതിനെ Commerce Raider എന്ന ഗണത്തിലാണു പെടുത്തിയിരിയ്ക്കുന്നത്. കടല്‍ക്കൊള്ള എന്നു പൂര്‍ണ്ണമായി പറയാന്‍ പറ്റില്ല. കപ്പലുകളായിരുന്നു  ലക്‌ഷ്യം എന്നതു ശരി തന്നെ. അവയായിരുന്നു  സഖ്യകക്ഷികളുടെ ജീവനാഡി. ബ്രിട്ടന്റെയും സഖ്യകക്ഷികളായ റഷ്യയുടെയും ഫ്രാന്‍സിന്റെയും വാണിജ്യത്തിന്റെ നട്ടെല്ലൊടിയ്ക്കാനായിരുന്നു പദ്ധതി. ചരക്കുകളോ കപ്പലുകളോ ചൂണ്ടുകയായിരുന്നില്ല. പരീക്ഷണയാത്രകള്‍ക്കും നാവികാഭ്യാസങ്ങള്‍ക്കുമൊക്കെ ശേഷം, കപ്പലിനെ നാവികസേനയില്‍ നിന്നു പിന്‍വലിച്ചെങ്കിലും, 1910-ല്‍ വീണ്ടും നേവിയുടെ ഭാഗമായി.

(എംഡെനു തൊട്ടു മുമ്പ് അതുപോലെ തന്നെയുള്ള ‘ഡ്രെസ്ഡെന്‍’ എന്നൊരു പടക്കപ്പലും ജര്‍മനി നീറ്റിലിറക്കിയിരുന്നു. യുദ്ധകാലത്ത് 1915-ല്‍ ചിലിയുടെ തീരത്തു വച്ചു ബ്രിട്ടീഷ് നാവികസേന പിടിയ്ക്കുമെന്നുറപ്പായപ്പോള്‍ അതു ജര്‍മ്മന്‍ നാവികര്‍ തന്നെ മുക്കി. യുദ്ധം തീരുന്നതു വരെ നാവികര്‍ തടവില്‍ കഴിഞ്ഞു).

ആദ്യകാലത്തു സിംഗ് ഡാവോ (കിംഗ്‌ദാവോ) എന്ന കിഴക്കന്‍ ചൈനീസ്  തുറമുഖമായിരുന്നു  താവളം. ചൈനയില്‍  നിന്നു ജര്‍മ്മനി  1897-ല്‍ കൈവശപ്പെടുത്തിയതായിരുന്നു ഈ തുറമുഖം.

പുതിയ നായകന്‍, പുതിയ അരങ്ങ്

1910-ല്‍ ജര്‍മ്മനി കൈയ്യടക്കിയിരുന്ന കരോളിന്‍ ദ്വീപസമൂഹത്തിലെ സോക്കെ (Sokeh) ദ്വീപിലേയ്ക്ക് എംഡെന്‍ ഒരു യാത്ര നടത്തി. തദ്ദേശീയരുടെ ഒരു ലഹള ഒതുക്കാന്‍ മറ്റു ജര്‍മ്മന്‍ പടക്കപ്പലുകള്‍ക്കൊപ്പം എംഡെനും ചേര്‍ന്നു. ഇന്തോനേഷ്യയ്ക്കു  കിഴക്കു ശാന്തസമുദ്രത്തിലാണ് ഈ ദ്വീപുകള്‍. 1911 മാര്‍ച്ചില്‍ തിരികെ സിംഗ് ഡാവോയിലെത്തി.

കാള്‍ വോണ്‍ മുള്ളര്‍
1913-ല്‍ 40 വയസ്സുള്ള അതിസാഹസികനും പരിചയസമ്പന്നനും ആയ കാള്‍ വോണ്‍  മുള്ളര്‍ കപ്പലിന്റെ  കാപ്റ്റന്‍ ആയി. 1914 ജൂലൈ 28-ന്  ഒന്നാം ലോകമഹായുദ്ധം തുടങ്ങിയപ്പോള്‍  ജപ്പാന്‍ ബ്രിട്ടന്റെ സഖ്യകക്ഷിയായി മാറിയതിനാല്‍ പൂര്‍വ്വേഷ്യയിലുള്ള കപ്പലുകള്‍ ജര്‍മ്മനിയ്ക്കു പിന്‍വലിയ്ക്കേണ്ടി വന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ വരുന്ന, സഖ്യകക്ഷികളുടെ ചരക്കുകപ്പലുകളെ ആക്രമിയ്ക്കാന്‍ എംഡെന്‍ നിയുക്തമായി. വോണ്‍  മുള്ളറുടെ തന്നെ താത്പര്യപ്രകാരമായിരുന്നു ഇത്. ജര്‍മ്മനിയുടെ മറ്റു യുദ്ധക്കപ്പലുകള്‍ ശാന്തസമുദ്രത്തിലൂടെ തെക്കേ അമേരിക്കയിലേക്കു തിരിയ്ക്കുകയും ചെയ്തു. മൂന്നു പുകക്കുഴലുകള്‍ ഉള്ള എംഡെന്, താല്‍ക്കാലികപണികള്‍ നടത്തി. കപ്പലിലെ രണ്ടാമനായിരുന്ന ഫസ്റ്റ് ലെഫ്റ്റനന്‍റ് /ഫസ്റ്റ് ഓഫീസര്‍ ഹെല്‍മുത് വോണ്‍ മുക്കെയുടെ ബുദ്ധിയായിരുന്നു ഇതിനു പിന്നില്‍. അകലെ നിന്നു  നോക്കിയാല്‍ നാലു പുകക്കുഴലുകളുള്ള ബ്രിട്ടന്റെ എച്ച്.എം. എസ്. യാര്‍മൌത്  എന്ന പടക്കപ്പല്‍ ആണെന്നു തോന്നിയ്ക്കുമാറായിരുന്നു ഈ പണികള്‍. അങ്ങനെ ഇന്തോനേഷ്യന്‍ ദ്വീപുകള്‍ക്കിടയിലൂടെ ബംഗാള്‍ ഉള്‍ക്കടലിലേയ്ക്കു നുഴഞ്ഞു കയറി. കൂടെ, വേണ്ട സാധനങ്ങളും മറ്റും പേറി കല്‍ക്കരിവാഹിനിയായ മാര്‍ക്കോമന്നിയയും. ഒരു താങ്ങുകപ്പല്‍ (support ship) ഇല്ലാതെ പണ്ടു യുദ്ധക്കപ്പലുകള്‍ക്കു യാത്ര ചെയ്യുവാന്‍ പറ്റുമായിരുന്നില്ല. അല്ലെങ്കില്‍ ഇടയ്ക്കിടയ്ക്കു കല്‍ക്കരിയെടുക്കാനും മറ്റും കരയ്ക്കടുക്കണം. താങ്ങുകപ്പല്‍ തങ്ങളുടെ ഇണക്കപ്പലിന്റെ ഏതാനും കി.മീ. അകലെയായി എപ്പോഴും ഉണ്ടാവണം.

അതു വരെ കിഴക്കനേഷ്യയിലെ ജര്‍മ്മന്‍ നാവികസേനാവ്യൂഹത്തിന്റെ കൂടെ സഞ്ചരിയ്ക്കുകയായിരുന്നു എംഡെന്‍. ഇപ്പോള്‍ യഥാര്‍ത്ഥയുദ്ധക്കപ്പലായി. കച്ചവടച്ചരക്കും ആയുധസാമഗ്രികളും കല്‍ക്കരിയുമായി വരുന്ന ശത്രുക്കപ്പലുകള്‍ മുക്കാന്‍ കറക്കമായി. വലിയ യുദ്ധക്കപ്പലുകളെ നേരിടാന്‍ വയ്യാത്തതിനാല്‍ ചെറിയ യുദ്ധക്കപ്പലുകളും എംഡന്റെ ലക്ഷ്യമായിരുന്നു. 

എംഡെന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 

1914 സെപ്തംബര്‍ 5-നു എംഡെന്‍ കല്‍ക്കത്തയ്ക്കു തെക്കുഭാഗത്ത് എത്തി. ഇതു ബ്രിട്ടന്‍ അറിഞ്ഞിരുന്നില്ല. മറ്റു കപ്പലുകള്‍ക്കൊപ്പമായിരുന്നു എംഡെന്‍ എന്നായിരുന്നു അവരുടെ ധാരണ. അങ്ങനെസെപ്തംബര്‍ 5 മുതലുള്ള സംഹാരതാണ്ഡവമാണു കപ്പലിനെ ഒരു പേടിസ്വപ്നമാക്കിയത്.


'സീ റെയ്ഡര്‍'  (1931) എന്ന ലഘുചലച്ചിത്രത്തില്‍ നിന്ന്. ഈ നിശ്ശബ്ദചിത്രം യുട്യൂബില്‍ ലഭ്യമാണ്.

ഇന്ത്യ-സിലോണ്‍-ആസ്ത്രേലിയ-സിംഗപ്പൂര്‍ റൂട്ടിലോടുന്ന കപ്പലുകള്‍ നശിപ്പിയ്ക്കകയായിരുന്നു വോണ്‍  മുള്ളറുടെ ഉദ്ദേശം. ആ വഴിയ്ക്കുള്ള ആറു കപ്പലുകള്‍ പിടിച്ചു. നാലെണ്ണം മുക്കി. ഒരെണ്ണം ജര്‍മ്മന്‍ ആവശ്യങ്ങള്‍ക്കായി കൈവശപ്പെടുത്തി. ഒരു ഗ്രീക്ക് കപ്പല്‍ കുറച്ചു ദിവസം ഉപയോഗിച്ച ശേഷം വിട്ടയച്ചു. അതില്‍ മുങ്ങിയ കപ്പലുകളിലെ നാവികരെയും യാത്രക്കാരെയും പറഞ്ഞയച്ചു. അതിനു ശേഷം നേരെ ബര്‍മ്മയുടെ തെക്കുള്ള സമുദ്രഭാഗത്തേയ്ക്കു വലിഞ്ഞു. സിലോണ്‍ വാണിജ്യപാത മാത്രമല്ല, ഇന്തോ-സിംഗപ്പൂര്‍ വാണിജ്യവും ഈ ആക്രമണം കാരണം നിന്നു പോയി. വാണിജ്യക്കപ്പലുകള്‍ തുറമുഖം വിട്ടു പോകാതെയായി.

മദ്രാസ് ആക്രമണം 

പിന്നീടു ആന്‍ഡമാന്‍ ദ്വീപിനു വളരെ വടക്കുഭാഗത്തു കൂടെ തിരിച്ചെത്തി, സെപ്തംബര്‍ 22-നു രാത്രി 9.20-നു മദ്രാസ് തുറമുഖത്തു നിന്നും 
മദ്രാസിലെ സ്മരണിക: മദ്രാസ്
ഹൈക്കോര്‍ട്ടിന്റെ കിഴക്കേ മതിലില്‍
ഏതാണ്ടു  മൂന്നു കിമീ അകലെ  നിലയുറപ്പിച്ച കപ്പല്‍, തുറമുഖം ആക്രമിച്ചു. അവിടത്തെ രണ്ടു വലിയ  എണ്ണസംഭരണികള്‍ തീപിടിച്ചു  നശിച്ചു. മൂന്നു ദിവസം അവ കത്തിക്കൊണ്ടിരുന്നു. ചിലവയ്ക്കു കേടുപാടും വരുത്തി. റോഡില്‍ ഷെല്ലുകള്‍ വീണു വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ഒരു ചരക്കുകപ്പല്‍ തകര്‍ന്നു മുങ്ങി. കരയില്‍  നിന്നു  പ്രതിരോധം തുടങ്ങിയപ്പോള്‍ എംഡെന്‍ സ്ഥലം വിട്ടു. മൂന്നു പേര്‍ മരിച്ചു. 13 പേര്‍ക്കു പരിക്കു പറ്റുകയും ചെയ്തു. ഭയന്ന്, 20,000-ലധികം ആളുകള്‍ നഗരം വിട്ടു. നഗരത്തിലെ ഫോര്‍ട്ട്‌ സെന്റ് ജോര്‍ജ് മ്യൂസിയത്തില്‍ ആക്രമണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പൊട്ടാത്ത ഷെല്ലുകളും സൂക്ഷിച്ചിട്ടുണ്ട്. മദ്രാസ്  ഹൈക്കോര്‍ട്ടിന്റെ ഗോപുരമായിരുന്നു അന്നത്തെ ലൈറ്റ് ഹൌസ്. മണ്ണെണ്ണ ഉപയോഗിച്ചു കത്തിച്ചിരുന്ന അതിന്റെ ദീപം 35 കി.മീ. അകലെ നിന്നും കാണാമായിരുന്നു. ഇതാണ് എംഡെനു വഴി കാട്ടിയായത്. ആക്രമണത്തിന്റെ ഓര്‍മ്മയ്ക്കായി ഹൈക്കോടതിയുടെ കിഴക്കേ മതിലില്‍ ഒരു ഫലകം  സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉപയോഗിയ്ക്കുന്ന ലൈറ്റ് ഹൌസ് 1970-കളില്‍ മരീന ബീച്ചില്‍ സ്ഥാപിച്ചതാണ്.


മദ്രാസില്‍ നിന്നുള്ള ഒരു ദൃശ്യം

സിലോണ്‍-കല്‍ക്കത്ത കപ്പല്‍  ഗതാഗതം വീണ്ടും നിര്‍ത്തി. 

അവിടെ നിന്നു  വോണ്‍  മുള്ളര്‍, എംഡനെ സിലോണിനു പടിഞ്ഞാറു  ഭാഗത്തേയ്ക്കു നയിച്ചു. ചരക്കുകപ്പലുകള്‍ വീണ്ടും ഇരകളായി. ഇടയ്ക്കു സെപ്തംബര്‍  29-നു മാലദ്വീപിലെത്തി കല്‍ക്കരി സംഭരിയ്ക്കുകയും ചെയ്തു. പിന്നീടു ബംഗാള്‍ ഉള്‍ക്കടല്‍-ഇന്ത്യന്‍ മഹാസമുദ്രഭാഗത്ത്  ഇരകളെ തേടി ചുറ്റി നടന്നു.

ഡിയാഗോ ഗാര്‍ഷ്യയില്‍

വോണ്‍  മുള്ളറുടെ അടുത്ത ലക്‌ഷ്യം  ഡിയാഗോ  ഗാര്‍ഷ്യ എന്ന ദ്വീപിലേക്കായിരുന്നു. കന്യാകുമാരിക്ക്  1800 കിമീ  തെക്കുപടിഞ്ഞാറാണ്  (മൌറീഷ്യസിനു 2200 കിമീ വടക്കു കിഴക്ക്)  ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ സ്ഥലമുള്‍പ്പെടുന്ന ചാഗോസ്  ദ്വീപസമൂഹം ബ്രിട്ടന്റെ കൈവശമായിരുന്നു. അതു കാരണം അവിടെയുണ്ടായിരുന്ന ബ്രിട്ടീഷ്  കൃഷിക്കാരുടെ വക സ്വീകരണവും  ലഭിച്ചു. അവര്‍ ധരിച്ചത്  ഇതു ബ്രിട്ടീഷ് കപ്പലായിരുന്നു എന്നാണ്. കൃഷിക്കാരില്‍ ചിലരെ കപ്പലിലേയ്ക്കു ക്ഷണിച്ചു വിരുന്നു നല്‍കുകയും ചെയ്തു. എന്നാല്‍ ഭക്ഷണത്തിനിടെ ചുവരിലെ ജര്‍മ്മന്‍ ചക്രവര്‍ത്തിയുടെ ചിത്രം കണ്ട് അവര്‍ ജര്‍മ്മന്‍ കപ്പലാണെന്നു മനസ്സിലാക്കി. ഇവര്‍ക്കു മൂന്നു മാസത്തിലൊരിയ്ക്കല്‍ ലഭിയ്ക്കുന്ന പത്രങ്ങളായിരുന്നു ലോകവുമായുള്ള ഒരേ ഒരു ബന്ധം. യുദ്ധത്തിന്റെ വിവരമൊന്നും അവിടെയെത്തിയിരുന്നില്ല. ‘ഞങ്ങളുടെ കുറച്ച് എഴുത്തുകള്‍ ബ്രിട്ടനില്‍ എത്തിയ്ക്കാമോ’ എന്നവര്‍ ചോദിച്ചു. വിനയപൂര്‍വ്വം ജര്‍മ്മന്‍ നാവികര്‍ അതു നിരസിച്ചു. ‘ഞങ്ങളുടെ ഇനി ചെല്ലുന്നത്  ഏതു തുറമുഖത്താവും  എന്നറിയില്ല’ എന്ന മറുപടിയാണ് അവര്‍ നല്‍കിയത്. എഞ്ചിന്‍ പണിയും വിശ്രമവും നടത്തി അഞ്ചു ദിവസം തങ്ങിയ ശേഷം ഒക്ടോബര്‍ 10-നു ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തേയ്ക്കു  നീങ്ങി. ലക്ഷദ്വീപുസമൂഹത്തിലെ മിനിക്കോയ് ദ്വീപിന് അല്പം അകലെയായി ഒരു ബ്രിട്ടീഷ് ചരക്കുകപ്പല്‍ ഒക്ടോബര്‍ 15-നു തകര്‍ത്തു. ഇതിനിടയില്‍ ബ്രിട്ടീഷ് പടക്കപ്പലായ ഹാംപ്ഷയറിന്റെ സിഗ്നലുകള്‍ പിടിച്ചെടുത്ത കാരണം അതില്‍ നിന്നു രക്ഷപ്പെടാനും കഴിഞ്ഞു. 12-നു  എംഡെന്റെ സഹയാനവും കല്‍ക്കരിവാഹിനിയുമായിരുന്ന മാര്‍ക്കോമന്നിയ ബ്രിട്ടീഷുകാരുടെ പിടിയില്‍ പെട്ടു കടലില്‍ താഴ്ത്തപ്പെട്ടു. എന്നാലും എംഡെന്‍ ഒക്ടോബര്‍ 20-നകം മൂന്നു ചരക്കുകപ്പലുകള്‍ കൂടി മുക്കുകയും ഒരു കല്‍ക്കരിവാഹിനി പിടിച്ചെടുക്കുകയും ചെയ്തു. അഞ്ചാമതു പിടിച്ച കപ്പലില്‍, മറ്റു കപ്പലിലുള്ള നാവികത്തടവുകാരെ വിട്ടയയ്ക്കുകയും ചെയ്തു. എതിര്‍കക്ഷികളുടെ ചരക്കുകപ്പലിലെ രക്ഷപ്പെടുത്തപ്പെട്ട നാവികരോടു വിരോധമൊന്നും കാണിച്ചില്ല.

പെനാംഗ് ആക്രമണം

ബ്രിട്ടീഷ് കപ്പല്‍ എന്ന മട്ടില്‍ എംഡെന്‍ ഒക്ടോബര്‍ 27-നു നിക്കോബാറിലെത്തി കല്‍ക്കരി സംഭരിച്ചു (ഈ സന്ദര്‍ശനത്തെ പറ്റി പൊതുവേ പല രേഖകളിലും പരാമര്‍ശമില്ല). അവിടെ നിന്നു മലയേഷ്യയിലെ പെനാംഗ് ആക്രമിയ്ക്കാന്‍ തിരിച്ചു. ഇതിനു കാരണമുണ്ട്. ലക്ഷദ്വീപിനടുത്തു വച്ചു മുക്കിയ കപ്പലില്‍ നിന്നു കിട്ടിയ ഇംഗ്ലീഷ് പത്രത്തില്‍ നിന്നു സഖ്യക്ഷികള്‍ എംഡെനെ പിടികൂടാന്‍ ശ്രമിയ്ക്കുന്നു എന്നു വോണ്‍ മുള്ളര്‍ മനസ്സിലാക്കി. അവരുടെ യുദ്ധക്കപ്പലുകള്‍ പെനാംഗില്‍ ഉണ്ടായേക്കുമെന്നും തടവിലാക്കപ്പെട്ട നാവികരില്‍ നിന്നും മനസ്സിലാക്കി. ഒക്ടോബര്‍ 28-നു വെളുപ്പിനു 3 മണിയ്ക്കു ബ്രിട്ടീഷ് കോളനിയായിരുന്ന പെനാംഗ് തുറമുഖത്തെത്തി. കവാടത്തില്‍ കാവല്‍ കിടന്ന ഒരു ചെറിയ ടോര്‍പിഡോക്കപ്പലില്‍ എല്ലാവരും ഉറക്കത്തില്‍ ആയിരുന്നുവെന്നു തോന്നുന്നു. വിളക്കുകള്‍ അണച്ച്, പുക വിടാതെ എംഡെന്‍ അകത്തേയ്ക്കു ചെന്നു. ഷെംചുഗ് എന്ന റഷ്യന്‍ പടക്കപ്പല്‍ അവിടെ മരാമത്തുപണികള്‍ക്കായി എത്തിയിരുന്നു. അതിന്റെ 400 വാര അടുത്തെത്തി അതിനെ രണ്ടു കഷണമാക്കി തകര്‍ത്തു മുക്കി. 89 റഷ്യന്‍ നാവികര്‍ കൊല്ലപ്പെട്ടു. 143 പേര്‍ക്കു പരിക്കു പറ്റി. ഈ കപ്പലിന്റെ കാപ്റ്റന്‍ ബാരന്‍ ചെര്‍ക്കാസോവ് ആയിരുന്നു. ആക്രമണം നടക്കുമ്പോള്‍ ടിയാന്‍ ഒരു സ്ത്രീയുമായി അടുത്തൊരു ഹോട്ടലില്‍ താമസിയ്ക്കുകയായിരുന്നുവത്രെ. ഹോട്ടലിലിരുന്നുകൊണ്ടു തന്റെ കപ്പല്‍ നശിയ്ക്കുന്നതു കാണാനേ ചെര്‍ക്കാസോവിനു കഴിഞ്ഞുള്ളു. ചെര്‍ക്കാസോവിനെ റഷ്യന്‍ സര്‍ക്കാര്‍ തരംതാഴ്ത്തുകയും കൃത്യവിലോപത്തിനു മൂന്നരക്കൊല്ലത്തെ തടവു ശിക്ഷ നല്‍കുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന രണ്ടു ഫ്രഞ്ച്‌ പടക്കപ്പലുകള്‍ക്കു കാര്യമായ പ്രതിരോധം ഒന്നും നടത്താന്‍ കഴിഞ്ഞില്ല. അതിനു ശേഷം പിന്‍വാങ്ങവേ മുസ്കെ (Mousquet) എന്ന ഒരു ഫ്രഞ്ച് ടോര്‍പ്പിഡോ കപ്പല്‍ കൂടി തകര്‍ത്തു. അതിലെ പല നാവികരും കടലിലേയ്ക്കു ചാടി. രണ്ടു കാലുകളും സ്ഫോടനത്തില്‍ നഷ്ടപ്പെട്ട അതിന്റെ കാപ്റ്റന്‍ തന്റെ കപ്പലിനൊപ്പം കടലില്‍ താണു - അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മറ്റു നാവികര്‍ അദ്ദേഹത്തെ കൊടിമരത്തോടു ചേര്‍ത്തു ബന്ധിച്ചിരുന്നു. എന്നെ വേഗം കെട്ടിയിടൂ. ഫ്രഞ്ചുകാര്‍ കപ്പലുപേക്ഷിച്ചു ചാടുന്നതു കണ്ട് ഇനി ജീവിയ്ക്കാന്‍ ഞാന്‍ ഉദ്ദേശിയ്ക്കുന്നില്ല എന്നു അദ്ദേഹം വിളിച്ചു പറഞ്ഞതായി എംഡെന്റെ ഫസ്റ്റ് ഓഫീസര്‍ ഹെല്‍മുത് വോണ്‍ മുക്കെ പിന്നീട് എഴുതി. സ്വയം സുരക്ഷിതസ്ഥാനത്ത് എത്താന്‍ പാടുപെട്ടു പായുമ്പോഴും മുങ്ങിയ ഫ്രഞ്ച് കപ്പലിലെ 30 നാവികരെ രക്ഷിയ്ക്കാന്‍ വോണ്‍ മുള്ളര്‍ മറന്നില്ല. അതില്‍ മൂന്നു പേര്‍ ഉടന്‍ മരിച്ചു. അദ്ദേഹം ആദരപൂര്‍വ്വം മൂന്ന് ആചാരവെടിയോടെ, ഫ്രഞ്ച് പതാകയില്‍ പൊതിഞ്ഞ്, അവര്‍ക്കു ജലസമാധി നല്‍കി (മൃതദേഹങ്ങള്‍ കടലില്‍ നിക്ഷേപിച്ചു). ശക്തമായ കാറ്റിലും മഴയിലും മറ്റു കപ്പലുകള്‍ക്ക് എംഡെനെ പിന്തുടരാന്‍ കഴിഞ്ഞില്ല. എട്ടു മണിയോടെ നാശം വിതച്ചു മടങ്ങിയ കപ്പല്‍ ഇടയ്ക്കൊരു ബ്രിട്ടീഷ് ചരക്കുകപ്പല്‍ (ന്യൂബേണ്‍-Newburn) തടഞ്ഞു നിര്‍ത്തി, രക്ഷപ്പെടുത്തപ്പെട്ട ഫ്രഞ്ച് നാവികരെ കൈമാറുകയും ചെയ്തു. ഇതോടെ ആസ്ത്രേലിയയില്‍ നിന്ന് ഏഷ്യയിലെയ്ക്കുള്ള കപ്പല്‍ ഗതാഗതം നിലച്ചു.

ഇക്കാലയളവില്‍ വോണ്‍ മുള്ളറുടെ വീരഗാഥകള്‍ ലോകമെമ്പാടും പ്രചരിച്ചു. പെനാംഗ് ആക്രമണം ഒരു സാധാരണമനുഷ്യനു ചെയ്യാനാവുന്നതല്ലെന്നായിരുന്നു വിലയിരുത്തല്‍. അവിടെ കൂടുതല്‍ ശക്തിയുള്ള പടക്കപ്പലുകള്‍ ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയിരിക്കെ, അസാമാന്യധൈര്യത്തോടെ കയറിച്ചെന്നു തകര്‍പ്പന്‍ പ്രകടനം നടത്തി വിജയശ്രീലാളിതനായി മടങ്ങിയതു ജപ്പാനെയും ബ്രിട്ടനെയും റഷ്യയെയും ഫ്രാന്‍സിനെയും അമ്പരിപ്പിച്ചു എന്നു മാത്രമല്ല ഭയപ്പെടുത്തുകയും ചെയ്തു. എംഡെന്‍ ആക്രമണത്തിനിടെ തുറമുഖത്തിന്റെ വക ഒരു നിരീക്ഷണബോട്ടിനു നേരെ വെടിയുതിര്‍ത്തിരുന്നു. അവര്‍ നിരായുധരെന്നു മനസ്സിലാക്കിയപ്പോള്‍ വോണ്‍ മുള്ളര്‍ അവരോടു ക്ഷമ പറഞ്ഞു. അദ്ദേഹത്തിന്റെ കുലീനമായ പെരുമാറ്റവും മനുഷ്യസേന്ഹവും എതിരാളികള്‍ക്കു പോലും ആദരിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഒരു തിരുമാറാടിയായി ഇന്ത്യന്‍മഹാസമുദ്രത്തില്‍ പാഞ്ഞു നടന്നിരുന്ന എംഡെനെ നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലായി ബ്രിട്ടനും സഖ്യകക്ഷികളും. വാണിജ്യം 60%-ത്തില്‍ അധികം കുറഞ്ഞു. സാമ്പത്തികക്ഷീണം രൂക്ഷമാകുമെന്നു ഭയന്ന് അവര്‍ അനവധി കപ്പലുകളെ, എംഡെനെ കണ്ടുപിടിച്ചു നശിപ്പിയ്ക്കാന്‍ നിയോഗിച്ചു. ബ്രിട്ടനില്‍ നേവിയുടെ പോളിറ്റിക്കല്‍ മേധാവി (First Lord of the Admiralty - ഇതു മന്ത്രിപദമല്ല) യായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ കോപാക്രാന്തനായി നടന്നു.

കൊകോസ് ദ്വീപ്‌ യുദ്ധം 

വോണ്‍  മുള്ളറുടെ അടുത്ത ലക്ഷ്യം കൊകോസ് ദ്വീപസമൂഹം ആയിരുന്നു.

ഇപ്പോള്‍ ആസ്ത്രേലിയയുടെ ഭാഗമാണ് ഈ ദ്വീപസമൂഹം. അന്നു ദ്വീപു കൈവശപ്പെടുത്തി വച്ചിരുന്നത് ജോണ്‍ ക്ലൂണി റോസ് എന്ന ബ്രിട്ടീഷുകാരനായിരുന്നു പുറമ്പോക്കില്‍ കുടില്‍ കെട്ടി വാഴുന്നതു പോലെ. ആദ്യം ഇതു മറ്റൊരു ധ്വരയുടെ കയ്യിലായിരുന്നു. ജകാര്‍ത്ത (ഇന്തോനേഷ്യ) യ്ക്കു  തെക്കുപടിഞ്ഞാറു 1200 കിമീ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് കൊകോസ് ദ്വീപുകള്‍. ആസ്ത്രേലിയന്‍ വന്‍കര ഏകദേശം 2200 കിമീ ദൂരെയാണ്. യഥാര്‍ത്ഥത്തില്‍ ഇവ 24 തുരുത്തുകളാണ്. എല്ലാം കൂടെ ചേര്‍ന്നാലും 14 ചതുരശ്ര കി.മീ. വിസ്തീര്‍ണ്ണം. കേരളത്തിലെ ഒരു ചെറിയ മുനിസിപ്പാലിറ്റിയുടെ വലുപ്പം. അധികം ആള്‍ത്താമസമില്ല. റോസും കുടുംബവും വാല്യക്കാരും പിന്നെ ഏതാനും തദ്ദേശീയരായ മുസ്‌ലീങ്ങളും മാത്രമേ അന്ന് അവിടെയുണ്ടായിരുന്നുള്ളൂ. മുസ്ലീങ്ങള്‍ മലയന്‍ വംശജരായിരുന്നു. ഇപ്പോഴും 600-ല്‍ താഴെയാണു ജനസംഖ്യ. ഒരു ച.കി.മീ-ല്‍ കൂടുതല്‍ വിസ്തൃതിയുള്ള മൂന്നു തുരുത്തുകളേയുള്ളൂ. ഏറ്റവും വലുതിനു 6.23 ച.കി.മീ.

മഹാസമുദ്രത്തില്‍, ഒരൊഴിഞ്ഞ കോണില്‍, വന്‍കരയില്‍ നിന്നകന്നു കിടക്കുന്ന തന്ത്രപ്രാധാന്യമുള്ള ഈ ദ്വീപുകളിലൊന്നില്‍ - ഏതാണ്ട് 84 ഏക്കര്‍ മാത്രമുള്ള ഡിറെക്ഷന്‍ (Direction) എന്ന തുരുത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ഒരു വയര്‍ലെസ്സ്-കേബിള്‍ സംവിധാനമുണ്ടായിരുന്നു.

മുമ്പൊരിയ്ക്കല്‍ (സെപ്തംബര്‍ 26-നു സിലോണിനു കിഴക്കു വച്ച്) പിടിച്ചെടുത്ത എസ്.എസ്. ബരെസ്ക്  എന്ന ബ്രിട്ടീഷ് കല്‍ക്കരിവാഹിനി സജ്ജമാക്കി, ചുറ്റുവട്ടത്തു നില്‍ക്കാന്‍ വോണ്‍  മുള്ളര്‍ ഉത്തരവു നല്‍കിയിട്ടു കൊകോസ് ദ്വീപുകളിലേയ്ക്കു നീങ്ങി. (കപ്പല്‍ നിയന്ത്രിക്കാന്‍ മൂന്നു ജര്‍മ്മന്‍ നാവികോദ്യോഗസ്ഥരെ എസ്.എസ്. ബരെസ്കില്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നു. പിടിച്ചെടുക്കുന്ന കപ്പലുകളില്‍ ഇങ്ങനെ സ്വന്തം നാവികരെ നിയമിയ്ക്കുമായിരുന്നു. ഇവരെ prize crew എന്നാണു പറയുക. ഒരു തരം കാവല്‍പ്പട്ടാളം). വയര്‍ലെസ്സ്കേബിള്‍ സംവിധാനം തകര്‍ക്കുകയായിരുന്നു വോണ്‍ മുള്ളറുടെ ഉദ്ദേശം. ആ കേന്ദ്രം തകര്‍ത്താല്‍ എംഡെനെ പിന്തുടരുന്ന, സഖ്യകക്ഷികളുടെ പടക്കപ്പലുകളെ വഴി തെറ്റിയ്ക്കാം എന്നതും  ലക്ഷ്യമായിരുന്നു. എംഡെന്‍ ഈ ദ്വീപുകളില്‍ എത്തുമെന്നു ആരും കരുതിയതുമില്ല.

എന്തിനും ഒരവസാനമുണ്ടല്ലോ. വോണ്‍  മുള്ളറുടെ ഭാഗ്യവും കിറുകൃത്യം തീരുമാനങ്ങളും പാളുന്നതാണു പിന്നെ കാണുന്നത്. അന്യഥാ ചിന്തിതം കാര്യം ദൈവമന്യത്ര ചിന്തയേത്. ഒരു പകല്‍യുദ്ധത്തിനുള്ള അരങ്ങാവുകയായിരുന്നു കൊകോസ് ദ്വീപുകള്‍.

'സിഡ്നി'യുടെ വരവ്

നവംബര്‍ 9-നു രാവിലെ 6 മണിയ്ക്കു എംഡെന്‍ ഡിറെക്ഷന്‍ തുരുത്തിലെത്തി. വോണ്‍ മുള്ളറുടെ പ്രശസ്തി ഈ ദ്വീപുകളില്‍ എത്തിയിരുന്നുവത്രേ. അവിടെയെങ്ങും എതിരാളികളുടെ പടക്കപ്പലുകള്‍ ഉണ്ടായിരുന്നില്ല. അതൊരു ഭാഗ്യമായി വോണ്‍ മുള്ളര്‍ കരുതി. അദ്ദേഹം 50 നാവികരെ 4 ബോട്ടുകളില്‍ ദ്വീപിലേക്കയച്ചു. അവര്‍ 4 മെഷീന്‍ ഗണ്ണും , 30 റൈഫിളുകളും കൊണ്ടുപോയിരുന്നു. ഫസ്റ്റ് ഓഫീസര്‍ ഹെല്‍മുത് വോണ്‍ മുക്കെ ആയിരുന്നു ഈ സംഘത്തിന്റെ നായകന്‍. ബ്രിട്ടീഷ് പടക്കപ്പലാണ് എന്നു തോന്നിപ്പിക്കാന്‍ വേണ്ടി ചെയ്ത പണികള്‍ അപ്പോഴും എംഡെനു മേലേ കാണാമായിരുന്നു. ആ വേലകള്‍ ഒന്നും ഓപ്പറേറ്റര്‍മാരെ തെറ്റിദ്ധരിപ്പിയ്ക്കാന്‍ പര്യാപ്തമായിരുന്നില്ല. വയര്‍ലെസ്സ് സന്ദേശങ്ങള്‍ തടയാനുള്ള (jamming) സംവിധാനം എംഡെനിലുണ്ടായിരുന്നു. എന്നാല്‍ വോണ്‍ മുള്ളര്‍ക്കു വയര്‍ലെസ്സ് സിഗ്നലുകള്‍ തടസ്സപ്പെടുത്തുവാന്‍ പറ്റുന്നതിനു മുമ്പു തന്നെ 6.30-നു അവിടെയുണ്ടായിരുന്ന ബ്രിട്ടീഷ്/ആസ്ത്രേലിയന്‍ ഓപ്പറേറ്റര്‍മാര്‍ തങ്ങളുടെ പടക്കപ്പലുകള്‍ക്കു സന്ദേശം നല്‍കിക്കഴിഞ്ഞിരുന്നു. ‘അജ്ഞാതപടക്കപ്പല്‍ തുറമുഖകവാടത്തിനരികെ’ (“unknown warship off the entrance”) എന്നായിരുന്നു അവരുടെ സന്ദേശം. ഇന്ത്യന്‍ സമുദ്രത്തില്‍ റോന്തു ചുറ്റുകയായിരുന്നു  പല ആസ്ത്രേലിയന്‍ പടക്കപ്പലുകളും. ഒപ്പം ഒരു ജാപ്പനീസ് പടക്കപ്പലും. അതില്‍ ഒരു മുഖ്യപടക്കപ്പലായ ‘എച്ച്.എം.എ.എസ്. മെല്‍ബണി’നു ദ്വീപില്‍ നിന്നുള്ള സന്ദേശം ലഭിച്ചു. ഉടന്‍ കൂടെയുണ്ടായിരുന്ന ‘എച്ച്.എം.എ.എസ്. സിഡ്നി’യെ ദ്വീപിലേക്കയച്ചു. എംഡെനേക്കാള്‍ ഇത്തിരി മുന്തിയ തരത്തിലുള്ള പടക്കപ്പലായിരുന്നു ‘സിഡ്നി’. ദ്വീപില്‍ നിന്നുള്ള കേബിള്‍ സന്ദേശം ബ്രിട്ടനിലുമെത്തിയിരുന്നു.

വോണ്‍ മുള്ളറുടെ പിഴവ്  

സിഡ്നിയുടെ സന്ദേശം പിടിച്ചെടുത്തതില്‍ നിന്നു  വോണ്‍  മുള്ളര്‍ അവരുടെ  വരവു മനസ്സിലാ
HMAS സിഡ്നി
ക്കുകയും ചെയ്തു. ഇവിടെ അദ്ദേഹത്തിനു പിഴച്ചു. സിഡ്നി’ 460-ലേറെ കിമീ ദൂരെയാണെന്നാണ്  അദ്ദേഹം കണക്കു കൂട്ടിയത്. ഈ പടക്കപ്പല്‍ എത്താന്‍ കുറേ നേരമെടുക്കുമെന്നും അതിനിടയില്‍ വയര്‍ലെസ്സ് സ്റ്റേഷനും മറ്റു സംവിധാനങ്ങളും തകര്‍ത്തു കളഞ്ഞ് അവിടെ നിന്നു പോകാമെന്നും അദ്ദേഹം കരുതി. എന്നാല്‍ ഏകദേശം 100 കിമീ ദൂരെയായിരുന്നു സിഡ്നി - കഷ്ടിച്ചു മൂന്നു മണിക്കൂര്‍ യാത്രാദൂരത്തില്‍. 9 മണിക്കു എംഡെനിലെ നാവികര്‍ വിദൂരത്തില്‍ ചക്രവാളത്തിലുയരുന്ന പുക ശ്രദ്ധിച്ചു. ആദ്യം അവര്‍ അതു തങ്ങളുടെ കല്‍ക്കരിവാഹിനിയായ എസ്. എസ്. ബരെസ്ക് ആണെന്നു  തെറ്റിദ്ധരിച്ചു. അരമണിക്കൂറിനകം അതു യുദ്ധക്കപ്പലാണെന്നു മനസ്സിലാക്കി. സിഡ്നി 37 കിമീ വേഗത്തില്‍ പാഞ്ഞടുത്തുകൊണ്ടിരുന്നു.

സമര്‍ത്ഥനാവികനായിരുന്ന കാപ്റ്റന്‍ ജോണ്‍ ഗ്ലോസ്സോപ് ആയിരുന്നു സിഡ്നിയുടെ നായകന്‍.
കാപ്റ്റന്‍ ജോണ്‍ ഗ്ലോസ്സോപ്
പല തരത്തില്‍ കൊകോസ് പോരാട്ടത്തെ പറ്റി വിവരണമുണ്ട്. അതിനാല്‍ കാപ്റ്റന്‍ ഗ്ലോസ്സോപ്പിന്റെ ചെറിയ റിപ്പോര്‍ട്ട് ഇവിടെ ആധാരമാക്കിയിട്ടുണ്ട്. ഒപ്പം, വോണ്‍ മുക്കെയുടെ വെളിപ്പെടുത്തലുകളും. സിഡ്നി, എംഡെനേക്കാള്‍ ശക്തയായിരുന്നു. അവളുടെ നീളം 457 അടി. മദ്ധ്യത്തില്‍ വീതി 50 അടിയോളം. ഷെല്ലുകള്‍ക്കു 45 കിഗ്രാം ഭാരം. (എംഡെന്റെ ഷെല്ലിനു വെറും 17 കിഗ്രാം). വേഗത 48 കിമീ വരെ. ഭാരം (displacement) എംഡെനേക്കാള്‍ ഒന്നര ഇരട്ടി. 25,000 കുതിരശക്തി. അതും എംഡെന്റെ ഏതാണ്ടു രണ്ടിരട്ടി. കാപ്റ്റന്‍ ജോണ്‍ ഉള്‍പ്പടെ 222 പേര്‍ ഈ ആക്രമണസമയത്ത് സിഡ്നിയില്‍ ഉണ്ടായിരുന്നു. ഇങ്ങിനെയൊരു കപ്പല്‍ വന്നാല്‍ അതിനു പിടി കൊടുക്കാതെ പോവുകയാണു ചെറിയ പടക്കപ്പലുകള്‍ ചെയ്യാറ്. വോണ്‍ മുള്ളര്‍ ഇവിടെ ധര്‍മ്മസങ്കടത്തിലായി. ദ്വീപില്‍ പെട്ട നാവികര്‍ കാരണം.

എംഡെന്‍ -സിഡ്നി കടല്‍പ്പോര്

ഒരേറ്റുമുട്ടലോ അതോ പലായനമോ? വോണ്‍  മുള്ളര്‍ തല പുകഞ്ഞാലോചിച്ചു. താന്‍ അവിടം വിട്ടാല്‍ ദ്വീപിലിറങ്ങിയ അമ്പതോളം പേര്‍ കുടുങ്ങും. നേരിടാന്‍ ഈ ഒരു ശത്രുക്കപ്പല്‍ മാത്രമേയുള്ളൂ. അവിടെയും ഒരു പിഴവ്. ദൂരെക്കണ്ടത് എംഡെനെപ്പോലെയുള്ള 'ന്യൂകാസില്‍' എന്ന കപ്പലാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. അതു കാരണം എതിരിടാന്‍ തീരുമാനിച്ചു.  ടോര്‍പിഡോ പ്രയോഗിയ്ക്കാനുള്ള അടുപ്പം മുള്ളറിനു കിട്ടിയില്ല. ‘സിഡ്നി’യ്ക്കു മേല്‍  15 ഷെല്ലുകള്‍ പതിച്ചു. വോണ്‍ മുള്ളറിന്റെ ദൌര്‍ഭാഗ്യത്തിനു 10 എണ്ണം പൊട്ടിയില്ല. പൊട്ടിയവയാവട്ടെ,   ചെറിയ കേടുപാടുകളേ ‘സിഡ്നി’ക്കു വരുത്തിയുള്ളൂ. (ഇതു കാപ്റ്റന്‍ ഗ്ലോസ്സിപ്പിന്റെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്). ഒരു ഷെല്‍ പൊട്ടാതെ കാപ്റ്റന്‍ ഗ്ലോസ്സോപ്പിന്റെ അടുത്തു കൂടി പോയി. അതു പൊട്ടിയിരുന്നെങ്കില്‍ ഒരു പക്ഷെ ചരിത്രം മറ്റൊന്നാവുമായിരുന്നു. ‘സിഡ്നി’ കൂടുതല്‍ മുന്നോട്ടു വന്നു പ്രഹരം തുടങ്ങി. പലപ്പോഴും കപ്പലുകള്‍ തമ്മിലുള്ള അകലം 5 മുതല്‍ 10 കി.മീ. ആയിരുന്നു. ഇടയ്ക്കു 'സിഡ്നി' യുടെ ഒരു ടോര്‍പ്പിഡോ എംഡെന് ഏറ്റില്ല.  തിരികെ നാലു തവണ ടോര്‍പിഡോ അയയ്ക്കാനുള്ള വോണ്‍ മുള്ളറുടെ ശ്രമങ്ങള്‍, വിദഗ്ദ്ധനീക്കങ്ങള്‍ വഴി സിഡ്നി ഒഴിവാക്കി. 10.40 ആയപ്പോഴേക്കും എംഡെന്റെ പല സാമഗ്രികളും വെടിക്കോപ്പുകളും തകര്‍ന്നു. വശങ്ങളില്‍ കേടുപാടുകള്‍ വന്നു. കപ്പലില്‍ തീ പടരാന്‍ തുടങ്ങിയിരുന്നു. യുദ്ധത്തിനിടയില്‍ അകലെ താങ്ങുകപ്പലായ എസ്.എസ് . ബരെസ്ക്  എത്തിയതു ‘സിഡ്നി’യിലെ നാവികര്‍ കണ്ടു.

ഡിറെക്ഷന്‍ ദ്വീപില്‍ വോണ്‍ മുക്കെയും സംഘവും

വയര്‍ലെസ്സ് കേന്ദ്രം തകര്‍ക്കല്‍

ദ്വീപുനിവാസികള്‍ വയര്‍ലെസ്സ് കെട്ടിടത്തിനു സമീപമുള്ള തങ്ങളുടെ ടെന്നീസ് കോര്‍ട്ട് തകര്‍ക്കരുതെന്ന് അവരോടപേക്ഷിച്ചു എന്നും ഫസ്റ്റ് ഓഫീസര്‍ വോണ്‍ മുക്കെയും സംഘവും അതിനു സമ്മതിച്ചുവെന്നും പറയപ്പെടുന്നു.   ടെന്നിസ് കളത്തിനു കേടുണ്ടാകാത്ത രീതിയില്‍ ആണു ടവറുകള്‍ തകര്‍ത്തത്.   എല്ലാ സംവിധാനങ്ങളും രണ്ടര മണിക്കൂര്‍ കൊണ്ടു നശിപ്പിച്ചു. അപ്പോഴേയ്ക്കും ‘സിഡ്നി’ എത്തിയിരുന്നതിനാല്‍ കരയില്‍ നിന്നു  പൊരിഞ്ഞ യുദ്ധം കാണുകയേ അവര്‍ക്കു നിവൃത്തിയുണ്ടായിരുന്നുള്ളൂ. ശത്രുക്കള്‍ദ്വീപിലേക്കു കയറിയാല്‍ എതിരിടാന്‍ അവര്‍ തയ്യാറെടുക്കുകയും ചെയ്തു. പക്ഷെ, എംഡെന്റെ അവസാനം അടുത്തു എന്നു മനസ്സിലാക്കിയ അവര്‍, അവിടെയുണ്ടായിരുന്ന ‘അയിഷ’ എന്ന ഒരു പായ് ക്കപ്പലില്‍ ദ്വീപു വിട്ടു. ദ്വീപില്‍ നിന്നു 8 ആഴ്ചയ്ക്കുള്ള ഭക്ഷണങ്ങളും 4 ആഴ്ചയ്ക്കുള്ള വെള്ളവും സംഭരിച്ചിരുന്നു. ‘അവിടെയുണ്ടായിരുന്ന ബ്രിട്ടീഷുകാര്‍ (റോസും അയാളുടെ ആശ്രിതരും) ഞങ്ങള്‍ക്കു വെള്ളവും വസ്ത്രങ്ങളും പാത്രങ്ങളും തന്നു സന്തോഷത്തോടെ ഞങ്ങളെ യാത്രയയച്ചു. ഞാന്‍ ‘അയിഷ’യില്‍ ജര്‍മ്മന്‍ പതാക ഉയര്‍ത്തി’ എന്നു വോണ്‍ മുക്കെ ഓര്‍മ്മക്കുറിപ്പില്‍ എഴുതി. ഈ പായ്ക്കപ്പലിന്റെ ഉടമസ്ഥന്‍ ദ്വീപുകളുടെ ‘ഉടമസ്ഥനാ’യി സ്വയം അവരോധിയ്ക്കപ്പെട്ട റോസ്  തന്നെ ആയിരുന്നു.

കീഴടങ്ങല്‍

കടുത്ത യുദ്ധം തുടര്‍ന്നു. അപ്പോഴേയ്ക്കും യുദ്ധരംഗം ഡിറെക്ഷന്‍ ദ്വീപില്‍ നിന്നും 23 കിമീ വടക്കുള്ള നോര്‍ത്ത് കീലിംഗ് ദ്വീപിന്റെ അടുത്തായി. 11 മണിയോടെ എംഡെനില്‍ വെള്ളം കയറാന്‍ തുടങ്ങി. 80 മിനിറ്റില്‍ സിഡ്നി എംഡെനെ ഒരു ചരിത്രമാക്കി  മാറ്റി. വോണ്‍ മുള്ളര്‍ 

എംഡെന്‍-സിഡ്നി കടല്‍പ്പോര് 

കീഴടങ്ങാന്‍ തയ്യാറെടുത്തു. തന്റെ ഭടന്‍മാരുടെ ജീവന്‍ രക്ഷിയ്ക്കാന്‍ 11.20-നു അദ്ദേഹം നോര്‍ത്ത് കീലിംഗ് ദ്വീപിന്റെ തീരത്തേയ്ക്കു കപ്പല്‍ കൊണ്ടുപോയി കടല്‍പുറ്റിലും മണ്ണിലും അടിത്തട്ട് ഉരസി നിര്‍ത്തി. എന്നിട്ടും കാപ്റ്റന്‍ ഗ്ലോസ്സോപ്, ഏകദേശം മൂന്നര  കി.മീ. ദൂരെ നിന്ന് എംഡെന്റെ വശത്തു രണ്ടു ഷെല്‍ പ്രഹരം കൂടി നല്‍കി. കപ്പലിനെ നിശ്ചലമാക്കാന്‍ വേണ്ടിയായിരുന്നു ഇത്. എങ്കിലും ചരിത്രകാരന്മാര്‍ ഈ പ്രവൃത്തിയില്‍ വളരെ അനൌചിത്യം കാണുന്നു. അതു വഴിയേ പറയാം.

എംഡെന്‍ - ഒരു തിരുമാറാടിയുടെ അന്ത്യം 

സിഡ്നി അതിനു ശേഷം എസ്.എസ്. ബരെസ്കിന്റെ പിന്നാലെ പോയി. 12.10-നു ബരെസ്കിനോടു നിര്‍ത്താന്‍ ആജ്ഞാപിച്ചു. അതില്‍, 1 വാറന്റ് ഓഫീസര്‍, 1 ഇംഗ്ലീഷ് സ്റ്റീവാര്‍ഡ്‌, 1 നോര്‍വീജിയന്‍ പാചകക്കാരന്‍, 18 ചീനക്കാരായ നാവികര്‍, ഇവരെ

പതനം - മറ്റൊരു ദൃശ്യം 

നിയന്ത്രിക്കാന്‍ 3 ജര്‍മ്മന്‍നാവികര്‍ (prize crew), മറ്റു 12 പേര്‍  - ഇത്രയും ആള്‍ക്കാരുണ്ടായിരുന്നു. കപ്പലിലുണ്ടായിരുന്നവര്‍ പലരും തടവിലായി. ജീവനക്കാര്‍ കപ്പല്‍ നശിപ്പിയ്ക്കാന്‍ തുടങ്ങിയിരുന്നു. കാപ്റ്റന്‍ ഗ്ലോസ്സോപ് അതിലേയ്ക്കു നാലു ഷെല്ലുകള്‍ കൂടി നിറയൊഴിച്ച ശേഷം, അതിലെ രണ്ടു ചെറിയ ബോട്ടുകള്‍ വെള്ളത്തില്‍ ചാടി നീന്തുന്ന നാവികര്‍ക്കായി വിട്ടിട്ട് 12.30-നു മടങ്ങി. വൈകിട്ടു 4.20-നു എംഡെനെ നേരിടാന്‍ മടങ്ങിയെത്തി. കീഴടങ്ങാന്‍ എംഡെനോട് ആവശ്യപ്പെട്ടു. എല്ലാ ഉപകരണങ്ങളും തകര്‍ന്ന എംഡെനില്‍ നിന്നു മറുപടി കിട്ടിയില്ല. അതില്‍ അപ്പോഴും ജര്‍മ്മന്‍ പതാക പാറിക്കളിയ്ക്കുന്നുണ്ടായിരുന്നു. യുദ്ധം തുടരാനാണു പദ്ധതിയെന്നു കരുതി എംഡെനു നേരെ വെടിവര്‍ഷം തുടങ്ങി. പുതുതായി തുടങ്ങിയ ആസ്ത്രേലിയന്‍ നേവിയുടെ  ആദ്യത്തെ യുദ്ധമാകയാല്‍ അവര്‍ക്ക് അതിന്റെ ഉശിരും ചൂടുമുണ്ടായിരുന്നു.

വോണ്‍ മുള്ളര്‍ കപ്പലിലുണ്ടായിരുന്ന രേഖകളെല്ലാം കത്തിച്ചു. വൈകിട്ടു 4.35-നു വെള്ളക്കൊടി ഉയര്‍ത്തി. കീഴടങ്ങല്‍! സിഡ്നി തിരികെ എസ്.എസ്. ബരെസ്കില്‍ നിന്നുള്ള നാവികരെ രക്ഷപ്പെടുത്താന്‍ പോയി. രണ്ടു ബോട്ടുകളില്‍ കയറിപ്പറ്റിയ രണ്ടു നാവികരുമായി മടങ്ങി. ബാക്കിയുള്ളവര്‍ കടലില്‍ മുങ്ങിമരിച്ചു. ഇവിടെയും കാപ്റ്റന്‍ ഗ്ലോസ്സോപ്പിന്റെ അനൌചിത്യം ചരിത്രകാരന്മാരെ അലോസരപ്പെടുത്തുന്നു. പിന്നെ സിഡ്നി എംഡെനു സമീപം എത്തുന്നതു പിറ്റേന്നാണ്. അന്നു രാവില്‍ അതു ഡിറെക്ഷന്‍ ദ്വീപിനു സമീപം ചെലവഴിച്ചു. മറ്റൊരു ജര്‍മ്മന്‍ പടക്കപ്പല്‍ (കൊനിഗ്സ്ബര്‍ഗ്) ആ ഭാഗത്തെത്തും എന്നു സംശയിച്ച് അതിനെ എതിരിടാന്‍ കാത്തു കിടക്കുകയായിരുന്നു അവര്‍.

പോരാട്ടത്തില്‍ നാലു പേരുടെ ജീവന്‍ സിഡ്നിയ്ക്കു നഷ്ടമായി. പരുക്കേറ്റ നാലു പേര്‍ കൂടി പിന്നീടു മരിച്ചു. കാപ്റ്റന്‍ ജോണ്‍ ഗ്ലോസ്സോപ്പിന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണുന്നു:

സിഡ്നിയിലെ മരണങ്ങള്‍:- കൊല്ലപ്പെട്ടത് 3, അതിമാരകമായ  പരുക്ക് (പിന്നീടു മരിച്ചു) 1, മാരകമായ പരിക്ക് 4, മുറിവേറ്റവര്‍ 4, നിസ്സാരപരിക്ക് 4. എംഡെന്റെ കാപ്റ്റന്‍ പറഞ്ഞതു പ്രകാരമാണെങ്കില്‍  അവര്‍ക്കു ഏകദേശം 7 ഓഫീസര്‍മാരും 108 നാവികരും കൊല്ലപ്പെട്ടുവെന്നേ എനിയ്ക്കു പറയാന്‍ കഴിയൂ. എന്റെ കൂടെ സിഡ്നിയില്‍ 11 ഓഫീസര്‍മാരും 9 വാറന്റ് ഓഫീസര്‍മാരും 191 നാവികരും ഉണ്ടായിരുന്നതില്‍ 3 ഓഫീസര്‍മാരും 53 നാവികരും പരിക്കേറ്റവരാണ്. അതില്‍ ഒരു ഓഫീസറും 3 നാവികരും പിന്നീടു മരിച്ചു.

എംഡെനു  376 പേരില്‍  133 പേരെ നഷ്ടമായി. 115 എന്നു വോണ്‍ മുള്ളര്‍ പറഞ്ഞതു കീഴടങ്ങിയ ഉടന്‍ പറഞ്ഞ കണക്കാണ്. മുറിവേറ്റ പലരും പിന്നീടു മരിച്ചു. അടുത്തെങ്ങും വന്‍കര ഇല്ലാത്തതു മൂലമാണു  മരണസംഖ്യ ഉയര്‍ന്നത്. ‘സിഡ്നി’യിലെ നാവികര്‍ വോണ്‍ മുള്ളറെയും മറ്റു നാവികരെയും തടവുകാരാക്കി. ഇവര്‍ 211 പേരായിരുന്നു എന്നു ബ്രിട്ടീഷ് രേഖകളില്‍ കാണുന്നു. (കൊകോസ് ദ്വീപുകളിലേക്കു പോകുമ്പോള്‍ ആകെയുണ്ടായിരുന്നതു മുള്ളറും 324 പേരുമായിരുന്നു എന്നു ചില പഠനങ്ങളില്‍). പിന്നീടു ചിലരെ  സിംഗപ്പൂരിലേക്കു മാറ്റി. വോണ്‍ മുള്ളറെയും ചിലരെയും സിലോണ്‍ വഴി യൂറോപ്പിലെ മാള്‍ട്ട ദ്വീപിലേക്കും മാറ്റി. സിലോണിലാണു പരുക്കേറ്റവരെ ചികിത്സിച്ചത്. എംഡെനില്‍ രണ്ടു ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു. ഒരാള്‍ യുദ്ധത്തില്‍ ഷെല്‍ കൊണ്ടു ഛിന്നഭിന്നമായിരുന്നു. മറ്റെയാള്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും പലരുടെയും ജീവന്‍ രക്ഷിയ്ക്കാന്‍ സാധിച്ചില്ല. 'സിഡ്നി'യിലെ ഡോക്ടര്‍മാരും ഡിറെക്ഷന്‍ ദ്വീപിലെ ഒരു ഡോക്ടറും പിറ്റേന്നു മുതല്‍ കൊളംബോയിലെത്തുന്നതു വരെ സ്തുത്യര്‍ഹമായ സേവനം ചെയ്തു. 

നവംബര്‍ 9-നു രാവിലെ 6 മണിയ്ക്കെത്തിയ എംഡെന്‍ അഞ്ചു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വെറും അസ്ഥികൂടമായി. അതില്‍ നിന്നു പിന്നീട് ആസ്ത്രേലിയന്‍ നേവി 6,429 മെക്സിക്കന്‍ വെള്ളി ഡോളര്‍ നാണയങ്ങള്‍ കണ്ടെടുത്തു. ചില നാണയങ്ങളില്‍ അലങ്കാരപ്പണി നടത്തി 
HMAS സിഡ്നിയിലെ നാവികര്‍ക്കു കൊടുത്ത മെക്സിക്കന്‍  ഡോളര്‍ മെഡല്‍. 
നാണയത്തിനു മുകളില്‍  'Nov 9, 1914' , കപ്പലുകളുടെ  പേരുകള്‍ ഇവ കാണാം. ഏറ്റവും മുകളില്‍ ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ കിരീടം.

'സിഡ്നി'യിലെ നാവികര്‍ക്കു സമ്മാനമായി നല്‍കി. ചിലവ മ്യൂസിയങ്ങളിലും എത്തി. ബാക്കിയുള്ളവ ലേലം ചെയ്തു സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടി. സിഡ്നിയിലെ നാവികര്‍ക്കെല്ലാം ബ്രിട്ടീഷ് ചക്രവര്‍ത്തി പ്രമോഷനും ഉപഹാരങ്ങളും നല്‍കി.

സെപ്തംബര്‍ 5-നു തുടങ്ങിയ എംഡെന്റെ പടയോട്ടം മുപ്പതിലധികം (പലരും പല സംഖ്യയാണു നല്‍കുന്നത്) കപ്പലുകള്‍ നശിപ്പിച്ച്, വാണിജ്യം സ്തംഭിപ്പിച്ച്, എതിരാളികളുടെ 70- ലേറെ യുദ്ധക്കപ്പലുകള്‍ക്കു പിടികൊടുക്കാതെ, പലരുടെയും ഉറക്കം കെടുത്തി,  66 ദിവസം കൊണ്ടു പര്യവസാനിച്ചു. കൊകോസ് ദ്വീപസഞ്ചയത്തിലെ നോര്‍ത്ത് കീലിംഗ് എന്ന തുരുത്തിന്റെ തീരം എംഡെനു തുറന്ന ശവകുടീരമായി.
എംഡെന്റെ യാത്രാവഴികള്‍


എംഡെന്‍ കപ്പലിന്റെ ചില ഭാഗങ്ങള്‍ യൂറോപ്പിലെയും ആസ്ത്രേലിയയിലും മ്യൂസിയങ്ങളില്‍ ഉണ്ട്. സിഡ്നി നഗരത്തിലെ ഹൈഡ് പാര്‍ക്കില്‍ ഒരു തോക്കും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1960-നോടടുത്ത് ഒരു ജാപ്പനീസ് സ്ക്രാപ്പ് മെറ്റല്‍ കമ്പനി എംഡെന്റെ ലോഹഭാഗങ്ങള്‍ വീണ്ടെടുത്തു. ബാക്കി ഭാഗങ്ങള്‍ ഇപ്പോഴും നോര്‍ത്ത് കീലിംഗ് തീരത്തുണ്ട്.

സാഹസികയാത്ര - വോണ്‍ മുക്കെയും സംഘവും

ഫസ്റ്റ് ഓഫീസര്‍ വോണ്‍ മുക്കെ പായ്ക്കപ്പല്‍ ഓടിയ്ക്കുന്നതില്‍ വൈദഗ്ധ്യം ഉള്ള ആളായിരുന്നു. അയിഷയില്‍ കോണദൂരമാപിനി (Sextant, ഷഷ്ഠകം) ഉണ്ടായിരുന്നു. അയിഷ നവംബര്‍ 27-നു ഇന്തോനേഷ്യയിലെ സുമാത്രയിലുള്ള പഡാംഗിലെത്തി. ഇന്തോനേഷ്യ ഡച്ചുകാരുടെ കോളനിയായിരുന്നു. ഡച്ചുകാര്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കാതെ നിഷ്പക്ഷമായി
ഫസ്റ്റ് ലെഫ്. ഹെല്‍മുത് വോണ്‍ മുക്കെ
(1881-1957)

നിന്ന കാരണം അവിടെ പ്രശ്നങ്ങളുണ്ടായില്ല.  അവിടെ നിന്ന്  അവര്‍ അന്നു വൈകിട്ടു അയിഷയില്‍ തന്നെ യാത്ര തിരിച്ചു. ബ്രിട്ടീഷ് പടക്കപ്പലുകളുടെ കണ്ണില്‍ പെടാതെ, മഴയും കാറ്റും കൂറ്റന്‍ തിരമാലകളെയും നേരിട്ട് ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തു വച്ച്, ഒരു ഇറ്റാലിയന്‍ ചരക്കുകപ്പലിന്റെ വേഷം കെട്ടിയ, എസ്.എസ്. ചോയിസിംഗ് എന്ന ആസറ്റ്റിയന്‍ കപ്പലില്‍ ഡിസംബര്‍ 16-നു കയറി. എന്നാല്‍ വോണ്‍ മുക്കെയുടെ വിവരണപ്രകാരം പഡാംഗിനടുത്തു വച്ചു കയറി എന്നു വേണം അനുമാനിക്കാന്‍. അപ്പോഴേയ്ക്കും ആ പായ്ക്കപ്പലില്‍ അവര്‍ 6 ആഴ്ചയോളം  ചെലവഴിച്ച് 3,165 കി.മീ. താണ്ടിയിരുന്നു. ചോയിസിംഗില്‍ കയറിയ ശേഷം അയിഷയെ കടലില്‍ താഴ്ത്തിയതായി വോണ്‍ മുക്കെയുടെ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നു:

"ഞങ്ങള്‍ അയേഷയില്‍ ഒരു ദ്വാരമിട്ടു. അതില്‍ ഇത്തിരിയായി വെള്ളം കയറിക്കൊണ്ടിരുന്നു. നിറഞ്ഞ ഉടന്‍ പെട്ടെന്ന് അവള്‍ കടലിലേക്കു താണുപോയി. ആ മാസത്തെ ഏറ്റവും ദു:ഖകരമായ ദിനമായിരുന്നു അത്  " .

ആസറ്റ്റിയ ജര്‍മ്മനിയുടെ സഖ്യരാജ്യമായിരുന്നുവല്ലൊ. ചോയിസിംഗ് അവരെ യെമനിലിറക്കി. 'ചോയിസിംഗ്' ചെറിയ ജര്‍മ്മന്‍ കപ്പല്‍ (90 മീ നീളം) ആയിരുന്നു എന്നാണു മുക്കേ പറഞ്ഞിരിയ്ക്കുന്നത്. അതില്‍ കയറിയപ്പോള്‍ വോണ്‍ മുക്കെയും കൂട്ടുകാരും നഗ്നരായിരുന്നുവത്രേ. ജര്‍മ്മനിയുടെ മറ്റൊരു സഖ്യകക്ഷിയായ തുര്‍ക്കിയുടെ ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു അന്നു യെമന്‍. (അറബി പദമായ ഉത്-മാന്‍/ഒത്-മാന്‍ എന്നതിന്റെ ഇംഗ്ലീഷ് രൂപമാണു ഓട്ടോമാന്‍.  മലയാളത്തില്‍ ഇത് ഉസ്മാന്‍ ആണ്). ജലമാര്‍ഗ്ഗം തുര്‍ക്കിയിലേയ്ക്കു പോകാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കരമാര്‍ഗ്ഗം സാഹസികമായി ഒട്ടകപ്പുറത്തും തീവണ്ടിയിലുമൊക്കെയായി തുര്‍ക്കിയിലെത്തി. ഇതിനിടെ ജെദ്ദക്കടുത്തു വച്ചു രണ്ടു പേര്‍ അറബി ബദുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതു പോലെയുള്ള ആവശ്യങ്ങള്‍ക്കു ബ്രിട്ടീഷുകാര്‍ പണം നല്‍കി നിര്‍ത്തിയവരായിരുന്നു ഈ ബദുക്കള്‍. മെക്കയിലെ തുര്‍ക്കിസൈന്യം അവര്‍ക്കു തുണയായതു കാരണം കൂടുതല്‍ അപകടം സംഭവിച്ചില്ല. ബാക്കിയുള്ളവര്‍ തുര്‍ക്കിയുടെ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിളില്‍ ആറുമാസത്തെ യാത്രയ്ക്കു ശേഷം എത്തി. ഞങ്ങള്‍ 49 പേര്‍ എത്തി’ എന്നാണ് അന്നു ഫസ്റ്റ് ഓഫീസര്‍ വോണ്‍ മുക്കെ അവിടത്തെ ജര്‍മ്മന്‍ പട്ടാളമേധാവികളെ അറിയിച്ചത്. (42 എന്നൊരു ഭാഷ്യവും ഉണ്ട്). അവിടെ നിന്നും മുക്കെയും സംഘവും പിന്നീടു ജര്‍മ്മനിയിലേക്കു പോയി.

ഹെല്‍മുറ്റ് വോണ്‍ മുക്കെ

1881-ല്‍ ജനിച്ച വോണ്‍ മുക്കെയുടെ അച്ഛനും ഒരു സൈനിക കാപ്റ്റന്‍ ആയിരുന്നു. നേവിയില്‍ നിന്നു വിരമിച്ച മുക്കെ  എംഡെനെപ്പറ്റി രണ്ടു ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പിന്നീടു രാഷ്ട്രീയത്തിലിറങ്ങി. ഹിറ്റ് ലറുടെ നാറ്റ്സി പാര്‍ട്ടിയില്‍ ചേര്‍ന്നുവെങ്കിലും സമാധാനകാംക്ഷിയായിരുന്നതിനാല്‍ രാജി വയ്ക്കുകയും ഹിറ്റ് ലറുടെ കടുത്ത വിമര്‍ശകന്‍ ആവുകയും ചെയ്തു. ഹിറ്റ് ലര്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചു. പക്ഷെ, ജര്‍മ്മനിയില്‍ ഒരു വീരനായകപരിവേഷം ഉണ്ടായിരുന്ന അദ്ദേഹത്തെ ജയില്‍ അധികാരികള്‍ മോചിപ്പിച്ചു. 1943-ല്‍ വോണ്‍ മുക്കെയുടെ മൂത്ത മകന്‍ റഷ്യക്കെതിരായ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. 1957-ല്‍ മുക്കെ അന്തരിച്ചു.

കാള്‍ വോണ്‍ മുള്ളര്‍ 

കാള്‍ വോണ്‍ മുള്ളറെ ഒരു നല്ല മനുഷ്യന്‍ എന്നു ചരിത്രകാരന്മാര്‍ വിശേഷിപ്പിയ്ക്കുന്നു. മനുഷ്യജീവന്‍ വിലപ്പെട്ടതാണെന്ന സത്യം ഏത് ആപദ്ഘട്ടത്തിലും അദ്ദേഹം മറന്നില്ല. പിടിച്ചെടുത്ത കപ്പലിലെ യാത്രക്കാരോടും നാവികരോടും മാന്യമായി പെരുമാറി. മറ്റു കപ്പലുകള്‍ വഴി ഇവരെ അടുത്തുള്ള തുറമുഖങ്ങളില്‍ എത്തിയ്ക്കുകയും ചെയ്തു. എതിരാളിയുടെ കപ്പല്‍ മുക്കുന്നതിനു മുമ്പ് അതിലുള്ള എല്ലാവരെയും സുരക്ഷിതരായി മാറ്റിയിരിയ്ക്കണമെന്ന നിര്‍ദ്ദേശം സ്വന്തം നാവികര്‍ക്കു നല്‍കിയിരുന്നു.    രാജ്യം എടുത്ത തീരുമാനത്തിനുസരിച്ച് ഒരു ദേശഭക്തനായി അദ്ദേഹം പോരാടി. ജര്‍മ്മന്‍ ഭരണാധികാരിയായിരുന്ന കൈസറുടെ സാമ്രാജ്യമോഹമാണ് ഇതിനു കാരണമായതെങ്കിലും. യുദ്ധശേഷം ബ്രിട്ടന്‍, വോണ്‍ മുള്ളറെ ആദരിയ്ക്കാന്‍ വരെ തീരുമാനിച്ചു; ചില കാരണങ്ങളാല്‍ അതു വേണ്ടെന്നു വച്ചു. കാരണം ഊഹിയ്ക്കാവുന്നതേയുള്ളൂ.

സര്‍ ജെ. എസ്. കോര്‍ബെറ്റ്  നേവല്‍ ഓപ്പറേഷനില്‍  ഇങ്ങനെ എഴുതി:

കാപ്റ്റന്‍ വോണ്‍ മുള്ളര്‍ യഥാര്‍ത്ഥനാശവും, തന്ത്രപരവും സാമ്പത്തികവുമായ വിനകളും വഴി വലിയ വിജയം നേടി. അതു മാത്രമല്ല, തന്റെ കഴിവും യുദ്ധതന്ത്രവും ധൈര്യവും കാരണം വിജയസ്ഥിതി വളരെ നാള്‍ നിലനിര്‍ത്തി എന്നതും ആപദ്ബാന്ധവത്വത്തോടെയും മനുഷ്യത്വത്തോടെയും തന്റെ കടമ നിര്‍വ്വഹിച്ചു എന്നതും എതിരാളികളുടെ പോലും ആദരവിനു കാരണമായി.

ലണ്ടനിലെ ഡെയിലി ടെലഗ്രാഫ് എന്ന പത്രം ഇങ്ങനെ എഴുതി: "എംഡെന്‍ നശിപ്പിയ്ക്കപ്പെട്ടു എന്നതു വളരെ ഖേദകരമാണെന്നു ആത്മാര്‍ത്ഥമായി പറയേണ്ടിയിരിയ്ക്കുന്നു. എംഡെന്‍ പോയ സ്ഥിതിയ്ക്കു കടല്‍യുദ്ധത്തിന്റെ ഉദ്വേഗവും നര്‍മ്മവും താത്പര്യവും കുറച്ചു നഷ്ടപ്പെടും".

ഒന്നാം ലോകമഹായുദ്ധം 1918 നവംബര്‍ 18-ന് അവസാനിച്ചു. 1920-ല്‍ വോണ്‍ മുള്ളറും സംഘവും സ്വതന്ത്രരായി ജര്‍മ്മനിയിലെത്തി. വീരോചിതമായ സ്വീകരണമാണ് അവര്‍ക്കു ലഭിച്ചത്. എംഡെന്‍ നാവികര്‍ക്കു അവരുടെ കുടുംബപരമ്പരകള്‍ക്കും - അവരുടെ പേരിന്റെ അവസാനം എംഡെന്‍ എന്നു വയ്ക്കാന്‍ അനുവാദം കൊടുത്തു.

ഒരു കേണലിന്റെ മകനായി, 1873 ജൂണ്‍ 16-നു ജര്‍മ്മനിയിലെ ഹാനോവറിലാണു വോണ്‍ മുള്ളറുടെ ജനനം. 18 വയസ്സില്‍ സേനയില്‍ ചേര്‍ന്നു. കര്‍മ്മകുശലതയാല്‍ 1813-ല്‍ എംഡെന്റെ കാപ്റ്റന്‍ ആയി. 1914-ല്‍ തടവിലായ വോണ്‍ മുള്ളറെയും സംഘത്തെയും യൂറോപ്പിലെ മാള്‍ട്ടയില്‍ തടവുകാരായി എത്തിച്ചു. 1916 ഒക്ടോബര്‍ 8-നു വോണ്‍ മുള്ളറെ ഇംഗ്ളണ്ടിലേക്കു മാറ്റി. 1917-ല്‍ 21തടവുകാരോടൊപ്പം ഒരു തുരങ്കം തീര്‍ത്തു രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷെ, പിടിയ്ക്കപ്പെട്ടു. നേരത്തേ തന്നെ മലേറിയ ബാധിച്ചിരുന്ന അദ്ദേഹത്തിനു ഇംഗ്ലീഷ് കാലാവസ്ഥ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കി. അതു കാരണം അദ്ദേഹത്തെ ഹോളണ്ടിലേക്കു മാറ്റി. 1918-ല്‍ യുദ്ധം തീരുന്നതിന് ഒരു മാസംമുമ്പു തന്നെ സൈനികതടവുകാരെ കൈമാറ്റം ചെയ്തു തുടങ്ങിയിരുന്നു. ഒക്ടോബറില്‍ വോണ്‍ മുള്ളര്‍ അങ്ങനെ ജര്‍മ്മനിയിലെത്തി. 1919 ല്‍ നേവിയില്‍ നിന്നു സ്വയം വിരമിച്ചു. പിന്നീടു ബ്രുണ്‍സ്വിക് എന്ന സ്വതന്ത്രപ്രവിശ്യയിലെ എം.പി. ആയി. പെട്ടെന്ന് അസുഖം മൂര്‍ച്ഛിച്ചു 1923 മാര്‍ച്ച് 11-നു അദ്ദേഹം നിര്യാതനായി. അപ്പോള്‍ അമ്പതു വയസ്സു തികഞ്ഞിട്ടില്ലായിരുന്നു.

എംഡെനെ ആദരിയ്ക്കാന്‍ അതേ പേരില്‍ വേറെയും യുദ്ധക്കപ്പലുകള്‍ പിന്നീടു ജര്‍മ്മനി നിര്‍മ്മിച്ചു. എസ്.എം.എസ്. എംഡെന്‍ (1916-1919), എംഡെന്‍ (1925-1949), എംഡെന്‍ F210 (1961-1983), എംഡെന്‍ 221 (1983-2013). രണ്ടാമത്തെ എസ്.എം.എസ്. എംഡെന്‍ 1919-ല്‍ സഖ്യകഷികളുടെ ആക്രമണത്തില്‍ ഭാഗികമായി തകരുകയും പിന്നീട് അവരുടെ കയ്യില്‍ പെടാതിരിയ്ക്കാന്‍ ജര്‍മ്മന്‍കാര്‍ നശിപ്പിച്ചു കളയുകയും ചെയ്തു.

എംഡെന്‍ വീരഗാഥ പല ഡോക്യുമെന്‍ററികളുടെയും ചലച്ചിത്രങ്ങളുടെയും വിഷയമായി. Our Emden (1926), The Cruiser Emden (1932), The Sea Raider (1931), How We Beat The Emden (1915), How We Fought The Emden (1915), The Exploits of The Emden (1928) എന്നീ ചലച്ചിത്രങ്ങള്‍ പുറത്തിറങ്ങി. ജര്‍മ്മന്‍ ഭാഷയില്‍ വേറെയും ചലച്ചിത്രങ്ങള്‍ ഉണ്ട്. ഇതിലൊന്ന് 2012-ല്‍ ഇറങ്ങിയ The Men of the Emden ആണ്. ഇതില്‍ പായ്ക്കപ്പലില്‍ രക്ഷപ്പെട്ടവരുടെ കഥയാണ്  ഇതിവൃത്തം.

വില്ലനായ നായകന്‍, നായകനായ വില്ലന്‍ 

എസ്.എസ്. ബരെക്  എന്ന കപ്പലിലെ ജീവനക്കാരെ വിധിയ്ക്കു വിട്ടു കൊടുത്തുകൊണ്ടു എംഡെന്റെ അടുത്തേയ്ക്കു പോയ ഗ്ലോസ്സോപ് ശരിയ്ക്കും ക്രൂരതയാണു കാട്ടിയത്. കപ്പല്‍ മുക്കുന്നതിനു മുമ്പു അതിലെ ജീവനക്കാരെ സിഡ്നിയില്‍ കയറ്റി എന്നു പറയുന്നുണ്ടെങ്കിലും. തിരികെ ബരെക് മുങ്ങിയ സ്ഥലത്തു ചെന്നപ്പോള്‍ രണ്ടു ബോട്ടിലായി രണ്ടുപേരെ മാത്രമേ കിട്ടിയുള്ളൂ. വൈകുന്നേരം, നിശ്ചലമായ എംഡെനിലേയ്ക്കു വീണ്ടു ഷെല്‍ പ്രയോഗിച്ചതു മറ്റൊരു ക്രൂരത. എംഡെനിലെ മരണസംഖ്യ ഇതു കാരണം കൂടി. പല സാധൂകരിയ്ക്കലുകളും ഗ്ലോസ്സോപ്പിന്റെ ഭാഗത്ത് ഉണ്ടാവാമെങ്കിലും, വോണ്‍ മുള്ളറോളം മാന്യത അദ്ദേഹത്തിനില്ലാതെ പോയി. 

അങ്ങനെ യഥാര്‍ത്ഥത്തില്‍ വില്ലനായ വോണ്‍ മുള്ളര്‍ കഥാന്ത്യത്തില്‍ നായകനാവുന്നു. നായകനാവേണ്ട ഗ്ലോസ്സോപ് ആകട്ടെ, വില്ലനായി മാറുന്നു. നിര്‍ദ്ദയമായ കോളനിവാഴ്ച വഴി സ്വന്തം രാജ്യത്തിന്റെ ഐശ്വര്യം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഭരണാധികാരികളുടെ  ശ്രമത്തില്‍ ഇവര്‍ രണ്ടു പേരും മറ്റു സൈനികരും ഉപകരണങ്ങളായി എന്നതാണു സത്യം.

സൈനികന്റെ കടമ

ഇങ്ങനത്തെ യുദ്ധങ്ങളില്‍ സൈനികര്‍ പങ്കെടുക്കണോ? ഇവിടെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ കമാന്‍ഡര്‍-ഇന്‍-ചീഫ് (1949-1953)  ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പ  (28 January 1899 15 May 1993) ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ഓര്‍മ്മ വരുന്നത്. ഇന്ത്യ ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ പട്ടാളത്തെ 1987-ല്‍ അയയ്ക്കുകയും ദൌത്യം ദുരന്തമാവുകയും ചെയ്തതിനു ശേഷമായിരുന്നു കരിയപ്പയുമായി ഒരു അഭിമുഖം. കുടകില്‍ വിശ്രമജീവിതത്തിലായിരുന്നു അന്ന് അദ്ദേഹം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സൈന്യം പങ്കെടുക്കുന്നതു ശരിയാണോ?എന്ന്,  ഇന്ത്യയുടെ എക്കാലത്തെയും മികച്ച പട്ടാളമേധാവികളില്‍ ഒരാളായിരുന്ന  അദ്ദേഹത്തോടു  ചോദിച്ചു. പങ്കെടുക്കേണ്ട എന്നു തീരുമാനിയ്ക്കാന്‍ സൈനികര്‍ക്ക്‌ അവകാശമില്ലേ എന്നൊരു ധ്വനി ചോദ്യത്തിലുണ്ടായിരുന്നു. മറുപടി ഇതായിരുന്നു: A soldiers duty is to obey the government. (ഒരു സൈനികന്റെ കടമയാണു  ഗവണ്മെന്റിനെ അനുസരിയ്ക്കുകയെന്നത്).

ഒരു കാര്യം കൂടി പറഞ്ഞാലേ എംഡെന്‍ പുരാണം പൂര്‍ണ്ണമാവൂ.

എംഡെനും ഇന്ത്യാക്കാരനും

ആരാണ് എംഡെനു മദ്രാസിലേയ്ക്കു വഴികാട്ടിയായത്? ഒരു തിരുവനന്തപുരത്തുകാരന്‍! ചെമ്പകരാമന്‍ പിള്ള (1891-1934). തമിഴ് നാട്ടില്‍ നിന്നു കുടിയേറിയതായിരുന്നു ഇദ്ദേഹത്തിന്റെ പൂര്‍വ്വികര്‍. സ്വാതന്ത്ര്യസമരസേനാനിയായ ഇദ്ദേഹം, മോഡല്‍ സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് ഒരു ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞന്റെ സഹായത്തോടെ ആസ്ത്രിയയിലെത്തി സ്കൂള്‍ പഠനം തുടരുകയും പിന്നീടു ജര്‍മ്മനിയില്‍ എത്തുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം അന്നു തുടങ്ങി. കാബൂളില്‍ 'താത്ക്കാലിക ഇന്ത്യന്‍ സര്‍ക്കാര്‍' ഉണ്ടാക്കിയപ്പോള്‍ അതില്‍ ഇന്ത്യയുടെ 'വിദേശകാര്യമന്ത്രി'യായി. ജര്‍മ്മനി 1919-ല്‍ കീഴടങ്ങിയപ്പോള്‍ കാബൂളില്‍ നിന്നും ജര്‍മ്മനിയിലെത്തി. 'ജയ്‌ ഹിന്ദ്‌' എന്ന മുദ്രാവാക്യം ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ആയിടയ്ക്കു വിയന്നയില്‍ വച്ചു നേതാജി സുഭാസ് ചന്ദ്ര ബോസിനെ കാണുകയും താന്‍ ഉണ്ടാക്കിയ ഇന്ത്യന്‍ നാഷണല്‍ വോളന്റിയര്‍ കോര്‍ എന്ന സംഘടനയെപ്പറ്റി പറയുകയും ചെയ്തു. ഈ സംഘടന ഉപയോഗിച്ചു ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാമെന്നു അദ്ദേഹം നേതാജിയെ അറിയിച്ചു. ഇതാണു പിന്നീടു ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിയ്ക്കാന്‍ നേതാജിയ്ക്കു പ്രചോദകമായത്. മുതിര്‍ന്ന പല ഇന്ത്യന്‍ നേതാക്കളുമായും അദ്ദേഹം ഇടപെട്ടിരുന്നു. 1934-ല്‍ ജര്‍മ്മനിയില്‍ വച്ചു 'അസുഖം' മൂലം അന്തരിച്ചു. മണിപ്പൂരുകാരിയായ (മഹാരാഷ്ട്രക്കാരി?) ലക്ഷ്മി ബായിയെ 1931-ല്‍ വിവാഹം ചെയ്തിരുന്നു. മക്കളില്ല.

ഒരു ഇന്ത്യാക്കാരന്‍ മദ്രാസ് ആക്രമണത്തിനു സഹായിച്ചു എന്നു ഫസ്റ്റ് ഓഫീസര്‍ ഹെല്‍മുത് വോണ്‍ മുക്കെ വെളിപ്പെടുത്തുകയുണ്ടായി. ഇതു ചെമ്പകരാമന്‍ പിള്ളയായിരുന്നു എന്നാണു പരക്കെയുള്ള നിഗമനം. അദ്ദേഹം ആ സമയത്തു കപ്പലില്‍  ഉണ്ടായിരുന്നു എന്നാണു കരുതപ്പെടുന്നത്. അതിനു ശേഷം അദ്ദേഹം ജര്‍മ്മനിയിലേയ്ക്കു  മടങ്ങുകയും ചെയ്തത്രേ.

ഇന്ത്യാക്കാരെ പുച്ഛത്തോടെ കണ്ടിരുന്ന ഹിറ്റ്‌ലറുമായി അതിന്റെ പേരില്‍ പിണങ്ങുകയും അതു കാരണം അദ്ദേഹത്തെ നാറ്റ്സികള്‍ ഉപദ്രവിയ്ക്കുകയും ചെയ്തതായി പറയപ്പെടുന്നു. മരിച്ചതല്ല, ഹിറ്റ് ലറുടെ നിര്‍ദ്ദേശപ്രകാരം വിഷം കൊടുത്തു കൊന്നതാണെന്ന ഒരു വിശ്വാസവുമുണ്ട്. 

തന്റെ ചിതാഭസ്മം ഇന്ത്യയിലെത്തിയ്ക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. ലക്ഷ്മി ബായിയുടെ ഭഗീരഥപ്രയത്നം മൂലം 1967-ല്‍ ചിതാഭസ്മം തിരുവനന്തപുരത്തെത്തി. സര്‍വ്വബഹുമതികളോടും കൂടെ ഐ.എന്‍.എസ്. ഡല്‍ഹി എന്ന ഇന്ത്യന്‍ പടക്കപ്പലാണു ചിതാഭസ്മം ഇവിടെയെത്തിച്ചത്.

ബ്രിട്ടീഷുകാര്‍ ഒരു ലക്ഷം പൌണ്ട് വിലയിട്ട ഇദ്ദേഹത്തെ നമ്മള്‍ മറന്നു കഴിഞ്ഞു. സ്കൂളുകളിലും കോളേജുകളിലും ഇദ്ദേഹത്തെ പറ്റി ഒരക്ഷരം പഠിയ്ക്കാനില്ല. ഭാര്യയായ ലക്ഷ്മി ബായിയെ പറ്റി വിവരങ്ങള്‍ ലഭ്യമല്ല. 1972-ല്‍ അവര്‍ ബോംബെയില്‍ വച്ചു നിര്യാതയായെന്നും പോലീസെത്തി അവരുടെ വീട്ടില്‍ നിന്നും ചില രേഖകള്‍ കൊണ്ടുപോയെന്നും പറയപ്പെടുന്നു. (ഈ രേഖകള്‍, മുംബൈയില്‍ പത്രപ്രവര്‍ത്തകനായിരുന്ന ശ്രീ പി.കെ. രവീന്ദ്രനാഥിന്‍റെ അഭ്യര്‍ത്ഥനയനുസരിച്ചു മഹാരാഷ്ട്ര സര്‍ക്കാര്‍ ആര്‍ക്കിയോളജി വകുപ്പിനു നല്‍കി എന്നു മലയാളമനോരമയില്‍ സെപ്തംബര്‍ 18, 2016-നു വന്ന ലേഖനത്തില്‍ കാണുന്നു. മനോരമഓണ്‍ലൈനില്‍ നല്ല ഒരു ലേഖനവുമുണ്ട്:http://english.manoramaonline.com/lifestyle/society/chempaka-raman-pillai-indian-revolutionary-freedom-fighter.html?utm_source=Newsletter&utm_medium=Email&utm_term=News&utm_content=26sept2016).

2016 സെപ്തംബര്‍ 15-ന് ഇദ്ദേഹം ജനിച്ചിട്ടു 125 വര്‍ഷം തികയും.

ജയ്‌ഹിന്ദ്‌!


*****


എംഡെന്റെ തകര്‍ന്ന  മേല്‍ത്തട്ട്
എംഡെന്‍ - 'സിഡ്നി'യില്‍ നിന്നൊരു ദൃശ്യം. അവസാനത്തെ പ്രഹരത്തിനു മുമ്പ്. ഒരു പുകക്കുഴല്‍ നേരേ നില്‍പ്പുണ്ട്. തുടര്‍ന്നുള്ള ഷെല്ലിംഗില്‍ അതും വീണു.
എംഡെന്‍ - നാലാമതൊരു പുകക്കുഴല്‍
കൃത്രിമമായി പായത്തുണി കൊണ്ടു തീര്‍ത്തപ്പോള്‍
മദ്രാസ് ആക്രമണം - കൂടുതല്‍ ചിത്രങ്ങള്‍ താഴെ

(കടപ്പാട്: ഹിന്ദു ദിനപ്പത്രം) :

@@@@@@@@@@@@@@@
Part - 3 Christian Churches St. Stephen’s Church (CSI), Mundiyapalli Built in 1867, this is the oldest church of the...