Sunday, April 13, 2014

1 - Ramayanam Irupathinaalu Vritham (Malayalam)




രാമായണം ഇരുപത്തിനാലുവൃത്തം -ഒന്നാം ഭാഗം
മുഖവുര

[ഈ കാവ്യം രണ്ടു ഭാഗങ്ങളായാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മുഖവുരയും പന്ത്രണ്ടു വൃത്തങ്ങളും ഒന്നാം ഭാഗത്തില്‍. പതിമൂന്നു മുതല്‍ ഇരുപത്തിനാലു വരെയുള്ള വൃത്തങ്ങള്‍  രണ്ടാം ഭാഗത്തില്‍]

കൃതിയും കര്‍ത്താവും: ക്രി.വ. 1500-നും 1725-നും ഇടയ്ക്കു ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന, മലയാളഭാഷാപിതാവായ തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്റെ കൃതിയായാണ് രാമായണം ഇരുപത്തിനാലുവൃത്തം കണക്കാക്കപ്പെടുന്നത്. ഇതൊരു തര്‍ക്കവിഷയമാണ്. അദ്ദേഹത്തിന്റെ പേരു   തന്നെ തര്‍ക്കവിഷയമാണല്ലോ.
മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിയുടെ പേരില്‍ രാമായണം ഇരുപത്തിനാലു വൃത്തത്തിന്‍റെ കര്‍ത്തൃത്വം ചിലര്‍ കെട്ടിവയ്ക്കുന്നുണ്ടെങ്കിലും അതിനുള്ള സാദ്ധ്യത പണ്ഡിതര്‍ തള്ളിക്കളയുന്നു.
അദ്ധ്യാത്മരാമായണത്തിലെ ചില പ്രയോഗങ്ങള്‍ രാമായണം ഇരുപത്തിനാലുവൃത്തത്തിലെ പ്രയോഗങ്ങളുമായി സാദൃശ്യമുള്ളവയാണ്.
ഉദാഹരണം:
1.       കല്യാണരൂപി വനത്തിന്നു പോവാന്‍ വില്ലും ശരം കൈപ്പിടിച്ചോരു നേരം......
2.      കാന്താരവിന്ദായതാക്ഷീ! മനോജ്ഞേ! കാന്താരവാസം നിനക്കാവതല്ലേ....

(അഞ്ചാംവൃത്തത്തിലെ വരികള്‍ കാണുക).
കൂടാതെ, സംസ്കൃതം അദ്ധ്യാത്മരാമായണത്തിലുള്ളതിനേക്കാള്‍ ഏറെയുണ്ടിതില്‍. ഇതാണ് എഴുത്തച്ഛന്റെ ആദ്യകാലകൃതിയാണിത് എന്ന പണ്ഡിതനിഗമനത്തിന്റെ ഒരടിസ്ഥാനം. ഗ്രന്ഥത്തിന്റെ അവസാനമാകുമ്പോഴേയ്ക്കും സംസ്കൃതപ്രയോഗം കൂടുന്നു. ഉദാ:-
അന്ത:പ്രതിപശ്യന്തി മഹാന്തോ യമിദാനീം
പ്രത്യക്ഷമമും പശ്യതി സര്‍വ്വോപി ജനോയം
തം ദ്രുഷ്ടമസാദ്ധ്യം മമ യത്കിഞ്ചന രാമം
ഇത്യുക്തമിദം ലക്ഷ്മണ! നാരായണനംബോ!

തുടക്കത്തില്‍ ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ കുറവാണ്. എന്നാലും പൊതുവെ വായിച്ചു സാരം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. പലപ്പോഴും ലളിതപദങ്ങള്‍ തന്നെ ഉപയോഗിച്ചിരിയ്ക്കുന്നു. കവിയുടെ പദസമ്പത്തും പദവിന്യാസവും തത്വജ്ഞാനവും നര്‍മ്മബോധവും പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്നു. ഭക്തിയുടെ പ്രസരം നിലനിര്‍ത്തുന്നുണ്ടുതാനും.

ഉള്ളൂര്‍, ഹരിശര്‍മ തുടങ്ങിയ പണ്ഡിതശ്രേഷ്ഠര്‍ ഈ കൃതി എഴുത്തച്ഛന്റെയല്ലെന്നു വാദിയ്ക്കുന്നു. എഴുത്തച്ഛന്റെ ഭാഷയുടെ നിലവാരം ഇതില്‍ കാണുന്നില്ലെന്നാണ് അവരുടെ അഭിപ്രായം. എഴുത്തച്ഛന്റെ ജ്യേഷ്ഠസഹോദരനോ ഏതെങ്കിലും ശിഷ്യനോ ആവാം കവി എന്ന അഭിപ്രായമാണ് ഈ പക്ഷത്തിനുള്ളത് – രഘുവംശം, എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം തുടങ്ങിയ കൃതികളില്‍ നിന്നും സുലഭമായി ആശയങ്ങളും പദങ്ങളും  കടമെടുത്തു എന്ന ദോഷം പലരും ആരോപിക്കുന്നു. അങ്ങിനെയെങ്കില്‍ ഈ കൃതിയുടെ കര്‍ത്താവ് അജ്ഞാതനായിത്തന്നെയിരിയ്ക്കുന്നു. ആലാപനത്തിനുള്ളതാകയാല്‍, മുന്തിയ കാവ്യപരിഗണനയൊന്നും കവി, അത് എഴുത്തച്ഛന്‍ ആണെങ്കിലും അല്ലെങ്കിലും, ഇതിനു കൊടുത്തിരിയ്ക്കയില്ല എന്നു മറുവാദം. ഗ്രാമ്യഭാഷയില്‍ - വാമൊഴിയില്‍ - വരമൊഴി ഉപയോഗിക്കേണ്ട ആവശ്യമില്ല. പ്രത്യേകിച്ചു ഭജനയുടെ മട്ടിലുള്ള രചനയാകയാല്‍. അതുകൊണ്ടു വൃത്തപ്രാസനിയമങ്ങളിലും മുറുകെപ്പിടിക്കേണ്ട ആവശ്യമില്ല. കവിയെ വിമര്‍ശിയ്ക്കുമ്പോള്‍ ഈ ഇളവുകളൊക്കെ നാം കൊടുക്കണം. എന്നാല്‍ സാഹിത്യപഞ്ചാനന്‍ പി.കെ. നാരായണപിള്ള കരുതുന്നത് ഈ കൃതി എഴുത്തച്ഛന്റെ തന്നെയാണെന്നാണ്.

കഥയും ഘടനയും: രാമായണകഥ മുഴുവന്‍ രാമായണം ഇരുപത്തിനാലുവൃത്തത്തിലുണ്ട് - ശ്രീരാമന്റെ സ്വര്‍ഗ്ഗാരോഹണം വരെ. ‘സര്‍ഗ്ഗം’ അഥവാ ‘ഭാഗം’ എന്ന അര്‍ത്ഥത്തില്‍ ആണ് ‘വൃത്തം’ എന്ന വാക്കിന്റെ പ്രയോഗം. ഇരുപത്തിനാലു വൃത്തങ്ങളായാണ് ഈ ചെറിയ കൃതി എഴുതിയിരിയ്ക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇരുപത്തഞ്ചുവൃത്തങ്ങള്‍ ഗ്രന്ഥത്തിലുണ്ട്. ഇരുപത്തൊന്നാം വൃത്തമായ ‘രാമരാജ്യവര്‍ണ്ണന’, ഇരുപതാം വൃത്തത്തിന്റെ ഭാഗമായാണു കണക്കാക്കപ്പെടുന്നത്.

ഓരോ നാലാം വരിയുടെ അന്ത്യത്തിലും ശ്രീരാമവന്ദനം/പ്രാര്‍ത്ഥന ഉണ്ട്. ചിലയിടത്തു നാലാമത്തെ വരി മുഴുവന്‍ വന്ദനം/പ്രാര്‍ത്ഥന ആണ്.

സംഭാഷണം നടത്തുന്നത് ആരാണെന്നു പലപ്പോഴും സൂചിപ്പിയ്ക്കപ്പെടുന്നില്ല. അത് ഊഹിച്ചെടുക്കണം. ഉദാ: ഒരു നാലുവരിപ്പദ്യത്തില്‍ തന്നെ രാമന്റെ ചോദ്യവും ലക്ഷ്മണന്റെ ഉത്തരവും കാണാം.
ഹിന്ദുകുടുംബങ്ങളില്‍, പഴയ തലമുറകള്‍ സന്ധ്യയ്ക്കു ചൊല്ലിയിരുന്ന സംക്ഷിപ്തദശാവതാരസ്തോത്രം ഈ കൃതിയില്‍ നിന്നെടുത്തതാണ്‌:

മത്സ്യകമഠകിടിനരഹരിവാമനകുത്സിതനൃപഹരരാവണശത്രോ!
വത്സകദമനഹലായുധമുനിജനവത്സലകല്‍ക്കീ! നാരായണ! ജയ!

(പത്തൊന്‍പതാം വൃത്തം) 

ഈ സ്തുതിയോടെ രാമായണം പൂര്‍വ്വഭാഗം തീരുന്നു. പിന്നീടുള്ളത് ഉത്തരരാമായണത്തിലെ കഥയാണ്.
എന്തുകൊണ്ട് ഇരുപത്തിനാലു് എന്ന സംഖ്യ?  ഗായത്രിമന്ത്രത്തിലെ ഇരുപത്തിനാലക്ഷരങ്ങളെ അടിസ്ഥാനമാക്കി വാല്മീകിരാമായണത്തില്‍ ഇരുപത്തിനാലായിരം പദ്യങ്ങളുണ്ടെന്നും അതാവാം കവിയെ സ്വാധീനിച്ചതെന്നും കരുതുന്നവരുണ്ട്. ഇതു വെറും ഊഹം മാത്രമാവാം. 

വാമൊഴി: ആലാപനത്തെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ ഉച്ചാരണത്തിനു പ്രാധാന്യമുണ്ട്. വരമൊഴിയിലെ വാക്കുകള്‍ ഒഴിവാക്കി നാടന്‍വാക്കുകള്‍ കവി ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്.
ഉദാ: കൌസല്യേടെ, അച്ചോ, തവപ്രിയേച്ചതിച്ചു, ബാലീടെ, കൊണ്ട്വന്നു (കൊണ്ടുവന്നു), ഇന്നി (ഇനി), സീതേത്തിരവാന്‍, വാനോരയച്ചൂട്ട (വാനവര്‍ അയച്ചു വിട്ട), കൊണ്ടാ ലക്ഷ്മണ! (കൊണ്ടുവരൂ ലക്ഷ്മണ!), കൊള്ളാര്‍ന്നു (കൊള്ളാമായിരുന്നു)......
വരികളുടെ വൃത്തഭംഗം കഴിവതും ഒഴിവാക്കാനും കവി ഈ വാക്കുകളെ കുറെയൊക്കെ പ്രയോജനപ്പെടുത്തി.
ദശാവതാരസ്തോത്രം: ദിവസേനയുള്ള സന്ധ്യാനാമജപത്തില്‍ മേല്‍പ്പറഞ്ഞ ദശാവതാരസ്തോത്രം ഉള്‍പ്പെടുത്താം. ഇതിന്റെ മറ്റൊരു രൂപം ഏറ്റവും ഒടുവിലത്തെ വൃത്തത്തിലുമുണ്ട് – ഉത്തരരാമായണം തീരുമ്പോള്‍. 

മീനാമപന്നിനരസിംഹായവാമനമഹാരാമദാശരഥിസീരായുധായ നമ:
കൃഷ്ണായകൃഷ്ണതനുശുദ്ധായഖഡ്ഗിവപുഷേകാരണായ ഹരിനാരായണായ നമ: 

മീനാമപന്നി=മീന്‍, ആമ, പന്നി

(ഖഡ്ഗി എന്നതിനു കല്‍ക്കി എന്നും പാഠഭേദമുണ്ട്. അര്‍ത്ഥവ്യത്യാസമില്ലല്ലോ)

ആലാപനം: കൃതിയുടെ ലക്‌ഷ്യം തന്നെ ഭജനാലാപമല്ലേ എന്നു സംശയിയ്ക്കാം. ഇരുപത്തിനാലുദിവസങ്ങളിലായി ഇതു നിത്യേന പാരായണം ചെയ്യാം. ശ്രീരാമനവമിയ്ക്കോ ഗൃഹനാഥന്റെ/കുടുംബാംഗത്തിന്റെ പിറന്നാളിനോ ഒക്കെ തീരത്തക്ക വിധത്തില്‍. പിറന്നാള്‍ ദിവസങ്ങളിലും ശ്രീരാമനവമിയ്ക്കും ഇതു് ഒറ്റദിവസം കൊണ്ടും വായിച്ചു തീര്‍ക്കാം. ശ്രീരാമനവമിനാളില്‍ ഇരുപത്തിനാലുപേരെ ഇരുത്തി ഓരോ സര്‍ഗ്ഗവും വായിപ്പിയ്ക്കുന്ന രീതിയും ഉണ്ടായിരുന്നു.
അദ്ധ്യാത്മരാമായണം പോലെ കിളിപ്പാട്ടിന്റെ രീതിയില്‍ വായിയ്ക്കാം. എന്നാലും നാടന്‍ (ഭജനകളുടെ) ഈണത്തില്‍ ഇതു വായിയ്ക്കുകയാണ് പണ്ടുള്ളവര്‍ ചെയ്തിരുന്നത്. കര്‍ണാടകസംഗീതത്തിലെ ശാസ്ത്രീയ ഈണങ്ങള്‍ ഒഴിവാക്കിയിരുന്നു. കാരണം, ഇതു സാധാരണക്കാര്‍ക്കും പാരായണം ചെയ്യാനുള്ളതാണല്ലോ. വരികള്‍ ഓര്‍മ്മയില്‍ വയ്ക്കാനും നാടന്‍ ഈണങ്ങള്‍ സഹായിയ്ക്കും. ഇരുപത്തിനാലു് ഈണങ്ങള്‍ ഉപയോഗിയ്ക്കാം. ഒരു വൃത്തത്തിലെ ഈണം മറ്റു പല വൃത്തങ്ങളിലും ആവര്‍ത്തിച്ചാലും കുഴപ്പമില്ല. ഒരു വൃത്തത്തിന്  ഒരു ഈണമേ പാടുള്ളൂ എന്നൊന്നുമില്ല. ഇടയ്ക്കു വച്ച് ഈണം മാറ്റാം.
നാടന്‍ഭജനകളുടെ ഈണത്തെപ്പറ്റി സാമാന്യബോധമുള്ളവര്‍ക്ക് – ദിവസവും സന്ധ്യാനാമജപമുള്ള കുടുംബങ്ങളിലുള്ളവര്‍ക്ക് -  ഈണങ്ങള്‍ സ്വയം തീരുമാനിയ്ക്കാന്‍ കഴിയും. ഏതു് ഈണം വേണമെന്നു തീരുമാനിയ്ക്കാന്‍ ഒരു കുറുക്കുവഴിയുണ്ട്. ഓരോ വൃത്തത്തിന്‍റെയും അവസാനത്തെ നാലു വരികള്‍ നോക്കുക. ഈ വരികളില്‍ കവിയുടെ ശ്രീരാമസ്തുതിയാണ് കാണുന്നത്. ഏതു മട്ടില്‍ ആ വരികള്‍ വായിയ്ക്കാം എന്നു പരിശോധിയ്ക്കുക. പല ഈണങ്ങളും പരീക്ഷിച്ചു നോക്കുക. എന്നിട്ടു്, യോജ്യമായ ഈണം തീരുമാനിച്ച് ആ വൃത്തത്തിന്റെ ആലാപനം തുടങ്ങുക. സൌകര്യത്തിനു വേണ്ടി ഓരോ വൃത്തത്തിന്റെയും തുടക്കത്തില്‍ അതിനു പറ്റിയ ഈണം എന്തെന്നുള്ള നിര്‍ദ്ദേശം ഇവിടെ ചേര്‍ത്തിട്ടുണ്ട്. വഞ്ചിപ്പാട്ടുമട്ടും ഓട്ടന്‍തുള്ളലിന്റെ മട്ടും ‘അഖിലാണ്ഡമണ്ഡല’വും  ‘അഞ്ജനശ്രീധരാ’യും ‘അച്യുതംകേശവ’വും ‘മറ പൊരുളായി’യും ഒക്കെ മനോധര്‍മ്മം പോലെ പ്രയോഗിയ്ക്കുക. (ഈണങ്ങളൊന്നും കവി പറഞ്ഞിട്ടില്ല. നാട്ടുനടപ്പാണ്). 

വാക്കുകള്‍ ഹ്രസ്വമാണോ ദീര്‍ഘമാണോ എന്നു ശ്രദ്ധിയ്ക്കണം. ഉദാ: ഹനുമാന്‍ അല്ല, ഹനൂമാന്‍ എന്നു നീട്ടിയാണ് ചിലയിടത്ത് ഉച്ചരിയ്ക്കേണ്ടത്. എന്നാല്‍ അവസാനഭാഗങ്ങളില്‍ ഈണത്തിന്റെ സൌകര്യാര്‍ത്ഥം ഹനുമാന്‍ എന്നു ചുരുക്കിയും ഉപയോഗിച്ചിട്ടുണ്ട്. (ഹനൂമാന്‍ എന്നാണു വായുപുത്രന്റെ ശരിയായ പേര്‍. വെറും ‘നു’ അല്ല; ‘നൂ’ എന്നു നീട്ടലുണ്ട്). എകാക്ഷരവും ഇരട്ടിച്ച (ദ്വിത്വ) അക്ഷരവും മാറി മാറി ഇതില്‍ കാണാവുന്നതാണ്. ഉദാ: എഴുനള്ളി (എഴുന്നെള്ളി എന്നതിനു പകരം), വീരന്നെ (വീരനെ എന്നതിനു പകരം). ഇതൊക്കെ ഈണത്തിനനുസരിച്ചുള്ള പ്രയോഗമാണ്. 

പരസ്യവായനയ്ക്ക് ഇത്തിരി പരിശീലനം ആവശ്യമാണ്. പല തവണ വായിച്ചു വാക്കുകളും ഈണവുമായും ഇടപഴകിയ ശേഷമേ  ഇതു മറ്റുള്ളവരുടെ മുന്‍പില്‍ വായിയ്കാവൂ. 

അദ്ധ്യാത്മരാമായണം വായിയ്ക്കുമ്പോള്‍ ഹനൂമദ്സാന്നിദ്ധ്യമുണ്ടെന്നു സങ്കല്‍പ്പിയ്ക്കുന്നതു പോലെ രാമായണം ഇരുപത്തിനാലുവൃത്തം വായിയ്ക്കുമ്പോഴും ഹനൂമദ്സാന്നിദ്ധ്യം ഉണ്ടെന്നു കരുതുക.
കുട്ടികള്‍ക്കു കഥ പറഞ്ഞു കൊടുത്ത്, അവര്‍ക്കു വരികള്‍ മന:പാഠം ആവാന്‍ സഹായിയ്ക്കുക. നല്ല ഒരു സംസ്കാരം ഇല്ലാതാവരുതല്ലോ. 

*********

കുറിപ്പ്: ഇരുപത്തിനാലുവൃത്തം എന്നത് ഒറ്റ വാക്കാണ്‌; രണ്ടാക്കി എഴുതരുത്, ഉച്ചരിയ്ക്കരുത്. അതു തന്നെയുമല്ല, ഈ കൃതിയെപ്പറ്റി പറയുമ്പോള്‍ ‘രാമായണം ഇരുപത്തിനാലുവൃത്തം’ എന്നു പൂര്‍ണ്ണമായി പറയണം.

പല പുസ്തകക്കമ്പനികളും ‘രാമായണം ഇരുപത്തിനാലുവൃത്തം’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാത്തിലും അച്ചടിത്തെറ്റുകളുണ്ട്. അവ കഴിയുന്നതും ശരിയാക്കിയാണ് കാവ്യം ഇവിടെ കൊടുക്കുന്നത്. ഇനിയും തെറ്റുകളുണ്ടാവാം. ഉണ്ടെങ്കില്‍ സദയം അറിയിയ്ക്കുക.

വരികളുടെ അര്‍ത്ഥം പിന്നീടു ചേര്‍ക്കുന്നതയിരിയ്ക്കും.

*********

രാമായണം ഇരുപത്തിനാലുവൃത്തം-ഒന്നാം ഭാഗം
ഹരി: ശ്രീ ഗണപതയേ നമ:

അവിഘ്നമസ്തു

ഒന്നാം വൃത്തം

ദേവകള്‍ വൈകുണ്ഠത്തില്‍ - രാവണനെപ്പറ്റി ആവലാതി

(വഞ്ചിപ്പാട്ടിന്റെ മട്ടു്) 

വെണ്മതികലാഭരണനംബികഗണേശന്‍
നിര്‍മ്മലഗുണാ കമല വിഷ്ണുഭഗവാനും
നാന്മുഖനുമാദികവിമാതു ഗുരുഭൂതര്‍
നന്മകള്‍ വരുത്തുക നമുക്കു ഹരിരാമ!

ഉത്തമപുരാണപുരുഷന്റെ ചരിതാനാ-
മുത്തമമിതാദിരഘുനായകന്റെ ചരിത്രം
ഭക്തിയോടു ചൊല്ലുവതിനിന്നു തുനിയുന്നേന്‍
മുക്തിപദമേകുവതിനാശു ഹരിരാമ!

രാക്ഷസകുലാധിപതി രാവണഭുജോഷ്മ-
ത്തീക്കനലില്‍വീണുഴലുമത്രിദശപാളീ
പാല്‍ക്കടലില്‍ മേവിന പുരാണപുരുഷന്റെ
കാല്‍ക്കലടിപെട്ടു ഭുവി വീണു ഹരിരാമ! 

മാധവ! ജയിക്ക! മധുസൂദന! ജയിച്ചീ-
ടാധിശമനായ ഭവ! നീലഘനധാമന്‍!
സാധുജനപാലന! നിബോധഗിരമസ്മാന്‍
പാഹി ജഗദീശ്വര! നമോസ്തു  ഹരിരാമ! 

ഇത്ഥമമരസ്തുതികള്‍ കേട്ടു പുരുഷാണാ-
മുത്തമനുണര്‍ന്നു ഫണിമെത്തമേലിരുന്നു
ഹന്ത! ഭവദാഗമനകാരണമമര്‍ത്ത്യാ-
സ്സാമ്പ്രദമിദം കിമിതി ചൊല്‍ക ഹരിരാമ! 

സാക്ഷിഭവതാവിദിതമിങ്ങു കിമിദാനീം
സൂക്ഷ്മതനുവായഖിലജന്തുഷു നിവാസ!
ഈക്ഷണകലാചലനമാത്രയതില്‍ വിശ്വം
തീര്‍ക്ക തവ വൈഭവമിതെന്തു ഹരിരാമ! 

ആപദി ഭജന്തി ന ഭജന്തി സുലഭേര്‍ത്‌ഥേ
*ത്വാമകരണാ വരദ കാമവിവശാ: യേ
കേവലസുഖായ നഹി തന്ന വിദിതം കിം
തദ്വതിഹ തേ വയമപീശ! ഹരിരാമ!
*(ത്വാമകരുണാ...എന്നു പാഠഭേദമുണ്ട്. പക്ഷെ, ചേര്‍ച്ച പോരാ) 

കേള്‍ക്ക മമ വാക്യമരിസൂദന! തവാജ്ഞാ
വാര്‍ത്ത പറയുന്നു ദശകന്ധരദുരാത്മാ
രാക്ഷസനടക്കി ഭുവനത്രയമശേഷം
രൂക്ഷത ഭയങ്കരമവന്നു ഹരിരാമ!  

ശങ്കരനവന്നു വരമേകിയതുമൂലം
ശങ്ക ഭഗവാനെയുമതില്ലവനു നൂനം
തന്‍ കരതലൈരചലചഞ്ചലനഹേതോ-
സ്സങ്കടമവന്നധികമേകി ഹരിരാമ! 

വിക്രമനിധേ! ശൃണു! പരാക്രമമവന്റെ
ധിക്കൃതി മഹേന്ദ്രനവനെത്തിയ ദശായാം
വക്ഷസി പിടിച്ചു വര വച്ചു മുഹുരച്ചോ!
ദിക്കരികള്‍കൊമ്പുകളൊടിച്ചു ഹരിരാമ! 

മല്‍പ്പദമടക്കിയവനച്യുത! ഭവാനാല്‍
ദത്തമപി വൃത്തി ബത! കല്‍പ്പിതമവന്നായ്
വയ്ക്കണമവന്നശനമഗ്നി കരിയാതെ
കത്തണമധോഭുവി തെളിഞ്ഞു ഹരിരാമ! 

കൊല്ലുവതിനൊക്കെ യമനങ്ങവ മുറിപ്പാന്‍
വല്ലഭമെഴും നിരൃതി, പാശി കഴുകാനും
മുല്ലമലരാദികളിറുപ്പതിനു മെല്ലെ
നല്ല പവമാനനെ വഴങ്ങി ഹരിരാമ! 

എട്ടുദിശിദീപമവനഷ്ടമണിനാഗം
കഷ്ടമിതുകേട്ടു പണിപ്പെട്ടു ഫണിരാജന്‍
പൂട്ടറ തുറപ്പതിനു വൈശ്രവണമാക്കി
ചട്ടമിതി ദുഷ്ടനിശിചാരി ഹരിരാമ! 

സ്തംഭശതശുംഭിതമഹാമണിപുരാഗ്രേ
കുംഭമുഖരാക്ഷസദുരുക്തിവശവര്‍ത്തീ
സ്തംഭമയനായ് വസതി സമ്പ്രതി മഹാത്മാ-
ജംഭരിപുതാനഗതി ഹന്ത! ഹരിരാമ! 

വാസ്തവമിതീശ! യമനേറി നടകൊള്ളും
പോത്തിനു പിടിച്ച പണി ചാടുകളിഴപ്പാന്‍
ധൂര്‍ത്തമതി വന്മരമിഴപ്പതിനു ചേര്‍ത്തു
പേര്‍ത്തുമയിരാവതഗജത്തെ ഹരിരാമ! 

കാമവശനായവനുറക്കറയില്‍ വീണാല്‍
മാമകവിലാസിനികള്‍ കാലുഴിക വേണം
മേനക നനപ്പതിനടിപ്പതിനു രംഭാ
ഉര്‍വ്വശി തിലോത്തമ തളിയ്ക്ക ഹരിരാമ! 

സൂരികളെ രാപ്പകല്‍ നടന്നു കരയിയ്ക്കും
ശൌര്യനിധി രാവണനുടേ ഭുജബലത്താല്‍
സൂര്യനുമുദിച്ചു ദിശി നേരേ നടകൊള്‍വാന്‍
പാരമിയലുന്നു പണി നാഥ! ഹരിരാമ! 

മേദിനിയില്‍ മേവിന മഹിസുരവരാണാം
വേദനകളെന്തു പുനരിന്നു പറവൂ നാം?
വേദികളില്‍ നീളെ നിണമൂത്തവര്‍ മുടക്കീ
യാഗഹവനാദികളുമൊക്കെ ഹരിരാമ! 

നഷ്ടയജനാലതിവിശന്നരിയ കണ്ണും-
നട്ടു വയമോടു ബത! നഷ്ടിപിടിപെട്ടും
ദുഷ്ടരജനീചരദവാഗ്നീഘനധാരാ
ദൃഷ്ടിമുന നല്‍കുക നമുക്കു ഹരിരാമ! 

ദേവകളിതേവമുരചെയ്തളവു ദേവന്‍
ദേവകളൊടേവമരുള്‍ചെയ്തു ജഗദീശന്‍
ദേവതകളേ!  മതി വിഷാദമിഹ യൂയം
വാനരകുലേ ഭുവി പിറക്ക ഹരിരാമ!         

ആശരകുലാധമവധായ ശൃണു! വേധ:
ദാശരഥിയായുലകില്‍ ഞാനിഹ പിറപ്പേന്‍
നാശമകലും പുനരിതേവമുരചെയ്തി-
ങ്ങാശു ഭഗവാനഥ മറഞ്ഞു ഹരിരാമ! 

യോ ജഗദിദം സൃജതി കാലഗുണശക്ത്യാ
യോ ജഗദിദം സപദി പാതിപരമാത്മാ
യോ ജഗദിദം ഹരതി സോയമഖിലേശോ
മേ മനസി സംഭവതു നാഥ! ഹരിരാമ! 

അല്ലലകറ്റീടുവതിന്നാശ്രിതജനാനാം
വില്ലുമമ്പുമായടവിതന്നിലെഴുന്നെള്ളി
ചൊല്ലെഴുന്ന രാവണനെക്കൊന്നു രഘുരാമന്‍
നല്ലതു വരുത്തുക നമുക്കു ഹരിരാമ!

രാമ! ഹരിരാമ! ഹരിരാമ! ഹരിരാമ!
രാമ! രജനീചരകുലാന്തക! തൊഴുന്നേന്‍
പ്രാണനകലുംപൊഴുതു നിന്മഹിതരൂപം
കാണണമെനിയ്ക്കു തെളിഞ്ഞാശു ഹരിരാമ!        


ഒന്നാം വൃത്തം സമാപ്തം


രണ്ടാം വൃത്തം

ശ്രീരാമാവതാരം

(കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!...എന്ന മട്ട് )


സൂര്യവംശേ പിറന്ന ഭൂപാലാനാം
കോസലവിഷയങ്ങളിലുണ്ടായി
നാമധേയമയോദ്ധ്യയെന്നിങ്ങനെ
രാജധാനി പുരാ ഹരിഗോവിന്ദ!                            

നാലുപാടും വളഞ്ഞൊഴുകീടുന്ന
നീലതോയസരയൂനദികൊണ്ടു
സാരമായ കിടങ്ങുണ്ടു തീര്‍ത്തിട്ടു
ചാരത്താമ്മാറു മേളത്തില്‍ ഗോവിന്ദ! 

ഇന്ദ്രസമ്പത്തിനെക്കൂടി താഴ്ത്തിടും
ഭദ്രസമ്പത്തങ്ങുണ്ടതിലെത്രയും
ചന്ദ്രമണ്ഡലത്തോടുരുമ്മീടുന്ന
രത്നമാടങ്ങളുണ്ടതില്‍ ഗോവിന്ദ! 

ദിവ്യരത്നങ്ങളെക്കൊണ്ടു ദീപങ്ങള്‍
സവ്യസാചികള്‍ വില്ലാളിവീരന്മാര്‍
ഹവ്യഗവ്യങ്ങളെക്കൊണ്ടു നിത്യവും
ദിവ്യദേവതാപൂജനം ഗോവിന്ദ! 

പത്തരമാറ്റില്‍ പൊന്നുകള്‍ രത്നത്താല്‍
വിസ്താരത്തില്‍ ചമച്ചുകിടക്കുന്ന
പത്തനങ്ങളും പത്തുനൂറായിരം
ചിത്തരമ്യമിതെത്രയും ഗോവിന്ദ! 

മന്ദിരംതോറുമിന്ദിന്ദിരങ്ങളും
മന്ദംമന്ദം മുരണ്ടു നടകൊണ്ടു
സുന്ദരാംഗിമാരാനനത്തെക്കണ്ടി-
ട്ടംബുജജാതങ്ങളെന്നോര്‍ത്തു ഗോവിന്ദ! 

മന്നീരേഴും കടക്കണ്ണുകൊണ്ടുടന്‍
ഖിന്നമാക്കിച്ചമച്ചരികത്താക്കും
കന്നല്‍ക്കണ്ണിമാരുണ്ടായി പണ്ടതില്‍
മിന്നല്‍ പോലെ വിളങ്ങീട്ടു ഗോവിന്ദ! 

മേദിനീതിലകം പോലെ മേവുന്ന
രാജധാനിയിലുണ്ടായി പണ്ടൊരു
മേദിനീപതിമൌലി ദശരഥ-
നാമധേയവാനേകദാ ഗോവിന്ദ! 

എഴുസാഗരമേഖലയാകുന്നോ-
രൂഴി തന്നില്‍ നിറയുന്ന ലോകരെ
ഏഴകോഴകള്‍ കൂടാതെ രക്ഷിച്ചു
നാഴികതോറും രാജാവു ഗോവിന്ദ! 

വീര്യശൌര്യപരാക്രമത്തെക്കൊണ്ടു
സൂര്യപുത്രനെ നന്ദിപ്പിച്ചെത്രയും
സര്‍വ്വസമ്പത്തെ നാട്ടില്‍ വളര്‍ത്തിനാ-
നുര്‍വ്വീമണ്ഡലനായകന്‍ ഗോവിന്ദ! 

കള്ളരെന്നുള്ള ശബ്ദമരിപ്പമായ്
വെള്ളരേ പുനരുള്ളൂ ധരിത്രിയില്‍
ഉള്ളിലാധി മഹാവ്യാധി ലോകാനാം
തള്ളിനീങ്ങിപ്പോയക്കാലം ഗോവിന്ദ! 

കൌസല്യാകൈകേയീസുമിത്രാംഗനാ
സൌശീല്യാദിഗുണങ്ങളിയന്നവര്‍
ശൈഥില്യം വിളര്‍ക്കും മാനസേ ധര്‍മ്മ-
വൈകല്യം വരാതെ കണ്ടു ഗോവിന്ദ! 

അശ്വങ്ങള്‍ പെരുമാറ്റിയവനിയില്‍
അശ്വമേധങ്ങള്‍ ചെയ്തവനശ്രാന്തം
വിശ്വദേവതാമോദം വളര്‍ത്തിനാന്‍
വിശ്രുതകീര്‍ത്തി രാജാവു ഗോവിന്ദ! 

സന്തതി പുനരില്ലാഞ്ഞു സന്തതം
സന്താപപ്പെട്ടിരിയ്ക്കുന്ന ഭൂപനു
ചിന്ത മറ്റൊന്നിലില്ല ജഗത്ത്രയ-
സന്താനത്തിനു മാനസേ ഗോവിന്ദ! 

ഖിന്നം പാരം വിശക്കുന്നവനുണ്ടോ
അന്നമെന്നിയേ മറ്റൊന്നില്‍ കൌതുകം
എന്നപോലെ ചമഞ്ഞു സുതാര്‍ഥിയ്ക്ക-
ങ്ങന്യസമ്പല്‍സുഖങ്ങളില്‍ ഗോവിന്ദ! 

പുത്രപ്രാപ്തിയ്ക്കുപായമുണ്ടെന്നുടന്‍
ഭദ്രമന്ത്രിസുമന്ത്രവചനത്താല്‍
പുത്രകാമേഷ്ടികര്‍മ്മം തുടങ്ങിനാ-
നൃശ്യശൃംഗമഹാമുനി ഗോവിന്ദ! 

ഹവ്യവാഹനകുണ്ഡത്തില്‍ നിന്നുണ്ടായ്
ദിവ്യനായൊരു പൂരുഷനന്നേരം
കയ്യില്‍ മേവിന പായസം ഭൂപന്റെ
കയ്യില്‍ വച്ചു മറഞ്ഞുടന്‍ ഗോവിന്ദ! 

കൌസല്യാദേവിയ്ക്കര്‍ദ്ധം കൊടുത്തിതു
കൌതുകപൂര്‍വ്വമാദ്യം നൃപോത്തമന്‍
കൌശല്യമോടും പായസത്തിലര്‍ദ്ധം
കൈകേയിയ്ക്കും കൊടുത്തിതു ഗോവിന്ദ! 

അര്‍ദ്ധിച്ചങ്ങു കൊടുത്തതിനാലവ-
രര്‍ദ്ധമാര്‍ദ്ധം കൊടുത്തു സുമിത്രയ്ക്ക്
ബദ്ധമോദം ഭുജിച്ചവര്‍ മൂവര്‍ക്കും
ഗര്‍ഭമുണ്ടായി വര്‍ദ്ധിച്ചു ഗോവിന്ദ! 

മുപ്പാരെപ്പേരുമുള്ളിലടക്കുന്ന
പത്മനാഭനെ തന്നുള്ളിലാക്കിടും
പത്മലോചനാഭാഗ്യം പുകഴ്ത്താമോ
പത്മസംഭവനും ഹരി! ഗോവിന്ദ! 

പൊന്മണിക്കുംഭം പോലെ വിളങ്ങുന്ന
നന്മുലയിണ ചാഞ്ഞു കൌസല്യേടെ
ഇമ്മൂന്നുലോകം പെറ്റ ഹരിജന്മം
കാണ്മാനെന്ന പോലെ ഹരി! ഗോവിന്ദ! 

ലോകരാവണരാവണഭീതികൊ-
ണ്ടാകുലരായി ദേവകളെങ്കിലും
ആകെത്തിങ്ങിമദിച്ചു ദിവാനിശം
ജായമാനേ ഹരൌ ഹരി! ഗോവിന്ദ! 

വക്രവൃത്തികളോടും  പരസ്പരം
വിക്രമിയ്ക്കുന്നവാറു  നവഗ്രഹം
ഭദ്രരാശികളില്‍ സ്ഥിതി ചെയ്തുപോല്‍
ചക്രപാണീടെ ജന്മനി ഗോവിന്ദ! 

നാകഭേരികള്‍ താനേ മുഴങ്ങിയും
ലോകമാനസജാലം തെളികയും
നാകനാരികളാടിയും പാടിയും
തോയരാശി തെളികയും ഗോവിന്ദ! 

നക്ഷത്രങ്ങള്‍ തെളിഞ്ഞൂ ഗഗനത്തില്‍
ദിക്കുകള്‍ പത്തുമൊക്കെ പ്രകാശിച്ചു
അര്‍ക്കസോമനും സുപ്രഭ കൈക്കൊണ്ടു
ലക്ഷ്മി വര്‍ദ്ധിച്ചു ഭൂമിയില്‍ ഗോവിന്ദ! 

ശാന്തവിപ്രഗൃഹങ്ങളിലഗ്നികള്‍
പൂര്‍വ്വശാന്തങ്ങള്‍ കത്തിജ്ജ്വലിച്ചുടന്‍
കാന്താരേ ദ്വീപിസിംഹാദിസര്‍പ്പങ്ങള്‍
ജാതിവൈരം വെടിഞ്ഞിതു ഗോവിന്ദ! 

സൂതികാലമണഞ്ഞതറിയിപ്പാന്‍
ദൂതനെപ്പോലെ നീളെ നടന്നുടന്‍
പൂതിഗന്ധം കളഞ്ഞു സുഗന്ധവാ-
നായി വീശി തദാ വായു ഗോവിന്ദ! 

യാതു കൂരിരുള്‍ നീക്കിക്കളവാനും
ലോകകൈരവബോധം വളര്‍ത്താനും
കൌസല്യാദേവിപൂര്‍വ്വാചലേ രാമ-
ചന്ദ്രന്‍ ജാതനായമ്പോടു ഗോവിന്ദ! 

രാമചന്ദ്രം ജനിപ്പിച്ചു കൌസല്യാ-
ദേവി കൈകേയി പെറ്റു ഭരതനെ
ലക്ഷ്മണനേയും ശത്രുഘ്നനാമാനം
പെറ്റു നല്ല സുമിത്രയും ഗോവിന്ദ! 

അര്‍ക്കന്‍ മേടത്തില്‍ വ്യാഴവും ചന്ദ്രനും
കര്‍ക്കടകത്തിലന്നേരം നില്‍ക്കുന്നു
അര്‍ക്കപുത്രന്‍ തുലാത്തിലും ഭാര്‍ഗ്ഗവ-
നത്യുച്ചസ്ഥിതനായിട്ടും ഗോവിന്ദ! 

അഞ്ചുണ്ടുപോല്‍ ഗ്രഹങ്ങളങ്ങുച്ചത്തില്‍
പിന്നെപ്പഞ്ചമഹായോഗമുണ്ടുപോല്‍
ചന്ദ്രന്‍ വ്യാഴത്തോടൊന്നിയ്ക്ക കാരണം
കേസരിയോഗമുണ്ടുപോല്‍ ഗോവിന്ദ! 

ദൃഷ്ടിയില്‍ ചൊവ്വ നിന്നതു കാരണം
കഷ്ടമുണ്ടു കളത്രം നിമിത്തമായ്
കണ്ടകശ്ശനി ഹേതുവായിട്ടുടന്‍
കാടുപുക്കു വസിയ്ക്കണം ഗോവിന്ദ! 

പുത്രകാരകനുച്ചസ്തനാകയാ-
ലുണ്ടാം നല്ലൊരു പുത്രനൊടുക്കത്തു
പത്താമേടത്തു ഭാസ്കരന്‍ നില്‍ക്കയാല്‍
കര്‍മ്മശക്തിയുമുണ്ടുപോല്‍ ഗോവിന്ദ! 

ഉണ്ണിയുണ്ടായ സന്തോഷം കൊണ്ടുടന്‍
പുണ്യലോകായ ഭൂതി കൊടുക്കയാല്‍
ആലവട്ടം കുട തഴയെന്നിയേ
ശേഷിച്ചില്ലൊന്നും ഭൂപനു ഗോവിന്ദ! 

നാലു കയ്യുള്ള വിഷ്ണുവിനെപ്പോലെ
നാലു പുത്രന്മാരെക്കൊണ്ടു രാജാവും
നാലു ദന്തങ്ങളുള്ള മാഹേന്ദ്രമാം
വാരണം പോലെ ശോഭിച്ചു ഗോവിന്ദ! 

ഗോവിന്ദ! ഹരി! ഗോവിന്ദ! ഗോവിന്ദ!
ഗോവിന്ദ! ഹരി! മാധവ! പാഹിമാം
ജാനകീനയനാമൃതഭാജന-
രൂപം കാണുമാറാകണം ഗോവിന്ദ!

രണ്ടാം വൃത്തം സമാപ്തം

മൂന്നാം വൃത്തം

സീതാപരിണയം

(ശങ്കരായ ശങ്കരായ ശങ്കരായ മംഗളം... എന്ന മട്ട് )

കമലദളലോചനവുമമലകരപാദതല-
മസകളകളാക്ഷരമോടരുളിനൊരു ഗീതകളും
അതിവിശദദന്തരുചിമൃദുഹസിതമാനനവു-
മകതളിരിലാക  മമ രാമ! രഘുനാഥ! ജയ! 

ത്രിഭിരവരജൈരഖിലജനനയനമോദകര-
നമലയശസാ ച സഹവിപുലഗുണദാശരഥി
പ്രതിപദുഡുനാഥ ഇവ സപദി വവൃധേ തദനു
സകലജനവന്ദ്യതനു രാമ! രഘുനാഥ! ജയ! 

നാലു നിജ ചെറിയ ചില ബാലകരിലിയലിനൊരു
ലീലകളില്‍ മുദിതനരപാലമണി നിജ യുവതി-
ജാലമുല പുണര്‍ന്നിരുന്ന കാലമഥ കുശികസുത-
നാലയത്തിനടുത്തു വന്നു രാമ! രഘുരാമ! ജയ 

നാലുദധിവസനയാകും ഭൂപതികള്‍മണിമകുട-
മാലകൊണ്ടു പരിലസിതപദകമലയുഗള! തവ-
ബാലകനെത്തരികയിന്നു യാഗക്രിയ കഴിച്ചു കൊള്‍വാ-
നാലംബനമൊരുവരില്ല രാമ! രഘുനാഥ! ജയ! 

മുനിപ്രവര! കുശികസുത! ചെറുപ്പമത്രേ മമ മകനു
നമുക്കിവനെപ്പിരിഞ്ഞിരുന്നാലരക്ഷണവും പൊറുക്കയില്ല
സമസ്തകര്‍മ്മപ്രതിപക്ഷികള്‍കഴുത്തറുത്തു സവനരക്ഷ
വരുത്തുന്നുണ്ടു വയമപി ച  രാമ! രഘുനാഥ! ജയ! 

ചെറുപ്പമല്ല തവ മകനു ജഗത്ത്രിതയപരമഗുരു
വലിപ്പവുമിന്നവനെത്രയെന്നറിഞ്ഞതില്ലയൊരു പുരുഷന്‍
വലിപ്പമെഴുമസൃക്പവനമഹല്‍പാവകനിവനതിനു
വികല്‍പമില്ല നൃപതിവര! രാമ! രഘുനാഥ! ജയ! 

നമുക്കിവനെ നൃപതിമണി തരികയില്ലെന്നുറച്ചു മുനി
മനക്കുരുന്നില്‍ കുപിതനായിപ്പുറത്തുപുറപ്പെടുമളവില്‍
കൊടുക്കയത്രെയുചിതമെന്നു വസിഷ്ഠമുനിവചനം കേട്ടു
കൊടുത്തുവിട്ടു നിജമകനെ രാമ! രഘുനാഥ! ജയ! 

ലോകത്രയകൃതസുകൃതപൂരമൊരുതരുണതയി-
ലേവംവിധം ചമഞ്ഞുകൊണ്ടു ചാടിപ്പുറപ്പെടുമളവില്‍
താപത്രയനികരങ്ങളും ദൂരം വഴി ഗമിപ്പതിന-
ങ്ങാരംഭിയ്ക്കതുടങ്ങി ഹരി രാമ! രഘുനാഥ! ജയ! 

ആത്തമോദം ദശരഥന്‍റെ കാല്‍ത്തളിരില്‍ വണങ്ങിവീണു
കൂര്‍ത്ത ശരം കുലചിലയും ചേര്‍ത്തു നിജകരതളിരില്‍
വാര്‍ത്ത മുനി പറയുന്നതും കേട്ടു സുഖിച്ചുദിതധൃതി
പോയ്‌ത്തുടങ്ങി നൃപതനയര്‍ രാമ! രഘുനാഥ! ജയ! 

ബലയുമതിബലയുമിതിമനുയുഗളമുപദേശിച്ചു
വിശപ്പുദാഹം കളയിപ്പിച്ചു സരയൂനദി കടന്നുടനെ
വലിയ ചില വനം പൂകുമ്പോള്‍ വലിയ നിനദം കേട്ടി-
ട്ടലുക്കുലുക്കു പിടിച്ചു മുനി രാമ! രഘുനാഥ! ജയ! 

പെരിയമലകരചരണയുഗളങ്ങളെ ധരിച്ചുകൊണ്ടു
വരുന്നപോലെ രജനിചരിവരവു കണ്ടു പറഞ്ഞു മുനി
നരഭോജിനിയിത! താടക വരുന്നു ദശരഥതനയ!
ശരം തൊടുക്ക വിരവിനൊടു രാമ! രഘുനാഥ! ജയ! 

അതിചുവന്ന തലമുടിയും വലിയ ഗുഹ കണക്കെ വായും
ചുവന്നവട്ടപ്പരിച പോലെച്ചുവന്ന കണ്ണിന്‍മിഴികള്‍ രണ്ടും
പെരിയവല്ലം കണക്കെ വയറരിയ പദക്രമണം കൊണ്ടു
ധരണിതലം കുലുക്കി വന്നു രാമ! രഘുരാമ! ജയ! 

വീണടിഞ്ഞ മുലകള്‍ കൊണ്ടങ്ങാഞ്ഞടിയ്ക്കുമടികള്‍കൊണ്ടു
പാഞ്ഞു മൃഗപടലി ദിശിചാഞ്ഞു തരുനികരങ്ങളും
പാഞ്ഞുവന്നു പിടിച്ചരിയ പ്രാണങ്ങളെക്കളയും മുമ്പേ
ബാണം കൊണ്ടു കൊടുക്കുരസി രാമ! രഘുരാമ! ജയ! 

ഒരുത്തിയെന്നു നിനച്ചു നീയും വധിപ്പതിന്നു മടിയ്ക്ക വേണ്ടാ
പെരുത്തദുഷ്ടവധം നിനക്കു വിധിച്ചവിധിയിതെന്നറിക
തടിച്ചി വന്നു പിടിച്ചു നമ്മെക്കടിച്ചുതിന്നുന്നതിനു മുമ്പേ
കൊടുക്കുരസി വിശിഖം കൊണ്ടു രാമ! രഘുനാഥ! ജയ! 

ഭൂമണ്ഡലം വിഴുങ്ങുവാനായ് വാപിളര്‍ക്കുമസുരസുത
ദീര്‍ഘജിഹ്വ വിജിതയായി വാസവനാലൊരു ദിവസം
ലോകം മൂന്നുമനിന്ദ്രമാവാന്‍ സേവിച്ചൊരു ഭൃഗുപത്നിയെ
വാസുദേവന്‍ കഴിച്ചു പണ്ടു രാമ! രഘുനാഥ! ജയ! 

മൂര്‍ത്തവരപരശുകൊണ്ടു ഭാര്‍ഗ്ഗവനും മുറിച്ചു നിജ-
ധാത്രിയുടെ കഴുത്തു പണ്ടിതോര്‍ക്ക ഹൃദി രഘുതിലക!
പാര്‍ക്കരുതു കുലയ്ക്കു വില്ലു ചേര്‍ക്ക നല്ല പകഴി തന്നില്‍
രാക്ഷസിയെക്കഴിയ്ക്ക ശിവരാമ! രഘുരാമ! ജയ! 

പിടിച്ചുകൊണ്ടു കടിച്ചുതിന്നുന്നവര്‍കളുടെ കുടലുനിണ-
മുടലിലണിഞ്ഞിതാ വരുന്നു തടിച്ചുയര്‍ന്ന രജനിചരി
തൊടുക്ക ശരം ചെവികുഴിയെ വലിച്ചു നോക്കീട്ടുടനയയ്ക്ക
മടിയ്ക്കരുതു മനുതിലക! രാമ! രഘുരാമ! ജയ! 

ഇത്ഥം മുനിവചനം കേട്ടു പെണ്‍കൊലയിലുദിച്ച കൃപ
തന്‍ശരത്തിന്‍ മുനമേല്‍ വച്ചിട്ടമ്പിനോടു വലിച്ചൊന്നെയ്തു
അമ്പുകൊണ്ടു രജനിചരി മുമ്പില്‍ത്തന്നെ മരിച്ചുവീണു
വമ്പിച്ചൊരു മല കണക്കെ രാമ! രഘുനാഥ! ജയ! 

ബുദ്ധിമതിരഘുവരനില്‍ സിദ്ധമാക്കി ധനുര്‍വ്വേദത്തെ
സിദ്ധാശ്രമം ഗമിച്ചു മുനി ശുദ്ധകര്‍മ്മം തുടങ്ങുന്നപ്പോള്‍
ഉദ്ധതരാം നിശിചരരും വിഘ്നങ്ങളെത്തുടങ്ങുന്നേരം
യുദ്ധം ചെയ്തു രഘുതിലകന്‍ രാമ! രഘുനാഥ! ജയ! 

യാഗം മുനി തുടങ്ങുന്നതിന്‍ മീതെ ചെന്നു നിറയും ചില
നീലജലധരപടലി പോലെ നിശിചരനിവഹം
രാമശരനികരങ്ങളും  മാറിലുടനുടന്‍ തറച്ചു
നാലുദിശി പറന്നുപോയി രാമ! രഘുനാഥ! ജയ! 

ബാഹുബലം പെരുകിയ സുബാഹു ഭുവി മരിച്ചുവീണു
രാമശരദലിതഗളനാളനവരുധിരതനു
ജീവിച്ചുടനിരിയ്ക്കത്തന്നെ മാരീചനു മരണമെത്തു-
മാറു നിജശരമയച്ചു രാമ! രഘുരാമ! ജയ! 

ശാപംകൊണ്ടൊരഹല്യ പണ്ടു പാറയായിക്കിടക്കുന്നതിന്‍
മീതെ ചെന്നുചവിട്ടുന്നേരം ശാപമകന്നവളുമുടന്‍
ചാരുസ്മിതമധുരമുഖി നാരിയായിച്ചമഞ്ഞരിയ
ഗൌതമന്‍റെയരികിലായി രാമ! രഘുരാമ! ജയ! 

ആശ്ചരിയമധികതരം വാച്ചു മുനിപടലികളും
കാഴ്ച കണ്ടു സുഖിച്ചധികം കൂപ്പിത്തൊഴുമളവുപരി
ആത്ത മോദം പെരുമ്പറകള്‍ താക്കി സുരപടലികളും
വാഴ്ത്തുന്നതും ചെവിക്കൊണ്ടൊരു രാമ! രഘുനാഥ! ജയ! 

മിഥിലയിലങ്ങകത്തുപുക്കു സകലവരനൃപസമക്ഷം
പുരഹരന്റെ പെരിയവില്ലുമൊടിച്ചരിയജനകനൃപ-
ദുഹൃതകരപരിഗ്രഹണം കഴിച്ചു ദശരഥനുമായ-
പ്പുരിയില്‍ നിന്നു വിനിര്‍ഗ്ഗമിച്ചു രാമ! രഘുനാഥ! ജയ! 

പാരിച്ചൊരു മഴുവെടുത്തു ഘോരവരസമരങ്ങളില്‍
പാരിലുള്ള മുടിക്ഷത്രിയവീരരുടെ കഴുത്തറത്തു
ചോരവെള്ളപ്പെരുമ്പുഴയില്‍ നീരാടിയ മുനിപ്പെരുമാള്‍
നേരേ വന്നു വഴി തടുത്തു രാമ! രഘുനാഥ! ജയ! 
പുരത്രയത്തെപ്പൊരിച്ച മമ പരമഗുരു പുരഹരന്റെ
കുലവില്ലിനെയൊടിച്ച നിന്‍റെ കരമൊടിപ്പനിതിപ്രഗത്ഭം
പറഞ്ഞടുത്ത മുനിവരന്റെ കനല്‍ക്കണ്ണുകള്‍ മിഴിച്ചുകണ്ടു
ഭയപ്പെട്ടോടിപ്പടജ്ജനങ്ങള്‍  രാമ! രഘുനാഥ! ജയ! 

ജഗല്‍പ്പവിത്രതരപുരുഷരെതിര്‍പ്പതിനു തുനിഞ്ഞളവില്‍
രവിപ്രഭകളുടലില്‍ ജനനയനങ്ങളെയടപ്പിച്ചുടന്‍
പതുപ്പില്‍ വിളിച്ചനുസരിച്ചു സമര്‍പ്പിച്ചു തല്‍ക്കുലചിലയും
മുനിപ്രവരന്‍ നടന്നു മെല്ലെ രാമ! രഘുനാഥ! ജയ! 

മിഴിച്ചു നിന്ന സമസ്തജനം ജയിച്ചുവെന്നങ്ങുറയ്ക്കുമാറു
കഴിച്ചു യുദ്ധമവിടെ നിന്നു മദിച്ച പടജ്ജനവുമായി
പിടിച്ചുകളിയകമ്പടികള്‍ നടത്തിക്കുടതഴ പിടിപ്പി-
ച്ചുദിച്ചു രുചി പുരിയില്‍ പുക്കു രാമ! രഘുനാഥ! ജയ! 

രാമ! രഘുനാഥ! ജയ! രാമ! രഘുനാഥ! ജയ!
രാമ! രഘുനാഥ! ജയ! രാമ! രഘുനാഥ! ജയ!
രാമ! തവ പാദങ്ങളില്‍ വീണു തൊഴുമെങ്ങളുടെ
പാപമകറ്റീടു ശിവരാമ! രഘുനാഥ! ജയ!

മൂന്നാം വൃത്തം സമാപ്തം

നാലാം വൃത്തം

വിച്ഛിന്നാഭിഷേകം

(കണ്ണന്റെ പുണ്യനാമവര്‍ണ്ണങ്ങള്‍.... അല്ലെങ്കില്‍
നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ ...എന്ന മട്ട് )
സുരപുരിയൊടു സമമാകും നിജ-
പുരിയില്‍ പുക്കുടന്‍ രഘുനാഥന്‍
തരുണീമണിമാര്‍മകുടസീതയോ-
ടൊരുമിച്ചു വാണു ഹരിനംബോ!

ഭരതന്‍ മാണ്ഡവീപതിയുമൂര്‍മ്മിളാ-
പതി ലക്ഷ്മണനുമനുദിനം
ശ്രുതകീര്‍ത്തിപതിയിതു ശത്രുഘ്നനു-
മൊരുമിച്ചു പുക്കു ഹരിനംബോ!

ഭരതലക്ഷ്മണാനുജരേയും രാജാ-
വയച്ചു മാതുലഭവനത്തില്‍
ഇരിയ്ക്കും കാലത്തില്‍ നിനച്ചിതോരോരോ
ഹൃദയകൌതുകം ഹരിനംബോ!

മകനിലേറിയ കനിവു ലോകര്‍ക്കു
പെരുതെന്ന പോലെയനുദിനം
യുവരാജാവാക്കുമിവനെ നാമെന്നു
മനസി കല്‍പ്പിച്ചു ഹരിനംബോ!

ദശരഥാത്മജവരനഭിഷേക-
മുടനുണ്ടെന്നുപോലൊരു വാര്‍ത്താ
ദിശി ദിശി നീളെപ്പുകള്‍ പൊങ്ങീ ലോകേ
ജയഘോഷങ്ങളും ഹരിനംബോ!

വസിഷ്ഠമാമുനി സൌഷ്ഠവമായി
വിശിഷ്ടകര്‍മ്മങ്ങള്‍ തുടങ്ങുമ്പോള്‍
അധിഷ്ഠാനമിട്ടു മുടക്കി രാമന്റെ
കനിഷ്ഠമാതാവു ഹരിനംബോ!

അഭിഷേകമെന്റെ മകനേ ചെയ്യാവൂ
വിപിനേ രാമനെയയയ്ക്കേണം
ഇവ പണ്ടു ചൊന്ന വരമിന്നു രണ്ടും
തരിക കാന്ത! നീ ഹരിനംബോ!

അസുരശസ്ത്രങ്ങളുടലിലേറ്റന്നും
പരമിത്രയില്ല പരിതാപം
രമണിവാഗസ്ത്രമുടലിലേറ്റപ്പോള്‍
ഭുവി വീണു മോഹിച്ചരിനംബോ!

കൊടുംക്രൂരേ! പാപീ! മമ കൈകേയി! നിന്‍
കൊടുവചനത്താലുടനെ ഞാന്‍
യമപുരി പുക്കിട്ടിരിയ്ക്കുമെന്നതു-
മറിക ദയിതേ! നീ ഹരിനംബോ!

വിരവിലിങ്ങനെ കലുഷത പൂണ്ട
പരമത്താതന്‍റെ വചനത്താല്‍
പരമാനന്ദിച്ചു പറഞ്ഞു ശ്രീരാമന്‍
ചരണം കുമ്പിട്ടു ഹരിനംബോ!

ഭരതമൂര്‍ദ്ധാവിലവനീപാലന-
ഘനഭാരത്തെ വിന്യസിയ്ക്കയാല്‍
തിരുവുള്ളമെന്നില്‍ പെരുതു താതനെ-
ന്നനുമന്യേ ഞാനും ഹരിനംബോ!

സുഖദു:ഖങ്ങള്‍ വന്നനുഭവിയ്ക്കുമ്പോ-
ളിളകാതെ ചിത്തമലരിങ്കല്‍
പരിചില്‍ക്കാതലെശ്ശരണമായിട്ടു
കരുതിക്കൊള്‍ക നീ ഹരിനംബോ!

വനവാസത്തോളം സുഖമില്ലൊന്നുമേ
നമുക്കെന്നു കല്‍പ്പിച്ചുറച്ചുടന്‍
വനിതാലക്ഷ്മണസഹിതനായ് മെല്ലെ-
പ്പുറപ്പെട്ടു രാമന്‍ ഹരിനംബോ!

മണിക്കിരീടവും മകരകുണ്ഡലം
വനമാലാ പാദകമലവും
മലര്‍മാതു ചേരും തിരുമാറുമെന്റെ
മനസ്സില്‍ തോന്നണം ഹരിനംബോ!

മരതകക്കല്ലിന്‍ നിറമൊത്ത നിന്റെ
തിരുമേനി എന്റെ മനക്കാമ്പില്‍
കരുതീടുമാറു വരമരുളേണം
കരുണാവാരിധേ! ഹരിനംബോ!

നാലാം വൃത്തം സമാപ്തം

അഞ്ചാം വൃത്തം

വനയാത്ര

 (കൃഷ്ണ! ഹരേ! ജയ! കൃഷ്ണ! ഹരേ! ജയ!...എന്ന മട്ട് ) 

കല്യാണരൂപി വനത്തിന്നു പോവാന്‍-
വില്ലും ശരം കൈപ്പിടിച്ചോരു നേരം
മെല്ലെപ്പുറപ്പെട്ടു പിന്നാലെ സീത
കല്യാണിനീദേവി ശ്രീരാമ! രാമ!

മോദേന കൂടെപ്പുറപ്പെട്ട സീതാം
കോദണ്ഡധാരി സമാലോക്യ രാമന്‍
വൈദഗ്ദ്ധ്യശാലി രമേശന്‍ പറഞ്ഞൂ
വൈദേഹിതന്നോടു ശ്രീരാമ! രാമ!

കാന്താരവിന്ദായതാക്ഷീ! മനോജ്ഞേ!
കാന്താരവാസം നിനക്കാവതല്ലേ
ശാന്തേ! കുടുംബപ്രിയേ! താതപാദം
കാന്തേ! ഭജിച്ചീടു ശ്രീരാമ! രാമ!

വൈദേഹി പോരേണ്ട പോരേണ്ട ബാലേ!
പൈദാഹശാന്തിയ്ക്കുപായങ്ങളില്ലേ
ഹേ! ദേവീ! കല്ലുണ്ടു മുള്ളുണ്ടു കാട്ടില്‍
പാദവ്യഥയ്ക്കങ്ങു ശ്രീരാമ! രാമ!

വ്യാളങ്ങള്‍ സാലാവൃകദ്വീപിവൃന്ദം
വ്യാളീതരക്ഷുക്കള്‍ കാട്ടാനയുണ്ട്
കാളുന്ന തീയുണ്ടു പോരേണ്ട ബാലേ!
നീലാരവിന്ദാക്ഷി! ശ്രീരാമ! രാമ! 

എന്നാര്യപുത്രന്‍ വനത്തിന്നു പോയാല്‍
പിന്നെപ്പുരീവാസമെന്തിന്നു വേണ്ടി?
നിന്നോടുകൂടീട്ടു പോരുന്നു ഞാനും
എന്നാള്‍ മനോജ്ഞാംഗി ശ്രീരാമ! രാമ!

സൌഭ്രാത്രമുള്‍ക്കൊണ്ടു പോവാന്‍ മുതിര്‍ക്കും
സൌമിത്രി കൈകൂപ്പി നിന്നോരു നേരം
സൌമിത്രിമാതാവു ചൊന്നാളിവണ്ണം
സൌമിത്രി തന്നോടു ശ്രീരാമ! രാമ!

അച്ഛന്‍ നിനക്കിന്നു ശ്രീരാമചന്ദ്രന്‍
അച്ചോ! വരാസീത മാതാവു താന്‍ കേള്‍
ഇച്ഛിച്ച കാന്താരമിന്നിങ്ങയോദ്ധ്യാ
കല്‍പിച്ചു പൊയ്ക്കൊള്‍ക ശ്രീരാമ! രാമ! 

ഗാഢം വളര്‍ന്നോരു ദു:ഖേന ലോകര്‍
ചാടിച്ചു കണ്ണീരുമാബാലവൃദ്ധം
ചാടിപ്പുറപ്പെട്ടു തീരെ സരയ്‌വാം
കൂടെത്തടുത്തങ്ങു ശ്രീരാമ! രാമ!

നാരീശിരോമാലകൈകേയിചിത്തം
പാരില്‍ത്തകുംകാരിരുമ്പിന്നു തുല്യം
രാമാനനം കാണ്‍കിലേവര്‍ക്കു ചിത്തം
ശൈഥില്യമാകാത്തു ശ്രീരാമ! രാമ!

കൂനീഗിരം കേട്ടു കൈകേയിമാതാ
മാനിച്ചു ചൊല്ലുന്ന വാചാ മഹാത്മാ
ദീനത്വമുള്‍ക്കൊണ്ടു താതാജ്ഞ രാമന്‍
മാനിയ്ക്ക വേണ്ടില്ല ശ്രീരാമ! രാമ!

കാണിക്ഷണം നിന്നെ വേര്‍പെട്ടിരുന്നാല്‍
ദീനത്വമുള്‍ക്കൊണ്ടു ദു:ഖിയ്ക്കുമസ്മാന്‍
കാണാതെ വേര്‍പെട്ടു നീ പോകിലിപ്പോള്‍
പ്രാണങ്ങള്‍ പോകുന്നു ശ്രീരാമ! രാമ!

പാരിച്ച കണ്ണീരൊലിപ്പിച്ചു താതന്‍
ചാരത്തു വന്നങ്ങു നില്‍ക്കുന്ന നേരം
ചാരുസ്മിതം തൂകി വന്ദിച്ചു പോയീ
ശ്രീരാമചന്ദ്രോപി ശ്രീരാമ! രാമ!

ഇന്നെത്ര ദൂരം നടക്കേണമാര്യാ?
എന്നങ്ങു ഭൂയോപി ഭൂയോപി ചൊല്ലും
വാമാക്ഷി സീതാ ജനിപ്പിച്ചു കണ്ണീര്‍
പ്രാഥമ്യമായന്നു ശ്രീരാമ! രാമ!

രാമാംഘ്രി തട്ടുന്ന പാഷാണവും പോയ്‌
സ്ത്രീരൂപമായ് വന്നുവെന്നോര്‍ത്തു തന്നെ
സീതാ ന സസ്മാര പാദവ്യഥാം താം
സഞ്ചാരഖിന്നാപി ശ്രീരാമ! രാമ!

സംഗം മുഴുക്കും ഗുഹനോടു സഖ്യം
ഭംഗ്യാ കഴിച്ചിംഗുദീശാഖിമൂലേ
മംഗലമായ്ത്തീര്‍ത്ത പര്‍ണ്ണാലയത്തില്‍
കല്യാണമായ് പുക്കു ശ്രീരാമ! രാമ! 

അംഗാരനേത്രനെടുത്തങ്ങുചൂടും
ശൃംഗാരമാലാം മഹാശോഭിരാമന്‍
ഭംഗ്യാ ജടാവല്‍ക്കലത്തെ ധരിച്ചു
ഗംഗാം കടന്നു ഹരേ! രാമ! രാമ! 

മിത്രപ്രഭാവന്‍ ഭരദ്വാജവാചാ
ചിത്രാചലേ പര്‍ണ്ണശാലാകുടീരേ
മിത്രത്രയത്തെസ്സുഖിപ്പിച്ചിരുന്നു
ഭദ്രായ ഹാ! ചാരുശ്രീരാമ! രാമ! 

ശ്രീരാമചന്ദ്രേ ഗതേ ചിത്രകൂടം
വാരാര്‍ന്ന സൌമിത്രിസീതാസമേതേ
പാരിച്ച ദു:ഖം മനക്കാമ്പിലപ്പോള്‍
ശ്രീരാമതാതന്നു ശ്രീരാമ! രാമ! 

പുത്രാര്‍ത്തി കൈക്കൊണ്ടു ദു:ഖിച്ച താതന്‍
സ്വര്‍ഗ്ഗത്തിലുള്‍പ്പുക്കുവെന്നുള്ള വൃത്തം
ശുശ്രാവ രാമാനുജന്‍ മാതൃഗേഹേ
ശത്രുഘ്നനാമാപി ശ്രീരാമ! രാമ!

ശത്രുഘ്നസംയുക്തനായുഗ്രധന്വാ
വ്യഗ്രിച്ചയോദ്ധ്യാസമീപേ വരുമ്പോള്‍
മന്ത്രീശ്വരാല്‍ കേട്ടു കൈകേയിവൃത്തം
സംക്രുദ്ധവാനായി ശ്രീരാമ! രാമ!

താതം മദീയം മരിപ്പിപ്പതിന്നും
രാമം വനത്തിന്നു യാത്രാക്കുവാനും
മംഗല്യസൂത്രം പറിപ്പാനുമാളാ-
യേഷാ മഹാപാപി ശ്രീരാമ! രാമ! 

രാജ്യത്തില്‍ വാഴ്കെന്നു ചൊല്ലും വസിഷ്ഠ-
ന്നാജ്ഞാം വെടിഞ്ഞങ്ങു രാമാനുജന്മാര്‍
ത്യാജ്യം നമുക്കെന്നു കല്‍പിച്ചു പോയി
രാമാശ്രയത്തിന്നു ശ്രീരാമ! രാമ!

അച്ഛന്‍മരിച്ചുള്ളവസ്ഥാപ്രസംഗേ
സച്ചക്ഷുരശ്രുപ്രവാഹങ്ങള്‍ വാര്‍ത്തും
ദിക്ചക്രഭേദം വരുത്തീടുമാറും
ചര്‍ച്ചിച്ചു ദു:ഖിച്ചു ശ്രീരാമ! രാമ! 

കൃത്യം പിതുര്യല്‍ പരേതസ്യകൃത്വാ
നിത്യാനുഭൂതന്‍ മഹാത്മാവുരാമന്‍
സത്യപ്രതിജ്ഞനയോദ്ധ്യയ്ക്കയച്ചു
നീത്യാ കനീയാനെ ശ്രീരാമ! രാമ! 

രാമാജ്ഞ കൈക്കൊണ്ടു രാമാനുജന്‍ താന്‍
തല്‍പാദുകം മൂര്‍ദ്ധ്നി വിന്യസ്യ നന്ദി-
ഗ്രാമേ കരോദ്രാജ്യമാശാന്തചേതാ:
രാമാഗമാകാംക്ഷി ശ്രീരാമ! രാമ!

സച്ചില്‍സ്വരൂപിന്‍ ജഗന്നാഥ! വിഷ്ണോ!
സച്ചക്ഷുരാദിത്യവന്ദേ ഹി നിത്യം
വച്ചീടു നിന്‍ചേവടിത്താരിദാനീം
മച്ചിത്തരംഗേ ഹരേ! രാമ! രാമ!
അഞ്ചാം വൃത്തം സമാപ്തം

 ആറാം വൃത്തം

ദണ്ഡകാരണ്യവാസം, വിരാധവധം, പഞ്ചവടീവാസം

(അമ്പിളിക്കല തുമ്പ ചൂടിന ശംഭു തന്‍ പ്രിയപുത്രനായ്‌...എന്ന മട്ട് ) 

മിത്രബാന്ധവലോകരൊക്കെയുമത്രപോന്നുവരും ദൃഢം
ഭദ്രമല്ലിനിയത്രവാസമിതെന്നുറച്ചു രഘൂത്തമന്‍
ഭദ്രലക്ഷ്മണസീതയോടൊരുമിച്ചു ചിത്രതരാലയം
ചിത്രകൂടമതിക്രമിച്ചു നടന്നു രാമ! ഹരേ! ഹരേ!

ഖണ്ഡനായ ധരാവിരോധമിയറ്റിമേവിന വൈരിണാം
പുണ്ഡരീകവിലോചനന്‍ മദനാന്തകാന്തകസന്നിഭന്‍
ദണ്ഡകാവനമിന്ദുമണ്ഡലചുംബിഭൂരുഹമണ്ഡിതം
ചണ്ഡഭാനുരിവാഭ്രമണ്ഡലമാപ രാമ! ഹരേ! ഹരേ!

പുഷ്പിതദ്രുമരാജിദത്തവിലോചനേ രഘുനായകേ
പുഷ്പസായകദേവതാമപഹൃത്യകോപി നിശാചരന്‍
ദര്‍പ്പശാലി വിരാധനംബരമുല്പപാതതദൈവതാ-
മുഗ്രരാമശരാഗമേ വിസസര്‍ജ്ജ രാമ! ഹരേ! ഹരേ!

സോമസൂര്യനെയും ധരിച്ചൊരു വിന്ധ്യപര്‍വ്വതസന്നിഭന്‍
വീരലക്ഷ്മണരാഘവൌ നിജതോളില്‍ വച്ചു  വരുംവിധൌ
വാളുകൊണ്ടു മുറിച്ചു തല്‍ക്കരമൂഴിയില്‍ പതിപ്പിച്ചുടന്‍
വാനിലാക്കിയവനെയും ശിവരാമ! രാമ! ഹരേ! ഹരേ!

പ്രാണധാരണഗാത്രവാന്‍ ശരഭംഗമാമുനി മൈഥിലീ-
പ്രാണനാഥസമാഗമേ പരലോകമാപസുഖാവഹം
പ്രീണനായി നടന്നു ദണ്ഡകവാസിയാം മുനിയാം ധനുര്‍-
ബ്ബാണപാണിരഗസ്ത്യവാസമവാപ രാമ! ഹരേ! ഹരേ! 

രാമലക്ഷ്മണദര്‍ശനോത്സവകൌതുകാന്മുനിമണ്ഡലം
കാണ്മതിന്നടുത്തങ്ങുവന്നു നിറഞ്ഞുനിന്നു നിരന്തരം
ലോചനങ്ങള്‍ തണുത്തു കാമസമാനരാമവിലോകനേ
മാനസങ്ങളലിഞ്ഞുപോയ്‌ ശിവരാമ! രാമ! ഹരേ! ഹരേ!

വിക്രമാംബുനിധേ! രഘൂത്തമ! ലക്ഷ്മണാഗ്രജ! രക്ഷസാം
വിക്രമങ്ങളോരോന്നു വെവ്വേറെ കേള്‍ക്ക നീ കരുണാകരാ!
ദുഷ്കൃതം തു മദീയമെന്നതുതന്നെ നീ നിനയായ്ക ഭൂ-
ചക്രലോകമിതൊക്കെയങ്ങനെ രാമ! രാമ! ഹരേ! ഹരേ!

ഉണ്ണി! രാഘവ! നീയടുത്തടുത്തിങ്ങു പോരുക ബാലകാ
കണ്ണൊരിത്രയെനിയ്ക്കുകാണാ വയസ്സനേകമതീതമായ്
എണ്ണുകില്‍ശ്ശതമല്ല രാമ! പിടിച്ചു രാക്ഷസഭക്ഷിതം
ഉണ്ണിദണ്ഡജിനാദി കാണിതു രാമ! രാമ! ഹരേ! ഹരേ!

ഹന്ത! രാക്ഷസകുന്തപാതമദീയദന്തമടര്‍ന്നുപോയ്‌
ചിന്തനീയമിദം തു രാമ! മദീയവേദനമെന്നിയേ
മന്ഥരാഗമിയായി മാമകഗോത്രമേകമടിയ്ക്കയാ-
ലന്തരാളസമാഗമേ ഹരി! രാമ! രാമ! ഹരേ! ഹരേ!

ദണ്ഡപാണിരിവാത്ര വന്നൊരു രാക്ഷസന്‍ മടിയാതുടന്‍
ദണ്ഡുകൊണ്ടു കുമെച്ചു നമ്മുടെ കണ്ണുമൊന്നു പൊടിഞ്ഞുപോയ്‌
ചണ്ഡഭാനുകുലാവതംസ! മദീയദണ്ഡമിതില്‍പരം
ദണ്ഡതാഡനമത്രെ രാഘവ! രാമ! രാമ! ഹരേ! ഹരേ!

ഊക്കനാകിയ രാവണന്‍ പുനരൂക്കു കൂടെ മുടക്കിനാന്‍
വാക്കുകേള്‍ക്കിലതിപ്പൊഴും മമ മൂത്രപാതമുടന്‍ വരും
സാക്ഷിദൈവമൊഴിഞ്ഞു മറ്റൊരു ഭൂതരില്ല നമുക്കു കേള്‍
തീര്‍ക്ക നമ്മുടെ സങ്കടങ്ങളെ രാമ! രാമ! ഹരേ! ഹരേ!

ഗര്‍വ്വഹീനമിവണ്ണമഗ്നിസമാനമാമുനിവാക്കിനാല്‍
ശര്‍വ്വഫാലവിലോചനോപമലോചനന്‍ രഘുനായകന്‍
സര്‍വ്വരാക്ഷസവീരവംശവധപ്രതിജ്ഞയുമാശു ചെ-
യ്തുര്‍വ്വരാമൃതമേകിനാന്‍ ഹരി! രാമ! രാമ! ഹരേ! ഹരേ!
ശാര്‍ങ്ഗചാപമഗസ്ത്യമാമുനിവാക്കിനാലിഷുധീ മുദാ
വാളുമങ്ങരിരക്ഷയായ് നിജപക്കല്‍ വാങ്ങി രഘൂത്തമന്‍
മാര്‍ഗ്ഗണങ്ങളെടുത്തുടന്‍ മുനിമാര്‍ഗ്ഗണീയപദാംബുജന്‍
മാര്‍ഗ്ഗമേ നടകൊണ്ടു രാക്ഷസനാശനായ ഹരേ! ഹരേ!

തീര്‍ത്ഥഭൂതജലപ്രവാഹമഹാനദീനികടേ ചിരം
ചിത്രപഞ്ചവടീവനേ വരപര്‍ണ്ണസത്മനിമെത്തമേല്‍
തീര്‍ത്ഥമാടി മന:പ്രസാദമരം വരുത്തി നിജപ്രിയാം
പാര്‍ത്തു വക്ത്രമണച്ചുപുല്‍കി രമിച്ചു രാമ! ഹരേ! ഹരേ!

സീതയായൊരു കല്പവള്ളി പടര്‍ന്നരാമരസദ്രുമ-
ച്ഛായതന്നില്‍ വസിച്ചു മാമുനിപക്ഷിമണ്ഡലമാദരാല്‍
രാവണാര്‍ക്കമഹാതപത്തിനൊരാതപത്രമുദാരവാങ്-
മാധുരീഫലമാസ്വദിച്ചു സുഖിച്ചു രാമ! ഹരേ! ഹരേ!

രാമ! രാമ! ഹരേ! ഹരേ! രഘുനാഥ! നാഥ! ദയാനിധേ!
ജാനകീരമണാരവിന്ദവിലോചന! പരിപാഹിമാം
രാമ! നീലഘനാഭിരാമ! മനോഭിരാമ! രമാപതേ!
രാമചന്ദ്ര! ജയിയ്ക്ക! നീ ശിവരാമ! രാമ! ഹരേ! ഹരേ!


ആറാം വൃത്തം സമാപ്തം

ഏഴാം വൃത്തം

ശൂര്‍പ്പണഖാവൃത്താന്തം, ഖരവധം,
സീതാപഹരണം

(രാമ! രാമ! രാമ! രാമ! രാമ! രാമ! പാഹിമാം
            രാമപാദം ചേരണേ മുകുന്ദരാമ! പാഹി മാം...എന്ന മട്ട് ) 

ജഗത്ത്രയജ്ജനങ്ങളെപ്പിടിച്ചുതച്ചുകൊന്നുടന്‍
ഞരമ്പറക്കടിച്ചു പച്ചമാംസഭക്ഷിരക്ഷസാം
കുലംമുടിപ്പതിന്നുപായമെന്തുകൊള്‍വതെന്നസൌ-
വിചിന്തയാംബഭൂവ ഹാ! മുകുന്ദ! രാമ! പാഹിമാം

കദാചിദംബരാലിറങ്ങിവന്നു രാവണാനുജാ
മനോഭിരാമചാരുരൂപധാരിണീനിശാചരീ
മനോഭിരാമരാമനോടു കാമദീനമാനസാ
മനോഭിലാഷമോതിനാള്‍ മുകുന്ദ! രാമ! പാഹിമാം 

എനിയ്ക്കു കാന്തനില്ല രാമ! നീയെനിയ്ക്കു കാന്തനായ്
ഭവിയ്ക്കവേണമംഗജാതുരയ്ക്കു സുന്ദരാനന!
മരിയ്ക്കുമല്ലയായ്കില്‍ ഞാനരക്ഷണേന മാരമാല്‍
മുഴുക്കകൊണ്ടു രാഘവാ മുകുന്ദ! രാമ! പാഹിമാം

ഇതി പ്രഗത്ഭവാദിനീമെതിര്‍ത്തുനിന്നു രാഘവന്‍
പതുപ്പില്‍ വച്ചു സുന്ദരീം ചിരിച്ചുകൊണ്ടു ചൊല്ലിനാന്‍
വരിച്ചുകൊള്‍ക നീ ജഗത്പ്രസിദ്ധമാത്മസോദരം
സമസ്തകാമപൂരണം മുകുന്ദ! രാമ! പാഹിമാം

മനോഭിരാമരാമവാചമാദരേണ കേട്ടുടന്‍
മനോഭിലാഷിതം നിജം പറഞ്ഞു ലക്ഷ്മണം തദാ
അനാദരാലിണങ്ങുവോനതല്ലയെന്നു കണ്ടുടന്‍
നിതാന്തകാമമോഹിതാ മുകുന്ദ! രാമ! പാഹിമാം

സലക്ഷണം പിടിച്ചെടുത്തു ലക്ഷ്മണം നിശാചരീ
സുലക്ഷണം ചമഞ്ഞുകൊണ്ടരക്ഷണം മുതിര്‍ന്നു സാ
പുന:ക്ഷമാധരന്‍ മുതിര്‍ന്നരിഞ്ഞു കര്‍ണ്ണനാസികാം
സമക്ഷമാശു നോക്കിനാന്‍ മുകുന്ദ! രാമ! പാഹിമാം

മുറിച്ച ചീനി പോലെ ഭൂതലത്തില്‍ വീണു രാക്ഷസി
തൊഴിച്ചുകൊണ്ടു ചെന്നു സാ പഴിച്ചു ചൊന്ന വാക്കിനാല്‍
മുഴുത്ത കോപവാന്‍ ഖരനയച്ചു ബന്ധുമാശു തം
ചതുര്‍ദ്ദശാശരാധിപന്‍ മുകുന്ദ! രാമ! പാഹിമാം 

തനിച്ചു പോരിനാഞ്ഞുവന്നെതിര്‍ത്ത കണ്ടു രാഘവന്‍
കുലച്ചു വില്ലുസായകം തൊടുത്തയച്ചു സത്വരം
ശരപ്രഭിന്നകന്ധരാശ്ചതുര്‍ദ്ദിശം പതിച്ചുപോയ്
ചതുര്‍ദ്ദശാശരാധിപര്‍ മുകുന്ദ! രാമ! പാഹിമാം

പിടിച്ചുകെട്ടുവാനുടനയച്ചുവിട്ടു രാക്ഷസര്‍
മരിച്ചുപോയിതെന്നു കേട്ടുരത്ത കോപവാന്‍ ഖരന്‍
അയച്ചു വന്‍പെഴും പടജ്ജനത്തെയൊക്കെ ദൂഷണ-
ത്രിമൂര്‍ദ്ധകാദിരാക്ഷസാന്‍ മുകുന്ദ! രാമ! പാഹിമാം

തുരംഗതുംഗകണ്ഠബദ്ധകിങ്കിണീഘണംഘണ-
ദ്ധ്വനിപ്രതിദ്ധ്വനിപ്രഘോഷിതാംബരം നിരന്തരം
മദം മുഴുത്തുയര്‍ന്നഹസ്തിവൃന്ദബദ്ധ ശൃംഖലാ-
ഝലജ്ഝലല്‍പ്രഘോഷിതം മുകുന്ദ! രാമ! പാഹിമാം

സമന്തതസ്സമുദ്രമങ്ങിരച്ചുവന്നു മുക്കുവാന്‍
നിരന്തരം വരുന്നപോലെ വന്നുകണ്ടു തല്‍ബലം
സ സത്വരം കുലച്ചുവില്ലെടുത്തുനിന്നു ജാനകീ-
മുഖം നിരീക്ഷ്യ നിര്യയൌ മുകുന്ദ! രാമ! പാഹിമാം

സലക്ഷണം വിളിച്ചുകൊണ്ടടുത്തു നിന്നു ജാനകീം
സുരക്ഷിതും നിധായ തം തിരിച്ചു വിക്രമീ തദാ
കുലക്ഷയം വരുത്തുവാനടുത്തു ലക്ഷ്മണാഗ്രജന്‍
അരക്ഷണേന രാക്ഷസാം  മുകുന്ദ! രാമ! പാഹിമാം

ദ്വിസപ്തകം സഹസ്രമുള്ള രാക്ഷസര്‍ക്കു സംഗരേ
എനിക്കെനിക്കെനിക്കിതേകനുണ്ടിതെന്നു തോന്നുമാറുടന്‍
എതിര്‍ത്ത രാമവിക്രമം പുകഴ്ത്തുവാന്‍ പണിപ്പെടും
ജയിയ്ക്ക! വിശ്വനായകന്‍ മുകുന്ദ! രാമ! പാഹിമാം

അടുത്തുവന്നു പോരിനാഞ്ഞ മത്തവാരണങ്ങളും
തിമിര്‍ത്തണഞ്ഞ ഘോടകങ്ങള്‍ തേരുസൂതനായകന്‍
കഴുത്തറത്തറത്തു ധാത്രിതന്നിലാക്കി ശോണിതം*
സമസ്തലോകനായകന്‍ മുകുന്ദ! രാമ! പാഹിമാം
*(‘കഴുത്തറത്തു ധാത്രിതന്നിലാക്കി തത്ര ശോണിതം’ എന്നു പാഠഭേദം) 

പ്രവൃദ്ധയുദ്ധരാമപത്രികൃത്തകണ്ഠനിര്‍ഗ്ഗളന്‍
പ്രവൃദ്ധരക്തപാനമത്തചിത്തകങ്കഭീഷണം
മുഴുത്ത യുദ്ധവിക്രമം നിരീക്ഷിതും സുരാവലീ
വിയത്തില്‍ വന്നു തിങ്ങിനിന്നു രാമ! രാമ! പാഹിമാം 

ഉരത്തസായകം പതിച്ചുടന്‍ പിളര്‍ന്നു മസ്തകം
കഴുത്തുകുത്തിവീണു ചത്തടിഞ്ഞു മത്തവാരണം
പെരുത്തുകണ്ടു ഭൂതലേ പിടച്ചുവീണു വാജിയും
തിമിര്‍ത്തവീരപംക്തിയും മുകുന്ദ! രാമ! പാഹിമാം 

ത്രിലോകനാഥപത്രികൊണ്ടു ചത്തുവീണു ദൂഷണന്‍
ത്രിലോകനാഥദൂഷണന്‍ ദുരുക്തികൊണ്ടു രാമനും
ത്രിഭിശ്ശരൈരറുത്തുടന്‍ ത്രിമൂര്‍ദ്ധകം ജിതശ്രമം
സമാധയേ ജഗത്ത്രയേ മുകുന്ദ! രാമ! പാഹിമാം

പെരുത്തരാവണന്‍ മരിച്ചു കാലസദ്മമെത്തിയാ-
ലകത്തിടം കുറഞ്ഞുപോകുമെന്നു കണ്ടു മുമ്പിലേ
തിമിര്‍ത്തിടം പിടിപ്പതിന്നിതെന്ന പോലെ രാക്ഷസ-
പ്പെരുമ്പടജ്ജനങ്ങള്‍ പോയി രാമ! രാമ! പാഹിമാം

മഹാരഥോരഥം സമാരുരോഹഭീമനി:സ്വനം
മഹാതുരംഗജന്തുസംയുതം മഹാബലൈര്‍മഹാന്‍
ഖരാനനന്‍ ഖര:സമാസസാരരാഘവം തദാ
ധനുര്‍ദ്ധരോധനുര്‍ദ്ധരം മുകുന്ദ! രാമ! പാഹിമാം

കനത്തവില്ലെടുത്തുടന്‍ കുലച്ചു ബാണവും തൊടു-
ത്തയച്ചു രാമവില്ലവന്‍ മുറിച്ച നേരമഞ്ജസാ
കരത്തില്‍ വന്നു വീണ വില്‍ കുലച്ചു സായകം തൊടു-
ത്തെതിര്‍ത്തണഞ്ഞു രാഘവന്‍ മുകുന്ദ! രാമ! പാഹിമാം

രഥദ്ധ്വജം പതാകയും രഥം തുരംഗമങ്ങളും
ശശിപ്രഭം മഹാതപത്രവും മുറിച്ചു സംഗരേ
ധനുര്‍ദ്ധരോധനുസ്സുമങ്ങുടന്‍ മുറിച്ചു ഭൂതലേ
നിപാത്യ ഹന്ത! യുദ്ധ്യതോ മുകുന്ദ! രാമ! പാഹിമാം

രവിപ്രഭം ചതുര്‍ഭുജം  സശംഖചക്രസംഭൃതം
ജ്വലല്‍ക്കിരീടകുണ്ഡലം പുരാണപൂരുഷംഹരിം
ഉദിച്ചു കണ്ടുതല്‍ക്ഷണം മരിയ്ക്ക നല്ലുവെന്നുറ-
ച്ചടുത്തു രാമചന്ദ്രനോടു രാമ! രാമ! പാഹിമാം

ഖരസ്യ തസ്യ കണ്ഠവും മുറിച്ചു വിശ്വനായകന്‍
പരമ്പുരത്തിലാക്കിനാന്‍ സുഖിച്ചിരിപ്പതിന്നു താന്‍
സുരപ്രമുക്തപുഷ്പവൃഷ്ടിയേറ്റു യുദ്ധഭൂമിയില്‍
ധനുസ്സുമൂന്നി നിന്ന രാമചന്ദ്ര! രാമ! പാഹിമാം*
*(‘ധനുസ്സുമൂന്നി നിന്ന രാമ! രാമചന്ദ്ര! പാഹിമാം’ എന്നു പാഠഭേദം)

തനിയ്ക്കു രക്ഷയായിരുന്ന രാക്ഷസത്രയം മരി-
ച്ചെമക്ഷയത്തിലാകകൊണ്ടു ദു:ഖിതാ നിശാചരീ
യമക്ഷയം വരുത്തിനോരു വീരനോടുണര്‍ത്തിനാള്‍
വിലക്ഷണാവിരൂപിതാ മുകുന്ദ! രാമ! പാഹിമാം

ഞെളിഞ്ഞുകൊണ്ടിരുന്ന ഭോഷ! നീ പറഞ്ഞ വാക്കു കേ-
ട്ടിവണ്ണമായ് ചമഞ്ഞിതത്രയല്ല കേള്‍ക്ക! രാവണാ!
രഘുപ്രവീരസായകാഗ്നി തന്നില്‍ വീണെരിഞ്ഞുപോയ്
ഖരപ്രധാനനൈരൃതീ മുകുന്ദ! രാമ! പാഹിമാം

വിരൂപിതാത്മസോദരീവചസ്സു കേട്ടു രാവണന്‍
സുകേതുനന്ദനാത്മജം വിളിച്ചുചൊല്ലി മെല്ലവേ
വശത്തു വച്ചുകൊള്‍ക കാനനത്തില്‍ നിന്നു രാഘവൌ
കളിച്ചു കാഞ്ചനൈണമായ് മുകുന്ദ! രാമ! പാഹിമാം

അടുത്തുവന്നു തുള്ളിവീണ പുള്ളിമാനിനെ ദ്രുതം
പിടിച്ചുകൊണ്ടുപോരുവാന്‍ കൊതിച്ചു സീത ചൊല്ലിനാള്‍
എടുത്തു വില്ലുമമ്പുമായടുത്തുവന്നു രാഘവന്‍
തൊടുത്തു സായകം ഗുണേ മുകുന്ദ! രാമ! പാഹിമാം

സുവര്‍ണ്ണമാനു കണ്ടതാരു കേട്ടതാരിതിങ്ങനെ
സുവര്‍ണ്ണനുള്ളിലോര്‍ത്തിലേതുമംബുജാക്ഷിവാക്കിനാല്‍
ഒരുത്തനും തടുത്തുകൂട വന്നുകൂടുമാ പദം
ഭവിയ്ക്കുമത്രെ നിര്‍ണ്ണയം മുകുന്ദ! രാമ! പാഹിമാം

ക്വചില്‍ സമക്ഷമാത്മന: സമന്തത: സമാപത-
ന്നലക്ഷ്യബാണവേഗവാനുദാരമായി രാക്ഷസന്‍
അലംഘനീയബാണമേറ്റു രക്ഷ! രക്ഷ! രക്ഷസ:
സലക്ഷ്മണേതി ദു:ഖിതോ മുകുന്ദ! രാമ! പാഹിമാം

പിടിച്ചു രാക്ഷസന്‍പതിം കടിച്ചുതിന്‍കയെന്നുറ-
ച്ചഴല്‍പിടിച്ചു ജാനകീ വിളിച്ചുചൊല്ലി ലക്ഷ്മണം
കടുക്കെ വില്ലുമമ്പുമായടുത്തു ചെല്‍ക ലക്ഷ്മണാ
മടിയ്ക്കവേണ്ട നീ ഹരേ! മുകുന്ദ! രാമ! പാഹിമാം

വിഷണ്ണമൈഥിലീഗിരം നിശമ്യ ലക്ഷ്മണേ ഗതേ
സ ദണ്ഡപാണിസന്നിഭന്‍ ത്രിദണ്ഡിയായി ജാനകീം
പ്രചണ്ഡവാനെടുത്തുടന്‍ മറഞ്ഞു ദണ്ഡകാനനേ
സുവര്‍ണ്ണധാരി രാവണന്‍ മുകുന്ദ! രാമ! പാഹിമാം

വധൂപ്രലാപനങ്ങള്‍ കേട്ടുടന്‍ ചെറുത്തു പക്ഷിരാട്
പ്രചണ്ഡതുണ്ഡഖണ്ഡിതം ച കാരസൂതവാഹനം
ഉരത്തവാളുകൊണ്ടു വെട്ടുകൊണ്ടു പക്ഷിപുംഗവന്‍
കടുക്കെവീണു ഭൂതലേ മുകുന്ദ! രാമ! പാഹിമാം

പതത്രിരാട് പതിച്ചുകണ്ടുടന്‍ ചിരിച്ചു ഭീഷണം
മുഴുത്തസിംഹനാദപൂരിതാണ്ഡഭാണ്ഡമാതനോല്‍
സമുദ്രവും കടന്നു ലങ്ക തന്നില്‍ വച്ചു ജാനകീം
കൊതിച്ചിരുന്നു രാവണന്‍ മുകുന്ദ! രാമ! പാഹിമാം 

സുവര്‍ണ്ണമാനുരൂപമായ രാക്ഷസേന്ദ്രനെ ദ്രുതം
സ്വവര്‍ണ്ണരൂപമാക്കി നിശ്വസിച്ചു ലക്ഷ്മണനുമായ്
സുപര്‍ണ്ണശാല തന്നില്‍ വന്നുടന്‍ തിരഞ്ഞു ജാനകീം
വിവര്‍ണ്ണിതോ ബഭൂവ ഹാ! മുകുന്ദ! രാമ! പാഹിമാം 

നിരന്തരം പദേ പദേ തിരഞ്ഞു കാനനേ ചിരം
ചിരന്തനോ നിജപ്രിയാം പരിശ്രമാകുലേന്ദ്രിയന്‍
രണക്ഷിതാ വസിക്ഷതം യദൃച്ഛയാ ദദര്‍ശതം
ഗതപ്രഭം ജടായുഷം മുകുന്ദ! രാമ! പാഹിമാം 

ജയിയ്ക്ക! രാമചന്ദ്ര! നിന്‍പിതൃപ്രസാദിപക്ഷി ഞാന്‍
തവപ്രിയേച്ചതിച്ചു കട്ടുകൊണ്ടുപോയി രാവണന്‍
എതിര്‍ത്ത നമ്മെ വെട്ടിയിട്ട നേരമാശു ചൊല്ലിനാള്‍
മരിയ്ക്കൊലായിതെന്നു ദേവി രാമ! രാമ! പാഹിമാം 

മരിപ്പണഞ്ഞ നേരമെത്തി നിന്നെയിന്നു കാണ്മതി-
ന്നനല്പഭാഗ്യവാനഹം ജഗല്‍പവിത്രദര്‍ശനാല്‍
പിറപ്പു മാറിടാനനുഗ്രഹിയ്ക്ക നമ്മെ നീ ദിവം
ഗമിപ്പതിന്നു ഹാ! ഹരേ! മുകുന്ദ! രാമ! പാഹിമാം

ഭ്രമിച്ചുമര്‍ത്ഥപുത്രരില്‍ സുഖിച്ചുമംഗനാഗൃഹേ
മരിച്ചപോലെ രാത്രിയില്‍ തനിച്ചു വീണുറങ്ങിയും
കഴിച്ചുപോകുമെത്രകാലമാദിനാഥ! ദേഹിനാം
ഭജിച്ചുകൂട നിമ്പദം മുകുന്ദ! രാമ! പാഹിമാം

അവസ്ഥയും പറഞ്ഞു രാമചന്ദ്രനെസ്മരിച്ചുകൊ-
ണ്ടമര്‍ത്ത്യലോകമാര്‍ന്നുതേ പതത്രിവീരഭൂഷണം
എടുത്തു നിര്‍ഹരിച്ചു തന്‍ വിധിച്ച കൃത്യകര്‍മ്മവും
കഴിച്ചു വിശ്വനായകന്‍ മുകുന്ദ! രാമ! പാഹിമാം

പ്രിയാവിയോഗതീവ്രതാപതീ പിടിച്ചു വെന്തുടന്‍
മുഖാരവിന്ദമങ്ങുവാടി ഭൂയമാന രാഘവന്‍
ചരാചരാദിജന്തുവോടുടന്‍ വിളിച്ചു ചോദ്യവും
തുടങ്ങി മെല്ലെ മെല്ലവേ മുകുന്ദ! രാമ! പാഹിമാം

ചണ്ഡഭാനുവംശജാതപുണ്ഡരീകലോചനന്‍
ദണ്ഡകാവനം ഗമിച്ചു ഖണ്ഡമിട്ടു രാക്ഷസാന്‍
ദണ്ഡപാണിതന്നെ വെന്ന ചണ്ഡരക്ഷസാംശിരോ-
മണ്ഡലത്തെ മുണ്ഡമാക്കി നിന്ന രാമ! പാഹിമാം

മുകുന്ദ! രാമ! വാസുദേവ! കൃഷ്ണരാമ! പാഹിമാം
പ്രപന്നലോകപാരിജാതപത്മനാഭ! പാഹിമാം
പുരന്ദരാദിദേവവൃന്ദവന്ദ്യമാന! പാഹിമാം
ജഗന്നിവാസ! സന്തതം മുകുന്ദരാമ! പാഹിമാം


ഏഴാം വൃത്തം സമാപ്തം

എട്ടാം വൃത്തം

ശ്രീരാമവിലാപം, കബന്ധവധം, ശബരീമോക്ഷം, സുഗ്രീവസഖ്യം

(പരമശിവശംഭോ! പരമശിവശംഭോ!... എന്ന മട്ട് ) 

പ്രണതജനപാലന്‍ ദശരഥതനൂജന്‍
പ്രണയിനിയെ വേറായളവഴലെരിഞ്ഞും
മനസിജശരാര്‍ത്ത്യാ മനമുരുകിവെന്തും
സകലജനബന്ധു പരമശിവ! ശംഭോ!

ചടുലമിഴിസീതാമിടയിടവിളിച്ചും
തടമുലകള്‍ പുല്‍കാഞ്ഞുടലണി വിയര്‍ത്തും
കൊടിയ നെടുവീര്‍പ്പും തിരുമിഴിയില്‍ ബാഷ്പം
തടവിയൊഴുകിച്ചും പരമശിവ! ശംഭോ!

മമ തരുണി സീതേ! പുനരെവിടെ നീ പോ-
യരികില്‍ മമ വാ വാ സകലഗുണപൂര്‍ണ്ണേ!
തവമുഖസരോജം തരളമിഴികാണാ-
ഞ്ഞഴല്‍ മനസി പാരം പരമശിവ! ശംഭോ!

കനകമൃഗതൃഷ്ണാ പെരുതു പുനരെങ്കില്‍
കഴിവതിനുമുണ്ടെന്നറിക മമ സീതേ!
കമലമുഖിചന്ദ്രേ! ഹരിണമിത! വാ വാ
കലഹമിഹ പോരും പരമശിവ! ശംഭോ!

മൃഗതരുണിമാലേ! വരികരികില്‍ ബാലേ*!
മൃഗനയനമാരാഭരണമണിസീതേ*!
കമലമുഖി ദീനാ പുനരെവിടെ ലീനാ
പറക പരമാര്‍ത്ഥം പരമശിവ! ശംഭോ!
*( ബാലാ!...സീതാ!....എന്നു പാഠഭേദം)

കുരരി ബത! നീയും വയമിവ ചമഞ്ഞോ
പ്രലപസി നിതാന്തം തനുരുചി കുറഞ്ഞും
പ്രിയതമയെയും ഞാന്‍ വനഭുവി തിരഞ്ഞെ-
ങ്ങുഴലുവതിനാഞ്ഞൂ പരമശിവ! ശംഭോ!

തുളസി! നറുമുല്ലേ! മൃദുലതനുവല്ലീ-
പരിലസിതചില്ലീയുഗചരിതമല്ലീ-
ലതകളുലകെല്ലാമഴകിനൊടു വെല്ലു-
ന്നവളരികിലില്ലേ പരമശിവ! ശംഭോ!

ഫലഭരണനമ്രാ ബകുളപനസാമ്രാ!
മധുരതരമാമ്രാതക! പറക കമ്രാ
കുചഭരണനമ്രാ മമ തരുണി താമ്രാ-
ധരിയെവിടെ ലീനാ പരമശിവ! ശംഭോ!

സ്ഥിരചരജനിത്രീ! വദ വദ ധരിത്രീ!
തവ മഹിതപുത്രീ മധുരതരഗാത്രീ
മമ സുഖജനിത്രീ സുചരിതകളത്രീ-
കൃതയെവിടെ ലീനാ പരമശിവ! ശംഭോ!

അളിപടലമേ! കേളവളഗതിയെങ്ങോ?
നളിന! വദ നീയും നളിനമുഖിയെങ്ങോ?
കിളികുയിലുകേകീകളവചനയെങ്ങോ?
അഴല്‍ മനസി പാരം പരമശിവ! ശംഭോ!

കമലമിഴി ഘോരേപയസിമുഴുകിപ്പോ-
യ്ക്കരകമലമോ കാണനുജ! കരയേറ്റീ-
ടറിക രഘുനാഥ! കരകമലമല്ലാ
ജലകമലമത്രേ പരമശിവ! ശംഭോ!

കമലവനമദ്ധ്യേ കളമൊഴിചിലമ്പിന്‍
കളകളനിനാദം ചെവിയിലിത! കേള്‍ക്കായ്
പദകമലമഞ്ജീരജനിനദമല്ലേ
കരകയരയന്നം പരമശിവ! ശംഭോ!
വദനമിതി കാണായ് വിയതി രമണീയം
മുഖകമലമല്ലാ മുഴുമതിയിതത്രേ
വിപിനഭുവി സീതാവചനമിതു കേള്‍ക്കാം
അത് പികനിനാദം പരമശിവ! ശംഭോ!

വിപിനഭുവി വീക്ഷ്യന്‍ മുകുളഭരവല്ലീം
യുവതികുചബുദ്ധ്യാ പുണരുവതിനാഞ്ഞും
സകലകമലാക്ഷന്നനുജനിടയില്‍ ചെ-
ന്നരുതരുതിതെന്നും പരമശിവ! ശംഭോ! 

തരുതടമിതല്ലോ തണലിലിഹ പോരേ
ശശികിരണമത്രേ കൊടുവെയിലിതല്ലേ
ഹിമകരനുദിച്ചാല്‍ വപുഷി ചുടുമോ മേ
അതു മദനതാപം പരമശിവ! ശംഭോ!

വിരഹമപി വിദ്രാവയസി സഹവാസാ-
ദതികലഹമുദ്രേ! വരികരികില്‍ നിദ്രേ!
സകലജനഭദ്രേ! മയി തവ ഹൃദാര്‍ദ്രം
കുരു കൃപ വിനിദ്രേ! പരമശിവ! ശംഭോ!

രഘുവരനിവണ്ണം വിരഹതുയിര്‍ പൂണ്ടും
ജനകനൃപപുത്രീമിടയിടെ വിളിച്ചും
വിളിയവളു കേളാഞ്ഞരിശമകതാരില്‍
പെരുകിയുമനേകം പരമശിവ! ശംഭോ!

ദശവദനവീരമ്പ്രതികുപിതനായി-
ക്കുലചില കുലച്ചും മഹിതചെറുഞാണിന്‍
ധ്വനികള്‍ മുഹുരിട്ടും ത്രിജഗതി രിപൂണാ-
മഴല്‍ മനസി ചേര്‍ത്തും പരമശിവ! ശംഭോ!

കമലനിര കാണുന്നളവരിയ കണ്ണും
പരിചിനൊടുചേര്‍ത്തും തെരുതെരെ നടന്നും
മലയപവമാനന്‍ വരുമളവിലയ്യോ!
മരണമുടനെന്നും പരമശിവ! ശംഭോ!

വനഭുവി നടന്നും ദിശി ദിശി തിരഞ്ഞും
അനുജനെ മറന്നും പലവഴി പറഞ്ഞും
ചില കുറി കരഞ്ഞും നിജതനു മെലിഞ്ഞും
വിവശത പിണഞ്ഞും പരമശിവ! ശംഭോ! 

വനഭുവി വസന്തം വികൃതതനുബന്ധം
നിജമുഖനിനാദൈര്‍മ്മുഖരിതദിഗന്തം
രഘുപതി കബന്ധം നിശിചരവരം തം
ദഹനനിലെരിച്ചും പരമശിവ! ശംഭോ!

അനുദിനമകമ്പാവനമിയലുവാനാ-
യവനിയില്‍ നിലിമ്പാവലിമകുടരത്നം
സകലജനവമ്പാപഹരജലപൂര്‍ണ്ണാ-
മഥ തരതി പമ്പാം പരമശിവ! ശംഭോ!

സമുചിതസപര്യാം ശബരിയൊടു വാങ്ങി
പരമഗതിയവള്‍ക്കും പരിചിനൊടു നല്‍കി
പരമപുരുഷന്മാല്യവദചലസാനൌ
പരിചിനൊടു ചെന്നൂ പരമശിവ! ശംഭോ!

പ്രബലതരബാലിപ്രബലത പൊറാഞ്ഞ-
ഗ്ഗിരിമുകളില്‍ വാഴും ദിനകരതനൂജന്‍
ഇരുവര്‍ സുകുമാരൌ കനിവിനൊടുകണ്ടി-
ട്ടകമലരലിഞ്ഞു പരമശിവ! ശംഭോ!

സകുതുകമിതാരെന്നറിവതിനു സുഗ്രീ-
വനുമുടനയയ്ക്കും പവനതനയന്‍ ചെ-
ന്നടിമലരില്‍ വീഴുന്നളവരിയ പൊല്‍ക്കു-
ണ്ഡലയുഗളവാനായ് പരമശിവ! ശംഭോ!

പെരിയ രഘുനാഥന്‍ ചരണതളിര്‍ കൂപ്പി
പരതിമിരസൂര്യന്നൊടുമൊരുമചേര്‍ന്നൂ
ഗിരിമുകള്‍കരേറുന്നളവരിയ സുഗ്രീ-
വനുമടിവണങ്ങീ പരമശിവ! ശംഭോ!

ജഗതിഹൃതദാരന്‍വചനമൊരുവന്നും
ബഹുമതി വരായെങ്കിലുമവിതഥം ഞാന്‍
കപിവരനെവെന്നങ്ങയി! തവ തരുന്നു-
ണ്ടരുണസുത! രാജ്യം പരമശിവ! ശംഭോ!

ദിവിഭുവിരസായാമപി യദി വസന്തീം
തവജനകപുത്രീം കഥമപി വിചിന്വന്‍
വിരവിനൊടു കൊണ്ടങ്ങയി! തവ തരുന്നു-
ണ്ടരിദമന! സീതാം പരമശിവ! ശംഭോ!

ഇരുവരുമിവണ്ണം ഗിരമരുളി വീരൌ
കഥിതനിജവൃത്തൌ കലിതധൃതി സഖ്യം
പരിചിനൊടു ചെയ്തങ്ങരുണസുതനോടും
മരുവി രഘുനാഥന്‍ പരമശിവ! ശംഭോ!

പരമശിവ! ശംഭോ! പരമശിവ! ശംഭോ!
പരമശിവ! ശംഭോ! പരമശിവ! ശംഭോ!
പെരിയ ദുരിതം മേ കളവതിനു നിന്റെ
പദതളിര്‍ തൊഴുന്നേന്‍ പരമശിവ! ശംഭോ!

എട്ടാം വൃത്തം സമാപ്തം

ഒന്‍പതാം വൃത്തം

ബാലിവധം

(കഷ്ടമെന്നുടെ മുജ്ജന്മപാപങ്ങള്‍... എന്ന മട്ട് ) 

ഇത്ഥം പാവകസന്നിധിയിങ്കേന്നു
സത്യംചെയ്തവര്‍ മൂവരോടുംകൂടി
ശക്തനായൊരു ബാലിയെക്കൊല്ലുവാ-
നുത്തമപൂരുഷന്‍ പോയി ഗോവിന്ദ!

ദുന്ദുഭിതന്നെപ്പാദാംഗുഷ്ഠം കൊണ്ട-
ങ്ങംബരത്തോളം ദൂരെയെറിഞ്ഞപ്പോള്‍
ദുന്ദുഭികൊട്ടി ഘോഷിച്ചു വാനവര്‍
വന്നു രാമനെ വന്ദിച്ചു ഗോവിന്ദ!

*ദൃപ്തനായ കപിവരന്‍ തന്നുടെ
കൈത്തരിപ്പു കളവാനായ് നില്‍ക്കുന്ന
സപ്തസാലമൊരമ്പുകൊണ്ടശ്രമം
സപ്തധാമാവും ഭേദിച്ചു ഗോവിന്ദ!
*(മത്തനായ....പാഠഭേദം)

സപ്തസാലത്തെ ഭേദിച്ചു സായകം
പൃത്ഥ്വീചക്രം പിളര്‍ന്നംഭസ്സില്‍ വീണു
ശുദ്ധമായ്‌ വരുന്നേരം സുഗ്രീവന്റെ
ചിത്തേ വിശ്വാസമുണ്ടായീ ഗോവിന്ദ!

മുഷ്കരനായ ബാലി വസിയ്ക്കുന്ന
കിഷ്കിന്ധാപുരിഗോപുരത്തിങ്കേന്നു
മര്‍ക്കടാധീശനായ സുഗ്രീവനങ്ങു-
ല്‍ക്കടാരവത്തെച്ചെയ്തു ഗോവിന്ദ!

അഗ്രജാ! നിന്റെ പാദശുശ്രൂഷയില്‍
വ്യഗ്രചിത്തനായ്ത്തന്നെ വസിയ്ക്കുന്ന
സുഗ്രീവനുണ്ടു യുദ്ധേ ശുശ്രൂഷിപ്പാ-
നഗ്രേ വന്നു വിളിയ്ക്കുന്നു ഗോവിന്ദ!

ഇത്ഥമങ്ങിടിവെട്ടും കണക്കിനെ
യുദ്ധസിംഹനാദം കേട്ടു ബാലിയും
മത്തനായിസ്സുഖിച്ചിരിയ്ക്കുന്നേര-
ത്തെത്തിനാനുഗ്രനായിട്ടു ഗോവിന്ദ!

പോകൊല്ലാ പോകൊല്ലാ മമ വല്ലഭ!
പോകൊല്ലാ സുഗ്രീവനോടു പോര്‍ചെയ്‌വാന്‍
പോകില്‍ നിന്നെക്കൊലചെയ്യും സുഗ്രീവന്‍
നൂനമെന്നറിഞ്ഞീടു നീ ഗോവിന്ദ!

ഇത്ഥം താര പറഞ്ഞുവന്നന്തികേ
കച്ചവാലും പിടിച്ചതിദീനയായ്
അശ്രുവാര്‍ത്തു തദംഗനാ നിന്നപ്പോള്‍
വിശ്രുതകീര്‍ത്തി ചൊല്ലിനാന്‍ ഗോവിന്ദ!

വ്യഗ്രിയ്ക്കേണ്ട നീ സുന്ദരലോചനേ!
സുഗ്രീവനെയരക്ഷണംകൊണ്ടു ഞാന്‍
നിര്‍ജ്ജീവനാക്കി യുദ്ധത്തിങ്കേന്നുട-
നുഗ്രവേഗം വരുന്നുണ്ടു ഗോവിന്ദ!

ദര്‍പ്പഹീനനായ് യുദ്ധത്തിങ്കേന്നുട-
നിപ്പോളോടിയൊളിച്ചവന്‍ പിന്നേയും
ഇപ്പോള്‍ വന്നതിനുണ്ടൊരു കാരണം
കല്പിയ്ക്കാം ബന്ധുവുണ്ടെന്നു ഗോവിന്ദ!

അങ്ങിരുവര്‍ മഹീപാലന്മാരുമായ്
തങ്ങളില്‍ സഖ്യം ചെയ്തുപോലെന്നെന്നോ-
ടംഗദന്‍ പറഞ്ഞമ്പോടുകേട്ടു ഞാ-
നിന്നലെപ്പുലര്‍കാലമേ ഗോവിന്ദ!

താര ചൊന്നതു കേട്ടൊരു ബാലിയും
സാരമായ വചനം പറഞ്ഞുടന്‍
താരേ! താരാധിനാഥവരാനനേ!
കേട്ടാലും മമ വീര്യം നീ ഗോവിന്ദ!

ക്ഷീരസാഗരം പണ്ടുകടഞ്ഞ നാള്‍
നാരായണനേയും വിസ്മയിപ്പിച്ചു
താരേ! നിന്നെയും കൊണ്ടുപോന്നീടിന
വീര്യം നീയറിഞ്ഞീലയോ ഗോവിന്ദ!

ശത്രുവിനിന്നു ശക്രന്‍ തുണയ്ക്കിലു-
മുഗ്രനുഗ്രനായ് വന്നു തുണയ്ക്കിലും
വിഷ്ണുതാമരനേത്രന്‍ തുണയ്ക്കിലും
നില്‍ക്കയില്ലെന്‍റെ സംഗരേ ഗോവിന്ദ!

എന്തിനു താരേ! നീ ഖേദിച്ചീടുന്നു
ഹന്ത! സുഗ്രീവനെപ്പിടിപ്പെട്ടു ഞാന്‍
ദന്തകുന്തനഖമുഖമേല്പിച്ചി-
ട്ടന്തകപുരി പൂകിപ്പന്‍ ഗോവിന്ദ!

ഇത്ഥം ബാലി പറഞ്ഞതു കേട്ടുടന്‍
മത്തവാരണഗാമിനി പോകുമ്പോള്‍
ബദ്ധരോഷം നെടുവീര്‍പ്പിട്ടങ്ങവര്‍
യുദ്ധത്തിന്നു പുറപ്പെട്ടു ഗോവിന്ദ!

മുന്നേ നിന്നെക്കൊലചെയ്യാഞ്ഞിട്ടല്ലോ
പിന്നെയും പോരിനെന്നെ വിളിയ്ക്കുന്നു
ഇന്നി യുദ്ധത്തിനായ്‌ വിളിച്ചീടുവാന്‍
നിന്നെ മീളുന്നോനല്ല ഞാന്‍ ഗോവിന്ദ!

ബാലി ചൊന്നതു കേട്ടു സുഗ്രീവനും
ചാലെ കൈകൂപ്പി വന്ദിച്ചു നിന്നുടന്‍
പാലിച്ചീടുക ദൈവമെന്നും ചൊല്ലി
ബാലിപാദത്തെ വന്ദിച്ചു ഗോവിന്ദ!

ദുഷ്ടനായൊരു ബാലിയുമന്നേരം
പെട്ടെന്നുവീണു കൂപ്പുമവനുടല്‍
പൊട്ടുമാറു ചവിട്ടി പാദംകൊണ്ടു
കഷ്ടം! കഷ്ടമിതെത്രയും ഗോവിന്ദ!

പാദപീഡ പൊറാഞ്ഞു സുഗ്രീവനും
ജാതകോപവാനായണയുന്നേരം
ജീവലോകങ്ങള്‍ വിസ്മയിയ്ക്കുമാറു
ഘോരസംഗരമുണ്ടായി ഗോവിന്ദ!

വാലുകൊണ്ടവന്‍ ചുറ്റിപ്പിടിച്ചിട്ടും
കാലുകൊണ്ടതിദൂരെയെറിഞ്ഞിട്ടും
മാറുകൊണ്ടവര്‍ മാറിടം പാഞ്ഞിട്ടും
ബാലിസുഗ്രീവയുദ്ധങ്ങള്‍ ഗോവിന്ദ!

മുഷ്ടികൊണ്ടുടല്‍ പൊട്ടി സുഗ്രീവന്റെ
വട്ടക്കണ്ണുമിഴിയ്ക്കുന്ന നേരത്തു
ശിഷ്ടപാലകന്‍ വിട്ടമ്പു തട്ടീട്ടു
പൊട്ടി ബാലീടെ മാറിടം ഗോവിന്ദ!

അമ്പുകൊണ്ടാപ്പോളമ്പരന്നു ബാലി
തമ്പിതന്റെ മടിയില്‍ വീഴുന്നേരം
മുമ്പിലാമ്മാറു ചെന്നു ശ്രീരാമാനാം
തമ്പുരാന്‍ തരസാ ഹരി! ഗോവിന്ദ!

മുമ്പില്‍വാരാതെ ഹന്ത! ചതിച്ചെന്നെ
എന്തിനു വീര! രാമാ! ശരമെയ്തു?
നിന്തിരുവടിക്കിങ്ങിതു യോഗ്യമോ?
ബന്ധു സുഗ്രീവനായാലും ഗോവിന്ദ!

മന്നവന്മാര്‍ക്കു ചേരുമോ രാഘവ!
ഹീനജാതികള്‍ ചെയ്തീടും കര്‍മ്മങ്ങള്‍?
ഹീനജാതികള്‍ തിന്നീടും പ്രാണിയെ-
ത്തന്നെ കൊന്നീടുമാറുള്ളു ഗോവിന്ദ!

യുദ്ധകര്‍മ്മങ്ങള്‍ സിദ്ധമല്ലായ്കയോ
ബദ്ധരോഷം ശരമെയ്തു നീയെന്നെ?
മത്തവാരണഗാമിനി സീതയില്‍
ചിത്തമുന്മത്തമായിട്ടോ? ഗോവിന്ദ!

പന്തീരാണ്ടെന്റെ വാല്‍മേല്‍ക്കിടന്നൊരു
പംക്തികണ്ഠന്‍ വിരോധം പറഞ്ഞെങ്കില്‍
ലങ്കയോടെ പറിച്ചിങ്ങു കൊണ്ട്വന്നു
ഹന്ത! തന്നേനെ ഞാനിങ്ങു ഗോവിന്ദ!

ഇത്ഥം ബാലി പറഞ്ഞതു കേട്ടുട-
നുത്തുംഗാത്മാവരുള്‍ ചെയ്തു ശ്രീരാമന്‍
വൃത്രവൈരിസുതനായ ബാലിയോ-
ടത്യുദാരവചനങ്ങള്‍ ഗോവിന്ദ!

വീര്യവാന്മാരെസ്സേവിയ്ക്കുമാറില്ല
സൂര്യവംശജരായ രാജാക്കന്മാര്‍
വീര്യഹീനന്മാരോടണഞ്ഞേ നല്ല
കാര്യഗൌരവം സാധിപ്പൂ ഗോവിന്ദ!

ആശ്രിതജനപാലനത്തിന്നായി-
ട്ടാശ്രിതാരാതേ! നിന്നെ ശരമെയ്തു
ആശ്രയിയ്ക്ക നിരാശ്രയത്തിന്നായി-
ട്ടാശ്രിതാര്‍ത്തിഹരം ഹരി! ഗോവിന്ദ!

ഇങ്ങനെ രാമവാക്യത്തെക്കേട്ടുടന്‍
ഖിന്നഭാവം കളഞ്ഞിട്ടു ബാലിയും
പൊന്നിന്മാലയഴിച്ചു സമര്‍പ്പിച്ചു
ധന്യന്‍ സുഗ്രീവകണ്ഠത്തില്‍ ഗോവിന്ദ!

മിന്നും കുണ്ഡലം പൊന്നിന്‍കിരീടവും
ഉന്നിദ്രശ്രീവനമാല കൌസ്തുഭം
മഞ്ഞക്കൂറയും നാഭിസരോജവും
മുന്നില്‍ക്കാണായി ബാലിയ്ക്കു ഗോവിന്ദ!

അഗ്രേ നില്‍ക്കുന്ന ശ്രീരാമദേവനെ-
ച്ചക്രപാണിയായ്ക്കണ്ടു സുഖിച്ചുടന്‍
സുഗ്രീവന്റെ  മടിയീന്നു ബാലിയും
സ്വര്‍ഗ്ഗലോകത്തെ പ്രാപിച്ചു ഗോവിന്ദ!

ഗോവിന്ദ! ഹരിഗോവിന്ദ! ഗോവിന്ദ!
ഗോഗജാജാദിപാലനജാഗര!
യോഗിമാനസഹംസ! നിരാശ്രയ!
യോഗമേകെനിയ്ക്കാശു നീ ഗോവിന്ദ!
ഒന്‍പതാം വൃത്തം സമാപ്തം

പത്താം വൃത്തം

വാനരന്മാരുടെ സീതാന്വേഷണം

(കൃഷ്ണഗാഥയുടെ മട്ട് ) 

തമ്പാദം കുമ്പിട്ട സുഗ്രീവവാക്യത്താല്‍
വമ്പിച്ച ബാലിയെക്കൊന്ന ശേഷം
സമ്പത്തു നല്‍കിച്ചാതുര്‍മ്മാസ്യത്തിന്നായാ-
രംഭിച്ച രാമ! ഹരേ! ശരണം

കോടക്കാര്‍കൂന്തലാള്‍ സീതാവിയോഗത്താ-
ലാടല്‍ പെട്ടങ്ങു വസിയ്ക്കും കാലം
കോടക്കാര്‍ വന്നിട്ടു ചൂടുപിടിപെട്ടു
വാടിയ രാമ! ഹരേ! ശരണം

നാലുമാസത്തിനുള്ളോരു ദിവസങ്ങള്‍
നാലായിരത്താണ്ടു കാലം തോന്നി
നീലാരവിന്ദാക്ഷി സീതാവിയോഗത്താല്‍
മാലാര്‍ന്ന രാമ! ഹരേ! ശരണം

ചാരിത്രശാലിനി സീതേത്തിരവാനായ്
പോയില്ല സുഗ്രീവനെന്നതിനാല്‍
കോപിച്ചു രാമാജ്ഞയാ ചെന്നു ചൊല്ലിനാന്‍
സൌമിത്രി രാമ! ഹരേ! ശരണം

എന്തെന്തു സുഗ്രീവ! മൈത്ര്യം മറന്നിങ്ങു
ചിന്തുപാട്ടും കേട്ടിരിയ്ക്കുന്നു നീ?
ബന്ധം മുറിഞ്ഞു നടകൊള്ളുമെന്നേടം
ചിന്തിയ്ക്ക! രാമ! ഹരേ! ശരണം

സമ്പത്തു നല്‍കിയാല്‍ പിന്നെയവരേയും
ചിന്തിയ്ക്കവേണ്ടയെന്നുള്ളതൊക്കാ
സമ്പത്തും പ്രാണനും വേറിടുമെന്നേടം
ചിന്തിയ്ക്ക രാമ! ഹരേ! ശരണം

കാട്ടില്‍ കിടന്നൊരു നിന്നെക്കൊണ്ടന്നിങ്ങു
നാട്ടില്‍ വച്ചിട്ടല്ലോ ഗര്‍വ്വനേകം
കാട്ടുന്നു നീയതിന്റെ ഫലമിന്നു ഞാന്‍
കാട്ടുവന്‍ രാമ! ഹരേ! ശരണം

ബാലി കൊലപ്പെട്ടു പോയ വഴിയിന്നു
തൂര്‍ന്നീല ബാണമുണ്ടേതാദൃശം
ബാലി നടന്ന വഴിയ്ക്കു നടക്കൊലാ
സുഗ്രീവ! നീയും ഹരേ! ശരണം

അര്‍ക്കതനൂജ! നിനക്കു നന്നല്ലിതു
ധിക്കാരം നമ്മോടെടുത്തതിനാല്‍
കിഷ്കിന്ധ മറ്റൊരുവന്നാക്കുവനെന്റെ
അച്ഛന്‍തന്നാണ! ഹരേ! ശരണം

വെട്ടുമിടികേട്ടു ഞെട്ടുമരയന്ന-
ക്കട്ടക്കിടാവു പോലെ സുഗ്രീവന്‍
ഞെട്ടിത്തെറിച്ചു ദുഷ്ടാരിഗിരം കേട്ടു
പെട്ടെന്നു രാമ! ഹരേ! ശരണം

മട്ടോലുംവാണിയാം സീതേത്തിരവാനായ്
ചട്ടേറും വാനരവീരന്മാരെ
എട്ടുദിക്കിങ്കലയച്ചു സുഗ്രീവനും
പെട്ടെന്നു രാമ! ഹരേ! ശരണം

വട്ടമിട്ടൊന്നുഴിഞ്ഞിട്ടു സുഗ്രീവനും
ദൃഷ്ടിമുന പാര്‍ത്തു തുഷ്ടാത്മനാ
പെട്ടെന്നു വന്ദിച്ചുവീണപ്പോള്‍ സന്തോഷം
കാട്ടിയ രാമ! ഹരേ! ശരണം

തൃക്കണ്ണുകൊണ്ടാഞ്ജനേയം വിളിച്ചുടന്‍
തല്‍ക്കയ്യില്‍ വച്ചു നിജാംഗുലീയം
തല്‍ക്കര്‍ണ്ണത്തിങ്കലടയാളവാക്കരു-
ളിച്ചെയ്തു രാമ! ഹരേ! ശരണം

തൃക്കഴല്‍കൂപ്പിത്തൊഴുതവനപ്പൊഴേ
മര്‍ക്കടവീരവരന്മാരോടും
മുഷ്കോടു തിക്കിത്തിരക്കി നട കൊണ്ടു
തെക്കോട്ടു രാമ! ഹരേ! ശരണം

ഇക്ഷോണിമണ്ഡലമൊക്കെത്തിരഞ്ഞവ-
രക്ഷോണിപുത്രിയെക്കാണാഞ്ഞുപോയ്‌
ദക്ഷിണവാരിധിതീരത്തെ പ്രാപിച്ചു
തല്‍ക്ഷണം രാമ! ഹരേ! ശരണം

കാടുതിരഞ്ഞവര്‍ കാണാഞ്ഞു വൈദേഹീം
ആടല്‍പെട്ടാശു സുഗ്രീവാജ്ഞയ-
ലംഘിതമാകയാല്‍ പ്രാണവിയോഗേന
രാമായണം പാടി രാമ!ഹരേ!

പക്ഷം കരിഞ്ഞതു തല്‍ക്ഷണമുണ്ടായി
തല്‍ക്കഥ കേട്ടപ്പോള്‍ സമ്പാതിയാം
പക്ഷിയ്ക്കുതാനസൌ ചൊല്ലിനാര്‍ സീതേടെ
വൃത്താന്തം രാമ! ഹരേ! ശരണം

അംബുധിതന്‍ നടുവില്‍ വിളങ്ങീടുന്ന
ലങ്കാനഗരിയിലുണ്ടു സീതാ
സംപാതിവ്രത്യധനം ചുമന്നീടുന്നു
സന്തതം രാമ! ഹരേ! ശരണം

സമ്പാതിചൊല്ലിയതുകേട്ടജസുതന്‍-
മുമ്പായ വാനരവീരന്മാരും
അംഭോധിലംഘനവാക്യം പറഞ്ഞുടന്‍
വര്‍ത്തിച്ചു രാമ! ഹരേ! ശരണം

വില്‍പ്പാടൊരുത്തനരക്കാതമന്യനു-
മപ്പോലെ ഏകനു കാതം ചാടാം
അപ്പാരാവാരത്തെ ലംഘിപ്പാനേകനും
കെല്പില്ല രാമ! ഹരേ! ശരണം

എന്തിനു ഞാന്‍ തന്നെ വെള്ളത്തില്‍ ചാടീട്ടു
നീന്തിക്കടപ്പനെന്നാനൊരുവന്‍
നീന്താമോ നീര്‍ക്കപിപോലെ നമുക്കതു
ഭ്രാന്തത്രേ രാമ! ഹരേ! ശരണം

ഒന്നുകുതിയ്ക്കില്‍ മറുകരെച്ചാടുവന്‍
ഇങ്ങോട്ടു ദണ്ഡം നമുക്കനേകം
എന്നങ്ങു ചൊല്ലിനാന്‍ ബാലിസുതനാകു-
മംഗദന്‍ രാമ! ഹരേ! ശരണം

മുഷ്കരരാം ചില മര്‍ക്കടവീരരും (വീരര്‍ക്കും?)
അക്കരച്ചാടിക്കടന്നീടുവാന്‍
കെല്പില്ലയെന്നതു കേട്ടിട്ടു വൈരിഞ്ചി
ദു:ഖിച്ചു രാമ! ഹരേ! ശരണം

താനത്രേ പോരുമെന്നുള്ളിലറിയാതെ
ദീനത്വമുള്‍ക്കൊണ്ടു വാനരേന്ദ്രന്‍
മാനിതനായ ഹനൂമാനെ വൈരിഞ്ചി
മാനിച്ചു രാമ! ഹരേ! ശരണം

ഇത്രിപ്പുരാന്തകന്‍ നിന്നെജ്ജനിപ്പിച്ചു
പിന്നെ പ്രഭഞ്ജനനഞ്ജനയില്‍
പിന്നെ വനത്തിലിട്ടങ്ങവര്‍ പോയതും
തോന്നീതോ രാമ! ഹരേ! ശരണം

പാലു കുടിയാഞ്ഞു പാരം വിശന്നിട്ടു
ബാലാര്‍ക്കനെത്തിന്മാന്‍ ചാടിയപ്പോള്‍
ആലോലഭാവം പിടിപെട്ടതുമുള്ളില്‍
തോന്നീതോ രാമ! ഹരേ! ശരണം


അര്‍ക്കനെ തിന്മാനായ് തക്കത്തില്‍ വന്നങ്ങു
നില്‍ക്കും വിധുന്തുദനെക്കണ്ടപ്പോള്‍
മുഷ്കരരൂപിയെത്തിന്മാനടുത്തതു-
മോര്‍ക്കുമോ രാമ! ഹരേ! ശരണം

അര്‍ക്കനേക്കാള്‍ വലുതര്‍ക്കാരിമണ്ഡലം
അക്കൂറ്റനില്‍പ്പരമൈരാവതം
നില്‍ക്കുന്നതു കണ്ടു തക്കമടുത്തതും
ഓര്‍ക്കുമോ രാമ! ഹരേ! ശരണം

ആടല്‍പെട്ടോടി *അടല്‍ക്കളം പുക്കപ്പോള്‍
ചാടിച്ച മൂത്രപുരീഷപാതൈ:
മൂടിച്ചു ഭൂചക്രമക്കരിവീരനും
പേടിച്ചു രാമ! ഹരേ! ശരണം
*(അടര്‍ക്കളം...പാഠഭേദം)

വൃത്രാരി കോപിച്ചു വജ്രം കൊണ്ടൊന്നെറി-
ഞ്ഞത്ര ഭവാനെപ്പതിപ്പിച്ചപ്പോള്‍
പുത്രാര്‍ത്തി കൈക്കൊണ്ടു വായു നിലീനനായ്
കുത്രാപി രാമ! ഹരേ! ശരണം

വായു ജഗത്ത്രയത്തിങ്കേന്നു ദു:ഖിച്ചു
പോയപ്പോള്‍ ലോകമചേതനമായ്
പായും നദീതോയവാരിധീഘോഷവും
മാഞ്ഞു ശ്രീരാമ! ഹരേ! ശരണം

കാമാരിഫാലവിലോചനശോഭയും
മാലാപരിമളം കൂടെ മാഞ്ഞു
നീലാംബുദാഗമമാദിത്യയാനവും
രോധിച്ചു രാമ! ഹരേ! ശരണം

ബ്രഹ്മകുലാലന്മാര്‍ നിര്‍മ്മാണകര്‍മ്മിണി-
നിര്‍മ്മാനസരായ് ചമഞ്ഞു പിന്നെ
ജംഗമജാതിയും സ്ഥാവരത്തെപ്പോലെ
നിന്നുപോയ് രാമ! ഹരേ! ശരണം

ഇഷ്ടികളില്ലാഞ്ഞു നട്ടുനയനങ്ങള്‍
തട്ടി വലാരിയ്ക്കുമുള്ളിലേറ്റം
കിട്ടി തദീയസ്വരൂപമവര്‍ക്കന്നു
പെട്ടെന്നു രാമ! ഹരേ! ശരണം

ആര്‍ത്തി ജഗത്തിനു വന്നതു പോക്കുവാന്‍
മൂര്‍ത്തികള്‍ മൂവരും കൂടിച്ചെന്നു
കീര്‍ത്തികള്‍ വാഴ്ത്തിസ്തുതിച്ചാശുഗനോടു
യാചിച്ചു രാമ! ഹരേ! ശരണം

കൊണ്ടാടിക്കൊണ്ടു വിരിഞ്ചാദി വാനവര്‍
പണ്ടേതില്‍ നിന്‍ ബലം പത്തിരട്ടി
ഉണ്ടാക്കിനാരവരന്നതു നിന്നുള്ളില്‍
തോന്നീതോ രാമ! ഹരേ! ശരണം

ഇത്ഥം നിജോല്‍പത്തി കേട്ടു വലീമുഖ-
പ്പുത്തന്‍മണിപ്പൂണ്‍പു ചിത്തവാടേ
പത്തിരട്ടിച്ചു പണ്ടേതില്‍ ബലവീര്യ-
വിസ്താരം രാമ! ഹരേ! ശരണം

കുന്നിച്ച ഭക്തിപൂണ്ടുന്നമ്രനായവന്‍
വന്ദിച്ചു വൈരിഞ്ചിപാദപത്മേ
മന്ദസ്മിതാനുജ്ഞ വാങ്ങിക്കരേറിനാന്‍
കുന്നിന്മേല്‍ രാമ! ഹരേ! ശരണം

പൂര്‍വ്വാചലത്തിന്മേലാദിത്യനെപ്പോലെ
മാഹേന്ദ്രപര്‍വ്വതത്തിന്‍ മുകളില്‍
ശോഭിച്ച മാരുതനന്ദനന്‍ രാമനെ
വന്ദിച്ചു രാമ! ഹരേ! ശരണം

ചെന്താമരക്കണ്ണന്‍ ചന്ദ്രാനന്‍ ജഗല്‍-
സന്താപം പോക്കുന്ന വില്ലുമമ്പും
ചെന്താരില്‍മാനിനി ചേരുന്ന മാറിടം
ചിന്തിച്ചു രാമ! ഹരേ! ശരണം

മേലിലിടും ചിറയ്ക്കാലംബമായൊരു
നൂലുപിടിച്ചു കിടക്കുംപോലെ
ചാരുതരമിഴിലോചനം  ചേര്‍ന്നു സു-
ബേലത്തേല്‍ രാമ! ഹരേ! ശരണം

താഴെപ്പതിഞ്ഞൊന്നു മെല്ലെക്കുതിച്ചപ്പോള്‍
ഊഴിധരത്തെയെടുക്കരുതാ-
ഞ്ഞേഴാഴിചൂഴുമവനീതലം കൂടെ-
ത്താണുപോയ്‌ രാമ! ഹരേ! ശരണം
മല്‍ക്കൃതപാപങ്ങളെണ്ണിക്കൊണ്ടന്തകന്‍
നിഷ്ക്കൃപമോടിയണയുന്നേരം
നില്ക്ക! ദൂരത്തെന്നു ചൊല്ലിവന്നെന്നെ നീ
രക്ഷിയ്ക്ക! രാമ! ഹരേ! ശരണം

പത്താം വൃത്തം സമാപ്തം

പതിനൊന്നാം വൃത്തം

ഹനൂമാന്‍ ലങ്കയില്‍

(കല്ലോലജാലം കളിയ്ക്കുന്ന കണ്ടു...... എന്ന മട്ട് ) 

തദനു പവനാത്മജന്‍ ജാനകീവല്ലഭം
നിജമനസിചേര്‍ത്തു രോമാഞ്ചിതാംഗോമഹാന്‍
കപിവരരെ മെല്ലെ നോക്കിച്ചിരിച്ചാദരാ-
ലുപരി ബത! പൊങ്ങിനാന്‍ നൌമി നാരായണം

പെരിയ ചിലവിക്രമപ്രക്രമത്തിന്നവന്‍
കരുതി ദിശി ദക്ഷിണായാം ഗമിയ്ക്കും വിധൌ
സുരപടലി വിസ്മയ്പ്പെട്ടുവന്നെത്രയും
നറുമലരു തൂകിനാര്‍ നൌമി നാരായണം

വലരിപുഭയേന പണ്ടാഴിയില്‍ താണുടന്‍
അലസധൃതിവാണ മൈനാകമാം പര്‍വ്വതം
ഖലദമനവിശ്രമത്തിന്നു പൊങ്ങീടിനാന്‍
ജലനിധിഗിരാ ഹരിം നൌമി നാരായണം

പെരുകിന നിജോരസ:തട്ടുകൊണ്ടഞ്ജസാ
ഗിരിലവണവാരിധൌ പോയി വീഴും വിധൌ
ഗുരുമപി ച വിസ്മയമന്നാശുപൊങ്ങീടിനാന്‍
പരമപവനാത്മജന്‍ നൌമി നാരായണം

പുനരപി ച വിപ്രനായ് ചെന്നു ചൊല്ലീടിനാന്‍
പവനസുത! വിശ്രമിച്ചീടുകെന്നക്ഷണം
തവ ഗതി തടുപ്പതിന്നല്ല വന്നൂ സഖേ!
ശമയ ഹൃദി നീ രുഷം നൌമി നാരായണം

ഇതി വദതി പര്‍വ്വതേ യാത്രചൊല്ലി ക്ഷണം
ദശവദനഘോരകാന്താരതീവ്രാനലന്‍
സപദി സുരസാംഗനാമങ്ങു കണ്ടീടിനാന്‍
വിപുലതനു തസ്കരീം നൌമി നാരായണം

പെരിയ ഗുഹ പോലെ വായുംപൊളിച്ചന്തികേ
പെരുവഴി തടുത്തുനില്‍ക്കുന്നണ്ടഞ്ജസാ
കൃശതരശരീരനായ് വായിലുള്‍പ്പുക്കുടന്‍
ബഹിരപി വിനിര്യയൌ നൌമി നാരായണം

നിജവരതനുപ്രതിച്ഛായ മെല്ലെപ്പിടി-
ച്ചുദധിനടുവേ വലിച്ചിട്ട രാത്രീഞ്ചരീം
നിശിതനഖരേണ ചീന്തിപ്പൊളിച്ചിട്ടവന്‍
ഉഴറിയെഴുന്നെള്ളിനാന്‍ നൌമി നാരായണം

വിശദതരകൌമുദീപൂരിതാശാമുഖേ
പ്രഥമഗിരിമൂര്‍ദ്ധ്നി ചന്ദ്രനുദിയ്ക്കും വിധൌ
വിരവിനോടു ചെന്നു ലങ്കാപുരീഗോപുരേ*
മഹിതനനിലാത്മജന്‍ നൌമി നാരായണം
*(ലങ്കാപുരീം ഗോപുരേ എന്നു പാഠഭേദം)

അലമിലമിതത്രവാസം നമുക്കത്ര കേള്‍
ഇതി ഗിരമുദീര്യ തന്മാര്‍ഗ്ഗസംരോധിനീം
കവിളുടയുമാറു താഡിച്ചു യാത്രാക്കിനാന്‍
ഭുവനപരദൈവതം നൌമി നാരായണം

സമുചിതമറിഞ്ഞവനുള്ളിലുള്‍പ്പുക്കുടന്‍
ഭവനവളഭീഷ്ഠപൊന്മാളികാഗ്രങ്ങളില്‍
മണിയറയില്‍ മച്ചില്‍ വെണ്മാടജാലങ്ങളില്‍
സപദി വിചികായതാം നൌമി നാരായണം

തലമുടി വലിച്ചിഴച്ചുഗ്രരാത്രീഞ്ചരാ-
വലി ഝടുതി കൊണ്ടുപോന്നോരു നാകാംഗനാ-
കലുഷതയില്‍ ദീര്‍ഘനിശ്വാസകോഷ്ണാന്തരം
ഗൃഹതതിയില്‍ നോക്കിനാന്‍ നൌമി നാരായണം

രജനിചരവീരശയ്യാതലേ ശായിനീം
തെളിവിനൊടുകണ്ടു മണ്ഡോദരീം മര്‍ക്കടന്‍
പതിമരണലക്ഷണാം സീതയല്ലെന്നുറ-
ച്ചുടനപഗതോ മഹാന്‍ നൌമി നാരായണം

പരമമുനിസേവിതാനന്ദസംവില്‍ക്കലാം
*ചലനിരയില്‍ മെല്ലെ കാണുന്നപോലെ കപി-
പ്രവരനിഹ സീതയെക്കണ്ടിതു ശിംശപാ-
നികടഭുവിവാസിനീ നൌമി നാരായണം
*(പല തിരയില്‍ എന്നു പാഠഭേദം. അതു കൂടുതല്‍ ശരിയെന്നു തോന്നുന്നു) 

ഘനവിടപിജാലശാഖാലതാപഞ്ജരാ-
മിടയിലതിഗൂഢനായ് പുക്കിരുന്നീടിനാന്‍
ദശവദനവര്‍ത്തമാനം *ഗ്രഹിച്ചീടുവാ-
നമലപവനാത്മാജന്‍ നൌമി നാരായണം
*(ധരിച്ചീടുവാ..പാഠഭേദം)

ഝടിതി എഴുന്നേല്‍ക്ക പോകെന്നുടന്‍ മേല്‍ക്കുമേല്‍
അലസധൃതി കേള്‍ക്കുമാറായി കോലാഹലം
വലിയ ചില കൈവിളക്കും പിടിച്ചങ്ങവന്‍
നലമൊടെഴുന്നെള്ളിനാന്‍ നൌമി നാരായണം

വെടിപടഹമദ്ദളം കൊമ്പുതാളങ്ങളും
കുടതഴകളാലവട്ടങ്ങളയ്യായിരം
പുടവകള്‍ദുകൂലശയ്യാദിമുക്തൌഘവും
നടനടനടത്തിയും നൌമി നാരായണം

ഭുവനമെരിയിയ്ക്കുമാറിത്തിരിപ്രൌഢികൊ-
ണ്ടുലകില്‍ നിശിതിങ്ങുമക്കൂരിരുട്ടൊക്കവേ
ദശവദനമാനസേ ചേര്‍ന്നപോല്‍ കേവലം
പറകിലതിവിസ്മയം നൌമി നാരായണം

ഭുവനമപി പൂരയാമാസഭേരീരവൈ-
രവനതസുരാംഗനാനന്ദഗാനങ്ങളും
സവിധഭുവി നാരദന്‍ വീണ വായിയ്ക്കയും
നവരസദമാട്ടവും നൌമി നാരായണം

സരസമപി രാവാണോല്ലാസമാം ഗ്രന്ഥവും
കരതളിരിലങ്ങുടന്‍ വച്ചുകൊണ്ടന്തികേ
തരളമിഴി സീത കേട്ടീടുമാറാദരാല്‍
പൊരുളു ബത! ചൊല്ലിയും നൌമി നാരായണം

പെരിയ ചില കാഴ്ചയും വച്ചു വന്നന്തികേ
പരിചിനൊടു നിന്നു മന്ദസ്മിതം ചെയ്തവന്‍
തിരുമുഖമണഞ്ഞുകാണ്മാന്‍ കൊതിച്ചെത്രയും
ഗിരമരുളി രാവണന്‍ നൌമി നാരായണം

കളമൊഴികള്‍മൌലിമാലേ! മനോമോഹിനീ!
നളിനദളലോചനേ! ദേവി! വൈദേഹി! കേള്‍
തളവളകള്‍താലിമാലാദിരത്നം തരാം
കളക മമ മാരമാല്‍ നൌമി നാരായണം

പുരികുഴലെടുക്ക! കാണട്ടെ ചന്ദ്രാനനം
തരളമിഴി! പുഞ്ചിരിക്കൊഞ്ചല്‍ കാണട്ടെടോ
സരസമണി! കൊങ്കയില്‍ചേര്‍ത്തനംഗോത്സവേ
തരികയധരാമൃതം നൌമി നാരായണം 

കമലമുഖി! നീണ്ട കണ്‍കൊണ്ടു നോക്കീടു മാം
കളിപറയുകയല്ല ചെയ്യുന്നതെന്നോമലേ!
ഒളിതിരളുമാനനം കാണ്മതിന്നെത്രയും
വലിയകൊതിയുണ്ടെടോ നൌമി നാരായണം

*സ്മരനയനചന്ദ്രികേ! മാരതാപാതുരം
തെളിവിനൊടു പൂണ്ടു മാമാസ്വദിച്ചീടിലോ
തരുണി! തവ വീര്യസൌഭാഗ്യമെത്തീട്ടു നല്‍-
പുരിയില്‍ നട കൊള്‍ക നാം നൌമി നാരായണം
*(‘നരനയന’ എന്ന പാഠഭേദം ശരിയല്ല എന്നു തോന്നുന്നു) 

തരളമിഴിസീതേ! നീയെന്‍പ്രിയയാകെടോ
തരുണിയെന്‍മണ്ഡോദരിയെക്കളഞ്ഞീടുവന്‍
സരസമധരാമൃതപാനത്തിനെത്രയും
പെരികെയുടനാഗ്രഹം നൌമി നാരായണം

മനുജവരസുന്ദരീ! കേള്‍ക്കെടോ ബാലികേ!
മനസി മമ ചേര്‍ത്തു ചെയ്കാലിംഗനാദികള്‍
അനുഭവരസാമൃതമുണ്ടു പണ്ടോര്‍ത്തൊളം
മനസി കളിയല്ല കേള്‍ നൌമി നാരായണം

എന്നെ മോഹിച്ചുമോഹിച്ചു മല്ലാക്ഷിമാ-
രമ്പിലെത്തിപ്പിടിപെട്ട പാടെത്രയും
മുമ്പിലുള്ളോരു തന്വംഗിമാരൊക്കെയും
വാനവസ്ത്രീകളും നൌമി നാരായണം

മണിയറയില്‍ മെത്തമേല്‍ വന്നിരുന്നീടു നീ
അണിവതിനു പൊന്‍വളതാലിഹാരങ്ങളും
മണികള്‍തളമോതിരം നല്ല രത്നം തരാം
അണി കമനി! നീ സഖീ! നൌമി നാരായണം

രുചിയൊടു ഭുജിപ്പതിന്നെന്തു നിന്‍ ശ്രദ്ധകള്‍
അരുചിയുദിച്ചതും നീ പറഞ്ഞീടുക
വിരവിനൊടു പഞ്ചതാരാദിയെന്നിത്തരം
കരുതിയിതു നിന്നെ ഞാന്‍ നൌമി നാരായണം

അണിക കുചകുങ്കുമം പച്ചനല്‍ക്കൂട്ടുകള്‍
ഗുണമിയലുമാറു നല്ലോരു കസ്തൂരിയും
നികൃതമകലെക്കളഞ്ഞീടുവാനായുടന്‍
ഗുണമൊടു വഴങ്ങു മാം നൌമി നാരായണം

ഒരുപുരുഷനന്തികേ വന്നുനിന്നിങ്ങനെ
പെരുകിയ മനോജസന്താപമോതീടിനാല്‍
അതുമനുസരിയ്ക്കയെന്നുള്ളതോ യോഷിതാം
സമുചിതമെത്രയും നൌമി നാരായണം

വിഴുകിയഭിഷേകവും കാട്ടില്‍നിന്നെപ്പിരി-
ഞ്ഞുഴലുക രഘൂത്തമാനാര്‍ത്തനായിങ്ങനെ
തഴുകി മുലമൊട്ടില്‍ മാരോത്സവസ്യാവധാ-
വുരസി മമ നിദ്രകൊള്‍ നൌമി നാരായണം

പിതരമപി ഭാരതീ യാതി നാലാനനം
വലരിപുമഗാദഹല്യാപി മാരാതുരം
ഗുരുമഹിഷി സോമനെപ്പൂണ്ടു പണ്ടോമലേ
പുണരുക തെളിഞ്ഞു മാം നൌമി നാരായണം

ദശരഥതനൂജനും ഞാനുമോര്‍ക്കും വിധൌ
കിമപിമഹദന്തരം പത്തുവക് ത്രം നമു-
ക്കിരുപതു കരങ്ങളാലിംഗനത്തിന്നവ-
ന്നൊരു മുഖമുഭൌ ഭുജൌ നൌമി നാരായണം

മതിമുഖി! തെളിഞ്ഞു നമ്മോടിണങ്ങീടുകില്‍
ഭുവനമടിമപ്പെടുന്നൂ നിനക്കോമലേ!
പദവികളതില്‍പരം നാരിമാര്‍ക്കെന്തുമ-
റ്റതിനു കൊതിയില്ലയോ? നൌമി നാരായണം

മദനതുയിര്‍പൂണ്ടിടണങ്ങീടിന രാവണന്‍
പറയുമളവംഗനാമൌലി ചൊല്ലീടിനാള്‍
ദശവദന! നല്ലതല്ലിത്തൊഴില്‍ക്കൊക്കെ നിന്‍
കുലമറുതിപെട്ടുപോം നൌമി നാരായണം

പടനടുവില്‍ വന്നുനിന്നെജ്ജയിച്ചെന്നെയും
*ഝടിതി നടകൊണ്ടുപോം മുമ്പിലമ്മാറെ-
ടുത്തടവിയിലുടന്‍ ഗമിച്ചാത്മനാഥപ്രിയ-
ന്നടിമലര്‍ വണങ്ങു നീ നൌമി നാരായണം
*(കപട! എന്നു പാഠഭേദം)

പരതരുണിമാരെ വഞ്ചിച്ചുകൊണ്ടിങ്ങനെ
സുരതരസകൌതുകം പൂണ്ടിരിയ്ക്കുന്ന നി-
ന്നരികിലനുവര്‍ത്തതെ മൃത്യുരാത്രീഞ്ചരീ
ശിരസി ശരപാതവും നൌമി നാരായണം

പ്രിയതമവിയോഗതീവ്രാഗ്നി ദഗ്ദ്ധാശയാ
തവവചനവാമതാലീഢ കര്‍ണ്ണാപി വാ
രഘുവരസമാഗമം പാര്‍ത്തു മല്‍പ്രാണനെ-
ക്കഥമപി ബിഭര്‍മ്മി ഞാന്‍ നൌമി നാരായണം

സരസമിഹ വന്നു നന്നായ്പറഞ്ഞീടിലും
തലമുടി വലിച്ചിഴച്ചീടിലും നിര്‍ണ്ണയം
ഒരുപൊഴുതിണങ്ങുവോളല്ല നിന്നോടു ഞാന്‍
നിശിചരകുലാധമ! നൌമി നാരായണം

ജനകനൃപനന്ദനാവാക്കുകേട്ടിങ്ങനെ
വികൃതമതി രാവണന്‍ വാളെടുക്കും വിധൌ
പുനരപി നൃശംസനോടിങ്ങനെ ചൊല്ലിനാള്‍
സജലകമലേക്ഷണാ നൌമി നാരായണം

തവ മധുരവാക്കുകേട്ടീടുകേക്കാളെനി-
യ്ക്കഹിത! ബത! വെട്ടുവാന്‍ വന്നതത്രേ സുഖം
ദശമുഖ! തവാംഗസംഗം മഹാദുസ്സഹം
പ്രതിഭയദമാഗമം നൌമി നാരായണം

രഹസിപിടിപെട്ടു മാമത്രകൊണ്ടന്നുവ-
ച്ചവിരതമഭീഷ്ടമോതുന്ന കേളാഞ്ഞസൌ
സപദി മമ വെട്ടിനായാഞ്ഞണഞ്ഞീടിനാന്‍
മനുജകുലരത്നമേ നൌമി നാരായണം

തദനു ദശവദനദുര്‍വൃത്തികണ്ടുത്തമാ
വരഗുണവതീവധാരംഭമാലോക്യ സാ
കരകലിതവാള്‍ പിടിച്ചത്ര മണ്ഡോദരീ
ഭുവിപതിമപാതയന്‍ നൌമി നാരായണം

ഇരുപതുകവിള്‍ത്തടം പൊട്ടുമാറുച്ചകൈ-
രുടനടിച്ചടിച്ചാശു മണ്ഡോദരീ
തലമുടി പിടിച്ചിഴച്ചാത്മനാഥം രുഷാ
മണിയറയിലാക്കിനാള്‍ നൌമി നാരായണം

ഉരുവിഷയതൃഷ്ണയുണ്ടാകിലിദ്ദേഹിനാം
വരുമുടനുടന്‍ വിപത്തെന്നുമന്യേതരാം
കനകമൃഗതൃഷ്ണയാ വന്നു വിപദീദൃശീ
മതി മതി സുഖാഗ്രഹം നൌമി നാരായണം

ശരണമിനി നീയൊഴിഞ്ഞാരെനിയ്ക്കീശ്വരാ!
രമണ! കരുണാകര! പാഹി ലോകേശ! മാം
കരുണയിനിയില്ലയെന്നെക്കുറിച്ചെങ്കിലോ
മരണമുടനുണ്ടു മേ നൌമി നാരായണം

ഇതി ദശരഥാത്മജം ചിന്തയന്തീ നിജം
വപുരതി ജുഹൂഷതി യോഗിനീവാമലാ
വിരഹകൃശമാത്മവഹ്നൌ തദാ ലോചനേ
കമനി നിമിമീലസാ നൌമി നാരായണം

ജയതു രഘുനായകസ്വാമിനീ തദ്രുതം
തരുവിടപിപഞ്ജരാല്‍ കാപിസാവാഗഭൂല്‍
കിമിദമിതി കണ്‍മിഴിച്ചത്ര കണ്ടീടിനാള്‍
നതമനിലനന്ദനം നൌമി നാരായണം

ജനകനൃപനന്ദനേ! രാമദൂതോസ്മി ഞാന്‍
കളക ഹൃദി ശോകസന്താനമെപ്പേരുമേ
കനകമണി മോതിരം തന്നു രാമാജ്ഞയാല്‍
ഇവിടെ വിട കൊണ്ടു ഞാന്‍ നൌമി നാരായണം

മധുരതരഗാത്രി! നിന്നാര്യപുത്രന്നുടെ
മദനതുയിര്‍ വാഴ്ത്തുവാന്‍ വേലയുണ്ടെത്രയും
സതി! സകലലോകനാഥപ്രലാപാലഹോ!
ത്രിജഗദപി ദു:ഖിതം നൌമി നാരായണം

സമരഭുവി ബാലിയെക്കൊന്നു സുഗ്രീവന-
ങ്ങരുളി ഹരിരാജ്യമങ്ങാത്മസഖ്യാദരം
പരമൊരടയാളവാക്കുണ്ടു ചൊല്ലീട്ടതും
നിശമയ ഹരിപ്രിയേ! നൌമി നാരായണം

ഇതിവചനമൂപിവാനംഗുലീയം കൊടു-
*ത്തളവരമുദാരചൂഡാമണീം വീണ്ടസൌ
പദതളിരില്‍വീണുടന്‍ യാത്ര ചൊല്ലും വിധൌ
ജനകസുത ചൊല്ലിനാള്‍ നൌമി നാരായണം
*(ത്തവള്‍തരുമുദാര...എന്ന പാഠഭേദം ശരിയെന്നു തോന്നുന്നു)

കപിവരശിരോമണേ! നീ ചിരംജീവയെന്‍-
പതിയെ വിരവോടു വന്നീടുവാന്‍ ചൊല്ലു നീ
ഒരു ദിനമെനിയ്ക്കു കണ്ടിട്ടുമല്‍പ്രാണനെ-
പ്പരഗതി *വരുത്തുവാന്‍ നൌമി നാരായണം
*( വരുത്തുവന്‍..എന്നു പാഠഭേദം)

ദശരഥസുതപ്രിയേ! ഖേദിയായ്കേതുമേ
വിരവിനോടൊരാഴ്ചവട്ടത്തിലിങ്ങോട്ടു ഞാന്‍
മധുരമൊഴി! കാന്തനെക്കൊണ്ടുവന്നീടുവന്‍
ചരണതളിരാണ കേള്‍ നൌമി നാരായണം

രജനിചരവീരനെത്തല്‍പ്പടച്ചാര്‍ത്തെയും
രഘുവരശരാഗ്നിതന്നില്‍ പൊരിച്ചഞ്ജസാ
ഭവതിയെ രഘൂത്തമന്‍ ചേര്‍ത്തതില്ലെങ്കില-
പ്പവനസുതനല്ല ഞാന്‍ നൌമി നാരായണം

വിടതൊഴുതിവണ്ണമങ്ങാത്മനാഥപ്രിയാ-
പദതളിരില്‍ വീണു വന്ദിച്ചു വാതാത്മജന്‍
സപദി കരണീയമെന്തത്രയെന്നുത്തമന്‍
മനസി സ വിചിന്തയന്‍ നൌമി നാരായണം

നരഹരിശരീരിണം വാരിദശ്യാമളം
പ്രണതജനകാമപൂരാംഘ്രിപങ്കേരുഹം
നരമമരവന്ദിതം നാരദാദിപ്രിയം
നരകഭയഭഞ്ജനി നൌമി നാരായണം


പതിനൊന്നാം വൃത്തം സമാപ്തം

പന്ത്രണ്ടാം വൃത്തം

ലങ്കാദഹനം

(കൃഷ്ണഗാഥയുടെ  മട്ട് ) 

രാക്ഷസരെക്കണ്ടു പോയീല നാമെങ്കി-
ലാക്ഷേപിയ്ക്കും നമ്മെ രാക്ഷസരും
മര്‍ക്കടവീരന്മാരുമങ്ങുചെല്ലുമ്പോള്‍
ധിക്കരിയ്ക്കും നമ്മെ നാരായണ!

ജാനകീചോരനെത്തേജോവധം ചെയ്തു
ഞാനിപ്പുരി ചുട്ടു പോയില്ലെങ്കില്‍
ജാനകീവല്ലഭനുള്ളിലുണ്ടാം ബഹു-
മാനക്ഷയം നമ്മെ നാരായണ!

ഇത്ഥം നിനച്ചവനുദ്യാനത്തില്‍ പുക്കു
മത്തഗജം കണക്കേ ഹനൂമാന്‍
ഉത്തമവൃക്ഷങ്ങള്‍ പെട്ടന്നു പൊട്ടിച്ചു
പുത്തന്‍പൂവല്ലിയും നാരായണ!

തെച്ചിമലരൊക്കെത്തച്ചുപൊട്ടിച്ചിട്ടും
ഉച്ചമലരി പറിച്ചെറിഞ്ഞും
പിച്ചകവല്ലി പറിച്ചു തിരുമ്മിയു-
മൊച്ചകൊള്ളിപ്പിച്ചും നാരായണ!

ആന കണക്കേ മദിച്ചു തിമിര്‍ത്തവന്‍
കാനകനാറി പറിച്ചെറിഞ്ഞും
ശില്‍പം പെരുകിന പൂവല്ലിവൃന്ദങ്ങ-
ളെപ്പേരും ഭഞ്ജിച്ചു നാരായണ!

ആനക്കൊമ്പന്മാരേ! രാക്ഷസരേ! *നിങ്ങ-
ളാമെങ്കില്‍ വന്നാലുമെന്നോടിപ്പോള്‍
രാമന്റെ ദൂതന്‍ ഞാനേവമുദ്ഘോഷയന്‍
കാമാരിസംഭവന്‍ നാരായണ!
*(നിങ്ങള്‍-ക്കാമെങ്കില്‍..എന്നു പാഠഭേദം)

ഉദ്യാനപാലന്മാര്‍ ചെന്നറിയിച്ചപ്പോള്‍
ഉദ്വേഗമുള്‍ക്കൊണ്ടു രാക്ഷസരും
ഉദ്യാനപാലവൈരായിതന്മാരായി-
ട്ടെത്തി മരിച്ചുപോയ്‌ നാരായണ!

വഞ്ചിച്ച പഞ്ചസേനാഭടന്മാരോടു-
മഞ്ചിച്ച മന്ത്രിസുതന്മാരേഴും
പഞ്ചത്വം പ്രാപിച്ചു യാതുമതംഗജ-
പഞ്ചാസ്യനോടെത്തി നാരായണ!

ആയിരം പൂമരത്തെപ്പറിച്ചിട്ടവ-
നായിരം കിങ്കരന്മാരെക്കൊന്നാന്‍
ആയുധമായണഞ്ഞാനക്ഷനന്നേരം
ആയോധനത്തിന്നു നാരായണ!

വന്മാരിമേഘം ചൊരിയുംപോലെയണ-
ഞ്ഞുന്മാദി ബാണങ്ങളെയ്യുന്നേരം
ചെമ്മേ ഭയപ്പാടു ഭാവിച്ചുകൊണ്ടവന്‍
ചുമ്മാ ചുരുങ്ങിനാന്‍ നാരായണ!

ബാണങ്ങളൊക്കെക്കുടഞ്ഞുകളഞ്ഞവന്‍
കാണെന്നു ചൊല്ലിക്കുതിച്ചു തേരില്‍
ചേണുറ്റ വാഹങ്ങള്‍സൂതനേയും കൊന്നു
കേതനം പൊട്ടിച്ചു നാരായണ!

പെട്ടെന്നു കൈക്കെട്ടിലിട്ടമര്‍ത്തക്ഷനെ
മുഷ്ടികള്‍കൊണ്ടു കൊടുക്കുന്നേരം
മുഷ്ടിയാം പാഥേയം കെട്ടിയവന്‍ യമ-
പട്ടണത്തിന്നുപോയ്‌ നാരായണ!

അക്ഷന്‍ മരിച്ചുപോയെന്ന വിശേങ്ങ-
ളക്ഷണം ചെന്നങ്ങറിയിച്ചപ്പോള്‍
രക്ഷോധിനാഥനും ദു:ഖം പെരുത്തുട-
നക്ഷിജലം വാര്‍ത്തു നാരായണ!

പച്ചപ്പകല്‍ വന്നു തച്ചുകൊന്നു ദൂത-
നെപ്പേക്കുരങ്ങെന്നു ചൊല്ലിനില്‍ക്കും
നിച്ചരിയക്കയ്യര്‍പോകുവിന്‍ മുമ്പിലെ-
ന്നുച്ചത്തില്‍ ചൊല്ലിനാന്‍ നാരായണ! 

തല്‍ക്ഷണം കോപിച്ചു ശൌര്യകനല്‍ക്കട്ട
രാക്ഷസാധീശ്വരന്‍ മേഘനാദന്‍
രൂക്ഷശരവൃഷ്ടി കൊണ്ടുമയക്കിനാ-
നക്ഷവിരോധിയെ നാരായണ!

ആകെ വൃത്താന്തമറിഞ്ഞുമയങ്ങിന
ശാഖാമൃഗാധിപനോടണഞ്ഞു
നാഗാസ്ത്രം കൊണ്ടു പിടിച്ചുകെട്ടീടിനാന്‍
മേഘനാദന്‍ മുദാ നാരായണ!

വന്‍പും പറഞ്ഞുകൊണ്ടമ്പതു രാക്ഷസര്‍
സംഭ്രമപ്പെട്ടവനെയെടുത്തി-
ട്ടിമ്പത്തിലാര്‍ത്തു ദശാനനന്‍ തന്നുടെ
മുമ്പില്‍ കൊണ്ടുവച്ചു നാരായണ!

എന്തെന്തെടാ കപികീടമേ! ചൊല്ലു നീ
എന്തു നിനക്കിതു തോന്നീടുവാന്‍
സന്താനപൂരിതമെന്റെ മലര്‍ക്കാവെ-
ന്നെന്തേ ധരിയ്ക്കാഞ്ഞു? നാരായണ!

നാകാധിനാഥന്‍ നിയോഗത്താലോ നീയു-
മേകാകിയായിപ്പോന്നിങ്ങു വന്നു
ആകാംക്ഷ ജീവനിലില്ലാഞ്ഞാലേവര്‍ക്കും
ചെയ്യാമിതില്പരം നാരായണ!

ദിക്പാലകന്മാരായച്ചിട്ടതെന്നാകില്‍
കല്പാന്തകാലം വരുത്തുവന്‍ ഞാന്‍
മുപ്പാരിടത്തിങ്കല്‍ കല്പനയിന്നെനി-
യ്ക്കെപ്പേരുമെന്നറി നാരായണ!

ഇത്ഥം ദശഗ്രീവവാക്കുകള്‍ കേട്ടപ്പോള്‍
നിര്‍ഭയനായ ഹനൂമാനപ്പോള്‍
ചിത്തം തെളിഞ്ഞു പറഞ്ഞു ദശാസ്യനോ-
ടുത്തരമായിട്ടു നാരായണ!

കേള്‍ക്ക ദശാനന! വാനോരയച്ചൂട്ട
പേക്കുരങ്ങല്ല ഞാന്‍ എന്നറിക
രാക്ഷസക്കാട്ടില്‍ പിടിപ്പെട്ടു കത്തുന്ന
രാമാഗ്നിദൂതന്‍ ഞാന്‍ നാരായണ!

എന്നോടെതിര്‍പ്പാനൊരുത്തരില്ലെന്നുണ്ടു
നിന്നുള്ളിലേറിയ ശൌര്യമോഹം
നിന്നെപ്പോലെ നൂറു രാവണന്‍ വന്നാലു-
മെന്നോടെതിര്‍ത്തിടാ നാരായണ!

ജാനകിയെച്ചെന്നു വഞ്ചിയ്ക്ക ഹേതുവായ്
ഹാനി കുലത്തിനു വന്നുകൂടും
മാനക്കേടിന്നുമതില്പരമുണ്ടാകും
മാനിന്‍! ദശാനന! നാരായണ!

വന്‍പിച്ച ബാലിയെക്കൊന്നു രഘൂത്തമന്‍
തമ്പിയ്ക്കു നല്‍കീ തദീയ രാജ്യം
കൊമ്പന്‍ പോകും വഴി മോഴയ്ക്കെന്നുണ്ടല്ലോ
വന്‍പാ! ധരിച്ചാലും നാരായണ!

ലങ്കയാകുന്നൊരു പങ്കജനിയ്ക്കൊരു
ഭംഗഹേമന്തം ഞാനെന്നറിഞ്ഞോ
ശങ്കാഹീനം തല പത്തും മൂന്നാളകം
ലങ്കേശ! മൂളിപ്പന്‍ നാരായണ!

കൊള്ളട്ടെ താഡനം കള്ളക്കുരങ്ങിന്റെ
*എല്ലൊടിഞ്ഞിട്ടു നുറുങ്ങുവോളം
നല്ല നിശാചരന്മാര്‍ നമ്മെ സേവിച്ചി-
ട്ടുള്ളവരെങ്ങുപോയ് നാരായണ!
*(എല്ലൊട്ടൊടിഞ്ഞു..എന്നു പാഠഭേദം)

കൊല്ലേണ്ട പാപമവദ്ധ്യരത്രേ ദൂതര്‍
കൊല്ലാക്കൊല ചെയ്തയക്കേയാവൂ
ചൊല്ലിനാനീവണ്ണം കല്യാണരൂപനാം
നല്ല വിഭീഷണന്‍ നാരായണ!

ലങ്കാധിനാഥന്‍നിയോഗത്താല്‍ രാക്ഷസര്‍
പങ്കജനാഭദൂതന്റെ വാല്‍മേല്‍
ശങ്കാവിഹീനം തുണിചുറ്റി നല്‍വെടി-
ക്കമ്പം കൊളുത്തിയാര്‍ നാരായണ!

കീശപ്പെരുമാളും ബാലാഗ്നി കൊണ്ടുട-
നാശരാധീശന്‍മുഖത്തുഴിഞ്ഞാന്‍
മീശക്കൊമ്പൊക്കെ കരിച്ചവനെത്രയും
നാശപ്പെടുത്തിനാന്‍ നാരായണ!

മാളികമച്ചുകള്‍മാടങ്ങള്‍ഗോപുര-
പാളികള്‍കേളീനികേതങ്ങളും
ആളീഗൃഹങ്ങളും തീപിടിപ്പിച്ചൊക്കെ-
ക്കാളിച്ചു മാരുതി നാരായണ!

തീപിടിപ്പെട്ടിടം തച്ചുപാലിപ്പാനായ്
രാക്ഷസരോടിയണയുന്നേരം
ആര്‍ത്തരോഷം ഹനൂമാനോടടികൊണ്ടു-
മാര്‍ത്തരായ് മണ്ടിയും നാരായണ!

തുള്ളിമുലച്ചികള്‍ പിള്ളകളെച്ചെന്നു
തുള്ളിത്തുള്ളിപ്പാഞ്ഞെടുക്കുന്നേരം
വെള്ളപ്പുടവമേല്‍ തീ പിടിപെട്ടുപോയ്
വെള്ളത്തില്‍ച്ചാടിനാര്‍ നാരായണ!

വെട്ടി മഴു കൊണ്ടു വാതില്‍ പൊളിച്ചിട്ടു
പെട്ടികള്‍ പെട്ടകമൊട്ടെടുത്തും
പട്ടുപുടവകള്‍ കട്ടു കവര്‍ന്നിട്ടും
ചുട്ടുകരിഞ്ഞുപോയ്‌ നാരായണ!

സിന്ധുരസേനകള്‍ വെന്തു ചമഞ്ഞിട്ടും
സത്വരം തങ്ങളില്‍ വീണടിഞ്ഞും
ബന്ധനവാജികള്‍ മന്ദിരം തന്നുള്ളില്‍
വെന്തു വിതര്‍ന്നുപോയ് നാരായണ!

കുംഭകര്‍ണ്ണനുറങ്ങീടും മണിയറ
വെന്തു തുടങ്ങീതങ്ങയ്യോ! പാപം
കുംഭകര്‍ണ്ണങ്ങളില്‍ തീയുതിരുന്നേരം
വന്‍പനുണരുമോ നാരായണ!

നാസികയൂടെ പടുതീ പിടിപെട്ടു
ദാസികളുള്ളവരെങ്ങു പോയി
കാസാരവെള്ളം മുറിച്ചൊഴുക്കീടുവാന്‍
നാസാകുഹരത്തില്‍ നാരായണ!

മാരി പെയ്യിയ്ക്കട്ടെ വാസവനെങ്ങുപോയ്‌
മാരി പെയ്യിയ്ക്കുമോ പാര്‍ത്താലവന്‍
വാരിധിനാഥനും വാരായിവിടേയ്ക്കു
പാരം മനോദോഷി നാരായണ!

മട്ടോലുംവാണിയിവിടെ വരികയാല്‍
ചുട്ടുകരിഞ്ഞുപോയ് ലങ്കാപുരം
പെട്ടെന്നു മല്‍ക്കുലത്തിന്നും വിനാശങ്ങള്‍
തട്ടുമെന്നു നൂനം നാരായണ!

പൊട്ടുപറയാതെ നാഥന്‍ ചെവി കേള്‍ക്കില്‍
വെട്ടുകൊള്ളും നിനക്കെന്നറിഞ്ഞോ
വെട്ടുന്ന വാള്‍ക്കു നെയ്യിട്ടുകൊള്‍കെന്നതേ
മുട്ടുമ്പോള്‍ ചെയ്യാവൂ നാരായണ!

പങ്കജലോചനസീത വസിയ്ക്കുന്ന
സങ്കേതഭൂമിയൊഴിഞ്ഞുള്ളേടം
ലങ്കാപുരിയൊക്കെ വെന്തപ്പോഴുണ്ടായ
സങ്കടം ചൊല്ലാമോ നാരായണ!

വാലാഗ്നികൊണ്ടേവം കാളിച്ചു ലങ്കയെ
മേലേ കടന്നു സമുദ്രത്തിന്റെ
മേലാളായുള്ള ഹനൂമാന്‍ ശ്രീരാമനു
ചൂഡാമണി നല്‍കി നാരായണ!

കണ്ടേന്‍ ഞാന്‍ സീതയാം തണ്ടാരില്‍മാതിനെ-
ക്കൊണ്ടാടുവാന്‍ യോഗ്യയത്രേ പാര്‍ത്താല്‍
ഉണ്ടാക്കിനാനേവം രാവണവൃത്താന്ത-
മുണ്ടായതെപ്പേരും നാരായണ!

സന്തോഷവാനായി ലോകത്രയത്തിനു
സന്താനമായ രഘുനായകന്‍
ചൂഡാരത്നം വാങ്ങി മാരുതവീരനെ
ഹന്ത! സുഖിപ്പിച്ചു നാരായണ!

ദൂതാനാശ്ലേഷത്തെക്കാള്‍ പരം നല്ലതൊ-
ന്നില്ലെന്നറിഞ്ഞു ശ്രീരാമദേവന്‍
ആലിംഗനം ചെയ്തു വീരന്‍ ഹനൂമാനെ
പ്രീതാത്മാവായിട്ടു നാരായണ!

ആദിതേയാദികള്‍ക്കെത്താത്തനുഗ്രഹം
വാനരജാതിയിലായതിനാല്‍
ആദിനാഥന്‍തിരുവുള്ളമാരെക്കുറി-
ച്ചെന്നറിയാവതോ നാരായണ!

നാരായണാ ഹരേ! നാരായണാ ഹരേ!
നാരായണാ ഹരേ! നാരായണ!
ജാനകീചോരമമര്‍ത്ത രമാപതേ!
ശ്രീരാമ! മാം പാഹി നാരായണ!

പന്ത്രണ്ടാം വൃത്തം സമാപ്തം
.........പേജ് 2

No comments:

Post a Comment

Part - 3 Christian Churches St. Stephen’s Church (CSI), Mundiyapalli Built in 1867, this is the oldest church of the...