Skip to main content

കൃത്തിവാസരാമായണം – സംക്ഷിപ്തം 06 - ലങ്കാകാണ്ഡം

 


കൃത്തിവാസരാമായണം  സംക്ഷിപ്തം 06

ലങ്കാകാണ്ഡം 

ചാരവൃത്തി, വിദ്യുജ്ജിഹ്വന്റെ മായ

യുദ്ധം അനിവാര്യമാണെന്നു രാവണനു ബോദ്ധ്യമായി.

രാമന്റെ സൈന്യത്തെ കുറിച്ചുള്ള വിവരം ശേഖരിക്കാന്‍ ശുകന്‍, സാരണന്‍ എന്നീ രണ്ടു ചാരന്മാരെ വിട്ടു. രാമന്‍ ജനിച്ചപ്പോള്‍ അയോദ്ധ്യയില്‍ എത്തിയവരായിരുന്നു രണ്ടു പേരും. അവര്‍ വാനരരൂപത്തില്‍ വാനരപ്പടയില്‍ നുഴഞ്ഞു കയറി ചുറ്റി നടന്നു. രണ്ടു പേരും അമ്പരന്നു പോയി. ഭീമരൂപികളായ വാനരന്മാര്‍. സൈന്യത്തിന്റെ പടലകള്‍ക്കു പല പല സേനാധിപന്മാര്‍. മര്‍ക്കടന്മാര്‍ എത്ര എന്ന് ഊഹിക്കാന്‍ പോലും വയ്യ.

ശുകനും സാരണനും വിഭീഷണന്റെ കണ്ണു വെട്ടിയ്ക്കാന്‍ പറ്റിയില്ല. എതിരിട്ട സുഗ്രീവനെ അവര്‍ ഗദ കൊണ്ട് അടിച്ചു. ഗദ തകര്‍ന്നു! ചാരന്മാര്‍ ബന്ധിതരായി.

ഇവരെ വധിയ്ക്കണം എന്നായി വിഭീഷണന്‍. രാമന്‍ അതിനു താല്‍പര്യപ്പെട്ടില്ല: ചാരവധം രാജധര്‍മ്മമല്ല.

രാമന്‍ ചാരന്മാരോടു പറഞ്ഞു: പലതും കണ്ടില്ലേ? രാവണന്‍ അതെല്ലാം അറിയട്ടെ. ഒറ്റയ്ക്കിരുന്ന സ്ത്രീയെ മോഷ്ടിച്ചവന്‍, പല സ്ത്രീകളെയും തട്ടിക്കൊണ്ടു പോയവന്‍. അവന്റെ പത്തു തലയും ഖണ്ഡിച്ചു ഞാന്‍ വിഭീഷണനെ രാജാവാക്കും. മണ്ഡോദരിയെ വിഭീഷണനു നല്‍കും. ഇതെല്ലാം പറയൂ രാവണനോട്‌.

ശുകസാരണന്മാര്‍ മടങ്ങി.  

അവര്‍ രാജസഭയില്‍ വന്നു രാവണനു വിവരങ്ങള്‍ നല്‍കി. അവര്‍ പറഞ്ഞതു പ്രകാരം രാവണന്‍ മട്ടുപ്പാവില്‍ കയറി നോക്കി. സാഗരം പോലെ വാനരസൈന്യം. സീതയെ തിരികെ നല്‍കി യുദ്ധം ഒഴിവാക്കാന്‍ വിഷ്ണുഭക്തരായ ശുകനും സാരണനും പറഞ്ഞു. രാമനെയും വാനരസേനാനായകരെയും പുകഴ്ത്തുകയും ചെയ്തു. രാവണന്‍ അവരെ സഭയില്‍ നിന്നു പായിച്ചു.

പിന്നാലെ ദൗത്യം ഏറ്റെടുത്ത ശാര്‍ദ്ദൂലന്‍ എന്ന ചാരനും വാനരരുടെ തല്ലു കൊള്ളുകയും രാമന്‍ അവനെയും രാവണനുള്ള അപകടസന്ദേശം നല്‍കി പറഞ്ഞയയ്ക്കുകയും ചെയ്തു. അവനും സീതയെ തിരിച്ചു നല്‍കാന്‍ രാവണനെ ഉപദേശിച്ചു.

സഹികെട്ട രാവണന്‍ അടുത്ത അടവെടുത്തു.

വിദ്യുജ്ജിഹ്വന്‍ എന്ന അസുരന്‍ നിര്‍മ്മിച്ച, ചോരയൊലിക്കുന്ന രാമശിരസ്സും രാമന്റേതെന്നു തോന്നിപ്പിയ്ക്കുന്ന ചാപവുമായി രാവണന്‍ സീതയുടെ അടുക്കല്‍ ചെന്നു വീമ്പിളക്കി: രാമനെ ഞാന്‍ വധിച്ചിരിയ്ക്കുന്നു. ലക്ഷ്മണന്‍ അയോദ്ധ്യയ്ക്കു പലായനം ചെയ്തു.

സീത അലമുറയിട്ടു കരഞ്ഞു.

ഇതിനിടയില്‍ വാനരന്മാരുടെ ജയ് രാം വിളികള്‍ അവിടെ കേട്ടു. അബദ്ധമായി എന്ന മട്ടില്‍ രാവണന്‍ തിരികെ പോയി.

അവിടെ എത്തിയ സരമ കാര്യങ്ങള്‍ അന്വേഷിച്ചുവരുവാന്‍ പക്ഷിരൂപത്തില്‍ രാവണന്റെ കൊട്ടാരത്തിലേയ്ക്കു പറന്നു.

അവിടെ അപ്പോഴും ചര്‍ച്ചയാണ്. അമ്മ നികഷയും അമ്മാവന്‍ മാല്യവാനും സീതയെ തിരിച്ചു നല്‍കാന്‍ ആവശ്യപ്പെടുന്നു! രാമനുമായി യുദ്ധം ചെയ്യാന്‍ മന്ത്രിമാര്‍ ഉപദേശിയ്ക്കുന്നു! കള്ളി വെളിച്ചത്തായി.

സരമ തിരികെ വന്നു സത്യം വിശദമാക്കിയപ്പോള്‍ ദേവിയുടെ ഉള്ളു തണുത്തു. രാമധ്യാനത്തില്‍ മുഴുകി.

ലങ്കാനഗരത്തിന്റെ നാലു ഭാഗത്തെയും ഗോപുരങ്ങളില്‍ രാവണന്‍ വീരന്മാരായ അസുരന്മാരെ നിര്‍ത്തി ഏതാക്രമണവും തടയാന്‍ നടപടിയെടുത്തു.

ഇരുട്ടിയപ്പോള്‍ രാമനും ലക്ഷ്മണനും മലമുകളില്‍ കയറി ലങ്കാനഗരത്തെ വീക്ഷിച്ചു. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരം. ഇവിടെ വിഭീഷണനെ തന്നെ വാഴിയ്ക്കണം, രാമന്‍ വീണ്ടും പ്രതിജ്ഞ ചെയ്തു.

കുറിപ്പ്: രാമനും സൈന്യവും ലങ്കയില്‍ എത്തിയത് സീത എങ്ങനെ അറിഞ്ഞു എന്നു വിവര്‍ത്തനങ്ങളില്‍ പറയുന്നില്ല. കൂടെയിരുന്ന അസുരസ്ത്രീകളില്‍ നിന്നു സീത അതറിഞ്ഞു എന്നു കരുതുക.

 

വാനരസൈന്യവിന്യാസം, അങ്ഗദദൂത്

രാമന്റെ നിര്‍ദ്ദേശപ്രകാരം സുഗ്രീവന്‍ പ്രകോപനപരമായ ഒരു നീക്കം നടത്തി. ലങ്കാപുരിയുടെ നാലു ഭാഗത്തും പ്രഗത്ഭരുടെ നേതൃത്വത്തില്‍ സൈന്യത്തെ വിന്യസിച്ചു.

തെക്ക്.... അങ്ഗദന്‍, മഹേന്ദ്രന്‍

കിഴക്ക്.... നീലന്‍, കുമുദന്‍

പടിഞ്ഞാറ്.... ഹനൂമാന്‍, സുഷേണന്‍

വടക്ക്.... ജാംബവാന്‍, സുഗ്രീവന്‍

രാമനും ലക്ഷ്മണനും ഹനൂമാന്‍ നില്‍ക്കുന്ന പടിഞ്ഞാറു ഭാഗത്തു നിന്നു.

ഈ കാഴ്ച കാണാന്‍ ഗണപതിയും കാര്‍ത്തികേയനും ഇന്ദ്രനും ബ്രഹ്മാവും മറ്റു ദേവകളും ആകാശത്തില്‍ വന്നു. എല്ലാവര്‍ക്കും വളരെ സന്തോഷമായി.

പാര്‍വ്വതീദേവിയ്ക്കു ലങ്കയിലെ അവസ്ഥ രുചിച്ചില്ല. ദേവി മഹേശ്വരനോടു കയര്‍ത്തു: അങ്ങയുടെ ഭക്തനല്ലേ രാവണന്‍? എന്നിട്ടും ഒഴിവാക്കുന്നോ? ലങ്കയില്‍ പോയി രാവണനെ രക്ഷിയ്ക്കരുതോ?.

ഒരു കാര്യം ചെയ്യൂ. ദേവി ചെന്നു രക്ഷിക്കൂ, മഹേശ്വരനു ദേവി പറഞ്ഞതു രുചിച്ചില്ല. പാപിയായ രാവണനെ നിഗ്രഹിയ്ക്കാന്‍ എത്തിയിരിയ്ക്കുന്നതു വിഷ്ണുവാണ്. എനിയ്ക്കു വിഷ്ണുവിനെ എതിരിടാനുള്ള കരുത്തില്ല.

രാക്ഷസപ്പടയുടെയും വാനരപ്പടയുടെയും ശബ്ദകോലാഹലം വാനില്‍ നിറഞ്ഞു. അഞ്ചു ദിവസം കഴിഞ്ഞു. രാവണന്റെ ഭാഗത്തു നിന്ന് ഒരനക്കവുമില്ല.

രാവണന്‍ എന്തു ചെയ്യുന്നു? ഒരാളെ അയക്കാന്‍ രാമന്‍ തീരുമാനിച്ചു. ബുദ്ധിമാനായ ജാംബവാന്റെ അഭിപ്രായപ്രകാരം അങ്ഗദനെ ദൂതനാക്കി.  

സുഗ്രീവനും രാമനും അങ്ഗദനോടു പറഞ്ഞു. രാവണനെ പ്രകോപിപ്പിയ്ക്കുക. കീഴടങ്ങാന്‍ ആവശ്യപ്പെടുക.

വേണമെങ്കില്‍ രാവണന്റെ പത്തു തലകളുമായി വരാം എന്നായി ബാലിപുത്രന്‍.

വേണ്ട, വിഭീഷണന്‍ പറഞ്ഞു. ഇതും കൂടി പറയൂ - അനുജന്‍ വിഭീഷണന്‍ പറഞ്ഞതു കേട്ടില്ല. നല്ല ഉപദേശകരില്ലെങ്കില്‍ രാജ്യം നശിക്കും.

ആ സമയത്തു രാവണസഭയില്‍ കൂടിയാലോചന നടക്കുന്നു. കുംഭകര്‍ണ്ണനൊഴികെ വീരന്മാരെല്ലാവരുമുണ്ട്. ഇന്ദ്രജിത്, അതികായന്‍, ത്രിശിരസ്സ്, ...അനേകം പേര്‍. കുംഭകര്‍ണ്ണന്‍ സ്വഭവനത്തില്‍ ഉറക്കത്തിലാണ്.

രണ്ടു മനുഷ്യരും കുറെ കുരങ്ങന്മാരും ശ്രമിച്ചാല്‍ രാവണനെ തോല്പിക്കാനാവുമോ എന്നൊക്കെ രാവണന്റെ വീരവാദം. രാമലക്ഷ്മണന്മാരെയും വാനരപ്പടയെയും കൊന്നു കിട്ടുന്ന മനുഷ്യമാംസവും മര്‍ക്കടമാംസവും സ്വപ്നം കണ്ടിരിയ്ക്കുകയാണ് അസുരസേനാപതികള്‍. ജനങ്ങള്‍ക്കും അതു കൊടുക്കാം. കുംഭകര്‍ണ്ണന്‍ ഉണര്‍ന്നാല്‍ അനേകം കുരങ്ങന്മാരെ തിന്നൊടുക്കും എന്നു ചിലര്‍. എന്നാല്‍, ഹനൂമാന്‍ ആ കൂട്ടത്തിലുണ്ടെങ്കില്‍ ജയം ബുദ്ധിമുട്ടാണ് എന്നു മറ്റു ചിലര്‍.

കുതിച്ചുയര്‍ന്ന അങ്ഗദന്‍ കൊട്ടാരത്തിനുള്ളില്‍ എത്തി.

അങ്ഗദന്റെ വരവു കണ്ട ദ്വാരപാലകര്‍ ഓടി മറഞ്ഞു.

അങ്ഗദന്‍ നേരെ രാവണസഭയില്‍ ചെന്നു. വാനരനെ കണ്ട രാവണന്‍, മായയാല്‍ അവിടെയിരുന്ന എല്ലാവരെയും - ഇന്ദ്രജിത് ഒഴികെ - രാവണനെ പോലെയാക്കി. സഭ നിറയെ രാവണന്മാര്‍!

അങ്ഗദന്‍ കുഴങ്ങി.

മകനായതിനാല്‍ ഇന്ദ്രജിത്തിനു രാവണന്‍ രൂപമാറ്റം നല്‍കിയില്ല. അതു കാരണം അതു മേഘനാദന്‍ തന്നെ എന്ന് അങ്ഗദനു മനസ്സിലായി.


അങ്ഗദരാവണമല്ലയുദ്ധം

മേഘനാദനു നേരെ അങ്ഗദന്‍ അരിശം തീര്‍ത്തു:

നിന്റെ അമ്മ എങ്ങനെ ഇത്ര ഭര്‍ത്താക്കന്മാരെ സന്തോഷിപ്പിച്ചു ജീവിയ്ക്കുന്നു?

ഇതിലേതാണെടാ നിന്റെ അച്ഛന്‍?

ബാലിയുടെ വാലില്‍ കുരുങ്ങിയവനാണോ? കാര്‍ത്തവീര്യാജ്ജുനന്‍ പിടിച്ചുകെട്ടിയവനാണോ? സന്യാസിയായി പെണ്ണിനെ കട്ടവനാണോ?

സഹോദരന്റെ ഭാര്യയെ ഉപദ്രവിച്ചവനാണോ?

മാന്ധാതാചക്രവര്‍ത്തിയുടെ യാഗത്തില്‍ സ്തംഭിച്ചു നിന്നവനാണോ?

മധു1 എന്ന അസുരന്‍ തട്ടിയെടുത്ത പെണ്ണിന്റെ സഹോദരനാണോ?

യമനെ തോല്‍പിച്ചവനാണോ?

ഇന്ദ്രനെ വെന്നവനാണോ?

മിഥിലയില്‍ വില്ലൊടിയ്ക്കാന്‍ പോയി നാണം കെട്ടവനാണോ?

...........

ഒന്നു പരിചയപ്പെടുത്തണേ! 

അങ്ങനെ അതു നീണ്ടു. രാവണന്‍ വെറി പൂണ്ടു. മറുപടി പറഞ്ഞില്ലെങ്കില്‍ ശരിയാവില്ല. മായ നീക്കി രാവണന്‍ പ്രതികരിച്ചു.  രണ്ടു പേരും പരസ്പരം അധിക്ഷേപങ്ങള്‍ കുറെ നടത്തി. 

അനവധി അധിക്ഷേപങ്ങള്‍ക്കു ശേഷം രാവണന്‍ തന്റെ ഉപാധികള്‍ പറഞ്ഞു: വിഭീഷണന്‍ എന്റെ കാലു പിടിയ്ക്കണം. ഹനൂമാനെ ഇവിടെ പിടിച്ചു കൊണ്ടു വരണം. രാമന്‍ എനിയ്ക്കു കീഴടങ്ങണം.

നിന്നെ പിടിച്ചു കെട്ടിയ കാര്‍ത്തവീര്യാര്‍ജ്ജുനനെ കൊന്ന പരശുമാനെ രാമന്‍ ജയിച്ചു കഴിഞ്ഞു. സാക്ഷാല്‍ മഹാവിഷ്ണുവാണു ശ്രീരാമന്‍, അങ്ഗദന്‍ പറഞ്ഞു. ലക്ഷ്മീദേവിയാണു സീതാദേവി. നീ കീഴടങ്ങുക. അല്ലെങ്കില്‍ രാമബാണത്താല്‍ നീ വധിയ്ക്കപ്പെടും. എനിക്കും നിന്നെ കൊല്ലാനാകും. പക്ഷെ, വിധിവശാല്‍ ശ്രീരാമന്‍ അതു ചെയ്യണം.  

അനുജന്‍ കാട്ടിലേക്ക് ഇറക്കി വിട്ടത് ഈ രാമനെയല്ലേ? പരശുരാമന്‍ സ്വന്തം അച്ഛനു വേണ്ടി ഇരുപത്തൊന്നു തവണ ക്ഷത്രിയരെ വേട്ടയാടി. നീയോ? അച്ഛനെ കൊല്ലിച്ചവനു സ്വന്തം അമ്മയെ സമര്‍പ്പിച്ചു. കൊന്നവനെയല്ലേ നീ സേവിയ്ക്കുന്നത്?........ ഇതെല്ലാം രാവണന്റെ ഭര്‍ത്സനം.

വിഭീഷണന്റെ ഉപദേശവും അങ്ഗദന്‍ ഓര്‍മ്മിപ്പിച്ചു.

അതിനിടയില്‍ ഹനൂമാനെ പോലെ എത്ര പേരുണ്ടെന്നു രാവണന് അറിയണം. ഹനൂമാന്‍ രാക്ഷസര്‍ക്ക് ഒരു പേടിസ്വപ്നമായി എന്ന്‍ അങ്ഗദനു മനസ്സിലായി. ബലഹീനനാകയാല്‍ ഹനൂമാനെ ഒഴിവാക്കിയെന്ന് അങ്ഗദന്‍ തട്ടി വിട്ടു. ഹനൂമാനെക്കാള്‍ വീരന്മാരുണ്ടെന്നായിരുന്നു ധ്വനി.

വീണ്ടും അധിക്ഷേപങ്ങള്‍ തുടര്‍ന്നു.

അങ്ഗദനെ പിടിയ്ക്കാന്‍ രാവണന്‍ ഉത്തരവിട്ടു.

നാലു പേര്‍ അങ്ഗദനെ പിടിച്ചു. അങ്ഗദന്‍ നാലു പേരെയും പിടിച്ചു കോട്ടമതിലിനു മുകളിലേയ്ക്കു ചാടി. അവിടെ വച്ച് അവരെ വധിച്ചു. രാവണന്റെ കിരീടം കൈയ്ക്കലാക്കാന്‍ തീരുമാനിച്ചു. ഒരു ചാട്ടത്തില്‍ രാവണന്റെ അടുത്തെത്തി. രണ്ടു പേരും മല്ലിട്ടു. രാവണന്‍ വീണപ്പോള്‍ കിരീടവുമായി ചാടി പറന്നു.

രാവണനു ലജ്ജ തോന്നി. ഒരു കുരങ്ങന്‍ എല്ലാവരുടെയും മുന്നില്‍ വച്ചു തന്നെ കീഴ്പ്പെടുത്തിയിരിയ്ക്കുന്നു.

പല അസുരസേനാനായകരും അന്നേ മനസ്സില്‍ കുറിച്ചു: യുദ്ധത്തില്‍ വിജയിയ്ക്കുക അസാദ്ധ്യം.


കുറിപ്പ്: 1 മധുവിന്റെയും രാവണസോദരി കുംഭീനസിയുടെയും മകനാണു ലവണാസുരന്‍.

 

നാഗപാശബന്ധനം

അങ്ഗദന്‍ കിരീടം രാമനു കാഴ്ച വച്ചു. നടന്ന സംഭവങ്ങള്‍ പറഞ്ഞു. രാമന്‍ അങ്ഗദനെ അഭിനന്ദിച്ചു. അങ്ഗദന്‍ തന്റെ പടയോടൊപ്പം ചേരാനായി തെക്കന്‍ ഗോപുരത്തിലേയ്ക്കു പോയി. 

രാവണന്‍ ഇന്ദ്രജിത്തിനോടു പറഞ്ഞു: നീ പോയി ഇന്നു തന്നെ ശത്രുക്കളെ ഒടുക്കണം. ആദ്യം അങ്ഗദന്‍. പിന്നെ മറ്റുള്ളവര്‍.

ഇന്ദ്രജിത് വന്‍പടയ്ക്കൊപ്പം കിഴക്കേ ഗോപുരത്തില്‍ എത്തി. പിന്നീടു തെക്കും. അവിടെ അങ്ഗദനും കൂട്ടരും അസുരരെ കൊന്നുകൊണ്ടിരുന്നു. നാലു ദിക്കിലും യുദ്ധമായി. 

അങ്ഗദന്റെയും മറ്റുള്ളവരുടെയും കനത്ത പ്രത്യാക്രമണത്തില്‍ ഇന്ദ്രജിത്തിനു വഴി മുട്ടി. 

അയാള്‍ ആകാശത്തേയ്ക്കുയര്‍ന്ന്, താഴെ നടക്കുന്ന യുദ്ധം കണ്ടു.

പ്രഗത്ഭരായ പല രാക്ഷസരും മരിച്ചു തപനന്‍ നീലന്റെ കയ്യാല്‍, വിദ്യുന്മാലി വായുപുത്രനാല്‍. ജാലവിദ്യ കൊണ്ട് ഇരുള്‍ പരത്തി പോരാടിയ സുവര്‍ണ്ണനെ വിദ്യുന്മാലിയുടെ ഊരിപ്പോയ രഥചക്രമെറിഞ്ഞു നീലന്‍ വധിച്ചു. ശഠന്‍, നിശഠന്‍, വജ്രദന്തന്‍, വജ്രസൃഷ്ടി, ദേവമുഷ്ടി, പവനാസുരന്‍, മാഹുതന്‍, മഹാപത്രന്‍....എല്ലാവരും വധിയ്ക്കപ്പെട്ടു. 

ലക്ഷ്മണന്റെ പരാക്രമം കണ്ട ഇന്ദ്രജിത് അമ്പരന്നു. നേരിട്ട് എതിര്‍ത്താല്‍ ജയിയ്ക്കില്ല. അയാള്‍ മായാവിദ്യയാല്‍ മേഘങ്ങളില്‍ മറഞ്ഞുനിന്നു കൊണ്ടു രാമനെ വെല്ലുവിളിച്ചു. അവരുടെ നേരെ ശരവര്‍ഷം തുടങ്ങി. രാമലക്ഷ്മണന്മാര്‍ അദ്ഭുതപ്പെട്ടു. അദൃശ്യനായ ഒരാള്‍ ബാണങ്ങളെയ്യുന്നു. ദേഹമാസകലം രണ്ടു പേര്‍ക്കും മുറിവു പറ്റി ചോരയൊഴുകുന്നു! ആ സമയത്തു സുഗ്രീവനും അവിടെയെത്തി.

ഇന്ദ്രജിത് ബ്രഹ്മാസ്ത്രതുല്യമായ നാഗപാശാസ്ത്രമെടുത്തു. നാഗപാശാസ്ത്രം അനവധി നാഗങ്ങളായി കയറു പോലെ ചുറ്റും. അത് അഴിഞ്ഞുപോവുകയില്ല. മറുബാണമില്ല.

അമ്പേറ്റ രാമലക്ഷ്മണന്മാരെ വിഷജ്വാല വമിപ്പിയ്ക്കുന്ന നാഗങ്ങള്‍ ചുറ്റിപ്പിണഞ്ഞു. അവരുടെ വില്ലുകള്‍ താഴെ വീണു. നാഗപാശത്താല്‍ ബന്ധിതരായി രണ്ടു പേരും വീണു.

ഇന്ദ്രജിത് ജയഭേരി മുഴക്കി കൊട്ടാരത്തിലെത്തി. രാവണന് അത്യാഹ്ലാദം. അവര്‍ മുറിവേറ്റു രക്തമില്ലാത്ത അവസ്ഥയിലാണ്. നാഗപാശാസ്ത്രത്താല്‍ ബന്ധിതരുമാണ്. അവര്‍ മരിക്കും, ഇന്ദ്രജിത് അറിയിച്ചു.

പുഷപകരഥത്തില്‍ സീതയെ കൊണ്ടു പോകൂ. രാമനും ലക്ഷ്മണനും വീണു കിടക്കുന്നതു കാണിക്കൂ, രാവണന്‍ ത്രിജടയോടു പറഞ്ഞു.  

ദുഃഖവാര്‍ത്ത കേട്ടു സീത നിയന്ത്രണാതീതമായി കരഞ്ഞു. ത്രിജടയോടു കൂടി പുഷ്പകത്തില്‍ കയറി യുദ്ധരങ്ഗത്തിനു മുകളില്‍ ചെന്നു. ആകാശത്തു നിന്നു താഴേയ്ക്കു നോക്കി. രാമലക്ഷ്മണന്മാര്‍ ചലനമറ്റു ഭൂമിയില്‍ കിടക്കുന്നു.

സീത പൊട്ടിക്കരഞ്ഞു.

പെട്ടെന്ന്‍ ആകാശത്തു നിന്ന് ഒരു അശരീരി കേട്ടു: രാമനു വിനാശമില്ല. ദേവിയുമായി അയോദ്ധ്യയിലേയ്ക്കു മടങ്ങും.

ത്രിജടയും സീതയെ അതു പറഞ്ഞ് ആശ്വസിപ്പിച്ചു. എല്ലാം നേരെയാകുമെന്ന പ്രതീക്ഷയോടെ സീത അശോകവനത്തിലേയ്ക്കു മടങ്ങി. രാമനാമം ഉരുവിട്ടു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. 

വാനരരോദനം കേട്ട വിഭീഷണന്‍ വന്നു. വീണു കിടക്കുന്നതു രാമനും ലക്ഷ്മണനും!

രാമന്‍ പതുക്കെ തല ഉയര്‍ത്തി പറഞ്ഞു:
സുഗ്രീവാ, കിഷ്കിന്ധയിലേയ്ക്കു സൈന്യവുമായി മടങ്ങുക. ഹനൂമാന്‍ അയോധ്യയില്‍ പോയി ഈ അവസ്ഥ അറിയിയ്ക്കുക. സീത തടവില്‍ തന്നെ കഴിയും. വിഭീഷണാ, ക്ഷമിയ്ക്കുക. നാഗപാശത്താല്‍ ഞങ്ങള്‍ മരിച്ചു കൊണ്ടിരിയ്ക്കുകയാണ്. നിനക്കു നല്‍കിയ വാക്കു പാലിക്കാന്‍ ഇനി കഴിയില്ല. 

രാമന്‍ പരാജയം സമ്മതിച്ചോ? ഇന്ദ്രനും ബ്രഹ്മാവിനും മറ്റു ദേവകള്‍ക്കും ആശങ്ക. എല്ലാം വ്യര്‍ത്ഥമായി. നാഗബന്ധനത്തില്‍ നിന്നും വിഷബാധയില്‍ നിന്നും മോചനം വേണം. 

എല്ലാവര്‍ക്കും ഒരേ ചോദ്യം ഇനിയെന്ത്?


യുദ്ധക്കളത്തില്‍ ശ്രീകൃഷ്ണന്‍

ഇന്ദ്രന് ഒരാശയം.

നാഗങ്ങള്‍ക്കു ഭയം ഒന്നിനെ മാത്രം. ഗരുഡന്‍.

വായുദേവന് ഇന്ദ്രന്റെ സന്ദേശം കിട്ടി.

ഒരിളംകാറ്റായി വന്നു രാമന്റെ ചെവിയില്‍ വായുദേവന്‍ മന്ത്രിച്ചു: ഗരുഡനെ സ്മരിയ്ക്കുക. 

കുശദ്വീപില്‍ പെരുമ്പാമ്പുകളെ ഭക്ഷിയ്ക്കുകയായിരിയ്ക്കുന്നു വിനതാപുത്രന്‍. അപ്പോഴാണു മനസ്സില്‍ ആ വിളി ഉയര്‍ന്നത്. ലങ്കയില്‍ യുദ്ധഭൂമിയിലാണു പ്രപഞ്ചനാഥന്‍. സ്വാമി തന്നെ വിളിയ്ക്കുന്നു! എന്തോ സംഭവിച്ചിരിയ്ക്കുന്നു! ഞൊടിയിടയില്‍ മാനം മറയ്ക്കുന്ന ചിറകുകള്‍ വീശി, ഞാണ്‍ വിട്ട ബ്രഹ്മാസ്ത്രം പോലെ പറന്നുയര്‍ന്നു. 

ചിറകടിയുടെ ശക്തിയില്‍ താരാപഥമാകെ ഉലഞ്ഞു. മേഘങ്ങളകന്നു. ചുഴലി പൂണ്ട കാറ്റു കൊടുങ്കാറ്റായി. താരങ്ങളും ഗ്രഹങ്ങളും വിറപൂണ്ടു. സമുദ്രങ്ങള്‍ ഇളകിമറിഞ്ഞു. ഭൂമി പ്രകമ്പനം കൊണ്ടു. പര്‍വ്വതങ്ങള്‍ കുലുങ്ങി. ആടിയുലഞ്ഞ വന്‍വൃക്ഷങ്ങള്‍ ചുവടറ്റു വീണു. പ്രപഞ്ചമാകെ വിറച്ചു. സംഭീതരായ ദേവകള്‍ പ്രചണ്ഡവേഗതയില്‍ വാനില്‍ മറയുന്ന, പൂര്‍ണ്ണബ്രഹ്മസ്വരൂപവാഹനമായ ഗരുഡനെ തൊഴുകയ്യോടെ കണ്ടു നിന്നു. 

പൊടിപടലങ്ങളുയര്‍ത്തി കൊടുങ്കാറ്റു പോലെ യുദ്ധഭൂമിയില്‍ വന്നിറങ്ങിയ ഗരുഡന്‍, വീണുകിടക്കുന്ന വിഷ്ണുചൈതന്യങ്ങള്‍ക്കു മുന്നില്‍ തൊഴുതു നിന്നു: 

സ്വാമിന്‍! 

ഗരുഡന്റെ വരവറിഞ്ഞു വിഷനാഗങ്ങള്‍ കെട്ടഴിഞ്ഞു. ബദ്ധശത്രുവിന്റെ ക്രോധാഗ്നിയില്‍ നിന്നു സ്വന്തം ജീവന്‍ രക്ഷിക്കാന്‍ പലായനം ചെയ്തു.

രാമലക്ഷ്മണന്മാരുടെ സര്‍വ്വനാഗബാധകളും വിട്ടൊഴിഞ്ഞു. 

എഴുന്നേറ്റ രാമന്‍ പ്രസന്നവദനനായി തന്റെ വാഹനത്തെ അരികിലേയ്ക്കു വിളിച്ചു: 

നീ ഞങ്ങളുടെ ജീവന്‍ രക്ഷിച്ചു. പറയൂ, നിനക്ക് എന്തു വരം വേണം?.

ഇതെന്റെ കടമയല്ലേ? കടമ ചെയ്തു. അവിടുത്തെ സേവനം മാത്രമാണ് എന്റെ ജീവിതം.

പക്ഷെ, എന്തെങ്കിലും ചോദിയ്ക്കണം എന്നായി രാമന്‍.

എനിക്ക് അങ്ങയെ ശ്രീകൃഷ്ണരൂപത്തില്‍ കാണണം, ഗരുഡന്‍ ആഗ്രഹമറിയിച്ചു. 

അവതാരമെടുത്തിട്ടില്ലാത്ത ശ്രീകൃഷ്ണരൂപം! ഇപ്പോള്‍ അതു ശരിയല്ലെന്നു രാമന്‍ പറഞ്ഞു. പക്ഷെ, ഗരുഡന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി.

മറ്റാരും ശ്രീകൃഷ്ണരൂപം കാണാതിരിക്കാന്‍, ഗരുഡന്‍ ചിറകു കൊണ്ടു ശ്രീകോവില്‍ പോലെ ഒരു മറ തീര്‍ത്തു.

വില്ലു താഴെ വച്ചു രാമന്‍ രൂപം മാറി. 

മഞ്ഞപ്പട്ടുടുത്തു പീലി ചൂടിയ വനമാലിയായ നീലക്കാര്‍വര്‍ണ്ണന്‍! 

രാവിന്റെ മൂന്നാം യാമത്തില്‍ ഗരുഡനു മാത്രമായി ദിവ്യദര്‍ശനം! ഗരുഡന്‍ നമിച്ച്, തൃക്കയ്യില്‍ ഒരു ഓടക്കുഴല്‍ നല്‍കി. 

ഇതെല്ലാം ഹനൂമാന്‍ കാണുന്നുണ്ടായിരുന്നു. ഹനൂമാന് എല്ലാം രാമന്‍. മനസ്സില്‍ എപ്പോഴും രാമരൂപം. നീരസമായി.

ഗരുഡന്റെ അഹങ്കാരം! കൃഷ്ണനായി അവതരിയ്ക്കട്ടെ. മുരളി താഴെ വയ്പ്പിച്ചു ഞാന്‍ വില്ലെടുപ്പിക്കും, ഹനൂമാന്‍ തീരുമാനിച്ചു. 

ശ്രീകൃഷ്ണന്‍ വീണ്ടും രാമനായി മാറി. 

ഹനൂമാന്റെ മനസ്സറിഞ്ഞ ഗരുഡന്‍ പറന്നു മറഞ്ഞു.

രണ്ടു ഭക്തന്മാര്‍. രണ്ടു തരം നിര്‍ബ്ബന്ധങ്ങള്‍! 

ലക്ഷ്മണനും ആലസ്യം വിട്ട് എഴുന്നേറ്റു. 

എല്ലാവരും സന്തോഷത്താല്‍ വീര്‍പ്പു മുട്ടി.

വാനരന്മാര്‍ ആര്‍ത്തു വിളിച്ചു: ജയ്‌ രാം, ജയ്‌ രാം, ജയ്‌ രാം...... 

വെളുക്കും മുമ്പുള്ള ചിറകടിയൊച്ചയും പ്രകൃതിക്ഷോഭവും ബഹളവും രാവണനെ ഉണര്‍ത്തി. എഴുന്നേറ്റു കൊട്ടാരത്തിനു മുകളില്‍ നിന്നു നോക്കി. 

അമ്പും വില്ലുമേന്തിയ രാമലക്ഷ്മണന്മാര്‍ വാനരസേനക്കൊപ്പം! 

അവര്‍ മരിച്ചിട്ടില്ല!


രാവണലക്ഷ്മണയുദ്ധം

ഇനി കാര്യമായ യുദ്ധം തന്നെ എന്നു രാവണന്‍ തീരുമാനിച്ചു.

ആദ്യം അയച്ചതു സാത്വികനായ ധൂമ്രാക്ഷനെ ആയിരുന്നു. പടയ്ക്കിറങ്ങുന്നതിനു മുമ്പ് ഒരു യോഗിനി ഭിക്ഷയ്ക്കു വന്നു. തേരിന്റെ കൊടിമരത്തില്‍ കഴുകന്‍ വന്നിരുന്നു. രണ്ടും ദുര്‍ലക്ഷണങ്ങള്‍.

ധൂമ്രാക്ഷന്‍ അതൊന്നും വകവച്ചില്ല.

കനത്ത ആക്രമണത്തില്‍ വാനരന്മാര്‍ക്കു ജീവനാശം സംഭവിച്ചു തുടങ്ങി. ഹനൂമാനുമായ മല്ലയുദ്ധത്തില്‍ ധൂമ്രാക്ഷന്‍ കൊല്ലപ്പെട്ടു. 

ഇനി നീ പോയി രാമനെയും ലക്ഷ്മണനെയും പിടിച്ചു കെട്ടി കൊണ്ടുവരണം. രാവണന്‍ അകമ്പനനോടു പറഞ്ഞു.

വീരപരാക്രമിയായ അയാള്‍ പടിഞ്ഞാറെ ഗോപരത്തില്‍ നിന്നു യുദ്ധം തുടങ്ങി.  നളനും നീലനും മഹേന്ദ്രനും കുമുദനും അയാളോടു പോര്‍ ചെയ്തു പിന്‍വാങ്ങി.

ഹനൂമാന്‍ അകമ്പനന്റെ തേരില്‍ ചാടിക്കയറി അയാളെ തൂക്കിയടിച്ചു വധിച്ചു. 

രാവണന്‍ പതറി.

പ്രധാനസഹായിയായ വജ്രദംഷ്ട്രനെ രങ്ഗത്തെത്തിച്ചു. അപ്പോഴും ദുര്‍ലക്ഷണങ്ങള്‍ കണ്ടു. ഉല്‍ക്ക ആകാശത്തു തെളിഞ്ഞു. കുതിരകളുടെ കണ്ണില്‍ നിന്നു നീരിറങ്ങി. കുതിരകള്‍ മലമൂത്രങ്ങള്‍ വിസര്‍ജ്ജിച്ചു. കുറുക്കന്മാര്‍ ഓരിയിട്ടു.

രാമന്റെയും ലക്ഷ്മണന്റെയും മാംസം ഞാന്‍ ഭക്ഷിക്കും. മരിച്ച അസുരവീരരുടെ ശ്രാദ്ധം മര്‍ക്കടങ്ങളുടെ മാംസം കൊണ്ടു നടത്തും, വജ്രദംഷ്ട്രന്‍ തന്റെ സൈനികരോടു പറഞ്ഞു.

വാനരപ്പടയിലെ പല വമ്പന്മാര്‍ക്കും വജ്രദംഷ്ട്രന്റെ ശരമേറ്റു. പലരും കൊല്ലപ്പെട്ടു. അതികോപത്തില്‍ വന്ന സുഗ്രീവന്‍ വജ്രദംഷ്ട്രന്റെ കഥ കഴിച്ചു. 

രാവണന്‍ തന്റെ അമ്മാവനും മന്ത്രിയുമായ പ്രഹസ്തനെ യുദ്ധത്തിനയച്ചു. യജ്ഞധൂമന്‍, മഹാനന്ദന്‍, കോപനന്‍, മഹാഹനു എന്നീ നാലു വീരന്മാരെ തുണയായി കൂട്ടി. നാലു തുണകളെയും ഹനൂമാന്‍ ഉള്‍പ്പടെയുള്ളവര്‍ കൊന്നു തള്ളി. പ്രഹസ്തനെ എതിരിടാന്‍ അവര്‍ക്കു കഴിഞ്ഞില്ല. നീലന്‍,  പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. ഒരു വലിയ മല അടര്‍ത്തിയെറിഞ്ഞു. പ്രഹസ്തന്‍ നാമാവശേഷനായി. 

അടുത്ത രാക്ഷസസങ്ഘമെത്തി.

പത്തു തലയുള്ളയാള്‍ എന്റെ ജ്യേഷ്ഠന്‍ രാവണന്‍, ദൂരെ നിന്നു വരുന്നവരെ കണ്ടു വിഭീഷണന്‍ രാമനോടു പറഞ്ഞു. കൂടെയുള്ളത് ഇന്ദ്രജിത്തും കുംഭകര്‍ണ്ണപുത്രരായ കുംഭനും നികുംഭനും.

രാവണനെ ആദ്യമായി രാമന്‍ കണ്ടു.  

രാവണന്റെ അമ്പില്‍ നിന്നും സുഗ്രീവന്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. രാവണന്റെ മുഷ്ടിപ്രഹരത്തില്‍ ഹനൂമാന്‍ ബോധരഹിതനായി വീണു. പെട്ടെന്നു ബോധം കിട്ടിയ ഹനൂമാന്‍ വീണ്ടും രാവണനെ നേരിട്ടു. ഇത്തവണ രാവണനും ബോധശൂന്യനായി വീണെങ്കിലും വീണ്ടും എഴുന്നേറ്റു. നീലനും രാവണന്റെ മുഷ്ടിയാല്‍ വീണു. നീലന്റെ താഡനത്തില്‍ രാവണനും നിലത്തു വീണു. 

നേര്‍യുദ്ധത്തിന് ഒരുങ്ങിയ രാമനെ ഇരുത്തി ലക്ഷ്മണന്‍ മുന്നോട്ടിറങ്ങി.

തിരികെ സ്വന്തം നാട്ടിലേയ്ക്കു നീ പോകെടോ, ലക്ഷ്മണനെ രാവണന്‍ പരിഹസിച്ചു.

തുടര്‍ന്നു നടന്ന ശരയുദ്ധം അവര്‍ണ്ണനീയം. അസ്ത്രങ്ങളും പ്രത്യസ്ത്രങ്ങളും  പരസ്പരം പ്രയോഗിച്ചു. ലക്ഷ്മണന്‍ രാവണന്റെ വില്ലു മുറിച്ചു.

ഗത്യന്തരമില്ലാതെ രാവണന്‍ ബ്രഹ്മദത്തമായ ശൂലം ലക്ഷ്മണനു നേരെ എറിഞ്ഞു. ശൂലമേറ്റ ലക്ഷ്മണന്‍ ബോധരഹിതനായി വീണു. ശൂലം തിരികെ രാവണന്റെ പക്കല്‍ വന്നു. ലക്ഷ്മണനെ കൊട്ടാരത്തിലേയ്ക്കു കൊണ്ടു പോകാന്‍ രാവണന്‍ തീരുമാനിച്ചു. പക്ഷെ, കുമാരന്റെ ഉടലിന്റെ ഭാരം വര്‍ദ്ധിച്ചു കൊണ്ടിരുന്നു. രാവണന് അതു പൊക്കാന്‍ കഴിഞ്ഞില്ല. ലങ്കേശന് അദ്ഭുതമായി. കൈലാസവും മന്ദരപര്‍വ്വതവും ഉയര്‍ത്തിയ തനിക്ക് ഒരു മനുഷ്യന്റെ ശരീരം ഉയര്‍ത്താന്‍ കഴിയുന്നില്ല! ഹനൂമാന്‍ കുതിച്ചു വന്ന് അതിശക്തമായി പ്രഹരിച്ചു രാവണന്റെ നില തെറ്റിച്ചു. ലക്ഷ്മണനെ ഉടന്‍ കോരിയെടുത്തു രാമസന്നിധിയിലാക്കി. രാമകൃപയാല്‍ ലക്ഷ്മണന്‍ ഉണര്‍ന്നു.


രാമരാവണയുദ്ധം

രാവണനെ നേരിടാന്‍ രാമന്‍ മുന്നോട്ടു വന്നു. ഹനൂമാന്‍ രാമനെ കഴുത്തില്‍ ഇരുത്തി.

രാവണനു ഹനൂമാനെ കണ്ടാല്‍ കലിയിളകും. അക്ഷകുമാരനെ കൊന്നവനാണ്. ഹനൂമാന്‍ തന്റെ ശരീരം വലുതാക്കി. രാവണന്‍ ഭയന്നു ബാലിയെ ഓര്‍ത്തു. രാവണന്റെ എല്ലാ അമ്പുകളെയും തകര്‍ത്ത രാമന്‍ ഐഷികാസ്ത്രമെയ്തു. രാവണന്‍ ക്ഷണനേരത്തേയ്ക്കു ബോധരഹിതനായി.

രഘുവംശത്തിലുള്ളവര്‍ ആദ്യദിവസയുദ്ധത്തില്‍ ആരെയും വധിയ്ക്കുകയില്ല, രാമന്‍ രാവണനോടു പറഞ്ഞു. നിന്റെ വംശം ഇല്ലാതാക്കിയ ശേഷമേ നിന്നെ വധിക്കൂ. എന്നിട്ടു വേണം വിഭീഷണനെ അഭിഷേകം ചെയ്യാന്‍.

രാമന്‍ അര്‍ദ്ധചന്ദ്രാസ്ത്രമെയ്തു രാവണന്റെ പത്തു കിരീടങ്ങളും തെറിപ്പിച്ചു.

നാണക്കേടില്‍ നിന്നു തലയൂരാന്‍ രാക്ഷസചക്രവര്‍ത്തി യുദ്ധം മതിയാക്കി വേഗത്തില്‍ കൊട്ടാരത്തിലേയ്ക്കു മടങ്ങി.

കൈലാസത്തില്‍ വച്ചു നന്ദികേശ്വരന്‍ നല്‍കിയ ശാപം രാവണന് ഓര്‍മ്മ വന്നു. കുബേരനെ ജയിച്ചു ശിവനെ കാണാന്‍ എത്തിയപ്പോള്‍ നന്ദി തടഞ്ഞു. നന്ദിയെ കുരങ്ങിന്റെ മുഖമുള്ളവന്‍ എന്നു വിളിച്ച് അപഹസിച്ചു. വാനരനാല്‍ അപമാനിയ്ക്കപ്പെടും, വാനരനാല്‍ വംശനാശം വരും എന്നായിരുന്നു നന്ദിയുടെ ശാപം. ബ്രഹ്മാവു വരം നല്‍കിയപ്പോഴും വാനരനാലോ മനുഷ്യനാലോ കൊല്ലപ്പെടുമെന്നു പറഞ്ഞിരുന്നു. സംഭവിയ്ക്കുന്നത് അതു മാതിരിയൊക്കെ തന്നെ.

ഇനി നീണ്ട ഉറക്കത്തിലായ കുംഭകര്‍ണ്ണനെ ഉണര്‍ത്തണം. അസംഖ്യം അസുരന്മാര്‍ കുംഭകര്‍ണ്ണന്‍ ഉറങ്ങുന്ന മുറിയില്‍ ചെന്നു ബഹളമുണ്ടാക്കി. ശങ്ഖുകള്‍ ഊതി. മരങ്ങളും പാറകളും കൊണ്ടു നെഞ്ചത്തടിച്ചു. സുന്ദരികളെ കൊണ്ട് ആലിങ്ഗനം ചെയ്യിച്ചു. മല പോലെ ശരീരമുള്ള ഭീകരന്‍ ഉണര്‍ന്നില്ല. അയാളുടെ ശ്വാസത്തിനനുസരിച്ചു അസുരന്മാര്‍ വായുവില്‍ പറന്നു നടന്നു! അവസാനം മാംസഭക്ഷണം മൂക്കിനോടു ചേര്‍ത്തു വച്ചു.

കുംഭകര്‍ണ്ണന്‍ ഉണര്‍ന്നു. എന്തോ പ്രശ്നമുണ്ട്. അല്ലെങ്കില്‍ രാവണന്‍ ഉണര്‍ത്തുകയില്ല, കുംഭകര്‍ണ്ണനു മനസ്സിലായി.

എഴുന്നേറ്റാല്‍ ഉടന്‍ ഭക്ഷണം വേണം. ചുറ്റും നിരത്തിവച്ചിരിയ്ക്കുന്ന മദ്യവും മാംസവും കഴിച്ചു. എണ്ണാന്‍ പാടില്ലാത്തിടത്തോളം പോത്തുകളെയും പന്നികളെയും മാനുകളെയും ആടുകളെയും അകത്താക്കി. വിരൂപാക്ഷന്‍ എന്ന അസുരന്‍ ലങ്കയിലെ അവസ്ഥയും അതിന്റെ കാരണങ്ങളും വിവരിച്ചു.  

കുംഭകര്‍ണ്ണന്‍ രാവണനെ കാണാന്‍ ഇറങ്ങി. പോയ വഴിയ്ക്കു കടല്‍ പോലെ പരന്ന ശത്രുക്കളുടെ പടയെ ദൂരെ കണ്ടു. ആ രൂപം കണ്ടു വാനരന്മാര്‍ ഭയന്നു.

വിഭീഷണന്‍ രാമനോടു കുംഭകര്‍ണ്ണചരിതം പറഞ്ഞു: ജനിച്ച ഉടന്‍ ഈറ്റുമുറിയില്‍ ഉണ്ടായിരുന്ന സ്ത്രീകളെ വിഴുങ്ങി. ദേവസ്ത്രീകളെയും മുനിമാരെയും വിഴുങ്ങിയിട്ടുണ്ട്. ഒരിയ്ക്കല്‍ ഇന്ദ്രന്‍ കുംഭകര്‍ണ്ണനെതിരെ വജ്രായുധം അയച്ചു. അതും വിഴുങ്ങി. ഐരാവതത്തിന്റെ കൊമ്പു പിഴുതെടുത്ത് ഇന്ദ്രനെ അടിച്ചു ബോധരഹിതനാക്കി. രാവണനും കുംഭകര്‍ണ്ണനും ഞാനും തപസ്സു ചെയ്തപ്പോള്‍ ബ്രഹ്മാവു രാവണനു നല്‍കിയ വരങ്ങള്‍ ത്രിലോകാധിപത്യവും നരന്‍, വാനരന്‍ എന്നിവരാല്‍ അല്ലാതെ മറ്റാരാലും വധിയ്ക്കപ്പെടുകയില്ല എന്നതും. എനിയ്ക്കു നല്‍കിയ വരം ചിരഞ്ജീവിയാകാന്‍. കുംഭകര്‍ണ്ണന്റെ ഭീകരരൂപം ദേവന്മാരില്‍ ഭയമുളവാക്കി. ഇവനു വരം കൂടി കിട്ടിയാലോ? അവരുടെ പ്രാര്‍ത്ഥന കേട്ടു സരസ്വതീദേവി കുംഭകര്‍ണ്ണന്റെ നാവിലെത്തി. കുംഭകര്‍ണ്ണന്‍ ആവശ്യപ്പെട്ടതു പോലെ ബ്രഹ്മാവ്‌ ഉറങ്ങാനുള്ള വരം നല്‍കി. രാവണനു പരാതിയായി. സ്ഥിരം ഉറക്കമോ? ബ്രഹ്മാവു വരം ചെറുതായി തിരുത്തി. ആറു മാസം കൂടുമ്പോള്‍ ഒരു ദിവസം ഉണര്‍ന്നിരിക്കും. ഉറക്കത്തിനിടയില്‍ ഉണര്‍ത്തിയാല്‍ അന്നു മരിക്കും.


കുംഭകര്‍ണ്ണവധം

കുംഭകര്‍ണ്ണന്‍ രാവണന്റെ സമീപം ചെന്നു.

രാവണന്‍ അനുജനോടു രാമനും ലക്ഷ്മണനും വാനരരും ശത്രുവായി എത്തിയതിന്റെ കാരണം പറഞ്ഞു. നഷ്ടപ്പെട്ട വീരന്മാരെ പറ്റി പറഞ്ഞു.

ആക്രമണോത്സുകതയെക്കാള്‍ നയതന്ത്രജ്ഞതയായിരുന്നു കുംഭകര്‍ണ്ണന്:

ദശരഥപുത്രന്മാരും സുഗ്രീവനും മറ്റും പൊങ്ങിക്കിടക്കുന്ന പാറയും മരങ്ങളും കൊണ്ടു ചിറ തീര്‍ത്തു. ആയിരക്കണക്കിനു രാവണസേനാനികളെ കൊന്നിരിയ്ക്കുന്നു.  രാമന്‍ ശ്രീനാരായണന്‍ തന്നെ ആയിരിക്കും. അക്കരെ വച്ചു തന്നെ അവരെ തുരത്തേണ്ടിയിരുന്നു. സുഗ്രീവന്‍ ബാലിയോളമില്ല. എന്നാലും ചെയ്യേണ്ടതു ചെയ്യുന്നുണ്ട്. നിനക്കു നല്ല മന്ത്രികളില്ല. വിഭീഷണന്‍ പറഞ്ഞതെല്ലാം ശരിയായിരുന്നു..

കുംഭകര്‍ണ്ണന്റെ പല വ്യാഖ്യാനങ്ങളും ഉപദേശങ്ങളും കേട്ടു രാവണന്‍ കുംഭകര്‍ണ്ണനോടു കയര്‍ത്തു.

കുംഭകര്‍ണ്ണന്‍ യുദ്ധത്തിനായി ഇറങ്ങി.

ദേവകള്‍ക്ക് അങ്കലാപ്പായി.

വാനരന്മാര്‍ ഭയന്നോടി. അങ്ഗദന്‍ അവരെ ഒരു വിധത്തില്‍ തിരികെ യുദ്ധക്കളത്തില്‍ കൊണ്ടു വന്നു. ജാംബവാനും നീലനും ഹനൂമാനും അങ്ഗദനും കുംഭകര്‍ണ്ണന്റെ അടിയേറ്റു. ഇടയ്ക്കിടെ അസുരന്‍ വാനരന്മാരെ പിടിച്ചു വിഴുങ്ങുന്നുണ്ടായിരുന്നു. അനവധി വാനരര്‍ മരിച്ചു. അടിയേറ്റു വീണ സുഗ്രീവന്‍ ബോധം കെട്ടു വീണപ്പോള്‍ അയാളെയും തോളിലേറ്റി കുംഭകര്‍ണ്ണന്‍ കോട്ടയിലേയ്ക്കു പോയി. വാനരരാജാവു പിടിയില്‍. കോട്ടയ്ക്കുള്ളില്‍ ബഹളമായി.

പെട്ടെന്നു ബോധം വീണ സുഗ്രീവന്‍ അസുരന്റെ മുക്കും രണ്ടു ചെവികളും പറിച്ചു. രണ്ടു ചാട്ടത്തില്‍ രാമന്റെ അടുത്തെത്തി.  

വിരൂപനായ കുംഭകര്‍ണ്ണന്‍ യുദ്ധക്കളത്തിലേയ്ക്കു പാഞ്ഞു. ഭീകരമായ ആക്രമണം. വാനരന്മാര്‍ അയാളുടെ ഭീമശരീരത്തില്‍ കയറി പല വിധത്തില്‍ ഉപദ്രവിച്ചു. രാമന്റെ അസ്ത്രങ്ങള്‍ അസുരന്‍ കൈകൊണ്ടു പിടിച്ചെടുത്തു. രാമന്‍ ബ്രഹ്മാസ്ത്രം കൊണ്ടു കുംഭകര്‍ണ്ണന്റെ വലതു കയ്യും ഐഷികാസ്ത്രം കൊണ്ട് ഇടതുകയ്യും ഇന്ദ്രാസ്ത്രം കൊണ്ടു കാലുകളും മുറിച്ചു. രാമനെ വിഴുങ്ങാന്‍ ഇഴഞ്ഞു വന്ന അസുരന്റെ കഴുത്തു വീണ്ടുമൊരു ബ്രഹ്മാസ്ത്രത്താല്‍ അരിഞ്ഞു വീഴ്ത്തി. ഹനൂമാന്‍ പര്‍വ്വതം പോലെയുള്ള ആ തല കടലിലെറിഞ്ഞു.

ദേവകളും താപസരും അത് ആഘോഷിച്ചു.

കുംഭകര്‍ണ്ണന്റെ സഹായികള്‍ പിന്തിരിഞ്ഞോടി.

രാവണന്‍ കുംഭകര്‍ണ്ണന്റെ വരവു പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നു. ദേവകളുടെ താപസരുടെയും ആഘോഷശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.

ദുഃഖവാര്‍ത്തയറിഞ്ഞു രാവണന്‍ വിലപിച്ചു. വിഭീഷണനെ അപമാനിച്ചതിന്റെ ശിക്ഷയാണിത് എന്നും പറഞ്ഞു.

മകനായ ത്രിശിരസ്സു യുദ്ധത്തിനു പോകാന്‍ സന്നദ്ധനായി. അച്ഛാ, യമനും ഇന്ദ്രനും ചന്ദ്രനും കുബേരനും വാസുകിയും വരെ കീഴ്പ്പെട്ടില്ലേ? ഈ മനുഷ്യരെ ഒടുക്കി ഞാന്‍ വരാം.

രാവണന്റെ മറ്റു മക്കളായ നരാന്തകന്‍, ദേവാന്തകന്‍, അതികായന്‍, മഹോദരന്‍, മഹാപാശന്‍ എന്നിവരും കൂടി.

അവരുടെ അമ്മമാര്‍ ചെന്നു കരഞ്ഞു പറഞ്ഞു: മക്കളേ, നിങ്ങള്‍ എങ്ങനെ ജയിക്കും? സീതയെ രാമനു കൊടുത്ത്, നേരെ ഹിമാലയത്തില്‍ കുബേരന്റെ അടുത്തു പോയി ഒളിച്ചു താമസിക്കൂ.

ആറു പേരും അതു ശ്രദ്ധിച്ചില്ല. ഉച്ചൈശ്രവസ്സ് എന്ന പറക്കുംകുതിരയെ രാവണന്‍ ഇന്ദ്രന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തിരുന്നു. ദേവാന്തകന്‍  അതിന്റെ പുറത്താണു കയറിയത്. പെരുംപോരു തുടങ്ങി. രണ്ടു കൂട്ടര്‍ക്കും സൈന്യനഷ്ടം ഉണ്ടായി.


അതികായവധം

ഹനൂമാന്‍ ദേവാന്തകനെയും നീലന്‍ നരാന്തകനെയും  മഹോദരനെയും ഇല്ലായ്മ ചെയ്തു. വാളോങ്ങി എത്തിയ ത്രിശിരസ്സിനെ ഹനൂമാന്‍ അതേ വാള്‍ കൊണ്ട് അരിഞ്ഞു വീഴ്ത്തി. വരുണന്റെ മകന്‍ ഹേമകൂടന്‍ മലയെറിഞ്ഞു മഹാപാശനെ വീഴ്ത്തി.

അതികായനെ നേരിടാന്‍ കപികള്‍ക്കായില്ല.

രാവണന്റെയും ധാന്യമാലിനിയുടെയും മകനായ അതികായന്‍. രാവണനു തുല്യന്‍, വിഭീഷണന്‍ രാമനെ അറിയിച്ചു. ധാര്‍മ്മികന്‍. ബ്രഹ്മാവു നല്‍കിയ അക്ഷയകവചം എന്ന പടച്ചട്ടയും അസ്ത്രങ്ങളുമുണ്ട്. ഇന്ദ്രന്റെ വജ്രായുധം പോലും സ്തംഭിപ്പിച്ചു. വരുണനെ വരുതിയിലാക്കി. ഇവനെ വധിച്ചേ പറ്റൂ. 

അതികായന്‍ വിഭീഷണനെ വണങ്ങി. സാക്ഷാല്‍ നാരായണനെ സേവിക്കാന്‍ ഭാഗ്യം കിട്ടിയല്ലോ. അദ്ദേഹത്തിന്റെ കാരുണ്യം എനിക്കും കിട്ടാന്‍ പ്രാര്‍ത്ഥിയ്ക്കുക.

അതികായന്‍ രാമനെയും വന്ദിച്ചു. വാനരന്മാരോടോ ലക്ഷ്മണനോടോ യുദ്ധം ചെയ്യുന്നില്ല. അങ്ങയോടു യുദ്ധം ചെയ്തു മോക്ഷം പ്രാപിയ്ക്കണം.

പകുതി രാജ്യം നല്‍കാം എന്നു രാമന്‍ ഭക്തനായ അതികായനു വാഗ്ദാനം നല്‍കി. ധര്‍മ്മബോധം അതു സ്വീകരിക്കാന്‍ അതികായനെ അനുവദിച്ചില്ല. അതു വേണ്ടെന്നും തന്നോടു യുദ്ധം ചെയ്യണമെന്നും അപേക്ഷിച്ചു.

ലക്ഷ്മണനാണു യുദ്ധത്തിനു വന്നത്.

നമ്മളില്‍ ആരാണു കേമന്‍ എന്നു രാമനും ഇളയച്ഛനും തീരുമാനിയ്ക്കട്ടെ, അതികായന്‍ പറഞ്ഞു.

അതിഘോരമായ പോരാട്ടമായിരുന്നു അത്. പരസ്പരം അസ്ത്രങ്ങളും പ്രത്യസ്ത്രങ്ങളും എയ്തു.  

ആ സമയത്തു വായുദേവന്‍ പ്രത്യക്ഷപ്പെട്ടു ലക്ഷ്മണന്റെ ചെവിയില്‍ മന്ത്രിച്ചു: ഇവനു ബ്രഹ്മദത്തമായ പടച്ചട്ടയുണ്ട്. ബ്രഹ്മാസ്ത്രമയക്കൂ.

ലക്ഷ്മണന്‍ ബ്രഹ്മാസ്ത്രം അയച്ചു. അതു തടയാന്‍ രാവണപുത്രനു കഴിഞ്ഞില്ല. അസ്ത്രം അതികായന്റെ കഴുത്തു മുറിച്ചു. അറ്റു വീണ കഴുത്തു രാമനാമം ജപിച്ചു കൊണ്ടിരുന്നു. വിഭീഷണന്‍ അതികായന്റെ മുക്തിയ്ക്കായി പ്രാര്‍ത്ഥിച്ചു.

അസുരപ്പട ചിതറിയോടി. 

ഭഗ്നദൂത1രില്‍ നിന്നും മക്കളുടെ മരണവാര്‍ത്ത അറിഞ്ഞ രാവണന്‍ ബോധം കെട്ടു വീണു. പിന്നീട് എഴുന്നേറ്റു കരഞ്ഞു. മക്കളുടെ ശ്രാദ്ധം നടത്താനാണ് എന്റെ യോഗം, രാവണന്‍ ദുഃഖിതനായി പറഞ്ഞു.

ഇന്ദ്രജിത് രാവണനോടു യുദ്ധത്തിനു പോകാന്‍ അനുവാദം ചോദിച്ചു: രാമനും ലക്ഷ്മണനും വിഭീഷണനും വാനരനായകരും എന്റെ കയ്യാല്‍ കൊല്ലപ്പെടും.

രാവണന്‍ അനുവാദം നല്‍കി. അമ്മയുടെ അനുവാദത്തിനായി മേഘനാദന്‍ അന്തഃപുരത്തിലേയ്ക്കു ചെന്നു.

മണ്ഡോദരി മകനോടു പറഞ്ഞു: മകനേ, ഞാന്‍ പൂജിയ്ക്കുന്ന മഹേശ്വരന്‍ പോലും വിഷ്ണുവിനെ പൂജിയ്ക്കുന്നു. എന്റെ പൂജയുടെ ഗുണം എന്നും നിനക്കുണ്ടാവും. പക്ഷെ, രാമന്‍ മഹാവിഷ്ണുവാണ്. ആര്‍ക്കും തോല്‍പിക്കാന്‍ കഴിയില്ല. പോയ വീരന്മാര്‍ തിരികെ വന്നിട്ടില്ല. സീതയെ തിരിച്ചു നല്‍കുക. വിഭീഷണന്‍ ചെയ്തതാണു ബുദ്ധി.

പതിയെ നിന്ദിയ്ക്കരുതെന്നു മേഘനാദന്‍ പറഞ്ഞു.

ഇന്ദ്രന്‍ ഗുരുവായ ഗൗതമന്റെ പത്നിയോട് എന്താണു ചെയ്തത്? വായു കേസരിയുടെ പത്നിയോട് എന്താണു കാട്ടിയത്? ചന്ദ്രന്‍ ഗുരുവായ ബൃഹസ്പതിയുടെ പത്നിയെ തട്ടിക്കൊണ്ടു പോയില്ലേ? തെറ്റുകാരായ ഇന്ദ്രനും ചന്ദ്രനും വായുവിനും ഒരു കുഴപ്പവുമില്ല.  ഭാര്യയുമായി ആരു കാട്ടില്‍ പോകും? എന്തിനു പോയി? ഖരദൂഷണന്മാരെ കൊന്നവര്‍ ശത്രുക്കള്‍ തന്നെ. 

 

കുറിപ്പ്: 1 . ദുര്‍വാര്‍ത്ത അറിയിയ്ക്കുന്ന ദൂതര്‍


മൃതസഞ്ജീവനി

കൊട്ടാരത്തിലെ വിധവകളും യുദ്ധത്തിന് അനുകൂലമായിരുന്നു.

അമ്മയുടെ അനുഗ്രഹം വാങ്ങിയ മേഘനാദന്‍ ഒരു ഹോമം നടത്തി. അഗ്നിദേവന്‍ പ്രത്യക്ഷപ്പെട്ട് വിജയിക്കാനുള്ള വരം നല്‍കി.

ഇന്ദ്രജിത് ഓരോ ഗോപുരദിക്കിലും ചെന്നു. സുഗ്രീവന്‍, അങ്ഗദന്‍, ജാംബവാന്‍, നീലന്‍,  തുടങ്ങി എല്ലാ കപിവീരരെയും വെല്ലുവിളിച്ചു. മേഘങ്ങള്‍ക്കു പിന്നില്‍ മറഞ്ഞു നിന്നു ബാണങ്ങള്‍ എയ്തു. വാനരസൈന്യത്തിനു വന്‍നാശമുണ്ടായി.

ഹനൂമാന്‍ ഇന്ദ്രജിത്തിനെ പ്രകോപിപ്പിച്ചു: നിന്നെയും നിന്റെ പിതാവിനെയും കൊല്ലുന്നതു വരെ ഞങ്ങള്‍ക്ക് ഉറക്കമില്ല. ലങ്കാരാജ്യത്തെയും നിന്റെ അമ്മയെയും വിഭീഷണനു സമ്മാനമായി നല്‍കും.

രാത്രിയുദ്ധത്തില്‍ അസ്ത്രമേറ്റു രാമനും ലക്ഷ്മണനും വീണു. എല്ലാവരും മരണത്തിന്റെ പിടിയില്‍ അമര്‍ന്നു കൊണ്ടിരുന്നു.

വിജയമാഘോഷിച്ചു മടങ്ങിയ ഇന്ദ്രജിത്തിനു രാവണന്‍ സമ്മാനങ്ങള്‍ നല്‍കി. പിന്നെ അയാള്‍ അന്തഃപുരത്തിലേയ്ക്കു പോയി.

രക്ഷപ്പെട്ടവര്‍ രണ്ടു പേരു മാത്രം ഹനൂമാനും വിഭീഷണനും. രണ്ടും ചിരഞ്ജീവികള്‍. അവര്‍ മറ്റൊരു ചിരഞ്ജീവിയായ ജാംബവാനെ തിരക്കി നടന്നു.

എമ്പാടും വീണു കിടക്കുന്ന വാനരര്‍! അതിനിടയില്‍, അമ്പേറ്റു ഞരങ്ങുന്ന ജാംബവാന്‍.  

ജാംബവാന്‍ പറഞ്ഞതു പ്രകാരം ഹനൂമാനെ ഹിമാലയത്തില്‍ നിന്നു മൃതസഞ്ജീവനി കൊണ്ടു വരുന്ന ജോലി ഏല്‍പിച്ചു. കൈലാസത്തിനു തെക്കുള്ള ഋശ്യമൂകപര്‍വ്വതത്തില്‍ നാലു തരം മരുന്നുകളുണ്ട്. വിശല്യകരിണി, മൃതസഞ്ജീവനി, അസ്ഥിസന്ധാരിണി, സുവര്‍ണ്ണകരിണി1. ഇവയെല്ലാം രാത്രിയില്‍ തിളങ്ങുന്നവയാണ്. പുലരുന്നതിനു മുമ്പ് ഇതു കിട്ടിയിരിയ്ക്കണം.

ഹനുമാന്‍ വായുവേഗത്തില്‍ ഋശ്യമൂകത്തിലെത്തി. പൂക്കളുടെ സുഗന്ധമുണ്ട്. പക്ഷെ, മരങ്ങള്‍ എല്ലാവര്‍ക്കും കാണാന്‍ സാധിയ്ക്കുകയില്ല. എവിടെ മരുന്നുമരങ്ങള്‍? ഹനൂമാന്‍ പര്‍വ്വതത്തെ പ്രാര്‍ത്ഥിച്ചു. ഒരനക്കവുമില്ല. കുപിതനായ ഹനുമാന്‍ പര്‍വ്വതം അടിയോടെ പറിച്ചെടുക്കാന്‍ തുടങ്ങി. താപസന്മാരും പര്‍വ്വതവാസികളും മൃഗങ്ങളും പക്ഷികളും ഭയന്നു പാഞ്ഞു. വൃക്ഷങ്ങള്‍ കട പുഴകി വീണു. പെട്ടെന്നു പര്‍വ്വതത്തിന്റെ അധിദേവന്‍ പ്രത്യക്ഷപ്പെട്ടു.

ഹനുമാന്‍ വന്ന കാരണം പറഞ്ഞു.

വായുപുത്രാ, ശാന്തനാകൂ എന്നു പറഞ്ഞു ദേവന്‍ വൃക്ഷങ്ങള്‍ കാട്ടിക്കൊടുത്തു. ഹനൂമാന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മരുന്നുകളുമായി ലങ്കയിലെത്തി.

(വിശല്യകരിണിയുടെ മണമടിച്ചപ്പോള്‍ ശരങ്ങള്‍ നീങ്ങി2). മൃതസഞ്ജീവനിയുടെ ഗന്ധം രാമലക്ഷ്മണന്മാരെയും വാനരരെയും ഉണര്‍ത്തി. അസ്ഥിസന്ധാരിണിയുടെ ഗന്ധമേറ്റു അസ്ഥികള്‍ മുറിവുണങ്ങി പൂര്‍വ്വസ്ഥിതിയിലായി. സുവര്‍ണ്ണകരിണിയുടെ ഗന്ധം എല്ലാവരുടെയും ശരീരത്തിനു സൗന്ദര്യം നല്‍കി.

രാക്ഷസന്മാരുടെ മൃതശരീരങ്ങള്‍ക്ക് ഒരു മാറ്റവും സംഭവിച്ചില്ല!

ഹനുമാനു നന്ദി പറഞ്ഞ രാമന്‍ വീരവാനരനെ ആലിങ്ഗനം ചെയ്തു. ഹനുമാന്‍ സംതൃപ്തനായി.

കുറിപ്പ്:
1. മരുന്നുകളുടെ പേരുകള്‍ക്കു വിവര്‍ത്തനങ്ങളില്‍ തന്നെ വ്യത്യാസമുണ്ട്. 2. ഇതു വിവര്‍ത്തനങ്ങളില്‍ പറയുന്നില്ല. ഒരു നിഘണ്ടുവില്‍ കണ്ടു. അതു കാരണം ബ്രായ്ക്കറ്റില്‍ ചേര്‍ത്തു.

 

കുംഭന്‍, നികുംഭന്‍, മകരാക്ഷന്‍

വീണ്ടും വാനരന്മാരുടെ ആര്‍പ്പുവിളികള്‍ കേട്ടു തുടങ്ങി.

രാവണന് ആശ്ചര്യമായി.

എത്ര തവണ മരിച്ചാലും പുനര്‍ജ്ജനിയ്ക്കുന്ന ശത്രു!

ഇവര്‍ ലങ്ക നശിപ്പിയ്ക്കും.

നിരാശനായ രാവണന്‍ ലങ്കാനഗരിയുടെ നാലു ദ്വാരങ്ങളും കൊട്ടിയടച്ചു. ജീവന്‍ തന്നെ ഏറ്റവും വലുത്.

രാമനും കൂട്ടര്‍ക്കും അദ്ഭുതമായി. അഞ്ചു ദിവസമായി രാവണന് അനക്കമില്ല.

ജാംബവാന്‍ വാനരന്മാരോടു നഗരിയ്ക്കുള്ളില്‍ കയറി കണ്ടതിനൊക്കെ തീയിടാന്‍ പറഞ്ഞു. അസങ്ഘ്യം ലങ്കാവാസികള്‍ മരിച്ചു വീണു. മൃഗങ്ങളും പക്ഷികളും ചത്തു വീണു. 

ഇനി ഇങ്ങനെ കൊട്ടിയടച്ച് ഇരുന്നിട്ടു കാര്യമില്ല എന്നു രാവണനു മനസ്സിലായി. യുദ്ധം ചെയ്യുകയല്ലാതെ നിവൃത്തിയില്ല. കുംഭകര്‍ണ്ണന്റെ മക്കളായ കുംഭനെയും നികുംഭനെയും യുദ്ധത്തിനയച്ചു. അച്ഛനെ കൊന്നതിന്റെ പക രണ്ടു പേരുടെയും മനസ്സിലുണ്ട്. കൂടെ എട്ടു  വീരന്മാരുമുണ്ടായിരുന്നു :- വജ്രദന്തന്‍, സകമ്പനന്‍, വജ്രകണ്ഠന്‍, ശോണിതാക്ഷന്‍, യൂപാക്ഷന്‍, പ്രജംഘന്‍, വിരൂപാക്ഷന്‍, വിദ്യുന്മാലി. 

ഏറ്റുമുട്ടല്‍ അതിരൂക്ഷമായിരുന്നു. അസുരശൌര്യത്തില്‍ വാനരപ്പട പലപ്പോഴും പതറി. ഇരുകൂട്ടര്‍ക്കും സേനാനഷ്ടങ്ങള്‍ സംഭവിച്ചു. വാനരപ്പട ക്രമേണ ആധിപത്യം നേടി. എട്ട് അസുരസേനാനികളും അങ്ഗദന്‍ മുതലായവരുടെ കയ്യാല്‍ കൊല്ലപ്പെട്ടു. 

സുഗ്രീവന്‍ കുംഭന്റെ നേരെ ചെന്നു. കുംഭന്റെ അടിയേറ്റ സുഗ്രീവന്‍ തെറിച്ചുയര്‍ന്നു സമുദ്രത്തില്‍ വീണു. സുഗ്രീവന്‍ വീഴുന്നതു കണ്ടു വരുണകാരുണ്യത്താല്‍ ജലം പിന്‍വാങ്ങി. വെള്ളം സുഗ്രീവന്റെ കാല്‍വണ്ണവരെ മാത്രം! മുങ്ങിത്താഴാതെ പാഞ്ഞു ചെന്ന സുഗ്രീവന്‍ ആനക്കൊമ്പു കൊണ്ടു കുംഭനെ താഡിച്ചു. കുംഭന്‍ യമാലയത്തിലായി. 

എന്നാല്‍ നികുംഭനെ നേരിടാന്‍ പോയ സുഗ്രീവന്‍ അവന്റെ തീ തുപ്പുന്ന ഒരായുധം കണ്ടു പിന്നോട്ടു മാറി. നികുംഭനെ ഹനൂമാന്‍ നേരിട്ടു. അവന്റെ അടി കൊണ്ട ഹനൂമാന്‍ ബോധരഹിതനായി. ഹനൂമാനെ തോളത്തേറ്റി രാവണനു കാഴ്ച വയ്ക്കാന്‍ നീങ്ങി. പെട്ടെന്ന് ഉണര്‍ന്ന ഹനൂമാന്‍ നികുംഭന്റെ ചെവിയും മൂക്കും പറിച്ചെടുത്തു. ഒടുവില്‍ തലയും.  

പിന്നീടു രാവണന്‍ അയച്ചതു ഖരന്റെ മകനായ മകരാക്ഷനെയാണ്. രാമനോടു പെരുംപകയുമായി നടന്ന മകരാക്ഷന് ഒരു കാര്യം ബോദ്ധ്യമായിരുന്നു: രാമന്‍ മനുഷ്യനല്ല, വിഷ്ണുവാണ്. സൂത്രപ്പണികളിലൂടെ മാത്രമേ വിജയിക്കാനാവൂ. രാമബാണത്താല്‍ മരിച്ചാലാവട്ടെ, മോക്ഷവും കിട്ടും.

പശുക്കളെ മനുഷ്യര്‍ ബഹുമാനിയ്ക്കുന്നതിനാല്‍ രഥത്തിനു ചുറ്റും മകരാക്ഷന്‍ പശുക്കളെയും പശുക്കിടാവുകളെയും കെട്ടി. പശുവിന്റെ തോലു കൊണ്ടു രഥത്തിന്റെ വശങ്ങള്‍ മറച്ചു. തേരാളിയും പശുത്തോല്‍ അണിഞ്ഞു. നാലു കാളകള്‍ രഥം വലിച്ചു.

ഹനൂമാനും മറ്റും ഭയന്നു പിന്മാറി. ആക്രമിച്ചാല്‍ ഗോക്കള്‍ കൊല്ലപ്പെടും. മകരാക്ഷന്റെ ശരങ്ങള്‍ വാനരന്മാരെ വലച്ചു തുടങ്ങി. പലരും പരിക്കേറ്റു വീണു.

ദേവകള്‍ അസ്വസ്ഥരായി. സുഗ്രീവനും പിന്മാറി.

രാമനും ചിന്താഗ്രസ്തനായി. രാമന്‍ മൂന്നു ചുവടു പിന്നോട്ടു വച്ചു1. ഗോഹത്യ ഒഴിവാക്കണം.

രാമന്‍ വായവ്യാസ്ത്രം (പവനാസ്ത്രം) കയ്യിലെടുത്തു.

വായുഭാഗവനെ മനസ്സില്‍ സ്മരിച്ചു ബാണം വിട്ടു. വായുദേവന്‍ ബ്രഹ്മരൂപമായി ശരത്തില്‍ അധിഷ്ഠിതനായി. രണഭൂമിയെ വിറപ്പിച്ചു കൊണ്ടു ശക്തമായ കാറ്റുയര്‍ത്തി രഥത്തെ ലക്ഷ്യമാക്കി പാഞ്ഞു. കന്നുകാലികള്‍ പറന്നു ദൂരെ വീണു. തേരിന്റെ തോല്‍മറയും തേരാളിയുടെ തോല്‍വസ്ത്രവും പറന്നു.

ജയ്‌ രാം, വാനരന്മാര്‍ ആര്‍ത്തു വിളിച്ചു തിരികെ എത്തി. പാറയും മരങ്ങളും അസുരപ്പടയുടെ മേല്‍ വര്‍ഷിച്ചു.

അസുരവീരന്മാര്‍ പലരും മരിച്ചു വീണു.


കുറിപ്പ്: 

1 പോര്‍ക്കളത്തില്‍ മൂന്നു ചുവടു പിന്നോട്ടു വയ്ക്കുന്നതു പേടിയുടെ/എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയുടെ അടയാളമായി കണക്കാക്കിയിരുന്നു.


മകരാക്ഷവധം, തരണീസേനന്റെ പുറപ്പാട്

യുദ്ധം നീണ്ടു.

രാമനാണു ക്ഷീണം.

പിതൃഘാതകനെതിരെ വീറോടെ പൊരുതുകയാണു ഖരപുത്രന്‍.  അതിസമര്‍ത്ഥമായി മകരാക്ഷന്‍ രാമബാണങ്ങളെ മുറിച്ചു കൊണ്ടിരുന്നു. രാമന്റെ ക്ഷുരപാര്‍ശ്വാസ്ത്രത്തെ അതേ  അസ്ത്രത്താല്‍ തടുത്തു. അമ്പുകള്‍ കൊണ്ടു രാമന്റെ ശരീരത്തില്‍ അനവധി മുറിവുകളുണ്ടായി. ആകാശം അസ്ത്രങ്ങളാല്‍ മൂടപ്പെട്ടു. 

രാമന്‍ അദ്ഭുതത്തോടെ മകരാക്ഷനോടു പറഞ്ഞു: നീ അച്ഛനേക്കാള്‍ കേമന്‍. നിന്റെ അച്ഛനെ വധിക്കാന്‍ രണ്ടു (ബാണ)പ്രഹരം മതിയായിരുന്നു. നിന്നെ ഇന്നു തന്നെ അച്ഛന്റെ അടുത്ത് എത്തിയ്ക്കാം. 

അസ്ത്രങ്ങള്‍ മൂലം പ്രകാശം മറഞ്ഞു. രാമന്‍ ചികുരാസ്ത്രം തൊടുത്തു. ഇരുള്‍ മാറി.

പിന്നാലെ ഭൗമാസ്ത്രം തൊടുത്തു.

മകരാക്ഷന്റെ വില്ലു മുറിഞ്ഞു. അസുരന്‍ പരിച എറിഞ്ഞു. രാമബാണം അതും തകര്‍ത്തു. കുന്തമെടുത്തു മുന്നോട്ടു വന്ന മകരാക്ഷന്റെ കൈകള്‍ ചന്ദ്രബാണത്താല്‍ അരിഞ്ഞു. പിന്നെയും മുന്നോട്ടു കുതിച്ച അസുരനെതിരെ രാമന്‍ അഗ്നിബാണമെയ്തു.

മകരാക്ഷന്‍ മരിച്ചു വീണു.

മൂന്നു യാമം നീണ്ട യുദ്ധത്തിനു തിരശ്ശീല വീണു.

മകരാക്ഷന്‍ എന്ന യുദ്ധവീരന്റെ ജീവിതത്തിനും. ആ ആത്മാവിനു മോക്ഷമായി.  

ഭഗ്നദൂതന്മാര്‍ രാവണനെ അറിയിച്ചു: മകരാക്ഷകുമാരനും വധിയ്ക്കപ്പെട്ടു. 

രാവണന്‍ ഒരിയ്ക്കല്‍ കൂടി ബോധം നശിച്ചു വീണു. പിന്നെ കുറെ നേരം കണ്ണീരൊഴുക്കി.

മരിച്ച വീരന്മാരെ ഓര്‍ത്തു. ഏതു വീരന്‍ എതിരിട്ടാലും മരിയ്ക്കാത്ത രാമന്‍. ലങ്കയില്‍ യോദ്ധാക്കള്‍ ഇല്ലാതായി. 

ഇനിയാരുണ്ടു പോകാന്‍? ഒരു പേരു പെട്ടെന്നു മനസ്സില്‍ വന്നു.

തരണീസേനന്‍. വിഭീഷണന്റെ മകന്‍.

ആത്മീയതയിലാണു തരണീസേനനു താല്‍പര്യം. അപാരപണ്ഡിതനും ധര്‍മ്മിഷ്ഠനും. കൂടാതെ വിഷ്ണുഭക്തനും. പക്ഷെ, കൂറു തന്നോടല്ലേ? രാക്ഷസകുലത്തോടല്ലേ?

രാവണന്‍ തരണീസേനനായി ദൂതനെ വിട്ടു. 

സ്വര്‍ഗ്ഗത്തില്‍ ആയിരുന്ന തരണീസേനന്‍ രാവണന്റെ അരികിലെത്തി. തരണീസേനന് എല്ലാം അറിയാമായിരുന്നു. അതിനാല്‍ രാവണന്‍ ഉള്ളതു തുറന്നു പറഞ്ഞു:

വിഭീഷണന്‍ പറഞ്ഞതെല്ലാം ശരിയായിരുന്നു. അഹങ്കാരിയായ ഞാന്‍ അതു കേട്ടില്ല. അവനെ പുറത്താക്കി. അവന്‍ രാമനെ ശരണം പ്രാപിച്ചു. ഇപ്പോള്‍ രാമന്റെ ഏറ്റവും വലിയ ഉപദേശകനാണ്. രാമന്‍ എന്റെ കാലനായി വന്നിരിയ്ക്കയാണ്. അവരെ യുദ്ധം ചെയ്തു കീഴ്പെടുത്തിയേ പറ്റൂ. നിനക്കതിനു കഴിയും. ഇനി നീ ഇറങ്ങുക. രാമലക്ഷ്ണന്മാരെ ബന്ധിച്ചു കൊണ്ടു വരണം. 

രക്തബന്ധങ്ങള്‍ ഒന്നിനും തടസ്സമാവില്ല, തരണി പറഞ്ഞു. കുലനാശം തടയണം. ഞാന്‍ പോരിന് ഇറങ്ങുകയാണ്. 

രാവണന്‍ തരണീസേനനെ ആശീര്‍വദിച്ചു വിട്ടു. 

തരണീസേനന്‍ അമ്മയുടെ അടുത്തേയ്ക്കാണു പോയത്.

ഞാന്‍ യുദ്ധത്തിനു പോകുന്നു അമ്മേ. അമ്മ അനുഗ്രഹിയ്ക്കണം. പൂര്‍ണ്ണബ്രഹ്മമായ ശ്രീനാരായണന്റെ ദര്‍ശനത്താല്‍ എന്റെ ജന്മം പുണ്യം നേടട്ടെ.

തരണീസേനന്റെ വാക്കുകള്‍ കേട്ട് അമ്പരന്ന അമ്മ സരമ പറഞ്ഞു: മകനേ, വേണ്ട. യുദ്ധം വേണ്ട. രാമന്‍ സാക്ഷാല്‍ മഹാവിഷ്ണുവാണ്. ആര്‍ക്കും ജയിയ്ക്കാനാവില്ല. നീ രാമനെ ശരണം പ്രാപിക്കൂ. നമ്മുടെ കുലം നശിയ്ക്കാന്‍ പോവുകയാണ്.

രാമഭക്തയായ അവര്‍ ദുഃഖസാഗരത്തിലായി.

എനിയ്ക്കറിയാം, അമ്മേ. രാമന്‍ ലക്ഷ്മീപതിയാണ്. ദയാപരനാണ്. ധര്‍മ്മം നിലനിര്‍ത്താന്‍ അവതരിച്ചതാണ്‌. രാമന്റെ കയ്യാല്‍ മരിച്ചാല്‍ ഞാന്‍ വൈകുണ്ഠവാസിയാകും. ശരീരത്തിന് എന്തു പ്രസക്തി?  കാണുന്നത് എല്ലാം മായയല്ലേ? ഭക്തനായ എന്നെ രാമന്‍ വധിച്ചില്ലെങ്കില്‍ ഞാന്‍ തിരികെ അമ്മയുടെ അടുത്തെത്തും.

കുലധര്‍മ്മമനുസരിച്ചു യുദ്ധത്തിനിറങ്ങിയ തരണീസേനനെ തടയാന്‍ അമ്മയ്ക്കായില്ല. രാമനെ സ്മരിച്ച് സരമ മകനെ അനുഗ്രഹിച്ചു പോര്‍ക്കളത്തിലേയ്ക്ക് അയച്ചു.

ശരീരം മുഴുവനും രാമ എന്നെഴുതി, പടച്ചട്ട ധരിച്ച്, വീരസേനാനിയ്ക്കു ചേര്‍ന്ന മട്ടില്‍ തരണീസേനന്‍ വലിയ സന്നാഹങ്ങളോടെ യുദ്ധത്തിനെത്തി. രഥത്തിന്മേലും പതാകയിലും ഗങ്ഗയിലെ നനഞ്ഞ മണ്ണു കൊണ്ടു രാമ എന്നെഴുതി.

പൂര്‍വ്വാധികം ശക്തിയോടെ അസുരര്‍ വാനരന്മാരെ ആക്രമിച്ചു. കൂരമ്പുകള്‍ കൊണ്ട വാനരന്മാര്‍ രണഭൂമിയില്‍  

വീണു. പലരും മുറിവേറ്റു പലായനം ചെയ്തു.

വിഭീഷണന്‍ രാമനോടു പറഞ്ഞു: ഇവന്‍ ആരാണെന്ന് അറിയില്ല. സമര്‍ത്ഥനായ ഇവന്‍ ഒരു പക്ഷെ രാവണന്റെ സഹോദരന്റെ പുത്രനാവാം. ഭക്തനാണ്.

തരണീസേനന്റെ സൈന്യത്തിന്റെ ഇടയില്‍ നിന്നു ജയ്‌ രാം വിളികള്‍ ഉയര്‍ന്നു. തരണീസേനന്റെ രഥത്തിനു ചുറ്റും രാമനാമം. രഥത്തിന്റെ കൊടിയിലും രാമനാമം! വാനരന്മാര്‍ക്കു രസമായി. അവര്‍ക്ക് അത് ഒരു അസുരതന്ത്രമായി തോന്നി.

തരണീസേനന്റെ കണ്ണുകള്‍ രാമനെ പരതി മുന്നോട്ടു നീങ്ങി. രാമലക്ഷ്മണന്മാരും വിഭീഷണനും ഒരു ഭാഗത്തു നില്‍ക്കുന്നതു കണ്ടു. രഥം ആ വശത്തേയ്ക്കു നീങ്ങി. പെട്ടെന്നു നീലന്‍ രഥം തടഞ്ഞു.

ഞാന്‍ രാമലക്ഷ്മണന്മാരെ അടുത്തു ചെന്നു കണ്ടോട്ടെ,. തൊഴുകയ്യോടെ തരണീസേനന്‍ നീലനോടു പറഞ്ഞു.

എന്തിന്? നിന്നെ ഞാന്‍ മലയെറിഞ്ഞു കൊല്ലും. നീലന്റെ മറുപടി.

നീലന്‍ അക്രമാസക്തനായി. ഒരു വന്മരം തരണീസേനന്റെ നേരെ എറിഞ്ഞു. നിസ്സാരമെന്ന മട്ടില്‍ തരണീസേനന്‍ അതു കൈ കൊണ്ടു പിടിച്ചു. നീലന്‍ മല എറിഞ്ഞു. തരണീസേനന്റെ  ഗദ അതു പൊടിയാക്കി. ബാണമേറ്റ നീലന്‍ ബോധം കെട്ടു വീണു. ചാടി വീണ ഹനൂമാന്‍ തരണീസേനന്റെ അടിയേറ്റു വീണു ബോധശൂന്യനായി.

രാക്ഷസന്മാര്‍ വാനരരെ കൊന്നൊടുക്കിക്കൊണ്ടിരുന്നു. അങ്ഗദനും സുഷേണനും സുഗ്രീവനും തരണീസേനന്റെ പ്രഹരമേറ്റു. സുഗ്രീവന്‍ മോഹാലസ്യപ്പെട്ടു വീണു. ബോധം വീണ്ടെടുത്ത ഹനൂമാനും അങ്ഗദനും സുഷേണനും സുഗ്രീവന്റെ സമീപമെത്തി. മറ്റു വാനരര്‍ ഓടി മറയുന്നുണ്ടായിരുന്നു.

തരണീസേനന്‍ രഥം ശ്രീരാമന്റെ അടുത്തേയ്ക്ക് ഓടിച്ചു.


തരണീവധം

രഥത്തില്‍ നിന്നിറങ്ങിയ തരണീസേനന്‍ വിഭീഷണനെ നമസ്കരിച്ചു. പിന്നീടു രാമലക്ഷ്മണന്മാരെ നമസ്കരിച്ചു.

വിഭീഷണന്‍ മന്ത്രിച്ചു: എതിര്‍പക്ഷത്തു നിന്ന് ഒരാള്‍ നമസ്കരിയ്ക്കുന്നു. അങ്ങയുടെ വലിയ ഭക്തനാണ്. 

രാമന് അദ്ഭുതം. ലക്ഷ്മണനു സംശയം. 

ഇവന്‍ എന്റെ ഭക്തന്‍ തന്നെയെങ്കില്‍ ഇവന്റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ, രാമന്‍ വിഭീഷണനോടു പറഞ്ഞു.

ജ്യേഷ്ഠന്‍ എന്താണു ചെയ്തത്? അവന്‍ ആഗ്രഹിയ്ക്കുന്നതു രാക്ഷസരുടെ വിജയമാണ്, ലക്ഷ്മണന്‍ എതിര്‍പ്പു പ്രകടിപ്പിച്ചു.

ലക്ഷ്മണാ!, രാമന്‍ പറഞ്ഞു. ഭക്തര്‍ക്കു ഭൗതികമോഹങ്ങളില്ല.

സ്വസ്ഥാനത്തേയ്ക്കു മടങ്ങിയ ശേഷം ലക്ഷ്മണനുമായി ആയിരുന്നു തരണീസേനന്റെ ആദ്യത്തെ ഏറ്റുമുട്ടല്‍.

ലക്ഷ്മണന്റെ കോപവും അസ്ത്രപടുത്വവും തരണീസേനന്റെ അടുത്തു വിലപ്പോയില്ല. ഓരോ അസ്ത്രത്തിനും മറുബാണമെയ്തു. ലക്ഷ്മണന്‍ ശരവര്‍ഷം നടത്തി. തരണീസേനന്‍ അതെല്ലാം നിഷ്പ്രഭമാക്കി. പാശുപതത്തിനെതിരെ വൈഷ്ണവം. അഗ്നിബാണത്തിനെതിരെ വരുണബാണം. പര്‍വ്വതാസ്ത്രത്തിനെതിരെ പവനാസ്ത്രം. നാഗാസ്ത്രത്തിനെതിരെ ഗരുഡാസ്ത്രം. ഇരുള്‍ പരത്തുന്ന കുഹരാസ്ത്രത്തിനെതിരെ വെളിച്ചം പരത്തുന്ന ചികുരാസ്ത്രം.

എന്നാല്‍ ലക്ഷ്മണന്‍ ഗന്ധര്‍വ്വാസ്ത്രം എയ്തപ്പോള്‍ തടയാന്‍ തരണീസേനനു കഴിഞ്ഞില്ല. ബാണത്തില്‍ നിന്നു ജന്മം കൊണ്ട അസങ്ഖ്യം ഗന്ധര്‍വ്വന്മാര്‍ തരണീസേനന്റെ പട മുഴുവന്‍ നശിപ്പിച്ചു.

തരണീസേനന്റെ മുസലപ്രഹരം ലക്ഷ്മണന്റെ ബോധം കെടുത്തി. ഹനൂമാന്‍ ലക്ഷ്മണനെ എടുത്തു സുരക്ഷിതസ്ഥാനത്തു കിടത്തി ശുശ്രൂഷിച്ചു.

രാമനെവിടെ?, തരണീസേനന്‍ ഉച്ചത്തില്‍ ചോദിച്ചു. രാമന്‍ നേരിടാന്‍ വന്നു.

രാമനില്‍ തരണീസേനന്‍ മഹാവിഷ്ണുവിന്റെ വിശ്വരൂപം കണ്ടു. ഗോലോകവൈകുണ്ഠവും ബ്രഹ്മലോകവും കണ്ടു. എല്ലാ ജീവജാലങ്ങളെയും കണ്ടു.  

തരണീസേനന്‍ സാഷ്ടാങ്ഗം വീണു നമസ്കരിച്ചു: അങ്ങു ദേവകളുടെ ദേവനാണ്. ശിവനും ബ്രഹ്മനും വിഷ്ണുവുമാണ്. സൃഷ്ടിയും സ്ഥിതിയും പ്രളയവുമാണ്. ത്രിഗുണസത്തയാണ്. വിധിവശാല്‍ ഞാന്‍ അസുരശരീരിയായി”. 

സ്തുതി തുടര്‍ന്നപ്പോള്‍ രാമന്‍ വിചാരിച്ചു: എങ്ങനെ ഭക്തനെ നിഗ്രഹിക്കും? എങ്ങനെ അസുരശരീരത്തില്‍ നിന്നും ആത്മാവിനെ വിടുതല്‍ ചെയ്തു മോക്ഷം നല്‍കും?

രാമന്‍ പിന്‍വാങ്ങി.

തരണീസേനന്‍ ലക്ഷ്യത്തെ പറ്റി ബോധവാനായി. ഇങ്ങനെ നിന്നാല്‍ യുദ്ധമില്ല. മോക്ഷമില്ല.

രാമനെ അധിക്ഷേപിക്കാന്‍ തുടങ്ങി: ഭരതന്‍ ഓടിച്ചു കാട്ടില്‍ വിട്ടവനല്ലേ നീ? നിന്നെയും ലക്ഷ്മണനെയും കൊന്നു ഞാന്‍ സീതയെ രാവണന്റെ വാമഭാഗത്ത് ഇരുത്തും.

ഉണര്‍ന്ന ലക്ഷ്മണന്‍ തിരികെ എത്തി.

കപടഭക്തി കാട്ടി നീ ഞങ്ങളെ നിന്ദിയ്ക്കുകയാണ്, ലക്ഷ്മണന്‍ കോപത്തോടെ പറഞ്ഞു.

മകരാക്ഷന്‍ ഗോക്കളുമായി വന്നത് ആരും മറന്നിട്ടില്ല.

ലക്ഷ്മണന്‍ തരണീസേനനുമായി ഏറ്റുമുട്ടി. അപ്പോള്‍ വിഭീഷണന്‍ രാമനോടു പറഞ്ഞു: ഒരു തവണ ലക്ഷ്മണന്‍ ഇവനോട് ഏറ്റുമുട്ടി ബോധം കെട്ടു വീണതാണ്. അങ്ങു തന്നെ നേരിടുന്നതാണ് ഉത്തമം.

രാമന്‍ അര്‍ദ്ധചന്ദ്രാസ്ത്രമെയ്തു. തരണീസേനന്റെ രഥത്തിലെ കുതിരകള്‍ വീണു. തരണീസേനന്‍ നിലത്തിറങ്ങി മരവും പര്‍വ്വതവും എറിഞ്ഞു. രാമനെ ക്ഷീണിതനായി കണ്ട തരണീസേനന്‍ ചിന്തിച്ചു:

ഭൗതികസുഖങ്ങളും സ്വത്തുക്കളും കൊണ്ട് എന്തു പ്രയോജനം? രാമചന്ദ്രന്റെ കൈകളാല്‍ മരിയ്ക്കട്ടെ. വൈകുണ്ഠത്തില്‍ എത്തണം, തരണീസേനന്‍ പ്രാര്‍ത്ഥിച്ചു.

വിഭീഷണന്‍ രാമനോടു പറഞ്ഞു: രാമചന്ദ്രാ, ബ്രഹ്മാസ്ത്രത്താല്‍ മാത്രമേ ഇവന്‍ മരിക്കൂ എന്നാണു ബ്രഹ്മാവിന്റെ വരം. ബ്രഹ്മാസ്ത്രമയയ്ക്കൂ. 

ദേവകള്‍ ആഹ്ലാദിച്ചു. 

രാമന്‍ കയ്യിലെടുത്ത പുതിയ അസ്ത്രത്തിന്റെ പ്രഭ തരണീസേനന്‍ കണ്ടു.

ബ്രഹ്മാസ്ത്രം!

ഇടിമുഴക്കം പോലെയുള്ള ശബ്ദവുമായി അതു ഞാണില്‍ നിന്നു പാഞ്ഞു.

തരണീസേനന്‍ തൊഴുകൈയോടെ പ്രാര്‍ത്ഥിച്ചു: രാമദേവാ, അവിടുത്തെ ചരണങ്ങളില്‍ എനിയ്ക്കിടമുണ്ടാവണേ! 

തീനാളങ്ങളെറിഞ്ഞു ദിവ്യപ്രഭ തൂകി ജ്വലിച്ചു വന്ന ബ്രഹ്മാസ്ത്രം തരണീസേനന്റെ മേല്‍ പതിച്ചു. രാമനാമമെഴുതിയ ശരീരത്തില്‍ നിന്നു ശിരസ്സു വേര്‍പെട്ടു.

ആ ശിരസ്സ് അപ്പോഴും രാമനാമം ഉരുവിട്ടു കൊണ്ടിരുന്നു. 

വിഭീഷണന്‍ പൊട്ടിക്കരഞ്ഞു നിലത്തു വീണു. 

ആര്‍ക്കും സാന്ത്വനിപ്പിയ്ക്കാന്‍ കഴിഞ്ഞില്ല.

പകച്ചു നിന്ന രാമനോടു വിഭീഷണന്‍ വിങ്ങിപ്പൊട്ടി പറഞ്ഞു:

മഹാപ്രഭോ! അതെന്റെ മകനാണ്! 

രാമന്‍ സ്തബ്ധനായി. കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. 

നീ എന്തു കഠോരഹൃദയനാണ്? എന്തുകൊണ്ടു നീ മകനാണെന്ന് ആദ്യമേ പറഞ്ഞില്ല? എന്തിനു ബ്രഹ്മാസ്ത്രമെയ്യാന്‍ എന്നെ ഉപദേശിച്ചു? അറിഞ്ഞിരുന്നെങ്കില്‍ അവനോടു യുദ്ധം ചെയ്യുകയില്ലായിരുന്നു. 

ലക്ഷ്മണന്‍ ദുഃഖാര്‍ത്തനായി കണ്ണീരൊഴുക്കി. മരിച്ചു വീണതു വിഭീഷണന്റെയും സരമയുടെയും മകന്‍! ഹനുമാനും സുഗ്രീവനും അങ്ഗദനും സുഷേണനും കണ്ണീര്‍പ്രവാഹം തടയാന്‍ കഴിഞ്ഞില്ല. വാനരസമൂഹം ഒന്നടങ്കം കരഞ്ഞു. 

വിഭീഷണന്‍ പറഞ്ഞു: അങ്ങയുടെ അമ്പേറ്റ് എന്റെ മകന്‍ വൈകുണ്ഠം പ്രാപിച്ചു. രാക്ഷസന്റെ നീചശരീരത്തില്‍ നിന്ന് അവനു മോചനം കിട്ടി. പ്രഭോ, അവന്‍ പുണ്യവാനാണ്. ഞാന്‍ ധന്യനായി. കുംഭകര്‍ണ്ണനും അതികായനും ഗോലോകത്തില്‍ എത്തി. സ്വാമിസേവ ചെയ്യുന്ന എനിക്കെന്തു കിട്ടി?  ഞാന്‍ എങ്ങനെ ഈ ശരീരം വെടിയും? ചിരഞ്ജീവിയായിപ്പോയില്ലേ?. 

രാമന്‍ ആശ്വാസവചനങ്ങള്‍ പലതും ചൊരിഞ്ഞ ശേഷം  പറഞ്ഞു: നീ എന്താണോ അതാണു ഞാനും. വിരക്തനു ജീവിതവും മരണവും തമ്മില്‍ വ്യത്യാസമില്ല. നീ ഈ ലോകത്തില്‍ ഉള്ളിടത്തോളം നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കും”. 

അസുരന്മാര്‍ മരിച്ചുവീണവരുടെ മൃതദേഹങ്ങള്‍ നീക്കുന്നുണ്ടായിരുന്നു. ഭാഗ്യഹീനനായ ഒരച്ഛന്‍ അതെല്ലാം അകലെ നിന്നു കണ്ടുകൊണ്ടിരുന്നു. 

ഭഗ്നദൂതര്‍ തേരിലേറി രാവണന്റെ അടുത്തേയ്ക്കു പോയി.

 

വീരബാഹു

രാവണന്‍ തരണീസേനന്റെ മരണമറിഞ്ഞപ്പോള്‍ വളരെയധികം കരഞ്ഞു.

സരമ നെഞ്ചുരുകിക്കരഞ്ഞു. സീത വളരെ പണിപ്പെട്ടു സരമയെ ആശ്വസിപ്പിക്കാന്‍.

രാവണന്‍ യുദ്ധത്തിനായി വീരന്മാരെ തിരയുകയായിരുന്നു. പെട്ടെന്നു വീരബാഹുവിനെ ഓര്‍ത്തു. 

ചിത്രസേനന്‍ എന്ന ഗന്ധര്‍വ്വന്റെ മകളായിരുന്ന ചിത്രാങ്ഗദയെ ഒരിയ്ക്കല്‍ രാവണന്‍ തട്ടിയെടുത്തു. ചിത്രാങ്ഗദയില്‍ രാവണന് ഉണ്ടായ മകനാണു വീരബാഹു. ചിത്രാങ്ഗദ വിഷ്ണുവിനെ പ്രാര്‍ത്ഥിച്ചാണു പുത്രനെ നേടിയത്. വീരബാഹുവിനു രാക്ഷസസ്വഭാവമില്ല.

അയാള്‍ ബ്രഹ്മാവിനെ തപസ്സു ചെയ്ത് ഒരാനയെ നേടി. ഐരാവതത്തിന്റെ മകനാണ് ആ ആന. ആനപ്പുറത്തിരുന്നു മൂന്നു ലോകങ്ങളും കീഴടക്കാം എന്ന വരവും വാങ്ങി. ആനയുടെ പ്രാണനിലാണു വീരബാഹുവിന്റെ പ്രാണന്‍ ഒളിഞ്ഞിരിയ്ക്കുന്നതെന്നും ആനയുള്ള കാലത്തോളം വീരബാഹു ജീവിച്ചിരിയ്ക്കുമെന്നും വിഷ്ണുസേവ ചെയ്യണമെന്നും ബ്രഹ്മാവ് അരുളിയിരുന്നു. ഐരാവതത്തിന്റെ സവിശേഷതകള്‍ വീരബാഹുവിന്റെ ആനയ്ക്കും ഉണ്ടായിരുന്നു. വീരബാഹു മുത്തച്ഛന്റെ കൂടെ ഗന്ധര്‍വ്വലോകത്താണു താമസം. അച്ഛന്‍ സ്മരിയ്ക്കുന്ന നേരത്തു ലങ്കയില്‍ എത്താം എന്നു രാവണനു വാക്കു  കൊടുത്തിരുന്നു.

വീരബാഹു യുദ്ധത്തെ പറ്റി കേട്ടു ലങ്കയില്‍ എത്തിയിരുന്നു. രാമനെ നേരില്‍ കാണുക എന്ന മോഹവുമുണ്ടായിരുന്നു. ലങ്കയില്‍ ചുറ്റിക്കറങ്ങുന്ന സമയത്തു രാമസവിധത്തില്‍ ചെന്നു രാമനെയും വിഭീഷണനെയും വന്ദിച്ചു. യുദ്ധത്തിന്റെ കെടുതികളും കണ്ടിരുന്നു. അപ്പോഴാണു രാവണന്‍ തന്നെ സ്മരിയ്ക്കുന്നതായി അറിയുന്നത്.

വീരബാഹു പിതാവിന്റെ സവിധത്തിലെത്തി.

യുദ്ധത്തിനു പോകാന്‍ തയ്യാറായി. കൂട്ടിനു വരുന്നതു ഭസ്മാക്ഷനാണ്1.

രാമനെ ലങ്കയില്‍ ആദ്യം എതിരിട്ട ഭസ്മലോചനനെ പോലെ ഇയാള്‍ക്കും ഒരു സിദ്ധിയുണ്ടായിരുന്നു. കണ്ണു പതിയ്ക്കുന്നതെന്തും വെണ്ണീറാവും. കണ്ണിനു മുകളില്‍ തോല്‍വാറു കെട്ടിയാണു നടപ്പ്.  

ഭസ്മാക്ഷന്‍ മുമ്പേ പടയ്ക്കിറങ്ങി.

വിഭീഷണനില്‍ നിന്നും ഇയാളുടെ കഴിവുകള്‍ രാമന്‍ അറിഞ്ഞു.

അസുരന്‍ രഥവുമായി മുന്നോട്ടു വന്നപ്പോഴേയ്ക്കും  രാമന്‍ മായ കാട്ടി. വാനരന്മാരെ ഒരുമിച്ചു നിര്‍ത്തി.  ദര്‍പ്പണാസ്ത്രത്താല്‍ അവരുടെ മുഖങ്ങള്‍  കണ്ണാടികളാക്കി. രാമന്റെ ശകാരം കേട്ടു രാമനു നേരെ വന്നപ്പോള്‍ രാമന്‍ സ്വന്തം ശരീരത്തിന്റെ മുന്നിലും കണ്ണാടി സൃഷ്ടിച്ചു. കണ്ണിലെ കെട്ടു നീക്കിയ ഭസ്മാക്ഷന്‍ കണ്ടതു സ്വന്തം പ്രതിബിംബം. അയാള്‍ ചാമ്പലായി. രാക്ഷസപ്പട പിന്തിരിഞ്ഞോടി.

ഇതു കണ്ട വീരബാഹു ആനയുടെ പുറത്തിരുന്ന് അസ്ത്രങ്ങളെയ്തു. വാനരന്മാര്‍ എറിഞ്ഞ മലകളും മരങ്ങളും തെറിപ്പിച്ചു. അങ്ഗദന്‍ പരിക്കേറ്റു വീണു. ആനയുടെ മസ്തകത്തില്‍ പ്രഹരിച്ച ഹനൂമാനും പരിക്കേറ്റു. ആനക്ക് ഒരു പരിക്കും പറ്റിയില്ല. അമ്പേറ്റു മുറിവുകളുമായി വാനരനായകര്‍ ഒട്ടനവധി വീണു. ഹനൂമാനും വീണു.

ഹനൂമാന്‍ വീണു എന്നറിഞ്ഞപ്പോള്‍ രാമനും ലക്ഷ്മണനും സുഗ്രീവനും വീരബാഹുവിനോടു യുദ്ധം ചെയ്യാന്‍ ഇറങ്ങി. 

വിഭീഷണന്‍ മുന്നറിയിപ്പു നല്‍കി: രാവണനെ കൂടാതെ ലങ്ക രക്ഷിക്കാന്‍ രണ്ടു പേര്‍ക്കു മാത്രം കഴിയും. ഒന്ന് ഇവന്‍. മറ്റൊന്ന് ഇന്ദ്രജിത്.  വീരബാഹുവിന്റെയും ആനയുടെയും പ്രത്യേകതകളും പറഞ്ഞു കൊടുത്തു. 

വീരബാഹു രാമനെയും ലക്ഷ്മണനെയും വെല്ലുവിളിച്ചു. ആനപ്പുറത്തിരുന്ന വീരബാഹു രാമനെ നോക്കി.

ഭുവനത്രയനാഥനായ, സാക്ഷാല്‍ മഹാവിഷ്ണുവായ രാമന്‍!

വീരബാഹു ആനപ്പുറത്തു നിന്നു താഴെ ഇറങ്ങി. വില്ലും അമ്പും താഴെ വച്ചു.

ശ്രീനാരായണനെ തൊഴുതു.

വെറും അല്പനായ എന്നില്‍ കരുണ കാട്ടേണമേ! സംസാരസാരമാണ് അങ്ങ്, വീരബാഹു സ്തുതിച്ചു.  അനാദ്യന്തനാണ്. പുരുഷനും പ്രകൃതിയും ചരാചരവും അങ്ങു തന്നെ. സൃഷ്ടിസ്ഥിതിസംഹാരകനും അനാഥര്‍ക്കു നാഥനും അങ്ങു തന്നെ. വൈഷ്ണവാസ്ത്രമെയ്ത് എനിയ്ക്കു മോക്ഷം നല്‍കൂ”.

ഒരു ഭക്തന്‍ കൂടി മരണം യാചിയ്ക്കുന്നു. രാമന്‍ ധര്‍മ്മസങ്കടത്തിലായി. വീരബാഹുവിനോടു പറഞ്ഞു: യുദ്ധവും വേണ്ട. സീതയും വേണ്ട. നിനക്കു രാജ്യം നല്‍കി വനത്തിലേയ്ക്കു മടങ്ങണം. നിന്നെ ഞാന്‍ വധിയ്ക്കുന്നില്ല. നീ മടങ്ങിപ്പോകൂ.

പ്രഭോ, അതു വേണ്ട. ലങ്കാപുരിയ്ക്കു മോചനം കിട്ടുകയില്ല. എനിയ്ക്കു വൈകുണ്ഠപ്രാപ്തിയും കിട്ടുകയില്ല.

വീരബാഹു യുദ്ധം തുടരാന്‍ തീരുമാനിച്ചു. ആനപ്പുറത്തു കയറി. 

തീക്ഷ്ണമായ പോര്. തലങ്ങും വിലങ്ങും കൂരമ്പുകള്‍ പാഞ്ഞു. രാമനു മുറിവേറ്റു. വീരബാഹുവിന്റെ വില്ലു മുറിക്കാന്‍ രാമനാവുന്നില്ല. 

ദേവകള്‍ ഭയചകിതരായി. 

ലക്ഷ്മണന്‍ വീരബാഹുവിന്റെ അസ്ത്രത്താല്‍ വീണു. ലക്ഷ്മണനെ വധിയ്ക്കാന്‍ വീരബാഹു ആനയെ മുന്നോട്ടു വേഗത്തില്‍ നയിച്ചു.

ലക്ഷ്മണനെ ലാക്കാക്കി എറിഞ്ഞ ആയുധം തടഞ്ഞ രാമനു ശകാരവും കിട്ടി, ഇതു ധര്‍മ്മമല്ല.

ഞാനും ലക്ഷ്മണനും ഒന്നു തന്നെ, രാമന്‍ മറുപടി നല്‍കി.

അറിയാം. നിങ്ങള്‍ രണ്ടും മാത്രമല്ല, ഇക്കാണുന്നതെല്ലാം നീ തന്നെ, ജ്ഞാനിയായ വീരബാഹുവിന്റെ മറുപടി രാമനെ ലജ്ജിപ്പിച്ചു. 

ഇടയ്ക്കു വന്ന സുഗ്രീവനെ ആന പിടിച്ചെറിഞ്ഞു. എല്ലൊടിഞ്ഞു സുഗ്രീവന്‍ അവശനായി വീണു.

യുദ്ധം നമ്മള്‍ തമ്മിലാണ്. ഈ വാനരന്‍ ഇടയ്ക്കു വന്ന് അക്രമിയ്ക്കുന്നത് അധര്‍മ്മമാണ്. വീരബാഹു പറഞ്ഞു.

രാമന്‍ ഉദാഹരണസഹിതം ചോദിച്ചു: നിന്റെ പിതാവ് ചെയ്തത് എത്ര അധര്‍മ്മമാണ്? ജ്യേഷ്ഠനായ കുബേരന്റെ പത്നിയെ അപഹരിച്ചില്ലേ? പതിന്നാലായിരം സ്ത്രീകളില്‍ എത്ര പേര്‍ പത്നികളാണ്? അതില്‍ അതില്‍ എത്ര പേര്‍ അപരപത്നികളാണ്? തട്ടിക്കൊണ്ടു വന്നതല്ലേ പലരെയും? 

അമ്പേറ്റ രാമന്‍ മോഹാലസ്യപ്പെട്ടു വീണു.

വിഭീഷണന്‍ രാമന്റെ വില്ലെടുത്തു കൊണ്ടു യുദ്ധം തുടര്‍ന്നു.

രാമപാദങ്ങള്‍ ആശ്രയമാക്കിയ ഇളയച്ഛനെ വീരബാഹു അഭിനന്ദിച്ചു: അങ്ങു നമ്മുടെ വംശത്തിന്റെ ചൂഡാമണിയാണ്. വിഭീഷണന്‍ വീരബാഹുവിനെയും അഭിനന്ദിച്ചു; അനുഗ്രഹിച്ചു. 

രാമന്‍ ഉണര്‍ന്നു.

വീരബാഹുവുമായി വീണ്ടും ഏറ്റുമുട്ടി.

വീരബാഹു ബ്രഹ്മാവു നല്‍കിയ ദിവ്യാസ്ത്രമെടുത്തു.

വായുദേവന്‍ ഇന്ദ്രദേവന്റെ ഉപദേശം രാമന്റെ ചെവിയില്‍ എത്തിച്ചു: ശരഭങ്ഗാശ്രമത്തില്‍ വച്ചു ലഭിച്ച ബാണം പ്രയോഗിക്കൂ. 

രാമന്‍ ആവനാഴിയില്‍ നിന്ന് ആ അസ്ത്രമെടുത്തു തൊടുത്തു.

ചീറിപ്പാഞ്ഞ അതു വീരബാഹുവിന്റെ ബ്രഹ്മാസ്ത്രം തകര്‍ത്തു മുന്നോട്ടുപോയി ആനയുടെ തല മുറിച്ചിട്ടു. വീരബാഹു ചാടി മണ്ണില്‍ ഇറങ്ങി. 

രാമബാണത്താല്‍ വലഞ്ഞ വീരബാഹു പോരിനിടയില്‍ കേണപേക്ഷിച്ചു: പ്രഭോ, വൈഷ്ണവബാണമെയ്ത് എന്റെ പ്രാണനെടുക്കൂ. 

വിഷാദമഗ്നനായി രാമന്‍ വൈഷ്ണവബാണമയച്ചു. പ്രപഞ്ചപ്പൊരുളായ മഹാവിഷ്ണുവിന്റെ പൂര്‍ണ്ണചൈതന്യമുള്‍ക്കൊണ്ട അസ്ത്രം.

അതു പൊരുതിക്കൊണ്ടിരുന്ന വീരബാഹുവിന്റെ ശിരസ്സു ശരീരത്തില്‍ നിന്നും വേര്‍പെടുത്തി. രാമനാമം ചൊല്ലിക്കൊണ്ടിരുന്ന ശിരസ്സു വിഭീഷണന്‍ രാമപാദങ്ങളില്‍ സമര്‍പ്പിച്ചു. 

വിഭീഷണനും ഹനൂമാനും രാമലക്ഷ്മണന്മാരും മാത്രം കണ്ട ഒരു അദ്ഭുതം ഉടനുണ്ടായി: രാമപാദസ്പര്‍ശത്താല്‍ വീരബാഹുവിന്റെ ശിരസ്സു പൂര്‍ണ്ണമായും ജ്യോതിര്‍മയമാകുന്നു! മോക്ഷപ്രാപ്തി! 

ഒരിയ്ക്കല്‍ കൂടി ഒരു വൈഷ്ണവഭക്തന്‍ വിഷ്ണുലോകം പ്രാപിച്ചു.

ഒരിയ്ക്കല്‍ കൂടി ഭഗ്നദൂതര്‍ കൊട്ടാരത്തിലേയ്ക്കു യാത്രയായി.

 കുറിപ്പ്: 

1 മലയാളവിവര്‍ത്തനത്തില്‍ ഭസ്മാക്ഷനല്ലധൂമ്രാക്ഷന്‍ എന്ന്‍ എഴുതിയിരിയ്ക്കുന്നു. ഭസ്മലോചനന്‍ എന്നും പേരുണ്ട്. രാമന്‍ ലങ്കയില്‍ ആദ്യമായി ഏറ്റുമുട്ടിയതു മറ്റൊരു ഭസ്മലോചനനോടായിരുന്നു. രാവണനു ധൂമ്രാക്ഷന്‍ എന്നു പേരുള്ള ഒരു അമ്മാവന്‍ ഉണ്ടായിരുന്നു. ഹനൂമാന്‍ ആ ധൂമ്രാക്ഷനെ വധിച്ചതു മുമ്പ് എഴുതിയിട്ടുണ്ട്.


മായാസീത

ഇനി രാവണനും ഇന്ദ്രജിത്തും മാത്രം, യുദ്ധക്കളത്തില്‍ നിന്നു മടങ്ങവേ വിഭീഷണന്‍ പറഞ്ഞു.

വീരബാഹുവിന്റെ നിഗ്രഹമറിഞ്ഞു രാവണന്‍ മൂര്‍ച്ഛിച്ചു വീണു. പടക്കളത്തില്‍ പോയാല്‍ മരണം ഉറപ്പ് എന്ന അവസ്ഥ. എത്ര മക്കളും ബന്ധുക്കളും മരിച്ചു!

ഇന്ദ്രജിത് അച്ഛനെ ആശ്വസിപ്പിച്ചു.

ശത്രുവിനു മരണമില്ല, രാവണന്‍ പറഞ്ഞു. ഗരുഡനും ഹനൂമാനും അവരെ പുനരുജ്ജീവിപ്പിച്ചു. ഹനൂമാനെ വധിച്ചാല്‍  നമ്മള്‍ വിജയിയ്ക്കും.

ഇന്ദ്രജിത് വീണ്ടും യുദ്ധത്തിനു പോകാന്‍ തീരുമാനിച്ചു.

അമ്മ മണ്ഡോദരിയെ ഇത്തവണ കാണേണ്ടതില്ല എന്നു തീരുമാനിച്ചു.

അഗ്നിദേവനില്‍ നിന്നു വരം വാങ്ങാന്‍ ഹോമം തുടങ്ങി. ഹോമകുണ്ഡത്തില്‍ നിന്ന്‍  അഗ്നിദേവന്‍ പ്രത്യക്ഷപ്പെട്ടു.

രാമനെ ജയിക്കാന്‍ ഇന്ദ്രജിത് വരം ആവശ്യപ്പെട്ടു.

നീ എന്തിനു ദിവസവും എനിയ്ക്കായി ഇങ്ങനെ ഹോമം നടത്തുന്നു? രാപകല്‍ നിനക്കെത്ര വരങ്ങള്‍ ഞാന്‍ നല്‍കണം?, അഗ്നിദേവന്‍ ചോദിച്ചു. ഞാന്‍  ഭജിയ്ക്കുന്ന നാരായണനാണു രാമന്‍. ആര്‍ക്കും രാമനെ ജയിയ്ക്കാനാവില്ല. ആ രാമനെ വധിയ്ക്കാന്‍ ഞാന്‍ എങ്ങനെ വരം തരും? സാദ്ധ്യമല്ല. മേലില്‍ ഞാന്‍ നിനക്കു പ്രത്യക്ഷപ്പെടുന്നതല്ല. അഗ്നിദേവന്‍ മറഞ്ഞു.

കുപിതനായ ഇന്ദ്രജിത് യുദ്ധക്കളത്തിലെത്തി മേഘങ്ങള്‍ക്കിടയില്‍ നിന്നു ശരമാരി ചൊരിഞ്ഞു. ഇതു മനസ്സിലാക്കിയ രാമന്‍ മേഘങ്ങളിലേയ്ക്ക് അസ്ത്രം വിടേണ്ട എന്നു തീരുമാനിച്ചു. യുദ്ധം കാണാന്‍ വന്ന ദേവകള്‍ക്കും നാശം സംഭവിച്ചേക്കാം. നിരപരാധികളായ ഒരു ദേവനും അസുരനും കൊല്ലപ്പെടരുത് എന്നായിരുന്നു രാമന്റെ നിലപാട്. ലക്ഷ്മണനും രാമനും തമ്മിലുള്ള ഈ സംഭാഷണം കേട്ട ഇന്ദ്രജിത് ലജ്ജിതനായി ഒരു നേട്ടവുമില്ലാതെ മടങ്ങി.

ഇന്ദ്രജിത് മായാജാലക്കാരനായ വിദ്യുജ്ജിഹ്വനു  നിര്‍ദ്ദേശം കൊടുത്തു: ഒരു കൃത്രിമസീത (മായാസീത)യെ നിര്‍മ്മിച്ചു നല്‍കുക.

ഇന്ദ്രജിത് മായാസീതയെ പടക്കളത്തില്‍ കൊണ്ടുപോയി കഴുത്തുവെട്ടും. ദുഃഖം സഹിയ്ക്കാനാവാതെ രാമന്‍ മരിയ്ക്കും. പിന്നാലെ ലക്ഷ്മണനും മരിയ്ക്കും. സുഗ്രീവനും കൂട്ടരും ലങ്ക വിട്ടു പോകും.

വിദ്യുജ്ജിഹ്വന്‍ മായാസീതയെ ഉണ്ടാക്കി ജീവന്‍ നല്‍കി. പറയേണ്ടതും ചെയ്യേണ്ടതും പഠിപ്പിച്ചു. ആ രൂപവുമായി ഇന്ദ്രജിത് തേരിലേറി പടക്കളത്തില്‍ ചെന്നു.

പഠിപ്പിച്ചതു പോലെ രാമാ! രക്ഷിയ്ക്കൂ, പവനപുത്രാ!, രക്ഷിയ്ക്കൂ എന്നും മറ്റും പറയുകയും കരയുകയും ചെയ്തു കൊണ്ടിരുന്ന മായാസീതയുടെ മുടി ഒരു കൈ കൊണ്ടു പിടിച്ചു മറുകയ്യില്‍ വാളുമായി നില്‍ക്കുന്ന ഇന്ദ്രജിത്തിനെ ആക്രമിയ്ക്കാന്‍ വാനരന്മാര്‍ മടിച്ചു. അതു സീതാദേവിയാണെന്ന് അവര്‍ തെറ്റിദ്ധരിച്ചു. സീതാദേവിയ്ക്കു വല്ലതും പറ്റിയാലോ? ഹനുമാന്റെ കണ്ണു നിറഞ്ഞു.  

സ്ത്രീവധത്തെ എതിര്‍ത്ത ഹനൂമാനോട് ഇന്ദ്രജിത് പറഞ്ഞു: ശത്രുവിനെ ജയിയ്ക്കാന്‍ അതാവശ്യമെങ്കില്‍ അതു ചെയ്യാം. ആദ്യം സീത. പിന്നെ രാമന്‍, ലക്ഷ്മണന്‍, സുഗ്രീവന്‍. പിന്നെ മറ്റുള്ളവരെയും കൊല്ലും.

വാനരന്മാര്‍ക്കു ശരവര്‍ഷം കാരണം ഇന്ദ്രജിത്തിന്റെ സമീപമെത്താന്‍ കഴിഞ്ഞില്ല.

എന്നെ രക്ഷിക്കൂ, പ്രഭോ!, മായാസീത അലമുറയിട്ടു പലതും പറഞ്ഞു കൊണ്ടിരുന്നു.

ഇന്ദ്രജിത്തിന്റെ വാള്‍ ഉയര്‍ന്നു താണു. മായാസീതയുടെ കഴുത്തു വേര്‍പെട്ടു ചോരയൊഴുകി. ഇരച്ചെത്തിയ വാനരന്മാരെ ഭയന്ന് ഇന്ദ്രജിത് പലായനം ചെയ്തു.

സീതാദേവിയെ വെട്ടിക്കൊന്നു, ഹനൂമാനില്‍ നിന്നു രാമന്‍ ആ ദുഃഖവാര്‍ത്ത കേട്ടു. ഹനൂമാന്‍ നേരില്‍ കണ്ടതല്ലേ? രാമന്‍ ഉടന്‍ ബോധരഹിതനായി. ശുശ്രൂഷ നല്‍കിയപ്പോള്‍ ഉണര്‍ന്നു വിലപിയ്ക്കാന്‍ തുടങ്ങി.

കുടുംബത്തില്‍ പത്നിയുടെ സ്ഥാനം എന്തെന്നു രാമന്‍ ലക്ഷ്മണനോടു പറഞ്ഞു. പത്നിയെ നഷട്പ്പെടുന്നതാണു പുരുഷന്റെ ഏറ്റവും വലിയ ദുഃഖം.

രാമന്റെ ദുഃഖം കണ്ടു മറ്റുള്ളവര്‍ തളര്‍ന്നു.


ലക്ഷ്മണമേഘനാദയുദ്ധം

രാമവിലാപം കേട്ടു വിഭീഷണന്‍ വന്നു. സീതാവധം വിശ്വസിയ്ക്കാന്‍ വിഭീഷണനു കഴിഞ്ഞില്ല.

സീതാദേവിയെ വധിയ്ക്കാനാവില്ല. വാനരന്മാര്‍ കണ്ടത് അസുരന്റെ മായാജാലമാണ്‌. ഹനൂമാന്‍ അശോകവനത്തില്‍ പോയി വരട്ടെ.

ഹനൂമാന്‍ അശോകവനത്തിലേയ്ക്കു പറന്നു. സീത അവിടെ സുരക്ഷിതയാണ്!

ഹനൂമാന്‍ അതറിയിച്ചതോടെ എല്ലാവര്‍ക്കും സന്തോഷവും ഉന്മേഷവുമായി.

അന്നു തന്നെ ഇന്ദ്രജിത്തിന്റെ വിധി നടപ്പാക്കാന്‍ തീരുമാനമായി. മേഘനാദന്‍ എന്ന ഇന്ദ്രജിത്തിനെ എങ്ങനെ ജയിയ്ക്കാമെന്നും വിഭീഷണന്‍ വിവരിച്ചു:

മേഘനാദനു ബ്രഹ്മാവിന്റെ വരമുണ്ട്. അദൃശ്യനായി മേഘങ്ങള്‍ക്കിടയില്‍ നിന്നു യുദ്ധം ചെയ്യാം. യുദ്ധത്തിനു മുമ്പു ബലിയും യാഗവും നടത്തിയാല്‍ വിജയിയായി മടങ്ങും. പക്ഷെ, ചിരഞ്ജീവിയാകണം എന്ന അപേക്ഷ ബ്രഹ്മദേവന്‍ നിരസിച്ചു. യാഗം ആരു മുടക്കുന്നുവോ ആ വ്യക്തിയാല്‍ കൊല്ലപ്പെടും.

നികുംഭില എന്നൊരു ഗുഹയുണ്ട്, വിഭീഷണന്‍ തുടര്‍ന്നു. ഇന്ദ്രജിത് അവിടെ യാഗം നടത്തും. ആ യാഗം പൂര്‍ണ്ണമായാല്‍ അവനെ ജയിയ്ക്കുക അസാദ്ധ്യം. യാഗം മുടക്കണം. ലക്ഷ്മണന് അതിനു കഴിയും. നൂറ് ഇന്ദ്രജിത്തിനു തുല്യനാണു ലക്ഷ്മണന്‍.  

വിഭീഷണന്‍ നിര്‍ദ്ദേശിച്ച പ്രകാരം ലക്ഷ്മണനാണ് ആ ദൗത്യം. കൂടെ ഹനൂമാന്‍, നീലന്‍, നളന്‍ തുടങ്ങി എട്ടു വാനരവീരരുടെ നായകത്വത്തില്‍ ബൃഹത്തായ പടയും. ലങ്കയുടെ കോട്ട ഭേദിച്ച് അകത്തു കടക്കണം. വിഭീഷണന്‍ വഴികാട്ടിയാവും.

കോട്ടവാതില്‍ക്കലെ സേനയെ ഹനൂമാനും കൂട്ടരും തകര്‍ത്തു. വിഭീഷണന്‍ കാട്ടിയ വഴിയേ അവര്‍ മുന്നേറി. യജ്ഞഭൂമിയിലേയ്ക്കു വാനരര്‍ മാലിന്യങ്ങള്‍ എറിഞ്ഞു. കോപത്തോടെ വന്ന ഇന്ദ്രജിത്തിന്റെ ആക്രമണത്തില്‍ വാനരര്‍ ചിന്നിച്ചിതറി.

വിഭീഷണനു നേരെ തിരിഞ്ഞ് ഇന്ദ്രജിത് പറഞ്ഞു: നാണം കെട്ടവനേ! രാജ്യദ്രോഹീ! എന്റെ മരണരഹസ്യം നിങ്ങള്‍ വെളിപ്പെടുത്തി. എന്നെ കൊല്ലിക്കാന്‍ വന്നിരിയ്ക്കുന്നോ? യജ്ഞം കഴിഞ്ഞ് ഇന്നു തന്നെ ഞാന്‍ നിങ്ങളെ വധിയ്ക്കും.

വിഭീഷണന്‍ വാനരവീരരെ ഉപയോഗിച്ച് എല്ലാ രക്ഷാമാര്‍ഗ്ഗങ്ങളും അടച്ചു. ഇന്ദ്രജിത് ആകാശത്തേയ്ക്കു പറന്നുയരാതെ നോക്കാന്‍ ഹനൂമാന്‍. പാതാളത്തിലേയ്ക്കു പോവാതിരിക്കാന്‍ അഗ്നിപുത്രനായ നീലന്‍.

ലക്ഷ്മണനും ഇന്ദ്രജിത്തും ഘോരഘോരം പോരു നടത്തി. രണ്ടു പേര്‍ക്കും മുറിവേറ്റു. ലക്ഷ്മണന്‍ ഇന്ദ്രജിത്തിന്റെ രഥം തകര്‍ത്തു. മായാരഥത്തില്‍ കയറി അയാള്‍ തിരികെ വന്നു. മായ കൊണ്ട് ഒന്നിലേറെ ഇന്ദ്രജിത് ഉള്ളതായി മറ്റുള്ളവര്‍ക്കു തോന്നി.

മായാരഥത്തില്‍ കയറി ആകാശത്തേയ്ക്ക് ഉയര്‍ന്നാല്‍ ഇവന്‍ അജയ്യനാകും. ഇന്ദ്രന്‍ അങ്ങനെയാണു കീഴ്പെട്ടത്. ബ്രഹ്മാവ്‌ അപേക്ഷിച്ചിട്ടാണ് ഇന്ദ്രനെ വിട്ടയച്ചത്. ഉടന്‍ ഇവനെ വധിയ്ക്കണം, വിഭീഷണന്‍ ലക്ഷ്മണനു മുന്നറിയിപ്പു നല്‍കി.

ലക്ഷ്മണന്റെ ആക്രമണത്തില്‍ പതറിയ ഇന്ദ്രജിത് രഥം ദക്ഷിണദിശയിലേയ്ക്ക് ഓടിച്ചു. ഹനൂമാന്‍ രഥം തവിടുപൊടിയാക്കി. ആകാശത്തേയ്ക്ക് ഉയരാന്‍ ശ്രമിച്ചപ്പോള്‍ ഹനൂമാന്‍ അയാളെ പിടിച്ചു താഴെയിട്ടു.

കോട്ടയുടെ ഉള്‍ഭാഗത്തു യജ്ഞകര്‍മ്മത്തിനായി പോകാന്‍ ശ്രമിച്ചപ്പോള്‍ വിഭീഷണന്‍ തടഞ്ഞു. പൊരിഞ്ഞ

ശരയുദ്ധത്തില്‍ ആര്‍ക്കും വിജയമില്ല. പരാജയവുമില്ല. 

ബ്രഹ്മാവു ചിന്താകുലനായി. ഇന്ദ്രജിത് ഇന്നു വധിയ്ക്കപ്പെടണം.


മേഘനാദവധം, രണ്ടാം രാമരാവണയുദ്ധം

ലക്ഷ്മണനു ദിവ്യായുധം നല്‍കാന്‍ ബ്രഹ്മാവ്‌ ഇന്ദ്രനോടു കല്‍പിച്ചു. അദൃശ്യനായി വന്ന ഇന്ദ്രദേവന്‍ ലക്ഷ്മണന്റെ കയ്യില്‍ ബ്രഹ്മാസ്ത്രം നല്‍കി.

ലക്ഷ്മണന്‍ തൊടുത്തു വിട്ട ബ്രഹ്മാസ്ത്രം ഇന്ദ്രജിത്തിന്റെ ജീവനെടുത്തു.

ദേവകളും മുനികളും സന്തുഷ്ടരായി. അവര്‍ ലക്ഷ്മണനെ അനുഗ്രഹിച്ചു. പൂമാരി ചൊരിഞ്ഞു. ദേവലോകത്തെ വിറപ്പിച്ച വീരനായിരുന്നു മേഘനാദന്‍. 

ലക്ഷ്മണന്‍ ഇന്ദ്രജിത്തിന്റെ മായയില്‍ വലയുമോ എന്നു രാമനു  ഭയമുണ്ടായിരുന്നു. വിജയശ്രീലാളിതരായി മടങ്ങിയെത്തിയ ലക്ഷ്മണാദികളെ രാമന്‍ അനുഗ്രഹിച്ചു. സുഗ്രീവന്‍ ആനന്ദനൃത്തം ചവിട്ടി.

ധന്വന്തരീപുത്രനായ സുഷേണന്‍ വിശിഷ്ടമരുന്നുകള്‍ കൊണ്ടു ലക്ഷ്മണനു ശുശ്രൂഷ നല്‍കി. ലക്ഷ്മണന്‍ ആരോഗ്യവാനായി. 

രാവണനെയും മണ്ഡോദരിയെയും വിവരം അറിയിക്കാന്‍ പലരും മടിച്ചു. ഒടുവില്‍ ഒരു ഭഗ്നദൂതന്‍ അതു വെളിപ്പെടുത്തി. രാവണന്‍ ചലനമറ്റു വീണു. കുറെ കഴിഞ്ഞ് ഉണര്‍ന്നിട്ടു വിലാപം തുടങ്ങി. രാവണന്റെ ഇഷ്ടപുത്രനായിരുന്നു ഇന്ദ്രജിത്.  

വിലാപത്തിനു ശേഷം പറഞ്ഞു: ഇതിനെല്ലാം പിന്നില്‍ വിഭീഷണന്‍ ഉണ്ട്. എന്റെ യുദ്ധത്തില്‍ ആദ്യം വധിയ്ക്കുക അവനെയായിരിക്കും. 

മണ്ഡോദരിയും കരഞ്ഞുകൊണ്ടേയിരുന്നു. പലതും പറഞ്ഞുകൊണ്ടേയിരുന്നു: സീതയെ മോഷ്ടിച്ചതല്ലേ ഇതിനു കാരണം?അവളുടെ ശാപം ഏല്‍ക്കാതിരിയ്ക്കുമോ? വിഷ്ണുവായ രാമന്‍ വന്നതു കുലസംഹാരത്തിനു തന്നെ. മഹേശ്വരന്റെ അനുഗ്രഹത്താല്‍ ആണ് എനിക്ക് ഇന്ദ്രജിത്തിനെ കിട്ടിയത്. ഇനി എന്തിനാണു കൊട്ടാരജീവിതം? വിഭീഷണനല്ലേ ശത്രുവിനെ യജ്ഞസ്ഥലത്തു കൊണ്ടു വന്നത്? ഇതൊക്കെ പതിവ്രതയായ സീതയുടെ ശാപമാണ്. ലങ്ക നശിയ്ക്കും. അവളുടെ വാക്കുകള്‍ പാഴല്ല.. 

രാവണന്‍ സീതയെ വധിയ്ക്കാനായി അശോകവനിയിലേയ്ക്ക് ഓടി. അവളാണ് എല്ലാത്തിനും കാരണം. ഇന്നു തന്നെ അവളെ കൊല്ലണം.

വാളോങ്ങി നിന്ന രാവണനെ കണ്ടു സീത ഭയന്നു വിറച്ചു. ആദ്യമായി അന്നു രാവണന്റെ മുഖത്തേയ്ക്കു നോക്കി.

മണ്ഡോദരി പിറകേ അവിടെ എത്തി.

നീ കാരണമാണ് എന്റെ മേഘനാദന്‍ മരിച്ചത്, രാവണന്‍ ക്രുദ്ധനായി പറഞ്ഞു. ഇവളെ ഇന്നു വധിയ്ക്കണം.

മണ്ഡോദരി പിറകില്‍ നിന്നു രാവണന്റെ കയ്യില്‍ പിടിച്ചു പറഞ്ഞു: പൂജ്യനായ വിശ്രവമുനിയുടെ പണ്ഡിതനായ മകനല്ലേ അങ്ങ്? സ്ത്രീഹത്യ ചെയ്ത് ഇനിയും പാപം തലയില്‍ വലിച്ചു വയ്ക്കണോ?

അവര്‍ മടങ്ങി. സീതയുടെ കടാക്ഷം കിട്ടി എന്ന സന്തോഷവും രാവണന്റെ മനസ്സിലുണ്ടായി. 

രാവണന്‍ സ്വയം യുദ്ധത്തിനു പോകാന്‍ തുനിഞ്ഞു.

അപ്പോഴും മണ്ഡോദരി പറഞ്ഞു: സീതയെ തിരിച്ചു കൊടുക്കുക. വിനാശം ഒഴിവാക്കുക.

ഉപദേശങ്ങള്‍ കേള്‍ക്കാതെ രാവണന്‍ പടയ്ക്കിറങ്ങി.

വാനരമുഖ്യരെ അമ്പെയ്തു വീഴ്ത്തി. സാരഥിയോടു രാമന്‍ നില്‍ക്കുന്ന സ്ഥലത്തേയ്ക്കു തേരു തെളിക്കാന്‍ ആവശ്യപ്പെട്ടു. ദൂരെ നിന്നു തന്നെ രാമചൈതന്യത്തില്‍ പ്രപഞ്ചം മുഴുവന്‍ രാവണന്‍ കണ്ടു.

സക്ഷാല്‍ നാരായണന്‍ തന്നെ. രാമബാണത്താല്‍ മോക്ഷം കിട്ടട്ടെ, രാവണന്‍ ചിന്തിച്ചു.

രാമനു നേരെ ശരവര്‍ഷം തുടങ്ങി. രാമന്‍ തിരിച്ചും. ഇതു രണ്ടാം തവണയാണു രാമനെ നേരിടുന്നത്. അതിഘോരയുദ്ധം. രാമനു വിളര്‍ച്ച വന്നപ്പോള്‍ ലക്ഷ്മണന്‍ രാവണനെ നേരിട്ടു. രാവണസാരഥിയെ വധിച്ചു. വിഭീഷണന്‍ കുതിരകളെ ഗദ കൊണ്ടു കൊന്നു. രാവണന്‍ രാമനു വേണ്ടി മാറ്റി വച്ച ശൂലം വിഭീഷണനു നേരെ എറിഞ്ഞു. അതു ലക്ഷ്മണന്‍ തകര്‍ത്തു. രണ്ടാമത് എറിഞ്ഞതും ലക്ഷ്മണന്‍ നശിപ്പിച്ചു.

കുറിപ്പ്: 

ഇന്ദ്രജിത്തിന്റെ പത്നി സുലോചന അനന്തന്റെ മകളായിരുന്നത്രെ. ശേഷന്റെ മകളെന്നും കഥയുണ്ട്. അനന്തനും ശേഷനും ഒന്നാണെന്നും കഥയുണ്ട്. ഇതരകഥകളില്‍ അനന്തനാണു ലക്ഷ്മണനായി അവതരിച്ചത്.

ഗുജറാത്തിയിലെ ഗിരിധരരാമായണത്തില്‍, താന്‍ വധിച്ച ഇന്ദ്രജിത്ത് തന്റെ മകളുടെ ഭര്‍ത്താവാണെന്നറിഞ്ഞു ലക്ഷ്മണന്‍ വിലപിയ്ക്കുന്നുണ്ട്.


രാമരാവണയുദ്ധം 2, ഗന്ധമാദനം

ലക്ഷ്മണന്റെ തീവ്രമായ ആക്രമണം രാവണനെ വലച്ചു. മണ്ഡോദരീപിതാവായ മയന്‍ നിര്‍മ്മിച്ച ശക്തി എന്ന ശൂലം ലങ്കേശന്‍ ലക്ഷ്മണനെ ലക്ഷ്യമാക്കി എറിഞ്ഞു.

ദേവകള്‍ക്കു പേടിയായി. ആരെ ലക്ഷ്യമാക്കി എറിഞ്ഞോ ആ ആളിന്റെ ജീവന്‍ ശക്തിവേല്‍ എടുക്കും. വേറെ ആര്‍ക്കു കൊണ്ടാലും ഒന്നും സംഭവിയ്ക്കുകയുമില്ല.

രാമന്‍ വേലിനെ വണങ്ങി പ്രാര്‍ത്ഥിച്ചു: ആപത്തു സംഭവിയ്ക്കരുതേ. തിരികെ പോകൂ. അല്ലെങ്കില്‍ എന്റെ ജീവനെടുക്കൂ.

ശൂലത്തില്‍ അധിഷ്ഠിതമായ മൃത്യുദേവത മറുപടി നല്‍കി: എറിഞ്ഞ വ്യക്തി ആവശ്യപ്പെട്ടതേ ചെയ്യൂ. ലക്ഷ്മണന്‍ ആണു ലക്ഷ്യം.

രാമന്റെ പ്രാര്‍ത്ഥന വ്യര്‍ത്ഥമായി. ശൂലം ലക്ഷ്മണന്റെ മാറില്‍ തറച്ചു. ചേതനയറ്റു ലക്ഷ്മണന്‍ വീണു.

സുഷേണനോടും സുഗ്രീവനോടും മാറില്‍ നിന്നും വേല്‍ ഊരിയെടുക്കാന്‍ രാമന്‍ പറഞ്ഞു. ഒരു വാനരനും, ഹനൂമാനു പോലും, അത് ഊരാന്‍ പറ്റിയില്ല.

രാമന്‍ സ്വയം ആ ശൂലം ഊരിയെടുത്തു. സുഷേണന്‍ ശുശ്രൂഷയില്‍ വ്യാപൃതനായി. രാമന്‍ രാവണനെ പൂര്‍വ്വാധികം ശക്തിയോടെ എതിരിട്ടു. രാമബാണങ്ങള്‍ അസഹ്യമായിത്തുടങ്ങിയപ്പോള്‍ രാവണന്‍ യുദ്ധക്കളം വിട്ടു കൊട്ടാരത്തിലേയ്ക്കു പാഞ്ഞു.

ലക്ഷ്മണന്റെ അവസ്ഥ കണ്ടു രാമന് അതീവദുഃഖമായി. യുദ്ധം നിര്‍ത്തി മടങ്ങിയാലോ എന്നു വരെ ചിന്തിച്ചു. ദേവകള്‍ ആകാശത്തു നിന്ന് ആശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ചു. സുഷേണന്‍ പറഞ്ഞു: കുമാരനു ജീവനുണ്ട്. പക്ഷെ  സൂര്യപ്രകാശം തട്ടിയാല്‍ മരണമാണ്. ഇന്നു രാവില്‍ തന്നെ വിശല്യകരണി കിട്ടിയാല്‍ കുമാരനെ ഉണര്‍ത്താം. ഗന്ധമാദനപര്‍വ്വതത്തില്‍ നിന്നു കൊണ്ടുവരണം.  

രാമന്‍ വിഷണ്ണനായി. വളരെ ദൂരെയാണു ഗന്ധമാദനം. പതിനെട്ടു വര്‍ഷത്തെ യാത്രയുണ്ട്. സുഷേണന്‍ ഹനൂമാനോടു വിശല്യകരണി കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചു. അവിടെ ഒന്‍പതു കൊടുമുടികളുണ്ട്. മഹേശ്വരന്‍ ഒന്നാം കൊടുമുടിയില്‍, രണ്ടില്‍ ചന്ദ്രോദയസ്ഥലം, മൂന്നില്‍ ഗന്ധര്‍വ്വന്മാര്‍. നാലില്‍ സാലമരങ്ങളും ദേവതാരുവും. അഞ്ചില്‍ ഹിംസ്രജന്തുക്കള്‍. ആറാം കൊടുമുടിയിലെ നദിക്കരയിലാണു ചുവന്ന ശാഖകളും  നീലപ്പൂവുകളും മഞ്ഞ ഇലകളും സ്വര്‍ണ്ണവള്ളികളും ഉള്ള വിശല്യകരണി. കൊടുമുടിയില്‍ താമസിയ്ക്കുന്ന ഹാഹാ എന്നും ഹൂഹൂ എന്നും പേരുള്ള ഗന്ധര്‍വരാജാക്കന്മാരെ സൂക്ഷിയ്ക്കണം. 

ഹനൂമാന്‍ പറന്നുയര്‍ന്നു. 

ഹനൂമാന്റെ ബൃഹദ്ശരീരം വാനിലുയര്‍ന്നു പോകുന്നതു രാവണന്‍ കണ്ടു. ലക്‌ഷ്യം മനസ്സിലായി. ഗന്ധമാദനം.

നേരെ അമ്മാവനായ കാലനേമിയെ സമീപിച്ചു വിവരങ്ങള്‍ പറഞ്ഞു. ഹനൂമാനെ തടയണം.

അതിനുള്ള ഉപായവും പറഞ്ഞു. അവിടെ ഒരു പൊയ്കയുണ്ട്. സമീപത്ത് എവിടെയെങ്കിലും ആശ്രമം കെട്ടി സന്യാസവേഷത്തില്‍ താമസിയ്ക്കുക. ഹനൂമാന്‍ അവിടെ എത്തും. അങ്ങയെ കാണുമ്പോള്‍ കുളിച്ചു വന്നു ഫലമൂലാദികള്‍ കഴിക്കാം എന്നു ഹനൂമാനോടു പറയുക. ഹനൂമാനെ പൊയ്കയിലേയ്ക്കു പറഞ്ഞു വിടുക. പൊയ്കയില്‍ ഗന്ധകാലി (ഗന്ധകാളി) എന്നൊരു പെണ്‍മുതലയുണ്ട്. ഹനൂമാന്‍ മൃഗമല്ലേ? അല്പബുദ്ധിയാണ്. മുതല ഹനൂമാനെ പിടിച്ചു തിന്നും. ലക്ഷ്മണന്‍ മരിയ്ക്കും. പിന്നാലെ രാമനും. ലങ്കയുടെ പകുതി ഞാന്‍ അങ്ങേയ്ക്കു തരാം.

ഹനൂമാന്‍ ശക്തനാണ്. അവന്റെ ശേഷി നീയും അറിഞ്ഞിട്ടുണ്ടല്ലോ, നാലു തലയും എട്ടു കൈകളുമുള്ള ഭീകരനായ കാലനേമി ഉപദേശിച്ചു. രാവണനു കോപം വന്നു.

കാലനേമി പറഞ്ഞു: പോയില്ലെങ്കില്‍ നീ കൊല്ലും. പോയാല്‍ ഹനൂമാന്‍ കൊല്ലും. 

കാലനേമി പുറപ്പെട്ടു.

കുറിപ്പ്: 

പിന്നീടു ഹനൂമാന്‍ ചിരഞ്ജീവിയായി വാഴുന്നതു ഗന്ധമാദനപര്‍വ്വതത്തിലാണ് എന്നാണു വിശ്വാസം. 


കാലനേമിവധം

ഹനൂമാന്‍ എത്തും മുമ്പു കാലനേമി സന്യാസവേഷത്തില്‍ ഗന്ധമാദനത്തിലെ ആറാം കൊടുമുടിയില്‍ ചെന്നു. മായയാല്‍ ആശ്രമം തീര്‍ത്തു.

തൊട്ടു പിന്നാലെ ഗന്ധമാദനത്തില്‍ എത്തിയ ഹനൂമാന്‍ ആശ്രമം കണ്ടു. അവിടെ ചെന്നു സന്യാസിയെ വന്ദിച്ചു. വന്ന കാര്യം പറഞ്ഞ ഹനൂമാനോടു കുളിച്ചു വന്നു കായ്കനികള്‍ കഴിയ്ക്കാനും വിശ്രമിയ്ക്കാനും സന്യാസി പറഞ്ഞു. സമയക്കുറവു മൂലം ഹനൂമാന്‍ അതു വിനയപൂര്‍വ്വം നിരസിച്ചു. അങ്ങനെ പോയാല്‍ ആതിഥേയനു പാപം കിട്ടുമെന്നായി സന്യാസി. ഹനൂമാന്‍ സമ്മതിച്ചു. സന്യാസി അദ്ദേഹത്തെ പൊയ്കയിലേയ്ക്കു പറഞ്ഞു വിട്ടു.

പൊയ്കയില്‍ ഇറങ്ങിയ ഹനൂമാനെ ഗന്ധകാലി പിടികൂടി. ഹനൂമാന്‍ ഒരു വിധത്തില്‍ കരയില്‍ കയറി. മുതല പിടി വിട്ടില്ല. കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് അതിനെ ഹനൂമാന്‍ ചീന്തിക്കീറി. മുതലയുടെ ശരീരത്തില്‍ നിന്ന് ഒരു സുന്ദരി ഉയര്‍ന്നു വന്നു.

അദ്ഭുതത്തോടെ നോക്കി നിന്ന ഹനൂമാനോടു സുന്ദരി പറഞ്ഞു: ഞാന്‍ ഗന്ധകാലി എന്നൊരു ദേവനര്‍ത്തകിയാണ്. കുബേരന്റെ കൊട്ടാരത്തില്‍ നൃത്തം ചെയ്യവേ ദക്ഷന്റെ മേല്‍ അബദ്ധത്തില്‍ തട്ടി. അദ്ദേഹം ശപിച്ചു മുതലയാക്കി. രാമദൂതനായ ഹനൂമാന്‍ മൂലം ശാപമോക്ഷം കിട്ടും എന്നു പറഞ്ഞു.

മറയുന്നതിനു മുമ്പ്, ആശ്രമത്തിലെ കപടസന്യാസിയെ സൂക്ഷിയ്ക്കണമെന്നും ഗന്ധകാലി പറഞ്ഞു.

ഹനൂമാന്‍ വൈകുന്നു! കാലനേമി ലങ്കയുടെ കിഴക്കേ ഭാഗത്തെ രാജാവാകുന്നതു സ്വപ്നം കണ്ടിരുന്നു. സുന്ദരികളായ വിദ്യാധരികളില്‍ പകുതി പേരെ പത്നികളായി ലഭിയ്ക്കും. അതിലൊന്നു മണ്ഡോദരിയായിരിയ്ക്കും! മണ്ഡോദരിയ്ക്കൊപ്പം സുഖമായി കഴിയാം.

തിരികെ വന്ന ഹനൂമാന്‍ കാലനേമിയോടു പറഞ്ഞു: കള്ളസന്യാസീ! നീയെന്നെ വധിയ്ക്കാന്‍ ശ്രമിച്ചു. നിന്നെ ഞാന്‍ വധിയ്ക്കാന്‍ പോകുകയാണ്.

കള്ളി വെളിച്ചത്തായി എന്നു മനസ്സിലാക്കിയ അസുരന്‍ ഹനൂമാനുമായി ഏറ്റുമുട്ടി. പ്രഹരമേറ്റു മരിച്ച കാലനേമിയുടെ ശരീരം ഹനൂമാന്‍ വാലില്‍ ചുഴറ്റിയെറിഞ്ഞു. അതു ലങ്കയില്‍ രാവണന്റെ മുന്നില്‍ ചെന്നു വീണു.

രാവണന്‍ ഞെട്ടി. മായാവിദ്യയും തകര്‍ന്നു. ഹനൂമാന്‍ ദൗത്യം പൂര്‍ത്തീകരിയ്ക്കും. ഇനി ഒരു വഴി മാത്രം. ഹനൂമാന്‍ മരുന്നുമായി എത്തുന്നതിനു മുമ്പു സൂര്യന്‍ ഉദിയ്ക്കണം. സൂര്യരശ്മി വീണാല്‍ ലക്ഷ്മണന്‍ മരിയ്ക്കും.  

രാത്രിയുടെ രണ്ടാം യാമത്തില്‍ എല്ലാ ദേവകളെയും രാവണന്‍ വരുത്തി. ഉടന്‍ കിഴക്ക് ഉദിയ്ക്കാന്‍ രാവണന്‍ സൂര്യനോട് ആവശ്യപ്പെട്ടു.

അര്‍ദ്ധരാത്രിയില്‍ എങ്ങനെ ഉദിയ്ക്കും, ചക്രവര്‍ത്തീ?, സൂര്യന്‍ ചോദിച്ചു.

രാവണന്‍ ലക്ഷ്മണന്റെ അവസ്ഥ പറഞ്ഞു. സൂര്യരശ്മി കൊണ്ടാല്‍ ലക്ഷ്മണന്‍ മരിയ്ക്കും.

തനിയ്ക്കെന്താണു നഷ്ടം? ഉടന്‍ കിഴക്ക് ഉദിയ്ക്കണം, രാവണന്‍ ആജ്ഞാപിച്ചു.

സൂര്യദേവന് അനുസരിയ്ക്കുകയല്ലാതെ മറ്റു നിര്‍വ്വാഹമില്ലായിരുന്നു. മറ്റു ദേവകള്‍ മടങ്ങി.

രാവില്‍ ഉദിയ്ക്കാന്‍ വേണ്ടി സൂര്യദേവന്‍ ഉദയഗിരിയിലേയ്ക്കു യാത്രയായി. വെളിച്ചം കുറേശ്ശെ കണ്ട് അമ്പരന്ന ഹനൂമാന്‍ ഉദയഗിരിയില്‍ ചെന്നു. സൂര്യരഥമെടുത്തു വട്ടം കറക്കി.

ഈ വാനരനെ ഞാന്‍ എരിച്ചു ഭൂമിയില്‍ തള്ളും, സൂര്യന്‍ കോപിഷ്ഠനായി പറഞ്ഞു.

അവിടുന്ന് ആരാണ്?, വിനയപൂര്‍വ്വം ഹനൂമാന്‍ ചോദിച്ചു.


കുറിപ്പ്: 

പുരാണങ്ങളില്‍ സൂര്യദേവന്‍ ഹനൂമാന്റെ ഗുരുവാണ്. ഇവര്‍ തമ്മില്‍ പരിചയമില്ല എന്ന രീതിയിലാണു കൃത്തിവാസന്റെ കഥാഖ്യാനം. 


ഭരതന്‍, മഹീരാവണന്‍

സൂര്യദേവന്‍ താന്‍ ആരാണെന്നു പറഞ്ഞു. ലക്ഷ്മണന്റെ അവസ്ഥ അറിയാം. എല്ലാ ദേവകളും രാമന്റെ വിജയം ആഗ്രഹിയ്ക്കുന്നുമുണ്ട്. പക്ഷെ, അവരെല്ലാം രാവണന്റെ അടിമകളാണിപ്പോള്‍.

ഹനൂമാന്‍ സൂര്യദേവനോട് ഉദിയ്ക്കരുത് എന്നപേക്ഷിച്ചു.

അപേക്ഷ നിരസിച്ചപ്പോള്‍, സമുദ്രത്തില്‍ രഥമുള്‍പ്പടെ മുക്കും എന്നു ഹനൂമാന്‍ ഭീഷണിപ്പെടുത്തി.

സൂര്യദേവന്‍ തന്റെ ദയനീയാവസ്ഥ ഹനൂമാനോടു പറഞ്ഞു.

ഞാന്‍ രണ്ടു കൂട്ടര്‍ക്കും കുഴപ്പമില്ലാത്ത രീതിയില്‍ ഇതു പരിഹരിയ്ക്കാം. അതു ഞാന്‍ ചെവിയില്‍ പറയാം, വായുപുത്രന്‍ അറിയിച്ചു. 

സൂര്യന്‍ ഹനൂമാന്റെ അടുത്തു ചെന്നു. പെട്ടെന്നു ഹനൂമാന്‍ സൂര്യനെ സൂക്ഷ്മരൂപിയാക്കി കക്ഷത്തില്‍ പിടിച്ചു വച്ചു. തന്റെ പരമ്പരയിലുള്ള ലക്ഷ്മണനു വേണ്ടി ആ ബന്ധനം സഹിയ്ക്കാന്‍ സൂര്യന്‍ തീരുമാനിച്ചു. 

ഹനൂമാന്‍ മരുന്നു തേടി ഇറങ്ങി. ഗന്ധര്‍വ്വന്മാരോട് അതന്വേഷിച്ചപ്പോള്‍ അവര്‍ അക്രമാസക്തരായി. അവരുടെ രാജാക്കന്മാരായ ഹാഹാ, ഹൂഹൂ എന്നിവരും അവിടെ എത്തി. അവര്‍ക്കു നല്ല പ്രഹരം നല്‍കിയെങ്കിലും സമയമില്ലാത്തതിനാല്‍ കൂടുതല്‍ മല്ലിടാതെ ഹനൂമാന്‍ മല തന്നെ അടര്‍ത്തിയെടുത്തു ലങ്കയിലേയ്ക്കു പറന്നു. 

ഹനൂമാന്‍ അയോദ്ധ്യയ്ക്കു മേലെയെത്തി. നന്ദിഗ്രാമത്തില്‍, രാമപാദുകത്തില്‍ വീണുകൊണ്ടിരുന്ന നിലാവു പെട്ടെന്ന്‍ ഇല്ലാതെയായി. ഭരതന്‍ ആകാശത്തേയ്ക്കു നോക്കി. ഒരു കറുത്ത രൂപം ചന്ദ്രനെ മറച്ചിരിയ്ക്കുന്നു. ശത്രുഘ്നന്‍ മേലേയ്ക്ക് ഒരു ചെറിയ ഇരുമ്പുഗോളം എയ്തു. അതു കൊണ്ട ഹനൂമാന്‍ കുന്നിനോടൊപ്പം താഴെ വീണു. അവശനായ അവസ്ഥയിലും രാമനാമം ഉരുവിട്ടുകൊണ്ടിരുന്നു. അടുത്തെത്തിയ ഭരതന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഗോളത്തിന്റെ ആഘാതത്താല്‍ അവശനായ ഹനൂമാനു കഴിഞ്ഞില്ല. ഭാഗ്യവശാല്‍ കുലഗുരു വസിഷ്ഠമുനി ഹനൂമാനെ തിരിച്ചറിഞ്ഞു. വസിഷ്ഠമന്ത്രങ്ങളാല്‍ വായുപുത്രന്റെ ക്ഷീണം കുറെയൊക്കെ മാറി. 

ഹനൂമാനില്‍ നിന്നു ലങ്കയിലെ സംഭവങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ ഭരതന്റെയും ശത്രുഘ്നന്റെയും കണ്ണുകള്‍ നിറഞ്ഞു. ഉടന്‍ ലങ്കയിലേയ്ക്കു പുറപ്പെട്ട് ഇന്ദ്രജിത്തിനെ വധിയ്ക്കും എന്നായി ഭരതന്‍. അതു രാമചന്ദ്രന് ഇഷ്ടപ്പെടുകയില്ല എന്നു ഹനൂമാന്‍ പറഞ്ഞു.

ഇനി വൈകേണ്ട എന്നു പറഞ്ഞ ഭരതന്‍ ക്ഷീണിതനായ ഹനൂമാനെയും കുന്നിനെയും ഒരമ്പെയ്ത് ആകാശത്തിലേയ്ക്ക് ഉയര്‍ത്തി. ഹനൂമാനു ഭരതന്റെ കഴിവ് ആശ്ചര്യമായി. ഒരൊറ്റ അമ്പു കൊണ്ടു താനും കുന്നും ആകാശത്തില്‍ എത്തിയിരിയ്ക്കുന്നു! 

ഹനൂമാന്‍ പറന്നു ലങ്കയിലെത്തി. 

സുഷേണന്‍ മരുന്നു തയ്യാറാക്കി. അതിന്റെ ഗന്ധത്താല്‍ ലക്ഷ്മണന്‍ ഉണര്‍ന്നു. കൂടുതല്‍ ആരോഗ്യവാനായി. രാമനും ലക്ഷ്മണനും ഹനൂമാനെ അനുഗ്രഹിച്ചു. ഹനൂമാന്‍ മരുന്നുമല തിരികെ കൊണ്ടുപോയി.  

പോകുന്ന വഴിയ്ക്കു രാവണന്‍ അയച്ച ഏഴ് അസുരവീരന്മാര്‍ ഹനൂമാനുമായി ആകാശത്തു വച്ച് ഏറ്റുമുട്ടി. അതില്‍ ആറു പേരെയും ഹനൂമാന്‍ വാല്‍ ഉപയോഗിച്ചു കൊന്നു. താലഭങ്ഗന്‍ എന്ന ഒരു അസുരന്‍ പരിക്കോടെ രക്ഷപ്പെട്ടു. അയാള്‍ രാവണനെ മറ്റുള്ളവരുടെ മരണവാര്‍ത്ത അറിയിച്ചു. രാവണന്‍ അമ്പരന്നു: ഇങ്ങനെയും ഒരു വീരനോ? ഹനൂമാന്‍ യമനു സമനാണ്. 

തിരികെ വന്ന ഹനൂമാന്റെ ദേഹത്തെ സൂര്യസാന്നിദ്ധ്യം രാമന്‍ മനസ്സിലാക്കി. രാമന്റെ നിര്‍ദ്ദേശപ്രകാരം ഹനൂമാന്‍ സൂര്യദേവനെ കക്ഷത്തില്‍ നിന്നു പുറത്തു വിട്ടു. പൂര്‍വ്വികനെ രാമലക്ഷ്മണന്മാര്‍ നമസ്കരിച്ചു. ഹനൂമാനും മറ്റു വാനരന്മാരും നമസ്കരിച്ചു.

സൂര്യദേവന്‍ കിഴക്കുദിക്കിലേയ്ക്കു പോയി. 

രാവണന്‍ ഇനി എന്തു ചെയ്യണം എന്നാലോചിച്ചു. മക്കള്‍ മരിച്ചു. സഹോദരന്‍ മരിച്ചു. സകലവീരന്മാരും മരിച്ചു. ശത്രു ഇപ്പോഴും അജയ്യന്‍.

രാവണന്റെ അമ്മ നികഷ ആ സമയത്തു രാവണനെ കാണാനെത്തി.

ഞാനും വിഭീഷണനും പറഞ്ഞതു നീ കേട്ടില്ല, അമ്മ പറഞ്ഞു. ലങ്ക നശിച്ചു. ഇനിയും നിനക്കു ജയിയ്ക്കാന്‍ ഒരു വഴിയുണ്ട്. പാതാളത്തിലുള്ള നിന്റെ ഒരു മകനില്ലേ? നീ പാതാളത്തില്‍ ആയിരുന്നപ്പോള്‍ മണ്ഡോദരി ബ്രഹ്മപ്രസാദത്താല്‍ പ്രസവിച്ച മഹീരാവണന്‍? പാതാളരാജാവായ അവനെ വിളിച്ചു വരുത്തുക. അച്ഛനെ സഹായിയ്ക്കും. അവന്‍ മഹാമായ (ദുര്‍ഗ്ഗ/കാളി)യെ പൂജിച്ചു പല സിദ്ധികളും നേടിയിട്ടുണ്ടല്ലോ.

രാവണന്‍ മഹീരാവണനെ സ്മരിച്ചു. ഭൂമിയിലേക്ക് ഒരു തുരങ്കം ഉണ്ടാക്കി മഹീരാവണന്‍ ലങ്കയില്‍ വന്നു. വിവരങ്ങള്‍ അറിഞ്ഞ മഹി ഇങ്ങനെ പറഞ്ഞു: അവര്‍ അക്കരെ എത്തിയപ്പോള്‍ തന്നെ എന്നെ അറിയിയ്ക്കേണ്ടേ? അച്ഛന്‍ വിഷമിയ്ക്കേണ്ട. രാമനെയും ലക്ഷ്മണനെയും പിടിച്ചു കെട്ടി ഞാന്‍ പാതാളത്തിലേയ്ക്കു കൊണ്ടുപോകും. അവിടെ ഞാന്‍ അവരെ മഹാമായയ്ക്കു ബലി കൊടുക്കും.

രാവണന്‍ മകനെ അനുഗ്രഹിച്ചു.

കൊട്ടാരത്തിലെ സന്നാഹം അറിയാന്‍ കിളിരൂപത്തില്‍ രാവണസഭയില്‍ ചെന്ന വിഭീഷണന്‍ ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

മടങ്ങി വന്ന വിഭീഷണന്‍ കണ്ട കാര്യങ്ങള്‍  എല്ലാവരോടും പറഞ്ഞു. മഹീരാവണന്‍ മായാവിയാണ്. എപ്പോള്‍ വേണമെങ്കിലും അവന്‍ എത്തിയേക്കാം. ബ്രഹ്മവരത്താല്‍ അവന് എവിടെയും ചെല്ലാം. രാമദേവനും ലക്ഷ്മണനും സംരക്ഷണം ഒരുക്കണം. ഇന്നു രാത്രി ആരും ഉറങ്ങരുത്.

ഹനൂമാന്‍ വാലിന്റെ നീളം വര്‍ദ്ധിപ്പിച്ചു. വട്ടത്തില്‍ ചുരുട്ടിച്ചുരുട്ടി ഒരു കോട്ട ഉണ്ടാക്കി. ഒരു കവാടവും ഉണ്ടാക്കി. കവാടത്തില്‍ കാവല്‍ ഹനൂമാന്‍. ഹനൂമാന്റെ അപേക്ഷപ്രകാരം രാമന്‍ മേല്‍മൂടിയായി സുദര്‍ശനചക്രം നിര്‍ത്തി. ഉള്ളില്‍, രാമനു കാവല്‍ സുഗ്രീവന്‍. ലക്ഷ്മണനു കാവല്‍ അങ്ഗദന്‍. മറ്റു വാനരരും കോട്ടയ്ക്കുള്ളില്‍. പാതാളപാതയില്‍ മായാവിദ്യ അറിയാവുന്ന നളന്‍. വിഭീഷണന്‍ മേല്‍നോട്ടം വഹിച്ചു ചുറ്റി നടക്കും.

എല്ലാവരും ജാഗ്രതയോടെ ഉറങ്ങാതിരിയ്ക്കുക, വിഭീഷണന്‍ കര്‍ശനമായി പറഞ്ഞു. ആരെയും അകത്തേയ്ക്കു കയറ്റി വിടരുത്.

പാതിരാത്രിയില്‍ മഹീരാവണന്‍ ഒറ്റക്ക് ഇറങ്ങി. വിഭീഷണന്‍ തിരിച്ചറിയും. ചിരഞ്ജീവിയായ ഇളയച്ഛന്‍ കാണാതെ എല്ലാം ചെയ്യണം. ആകാശത്തിലൂടെ വന്നപ്പോള്‍ ചക്രം കണ്ടു. വാലു കൊണ്ടുള്ള കോട്ടയുടെ ഉള്‍ഭാഗം അദൃശ്യനായി നിരീക്ഷിച്ചു. പഴുതില്ലാത്ത സുരക്ഷ. മായാപ്രയോഗം വേണ്ടി വരും.  

ദശരഥരൂപത്തില്‍ മഹി വാല്‍ക്കോട്ടയുടെ കവാടത്തില്‍ എത്തി. ഹനൂമാനു വിസ്മയമായി. ദശരഥചക്രവര്‍ത്തി സ്വര്‍ഗ്ഗത്തില്‍ നിന്നു രാമനെ കാണാന്‍ വന്നിരിയ്ക്കുന്നു!

അവിടുന്ന് അല്‍പം കാത്തു നില്‍ക്കൂ, ഹനൂമാന്‍ വിനയത്തോടെ തൊഴുതു പറഞ്ഞു. വിഭീഷണരാജന്‍ ഒന്നു വന്നോട്ടെ. ചുറ്റി എത്തിയ വിഭീഷണനെ കണ്ടതോടെ മഹി സ്ഥലം വിട്ടു. ഹനൂമാന്‍ വിവരം പറഞ്ഞപ്പോള്‍ വിഭീഷണന്‍ വീണ്ടും മുന്നറിയിപ്പു നല്‍കി: താങ്കളുടെ പിതാവിനു പോലും പ്രവേശനം നല്‍കരുത്.

കുറച്ചു കഴിഞ്ഞു ഭരതന്റെ രൂപത്തില്‍ മഹി വന്നു. രാമന്‍ വരുന്നതു വരെ ഭരതന്‍ രാജവസ്ത്രങ്ങള്‍ ധരിയ്ക്കുകയില്ല. അതിനാല്‍ ജടാധാരിയായ ഭരതന്റെ രൂപമാണു മഹി കൈക്കൊണ്ടത്.

എന്റെ സഹോദരന്മാരെ എനിയ്ക്കുടനെ കാണണം. എന്നെ അവരുടെ അടുത്തേയ്ക്കു കൊണ്ടു പോകൂ.

ഹനൂമാന്‍ വന്ദിച്ചു പറഞ്ഞു: ഇത്തിരി നേരം കാത്തു നില്‍ക്കൂ. വിഭീഷണരാജന്‍ വന്നോട്ടെ.

വിഭീഷണനെ അകലെ കണ്ടതോടെ മഹി അപ്രത്യക്ഷനായി. വിഭീഷണന്‍ വീണ്ടും കര്‍ശനനിര്‍ദ്ദേശം നല്‍കി മടങ്ങി.

മഹി കൌസല്യയായും ജനകനായും എത്തിയപ്പോഴും വിഭീഷണസാന്നിദ്ധ്യം കാരണം വിജയിച്ചില്ല. പിന്നീടു മഹി വിഭീഷണനായി എത്തി.

താങ്കള്‍ ഇപ്പോഴല്ലേ വന്നുപോയത്? മാരുതി ചോദിച്ചു.

വായുപുത്രാ, ഞാന്‍ രാമലക്ഷ്മണന്മാരുടെ കയ്യില്‍ രക്ഷ കെട്ടി വരാം, അപകടം വരരുതല്ലോ. വിഭീഷണരൂപിയായ മഹി പറഞ്ഞു. ആരെയും കടത്തി വിടരുത്. എന്റെ രൂപത്തിലും അവന്‍ വന്നേക്കാം.

മഹി അകത്തേയ്ക്കു പോയി.


രാമലക്ഷ്മണബന്ധനം

അകത്തു കടന്ന മഹീരാവണന്‍ രാമസവിധത്തില്‍ എത്തി. രാമലക്ഷ്മണന്മാര്‍ ഉറക്കമാണ്. വാനരന്മാരില്‍ പലരും ഉറക്കമാണ്. ജാഗ്രതയില്ല.

മഹാമായയെ ധ്യാനിച്ച്‌ ഒരു പിടി മണ്ണെറിഞ്ഞു. എല്ലാവരും മായയില്‍ വീണു. പെട്ടെന്ന് ഉണരുകയില്ല.  ഉടന്‍ ഒരു തുരങ്കം നിര്‍മ്മിച്ചു. രാമനെയും ലക്ഷ്മണനെയുമെടുത്തു. തുരങ്കം വഴി പാതാളത്തിലേയ്ക്കു പോയി.

പുറത്ത്, വാല്‍ക്കോട്ടയുടെ കവാടത്തില്‍ സുരക്ഷയുടെ മേല്‍നോട്ടക്കാരന്‍ വിഭീഷണന്‍ വീണ്ടുമെത്തി. ഹനൂമാനു സംശയമായി. യഥാര്‍ത്ഥവിഭീഷണന്‍ അകത്തോ പുറത്തോ?

താങ്കള്‍ ഇത്ര പെട്ടെന്നു രക്ഷ കെട്ടി മടങ്ങിയോ? ആരാണു താങ്കള്‍? ചങ്ങാതം കൂടി ഞങ്ങളെ ചതിയ്ക്കുകയായിരുന്നോ? ഒരടിയ്ക്കു നിന്നെ വധിയ്ക്കും. ലങ്കാവാസികളെയും ഞാന്‍ വധിയ്ക്കും. നീ രാവണന്റെ ചാരനല്ലേ?.

വിഭീഷണന്‍ കുറെ പണിപ്പെട്ടാണു സംശയങ്ങള്‍ നീക്കിയത്. തങ്ങള്‍ക്കു പറ്റിയ അമളി രണ്ടു പേര്‍ക്കും ബോദ്ധ്യമായി. അവര്‍ അകത്തേക്ക് ഓടി!

രാമനുമില്ല! ലക്ഷ്മണനുമില്ല!

ബാക്കിയെല്ലാവരും നല്ല മയക്കത്തില്‍. അവര്‍ എല്ലാവരെയും ഉണര്‍ത്തി. കാര്യമറിഞ്ഞ അവരെല്ലാവരും കരഞ്ഞു. മഹീരാവണന്‍ വിജയിച്ചിരിയ്ക്കുന്നു!

സുഗ്രീവന്‍ ഹനൂമാനെ ശകാരിച്ചു: ഇതു നിന്റെ പിഴവാണ്.

രാമലക്ഷ്മണന്മാര്‍ എവിടെ ആയിരുന്നാലും കണ്ടുപിടിയ്ക്കുമെന്ന് ഉറപ്പു നല്‍കി ഹനൂമാന്‍ യാത്രയായി. ആദ്യം പോയതു മഹി കുഴിച്ച തുരങ്കത്തിലൂടെ പാതാളത്തിലേക്ക്. 

പാതാളത്തില്‍ എത്തിയ ഹനൂമാന്‍ അദ്ഭുതപ്പെട്ടു. സ്വര്‍ഗ്ഗത്തെ വെല്ലുന്ന ഒരു ലോകം! മഹാബലിയുടെ കൊട്ടാരം. കപിലമുനിയും ശിഷ്യരും ഒരിടത്ത്. പാതാളഗങ്ഗയായ ഭോഗവതി മന്ദമൊഴുകുന്നു. ഇളംവെയില്‍ നല്‍കുന്ന സൂര്യന്‍. അസങ്ഖ്യം മുനിമാര്‍. ജരാനരകള്‍ ഇല്ലാത്ത സുന്ദരികളും സുന്ദരന്മാരും. രണ്ടു കൈകളും നാലു കൈകളും ഉള്ളവര്‍. മരണവും രോഗവും ദുഃഖവും ഇല്ലാത്ത ലോകം!

ഒരു ചെറുകുരങ്ങായി ഹനൂമാന്‍ ഒരു പൊയ്കയുടെ കരയിലെ  മരത്തില്‍ ഇരുന്നു. കണ്ടവര്‍ക്കു കുരങ്ങു കൗതുകമായി. കുളിയ്ക്കാന്‍ അവിടെ സ്ത്രീകള്‍ വന്നു. അവരുടെ സംഭാഷണത്തില്‍ നിന്നു ഹനൂമാന്‍ പലതും മനസ്സിലാക്കി. ഒരാള്‍ പറഞ്ഞു:

മഹീരാവണന്‍ മഹാമായയെ തപസ്സു ചെയ്തു. മഹാമായ അമരത്വം നല്‍കിയില്ല. മരണം മനുഷ്യനോ വാനരനോ മൂലമല്ലാതെ മറ്റാരാലും സംഭവിയ്ക്കില്ല എന്ന വരം അയാള്‍ക്കു നല്‍കി. മനുഷ്യനും വാനരനും രാക്ഷസന്മാര്‍ക്ക് ആഹാരമാകയാല്‍ തന്നെ തോല്പിക്കാന്‍ പറ്റില്ല എന്നു മഹീരാവണന്‍ വിശ്വസിയ്ക്കുന്നു. മഹി രണ്ടു മനുഷ്യരെ കൊണ്ടു വന്നിട്ടുണ്ട്. ഇപ്പോള്‍ വാനരനും വന്നു.  

ഒരു രഹസ്യമുറിയില്‍ സൂക്ഷിച്ചിരിയ്ക്കുന്ന രണ്ടു മനുഷ്യരെ ഏതാനും നാഴികകള്‍ക്കകം മഹാമായയ്ക്കു ബലി കൊടുക്കുമെന്നു കുടത്തില്‍ വെള്ളമെടുക്കാന്‍ വന്നവരില്‍  ഒരുവള്‍ പറയുന്നതും ഹനൂമാന്‍ കേട്ടു. അവള്‍ മഹീരാവണന്റെ കൊട്ടാരത്തിലെ ഒരു ദാസിയായിരുന്നു.

മഹിയുടെ കൊട്ടാരം കണ്ടെത്തി. രാമലക്ഷ്മണന്മാര്‍ കിടക്കുന്ന മുറിയും കണ്ടെത്തി. മുറി പൂട്ടിയിരിയ്ക്കുകയാണ്. കാവല്‍ക്കാരുമുണ്ട്. ഒരു തേനീച്ചയായി ഹനൂമാന്‍ അകത്തു കടന്നു. സഹോദരന്മാര്‍ മയക്കത്തിലാണ്. സ്വരൂപമെടുത്തു രാമനെയും ലക്ഷ്മണനെയും ഉണര്‍ത്തി. അവരെ വണങ്ങി. അവര്‍ക്കു സന്തോഷമായി. അവര്‍ സുഗ്രീവനെയും വിഭീഷണനെയും അന്വേഷിച്ചു.

നിങ്ങള്‍ രണ്ടും ഇപ്പോള്‍ മഹീരാവണന്റെ തടവിലാണ്. ഞാന്‍ മഹീരാവണനെ വധിയ്ക്കും. അതിനു മുമ്പു മഹാമായയെ തൊഴുതു വരട്ടെ.

ആ സമയത്തു ക്ഷേത്രത്തിലെ വാദ്യധ്വനിയും ഒരറിയിപ്പും വന്നു: മഹീരാജന്‍ മൃഗങ്ങളെയും രണ്ടു മനുഷ്യരെയും ബലി കൊടുക്കുന്നതാണ്.

ഹനൂമാന്‍ തേനീച്ചയായി മഹാമായയെ പൂജിയ്ക്കുന്ന ക്ഷേത്രത്തില്‍ ചെന്നു തൊഴുതു പറഞ്ഞു: അമ്മേ, ഞാന്‍ അയോദ്ധ്യയിലെ രാമന്റെ ദാസനാണ്‌. അമ്മ എന്തിനു രാമലക്ഷ്മണന്മാരുടെ ജീവന്‍ ആവശ്യപ്പെട്ടു? എങ്കില്‍ മഹിവംശത്തെ ഞാന്‍ ഇല്ലാതാക്കും. ഈ ക്ഷേത്രത്തെയും അമ്മയെയും കടലില്‍ മുക്കും.

വായുപുത്രാ, മഹാമായ പറഞ്ഞു. രാമന്റെ വരവാല്‍ ഇവിടം പവിത്രമായി. നീ മഹീരാവണനെ വധിയ്ക്കണം.


മഹീരാവണവധം, അഹിരാവണവധം

അതിനുള്ള ഉപായവും ദേവി പറഞ്ഞു.

ദേവി പറഞ്ഞതെല്ലാം തേനീച്ചയുടെ രൂപത്തിലായിരുന്ന ഹനൂമാന്‍ തിരികെ ചെന്നു രാമലക്ഷ്മണന്മാരെ ധരിപ്പിച്ചു: ഞാന്‍ തേനീച്ചയുടെ രൂപത്തില്‍ ദേവീവിഗ്രഹത്തിനു പിന്നിലുണ്ടാവും. നിങ്ങളെ  ബലിയ്ക്കായി കൊണ്ടു വരും. മഹീരാവണന്‍ അങ്ങയോടു ദേവിയെ നമസ്കരിയ്ക്കാന്‍ പറയും. ക്ഷത്രിയനാകയാല്‍ അതു ചെയ്തിട്ടില്ലെന്നും എങ്ങനെയെന്നു കാണിച്ചു തരൂ എന്നും അങ്ങു പറയണം. അപ്പോള്‍ മഹീരാവണന്‍ നമസ്കരിച്ചു കാണിക്കും. ആ സമയത്തു ഞാന്‍ ദേവീവിഗ്രത്തിനു പിന്നില്‍ നിന്നു സ്വന്തരൂപമെടുത്തു ദേവിയുടെ വിഗ്രഹത്തിലെ വാള്‍ കൊണ്ടു രാക്ഷസന്റെ കഴുത്തു വെട്ടും. അവന്‍ നമസ്കരിച്ചു കാണിച്ചില്ലെങ്കില്‍ അവനുമായി ഏറ്റുമുട്ടി ഞാന്‍ അവനെ വധിയ്ക്കും.

രാമലക്ഷ്മണന്മാരെ മഹീരാവണന്‍ തടവിലാക്കിയെന്നും രക്ഷപ്പെടുത്തണമെന്നും ഇന്ദ്രന്‍ ബ്രഹ്മാവിനോട് അപേക്ഷിച്ചു. ബ്രഹ്മാവു മഹീരാവണന്റെ ചരിത്രം പറഞ്ഞു. വിഷ്ണുഭക്തനായ ശത്രുധനു എന്ന ഗന്ധര്‍വ്വന്‍ ആയിരുന്നു ഇവന്‍. വിഷ്ണുവിനു മുമ്പില്‍ ദിവസവും പാട്ടും നൃത്തവും അവതരിപ്പിയ്ക്കുമായിരുന്നു. ഒരു ദിവസം വിരൂപനായ അഷ്ടാവക്രമുനിയെ കണ്ടു പരിഹാസത്തോടെ ചിരിച്ചു. പാട്ടിന്റെയും നടനത്തിന്റെയും താളം തെറ്റി. രാക്ഷസജന്മമെടുക്കാന്‍ മുനി ശപിച്ചു. രാമാവതാരകാലത്തു ഹനൂമാനാല്‍ വധിയ്ക്കപ്പെടുമ്പോള്‍ പൂര്‍വ്വരൂപം കിട്ടുമെന്നും പറഞ്ഞു. അതിനുള്ള സമയമായി.

ദേവന്മാര്‍ മഹീരാവണവധം കാണാന്‍ കൂട്ടമായി ആകാശത്തില്‍ നിരന്നു. മഹീരാവണന്‍ പൂജ തുടങ്ങി. ബലിയ്ക്കു രാമനെയും ലക്ഷ്മണനെയും കൊണ്ടു വന്നു.

ഹനൂമാന്‍ ദേവീവിഗ്രഹത്തിനു പിന്നില്‍ തേനീച്ചയായി ഇരുന്നു. മഹാമായ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. രാമന്‍ അപേക്ഷിച്ച പ്രകാരം മഹീരാവണന്‍ നമസ്കരിച്ചു കാണിച്ചപ്പോള്‍ ഹനൂമാന്‍ പെട്ടെന്നു സ്വരൂപമെടുത്തു ചാടി വീണു. ദേവിയുടെ വാളെടുത്തു മഹീരാവണന്റെ കഴുത്തു വെട്ടി. മോക്ഷപ്രാപ്തി കിട്ടിയ ശത്രുധനു സ്വര്‍ഗ്ഗത്തേയ്ക്കു മടങ്ങി.

വധത്തിനു കൂട്ടു നിന്ന ദേവിയെ ശപിച്ചു കൊണ്ടു മഹീരാവണന്റെ ഗര്‍ഭിണിയായ പത്നി പടയുമായി യുദ്ധത്തിനു വന്നു. ഹനൂമാന്‍ എറിഞ്ഞ പാറ അവളുടെ വയറില്‍ കൊണ്ടു. നാലു തലയും എട്ടു കൈകളുമുള്ള ഭീകരനായ ഒരു കുട്ടി ഗര്‍ഭത്തില്‍ നിന്നു പുറത്തു വന്നു. (ഈ കുട്ടിയെ അഹിരാവണന്‍ എന്നു കഥകളില്‍ വിളിയ്ക്കുന്നു). അവനും ഹനൂമാനെതിരെ ഘോരയുദ്ധം ചെയ്തു. ഹനൂമാന്‍ പിതാവായ വായുദേവനെ പ്രാര്‍ത്ഥിച്ചു. വായുദേവന്‍ ഉയര്‍ത്തിയ പൊടിപടലം അഹിരാവണന്റെ കാഴ്ച മറച്ചു. ഹനൂമാന്‍ അവനെ കാലില്‍ പിടിച്ച് എറിഞ്ഞു കൊന്നു. ബാക്കിയുള്ളവരെ ഹനൂമാന്‍ കാലപുരിയ്ക്കയച്ചു.

രാമലക്ഷ്മണന്മാര്‍ ഹനൂമാനോടൊപ്പം തിരിച്ചെത്തി. വാനരന്മാര്‍ ജയഘോഷം മുഴക്കി.

രാവണന്‍ ഭയചകിതനായി. ദുഃഖാര്‍ത്തനായി. ഒരു മകന്‍ കൂടി നഷ്ടപ്പെട്ടിരിയ്ക്കുന്നു.  

ഇനി സ്വയം യുദ്ധത്തിനായി ഇറങ്ങാം. ജയിയ്ക്കില്ല എന്നറിയാം. പക്ഷെ, പൊരുതി മരിയ്ക്കണം.

മണ്ഡോദരി വീണ്ടും തടഞ്ഞു.

അങ്ങു വലിയ ബുദ്ധിമാനല്ലേ?, അവര്‍ ചോദിച്ചു. രാമന്‍ മഹാവിഷ്ണുവാണ്. സീത ലക്ഷ്മീദേവിയാണ്. അങ്ങ് എങ്ങനെ രാമനെ ജയിക്കും? പതിയുടെ ശാന്തിയും സുഖവുമല്ലേ പത്നിയ്ക്കു വേണ്ടത്? ഞാന്‍ പറയുന്നതു കേള്‍ക്കൂ. സീതയെ തിരിച്ചു കൊടുക്കുക.

എനിയ്ക്കറിയാം, രാവണന്‍ ശാന്തനായി പറഞ്ഞു. രാമന്‍ മഹാവിഷ്ണു തന്നെ. സീത ശക്തിസ്വരൂപിണിയായ മഹാലക്ഷ്മിയും. മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത ദേവിയെ എനിയ്ക്കു കാണാന്‍ കഴിഞ്ഞു. എല്ലാവരും പൂജിയ്ക്കുന്ന ദേവി ലങ്കയില്‍ ഇവിടെ പാര്‍ക്കുന്നു. ഇനി സീതയെ തിരികെ നല്‍കിയാല്‍ വിഭീഷണന്‍ എന്നെ പരിഹസിയ്ക്കും. ദേവകള്‍ പരിഹസിയ്ക്കും. ഞാന്‍ ഭാഗ്യവാനല്ലേ? രാമന്റെ കയ്യാല്‍ എനിയ്ക്കു വൈകുണ്ഠത്തിലെത്താം.


മൂന്നാം രാമരാവണയുദ്ധം

മണ്ഡോദരി രാവണനെ പ്രദക്ഷിണം വച്ചു. മങ്ഗളം നേര്‍ന്നു യുദ്ധക്കളത്തിലേയ്ക്കയച്ചു.

രാവണന്റെ സ്വര്‍ണ്ണരഥം പടിഞ്ഞാറെ ഗോപുരത്തിലേയ്ക്കു പോയി.

തീക്ഷ്ണമായ രാമരാവണയുദ്ധം തുടങ്ങി. രാവണന്‍ കനകത്തേരിലും രാമന്‍ മണ്ണിലും. ആകാശത്തില്‍ അതു കാണാന്‍ എത്തിയ ദേവന്മാര്‍ വിറച്ചു. ബ്രഹ്മനിര്‍ദ്ദേശമനുസരിച്ച് ഇന്ദ്രന്‍ തന്റെ തേരും തേരാളി മാതലിയെയും രാമനു വേണ്ടി അയച്ചു. കൂടെ ദിവ്യമായ ഒരു വേലും.

ഇന്ദ്രരഥം കണ്ടു രാവണന്‍ കലി തുള്ളി. ഇതു വരെ ഇന്ദ്രന്‍ എന്റെ സേവകനായിരുന്നു. ഇപ്പോള്‍ ശത്രുവിനൊപ്പം. രാമനെയും ദേവലോകത്തെയും ഒടുക്കും.

രാമനെതിരെ സര്‍പ്പാസ്ത്രമെയ്തു. രാമന്റെ ഗരുഡശരത്താല്‍ വിഷം ചീറ്റുന്ന സര്‍പ്പങ്ങള്‍ ഒടുങ്ങി. രാവണന്റെ അസ്ത്രങ്ങള്‍ ഇന്ദ്രന്റെ തേരിലെ കുതിരകള്‍ക്കു മുറിവേല്പിച്ചു. പിന്നാലെ ഒരു ദിവ്യശൂലമെറിഞ്ഞു. അഗ്നി പടര്‍ത്തി പാഞ്ഞെത്തിയ ശൂലത്തെ രാമന്‍ ഇന്ദ്രന്‍ കൊടുത്ത ദിവ്യശൂലം കൊണ്ടു ഭസ്മമാക്കി. ശൂലം തിരികെ രാമന്റെ പക്കല്‍ വന്നു. കുപിതനായ രാവണന്‍ കൂര്‍ത്തുമൂര്‍ത്ത ശരങ്ങള്‍ എയ്തു. തടുക്കാനാവാത്ത വിധം നാലുവശത്തു നിന്നും രാമബാണങ്ങള്‍ രാവണനെ വളഞ്ഞു. രാമന്‍ നാലു പാടും നില്‍ക്കുന്നതായി രാവണനു തോന്നി.

രാമനും രാവണനും മുറിവേറ്റു. രാമന്‍ രാവണനെ ശകാരിയ്ക്കുന്നുമുണ്ടായിരുന്നു: അന്യന്റെ ഭാര്യയെ മോഷ്ടിച്ചവന്‍. അന്നു കിട്ടിയിരുന്നെങ്കില്‍ നീ എന്നേ യമലോകത്ത് എത്തുമായിരുന്നു.

രാക്ഷസപ്പടയെ വിറപ്പിച്ചു കൊണ്ടു സുഗ്രീവന്റെ നായകത്വത്തില്‍ വാനരപ്പട നാശനഷ്ടങ്ങള്‍ വരുത്തി.

രാമന്റെ വജ്രാസ്ത്രം കൊണ്ടു രാവണന്‍ മൂര്‍ച്ഛിച്ചു വീണു. സാരഥി രഥം പിന്നോട്ടു ഓടിച്ചു. ഉടന്‍ ബോധം വീണ രാവണന്‍ സാരഥിയെ ശാസിച്ചു രഥം മുന്നോട്ട് ഓടിപ്പിച്ചു.

രാവണന്‍ എറിഞ്ഞ ഗദ രാമന്റെ അര്‍ദ്ധചന്ദ്രാസ്ത്രം നശിപ്പിച്ചു. അടുത്ത ഗദ രാമന്റെ പിശാചാസ്ത്രം പൊടിയാക്കി. രാവണന്‍ ശിവശൂലം എറിഞ്ഞു. അതു രാമന്റെ ശങ്കരബാണത്താല്‍ തകര്‍ന്നു. അടുത്ത ശൂലം അഗ്നിമുഖാസ്ത്രത്തില്‍ എരിഞ്ഞുപോയി.

രാവണന്റെ അസ്ത്രങ്ങള്‍ രാമന്റെ ഇന്ദ്രശൂലത്താല്‍ നശിയ്ക്കപ്പെട്ടു. ഇന്ദ്രശൂലം തിരികെ രാമന്റെ തൂണിയില്‍ വന്നു ചേര്‍ന്നു. രാവണന്‍ നാഗപാശാസ്ത്രമെയ്തു. രാമന്‍ ഗരുഡാസ്ത്രമെയ്തു നാഗങ്ങളെ നശിപ്പിച്ചു.  

തീ പാറുന്ന യുദ്ധം ഏഴാം ദിവസമായിട്ടും തുടരുന്നു. ആകാശവും ഭൂമിയും സാഗരവും ഇളകി മറിഞ്ഞു. നവഗ്രഹങ്ങള്‍ വിറച്ചു.

ദേവന്മാര്‍ ഭീതിയാല്‍ പലായനം ചെയ്തു.

തുരുതുരാ രാവണാസ്ത്രങ്ങള്‍. മിന്നല്‍ വേഗത്തില്‍ രാമശരങ്ങള്‍. രാമന്റെ തന്റെ അവതാരസിദ്ധികള്‍ കാട്ടി. അഗ്നിബാണമുയര്‍ന്നു. തീജ്വാലകള്‍ നാലുപാടും പടര്‍ന്നു. വായവ്യാസ്ത്രം കൊടുങ്കാറ്റുയര്‍ത്തി ചീറിപ്പാഞ്ഞു. രാവണന്‍ സ്തബ്ധനായി. രാമബാണങ്ങള്‍ കൊണ്ടു രാവണന്റെ കിരീടം പറന്നു. ആഭരണങ്ങള്‍ പറന്നു. വിഭീഷണന്‍ പറഞ്ഞതു കേട്ടു ധര്‍മ്മാസ്ത്രമെയ്ത രാമന്‍ രാവണന്റെ സ്വര്‍ണ്ണച്ചട്ടയും പറത്തി. രാവണനു മുറിവേല്‍ക്കാന്‍ ഇടമില്ലാതായി.

വലഞ്ഞു തളര്‍ന്ന രാവണന്‍ വീണ്ടും ആ നിത്യസത്യം ഓര്‍ത്തു: ഇതു സാക്ഷാല്‍ മഹാവിഷ്ണു തന്നെ. സ്തുതിയ്ക്കുന്നില്ല. രാമന്‍ വധിച്ചില്ലെങ്കില്‍ മോക്ഷവും വൈകും.

രാമന്‍ ശിവബാണം വീണ്ടുമെയ്തപ്പോള്‍ രാവണന്‍ പാര്‍വ്വതീദത്തമായ ദിവ്യശൂലമെറിഞ്ഞു. അതു കൊണ്ട രാമന്‍ ഒരു നിമിഷം അസ്തപ്രജ്ഞനായി. രാവണനു നേരെ വൈഷ്ണവാസ്ത്രം പ്രയോഗിച്ചു. അതു രാവണന്‍ കാലചക്രത്താല്‍ ഖണ്ഡിച്ചു!

രാവണന്‍ സര്‍വ്വസംഹാരിയായ പാശുപതാസ്ത്രം കയ്യിലെടുത്തു. മഹേശ്വരനെ സ്മരിച്ചു രാമനു നേരെ വിട്ടു. രാമന്റെ വൈഷ്ണവചക്രം അതിനെ നിഷ്ക്രിയമാക്കി. രാമന്റെ മഹാകാലാസ്ത്രം രാവണനു മുറിവേല്‍പ്പിച്ച ശേഷം പാതാളത്തിലേയ്ക്കു മറഞ്ഞു.


പാര്‍വ്വതീദേവി രാമനെതിരെ

പാശുപതാസ്ത്രം കൂടി വ്യര്‍ത്ഥമായപ്പോള്‍ രാവണന്‍ അമ്പും വില്ലും താഴെയിട്ടു കൈകൂപ്പി രാമനോടു പറഞ്ഞു:

ലോകനാഥാ! നീയാണു സര്‍വ്വചരാചരങ്ങളുടെയും ചൈതന്യം. നിന്റെ ശ്രീചരണങ്ങളാണ് എനിയ്ക്ക് അഭയം. ഞാന്‍ മഹാപാപങ്ങള്‍ പലതും ചെയ്തു. എന്നോടു പൊറുക്കണം. ദയ കാട്ടണം.

രാമന്‍ മനസ്സലിഞ്ഞു നിന്നു: എന്റെ ഭക്തനെ ഞാന്‍ വധിയ്ക്കണോ? രാമനും അസ്ത്രശസ്ത്രങ്ങള്‍ താഴെയിട്ടു.

ദേവന്മാര്‍ പരക്കം പാഞ്ഞു. കൂടുതല്‍ സ്തുതിച്ചാല്‍ രാമന്‍  രാവണനെ വിട്ടു പോകും. ദേവന്മാരുടെ അടിമത്തം തുടരും. അവര്‍ സരസ്വതീദേവിയോടു പറഞ്ഞു: ദേവീ, രാവണന്റെ നാവില്‍ ചെന്നിരുന്നു രാമന് അസഹ്യമായത് എന്തെങ്കിലും പറയിക്കൂ.

അതിന്റെ ഫലം കണ്ടു.

രാവണന്‍ രാമനോടു കോപിഷ്ഠനായി പറഞ്ഞു: നിന്നെ പേടിച്ചല്ല ഞാന്‍ സ്തുതിച്ചത്. കാലപുരിയ്ക്കു പോകേണ്ടവന്‍ നീയാണ്. ഒരൊറ്റ ബാണത്താല്‍ നീ അവിടെയെത്തും.

വീണ്ടും തീക്ഷ്ണയുദ്ധം.

ഗന്ധര്‍വ്വാസ്ത്രമേറ്റു രാവണനു ബോധം നശിച്ചു. ആ സമയത്തു രാമന്‍ വിഭീഷണന്റെ ഉപദേശപ്രകാരം ബ്രഹ്മാസ്ത്രം അയച്ചു രാവണന്റെ ബ്രഹ്മകവചം നുറുക്കി. രാവണന്റെ അജയ്യത ഭാഗികമായി അവസാനിച്ചു.

രാമനും ബോധം കിട്ടി വന്ന രാവണനും തുല്യശക്തികളായി പോരു ചെയ്തു. രാമന് ആശ്ചര്യമായി. ഇവന്‍ എന്തുകൊണ്ടു മരിയ്ക്കുന്നില്ല?

രാമന്‍ കാലചക്രം പ്രയോഗിച്ചു രാവണന്റെ ഒരു ശിരസ്സു മുറിച്ചിട്ടു. പകരം ഒന്നു മുളച്ചു! അര്‍ദ്ധചന്ദ്രാസ്ത്രം, ബ്രഹ്മജാലം, ഐഷികാസ്ത്രം, ബ്രഹ്മാസ്ത്രം, യമദണ്ഡ്, ധര്‍മ്മചക്രാസ്ത്രം, സപ്തസാരബാണം, ഇങ്ങനെ പലതും രാമന്‍ എയ്തു. അവ രണ്ടും മൂന്നും നാലും അഞ്ചും ..അങ്ങനെ പത്തു തലയും അറത്തു. പത്തും മുളച്ചു പൊന്തി! ശരീരം രണ്ടാക്കി മുറിച്ചു. രണ്ടും ഒന്നുചേര്‍ന്നു. ശിരസ്സുകള്‍ നുറുങ്ങുകളാക്കി. നുറുങ്ങുകളെല്ലാം ഒന്നുചേര്‍ന്നു!

രാവണനു മരണമില്ല!

ക്രുദ്ധനായി വന്ന ഹനൂമാന്റെ മുഷ്ടിതാഡനം രാവണനെ ബോധശൂന്യനാക്കി. ചോര ഛര്‍ദ്ദിച്ചു. ഉണര്‍ന്ന രാവണന്‍ പരമാംബികയെ മനസ്സില്‍ ധ്യാനിച്ചു സ്തുതിച്ചു പറഞ്ഞു: ഞാന്‍ യുദ്ധത്തില്‍ പിന്നിലായി. ശങ്കരന്‍ എന്നെ കൈവെടിഞ്ഞു. ഇനി അമ്മ മാത്രം ശരണം.  

ഭക്തവത്സലയായ പാര്‍വ്വതീദേവി കാളീരൂപത്തില്‍ പ്രത്യക്ഷയായി. രാവണന്‍ ദേവിയെ നമസ്കരിച്ചു.

ഞാന്‍ നിന്നോടൊപ്പമുണ്ട്, ദേവി അരുളി. ധൈര്യമായി യുദ്ധം ചെയ്തുകൊള്ളൂ. സാക്ഷാല്‍ ശങ്കരന്‍ വന്നാലും ഞാന്‍ എതിര്‍ത്തു കൊള്ളാം. ദേവി രാവണനെ മടിയില്‍ ഇരുത്തി.

രാവണനെതിരെ തിരിഞ്ഞ രാമന്‍ വിസ്മിതനായി. ശരമാരി പെയ്യുന്ന രാവണന്റെ രഥത്തില്‍ മേഘവര്‍ണ്ണയായ ശ്രീകാളീദേവി!

എല്ലാം താഴെയിട്ടു രാമന്‍ അമ്മയെ നമസ്കരിച്ചു1.

പക്ഷെ, ഇനി യുദ്ധത്തിനെന്തു ഫലം? എന്തെല്ലാം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു? എല്ലാം പാഴായി. രാവണന്‍ അജയ്യനായി.

ലക്ഷ്മണനും വിഭീഷണനും സുഗ്രീവനും ഹനൂമാനും വിഷമത്തിലായി. 

ഇന്ദ്രനും ബ്രഹ്മദേവനും ചര്‍ച്ച തുടങ്ങി.

ബ്രഹ്മാവു പറഞ്ഞു: അസുരന്മാരെ ജയിയ്ക്കാന്‍ ഇന്ദ്രന്‍ നടത്തിയതു പോലെ ഒരു ദേവീബോധനപൂജ രാമന്‍ ചെയ്യണം. പത്തു കൈകളുള്ള ചണ്ഡി(ക)യെ ഉറക്കമൊഴിഞ്ഞു പൂജിയ്ക്കണം. രാവണനെ സംഹരിയ്ക്കാം.

ഇതു ബ്രഹ്മാവു നേരിട്ടു വന്നു രാമനോടു പറഞ്ഞു.

രാമന്‍ ആലോചിച്ചു. അതു ചെയ്യേണ്ടതു വസന്തകാലത്താണ്. ഇപ്പോള്‍ ശരത്കാലവും. അത് അസമയപൂജ (അകാല ബോധനപൂജ) യാകും.

ഷഷ്ഠി മുതല്‍ തുടങ്ങാന്‍ ബ്രഹ്മാവ്‌ ഉപദേശിച്ചു മടങ്ങി.

രാവണനും ദേവീപൂജയ്ക്കായി കൊട്ടാരത്തിലേയ്ക്കു മടങ്ങി1. ദേവലോകത്തു നിന്നും പിടി കൂടിയ ബൃഹസ്പതിയാണു രാവണന്റെ കാര്‍മ്മികന്‍.

കുറിപ്പ്: 

1. ദേവിയെ ചണ്ഡി എന്നാണു ബങ്ഗാളിയില്‍ വിളിയ്ക്കുന്നത്. രാമന്‍ യുദ്ധക്കളത്തില്‍ വച്ചു ദേവിയെ തൊഴുതശേഷം രാവണന്‍ എന്തു ചെയ്തു എന്നു വിവര്‍ത്തനങ്ങളില്‍ (ഒരു പക്ഷെ, മൂലത്തിലും) ഇല്ല. ഹിന്ദിയിലെ പദാനുപദതര്‍ജ്ജമയിലും ഇല്ല. പിന്നീടു ദേവീപൂജ നടത്തുന്ന രാവണനെയാണു നമ്മള്‍ കാണുന്നത്. രാമന്‍ വില്ലും ശരവും താഴെ ഇട്ടപ്പോള്‍ രാവണന്‍ ആ പഴുതില്‍ കൊട്ടാരത്തില്‍ പൂജയ്ക്കായി മടങ്ങിയെത്തി എന്നു കരുതേണ്ടി വരും.

 

രാമന്റെ ദേവീപൂജ

രാമന്‍ പൂജ തുടങ്ങി. എല്ലാ സാമഗ്രികളും വാനരന്മാര്‍ കൊണ്ടു വന്നു. ഒന്‍പതാം ദിവസമായി വിധിപ്രകാരം പൂജ ചെയ്തിട്ടും ദേവി പ്രത്യക്ഷപ്പെട്ടില്ല. വിഭീഷണന്റെ അഭിപ്രായത്തില്‍ ആയിരത്തിയെട്ട് ഇതളുള്ള നൂറ്റിയെട്ടു നീലത്താമരപ്പൂക്കള്‍ കൊണ്ടു പൂജിച്ചാല്‍ ദേവി സന്തുഷ്ടയാകും. ഹിമാലയത്തില്‍ ദേവീദഹയില്‍ ദേവിയുടെ പൊയ്കയില്‍ മാത്രമേ ആ പൂക്കള്‍ ഉള്ളൂ. പക്ഷെ, പത്തു വര്‍ഷത്തെ യാത്രാദൂരമാണ്.

ഹനൂമാന്‍ പറന്നു.

അവിടെ നൂറ്റിയെട്ടു പൂക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്ഷണത്തില്‍ ഹനൂമാന്‍ അവ കൊണ്ടു വന്നു.

അദൃശ്യയായി വന്ന ദേവി ഒരു പൂ എടുത്തു മാറ്റി. അര്‍ച്ചനയുടെ ഒടുവില്‍ ഒരു പൂ കുറവ്. ഇനി ആ പൂക്കള്‍ എങ്ങു നിന്നും കിട്ടുകയില്ല. അതു ദേവി തന്നെ മാറ്റിയതാകാം എന്നു ഹനൂമാന്‍ പറഞ്ഞു. രാമനു സന്തോഷാതിരേകം. എല്ലാ പൂക്കളും ദേവി സ്വീകരിച്ചിരിയ്ക്കുന്നു.

നീലത്താമരയുടെ അര്‍ച്ചനയും കഴിഞ്ഞു. ദേവി പ്രത്യക്ഷപ്പെടുന്നില്ല.

അമ്മേ! ജനനം മുതല്‍ പലതും ഞാന്‍ സഹിയ്ക്കുന്നു. എന്റെ വാഗ്ദാനങ്ങളെല്ലാം വിഫലമാവും. സീത ലങ്കയില്‍ തന്നെ തുടരും. അമ്മ എന്താണ് എന്നെ അനുഗ്രഹിയ്ക്കാത്തത്?,  രാമന്‍ കണ്ണീരോടെ അപേക്ഷിച്ചു. ഞാന്‍ സാഗരത്തില്‍ ജീവനൊടുക്കും. 

വിഭീഷണനും ലക്ഷ്മണനും സുഗ്രീവാദികളും ദുഃഖിതരായി. 

ഒരു കണ്ണു ദേവിയ്ക്കു സമര്‍പ്പിക്കാം എന്നു രാമന്‍ തീരുമാനിച്ചു. തൂണിയില്‍ നിന്ന് ഒരു ശരമെടുത്തു കണ്ണു ചൂഴ്ന്നെടുക്കാന്‍ തുനിഞ്ഞു.

അരുത്, ദേവി പ്രത്യക്ഷപെട്ട് അതു തടഞ്ഞു. അങ്ങല്ലേ പ്രപഞ്ചനാഥന്‍?. ചണ്ഡിദേവി രാമനെ സ്തുതിച്ചു.  

രാമന്‍ പറഞ്ഞു: ഇതുവരെ എല്ലാം ചെയ്തത് രാവണനെ സംഹരിയ്ക്കാനാണ്. അമ്മ അത് അനുവദിയ്ക്കണം. അനുഗ്രഹിയ്ക്കണം. ഞാന്‍ എന്നെ തന്നെ  അമ്മയ്ക്കു സമര്‍പ്പിയ്ക്കുന്നു.

 അങ്ങു സര്‍വ്വചൈതന്യമാണ്, ദേവി അരുളി. സീതാദേവി മൂലപ്രകൃതിയും. അങ്ങയുടെ ദ്വാരപാലകനായിരുന്നവന്‍ ലങ്കേശനായി, അങ്ങയുടെ ശത്രുവായി, ഇപ്പോഴും അങ്ങയെ ഉപാസിയ്ക്കുന്നു. ഈ പൂജ ചെയ്യുക നിമിത്തം ലോകം തന്നെ ധന്യമായി. അങ്ങയുടെ ആഗ്രഹം സഫലമാകട്ടെ. ഞാന്‍ രാവണനെ കയ്യൊഴിയുന്നു.

ദേവി മറഞ്ഞു.

രാമന്റെ പൂജ സമാപിച്ചു.

എല്ലാവരും ആഹ്ലാദഭരിതരായി.

ഒരു ബ്രഹ്മസന്ദേശം വായുഭഗവാന്‍ വഴി എത്തി: രാവണന്റെ ദേവീപൂജ മുടക്കണം.

വിഭീഷണന്‍ ഹനൂമാനെ അയച്ചു. ഒരു ചെറുപ്രാണിയായി ഹനൂമാന്‍ അകത്തു കടന്നു. കര്‍മ്മിയായ ദേവഗുരു ബൃഹസ്പതി കാണ്‍കെ സ്വന്തരൂപമെടുത്തു. ഭയന്നു പോയ ബൃഹസ്പതി  മാറി നിന്നു. ഹനൂമാന്‍ ഗ്രന്ഥം തട്ടിപ്പറിച്ചു മൂന്നു ശ്ലോകങ്ങള്‍ മായ്ച്ചു. ബൃഹസ്പതിയുടെ മന്ത്രോച്ചാരണങ്ങള്‍ തെറ്റി. പൂജയ്ക്കു പിഴവു പറ്റി. അതു പൂര്‍ണ്ണമായില്ല. ദേവീസാന്നിദ്ധ്യം നഷ്ടപ്പെട്ടു. ഹനൂമാന്‍ ഉടന്‍ അപ്രത്യക്ഷനായി. രാവണന്റെ പിന്നീടുള്ള അപേക്ഷകള്‍ ഗൗനിക്കാതെ ദേവി കൈലാസത്തിലേയ്ക്കു മടങ്ങി. 

രാവണന്‍ ചിന്തിച്ചു: രാമനു യുദ്ധം ചെയ്യാന്‍ കഴിഞ്ഞില്ല. സീതയെ കൊണ്ടുപോകാതെ മടങ്ങിക്കാണും. ഇന്ദ്രജിത്തിന്റെയും മഹീരാവണന്റെയും നഷ്ടത്താലുള്ള ദുഃഖവും മറ്റെല്ലാ ദുഃഖങ്ങളും സീതയെ കിട്ടിയാല്‍ മറക്കാന്‍ പറ്റും. 

വീണ്ടും ഒരു കാര്യം വിഭീഷണന്‍ രാമനോട് ഉണര്‍ത്തിച്ചു: ബ്രഹ്മാവു രാവണനു വരം നല്‍കിയപ്പോള്‍ അമരത്വം നല്‍കിയില്ല. പക്ഷെ, ശരീരഭാഗങ്ങള്‍ അറ്റു പോയാലും പൂര്‍വ്വസ്ഥിതിയിലാകും. അങ്ങനെ അമരനാകാന്‍ കഴിയും. ഒരു പ്രത്യേകമായ അസ്ത്രം നെഞ്ചില്‍ കൊണ്ടാല്‍ മാത്രം രാവണന്‍ മരിയ്ക്കും. അതാണു രാവണന്റെ മൃത്യുബാണം. ആ ബാണം ബ്രഹ്മാവു തന്നെ സൃഷ്ടിച്ചു രാവണനു നല്‍കി. അതു മറ്റുള്ളവരുടെ പക്കല്‍ എത്താത്ത കാലത്തോളം രാവണന്‍ അമരനായി ജീവിയ്ക്കും. രാവണന്‍ അതു മണ്ഡോദരിയെ ഏല്‍പിച്ചു. അവര്‍ അത് എവിടെയോ ഒളിച്ചു വച്ചിട്ടുണ്ട്. അതേ ബാണത്താല്‍ മാത്രമേ രാവണന്‍ മരിയ്ക്കൂ. അതു കിട്ടണം.


നാലാം രാമരാവണയുദ്ധം, മൃത്യുബാണം

രാമന്‍ ഞെട്ടി. കടമ്പയ്ക്കു മേല്‍ കടമ്പ.

അതിനും ഹനൂമാന്‍ തയ്യാര്‍.

ഒരു വൃദ്ധജ്യോതിഷിയുടെ വേഷത്തില്‍, വടിയും കുത്തി, ഹനൂമാന്‍ മണ്ഡോദരിയുടെ അന്ത:പുരത്തില്‍ കടന്നു കൂടി. അവര്‍ പാര്‍വ്വതീപൂജ ചെയ്യുകയായിരുന്നു. വൃദ്ധനെ സ്വീകരിച്ച് ഇരുത്തി.

ജ്യോതിഷി രാവണന്റെ ആരാധകന്‍ എന്ന മട്ടില്‍ സംസാരം തുടങ്ങി. രാവണനെ വളരെ പുകഴ്ത്തി. അയാളുടെ സംസാരത്തില്‍ മണ്ഡോദരി ആകൃഷ്ടയായി.

രാവണചക്രവര്‍ത്തിക്ക് എന്റെ ആശീര്‍വാദം എപ്പോഴുമുണ്ട്, ഒടുവില്‍ ജ്യോതിഷി അറിയിച്ചു. ഞാന്‍ ഗണിച്ചു കണ്ടുപിടിച്ച പ്രകാരം, മഹാറാണിയുടെ കയ്യിലെ ഒരു ദിവ്യവസ്തു കാരണം ഒരിയ്ക്കലും അദ്ദേഹത്തെ ജയിക്കാന്‍ രാമനു പോലും സാധിയ്ക്കില്ല.

ജ്യോതിഷി പുറപ്പെടാന്‍ തുടങ്ങി.

എന്താണാ ദിവ്യവസ്തു?, ആകാംക്ഷയോടെ മണ്ഡോദരി ചോദിച്ചു.

കള്ളം പറയേണ്ട. ഇവിടെ ഒരു സ്ഥലത്ത് അത് ഉണ്ട്. ആരോടും പറയരുത്. ബ്രഹ്മാവു വന്നു ചോദിച്ചാലും അതു വെളിപ്പെടുത്തരുത്, ജ്യോതിഷി മുന്നറിയിപ്പു നല്‍കി.

അതിവിടെ ഉണ്ട്. ഞാന്‍ ഒളിച്ചു വച്ചിട്ടുണ്ട്. മണ്ഡോദരിയുടെ നാവില്‍ നിന്ന് അതു വീണു.

ഹനൂമാനു സന്തോഷമായി.

സൂക്ഷിയ്ക്കുക. ശ്രദ്ധ വേണം, ജ്യോതിഷി യാത്ര പറഞ്ഞു നടന്നു. പെട്ടെന്നു തിരിഞ്ഞു നിന്നു മണ്ഡോദരിയോടു പറഞ്ഞു: റാണീ! വിഭീഷണന് ഇവിടുത്തെ എല്ലാ രഹസ്യങ്ങളും അറിയാം. ഒരു പക്ഷെ, ഇക്കാര്യവും. അയാള്‍ അതു തട്ടിക്കൊണ്ടു പോകാന്‍ സാദ്ധ്യതയുണ്ട്.

മണ്ഡോദരിയ്ക്കു ജ്യോതിഷിയെ പൂര്‍ണ്ണവിശ്വാസമായിരുന്നു. ഇത്രയും കണ്ടുപിടിച്ചു പറഞ്ഞില്ലേ? വിഭീഷണന്‍ ദിവ്യവസ്തു കൊണ്ടുപോകുമെന്ന് അവര്‍ ഭയന്നു.

ഇപ്പോള്‍ ഞാന്‍ അതു സൂക്ഷിച്ചിരിയ്ക്കുന്നത് ഈ സ്ഫടികത്തൂണിനുള്ളിലാണ്, റാണി ഒരു തൂണ്‍ ചൂണ്ടിക്കാണിച്ചു പറഞ്ഞു.

ഹനൂമാന്‍ ഉടന്‍ സ്ഫടികത്തൂണ്‍ ചവിട്ടിവീഴ്ത്തി. സ്വരൂപമെടുത്തു മൃത്യുബാണവുമായി കുതിച്ചു പറന്നു പോയി.  

മൃത്യുബാണം രാമനു കൈമാറി.

രാമന്‍ തന്റെ വിശ്വസ്തസേവകനെ ആശ്ലേഷിച്ചു. അവസാനകടമ്പയും കടന്നിരിയ്ക്കുന്നു. വാനരന്മാര്‍ അത് ആഘോഷമയമാക്കി.

മറ്റൊരു യുദ്ധത്തിനുള്ള വട്ടം കൂട്ടല്‍ തുടങ്ങി. 

രാമനെ നേരിടാന്‍ രാവണന്‍ തയ്യാറായിരുന്നു. 

രാമന്റെ ഞാണൊലി കേട്ടു രാവണന്‍ പടക്കളത്തില്‍ എത്തി.

ദേവകള്‍ ആകാശത്തില്‍ അണി നിരന്നു.

രാവണന്‍ അടമഴ പോലെ അസ്ത്രങ്ങള്‍ വിട്ടു. അവ മാതലിയെ അസ്വസ്ഥനാക്കി. രാമന്‍ പ്രത്യസ്ത്രങ്ങള്‍ കൊണ്ട് രാവണബാണങ്ങളെ നേരിട്ടു. 

രാമന്‍ മൃത്യുബാണം അയയ്ക്കാന്‍ തീരുമാനിച്ചു.

അരയന്നരൂപത്തിലുള്ള അതു സ്വര്‍ണ്ണം കൊണ്ടു നിര്‍മ്മിച്ചതാണ്. പക്ഷെ, കറുത്ത നിറമാണ്. പല ദേവകളുടെയും ചൈതന്യസത്ത ഉള്‍ക്കൊള്ളുന്ന ബാണം. ബാണമുഖത്ത് അഗ്നി. പിന്നറ്റത്തു ഭൂമിയും ആകാശവും. മദ്ധ്യത്തില്‍ ശിവന്‍. നാല്പത്തിയൊന്‍പതു മരുത്തുക്കളുണ്ട്. യമനും അതില്‍ സന്നിവേശിയ്ക്കപ്പെട്ടിരിയ്ക്കുന്നു. രാമന്‍ അതിന്മേല്‍ പുഷ്പമാല്യങ്ങള്‍ ചാര്‍ത്തിയിട്ടുണ്ട്.

കുറിപ്പ്: 

മൃത്യുബാണം നഷ്ടപെട്ട കാര്യം മണ്ഡോദരി രാവണനോടു പറഞ്ഞോ എന്നു വിവര്‍ത്തനങ്ങളില്‍ പറയുന്നില്ല. അതറിയും മുമ്പു രാവണനു യുദ്ധത്തിനിറങ്ങേണ്ടി വന്നോ?.

  

രാവണവധം

മൃത്യുബാണം നാഭിയില്‍ കൊള്ളണം. എന്നാല്‍ മാത്രമേ രാവണനു ജീവന്‍ നഷ്ടമാകുകയുള്ളൂ.

രാമന്‍ മൃത്യുബാണം കയ്യിലെടുത്തു. വിശ്വാമിത്രനെ സ്മരിച്ചു. ബാണത്തിന്റെ സ്വര്‍ണ്ണപ്രഭ ചുറ്റും ദീപ്തി പരത്തി.

അതു രാമന്റെ ചാപത്തില്‍ നിന്നു പുറപ്പെട്ടു. 

ബാണാഗ്രത്തില്‍ നിന്നു പുക ഉയര്‍ന്നു. ഇടിമുഴക്കത്തിന്റെ ഹൂങ്കാരം. ദിക്കുകള്‍ നടുങ്ങി. ബാണം രാവണനെ ലക്ഷ്യമാക്കി പോയി. 

തന്റെ ജീവനെടുക്കുന്ന ബാണമാണ് അത് എന്നു രാവണനു മനസ്സിലായി.

ബാണം രാവണന്റെ നാഭിയില്‍ തറച്ചു. ത്രിലോകങ്ങളെ വിറപ്പിച്ച അസുരചക്രവര്‍ത്തി തേര്‍ത്തടത്തില്‍ നിന്നു ഭൂമിയില്‍ വീണു.

രാക്ഷസപ്പട ഭയന്നോടി.

ബ്രഹ്മദേവനും മറ്റു ദേവകളും സാകൂതം നോക്കി നിന്നു.

രാവണന്‍ മരിച്ചോ? അടുത്തുചെല്ലാന്‍ പലര്‍ക്കും ഭയം. ശിവന്റെയും വിഷ്ണുവിന്റെയും ദൂതര്‍ അകലെ നിന്നു. 

ഭക്തനായ രാവണന്‍ മരിയ്ക്കുന്നതിനു മുമ്പു ദര്‍ശനം നല്‍കണമെന്നു രാമന്‍ തീരുമാനിച്ചു.

ലക്ഷ്മണനെ വിളിച്ചു പറഞ്ഞു: രാക്ഷസധര്‍മ്മം അനുസരിച്ചു ജീവിച്ചെങ്കിലും രാവണന്‍ മഹാപണ്ഡിതനാണ്. വനചാരികളായി നടന്ന നമ്മള്‍ രാജ്യഭരണം പിതാവില്‍ നിന്നു ശരിയായി പഠിച്ചില്ല. രാജധര്‍മ്മവും രാജകര്‍മ്മവും എന്തെന്നറിയില്ല. രാവണനോടു രണ്ടുമൂന്നു കാര്യമെങ്കിലും ചോദിച്ചു മനസ്സിലാക്കൂ. മാണിക്യം കുപ്പയില്‍ കിടന്നാലും ധരിയ്ക്കാം. 

വീണു കിടക്കുന്ന രാവണന്റെ സമീപം ലക്ഷ്മണന്‍ ചെന്നു.  രാവണന്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടി.

അസ്ത്രത്തിന്റെ വേദനയില്‍ ഞരങ്ങുന്ന രാവണന്‍ ലക്ഷ്മണനെ സ്തുതിച്ചു. എല്ലാം ക്ഷമിയ്ക്കുവാനും അപേക്ഷിച്ചു.

ഇതു വിധിയാണ്, ലക്ഷ്മണന്‍ ആശ്വസിപ്പിച്ചു. അങ്ങയില്‍ നിന്നു രാജനീതി പഠിയ്ക്കാന്‍ രാമദേവന്‍ എന്നെ അയച്ചതാണ്.  

എല്ലാം അറിയുന്ന രാമന്‍ എന്നില്‍ നിന്ന് എന്തു പഠിയ്ക്കാന്‍? എനിയ്ക്കു രാമദര്‍ശനം വേണം. അദ്ദേഹത്തോട് ഒന്നിങ്ങു വരാന്‍ പറയൂ. അറിയാവുന്നതെല്ലാം അദ്ദേഹത്തിന്റെ പാദങ്ങളില്‍ സമര്‍പ്പിയ്ക്കാം.

ലക്ഷ്മണന്‍ പോയി രാമനെ കൂട്ടി വന്നു.

രാവണന് എഴുന്നേല്‍ക്കാന്‍ വയ്യ. കിടന്നു കൊണ്ടു രാമനെ വന്ദിച്ചു. സ്തുതിച്ചു. ലോകൈകനാഥനായ ശ്രീനാരായണനെ ഭക്തിപൂര്‍വ്വം നോക്കി.

അങ്ങയുടെ മഹിമ ആര്‍ക്കറിയാം? എന്നോടു ക്ഷമിയ്ക്കണേ!, രാവണന്‍ അപേക്ഷിച്ചു. ഞാന്‍ എന്നും അവിടുത്തെ ദാസനാണ്‌. ശാപത്താല്‍  ഞാന്‍ രാക്ഷസനായി. ധര്‍മ്മം വെടിഞ്ഞു. എല്ലാ നീതിയും അറിയുന്ന അങ്ങ് എന്നില്‍ നിന്ന്‍ എന്തു രാജനീതി പഠിയ്ക്കാന്‍?

അറിയേണ്ടതെല്ലാം ഗുരുമുഖത്തുനിന്ന് പഠിയ്ക്കണം. നീ പണ്ഡിതനായ രാജാവാണ്. ധര്‍മ്മാധര്‍മ്മങ്ങളിലും രാജകര്‍മ്മത്തിലും ജ്ഞാനിയാണ്‌. രാമന്‍ പറഞ്ഞു. 

രാവണന്‍  ഇങ്ങനെ മറുപടി പറഞ്ഞു: സദ്‌കര്‍മ്മങ്ങള്‍ മടി കൂടാതെ അപ്പോഴപ്പോള്‍ ചെയ്യുക. യമലോകം കണ്ടപ്പോള്‍ അവിടുത്തെ പാപികള്‍ ഏല്‍ക്കുന്ന പീഡനം കണ്ടു മനസ്സലിഞ്ഞു. അവരെ മോചിപ്പിയ്ക്കണം എന്നു കരുതി. പിന്നീടതു ചെയ്യാന്‍ കഴിഞ്ഞില്ല. വിശ്വകര്‍മ്മാവിനെ കൊണ്ടു സ്വര്‍ഗ്ഗത്തിലേയ്ക്ക് എല്ലാവര്‍ക്കുമായി ഒരു പാത സൃഷ്ടിയ്ക്കണം എന്നു തോന്നി. നടന്നില്ല. സപ്തസമുദ്രങ്ങളിലെയും ലവണം മാറ്റിക്കളഞ്ഞു ശുദ്ധീകരിയ്ക്കണം എന്നു കരുതി. അതു ചെയ്യാന്‍ പറ്റിയില്ല. ഒരു നല്ല കാര്യവും പിന്നെ ചെയ്യാം എന്നുള്ള മടി പാടില്ല. മറ്റൊന്ന്, ഒരു പാപകര്‍മ്മത്തിന്റെ സാധുതയെ പറ്റി സ്വയം ചോദിയ്ക്കണം. ഉത്തരം കണ്ടെത്തണം. ശൂര്‍പ്പണഖ പറഞ്ഞതു കേട്ട് എടുത്തു ചാടി സീതാപഹരണം നടത്തേണ്ടതില്ലായിരുന്നു. 

രാവണന്‍ ക്ഷീണിതനായിക്കൊണ്ടിരുന്നു. രാമപാദങ്ങളില്‍ കണ്ണു നട്ട് ആ ശരീരം ചേതനയറ്റു.

കുറിപ്പ്:
വിവര്‍ത്തനങ്ങളില്‍
, മൃത്യുബാണം നാഭിയില്‍ കൊണ്ടാലേ രാവണന്‍ മരിയ്ക്കൂ എന്നാണു വിഭീഷണന്‍ രാമനെ ധരിപ്പിയ്ക്കുന്നത്. പക്ഷെ, ബാണം കൊള്ളുന്നതു നെഞ്ചിലാണ് എന്നു പിന്നീടു പറയുന്നു. നാഭിയില്‍ കൊണ്ടു എന്ന പാഠഭേദമാണു സ്വീകാര്യം.


വിഭീഷണാഭിഷേകം

ദേവലോകത്തു ജയധ്വനി മുഴങ്ങി. ദേവകള്‍ ആനന്ദസാഗരത്തില്‍ ആറാടി.

രാവണന്റെ മൃതദേഹം കെട്ടിപ്പിടിച്ചു വിഭീഷണന്‍ കരഞ്ഞു. മരണത്തിലേയ്ക്കു നയിച്ച പല കാര്യങ്ങളും കാരണങ്ങളും പറഞ്ഞു വിലപിച്ചു. ഒരു പരിഭവവും: ഇഷ്ടദേവനായ ശിവന്‍ പോലും ഒടുവില്‍ സഹായിച്ചില്ല.

രാമന്‍ വിഭീഷണന്റെ ദുഃഖം മനസ്സിലാക്കി: ത്രിലോകങ്ങളും ജയിച്ചു. സുഖങ്ങളെല്ലാം ആസ്വദിച്ചു. എന്റെ ബാണമേറ്റു മരിച്ചതിനാല്‍ സ്വര്‍ഗ്ഗം ലഭിച്ചു.

മണ്ഡോദരിയും മറ്റുള്ള സ്ത്രീകളും വന്നു.

മണ്ഡോദരി രാവണന്റെ തല മടിയില്‍ വച്ചു. അടക്കാനാവാത്ത ദുഃഖത്താല്‍ അലമുറയിട്ടു കരഞ്ഞു പറഞ്ഞു: സീത എന്ന കാളസര്‍പ്പത്തെ അങ്ങെന്തിനു കൊണ്ടു വന്നു? ശിവനും പാര്‍വ്വതിയും എന്തു സഹായം ചെയ്തു? ലങ്കാപുരി തകര്‍ന്നു. പതിയും പുത്രന്മാരും നഷ്ടപ്പെട്ട ഞാന്‍ എന്തിനു ജീവിച്ചിരിയ്ക്കണം?.........

വിഭീഷണന്‍ സാന്ത്വനവാക്കുകള്‍ പറഞ്ഞു. മണ്ഡോദരിയോട് അന്തഃപുരത്തിലേയ്ക്കു പോകാന്‍ അപേക്ഷിച്ചു.

മണ്ഡോദരിയ്ക്കു രാമനെ കാണണം. പടകുടീരത്തിലിരുന്ന രാമനെ ചെന്നു കണ്ടു വന്ദിച്ചു. പെട്ടെന്നു വന്നു കാലില്‍ നമിച്ചതു സീതയെന്നു കരുതി രാമന്‍ അനുഗ്രഹിച്ചു: ജന്മായതി! (സദാ സൗഭാഗ്യവതിയാകട്ടെ)

മണ്ഡോദരി സ്വയം പരിചയപ്പെടുത്തി: ജഗന്നാഥ!  ഞാന്‍ മണ്ഡോദരിയാണ്. ആരായാലും, അങ്ങയുടെ വരത്തിനു മാറ്റമുണ്ടാകില്ല. പക്ഷെ, പതി മരിച്ചവള്‍ക്ക് എന്തിനീ അനുഗ്രഹം?, മണ്ഡോദരി രാമനോടു ചോദിച്ചു.

മണ്ഡോദരി! എന്റെ വാക്കു തെറ്റില്ല. നീ സധവ1 ആയിത്തന്നെ ചിരകാലം ജീവിയ്ക്കും.

മണ്ഡോദരി വന്ദിച്ചു തിരികെ പോയി.

രാവണന്റെ വിധവകള്‍ ഉള്‍പ്പടെ എല്ലാവരും രാവണനു ബാഷ്പാഞ്ജലി അര്‍പ്പിച്ചു.

രാവണവധം രാമനില്‍ വളരെ ദുഃഖമുണ്ടാക്കി. മേലില്‍ വില്ലെടുക്കുകയില്ല എന്നു പ്രതിജ്ഞ ചെയ്തു.

സംസ്കാരച്ചടങ്ങുകള്‍ക്കായി രാവണന്റെ ശരീരം ഉയര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഹനൂമാന്‍ ഒറ്റയ്ക്കു മൃതദേഹം കടല്‍ക്കരയില്‍ കൊണ്ടു പോയി സ്നാനം നടത്തി. ബന്ധുക്കള്‍ രാജവസ്ത്രങ്ങള്‍ അണിയിച്ചു.

വിഭീഷണന്‍ സമുദ്രതീരത്തെ ചിതയ്ക്കു തീ കൊളുത്തി. രാവണന്റെ ആത്മാവു വൈകുണ്ഠം പ്രാപിച്ചു.  

സ്വര്‍ഗ്ഗത്തിലേയ്ക്കു മടങ്ങിയ മാതലിയോട് ഇന്ദ്രനെ നന്ദി അറിയിയ്ക്കാന്‍ രാമന്‍ പറഞ്ഞു. സുഗ്രീവനെയും ആലിങ്ഗനം ചെയ്തു നന്ദി പറഞ്ഞു.

വിഭീഷണന്റെ കിരീടധാരണച്ചടങ്ങുകള്‍ രാമന്റെ നേതൃത്വത്തില്‍ നടന്നു. വിഭീഷണനെ ലങ്കയുടെ ചക്രവര്‍ത്തിയായി രാമന്‍ പ്രഖ്യാപിച്ചു. ചെങ്കോല്‍ നല്‍കി. മണ്ഡോദരിയെ രാജപത്നിയായി നല്‍കി ആശീര്‍വദിച്ചു.

രാമന്‍ മണ്ഡോദരിയോടു പറഞ്ഞു: രാജപത്നിയുടെ എല്ലാ കടമകളും കര്‍മ്മങ്ങളും നിറവേറ്റണം. 

മണ്ഡോദരി വിഭീഷണപത്നിയായി. 

അശോകവനത്തിലെ ശിംശപാവൃക്ഷചുവട്ടില്‍ രാമധ്യാനത്തില്‍ മുഴുകിയിരുന്ന സീതാദേവിയുടെ മുമ്പില്‍ ഹനൂമാന്‍ വന്നു.

എല്ലും തോലുമായി മാറിയ രാമപത്നി! വണങ്ങിയ ശേഷം ഹനൂമാന്‍ പറഞ്ഞു: അമ്മേ, രാവണനെ രാമദേവന്‍ വധിച്ചു. അതറിയിക്കാന്‍ അദ്ദേഹം എന്നെ പറഞ്ഞയച്ചതാണ്.

ആഹ്ലാദം കാരണം സീതാദേവിയ്ക്കു വാക്കുകള്‍ പുറത്തു വന്നില്ല. ഒടുവില്‍ ഹനൂമാനോടു പറഞ്ഞു: ഈ സദ്‌വാര്‍ത്ത നല്‍കിയ നിന്നെ രാജാവാക്കിയാലും മതിയാവില്ല

എനിയ്ക്കെന്തിനു രാജ്യം? അമ്മ ഒരു കാര്യം അനുവദിയ്ക്കുക. അമ്മയെ ഉപദ്രവിച്ച നിശാചരികളെ എനിയ്ക്കു വധിയ്ക്കണം.

സ്ത്രീവധം പാപമാണ്. അതു ചെയ്യേണ്ട, സീത പറഞ്ഞു. 

മടങ്ങി വന്ന ഹനൂമാന്‍ രാമനെ വണങ്ങി ദൗത്യനിര്‍വ്വഹണം അറിയിച്ചു.

 

കുറിപ്പ്:

1 .ഭര്‍ത്താവുള്ളവള്‍


സീതാരാമസമാഗമം

രാമന്‍ വിഭീഷണനോടു സീതയെ കൊണ്ടുവരാന്‍ പറഞ്ഞു. സ്വര്‍ണ്ണപ്പല്ലക്കുമായി ലങ്കാചക്രവര്‍ത്തി സീതയുടെ അടുത്തെത്തി. ലോകമാതാവിനെ വണങ്ങി. ഉടന്‍ നേരിട്ടു രാമനെ കാണണം എന്നു സീത പറഞ്ഞെങ്കിലും സീതയുടെ വസ്ത്രങ്ങള്‍ മുഷിഞ്ഞിരുന്നതിനാല്‍ സീതയുടെ കൂട്ടുകാരി സരമ അവരെ സ്നാനം ചെയ്യിച്ച് അണിയിച്ചൊരുക്കി. മുടിയില്‍ പുഷ്പങ്ങള്‍ തിരുകി.

രാജസഭയിലാണ് രാമന്‍ ഇരിയ്ക്കുന്നത്. സന്തോഷം കൊണ്ടു തുളുമ്പുന്ന മനസ്സോടെ അതിമനോഹരിയായ സീത പല്ലക്കില്‍ കയറി. 

അപ്പോള്‍ മണ്ഡോദരി അവിടെ വന്നു തൊഴുതു.

ഈ സന്തോഷം അധികം നീണ്ടു നില്‍ക്കുകയില്ല. ദേവി കാരണം ഇവിടെ എത്ര പേരു വിധവയായി? രാമന്‍ എന്നും ദേവിയെ സംശയത്തോടെ നോക്കും, മണ്ഡോദരി പറഞ്ഞു. ഞാന്‍ ധര്‍മ്മപത്നിയെങ്കില്‍ എന്റെ വാക്കു പാഴാവുകയില്ല. 

വിഭീഷണന്‍ പല്ലക്കിന്റെ മുന്നില്‍ നടന്നു. വഴിയില്‍ വച്ചു വിധവകളായ അസുരസ്ത്രീകളും മണ്ഡോദരിയുടെ ശാപം ആവര്‍ത്തിച്ചു.

സഭയ്ക്ക് അടുത്തു വച്ചു സീതാദേവി പല്ലക്കില്‍ നിന്ന്‍ ഇറങ്ങി.

കാണാന്‍ തിരക്കു കൂട്ടിയ വാനരരെ വിഭീഷണന്‍ നിയന്ത്രിച്ചു. അപ്പോള്‍ രാമന്‍ വിഭീഷണനോടു കയര്‍ത്തു പറഞ്ഞു: എല്ലാവരും കാണട്ടെ. സീത എല്ലാവര്‍ക്കും മാതാവാണ്. മോചിപ്പിച്ചവര്‍ കാണട്ടെ. പാതിവ്രത്യം പതിവ്രത സ്വയം കാത്തുസൂക്ഷിയ്ക്കുന്നതാണ്. 

രാമവാക്യത്തില്‍ ഒരു പരീക്ഷണത്തിന്റെ ധ്വനിയുണ്ടെന്നു ഹനൂമാനു മനസ്സിലായി.  

സഭയിലേയ്ക്കു നടക്കുന്ന സീതാദേവിയുടെ സൗന്ദര്യം കണ്ടവര്‍ അമ്പരന്നു. ഇതു ലക്ഷ്മിയോ? കാര്‍ത്ത്യായനിയോ? അതോ ഗായത്രിയോ അരുന്ധതിയോ?

പത്തു മാസങ്ങള്‍ക്കു ശേഷം രാമചന്ദ്രദേവനും സീതാദേവിയും പരസ്പരം കണ്ടു! സീത രാമപാദങ്ങളില്‍ വീണു നമസ്കരിച്ചു. ലക്ഷ്മണന്‍ ദേവിയെ തൊഴുതു. ലക്ഷ്മണനോടു വാത്സല്യഭാവേന കുശലം പറഞ്ഞു. ദേവി സഭയെ വന്ദിച്ചു.

കഴിഞ്ഞ പത്തു മാസമായി നിങ്ങള്‍ എങ്ങനെ ജീവിച്ചു എന്ന്‍ എനിയ്ക്കറിയില്ല, രാമന്‍ പറഞ്ഞു. ത്രിലോകങ്ങളിലും അപകീര്‍ത്തി ഉണ്ടായിരിയ്ക്കുന്നു. ഈ അവസ്ഥയില്‍ എനിയ്ക്കു നിങ്ങളെ പത്നിയായി സ്വീകരിക്കാന്‍ പറ്റുകയില്ല. നിങ്ങള്‍ക്ക് ആരുടെ കൂടെ വേണമെങ്കിലും പോകാം. വേണമെങ്കില്‍ വിഭീഷണന്റെ കൂടെയാവാം. അല്ലെങ്കില്‍ സുഗ്രീവന്റെ കൂടെ.  ഭരതന്റെയോ ശത്രുഘ്നന്റെയോ ഒപ്പവും കഴിയാം. ഞാന്‍ ഭവതിയെ വീണ്ടെടുത്തില്ലായിരുന്നെങ്കില്‍ മൂന്നു ലോകവും എന്നെ കുറ്റപ്പെടുത്തുമായിരുന്നു. ആ ദുഷ്പേരു ഞാന്‍ ഒഴിവാക്കി. ഇപ്പോള്‍ ഈ സഭയുടെ മുന്‍പില്‍ വച്ചു ഞാന്‍ ഭവതിയെ പരിത്യജിച്ചിരിയ്ക്കുന്നു.

സീതാദേവി തകര്‍ന്നു പോയി. സഭ ഒന്നടങ്കം ഞെട്ടി.

ഞാന്‍ ജനകപുത്രിയാണ്. രാമപത്നിയാണ്, കണ്ണീരൊഴുക്കി ദേവി പറഞ്ഞു. അപഹരിയ്ക്കുന്ന നേരത്തു രാവണന്‍ തൊട്ടതൊഴിച്ചാല്‍ അങ്ങല്ലാതെ ആരും എന്നെ തൊട്ടിട്ടില്ല.

ദേവി കണ്ണീരൊപ്പി തുറന്നു പറഞ്ഞു: ഹനൂമാനോട് ഇതു നേരത്തേ പറഞ്ഞയച്ചിരുന്നെങ്കില്‍ അന്നേ ജീവിതം അവസാനിപ്പിയ്ക്കുമായിരുന്നു. മറ്റുള്ളവര്‍ക്കൊപ്പം പോകാന്‍ ഞാന്‍ അഭിനയക്കാരിയല്ല. വേശ്യയല്ല. സഭയുടെ മുന്നില്‍ വച്ചാണ് അങ്ങെന്നെ അപമാനിയ്ക്കുന്നത്. 

ദേവി ലക്ഷ്മണനോടു പറഞ്ഞു: ലക്ഷ്മണാ, അഗ്നികുണ്ഡം തയ്യാറാക്കൂ. ഈ അപവാദത്തില്‍ നിന്നു മോചനം വേണം. 

രാമനും പറഞ്ഞു. അഗ്നികുണ്ഡം ഉടന്‍ ഉണ്ടാക്കണം, ലക്ഷ്മണാ. സീത ദഹിച്ചു പോകുന്നങ്കില്‍ പോകട്ടെ. ദുഷ്പേരു മാറട്ടെ.


അഗ്നിപരീക്ഷ

അഗ്നികുണ്ഡം തയ്യാറായി. അഗ്നിനാളങ്ങള്‍ ആകാശത്തേയ്ക്കുയര്‍ന്നു.

സീതാദേവി രാമനെ ഏഴു തവണ വലം വച്ചു. അഗ്നികുണ്ഡത്തിനു മൂന്നു തവണ വലം വച്ചു.

അഗ്നിയെ കൈകൂപ്പി ദേവി പറഞ്ഞു: അഗ്നിദേവാ! മനസാ വാചാ കര്‍മ്മണാ ഞാന്‍ പരിശുദ്ധയാണെങ്കില്‍ അങ്ങ് എനിയ്ക്കു മുക്തി നല്‍കുക.

സീതാദേവി അഗ്നികുണ്ഡത്തിലേയ്ക്കു പ്രവേശിച്ചു. 

അനവധി കുംഭങ്ങളിലെ നെയ്യ് അഗ്നികുണ്ഡത്തില്‍ ഒഴിച്ചു കൊണ്ടിരുന്നു. രാമന്‍ നോക്കിയിരിയ്ക്കേ സീതാദേവി തീനാളങ്ങളില്‍ അപ്രത്യക്ഷയായി.

സീതേ! സീതേ!, പശ്ചാത്താപബോധത്തോടെ രാമന്‍ നിലവിളിച്ചു കരഞ്ഞു. അഗ്നിയില്‍ നിന്നു പുറത്തു വരൂ.

നിലത്തു വീണുരുണ്ടു വിലപിച്ചു. സീതേ! നീയില്ലാതെ എനിക്കെന്തു ജീവിതം? എനിയ്ക്കിനി അയോദ്ധ്യാചക്രവര്‍ത്തി ആകേണ്ട. ദശാനനായ രാവണനെ വധിച്ചാണു നിന്നെ തിരികെ നേടിയത്! സീതേ! അഗ്നിയില്‍ എരിഞ്ഞു നീ ചാരമായല്ലോ!

ലക്ഷ്മണനും ദേവകളും കരഞ്ഞു. വാനരപ്രവരര്‍ കരഞ്ഞു.

ഹനൂമാന്‍ ലക്ഷ്മണനോടു പറഞ്ഞു: കരയരുത്. എനിയ്ക്കറിയാം ദേവി മരിയ്ക്കുകയില്ലെന്ന്.

ദേവകള്‍ വിളിച്ചു പറഞ്ഞു : രാമാ, കരയരുത്.  ദേവി തിരികെ വരും. 

ബ്രഹ്മാവും ഇന്ദ്രനും വരുണനും യമനും കുബേരനും അഗ്നിയും വന്നു. രാമനെ തൊഴുതു.

ബ്രഹ്മാവു രാമന്റെയും സീതയുടെയും അവതാരപശ്ചാത്തലം രാമനെ ഓര്‍മ്മിപ്പിച്ചു. അങ്ങ് ആരു പറഞ്ഞിട്ടാണു അഗ്നിപ്രവേശം അനുവദിച്ചത്? സീതാദേവിയ്ക്കു മരണമില്ല.  

പക്ഷെ, ഇതെന്റെ മനുഷ്യജന്മമാണ്. മനുഷ്യനെ പോലെയാണു ജീവിയ്ക്കുന്നത്, രാമന്‍ മറുപടി പറഞ്ഞു.

ബ്രഹ്മാവ്‌ അതു വരെയുള്ള നാരായണാവതാരങ്ങളെ പറ്റി രാമനോടു പറഞ്ഞിട്ടു ചോദിച്ചു: ലക്ഷ്മീദേവിയായ സീതയെ അഗ്നിയില്‍ അയച്ചത് എന്തിനാണ്? എന്തിനാണു മനുഷ്യനെ പോലെ പ്രവര്‍ത്തിച്ചത്? അങ്ങു ദേവന്മാരുടെ ദേവനാണ്. എന്തിനു കരയുന്നു? സീതയെ തിരികെ കിട്ടും. 

രാമന്‍ വിലാപം തുടര്‍ന്നു. മൂര്‍ച്ഛിച്ചു വീണു. 

ഒടുവില്‍ ബ്രഹ്മാവ്‌ അഗ്നിദേവനോടു പറഞ്ഞു: അഗ്നിയിലേയ്ക്കിറങ്ങി സീതാദേവിയെ കൊണ്ടുവരൂ.

അഗ്നിദേവന്‍ അഗ്നികുണ്ഡത്തില്‍ പ്രവേശിച്ചു. സീതാദേവിയുമായി ഉയര്‍ന്നു. ദേവിയെ രാമന്റെ പാദങ്ങളില്‍ സമര്‍പ്പിച്ചു.

അഗ്നിദേവന്‍ പറഞ്ഞു. ഞാന്‍ പാപപുണ്യങ്ങളുടെ സാക്ഷിയാണ്. സീതാദേവി പരിശുദ്ധയാണ്. ഈ സതീരത്നത്തെ സ്പര്‍ശിച്ചതിനാല്‍ എന്റെ ജന്മം സഫലമായി. ഇനി അങ്ങു സീതയെ ദുഃഖിപ്പിയ്ക്കരുത്. സീതാചരിതം കേള്‍ക്കുന്നവര്‍ പോലും പുണ്യമുള്ളവരാകും. ദേവി ശപിച്ചാല്‍ അയോദ്ധ്യ ഭസ്മമാകും..

അഗ്നിദേവന്‍ സ്വസ്ഥാനത്തു പോയി ഇരുന്നു. അഗ്നികുണ്ഡം അണഞ്ഞു.

സീതാദേവിയുടെ വസ്ത്രങ്ങള്‍ക്ക് തീനാളമേറ്റിട്ടില്ല. ചൂടിയിരുന്ന പൂക്കള്‍ പോലും തീയേറ്റു വാടിയിട്ടില്ല.

സീതയും രാമനും വീണ്ടും ഒന്നിച്ചു.

 

സ്വര്‍ഗ്ഗത്തിലായിരുന്ന ദശരഥന്‍ ദിവ്യരഥത്തില്‍ വന്നു ചേര്‍ന്നു.

ബ്രഹ്മാവു പറഞ്ഞു: അങ്ങയുടെ പിതാവിനെ നമിയ്ക്കൂ. ഇനി അയോദ്ധ്യയ്ക്കു മടങ്ങണം. രാജ്യപാലനം തുടങ്ങണം. ലോകത്തിനു പുണ്യം വരുത്തണം

രാമനും സീതയും ലക്ഷ്മണനും മറ്റെല്ലാവരും ദേവരൂപം സിദ്ധിച്ച ദശരഥനെ നമസ്കരിച്ചു. ദശരഥന്‍ മക്കള്‍ക്കും സീതാദേവിയ്ക്കും ഉപദേശങ്ങള്‍ നല്‍കി.

അദ്ദേഹം എല്ലാവരെയും അനുഗ്രഹിച്ചു സ്വര്‍ഗ്ഗത്തിലേയ്ക്കു മടങ്ങി.

 

വിഭീഷണന്റെ സല്‍ക്കാരം

രാവണവധത്തില്‍ സന്തുഷ്ടനായ ഇന്ദ്രന്‍ രാമനോട് എന്തു വരം വേണമെന്നു ചോദിച്ചു.

മരിച്ച വാനരന്മാര്‍ക്കു ജീവന്‍ നല്‍കണം, രാമന്‍ ആവശ്യപ്പെട്ടു.

ഇന്ദ്രന്‍മേഘങ്ങളില്‍ നിന്ന്‍ അമൃതു വര്‍ഷിച്ച് അവര്‍ക്കു ജീവന്‍ നല്‍കി.

അമൃതവര്‍ഷം നടത്തിയപ്പോള്‍ അസുരന്മാര്‍ ഉയര്‍ത്തെഴുന്നേറ്റില്ല. അതെന്താണ്? രാമന്‍ ചോദിച്ചു.

മരിച്ച അസുരന്മാര്‍ രാമനാമം പറഞ്ഞു കൊണ്ടിരുന്നു. മരിച്ചപ്പോഴേ സ്വര്‍ഗ്ഗത്തിലെത്തി. മരിച്ച വാനരന്മാരെല്ലാം രാക്ഷസനാമങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. ഇന്ദ്രന്‍ പറഞ്ഞു.

ജീവന്‍ വച്ചു വന്ന വാനരര്‍ യുദ്ധം തീര്‍ന്ന കാര്യം അറിയാതെ സമരകാഹളം മുഴക്കി പോരിനിറങ്ങി. കുംഭകര്‍ണ്ണാ... മേഘനാദാ..... അവര്‍ അലറി വെല്ലുവിളി നടത്തി. രാവണന്‍ വധിയ്ക്കപ്പെട്ടതും വിഭീഷണന്‍ രാജാവായതും സീതയെ തിരികെ കിട്ടിയതും അവരെ പറഞ്ഞു മനസ്സിലാക്കിയതോടെ അവര്‍ അടങ്ങി.

ദേവകളെല്ലാം മടങ്ങി.

രാത്രി ചിലവഴിയ്ക്കാന്‍ സീതയ്ക്കും രാമനും വിഭീഷണന്‍ ഒരു കനകസൗധം ഒരുക്കി.

നിന്നെ വേര്‍പിരിയാന്‍ എനിയ്ക്കു കഴിയില്ല. നീയാണെന്റെ ധനം, നീയാണെന്റെ പ്രാണന്‍, രാമന്‍ സീതയോടു പറഞ്ഞു. രാത്രി മുഴുവന്‍ അവര്‍ വിരഹകഥകള്‍ കൈമാറി ദുഃഖമകറ്റി.

പ്രഭാതത്തില്‍ വിഭീഷണന്‍ വന്നു രാമനോടു പറഞ്ഞു: അങ്ങ് ആഹാരം കഴിച്ചിട്ടില്ല. അങ്ങയുടെ വസ്ത്രങ്ങള്‍ മലിനമായിരിയ്ക്കുന്നു. അതു വൃത്തിയാക്കണം. എല്ലാം ഞാന്‍ ഏര്‍പ്പാടാക്കാം. ധാരാളം പരിചാരികമാര്‍ ഇവിടെയുണ്ട്. അവര്‍ കസ്തൂരിയും സുഗന്ധലേപനവുമായി വരും..

രാവണന്‍ തട്ടിക്കൊണ്ടു വന്ന വിദ്യാധരികള്‍ ധാരാളം കൊട്ടാരത്തില്‍ ഉണ്ടായിരുന്നു.

വേണ്ട, രാമന്‍ പറഞ്ഞു. പരപത്നികളെ നോക്കുകയില്ല. സ്പര്‍ശിയ്ക്കുകയില്ല. ഒരു കോടി ദേവകന്യകള്‍ വന്നാലും അവര്‍ സീതയ്ക്കു തുല്യരാവില്ല. വസ്ത്രങ്ങള്‍ മാറുന്നത് അയോദ്ധ്യയില്‍ ചെന്നു ഭരതനെ ആലിങ്ഗനം ചെയ്തതിനു ശേഷം. അതിനു ശേഷം മാത്രം ചന്ദനസുഗന്ധലേപനവും

വിഭീഷണനോടു വാനരന്മാരുടെ ത്യാഗത്തെ ഓര്‍മ്മിപ്പിച്ചു: വാനരന്മാരോട് എനിക്കു കടപ്പാടുണ്ട്. അവര്‍ കാരണമല്ലേ നീയും രാജാവായത്? അവരെ സന്തോഷിപ്പിയ്ക്കൂ.

പിറ്റേന്ന്‍ അയോദ്ധ്യായാത്രയ്ക്ക് ഒരുക്കങ്ങള്‍ നടത്താനും വിഭീഷണനോടു പറഞ്ഞു.

വിഭീഷണന്റെ നിര്‍ദ്ദേശമനുസരിച്ചു വാനരന്മാര്‍ക്കു സര്‍വ്വസുഖവും നല്‍കുന്ന കുളി ഏര്‍പ്പാടാക്കി. സുന്ദരികളായ വിദ്യാധരികള്‍ ദിവ്യമായ നാരായണതൈലവും സുഗന്ധലേപനങ്ങളും കൊണ്ടു വന്നു. കുളി കഴിഞ്ഞു സുഗന്ധലേപനങ്ങള്‍ പുരട്ടി. പിന്നെ വിപുലമായ സല്‍ക്കാരം നല്‍കി.

അന്നു രാത്രി സ്വര്‍ണ്ണക്കട്ടിലുകളില്‍ കിടന്ന ഓരോ വാനരനെയും പരിചരിയ്ക്കാന്‍ പത്തു വീതം ദേവസുന്ദരിമാര്‍ വന്നു. എല്ലാം രാവണന്‍ തട്ടിക്കൊണ്ടു വന്നവരായിരുന്നു. ആ രാത്രിയില്‍ അവര്‍ വാനരന്മാരുടേതായി.  

രാവിലെ പല വാനരന്മാര്‍ക്കും ഒരാഗ്രഹം. കഴിഞ്ഞ രാത്രിയില്‍ വന്ന വിദ്യാധരകന്യകളെ വധുക്കളായി കിട്ടണം. രാമന്‍ അതു സമ്മതിച്ചു. വിഭീഷണനും. സമ്മാനങ്ങള്‍ കൂടാതെ, ഒരോ വാനരനും ആ വിധ്യാധരകന്യകളെ വധുക്കളായി നല്‍കി.

കുബേരന്റെ ഭീമന്‍ പുഷ്പകരഥം രാമനു വേണ്ടി തയ്യാറാക്കി. ബ്രഹ്മാവിനാല്‍ സൃഷ്ടിയ്ക്കപ്പെട്ട ദിവ്യഹംസങ്ങളാണു രഥം പറത്തുന്നത്. ഒരു ദിവസം കൊണ്ട് അയോദ്ധ്യയില്‍ എത്തും.


രാമന്‍ തിരികെ അയോദ്ധ്യയില്‍

സീതയും രാമനും ലക്ഷ്മണനും രഥത്തില്‍ കയറി.

രാമന്റെ പട്ടാഭിഷേകം കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ച വിഭീഷണനും സുഗ്രീവനും ഹനൂമാനും മറ്റനേകം വാനരന്മാരും അസുരന്മാരും കൂടെ കയറി.

രഥം ആകാശയാത്ര തുടങ്ങി.

രഥത്തില്‍ സഞ്ചരിച്ചു കൊണ്ടിരുന്നപ്പോള്‍ രാമലക്ഷ്മണന്മാര്‍ താണ്ടിയ വഴികളും സ്ഥലങ്ങളും രാമന്‍ സീതയ്ക്കു കാണിച്ചു കൊടുത്തുകൊണ്ടിരുന്നു.

പലരും മരിച്ചതും പുനര്‍ജ്ജനിച്ചതുമായ യുദ്ധക്കളങ്ങള്‍. രാമനും ലക്ഷ്മണനും മൂര്‍ച്ഛിച്ചു വീണ സ്ഥലങ്ങള്‍.

സേതുവിനുമുകളില്‍ എത്തിയപ്പോള്‍ സാഗരദേവന്‍ കൈകൂപ്പി രാമനോടു പറഞ്ഞു: പ്രഭോ, ഇനി സേതുവിന്റെ ആവശ്യമില്ലല്ലോ. അത് ഇല്ലാതാക്കണം.

രഥം താഴെ ഇറങ്ങി.

പുറത്തിറങ്ങിയ ലക്ഷ്മണന്‍ ഒരമ്പു കൊണ്ടു സേതു തകര്‍ത്തു തിരകെ രഥത്തില്‍ കയറി. രഥം വീണ്ടും പറന്നു.

പിന്നീടു രാമന്‍ ആഗ്രഹിച്ചതു പോലെ രഥം സേതുവിന്റെ തലയ്ക്കല്‍, കടല്‍ത്തീരത്ത് ഇറങ്ങി. അവിടെ ലക്ഷ്മണന്‍ മണല്‍ കൊണ്ട് ഒരു ശിവലിങ്ഗമുണ്ടാക്കി. ഈ സ്ഥലമാണു രാമേശ്വരം. സീതയും രാമനും ശിവപൂജ നടത്തിയ ശേഷം യാത്ര തുടര്‍ന്നു.

കിഷ്കിന്ധ ചൂണ്ടിക്കാണിച്ചപ്പോള്‍ സീതാദേവി പറഞ്ഞു: ഇവിടെ വച്ചാണു രാവണന്‍ എന്റെ മുടിയില്‍ പിടിച്ചു വലിച്ചത്.

രാവണനു പതിന്നാലു യുഗങ്ങളുടെ ആയുസ്സുണ്ടായിരുന്നു, രാമന്‍ പറഞ്ഞു. മുടിയില്‍ വലിച്ചതു കാരണം അല്‍പായുസ്സായി.

പമ്പാസരസ്സും പഞ്ചവടിയും ജടായു വീണ സ്ഥലവും മുനികളുടെ പര്‍ണ്ണശാലകളും...അങ്ങനെ പലതും സീത കണ്ടു. രഥം വേഗത്തില്‍ പറന്നു കൊണ്ടിരുന്നു. അയോദ്ധ്യ അടുക്കാറായി. അകലെ ഗുഹകന്റെ ശൃങ്ഗിവേരവും ഭരതന്‍ പാദപൂജ ചെയ്തു ഭരണം നടത്തുന്ന നന്ദിഗ്രാമവും രാമന്‍ സീതയ്ക്കു കാണിച്ചു കൊടുത്തു.

അയോദ്ധ്യ എത്തുന്നതിനു മുമ്പു ഭരദ്വാജമഹര്‍ഷിയുടെ ആശ്രമത്തില്‍ രഥം ഇറങ്ങി.  

മഹര്‍ഷി പറഞ്ഞതു പ്രകാരം അന്ന് അവിടെ താമസിച്ചു. എല്ലാവര്‍ക്കും താമസിക്കാന്‍ വിശ്വകര്‍മ്മാവു വന്നു വീടുകള്‍ ഉണ്ടാക്കി. മഹര്‍ഷിയുടെ തപോശക്തിയാല്‍ എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമായി.

ഭരതന്‍ ഇപ്പോഴും ജടാധാരിയായി പാദുകപൂജ നടത്തി രാജ്യം ഭരിയ്ക്കുന്നു, ഭരദ്വാജമുനി പറഞ്ഞു. നാരദനുമുനിയും വസിഷ്ഠമുനിയും സഹായത്തിനുണ്ട്.

അടുത്ത ദിവസം രാവിലെ രാമന്റെ നിര്‍ദ്ദേശപ്രകാരം ഹനൂമാന്‍ അയോദ്ധ്യയ്ക്കു പോയി. പോകുന്ന വഴിയ്ക്കു മനുഷ്യരൂപം ധരിച്ചു ഗുഹകനെ സന്ദര്‍ശിച്ചു. രാമന്‍ ഭരദ്വാജമുനിയുടെ ആശ്രമത്തിലുള്ള കാര്യം അറിയിച്ചു. ഗുഹകന്‍ പരിവാരവുമായി ആശ്രമത്തിലേയ്ക്കു പോയി. പഴയ സുഹൃത്തുക്കള്‍ കണ്ടുമുട്ടി. രാമാനുഗ്രഹത്താല്‍ ഗുഹകനും സര്‍വ്വചണ്ഡാളരും ദേവലോകത്തു ചെന്നു ചേര്‍ന്നു.

ഹനൂമാന്‍ സ്വന്തരൂപത്തില്‍ നന്ദിഗ്രാമത്തില്‍ എത്തി. അതിമനോഹരമായ ഒരു ചെറുനഗരം!

ഭരതനെ കൊട്ടാരത്തില്‍ പോയി കണ്ടു. വിഷ്ണുവിന്റെ അവതാരമായ ഭരതനെ ഹനൂമാന്‍ തൊഴുതു. രാമദൂതന്‍ സ്വയം പരിചയപ്പെടുത്തി1. രാമപാദുകം വച്ചിരിയ്ക്കുന്ന സിംഹാസനത്തിനു സമീപം നിലത്തിരിയ്ക്കുകയായിരുന്നു മെലിഞ്ഞുണങ്ങിയ  ഭരതന്‍. 

കുറിപ്പ്:

1 ഹനൂമാന്‍ ഗന്ധമാദനത്തില്‍ നിന്നു വരുമ്പോള്‍ അയോദ്ധ്യയില്‍ വച്ചു ഭരതശത്രുഘ്നന്മാരെ കാണുകയുണ്ടായി. ഇവിടെ ഹനൂമാന്‍ വീണ്ടും സ്വയം പരിചയപ്പെടുത്തുന്നു!


രാമന്‍ നന്ദിഗ്രാമത്തില്‍

രാമന്‍ വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഭാരതന് അതിരറ്റ സന്തോഷമുണ്ടായി1. ശത്രുഘ്നനെ വിളിച്ചു വരുത്തി സന്തോഷവാര്‍ത്ത അറിയിച്ചു. ഹനൂമാനു പല രത്നങ്ങളും കനകമാലകളും ആയിരത്തിയൊന്നു കന്യകമാരെയും സമ്മാനമായി നല്‍കി.

ബ്രഹ്മചാരിയായ ഹനൂമാന്‍ പറഞ്ഞു: ഇതെല്ലാം എനിക്ക് ആവശ്യമില്ലാത്തതാണ്. രാമനു മങ്ഗളം ഭവിയ്ക്കുന്നതു മാത്രം കണ്ടാല്‍ മതി.

രാവണവധവും വിഭീഷണന്റെ പട്ടാഭിഷേകവും വരെയുള്ള സംഭവങ്ങള്‍ ഹനൂമാന്‍ വിവരിച്ചു. രാമന്‍ ഭരദ്വാജമഹര്‍ഷിയുടെ ആശ്രമത്തില്‍ തങ്ങിയിരിയ്ക്കുന്നു. ഉടന്‍ അവിടെ നിന്ന് ഇങ്ങോട്ടു യാത്രയാവും. ഭരതന്‍ പറഞ്ഞതനുസരിച്ചു ശത്രുഘ്നന്‍ നന്ദിഗ്രാമം അലങ്'കരിച്ചു. വാദ്യഘോഷങ്ങള്‍ തുടങ്ങി. ക്ഷേത്രങ്ങളില്‍ ദീപങ്ങള്‍ തെളിഞ്ഞു. പൂജാഭിഷേകങ്ങള്‍ ആരംഭിച്ചു.

ജനങ്ങള്‍ രാമനെ കാണാനായി തടിച്ചു കൂടി. അന്ധര്‍ക്കു കാഴ്ച കിട്ടി. പുഷ്പങ്ങള്‍ വിരിഞ്ഞു നിന്നു. പഴങ്ങളുടെ കാലമല്ലായിരുന്നെങ്കിലും വൃക്ഷങ്ങളില്‍ കായ്കനികള്‍ നിറഞ്ഞു. പക്ഷിമൃഗജാലങ്ങള്‍ പോലും രാമനെ കാത്തു നിന്നു.

ഭരതന്‍ ഭക്തിപൂര്‍വ്വം തലയില്‍ രാമപാദുകമെടുത്തു വച്ചു. വസിഷ്ഠമുനിയെയും ശത്രുഘ്നനെയും കൂട്ടി രാമനെ സ്വീകരിയ്ക്കാന്‍ നന്ദിഗ്രാമത്തില്‍ കാത്തു നിന്നു.

പുഷ്പകരഥം താണിറങ്ങി.

പതിന്നാലു സംവത്സരങ്ങള്‍ക്കു ശേഷം രാമന്‍, ലക്ഷ്മണന്‍, സീത ഇവര്‍ സ്വന്തം നഗരിയില്‍ വന്നു ചേര്‍ന്നു.

ഭരതശത്രുഘ്നന്മാര്‍ രാമനെയും സീതയെയും നമസ്കരിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങള്‍ ഒരുമിച്ചു. അവര്‍ പരസ്പരം ആശ്ലേഷിച്ചു. ആ രങ്ഗം കണ്ട ദേവകള്‍, വിഷ്ണുവിന്റെ നാല് അവതാരങ്ങളെ ഒരുമിച്ചു കണ്ട സന്തോഷത്താല്‍, ആകാശത്തു നിന്നു പൂക്കള്‍ വിതറി.

പുറത്തിറങ്ങിയ സീതയും രാമാദികളും കുലഗുരു വസിഷ്ഠനെയും പുരോഹിതരെയും വന്ദിച്ചു.

നന്ദിഗ്രാമത്തിലെ ജനങ്ങളും സര്‍വ്വജീവജാലങ്ങളും രാമന്റെ വരവു ഭക്തിയോടെ കണ്ടു.

രാമന്റെ ആഗ്രഹപ്രകാരം വാനരന്മാര്‍ മനുഷ്യരൂപം കൈക്കൊണ്ടു.

സീതയും രാമനും ലക്ഷ്മണനും അമ്മമാരെ കാണാന്‍ പോയി.

കൗസല്യാദേവിയെ വന്ദിച്ച ശേഷം സുമിത്രാദേവിയെ കണ്ടു വന്ദിച്ചു. രാമന്‍ ലക്ഷ്മണനെ സുമിത്രയുടെ കൈകളില്‍ ഏല്‍പിച്ചു: ഏല്പിച്ചതു പോലെ തന്നെ മകനെ തിരികെ തരുന്നു.

ലക്ഷ്മണന്റെ മാറിടത്തിലെ മുറിപ്പാടു കണ്ട സുമിത്ര അത് എന്താണെന്നു ചോദിച്ചു. രാവണന്റെ വേല്‍ കൊണ്ട കഥ രാമന്‍ പറഞ്ഞു.  

മരത്തോണിയെ പൊന്‍തോണിയാക്കിയ രാമപാദം ആ നെഞ്ചില്‍ പതിയാഞ്ഞതെന്താണ്? ആ പാടു മായുമായിരുന്നു, സുമിത്രയുടെ ചോദ്യം.

രാമന് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.

ഭരതന്‍ രാമപാദുകങ്ങള്‍ രാമന്റെ കാല്‍ക്കല്‍ വച്ചു. പതിന്നാലു വര്‍ഷത്തോളം നഗ്നപാദനായി ജീവിച്ച രാമന്‍ അതു ധരിച്ചു.

പാദുകപൂജക്ക് അവസാനമായി.

രാമന്‍ കൈകേയിയെ കാണാന്‍ പോയി. രാമന്‍ വരില്ല എന്ന ഭയത്തിലായിരുന്നു കൈകേയി. വന്നില്ലെങ്കില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനും തീരുമാനിച്ചിരുന്നു.

അമ്മേ, അവിടുത്തെ അനുഗ്രഹത്താല്‍ ചെയ്യേണ്ട പല കര്‍മ്മങ്ങളും ചെയ്തു തിരികെ വന്നിരിയ്ക്കുന്നു, രാമന്‍ കൈകേയിയെ വന്ദിച്ചു പറഞ്ഞു.

കൈകേയി പറഞ്ഞു: രാമാ, നീ സാക്ഷാല്‍ മഹാവിഷ്ണുവാണെന്ന് എല്ലാവര്‍ക്കും അറിയാം. നടന്നതൊക്കെ വിധി പോലെ. ഇപ്പോഴും ഞാന്‍ പഴി കേള്‍ക്കുന്നു. നീ സര്‍വ്വവും അറിയുന്ന നാരായണനല്ലേ? ദേവഹിതപ്രകാരമുള്ള നീക്കങ്ങളില്‍ എന്നെ ഈ അവസ്ഥയിലാക്കിയതും നീ തന്നെയല്ലേ?

നടന്നതെല്ലാം വിധിപ്രകാരം ആണമ്മേ! അമ്മ വിഷമിക്കേണ്ട. അമ്മയുടെ അനുഗ്രഹത്താല്‍ വനത്തിലെ എല്ലാ പ്രശ്നങ്ങളും തരണം ചെയ്തു. ലക്ഷ്മണന്റെയും സീതയുടെയും സ്നേഹവും മൂല്യവും അറിഞ്ഞു.

അതു വ്യാജസ്തുതി ആയിരുന്നു.

രാമന്‍  കൌസല്യയുടെ അടുത്തേയ്ക്കു മടങ്ങി.


പട്ടാഭിഷേകം

പിന്നീടു കൊട്ടാരത്തിന്റെ അങ്കണത്തില്‍ നന്ദിഗ്രാമത്തിലെ ജനങ്ങള്‍ വന്നു.  സേനാപതികളും വന്നു.

അപ്പോഴും നാലു സഹോദരന്മാരും താപസവേഷത്തില്‍ തന്നെ ആയിരുന്നു. സീതാദേവിയും തപോവനസ്ത്രീയുടെ വേഷത്തിലായിരുന്നു.

രാമന്‍ വാനരപ്രതിഭകളെ പരിചയപ്പെടുത്തി. ഹനൂമാന്റെ അദ്ഭുതകൃത്യങ്ങള്‍ പറഞ്ഞു കൊടുത്തു. എന്റെ  സഹോദരരില്‍ ഏറ്റവും പ്രിയപ്പെട്ടവന്‍ ഇവനാണ്. 

ഭരതന്‍ സര്‍വ്വരും കേള്‍ക്കാനായി പറഞ്ഞു: രാജ്യം ഭരിക്കാനുള്ള കഴിവ് എനിയ്ക്കില്ല. ഇതു വരെ ഞാന്‍ അതു രാമനാമത്തില്‍ ചെയ്യുകയായിരുന്നു. ഞാന്‍ രാജ്യഭാരം കയ്യൊഴിയുന്നു. മഹാപ്രഭുവായ രാമന്‍ രാജാവായി ഭരിയ്ക്കട്ടെ.

രാമന്‍ ഭരതനെ അനുഗ്രഹിച്ചു. 

ഒരു ശുഭമുഹൂര്‍ത്തത്തില്‍ നാലു സഹോദരന്മാരുടെയും ജട മുറിച്ചു. അതോടെ അവരുടെ താപസജീവിതം ആചാരപരമായി അവസാനിച്ചു. രാമന്‍ പോയ ദുഃഖത്തില്‍ താപസവേഷം ധരിച്ചിരുന്ന എല്ലാ അയോദ്ധ്യാവാസികളും സാധാരണവേഷം ധരിച്ചു. 

സുഗന്ധജലത്തില്‍ രാമനും സഹോദരരും കുളിച്ചു. രാജവസ്ത്രങ്ങളും അനുയോജ്യമായ ആഭരണങ്ങളും ധരിച്ചു.

സീതയെ അമ്മമാര്‍ കുളിപ്പിച്ച് ഒരുക്കി. പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ചു.

കൗസല്യാദേവി അവര്‍ക്കു ഭക്ഷണം നല്‍കി. 

പിറ്റേന്ന് അയോദ്ധ്യായാത്രയാണ്.

രാജകീയവസ്ത്രങ്ങള്‍ ധരിച്ചു ശോഭിച്ച നാലു നാരായണാവതാരങ്ങളെയും  മഹാലക്ഷ്മിയായ സീതാദേവിയെയും കൊണ്ടുള്ള രഥഘോഷയാത്ര കാണാന്‍ നന്ദിഗ്രാമത്തിലെ ജനങ്ങള്‍ അണി നിരന്നു.

സുമന്ത്രര്‍ തേരുമായി വന്നു.

ശ്രീരാമചന്ദ്രന്‍ തേരില്‍ കയറി ഇരുന്നു.

ഭരതന്‍ തേരാളി ആയി.

ലക്ഷ്മണന്‍ ചാമരം വീശി.

ശത്രുഘ്നന്‍ ആലവട്ടം പിടിച്ചു.

ഘോഷയാത്ര അയോദ്ധ്യയിലേയ്ക്കു നീങ്ങി. ബന്ധുജനങ്ങളും മറ്റുള്ളവരും രാമരഥത്തെ അനുഗമിച്ചു. അസുലഭമായ ദിവ്യദര്‍ശനം.  

അയോദ്ധ്യയിലെ ജനങ്ങള്‍ക്കും അതു കണ്ണിനു വിരുന്നായി. രാമനും സീതയും ലക്ഷ്മണനും പതിന്നാലു വര്‍ഷത്തിനു ശേഷം കൊട്ടാരത്തില്‍ തിരിച്ചെത്തി. വാനരന്മാര്‍ക്കും അസുരന്മാര്‍ക്കും പാര്‍പ്പിടങ്ങള്‍ തയ്യാറാക്കി. 

പിറ്റേന്നു രാമനും സീതയ്ക്കും ഉപവാസമായിരുന്നു. കാരണം പട്ടാഭിഷേകം അതിനടുത്ത ദിവസം ഉണ്ടാവുമെന്നു ഭരതന്‍ വിളംബരം ചെയ്തിരുന്നു. 

പട്ടാഭിഷേകദിനമായി.

നാലു സമുദ്രങ്ങളില്‍ നിന്നുള്ള ജലം വേണം.

നൂറു കണക്കിനു യോജനകള്‍ അകലെയാണു സമുദ്രങ്ങള്‍. 

സുഗ്രീവാജ്ഞ കേട്ടു പൂര്‍വ്വസമുദ്രത്തില്‍ നിന്നും നീലന്‍ ജലം കൊണ്ടുവന്നു. പശ്ചിമസമുദ്രത്തില്‍ നിന്നു ജാംബവാന്‍. ദക്ഷിണസമുദ്രത്തില്‍ നിന്നു നളന്‍. ആയിരം യോജന അകലെയുള്ള ഉത്തരസമുദ്രത്തിലെ ജലം ഹനൂമാനാണു കൊണ്ടുവന്നത്. മറ്റു വാനരര്‍ പല തീര്‍ത്ഥജലകുംഭങ്ങളും കൊണ്ടു വന്നു.

മുപ്പത്തിമുക്കോടി ദേവകള്‍ ആകാശത്തില്‍ വന്നു നിന്നു. അനവധിരാജാക്കന്മാരും മുനികളും അഭിഷേകത്തിനെത്തി.

രാമനും സീതയും കനകസിംഹാസനങ്ങളിലിരുന്നു. അഭിഷേകകര്‍മ്മം നടത്തിയതു വിഭീഷണനും സുഗ്രീവനും ചേര്‍ന്നായിരുന്നു.

ശ്രീരാമന്‍ അയോദ്ധ്യാപതിയായി.

സീതാദേവി പട്ടമഹിഷിയായി.

ബ്രഹ്മനിര്‍ദ്ദേശപ്രകാരം ദേവകന്യകള്‍ എത്തിയിരുന്നു. അവര്‍ മങ്ഗളാരതി നടത്തി. ഗാനമാലപിച്ചു. നൃത്തമാടി. ജനങ്ങള്‍ സന്തോഷിച്ചു.

ബ്രഹ്മാവ് അദൃശ്യനായി നിന്ന്‍ ഒരു സ്വര്‍ണ്ണത്താമരമാല രാമന്റെ കഴുത്തിലിട്ടു. ഇന്ദ്രനും മറ്റു ദേവകളും അയച്ച രത്നഹാരങ്ങള്‍ രാമനും സീതയ്ക്കും ചാര്‍ത്തി.

രാമന്‍ ബ്രാഹ്മണര്‍ക്കു ദാനങ്ങള്‍ നല്‍കി. മറ്റുള്ളവര്‍ക്കു പല തരം സമ്മാനങ്ങള്‍ നല്‍കി. 

ഹനൂമാനു വിഷമം. ഒരു സമ്മാനവുമില്ല. കണ്ണു നിറഞ്ഞു.

സീത കഴുത്തില്‍ നിന്ന് ഒരു രത്നഹാരം ഊരി. രാമന്റെ അനുവാദത്തോടെ അതു ഹനൂമാനു നല്‍കി. ഹനൂമാന്‍ അതു കഴുത്തിലണിഞ്ഞു.

സീതാദേവി അനുഗ്രഹിച്ചു: രാമനാമം ലോകത്ത് ഉച്ചരിയ്ക്കുന്ന കാലത്തോളം ജീവിച്ചിരിയ്ക്കുക.

പെട്ടെന്നു ഹനൂമാന്‍ ആ രത്നഹാരം കടിച്ചുപൊട്ടിച്ച് എറിഞ്ഞു. സദസ്സു സ്തബ്ധമായി.

ലക്ഷ്മണനു കോപം വന്നു. രാമനോടു ചോദിച്ചു: എന്തിനാണു കുരങ്ങന്റെ കഴുത്തിലിടാന്‍ മാല കൊടുത്തത്?

കാരണം കാണും. ഹനൂമാനോടു ചോദിക്കൂ, രാമന്‍ പറഞ്ഞു.

ലക്ഷ്മണന്‍ അതു ചോദിച്ചപ്പോള്‍ ഹനൂമാന്‍ പറഞ്ഞു: അതിന്മേല്‍ രാമനാമം ഇല്ല!

ശരീരത്തു രാമനാമമില്ലല്ലോ. അതും കളഞ്ഞുകൂടെ?: ലക്ഷ്മണന്‍ വീണ്ടും ചോദിച്ചു.

ഹനൂമാന്‍ തന്റെ നെഞ്ചു പിളര്‍ന്നു.

അസ്ഥികളില്‍ എല്ലാം രാമനാമം എഴുതിയിരിയ്ക്കുന്നു!

അങ്ങയെക്കാളും വലിയ രാമഭക്തനില്ല, ലക്ഷ്മണന്‍ ആദരവോടെ ഹനൂമാനെ അഭിനന്ദിച്ചു.

ചടങ്ങുകള്‍ കഴിഞ്ഞു. 

അടുത്തു നിന്ന വിഭീഷണനോടു രാമന്‍ നന്ദി പറഞ്ഞു: എനിയ്ക്കു സഹോദരങ്ങള്‍ നീയുള്‍പ്പടെ നാലാണ്. 

പട്ടാഭിഷേകത്തിനു ശേഷം നടന്ന വിരുന്നില്‍ സീതാദേവി ഭക്ഷണം വിളമ്പി.

ഹനൂമാന് എത്ര വിളമ്പിയിട്ടും മതിയാകുന്നില്ല. എല്ലാം അകത്താക്കുന്നു. വീണ്ടും വീണ്ടും വിളമ്പുന്നു. സീതാദേവി ധ്യാനിച്ച്‌, ഉള്‍ക്കണ്ണു കൊണ്ടു നോക്കി. ഹനൂമാനായി ഇരിയ്ക്കുന്നതു കൈലാസനാഥന്‍. നമഃശിവായ എന്നുച്ചരിച്ചു വിളമ്പിയപ്പോള്‍ ശിവനായ ഹനൂമാന്‍ തൃപ്തനായി.

ഹനൂമാന്‍ ദേവിയെ നന്ദി പറഞ്ഞു തൊഴുതു.  

ദേവകളും സുഗ്രീവനും വാനരന്മാരും യാത്രപറഞ്ഞു പിരിഞ്ഞു. വിഭീഷണനും സങ്ഘവും വിട പറഞ്ഞു. 

പുഷ്പകരഥം കുബേരന്റെ ആയിരുന്നു. രാമന്‍ അതു തിരികെ കുബേരന് എത്തിച്ചു കൊടുത്തു. എന്നാല്‍ രാമനുള്ള കാലത്തോളം അത് അയോദ്ധ്യയില്‍ തന്നെ ഇരിയ്ക്കട്ടെ എന്നു പറഞ്ഞു കുബേരന്‍ രഥം തിരികെ അയച്ചു. 

രാമദര്‍ശനത്താല്‍ അയോദ്ധ്യാവാസികളുടെ ദുഃഖം മാറി. 

ചക്രവര്‍ത്തി ശ്രീരാമചന്ദ്രന്‍ മൂന്നു സഹോദരന്മാര്‍ക്കൊപ്പം ഐശ്വര്യപൂര്‍ണ്ണമായ രാമരാജ്യഭരണത്തില്‍ വ്യാപൃതനായി.


ലങ്കാകാണ്ഡം സമാപ്തം

+++++


മാതാ രാമോ മത്പിതാ രാമചന്ദ്രഃ

സ്വാമീ രാമോ മത്സഖാ രാമചന്ദ്രഃ

സര്‍വസ്വം മേ രാമചന്ദ്രോ ദയാലു

നാന്യം ജാനൈ നൈവ ജാനേ ന ജാനേ

+++++

മങ്ഗളം കൗസലേന്ദ്രായ മഹനീയഗുണാത്മനേ

ചക്രവര്‍തിം തനൂജായ സാര്‍വഭൗമായ മങ്ഗളം

+++++

 

<< സുന്ദരകാണ്ഡം

Comments

Popular posts from this blog

കൃത്തിവാസരാമായണം – സംക്ഷിപ്തം (ബംഗാളിരാമായണം):

  കൃത്തിവാസരാമായണം  –  സംക്ഷിപ്തം ബംഗാളിരാമായണം - Links കഴിയുന്നതും ഇതു ലാപ്'ടോപ്-ൽ /ഡെസ്ക്'ടോപ് -ൽ വായിയ്ക്കുക. താഴെക്കൊടുത്തിരിയ്ക്കുന്ന ക്രമത്തിൽ വായിയ്ക്കാനും ശ്രമിയ്ക്കുക. കൃത്തിവാസരാമായണം ആദികാണ്ഡം : https://ramukaviyoor.blogspot.com/2023/03/01-krittivasa-ramayanam-malayalam.html കൃത്തിവാസരാമായണം അയോദ്ധ്യാകാണ്ഡം : https://ramukaviyoor.blogspot.com/2023/03/02.html കൃത്തിവാസരാമായണം അരണ്യകാണ്ഡം : https://ramukaviyoor.blogspot.com/2023/03/03.html കൃത്തിവാസരാമായണം കിഷ്കിന്ധാകാണ്ഡം : https://ramukaviyoor.blogspot.com/2023/03/4.html കൃത്തിവാസരാമായണം സുന്ദരകാണ്ഡം : https://ramukaviyoor.blogspot.com/2023/03/5.html കൃത്തിവാസരാമായണം ലങ്കാകാണ്ഡം : https://ramukaviyoor.blogspot.com/2023/03/06.html ++++++  

ഗീതഗോവിന്ദം (അഷ്ടപദി)

ഓം ശ്രീ കൃഷ്ണായ നമ: ജയദേവകവിയുടെ ഗീതഗോവിന്ദം (അഷ്ടപദി) സി.ഇ. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന   ജയദേവന്‍ (ശ്രീജയദേവ ഗോസ്വാമി) എന്ന കവിയുടെ സംസ്കൃതകാവ്യമാണ് ‘ ഗീതഗോവിന്ദം ’. ശ്രീകൃഷ്ണന്റെയും സഖി രാധയുടേയും വൃന്ദാവനത്തില്‍ വച്ചുള്ള രാസലീലയാണു പ്രതിപാദ്യവിഷയം. കാളിദാസനു തുല്യനാണു ജയദേവകവി എന്നു പ്രകീര്‍ത്തിയ്ക്കപ്പെടുന്നു. അതിമനോഹരമായ ഭാവനയും വര്‍ണ്ണനയും പദപ്രയോഗങ്ങളും പ്രാസവും താളാത്മകതയും ഈ കൃതിയെ അലങ്കരിക്കുന്നു. രാഗവും താളവും കവി തന്നെ ചിട്ടപ്പെടുത്തിയതാണെന്നും കരുതുന്നു. ‘ ഗീതഗോവിന്ദം ’ ഭാരതത്തിലെമ്പാടും പ്രചാരമുള്ള കൃതിയാണ്. ഇതിന്റെ ഉത്തരേന്ത്യന്‍ പതിപ്പാണ്‌ ഈ പ്രസിദ്ധീകരണത്തിന് ആധാരമാക്കിയിരിയ്ക്കുന്നത്. മൂലം (സംസ്കൃതം) മാത്രമാണ് ഇവിടെ ചേര്‍ത്തിട്ടുള്ളത്. വ്യാഖ്യാനമില്ല. ഇതിനെപ്പറ്റി അന്യത്ര വിശദീകരിക്കുന്നുണ്ട്. വടക്കേ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആറു പതിപ്പുകള്‍ പരിശോധിച്ചിട്ടുണ്ട്. അതോടൊപ്പം കേരളത്തില്‍ ലഭ്യമായ പതിപ്പുകളും ആലാപനങ്ങളും. രാധ എന്ന നായിക കവികളുടെ ഭാവനയാവാം.   കൃഷ്ണപുരാണമായ മഹാഭാഗവതത്തിലെ. അഷ്ടവധുക്കളില്‍ രാധയില്ല. ഒരു പക്ഷെ , ഭ

History of Changanassery

[This is an article I had written for  Wikipedia  about 10 years ago   with a lot of help from Mr. Thiruvalla Unnikrishnan Nair,  a noted   historian. Discussion with Mr. G. Mohandas, Professor of History, N.S.S College,   Changanassery also was helpful. The article was pruned to make it concise then. It was the first article on  the history of Changanassery to appear on   the web.   Collection of data for the article spanned decades, during my irregular visits to Changanassery. It took a year to finalize the article and publish it. Since Wikipedia does not allow articles based on personal researches, it was later removed. In the meantime, the article was copied by many. The list of such names is given in this  blog . In addition, it is being freely copied on Facebook too. I request readers to desist from lifting information from this article. Please refer always to this blog when you use the information painstakingly collected. Any further information collected by me will be